നാഗാരാധന എന്തിന് വേണ്ടിയാണ് നടത്തുന്നത്?? എങ്ങനെയാണ് നടത്തേണ്ടത്?

"ഭാരതത്തിൽ എല്ലായിടത്തും നാഗാരാധന ഉണ്ടെങ്കിലും കേരളത്തിൽ അതിന് സവിശേഷ പ്രാധാന്യമുണ്ട്. പണ്ടു കാലത്ത് മലയാളികൾ കൊടുമ (ശിഖ ) വച്ചതു പോലും സർപ്പ ഫണത്തിനെ അനുസ്മരിക്കുന്നതരത്തിലായിരുന്നു. കേരളത്തിലെ ദാരുശില്പങ്ങളിൽ നാഗഫണം കൊത്തി വച്ചതായി ധാരാളം കാണാം.

ജാതി സമുദായ ഭേദമെന്യേ ഹിന്ദുക്കളിലെ എല്ലാ വിഭാഗങ്ങളിലും നാഗാരാധന രൂഢമായിത്തീർന്നിട്ടുണ്ട്. നാഗരാജാവ്, നാഗയക്ഷി എന്ന സങ്കല്പത്തിലും നാഗകാളിയെന്ന സങ്കല്പത്തിലും നാഗാരാധന കണ്ടു വരുന്നുണ്ട്. നാഗത്തിറകളിൽ നാഗകാളി സങ്കല്പമാണ് കണ്ടു വരുന്നത്. സുബ്രഹ്മണ്യനെയും നാഗരൂപത്തിൽ ആരാധിക്കുന്നുണ്ട്.

ഒരു കാലത്ത് പുള്ളുവൻപാട്ടായിരുന്നു നാഗാരാധനയുടെ മുഖമുദ്രയായി അറിയപ്പെട്ടിരുന്നത്. ഇന്ന് പുള്ളുവൻപാട്ട് വിരളമായി ചിലയിടങ്ങളിൽ നടന്നു വരുന്നുണ്ട്. എങ്കിലും, നമ്മുടെ വൈദികാഭിമുഖ്യം സർപ്പബലിയെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കയാണ്.

കുണ്ഡലിനീശക്തിയുടെ പ്രതിരൂപമായിട്ടാണ് നാഗങ്ങളെ ആരാധിച്ചിരുന്നത്. ഷഡാധാരങ്ങളിൽ പൃഥ്വി തത്വമായ മൂലാധാരത്തിൽ മുന്നരച്ചുറ്റായി കുണ്ഡലിനീശക്തി ശയിക്കുന്നുവെന്നത് തന്ത്രശാസ്ത്ര സിദ്ധാന്തം. നാഗങ്ങൾക്ക് മണ്ണുമായുള്ള ബന്ധം നമുക്കറിയാവുന്നതാണല്ലൊ.

ശ്രീമദ്‌ ഗോവിന്ദ ഭഗവത്പാദർ എഴുതിയ "സുഭഗോദയം" എന്ന കൃതിയിലും ശ്രീശങ്കരാചാര്യരുടെ സൗന്ദര്യലഹരിയിൽ "അവാപ്യ സ്വാം ഭൂമിം ഭൂജഗനിഭ മദ്ധ്യുഷ്ടവലയം" എന്ന വരിയിലുമാണ് പ്രകടമായി കുണ്ഡലിനിയെ സർപ്പാകൃതിയായി വിഭാവന ചെയ്യപ്പെട്ടിട്ടുള്ളത്. ശ്രീനാരായണ ഗുരു എഴുതിയ കുണ്ഡലിനിപ്പാട്ടും മറ്റൊരു നിദർശനമാണ്.

തറവാട്ടിൽ സന്താന സൗഖ്യം ഉണ്ടാവാൻ വേണ്ടിയാണ് പ്രധാനമായും നാഗാരാധന നടത്തപ്പെടുന്നത്."

നക്ഷത്രവനം

ഭാരതീയദർശനത്തിൽ പ്രകൃതിസംരക്ഷണത്തിന് പ്രധാനമായ സ്ഥാനമാണ് നൽകിയിരുന്നത്. നമ്മുടെ ഋഷീശ്വരന്മാർ ഭൗതിക ജീവിതത്തിന് മിതമായ ഉപയോഗത്തിലൂടെ അദ്ധ്യാത്മികമായ  മാനം നൽകിയവരാണ്. ഭൗതിക അന്വഷണങ്ങൾക്ക് പകരം ആത്മനിഷ്ഠമായ അന്വേഷണത്തിലാണ് അവർ അഭയം കണ്ടത്. ആത്മാവിന്റെ അപാരമായ സ്ഥാനം താഴെ പറയുന്ന ഗീതാശ്ലോകത്തിൽ വ്യക്തമാണ്.

" നൈനം ഛിന്ദന്തി ശാസ്ത്രാണി നൈനം ദഹതി പാവകഃ
ന ചൈതന്യം ക്ലേദയന്ത്യാപോ ന ശോഷയതി മാരുതഃ "

ശ്രീമദ് ഭഗവദ്ഗീതയിലൂടെ, കർമ്മബന്ധനായ മനുഷ്യന്റെ നേർപ്രതീകമായ അർജുനന് ഭഗവാൻ ധർമ്മബോധത്തോടെ ഭൗതിക ജീവിതത്തെ സമീപിക്കാനുള്ള ഉപദേശം നൽകുകയാണ് ചെയ്തിട്ടുള്ളത്.

ഭാരതീയമായ അറിവുകളുടെ അടിസ്ഥാനം വേദങ്ങളാണ്. വേദങ്ങൾക്ക് 3500 വർഷങ്ങൾക്ക് മേൽ പഴക്കമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്

" വിദ്യന്തേ ധർമ്മോദയ പുരുഷാർത്ഥഃ യൈഃ തേ വേദ "

ഏതൊരു വിദ്യകൊണ്ടാണോ ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നിങ്ങനെയുള്ള പുരുഷാർത്ഥങ്ങൾ പ്രാപിക്കാനാവുന്നത് അതാണ് വേദം. വേദം " വിദ് " എന്ന ധാതുവിൽ നിന്നാണ് രൂപാന്തരം പ്രാപിച്ചത്. വിദ് എന്നാൽ അറിവ് എന്നാണർത്ഥം. ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവ്വവേദം എന്നിങ്ങനെ നാല് വേദങ്ങളാണുള്ളത്.

" ജ്യോതിഃ കല്പോ നിരുക്തം ചാ
ശിക്ഷാ വ്യാകരണം തഥാ
ഛന്ദോ വിചിതിരേതാനി
ഷഷ്ഠ്യംഗാനി വിദുഃ ശ്രുതേഃ "

ജ്യോതിഷം, കൽപശാസ്ത്രം, നിരുക്തം, ശിക്ഷ, വ്യാകരണം, ഛന്ദസ് എന്നീ ആറ് ഭാഗങ്ങളാണ് വേദത്തിനുള്ളത്. ഇവയെ വേദാംഗങ്ങൾ എന്ന് പറയുന്നു.

ഇതിൽ ജ്യോതിഷ ശാസ്ത്രത്തിൽ 

" ജാതക, ഗോള, നിമിത്ത പ്രശ്ന
മുഹൂർത്താഖ്യാ ഗണിത നാമാനി
അഭിദധീഹ ഷഷ്ഠ്യംഗേന
ജ്യോതിഷേ മഹാശാസ്ത്രേ "

ജാതകം, ഗോളം, നിമിത്തം, പ്രശ്നം, മുഹൂർത്തം, ഗണിതം എന്നിങ്ങനെ ആറ് ഭാഗങ്ങൾ ജ്യോതിഷത്തിൽ ഉണ്ട്. ഈ ജ്യോതിഷശാസ്ത്രം അതിനുശേഷം പരാശരൻ, യവനൻ, വരാഹമിഹിരൻ, ഭാസ്കരൻ തുടങ്ങിയ അനേകം പണ്ഡിതന്മാർ പഠിക്കുകയും വ്യാഖ്യാനിക്കുകയും ഉണ്ടായി. ഓരോ ദിവസവും ഏതൊരു സമയത്ത് ഗ്രഹങ്ങൾ ഏതെല്ലാം രാശിയിൽ നിൽക്കുന്നു എന്ന് നമ്മുടെ ഭാരതീയജ്യോതിഷശാസ്ത്രത്തിൽ വിവക്ഷിച്ചിട്ടുണ്ട്. ഈ അത്ഭുതം ഇന്നും യാതൊരു തെറ്റുമില്ലാതെ ശരിയായി നിൽക്കുന്നു. ഭാരതീയർ കാലഗണനയെ പഞ്ചാംഗം എന്ന സമ്പ്രദായത്തിൽ വിശദമായി ഉണ്ടാക്കിയിട്ടുണ്ട്.

നിലവിലെ ഏറ്റവും ആധുനികമായ ശാസ്ത്ര ഉപകരണങ്ങൾ ഉപയോഗിച്ച് നോക്കിയാൽ ജനുവരി ഒന്നിന് സൂര്യൻ 'Capricorn' എന്ന " Sign " ൽ (രാശി) യിലാണ് എന്നും ചന്ദ്രൻ അന്ന് Aquarius രാശിയിലാണ് എന്നും ചൊവ്വ " Sagittarius" Sign ൽ ആണ് എന്നും പറയും. നമ്മുടെ ഋഷീശ്വരന്മാർ അതിനെ സൂര്യൻ മകരത്തിയിലാണ് എന്നും ചന്ദ്രൻ അവിട്ടം നക്ഷത്രത്തിൽ കുംഭം രാശിയിൽ ആണ് എന്നും ചൊവ്വ ധനുവിലാണ് എന്നും പറയുന്നു. തമ്മിൽ യാതൊരു വ്യത്യാസവുമില്ല. സ്വന്തം ആത്മനേത്രങ്ങൾ ഉപയോഗിച്ച് പ്രപഞ്ചരഹസ്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞ അവരുടെ വലിപ്പം (മഹത്വം) നമ്മെ ബോധ്യപ്പെടുത്തുന്നു, അത്ഭുതപ്പെടുത്തുന്നു.

പക്ഷേ മഹത്തായ ഈ അറിവിൽ അഭിമാനിക്കാൻ എന്തുകൊണ്ടോ നമുക്ക് കഴിയുന്നില്ല. ഇന്ത്യയിൽ നടമാടിയിരുന്ന കടുത്ത ജാതി വ്യവസ്ഥകൾ ഈ  മഹത്തായ അറിവിനെ ജനകീയവൽക്കരിക്കാതെ ചുരുക്കം ചില ആഢ്യന്മാരിലൊതുക്കികളഞ്ഞു.

പുരാതന യവനപണ്ഡിതന്മാർ എല്ലാ അറിവുകളെയും ശിഷ്യസഞ്ചയങ്ങൾക്കും സാധാരണ മനുഷ്യർക്കും ആയി നൽകിയിരുന്നു. ഭാരതത്തിൽ തന്നെ തക്ഷശില, നളന്ദ തുടങ്ങിയ മഹാവിദ്യാലയങ്ങൾ ഉണ്ടായിരുന്നതായും വിദേശ രാജ്യത്തുള്ളവർ ഇന്ത്യയിൽ വന്ന് പഠിച്ച് പോയതായും തെളിവുണ്ട്. ഗണിതശാസ്ത്രത്തിൽ, ബൗധായന സുൽബ സൂത്രത്തിൽ പറയുന്ന, കർണത്തിന്റെ വർഗം എന്നത് ലംബത്തിന്റെയും, പാദത്തിന്റെയും വർഗങ്ങളുടെ തുകയാണ് എന്നത് പിന്നീട് പൈതഗോറസ് തിയറിയായി. നമ്മുടെ ' കാലാന്തര " മാണ് പിന്നീട് കലണ്ടർ ആയത്. നമ്മുടെ " ഹോര " എന്ന സമയമാനമാണ് " Hour " ആയത്.

ഒരു വ്യക്തിയുടെ സ്വഭാവം രൂപം എന്നിവയെ സംബന്ധിച്ചും അയാളുടെ ജീവിതാനുഭവം, കർമ്മം എന്നിവയെ സംബന്ധിച്ചുമെല്ലാം ഭാരതീയ ജ്യോതിഷത്തിൽ വിവരിക്കുന്നുണ്ട്. ഒരു വ്യക്തി ജനിച്ച സമയം, ജനിച്ച സ്ഥലം, ജനിച്ച തീയതി, എന്നിവയാണ് ഈ ആവശ്യത്തിനായി ഉപയോഗിക്കുന്ന ഡാറ്റകൾ. ജനിച്ച സമയത്തിലുണ്ടാകുന്ന മാറ്റങ്ങൾ ആ വ്യക്തിയെ വല്ലാതെ മാറ്റിമറിക്കുന്നതായിട്ടാണ് കാണുന്നത്. ഒരു ദിവസം തന്നെ ജനിക്കുന്ന അനേകം വ്യക്തികളിൽ വിഭിന്നങ്ങളായ സ്വഭാവങ്ങളാണുണ്ടാവുക. എന്നാലും ആ വ്യക്തി ജനിച്ച നക്ഷത്രം ആ വ്യക്തിയുടെ സ്വഭാവത്തിൽ പ്രത്യേക പങ്ക് വഹിക്കുന്നതായി കണ്ടിട്ടുണ്ട്.

