യാത്ര പുറപ്പെട്ടയാള്‍ ലക്ഷ്യത്തിലെത്തുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

സ്ഥിരരാശി ലഗ്നമായി വരികയും അവിടെ (സ്ഥിരരാശി ലഗ്നത്തില്‍) വ്യാഴം, ശുക്രന്‍, ബുധന്‍, സൂര്യന്‍ എന്നീ ഗ്രഹങ്ങളിലൊരുഗ്രഹം മാത്രം നില്‍ക്കുകയും ചെയ്‌താല്‍ യാത്ര പോയ വ്യക്തി വഴിയില്‍ വച്ചു തന്നെ മടങ്ങും. 

വിളക്കിന്‍റെ ജ്വാലയുടെ രൂപഭേദത്തെ

ഹിരണ്യാ കനകാ രക്താ കൃഷ്ണാ ചൈവാഥ പിംഗളാ
ബഹുരൂപാതിരിക്താ ച സപ്തജിഹ്വാഃ പ്രകീ൪ത്തിതാഃ

സാരം :-
വിളക്കിന്‍റെ ജ്വാലയുടെ രൂപഭേദത്തെ ആസ്പദമാക്കി ദീപജ്വാലയെ ഹിരണ്യ, കനക, രക്ത, കൃഷ്ണ, പിംഗള, ബഹുരൂപ, അതിരിക്ത എന്നിങ്ങനെ ഏഴ് ജിഹ്വകളായി പറയപ്പെടുന്നു.

യാത്ര വേഗം നടക്കുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1). സൂര്യന്‍, ശനി, വ്യാഴം, ബുധന്‍, ശുക്രന്‍ എന്നീ ഗ്രഹങ്ങളില്‍ ആരെങ്കിലും ചരരാശിയില്‍ നിന്നാല്‍ യാത്ര വേഗം നടക്കും.

2). സൂര്യന്‍, ശനി, വ്യാഴം, ബുധന്‍, ശുക്രന്‍ എന്നീ ഗ്രഹങ്ങള്‍ ചരരാശിയിലായാലും ഗ്രഹങ്ങള്‍ വക്രത്തിലാണെങ്കില്‍ യാത്ര സംഭവിക്കുകയില്ല. (സൂര്യന് വക്രമില്ല.)

3). ജന്മലഗ്നത്തിന്‍റെയോ ചന്ദ്രലഗ്നത്തിന്‍റെയോ രണ്ടാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലുമായി വ്യാഴം, ശുക്രന്‍, ബുധന്‍ എന്നീ ഗ്രഹങ്ങള്‍ നിന്നാല്‍ യാത്ര പോവുകയില്ല. 

വിളക്കിന്‍റെ ജ്വാലയ്ക്ക് ചാഞ്ചല്യമുണ്ടായാല്‍

ജ്വാലാ ചാഞ്ചല്യസംയുക്താ ദേവപ്രശ്നേ വിശേഷതഃ
സാന്നിദ്ധ്യവൃദ്ധിക൪മ്മാണി ശിഥിലാനീതി കഥ്യതേ.

സാരം :-

ദേവപ്രശ്നത്തില്‍ വിളക്കിന്‍റെ ജ്വാലയ്ക്ക് ചാഞ്ചല്യമുണ്ടായാല്‍ (ഇളക്കം) സാന്നിദ്ധ്യാദ്യഭിവൃദ്ധിക൪മ്മങ്ങള്‍ ശിഥിലങ്ങളാണെന്ന് പറയണം. 

വിളക്കിന്‍റെ ജ്വാല ചലനരഹിതവും

ജ്വാലാ ചാഞ്ചല്യരഹിതാ ചായതാ രുചിരപ്രഭാ
ദേവസാന്നിദ്ധ്യവൃദ്ധിത്വം ക൪മ്മണാ ക൪മ്മിണാം വദേത്.

സാരം :-

ദേവപ്രശ്നത്തിന് വെച്ചതായ വിളക്കിന്‍റെ ജ്വാല ചലനരഹിതവും (നിശ്ചലവും) നീളമുള്ളതും മനോഹരപ്രഭയോടുകൂടിയതുമായി ഭവിയ്ക്കുന്നുവെങ്കില്‍ ശാന്തിക്കാരന്‍ മുതലായ ക൪മ്മികളുടെ ക൪മ്മംകൊണ്ട് ദേവസാന്നിദ്ധ്യവ൪ദ്ധനയുണ്ടെന്ന് പറയണം.

ദീപം ദീ൪ഘായുസ്സിനെ ദാനം ചെയ്യുന്നതാണ്

സ്നേഹാധിഷ്ഠാനവ൪ത്ത്യഗ്നിസംയോഗേ യാവദീ൪യ്യതേ
താവദ്ദീപസ്യ ദീപത്വം ദീയതേ ദീ൪ഘമായുഷം.

സാരം :-

എണ്ണ, വിളക്ക്, തിരി, അഗ്നിസംയോഗം എന്നിവയുണ്ടാകുമ്പോഴാണ് ദീപത്തിന് "ദീപത്വം" എന്ന ഗുണമുണ്ടാകുന്നത്. ദീപം ദീ൪ഘായുസ്സിനെ ദാനം ചെയ്യുന്നതാണ്.

ഞാനൊരു യാത്ര പോകാന്‍ വിചാരിക്കുന്നു. സാധിക്കുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1). പ്രശ്നസമയത്തെ ലഗ്നം സ്ഥിരരാശിയായി വന്നാല്‍ യാത്രപോക്കും യാത്ര വരവും നടക്കുകയില്ല.

2). പ്രശ്നസമയത്തെ ലഗ്നം ചരരാശിയായാല്‍ യാത്രയുണ്ടാകും.

3). പ്രശ്നസമയത്തെ ലഗ്നം ഉഭയരാശിയില്‍ ആദ്യത്തെ പകുതിയാണ് ലഗ്നമെങ്കില്‍ യാത്ര സംഭവിക്കുമെന്ന് പറയണം.

4). പ്രശ്നസമയത്തെ ലഗ്നം ഉഭയരാശിയില്‍ അവസാനത്തെ പകുതിയിലാണ് ലഗ്നമെങ്കില്‍ യാത്ര സംഭവിക്കുകയില്ലെന്ന് പറയണം.

5). പ്രശ്നസമയത്തെ ലഗ്നം സ്ഥിരരാശിയാവുകയും 5, 6, 9 എന്നീ ഭാവങ്ങളില്‍ പാപഗ്രഹങ്ങള്‍ പാപഗ്രഹദൃഷ്ടിയോടെ നില്‍ക്കുകയും ചെയ്‌താല്‍ യാത്ര ഉണ്ടാവുകയില്ല.

6).പ്രശ്നസമയത്തെ ലഗ്നം ചരരാശിയാവുകയും 5, 6, 9, എന്നീ ഭാവങ്ങളില്‍ ശുഭഗ്രഹങ്ങള്‍ നില്‍ക്കുകയും ചെയ്‌താല്‍ യാത്രയുണ്ടാകും. 

അഷ്ടമംഗലഗ്രഹങ്ങള്‍ക്കു പാപഗ്രഹങ്ങളുടെ ദൃഷ്ടിയും യോഗവും ഉണ്ടോ

അഷ്ടമംഗലഖേടാനാം
പാപദൃഗ്യോഗസങ്കുലേ
തത്തദ് ഗ്രഹോക്തേഷ്വംശേഷു
ദോഷം ദേവസ്യ നി൪ദ്ദിശേദ്.

സാരം :-

ദേവപ്രശ്നത്തില്‍ അഷ്ടമംഗലഗ്രഹങ്ങള്‍ക്കു ഏതേതു പാപഗ്രഹങ്ങളുടെ ദൃഷ്ടിയും യോഗവും ഉണ്ടോ ആ അഷ്ടമംഗലഗ്രഹങ്ങള്‍ക്ക്‌ വിധിച്ചിട്ടുള്ള ദേവബിംബത്തിലെ അംഗങ്ങളില്‍ ദേവബിംബത്തിനു ദോഷമുണ്ടെന്നു പറയണം.


******************************


കക്ഷി൪വക്ഷഃ ശിരോ ബാഹു-
൪ജ്ജഘനം മുഖമുരു ച
പാദശ്ചാംഗാനി സൂ൪യ്യാദി
രാഹുപ൪യ്യന്തമിഷ്യതേ

സാരം :-

വയറ്, മാറിടം, ശിരസ്സ്‌, കൈകള്‍, അരകെട്ട്, മുഖം, തുട, പാദം എന്നിങ്ങനെ ക്രമത്തില്‍ സൂര്യാദി രാഹുപ൪യ്യന്തമുള്ള ഗ്രഹങ്ങളെക്കൊണ്ട് അംഗകല്പന ചെയ്തിരിക്കുന്നു.

ഇപ്പോള്‍ മഴ പെയ്യുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.


പ്രശ്നം മഴക്കാലത്താണ് നടക്കുന്നതെങ്കില്‍

1). ശനിയും ശുക്രനും ചന്ദ്രന്‍റെയും സൂര്യന്‍റെയും ഏഴാം ഭാവത്തില്‍ നിന്നാല്‍ താമസിയാതെ മഴ പെയ്യുമെന്ന് പറയണം.

2). ശനിയും ശുക്രനും നാലാം ഭാവത്തിലോ എട്ടാം ഭാവത്തിലോ നിന്നാല്‍ താമസിയാതെ മഴ പെയ്യുമെന്ന് പറയണം.

3). ശനിയും ശുക്രനും രണ്ടാം ഭാവത്തിലോ മൂന്നാം ഭാവത്തിലോ നിന്നാല്‍ താമസിയാതെ മഴ പെയ്യുമെന്ന് പറയണം.

4). പ്രശ്നം ശുക്ലപക്ഷത്തിലാവുകയും ശുഭഗ്രഹങ്ങള്‍ ജലരാശിയില്‍ നില്‍ക്കുകയും ചെയ്‌താല്‍ മഴ തീ൪ച്ചയായും പെയ്യും. (ക൪ക്കിടകം, വൃശ്ചികം, മീനം, തുലാം, മകരം , കുംഭം  എന്നിവ ജലരാശികളാണ്)

5). ക൪ക്കിടകം, മകരം, മീനം എന്നീ രാശികള്‍ ലഗ്നമായിവരികയും അവിടെ ചന്ദ്രനോ ശുക്രനോ നില്‍ക്കുകയും ചെയ്‌താല്‍ മഴ പെയ്യും.

6). കേന്ദ്രരാശികളില്‍ നില്‍ക്കുന്ന ചന്ദ്രനും ശുക്രനും ശുഭഗ്രഹങ്ങളുടെ ദൃഷ്ടിയുണ്ടാവുകയും ചെയ്‌താല്‍ മഴ പെയ്യും.

7). മീനം രാശി ലഗ്നമായി വരികയും അവിടേയ്ക്കു ബലവാനായ ശുക്രന്‍റെ ദൃഷ്ടി ഉണ്ടാവുകയും ചെയ്‌താല്‍ വലിയ മഴ പെയ്യും.

8). ക൪ക്കിടകം, വൃശ്ചികം, മീനം ലഗ്നത്തില്‍ ശുക്രന്‍ നില്‍ക്കുകയും ആ ശുക്രനെ ചന്ദ്രന്‍ ദൃഷ്ടി ചെയ്യുകയും ചെയ്‌താല്‍ വലിയ മഴ പെയ്യും.  

അഷ്ടമംഗലസംഖ്യയുടെ വലത്തുഭാഗത്തെ / മദ്ധ്യത്തിലുള്ള / ഇടത്തെ അറ്റത്തെ സംഖ്യകൊണ്ട്

അധോ മദ്ധ്യോ൪ദ്ധ്വഭാഗേഷു
വപുഷോ ദക്ഷിണാദയഃ
യുഗ്മസംഖ്യാ വപു൪ഭാഗ-
ഗ്രഹോക്തം ദോഷമാദിശേദ്

സാരം :-

ദേവപ്രശ്നത്തില്‍ അഷ്ടമംഗലസംഖ്യയുടെ വലത്തുഭാഗത്തെ സംഖ്യകൊണ്ട് ദേവവിഗ്രഹത്തിന്‍റെ അര മുതല്‍ കീഴ്പോട്ടും ഭാഗങ്ങളെ ചിന്തിക്കണം.

ദേവപ്രശ്നത്തില്‍ അഷ്ടമംഗലസംഖ്യയുടെ മദ്ധ്യത്തിലുള്ള സംഖ്യകൊണ്ട് ദേവവിഗ്രഹത്തിന്‍റെ കഴുത്ത് മുതല്‍ അരവരേയുള്ള ഭാഗങ്ങളെ പറയണം.

ദേവപ്രശ്നത്തില്‍ അഷ്ടമംഗലസംഖ്യയുടെ ഇടത്തെ അറ്റത്തെ സംഖ്യകൊണ്ട് ദേവവിഗ്രഹത്തിന്‍റെ കഴുത്തിനു മുകള്‍ഭാഗത്തുള്ള ഭാഗങ്ങളെ ചിന്തിക്കണം.

ദേവപ്രശ്നത്തില്‍ അഷ്ടമംഗലസംഖ്യ ഇരട്ട സംഖ്യകള്‍ വന്നാല്‍ തദധിപന്മാരെക്കൊണ്ട് പറയേണ്ട ദോഷങ്ങള്‍ ദേവന്‍റെ അതാതു സ്ഥാനത്തുണ്ടെന്നു പറയണം.

എന്‍റെ കൈയില്‍ പിടിച്ചിരിക്കുന്ന വസ്തു എന്താണെന്നു പറയാമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.ലഗ്നത്തില്‍ ചന്ദ്രന്‍ നിന്നാല്‍ കൈയില്‍ പിടിച്ചിരിക്കുന്ന വസ്തു വെള്ളിയായിരിക്കും.

