ഐശ്വര്യം വരാന്‍ പത്ത് കാര്യങ്ങള്‍

ഐശ്വര്യം വരാന്‍ വ്യക്തിപരമായി പാലിക്കേണ്ട പത്ത് കാര്യങ്ങള്‍:

1. ക്ഷേത്രങ്ങള്‍, വീട്, ഓഫീസ് എന്നീ സ്ഥലങ്ങളില്‍ വലതുകാല് വച്ച് കയറുകയും ഇറങ്ങുമ്പോള്‍ ഇടതുകാല് വച്ച് ഇറങ്ങുകയും പതിവാക്കുക. 

2. അറവുശാല, ശൗചാലയം എന്നിവിടങ്ങളില്‍ ഇടതുകാല് വച്ച് കയറുകയും ഇറങ്ങുമ്പോള്‍ വലതുകാല് വച്ച് ഇറങ്ങുകയും ചെയ്യുക. 

3. പണം, സ്വര്‍ണ്ണം, വസ്ത്രം, ഗ്രന്ഥം, ധാന്യം എന്നിവ സ്വീകരിക്കുമ്പോഴും കൊടുക്കുമ്പോഴും വലതുകൈ ഉപയോഗിക്കുക.

4. സഹായം ചോദിച്ച് വരുന്നവരെ ഒരിക്കലും നിരാശരാക്കി മടക്കി അയയ്ക്കരുത്. മാത്രമല്ല സന്ധ്യ കഴിഞ്ഞാല്‍ വീട്ടില്‍ അഭയം ചോദിച്ച് വരുന്നവര്‍ക്ക്(അവര്‍ അപരിചിതരോ ശത്രുവോ ആണെങ്കില്‍ കൂടി) ഭക്ഷണം, താമസം, ഉറക്കം എന്നീ കാര്യങ്ങള്‍ക്ക് സൗകര്യം ഒരുക്കിക്കൊടുക്കുക. 

5. നമ്മളോട് തെറ്റ് ചെയ്തവര്‍ അവരുടെ തെറ്റ് മനസ്സിലാക്കി മാപ്പ് ചോദിച്ച് വരുമ്പോള്‍ അവര്‍ക്ക് ക്ഷമിച്ചുകൊടുക്കണം. 

6. ക്ഷേത്രദര്‍ശനം കഴിഞ്ഞാല്‍ നേരെ സ്വന്തം വീട്ടിലേയ്ക്ക് വരണം. 

7. ക്ഷേത്രദര്‍ശനം ആഴ്ചയിലൊരിക്കലെങ്കിലും ശീലമാക്കണം. 

8. ക്ഷേത്രനിര്‍മ്മാണം, പുനരുദ്ധാരണം എന്നിവയ്ക്ക് തന്‍റെ ശക്തിക്കൊത്ത് ദാനം ചെയ്യണം. 

9. ദേവീഭക്തരായ പുരുഷന്മാര്‍ എപ്പോഴും മാന്യമായിട്ട് മാത്രമേ സ്ത്രീകളോട് പെരുമാറാവൂ. 

10. നിത്യവും ഉറങ്ങുന്നതിന് മുമ്പും രാവിലെ ഉണര്‍ന്നതിന് ശേഷവും പ്രപഞ്ച സ്രഷ്ടാവായ ജഗദീശ്വരനെ സ്മരിക്കുക.

മുകളില്‍ പറഞ്ഞിട്ടുള്ള പത്ത് കാര്യങ്ങളും ഏതൊരു വ്യക്തി സ്വന്തം ജീവിതത്തില്‍ പകര്‍ത്തുന്നുവോ അയാളുടെ ഗൃഹത്തിലും അയാളുള്ള സ്ഥലങ്ങളിലെല്ലാം മഹാലക്ഷ്മിയുടെ അംശാവതാരവും ഐശ്വര്യദേവതയുമായ ശ്രീ ഭഗവതി കുടികൊള്ളും, തീര്‍ച്ച.

വർണ്ണജാതി പരിഗണനകൾ ഒന്നുംതന്നെ കൗളധർമ്മത്തിലില്ലല്ലോ. അങ്ങനെയെങ്കിൽ ഇത് സാർവ്വജനീനമായ പദ്ധതിയാണോ?

കൗളം എന്നത് സാർവ്വജനീനമല്ല. എല്ലാവർക്കും കൗളന്മാരാവാൻ പറ്റില്ല. മനുഷ്യന് പശുഭാവം, വീരഭാവം, ദിവ്യഭാവം എന്നിങ്ങനെയുള്ള  അവസ്ഥകളുണ്ട്. ഈശ്വരനോട് സ്വാമിഭൃത്യഭാവനവെച്ചുപുലർത്തുന്ന ഭക്തി പശുഭാവത്തിന്റേതാണ്. എന്നാൽ കൗളന്മാർ വീരസാധകന്മാരാണ്. താൻ പൂജിയ്ക്കുന്ന ദേവത ഒരിയ്ക്കലും തന്നിൽനിന്ന് അന്യയല്ല മറിച്ച് സ്വന്തം പ്രാണശക്തി തന്നെയാണെന്ന് മനസ്സിലാക്കി അഭിന്നത ഭാവന ചെയ്യുന്നവനാണ് കൗളൻ. അതിനാൽ വീരഭക്തിയാണ് ആവശ്യം. വീരന്മാർക്ക് മാത്രമേ ഈ മാർഗ്ഗത്തിൽ ചരിക്കാൻ സാധിക്കും. പശുജനങ്ങൾക്ക് സാധിക്കില്ല എന്നതിനാൽ കൗളധർമ്മം സാർവ്വജനീനമല്ല.

മേടരാശിക്കാർക്ക് ‘ചുവപ്പ്’ ഐശ്വര്യം

മേടം രാശിയിൽ ജനിച്ചവർ ചൊവ്വയെ പ്രീതിപ്പെടുത്തുന്ന ചൊവ്വാഴ്ച വ്രതം പോലെയുള്ളവ അനുഷ്ഠിക്കുന്നത് ശ്രേയസ്കരമായിരിക്കും. ചൊവ്വാഴ്ച വ്രതമനുഷ്ഠിക്കുമ്പോൾ സാധാരണ വ്രതനിഷ്ഠകൾക്കൊപ്പം സന്ധ്യയ്ക്കു ശേഷം ഉപ്പു ചേർന്ന ഭക്ഷണം കഴിക്കരുതെന്നാണ് വിധി. ജന്മനക്ഷത്ര ദിവസം നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലോ സുബ്രഹ്മണ്യ ക്ഷേത്രത്തിലോ വിഷ്ണു ക്ഷേത്രത്തിലോ ദർശനം നടത്തുന്നത് നല്ലതാണ്. വിഷ്ണുസഹസ്രനാമം പതിവായി ജപിക്കുക. തൊഴിൽ പ്രശ്നങ്ങളും ബിസിനസ് തടസ്സവും നേരിടുന്ന മേടം രാശിക്കാർക്ക് ശനീശ്വര പൂജയും ശാസ്താഭജനവും ഐശ്വര്യം നൽകുമെന്ന് വിശ്വാസം.

ചൊവ്വ യുഗ്മരാശിയിലാണെങ്കിൽ ഭദ്രകാളീ ഭജനമാണ് നടത്തേണ്ടത്. പവിഴം, മാണിക്യം, മഞ്ഞപുഷ്യരാഗം, മുത്ത് ഇവയാണ് ഈ രാശിക്കാർക്ക് പൊതുവേ പറയാവുന്ന രത്നങ്ങൾ. ജന്മനക്ഷത്ര സ്ഥിതി കണക്കിലെടുത്തുള്ള നിർദേശം സ്വീകരിച്ച് ഉചിതമായ രത്നധാരണം നടത്താം. ചൊവ്വ, ഞായർ, തിങ്കൾ, വ്യാഴം ഇവ അനുകൂല ദിനങ്ങളും. ചുവപ്പ്, മഞ്ഞ, വെളുപ്പ് ഇവ അനുകൂല നിറങ്ങളുമാണ്. തൃക്കേട്ട, അനിഴം, വിശാഖം അന്ത്യപാദം ഈ നക്ഷത്ര ദിനങ്ങൾ ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ ഈ രാശിക്കാർക്ക് നന്നല്ല.

സ്ത്രീജനങ്ങളെ യോഗിനിമാരായിക്കണ്ട് പൂജിയ്ക്കണമെന്നാണല്ലോ തന്ത്രശാസ്ത്രപ്രമാണം. എന്നാൽ സതി ആചരണം എങ്ങനെയുണ്ടായി?

ഭർത്താവ് മരിച്ചാൽ ഭാര്യ സതി ആചരിക്കണമെന്ന കാര്യം മുൻകാലങ്ങളിൽ ഇല്ലായിരുന്നു. രാമായണത്തിൽ ദശരഥൻ മരിച്ചിട്ട് മൂന്നുഭാര്യമാരിൽ ആരുംതന്നെ സതി ആചരിച്ചിട്ടില്ല. എന്നാൽ മഹാഭാരതകാലഘട്ടമായപ്പോഴേയ്ക്കും സതി ആചരണം നിലവിൽ വന്നിരുന്നു. പാണ്ഡുമഹാരാജാവിന്റെ ചിതയിലേയ്ക്ക് രണ്ടാമത്തെ ഭാര്യയായ മാദ്രി പ്രവേശിച്ചതായി പരാമർശമുണ്ട്. എന്നാൽ ഈ ആചരണം വളരെ വലിയ പാപമായിട്ടാണ് തന്ത്രശാസ്ത്രം ഉദ്ബോധിപ്പിക്കുന്നത്. ഭർത്താവിന്റെ കൂടെ കുലകാമിനിയെ ദഹിപ്പിക്കരുത് എന്നും അവൾ ദേവിയുടെ അംശമാണെന്നും മഹാനിർവ്വാണതന്ത്രത്തിൽ പ്രസ്താവിച്ചിരിക്കുന്നു.

വിഷ്ണുപൂജയ്ക്ക് വേണ്ടുന്ന പൂക്കള്‍

ക്ഷേത്രാചാര രഹസ്യങ്ങളില്‍ വിഷ്ണുഭഗവാനെ പൂജിക്കേണ്ടുന്ന പൂക്കളെപ്പറ്റി പറയുന്നുണ്ട്. കൃഷ്ണതുളസി, രാമതുളസി, വെള്ളത്താമര, ചെന്താമര, പ്ലാശ്, പിച്ചകം, ജമന്തി, മുല്ല, കുരുക്കുത്തിമുല്ല, നാഗപ്പൂവ്, കാട്ടുചെമ്പകം, നന്ത്യാര്‍വട്ടം, മുക്കുറ്റി, ചെമ്പരത്തി, നൊച്ചിമല്ലിക, ചെമ്പകം, കൂവളം, നീലത്താമര, പുതുമുല്ല, ചുവന്ന മുല്ല എന്നിവ വിഷ്ണുപൂജയ്ക്ക് ഉത്തമമായ പുഷ്പങ്ങളാണ്. കൈതപ്പൂ സാധാരണ പൂജയ്ക്കെടുക്കില്ലെങ്കിലും വിഷ്ണുപൂജയ്ക്ക് ആകാമെന്നും ഒരു വിധിയുണ്ട്. ഇവയെല്ലാം ദേവപൂജയ്ക്കെടുക്കുന്ന പൂക്കളാണെങ്കിലും ഇവയുടെ ഔഷധഗുണങ്ങളെപ്പറ്റിയും ഇവ ശ്വസിച്ചാലുണ്ടാകുന്ന ഗുണങ്ങളെപ്പറ്റിയുമൊക്കെ വൈദ്യശാസ്ത്രം ആവോളം പ്രതിപാദിച്ചിട്ടുണ്ട്.

വടക്കുദിക്കും ബുധനാഴ്ച വ്രതവും

ബുധന്‍ കറുത്തവനും സുന്ദരനും വിദ്വാനും ചന്ദ്രസുതനും ശാന്തഗുണവാനുമാണ്. ഈ ദിവസം ശരീര -വസ്ത്ര -വാക്ക് - ചിന്താശുദ്ധിയോടെ വ്രതമനുഷ്ഠിക്കുന്നവര്‍ പച്ചനിറത്തിലുള്ള സാധനങ്ങള്‍ ഉപയോഗിക്കുന്നതും ദാനംചെയ്യുന്നതും വിശേഷമാണ്. ബുധനാഴ്ച ജനിക്കുന്ന കുട്ടികള്‍ക്ക് പിതാവിനേക്കാള്‍ ശ്രേഷ്ഠത കൂടുമെന്നാണ് വിശ്വാസം. അതിനാല്‍ സ്ത്രീകള്‍ പുണ്യസന്താനങ്ങള്‍ ജനിക്കാന്‍ ബുധനാഴ്ചവ്രതം നോല്‍ക്കാറുണ്ട്. ഒരിക്കലൂണ് നിര്‍ബ്ബന്ധമാക്കി വ്രതമനുഷ്ഠിക്കുന്നവര്‍ ആ ദിവസം വടക്കോട്ട് യാത്ര ചെയ്യുന്നത് നിഷിദ്ധമായി കരുതിപ്പോന്നു. അതില്‍ അല്‍പ്പം ശാസ്ത്രസത്യമാണുള്ളത്. ദക്ഷിണധ്രുവത്തില്‍നിന്നും ഉത്തരധ്രുവത്തിലേക്ക് സഞ്ചരിക്കുന്ന കാന്തികശക്തി ഉപവാസം അനുഷ്ഠിക്കുന്ന വ്രതക്കാരനെ ദോഷകരമായി ബാധിക്കുന്നതാണ് കാരണം.

സ്ത്രീസഹജങ്ങളായ അശുദ്ധികളെക്കുറിച്ച് കൗളൻ എന്ത് പറയുന്നു?

ആർത്തവം എന്നത് ഒരു ശരീരധർമ്മം മാത്രമാണ്. ആ സമയം സ്ത്രീകൾക്ക് അവരുടെ ശാരീരിക അനിവാര്യതയനുസരിച്ച് മാറി നിൽക്കണമെങ്കിൽ മാറിനിൽക്കാമെന്ന് മാത്രം. എന്നാൽ ഋതുമതികളെ ദേവിയായിക്കണ്ട് ഉപചരിക്കുന്ന സമ്പ്രദായവും തന്ത്രശാസ്ത്രത്തിലുണ്ട്. ഋതുമതികളെ പുഷ്പിണികൾ എന്നാണ് മുമ്പ് വിളിച്ചുവന്നിരുന്നത്.

ജാതിസമ്പ്രദായത്തെക്കുറിച്ച് കൗളൻ എന്ത് പറയുന്നു?

വൈദികമായി പാരികൽപിയ്ക്കപ്പെട്ട വർണ്ണവ്യവസ്ഥയോ ജാതിഭേദമോ കൗളന് ബാധകമല്ല. ദേവീപൂജ നടക്കുമ്പോൾ ജാതിവ്യത്യാസം ചിന്തിക്കരുതെന്നും അങ്ങനെ ചിന്തിയ്ക്കുന്നവൻ മഹാപാതകി ആണെന്നും മഹാനിർവ്വാണതന്ത്രത്തിൽ പ്രസ്താവിച്ചിരിക്കുന്നു. അതേപോലെ ഭൈരവീപൂജ നടക്കുന്നിടത്ത് പങ്കുടുക്കുന്നവർ എല്ലാവരുംതന്നെ ബ്രാഹ്മണൻ ആണെന്നും പൂജകഴിഞ്ഞ് പൂറത്തിങ്ങിയാൽ അവർ അവരുടെ വർണ്ണമായി മാറി എന്ന് കുലാർണ്ണവതന്ത്രത്തിലും പ്രതിപാദ്യമുണ്ട്. നാല് വേദങ്ങളും പഠിച്ച് കുലജ്ഞാനം സിദ്ധിക്കാത്ത  ബ്രാഹ്മണൻ ചണ്ഡാളനേക്കാൾ അധമനാണെന്നും കുലജ്ഞാനിയായ ചണ്ഡാളൻ ബ്രാഹ്മണനേക്കാൾ ശ്രഷ്ഠനാണെന്നും പ്രസ്താവിക്കുന്നു. അതിനാൽ ഒരിക്കലും ജാതിഭേദം കൗളൻ ചിന്തിക്കാൻ പാടുള്ളതല്ല.

വൈദികമായി പറയപ്പെടുന്ന ശുദ്ധി അശുദ്ധികളിൽ കൗളന്റെ സമീപനമെന്ത്?

" ബ്രഹ്മജ്ഞാനേ സമുത്പന്നേ ശുദ്ധാശുദ്ധം നവിദ്യതേ ". ബ്രഹ്മജ്ഞാനം ഉണ്ടായിക്കഴിഞ്ഞാൽ പിന്നെ ശുദ്ധിയും അശുദ്ധിയും ബാധിയ്ക്കുകയില്ല. ഈ ലോകജീവിതം മിഥ്യയാണെന്ന് അല്ലെങ്കിൽ സ്വപ്നതുല്യമാണെന്ന് ബോധ്യപ്പെടുന്ന യോഗീശ്വരന് ശുദ്ധാശുദ്ധങ്ങളോ വിധിനിഷേധങ്ങളോ ബാധകമല്ല. സർവ്വചരാചരങ്ങളിലും ഈശ്വരചൈതന്യം മാത്രം ദർശിക്കുന്ന യോഗീശ്വരൻ എല്ലാറ്റിനെയും ആത്മസാൽക്കരിക്കുന്നു. വിദ്യാവിനയ സമ്പന്നമായ ബ്രാഹ്മണൻ ആയാലും പശു ആയാലും ആനയായാലും നായയായാലും ചണ്ഡാളനായാലും എല്ലാറ്റിലും സമദർശിത്വം പുലർത്തുന്ന ആളാണ് പണ്ഡിതൻ എന്നിങ്ങനെ ശ്രീമദ്ഭഗവദ്ഗീതയിലും പറഞ്ഞിട്ടുണ്ടല്ലോ. എല്ലാം ഈശ്വരന്റെ ലീലാവിലാസങ്ങൾ എന്ന് മനസ്സിലാക്കണം. ഇവിടെ ശുദ്ധ്യശുദ്ധികൾ ബാധകമല്ല എന്ന് മനസ്സിലാക്കണം. ഇവിടെ ശുദ്ധ്യശുദ്ധികൾ ബാധകമല്ല എന്ന് പറയപ്പെട്ടാൽ മനസ്സ്, വാക്ക്, ശരീരം എന്നിവയെക്കുറിച്ചുള്ളതല്ല. വ്യാവഹാരിക ജീവിതത്തിൽ കല്പിക്കപെട്ട പരിശുദ്ധി എപ്പോഴും പുലർത്തേണ്ടതാണ്. എന്നാൽ അശൗചാദി നിമിത്തമായി അതായത് പുലവാലായ്മ തുടങ്ങിയവകൊണ്ട് കല്പിക്കപ്പെട്ട അശുദ്ധികളെയാണ് ഇവിടെ പ്രധാമായി വിവക്ഷിച്ചിട്ടുള്ളത്. ജാതീയമായും വർഗ്ഗപരമായുംകല്പിക്കപ്പെടുന്ന അശുദ്ധി ഇവിടെ ബാധകമല്ല.

സ്ത്രീ ജാതകം

ജ്യോതിഷം എന്ന മഹാ ശാസ്ത്രം പ്രചുര പ്രചാരം നേടിയിരിക്കുന്നു എന്നതിൽ രണ്ടാമതൊരഭിപ്രായം ഇല്ല. എന്നാൽ ഏതു വിഷയവും ജനകീയമാവുമ്പോൾ അത്രതന്നെ ആരോപണ വിധേയവും ആവും. കാരണം സ്വീകാര്യതയും, അസ്വീകാര്യതയും ഒരേ നാണയത്തിന്റെ രണ്ടു വശം എന്നത് തന്നെ. എന്നാൽ ജ്യോതിഷന്മാർ തന്റെ ദൈനം ദിന കർമ്മങ്ങളിൽ നിന്നും വ്യതിചലിച്ചു തുടങ്ങുമ്പോൾ, ഫലപ്രവചനത്തിൽ പ്രകടമായ മാറ്റവും ഉണ്ടാകുന്നു. അത്തരത്തിൽ ചിന്തിക്കുമ്പോൾ ഇപ്പോൾ ജ്യോതിഷത്തിന് അത്തരത്തിലുള്ള അപചയം സംഭവിക്കുന്നത് സൂക്ഷ്മ ദൃക്കുകൾക്ക് ദർശിക്കാനാവും.

സ്ത്രീ ജാതകത്തിൽ എട്ടാം ഭാവം കൊണ്ട് ഭർത്താവിന്‍റെ ആയുർബലം ചിന്തിക്കണം. അതുപോലെ സ്ത്രീ ജാതകത്തിലെ ലഗ്നം കൊണ്ടും ചന്ദ്രലഗ്നം കൊണ്ടും സ്ത്രീയുടെ ആയുസ്സും ചിന്തിക്കണം. അതേ ലഗ്നങ്ങൾ കൊണ്ട് സ്ത്രീയുടെ അഴകും, അവയവാദി ഗുണവിശേഷങ്ങളും ചിന്തിക്കണം. ഇവിടെയാണ് ശ്രദ്ധിക്കേണ്ടത്. ചിന്തിക്കേണ്ടുന്നതിന് ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ ഒന്നും, എന്നാൽ വിഷയങ്ങൾ രണ്ടും. ജ്യോതിഷ കൃത്യത്തിൽ ഉണ്ടാകുന്ന വ്യതിചലനം, ഇവിടെ ഫലപ്രവചനത്തിൽ സാരമായി ബാധിക്കും.