ഉദാഹരണത്തിന് 2009 മാർച്ച് മാസം 13 ന് പകൽ 6.41 മുതൽ മാർച്ച് 14 രാവിലെ 6.53 വരെ ചിത്ര  എന്ന നക്ഷത്രമാണ്. ആയതിനാൽ പതിനാലാം തിയ്യതി പകൽ 6.53 വരെയുള്ള എല്ലാ ജനനങ്ങളും ചിത്ര എന്ന നക്ഷത്രത്തിലാണ്. എന്നാൽ ഇതേ ദിവസം പല സമയങ്ങളിൽ ജനിക്കുന്നവരിൽ സ്വഭാവ വ്യതിയാനങ്ങൾ ഉള്ളതായി കാണാം. എന്നാലും ചില പൊതു സ്വഭാവങ്ങൾ (ഈ വൈജാത്യങ്ങൾക്കിടയിലും) ഉണ്ടാകുന്നു. ഇതിനെ നക്ഷത്രഫലം എന്നാണ് പറയുന്നത്. വാരഫലം, തിഥിഫലം, കരണഫലം, നിത്യയോഗഫലം, അംഗാദിത്യഫലം, ഗ്രഹരാശ്യാശ്രയഫലം, ഗ്രഹഭാവഫലം, ഭാവാധിപത്യഫലം എന്നിങ്ങനെ പല  ഫലങ്ങളുള്ളതിൽ ഒരു ഫലം മാത്രമാണ് നക്ഷത്രഫലം എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. എന്നിരുന്നാലും 7 ഗ്രഹങ്ങളിൽ പ്രധാനപ്പെട്ട ഒരു ഗ്രഹമായ ചന്ദ്രന്റെ ഫലമാണ് നക്ഷത്രം നൽകുന്നത്. ഈ സാഹചര്യത്തിൽ നക്ഷത്രങ്ങളും വൃക്ഷങ്ങളും തമ്മിലുള്ള ബന്ധത്തെപ്പറ്റി പഠിക്കണം.

ഓരോ നക്ഷത്രത്തിന്റെയും പൊതുസ്വഭാവം, സൂചിപ്പിച്ചിരിക്കുന്ന വൃക്ഷവും മൃഗവും പക്ഷിയുമായി ബന്ധപ്പെട്ടിരിക്കുന്നതായി കാണുന്നു. ഈ നക്ഷത്രജാതർ അവർക്ക് പറഞ്ഞിട്ടുള്ള വൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചാൽ വൃക്ഷങ്ങളുടെ വളർച്ചയിലൂടെ ഉണ്ടാകുന്ന പോസിറ്റിവ് വൈബ്രെഷനുകൾ ആ വ്യക്തിക്ക് ഗുണകരങ്ങളായി ഭവിക്കുന്നു. അതതു നക്ഷത്രവുമായി ബന്ധപ്പെട്ട മൃഗത്തേയും പക്ഷിയേയും ഉപദ്രവിക്കാതെ രക്ഷിക്കുകയും വേണം.

ഒരു ഗ്രാമത്തിൽ ഒരു നക്ഷത്രവനം ഉണ്ടാകുന്നതുകൊണ്ട് ഒരു ജീൻപൂൾ സൃഷ്ടിക്കപ്പെടുകയാണ് എന്നുകൂടി നാം തിരിച്ചറിയണം.


വരാഹമൂര്‍ത്തി


മഹാവിഷ്ണുവിന്റെ ഗോപുരദ്വാരത്തില്‍ നിന്നിരുന്ന രണ്ട്‌ കിങ്കരന്മാരാണ് ജയനും വിജയനും. സനകാദി മഹര്‍ഷികള്‍ ഒരിക്കല്‍ മഹാവിഷ്ണുവിനെ സന്ദര്‍ശിക്കുന്നതിനായി വൈകുണ്ഠത്തില്‍ ചെന്നു. എന്നാല്‍ ജയവിജയന്മാര്‍ അവരെ അനാദരിക്കുകയും വൈകുണ്ഠത്തിലേക്ക് കടത്തിവിടാന്‍ വിസ്സമതിക്കുകയും ചെയ്തു. തങ്ങള്‍ക്കുണ്ടായ അപമാനത്തില്‍ കോപം പൂണ്ട സനകാദികള്‍ ജയവിജയന്മാരെ  ശപിച്ചു. മൂന്ന് ജന്മങ്ങളില്‍ അസുരന്മാരായി ജനിക്കട്ടെ എന്നായിരുന്നു ശാപം. എന്നാല്‍ തങ്ങളുടെ തെറ്റ് മനസ്സിലാക്കിയ ദ്വാരപാലകര്‍ മുനിമാരോട് മാപ്പപേക്ഷിച്ചു.

ശേഷം മൂന്നുതവണ മഹാവിഷ്ണുവിനാല്‍ ഈ ജന്മങ്ങളില്‍ നിഗ്രഹിയ്ക്കപ്പെട്ടാല്‍ ശാപമോക്ഷം ലഭിക്കുമെന്ന് സന്യാസിമാര്‍ അവര്‍ക്ക് അനുഗ്രഹവും കൊടുത്തു. അങ്ങനെ ജയവിജയന്മാര്‍ മൂന്നു തവണ അസുരന്മാരായി ജനിച്ചു. അവരുടെ ആദ്യ ജന്മം ഹിരണ്യാക്ഷനും ഹിരണ്യകശുപുവുമായായിരുന്നു. കശ്യപമഹര്‍ഷിയുടെയും ദിതിയുടെയും പുത്രന്മാരായി ആയിരുന്നു ഇവരുടെ ജനനം. ബ്രഹ്മാവിന്റെ പൗത്രനും മരീചിയുടെ പുത്രനുമായ കശ്യപപ്രജാപതി ഒരുനാള്‍ സന്ധ്യാവന്ദനം ചെയ്തുകൊണ്ടിരിക്കെ പത്‌നിയായ ദിതി പ്രണയപുരസരം അദ്ദേഹത്തെ സമീപിച്ചു (കശ്യപന് രണ്ടു പത്‌നിമാരായിരുന്നു - അദിതി എന്ന ഭാര്യ ദേവന്മാര്‍ക്കും, ദിതി എന്ന ഭാര്യ അസുരന്മാര്‍ക്കും ജന്മം നല്‍കി). ഈ സമയത്ത് പ്രേമചാപല്യങ്ങള്‍ കാണിക്കുന്നത് ഒട്ടുംതന്നെ ശരിയല്ലെന്ന് കശ്യപന്‍ പറഞ്ഞുവെങ്കിലും ദിതി അതിന് സമ്മതിച്ചില്ല. അവസാനം കശ്യപന്‍ അവളോടൊത്ത് രമിക്കുകയും അങ്ങനെ ഹിരണ്യാക്ഷന്‍ എന്നും ഹിരണ്യകശിപു എന്നും പേരോടുകൂടിയ രണ്ട് പുത്രന്മാര്‍ ജനിക്കുകയും ചെയ്തു. ആ രണ്ട്‌ അസുരന്മാരും ലോകത്തെ പീഡിപ്പിച്ചുകൊണ്ട് സഞ്ചരിക്കുവാന്‍ തുടങ്ങി. ഒരിക്കല്‍ ഹിരണ്യാക്ഷന്‍ സമുദ്രത്തിലിറങ്ങി ഗദ കൊണ്ട്‌ തിരമാലകളെ താഡനം ചെയ്തു കൊണ്ടിരുന്നു. ഭയചകിതനായ വരുണദേവന്‍ മഹാവിഷ്ണുവില്‍ അഭയം പ്രാപിച്ചു. അങ്ങനെ  ഹിരണ്യാക്ഷനെ അന്വേഷിച്ചു ഭഗവാന്‍ സമുദ്രതലത്തില്‍ എത്തി.

മഹാവിഷ്ണുവിനെ കണ്ടതും ഹിരണ്യാക്ഷന്‍ ഭൂലോകത്തെ കയ്യിലേന്തി പാതാളത്തിലേക്ക് പലായനം ചെയ്തു. ദുഷ്ടനായ ഹിരണ്യാക്ഷനില്‍ നിന്ന് ഭൂമിയെ രക്ഷിക്കാനായി മഹാവിഷ്ണു വരാഹമായി അവതരിച്ചു. അങ്ങനെ വരാഹവേഷം പൂണ്ട മഹാവിഷ്ണു അവിടെച്ചെന്ന് ഹിരണ്യാക്ഷനെ വധിച്ച് ഭൂലോകത്തെ വീണ്ടെത്തു എന്നാണ് ഐതിഹ്യം.

വപ ഇല്ലാതെ യാഗം ചെയ്‌താൽ എന്താണ് ദോഷം?

വപ ഇല്ലാതെ യാഗം ചെയ്‌താൽ വിപരീതഫലമായിരിക്കും ലഭിക്കുക. വപയുടെ പ്രാശ്സത്യം വ്യക്തമാക്കാൻവേണ്ടി പ്രജാപതി സ്വന്തം വപയെടുത്ത് ഹോമിച്ചു എന്നിങ്ങനെയുള്ള അർത്ഥവാദശ്രുതിയുമുണ്ട്. അതിനാൽ വപ നിർബന്ധമാണ്.

ചിലർ പശുവിന് പകരം പിഷ്‌ട പശുവിനെ ഉപയോഗിച്ച് യാഗം ചെയ്യുന്നുണ്ടല്ലോ?

ജീവ പശുവിന്റെ പ്രതീകമായി പിഷ്ട പശുവിനെ ഉപയോഗിച്ചാൽ അതിൽ നിന്ന് വപ കിട്ടുകയില്ല. മാനിന്റെ പ്രതിമയിൽ നിന്ന് കസ്തുരിയും കാളയുടെ പ്രതിമയിൽ നിന്ന് ഗോരോചനവും കിട്ടുകയില്ലല്ലോ. അങ്ങനെ എല്ലാറ്റിനും പ്രതീകം മതിയായിരുന്നെങ്കിൽ തീപ്പെട്ടിയുള്ള ഈ കാലത്ത് വൈദികയാഗത്തിന് അരണികടഞ്ഞ് അഗ്നിയെ ഉൽപ്പാദിപ്പിക്കേണ്ട ആവശ്യം ഇല്ലായിരുന്നല്ലോ. തീപ്പെട്ടികൊണ്ട് അനായാസം അഗ്നി ലഭിക്കുമല്ലോ.

അധ്വരം എന്ന വാക്കിന്റെ അർത്ഥം അഹിംസാത്മക മാർഗ്ഗമാണെന്ന് ചിലർ പറയുന്നു. അത് ശരിയാണോ?

ഒന്നുമറിയാത്ത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാൻ വേണ്ടി ചില അല്പ പണ്ഡിതന്മാർ പറയുന്ന വാദഗതിതന്നെയാണ് ഇതും. അധ്വരം എന്നാൽ അധ്വാനം = വൈദികമാർഗ്ഗം, രാതി = പോഷയതി എന്നതാണ്. അതായത് വൈദികമാർഗ്ഗത്തെ പോഷിപ്പിയ്ക്കുന്നത് എന്നതാകുന്നു. ഇത് യാസ്കമഹർഷിയുടെ അഭിപ്രായമാണ്. ഇവിടെ വിവക്ഷിക്കുന്നത്. അഹിംസയെയല്ല. വൈദികയാഗത്തിൽ എന്തൊക്കെ ആവശ്യമുണ്ടോ അതൊക്കെത്തന്നെയാണ്.

ഗോഹത്യയെ ന്യായീകരിക്കാൻ പറ്റുമോ?

ഗോക്കളെ ബലി നൽകുന്നതിന് വൈദികവും താന്ത്രികവുമായ പ്രമാണങ്ങൾ ധാരാളമുണ്ട്.

വേണം ഒരു കുലാചാരസംരക്ഷണ വേദി

കേരളത്തിൽ എല്ലാ ഹിന്ദു സമുദായത്തിൽ പെട്ടവരുടെയും കുലാചാരങ്ങളും അതുമായി ബന്ധപ്പെട്ട കലകളെയും സംരക്ഷിക്കുവാൻ ഒരു വേദി വേണ്ടതുണ്ട്.

പണ്ട് കുലാചാരം പറഞ്ഞാൽ അത് ജാതി ചിന്താഗതിയാണെന്ന് പറയുമായിരുന്നു. സകല ആചാര്യന്മാരും പരിശ്രമിച്ചിട്ടും ജാതി പോയിട്ടില്ല. പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരികയാണ് ഉണ്ടായത്.

അതിനാൽ ജാതിയല്ല പ്രശ്നം. ജാതീയതയാണ്. ഗുരുജി വിചാരധാരയിൽ ഇപ്രകാരം പറയുന്നു,"പുരുഷോത്തമനേയും റാണാപ്രതാപിനെയും പൃഥ്വിരാജിനെയും വീരപഴശ്ശിരാജയേയും വഞ്ചിച്ചത്, അന്യ ജാതിയിൽ പെട്ടവരല്ല, സ്വജാതിയിൽ പെട്ടവരാണ്."

അവർണ്ണർക്ക് ക്ഷേത്രപ്രവേശനം നൽകിയത് നല്ലത് തന്നെ. എന്നാൽ അതിന്റെ പാർശ്വഫലം ഇതാണ്, അവർ സ്വന്തം കുലാചാരങ്ങൾ അനുഷ്ഠിക്കാതായി. വൈദിക മേധാവിത്തം അംഗീകരിക്കാത്തവരെകൊണ്ടും അത് അംഗീകരിപ്പിച്ചു.

തനതായ ഗോത്രവർഗ്ഗ സംസ്കാരം നഷ്ടപ്പെട്ടു. എന്നാൽ വൈദികന്മാർ ഗോത്രപാരമ്പര്യത്തെ ഒരു തരത്തിലും പ്രോത്സാഹിപ്പിച്ചില്ല.

എല്ലാ കുലാചാരങ്ങളെയും യോജിപ്പിച്ചു ഒറ്റകുടക്കീഴിൽ നിർത്താൻ ശാക്തേയത്തിന് മാത്രമേ കഴിയൂ.

കൊടുങ്ങല്ലൂർ കാവിലെ ഭരണി മഹോത്സവം അതാണ് സൂചിപ്പിക്കുന്നത്.

നമ്പൂതിരിമാരുടെ മേൽക്കോയ്മ ഉണ്ടെങ്കിലും കൊട്ടിയൂരിലെ തീർത്ഥാടനത്തിനും എല്ലാ സമുദായക്കാരും അവരവരുടെ ഭാഗധേയം നിർവ്വഹിക്കുന്നു. ശാക്തേയഛായ കലർന്നതാണ് അവിടത്തെ ആചാരങ്ങൾ.

കൊടുങ്ങല്ലൂർ തമ്പുരാക്കന്മാർ ഗോത്രജന പാരമ്പര്യവും സംരക്ഷിച്ചിരുന്നുവെന്നതിന് തെളിവാണ്, പുലപ്പാടത്ത് നടക്കുന്ന ദേശഗുരുസി.

