ദൈന്യഖലമഹായോഗത്തിൽ ജനിക്കുന്നവൻ

അന്യോന്യം ഭവനസ്ഥയോർവ്വിഹഗയോർ-
ല്ലഗ്നാദിരിപ്ഫാന്തിമം
ഭാവാധീശ്വരയോഃ ക്രമേണ കഥിതാഃ
ഷഡ്ഷഷ്ഠിയോഗാ ബുധൈഃ
ത്രിംശംദ്ദൈന്യമുദീരിതം വ്യയരിപു-
ച്ഛിദ്രാധിനാഥോർത്ഥിതാ-
സ്ത്വഷ്ടൗ ശൗര്യപതേഃ ഖലാ നിഗദിതാഃ
ശേഷാ മഹാഖ്യാഃ സ്മൃതാഃ

സാരം :-

ലഗ്നം മുതൽ പന്ത്രണ്ടാംഭാവം വരെയുള്ള ഭാവങ്ങളുടെ അധിപന്മാരായ ഗ്രഹങ്ങൾ പരസ്പരം രാശി പകർന്നു നിന്നാൽ ക്രമമായി അറുപത്താറുയോഗങ്ങളുണ്ടാകും. ഇവയിൽ 6 - 8- 12 എന്നീ ഭാവാധിപന്മാരായ ഗ്രഹങ്ങളെക്കൊണ്ടുണ്ടാകുന്ന മുപ്പതുയോഗങ്ങളെ " ദൈന്യയോഗങ്ങൾ " എന്ന് പറയുന്നു. മൂന്നാം ഭാവാധിപനായ ഗ്രഹത്തെക്കൊണ്ടുണ്ടാകുന്ന എട്ട് യോഗങ്ങളെ " ഖലയോഗങ്ങൾ " എന്ന് പറയുന്നു. മറ്റു ഭാവങ്ങളുടെ അധിപന്മാരായ ഗ്രഹങ്ങളെക്കൊണ്ടുണ്ടാകുന്ന ഇരുപത്തെട്ടുയോഗങ്ങളെ " മഹായോഗം " എന്ന് പറയുന്നു.

മേൽപ്പറഞ്ഞവയെ താഴെ ഒന്നുകൂടി വ്യക്ത്യമായി പറയാം.

ദൈന്യയോഗങ്ങൾ

ആറാം ഭാവാധിപനായ ഗ്രഹം 7-8-9-10-11-1-2-3-4-5 എന്നീ ഭാവങ്ങളിൽ നിൽക്കുകയും മേൽപ്പറഞ്ഞ ഭാവാധിപനായ ഗ്രഹം ആറാം ഭാവത്തിൽ നിൽക്കുമ്പോൾ ഉണ്ടാകുന്ന യോഗം 10

എട്ടാം ഭാവാധിപനായ ഗ്രഹം 9-10-11-6-1-2-3-4-5-7 എന്നീ ഭാവങ്ങളിൽ നിൽക്കുകയും മേൽപ്പറഞ്ഞ ഭാവാധിപനായ ഗ്രഹം എട്ടാം ഭാവത്തിൽ നിൽക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന യോഗം 9.

പന്ത്രണ്ടാം ഭാവാധിപനായ ഗ്രഹം 1-2-3-4-5-6-7-8-9-10 എന്നീ ഭാവങ്ങളിൽ നിൽക്കുകയും മേൽപ്പറഞ്ഞ ഭാവാധിപനായ ഗ്രഹം പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന യോഗം 11.

ആകെ ദൈന്യയോഗം 30.

ഖലയോഗങ്ങൾ

മൂന്നാം ഭാവാധിപനായ ഗ്രഹം 1-2-3-4-5-6-7-9-10-11 എന്നീ ഭാവങ്ങളിൽ നിൽക്കുകയും മേൽപ്പറഞ്ഞ ഭാവാധിപനായ ഗ്രഹം മൂന്നാം ഭാവത്തിൽ നിൽക്കുമ്പോൾ ഉണ്ടാകുന്ന ഖലയോഗം ആകെ എട്ടാകുന്നു. (8).

മഹായോഗങ്ങൾ

ലഗ്നാധിപനായ ഗ്രഹം 2-4-5-7-9-10-11 എന്നീ ഭാവങ്ങളിൽ നിൽക്കുകയും മേൽപ്പറഞ്ഞ ഭാവാധിപനായ ഗ്രഹം ലഗ്നത്തിലും നിൽക്കുമ്പോൾ യോഗം 7.

രണ്ടാം ഭാവാധിപനായ ഗ്രഹം 4-5-7-9-10-11 എന്നീ ഭാവങ്ങളിൽ നിൽക്കുമ്പോൾ മേൽപ്പറഞ്ഞ ഭാവാധിപനായ ഗ്രഹം രണ്ടാം ഭാവത്തിൽ നിൽക്കുമ്പോൾ ഉണ്ടാകുന്ന യോഗം 6.