സ്ത്രീ ജാതകത്തിലെ ലഗ്നവും ചന്ദ്രനും യുഗ്മ രാശികൾ ആയിരുന്നാൽ, അവൾക്ക് സ്ത്രൈണത പൂർണ്ണമായും ഉണ്ടാവും. അവയ്ക്ക് ശുഭ ഗ്രഹ ദൃക്ഷ്ടി കൂടി ഉണ്ടായിരുന്നാൽ, സ്ത്രീ എന്ന ഭാരതചിന്തക്ക് പരിപൂർണ്ണതയായി. എന്നാൽ ഇത് പൂർവ്വ ജന്മ സുകൃത ഫലവും ആണ്. അത് ജാതകത്തിലെ അഞ്ചാം ഭാവത്തെ ആശ്രയിച്ചിരിക്കുന്നു. അതായത് ലഗ്നവും ചന്ദ്രനും സ്ത്രീ രാശി ആവുക, അവയ്ക്കു ശുഭഗ്രഹ ദൃക്ഷ്ടി ഉണ്ടാവുകയും ചെയ്‌താൽ, ആ ജാതകത്തിലെ അഞ്ചാം ഭാവം ഭദ്രം ആയിരിക്കും. ഇനി അഞ്ചാം ഭാവം ഭദ്രമല്ലെങ്കിൽ എന്തഭിപ്രായം പറയും എന്നത് ജ്യോതിഷന്റെ അറിവിനപ്പുറം ഉപാസനാ ബലം തന്നെയാണ്.

സ്ത്രീ ജാതകത്തിൽ,പരുഷ - അല്ലെങ്കിൽ പുരുഷ രാശി ലഗ്നങ്ങൾ ആയി വരുകയും, ആ ലഗ്നങ്ങളുടെ ത്രിംശാശകം കുജനാവുകയും ചെയ്‌താൽ അവൾ ദുഷ്ട സ്വാഭാവിയാവും, ശനി ത്രിംശാംശകം ആയാൽ ദാസ്യവും, വ്യാഴമായാൽ പതിവ്രതയും, ബുധനായാൽ മായാവതിയും, ശുക്രനായാൽ കുൽസിത ചരിതയും ആവും എന്നുപറയുമ്പോൾ പ്രസ്തുത യോഗങ്ങൾക്ക് ശുഭ ഗ്രഹ ബന്ധം വന്നാൽ ഇവയിൽ ഉണ്ടാകാവുന്ന മാറ്റം മനസ്സിലാക്കിയില്ല എങ്കിൽ, നമ്മുടെ ശാസ്ത്രത്തിന് അത് ആക്ഷേപ കാരണം ആവും എന്നതിൽ തർക്കമില്ല. ഇത്തരത്തിലുള്ള യോഗങ്ങൾ ചേർന്ന ഒരു ജാതകം ആരും ചോദിച്ചു വാങ്ങുന്നതല്ലല്ലോ. അപ്പൊ, അങ്ങനെ സംഭവിച്ചാൽ അതൊരു മുന്നറിയിപ്പായി കരുതി അവയിൽ നിന്നും രക്ഷപെടാൻ വേണ്ടുന്ന ഉപദേശം നൽകി അത് പ്രാവർത്തികമാക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുക എന്നത് ജ്യോതിഷന്‍റെ, തന്‍റെ ശാസ്ത്രത്തോടുള്ള കടമയും കടപ്പാടും തന്നെയാണ്.

ഇപ്പോൾ ഈ വിഷയം പറയാൻ കാരണം, സമൂഹത്തിൽ മുൻപ് ഉണ്ടായിരുന്നതിനേക്കാൾ പാതിമടങ്ങു വിവാഹബന്ധങ്ങൾ വേർപിരിയലിൽ കലാശിക്കുന്നു. ഈ അവസ്ഥാവിശേഷം തുടർന്നാൽ, ഭാരതത്തിന്‍റെ പൈതൃക കുലാചാരങ്ങൾ എവിടെ ചെന്നെത്തും?

ഈ വിഷയത്തിൽ ബോധവൽക്കരണം നടത്താനായാലും, ശാസ്ത്രം അതിന്റെ സൂക്ഷ്മ തലത്തിൽ പ്രയോഗിച്ചു, മേൽ പറഞ്ഞ ദുരവസ്ഥ ഗണ്യമാം വിധത്തിൽ കുറയ്ക്കാൻ ജ്യോതിഷനോളം കഴിയുന്ന മറ്റെന്ത് സംവിധാനമാണുള്ളത്? ഇതിനുള്ള പ്രതിബദ്ധത സമൂഹത്തോടല്ല മറിച്ചു ജ്യോതിഷം എന്ന മഹാ ശാസ്ത്രത്തോടാണ് ജ്യോതിഷൻ കാണിക്കേണ്ടത്.

അതിനു വേണ്ടുന്ന പരിശീലനങ്ങൾ നിർലോഭമായി നൽകാൻ കഴിയുന്ന തരത്തിലാവണം ജ്യോതിഷ കൂട്ടായ്മകൾ സംഘടിപ്പിക്കുവാൻ.വളരെ സന്തോഷമായി ജീവിക്കുന്നവർക്ക് ജീവിതം നൈമിഷികമാണ്. മറ്റുള്ളവർക്ക് ജീവിതം നീണ്ടുവലിഞ്ഞതും. അതുകൊണ്ടു തന്നെയാണ് പൂർവ്വാചാര്യന്മാർ, ഭാരതീയ ശാസ്ത്രങ്ങളിലൂടെ സന്തോഷകരമായ ഒരു ജീവിതം കെട്ടിപ്പടുക്കുവാൻ ആവശ്യമായതെല്ലാം നമുക്ക് തന്നത് .അതുപയോഗിക്കാതിരുന്നിട്ട്, ദൈവത്തെ കുറ്റം പറഞ്ഞാൽ, വിധിയാണെന്ന് പറഞ്ഞാൽ, ഗതി കിട്ടുമോ ദൈവജ്ഞനായാലും?.

പഞ്ചമകാരങ്ങളുടെ താത്വികവശം എന്ത്?

കുണ്ഡലിനീശക്തി മൂലാധാരത്തിൽ നിന്ന് ഉദ്ഗമിച്ച് " സഹസ്രാരപത്മത്തിൽ എത്തിച്ചേർന്ന് ശിവതത്വവുമായി സംയോഗം ചെയ്യുമ്പോഴുണ്ടാകുന്ന അമൃതാപ്ലാവനം തന്നെയാണ് മദ്യം എന്നു " പറയുന്നത്.

പുണ്യാപുണ്യങ്ങളാകുന്ന പശുക്കളെ ജ്ഞാനഖണ്ഡം കൊണ്ട് ഛേദിച്ച് ചിന്മയാവസ്ഥയിലേയ്ക്ക് ലയിച്ചുചേരുക എന്നതാണ് മാംസം എന്നതുകൊണ്ടുദ്ദേശിക്കുന്നത്.

മനസ്സും പഞ്ചേന്ദ്രിയങ്ങളും അവയുടെ വിഷയങ്ങളും സ്വാത്മാഗ്നിയിൽ ഹോമിച്ച് ജിതേന്ദ്രിയത്വം കൈവരിക്കുന്നതാണ് മത്സ്യതത്വം.

" ആശ, തൃഷ്ണ, ജുഗുപ്സ തുടങ്ങിയ മനോവികാരങ്ങളെ പ്രാണാഗ്നിയിൽ ഹോമിച്ച് നിർവ്വേദം അനുഭവിക്കുന്നതാണ് മുദ്ര എന്നുപറയപ്പെടുന്നത്.

സഹസ്രാരപത്മത്തിലെ ശിവശക്തിസാമരസ്യാനുഭവമാണ് മൈഥുനം എന്ന് പറയപ്പെടുന്നത്. 

ഈ തത്ത്വങ്ങൾ യോഗാനുഭൂതി വിഷയകങ്ങൾ ആണ്. വ്യാവഹാരികപൂജയിൽ പഞ്ചമകാരങ്ങളുടെ ഉപയോഗക്രമം വഴിയേ വിവരിക്കുന്നുണ്ട്.

ചൊവ്വാഴ്ചകളിലും ജന്മമാസത്തിലും മുടി വെട്ടിയാൽ?

ആൺകുട്ടികൾക്കു തലയിൽ മുടി അധികം വളർന്നാൽ വെട്ടിക്കളയുകയാണല്ലോ നാട്ടുനടപ്പ്. പെൺകുട്ടികൾക്കാണെങ്കിൽ മുടിയുടെ നീളമാണു സൌന്ദര്യത്തിന്റെ അളവുകോലുകളിലൊന്ന് എന്നു പോലും ഇക്കാലത്തും പലരും കരുതുന്നുണ്ട്.

ഏതായാലും, മുടി വെട്ടുന്നതു സംബന്ധിച്ചു ചില ആചാരങ്ങളും വിശ്വാസങ്ങളുമൊക്കെ പണ്ടുണ്ടായിരുന്നു. ചൊവ്വാഴ്ചകളിലും ജന്മമാസത്തിലും മുടി വെട്ടാൻ പാടില്ല എന്നൊരു വിശ്വാസം ചില പ്രദേശങ്ങളിലുണ്ടായിരുന്നു. എന്നാൽ, ജന്മമാസത്തിൽ പിറന്നാൾ കഴിഞ്ഞാൽ മുടി വെട്ടാം എന്നും പഴമക്കാർ പറഞ്ഞിരുന്നു.

അഭീഷ്ടകാര്യസിദ്ധിക്കായി പഴനി, തിരുപ്പതി പോലുള്ള പുണ്യകേന്ദ്രങ്ങളിൽ പോയി തല മൊട്ടയടിക്കാമെന്നു പ്രാർത്ഥിക്കുന്നവരുമുണ്ട്. 

തല മൊട്ടയടിക്കലിന് ആത്മീയമായ തലം കൂടിയുണ്ട്. മുണ്ഡകോപനിഷത്തിലെ മുണ്ഡകം എന്ന വാക്ക് മൊട്ടയടിക്കലുമായി ബന്ധപ്പെട്ടതാണ്. അഹങ്കാരവും അജ്ഞാനവും അവിദ്യയുമെല്ലാം നീക്കലാണ് ഇവിടത്തെ മുണ്ഡനം.

മൂന്നാം വയസ്സിൽ ചൌളം

കുഞ്ഞ് ജനിച്ച് ആദ്യമായി മുടി മുറിക്കുന്ന ചടങ്ങാണു ചൌളം. “അബ്ദേ ചൌളം തൃതീയേ....” എന്ന മുഹൂർത്തനിയമപ്രകാരം മൂന്നാം വയസ്സിലാണു ചൌളം ചെയ്യേണ്ടത്. ഉത്തരായണകാലത്തെ വെളുത്ത പക്ഷത്തിലാണ് ചൌളം ചെയ്യുന്നത്. പകൽ മാത്രമേ ചൌളം ചെയ്യാവൂ.

വിഷകലകളെ അമൃതീകരിക്കുന്നതിന് പകരം അമൃതകലകളെത്തന്നെ ഉപയോഗിച്ചാൽ പോരേ?

അമൃതകലകളെ ഉപയോഗിക്കുമ്പോൾ നമുക്ക് യാതൊരുവിധ പ്രയത്നവും ആവശ്യമായിവരുന്നില്ല. വിഷകലകളെ അമൃതീകരിക്കുമ്പോൾ അതിനുള്ള പ്രയത്നം ആവശ്യമായിവരുന്നു. ഈ പ്രയത്നം തന്നെയാണ് സാധനാശക്തിയെ ഉത്തേജിപ്പിക്കുന്നത്. സൗന്ദര്യലഹരിയിൽ ഒരു ശ്ലോകമുണ്ട്. അതിന്റെ അർത്ഥം എന്തെന്നാൽ അമൃതം കഴിച്ച ബ്രഹ്‌മാവ്‌, ഇന്ദ്രൻ തുടങ്ങിയ ദേവന്മാരെല്ലാം കാല്പാന്തകാലത്ത് ഇല്ലാതായിത്തീരുന്നു. എന്നാൽ കരാളമായ കാളകൂടവിഷം ഭക്ഷിച്ച സാക്ഷാൽ ശിവൻ മാത്രം കല്പാന്തകാലത്തെയും അതിജീവിക്കുന്നു. വിപരീതസ്പന്ദനങ്ങളെ അനുകൂലമാക്കിയെടുക്കയാണ് വീരസാധകൻ ചെയ്യുന്നത്. പിന്നെ മറ്റൊരു കാര്യം. മനസ്സിനെ മോഹിപ്പിക്കുന്ന ദ്രവ്യങ്ങളാണ് പഞ്ചമകാരങ്ങൾ. ഇവ അരികെയുണ്ടായിട്ടും വ്യാമോഹത്തിന് അടിമപ്പെടാതെ ധ്യാനനിഷ്ഠത നേടുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. ഇവയുടെ ഉപയോഗക്രമം തുടർന്നുവരുന്ന അദ്ധ്യായങ്ങളിൽ വിവരിക്കുന്നുണ്ട്.

കൗളം എന്നത് പഞ്ചമകാരപൂജയല്ലെ ?

മദ്യം, മാംസം, മത്സ്യം, മുദ്ര, മൈഥുനം എന്നീ പഞ്ചമകാരങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള സാധനയാണ് കൗളസാധന. ഇവ അഞ്ചും വിഷകലകളാണ്. ഈ വിഷകലകളെ അമൃതീകരിക്കാനുള്ള മന്ത്രശക്തി ആർജ്ജിക്കുന്നവനാണ് ശരിയായ കൗളനായിത്തീരുന്നത്.

താന്ത്രികന് മന്ത്രജപത്തിന് സ്വരശുദ്ധി ആവശ്യമില്ലേ?

വാചികം, ഉപാംശു, മാനസികം എന്നിങ്ങനെ താന്ത്രികജപം മൂന്നുവിധത്തിൽ ഉണ്ട്. വാചികമായ ജപം സ്തോത്രപാഠങ്ങളാണ്. ബീജമന്ത്രങ്ങൾ മാനസികമായോ, ഉപാംശുവായോ ചെയ്യാവുന്നതാണ്. ഉപാംശു എന്നാൽ ശബ്ദമില്ലാതെ ചുണ്ട് മാത്രം ചലിപ്പിച്ചു കൊണ്ടുള്ള മന്ത്രജപമാണ്. ശ്രേഷ്ഠമായ ജപം മാനസികജപം തന്നെയാണ്. അങ്ങനെ ചെയ്യുമ്പോൾ സ്വരശുദ്ധി പ്രശ്നമാകുന്നില്ല.

താന്ത്രികന് സന്ധ്യാവന്ദനം ആവശ്യമില്ലേ?

പ്രത്യേകിച്ച് ഒരു ഫലവും ഇല്ലാത്തതും ചെയ്തില്ലെങ്കിൽ പ്രത്യവായം എന്ന ദോഷമുള്ളതനുമാണ് സന്ധ്യാവന്ദനം. എന്നാൽ താന്ത്രികന്മാർക്ക് ത്രിസന്ധ്യയല്ല, അർദ്ധരാത്രിയടക്കം നാല് സന്ധ്യകളിൽ സന്ധ്യാവന്ദനം ആചരിയ്ക്കേണ്ടതുണ്ട്. അതാവട്ടെ നിരുപാധികമായ മൂലമന്ത്രസ്മരണം തന്നെ മതിയാവുന്നതാണ്.

പൂർവ്വജന്മസുകൃതമില്ലാത്തവർക്ക് കൗളധർമ്മത്തിൽ ചരിക്കുവാൻ സാധിക്കുമോ?

ജന്മാന്തരസുകൃതംകൊണ്ടു മാത്രമേ ഒരാൾ കൗളനായിത്തീരുന്നുള്ളൂ. "ചരമേ ജന്മനി യഥാ ശ്രീവിദ്യോപാസകോ ഭവേത് "എന്ന പ്രമാണമനുസരിച്ച് ഒരാൾ ശ്രീവിദ്യോപാസകനായിത്തീരുന്നത് അവസാനത്തിലെ ജന്മത്തലാണെന്ന് പറയേണ്ടിയിരിക്കുന്നു. എന്നാൽ വൈദികമായ മാനദണ്ഡം അനുസരിച്ചല്ല താന്ത്രികന്മാരെ വിലയിരുത്തേണ്ടത്.

അഗ്നികോണ്‍ – ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തെക്കു - കിഴക്കേ മൂലയാണ് അഗ്നികോണ്‍. ഇത് നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട സ്ഥാനമാണ്. ഈ ശ്രദ്ധ ഓരോ മുറിയുടെയും തെക്ക് - കിഴക്കേ മൂലയില്‍ കേന്ദ്രീകരിക്കണം. അഗ്നിയെ നല്ലവണ്ണം പ്രീതിപ്പെടുത്തിയാല്‍ നല്ല ഫലങ്ങള്‍ തന്നെ നമുക്ക് വന്നു ഭവിക്കും. എന്താണ് ആ നല്ല ഫലങ്ങള്‍ എന്ന് പലരും ചിന്തിക്കുന്നുണ്ടാകും. കുടുംബസന്തോഷം, കുടുംബാംഗങ്ങള്‍ക്ക് ആരോഗ്യം, സാമ്പത്തിക അഭിവൃദ്ധി, സന്തുഷ്ടമായ ദാമ്പത്യജീവിതം എന്നിവയാണത്.

ഇത് ലഭ്യമാകാന്‍ കൂടുതല്‍ ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. അഗ്നിയെ സന്തോഷിപ്പിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചാല്‍ മാത്രം മതി. ആ മാര്‍ഗ്ഗം ഇതാണ്.

തെക്കുകിഴക്കേ മൂലയില്‍ ഒരു സ്പോട്ട് ലൈറ്റോ, വിളക്കോ, പരമ്പരാഗത രീതിയില്‍ തിരിയിട്ടു കത്തിക്കുന്ന ദീപമോ സ്ഥാപിക്കണം. വിളക്കിന്‍റെ തിരി അഥവാ ജ്വാല മേല്‍ക്കൂരയ്ക്ക് അഭിമുഖമായി എരിയണം. മറ്റൊരുമാര്‍ഗ്ഗം അഗ്നിയുമായി ബന്ധപ്പെട്ടുള്ള ഇലക്ട്രിക്കല്‍ ഉപകരണങ്ങളായ ടെലിവിഷന്‍, ഫ്രിഡ്ജ്, കമ്പ്യൂട്ടര്‍, മൈക്രോഓവന്‍, റേഡിയോ മുതലായവ തെക്ക് കിഴക്കേ മൂലയില്‍ ഇടം തരപ്പെടുത്തി സൂക്ഷിക്കുക എന്നതാണ്.

ചില വീടുകളില്‍ നെരിപ്പോടുകള്‍ സന്ധ്യയ്ക്ക് പുകച്ചുവയ്ക്കാറുണ്ട്. അത് വീടിന്‍റെ തെക്കുകിഴക്ക് ഭാഗത്തേയ്ക്ക് മാറ്റുക. വീടിന്‍റെ ഉള്‍മുറികളില്‍ ചില പ്രാണികളെ തുരത്താന്‍ സുഗന്ധവസ്തുക്കള്‍ പുകച്ച് വയ്ക്കാറുണ്ട്. ഇതിന്‍റെ സ്ഥാനവും തെക്കു - കിഴക്ക് മൂല തന്നെ. ഇതെല്ലാം ഏറെ ബുദ്ധിമുട്ട് കൂടാതെ നമുക്ക് കൈവരിക്കാന്‍ കഴിയുന്നതാണ്. അഗ്നികോണിനെ ഉത്തേജിപ്പിച്ചാല്‍ പലവിധ കഷ്ട - നഷ്ടങ്ങള്‍ക്കും പരിഹാരമാകും.

വീടും ടോയ് ലറ്റും (Toilet)

വീടുകളില്‍ ടോയ് ലറ്റുകള്‍ (Toilet) സ്ഥാപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍ എന്തെല്ലാം? വാസ്തുശാസ്ത്രം അനുസരിച്ച് വീടുകളുടെ മധ്യസൂത്രങ്ങള്‍, കര്‍ണ്ണ(കോണ്‍) സൂത്രങ്ങള്‍ എന്നിവ വീടിന്‍റെ ഊര്‍ജ്ജപ്രവാഹമേഖലകളാണ്. ഇവയ്ക്ക് വിഘാതം വരാത്തവിധം, വാസ്തുപുരുഷമണ്ഡലത്തിലെ ദേവസ്ഥാനം പരിഗണിച്ച് വേണം ടോയ് ലറ്റുകള്‍ സ്ഥാപിക്കാന്‍. അതായത് വീട് എന്ന നിര്‍മ്മിതിയുടെ മധ്യത്തിലും, മൂലകളിലും ഒരിക്കലും ശൗചാലയങ്ങള്‍ ഉചിതമല്ല എന്നു സാരം.

വേദം സാർവ്വത്രികമല്ല എന്ന് പറയുന്നതുകൊണ്ട് വർണ്ണ ജാതി വ്യവസ്ഥകളെ അംഗീകരിയ്ക്കുകയാണോ?

സ്വന്തം ഗോത്രം ഏതെന്നുപോലും നിശ്ചയമില്ലാത്ത സത്യകാമജാബാലനെ ഉപനയനം നടത്തി ഗൗതമമഹർഷി ബ്രാഹ്മണനാക്കിയിട്ടുണ്ട്. അതേപോലെ ഡേവിഡ് ഫ്രോളി എന്ന പാശ്ചാത്യൻ സാമ്പ്രദായികമായി വേദം പഠിച്ച് വാമദേവ ശാസ്ത്രി എന്ന പേരിൽ അറിയപ്പെട്ടിട്ടുണ്ട്. അതിനാൽ ജാതിവർണ്ണ വ്യവസ്ഥയല്ല മറിച്ച് വ്യക്തിപരമായ യോഗ്യതതന്നെയാണ് മാനദണ്ഡമാക്കേണ്ടത്. ഇവിടെ വേദപഠനം തികച്ചും സാമ്പ്രദായികമായിരിക്കണം അതിനാവട്ടെ ജീവിതത്തിലെ മറ്റ് വ്യവഹാരങ്ങളിൽ നിന്നും മാറി നിന്ന് നിഷ്ഠയോടെ ജീവിക്കുന്നവരായിരിക്കണം. ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന് ശൗചകാര്യങ്ങളും സ്നാനവും ആചരിച്ച് ഗായത്രിതർപ്പണം ചെയ്ത് അഗ്നിഹോത്രാഹുതി നടത്തി ശേഷം പകൽ മുഴുവൻ മറ്റ് യാതൊരു വ്യവഹാരങ്ങളിലും പെടാതെ വേദശാസ്ത്രപഠനം നടത്തി മൂന്ന് സന്ധ്യകളും ആചരിച്ച് അല്പഭക്ഷണവും അല്പവസ്ത്രവും ശീലിച്ച് ധ്യാനനിരതനായി ജീവിക്കണം. ഇവിടെ പഠിതാവ് മാത്രമല്ല ഉപാദ്ധ്യായനും അങ്ങനെത്തന്നെയായിരിക്കണം. അതിന് പൂർവ്വജന്മസുകൃതമനുസരിച്ചുള്ള നൈസർഗ്ഗികസിദ്ധി ആവശ്യമാണ്.