"കോൽക്കളി" എന്ന കല, ഒരു ഹൈന്ദവകലയാണ്. എന്നാൽ 1990 ൽ പരിഷ്കരിച്ച കേരളത്തിലെ വിദ്യാർത്ഥികളുടെ കലോത്സവം മാന്വൽ അനുസരിച്ച്, അത് "മാപ്പിള കല" യായി മാറി. ഹൈന്ദവ പാരമ്പര്യം അവകാശപ്പെടുന്ന അധ്യാപക സംഘടനകളോ, വിദ്യാർത്ഥി സംഘടനകളോ, കലാസാംസ്കാരിക വേദിയോ പലപ്പോഴായി ചൂണ്ടികാണിച്ചിട്ട് പോലും ഇത് വരെ അതിനോട് കേരള സർക്കാർ പ്രതികരിച്ചിട്ടില്ല.

ഒരോ കുലത്തിനും തനതായ ആചാരങ്ങൾ ഉണ്ട്. തനതായ കലയുണ്ട്. തനതായ സംസ്കാരമുണ്ട്. അത് സംരക്ഷിക്കപ്പെടണം.

കൂര്‍മ്മാവതാരം

മഹാവിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമാണ് കൂര്‍മ്മം.  ദേവരാജാവായ ഇന്ദ്രന്‍ ഒരിക്കല്‍ വഴിയില്‍ വച്ച് ദുര്‍വാസാവ് മഹര്‍ഷിയെ കണ്ടുമുട്ടി. ദുര്‍വാസാവ് ഇന്ദ്രന് സ്‌നേഹപൂര്‍വ്വം വാസനയുള്ളൊരു പൂമാല സമ്മാനിച്ചു. സന്തോഷചിത്തനായ ഇന്ദ്രന്‍ സമ്മാനമായി ലഭിച്ച് പൂമാല തന്റെ വാഹനമായ ഐരാവതത്തിന്റെ  മസ്തകത്തില്‍ അണിയിച്ചു. പൂക്കളുടെ വാസനയറിഞ്ഞ് തേന്‍ കുടിക്കാനെത്തിയ ഈച്ചകള്‍ ഐരാവതത്തെിന് ചുറ്റും പറന്ന് അതിനെ ശല്യപ്പെടുത്താന്‍ തുടങ്ങി. അസ്വസ്ഥനായ ആന തുമ്പിക്കൈ കൊണ്ട് മാലയുരി കാല്‍ക്കീഴില്‍ ഇട്ട് ചവുട്ടി അരച്ചു. ഇതുകണ്ട് കലി പൂണ്ട ദുര്‍വാസാവ് ശക്തിയെല്ലാം ചോര്‍ന്ന് ദേവന്മാര്‍ നിര്‍ഗ്ഗുണന്മാരായിപ്പോകട്ടെ എന്ന് ഇന്ദ്രനെ ശപിച്ചു.

ശാപമോചനത്തിന് പരിഹാരം തേടി ദേവന്മാരെല്ലാവരും കൂടി ബ്രഹ്മാവിനെ ചെന്ന് കണ്ടു. ശക്തിശാലികളായ അസുരന്മാര്‍ ത്രിലോകങ്ങളും പിടിച്ചടക്കുമെന്ന ഭയത്തിലായിരുന്നു ദേവന്മാര്‍. ഇതറിഞ്ഞ ബ്രഹ്മാവ് പ്രശ്‌നങ്ങളില്‍ നിന്നൊക്കെ രക്ഷപ്പെടാന്‍ ദേവന്മാര്‍ക്ക് ഒരു ഉപദേശം നല്‍കി. പാലാഴി കടഞ്ഞ് കിട്ടുന്ന അമൃത് സേവിച്ച് അമരന്മാരാവാനും അമൂല്യ വസ്തുക്കള്‍ സ്വന്തമാക്കാനും. എന്നാല്‍ പാലാഴി കടയുക അത്ര എളുപ്പമായിരുന്നില്ല. മന്ദര പര്‍വതത്തെ കടകോലാക്കി വാസുകി എന്ന കൂറ്റന്‍ സര്‍പ്പത്തെ കയറാക്കി വേണമായിരുന്നു പാല്‍ക്കടല്‍ കടയാന്‍.

നിവൃത്തിയില്ലാതെ വന്നപ്പോല്‍ ദേവന്മാര്‍ നിത്യശത്രുക്കളായ അസുരന്മാരുമായി സന്ധിയുണ്ടാക്കി. അമൃത് കിട്ടുമല്ലോ എന്നു കരുതി അസുരന്മാര്‍ പാലാഴിമഥനത്തിന് തയാറായി.പക്ഷെ, പാല്‍ക്കടലില്‍ മന്ദര പര്‍വതം ഇടുമ്പോഴേക്കും അത് താഴ്ന്നു പോയിക്കൊണ്ടേയിരുന്നു. എന്തു ചെയ്യും?. ഇതിനൊരു പോംവഴി കണ്ടെത്താന്‍ അവര്‍ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു. ദേവന്മാരുടെ സങ്കടം കേട്ട മഹാവിഷ്ണു അവരെ സഹായിക്കാന്‍ തന്നെ തീരുമാനിച്ചു. ലോകത്തെ അസുരന്മാരില്‍ നിന്ന് രക്ഷിക്കാന്‍ ഭഗവാന്‍ കൂര്‍മ്മാവതാരമെടുത്തു. ഒരു കൂറ്റന്‍ ആമയുടെ രൂപത്തില്‍ മഹാവിഷ്ണു സമുദ്രത്തിന്റെ അടിത്തട്ടില്‍ എത്തി പുറം കൊണ്ട് മന്ദര പര്‍വതത്തിന്റെ കൂര്‍ത്ത ഭാഗം താങ്ങി നിര്‍ത്തി. അങ്ങനെ മന്ദര പര്‍വ്വതം താഴ്ന്നു പോകാതെ ഉറച്ച് നില്‍ക്കുകയും പാലാഴി കടയാന്‍ ദേവന്മാര്‍ക്ക് സാധിക്കുകയും ചെയ്തു. ഒടുവില്‍ ദേവന്മാര്‍ അമൃതും സ്വന്തമാക്കി.

മത്സ്യാവതാരം


ഹയഗ്രീവന്‍ എന്ന അസുരന്‍ ബ്രഹ്മസന്നിധിയില്‍ നിന്നും വേദങ്ങള്‍ മോഷ്ടിച്ചെടുത്തു കടലില്‍ ഒളിപ്പിച്ചു. ബ്രഹ്മദേവന്‍ വിവരം മഹാവിഷ്ണുവിനെ ധരിപ്പിച്ചു. മത്സ്യാവതാരമെടുത്തു ഹയഗ്രീവനെ വധിച്ച് വേദങ്ങള്‍ വീണ്ടെടുത്തു കൊടുക്കാമെന്ന് മഹാവിഷ്ണു ബ്രഹ്മാവിന് ഉറപ്പു കൊടുത്തു.

സത്യവൃതമനു ബദരിയില്‍ തപസ്സു ചെയ്യുന്ന കാലത്ത്,  ഒരിക്കല്‍ സന്ധ്യാവന്ദനത്തിനായി  കൃതമാലാ നദിയില്‍ ഇറങ്ങവെ അദ്ദേഹത്തിന്റെ കാലില്‍ മുട്ടിയുരുമ്മി ഒരു മത്സ്യം അദ്ദേഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി.

''രാജാവേ, ഈ നദിയിലെ പെരുമത്സ്യങ്ങല്‍ എന്നെ വെട്ടി വിഴുങ്ങാന്‍ വരുന്നു. അവിടുന്ന് എനിക്ക് അഭയം തരണം''. ചെറുമത്സ്യം മനുവിനോട് അപേക്ഷിച്ചു.

മത്സ്യക്കുഞ്ഞിന്റെ അപേക്ഷ കേട്ട് മനു അതിനെയെടുത്ത് ഒരു കുടത്തിലിട്ടു. കുടത്തില്‍ കിടന്ന് അത് വളരാന്‍ തുടങ്ങി. ദിവസങ്ങള്‍ക്കുള്ളില്‍ കുടത്തില്‍ അതിന് ഇടം പോരാതെ വന്നു. മനു അതിനെയെടുത്ത് ഒരു കുട്ടകത്തില്‍ ഇട്ടു. കുട്ടകത്തില്‍ കിടന്നും അത് വളര്‍ന്നു. ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോഴേക്കും കുട്ടകത്തിലും അതിനിടം തികയാതെയായി. മനു ആ മത്സ്യത്തെ എടുത്ത് ഒരു കുളത്തിലിട്ടു. കുളത്തില്‍ കിടന്നും മത്സ്യം വളര്‍ന്നു. അവസാനം മനു അതിനെ ഗംഗാനദിയില്‍ നിക്ഷേപിച്ചു. നദിയില്‍ കിടന്നും അത് വളര്‍ന്നുകൊണ്ടേയിരുന്നു.

ഒരിക്കല്‍ സന്ധ്യാവന്ദനത്തിനായി മനു ഗംഗാനദിയില്‍ ഇറങ്ങി. മത്സ്യം അദ്ദേഹത്തിന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. 

''രാജാവേ, ഇന്നേക്ക് ഏഴാം നാള്‍ ഈ ഭൂമി പ്രളയത്തിലാഴും. അവിടുന്ന് ഒരു തോണിയുണ്ടാക്കി സപ്തര്‍ഷികളെയും കൂട്ടി കഴിയുന്നത്ര ജൈവബീജങ്ങളും സമാഹരിച്ച് അവയുമായി തോണിയില്‍ കയറുക. ഞാന്‍ നിങ്ങളെ രക്ഷിക്കുന്നതാണ്''.

ഇത്രയും പറഞ്ഞ് മത്സ്യം അപ്രത്യക്ഷമായി. മത്സ്യം പറഞ്ഞതുപോലെ  മനു അനുസരിച്ചു. ഏഴാം നാളില്‍ പേമാരി പെയ്തിറങ്ങി. മണിക്കൂറുകള്‍ക്കുള്ളില്‍ ഭൂമി പ്രളയത്തിലാഴ്ന്നു. തോണിയില്‍ ബന്ധിച്ച കയര്‍ മത്സ്യത്തിന്റെ തലയില്‍ മുളച്ച കൊമ്പില്‍ കൊളുത്തി അത് നീന്തിയകന്നു.

ജലനിരപ്പ് നിമിഷംപ്രതി ഉയര്‍ന്നുകൊണ്ടേയിരുന്നു. ഹിമാലയ ശൃംഗത്തിന്റെ മുകള്‍പ്പരപ്പുവരെ ജലം പൊങ്ങി. തോണിയില്‍ ബന്ധിച്ച കയര്‍ ഗിരിശൃംഗത്തില്‍ ഉടക്കി നിര്‍ത്തിയ ശേഷം മത്സ്യം മറഞ്ഞു.

ദിവസങ്ങള്‍ കടന്നുപോയി. പേമാരി ശമിച്ചു. മലമുകളിലെ ഉടക്കഴിഞ്ഞു കയറിന്റെ ബന്ധം വിച്ഛേദിക്കപ്പെട്ടു. ജലനിരപ്പിനോടൊപ്പം തോണിയും താഴ്ന്നു കൊണ്ടിരുന്നു. മനുവും സപ്തര്‍ഷികളും തോണിയില്‍ ശേഖരിക്കപ്പെട്ടിരുന്ന ബീജജോടികളും സുരക്ഷിതമായി കരയിലിറങ്ങി. ഭൂമി സാധാരണ നിലയിലായി. തോണിയില്‍ കരുതിയിരുന്ന ബീജജോടികളെ മനു ഭൂമിയില്‍ വിതച്ചു. സൃഷ്ടി പുനരാരംഭിച്ചു.

പശ്വാലംഭനമെന്നതല്ല, പശ്വാനയനം എന്നതാണ് ശരി എന്ന് ചിലർ പറയുന്നുണ്ടല്ലോ?

വൈദികവും ലൗകികവുമായ സംസ്കൃതഭാഷയിൽ വേണ്ടത്ര പ്രാവീണ്യമില്ലാത്തവർ ഒന്നുമറിയാത്ത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ഉന്നയിയ്ക്കുന്ന വാദമുഖങ്ങളാണിവയൊക്കെയും. " കാട്ടാളരിൽ കാപ്പിരി കാമദേവൻ " എന്നാണല്ലോ. ഒരു മരവും ഇല്ലാത്ത പ്രദേശത്ത് ഒരു ആവണക്ക് മരമുണ്ടെങ്കിൽ അത് വൻ വൃക്ഷമായി തോന്നിയേയ്ക്കാം.

വേദത്തിന് പൂർവ്വകാണ്ഡമെന്നും ഉത്തരകാണ്ഡമെന്നും രണ്ട് ഭാഗങ്ങളുണ്ട്. പൂർവ്വകാണ്ഡം എന്നത് പൂർവ്വമീമാംസാശാസ്ത്രവും ഉത്തരകാണ്ഡം എന്നത് ഉപനിഷത്തുക്കളുമാകുന്നു. ഷഡ്ദർശനങ്ങളിൽ ഒന്നായ പൂർവ്വമീമാംസാ ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് ജൈമിനിമഹർഷിയാണ്. ജൈമിനിമഹർഷി തന്റെ ശാസ്ത്രത്തിൽ പശ്വാലംഭനം എന്നുതന്നെയാണ് പറയുന്നത്. അത് തിരുത്തുവാൻ ജൈമിനിമഹർഷിയോളം പാണ്ഡിത്യമുള്ള ഒരു സംസ്കൃത - വേദപണ്ഡിതനും ഇന്നേവരെ ഉണ്ടായിട്ടില്ല. ജൈമിനി മഹർഷിക്ക് ശേഷം ഈ ശാസ്ത്രത്തിൽ പ്രവർത്തിച്ചവരായ കുമാരിലഭട്ടനും. പ്രഭാകരഗുരുവും ഇക്കാര്യം തിരുത്തി പറഞ്ഞിട്ടില്ല. വൈദിക സംജ്ഞകളെല്ലാം വ്യാഖ്യാനിയ്ക്കപ്പെട്ടത് യാസ്കമഹർഷിയുടെ നിരുക്തശാസ്ത്രത്തിലാണ്. അതിലും അങ്ങനെ ഒരു അർത്ഥകല്പന വന്നുചേർന്നിട്ടില്ല. വേദത്തിന്റെതന്നെ വ്യാഖ്യാന രൂപമായ ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും എന്തെന്നറിയാതെ കേവല ലൗകികന്യായത്തിൽ വൈദികസംജ്ഞകളെ വ്യാഖ്യാനിക്കുന്നത് ശരിയല്ല.