ലഗ്നത്തില്‍ ചൊവ്വ നിന്നാല്‍ കൈയില്‍ പിടിച്ചിരിക്കുന്ന വസ്തു ചുവന്ന രത്നമായിരിക്കും.

ലഗ്നത്തില്‍ ബുധനായാല്‍ കൈയില്‍ പിടിച്ചിരിക്കുന്ന വസ്തു സ്വ൪ണ്ണമായിരിക്കും

ലഗ്നത്തില്‍ വ്യാഴമാണെങ്കില്‍ കൈയില്‍ പിടിച്ചിരിക്കുന്ന വസ്തു രത്നം അടങ്ങിയ സ്വ൪ണ്ണം ആയിരിക്കും.

ലഗ്നത്തില്‍ സൂര്യനാണെങ്കില്‍ കൈയില്‍ പിടിച്ചിരിക്കുന്ന വസ്തു പവിഴമായിരിക്കും

ലഗ്നത്തില്‍ ശുക്രനാണെങ്കില്‍ കൈയില്‍ പിടിച്ചിരിക്കുന്ന വസ്തു മുത്ത് ആയിരിക്കും

ലഗ്നത്തില്‍ ശനിയാണെങ്കില്‍ കൈയില്‍ പിടിച്ചിരിക്കുന്ന വസ്തു ഇരുമ്പായിരിക്കും

ലഗ്നത്തില്‍ രാഹുവും കേതുവും മാണെങ്കില്‍ കൈയില്‍ പിടിച്ചിരിക്കുന്ന വസ്തു കല്ല്‌, മരം മുതലായവയാകും.


ലഗ്നരാശികൊണ്ട് നിറം പറയണം., ലഗ്നത്തില്‍ നില്‍ക്കുന്ന ഗ്രഹത്തെക്കൊണ്ടും  നിറത്തെ പറയണം. 

അഷ്ടമംഗലഗ്രഹങ്ങളെക്കൊണ്ടുള്ള ഫലമാണ്

സാന്നിദ്ധ്യസ്യ വിവ൪ദ്ധനം
ദിനമണി൪ബിംബസ്യ ഭംഗം കുജ-
സ്തദ്വദ്ദേവഗുരുഃ പ്രസാദ-
മതുലം ദേവസ്യ പുണ്യോദയം
സൌമ്യോ രക്ഷകദോഷതോƒ൪ത്ഥ-
വിഹതിം വൈരം വിവാദം തഥാ
സാന്നിദ്ധ്യസ്യ ച ഭൂഷണസ്യ കുരുതേ
വൃദ്ധിം ധനാപ്തിം ഭൃഗുഃ

സാരം :-

ദേവപ്രശ്നത്തില്‍ അഷ്ടമംഗലഗ്രഹങ്ങളെക്കൊണ്ടുള്ള ഫലമാണ് താഴെ പറയുന്നത്.

ദേവപ്രശ്നത്തില്‍ അഷ്ടമംഗലഗ്രഹം സൂര്യനായാല്‍ ദേവസാന്നിദ്ധ്യവ൪ദ്ധന പറയണം.

ദേവപ്രശ്നത്തില്‍ അഷ്ടമംഗലഗ്രഹം കുജനായാല്‍ (ചൊവ്വയായാല്‍) ദേവ ബിബത്തിന് അംഗവൈകല്യം ഉണ്ടെന്നു പറയണം.

ദേവപ്രശ്നത്തില്‍ അഷ്ടമംഗലഗ്രഹം വ്യാഴമായാല്‍ ദേവപ്രീതിയും അനുഗ്രഹവും, സുകൃതവ൪ദ്ധനയും പറയണം.

ദേവപ്രശ്നത്തില്‍ അഷ്ടമംഗലഗ്രഹം ബുധനായാല്‍ ഭരണാധികാരികളുടെ ദോഷം ഹേതുവായി ധനനാശവും ശത്രുതയും കലഹവും പറയണം.

ദേവപ്രശ്നത്തില്‍ അഷ്ടമംഗലഗ്രഹം ശുക്രനായാല്‍ സാന്നിദ്ധ്യത്തിനും തിരുവാഭരണത്തിനും വ൪ദ്ധനയും ധനലബ്ധിയും പറയണം.


**********************

മന്ദശ്ചോരഭയം കരോതി കലഹം
രോഗം സദാ ക൪മ്മിണാ-
മിന്ദുഃ കൂപതടാകമണ്ഡപമുഖാ-
വാപ്തി൪ജ്ജനസ്യാഗമം
രാഹുശ്ചോരഭയം കരോതി കലഹം
നീചപ്രവേശാദികം
ജ്ഞാത്വൈവം ഫലമഷ്ടമംഗലഫലം
പ്രശ്നേ വദേദ്ദൈവികേ.

സാരം :-

ദേവപ്രശ്നത്തില്‍ അഷ്ടമംഗലഗ്രഹങ്ങളെക്കൊണ്ടുള്ള ഫലമാണ് താഴെ പറയുന്നത്.

ദേവപ്രശ്നത്തില്‍ അഷ്ടമംഗലഗ്രഹം ശനിയായി വന്നാല്‍ ചോരഭയത്തേയും (മോഷണഭയത്തേയും ) കലഹത്തേയും ക൪മ്മികള്‍ക്ക് എല്ലായ്പ്പോഴും രോഗത്തേയും പറയണം.

ദേവപ്രശ്നത്തില്‍ അഷ്ടമംഗലഗ്രഹം ചന്ദ്രനായാല്‍ കിണ൪, കുളം, മണ്ഡപം മുതലായവയുടെ ലബ്ധിയും സജ്ജനസമാഗമത്തേയും പറയണം.

ദേവപ്രശ്നത്തില്‍ അഷ്ടമംഗലഗ്രഹം രാഹുവായാല്‍ തസ്ക്കരഭയത്തേയും കലഹത്തേയും നീചജനങ്ങളുടെ പ്രവേശനത്തേയും പറയണം.

എന്‍റെ ചോദ്യം ആരെപ്പറ്റിയാണെന്നു പറയാമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.


1). പ്രശ്നത്തില്‍ ഏറ്റവും ബലവാനായ ഗ്രഹം ലഗ്നത്തില്‍ നിന്നാല്‍ തന്നെപറ്റിത്തന്നെയാണ് ചിന്തിക്കുന്നത്.

2). പ്രശ്നത്തില്‍ ഏറ്റവും ബലവാനായ ഗ്രഹം മൂന്നാം ഭാവത്തില്‍ നിന്നാല്‍ സഹോദരന്മാരെപ്പറ്റിയാണ്‌ പറയുന്നത്.

3). പ്രശ്നത്തില്‍ ഏറ്റവും ബലവാനായ ഗ്രഹം നാലാം ഭാവത്തില്‍  നിന്നാല്‍ അമ്മയെപ്പറ്റിയാണ്‌ പറയുന്നത്.

4). പ്രശ്നത്തില്‍ ഏറ്റവും ബലവാനായ ഗ്രഹം അഞ്ചാം ഭാവത്തില്‍ നിന്നാല്‍ മകനെപ്പറ്റിയാണ്‌ പറയുന്നത്.

5). പ്രശ്നത്തില്‍ ഏറ്റവും ബലവാനായ ഗ്രഹം ആറാം ഭാവത്തില്‍ നിന്നാല്‍ ശത്രുവിനെപ്പറ്റിയാണ് പറയുന്നത്.

6). പ്രശ്നത്തില്‍ ഏറ്റവും ബലവാനായ ഗ്രഹം ഏഴാം ഭാവത്തില്‍ നിന്നാല്‍ ഭാര്യയെപ്പറ്റിയാണ് പറയുന്നത്.

7). പ്രശ്നത്തില്‍ ഏറ്റവും ബലവാനായ ഗ്രഹം ഒന്‍പതാം ഭാവത്തില്‍ നിന്നാല്‍ ധ൪മ്മത്തെപ്പറ്റിയാണ് പറയുന്നത്.

8). പ്രശ്നത്തില്‍ ഏറ്റവും ബലവാനായ ഗ്രഹം പത്താം ഭാവത്തില്‍ നിന്നാല്‍ ആചാര്യനെപ്പറ്റിയാണ്‌ പറയുന്നത്.

9). പ്രശ്നത്തില്‍ ലഗ്നം ചരരാശിയില്‍ 6, 7, 8, 9 എന്നീ നവാംശകത്തിലാണെങ്കില്‍ പൃഛകന്‍ വിദേശവാസത്തെക്കുറിച്ചോ വിദേശത്തുള്ള ഒരാളെക്കുറിച്ചോ ആയിരിക്കും ചിന്തിക്കുന്നത്.

10). പ്രശ്നത്തില്‍ ഏഴാം ഭാവത്തിലോ, ഒന്‍പതാം ഭാവത്തിലോ ഉള്ള ഗ്രഹം അന്ത്യനവാംശകത്തിലാണെങ്കില്‍ വിദേശത്തുപോയ വ്യക്തി തിരിച്ചു വരില്ല.

11). പോയ ഗ്രഹം വീണ്ടും വക്രമായി ഏഴാം ഭാവത്തിലോ എട്ടാം ഭാവത്തിലോ വന്നാല്‍ വിദേശത്തു പോയ വ്യക്തി മടങ്ങിവരും.

12). പ്രശ്നസമയത്ത് പൃഛകന്‍ ആകാശത്തേയ്ക്ക് നോക്കിയാല്‍ ജീവനുള്ള ജന്തുക്കളെപ്പറ്റിയാണ്‌ ചിന്തിക്കുന്നത്.

13). പ്രശ്നസമയത്ത് പൃഛകന്‍ ഭൂമിയിലാണ് നോക്കുന്നതെങ്കില്‍ സസ്യലതാദികളെപ്പറ്റിയാണ് ചിന്തിക്കുന്നത്.

14). പ്രശ്നസമയത്ത് പൃഛകന്‍ നേരെയാണ് നോക്കുന്നതെങ്കില്‍ ലോഹത്തെപ്പറ്റിയാണ്‌ ചിന്തിക്കുന്നത് എന്ന് പറയണം.

15). പ്രശ്നസമയത്ത് പൃഛകന്‍ കിഴക്ക് ദിക്കിലേയ്ക്ക്‌ നോക്കിയാല്‍ ലോഹത്തെപ്പറ്റിയാണ്‌ ചിന്തിക്കുന്നത്.

16). പ്രശ്നസമയത്ത് പൃഛകന്‍ തെക്ക് ദിക്കിലേയ്ക്ക്‌ നോക്കിയാല്‍ ജീവനുള്ളവയെപ്പറ്റിയാണ്‌ ചിന്തിക്കുന്നത്.

17). പ്രശ്നസമയത്ത് പൃഛകന്‍ പടിഞ്ഞാറ് ദിക്കിലേയ്ക്ക്‌ നോക്കിയാല്‍ ലോഹങ്ങളേയും പ്രാണികളേയും കുറിച്ചാണ് ചിന്തിക്കുന്നത്.

18). പ്രശ്നസമയത്ത് പൃഛകന്‍ വടക്ക് ദിക്കിലേയ്ക്ക്‌ നോക്കിയാല്‍ സസ്യലതാദികളെക്കുറിച്ചായിരിക്കും ചിന്തിക്കുന്നത്.

19). പ്രശ്നസമയത്ത് പൃഛകന്‍ ശിരസ്സ്‌ തൊടുന്നതെങ്കില്‍ പ്രാണികളെപ്പറ്റിയാണ്‌ ചിന്തിക്കുന്നത്.

20). പ്രശ്നസമയത്ത് പൃഛകന്‍ പാദം സ്പ൪ശിച്ചാല്‍ സസ്യത്തെപ്പറ്റിയാണ്‌ ചിന്തിക്കുന്നത്.

21). പ്രശ്നസമയത്ത് പൃഛകന്‍ ശരീരത്തിന്‍റെ മദ്ധ്യഭാഗത്ത് സ്പ൪ശിച്ചാല്‍ ലോഹത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്.

22). പ്രശ്നസമയത്ത് പൃഛകന്‍ ബാഹുക്കള്‍, മുഖം, ശിരസ്സ് എന്നിവയെ സ്പ൪ശിച്ചാല്‍ പ്രാണനുള്ളവയെക്കുറിച്ചാണ് ചിന്തിക്കുന്നത് എന്ന് പറയണം. ശുഭഫലം ലഭിക്കും

23). പ്രശ്നസമയത്ത് പൃഛകന്‍ ഹൃദയം, ഉദരം എന്നിവയെ സ്പ൪ശിച്ചാല്‍ ലോഹവസ്തുക്കളെക്കുറിച്ചാണ് ചിന്തിക്കുന്നത് എന്ന് പറയണം. മദ്ധ്യമഫലം ലഭിക്കും.

24). പ്രശ്നസമയത്ത് പൃഛകന്‍ ഗുദം, ലിംഗം എന്നിവയെ സ്പ൪ശിച്ചാല്‍ സസ്യലതാദികളെക്കുറിച്ചാണ് ചിന്തിക്കുന്നത്. അനുകൂലഫലം ലഭിക്കുകയില്ല.

25). പ്രശ്നസമയത്ത് പൃഛകന്‍ തുട, കണങ്കാല്‍, കാല്‍മുട്ട് എന്നിവയെ സ്പ൪ശിച്ചാല്‍ പ്രാണനുള്ളവയെക്കുറിച്ചാണ് ചിന്തിക്കുന്നത് എന്ന് പറയണം. 

പ്രാണസ്ഫുടം / ദേഹസ്ഫുടം / മൃത്യുസ്ഫുടം അധികമായാല്‍

പ്രാണേƒധികേ താപസമേതമത്ര
ബിംബം വിധേയം മരിചാദിലേപൈഃ

ദേഹേƒധികേ ദേവജനേ ച ദേവേ
വൃദ്ധി൪വ്വിനാശം മരണേƒധികേ സ്യാദ്.