ശുക്രനും ഭാഗ്യ - നിര്‍ഭാഗ്യങ്ങളും

ശുക്രന്‍ അന്നപൂര്‍ണ്ണേശ്വരിയോ ലക്ഷ്മിയോ യക്ഷിയോ ആകുന്നു. ഉച്ചക്ഷേത്രം അന്നപൂര്‍ണ്ണേശ്വരി ശുക്രക്ഷേത്രത്തില്‍ ലക്ഷ്മി. പാപക്ഷേത്രത്തില്‍ യക്ഷി, ഓജരാശി ബന്ധം കൊണ്ട് ഗണപതിയും ആകുന്നു. മീനത്തില്‍ ഉച്ചക്ഷേത്രവും കന്നിയില്‍ നീചനുമാണ്. ശുക്രദശാകാലം 20 വര്‍ഷം. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ഉച്ചരാശിയില്‍ നിന്നാല്‍ ഉന്നതകുലത്തില്‍ നിന്നും വിവാഹം നടക്കും. നീചരാശിയില്‍ നിന്നാല്‍ തന്നെക്കാള്‍ എളിയ ബന്ധമേ നടക്കുകയുള്ളു. ശുക്രന്‍ 10-ാം ഭാവത്തില്‍ നിന്നാല്‍ മാളവ്യയോഗം. ശുക്രന്‍ ദീര്‍ഘായുസ് ലഗ്നത്തില്‍ നിന്നാല്‍ സര്‍ക്കാര്‍ ജോലി. ജാതകത്തില്‍ 12-ാം ഭാവത്തില്‍ നിന്നാല്‍, ദോഷമില്ലാത്ത ഏകഗ്രഹം ശുക്രനാണ്. ശുക്രന്‍ ജാതകത്തില്‍ 7 ല്‍ നിന്നാല്‍ ‘ശുക്രേ കളത്രേ സതികാമുകസ്യാല്‍’ എന്നാണ് ശാസ്ത്രപ്രമാണം. പ്രേമവിവാഹമേ നടക്കുകയുള്ളു. ശുക്രന്‍ നീചസ്ഥിതിയെങ്കില്‍ ബലഹീനത. രതിലീലകളില്‍ താല്‍പ്പര്യം കുറയും. കാരണം ശൃംഗാരാദികലകളുടെ ദേവനാണ് ശുക്രന്‍. ശുക്രന്‍ കര്‍ക്കിടകരാശി നിന്നാല്‍ ‘ഭാര്യ രണ്ടുള്ളവരായിടും’ കാമവും വലുതായ് വരും’ എന്ന് പ്രമാണം. 6 ലെ ശുക്രന്‍ പാപദൃഷ്ടി വന്നാല്‍ പ്രമേഹം എന്ന രോഗം ഉണ്ടായിരിക്കും. ശുക്രന്‍ 4 ല്‍ നിന്നാല്‍ മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടും. 5 ല്‍ നിന്നാല്‍ മന്ത്രിതുല്യമായ സ്ഥാനം ലഭിക്കും. 10 ലെ ശുക്രന്‍ സര്‍ക്കാര്‍ ജോലി ഉറപ്പ് നല്‍കും. ശുക്രന്‍ 9 ല്‍ നിന്നാല്‍ ജടാധാരിയാകും(സന്യാസി) ശുക്രന്‍ രാഹുവുമായി 7-ാം ഭാവത്തില്‍ നിന്നാല്‍ അന്യജാതിയെ വിവാഹം കഴിക്കും.

സുതേശേ ധാരഭംയാതെ
തദീശേ പാപസംഹിതേ
ശുക്രേബലഹീനശ്ചേല്‍
ഭാര്യ ഗര്‍ഭേണമരണം
ശാസ്ത്രപ്രമാണം

5-ാം ഭാവാധിപന്‍റെ 7-ല്‍ ശുക്രന്‍ ബലഹീനനായാല്‍ ഭാര്യ ഗര്‍ഭിണിയായിരിക്കെ മരണം.

വൃശ്ചികം രാശിയിലെ ശുക്രന്‍ - മുതിര്‍ന്ന സ്ത്രീ(വൃദ്ധ)കളുമായി ബന്ധം. ശുക്രന്‍ മേടം. ‘മദിരാക്ഷിമാരില്‍ ഭ്രമമേറെയായി ചതിയാലോ നാശം’ കുലമോ മുടിക്കും ശുക്രന്‍ ഗുളികനോട് ചേര്‍ന്ന് ജാതകത്തില്‍ നിന്നാല്‍- ‘കളത്രഹന്താ അതികാമസ്യാല്‍-‘(ശാസ്ത്രപ്രമാണം) കാമാര്‍ത്തിയാല്‍ ഭാര്യയെ ബുദ്ധിമുട്ടിക്കും. ശുക്രന്‍ ജാതകത്തില്‍ 4.8(ശുക്രന്‍റെ ഇരുവശത്തും പാപന്‍) ഭാര്യ കെട്ടിത്തൂങ്ങിയോ തീപൊള്ളലിലോ മരണപ്പെടാം.

പ്രമാണം. ‘ഉഗ്രഗ്രഹേ സിതചതുരശ്ര… ജായാവധോ ദഹനനിപാതപാശ്യ’ ശുക്രനും ശനിയും ചേര്‍ന്ന് 9 ല്‍ നിന്നാല്‍ വേശ്യാവൃത്തി സ്വീകരിക്കും. യാതൊരു ജാതകത്തില്‍ 7 ല്‍ രാഹു സൂര്യനുമായി നിന്നാല്‍ സ്ത്രിയുമായുള്ള വേഴ്ചയില്‍ ധനം മുഴുവനും നശിക്കും. രോഗിയുമാകും. ശുക്രന്‍ 9-ാം ഭാവത്തിലെങ്കില്‍ ശുഭയോഗം. ഭാവാധിപന് ബലം ഭാര്യധര്‍മ്മ ഗുണമുള്ളവളും നല്ല സന്താനത്തോട് കൂടിയവളും ആയിരിക്കും.

ശുക്രക്ഷേത്രേ, കുജക്ഷേത്രേ ശുക്രന്‍ ഇങ്ങനെ നിന്നാല്‍ ജാരനെപ്രാപിക്കും. ജാതകം എപ്പോഴും കൃത്യമായിരിക്കണം. ശുഭഗ്രഹയോഗം, ദൃഷ്ടി, സര്‍വ്വേശ്വരനായ വ്യാഴത്തിന്‍റെ അനുഗ്രഹം ഇവയുണ്ടെങ്കില്‍ ഒന്നും തന്നെ സംഭവിക്കില്ല. ഇതൊന്നും വായിച്ച് ഭയപ്പെടാനുള്ളതല്ല. വരാനുള്ള ദുര്‍വിധിയെ ശാസ്ത്രത്തിലൂടെ തിരിച്ചറിയുക. ഗ്രഹനില പരിശോധിച്ച് പ്രതിവിധി ചെയ്യുക. കര്‍മ്മം ദുഷ്കര്‍മ്മങ്ങള്‍ ആവരുത്. ഈശ്വരനെ സാക്ഷിയായി മാത്രം കര്‍മ്മം ചെയ്യുക. അതാണ് ആചാര്യന്മാര്‍ പറഞ്ഞിട്ടുള്ളതും.

ജ്യോതിഷം ശാസ്ത്രമാണ്. ഈശ്വരനാണ്

സൗഭാഗ്യങ്ങളേകുന്ന പതിനാറ് ഗണപതികള്‍

ഗണപതിയുടെ രൂപഭാവങ്ങള്‍ ഭക്തരുടെ സങ്കല്‍പ്പത്തിനനുസരിച്ച് മുപ്പത്തിരണ്ട് രൂപങ്ങളില്‍ പൂജിക്കപ്പെടുന്നു. അവയില്‍ പതിനാറ് രൂപങ്ങള്‍ ഗണപതിയുടെ ഷോഡശരൂപങ്ങളായി ആരാധിക്കപ്പെടുന്നു. ഈ പതിനാറുരൂപങ്ങളേയും മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ഓരോ രൂപത്തിന്‍റെയും പേര് ജപിച്ച് പ്രാര്‍ത്ഥിച്ചുവന്നാല്‍ സര്‍വ്വകാര്യങ്ങളിലും വിജയമുണ്ടാവുമെന്നാണ് വിശ്വാസം.

ഓം ഭക്തഗണപതയേ നമഃ

പൂര്‍ണ്ണചന്ദ്രനെപ്പോലെ വെണ്‍മയാര്‍ന്ന മേനിയോടുകൂടിയവന്‍. തന്‍റെ നാലുകൈകളില്‍ നാളികേരം, മാമ്പഴം, വാഴപ്പഴം, അമൃതകലശം എന്നിവ ഏന്തിയ ഈ ഗണപതിയെ ധ്യാനിച്ചു പ്രാര്‍ത്ഥിച്ചാല്‍ വീട്ടില്‍ അന്നസമൃദ്ധിയുണ്ടാവും.

ഓം ദ്വിജഗണപതയേ നമഃ

നാല് മുഖങ്ങളോടുകൂടി ചന്ദ്രനെപ്പോലെ പ്രകാശിക്കുന്ന, നാലുകൈകളില്‍ യഥാക്രമം ചുവടി, അക്ഷമാല, ദണ്ഡം, കമണ്ഡലം എന്നിവ ഏന്തിയ ഗണപതി കൈകളില്‍ മിന്നല്‍പിണര്‍ പോലെയുള്ള വളകളോടുകൂടിയ ഈ ഗണപതിയെ ധ്യാനിച്ച് പ്രാര്‍ത്ഥിച്ചാല്‍ ദുര്‍വിനകള്‍ എല്ലാംതന്നെ അകലും.

ഓം ത്രയക്ഷരഗണപതയേ നമഃ

സ്വര്‍ണ്ണനിറമേനിയോടുകൂടിയ ആടികൊണ്ടിരിക്കുന്ന ചെവികള്‍, നാല് കൈകളില്‍ പാശം, അങ്കുശം, ദന്തം, മാമ്പഴം എന്നിവ ഏന്തിയിരിക്കുന്നു. തുമ്പിക്കയ്യില്‍ മോദകം. ഈ രൂപത്തെ ധ്യാനിച്ച് പ്രാര്‍ത്ഥിച്ചാല്‍ കലകളില്‍ ജ്ഞാനം സിദ്ധിക്കും.

ഓം ഊര്‍ദ്ധ്വഗണപതയേ നമഃ

പൊന്നിന്‍റെ നിറം. കൈകളില്‍ നീലപുഷ്പം, നെല്‍ക്കതിര്‍, താമര, കരിമ്പ്, വില്ല്, ബാണം, ദന്തം എന്നിവ ഏന്തിയിരിക്കുന്നു. പച്ചനിറ മേനിയുള്ള ദേവിയെ ആശ്ലേഷിച്ചുകൊണ്ട് ദര്‍ശനമരുളുന്ന ഈ ഗണപതിയെ ധ്യാനിച്ച് പ്രാര്‍ത്ഥിച്ചാല്‍ ദാമ്പത്യജീവിതം സന്തുഷ്ടപ്രദമാകും.

ഓം ഏകദന്ത ഗണപതയേ നമഃ

കുടവയറോടുകൂടിയ നീലനിറത്തിലുള്ള ദേഹത്തോടുകൂടിയ ഗണപതി. കൈകളില്‍ കോടാലി, അക്ഷമാല, ലഡു, ദന്തം എന്നിവ ഏന്തിയിരിക്കുന്നു. ഈ ഗണപതിയെ ധ്യാനിച്ച് പ്രാര്‍ത്ഥിച്ചുപോന്നാല്‍ മുജ്ജന്മത്തിലും ഈ ജന്മത്തിലും ചെയ്ത പാപങ്ങള്‍ അകലും.

ഓം ഏകാക്ഷരഗണപതിയേ നമഃ

ചുവന്ന മേനിയില്‍ ചുവന്ന പട്ടുധാരി. കുറുകിയ കൈകാലുകളോടുകൂടിയവന്‍. നാല് കൈകള്‍ അഭയവരദഹസ്തങ്ങളോടുകൂടി മുകളിലെ രണ്ട് കൈകളില്‍ പാശാങ്കുശങ്ങളും തുമ്പിക്കയ്യില്‍ മാതളപഴവുമായി ദര്‍ശനമരുളുന്ന ഈ ഗണപതിയെ ധ്യാനിച്ച് പ്രാര്‍ത്ഥിച്ചാല്‍ സര്‍വ്വദോഷങ്ങളും അകലും.

ഓം ഹരിദ്രാഗണപതയേ നമഃ

മഞ്ഞള്‍ നിറമേനി. കൈകളില്‍ പാശം, അങ്കുശം, ദന്തം, മോദകം എന്നിവയേന്തി ഭക്തര്‍ക്ക് ക്ഷണത്തില്‍ അഭയമേകുന്നവന്‍. ഈ ഗണപതിയെ ധ്യാനിച്ച് പ്രാര്‍ത്ഥിച്ചാല്‍ സൂര്യനെ കണ്ട മഞ്ഞുപോലെ ആപത്തുകള്‍ വിട്ടൊഴിയും.

ഓംഹേരം ഗണപതയേ നമഃ

അഞ്ച് മുഖങ്ങളോടുകൂടിയ ഗണപതി. രണ്ട് കൈകളില്‍ അഭയവരദഹസ്തവും മറ്റുള്ള കൈകളില്‍ പാശം, ദന്തം, അക്ഷമാല, പുഷ്പങ്ങള്‍, പരശ്, ചമ്മട്ടി, മോദകം, പഴം എന്നിവയേന്തി ദര്‍ശനമരുളുന്ന ഈ ഗണപതിയെ ധ്യാനിച്ച് പ്രാര്‍ത്ഥിച്ചാല്‍ ശത്രുഭയം അകലും.

ഓം ലക്ഷ്മീ ഗണപതയേ നമഃ 

പാലുപോലെ വെണ്‍മയാര്‍ന്ന മേനി. തന്‍റെ എട്ട് കൈകളില്‍ തത്ത, മാതളം, കലശം, അങ്കുശം, പാശം, കല്‍പ്പകകൊടി, ഗഡ്കം ഏന്തിയും വരദഹസ്തം കാണിച്ചും മടിയില്‍ ഇരുവശങ്ങളിലുമായി സിദ്ധി, ബുദ്ധി ദേവിമാരെ ഇരുത്തി ദര്‍ശനമരുളുന്നു. ഈ ഗണപതിയെ മനസ്സില്‍ ധ്യാനിച്ച് പ്രാര്‍ത്ഥിച്ചാല്‍ ദാരിദ്ര്യം അകലും.

ഓം മഹാഗണപതിയേ നമഃ 

മുക്കണ്ണനായി ചന്ദ്രക്കല ചൂടി കൈകളില്‍ മാതളം, ഗദ, കരിമ്പ്, വില്ല്, ചക്രം, താമര, പാശം, നീലോത്പല പുഷ്പം, നെല്‍കതിര്‍, ദന്തം, രത്നകലശം എന്നിവയുമായി മടിയിലിരിക്കുന്ന ദേവിയെ ആശ്ലേഷിച്ചുകൊണ്ട് ദര്‍ശനമരുളുന്ന ഈ ഗണപതിയെ ധ്യാനിച്ചു പ്രാര്‍ത്ഥിച്ചാല്‍ മനസ്സിന്‍റെ ചാഞ്ചാട്ടങ്ങള്‍ അകലും.

ഓം നൃത്തഗണപതിയെ നമഃ 

കല്‍പ്പകവൃക്ഷച്ചുവട്ടില്‍ എഴുന്നെള്ളി കൈകളില്‍ പാശം, അങ്കുശം, കോടാലി, ദന്തം എന്നിവ ഏന്തിയ സ്വര്‍ണ്ണവര്‍ണ്ണമേനിയോടുകൂടിയ ഈ ഗണപതിയെ ധ്യാനിച്ച് പ്രാര്‍ത്ഥിച്ചാല്‍ ദോഷങ്ങള്‍, തിന്മകള്‍ എന്നിവ മാറി നന്മകള്‍ തേടിവരും.

ഓം ക്ഷിപ്രപ്രസാദഗണപതിയേ നമഃ 

കുടംപോലുള്ള വയറോടുകൂടിയവന്‍. പാശം, അങ്കുശം, കല്‍പ്പലത, മാതളം, താമര, ദര്‍ഭ എന്നിവ കൈകളിലേന്തി ദര്‍ശനമരുളുന്ന ഈ ഗണപതിയെ ധ്യാനിച്ച് പ്രാര്‍ത്ഥിച്ചാല്‍ തടസ്സങ്ങള്‍ എല്ലാം മാറി സല്‍കര്‍മ്മങ്ങള്‍ നടക്കും.

ഓം സൃഷ്ടിഗണപതിയേ നമഃ

ചുവന്നമേനി. പെരുച്ചാഴി വാഹനത്തിനുമീതെ ആസനസ്ഥനായി കൈകളില്‍ പാശം, അങ്കുശം, ദന്തം, മാമ്പഴം എന്നിവയേന്തി ദര്‍ശനമരുളുന്ന ഈ ഗണപതിയുടെ രൂപം മനസ്സില്‍ ധ്യാനിച്ച് പ്രാര്‍ത്ഥിച്ച് പോന്നാല്‍ കലാസൃഷ്ടികളില്‍ വിജയം നേടാനാവും.

ഓം വിജയഗണപതിയേ നമഃ

ചുവന്നമേനിയോടുകൂടിയവന്‍. പെരുച്ചാഴി വാഹനത്തിനുമീതെ തന്നെ ആസനസ്ഥനായി തന്‍റെ കൈകളില്‍ പാശം, അങ്കുശം, ദന്തം, മാമ്പഴം എന്നിവയേന്തി അനുഗ്രഹം വര്‍ഷിക്കുന്ന ഈ ഗണപതിയെ ധ്യാനിച്ചു പ്രാര്‍ത്ഥിച്ചാല്‍ സര്‍വ്വകാര്യവിജയം ഫലം.

ഓം തരുണഗണപതിയേ നമഃ 

ചുവന്ന മേനിയും എട്ടുകൈകളുമുള്ള ഗണപതി. കൈകളില്‍ പാശം, അങ്കുശം, മോദകം, വിളാംപഴം, ഞാവല്‍പ്പഴം, ഒടിഞ്ഞ ദന്തം, നെല്‍കതിര്‍, കരിമ്പിന്‍ കഷ്ണം എന്നിവ ഏന്തിയിരിക്കുന്ന ഈ ഗണപതിരൂപത്തെ മനസ്സില്‍ ധ്യാനിച്ചുപ്രാര്‍ത്ഥിച്ചാല്‍ സന്തതിപരമ്പരകള്‍ക്ക് സമൃദ്ധിയും ഐശ്വര്യവുമുണ്ടാകും.

ഓം ഉച്ചിഷ്ടഗണപതിയേ നമഃ 

നീലനിറത്തിലുള്ള മേനിയോടുകൂടിയ ഗണപതി, രണ്ടുകൈകളില്‍ നിലോത്പലപുഷ്പവും മറ്റുള്ള കൈകളില്‍ മാതളം, വീണ, നെല്‍കതിര്‍, അക്ഷമാല എന്നിവയേന്തിയിട്ടുള്ള ഈ ഗണപതിരൂപത്തെ മനസ്സില്‍ ധ്യാനിച്ചു പ്രാര്‍ത്ഥിച്ചുപോന്നാല്‍ മനോദുഃഖങ്ങള്‍ മാറി ആഹ്ലാദം വര്‍ദ്ധിക്കും.

1. ഓം ഭക്തി ഗണപതിയേ നമഃ 
2. ഓം ദ്വിജ ഗണപതിയേ നമഃ 
3. ഓം ത്രയക്ഷര ഗണപതിയേ നമഃ 
4. ഓം ഊര്‍ദ്ദവ ഗണപതിയേ നമഃ 
5. ഓം ഏകദന്തഗണപതിയേ നമഃ 
6. ഓം ഏകാക്ഷരഗണപതിയേ നമഃ 
7. ഓം ഹരിദ്രാഗണപതിയേ നമഃ 
8.ഓം ഹേരംബഗണപതിയേ നമഃ 
9. ഓം ലക്ഷ്മിഗണപതിയേ നമഃ 
10. ഓം മഹാഗണപതിയേ നമഃ 
11. ഓം നൃത്തഗണപതിയേ നമഃ 
12. ഓം ക്ഷിപ്രപ്രസാദഗണപതിയേ നമഃ 
13. ഓം സൃഷ്ടിഗണപതിയേ നമഃ 
14. ഓം വിജയഗണപതിയേ നമഃ 
15. ഓം തരുണ ഗണപതിയേ നമഃ 
16. ഓം ഉച്ചിഷ്ടഗണപതിയേ നമഃ

വൈദികാചാരത്തേക്കാൾ കൗളം ശ്രേഷ്ഠമാണോ?

കലിയുഗത്തിൽ വൈദികമന്ത്രങ്ങൾ നിർവ്വീര്യമാണെന്നും താന്ത്രികമന്ത്രങ്ങൾക്കേ പ്രസക്തിയുള്ളൂ എന്നും പറയപ്പെടുന്നു. കലിയുഗത്തിൽ വേദമന്ത്രങ്ങൾ വിഷമില്ലാത്ത പാമ്പിനേപ്പോലെ നിർവ്വീര്യങ്ങളാണ് എന്നിങ്ങനെ മഹാനിർവ്വാണതന്ത്രത്തിൽ പ്രതിപാദിച്ചിരിക്കുന്നു. വൈദികമന്ത്രങ്ങൾ വേശ്യകളെപ്പോലെ പ്രകടങ്ങളാണെന്നും താന്ത്രികവിദ്യകൾ കുലകന്യകയെപ്പോലെ ഗോപ്യമായതാണെന്നും ശ്രീപശുരാമകല്പസൂത്രത്തിലും പ്രസ്താവിച്ചിരിക്കുന്നു.