ശാക്തേയ പൂജ വിധാനം


ശാക്തേയ പൂജ പ്രധാനമായും മൂന്ന് വിധാനത്തിൽ ആണ് ചെയ്യപ്പെടുന്നത്. 

ബാലപരമേശ്വരി, ശ്രീവിദ്യ(ലളിത), കാളി എന്നിവയാണ്. 

ശാക്തേയകാവുകളിൽ കാളി വിധാനം ആണ് പൂജ. 

ഗൃഹങ്ങളിൽ കൂടുതലും ബാലാ വിധാനത്തിലാണ്. 

രാജകീയ പ്രാധാന്യം ഉള്ള സ്ഥലങ്ങളിൽ ശ്രീവിദ്യ വിധാനത്തിലും ആണ് ചെയ്യപ്പെടുന്നത്.

ലഗ്നമോ ചന്ദ്രലഗ്നമോ കർക്കിടകത്തിൽ കുജത്രിംശാംശകത്തിൽ നിന്നാൽ

സ്വച്ഛന്ദാ പതിഘാതിനീ ബഹുഗുണാ
ശില്പിന്യസാദ്ധ്വീന്ദുഭേ
ന്ദ്രാചാരാ കുലടാർക്കഭേ നൃപവധുഃ
പുംശ്ചേഷ്ടിതാഗമ്യഗാ.
ജൈവേനേകഗുണാല്പരത്യതിഗുണാ
വിജ്ഞാനയുക്താസതീ
ദാസീ നീചരതാർക്കിഭേ പതിരതാ
ദൃഷ്ടാപ്രജാചാംശകൈ.

സാരം :-

ബലപൂർണ്ണമായ ലഗ്നമോ ചന്ദ്രലഗ്നമോ കർക്കിടകത്തിൽ കുജത്രിംശാംശകത്തിൽ നിന്നാൽ ഒരാൾക്കും വഴങ്ങാത്തവളായി തന്നിഷ്ടക്കാരിയാവും. മന്ദത്രിംശാംശകത്തിൽ നിന്നാൽ ഭർത്തൃഘാതിനിയാകും. വ്യാഴത്രിംശാംശകത്തിൽ നിന്നാൽ ഗുണാഭിരാമയാകും. ബുധത്രിംശാംശകത്തിൽ നിന്നാൽ ശില്പകലാകുശലയാകും. ശുക്രത്രിംശാംശകത്തിൽ നിന്നാൽ വൃഭിചാരിയാകും. ഈ ഫലം തന്നെ;

" കുളീരഭേ ഭൂമിസുതസ്യവേശ്യാ
ശനേഃ പതിപ്രാണ വിഘാതകർത്രീ
ഗുരോർഗുണാവ്രതവതീ; ബധസ്യ
ശില്പക്രിയാജ്ഞാകുലടാ ഭൃഗോഃസ്യാൽ "

എന്നിപ്രകാരം ലളിതമായി വിവരിച്ചുകാണുന്നു.

ചിലർ പറയുന്നു ഒന്നിനു ജീവൻ കൊടുക്കാൻ നിങ്ങൾക്ക് സാധിക്കുകയില്ലല്ലോ. അതില്ലാതാക്കുവാൻ എന്തധികാരമെന്ന്. ഇത് ശരിയാണോ?

ഈ വാദഗതി വേദാന്തതത്വം ശരിയായി മനസിലാക്കാത്തതുകൊണ്ടാണ്. ഭഗവദ്ഗീത രണ്ടാമധ്യായം വായിച്ചാൽത്തന്നെ ഇതിന് ഉത്തരം വ്യക്തമായി കിട്ടും. ജീവൻ ദേഹത്തെ സ്വീകരിയ്ക്കുകയാണ് അല്ലാതെ ദേഹം ജീവനെ സ്വീകരിക്കുകയല്ല. ജീവൻ അവധ്യനും അദാഹ്യനും നിത്യനും നിരാമയനുമൊക്കെയാണ്. നിത്യനായ ജീവൻ അനിത്യമായ ദേഹത്തെ സ്വീകരിക്കുകയാണ് ചെയ്യുന്നത്. അതിനാൽ ദേഹം നശിച്ചാലും ജീവൻ നിലനിൽക്കുന്നു. ഈ ജീവനാകട്ടെ ജന്മാന്തരങ്ങളിൽ പുതിയ പുതിയ ദേഹങ്ങൾ സ്വീകരിക്കുകയാണ് ചെയ്യുന്നത്. മനുഷ്യൻ പഴയ വസ്ത്രങ്ങൾ ഉപേക്ഷിച്ച് പുതിയ വസ്ത്രങ്ങൾ സ്വീകരിക്കുന്നതുപോലെയാണിത്. അതിനാൽ ദേവകാര്യത്തിനുവേണ്ടി നടത്തുന്ന മൃഗബലി ആ ജീവചൈതന്യത്തെ ദേവചൈതന്യത്തിലേയ്ക്ക് ലയിപ്പിക്കുവാൻ വേണ്ടിയാണ്. ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ആയുധമേറ്റ് മരണപ്പെട്ട രാക്ഷസന്മാർക്കുപോലും സദ്ഗതി കിട്ടിയതായി പറയപ്പെടുന്നു. അതേപോലെ ദേവസന്നിധിയിൽ ബലിയർപ്പിയ്ക്കപ്പെട്ട മൃഗത്തിന് സദ്ഗതി കിട്ടുമെന്ന് പറയേണ്ടതില്ലല്ലോ.

മനുഷ്യനെ സംബന്ധിച്ചിടത്തോളം അഹിംസ പരമമായ ധർമ്മമാണല്ലോ, അത് പാലിക്കേണ്ടതല്ലേ?

അഹിംസാപരമമായ ധർമ്മം തന്നെ, എന്നാൽ ധർമ്മഹിംസയും ധർമ്മം തന്നെയാണെന്ന് മനസ്സിലാക്കണം. പലപ്പോഴും ജീവകാരുണ്യം എന്ന പദംകൊണ്ട് നാം ഉദ്ദേശിക്കുന്നത് സ്ഥൂലജീവികളെ മാത്രമാണ്. എന്നാൽ സൂക്ഷ്‌മജീവികൾക്കും ജീവിക്കാനുള്ള ആഗ്രഹവും അവകാശവും ഉണ്ടെന്നുള്ള കാര്യം വിസ്മരിക്കരുത്. നാം ഒരു കൃഷി നടത്തണമെങ്കിൽ എത്രമാത്രം ചാഴികളെയും കീടങ്ങളെയും നശിപ്പിക്കണം. രാത്രിയിൽ സുഖനിദ്ര കിട്ടണമെങ്കിൽ കൊതുകുകളെ കൊന്നൊടുക്കണം. ഒരു വീട് പണിയണമെങ്കിൽ ആ സ്ഥലത്തുള്ള ചിതൽ തുടങ്ങിയ ചെറുപ്രാണികളെ നശിപ്പിക്കണം.. വീടുപണിയുവാൻ ധാരാളം മരങ്ങൾ മുറിക്കണം. മരങ്ങളും ജീവികളാണല്ലോ? അവയ്ക്കും ജീവിക്കുവാനുള്ള അവകാശവും ആഗ്രഹവും ഉണ്ടാകില്ലേ? ഇങ്ങനെ നോക്കുമ്പോൾ രോഗം വന്നാൽ രോഗാണുക്കളെ നശിപ്പിക്കുന്നതുപോലും പാപമായി കണക്കാക്കേണ്ടിവരും. രോഗാണുക്കളും സൂക്ഷ്മജീവികളാണല്ലോ? അതിനാൽ പ്രായോഗികമായ അഹിംസ മാത്രമേ നടപ്പിൽ വരുത്തുവാൻ പറ്റുകയുള്ളു. ഒരാനയ്ക്കും ഉറുമ്പിനും സ്വന്തം ജീവൻ വിലപ്പെട്ടതുതന്നെയാണ്. പ്രകൃതിയുടെ സന്തുലന നിയമം അപ്രതിരോധ്യവുമാണ്.

സസ്യാഹാരവാദം ശരിയല്ലെന്നാണോ പറയുന്നത്?

സസ്യാഹാരവാദികൾ ശരിയായ ദിശാബോധത്തോടെയാണ് പ്രവർത്തിക്കുന്നതെങ്കിൽ അവർ ആദ്യം ചെയ്യേണ്ടത് വിവാഹാദി അടിയന്തിരങ്ങൾക്കും ആർഭാടങ്ങൾക്കും വേണ്ടിയുള്ള മാംസഭക്ഷണം ഒഴിവാക്കുകയാണ്. ഇത്തരം കാര്യങ്ങൾക്ക് വേണ്ടി ചെയ്യുന്ന ഹിംസ ഒരിയ്ക്കലും ധർമ്മഹിംസയിൽ പെടുത്തിക്കൂടാത്തതാകുന്നു. അത്തരം മാംസം ഭക്ഷിക്കുന്നവരെല്ലാവരും തന്നെ കൊല്ലുന്ന പാപത്തിന് തുല്യപങ്കാളികളാണ് എന്ന കാര്യം കൂടി ഓർമ്മപ്പെടുത്തിക്കൊള്ളട്ടെ. ഇതുകൊണ്ട് മംഗളകരമായിത്തീരേണ്ട വിവാഹാദി അടിയന്തിരങ്ങൾ അമംഗളകരമായിത്തീരുകയാണ്.

പരാഭട്ടാരക ശ്രീ തീർത്ഥാനന്ദനാഥ പാദതീർത്ഥൻ ആചാര്യ ത്രൈപുരം


ബാലുശ്ശേരി സംസ്കൃതവിദ്യാപീഠത്തിൽ നിന്ന് അദ്വൈതവേദാന്തത്തിൽ ആചാര്യബിരുദം നേടിയ ത്രൈപുരം വിവിധ സ്‌കൂളുകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ച് ചക്കാലക്കൽ ഹയർസെക്കണ്ടറി സ്‌കൂളിൽ നിന്ന് വിരമിച്ചു. അതിനുശേഷം മുഴുവൻ സമയവും ശാക്തേയതത്വ പ്രചരണാർത്ഥം ശാക്തേയ കാവുകളിൽ കുടുംബസംഗമങ്ങൾ സംഘടിപ്പിച്ചും തത്വവിചാരം നടത്തിയും ദേവി ഉപാസകർക്ക് ഉണ്ടാവുന്ന സംശയങ്ങൾക്ക് വിശദീകരണം നൽകി ശാക്തേയം ഒരു ജീവിത രീതിയാണെന്ന് മനസ്സിലാക്കി കൊടുക്കുന്നു.

പയ്യോളി തന്ത്രവിദ്യാപീഠത്തിന്റെ ആചാര്യനാണ്. ധാരാളം ശിഷ്യഗണങ്ങളുണ്ട്.

കൃതികൾ :- ശാക്തേയതത്വം, കാളീതത്വം, പുഷ്‌പാഞ്‌ജലി (കവിത), അനുഷ്ഠാനലഘുപദ്ധതി, ശാക്തേയപൂജാപദ്ധതി, കമ്മ്യൂണിസം വേദാന്തം തന്ത്രം, ബീജാക്ഷരനിഘണ്ടു, ഒരു സാധകന്റെ കണ്ണാടി (ജീവിതകുറിപ്പുകൾ) എന്നീ ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്.

****************************


സമർപ്പണം

ശ്രീ ജഗദംബാസഹിത
ശ്രീ അനംഗാനന്ദനാഥ
ശ്രീ ഗുരു ശ്രീ പാദങ്ങളിൽ


ആചാര്യ സന്ദേശം

വേദാന്തം അന്ധമായി പ്രസംഗിക്കുകയും പ്രവൃത്തിപഥത്തിൽ കൊണ്ടുവരാത്തവരുമായ ചില പണ്ഡിതം മാന്യന്മാരാണ് ശാക്തേയ ധർമ്മത്തെ വിമർശിക്കുന്നത്. ഒരു കാര്യം ഞാനിവിടെ സൂചിപ്പിക്കട്ടെ. ഭാരതീയർക്ക് പരിഹസിക്കുവാനും വിമർശിക്കുവാനും മാത്രമേ അറിയൂ. വിഷയത്തെ ഗവേഷണാത്മകമായി നിരീക്ഷിക്കാൻ അറിയില്ല. തന്മൂലം ധാരാളവും രഹസ്യവിദ്യകൾ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ചാക്ഷുകി, ചിത്രശിഖണ്ഡി, അസ്ത്രമന്ത്രങ്ങൾ, വൈമാനിക തന്ത്രം, ആയുർവേദത്തിലെ ശല്യക്രിയ എന്നിങ്ങനെ അനേകം രഹസ്യവിദ്യകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇത്തരം ആളുകൾ ഈ വിദ്യകളുടെ നേർക്ക് സമൂഹത്തിൽ സൃഷ്ടിച്ചെടുത്ത അവജ്ഞയാണ് ഈ ശാസ്ത്രങ്ങളുടെ പതനത്തിന് വഴിയൊരുക്കിയത്.

ഒരു ശാസ്ത്രം കൈകാര്യം ചെയ്യുന്ന രീതി എല്ലാവർക്കും രസിക്കണമെന്നില്ല. എന്നാൽ ശാസ്ത്രത്തിന്റെ പ്രയോജനം കിട്ടുന്നത് സമാജത്തിനാണ്. ശാക്തേയസമ്പ്രദായവും എല്ലാവരും ഇഷ്ടപ്പെടണമെന്നില്ല. അർഹതയുള്ളവർ മാത്രം അത് അനുഷ്ഠിച്ചാൽ മതി. എന്നാൽ ഒരു ശാസ്ത്രം തെറ്റാണെന്ന് വാദിക്കാൻ ആർക്കും അധികാരമില്ല. ഒരു പക്ഷെ ഗോമുത്രത്തിന്റെയും ഗായത്രീമന്ത്രത്തിന്റെയും പേറ്റന്റ് പാശ്ചാത്യർ കയ്യടക്കാൻ ശ്രമിച്ചതുപോലെ ഈ ശാസ്ത്രത്തിന്റെ പേറ്റന്റും അവർ നേടിയേക്കും. അന്നുമാത്രമേ ഭാരതത്തിലെ പണ്ഡിതം മാന്യന്മാരുടെ കണ്ണു തെളിയുകയുള്ളൂ. അതിനാൽ ഒരു കലയെയോ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ജീവിയെയോ സംരക്ഷിക്കുവാനുള്ള ത്വരയെങ്കിലും ഇക്കാര്യത്തിൽ ഉണ്ടായാൽ നന്ന്.