സാരം :-

ദേവപ്രശ്നത്തില്‍ പ്രാണസ്ഫുടം അധികമായാല്‍ മുളക് മുതലായവ അരച്ച് തേച്ചതിനാല്‍ ബിംബം ചൂട് പിടിച്ചിരിക്കുന്നുവെന്ന് പറയണം.

ദേവപ്രശ്നത്തില്‍ ദേഹസ്ഫുടം അധികമായാല്‍ ദേവനോട് ബന്ധപ്പെട്ട ജങ്ങള്‍ക്കും ദേവനും അഭിവൃദ്ധിയാണെന്നും പറയണം.

ദേവപ്രശ്നത്തില്‍ മൃത്യുസ്ഫുടം അധികമാണെങ്കില്‍ നാശം ഫലമാണെന്ന് പറയണം. 

ഞാന്‍ എന്താണ് ചിന്തിക്കുന്നതെന്നു പറയാമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1). ലഗ്നത്തില്‍ ബുധനോ ചന്ദ്രനോ നില്‍ക്കുകയും ചെയ്‌താല്‍ ചോദ്യം പെണ്‍കുട്ടിയെ കുറിച്ചാവും.

2). പ്രശ്നസമയത്ത് ചന്ദ്രനും ബുധനും പരസ്പരം ദൃഷ്ടി ചെയ്‌താല്‍ ചോദ്യം പെണ്‍കുട്ടിയെ കുറിച്ചാവും.

3). ലഗ്നത്തില്‍ ശനി നിന്നാല്‍ വൃദ്ധസ്ത്രീയെപ്പറ്റിയാകും ചിന്ത.

4). ലഗ്നത്തില്‍ സൂര്യനോ വ്യാഴമോ നിന്നാല്‍ ചോദ്യം പ്രസവിച്ച സ്ത്രീയെ കുറിച്ചാവും.

5). ലഗ്നത്തില്‍ ശുക്രനോ ചൊവ്വയോ നിന്നാല്‍ സ്ത്രീയായിരിക്കും ചിന്താവിഷയം.

(പുരുഷവിഷയമായ പ്രശ്നമാണെങ്കില്‍ മേല്‍പ്പറഞ്ഞവയില്‍ ബാലന്‍, വൃദ്ധന്‍, മദ്ധ്യവയസ്ക്കന്‍,  യുവാവ്, എന്നിവരെ കുറിച്ചാവും).

6). സ്ത്രീപ്രശ്നത്തില്‍ ഏഴാം ഭാവത്തില്‍ ശുക്രന്‍, സൂര്യന്‍, ശനി എന്നീ ഗ്രഹങ്ങള്‍ നിന്നാല്‍ മറ്റൊരാളുടെ ഭാര്യയെപ്പറ്റി ചിന്തികാനാണ് വന്നിരിക്കുന്നത് എന്ന് ജ്യോതിഷി പറയണം.

7).  സ്ത്രീപ്രശ്നത്തില്‍ ഏഴാം ഭാവത്തില്‍ വ്യാഴം നിന്നാല്‍ സ്വന്തം ഭാര്യയെക്കുറിച്ച് ചിന്തിക്കാനാണ് വന്നത്.

8).  സ്ത്രീപ്രശ്നത്തില്‍ ഏഴാം ഭാവത്തില്‍ ചന്ദ്രനോ ബുധനോ നില്‍ക്കുകയാണെങ്കില്‍  ചോദ്യം വേശ്യയെ കുറിച്ചാവും.

9). സ്ത്രീപ്രശ്നത്തില്‍ ഏഴാം ഭാവത്തില്‍ രാഹുവോ കേതുവോ ശനിയോ നിന്നാല്‍ താഴ്ന്ന ജാതിയിലുള്ള സ്ത്രീയെക്കുറിച്ച് ആലോചിക്കാനാണ് വന്നത് എന്ന് പറയണം. 

പഞ്ചസ്ഫുടത്തിന്‍റെ ഷഡ്വ൪ഗ്ഗത്തില്‍ ദ്രേക്കാണാധിപന്മാ൪ നില്‍ക്കുന്ന

ദ്രേക്കാണാദ്യധിപാശ്രിത൪ക്ഷപതിഭിഃ
പഞ്ചസ്ഫുടസ്യ ക്രമാദ്

സഞ്ചിന്ത്യാത്ര ശുഭാശുഭാനി വിധിവദ്
ദൈവജ്ഞവ൪യ്യസ്തഥാ.

ദേവസ്യാഭരണം നിവേദ്യനിലയം
കൂപം ബലിപ്രസ്തരം

വാപീം വാഹനമത്ര തദ്ബലവശാ-
ദ്വാച്യം യഥാ യുക്തിതഃ

സാരം :-

ദേവപ്രശ്നത്തില്‍ പഞ്ചസ്ഫുടത്തിന്‍റെ ഷഡ്വ൪ഗ്ഗത്തില്‍ ദ്രേക്കാണാധിപന്മാ൪ നില്‍ക്കുന്ന രാശിനാഥന്മാരെക്കൊണ്ട് ക്രമേണ ദേവന്‍റെ തിരുവാഭരണം, തിടപ്പള്ളി, കിണറ്, ബലിക്കല്ല്, ക്ഷേത്രകുളം, വാഹനം എന്നിവയുടെ ഗുണദോഷഫലം അവരവരുടെ ബലാബലങ്ങള്‍ക്കനുസരിച്ച് ദൈവജ്ഞന്‍ (ജ്യോതിഷി) ചിന്തിച്ചു പറയണം.

മോഷണവസ്തു എപ്പോള്‍ ലഭിക്കും?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

മോഷണപ്രശ്നം ചെയ്യുന്ന ദിവസത്തെ നക്ഷത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് മറുപടി പറയേണ്ടത്.

രോഹിണി, പൂയ്യം, ഉത്രം, വിശാഖം, പൂരാടം, അവിട്ടം, രേവതി എന്നീ അന്ധലോചന നക്ഷത്രങ്ങള്‍ വരുന്ന ദിവസമാണ് മോഷണപ്രശ്നം ചെയ്യുന്നതെങ്കില്‍ വളരെ വേഗത്തില്‍ മോഷണംപോയ വസ്തു തിരികെ ലഭിക്കും.

മകീര്യം, ആയില്യം, അത്തം, അനിഴം, ഉത്രാടം, ചതയം, അശ്വതി എന്നീ മന്ദാക്ഷ നക്ഷത്രങ്ങള്‍ വരുന്ന ദിവസമാണ് മോഷണപ്രശ്നം ചെയ്യുന്നതെങ്കില്‍ മൂന്നു ദിവസത്തിനുള്ളില്‍ മോഷണം പോയ വസ്തു തിരികെ ലഭിക്കും.

തിരുവാതിര, മകം, ചിത്തിര, തൃക്കേട്ട, അഭിജിത്, പൂരോരുട്ടാതി, ഭരണി എന്നീ മധ്യലോചന നക്ഷത്രങ്ങള്‍ വരുന്ന ദിവസമാണ് മോഷണപ്രശ്നം ചെയ്യുന്നതെങ്കില്‍ മോഷണവസ്തു ഉടനെ ലഭിക്കും.

പുണ൪തം, പൂരം, മൂലം, ചോതി, തിരുവോണം, ഉത്രട്ടാതി, കാ൪ത്തിക എന്നീ സുലോചന നക്ഷത്രങ്ങള്‍ വരുന്ന ദിവസമാണ് മോഷണപ്രശ്നം ചെയ്യുന്നതെങ്കില്‍ മോഷണംപോയ വസ്തു തിരികെ ലഭിക്കുകയില്ല. 

പഞ്ചസ്ഫുടംകൊണ്ട് ചിന്തിക്കണം

ബിംബം ചാഭരണം നിവേദ്യനിലയം
പ്രാസാദവാപീസരിത്-

കൂപം, തോരണവാഹനം, ബലിശിലാ-
ഭംഗം ച പഞ്ചസ്ഫുടം

മാന്ദ്യാദ്യൈ൪ന്നവദോഷകൈ൪യ്യുതമിദം
സാന്നിദ്ധ്യനാശം വദേത്

തത്തച്ഛാന്തികരം കരോതു ച വിധിം
സംവീക്ഷ്യ തന്ത്രാഗമം.

സാരം :-

ദേവപ്രശ്നത്തില്‍
1). ബിംബവും അലങ്കാരവും, 2). തിടപ്പള്ളി, 3). അമ്പലം, കുളം, പുഴ, മുതലായവ. 4). തോരണം, വാഹനം, 5). ബലിക്കല്ല് എന്നിവയെ പഞ്ചസ്ഫുടംകൊണ്ട് ചിന്തിക്കണം.

പഞ്ചസ്ഫുടത്തില്‍ ഗുളികന്‍ വിശിഷ്ടി മുതലായ നവദോഷങ്ങളുണ്ടായാല്‍ മേല്‍പറഞ്ഞവയുടെ ദോഷം നിമിത്തം സാന്നിദ്ധ്യം നശിച്ചിരിക്കുന്നുവെന്നും തന്ത്രശാസ്ത്രവിധിയനുസരിച്ച് അതാതിനുള്ള പ്രതിവിധികള്‍  ചെയ്യണമെന്നും പറയണം.

മോഷ്ടാവിന്‍റെ ജാതിയോ ബന്ധമോ പറയാമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

മോഷണപ്രശ്നത്തില്‍ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയനുസരിച്ച് മോഷ്ടാവിന്‍റെ ജാതിയും ബന്ധവും പറയണം.

ചന്ദ്രന്‍ മേടത്തില്‍ നിന്നാല്‍ ബ്രാഹ്മണനെ പറയണം.

ചന്ദ്രന്‍ ഇടവത്തില്‍ നിന്നാല്‍ ക്ഷത്രിയനെ പറയണം.

ചന്ദ്രന്‍ മിഥുനത്തില്‍ നിന്നാല്‍ വൈശ്യനെ പറയണം

ചന്ദ്രന്‍ ക൪ക്കിടകത്തില്‍ നിന്നാല്‍ ശൂദ്രനെ പറയണം.

ചന്ദ്രന്‍ ചിങ്ങത്തില്‍ നിന്നാല്‍ സ്വതം ബന്ധുക്കളെ പറയണം.

ചന്ദ്രന്‍ കന്നിയില്‍ നിന്നാല്‍ സ്വന്തം ഭാര്യയെ പറയണം.

ചന്ദ്രന്‍ തുലാത്തില്‍ നിന്നാല്‍ സഹോദരനെ പറയണം.

ചന്ദ്രന്‍ വൃശ്ചികത്തില്‍ നിന്നാല്‍ പുത്രനെ പറയണം.

ചന്ദ്രന്‍ ധനുവില്‍ നിന്നാല്‍ പുത്രവധുവിനെ പറയണം.

ചന്ദ്രന്‍ മകരത്തില്‍ നിന്നാല്‍ എലിയെ പറയണം.

ചന്ദ്രന്‍ കുംഭത്തില്‍ നിന്നാല്‍ ഭൃത്യനെ പറയണം.

ചന്ദ്രന്‍ മീനത്തില്‍ നിന്നാല്‍ ഭൂമിയെ പറയണം. 

ത്രിസ്ഫുടം ചിന്തിച്ച പ്രകാരം ചതുസ്ഫുടത്തിന്‍റെ

ഏവം ചതുസ്ഫുടദൃഗാണമുഖാധിനാഥ-
യോഗ൪ക്ഷപൈരപിശുഭാശുഭകാരകത്വാദ്
ആചാ൪യ്യദേവലകദേവഗൃഹാധിനാഥ-
ദാസോപദേവഭജതാം പ്രവദേത് ഫലാനി.

സാരം :-

ദേവപ്രശ്നത്തില്‍ ത്രിസ്ഫുടം ചിന്തിച്ച പ്രകാരം ചതുസ്ഫുടത്തിന്‍റെ ദ്രേക്കാണം, ഹോര, നവാംശകം, ത്രിംശാംശകം, ദ്വാദശാംശകം, ക്ഷേത്രം എന്നിവയുടെ അധിപന്മാരായ ഗ്രഹങ്ങളെകൊണ്ടും അവ൪ നില്‍ക്കുന്ന രാശിനാഥന്മാരായഗ്രഹങ്ങളെക്കൊണ്ടും ക്രമേണ ആചാര്യന്‍, ശാന്തിക്കാരന്‍, ക്ഷേത്രാധിപന്‍, പരിചാരകന്മാ൪, ഉപദേവന്മാ൪, ഭക്തന്മാ൪ എന്നിവരുടെ ഗുണദോഷഫലങ്ങളെ ചിന്തിച്ച് പറയണം.

മോഷണം പോയ വസ്തു (നഷ്ടപ്പെട്ട വസ്തു) ലഭിക്കുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1). മോഷണപ്രശ്നത്തില്‍ രണ്ടാം ഭാവത്തില്‍ ശുക്രനും, പന്ത്രണ്ടാം ഭാവത്തില്‍ വ്യാഴവും, ലഗ്നത്തില്‍ ശുഭഗ്രഹവും ഇങ്ങനെ വന്നാല്‍ മോഷണവസ്തു ലഭിക്കും.

2). മോഷണപ്രശ്നത്തില്‍ രണ്ടാം ഭാവത്തില്‍ ശുക്രനും, പന്ത്രണ്ടാം ഭാവത്തില്‍ വ്യാഴവും, ലഗ്നത്തില്‍ ചന്ദ്രനും നിന്നാല്‍  ലഗ്നരാശി സൂചിപ്പിക്കുന്ന ദിക്കില്‍ നിന്നു മോഷണവസ്തു ലഭിക്കും.

3). മോഷണപ്രശ്നത്തില്‍ രണ്ടാം ഭാവത്തില്‍ ശുക്രനും, പന്ത്രണ്ടാം ഭാവത്തില്‍ വ്യാഴവും, ലഗ്നത്തില്‍ സൂര്യനാണ്  നില്‍ക്കുന്നതെങ്കില്‍ ലഗ്നരാശിയുടെ അധിപനായ ഗ്രഹത്തെക്കൊണ്ട് സൂചിപ്പിക്കുന്ന ദിക്കില്‍ നിന്ന് മോഷണവസ്തു ലഭിക്കും.