വൈദികമന്ത്രങ്ങൾ സ്ഥൂലവും താന്ത്രികമന്ത്രങ്ങൾ സൂക്ഷ്മവും ആകുന്നു. ഉദാഹരണമായി ഗായത്രീമന്ത്രത്തിന്റെ  സൂക്ഷ്‌മമരൂപമാണത്രെ ശ്രീവിദ്യാമന്ത്രം. അതേപോലെ മൃത്യുഞ്ജയമന്ത്രം തന്നെ താന്ത്രികമായി വരുമ്പോൾ കേവലം രണ്ടക്ഷരങ്ങളിൽ ഉൾകൊള്ളുന്നു. സ്ഥൂലത്തേക്കാൾ ശക്തിമത്തായിത്തീരുമല്ലോ സൂക്ഷ്മരൂപം. അതിനാൽ വൈദികമന്ത്രങ്ങളേക്കാൾ ശക്തിമത്താണ് താന്ത്രികമന്ത്രങ്ങൾ.

അനുദിനം സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്ന ജനജീവിതത്തിൽ വൈദികവൃത്തി ഏറെക്കുറെ ദുസ്സാദ്ധ്യമാണ് താനും. അശൗചാദി നിമിത്തമായ ശുദ്ധി അശുദ്ധികളെ ഇന്ന് എത്രകണ്ട് ആചരിക്കുവാൻ സാധിക്കും? ഇന്ന് ത്രിസന്ധ്യകളിൽ ഗായത്രിതർപ്പണം ചെയ്യുന്ന വൈദികന്മാർ എത്രപേരുണ്ട്. സന്ധ്യാവന്ദനം എന്നത് കേവലം നാമമാത്രമായിത്തീർന്നിരിക്കുന്നു. വൈദികമായി ആചരിച്ചുവരുന്ന ശുദ്ധി അശുദ്ധികൾ ആചരിക്കുവാനും ഏറെക്കുറെ വിഷമകരമാണ്.

ഇതുകൂടാതെ ബ്രഹ്മക്ഷത്രിയ വൈശ്യന്മാർക്ക് അതായത് ത്രൈവർണ്ണികർക്ക് മാത്രമേ വേദാധികാരം വിധിച്ചിട്ടുള്ളു. സ്ത്രീശുദ്രന്മാർക്ക് വേദത്തിൽ അധികാരമില്ല. അതിന് പ്രമാണം മനുസ്മൃതി തുടങ്ങിയ സ്മൃതികൾ തന്നെയാണ്. ശ്രീശങ്കരാചാര്യർ തന്റെ ബ്രഹ്മസൂത്രം ഭാഷ്യത്തിൽ അപശൂദ്രാധികരണത്തിലും ഈ കാര്യം വളരെ സ്പഷ്ടമാക്കിയിരിക്കുന്നു. വേദാധികാരമില്ലാത്ത സ്ത്രീശൂദ്രന്മാർക്കുപോലും വേദത്തിന്റെ പൊരുൾ എത്തിക്കുവാൻ വേണ്ടിയായിരുന്നു രാമായണവും മഹാഭാരതവും പതിനെട്ട് പുരാണങ്ങളും എഴുതപ്പെട്ടത് എന്ന് പറഞ്ഞുവരുന്നു. അതിനാൽ സ്ത്രീശൂദ്രന്മാർക്ക് വേദത്തിലല്ല, അതിന്റെ ഉപാംഗമായിരിക്കുന്ന പുരാണങ്ങളിലാണ് അധികാരമുള്ളത്. എന്നാൽ താന്ത്രികോപാസനക്ക് ജാതിലിംഗഭേദമില്ല. അതിൽ താന്ത്രികശ്രുതികൾ തന്നെ പ്രമാണമായിട്ടുണ്ട്. സ്ത്രീശൂദ്രന്മാർക്ക് വേദാധികാരമുണ്ടെന്ന് ഒരു വൈദികശ്രുതികൊണ്ടും സമർത്ഥിക്കുവാൻ കഴിയുകയില്ല. തസ്മാത് സർവ്വ പ്രയത്നേന ചണ്ഡാലാദപി ദീക്ഷയേത് എന്ന കുലാർണവ വചനമനുസരിച്ച് ചണ്ഡാലനിൽനിന്നുപോലും കൗളദീക്ഷ സ്വീകരിക്കാം എന്ന് സിദ്ധിച്ചിരിക്കുന്നു. ഇക്കാരണങ്ങൾ എല്ലാം വെച്ചുനോക്കുമ്പോൾ ഏറ്റവും ശ്രേഷ്ഠമായ ഉപാസനാമാർഗ്ഗം കൗളമാർഗ്ഗം തന്നെയാണെന്ന് സിദ്ധിച്ചിരിക്കുന്നു.

വേദമന്ത്രങ്ങളിൽ അർത്ഥത്തിനേക്കാൾ പ്രാധാന്യം ശബ്ദത്തിനാണ്. മന്ത്രങ്ങളുടെ ഉച്ചാരണക്രമം അറിഞ്ഞിരിക്കണം. അതായത് ഉദാത്ത അനുദാത്ത സ്വരിതഭേദങ്ങളും ഘനപാഠം, ജഡാപാഠം തുടങ്ങിയ പാഠഭേദങ്ങളും അറിഞ്ഞിരിക്കണം. അതല്ലാതെ സ്വരശുദ്ധിയില്ലാതെ വേദമന്ത്രം ഉച്ചരിച്ചാൽ വിപരീതഫലമായിരിക്കും കൈവരിക്കുക. എല്ലാർക്കും സംഗീതം പഠിക്കുവാൻ കഴിയില്ല എന്നതുപോലെ വേദമന്ത്രോച്ചാരണവും എല്ലാവർക്കും കഴിയണമെന്നില്ല. അതിന് നൈസർഗ്ഗികമായ വാസന തന്നെവേണം. അതിനെയാണ് പൂർവ്വജന്മസുകൃതം എന്നുപറയുന്നത്. അതിനാൽ സംഗീതത്തിൽ സാധകം ചെയ്യുന്നതുപോലെ വേദമന്ത്രങ്ങളും സാധകം ചെയ്ത് ശീലിക്കേണ്ടതാണ്. അതാണ് വേദാംഗമായ ശിക്ഷ എന്നു പറയപ്പെടുന്നത്. അതിനാൽ വേദം ഒരിക്കലും സാർവ്വത്രികമാക്കാൻ കഴിയുന്നതല്ല.

ചന്ദ്രന്റെ കാരകത്വം, സ്വരൂപം, സ്വഭാവം, സ്ഥാനം

ചന്ദ്രകാരകത്വം 

മാതൃ സ്വസ്തി മനഃപ്രസാദമുദധിസ്നാനം
സിതം ചാമരം ഛത്രം സുവ്യജനം ഫലാനി
മൃദുലം പുഷ്‌പാണി സസ്യം കൃഷിം
കീർത്തീം മൗക്തിക കാംസ്യ രൗപ്യ
മധുരക്ഷീരാദിവസ്ത്രാംബു ഗോ 
യോഷാപ്തീം സുഖഭോജനം 
തനുസുഖം രൂപം വദേ ചന്ദ്രതഃ

മാതാവ്, സുഖം, മാതൃസുഖം, മനസ്സും മനസ്സുഖവും, തീർത്ഥസ്നാനവും, വെളുപ്പ് നിറവും, വെളുത്ത ചാമരവും, കുടയും, വിശറി, ആലവട്ടം, മാർദ്ദവമേറിയ പഴങ്ങളും പുഷ്പങ്ങളും, ജലസസ്യങ്ങളും, ചെറു സസ്യങ്ങളും, കീർത്തിയും, പ്രശസ്തി, മുത്തു, വെങ്കലം, വെള്ളി, മധുരം, പാലും പാലുൽപ്പന്നങ്ങളും, വസ്ത്രവും, ജലവും, പശുവും, സ്ത്രീയും, സ്ത്രീ ലബ്ധിയും, ഭക്ഷണ സുഖവും,ശരീര സുഖവും,രൂപവും, രൂപഭംഗിയും ചന്ദ്രനെ കൊണ്ടു പറയാം, കൂടെ രാത്രിയും, അമ്മയും, നെല്ലും പറയണം.

ചന്ദ്രസ്വരൂപവും സ്വഭാവവും

സ്ഥൂലോ യുവോ ച 
സ്ഥവിരഃ കൃശഃ സിതഃ 
കാന്തേക്ഷണാശ്ചാസിത
സൂക്ഷ്മമൂർദ്ധ്വജഃ രക്തൈകസാരോ
 മൃദുവാക് സിതാംശുകോ ഗൗരഃ 
ശശീ വാതകഫാത്മകോ മൃദുഃ

ചന്ദ്രന്റെ വൃദ്ധിക്ഷയമനുസരിച്ചു തടിച്ചതും യൗവ്വനയുക്തമായതും ചടച്ചതും പ്രായമായതും ആയ രണ്ടവസ്ഥകളും, വെളുപ്പും, വശ്യമായ കണ്ണുകളും, കറുത്തു നേർത്ത തലമുടിയും, ചോരത്തുടിപ്പുള്ള, സൗമ്യമായ സംഭാഷണവും, വെള്ള വസ്ത്രവും, വെളുത്ത, വാത കഫ പ്രകൃതി, സൗമ്യനും ആയിരിക്കും.

ചന്ദ്ര സ്ഥാനം

ദുർഗ്ഗാസ്ഥാനവധൂജലൗഷധി
മധുസ്ഥാനംവിധോർ വായുദിക്

ദുർഗഗാദേവിയുടെ ക്ഷേത്രം, ദുർഗ്ഗയെ ആരാധിക്കുന്നിടം, ദുർഗ്ഗയുടെ ഇരിപ്പിടം, സ്ത്രീ, ജലം, ഔഷധം, തേൻ, മദ്യം ഇവ ഉള്ളിടം, ഉണ്ടാക്കുന്നിടം, അഥവാ സ്ത്രീകൾ, ജലം, തേൻ, മദ്യം ഇവയുള്ളിടം, വായു ദിക്ക്, ആവുന്നു.

ചന്ദ്രന്റെ പക്ഷി, മൃഗ, തൊഴിൽ

ശാസ്‌താംഗനാ രജക കർഷക 
തോയഗാസ്യൂരിന്ദോഃശശശ്ച 
ഹരിണശ്ച ബകശ്ചകോരഃ

ചന്ദ്രനെക്കൊണ്ട് ശാസ്താവിനേയും, പ്രശസ്തയായ സ്ത്രീയെയും, അലക്കുകാർ, കർഷക, ജലസഞ്ചാരി, മുയലും, മാൻപേടയും, കൊക്കും, ചെമ്പോത്തും ചിന്തിക്കണം,

കാലനിർണ്ണയവും മറ്റും

ചന്ദ്രനെ കൊണ്ടു ക്ഷണ നേരവും അതായതു രണ്ടു നാഴികയും, വൈശ്യ വർണ്ണവും, സ്വാതിക ഗുണവും, വർഷ ഋതുവും, ചിന്തിക്കണം.

ബന്ധു നേത്രകാരകത്വം

ചന്ദ്രനെ കൊണ്ടു പകൽ മാതൃ സഹോദരിയും രാത്രിയിൽ മാതാവിനെയും എല്ലായ്പ്പോഴും ഇടത്തു കണ്ണും ചിന്തിക്കണം

ചന്ദ്രൻ ദേഹകാരകനും, രസകാരകനും, പക്ഷബലമുള്ളപ്പോൾ ശുഭനും അല്ലായെങ്കിൽ പാപനും, സ്ത്രീ ഗ്രഹവും, ദേവത പാർവ്വതിയും, പഞ്ചഭൂതം ജലവും, ധാന്യം അരിയും, യവന ദേശവും, മുത്തും കൂട്ടുലോഹവും, ഉപ്പുരസവും, ശിരസ്സിന്റെ ഇടത്തു വശത്തു അടയാളവും, വയസ്സ് എട്ടും, ആവുന്നു.

കര്‍ക്കിടകവും ഭദ്രകാളിയും

കലികാലത്ത് പെട്ടെന്ന് പ്രസാദിപ്പിക്കാവുന്ന ദേവതകള്‍ ഭദ്രകാളിയും ഗണപതിയുമാണ്. കര്‍ക്കിടകമാസത്തില്‍ പൊതുവില്‍ ശുഭകര്‍മ്മങ്ങളൊന്നും നടത്താറില്ല. പഞ്ഞമാസമെന്നാണ് വയ്പ്. എന്നാല്‍ ജ്യോതിഷപ്രകാരം സ്ത്രീരാശിയും മാതൃകാരകത്വമുള്ള ചന്ദ്രന്‍റെ രാശിയുമായ കര്‍ക്കിടകമാസത്തില്‍ ഭദ്രകാളിസേവ, ജപം, കാളീസ്തവം, മന്ത്രസാധന ഇവ പെട്ടെന്നു ഫലപ്രാപ്തി കണ്ടുവരുന്നു. ഉത്തരായനം തീര്‍ന്നു ദക്ഷിണായനം തുടങ്ങുന്ന കര്‍ക്കിടകത്തില്‍ ശ്രദ്ധഭക്തിയോടെ ദക്ഷിണകാളി, സിദ്ധകാളി, ആകാശകാളി, പാതാളകാളി, അഷ്ടകാളി ഇവയിലൊരു ദേവീമന്ത്രമെടുത്ത് ജപം, ധ്യാനം, ഉപാസന ഇവ അനുഷ്ഠിച്ചാല്‍ സര്‍വ്വദുരിത നിവാരണവും സര്‍വ്വസൗഭാഗ്യവും ഫലം. കാളിദാസനെ കാളീശ്വരി അനുഗ്രഹിച്ചതും ഒരു കര്‍ക്കിടകത്തിലെ പഞ്ഞകാലത്താണത്രേ!

കടുത്തശനിദോഷത്തിന് ദശമഹാവിദ്യയില്‍ കാളീശ്വരിയെയാണത്രെ പ്രീതിപ്പെടുത്തേണ്ടത്. ഏഴരശ്ശനി, കണ്ടകശ്ശനി, ശനിദശയില്‍ ശനിയപഹാരം, മറ്റുപാപഗ്രഹങ്ങളുടെ ദശയില്‍ ശനിയപഹാരം എന്നിവയാല്‍ വലയുന്നവര്‍ തീര്‍ച്ചയായും മഹാദേവിയുടെ സ്തുതികള്‍ ചൊല്ലുകയും ശനിയാഴ്ച കാളിക്ഷേത്രദര്‍ശനം നടത്തുകയും ചെയ്യുന്നതായാല്‍ ദോഷശാന്തി ഉറപ്പ്. ശനിദോഷത്താല്‍ വിവാഹം താമസിക്കുന്നവരും വിവാഹതടസ്സജാതകമുള്ളവരും ഇരുപത്തൊന്നുനാള്‍ ആദിത്യനെ വണങ്ങിയശേഷം തുടര്‍ച്ചയായി മൂന്നുദിവസം വേതാളകാര്‍ത്ത്യായനീക്ഷേത്ര ദര്‍ശനം നടത്തി സങ്കടം പറഞ്ഞാല്‍ അമ്മ പെട്ടെന്ന് മംഗല്യഭാഗ്യം നല്‍കും. ചുവന്ന പൂക്കളാല്‍ മാലകെട്ടി കര്‍ക്കിടകത്തിലെ ശനിയാഴ്ചദിവസം കാളിക്ഷേത്രത്തില്‍ സമര്‍പ്പിച്ച് മംഗല്യത്തിനെന്നല്ല ഏത് തടസ്സം നീങ്ങാനും പ്രാര്‍ത്ഥിക്കുന്നത് ഗുണകരം.

കാളിധ്യാനം

സദ്യശ്ഛിന്നശിരഃ കൃപാണമഭയം
ഹസ്തൈര്‍വ്വരം ബിഭ്രതീം
ഘോരാസ്യം ശിരസാം സ്രജാ സുരുചിരാ
മുന്മുക്ത കേശാവലിം
സ്യക്യാക് പ്രവാഹാം ശ്മശാനനിലയാം
ശ്രുത്യോഃ ശിവാലംകൃതിം
ശ്യാമാംഗീം കൃതമേഖലാം ശവകരൈര്‍
ദേവീം ഭജേ കാളികാം

ഐശ്വര്യവും സമ്പത്തും, വീട് തരും ചില സൂചനകൾ

വീട്ടിലെ പൈപ്പ് എത്ര നോക്കിയിട്ടും പൂട്ടാൻ കഴിയുന്നില്ലേ? പൊട്ടിയ കണ്ണാടി മാറ്റാൻ കഴിയുന്നില്ലേ? ഇതൊക്കെ എല്ലാവരുടെയും വീട്ടിൽ സംഭവിക്കുന്നതല്ലേ എന്നു കരുതി തള്ളിക്കളയേണ്ട. ഈ ലക്ഷണങ്ങള്‍ നിങ്ങളുടെ വീട്ടില്‍ കാണുന്നുണ്ടോ. എങ്കില്‍ നിങ്ങള്‍ സൂക്ഷിച്ചോളൂ, നിങ്ങള്‍ക്ക് കടബാധ്യത വരുവാന്‍ പോകുന്നുവെന്നാണെന്ന് വിശ്വാസം പറയുന്നു. ജ്യോതിഷത്തിൽ ലക്ഷണ ശാസ്ത്രം ഇത്തരം കാര്യങ്ങളെ ഐശ്വര്യക്കേടുകളായി കാണുന്നുണ്ട്. വിശ്വസിക്കുന്നവര്‍ക്ക് വിശ്വസിക്കാം. അല്ലാത്തവര്‍ക്ക് തള്ളാം. എന്നാൽ ചില കാര്യങ്ങള്‍ അവഗണിക്കേണ്ടതില്ല. ലക്ഷണമല്ലെങ്കിലും വീടിന്റെ നെഗറ്റീവ് എനർജിക്കും പരാജയങ്ങൾക്കുമെല്ലാം ഇവ കാരണമായേക്കാമെന്ന് നമുക്ക് മനസ്സിലാകും.

ധനനഷ്ടം എപ്പോള്‍ എങ്ങനെ ഉണ്ടാകും എന്ന് ആര്‍ക്കും പറയുവാന്‍ കഴിയില്ല. ധനനഷ്ടം ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് ധനം കൈകാര്യം ചെയ്യുന്നതില്‍ ഉള്ള അറിവില്ലായ്മയാണ്. എന്നാല്‍ ചില വിശ്വാസങ്ങള്‍ അനുസരിച്ച് ധനനഷ്ടം ഉണ്ടാകുന്നതിനു മുന്‍പ് ചില സൂചനകള്‍ നല്‍കും എന്നാണു പറയപ്പെടുന്നത്. ഇതാ ഇവ ശ്രദ്ധിക്കാം.

എണ്ണയും കടുകും

പഴമക്കാർ പറയാറുണ്ട്, വീട്ടിൽ എണ്ണ, കടുക് എന്നിവ തട്ടി മറിയാതെ ഇരിക്കണം അത് ഐശ്വര്യക്കേടാണെന്ന്. അറിയാതെ നമ്മള്‍ എണ്ണ തട്ടിപ്പോയി അത് നിലത്ത് വീണാല്‍ അത് വരാനിരിക്കുന്ന സാമ്പത്തിക നഷ്ടത്തിന്റെ തുടക്കത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് ചിലപ്പോള്‍ വലിയൊരു കടബാധ്യതയിൽ ചെന്നെത്തിക്കും എന്ന് സൂചിപ്പിക്കുന്നു.

പൈപ്പിന്റെ ചോർച്ച

ചില പൈപ്പുകള്‍ എത്ര അടച്ചാലും അതില്‍ നിന്നും വെള്ളം തുള്ളി തുള്ളിയായി വീഴുന്നത്. നാം പറയും അത് പൈപ്പ് ചീത്തയായി പോയതുകൊണ്ടാകും എന്ന് എന്നാല്‍ വിശ്വാസപ്രകാരം അതും ധനനഷ്ടത്തിന്റെ തുടക്കമാണ്. അതുപോലെ തന്നെ വീടിന്റെ മേല്‍ക്കൂര ചോരുന്നതും വലിയൊരു കടബാധ്യതയ്ക്കും ധനനഷ്ടത്തിനും കാരണമാകുന്നതായി പറയപ്പെടുന്നു. സ്വര്‍ണ്ണം നഷ്ടപ്പെടുന്നതും കടബാധ്യതയുടെ സൂചനയാണ്.

വീട്ടിലെ വഴക്ക്

വീട്ടില്‍ എന്നും വഴക്കും അസ്വസ്ഥതയും ഉണ്ടാകുകയാണെങ്കില്‍ ആ വീടിന്റെ മുന്നോട്ടുപോക്ക് വലിയൊരു കടബാധ്യതയിലേക്കും കുടുംബത്തിലെ ദുഃഖത്തിലേക്കും ആയിരിക്കും എന്നും വിശ്വസിക്കുന്നു.

ക്ലോക്കും പൊട്ടിയ കണ്ണാടിയും

ക്ലോക്കിലെ സൂചി നിലച്ചു പോകുന്നതും പൊട്ടിയ കണ്ണാടി വീട്ടില്‍ സൂക്ഷിക്കുന്നതും ധനനഷ്ടം വരുത്തുന്ന ഒന്ന് തന്നെ. അതുപോലെയാണ് ദൈവീക വിഗ്രഹങ്ങള്‍ പൊടി പിടിച്ചു കിടക്കുന്നതും. നാണയതുട്ടുകള്‍ കയ്യില്‍ നിന്നും താഴെ എപ്പോഴും വീഴുന്നതും ധനനഷ്ടത്തിന്റെ സൂചനകള്‍ തന്നെ. ഇത്തരം കാര്യങ്ങള്‍ ഒന്ന് നിങ്ങള്‍ സ്വയം വിലയിരുത്തി മാറ്റാവുന്നവ മാറ്റാനും ശ്രദ്ധിക്കാനും നോക്കൂ, ധനനഷ്ടം വരാതെ മുന്നോട്ടു നീങ്ങാം.