മിഥുനം, കന്നികളിലൊന്ന് ലഗ്നമോ ചന്ദ്രലഗ്നമോ ആവുകയും കുജത്രിംശാംശകത്തിൽ വരികയും ചെയ്‌താൽ

" ലഗ്നേ ഭാർഗ്ഗവരാശിഗേ കലഹകൃത്
ദുഷ്ടാകുജസ്യാംശകേ
സാധ്വീപുത്രവതീ പുരന്ദരഗുരോ
രംശേ, പുനർഭുശനേ.
സൗമ്യസ്യാംശ സമുത്ഭവാവികലാ
സംഗീതവാദ്യപ്രിയാ
ശുക്രാംശേബുധവല്ലഭാ ച സുഭഗാ
ലോകപ്രിയാജായതേ "

സാരം :-

ഇടവം, തുലാം ലഗ്നങ്ങൾക്കു ശനി  ത്രിംശാംശകം വന്നാൽ പുനർ വിവാഹം ചെയ്യുന്നവളാകും എന്നു പറഞ്ഞിരിക്കുന്നു. 

ബുധക്ഷേത്രമായ മിഥുനം, കന്നികളിലൊന്ന് ലഗ്നമോ ചന്ദ്രലഗ്നമോ ആവുകയും കുജത്രിംശാംശകത്തിൽ വരികയും ചെയ്‌താൽ അവൾ കപടാസക്തമനസ്വിനിയാവും. ശനിത്രിംശാംശകത്തിൽ വന്നാൽ നപുംസകപ്രായയാവും. ഗുരുത്രിംശാംശകത്തിൽ വന്നാൽ പതിവ്രതയാവും. ബുധത്രിംശാംശകത്തിലായാൽ സദ്ഗുണപൂരിതയാവും. ശുക്രത്രിംശാംശകത്തിലായാൽ സ്ഥിരമില്ലാത്ത കാമവികാരത്തോടെ കണ്ണിൽക്കണ്ട പുരുഷന്മാരെയെല്ലാം കാമിക്കുന്നവളായിത്തീരും.

"ബുധഭേ ഭൂമിപുത്രസ്യകാപടീക്ലീബവൽശനേ
ഗുരോസതീ വിദോവിജ്ഞഃ കവേകാമാതുരോഭവേൽ "

എന്നിങ്ങനെയും.

" ത്രിംശാംശേ വനിജസ്യബോധഗൃഹേ
ലഗ്നേതുപുത്രാന്വിതാ
മന്ദാംശേവിധവാഥവാമൃതസുതാ
ക്ലീബാകൃതിസ്ഥാ സതി.
ജൈവേഭർത്തൃപരാ ബുധസ്യ തരുണീ
വിഖ്യാതതേജസ്വിനീ
ശൗക്രേചാരുതരാംബരാഭരണഗോ
വിത്തപ്രസിദ്ധാഭവേൽ"

എന്നിങ്ങനെയും ആശയാർത്ഥത്തിൽ അല്പം ഭേദഗതിയോടെ പ്രതിപാദിതമായിക്കാണുന്നുണ്ട്. ഇതിൽ ലഗ്നമോ ചന്ദ്രലഗ്നമോ ബലപൂർണ്ണമായി ബുധക്ഷേത്രത്തിൽ കുജത്രിംശാംശകത്തിൽ വന്നാൽ സന്താനവിഹീനയാകുമെന്നും മന്ദത്രിംശാംശകത്തിൽ വന്നാൽ വിധവയോ അഥവാ മൃതസന്താനവതിയും നപുംസകപ്രായയും അസതിയുമാകുമെന്നും; ശുക്രത്രിംശാംശകത്തിൽ വന്നാൽ മനോഹരമായ വസ്ത്രാഭരണഭൂഷിതവതിയായി മുഴുത്ത ഗോധനവതിയായിത്തീരുമെന്നും ഹോരാചാര്യപക്ഷത്തെ ഖണ്ഡിച്ചു പറഞ്ഞതായി കാണുന്നു. ബുധക്ഷേത്രത്തിൽ ശുക്രത്രിംശാംശകത്തിൽ വരുന്ന പൂർണ്ണബലമുള്ള ലഗ്നത്തിനോ ചന്ദ്രലഗ്നത്തിനോ " പ്രവികീർണ്ണകാമാ " എന്നു ഹോരാചാര്യൻ പറയുമ്പോൾ ജാതകപരിജാതകർത്താവ് " ചാരുതരാഭരണ ഗോവിത്ത പ്രസിദ്ധാഭവേൽ " എന്നു പ്രശംസനീയമായ വിധം നീട്ടിവലിച്ച് പറഞ്ഞിരിക്കുന്നത്. " പ്രവികീർണ്ണകാമാ " എന്നതിനെ ഖണ്ഡിക്കാൻ വേണ്ടിയല്ല; പ്രത്യുത ആ അർത്ഥത്തെ ഇരട്ടി ബലപൂർണ്ണമാക്കാനും രഹസ്യമായ വിധം ഈ ആഡംബരവിഭൂതിദായകമായ അർത്ഥവിശേഷത്തിൽ ഉദ്ദീപിപ്പിക്കാനും യത്നിച്ചതായിക്കാണാം.

ജന്മലഗ്നം; ചന്ദ്രലഗ്നം; ഇതിൽ ബലാധിക്യമുള്ള ലഗ്നം ഇടവം, തുലാം, രാശികളിലൊന്നാവുകയും അത് കുജത്രിംശാംശകത്തിൽ വരികയും ചെയ്‌താൽ

ദുഷ്ടാ, പുനർഭൂ, സുഗുണാ, കലാജ്ഞാ,
ഖ്യാതാ, ഗുണൈശ്ചാസുരപൂജിതർക്ഷേ
സ്യാൽ കാപടീ, ക്ലിബസമാ, സതീച
ബൗദ്ധേ ഗുണാഢ്യാ, പ്രവികീർണ്ണകാമാ.

സാരം :-

ജന്മലഗ്നം; ചന്ദ്രലഗ്നം; ഇതിൽ ബലാധിക്യമുള്ള ലഗ്നം ഇടവം, തുലാം, രാശികളിലൊന്നാവുകയും അത് കുജത്രിംശാംശകത്തിൽ വരികയും ചെയ്‌താൽ അവൾ സദാ കലഹവതിയാവുക കാരണവും ഭർത്താവിന് അനിഷ്ടവതിയായിത്തീരും. അല്ലെങ്കിൽ ദുരാചാരിണിയായിത്തീരും. ആ ലഗ്നം ശനി ത്രിംശാംശകത്തിൽ വന്നാൽ ഒരുവനെ വിവാഹം ചെയ്ത് മറ്റൊരുവന്റെ ഭാര്യയായിത്തീരും. അതേ ലഗ്നം വ്യാഴത്രിംശാംശകമായി വന്നാൽ സൽഗുണസമ്പന്നയാവും. അതുതന്നെ ബുധത്രിംശാംശകമായാൽ നൃത്തം, ഗീതം, വാദ്യം, ചിത്രരചന ഇത്യാദി ലളിതകലാസമർത്ഥയായിത്തീരും. ഈ ലഗ്നം ശുക്രത്രിംശാംശകത്തിൽ വന്നാൽ സൗന്ദര്യം, സൗശീല്യം മുതലായ ഉത്കൃഷ്ടഗുണങ്ങളാൽ ലോകപ്രസിദ്ധയാകും.

ഇതു തന്നെ മറ്റുവിധത്തിൽ പ്രതിപാദിച്ചുകാണുന്നതിൽ,

" ശുക്രഭേ കുജവാഗ്ന്യാംശേ
ദുഷ്ടാ സൗരേഃ പുനർഭവാ
ഗുരോർ ഗുണമയീവിനജ്ഞാ
കവേ കാമാതുരാഭവേൽ. "

എന്നിങ്ങനെ പറഞ്ഞിരിക്കുന്നു.

സ്ത്രീജാതകത്തിൽ ബലമുള്ള ലഗ്നം മേടമോ വൃശ്ചികമോ ആയി കുജത്രിംശാംശകത്തിൽ / ശനിത്രിംശാംശകത്തിൽ / ഗുരുത്രിംശാംശകത്തിൽ / ബുധത്രിംശാംശകത്തിൽ / ശുക്രത്രിംശാംശകത്തിൽ വന്നാൽ

കന്യൈവ ദുഷ്ടാ വ്രജതീഹദാസ്യാ
സാദ്ധ്വീ സമായാ കുചരിത്രയുക്താ
ഭൂമ്യാത്മജർക്ഷേക്രമശോംശകേഷു
വക്രാർക്കിജീവേന്ദുജഭാർഗ്ഗവാണാം.

സാരം :-

സ്ത്രീജാതകത്തിൽ ബലമുള്ള ലഗ്നം മേടമോ വൃശ്ചികമോ ആയി കുജത്രിംശാംശകത്തിൽ വന്നാൽ അവൾ കന്യാപ്രായത്തിൽതന്നെ വ്യഭിചാരിണിയാവും. അതേ ലഗ്നം ശനിത്രിംശാംശകത്തിൽ വന്നാൽ കന്യാപ്രായത്തിൽതന്നെ ദാസിയായിത്തീരും. അതേ ലഗ്നത്തിൽത്തന്നെ ഗുരുത്രിംശാംശകം വന്നാൽ പതിവ്രതയാകും. ബുധത്രിംശാംശകം വന്നാൽ കപടതയോടുകൂടിയവളാകും. ശുക്രത്രിംശാംശകം വന്നാൽ കുത്സിതചരിത്രത്തോടുകൂടിയവളാകും.

"ലഗ്നേഭൗമഗൃഹം ഗതേ ശശിനിവാ
വീര്യാധികേ ഭൂസുതേ
ത്രിംശാംശപ്രഭവാ ബലായദിദുരാ
ചാരപ്രയുക്താ ഭവേൽ.
പ്രേക്ഷ്യാഭാനുസുതാംശകേ ഗുണവതീ
സാധ്വീച ജീവാംശകേ
സൗമ്യാംശേമലിനാ സിതാംശജവധൂർ
ജാതഃ വ്രതാചാരണീ "

എന്നിങ്ങനെ ലളിതമായി വിധിച്ചിരിക്കുന്നതിൽ ശുക്രത്രിംശാംശകത്തിൽ ജനിച്ചവൾ വ്രതാചരണിയാവുമെന്ന് പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്.

" യദംഗചന്ദ്രൗകുജഭേകുജസ്യ
ത്രിംശാംശകേദുഷ്ട തരമെവകന്യാ
മന്ദസ്യദാസീതി ഗുരൗ തുസാധ്വീ
മായാവിനീജ്ഞസ്യ കവേകുവൃത്താ "

എന്നിങ്ങനെ ആശയവിവരണം നടത്തിയിരിക്കുന്നതിൽ ശുക്രത്രിംശാംശകത്തിന് 'കുവൃത്താ ' എന്നുതന്നെ ആശയപ്രതിപാദനം നടത്തിയിരിക്കുന്നു. ഇവിടെ ശുക്രൻ മദനവികാരകാരകനാകയാൽ കുത്സിതചാരിത്രവതീ എന്ന " കുവൃത്താ " പ്രയോഗംതന്നെ സാധു എന്ന് നിശ്ചയിക്കുന്നതാണ് യുക്തം.

സ്ത്രീജാതകത്തിലെ ത്രിംശാംശകഫലം പറയുമ്പോൾ ശ്രദ്ധിക്കണം

ശശി ലഗ്ന സമായുക്തൈഃ
ഫലം ത്രിംശാംശകൈരിദം
ബലാബല വികല്പേന
തയോരുക്തം വിചിന്തയേൽ

സാരം :-

ത്രിംശാംശകഫലം വിചിന്തനം ചെയ്യേണ്ടത് ജന്മലഗ്നം, ചന്ദ്രലഗ്നം എന്നിവയിൽ ബലമുള്ള രാശിയുടെ ത്രിംശാംശകംകൊണ്ടാണ്. ബലമുള്ള ലഗ്നം ഏതായാലും ശരി; അതിന്റെ ത്രിംശാംശകാധിപന് പൂർണ്ണബലമുണ്ടെങ്കിൽ മാത്രമേ പറയാൻ പോകുന്ന ത്രിംശാംശകഫലം ഫലവത്തായി വരികയുള്ളു എന്ന് ഗ്രഹിച്ചിരിക്കേണ്ടതുണ്ട്. 

ത്രിംശാംശകം പൂർണ്ണബലവാനാണെങ്കിൽ ഫലം പൂർണ്ണമായും മധ്യബലവാനെങ്കിൽ ഫലം പകുതിയായും അല്പബലവാനെങ്കിൽ അല്പമായും അനുഭവപ്പെടും. ഇവിടെ ഒരു പ്രയോഗവിശേഷം കാണുന്നുണ്ട്. " ശശിലഗ്നസമായുക്തൈഃ " എന്നതുകൊണ്ട് ചന്ദ്രലഗ്നസ്ഫുടം, ഉദയലഗ്നസ്ഫുടം എന്നിവ തമ്മിൽ കൂട്ടിചേർത്താലുണ്ടാകുന്ന സ്ഫുടത്തിന്റെ ത്രിംശാംശകംകൊണ്ടാണ് ഈ ഫലം വിചിന്തനം ചെയ്യേണ്ടതെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. മാത്രമല്ല, ആ ത്രിംശാംശകത്തിന്റെ ഫലാഫലത്തിനൊത്ത് ഫലവും ബലാബലങ്ങളായിത്തീരുമെന്നറിയണം.