4). മോഷണപ്രശ്നത്തില്‍ ലഗ്നം ശീ൪ഷോദയരാശിയായി വരികയും ആ രാശിയില്‍ ശുഭഗ്രഹം നില്‍ക്കുകയോ അല്ലെങ്കില്‍ ആ  ലഗ്നരാശിയ്ക്ക് ശുഭഗ്രഹദൃഷ്ടിയുണ്ടാവുകയോ ചെയ്‌താല്‍ മോഷണവസ്തു ലഭിക്കും.

5). മോഷണപ്രശ്നത്തില്‍ പതിനൊന്നാം ഭാവത്തില്‍ ബലവാനായ ശുഭഗ്രഹം നില്‍ക്കുകയും, ലഗ്നത്തില്‍ ബലവാനായ ചന്ദ്രന്‍ (പൂ൪ണ്ണ ചന്ദ്രന്‍) നില്‍ക്കുകയും ചെയ്‌താല്‍ നഷ്ടപ്പെട്ട വസ്തു (മോഷണവസ്തു) താമസിയാതെ ലഭിക്കും.

6). മോഷണപ്രശ്നത്തില്‍ രണ്ടാം ഭാവത്തിലോ, മൂന്നാം ഭാവത്തിലോ, നാലാം ഭാവത്തിലോ, ഏഴാം ഭാവത്തിലോ, പത്താം ഭാവത്തിലോ ശുഭഗ്രഹം നിന്നാല്‍ മോഷണവസ്തു (നഷ്ടപ്പെട്ട വസ്തു) ലഭിക്കും.

7). മോഷണപ്രശ്നത്തില്‍ ഏഴാം ഭാവത്തില്‍ ശുഭഗ്രഹം നിന്നാല്‍ മോഷണവസ്തു (നഷ്ടപ്പെട്ട വസ്തു) ലഭിക്കും.

8). മോഷണപ്രശ്നത്തില്‍ ശുഭഗ്രഹങ്ങള്‍ കേന്ദ്രരാശികളിലോ, രണ്ടാം ഭാവത്തിലോ ഉപചായരാശികളിലോ നിന്നാല്‍ മോഷണവസ്തു ലഭിക്കും. (4,7,10, 3, 6, 11 എന്നീ ഭാവങ്ങളില്‍)

9). മോഷണപ്രശ്നത്തില്‍, ലഗ്നത്തില്‍ പൂ൪ണ്ണചന്ദ്രനോ (ബലവാനായ ചന്ദ്രനോ), വ്യാഴമോ, ശുക്രനോ, ബുധനോ നില്‍ക്കുകയും ചെയ്‌താല്‍ മോഷണവസ്തു ലഭിക്കും.

10). മോഷണപ്രശ്നത്തില്‍ രണ്ടാം ഭാവം, മൂന്നാം ഭാവം, അഞ്ചാം ഭാവം, ആറാം ഭാവം എന്നീ ഭാവങ്ങളിലൊന്നില്‍ ശുഭഗ്രഹം നിന്നാല്‍ മോഷണവസ്തു ലഭിക്കും.

11). മോഷണപ്രശ്നത്തില്‍ ലഗ്നം ശുഭരാശിയായി വരികയും ആ ലഗ്നരാശിയ്ക്ക് ശുഭഗ്രഹദൃഷ്ടിയുണ്ടാവുകയും ചെയ്‌താല്‍ നഷ്ടപ്പെട്ട വസ്തു (മോഷണവസ്തു) തിരികെ ലഭിക്കും.

12). മോഷണപ്രശ്നത്തില്‍ ലഗ്നം പാപരാശിയായി വരികയും ആ ലഗ്നരാശിയ്ക്ക് പാപഗ്രഹദൃഷ്ടിയുണ്ടാവുകയും ചെയ്‌താല്‍ നഷ്ടപ്പെട്ട വസ്തു (മോഷണവസ്തു) തിരികെ ലഭിക്കില്ല.

13). മോഷണപ്രശ്നത്തില്‍ ബലവാനായ കുജന്‍ (ചൊവ്വ) എട്ടാം ഭാവത്തിലോ തന്‍റെ നവാംശകത്തിലോ നിന്നാല്‍ മോഷണവസ്തു ലഭിക്കുകയില്ല.

14). മോഷണപ്രശ്നത്തില്‍ ചിങ്ങം, വൃശ്ചികം, കുംഭം എന്നീ രാശികളില്‍ പാപഗ്രഹങ്ങള്‍ നില്‍ക്കുകയോ, അല്ലെങ്കില്‍ ചിങ്ങം, വൃശ്ചികം, കുംഭം എന്നീ രാശികളില്‍ പാപഗ്രഹങ്ങളുടെ ദൃഷ്ടിയുണ്ടാവുകയോ ഏഴാം ഭാവത്തില്‍ നില്‍ക്കുന്ന ഗ്രഹം സ്വനവാംശകത്തില്‍ തന്നെ നില്‍ക്കുകയോ ചെയ്‌താല്‍ മോഷണം പോയ വസ്തു തിരിച്ചുകിട്ടുകയില്ല.

15). മോഷണപ്രശ്നത്തില്‍ ലഗ്നത്തിന്‍റെ 2, 3, 5 എന്നീ ഭാവങ്ങളില്‍ ശുഭഗ്രഹങ്ങള്‍ നിന്നാല്‍ മോഷണവസ്തു തിരികെ ലഭിക്കും. 

ചതുസ്ഫുടം പാപഗ്രഹങ്ങളോടുകൂടി ലഗ്നാദി ഭാവങ്ങളില്‍ / ദ്രേക്കാണത്തില്‍

ഖരൈസ്സമേതം യദി വാ ചതുസ്ഫുടം
വിലഗ്നഭാവാദിഷു യത്ര തിഷ്ഠതി
കകണ്ഠവസ്ത്യാദിഷു തദ്ദൃഗാണതോ
വദന്തി വൈകല്യമഥേശവിഗ്രഹേ.

സാരം :-

ദേവപ്രശ്നത്തില്‍ ചതുസ്ഫുടം പാപഗ്രഹങ്ങളോടുകൂടി ലഗ്നാദി ഭാവങ്ങളില്‍  ഏത് ഭാവത്തിലാണോ നില്‍ക്കുന്നത് ; "കംദൃക് ശ്രോത്രനാസാ" ........... എന്ന ഹോരാപദ്യമനുസരിച്ച് അതാത് അംഗങ്ങളില്‍ ദേവന്‍റെ വിഗ്രഹത്തിന് വൈകല്യമുണ്ടെന്ന് പറയണം.

ദേവപ്രശ്നത്തില്‍ ചതുസ്ഫുടത്തില്‍ ആദ്യദ്രേക്കാണമാണെങ്കില്‍ 'കംദൃക്' എന്ന് തുടങ്ങുന്ന വിഗ്രഹത്തിന്‍റെ ശിരസ്സിലും മദ്ധ്യദ്രേക്കാണമാണെങ്കില്‍ 'കണ്ഠാംസക' എന്ന് തുടങ്ങുന്ന വിഗ്രഹത്തിന്‍റെ മദ്ധ്യഭാഗത്തിലും അന്ത്യദ്രേക്കാണമാണെങ്കില്‍ 'വസ്തിശിശ്നാ' എന്ന് തുടങ്ങുന്ന വിഗ്രഹത്തിന്‍റെ അധോഭാഗങ്ങളായ അംഗങ്ങളിലുമാണ് വിഗ്രഹത്തിന് വൈകല്യം (ദോഷം) എന്ന് പറയണം. 

എത്ര ദൂരത്തായിരിക്കും മോഷണവസ്തു?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

കേന്ദ്രരാശികളില്‍ നില്‍ക്കുന്ന ഗ്രഹങ്ങളെക്കൊണ്ട് മോഷണം പോയ വസ്തു എവിടെയെന്ന് മനസ്സിലാക്കണം. അതിനു കഴിഞ്ഞില്ലെങ്കില്‍ ലഗ്നരാശിയെ അടിസ്ഥാനമാക്കി മോഷണവസ്തുവിന്‍റെ ദിക്ക് അറിയണം.

ലഗ്നത്തിന്‍റെ നവാംശക രാശി എത്രാമത്തേതാണോ അത്രയും യോജന ദൂരെയാണ് മോഷണ വസ്തു ഇരിക്കുന്നത്.

***************************

മേടം - ചിങ്ങം - ധനു  എന്നീ രാശികള്‍  കിഴക്ക് ദിക്ക്

ഇടവം - കന്നി - മകരം എന്നീ രാശികള്‍ തെക്ക് ദിക്ക്

മിഥുനം - തുലാം - കുംഭം എന്നീ രാശികള്‍ പടിഞ്ഞാറ് ദിക്ക്

ക൪ക്കിടകം - വൃശ്ചികം - മീനം എന്നീ രാശികള്‍ വടക്ക് ദിക്ക്


*************************************

കിഴക്ക് ദിക്കിന്‍റെ നാഥന്‍ സൂര്യന്‍

അഗ്നിദിക്കിന്‍റെ നാഥന്‍ ശുക്രന്‍

തെക്ക് ദിക്കിന്‍റെ നാഥന്‍ കുജന്‍ (ചൊവ്വ)

നിരൃതി ദിക്കിന്‍റെ നാഥന്‍ രാഹു

പടിഞ്ഞാറ് ദിക്കിന്‍റെ നാഥന്‍ ശനി

വായു ദിക്കിന്‍റെ നാഥന്‍ ചന്ദ്രന്‍

വടക്ക് ദിക്കിന്‍റെ നാഥന്‍ ബുധന്‍

ഈശാന ദിക്കിന്‍റെ നാഥന്‍ വ്യാഴംചതുസ്ഫുടം ചരരാശിയിലോ ചരാംശകത്തിലോ

ചതുസ്ഫുട൪ക്ഷേ ചരരാശിസംസ്ഥേ
ചരാംശകേ പാപയുതേക്ഷിതേ വാ
ദേവാലയേ ദേവലകസ്യ ദോഷാദ്
സാന്നിദ്ധ്യനാശം മുനയോ വദന്തി.

സാരം :-

ദേവപ്രശ്നത്തില്‍ ചതുസ്ഫുടം ചരരാശിയിലോ ചരാംശകത്തിലോ (ചര നവാംശകരാശിയിലോ) വരുകയും പാപഗ്രഹദൃഷ്ടികളുണ്ടാകുകയും ചെയ്‌താല്‍ ശാന്തിക്കാരന്‍റെ (അശുദ്ധി, അശ്രദ്ധ, വൈകല്യം) ദോഷം നിമിത്തം ദേവസാന്നിദ്ധ്യം കുറഞ്ഞുവെന്ന് പറയണം.

മോഷണവസ്തു എവിടെയാണ് സ്ഥിതിചെയ്യുന്നത്?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

മോഷണവസ്തു വീട്ടില്‍ ഉണ്ട് എന്ന് കണ്ടാല്‍, ലഗ്നം ആദിദ്രേക്കാണത്തിലാണെങ്കില്‍ അത് മോഷ്ടിച്ചതാണ് എന്നും വീടിന്‍റെ മുന്‍ഭാഗത്തുണ്ടാകും എന്നും പറയണം.

ലഗ്നം രണ്ടാം ദ്രേക്കാണത്തിലാണെങ്കില്‍ അത് മോഷ്ടിച്ചതാണ് എന്നും വീട്ടില്‍ത്തന്നെ അകത്തെവിടെയോ വീണുപോയിട്ടുണ്ടാകും എന്നും പറയണം.

ലഗ്നം മൂന്നാം ദ്രേക്കാണത്തിലാണെങ്കില്‍ അത് മോഷ്ടിച്ചതാണ് എന്നും വീടിന് പുറകുവശത്ത് മറന്നുവച്ചിട്ടുണ്ടാകും എന്നും പറയണം. 

ത്രിസ്ഫുടത്തിന്‍റെ ഷഡ്വ൪ഗ്ഗം വരുത്തി

ദേവേ ത്രിസ്ഫുടവ൪ഗ്ഗതസ്തദധിപൈ-
സ്തത്തല്‍ഗത൪ക്ഷൈഃ ക്രമാദ്

പ്രാസാദം മുഖമണ്ഡപാങ്കണചതു-
ശ്ശാലാശ്ച ദീപാലയം

ദീപസ്തംഭമിഹാദിശേച്ഛതുഭയുതി-
൪വ്വീക്ഷാ ച വ൪ഗ്ഗസ്ഥിതി-

സ്തേഷാം മദ്ധ്യഗതി൪ബ്ബലം ച ശുഭദം
തദ്വ്യത്യയേ വ്യത്യയഃ

സാരം :-

ദേവപ്രശ്നത്തില്‍ ത്രിസ്ഫുടത്തിന്‍റെ ഷഡ്വ൪ഗ്ഗം വരുത്തി ആ ഷഡ്വ൪ഗ്ഗാധിപന്മാരെക്കൊണ്ടും അവരാശ്രയിച്ച രാശികൊണ്ടും ഫല നിരൂപണം ചെയ്യുവാനുള്ള രീതിയാണ് പറയുന്നത്.

ദേവപ്രശ്നത്തില്‍ ദ്രേക്കാണം കൊണ്ട് പ്രാസാദത്തേയും, ഹോരകൊണ്ട് മുഖമണ്ഡപത്തേയും,  നവാംശകം കൊണ്ട് അങ്കണത്തേയും, ത്രിംശാംശകംകൊണ്ട് ചുറ്റമ്പലത്തേയും, ദ്വാദശാംശംകൊണ്ട് വിളക്കുമാടത്തേയും, ക്ഷേത്രം കൊണ്ട് ദീപസ്തംഭത്തേയും ചിന്തിക്കണം.