കൗളാത്പരതരം നഹി എന്നു പറയുന്നുണ്ടല്ലോ, എന്തുകൊണ്ട്?

എൺപത്തിനാല് ലക്ഷംതരം ജീവജാലങ്ങൾ ഈ ഭൂമിയിലുണ്ട് എന്ന് പറയപ്പെടുന്നു. ഈ ജീവപരിണാമചക്രത്തിൽ ഏറ്റവും സമുന്നതമായത് മനുഷ്യസൃഷ്ടിയാണെന്നതും സർവ്വസമ്മതമാണ്. മനുഷ്യനായാൽത്തന്നെ ഈശ്വരോന്മുഖമായി ചിന്തിക്കുക എന്നതും വളരെ വിരളമാണ്. ഇത്തരത്തിൽ ചിന്തിക്കുന്ന ആയിരക്കണക്കിനാളുകളിൽ ഒരാൾമാത്രമേ ശരിയായ സാധകനായിത്തീരുന്നുള്ളൂ. അത്തരം ആയിരക്കണക്കിന് സാധകന്മാരിൽ ഒരാൾക്ക് മാത്രമേ ഈശ്വരസാക്ഷാത്കാരം ലഭിക്കുകയുള്ളൂ. എന്നും ശ്രീമദ് ഭഗവദ്ഗീതയിൽ പ്രസ്താവിക്കുന്നു.

എല്ലാ ഉപാസനാസമ്പ്രദായങ്ങളിലുംവെച്ച് ശ്രേഷ്ഠമായത് വൈദികമാണെന്നും വൈദികത്തേക്കാൾ ശ്രേഷ്ഠം വൈഷ്ണവമാണെന്നും അതിനേക്കാൾ ശ്രേഷ്ഠം ശൈവമാണെന്നും ശൈവത്തേക്കാൾ ശ്രേഷ്ഠം ദക്ഷിണാചാരമാണെന്നും പറയപ്പെടുന്നു. ദക്ഷിണാചാരത്തേക്കാൾ ശ്രേഷ്ഠം വാമാചാരമാണെന്നും അതിനേക്കാൾ ശ്രേഷ്ഠം സിദ്ധാന്തമാണെന്നും ഏറ്റവും ശ്രേഷ്ഠമായത് കൗളമാണെന്നും കൗളത്തേക്കാൾ ശ്രേഷ്ഠമായി മറ്റൊന്നുംതന്നെ ഇല്ലെന്നും കുലാർണ്ണവതന്ത്രം ഉപദേശിക്കുന്നു. ഇവിടെ വൈദികം എന്നതുകൊണ്ടുദ്ദേശിയ്ക്കുന്നത് വേദത്തിന്റെ പൂർവ്വകാണ്ഡമായ മീമാംസാശാസ്ത്രത്തെയാണ്. അതായത് യാഗാദികർമ്മങ്ങളെയും ധർമ്മങ്ങളെയും കുറിയ്ക്കുന്ന ശാസ്ത്രം തന്നെ. എന്നാൽ ഉത്തരകാണ്ഡം ജ്ഞാനപ്രധാനമാണ്. അത് മോക്ഷധർമ്മത്തെ ഉപദേശിക്കുന്നു. തത്ത്വമസി തുടങ്ങിയ മഹാവാക്യങ്ങളുടെ താൽപര്യവും ഇവിടെത്തന്നെയാണ്. ഇത് ബ്രഹ്മസാക്ഷാത്കാരത്തിനുള്ള ഉപാധിയാണ് എന്നതുകൊണ്ട് കൗളധർമ്മത്തിന്റെ ലക്ഷ്യവും ഇതുതന്നെയാണ്.

ഇതെന്തുകൊണ്ടാണെന്ന് നോക്കാം. മറ്റെല്ലാ ഉപാസനാ സമ്പ്രദായങ്ങളും ബഹിർമുഖങ്ങളാകയാൽ കൂടുതൽ കൂടുതൽ അന്തർമുഖമായതും യോഗാനുഭൂതി വിഷയകവുമായ മാർഗ്ഗങ്ങളാണ് ഉത്തരോത്തരം പറയപ്പെട്ടത്. അതിൽ ശ്രവണമനനങ്ങൾക്കപ്പുറം ജീവബ്രഹ്മ ഐക്യാനുസന്ധാനങ്ങൾക്ക് അനുരൂപമായിരിയ്ക്കുന്ന നിദിദ്ധ്യാസനപ്രക്രിയയാണ് കൗളധർമ്മത്തിന്റേത്.

ഇത് വെറും പക്ഷപാതപരമായ സമീപനമല്ലെ?

ന്യായം, വൈശേഷികം, സാംഖ്യം, യോഗം, പൂർവ്വമീമാംസ, ഉത്തരമീമാംസ എന്നീ ആറ് ദർശനങ്ങളിൽ ഏറ്റവും മുന്നിട്ടുനിൽക്കുന്നത് വേദാന്തം എന്ന പേരിലറിയപ്പെടുന്ന ഉത്തരമീമാംസയാണ്, അദ്വൈതദർശനം അതിന്റെ പാരമ്യവുമാണ്. ശ്രീശങ്കരാചാര്യർ ഈ ദർശനങ്ങളെയും ഇത് കൂടാതെ പാശുപതം, പാഞ്ചരാത്രം എന്നിങ്ങനെയുള്ള ശൈവവൈഷ്ണവ സമ്പ്രദായങ്ങളെയും ബൗദ്ധചാർവാക ദർശനങ്ങളെയും നിരാകരിച്ചുകൊണ്ട് പരമായ തത്വം അദ്വൈതമാണെന്ന് പ്രഖ്യാപിച്ചു. എന്നാൽ കൗളസമ്പ്രദായത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചിട്ടേയില്ല. അതിനെക്കുറിച്ച് അദ്ദേഹത്തിന് അറിവില്ലാത്തതുകൊണ്ടല്ലല്ലോ പരാമർശിയ്ക്കാതെ പോയത്. സൗന്ദര്യലഹരി എന്ന സ്തോത്രത്തിലും പ്രപഞ്ചസാരം എന്ന തന്ത്രഗ്രന്ഥത്തിലും അദ്ദേഹം ഈ സമ്പ്രദായത്തെ വളരെയേറെ പ്രശംസിക്കുകയും ചെയ്യുന്നു. അതിനാൽ കൗളധർമ്മം എന്ന രഹസ്യപദ്ധതി ബ്രഹ്മസാക്ഷാത്കാരത്തിനുള്ള ഉപാധിയാണെന്ന് അദ്ദേഹം അംഗീകരിച്ചിരിക്കുകയാണ്.

ശ്രവണം മനനം, നിദിദ്ധ്യാസനം എന്നീ ഉപാധികളിൽ ശ്രവണമനനങ്ങൾ എന്തെന്ന് മാത്രമേ ഉപനിഷത്തുക്കളിൽ പ്രഖ്യാപിക്കുന്നുള്ളു. ശരിയായ നിദിദ്ധ്യാസനരൂപമാണ് ശ്രീചക്രപൂജ എന്നത് ശ്രീചക്രത്തിന്റെ തത്വം മനസ്സിലാക്കിയാൽ അംഗീകരിക്കേണ്ടിവരും. അത് തുടർന്നുള്ള അദ്ധ്യായത്തിൽ വിവരിക്കാൻ പോകുന്നതേയുള്ളു.

ഒരു കൗളനെ സംബന്ധിച്ചിടത്തോളം ആരംഭം, തരുണം, യൗവ്വനം, പ്രൗഢം, തദന്തം, ഉൻമനം, അനവസ്ഥ എന്നിങ്ങനെ ഏഴ് ഉല്ലാസങ്ങളുണ്ട്. ഉല്ലാസങ്ങൾ എന്നാൽ ഉപാസനയുടെ പദം പദമായ അനുഭൂതിമണ്ഡലങ്ങളാകുന്നു.

ഉപാസന തുടങ്ങണമെന്ന് ആഗ്രഹിയ്ക്കുന്നതും ഗുരുവിനെ സമാശ്രയിക്കുന്നതും ആരംഭോല്ലാസത്തിലാണ്. പൂജ ചെയ്ത് ലയം സംഭവിക്കുന്നത് തരുണോല്ലാസത്തിലാണ്. ഈ അവസ്ഥയിൽനിന്നുകൊണ്ടാണ് ഗുരു ശിഷ്യന് ഉപദേശം കൊടുക്കുന്നത്. പിന്നീടുള്ള യൗവ്വനം, പ്രൗഢം, തദന്തം എന്നീ അവസ്ഥകൾ കേവലം മന്ത്രധ്യാനാദികളുടെ വിഭിന്ന തലങ്ങളാണ്. ആനന്ദാനുഭൂതി കൈവരിയ്ക്കുകയും അതൊരു ലഹരിയെന്നപോലെ ആയിത്തീരുകയും ചെയ്യുന്ന അവസ്ഥയാണ് ഉൻമനം എന്നത്. പിന്നീടുള്ള അവസ്ഥയുടെ പേരുതന്നെ അനവസ്ഥ എന്നാകയാൽ കേവല ബ്രഹ്മാനുഭൂതി വിഷയകവും നിർവികല്പവും മനോവാക്കുകൾക്ക് അഗോചരവുമാകുന്നു. കൗളം എന്നത് അദ്വൈതബോധമാണ്. നിർവികൽപസമാധിയാണ്. കേവലം ബ്രഹ്മാനുഭൂതിയുമാണ്. അതുകൊണ്ടാണ് ' കൗളാത്പരതരംനഹി " എന്ന് പ്രസ്താവിച്ചിട്ടുള്ളത്.

സമ്പത്ത് വര്‍ദ്ധിക്കാന്‍

ഒരു ഭവനത്തില്‍ ധനം സൂക്ഷിക്കുന്നത് ശരിയായ ദിക്കുകളിലല്ലെങ്കില്‍ പണം പറന്നുപോകുന്നപോലെ നഷ്ടപ്പെടും. ചിലവ് നിയന്ത്രിക്കാനാകാതെ വരാം. ഒരു വീടിന്‍റെ തെക്കുപടിഞ്ഞാറ് (കന്നിമൂല), തെക്ക്, പടിഞ്ഞാറ് ഈ ഭാഗങ്ങളില്‍ പണം സൂക്ഷിക്കാം. പണം, പ്രധാനരേഖകള്‍ ഇവ സൂക്ഷിക്കുന്ന അലമാര വടക്ക് ദിക്കി(കുബേരയ്ക്ക്)ലേക്ക് തുറക്കുന്നവിധം സ്ഥാപിച്ചാല്‍ സമ്പത്ത് നിലനില്‍ക്കും.

വീടിന്‍റെ ചില ദിക്കുകളിലുള്ള മുറികളില്‍ പണം സൂക്ഷിച്ചാലുള്ള ഫലം ശ്രദ്ധിക്കുക. 

1. തെക്കുപടിഞ്ഞാറേ(കന്നിമൂല) - സമ്പത്ത് വര്‍ദ്ധിക്കും. 

2. വടക്ക് പടിഞ്ഞാറേ(കന്നിമൂല) മുറി - സമ്പത്ത് വര്‍ദ്ധിക്കും. 

3. വടക്ക് കിഴക്കേമുറി(ഈശാനകോണ്‍)- ദാരിദ്ര്യം, കടബാധ്യതകള്‍ ഇവ വരുത്താം. 

4. തെക്ക് കിഴക്കേമുറി(അഗ്നികോണ്‍)- മോഷണത്തിനും അനാവശ്യ ചെലവിനും വഴിയൊരുക്കും.

ചുരുക്കത്തില്‍ കന്നിമൂല മുറിയില്‍ വടക്കോട്ട് തുറക്കുന്ന രീതിയില്‍ പണപ്പെട്ടി അല്ലെങ്കില്‍ അലമാരയില്‍ സൂക്ഷിക്കുന്ന ധനം വര്‍ദ്ധിക്കുമെന്നതില്‍ തര്‍ക്കമില്ല. ധനം സൂക്ഷിക്കുന്ന പെട്ടിയില്‍ സുഗന്ധദ്രവ്യങ്ങള്‍, ഗുരുവിന്‍റെയോ, ശുക്രന്‍റെയോ രത്നങ്ങള്‍, അശ്വാരൂഢയന്ത്രം, ശ്രീയന്ത്രം, ചില തരം മൂലികാവേരുകള്‍(ധനാകര്‍ഷണാവശ്യ സാദ്ധ്യതയുള്ളവ), ഉത്തമലോഹങ്ങള്‍ എന്നിവ സൂക്ഷിക്കുന്നതും സമ്പത്ത് വര്‍ദ്ധിക്കാന്‍ ഇടവരുത്തും. വ്യാപാരികള്‍ പണപ്പെട്ടികളില്‍ ഇത്തരത്തില്‍ ചില സൂത്രങ്ങള്‍ പ്രയോഗിക്കാറുണ്ട്. വിശേഷനമ്പറുള്ള ചില നാണയങ്ങള്‍, കറന്‍സി എന്നിവ ചെലവഴിക്കാതെ പണപ്പെട്ടിയില്‍ സൂക്ഷിക്കുന്നതായും കണ്ടുവരുന്നുണ്ട്.

വൈകി വരുന്ന വിവാഹങ്ങള്‍

ഹൈന്ദവ സംസ്‌കാരങ്ങളിലെ ഷോഡശക്രിയകളില്‍ വച്ച് പ്രധാന സ്ഥാനമാണ് വിവാഹത്തിന് നല്‍കപ്പെട്ടിരിക്കുന്നത്. ചിലര്‍ക്ക് വിവാഹം കൃത്യസമയത്ത് നടക്കുന്നു. ചിലര്‍ക്ക് വിവാഹം വൈകി മാത്രം നടക്കുന്നു. ചിലര്‍ക്ക് വിവാഹം ഒരിക്കലും നടക്കാതെ ഇരിക്കുന്നു. ഇതെല്ലാം ജാതകവിശകലനത്തിലൂടെ കണ്ടെത്താന്‍ കഴിയും.

ഉന്നതവിദ്യാഭ്യാസവും ഉദ്യോഗവും സൗന്ദര്യവുമെല്ലാം ഒത്തിണങ്ങിയിട്ടും ചിലര്‍ക്ക് വിവാഹം വൈകി മാത്രമേ നടക്കാറുള്ളൂ. ഇതിന്റെ കാരണം നമ്മുക്ക് പരിശോധിയ്ക്കാം. കളത്രസ്ഥാനമായ ഏഴാം ഭാവത്തിന്റെ അധിപതി അനിഷ്ടസ്ഥാനങ്ങളായ ആറ്, എട്ട്, പന്ത്രണ്ട് എന്നീ സ്ഥാനങ്ങളിലോ ബാധകസ്ഥാനത്തിലോ ഇരുന്നാലും, ചൊവ്വാ രണ്ട്, നാല്, ഏഴ്, എട്ട്, പന്ത്രണ്ട് എന്നീ ഭാവങ്ങളില്‍ ഇരുന്നാലും അതായത് ജാതകപ്രകാരം ചൊവ്വാദോഷമുണ്ടായിരുന്നാലും, ചൊവ്വാ അഞ്ചില്‍ നിന്നാലും ജാതകത്തില്‍ ഗുരുശുക്രയോഗമുണ്ടായാലും വിവാഹം വൈകി മാത്രമേ നടക്കാറുള്ളൂ.

ശനി കുടുംബസ്ഥാനത്തിലോ കളത്ര സ്ഥാനത്തിലോ ശുഭഗ്രഹ വീക്ഷണമില്ലാതെ നിന്നാലും ശനി ഏഴാം ഭാവത്തെയോ ഏഴാം ഭാവാധിപനെയോ വീക്ഷിക്കുകയോ ചെയ്താലും ശനി ഏഴില്‍ നിന്നാലും വിവാഹം താമസിക്കും. ശനിക്ക് മൂന്നിലേക്കും ഏഴിലേയ്ക്കും പത്തിലേയ്ക്കും ദൃഷ്ടിയുണ്ട്. ഏഴാം ഭാവത്തെയോ ഏഴാം ഭാവാധിപനെയോ, വ്യാഴം വീക്ഷിക്കുകയാണെങ്കില്‍ ശനിദോഷം കുറയും. വിവാഹം സമയത്ത് നടക്കും.

ഏഴാം ഭാവാധിപന്‍ പാപഗ്രഹമായി മിഥുനം, കര്‍ക്കിടകം, കന്നി, മീനം രാശികളില്‍ നിന്നാലും സൂര്യന്‍ ശുക്ര യോഗം ചെയ്ത് മിഥുനം, ചിങ്ങം, കന്നി എന്നീ രാശികളില്‍ നിന്നാലും, കളത്രകാരനായ ശുക്രന്‍ ഏഴില്‍ നിന്നാലും വിവാഹം വൈകും. ഇപ്രകാരം നിരവധി കാരണങ്ങള്‍ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുുന്നു. വിവാഹം വൈകുന്നതിന്റെ കാരണം കണ്ടെത്തി അതിന് പരിഹാരം ചെയ്താല്‍ വിവാഹം യഥാസമയത്ത് നടക്കും.

വഴിപാടുകൾ നേർന്നത് മറന്നുവോ?

ആഗ്രഹസാധ്യത്തിനായോ കുടുംബത്തിന് വേണ്ടിയോ മറ്റുള്ളവർക്ക് വേണ്ടിയോ പലരും വഴിപാടുകൾ നേരാറുണ്ട്. എന്നാൽ കുറച്ചു നാൾ കഴിയുമ്പോൾ സംഗതി അപ്പാടെ മറന്നുപോവുകയോ നേർന്ന വഴിപാടെന്താണെന്നു ഓർത്തെടുക്കാൻ കഴിയാതെ വരുകയും ചെയ്യും. പിന്നീടെന്തിനെങ്കിലും വേണ്ടി ജ്യോതിഷനെ സമീപിക്കുമ്പോഴാവാം വഴിപാടു മുടങ്ങി കിടപ്പുണ്ടെന്ന കാര്യം ഓർമിക്കുന്നത്.

വഴിപാടു നേർന്ന ക്ഷേത്രത്തിൽ കുറച്ചു നാണയത്തുട്ടുകൾ "തെറ്റു പണം " എന്ന സങ്കല്പത്തിൽ മൂന്ന് തവണ ഉഴിഞ്ഞു കാണിക്കയായി ഇടുകയാണ് പരിഹാരം. ഏതു ക്ഷേത്രമാണെന്നു മറന്നു പോയെങ്കിൽ അടുത്തുള്ള ശിവക്ഷേത്രത്തിൽ "ക്ഷമാപണ മന്ത്രം" ചൊല്ലി തലയ്ക്കുഴിഞ്ഞ് കാണിക്ക സമർപ്പിക്കാവുന്നതാണ് .

ക്ഷമാപണ മന്ത്രം

ഓം കരചരണകൃതം വാ - കായജം കർമജം വാ-
ശ്രവണനയനജം വാ മാനസം വാ അപരാധം
വിഹിതമവിഹിതം വാ - സര്‍വ്വമേതത് ക്ഷമസ്വ
ശിവശിവ കരുണാബ്‌ധേ - ശ്രീമഹാദേവശംഭോ.

അടുത്തുള്ള വിഷ്ണുക്ഷേത്രത്തിൽ "സമർപ്പണ മന്ത്രം" ചൊല്ലി തികഞ്ഞ ഭക്തിയോടെ കാണിക്ക അർപ്പിക്കുന്നതും നന്ന് .

സമര്‍പ്പണമന്ത്രം

കായേന വാചാ മനസേന്ദ്രിയൈര്‍വാ
ബുദ്ധ്യാത്മനാ വാ പ്രകൃതേഃ സ്വഭാവാത്
കരോമി യദ്യത് സകലം പരസ്‌മൈ
നാരായണായേതി സമര്‍പ്പയാമി
ജയ നാരായണായേതി സമര്‍പ്പയാമി

ഗുരുസ്വരൂപം, ഗുരുമഹത്വം

സമസ്തകർമ്മങ്ങളുടെയും പ്രാരംഭക്രിയയാണ് ഗുരു-ഗണപതി വന്ദനം. ഇതിൽ ഗണപതി വന്ദനം (നിവേദ്യം)  സർവ്വസാധാരണമെങ്കിലും ഗുരുവന്ദനം സൗകര്യപൂർവ്വം വിസ്മരിക്കപ്പെടുന്നതായി കാണുന്നു. എന്നാൽ ഗണപതി നിവേദ്യം പോലെത്തന്നെ പ്രാധന്യമർഹിക്കുന്നതാണ് ഗുരുവന്ദനം. ഗുരുവന്ദനത്തോടുള്ള അലംഭാവം പൂജ്യപൂജാവ്യതിക്രമം  തന്നെയാണ്. ഗുരുവന്ദനം, ഒരു പൂവ്വ് ആരാധിക്കുന്നതോടുകൂടി കൃത്കൃത്യരായെന്ന് കരുതുന്നു; ചിലർ ഗുരുവിനെ  അവഗണിക്കുന്നത് ഗുരുത്വദോഷം തന്നെയാണെന്ന്  വേണം കണക്കാക്കാൻ. അഥവാ ഗുരുവിന്റെ ഗൗരവം മനസ്സിലാക്കുന്നില്ല. എന്നത്രേ സത്യം. ഗുരുവിന്റെ മഹാത്മ്യം മനസ്സിലാക്കാത്തതിനു  പിന്നിൽ അഹന്തയുടെ മുഖംമൂടിയാണ് നിലനിൽക്കുന്നത്.