പുരുഷവേഷം പൂണ്ട് പരപുരുഷഗാമിനിയായിത്തീരും / പ്രസിദ്ധങ്ങളായ അഖില ശാസ്ത്രത്തിലും സമർത്ഥയും യുക്തിവാദിയും വിവേകിയും

സൗരേമധ്യബലേ ബലേനരഹിതൈഃ
ശീതാംശുശുക്രേന്ദുജൈഃ
ശേഷൈവീര്യസമാന്വിതൈഃ പുരുഷിണീ
യദ്യോജരാശ്യുൽഗമേ.
ജീവാരസ്ഫുജിദൈന്ദവേഷു ബലിഷ്ഠ
പ്രാഗ്ലഗ്നരാശൗസമേ
വിഖ്യാതാഖില ശാസ്ത്രയുക്തി കുശലാ
സ്ത്രീബ്രഹ്മവാദിന്യപി.

സാരം :-

സ്ത്രീജാതകത്തിൽ ശനി മധ്യബലവാനായി നിൽക്കുകയും ചന്ദ്രശുക്രബുധന്മാർ ബലരഹിതരായും; ആദിത്യകുജന്മാരും വ്യാഴവും ബലയുതന്മാരായും നില്ക്കുകയും; ഓജലഗ്നത്തിൽ ജനിക്കുകയും ചെയ്‌താൽ പുരുഷവേഷം പൂണ്ട് പരപുരുഷഗാമിനിയായിത്തീരും. 

യുഗ്മരാശി ലഗ്നത്തിൽ ജനിക്കുകയും വ്യാഴം, കുജൻ, ശുക്രൻ, ബുധൻ എന്നീ ഗ്രഹങ്ങൾ ബലവാന്മാരായി വരികയും ചെയ്‌താൽ അവൾ പ്രസിദ്ധങ്ങളായ അഖില ശാസ്ത്രത്തിലും സമർത്ഥയും യുക്തിവാദിയും വിവേകിയും പ്രൗഢമതിയും ആയിത്തീരുന്നതോടൊപ്പം ബ്രഹ്മവാദിനിയും വേദവേദാംഗാദി ശാസ്ത്രതത്ത്വങ്ങൾ സമർത്ഥമായി കൈകാര്യം ചെയ്യാൻ കഴിവുള്ളവളുമാകും.

സൽഗുണസമ്പന്നയായും ബുദ്ധിഗുണംകൊണ്ട് സദാചാരവതിയും ലോകപ്രസിദ്ധിയും നേടുന്നവളുമായിത്തീരുന്നതാണ്

യുഗ്മേ വിലഗ്നേ കുജസൗമ്യ ജീവ
ശുക്രൈർ ബലിഷ്ഠൈ ഖലുജാതകന്യാ
വിഖ്യാതനാമ്നീ സകലാർത്ഥതത്വ
ബുദ്ധിപ്രസിദ്ധാ ഭവതീഹസാധ്വീ.

സാരം :-

സ്ത്രീജാതകം യുഗ്മരാശിലഗ്നമാവുകയും ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ എന്നീ ഗ്രഹങ്ങൾ ബലവാന്മാരായിരിക്കുകയും ചെയ്‌താൽ അവൾ നിശ്ചയമായും ലോകജനത പ്രകീർത്തിക്കപ്പെടുന്ന സൽഗുണസമ്പന്നയായും എല്ലാ അർത്ഥതത്ത്വങ്ങളും ഉൾക്കൊള്ളാൻ കഴിയുന്ന ബുദ്ധിഗുണംകൊണ്ട് സദാചാരവതിയും ലോകപ്രസിദ്ധിയും നേടുന്നവളുമായിത്തീരുന്നതാണ്.

ആ സ്ത്രീ; സ്ത്രീപുരുഷപ്രകൃതികൾ കലർന്ന മിശ്രഗുണയുക്തയും ദിക്ദേശകാലഗുണജ്ഞാനമുള്ളവളും ആയിരിക്കും

ലഗ്നേന്ദുവിഷമർക്ഷഗൗ ശുഭയുതൗ
സൗമ്യഗ്രഹാ ലോകിതൗ
നാരീമിശ്രഗുണാകൃതീ; സ്ഥിതിഗതീ
പ്രജ്ഞാവതീ ജായതേ.
യുഗ്മാഗാര ഗതൗതു പാപസഹിതൗ
പാപേക്ഷിതൗവാതഥാ
തദ്രാശീശയുതേക്ഷകാഗ്രഹബലാ
ദാഹുഃ സമസ്തം വിദുഃ.


സാരം :-

സ്ത്രീജാതകത്തിൽ ലഗ്നവും ചന്ദ്രലഗ്നവും ഓജരാശികളാവുകയും ശുഭഗ്രഹവീക്ഷണമുണ്ടാവുകയും ചെയ്‌താൽ ആ സ്ത്രീ; സ്ത്രീപുരുഷപ്രകൃതികൾ കലർന്ന മിശ്രഗുണയുക്തയും ദിക്ദേശകാലഗുണജ്ഞാനമുള്ളവളും ആയിരിക്കും. ലഗ്നചന്ദ്രാരൂഡങ്ങൾ രണ്ടും യുഗ്മരാശിയാവുകയും പാപഗ്രഹങ്ങളോടുകൂടിയോ പാപഗ്രഹവീക്ഷണത്തോടുകൂടിയോ ഇരുന്നാൽ മേല്പറഞ്ഞവിധം ആകൃതിപ്രകൃതി കൂടിച്ചേർന്നവളായിരിക്കും. ലഗ്നചന്ദ്രരാശികളിൽ ഏതേതു ഗ്രഹങ്ങളുടെ യോഗവീക്ഷണങ്ങളാണോ സംഭവിച്ചിരിക്കുന്നത് ആ ഗ്രഹങ്ങളിൽ ബലവാനായ ഗ്രഹത്തിന് അനുരൂപമായ രൂപസൗഭാഗ്യഫലങ്ങൾ പറയണം.

സ്ത്രീയുടെ ദേഹപ്രകൃതിയും സ്വഭാവാദിഗുണങ്ങളും പുരുഷതുല്യങ്ങളാവും

" യുഗ്മേലഗ്ന നിശാകരൗയദിവര
സ്ത്രീരൂപശീലാന്വിതാ
സൗമ്യാലോകിത സംയുതൗഗുണവതീ
സാധ്വീചസമ്പദ്യുതാ. "

സാരം :-

ലഗ്നം ഓജരാശിയിലും ചന്ദ്രൻ ഓജരാശിയിലും വന്നാൽ ആ സ്ത്രീയുടെ ദേഹപ്രകൃതിയും സ്വഭാവാദിഗുണങ്ങളും പുരുഷതുല്യങ്ങളാവും. ഈ ലഗ്നചന്ദ്രന്മാർക്കു പാപഗ്രഹയോഗദൃഷ്ടികളുണ്ടായാൽ മേല്പറഞ്ഞ പുരുഷാകൃതിക്കു പുറമേ സ്വഭാവഗുണമൊട്ടുമില്ലാത്തവളും പാപകർമ്മാചാരതത്പരയുമായിരിക്കും.

" ഓജർക്ഷേപുരുഷാകൃതിശ്ചചപലാ
പുംശ്ചേഷ്ടിതാപാപിനീ
പാപഃ വ്യോമചരേണ വീക്ഷിതയുതൗ
ജാതഃ ദുരാചാരിണീ"

എന്നിങ്ങനെയും പറഞ്ഞുകാണുന്നു.

" ഉദയഹിമകരൗദ്വൗയുഗ്മഗൗസൗമ്യദൃഷ്ടൗ
സുതതനയ പതിഭൂഷാസമ്പദുൽകൃഷ്ടശീലാ
അശുഭ സഹിത ദൃഷ്ടൗ തൗചഗൗപുംസ്വഭാവാ
കുടിലമതിരവശ്യാ ഭർത്തൃരുഗ്രാദരിദ്രാ "


എന്നീ പ്രകാരം ആവിഷ്ക്കരിച്ചുകാണുന്നുണ്ട്. ഇതിൽ വക്രബുദ്ധിക്കാരിയും ഭർത്താവിനോട് ചാടിക്കടിക്കുന്നവളും ദരിദ്രയും ആകുമെന്നുകൂടി പറഞ്ഞിരിക്കുന്നു. 

മേല്പറഞ്ഞ സ്വഭാവഗുണങ്ങളെല്ലാം ഭാവത്തിന്റെയും ഭാവാധിപന്റേയും ഫലയോഗ്യതപോലെ അനുഭവിക്കുന്നതാണ്.

വിവാഹജീവിതം

കർദ്ദമന്‍റെയും ദേവഹൂതിയുടെയും ദാമ്പത്യ വർണ്ണനം

[ഭാഗവതം തൃതീയ സ്കന്ധം ഇരുപതിമൂന്നാം അദ്ധ്യായം]

ഭാരതം അതിഗംഭീരമായ ശാസ്ത്രത്തെ അവതരിപ്പിച്ച നാടാണ്. ഒരിക്കലും നശിക്കാത്ത, എക്കാലത്തും പുതുമയാർന്ന ഗൗരവമുള്ള ശാസ്ത്രം. ജന ജീവിതത്തിനു വേണ്ട ക്രമമായിരുന്നു നമ്മുടെ ശാസ്ത്രം, അതുകൊണ്ട് തന്നെ ഇത് സംസ്ക്കാരം എന്നറിയപ്പെട്ടു. ഇന്നും ഇതു സനാതനമാകുവാൻ കാരണം കുടുംബം എന്ന പ്രസ്ഥാനം തന്നെയാണ് കാരണം. നമ്മുടെ ആചാരങ്ങളും, അനുഷ്ഠാനങ്ങളും കുടുംബ പുരോഗതിക്കു വേണ്ടിയുള്ളതായിരുന്നു. ഗൃഹസ്ഥൻ അനുവർത്തിക്കേണ്ടതെല്ലാം ആചാര്യന്മാർ പറഞ്ഞിരിക്കുന്നു. എല്ലാം കുടുംബത്തിനു വേണ്ടി പറഞ്ഞിരിക്കുന്നു. കുടുംബത്തിന് വലിയ സ്ഥാനം ഋഷി കൽപ്പിച്ചിട്ടുണ്ട്.

ഭാഗവതം ഒന്നുമാത്രം പഠിച്ചാൽ മതി എല്ലാ അറിവുകളും കരസ്ഥമാക്കാം. കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ട് ഭാഗവതം. ബ്രഹ്മചര്യമെന്ന പ്രഥമ ആശ്രമത്തിൽ നിന്ന് ഗൃഹസ്ഥാശ്രമത്തിലേക്ക് കടക്കുന്ന ഒരു ചടങ്ങാണ് വിവാഹം.

ദാമ്പത്യ ജീവിതം തുടങ്ങും മുൻപ് എന്തെല്ലാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വധൂവരന്മാർ തമ്മിലുള്ള നക്ഷത്രപ്പൊരുത്തമല്ല നോക്കേണ്ടതെന്ന് ഭാഗവതം പറയുന്നു. ഇത് പറഞ്ഞിരിക്കുന്നത് ഏതു കാലഘട്ടത്തിലാണ് എന്നു ചിന്തിക്കണം. ഇതൊരു Pre-Marriage കോഴ്സായി സ്വീകരിക്കാം.

ഭാഗവതം കർദ്ദമന്റെയും - ദേവഹൂതിയുടെയും വിവാഹ സംബന്ധമായി പറയുന്നു. ഇതായിരിക്കട്ടെ വിവാഹ പൊരുത്തത്തിന് പ്രമാണമെന്ന് മനുവിലൂടെ വ്യാസൻ ബോധിപ്പിക്കുന്നു.

ത്രിതീയ സ്കന്ധം, അദ്ധ്യായം - 23, ശ്ലോകം - 2, 3. ഈ രണ്ടു ശ്ലോകങ്ങൾ മാത്രമാണ് പറയുന്നത്.

ശ്ലോകം

"വിശ്രംഭേണാത്മശൌചേന ഗൌരവേണ ദമേന ച I
ശുശ്രൂഷയാ സൌഹൃദേന വാചാ മധുരയാച ഭോഃ "॥

1. വിശ്വാസം

വിവാഹ പൊരുത്തത്തിൽ പുരുഷനു വേണ്ട ഏഴു ഗുണങ്ങളെ പറയുന്നു. ഒന്നാമത്തെ ഗുണമാണ് വിശ്രംഭേണ, എന്നാൽ വിശ്വാസം.

വിശ്വാസമെന്നാൽ മനസ്സിലാക്കൽ എന്നർത്ഥം. വിശ്വാസം അതല്ലേ എല്ലാം !! ഈ വിശ്വാസമല്ല. ഇവിടെ പറയുന്ന വിശ്വാസം മനസ്സിലാക്കേണ്ടതാണ്. ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു കൊണ്ടുവരുമ്പോൾ, ആ കുട്ടി അന്നുവരെ ശീലിച്ച ഒരു ചുറ്റുപാടിൽ നിന്ന് മറ്റൊരു ചുറ്റുപാടിലേക്ക് വരുകയാണ്. അറിയാത്ത വീട്, ആളുകൾ അങ്ങനെ പലതും. ഈ കേറി വരുന്ന വീട്ടിൽ ആകെ അറിയുന്നത് ഭർത്താവിനെ മാത്രമാണ്. ഈയൊരവസ്ഥയിലാണ് താൻ വിവാഹം കഴിച്ചുകൊണ്ടു വന്ന കുട്ടി, അവൾക്ക് ആകെ ആശ്രയമായിരിക്കുന്നത് ഈ പുരുഷനാണ് എന്ന് മനസ്സിലാക്കുക. തന്നെ വിശ്വസിച്ച്  മാതാപിതാക്കളെ, ബന്ധുക്കളെ, സ്വന്തം വീട് ഉപേക്ഷിച്ച് തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന കുട്ടിയാണ്, അതുകൊണ്ട് ഇതു മനസ്സിലാക്കി വേണ്ട സ്നേഹവും സംരക്ഷണവും നൽകേണ്ടതുണ്ട്, ഇതാണ് ഒന്നാമത്തെ ഗുണം, വിശ്രംഭേണ...

പലപ്പോഴും ആദ്യരാത്രി തന്നെ ഇവൻ പറയും, ഞാൻ ഇങ്ങനെയാണ് എങ്ങനെ ? അല്പം മദ്യം കഴിക്കും, കൂട്ടുകാരൊത്ത് കറങ്ങും, ചിലപ്പോൾ താമസിച്ചേ വരു നീ നേരത്തെ കഴിച്ചു കിടന്നോണം. ഇതൊക്കെ കേൾക്കുന്ന പെൺകുട്ടി എന്താ വിചാരിക്കുക, ഇയാളുടെ കൂടെയുള്ള ജീവിതം എങ്ങനെയാകുമോ ??? എന്ന ചോദ്യമാകും ഉണ്ടാവുക.