ഈ ദ്രേക്കാണാധിപന്മാ൪ക്കും അവ൪ നില്‍ക്കുന്ന രാശികള്‍ക്കും ശുഭഗ്രഹയോഗവും, ശുഭഗ്രഹദൃഷ്ടിയും, ശുഭ ഗ്രഹങ്ങളുടെ മദ്ധ്യസ്ഥിതി എന്നിവയുണ്ടെങ്കില്‍ ഫലം ശുഭമാണ് എന്ന് പറയണം.

ഈ ദ്രേക്കാണാധിപന്മാ൪ക്കും അവ൪ നില്‍ക്കുന്ന രാശികള്‍ക്കും പാപഗ്രഹയോഗവും, പാപഗ്രഹദൃഷ്ടിയും, പാപഗ്രഹങ്ങളുടെ മദ്ധ്യസ്ഥിതി എന്നിവയുണ്ടെങ്കില്‍ ഫലം ദോഷമാണെന്ന് പറയണം.

കള്ളന്‍റെ വീട് ഏത്?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

മോഷണപ്രശ്നത്തില്‍ (നഷ്ടപ്രശ്നത്തില്‍) ലഗ്നത്തില്‍ നിന്ന് ചന്ദ്രന്‍ ഏതു രാശിയിലാണോ നില്‍ക്കുന്നത് ആ രാശിയുടെ ദിക്കിലായിരിക്കും കള്ളന്‍റെ (മോഷ്ടാവിന്‍റെ) വീട്. 

ദേവപ്രശ്നത്തില്‍ ത്രിസ്ഫുടം

സൃഷ്ടിഖണ്ഡഗൃഹോഡുസ്ഥം സ്ത്രിസ്ഫുടം ജീവസൂത്രകൃത്
സ്ഥിതൗ രോഗം ഭാവേദ്സൂത്രം സംഹാരേ മൃത്യുദം തഥാ.

സാരം :-

ദേവപ്രശ്നത്തില്‍ ത്രിസ്ഫുടസൂത്രം, സൃഷ്ടിഖണ്ഡം, സൃഷ്ടിരാശി, സൃഷ്ടി നക്ഷത്രംഎന്നിവയില്‍ വന്നാല്‍ ജീവസൂത്രമാണ്. 

ദേവപ്രശ്നത്തില്‍ സ്ഥിതി ഖണ്ഡാദികളിലായാല്‍ രോഗസൂത്രവും സംഹാരഖണ്ഡത്തിലായാല്‍ മൃതിസൂത്രവുമാണ് 

മോഷണവസ്തു ഏതു ദിക്കില്‍?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

നഷ്ടപ്രശ്നത്തില്‍ (മോഷണപ്രശ്നത്തില്‍) ചന്ദ്രന്‍ ലഗ്നത്തിലാണ് നില്‍ക്കുന്നതെങ്കില്‍ നഷ്ടപ്പെട്ട വസ്തു (മോഷണ വസ്തു) കിഴക്ക് ഭാഗത്തുണ്ട്.

നഷ്ടപ്രശ്നത്തില്‍ (മോഷണപ്രശ്നത്തില്‍) ചന്ദ്രന്‍ പത്താം ഭാവത്തില്‍ നിന്നാല്‍ നഷ്ടപ്പെട്ട വസ്തു (മോഷണ വസ്തു) തെക്ക് ഭാഗത്തുണ്ട്.

നഷ്ടപ്രശ്നത്തില്‍ (മോഷണപ്രശ്നത്തില്‍) ചന്ദ്രന്‍ ഏഴാം ഭാവത്തില്‍ നിന്നാല്‍ നഷ്ടപ്പെട്ട വസ്തു (മോഷണ വസ്തു) പടിഞ്ഞാറ് ഭാഗത്തുണ്ട്.

നഷ്ടപ്രശ്നത്തില്‍ (മോഷണപ്രശ്നത്തില്‍) ചന്ദ്രന്‍ നാലാം ഭാവത്തില്‍ നിന്നാല്‍ നഷ്ടപ്പെട്ട വസ്തു (മോഷണ വസ്തു) വടക്ക് ഭാഗത്തുണ്ട് എന്ന് പറയണം. 

ത്രിസ്ഫുടം പതിനൊന്നാം ഭാവത്തില്‍ / പന്ത്രണ്ടാം ഭാവത്തില്‍

ഏകാദശേ ഗജാദീനാമാചാ൪യ്യാണാം വ്യയേ തഥാ
വിനാശം പ്രവദേദ്ധീമാന്‍ ദേവതാപ്രശ്നചിന്തനേ

സാരം :-

ദേവപ്രശ്നത്തില്‍ ത്രിസ്ഫുടം പതിനൊന്നാം ഭാവത്തില്‍ പാപഗ്രഹങ്ങളോടുകൂടി സംഹാരഖണ്ഡം, സംഹാരനക്ഷത്രം, സംഹാരരാശി എന്നിവയില്‍ നില്‍ക്കുകയാണെങ്കില്‍ ആന തുടങ്ങിയ മൃഗങ്ങള്‍ക്ക് നാശം സംഭവിക്കും.

ദേവപ്രശ്നത്തില്‍ ത്രിസ്ഫുടം പന്ത്രണ്ടാം ഭാവത്തില്‍ പാപഗ്രഹങ്ങളോടുകൂടി സംഹാരഖണ്ഡം, സംഹാരനക്ഷത്രം, സംഹാരരാശി എന്നിവയില്‍ നില്‍ക്കുകയാണെങ്കില്‍ തന്ത്രിയ്ക്ക് നാശം സംഭവിക്കും. 

കള്ളന്‍റെ സൂചന പറയാമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

ചിങ്ങം രാശി ലഗ്നത്തില്‍ സൂര്യനും ചന്ദ്രനും നിന്ന് അവരെ ശനിയും ചൊവ്വയും ദൃഷ്ടി ചെയ്‌താല്‍ മോഷ്ടാവ് അന്ധനായിരിക്കും.

ചിങ്ങം രാശി ലഗ്നമായി വരികയും പന്ത്രണ്ടാം ഭാവത്തില്‍ (ക൪ക്കിടകം രാശിയില്‍) സൂര്യനും ചന്ദ്രനും ബലമില്ലാതെ നില്‍ക്കുകയും ആ സൂര്യനേയും ചന്ദ്രനേയും ശനിയും ചൊവ്വയും ദൃഷ്ടി ചെയ്‌താല്‍ മോഷ്ടാവിന് ഒരു കണ്ണുണ്ടാവുകയില്ല. 

ത്രിസ്ഫുടം ഏഴാം ഭാവത്തില്‍ / എട്ടാം ഭാവത്തില്‍ / ഒന്‍പതാം ഭാവത്തില്‍ / പത്താം ഭാവത്തില്‍

സപ്തമേ ഭക്തവൃന്ദാനാമഷ്ടമേ സ്ഥപതേരപി
നവമേ ക്ഷേത്രനാഥാനാം ദശമേ ക൪മ്മിണാമപി.

സാരം :-

ദേവപ്രശ്നത്തില്‍ ത്രിസ്ഫുടം ഏഴാം ഭാവത്തില്‍ പാപഗ്രഹങ്ങളോടുകൂടി സംഹാരഖണ്ഡം, സംഹാരനക്ഷത്രം, സംഹാരരാശി എന്നിവയില്‍ നില്‍ക്കുകയാണെങ്കില്‍ ഭക്തന്മാ൪ക്കും ജനപദസ്ഥാനത്തിനും ദോഷം പറയണം.

ദേവപ്രശ്നത്തില്‍ ത്രിസ്ഫുടം എട്ടാം ഭാവത്തില്‍ പാപഗ്രഹങ്ങളോടുകൂടി സംഹാരഖണ്ഡം, സംഹാരനക്ഷത്രം, സംഹാരരാശി എന്നിവയില്‍ നില്‍ക്കുകയാണെങ്കില്‍ ക്ഷേത്ര ശില്പിക്ക് ദോഷം പറയണം.

ദേവപ്രശ്നത്തില്‍ ത്രിസ്ഫുടം ഒമ്പതാം ഭാവത്തില്‍ പാപഗ്രഹങ്ങളോടുകൂടി സംഹാരഖണ്ഡം, സംഹാരനക്ഷത്രം, സംഹാരരാശി എന്നിവയില്‍ നില്‍ക്കുകയാണെങ്കില്‍ ക്ഷേത്രാധിപന്മാ൪ക്ക് ദോഷം പറയണം.

ദേവപ്രശ്നത്തില്‍ ത്രിസ്ഫുടം പത്താം ഭാവത്തില്‍ പാപഗ്രഹങ്ങളോടുകൂടി സംഹാരഖണ്ഡം, സംഹാരനക്ഷത്രം, സംഹാരരാശി എന്നിവയില്‍ നില്‍ക്കുകയാണെങ്കില്‍  ശാന്തിക്കാരന് നാശം സംഭവിക്കും. 

കള്ളന്‍റെ വയസ്സ് പറയാമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

മോഷണപ്രശ്നങ്ങളില്‍  ലഗ്നനവാംശരാശിയുടെ അധിപനായ ഗ്രഹത്തെ കൊണ്ട് മോഷ്ടാവിന്‍റെ (കള്ളന്‍റെ) പ്രായം (വയസ്സ്) മനസ്സിലാക്കണം.


ലഗ്നനവാംശരാശിയുടെ അധിപനായ ഗ്രഹം താഴെ പറയുന്നവയാണെങ്കില്‍

ചന്ദ്രനെ കൊണ്ട് മുലകുടിക്കുന്ന ശിശുവിനെ പറയണം.

ചൊവ്വയെ കൊണ്ട് ബാലന്‍ (കുട്ടിയെ) പറയണം.

ബുധനെ കൊണ്ട് വിദ്യാ൪ത്ഥിയെ പറയണം.

ശുക്രനെ കൊണ്ട് യുവാവിനെ പറയണം.

വ്യാഴത്തെ കൊണ്ട് മദ്ധ്യവയസ്ക്കനെ പറയണം

സൂര്യനെ കൊണ്ട് വൃദ്ധനെ പറയണം.

ശനിയെ കൊണ്ട് അതിവൃദ്ധനെ പറയണം.


മേല്‍ പറഞ്ഞവരുടെ ഏകദേശ വയസ്സ് താഴെ പറയുന്ന പ്രകാരം പറയണം.

ചന്ദ്രന് 4 വയസ്സിനു താഴെ

ചൊവ്വയ്ക്ക്‌ 4 മുതല്‍ 8 വയസ്സ് വരെ

ബുധന് 8 മുതല്‍ 16 വയസ്സ് വരെ

ശുക്രന് 16 മുതല്‍ 30 വയസ്സ് വരെ

വ്യാഴത്തിന് 30 മുതല്‍ 50 വയസ്സ് വരെ

സൂര്യന് 50 മുതല്‍ 70 വയസ്സ് വരെ

ശനിയ്ക്ക് 70 വയസ്സിന് മുകളില്‍  

ത്രിസ്ഫുടം മൂന്നാം ഭാവത്തില്‍ / നാലാം ഭാവത്തില്‍ / അഞ്ചാം ഭാവത്തില്‍ / ആറാം ഭാവത്തില്‍

തൃതീയേ പരിചാരാണാം ചതു൪ത്ഥേ ക്ഷേത്രവാസിനാം
പഞ്ചമേ മന്ത്രബിംബസ്യ നാശം ഷഷ്ഠേ തനുക്ഷതിഃ

സാരം :-

ദേവപ്രശ്നത്തില്‍ ത്രിസ്ഫുടം മൂന്നാം ഭാവത്തില്‍ പാപഗ്രഹങ്ങളോടുകൂടി സംഹാരഖണ്ഡം, സംഹാരനക്ഷത്രം, സംഹാരരാശി എന്നിവയില്‍ നില്‍ക്കുകയാണെങ്കില്‍ പരിചാരകന്മാ൪ക്ക് നാശം സംഭവിക്കും.

ദേവപ്രശ്നത്തില്‍ ത്രിസ്ഫുടം നാലാം ഭാവത്തില്‍ പാപഗ്രഹങ്ങളോടുകൂടി സംഹാരഖണ്ഡം, സംഹാരനക്ഷത്രം, സംഹാരരാശി എന്നിവയില്‍ നില്‍ക്കുകയാണെങ്കില്‍ അമ്പലവാസികള്‍ക്ക് നാശം സംഭവിക്കും.

ദേവപ്രശ്നത്തില്‍ ത്രിസ്ഫുടം അഞ്ചാം ഭാവത്തില്‍ പാപഗ്രഹങ്ങളോടുകൂടി സംഹാരഖണ്ഡം, സംഹാരനക്ഷത്രം, സംഹാരരാശി എന്നിവയില്‍ നില്‍ക്കുകയാണെങ്കില്‍ ദേവബിംബത്തിനാശം സംഭവിക്കും.

ദേവപ്രശ്നത്തില്‍ ത്രിസ്ഫുടം ആറാം ഭാവത്തില്‍ പാപഗ്രഹങ്ങളോടുകൂടി സംഹാരഖണ്ഡം, സംഹാരനക്ഷത്രം, സംഹാരരാശി എന്നിവയില്‍ നില്‍ക്കുകയാണെങ്കില്‍ ബിംബത്തിന് ഒടിവ്, കേട് എന്നിവ സംഭവിക്കും.

എപ്പോഴാണ് മോഷണം നടന്നത്?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.


മോഷണപ്രശ്നത്തില്‍ ലഗ്നരാശിയുടെ സ്വഭാവമനുസരിച്ച് ഏതു ദിക്കില്‍ ഏതു സമയത്ത് ഏതു സ്ഥാനത്ത് മോഷണം നടന്നു എന്ന് പറയണം.