'യജ്ഞൈരനേകൈർ ബഹുഭിസ്തപോഭി- 
രാരാദ്ധ്യമാദ്യം ഗജരാജവക്ത്രം" 

യജ്ഞാനങ്ങളും ഉപാസനകളും എന്നുവേണ്ട സമസ്തകർമ്മങ്ങളിലും ഗണപതിവന്ദനം ആദ്യമായി ചെയ്യണം . എന്നാൽ പ്രഥമാരാദ്ധ്യൻ ഗുരുവാണെന്നറിയുക. പിന്നീട് ഗണപതിയും.

'ഗുരുരേവ പരംബ്രഹ്മ തസ്മാദാദൗ സമർച്ചയേൽ".

ഗുരു പരബ്രഹ്മമൂർത്തിതന്നെയാണ്, അതിനാൽ ഗുരുവിനെയാണ് ആദ്യമായി പൂജിക്കേണ്ടത്.

എന്താണ് ഗുരു:-

ആത്യന്തികമായ ജ്ഞാനമാണ് ഗുരുവിന്റെ യഥാർത്ഥസ്വരൂപം. 'ജ്ഞാനവാൻ  ഗുരുരുച്യതേ' -  ജ്ഞാനസ്വരൂപനാണ് ഗുരു. 'ചിദാനന്ദമയോ ഗുരുഃ' - സച്ചിദാനന്ദസ്വരൂപനാണ് ഗുരു, 

ചിലർ ഗുരുവിനെ ദക്ഷിണാമൂർത്തിയായി കണക്കാക്കുന്നു.  ചിലരകട്ടെ സ്വഗുരുവെത്തന്നെ ഗുരുവെന്നു വ്യവഹരിക്കുന്നു.

ഗുരു എന്ന പദത്തിന് നാം കൽപിച്ചിരിക്കുന്ന അർത്ഥത്തിലും എത്രയോ പ്രൗഢവും അത്യുന്നതവുമായ വിവരണമാണ്  കാണുന്നത്. ..

"ഗു" ശബ്ദ്ത്ത്വന്ധകാരം "രു" ശബ്ദ്സ തന്നിരോധകഃ" 

"ഗു" എന്നത് അന്ധകാരത്തെയും 

"രു" എന്നത് തിരോധാനത്തെയും കുറിക്കുന്നു .   

അന്ധകാരത്തെ ഇല്ലാതാക്കുന്ന പ്രകാശസ്വരൂനാണ്  ഗുരു. " 

“സൂര്യവത് സർവ്വദീപകഃ"  സൂര്യനെ പോലെ  എല്ലാറ്റിനെയും പ്രകാശപൂർണ്ണമാക്കുന്നു ഗുരു.  ജ്ഞാനോപദേശം ചെയ്ത് മോക്ഷത്തിലേക്ക് നയിക്കുന്നു ഗുരു.... 

ഗുരു ശൈവമല്ല, വൈഷ്ണവമല്ല, ദക്ഷിണാമൂർത്തിയുമല്ല.  അഥവാ മൂർത്തിഭേദമില്ല

"അത്രിണേത്രഃ ശിവഃ  സാക്ഷാദ് അ ചതുർബാഹുരച്യുതഃ അചതുർവദനോ ബ്രഹ്മാ ശ്രീഗുരുഃ കഥിതഃ പ്രിയേ!" 

ബ്രഹ്മവിഷ്ണുശിവന്മാരുടെ സവിശേഷതകൾ ഒഴിച്ചു നിർത്തിയാൽ ഗുരുവാകും. ത്രിനേത്രനല്ലാത്ത ശിവൻ,  നാലുകൈകളില്ലാത്ത വിഷ്ണു, നാലുമുഖങ്ങളില്ലാത്ത ബ്രഹ്മാവ്,  എന്നിങ്ങനെ,  അഥവാ ഈ ദേവന്മാരുടെ മൗലികസത്തയാണ് ഗുരു......

"ഗുരു സദാശിവഃ സാക്ഷാത് സത്യമേവ ന സംശയഃ"

ശിവനെ പരക്കെ സദാശിവനെന്നു വ്യവഹരിക്കപ്പെടാറുണ്ടെങ്കിലും സദാശിവഭാവമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. സദാശിവൻ ആണ് അനുഗ്രഹത്തിന്റെ  അധിഷ്ഠാനദേവത. 

"ആജ്ഞാരൂപോ ഗുരുഃ സ്മൃതഃ"

എന്ന മറ്റൊരു നിർവചനം പ്രസക്തമാണ്. ആജ്ഞാസ്വരൂപനാണ് ഗുരു. അതായത് ശരിയും തെറ്റും വേർതിരിച്ച് മാർഗ്ഗത്തിലേക്ക്  നയിക്കുന്ന ആചാര്യനാണ്  ഗുരു.  

ഇച്ഛാ - ക്രിയാ - ജ്ഞാനശക്തികളിൽ, ജ്ഞാനശക്തിയുടെ അഭാവം (ഗുരുവിന്റെ) മറ്റുരണ്ടു ശക്തികളേയും  നിഷ്ക്രിയമാക്കുന്നു. അന്തഃസാരശൂന്യമക്കുന്നു.  ജ്ഞാനശക്തിയാകുന്ന   ഗുരുവിന്റെ സാന്നിദ്ധ്യവും അനുഗ്രഹവും എപ്പോഴും എവിടെയും അത്യാവശ്യമാണെന്നു  വരുന്നു. പല ക്രിയകളുടെയും പരാജയകാരണം ഗുരുവിന്റെ  അനുഗ്രഹത്തിന്റെ അഭാവമാണെന്നു  കരുതാൻ ന്യായമുണ്ട്. 

കാരണം അതാതു ദേവന്റെ (ദേവത) പ്രതിബിംബാത്മകമൂർത്തിയായി. കർമ്മസാക്ഷിയായി; സദാ അഭയപ്രദനായി  ഗുരു സ്ഥിതി ചെയ്യുന്നു. മന്ത്രമൂർത്തിയുടെ അനിഷ്ട്ത്തെപ്പോലും തിരുത്താൻ കെൽപ്പുള്ള പൂർണ്ണകൃപാനിധിയാണ് ഗുരു.

"ദേവേ രുഷ്ടേ ഗുരുസ്ത്രാതാ ഗുരോരുഷ്ടേന കാശ്ചന" 
(കുലാർണ്ണവം) 

ദേവൻ കോപിച്ചാൽ ഗുരു രക്ഷിക്കും. ഗുരു കോപിച്ചാൽ പിന്നെ ആരുംതന്നെ രക്ഷിക്കാനില്ല.

ഗുരു കർമ്മസാക്ഷിയാണ്  ആ നിലയ്ക്ക് കർമ്മഫലദാതാവെന്ന നിലയിലും ഗുരു വലിയ പങ്കു വഹിക്കുന്നുണ്ട്. ഗുരു ദേവാധിദേവനാണ്.

ശ്രീകൃഷ്ണൻ ഒരിടത്തു പറയുന്നു.

“ആചാര്യം മാം വിജാനീയാന്നാവമന്യേവകർഹിചിത് 
ന മർത്ത്യബുദ്ധ്യാ സൂയതേ സർവ്വദേവമയോ  ഗുരു" 

എന്നെ ആചാര്യൻ തന്നെയായി കാണുക. മനുഷ്യനായി കാണാതിരിക്കുക, ഞാൻ സർവ്വദേവമയസ്വരൂപനായ ഗുരുവല്ലാതെ മറ്റൊന്നല്ല എന്ന് പ്രത്യേകം മനസ്സിലാക്കുക.

"ദേശികാകൃതിമാസ്ഥായ പാശുപാശാനശേഷതഃ  സർവ്വാനുഗ്രഹകർതൃത്ത്വാദീശ്വരഃ കരുണാനിധിഃ ആചാര്യരൂപമാസ്ഥായ ദീക്ഷയാ മോക്ഷയേത് പശൂൻ.

ഗുരുസ്വരൂപനായി, എല്ലാവിധ പാശങ്ങളെയും (ബന്ധനങ്ങളെയും) ഇല്ലാതാക്കുന്നു. എല്ലാവരെയും അനുഗ്രഹിക്കണമെന്ന ഉദ്ദേശ്യത്തിൽ കരുണാനിധിയായ ഈശ്വരൻ തന്നെയാണ് ആചാര്യസ്വരൂപം കൈകൊണ്ട് ദിവ്യമായ ജ്ഞാനോപദേശം നൽകി മോക്ഷത്തിലേക്ക് നയിക്കുന്നത്. ഗുരുവിൽ സർവ്വദേവതാസാന്നിദ്ധ്യമുണ്ടെന്ന്

"ഗുരുഃ സർവ്വസുരാധീശോ, ഗുരുഃ സാക്ഷീകൃതാകൃതേ സംപൂജ്യ സകലം കർമ്മം കുര്യാത്തസ്യജ്ഞായാ സദാ"  (കുലാർണ്ണവം) 

ഗുരു എല്ലാ ദേവന്മാരുടെയും അധീശനാണ്. നാം എന്തെല്ലാം ചെയ്യുന്നുവോ (ഗുണവും ദോഷവും) അതിന്റെയെല്ലാം സാക്ഷിയാണ് ഗുരു.  അതുകൊണ്ട് ആദ്യം തന്നെ ഗുരുവിനെ പൂജിച്ചു സന്തോഷിപ്പിച്ച്, ഗുരുവിന്റെ അനുവാദത്തോടും ആശിർവാദത്തോടും കൂടി വേണം എല്ലാകർമ്മങ്ങളും അനുഷ്ഠിക്കുവാൻ " ഗുരുദൈവതമന്ത്രാണാമൈക്യം സഞ്ചിന്തയേദ്ധിയാ" . ഗുരുവും ദേവനും മന്ത്രവും എല്ലാം ഒന്നാണെന്ന ഭാവം പ്രത്യേകം ഓർമ്മയുണ്ടായിരിക്കണം . മന്ത്രമൂർത്തിയും ഗുരുവും താനും എല്ലാം ഒന്നെന്ന ഭാവത്തിൽ എത്തിയ സാധകന് "അസ്മൽ പരതരോ ഗുരു"   - തന്നിൽ നിന്ന് അന്യമായിട്ട് ഒരു ഗുരുവില്ല എന്ന ഉന്നതപദത്തിൽ എത്തിച്ചേരുവാൻ സാധിക്കുന്നു.

“പ്രവൃത്തിശ്ച നിവൃത്തിശ്ച ദ്വൗ ഭാവൗ ജീവസംജ്ഞിതൗ  പ്രവൃത്തി ഭാവശ്ചിന്തായാമധോവക്രാണി  പാർവ്വതീ നിവൃത്തിര്യോഗമാർഗ്ഗേഷു സദൈവോർദ്ധ്വമുഖാനി ച യേ നേവന്യാസമാത്രേണ ദേവവൽ ജാതതേ നരഃ ( ശാക്താനന്ദതരംഗിണി) 

മനുഷ്യർക്ക് പ്രവൃത്തിമാർഗ്ഗമെന്നും  നിവൃത്തിമാർഗ്ഗമെന്നും രണ്ടു പദ്ധതികൾ ഉണ്ട്. പ്രവൃത്തി മാർഗ്ഗം ചിന്തയെ ആശ്രയിച്ചിരിക്കുന്നതും അധോമുഖമായതും ആണ്. നിവൃത്തിമാർഗ്ഗം പ്രവൃത്തിമാർഗ്ഗത്തിനു വിപരീതവും  യോഗമാർഗ്ഗത്തെ ആശ്രയിച്ചിരിക്കുന്നതും ഊർദ്ധ്വമുഖമായതും ആണ്. ഈ രണ്ട് മാർഗ്ഗങ്ങളുടെയും  വിന്യാസ - ക്രമീകരണത്തിലൂടെ മനുഷ്യൻ  ദേവനെപ്പോലെ ആയിത്തീരുന്നു. 

പ്രവൃത്തി  +  നിവൃത്തി  = ദേവഭാവം

ദേവഭാവത്തെ പ്രകാശനം ചെയ്യുന്ന മനുഷ്യാവതാരമാണ് ഗുരു..

ഗുരുദേവതാത്മാവാണ്- മനുഷ്യശരീരമല്ല

ഗുരുവിന്റെ ഗുരുത്വം മനസ്സിലാക്കി, ഭക്ത്യാദരപുരസ്സരം അനുഷ്ഠിക്കുന്ന എല്ലാ കർമ്മവും സമസ്താഭ്യുദയങ്ങളെയും പ്രദാനം ചെയ്യുന്നു. കാരണം ഗുരു മംഗളദായകനാണ്, പ്രഭുവാണ്(ഗുരു കല്യാണവാൻ പ്രഭുഃ) 

ഗുരു ജ്ഞാനസ്വരൂപനാണ് - ജ്ഞാനം ആഗ്നേയ സ്വഭാവത്തോടുകൂടിയതണ്. അതിനാൽ ജ്ഞാനാഗ്നിയെന്ന് അറിയപ്പെടുന്നു.

'ജ്ഞാനാഗ്നിഃ സർവ്വകർമ്മാണി ഭസ്മാസാത്കുരുതേ  തഥാ’ (ഭഗവത്ഗീത) 

അഗ്നി വിറകിനെ ഏതുപ്രകാരം ദഹിപ്പിക്കുന്നുവോ അതുപോലെ ജ്ഞാനാഗ്നി സർവ്വകർമ്മങ്ങളെയും പവിത്രമാക്കുന്നു.  ഭസ്മതുല്യമാക്കുന്നു.

ശിരസ്സിലെ വെള്ളത്തമരയിൽ  സ്ഥിതിചെയ്യുന്നവനും രണ്ടു കണ്ണുകളും രണ്ടു കൈകളും  ഉള്ളവനും മന്ദസ്മിതത്തോടു കൂടിയവനായും  ഞാൻ ബ്രഹ്മം തന്നെയാണ്, ചൈതന്യസ്വരൂപനാണ് സർവ്വതന്ത്രസ്വതന്ത്രനാണ്, ദുഃഖങ്ങളില്ലാത്തവനാണ് എന്നിങ്ങനെ ഗുരുവിനെ ധ്യാനിക്കണം .

'സഹസ്രദളപങ്കജേ സകലശീതരശ്മിപ്രഭാം വരാഭയകരാംബുജം വിമലഗന്ധപുഷ്പസ്രജം പ്രസന്നവദനേക്ഷണം സകലദേവതാരൂപിണം സ്മരേച്ശിരസി ഹംസഗം തദഭിധാനപൂർവ്വം ഗുരും ( കുലാർണ്ണവതന്ത്രം ഉല്ലാസം 4) 

സഹസ്രദളകമലത്തിൽ  സകളരൂപനായി ചന്ദ്രനെപ്പോലെ ശീതളപ്രഭയോടുകൂടി, കൈകളിൽ അഭയമുദ്രയും വരദമുദ്രയും ധരിച്ച്, പരിശുദ്ധഗന്ധമുള്ള പൂമാലയാണിത് പ്രസന്നമുഖശ്രീയോട്കൂടി സർവ്വദേവതാസ്വരൂപനായി ഹംസഃ എന്ന പരമാത്മമന്ത്രത്താൽ അറിയപ്പെടുന്നവനായി ഗുരുവിനെ ശിരസ്സിൽ ധ്യാനിക്കണം.

കാലത്ത്  ഉണർന്ന് ഉടനെ ഗുരുസ്മരണം ചെയ്യണമെന്നു തന്ത്രസാരം അനുശാസിക്കുന്നു.

'ബ്രഹ്മമുഹൂർത്തേ  ഉന്ഥായ ശിരസി സഹസ്രദളകമലമേവാസ്ഥിതം 

ശ്വേതവർണ്ണം  ദ്വിഭുജം ശ്വേതമാല്യാനുലേപനം  സ്വപ്രകാശസ്വരൂപം സ്വാവാമാങ്കസ്ഥിത സുരക്തശക്ത്യാ സ്വപ്രകാശം സ്വരൂപതയാ സഹിതം ഗുരും വിഭായേത്."

ബ്രഹ്മമൂഹൂർത്തത്തിൽ ഉണർന്ന്, തന്റെ ശിരസ്സിലെ സഹസ്രദള  കമലത്തിൽ സ്ഥിതനായി വരദാഭയമുദ്രകൾ ധരിച്ച് തൂവെള്ളനിറത്തോടും വെള്ളനിറത്തിലുള്ള മാല കുറിക്കൂട്ട് എന്നിവയണിഞ്ഞ് തന്റെ ഇടത്ത് തുടയിൽ ചുകന്നനിറത്തോട്കൂടിയ സ്വന്തം പ്രതിച്ചായയായ ഭര്യയാൽ സമാലംകൃതനായ ഗുരുവിനെ സ്മരിക്കണം.  

ഗുരുവിനെ കേവലം മനുഷ്യനായും മന്ത്രത്തെ അക്ഷരങ്ങളായും ബിംബത്തെ ശിലയായും കണക്കാക്കുന്നവൻ നരകത്തിലെത്തിചേരുന്നു.

ഗുരു കർമ്മസാക്ഷിമാത്രമല്ല കർമ്മഫലദാതാവെന്ന നിലയിലും ഗുരു ഗണ്യമായ പങ്കുവഹിക്കുന്നു. ഗുരു ദേവാധിദേവനാണ്. കൂടാതെ  ജ്ഞാനത്തിന്റെ മൂർത്തീഭാവമാണ്.

ത്യാഗമെന്നത് തന്നെയാണ് അമൃതം (ത്യാഗേനേകേന മൃതതത്ത്വമാഹുഃ) എന്ന്  ശ്രുതിയുണ്ട്. അതിനാൽ സമസ്തകർമ്മങ്ങളും 'ഗുരു'വിന്റെ പാദാരവിന്ദത്തിൽ സമർപ്പിക്കുന്നു.

‘ശരീരമർത്ഥപ്രാണം ച സർവ്വം തസ്മൈ നിവേദയേത്'  

ശരീരവും ധർമ്മാർത്ഥകാമമോക്ഷങ്ങളും എന്നും വേണ്ട പ്രാണൻ പോലും ഗുരുവിനായിക്കൊണ്ട് സമർപ്പിക്കുന്നു. ഇതിലും  സർവ്വസമർപ്പണം  വെറെയെന്തുണ്ട്.  നാം അനുഷ്ഠിക്കുന്ന കർമ്മങ്ങളുടെ ഗുണദോഷങ്ങളും ഇഷ്ടാനിഷ്ടങ്ങളും എന്നുവേണ്ട സമസ്തവും കർമ്മാവസനത്തിൽ ഗുരുവിങ്കൽ  സമർപ്പിക്കുന്നു.

'സർവ്വം കർമ്മഖിലം പാർത്ഥ! ജ്ഞാനേ പരിസമാപ്യതേ’ 
(  ഭഗവത് ഗീത )

എല്ലാകർമ്മങ്ങളും ജ്ഞാനത്തിൽ പര്യവസാനിക്കുന്നു.  അതിനാൽ സമസ്തകർമ്മങ്ങളും ജ്ഞാനത്തിന്റെ മൂർത്തിഭാവമായ ഗുരുവിങ്കൽ സമർപ്പിക്കുന്നു.

  ഈശ്വരസാക്ഷാത്കാരത്തിനു കാരണഭൂതനും കരുണാനിധിയും അണിമാദ്യഷ്ടൈശ്വര്യങ്ങളെയും നൽകുന്ന ഉദാരനിധിയുമായ ഗുരുവിന് നമസ്കാരം....

വീട് വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ

വീടുവെയ്ക്കുന്ന സ്ഥലം ചെറുതോ വലുതോ ആകട്ടെ. നിര്‍മ്മാണം തുടങ്ങുന്നതിനുമുമ്പ് പാലിക്കേണ്ട ശാസ്ത്രനിയമങ്ങള്‍.

1. വാസ്തുശാസ്ത്രമനുസരിച്ച് സ്ഥാനനിര്‍ണ്ണയം നടത്തി ഏത് ദിക്കിലേക്കാണോ വീടു നോക്കുന്നതെങ്കില്‍ ആ ദിക്കിന് അനുയോജ്യമായ ഗണിത(തച്ചുശാസ്ത്രം) കോല്‍ ചുറ്റളവില്‍ വീടുനിര്‍മ്മിക്കുക.

2. വീട് ഗൃഹമദ്ധ്യസൂത്രം നിര്‍ബന്ധമാക്കുക. 

3. അടുക്കളയുടെ സ്ഥാനവും ചുറ്റളവും. 

4. കിടപ്പുമുറിയുടെ സ്ഥാനവും ചുറ്റളവും.

5. ബാത്ത്‌റൂം തെക്ക് - പടിഞ്ഞാറേ മൂലയില്‍നിന്നും വടക്ക് - കിഴക്കേ മൂലയില്‍നിന്നും നിര്‍ബന്ധമായും ഒഴിവാക്കുക. 

6. കോണിയുടെ തുടക്കം വടക്ക് നിന്നോ കിഴക്കുനിന്നോ ഇടത്തോട്ട് തിരിഞ്ഞ് കയറിതുടങ്ങുക. 

7. വീടിന്റെ വരവ് - ചെലവ് അറിയുന്നതിനുള്ള വഴി :-  ആകെയുള്ള ചുറ്റളവിനെ 3 കൊണ്ട് ഗുണിച്ച് 14 കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം ചെലവ്. ആകെയുള്ള ചുറ്റളവിനെ 8 കൊണ്ട് ഗുണിച്ച് 12 കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം വരവ് 

8. വീടിന് വരവ് എപ്പോഴും അധികം ആവുന്നത് നല്ലതാണ്.

ദീക്ഷ എന്നാൽ എന്ത്?

ദിവ്യഭാവത്തെ ദാനം ചെയ്യുന്നതും പാപത്തെ ക്ഷയിപ്പിക്കുന്നതുമാണ് " ദീക്ഷ ". ഈ ദീക്ഷയിലൂടെ മാത്രമേ ഒരാൾ ശരിയായ കൗളനായിത്തീരുകയുള്ളു. ഇത് മന്ത്ര അമന്ത്രദീക്ഷ എന്നും സമന്ത്രദീക്ഷ എന്നും രണ്ടുവിധത്തിലുണ്ട്. 

മന്ത്രം ഉപദേശിക്കാതെ കേവലം സ്ഥാനാരോഹണം എന്ന നിലയിൽ മാത്രം നടത്തപ്പെടുന്നതാണ് "അമന്ത്രദീക്ഷ ". 