ഉദാഹരണമായി അച്ഛൻ മരിച്ച ഒരു പെൺകുട്ടിയെയാണ് വിവാഹം കഴിക്കുന്നതെങ്കിൽ, വിവാഹവേളയിൽ ആ വിഷമം തീർച്ചയായും പെൺകുട്ടിയിലും വീട്ടുകാരിലും ഉണ്ടാകും. ഇത് മനസ്സിലാക്കി, ഇന്നു മുതൽ നിനക്ക് ഞാനുണ്ട് എന്നു പറയുക. ഇതാണ് വിശ്വാസം. ഇതു തന്നെയാണ് വിവാഹത്തിനു വേണ്ടത്, ഇങ്ങനെയുള്ള പുരുഷൻ മാത്രമാണ് വിവാഹത്തിന് യോഗ്യൻ. ഇന്നു വിവാഹത്തിനു മുൻപ് തയ്യാറെടുക്കുന്ന മതാപിതാക്കളും കുട്ടികളും ഇതു മനസ്സിലാക്കേണ്ടതാണ്. വീട്ടിലേക്ക് വരുന്ന കുട്ടിയെ സ്നേഹിക്കാനും, സംരക്ഷിക്കാനും തന്റെ മകനു കഴിവുണ്ടോ എന്നാണ് ആദ്യം നോക്കേണ്ടത്. പത്തിൽ എത്ര പൊരുത്തം എന്നല്ല നോക്കേണ്ടത് എന്നു ചുരുക്കം. പല വിവാഹ ബന്ധങ്ങളും തകരാറിലാകുന്നത് ഈ വിശ്വാസമില്ലായ്മയാണ്.

നോക്കൂ, രണ്ടു ദിവസം വീട്ടിൽ നിന്നും മാറി നിന്നാൽ പോലും നാം നമ്മുടെ വീട് മിസ് ചെയ്യും, അപ്പോൾ പിന്നെ വന്ന പെൺകുട്ടിയുടെ കാര്യമൊന്നു ആലോചിച്ചു നോക്കൂ. എത്ര വിഷമത്തിലാകും. ഈയൊരു അവസ്ഥയിൽ നിന്ന് ഒരു സംരക്ഷണം. ഭർത്താവിന് എല്ലാവിധ സംരക്ഷണവും ഭാര്യയ്ക്ക് നൽകാൻ സാധിക്കണം.

ഏതൊരു സ്ത്രീയും തന്റെ ഭർത്താവിൽ നിന്നുള്ള സംരക്ഷണമാണ് ആഗ്രഹിക്കുന്നത്. തന്റെ ഭർത്താവിന്റെ കൈകളിൽ എന്റെ ജീവിതം സുരക്ഷിതമാണെന്നുള്ള വിശ്വാസമാണ് പുരുഷൻ സ്ത്രീയിൽ ഉണ്ടാക്കേണ്ടത്, ഭക്ഷണം  ഉണ്ടാക്കുവാൻ സഹായിച്ചില്ലെങ്കിലും , തീൻമേശയിൽ ഒന്നെടുത്തു വെയ്ക്കാനെങ്കിലും ഒപ്പം നിൽക്കൂ. ഭാര്യയ്ക്ക് അസുഖമാണെങ്കിൽ ഒരു ഗ്ലാസ് ചുക്ക് കാപ്പി ഉണ്ടാക്കി കൊടുക്കൂ. ഈയൊരു സംരക്ഷണമാണ് വിശ്രംഭേണ, ഇതാണ് കർദ്ദമൻ ദേവഹൂതിക്ക് നൽകിയത്. വലിയ കൊട്ടാരം ഉപേക്ഷിച്ചു വന്നതാണ്. ഇതല്ലെ നമുക്കും പ്രമാണമാകേണ്ടത്?, ഇതല്ലെ യഥാർത്ഥ സംസ്ക്കാരം?, ഇതല്ലെ നമ്മുടെ കുടുംബങ്ങളിൽ ഭാര്യാഭർത്തു ബന്ധത്തിൽ വേണ്ടത് ? ഈ ധർമ്മശാസ്ത്രത്തെ വിശ്വസിക്കുന്നെങ്കിൽ ഋഷി പറയുന്നതു കേൾക്കാൻ തയ്യാറാകൂ. പത്തിൽ പത്ത് പൊരുത്തം ഉണ്ടെങ്കിലും ഇത് (വിശ്രംഭേണ) ഇല്ലെങ്കിൽ എന്താണ് കാര്യം.

2. ശുചിത്വം

ആത്മശൌചേന, എന്നു പറഞ്ഞാൽ ശുചിത്വം തന്നെ. ശാരീരികമായ ശുചിത്വം. പുരുഷൻമാർ മദ്യലഹരി, അരോചകമായ ബീഡി, സിഗററ്റ് ഗന്ധം ഇതൊക്കെ ഒഴിവാക്കണം. മദ്യപിക്കുന്ന പുരുഷന് മദ്യപിക്കുന്ന സ്ത്രീ തന്നെയാണ് യോജിക്കുന്നത്. അതു തന്നെയാണ് പൊരുത്തം. അതുകൊണ്ട് ശുചിത്വമുണ്ടാവുക. ശാരീരികമായും മാനസികമായ ശുചിത്വമുണ്ടാകുക.

3. ആദരവ്

മൂന്നാമത്തേത് ഗൌരവേണ, എന്നു പറഞ്ഞാൽ ആദരവ്. ഭർത്താവിന്റെ അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കലാവരുത് എന്നർത്ഥം. ഭാര്യയെ ആദരിക്കുവാൻ കഴിയണം. അവരോട് അഭിപ്രായങ്ങൾ ചോദിക്കണം. അവരെയും കൂടി കേൾക്കുവാൻ തയ്യാറാവണം. ഒരു കാര്യം കുടുംബത്തിൽ ഉണ്ടാകുമ്പോൾ മക്കളോടു പറയണം, അമ്മയോടുകൂടി ചോദിക്കാമെന്ന്. ഇതാണ് ഗൌരവേണ ആദരവ് എന്നു പറയും. കാരണം ഭാര്യയുടെ അഭിപ്രായം ഭർത്താവിനോട് ചോദിക്കാറുണ്ട്, 'അച്ഛനോട് ചോദിച്ചിട്ടു ചെയ്യൂ' എന്നു പറയാറുണ്ട്. ഈ ബഹുമാനം, ആദരവ് ഭാര്യക്കും കൊടുക്കുവാൻ ഭർത്താവിനും കഴിയണം, അപ്പോൾ മാത്രമാണ് കുടുംബത്തിൽ ഇമ്പമുണ്ടാകുന്നത്. ഇത് പലപ്പോഴും നടക്കുന്നില്ല, ഞാൻ പറയുന്നത് ഭാര്യയും മക്കളും കേട്ടുകൊള്ളണം. ചോദ്യത്തിന് മാത്രം ഉത്തരം നൽകുക. ഒരു ദിവസം താമസിച്ചു വരുന്ന ഭർത്താവിനോട് എന്താ നിങ്ങൾ ഇന്ന് താമസിച്ചത് എന്നു ഭാര്യ ചോദിക്കും, സ്വാഭാവികം. എന്നാൽ അത് നീ അറിയണ്ട എന്നാണ് ഭർത്താവിന്റെ മറുപടിയെങ്കിൽ ആ കുടുംബത്തിൽ വഴക്കായിരിക്കും. നേരെ മറിച്ച് ഇന്ന് ജോലി തിരക്കുണ്ടായിരുന്നു എന്ന് ഭാര്യയുടെ ചോദ്യത്തിന്റെ മറുപടി കൊടുത്താൽ പ്രശ്നം തീരും. ഈയൊരു ബഹുമാനം അവർക്ക് കൊടുക്കാൻ ഈ പുരുഷനു സാധിക്കണം, അതാണ് ഗൌരവേണ. സഹധർമ്മിണിയാണ് , ധർമ്മത്തിൽ ചരിക്കുമ്പോൾ കൂടെ നിർത്തേണ്ടുന്ന ആളാണ് പത്നി.

4. ഇന്ദ്രിയ നിഗ്രഹം

ദമമെന്നാൽ ഇന്ദ്രിയ നിഗ്രഹം. എല്ലാതരത്തിലുമുള്ള നിയന്ത്രണം. ഭാര്യയെ ഒരു ഉപകരണമായി കാണാതിരിക്കുക. നമ്മൾ ഒന്നാണ് എന്നു പറഞ്ഞ് കൂടെ നിർത്തുക. പങ്കാളിയുടെ താല്പര്യം കൂടി സ്വീകരിക്കുക. ദാമ്പത്യ ജീവിതത്തിന്റെ അടിത്തറ ഇളകുവാൻ ചിലപ്പോൾ കാരണമായേക്കാവുന്ന ഒന്നാണ് ദമമില്ലായ്മ. ഇതൊക്കെ പലർക്കും അറിയാം പക്ഷേ ചെയ്യില്ല അതാണ് പ്രശ്നം. ഭർത്താവിന്റെ അഭിപ്രായങ്ങൾ അടിച്ചേല്പിക്കാനുള്ള യന്ത്രമല്ല ഭാര്യയെന്ന ബോധം പുരുഷനിൽ ഉണ്ടാകണം. ഇന്ന് ഗർഭദാനം പോലും തെറ്റായാണ് നടക്കുന്നത്. ഷോഡശ സംസ്ക്കാരത്തിൽ ആദ്യ കർമ്മം ഗർഭദാനമാണ്. ഇത് അറിയാതെ സംഭവിക്കേണ്ടതല്ല. ഭാര്യാഭർത്തു ബന്ധത്തിൽ ഇരുവരും അറിഞ്ഞു നടത്തേണ്ടുന്ന പവിത്രമായ ഒരു കർമ്മമാണ്. പ്രജാ സൃഷ്ടി അത്ര പവിത്രമായ ഒന്നായിട്ടാണ് ഭാരതീയ ആചാര്യന്മാർ കണ്ടിരുന്നത്. ഭക്തിയുണ്ടായിരിക്കണം, പവിത്രമായിരിക്കണം. സത് സന്താന സൃഷ്ടിയിൽ ഭക്തിപൂർവ്വമായ മൈഥുനമായിരിക്കണം. ഇതാണ് നാലാമത്തത് ദമേന ച.

5. പരിചരണം

ശുശ്രൂഷ പരിചരണം തന്നെയാണ്. ഭാര്യയെ കേൾക്കാൻ കഴിയണം. അവരിൽ ശ്രദ്ധയുണ്ടാകണം. മനസ്സിലാക്കണം. സ്നേഹമുണ്ടാകണം. ആചാര്യസ്വാമികൾ സ്നേഹത്തിന്റെ നിർവചനം പറയുന്നത്; കാഴ്ച, സ്പർശം, ശ്രവണം, ഭാഷണം ഇവയിലൂടെ അന്തഃകരണത്തെ ദ്രവിപ്പിക്കുന്നത്, അതാണ് സ്നേഹം. ഇവ കൊണ്ട് ഒരാളിൽ നമുക്കു മാറ്റത്തെ സൃഷ്ടിക്കുവാൻ കഴിയണം. ഉദാഹരണമായി സ്ത്രീകളുടെ ആർത്തവകാലങ്ങളിൽ പല ശാരീരിക അസ്വസ്ഥതകളും അവരിൽ ഉണ്ടാകും, ഇതറിഞ്ഞുള്ള പരിചരണവും സഹായവും കൊടുക്കുവാൻ ഭർത്താവെന്ന പുരുഷനു സാധിക്കണം. ഭാര്യ ചെറിയ അസുഖം വന്നു കിടന്നാൽ വീട്ടിലെ കാര്യങ്ങൾ നോക്കുക. അവരെ പരിചരിക്കുക. ഇതൊക്കെയാണ് സ്നേഹം. ഒന്ന് അടുത്തിരിക്കുക, മക്കളുടെ കാര്യമൊക്കെ  ഓർത്ത് വിഷമിക്കണ്ട ഞാൻ നോക്കിക്കൊള്ളാം നീ വിശ്രമിക്കൂ എന്നു പറയുവാൻ പുരുഷനു കഴിയണം.

6. സ്നേഹം

സൌഹൃദേന ഒരു സുഹൃത്തിനെപ്പോലെ എല്ലാം തുറന്നു പറയുവാൻ കഴിയണം. അപ്പോൾ ഒരു സുഹൃത്തിനെപ്പോലെ ഭാര്യയും സംസാരിക്കും. സ്നേഹത്തിൽ ഭക്തിയുണ്ടാകണം. സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യണം. സ്നേഹത്തിൽ നിബന്ധനകൾ ഉണ്ടാകുവാൻ പാടില്ല. ഒന്നും പ്രതീക്ഷിച്ചുകൊണ്ട് സ്നേഹിക്കുവാൻ പാടില്ല എന്നു സാരം (Unconditional Love).

7. മധുര ഭാഷണം

പ്രിയമോടെ സംസാരിക്കണം. നല്ല ഭാഷയിൽ സംസാരിക്കണം. ഇത് പലപ്പോഴും ഭർത്താവ് മക്കളോട് ചോദിക്കുന്നത് "നിന്റെ തള്ള എവിടാ " ഇത്തരം ഭാഷണങ്ങൾ ഒഴിവാക്കുക. ചീത്ത വർത്തമാനം, അത്തരം വാക്കുകൾ ചേർത്ത് പറയാതിരിക്കുക.