മോഷ്ടാവിന്‍റെ സ്വരൂപം പറയാമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1). മോഷണപ്രശ്നത്തില്‍ ലഗ്നം വരുന്ന ദ്രേക്കാണസ്വരൂപമാണ് മോഷ്ടാവിന്‍റെ സ്വരൂപം.

2). മോഷണപ്രശ്നത്തില്‍ ലഗ്നരാശിയുടെ അധിപന്‍റെ ആകൃതിയും നിറവുമായിരിക്കും മോഷ്ടാവിന്‍റെത്.

******************************
ദ്രേക്കാണ സ്വരൂപത്തെ കുറിച്ച് പിന്നീട് website ല്‍ വിശദമായി പറയുന്നതായിരിക്കും. 

ത്രിസ്ഫുടം ലഗ്നരാശിയില്‍ / രണ്ടാം ഭാവത്തില്‍

സംഹാരഗമസദ്യുക്തം ത്രിസ്ഫുടം ലഗ്നരാശിഗം
ബിംബസ്യ നാശം പ്രവദേദ് ധനേ രക്ഷകനാശനം

സാരം :-

ദേവപ്രശ്നത്തില്‍ ത്രിസ്ഫുടം ആരൂഢരാശിയില്‍ (ലഗ്നരാശിയില്‍) പാപഗ്രഹങ്ങളോടുകൂടി സംഹാരഖണ്ഡം, സംഹാരനക്ഷത്രം, സംഹാരരാശി എന്നിവയില്‍ നില്‍ക്കുകയാണെങ്കില്‍ ബിംബത്തിന് നാശം പറയണം.

 ദേവപ്രശ്നത്തില്‍ ത്രിസ്ഫുടം രണ്ടാം ഭാവരാശിയില്‍ പാപഗ്രഹങ്ങളോടുകൂടി സംഹാരഖണ്ഡം, സംഹാരനക്ഷത്രം, സംഹാരരാശി എന്നിവയില്‍ നില്‍ക്കുകയാണെങ്കില്‍ ക്ഷേത്ര രക്ഷകന്മാ൪ക്ക്‌ നാശവും പറയേണ്ടതാണ്. 

എന്താണ് കളവ് പോയത്?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

മോഷണപ്രശ്നത്തില്‍ ലഗ്നത്തിലോ ത്രികോണരാശിയിലോ സ്വന്തം രാശിയില്‍ നവാംശകമായുള്ള ഒരു ഗ്രഹം ഏതെങ്കിലും രാശിയില്‍ നിന്ന് തന്‍റെ നവാംശകരാശിയെ നോക്കിയാല്‍ ലോഹത്തെപ്പറ്റി പറയണം.

മോഷണപ്രശ്നത്തില്‍ ഗ്രഹം മറ്റൊരു ഗ്രഹത്തിന്‍റെ നവാംശകരാശിയില്‍ നിന്ന് ലഗ്നത്തിലോ ത്രികോണരാശിയിലോ വരുന്ന തന്‍റെ നവാംശകരാശിയെ നോക്കിയാല്‍ ജീവനുള്ള വസ്തുവിനെ കുറിച്ച് പറയണം.

മോഷണപ്രശ്നത്തില്‍ ഗ്രഹം മറ്റൊരു ഗ്രഹത്തിന്‍റെ നവാംശകരാശിയില്‍ നിന്ന് ലഗ്നത്തിലോ ത്രികോണരാശിയിലോ വരുന്ന മറ്റൊരു ഗ്രഹത്തിന്‍റെ നവാംശകരാശിയെ നോക്കിയാല്‍ സസ്യങ്ങളെപ്പറ്റിയാണ് പറയേണ്ടത്.

ഇങ്ങിനെ ധാതു, മൂലം, ജീവന്‍ ഇവയില്‍ ഏതാണ് മോഷണവസ്തു എന്ന് തീരുമാനിച്ച ശേഷം അവിടെ നില്‍ക്കുന്ന ഗ്രഹങ്ങള്‍ (മേല്‍പ്പറഞ്ഞ രാശികളില്‍ നില്‍ക്കുന്ന ഗ്രഹം) ചൊവ്വയും സൂര്യനുമാണെങ്കില്‍ സ്വ൪ണ്ണത്തെ പറയണം. ശുക്രനെക്കൊണ്ട് വെള്ളി എന്നിങ്ങനേയും പറയണം. സൂര്യനെക്കൊണ്ട് "ചതുരം" ചൊവ്വയെക്കൊണ്ട് "വൃത്തം" എന്നിങ്ങനെ വസ്തുവിന്‍റെ ആകൃതിയേയും സൂര്യനെക്കൊണ്ട് "ചുവപ്പ് നിറത്തേയും" ശുക്രനെക്കൊണ്ട് "വെള്ള നിറം" എന്നിങ്ങനെ നിറത്തേയും ചിന്തിച്ച് അത്തരത്തിലുള്ള വസ്തു ഏതെന്നറിഞ്ഞു മറുപടി പറയണം.

മോഷണപ്രശ്നത്തില്‍ മേടം, വൃശ്ചികം, ചിങ്ങം, എന്നീ രാശികള്‍ ലഗ്നമായിവരികയും അവിടെ ചൊവ്വയുടേയും സൂര്യന്‍റെയും യോഗമോ ദൃഷ്ടിയോ ഉണ്ടായിരുന്നാല്‍  ലോഹത്തെപ്പറ്റിയാണ്‌ ചിന്തിക്കുന്നത് എന്ന് പറയണം.

മോഷണപ്രശ്നത്തില്‍ മിഥുനം, കുംഭം, കന്നി, മകരം എന്നീ രാശികള്‍ ലഗ്നമായിവരികയും അവയ്ക്ക് ശനിയുടെയോ ബുധന്‍റെയോ യോഗമോ ദൃഷ്ടിയോ ഉണ്ടായിരുന്നാല്‍ സസ്യങ്ങളെകുറിച്ച് പറയണം.

മോഷണപ്രശ്നത്തില്‍ ഇടവം, ക൪ക്കിടകം, തുലാം, ധനു, മീനം എന്നീ രാശികള്‍ ലഗ്നമായിവരികയും അവിടെ ചന്ദ്രന്‍, ശുക്രന്‍,  വ്യാഴം എന്നീ ഗ്രഹങ്ങളുടെ യോഗമോ ദൃഷ്ടിയോ ഉണ്ടായിരുന്നാല്‍ പ്രശ്നവിഷയം ജീവനുള്ള വസ്തുക്കള്‍ സംബന്ധിച്ചാണ്.

മോഷണവസ്തുക്കള്‍ മിശ്രമായി വന്നാല്‍ മിശ്രമായി ചിന്തിച്ചു പറയണം.

*********************

 ഗ്രഹങ്ങള്‍ ഒരു രാശിയില്‍ ഒരുമിച്ചു നില്‍ക്കുന്നതിനെ "യോഗം" എന്ന് പറയുന്നു. 

ശത്രുക്കള്‍, കള്ളന്മാ൪, അഗ്നി ഭയവും, ആയുധം, ബിംബം എന്നിവയ്ക്ക് നാശവും സംഭവിയ്ക്കുന്നതാണ്

ചരമാംശേ സ്യാദുഭയേ
ദേവസ്യോഡുത്രികോണഗേ ദോഷഃ
രിപുചോരാഗ്നിനൃപാലൈഃ
പീഡായുധബിംബദോഷമചിരേണ.

സാരം :-

ദേവപ്രശ്നത്തില്‍ ത്രിസ്ഫുടം ഉഭയരാശികളില്‍ അന്ത്യാംശകമായും, ത്രിസ്ഫുടം ദേവന്‍റെ ജന്മാനുജന്മനക്ഷത്രങ്ങളിലും വന്നാല്‍ ശത്രുക്കള്‍, കള്ളന്മാ൪, അഗ്നി, രാജാക്കന്മാ൪ എന്നിവരില്‍ നിന്നും ഭയവും, ആയുധം, ബിംബം എന്നിവയ്ക്ക് നാശവും സംഭവിയ്ക്കുന്നതാണ്.

മോഷണചിന്താ ഭാവങ്ങള്‍

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1). മോഷണപ്രശ്നത്തില്‍ ലഗ്നം ചോദ്യക൪ത്താവിനെ സൂചിപ്പിക്കുന്നു.

2). മോഷണപ്രശ്നത്തില്‍ ഏഴാം ഭാവം മോഷ്ടാവിനേയും (കള്ളനേയും) സൂചിപ്പിക്കുന്നു.

3). മോഷണപ്രശ്നത്തില്‍ എട്ടാം ഭാവം കൊണ്ട് മോഷണവസ്തുക്കളെ സൂചിപ്പിക്കുന്നു.

4). മോഷണപ്രശ്നത്തില്‍ പത്താം ഭാവംകൊണ്ട് പോലീസ്, ഭരണാധികാരി എന്നിവരെ സൂചിപ്പിക്കുന്നു.

5). മോഷണപ്രശ്നത്തില്‍ ലഗ്നനവാംശകംകൊണ്ട് മോഷ്ടിക്കപ്പെട്ട വസ്തുവിന്‍റെ സ്വഭാവം, മോഷ്ടിക്കപ്പെട്ട വസ്തു ജീവനുള്ളതാണോ, മോഷ്ടിക്കപ്പെട്ട വസ്തു ലോഹമാണോ, മോഷ്ടിക്കപ്പെട്ട വസ്തു സസ്യമാണോ എന്നറിയണം. 

ത്രിസ്ഫുടത്തില്‍ ശുഭഗ്രഹങ്ങള്‍ / പാപഗ്രഹങ്ങള്‍

ത്രിസ്ഫുടരാശൗ ലഗ്നേ
ശുഭഗ്രഹാഃ ശുഭഫലം സദാ ദദ്യുഃ

പാപഗ്രഹേണ യുക്തേ
ഭൂതഫലം സ൪വ്വമേവമശുഭം സ്യാദ്

സാരം :-

ദേവപ്രശ്നത്തിന്‍റെ ത്രിസ്ഫുടത്തില്‍ ശുഭഗ്രഹങ്ങള്‍ നിന്നാല്‍ ഭൂതകാലത്തില്‍ ശുഭഫലവും, ത്രിസ്ഫുടത്തില്‍ പാപഗ്രഹങ്ങള്‍ നിന്നാല്‍ അശുഭഫലവുമാകുന്നു.

മോഷ്ടാവ് ആണോ പെണ്ണോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

ഏഴാം ഭാവം ഓജരാശിയാവുകയോ, ഏഴാം ഭാവത്തിലേയ്ക്ക് പുരുഷഗ്രഹത്തിന്‍റെ ദൃഷ്ടിയുണ്ടാവുകയോ ചെയ്‌താല്‍ മോഷ്ടാവ് (കള്ളന്‍) പുരുഷനായിരിക്കും.

ഏഴാം ഭാവം സ്ത്രീരാശിയാവുകയോ ഏഴാം ഭാവത്തിലേയ്ക്ക് സ്ത്രീഗ്രഹത്തിന്‍റെ ദൃഷ്ടി ഉണ്ടാവുകയോ ചെയ്‌താല്‍ മോഷ്ടാവ് സ്ത്രീ ആയിരിക്കും. 

മോഷ്ടാവ് എങ്ങിനെയുള്ള ആളായിരിക്കും?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

മോഷ്ടാവിന്‍റെ (കള്ളന്‍റെ)  ജാതിയും സ്വഭാവവും മറ്റും ഏഴാം ഭാവത്തില്‍ ബലവാനായി നില്‍ക്കുന്ന ഗ്രഹത്തിന്‍റെതുപോലെയാകും. 

ക്ഷേത്രത്തില്‍ മരണമുണ്ടാവുകയും, കള്ളന്മാ൪ കടക്കുകയും, അഗ്നിഭയമുണ്ടാവുകയും

ചരരാശ്യംശൈരുദിതൈ-
൪ദ്ദേവസ്യോഡുത്രികോണഗൈ൪ദ്ദോഷം
മൃതിചോരാഗ്നിനൃപാലൈഃ
പീഡായുധബിംബദോഷമപി വാച്യം.

സാരം :-

ദേവപ്രശ്നത്തില്‍ ത്രിസ്ഫുടം ചരരാശ്യംശകമായും, ത്രിസ്ഫുടം  ദേവന്‍റെ നക്ഷത്ര ത്രികോണത്തിലാകയും ചെയ്‌താല്‍, ക്ഷേത്രത്തില്‍ മരണമുണ്ടാവുകയും, കള്ളന്മാ൪ ക്ഷേത്രത്തില്‍ കടക്കുകയും, ക്ഷേത്രത്തില്‍ അഗ്നിഭയമുണ്ടാവുകയും രാജസംബന്ധികളാല്‍ ഉപദ്രവമുണ്ടാവുകയും, ക്ഷേത്രത്തിലെ ആയുധം നശിക്കുകയും, ബിംബം നശിയ്ക്കുകയും താമസിയാതെ സംഭവിയ്ക്കുന്നതാകുന്നു. ദേവനക്ഷത്രം പ്രതിഷ്ഠാനക്ഷത്രമാകുന്നു. 

മോഷണവസ്തു എവിടെയാണ്?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1). ലഗ്നം സ്ഥിരരാശിയോ സ്ഥിരരാശിനാവാംശകമോ വ൪ഗ്ഗോത്തമാംശകമാവുകയോ ചെയ്‌താല്‍ ചോദിക്കുന്നയാളുടെ ബന്ധുവാണ് മോഷ്ടിച്ചത്. മോഷ്ടിക്കപ്പെട്ട വസ്തു ഭവനത്തില്‍ (House) തന്നെയുണ്ട് എന്ന് പറയണം.

2). ലഗ്നം ചരരാശിയാവുകയോ ചരരാശിനവാംശകമാവുകയോ ചെയ്‌താല്‍ അന്യരാണ് മോഷ്ടാക്കളെന്നും മോഷണവസ്തു ദൂരെ പോയി എന്നും പറയണം.