ഉപാസനാദേവതയുടെ മന്ത്രം ഉപദേശിക്കുന്നതാണ് " സമന്ത്രദീക്ഷ ". 

കൗളദീക്ഷ എന്നത് സമന്ത്രദീക്ഷ തന്നെയാണ്. ഇത് ശാക്തീ, ശാംഭവി, മാന്ത്രി എന്നീ മൂന്നുവിധത്തിലുണ്ട്. ഗുരു സ്വന്തം പ്രാണശക്തിയെ ശിഷ്യനിലേക്ക് സംക്രമിപ്പിച്ച് പ്രതിഷ്ഠിക്കുന്ന വിധത്തിലാണ് ഇത്. അതായത് ഒരു ആചാര്യൻ എപ്രകാരമാണോ ക്ഷേത്രത്തിലെ ശിലാവിഗ്രഹത്തിൽ ദേവനെ പ്രതിഷ്ഠിക്കുന്നത് അതേപോലെ സ്വതഃ ചൈതന്യമുള്ള ശിഷ്യന്റെ ശരീരക്ഷേത്രത്തിൽ ഗുരു സ്വന്തം തപശ്ചൈതന്യത്തെ നിവേശിപ്പിക്കുകയാണ്. അതിനാൽ കൗളസമ്പ്രദായത്തിൽ ദീക്ഷ എന്നത് അനിവാര്യമാണ്. അത്തരത്തിൽ ദീക്ഷിതനായ ഒരാൾക്ക് മാത്രമേ ശിഷ്യരെ സ്വീകരിച്ച് മന്ത്രോപദേശം നൽകുവാനുള്ള യോഗ്യതയുമുള്ളൂ.

സന്താനയോഗം ജ്യോതിഷത്തില്‍

മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ ബന്ധമാണ് ദാമ്പത്യ ബന്ധം. ആ പുണ്യ ബന്ധത്തിന്റെ പരിണിത ഫലമാണ് അവർക്കുണ്ടാകുന്ന സന്തതി. സന്താനം വേണം എന്ന് ആഗ്രഹിക്കാത്തവർ കുറയും. സന്താന ദുഃഖമാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം. സന്തതി ഇല്ലാത്തത് ഒരു ദുഃഖം, ഉണ്ടായ സന്തതിയെ പറ്റി ഉള്ള ദുഃഖം മറ്റൊന്ന്. സന്താനം ഇല്ലാത്ത ദുഃഖത്തിന്റെ ജ്യോതിഷ വശങ്ങൾ ആണ് ഇവിടെ പ്രതിപാദ്യം.

ഈ വിഷയം വിവാഹ പൊരുത്തവുമായും ബന്ധപ്പെട്ടതാണ് . പൊരുത്ത പരിശോധനയിൽ, ഈ ദമ്പതിമാർക്ക് സന്താന ലാഭം ഉണ്ടാവുമോ എന്ന് പ്രശ്ന ചിന്ത ചെയ്യണം എന്ന് ആചാര്യൻ ഉപദേശിക്കുന്നുണ്ട്. സന്താനം ഉണ്ടാവാത്തതിന് പ്രധാനമായും 2 കാരണങ്ങൾ ആണുള്ളത് .

1. ശാരീരിക കാരണങ്ങളും, 2. ജന്മാന്തര പാപങ്ങളും.

ശാരീരിക ദോഷങ്ങൾക്ക് മരുന്ന് സേവയും, പാപ ദോഷങ്ങൾക്ക് പ്രായശ്ചിത്തവും ആണ് പരിഹാരം . പാപ ദോഷങ്ങൾ പ്രശ്ന ചിന്തയിലൂടെ വേണം കണ്ടുപിടിക്കാൻ.

ജ്യോതിഷത്തിൽ " കന്ന്യാളിഗോ ഹരിഷിന്ദു ലഗ്നയോരല്പ പുത്രത ; എന്ന പ്രമാണ പ്രകാരം കന്നി, വൃശ്ചികം, ഇടവം, ചിങ്ങം എന്നീ രാശികൾ ലഗ്നമായാലും ചന്ദ്രലഗ്നം ആയാലും അവയ്ക്ക് ബലം ഇല്ലാതെ വന്നാലും, ഈ രാശികൾ അഞ്ചാം ഭാവം ആയി ബലഹീനരായാലും അൽപ സന്താനം എന്ന ഫലം അനുഭവിക്കും എന്നാണ്.

സന്താന വൈകല്യ യോഗങ്ങളിൽ പറയുന്നത് " ഭൌമേ പഞ്ചമഗെ പുത്രാ ജായന്തേ സ്വല്പ ജീവിത; സ്വഗൃഹേ യദി തെഷ്വെ കോ മ്രിയതേ അന്യ ചിരായുഷേ 'എന്നുമാണ് .

അഞ്ചിൽ ചൊവ്വ നിന്നാൽ സന്തതി ഉണ്ടായി അല്പകാലം കൊണ്ട് മരണം അടയുകയും, പ്രസ്തുത ചൊവ്വ ബലവാൻ ആയിരുന്നാൽ ഒരു സന്തതി നശിക്കുകയും മറ്റു സന്താനങ്ങൾ ആയുസ്സ് ഉള്ളവർ ആവുകയും ചെയ്യും എന്നാണ്.

1. ചന്ദ്രൻ പതിനൊന്നിലും രണ്ടിലധികം ഗ്രഹങ്ങൾ ലഗ്നത്തിലും, വ്യാഴത്തിനു പാപ ഗ്രഹങ്ങൾ അഞ്ചിലും. 

അല്ലെങ്കിൽ 

2. ശനി ലഗ്നത്തിലും കുജൻ പന്ത്രെണ്ടിലും വ്യാഴം അഷ്ടമത്തിലും ആവുകയും അഞ്ചാം ഭാവം അൽപ പുത്ര രാശികൾ ആവുകയും ചെയ്താലും കാലം ചെല്ലുമ്പോൾ സന്തതി ലാഭം ഉണ്ടാവും എന്നും ആചാര്യ കല്പിതം ഉണ്ട്.

പ്രസ്തുത വിഷയത്തിൽ, വംശനാശ ലക്ഷണം, ബീജക്ഷേത്ര ബലം, ബീജ ക്ഷേത്ര സ്ഫുടം, സന്താന തിഥി എന്നിവയും ഗൗരവമായി പരിശോധിക്കണം. കാരണം, സന്താനതിഥി സ്ഫുടം - കൃഷ്ണ പക്ഷ തിഥികൾ ആയാൽ സന്തതി ലാഭം കുറവും ,ശുക്ലപക്ഷ തിഥികളിൽ ആയാൽ ശുഭവും ആണ്.

സന്താന തിഥി സ്ഫുടം അനുസരിച്ച്, ചില ആരാധനാ ക്രമങ്ങളും വിവരിച്ചിട്ടുണ്ട്. ഉദാ ; പ്രസ്തുത സ്ഫുടം കറുത്ത പക്ഷ ഷഷ്ഠിയിൽ ആയാൽ സുബ്രഹ്മണ്യ ആരാധനകൾ ചെയ്യുന്നത് സന്തതി ലാഭം ഉണ്ടാക്കും.

ഇങ്ങനെ ഒരു ലേഖനം എഴുതിയത്, കലികാലത്തിൽ സന്താന ദുഃഖം അനുഭവിക്കുന്ന ധാരാളം പേർ നമുക്ക് ചുറ്റും ഉണ്ട്, ധാരാളം വൈദ്യ പരീക്ഷണങ്ങൾ നടത്തിയിട്ടും നിരാശരായവർ, ജ്യോതിഷ വിധി കൂടി പരീക്ഷിക്കട്ടെ എന്നുകരുതിയാണ് അങ്ങനെ ആരെങ്കിലും ശ്രമിച്ചാൽ അവരെ ഈശ്വരൻ സഹായിക്കട്ടെ.

കൗളം എന്ന വാക്കിന്റെ അർത്ഥം എന്ത്?

കൗളം എന്നാൽ കുലത്തെ സംബന്ധിച്ചത് എന്ന് അർത്ഥമാകുന്നു. കുലം എന്നാൽ സുക്ഷുമ്‌നാ നാഡി. സുഷുമ്നാ നാഡിയിലൂടെയുള്ള പ്രാണശക്തിയുടെ ഉദ്ഗമനത്തെക്കുറിച്ചുള്ള ശാസ്ത്രമാണ് കൗളം എന്നത്.

മനുഷ്യശരീരത്തിൽ എഴുപത്തിരണ്ടായിരം നാഡികളുണ്ട്. അവയിൽ പ്രധാനം പതിനാല് നാഡികൾ. അവയാകട്ടെ അലംബുസ, കുഹു, വിശ്വോദര, വാരണ, ഹസ്തിജിഹ്വാ, യശോവതി, പയസ്വിനി, ഗാന്ധാരി, പൂഷാ, ശംഖിനി, സരസ്വതി, ഇഡ, പിംഗല, സുഷുമ്ന എന്നിവയാകുന്നു. ഇഡ, പിംഗല, സുഷുമ്ന എന്നിവ ഇതിൽ പ്രാധാന്യമർഹിക്കുന്നു. പിംഗലയെ സൂര്യനാഡി എന്നും ഇഡയെ ചന്ദ്രനാഡി എന്നും പറയുന്നു. സുഷുമ്നാനാഡി അഗ്നിതത്വത്തെ വഹിക്കുന്നതാകുന്നു. ഈ അഗ്നിതത്വം എന്നത് പ്രാണശക്തിതന്നെ. അഗ്നിസൂര്യസോമാത്മകമാണ് മനുഷ്യശരീരം. കൂടാതെ ബ്രഹ്മഗ്രന്ഥി, വിഷ്ണുഗ്രന്ഥി, രുദ്രഗ്രന്ഥി എന്നിങ്ങനെ മൂന്നു ഗ്രന്ഥികളാക്കി തിരിച്ചിരിക്കുന്നു. ബ്രഹ്മഗ്രന്ഥി അഗ്നിതത്വത്തെയും വിഷ്ണുഗ്രന്ഥി സൂര്യതതത്വത്തെയും രുദ്രഗ്രന്ഥി  സോമതത്വത്തെയും വഹിക്കുന്നതാകുന്നു. അതിനാൽ അഗ്നിസൂര്യസോമാത്മകമാണ് ഈ ശരീരം.

സുഷ്മനാനാഡിയിൽ ആറ് ആധാരപത്മങ്ങളുണ്ട്. ലിംഗഗുദങ്ങൾക്ക് മധ്യേ ഏറ്റവും കീഴറ്റത്തായി മൂലാധാരപത്മം, അതിനുമീതെ ജനനേന്ദ്രിയത്തിന്റെ സ്ഥാനത്ത് സ്വാധിഷ്ഠാനം, നാഭിസ്ഥാനത്ത് മണിപൂരകം, ഹൃദയസ്ഥാനത്ത് അനാഹതം, കണ്ഠനാളത്തിന്റെ സ്ഥാനത്ത് വിശുദ്ധി, ഭ്രൂമദ്ധ്യത്തിന്റെ സ്ഥാനത്ത് ആജ്ഞാ എന്നിവയാണ് ആറ് ആധാരപത്മങ്ങൾ. അതിനു മുകളിൽ മസ്തിഷ്‌കം സഹസ്രദള പത്മം എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്നു. അതിനും മദ്ധ്യത്തിലായി ബ്രഹ്മരന്ധ്രം. അതിനും മുകളിലായി " അകുലം " എന്നു പേരുള്ള അഷ്ടദളപത്മവും ഉണ്ടത്രെ. ആജ്ഞക്കുമുകളിലായി സൂക്ഷ്മമായി വീണ്ടും ആറ് ആധാരചക്രങ്ങൾ ഉണ്ടെന്ന് യോഗശാസ്ത്രം സിദ്ധാന്തിക്കുന്നു.

മൂലാധാരത്തിന്റെ അടിസ്ഥാന ദേവത ഗണപതിയാണ്. സ്വാധിഷ്ഠാനത്തിന്റേത് ബ്രഹ്‌മാവ്‌, മണിപൂരകത്തിന്റേത് വിഷ്ണു, അനാഹതത്തിന് രുദ്രൻ, വിശുദ്ധിയ്ക്ക് ഈശ്വരൻ, ആജ്ഞയ്ക്ക് സദാശിവൻ എന്നിവർ ദേവതകളാകുന്നു. സഹസ്രാരപത്മത്തിലെ ബ്രഹ്മരന്ധ്രത്തിൽ സാക്ഷാൽ പരമശിവൻ. അകുലം എന്ന സ്ഥാനത്ത് " ശ്രീഗുരു " പരമശിവഭാവത്തിൽ കുടികൊള്ളുന്നു.

മൂലാധാരത്തിന്റെ അടിത്തട്ടിൽ മൂന്നരച്ചുറ്റായി ജീവശക്തി സർപ്പാകൃതിയിൽ ശയിക്കുന്നു. ഇതിന് കുണ്ഡലിനീശക്തി എന്ന് പറയുന്നു. ഈ ശക്തിയെ മന്ത്രജപത്തിനാൽ ഉണർത്തി ബ്രഹ്മരന്ധ്രസ്ഥിതനായ പരമശിവനുമായി സംയോഗം ചെയ്യിക്കുന്നതാണ് യോഗാനുഭൂതി എന്ന് പറയുന്നത്. ഈ യോഗാനുഭൂതി വിഷയകമായ സാധനതന്നെയാണ് " കൗളധർമ്മം " എന്ന പേരിൽ അറിയപ്പെടുന്നത്. യമനിയമ ആസനപ്രാണായാമ പ്രത്യാഹാരധാരണാ ധ്യാനസമാധികളാകുന്ന അഷ്ടാംഗയോഗം ഇതിന് സഹായകരമായിത്തീരുന്നു.

ഈ ശരീരത്തെ പിണ്ഡാണ്ഡം എന്നും പ്രപഞ്ചത്തെ ബ്രഹ്മാണ്ഡം എന്നും വിവക്ഷിക്കുന്നു. പിണ്ഡാണ്ഡാധിഷ്ഠിതമായ പ്രാണശക്തിയെ കുണ്ഡലിനീശക്തി എന്നും ബ്രഹ്മാണ്ഡാധിഷ്ഠിതമായ പ്രാണശക്തിയെ അതായത് പരാശക്തിയെ ' ത്രിപുരസുന്ദരി " എന്നും പറയുന്നു. മുപ്പത്തിയാറ് തത്വങ്ങളുടെ സംഘാതമാണ് ഈ പിണ്ഡാണ്ഡവും ബ്രഹ്മാണ്ഡവും എന്നതിനാൽ ഇവയ്ക്ക് പരസ്പരമുള്ള ഐക്യാനുസന്ധാനത്തിലൂടെ ജീവ - ബ്രഹ്മ  ഐക്യാനുസന്ധാനം സാധ്യമാകുന്നു. " തത്ത്വമസി " തുടങ്ങിയ മഹാവാക്യങ്ങളെക്കൊണ്ട് ലക്ഷീകരിക്കുന്ന അർത്ഥവും ഇതുതന്നെ. ഇതിലൂടെ സാധകൻ പരമമായ അദ്വൈതഭാവനയിലേക്ക് എത്തിച്ചേർന്ന് ബ്രഹ്മാനന്ദം അനുഭവിക്കുന്നു. അതിനാൽ ശ്രീഗുരുവിൽനിന്ന് കൗളദീക്ഷ സ്വീകരിച്ച സാധകൻ പരമമായ തത്വബോധത്തിലൂടെ അദ്വൈതസാക്ഷാത്കാരത്തെ നേടുകയാണ്.

ചില നാളുകളില്‍ കുട്ടികള്‍ ജനിച്ചാല്‍ അച്ഛനമ്മമാര്‍ക്കും, ബന്ധുക്കള്‍ക്കും ദോഷം ചെയ്യുമോ ?

ചില നാളുകളില്‍ കുട്ടികള്‍ ജനിച്ചാല്‍ അത് അച്ഛനമ്മമാര്‍ക്കും, ബന്ധുക്കള്‍ക്കും ദോഷം ചെയ്യാം എന്നുള്ള ഒരു വിശ്വാസം നിലവിലുണ്ട്. അതിന്‍റെ സത്യാവസ്ഥ ഒന്ന് പരിശോധിക്കുകയാണിവിടെ.

കാലുള്ള നക്ഷത്രങ്ങള്‍

വേദാംഗ ജ്യോതിഷം ചില നക്ഷത്രങ്ങളെ കാലുള്ള നക്ഷത്രങ്ങള്‍ എന്നുപറയുന്നു. അവ പൂയം, അത്തം, പൂരാടം എന്നിവയാണ്. ഒരു നക്ഷത്രത്തിന് ഏകദേശം 60 നാഴിക സമയം(അതായത് ഏകദേശം 24 മണിക്കൂര്‍) ആണുള്ളത്. അതിന്‍റെ നാലില്‍ ഒന്നിന് ഒരു കാല്‍ എന്ന് പറയുന്നു. ഒരു നക്ഷത്രക്കാല്‍ എന്നത് ഏകദേശം 15 നാഴിക- 6 മണിക്കൂര്‍ ആണ്. 

പൂയം നക്ഷത്രം തുടങ്ങി ആദ്യത്തെ 6 മണിക്കൂര്‍ ആണ് 1-ാം കാല്‍. ഈ സമയത്ത് ജനനം നടന്നാന്‍ ജനിച്ച കുഞ്ഞിന് തന്നെയും, പിന്നത്തെ 6 മണിക്കൂറില്‍ ജനിച്ചാല്‍ മാതാവിനും, അതിനുശേഷമുള്ള 6 മണിക്കൂറില്‍ ജനിച്ചാല്‍ പിതാവിനും, അവസാനത്തെ 6 മണിക്കൂറില്‍ ജനിച്ചാല്‍ അമ്മാവനും ദോഷം സംഭവിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. പക്ഷേ ഈവിധം ദോഷം സംഭവിക്കണമെങ്കില്‍ മറ്റുചില കാര്യങ്ങളും കൂടി യോജിച്ച് വരണം.

പൂയം നക്ഷത്രത്തിന് നക്ഷത്രകാല്‍ അല്ലെങ്കില്‍ കൂറുദോഷം സംഭവിക്കണമെങ്കില്‍ പൂയം നക്ഷത്രവും, ബുധനാഴ്ചയും ചേര്‍ന്നുവരണം. ആ ദിവസത്തെ തിഥി പ്രഥമയും, ജന്മലഗ്നം കര്‍ക്കിടകവും ആയിരിക്കണം. ഇത് വളരെ വിരളമായിട്ട് മാത്രമേ സംഭവിക്കുകയുള്ളു എന്നത് പരിശോധിക്കാം. പൂയം നക്ഷത്രം വരുന്നത് ബുധനാഴ്ച അല്ലെങ്കില്‍ കൂറുദോഷം വരില്ല. ബുധനാഴ്ച വന്നാല്‍ തന്നെ ദോഷം സംഭവിക്കണമെങ്കില്‍ അന്നത്തെ തിഥി പ്രഥമ ആയിരിക്കണം. ഉദാഹരണത്തിന് ബുധനാഴ്ചയും പൂയവും ചേര്‍ന്നുവന്നാലും അന്നത്തെ തിഥി ചതുര്‍ത്ഥി ആണെങ്കില്‍ കൂറുദോഷം സംഭവിക്കുന്നില്ല. ഒരുപക്ഷേ ബുധനാഴ്ച പൂയം നക്ഷത്രവും, പ്രഥമയും ചേര്‍ന്നുവന്നു എന്നിരിക്കട്ടെ. എന്നാലും ദോഷം സംഭവിക്കണമെങ്കില്‍ ജന്മലഗ്നം കര്‍ക്കിടകം ആയിരിക്കണം.

ഒരു നക്ഷത്രസമയം ഏകദേശം 24 മണിക്കൂര്‍ ആണെന്ന് പറഞ്ഞല്ലോ. ഒരു ലഗ്നത്തിന് 2 മണിക്കൂര്‍ എന്ന നിലയില്‍ മേടം മുതല്‍ മീനംവരെ 12 ലഗ്നങ്ങള്‍ മാറിമാറി വരും. അതായത് 24 മണിക്കൂര്‍ ഉള്ള ഒരു നാളിന് 22 മണിക്കൂറും ദോഷമില്ല. ദോഷം സംഭവിക്കുന്നത് കര്‍ക്കിടകലഗ്നം വരുന്ന ഏകദേശം 2 മണിക്കൂര്‍ മാത്രം. ഇങ്ങനെ വന്നാല്‍ തന്നെ ദോഷം അനുഭവത്തില്‍ വരണമെങ്കില്‍ ചന്ദ്രന് ബലം ഇല്ലാതിരിക്കുകയും, ശുഭഗ്രഹയോഗദൃഷ്ടികള്‍ ഇല്ലാതിരിക്കുകയും, ചന്ദ്രന്‍ ലഗ്നാല്‍ ദുഃസ്ഥാനത്ത് നില്‍ക്കുകയും വേണം. ഉദാഹരണത്തിന് മകരമാസത്തിലെ പൂയം പൗര്‍ണ്ണമി ദിവസമായിരിക്കും. ചന്ദ്രന്‍ വളരെ ബലവാനായി സ്വക്ഷേത്രത്തില്‍ നില്‍ക്കുന്ന ദിവസം. അന്ന് ഒരു ജനനം ഉണ്ടായാല്‍ കുടുംബത്തില്‍ ആര്‍ക്കും ഒരു ദോഷവും സംഭവിക്കുകയില്ല. എന്നുമാത്രമല്ല ആ കുടുംബത്തിന് ഉയര്‍ച്ച ഉണ്ടാകുകയും ചെയ്യും.