ഈ ഏഴുമാണ് വിവാഹം കഴിക്കാൻ തുടങ്ങുന്ന പുരുഷന് ഉണ്ടായിരിക്കേണ്ടത്. ഈ ഏഴിൽ ഒന്നു കുറഞ്ഞാൽ ജീവിതം നരകമായിരിക്കും. ഇതുണ്ടെങ്കിൽ ഇവൻ വിവാഹത്തിന് യോഗ്യനാണ്. ഈ പൊരുത്തം പുരുഷനു സ്ത്രീയിലുണ്ടായാൽ ഏതു തെരുവിലും ഇവർക്കു ജീവിക്കാം. ഇല്ലെങ്കിൽ ഉണ്ടാക്കിയെടുക്കണം. എന്റെ മകന് ഇപ്പറഞ്ഞ പൊരുത്തമുണ്ടോ എന്ന് അച്ഛനമ്മമാർ നോക്കണം. ഈ പറഞ്ഞ പുരുഷൻ ഒന്നു വീണാൽ, ഒന്നു പിടിക്കാൻ, കുറച്ച് വെള്ളമെടുത്തു തരാൻ ഭാര്യയെന്ന ഈ സ്ത്രീ മാത്രമേ കാണു എന്നുള്ള ബോധം പുരുഷനുണ്ടാകണം. അതുകൊണ്ട് ജാതകപ്പൊരുത്തമല്ല പ്രധാനം, ഇതാണ് ഭാരതീയ ധർമ്മശാസ്ത്രം അനുശാസിക്കുന്ന പൊരുത്തം. ഇത് ഒരാളുടെയും ജാതകത്തിൽ കാണില്ല. ഇത് വ്യാസൻ നമുക്ക് കാട്ടിത്തരുകയാണ്. ധർമ്മശാസ്ത്രത്തെ മാനിക്കുന്നുവെങ്കിൽ ഇതായിരിക്കട്ടെ ദാമ്പത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ.

ഭാര്യ ഉപേക്ഷിക്കേണ്ട ഏഴു ഗുണങ്ങൾ + ഭാര്യയിൽ ഉണ്ടായിരിക്കേണ്ടാത്ത ഏഴ് ഗുണങ്ങൾ 

ശ്ലോകം

"വിസൃജ്യ കാമം ദംഭം ച ദ്വേഷം ലോഭമഘം മദം I
അപ്രമത്തോദ്യതാ നിത്യം തേജീയം സമതോഷയത് II"

1. കാമം

ആഗ്രഹങ്ങളെ ഉപേക്ഷിക്കുക, എങ്കിൽ ദുഃഖമുണ്ടാകില്ല. ഒരിക്കൽ ഒരു സ്ത്രീ ബുദ്ധനെ കാണുവാൻ ചെന്നു. സന്തോഷമുണ്ടാകാൻ എന്താണ് മാർഗ്ഗം എന്നു ചോദിച്ചു. ബുദ്ധൻ പറഞ്ഞു  ഞാൻ, കാമം ഇവ രണ്ടും ഉപേക്ഷിക്കുക. ഇവിടെ കാമമെന്നാൽ ആഗ്രഹം. ആഗ്രഹം സാധിക്കാതെ വരുമ്പോഴാണ് ദേഷ്യമുണ്ടാക്കുന്നത്, ഇത് അവസാനം ദുഃഖത്തിൽ ചെന്നെത്തും. കാമത്തെ ഉപേക്ഷിക്കുക. ഉള്ളതിൽ സംതൃപിയുണ്ടാവണം. കിട്ടയതിൽ സന്തോഷിക്കുകയും നന്ദി പറയുകയും ചെയ്യുക. കൃതജ്ഞത ഉള്ളവരായി ജീവിക്കുക.

2. ലോഭം

തനിക്ക് ആവശ്യമില്ലെങ്കിൽ കൂടി മറ്റുള്ളവർക്ക് കൊടുക്കില്ല. കൊടുക്കാനുള്ള ഒരു മനസ്സ് ഉണ്ടാകണം. കൊടുക്കാൻ സാധിക്കണം. ലോഭം ഉപേക്ഷിക്കുക. ചില സ്ത്രീകൾ, പഴയ സാരിയാണ് ഇനി അത് ഉടുക്കില്ല എങ്കിലും മറ്റൊരാൾ വന്ന് ചോദിച്ചാൽ കൊടുക്കില്ല. അതുകൊണ്ട് ലോഭം ഒഴിവാക്കണം.

3. കാപട്യം

കാപട്യം ഉപേക്ഷിക്കുക. ഇല്ലാത്തതിനെ ഉണ്ടെന്ന് കാണിക്കാതിരിക്കുക. മറ്റുള്ളവരുടെ മുൻപിലും വീട്ടിലും കാപട്യത്തെ ഉപേക്ഷിക്കുക.

4. വെറുപ്പ്

ദ്വേഷം - വെറുപ്പ് വെച്ചു കൊണ്ടിരിക്കാതിരിക്കുക. വെറുപ്പ് ഉപേക്ഷിക്കുക.

5. പാപം

അഘം - പാപം ചെയ്യാതിരിക്കുക. പല തരത്തിലുള്ള കൊല്ലൽ ഒഴിവാക്കുക.

6. അഹംഭാവം

മദം - അഹംഭാവം ഉണ്ടാകരുത്. വീടുകൊണ്ട്, വീട്ടിലെ സൗകര്യങ്ങൾ, മക്കളുടെ ജോലി, ഭർത്താവിന്റെ ജോലി ഇതൊക്കെ കൊണ്ട് അഹംഭാവമുണ്ടാകരുത്.

7. മറവി

മറവി ഉണ്ടാകാതിരിക്കണം, അത് ഭർത്താവിന്റെ കാര്യത്തിലും കുടുംബത്തിന്റെ കാര്യത്തിലും. നമ്മുടെ പിറന്നാളിന് എന്നെ വിളിച്ച് ആരും ആശംസിച്ചില്ല എന്നു പറയാതിരിക്കുക. പിറന്നാളിന് സ്വന്തം അമ്മയെ വിളിച്ച് ആശംസിക്കുക, ഇന്ന് അമ്മ അമ്മയായ ദിവസമാണ്. അച്ഛാ ഇന്ന്  അച്ഛൻ അച്ഛനായ ദിവസമാണ്. മറവി ഉണ്ടാവരുത്.

ഇങ്ങനെ എന്നും സന്തോഷിപ്പിക്കുന്നവളായിട്ട് അതിതേജ്വസിനിയായി ഭർത്താവിനെ സന്തോഷിപ്പിച്ച് ജീവിച്ചു. ഇതായിരുന്നു കർദ്ദമദേവഹൂതി വിവാഹപൊരുത്തം. ഇതായിരിക്കട്ടെ നമ്മുടെ ദാമ്പത്യത്തിന്റെയും അടിസ്ഥാന പ്രമാണങ്ങൾ.

സ്ത്രീശരീരത്തിന്റെ ആകൃതിയും പ്രകൃതിയും സ്വഭാവവും

യുഗ്മേഷു ലഗ്ന ശശിനോഃ പ്രകൃതിസ്ഥിതാസ്ത്രീ
സച്ഛീല ഭൂഷണയുതാ ശുഭദൃഷ്ടയോശ്ച
ഓജസ്‌ഥയോ സ്തുപുരുഷാകൃതി ശീലയുക്താ
പാപാചപാപയുത വീക്ഷിതയോർഗുണോന

സാരം :-

സ്ത്രീജാതകത്തിൽ ജന്മലഗ്നം യുഗ്മരാശിയായി വരികയും ചന്ദ്രൻ യുഗ്മരാശിയിൽ നില്ക്കുകയും ചെയ്‌താൽ ആ സ്ത്രീ സ്ത്രീസഹജമായ ദേഹപ്രകൃതിയോടുകൂടിയവളാകും.

ജന്മലഗ്നം ഓജരാശിയായി വരികയും ചന്ദ്രൻ ഓജരാശിയിൽ നില്ക്കുകയും ചെയ്‌താൽ ആ സ്ത്രീ പുരുഷസഹജമായ ദേഹപ്രകൃതിയോടുകൂടിയവളാകും.

ജന്മലഗ്നത്തിനും ചന്ദ്രനും ശുഭഗ്രഹയോഗദൃഷ്ടികളുണ്ടായാൽ മൃദുഭാഷിണിയും; സൽസ്വഭാവംകൊണ്ട് ചന്തംപൂണ്ടവളും ആഭരണാദ്യലംകാരയോഗ്യമുള്ളവളും ദിക്ദേശകാലജ്ഞാനമുള്ളവളും ആയിത്തീരും.

സ്ത്രീജാതകത്തിൽ എട്ടാം ഭാവംകൊണ്ട് വൈധവ്യം വിചാരിക്കണം

വൈധവ്യം നിധനേന ലഗ്ന ഭവനാൽ
തേജോയശഃ സമ്പദഃ
പുത്രംപഞ്ചമഭാവതഃ പതിസുഖം
കാമേന കേചിൽ വിദുഃ.
പ്രവ്രജ്യാമപിയോഷിതാമതി സുഖം
ധർമ്മോപയാതഗ്രഹൈഃ
ശേഷം ഭാവയോഗ ജന്യമഖിലം
നാരീനരാണാം സമം.

സാരം :-

സ്ത്രീജാതകത്തിൽ എട്ടാം ഭാവംകൊണ്ട് വൈധവ്യം വിചാരിക്കണം. ലഗ്നഭവനത്തിൽ നിന്ന് സ്ത്രീയുടെ ശരീരകാന്തിയെയും യശസ്സിനെയും ഐശ്വര്യത്തേയും അഞ്ചാം ഭാവംകൊണ്ട് സന്താനത്തെയും ഏഴാം ഭാവംകൊണ്ട് ഭർത്തൃ സുഖത്തെയും ചിന്തിക്കണമെന്ന് ചില പണ്ഡിതന്മാർ പറയുന്നുണ്ട്. ഒമ്പതാം ഭാവംകൊണ്ട് അനുഭവിക്കാനിടവരുന്ന പ്രവ്രജ്യയും (സന്യാസിയോഗം) സുഖാദിരേഖവും വിചിന്തിക്കണം. പറയപ്പെടാത്ത ഭാവങ്ങളെക്കൊണ്ട് സംഭവിക്കാനിടയിലുള്ള അഖിലഫലങ്ങളും സ്ത്രീക്കും പുരുഷനും ഒരുപോലെ അനുഭവയോഗ്യമായിരിക്കും. ഇത് യാതൊരേറ്റക്കുറവും കൂടാതെ ഇരുപേരും അനുഭവിക്കും.

ഭഗവതിയുടെ വാളിന്റെ തത്വം

ഭഗവതിയുടെ കൈവശമുള്ള മറ്റൊരു ആയുധമാണ് വാൾ. പലക്ഷേത്രങ്ങളിലും വാൾ കാണാൻ സാധിക്കും. വാൾ എഴുന്നെള്ളിക്കുന്ന പതിവും ക്ഷേത്രങ്ങളിലുണ്ട്. എന്താണ് വാസ്തവത്തിൽ ഈ വാൾ. സാധാരണ ഗതിയിൽ ഇന്ന് പലർക്കുമില്ലാത്ത ഒന്നാണ് ആത്മധൈര്യം. ആതമവിശ്വാസമില്ല എന്നതിനർത്ഥം ജീവിത യാഥാർത്ഥ്യങ്ങളെ നേരിടാനുള്ള ഭയം അവർക്കുണ്ട് എന്നതാണ്. ജീവിതത്തെക്കുറിച്ചു അവർക്കൊരു ഭയവും ഉത്കണ്ഠയും ഉണ്ട് എന്ന് സാരം. ഈ ഭയത്തെ ആത്മവിശ്വാസമില്ലായമ എന്ന അറിവില്ലായ്മയെ നശിപ്പിക്കുന്നതിന്റെയും ജീവിതപാതയിൽ നേരിടുന്ന വെല്ലുവിളികളെ ഇല്ലാതാക്കുന്നതിന്റെയും പ്രതീകമാണ് വാൾ. ഈ ആയുധം കൈയ്യിലുള്ള ദേവതയെ ഉപാസിക്കുന്നയാൾക്ക് ഒരിക്കലും ഭയമുണ്ടാകുന്നില്ല.

മറ്റൊന്ന് തോൽപരിചയാണ്‌. ദൈനംദിനം നേരിടുന്ന നിരവധി പ്രശ്നങ്ങൾക്കുമുന്പിൽ തകർന്നുവീഴാനുള്ളതല്ല ജീവിതം. അവയെ പ്രതിരോധിക്കാനുള്ള ശേഷി നമുക്ക് ആവശ്യമാണ്. ആ പ്രതിരോധത്തിനുള്ള ആയുധമാണ് തോൽപരിച. പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിന് തോൽപരിചയും അവയെ ഇല്ലാതാക്കുന്നതിന് വാളും ഉപയോഗിക്കുന്നു.

അതായത് ചുരുക്കി പറഞ്ഞാൽ കേരളയീരുടെ ജീവിത വിജയത്തിന്റെ പ്രതീകമാണ് ഈ ദേവതയുടെ ആയുധങ്ങൾ. ഇച്ഛാശക്തിയും ജ്ഞാനശക്തിയും ക്രീയാശക്തിയും പ്രധാനം ചെയ്യുന്ന ത്രിശൂലം, വിജ്ഞാനത്തെ പകർന്നു നൽകുന്ന കപാലം, ജ്ഞാനത്തിന്റെ പ്രതീകമായ സോമം, നേരിടുന്ന പ്രതിസന്ധികളെ മുഴുവൻ തടഞ്ഞു നിർത്താനാകുന്ന പരിച, അവയെ ഇല്ലാതാക്കാനാകുന്ന വാൾ ഇതാണ് കേരളത്തിന്റെ കുലദേവതയായ ഭദ്രകാളിയുടെ ആയുധങ്ങൾ. കുലദേവത എന്നത് കൗളവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. കൗള സമ്പ്രദായത്തെ ആചരിക്കുന്നവർ കുലത്തിലാണെന്നു പറയാം. ശിവനും ശക്തിയും അഭിന്നമായി നിൽക്കുന്ന അവസ്ഥയാണ് കൗളം. ഇങ്ങനെ ജീവിതത്തിൽ അവനവന്റെ ഉള്ളിലുള്ള നൈസർഗ്ഗികമായ വിചാരധാരകളെ ഉണർത്തി ജീവിത വിജയം നേടാനുള്ള ആഹ്വാനമാണ് കുലദൈവത്തെയുടേത്. ക്ഷേമരാജൻ ശിവസൂത്രങ്ങൾക്കെഴുതിയ വിമർശിനി എന്ന വ്യഖ്യാനത്തിൽ ഇക്കാര്യം സുവ്യക്തമായിതന്നെ പറഞ്ഞിട്ടുണ്ട്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.