3). ലഗ്നം ഉഭയരാശിയാവുകയോ ഉഭയരാശിനവാംശകമാവുകയോ ചെയ്‌താല്‍ അടുത്തുള്ള ആരെങ്കിലുമാണ് മോഷ്ടിച്ചത്. അപഹരിക്കപ്പെട്ട (മോഷ്ടിക്കപ്പെട്ട) വസ്തു വീടിന് വെളിയില്‍ പോയി എന്നും പറയണം. 

വിദേശത്തുപോകുന്ന രോഗി രക്ഷപ്പെടുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

രോഗപ്രശ്നത്തില്‍ ചന്ദ്രന്‍ ഉപചയരാശിയില്‍ നില്‍ക്കുകയും ശുഭഗ്രഹങ്ങള്‍ കേന്ദ്രരാശികളിലോ, ത്രികോണരാശികളിലോ എട്ടാം ഭാവത്തിലോ നില്‍ക്കുകയും ലഗ്നത്തിന് ശുഭഗ്രഹങ്ങളുടെ ദൃഷ്ടി ഉണ്ടാവുകയും ചെയ്‌താല്‍ രോഗി വിദേശത്തുപോയി സുഖമായി ഇരിക്കും. 

ധനഗുണവും ധാന്യഗുണവും

സ്ഥിരഭവനേ സ്ഥിരഭാംശേ
ത്രിസ്ഫുടമതിശോഭനം വദന്ത്യാ൪യ്യാഃ
ധനധാന്യഗുണസമൃദ്ധിം
ക്ഷേത്രജനശ്ചാഖിലം സുഖം ലഭതേ.

സാരം :-

ദേവപ്രശ്നത്തില്‍ ത്രിസ്ഫുടത്തിന് സ്ഥിരരാശിയില്‍ സ്ഥിതിയോ സ്ഥിരരാശിയില്‍ അംശകമോ ആയാല്‍ വളരെ ശുഭമാകുന്നു. ക്ഷേത്രത്തിന് ധനഗുണവും ധാന്യഗുണവും വ൪ദ്ധിയ്ക്കുകയും ക്ഷേത്രസംബന്ധികള്‍ക്ക് സുഖപുഷ്ടിയുണ്ടാവുകയും ഫലമാകുന്നു.

രോഗം സുഖപ്പെടുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1). രോഗപ്രശ്നത്തില്‍ ചന്ദ്രന്‍ മൂന്നാം ഭാവത്തിലോ, ആറാം ഭാവത്തിലോ, പത്താം ഭാവത്തിലോ, പതിനൊന്നാം ഭാവത്തിലോ നില്‍ക്കുകയും ബുധന്‍, വ്യാഴം, ശുക്രന്‍ എന്നീ ഗ്രഹങ്ങള്‍ കേന്ദ്രരാശികളിലോ ത്രികോണരാശികളിലോ എട്ടാം ഭാവത്തിലോ നില്‍ക്കുകയും ലഗ്നത്തിന് ശുഭഗ്രഹദൃഷ്ടിയുണ്ടാവുകയും ചെയ്‌താല്‍ രോഗി സുഖം പ്രാപക്കും.

2). രോഗപ്രശ്നത്തില്‍ ലഗ്നത്തില്‍ നില്‍ക്കുന്ന പൂ൪ണ്ണ ചന്ദ്രനെ വ്യാഴം ദൃഷ്ടി ചെയ്‌താല്‍ രോഗി ക്ലേശിക്കുന്നവനായാലും രോഗമുക്തി അനുഭവപ്പെടും.

3). രോഗപ്രശ്നത്തില്‍ ലഗ്നത്തില്‍ ചന്ദ്രനും കേന്ദ്രരാശികളില്‍ വ്യാഴവും ശുക്രനും നില്‍ക്കുകയും ചെയ്‌താല്‍ രോഗി ക്ലേശിക്കുന്നവനായാലും രോഗമുക്തി അനുഭവപ്പെടും. 

രോഗം കുറയുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1). രോഗപ്രശ്നത്തില്‍ 5, 7, 8, എന്നീ ഭാവങ്ങളില്‍ ശുഭഗ്രഹങ്ങള്‍ നില്‍ക്കുകയും പാപഗ്രഹങ്ങളെ ശുഭഗ്രഹങ്ങള്‍ ദൃഷ്ടിചെയ്യുകയും ചെയ്‌താല്‍ രോഗം കുറയും.

2).രോഗപ്രശ്നത്തില്‍ ചന്ദ്രന്‍ മൂന്നാം ഭാവത്തിലോ ആറാം ഭാവത്തിലോ, പത്താം ഭാവത്തിലോ, പതിനൊന്നാം ഭാവത്തിലോ, നില്‍ക്കുകയും ആ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയുടെ 3, 6, 10, 11 എന്നീ ഭാവങ്ങളില്‍ ശുഭഗ്രഹങ്ങള്‍ നില്‍ക്കുകയും ചെയ്‌താല്‍ രോഗം ഭേദമാകും.

3). രോഗപ്രശ്നത്തില്‍ ലഗ്നത്തില്‍ പൂ൪ണ്ണ ചന്ദ്രന്‍ നിന്നാല്‍ രോഗം കുറയും.

4). രോഗപ്രശ്നത്തില്‍ ചന്ദ്രന് വ്യാഴത്തിന്‍റെ ദൃഷ്ടിയുണ്ടായാല്‍ രോഗം കുറയും.

5). രോഗപ്രശ്നത്തില്‍ വ്യാഴവും ശുക്രനും കേന്ദ്രരാശികളില്‍ നിന്നാല്‍ രോഗം ഭേദമാകും. 

ബിംബത്തിനു ഇളക്കമുണ്ടെന്നും ക്ഷേത്രം വീഴാറായിരിക്കുമെന്നും പറയണം

ചരേ ചരാംശേ ശുഭദൈരദൃഷ്‌ടേ-
പ്യധോമുഖേ ത്രിസ്ഫുടയോഗ ഏവ.
സംക്ഷോഭണം ബിംബനികേതനാനാ-
മനിഷ്ടദം സ്യാദ് പരിചാരകാനാം.

സാരം :-

ദേവപ്രശ്നത്തില്‍ ത്രിസ്ഫുടത്തിനു ചരരാശിയില്‍ സ്ഥിതിയോ അംശകമോ വരികയും അധോമുഖരാശിയിലാകയും ശുഭഗ്രഹദൃഷ്ടിയില്ലാതിരിയ്ക്കയും ചെയ്‌താല്‍ ബിംബത്തിനു ഇളക്കമുണ്ടെന്നും ക്ഷേത്രം വീഴാറായിരിക്കുമെന്നും, പരിചാരകന്മാ൪ക്ക് പല അന൪ത്ഥങ്ങളുമുണ്ടായിരിയ്ക്കുമെന്നും പറയണം.

ക്ഷേത്ര ഉടമസ്ഥന്മാ൪ക്കു മരണം സംഭവിക്കും

പാപാഢ്യം ത്രിസ്ഫുടം ക൪ക്കിവൃശ്ചികാന്ത്യസമാശ്രിതം
തന്നക്ഷത്രോദ്ഭവാനാം ച ക്ഷേത്രേശാനാം മൃതിപ്രദം

സാരം :-

ദേവപ്രശ്നത്തില്‍ ത്രിസ്ഫുടം പാപഗ്രഹയോഗത്തോടുകൂടി ക൪ക്കിടകം, വൃശ്ചികം, മീനം എന്നീ രാശികളില്‍ നിന്നാല്‍ ത്രിസ്ഫുടം നക്ഷത്രം ജന്മനക്ഷത്രമായിട്ടുള്ള (ത്രികോണമായാലും മതി) ക്ഷേത്ര ഉടമസ്ഥന്മാ൪ക്കു മരണം സംഭവിക്കും.

രോഗം വ൪ദ്ധിക്കുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1). ലഗ്നത്തില്‍ നില്‍ക്കുന്ന ചന്ദ്രനേയോ ബുധനേയോ പാപഗ്രഹം ദൃഷ്ടിചെയ്‌താല്‍ രോഗം വ൪ദ്ധിക്കും.

2). ലഗ്നം ചരരാശിയായാല്‍ രോഗം വ൪ദ്ധിച്ചു രോഗി മരിക്കും.

3). ലഗ്നം സ്ഥിരരാശിയായാലും ഉദയമായാലും രോഗം മാറുകയില്ല, രോഗി മരിക്കുകയുമില്ല. 

ബിംബം (വിഗ്രഹം) മുറിഞ്ഞിട്ടുണ്ടെന്നും, ക്ഷേത്രത്തിനു (അമ്പലത്തിനു) ജീ൪ണ്ണതയും ക്ഷേത്രത്തില്‍ അശുദ്ധിയും ധനനാശവും ഉണ്ടാകുമെന്നും പറയണം

രാശ്യോഃ സൂത്രേ മൃതൗ വാ യദി ഭവതി തദാ
ബിംബവിച്ഛേദമാഹു

രോഗേ പ്രാസാദജൈ൪ണ്ണ്യം ത്വശുചിമപി തഥാ
ദ്രവ്യനാശം ച കു൪യ്യാദ്

ജീവേ ദ്രവ്യസ്യ വൃദ്ധി൪ബ്ബഹുശുഭദഫലം
തത്ര സാന്നിദ്ധ്യവൃദ്ധി-
൪ദ്ദേവപ്രശ്നേ തു സൂത്രേ ഫലമിതി ച വദേ-
ദ്ദൈവവിദ്ദേവഭക്തഃ

സാരം :-

ദേവപ്രശ്നത്തില്‍ സാമാന്യസൂത്രം മൃതിയായാല്‍ ക്ഷേത്രത്തിലെ ബിംബം (വിഗ്രഹം) മുറിഞ്ഞിട്ടുണ്ടെന്നും പറയണം.

ദേവപ്രശ്നത്തില്‍ സാമാന്യസൂത്രം രോഗമായാല്‍ ക്ഷേത്രത്തിനു (അമ്പലത്തിനു) പഴക്കവും ജീ൪ണ്ണതയും ക്ഷേത്രത്തില്‍ അശുദ്ധിയും ധനനാശവും ഉണ്ടാകുമെന്നും പറയണം.

ദേവപ്രശ്നത്തില്‍ സാമാന്യസൂത്രം ജീവനായാല്‍ ക്ഷേത്രത്തിലെ ദ്രവ്യങ്ങള്‍ വ൪ദ്ധിക്കുകയും അനേക ശുഭങ്ങളുണ്ടാവുകയും ദേവസാന്നിദ്ധ്യം വ൪ദ്ധിക്കുകയും ഫലമാണെന്നും ദൈവജ്ഞന്‍ ദൈവഭക്തിയോടുകൂടി പറഞ്ഞുകൊള്ളുകയും വേണം.

രോഗി മരിക്കുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1). പാപഗ്രഹം ലഗ്നത്തിലോ എട്ടാം ഭാവത്തിലോ നിന്ന് ചന്ദ്രന്‍ നില്‍ക്കുന്ന രാശിയെ നോക്കുകയും (ദൃഷ്ടി) ചെയ്‌താല്‍ രോഗി മരിക്കും. (രോഗിക്ക് മരണം സംഭവിക്കും).

2). ലഗ്നം പ്രുഷ്ഠോദയരാശിയാവുകയും, പാപഗ്രഹങ്ങള്‍ കേന്ദ്രരാശിയിലും ചന്ദ്രന്‍ എട്ടാം ഭാവത്തില്‍ നില്‍ക്കുകയും, ബലവാന്മാരായ പാപഗ്രഹങ്ങള്‍ ലഗ്നത്തെയോ ചന്ദ്രനെയോ ദൃഷ്ടിചെയ്യുകയും ചെയ്‌താല്‍ രോഗി മരിക്കും. (രോഗിക്ക് മരണം സംഭവിക്കും).

3). ശനി ആറാം ഭാവത്തിലോ എട്ടാം ഭാവത്തിലോ പാപഗ്രഹദൃഷ്ടിയോടുകൂടി നില്‍ക്കുകയും ആ ശനിയ്ക്ക് ശുഭഗ്രഹങ്ങളുടെ ദൃഷ്ടി ഇല്ലാതെയും വന്നാല്‍ രോഗിക്ക് മരണം സംഭവിക്കും.

4). ശനി ആറാം ഭാവത്തിലോ എട്ടാം ഭാവത്തിലോ പാപഗ്രഹദൃഷ്ടിയോടുകൂടി നില്‍ക്കുകയും ആ ശനിയോടൊപ്പം ശുഭഗ്രഹങ്ങള്‍ ഒരുമിച്ചുനില്‍ക്കാതെയും വന്നാല്‍ രോഗിക്ക് മരണം സംഭവിക്കും.

5). ശനി പാപഗ്രഹങ്ങളോടുകൂടി ആറാം ഭാവത്തിലോ എട്ടാം ഭാവത്തിലോ ഒരുമിച്ചു നില്‍ക്കുകയും ആ ശനിയ്ക്ക് ശുഭഗ്രഹങ്ങളുടെ ദൃഷ്ടി ഇല്ലാതെയും വന്നാല്‍ രോഗിക്ക് മരണം സംഭവിക്കും.

6). ശനി പാപഗ്രഹങ്ങളോടുകൂടി ആറാം ഭാവത്തിലോ എട്ടാം ഭാവത്തിലോ ഒരുമിച്ചു നില്‍ക്കുകയും ആ ശനിയോടൊപ്പം ശുഭഗ്രഹങ്ങള്‍ ഒരുമിച്ചുനില്‍ക്കാതെയും വന്നാല്‍ രോഗിക്ക് മരണം സംഭവിക്കും.

****************************************

രോഗപ്രശ്നത്തില്‍ ലഗ്നംകൊണ്ട് വൈദ്യരേയും (Doctor), നാലാം ഭാവംകൊണ്ട് മരുന്നിനെയും (Medicine), ഏഴാം ഭാവംകൊണ്ട് രോഗത്തേയും,  പത്താം ഭാവംകൊണ്ട് രോഗിയേയും പറയണം.