നാലാം ഭാവാധിപനായ ഗ്രഹം 5-7-9-10-11 എന്നീ ഭാവങ്ങളിൽ നിൽക്കുകയും മേൽപ്പറഞ്ഞ ഭാവാധിപനായ ഗ്രഹം നാലാം ഭാവത്തിൽ നിൽക്കുമ്പോൾ ഉണ്ടാകുന്ന യോഗം 5.

അഞ്ചാം ഭാവാധിപനായ ഗ്രഹം 7-9-10-11 എന്നീ ഭാവങ്ങളിൽ നിൽക്കുമ്പോൾ മേൽപ്പറഞ്ഞ ഭാവാധിപനായ ഗ്രഹം  അഞ്ചാം ഭാവത്തിൽ നിൽക്കുമ്പോൾ യോഗം 4

ഏഴാം ഭാവാധിപനായ ഗ്രഹം 9-10-11 എന്നീ ഭാവങ്ങളിൽ നിൽക്കുമ്പോൾ മേൽപ്പറഞ്ഞ ഭാവാധിപനായ ഗ്രഹം ഏഴാം ഭാവത്തിൽ നിൽക്കുമ്പോൾ യോഗം 3.

ഒമ്പതാം ഭാവാധിപനായ ഗ്രഹം 10 - 11 എന്നീ ഭാവങ്ങളിൽ നിൽക്കുമ്പോൾ മേൽപ്പറഞ്ഞ ഭാവാധിപനായ ഗ്രഹം ഒമ്പതാം ഭാവത്തിൽ നിൽക്കുമ്പോൾ യോഗം 2.

പത്താം ഭാവാധിപനായ ഗ്രഹം പതിനൊന്നിലും പതിനൊന്നാം ഭാവാധിപനായ ഗ്രഹം പത്താം ഭാവത്തിലും നിൽക്കുമ്പോൾ യോഗം 1.

മേൽപ്പറഞ്ഞ കണക്കുപ്രകാരം ആകെ മഹായോഗം ഇരുപത്തേഴുവരും.

ദൈന്യഖലമഹായോഗഫലങ്ങൾ 

മൂർഖഃ സ്യാദപവാദകോ ദുരിതകൃ-
ന്നിത്യം സപത്നാർദ്ദിതഃ
ക്രൂരോക്തിഃ കില ദൈന്ന്യജശ്ചലമതിഃ
പ്രച്ഛിന്നകാര്യോദ്യമഃ
ഉദ്വൃത്തശ്ച ഖലേ കദാചിദഖിലം
ഭാഗ്യം ലാഭേതാഖിലം
സൌമ്യോക്തിശ്ചകദാചിദേവമശുഭം
ദാരിദ്ര്യദുഃഖാദികം.

സാരം :- 

ദൈന്ന്യയോഗത്തിൽ ജനികുന്നവൻ മൂർഖനായും അപവാദിയായും ദുഷ്കൃതങ്ങളെ ചെയ്യുന്നവനായും നിയമേന ശത്രുക്കളാൽ പീഡിതനായും ക്രൂരമായി സംസാരിക്കുന്നവനായും സ്ഥിരബുദ്ധിയില്ലാത്തവനായും കാര്യങ്ങൾ തുടങ്ങുമ്പോൾതന്നെ മുടങ്ങുന്നവനായും ഭവിക്കും.

ഖലയോഗത്തിൽ ജനിക്കുന്നവൻ സമാധാനമില്ലാത്തവനായും ചിലപ്പോൾ ഭാഗ്യം വർദ്ധിച്ചവനായും ചിലപ്പോൾ ഭാഗ്യദോഷിയായും ചിലസമയം നല്ലവാക്കും ചിലപ്പോൾ ക്രൂരവാക്കും പറയുന്നവനായും ദാരിദ്രവും ദുഃഖവും ഇടകലർന്ന് അനുഭവിക്കുന്നവനായും ഭവിക്കും.

ശ്രീകടാക്ഷനിലയഃ പ്രഭുരാഢ്യ-
ശ്ചിത്രവസ്ത്രകനകാഭരണാഢ്യഃ
പാർത്ഥിവാപ്തബഹുമാന സമജ്ഞോ
യാനവിത്തസുതവാൻ മഹദാഖ്യേ.

സാരം :-

മഹായോഗത്തിൽ ജനിക്കുന്നവൻസകലസമ്പത്തുക്കളും പ്രഭുത്വവും പൂജ്യത്വവും ഉള്ളവനായും വിശേഷവസ്ത്രാഭരണങ്ങളുള്ളവനായും രാജാവിങ്കൽനിന്നു ലഭിക്കപ്പെട്ട ബഹുമാനത്തോടും കീർത്തിയോടുംകൂടിയവനായും വാഹനങ്ങളും ധനധാന്യങ്ങളും പുത്രന്മാരും ഉള്ളവനായും ഭവിക്കും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.