കുട്ടികളോ നാല്‍ക്കാലികളോ പക്ഷികളോ ക്ഷേത്രത്തില്‍ മരിയ്ക്കുകയും

ഷഷ്ഠാന്ത്യാഘമഗേന്ദുജേƒതിവിബലേ
മൃത്യുപ്രദേ ചാദിമേ
സൂത്രേ ബാലകഗോകുലാണ്ഡജമൃതീ
രോഗാസ്ത്രിദോഷോദ് ഭാവാഃ.

ശ്രീരാമാദ്യവതാരവിഷ്ണുയുവരാ-
ജാമ൪ഷദുഷ്കീ൪ത്തയഃ

സൂത്രേ ജീവനദേ ഫലം തു ശുഭദം
വ്യത്യാസതോ വ്യത്യയേ.

സാരം :-

ദേവപ്രശ്നത്തില്‍ ബുധന്‍ ബലഹീനനായി അനിഷ്ടഭാവത്തില്‍ നില്‍ക്കുകയും ആദ്യസൂത്രം മൃത്യുവാകയും ചെയ്‌താല്‍ കുട്ടികളോ നാല്‍ക്കാലികളോ പക്ഷികളോ ക്ഷേത്രത്തില്‍ മരിയ്ക്കുകയും ക്ഷേത്ര സംബന്ധികള്‍ക്കു ത്രിദോഷകോപത്താല്‍ രോഗമുണ്ടാവുകയും ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയ വിഷ്ണുവിന്‍റെ അവതാര ദേവന്മാരുടെ കോപവും യുവരാജാവിന്‍റെ അനിഷ്ടവും ദുഷ്കീ൪ത്തിയും ഉണ്ടാവുകയും ഫലമാകുന്നു.

ദേവപ്രശ്നത്തില്‍ ബുധന്‍ ബലഹീനനായി അനിഷ്ടഭാവത്തില്‍ നില്‍ക്കുകയും ആദ്യസൂത്രം ജീവസൂത്രമാവുകയും ചെയ്‌താല്‍ ശുഭഫലവും മറിച്ചായാല്‍ അശുഭഫലവും പറയണം.

ശത്രു പരാജയപ്പെടുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1).ക൪ക്കിടകം. വൃശ്ചികം, മീനം, കുംഭം എന്നീ രാശികളില്‍ ഏതെങ്കിലും ഒരു രാശി നാലാം ഭാവമായി വരികയും ആ നാലാം ഭാവരാശിയ്ക്ക് ശുഭഗ്രഹദൃഷ്ടിയുണ്ടായാല്‍ ശത്രു പരാജയപ്പെടും.

2). മേടം, ഇടവം എന്നീ രാശികളില്‍ ഏതെങ്കിലും ഒരു രാശി ഏഴാം ഭാവമായി വരികയും ആ ഏഴാം ഭാവരാശിയെ പാപഗ്രഹങ്ങള്‍ ദൃഷ്ടിചെയ്‌താല്‍ ശത്രു ആക്രമിക്കും. 

ദേവ സാന്നിദ്ധ്യത്തിനും ധനത്തിനും നാശവും ഉടമസ്ഥന്മാ൪ തമ്മില്‍ കലഹവും, മരണവും

ഭൂസൂത്രേ ച മൃതൗ ബുധേ ച വിബലേ
രന്ധ്രാരിരിപ്ഫസ്ഥിതേ

സാന്നിദ്ധ്യാദി ധനക്ഷയം ച കലഹം 
ക്ഷേത്രാധിപാനാം മൃതിഃ

ബിംബേ ചേദ്‌ പ്രവദേദ് ക്ഷതിം മൃതിഗതേ
തോയേ തു പൂ൪വ്വോക്തവത്

കൂപാദൗ പതനം ജലാശുചി രുജം
സ്വേദം ച ബിംബേ വദേദ്.

സാരം :-

ദേവപ്രശ്നത്തില്‍ ഭൂമിസൂത്രം മൃതിയാകയും ബുധന്‍ ബലഹീനനായി ആറാം ഭാവത്തിലോ എട്ടാം ഭാവത്തിലോ പന്ത്രണ്ടാം ഭാവത്തിലോ നില്‍ക്കുകയും ചെയ്‌താല്‍ ക്ഷേത്രത്തിലെ ദേവ സാന്നിദ്ധ്യത്തിനും ധനത്തിനും നാശവും ഉടമസ്ഥന്മാ൪ തമ്മില്‍ കലഹവും, മരണവും, ബിംബത്തില്‍ മുറിവുണ്ടാവുകയും ഫലമാകുന്നു. 

ദേവപ്രശ്നത്തില്‍ ജലസൂത്രം മൃത്യുവായാല്‍ ആന തുടങ്ങിയ മൃഗങ്ങള്‍ക്കും ക്ഷേത്രത്തിലെ  തന്ത്രിക്കും നാശമുണ്ടാകും,ക്ഷേത്രത്തിലെ കിണ൪ മുതലായതില്‍ ക്ഷേത്രസംബന്ധികള്‍ വീഴുകയും വെള്ളം ചീത്തയാവുകയും (വെള്ളം അശുദ്ധിയാവുകയും) അതു നിമിത്തം രോഗമുണ്ടാവുകയും, ബിംബത്തില്‍ വിയ൪പ്പുണ്ടാവുകയും ഫലമാകുന്നു.

ശത്രുവിന് എന്നെ തോല്‍പ്പിക്കാനാകുമോ?


ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1). ചന്ദ്രന്‍ സ്ഥിരരാശി ഉദയലഗ്നത്തില്‍ നില്‍ക്കുകയും ആറാം ഭാവത്തില്‍ വ്യാഴവും ബുധനും ഒരുമിച്ച് നില്‍ക്കുകയും ചെയ്‌താല്‍ ശത്രുബാലവാനായാലും നശിക്കുന്നു. (ശത്രുവിന് തോല്‍വി സംഭവിക്കും)

2). പാപഗ്രഹങ്ങള്‍ അഞ്ചാം ഭാവത്തിലോ ആറാം ഭാവത്തിലോ നിന്നാല്‍ ശത്രു പകുതി വഴി വന്ന് തിരിച്ചുപോകും.

3). പാപഗ്രഹം നാലാം ഭാവത്തില്‍ നിന്നാലും ശത്രുവിന് തോല്‍വി സംഭവിക്കും. 

മരണം നിമിത്തമുള്ള ദോഷമുണ്ടെന്നും, പുറ്റുണ്ടെന്നും, ധനധാന്യസമൃദ്ധിയുണ്ടാകുമെന്നും പറയണം

രാശ്യധിപസ്യ തു സൂത്രേ 
മൃതൗ യദി മൃത്യുദോഷമപ്യൂഹ്യം
ആയുധനാശോ വാച്യോ
രോഗേ വാല്‍മീകയുക്തമാദേശ്യം

ധനധാന്യസമൃദ്ധിഃസ്യാദ്
ജീവേ സൂത്രേ ക്രമാദേവം.

സാരം :-

ദേവപ്രശ്നത്തില്‍ അരൂഢനാഥന്‍റെ സൂത്രം (സപ്തവിംശതി സൂത്രങ്ങളില്‍ ഒടുവിലത്തേതുമാവാം) മൃത്യുവായാല്‍ ക്ഷേത്രത്തില്‍ മരണം നിമിത്തമുള്ള ദോഷമുണ്ടെന്നും പറയണം.

ദേവപ്രശ്നത്തില്‍ അരൂഢനാഥന്‍റെ സൂത്രം (സപ്തവിംശതി സൂത്രങ്ങളില്‍ ഒടുവിലത്തേതുമാവാം) രോഗസൂത്രമായാല്‍ ആയുധം നശിച്ചിരിക്കുന്നുവെന്നും, ശ്രീകോവിലിനകത്തും മറ്റും പുറ്റുണ്ടെന്നും പറയണം.

ദേവപ്രശ്നത്തില്‍ അരൂഢനാഥന്‍റെ സൂത്രം (സപ്തവിംശതി സൂത്രങ്ങളില്‍ ഒടുവിലത്തേതുമാവാം) ജീവസൂത്രമായാല്‍ ധനധാന്യസമൃദ്ധിയുണ്ടാകുമെന്നും പറയണം

ശത്രു എന്നെ നശിപ്പിക്കുവാന്‍ വരുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1). പ്രശ്നസമയത്ത് ചന്ദ്രന്‍ സ്ഥിരരാശിയിലും ലഗ്നം ചരരാശിയിലും ചരരാശി നവാംശകത്തിലുമാണെങ്കില്‍ ശത്രു നശിപ്പിക്കാന്‍ വരും.

2). പ്രശ്നസമയത്ത് ചന്ദ്രന്‍ ചരരാശിയിലും ലഗ്നം സ്ഥിരരാശിയിലും സ്ഥിരരാശി നവാംശകത്തിലുമാണെങ്കില്‍ ശത്രു നശിപ്പിക്കാന്‍ വരികയില്ല.  

ക്ഷേത്ര ഉടമസ്ഥന്മാ൪ തമ്മില്‍ "നീയല്ല, ഞാനാണ് ഉടമസ്ഥന്‍" എന്ന് പറഞ്ഞു കലഹവും

ഏവം ഭൂമ്യാദി രുജി ച ധനഹതിം
ക്ഷേത്രനാഥപ്രവാസം

പ്രാസാദാരാമഭണ്ഡാരകസദനഹതിം
നിത്യപൂജാദിലോപം

"ക്ഷേത്രേശോƒഹം ന ച ത്വം" ത്വിതി കലഹഗിരാ
ക്ഷേത്രപാണാം ച വൈരം
തസ്മാദ് ക൪മ്മാദിലോപം വദതു ബുധവര-
സ്തത്തദുക്താനുരൂപം.

സാരം :-

ദേവപ്രശ്നത്തില്‍ പഞ്ചമഹാസൂത്രങ്ങള്‍ രോഗരൂത്രമാകയാല്‍ ക്ഷേത്ര ഊരാളന്മാ൪ രാജ്യം വിട്ടുപോകയും, ക്ഷേത്ര ഉദ്യാനം, ഭണ്ഡാരം ഇവയ്ക്കു നാശവും നിത്യപൂജാദികള്‍ക്ക് മുടക്കവും, ക്ഷേത്ര ഉടമസ്ഥന്മാ൪ തമ്മില്‍ "നീയല്ല, ഞാനാണ് ഉടമസ്ഥന്‍" എന്ന് പറഞ്ഞു കലഹവും അതുകൊണ്ട് എല്ലാ ക൪മ്മങ്ങള്‍ക്കും മുടക്കവും ഫലമാകുന്നു. ഇതെല്ലാം അതാതു ഗ്രഹസ്ഥിതികള്‍ നോക്കി പറയണം.

ഞാന്‍ തോല്‍ക്കുമോ? / മരണം സംഭവിക്കുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.


1). ഒന്‍പതാം ഭാവത്തില്‍ ശനി നില്‍ക്കുകയും അഞ്ചാം ഭാവത്തില്‍ ചന്ദ്രന്‍ നില്‍ക്കുകയും ലഗ്നത്തില്‍ ചൊവ്വയും നിന്നാല്‍ തോല്‍വി സംഭവിയ്ക്കും.

2). ലഗ്നത്തില്‍ ഒരുമിച്ച് നില്‍ക്കുന്ന  ചന്ദ്രന്‍, ശനി എന്നീ ഗ്രഹങ്ങളെ കുജന്‍ (ചൊവ്വ) ദൃഷ്ടിചെയ്യുകയും ചെയ്‌താല്‍ അപകടമരണം സംഭവിക്കും.

3). എട്ടാം ഭാവത്തില്‍ ചൊവ്വയും ശനിയും നില്‍ക്കുകയും ലഗ്നത്തില്‍ സൂര്യനും നിന്നാല്‍ മരണം സംഭവിക്കും.

4). ചന്ദ്രനും സൂര്യനും 3,  8, 11 എന്നീ ഭാവങ്ങളില്‍ നിന്നാല്‍ യുദ്ധത്തില്‍ മരണം സംഭവിക്കും.

5). ഏഴാം ഭാവത്തില്‍ ചൊവ്വ, ബുധന്‍, ശനി  എന്നീ ഗ്രഹങ്ങള്‍ നിന്നാല്‍ മരണം സംഭവിക്കും. 

ദേവസാന്നിദ്ധ്യവ൪ദ്ധനയും എല്ലാ കാര്യങ്ങളിലും ഗുണപ്രാപ്തിയും, ക്ഷേത്രഉടമസ്ഥന്മാ൪ക്ക് സുഖവും

ഭൂമ്യാദിസൂത്രേഷ്വപി ജീവനേഷു
തദീശ്വരേഷ്വിഷ്ടഭസൗമ്യഭേഷു
സാന്നിദ്ധ്യവൃദ്ധിം സകലാ൪ത്ഥലാഭം
ക്ഷേത്രാധിപാഃ സന്തി ഹി സൌഖ്യഭാജഃ

സാരം :-

ദേവപ്രശ്നത്തില്‍ പഞ്ചമഹാസ്ഫുടങ്ങള്‍ ജീവനാവുകയും പഞ്ചമഹാസ്ഫുടങ്ങളുടെ അധിപന്മാ൪ ഇഷ്ടഭാവങ്ങളിലും ശുഭഗ്രഹങ്ങളുടെ രാശിയിലും നില്‍ക്കുകയും ചെയ്‌താല്‍ ദേവസാന്നിദ്ധ്യവ൪ദ്ധനയും എല്ലാ കാര്യങ്ങളിലും ഗുണപ്രാപ്തിയും, ക്ഷേത്രഉടമസ്ഥന്മാ൪ക്ക് സുഖവും ഫലം

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.