ഇങ്ങനെ വളരെ വിരളമായി മാത്രം സംഭവിക്കുന്ന കൂറുദോഷം സംഭവിച്ചു എന്നുതന്നെ വിചാരിക്കുക എങ്കില്‍പ്പോലും അതിന്‍റെ ദോഷം അനുഭവിക്കണമെങ്കില്‍ ജനനസമയത്തെ ഗ്രഹനിലയില്‍ അരിഷ്ടത ഉണ്ടായിരിക്കണം. പൂയം നക്ഷത്രത്തില്‍ കൂറുദോഷത്തോടെ ജനിച്ച ഒരു കുട്ടിയുടെ ഗ്രഹനിലയില്‍ 4-ാം ഭാവാധിപനും, 4-ാം ഭാവത്തിന്‍റെ കാരകന്മാരായ ചന്ദ്രനും ശുക്രനും ബലവാന്മാരായിരിക്കുകയോ, 4-ാം ഭാവത്തില്‍ ശുഭഗ്രഹയോഗദൃഷ്ടികള്‍ ഉണ്ടാകുകയോ ചെയ്താല്‍ ഒരിക്കലും അമ്മയ്ക്കോ, അമ്മാവനോ ദോഷം സംഭവിക്കുകയില്ല. അതുപോലെ 9-ാം ഭാവത്തിനും, ഭാവാധിപനും ഭാവകാരകനായും വ്യാഴത്തിനും പിതൃകാരകനായ സൂര്യനും ബലമുണ്ടെങ്കില്‍ അച്ഛനും ഒരു ആപത്തും ഉണ്ടാകുകയില്ല.

അത്തത്തിന്

അത്തം നക്ഷത്രത്തിന് കൂറുദോഷം സംഭവിക്കണമെങ്കില്‍ അത്തവും, ചൊവ്വാഴ്ചയും, സപ്തമിയും ചേര്‍ന്ന് വരണം. ലഗ്നം കന്നിയായിരിക്കണം. പൂരാടം നക്ഷത്രത്തിന് ശനിയാഴ്ചയും രിക്തതിഥിയും (ചതുര്‍ത്ഥി, ചതുര്‍ദശി, നവമി) ചേര്‍ന്നുവരണം. ലഗ്നം ധനു ആയിരിക്കണം.

ഒരു കുട്ടിയുടെ ജനനശേഷം ആ കുടുംബത്തില്‍ ഉണ്ടാകുന്ന സകലപ്രശ്നങ്ങളുടേയും കാരണം നിസ്സഹായനായ ആ കുഞ്ഞാണ് എന്ന് ആരോപിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കുക. പ്രതികരിക്കുവാന്‍ ശേഷിയില്ലാത്ത നിഷ്ക്കളങ്കരായവരെ വേദനിപ്പിക്കുന്നത് ബ്രഹ്മഹത്യാപാപത്തിന് തുല്യമാണ്. ദോഷാരോപണം നടത്തുന്നതിന് മുമ്പ് അറിവും, അനുഷ്ഠാനവുമുള്ള ഒരു ദൈവജ്ഞനെ സമീപിച്ച് ഉപദേശം തേടുക. നാളത്തെ നന്മയുടെ വെളിച്ചമാണ് കുഞ്ഞുങ്ങള്‍. അവര്‍ അങ്ങനെതന്നെ വളര്‍ന്നുവരണമെങ്കില്‍ കുറ്റപ്പെടുത്തലുകള്‍ ഇല്ലാത്ത, സ്നേഹവും പ്രോത്സാഹനവും ഉള്ള ഒരു അന്തരീക്ഷം അവര്‍ക്കായി ഒരുക്കിക്കൊടുക്കുക. അവരിലെ ചെറിയ തെറ്റുകള്‍ തിരുത്തുന്നതുപോലും സ്നേഹത്തോടെ ആകട്ടെ.

മറ്റ് ഉപാസനാവിഷയങ്ങളിൽ ശാക്തേയന്റെ സമീപനം എന്തായിരിക്കണം?

ഒരു ഉപാസനാസമ്പ്രദായത്തെയും നിന്ദിക്കരുത്. എല്ലാം സത്യത്തിലേക്കുള്ള മാർഗ്ഗം തന്നെയാണ്. അതുകൊണ്ടാണ് ശ്രീചക്രപൂജയിൽ ഷഡ്ദർശനപൂജയും ചതുരായതന പൂജയും ഉൾപ്പെടുത്തിയത്. ഇതുകൊണ്ട് മറ്റ് മതവിഭാഗങ്ങളിൽപ്പെട്ടവരുടെ ആരാധനയും വിമർശിക്കപ്പെടരുത് എന്നു വരുന്നു. എന്നാൽ സ്വന്തം ഉപാസനയുടെ മഹത്വം മനസ്സിലാക്കി അതിൽത്തന്നെ അറിയുറച്ച് നിൽക്കേണ്ടതാണ്.

ശാക്തേയന്മാർ സർവ്വസംഗപരിത്യാഗികളായിത്തീരേണ്ടതുണ്ടോ?

ദേവി ഭോഗ മോക്ഷപ്രദയാണ്. അതിനാൽ ശാക്തേയന്മാർ ധർമ്മ അർത്ഥ കാമ മോക്ഷങ്ങളാകുന്ന നാല് പുരുഷാർത്ഥങ്ങളേയും സാധിക്കേണ്ടതാകുന്നു. ശരിയായ ഗൃഹസ്ഥാശ്രമിക്ക് മാത്രമേ ഇത് സാധിക്കുകയുള്ളു. വിവാഹം ചെയ്യാതെയുള്ള ജീവിതത്തിൽ സാധന പൂർണ്ണമാകുകയില്ല. എന്ന് തന്നെയല്ല ചിലപ്പോൾ അപഥസഞ്ചാരത്തിന് ഇടനൽകുകയും ചെയ്യും. അതിനാൽ സാധകൻ പഞ്ചയജ്ഞങ്ങൾ അനുഷ്ഠിച്ച് ജീവിക്കേണ്ടതാകുന്നു.

പഞ്ചയജ്ഞങ്ങൾ ഏവ?

ബ്രഹ്മയജ്ഞം, ദേവയജ്ഞം, പിതൃയജ്ഞം, മനുഷ്യയജ്ഞം, ഭൂതയജ്ഞം എന്നിവയാണ് പഞ്ചയജ്ഞങ്ങൾ. ഇവയെക്കുറിച്ച് വിശദമായ വരും അദ്ധ്യായങ്ങളിൽ പ്രതിപാദിക്കപ്പെടുന്നുണ്ട്.

ശാക്തേയന്മാർ പതിവായി വായിയ്ക്കേണ്ട പുരാണങ്ങൾ ഏതെല്ലാം ?

എല്ലാ പുരാണങ്ങളും വായിക്കാം. ദേവീഭാഗവതം, ബ്രഹ്‌മാണ്ഡപുരാണം, മാർക്കണ്ഡേയ പുരാണം എന്നിവ വിശേഷ പ്രാധാന്യം അർഹിക്കുന്നു. പ്രപഞ്ചപരിണാമങ്ങളെക്കുറിച്ചും പരിണാമരഹിതമായ ആദിചൈതന്യത്തെക്കുറിച്ചുമുള്ള ബോധം വളർത്തി ലൗകികസുഖത്തിനു വേണ്ടിയുള്ള ആസക്തി ഇല്ലാതാക്കി മോക്ഷ ധർമ്മത്തിലേക്ക് നയിക്കാനുള്ള സോപാനമാണ് പുരാണങ്ങൾ. ഇതിനു പുറമേ സാധകൻ ഗുരുവിനെ സ്വീകരിച്ച് ശ്രാവണ, മനന, നിദിധ്യാസനങ്ങളിലേക്ക് കടന്നുചെല്ലേണ്ടതാകുന്നു. പിന്നീട് ഇരിക്കുമ്പോഴും നിൽക്കുമ്പോഴും എന്നുവേണ്ട സദാസമയവും തത്വ വിചാരത്തിൽ മുഴുക്കേണ്ടതാകുന്നു.

തത്വവിചാരത്തിന് സഹായകമായി സാധകൻ എന്തൊക്കെയാണ് ചെയ്യേണ്ടത്?

തപസ്സും സ്വാദ്ധ്യായവും വേണമെന്നാണ് വിധി. പൂജ, ഹോമം, മന്ത്രജപം തുടങ്ങിയവ തപസ്സിന്റെ അംഗങ്ങളാണ്. സ്വാദ്ധ്യായം എന്നാൽ വേദപഠനം തന്നെ. വേദമോ വേദത്തിന്റെ ഉപാംഗങ്ങളായ പുരാണങ്ങളോ നിത്യപാരായണം നടത്തേണ്ടതാണ്. പുരാണമെന്നാൽ കഥകൾ മാത്രമല്ല. ജന്മാന്തരബന്ധങ്ങളുടെ ആവിഷ്കാരമാണ്. ഉദാഹരണമായി ഹിരണ്യാക്ഷൻ തന്നെയാണ് ത്രേതായുഗത്തിൽ രാവണനായും ദ്വാപരയുഗത്തിൽ ശിശുപാലനായും ജനിക്കുന്നത്. കശ്യപപ്രജാപതി ത്രേതായുഗത്തിൽ ദശരഥനായും ദ്വാപരയുഗത്തിൽ വസുദേവരായും ജനിക്കുന്നു. ശ്രീരാമനാൽ ഒളിയമ്പ് എയ്ത് വധിക്കപ്പെട്ട ബാലി ദ്വാപരയുഗത്തിൽ കാട്ടാളനായി ജനിച്ച് ശ്രീകൃഷ്ണനെ അമ്പ്  എയ്ത് വധിക്കുന്നു. ഇത്തരത്തിൽ ജന്മാന്തരബന്ധങ്ങളുടെ കഥനമാണ് പുരാണം എന്നതിനാൽ അതിലൂടെ തത്വബോധം ഉദിക്കുവാൻ വളരെ സഹായകരമായിത്തീരും.

സര്‍പ്പദോഷത്തിന് പരിഹാരങ്ങള്‍

ഒരു പുരുഷന്‍റെയോ സ്ത്രീയുടെയോ ജാതകത്തില്‍ രാഹുവിന്‍റെയും കേതുവിന്‍റെയും മദ്ധ്യത്തിലായി മറ്റെല്ലാഗ്രഹങ്ങളും സ്ഥിതി ചെയ്താല്‍ അതിനെ കാലസര്‍പ്പദോഷം എന്ന് പറയുന്നു. ഈ ജാതകക്കാര്‍ക്ക് ജീവിതത്തില്‍ പലപ്പോഴും സന്തോഷം കിട്ടുകയെന്നത് വളരെ അപൂര്‍വ്വമായിരിക്കും. വിവാഹതടസ്സങ്ങള്‍, സന്താനമില്ലായ്മ എന്നിങ്ങനെ വിഘ്നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കാം. ഇവര്‍ ജാതകത്തിലെ രാഹുകേതുക്കളുടെ സ്ഥാനം നല്ലവണ്ണം പരിശോധിച്ച് പരിഹാരമായി അതിന്‍റെ സൗഹൃദഗ്രഹത്തിന്‍റെ ദിവസത്തില്‍ അതിരാവിലെ എഴുന്നേറ്റ് സ്നാനം കഴിഞ്ഞു പുളിരസം കലര്‍ന്ന പദാര്‍ത്ഥങ്ങളും അരി, ഉഴുന്ന് എന്നിവ ചേര്‍ത്ത പലഹാരങ്ങളുമുണ്ടാക്കി നാക്കിലയില്‍ വച്ച് നേദിച്ചു നാളികേരം, പഴം, വെറ്റില അടയ്ക്ക, മന്ദാരപ്പൂ എന്നിവയും സമര്‍പ്പിച്ച് രാഹുവിനെ ധ്യാനിച്ച് പ്രാര്‍ത്ഥിച്ചുപോരുക.

അതുപോലെ കേതുവിന് പുളിരസമുള്ള അന്നം, മുതിര ചേര്‍ത്ത പലഹാരം എന്നിവ നേദിച്ച് അഞ്ചുതരം പുഷ്പങ്ങളാല്‍ മാലയുണ്ടാക്കി കേതുവിന് അണിയിച്ചതായി സങ്കല്‍പ്പിച്ചു പ്രാര്‍ത്ഥിച്ചുപോരുക. നാഗകവചത്തെ ദിവസംതോറുമോ അല്ലെങ്കില്‍ വെള്ളിയാഴ്ച തോറുമോ പൂജിച്ചുപോന്നാല്‍ സര്‍പ്പഗ്രഹങ്ങള്‍ സന്തോഷം പ്രദാനം ചെയ്യും. കേതുദശ നടപ്പിലുള്ളവര്‍ കേതുവിന്‍റെ അധിപതിയായ ഗണപതിയെ പതിവായി തൊഴുത്പോരുക. കല്‍പ്പകവൃക്ഷം കണക്കെ ആവശ്യപ്പെട്ട വരങ്ങളെല്ലാം നല്‍കുന്ന പിള്ളയാര്‍ പെട്ടി ഗണപതിയെ ദര്‍ശിച്ചു പ്രാര്‍ത്ഥിച്ചാല്‍ കേതുദോഷങ്ങള്‍ക്കെല്ലാം ശമനം കിട്ടും. നാഗപട്ടണത്തിനടുത്തുള്ള കീഴംപെരുംപള്ളം എന്ന സ്ഥലത്താണ് കേതുവിന്‍റെ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെയെത്തി ഏഴ് ദീപങ്ങള്‍ കത്തിച്ച് ഏഴുവട്ടം പ്രദക്ഷിണം വച്ചു പ്രാര്‍ത്ഥിച്ചാല്‍ കേതുവാലുള്ള സര്‍വ്വദോഷങ്ങളും അകലുമെന്നാണ് വിശ്വാസം.

ചിലര്‍ക്ക് പാമ്പ് തന്നെ ചുറ്റിവരുന്നതായി സ്വപ്നം കാണാറുണ്ട്. ചിലര്‍ വീട്ടിലും കാട്ടിലും വീട്ടിലേക്ക് നടന്നുവരുന്ന വഴിയിലുമൊക്കെ പാമ്പിനെ കണ്ടതായി പറയാറുണ്ട്. അവര്‍ക്കൊക്കെ രാഹു - കേതുക്കളുടേതായ ആധിക്യം വന്നുവെന്ന് മനസ്സിലാക്കുക. ഇവര്‍ രാഹു സന്നിധിയില്‍ ഉഴുന്നും കേതു സന്നിധിയില്‍ മുതിരയും ദാനം കൊടുത്തും രാഹുകേതുക്കളുടേതായ വര്‍ണ്ണത്തിലുള്ള വസ്ത്രങ്ങള്‍ വഴിപാട് നല്‍കിയും പ്രീതിപ്പെടുത്തിയാല്‍ ദോഷങ്ങളുണ്ടാവില്ല. നാഗങ്ങള്‍ ജോഡിചേര്‍ന്ന് പിണഞ്ഞുകിടക്കുന്നതായി സ്വപ്നം കണ്ടാല്‍ ആ വീട്ടില്‍ സന്താനലബ്ധിയുണ്ടാവാന്‍ പോകുന്നതിന്‍റെ സൂചനയാണ്. രാഹു - കേതുദോഷങ്ങള്‍ അനുഭവിക്കുന്നവര്‍ നിത്യവും രാവിലെ പ്രാര്‍ത്ഥനാവേളയില്‍ താഴെപ്പറയുന്ന രാഹു - കേതുഗായത്രികള്‍ ജപിച്ചുപോന്നാല്‍ ദോഷങ്ങളുടെ കാഠിന്യം വളരെയധികം കുറഞ്ഞുകിട്ടും.


രാഹുഗായത്രി

ഓം നാഗധ്വജായ വിദ്മഹേ
പത്മഹസ്തായ ധീമഹി
തന്നോ രാഹുഃ പ്രചോദയാത്.

കേതുഗായത്രി

ഓം അശ്വധ്വജായ വിദ്മഹേ
ശൂലഹസ്തായ ധീമഹി
തന്നോ കേതുഃ പ്രചോദയാത്

ജാതക പൊരുത്തം വേണോ?

സാറെ അഞ്ച് ജ്യോതിഷികൾ പൊരുത്തം നോക്കി കുഴപ്പമില്ലെന്ന് പറഞ്ഞു നടത്തിയതാ മൂത്ത കുട്ടിയുടെ വിവാഹം. രണ്ടാമത്തെ കുട്ടീയുടെ പ്രണയവിവാഹം ആയിരുന്നു. മനഃപ്പൊരുത്തം ഉള്ളതിനാൽ ജാതകം നോക്കേണ്ടതില്ലെന്നും പറഞ്ഞു. ഇപ്പോ രണ്ടും രണ്ട് വഴിക്കായി. ഇതിലൊക്കെ വലിയ കാര്യം വല്ലതും ഉണ്ടോ?. രണ്ടു കുട്ടികളുടെ വിവാഹം പരാജയപ്പെട്ടിട്ടും മൂന്നാമത്തെ കുട്ടിയുടെ വിവാഹപൊരുത്തം നോക്കുവാൻ വന്ന ഒരു അമ്മയുടെ സംശയമാണിത്. ഇവിടെ ആർക്കാണ് തെറ്റു പറ്റിയത് ജ്യോതിശാസ്ത്രത്തിനാണോ? ജ്യോതിഷികൾക്കാണോ ? . അടുത്ത സംശയം ആകാശത്തിലെ ഗ്രഹങ്ങൾ എന്തിനാ എന്റെ മക്കളെ ഇങ്ങനെ ദ്രോഹിക്കുന്നേ?. ഈ ഗ്രഹങ്ങളാണോ നമ്മുടെ ഭാവി തീരുമാനിക്കുന്നത്? .

"പൂർവ്വ ജന്മാർജിതം കർമ്മ ശുഭം വാ യദിവാശുഭം
തസ്യ പക്തിം ഗ്രഹാഃസർവ്വേ സൂചയന്തീഹ ജന്മനി".

പ്രമാണത്തിൽ തന്നെ പറയുന്നുണ്ട് ഗ്രഹങ്ങൾ ഫല ദാദാക്കളല്ല മറിച്ച് പൂർവ്വ ജന്മത്തിൽ നേടിയ ശുഭാശുഭകർമ്മങ്ങളുടെ ഫലമായി ഈ ജന്മത്തിൽ അനുഭവിക്കേണ്ടതായ കാര്യങ്ങൾ ഗ്രഹങ്ങൾ സൂചിപ്പിക്കക മാത്രമാണ് ചെയ്യുന്നത്.

റോഡിലൂടെ വാഹനമോടിച്ചു പോകുമ്പോൾ വഴിയരികിൽ ചില സൂചനാ ബോർഡുകൾ കാണാം. ഹമ്പ്, വളവ്, പാലം, സ്ക്കൂൾ എന്നിങ്ങനെ. അത് ശ്രദ്ധിക്കാതെ വണ്ടിയോടിച്ച് പോയാലുണ്ടാകുന്ന അപകടങ്ങൾക്ക് ഒരിക്കലും സൂചനാബോർഡുകൾ ഉത്തരവാദികളായിരിക്കില്ല. അപ്രകാരം ജീവിതത്തിൽ ഉണ്ടാകാവുന്ന ശുഭാശുഭങ്ങളെ സൂചിപ്പിക്കുന്ന ഗ്രഹങ്ങൾക്ക് ഇതിൽ ഒരുപങ്കും ഇല്ല.

പൊരുത്തവിഷയത്തിൽ ജ്യോതിഷികളുടെ ഇടയിൽ തന്നെ ആശയകുഴപ്പങ്ങൾ ഉണ്ട്. ദോഷ ജാതകത്തിന് ദോഷജാതകമാണോ ചേർക്കേണ്ടത്?. അതല്ല ഭർത്തൃ മരണം പറയുന്ന സ്ത്രീക്ക് ആയുർദൈർഘ്യമുള്ള പുരുഷനെയല്ലേ ചേർക്കേണ്ടത്? ഇങ്ങനെയുള്ള ചർച്ചകൾ ഗ്രൂപ്പ് തിരിഞ്ഞ് നടക്കുന്നുമുണ്ട്.

പൊരുത്തകാര്യത്തിൽ കൂടുതൽ സ്വീകാര്യമായത് ഗുരുക്കന്മാരുടേയും നമ്മുടേയും അനുഭവങ്ങൾ ചേർത്ത് വെച്ച് നിരീക്ഷണം നടത്തുകയെന്നതാണ് സാധാരണ അനുവർത്തിച്ചു വരുന്നത്. സ്ത്രീജാതകത്തിൽ വൈധവ്യദോഷമുണ്ടെങ്കിൽ പുരുഷ ജാതകത്തിൽ ഭാര്യാമരണ ദോഷമുള്ളതാണ് ചേർക്കുക. അതിന് ഗുരുക്കൻമാർ പറയുന്ന കാരണം പൊരുത്ത ചിന്ത "ശ്വാന കബള ന്യായേന " വേണമെന്നാണ്. അത് എങ്ങിനെയെന്നാണെങ്കിൽ തുല്ല്യശക്തിയുള്ള രണ്ട് നായ്ക്കളെ ഒരേ അകലത്തിൽ കെട്ടിയിട്ട് ഒരു ഉരുള ചോറ് നടുക്ക് വെച്ച് രണ്ടിനേയും ഒന്നിച്ച് അഴിച്ചു വിട്ടാൽ ഏതു നായായിരിക്കും ഉരുള എടുക്കുന്നത് ?. തുല്ല്യ ശക്തിയായതിനാൽ രണ്ടും കടിപിടി കൂടി ദോഷമാകുന്ന ഉരുള നശിക്കുമെന്നല്ലാതെ ദോഷം രണ്ടു പേരും എടുക്കുകുന്നില്ല. അതു പോലെ ദമ്പതികൾക്ക് ഒന്നും സംഭവിക്കില്ല.

ഈ വിഷയത്തിനെ അടുത്ത കാലത്ത് കേരളത്തിലുണ്ടായ ചില സംഭവങ്ങളിലൂടെ പരിശോധിക്കാം. കേരളത്തിലെ മാധ്യമങ്ങളെ പുറകെ നടത്തിച്ച ഒരു സ്ത്രീയും അവരുടെ ഭർത്താവും തന്നെയാകട്ടെ . രണ്ടു പേരുടേയും പേരിൽ ക്രിമിനലും സിവിലും ഒക്കെ ആയി കേസുകൾ നിരവധി നടക്കുന്നുണ്ട്. അതിൽ ഭർത്താവിന്റെ പേരിൽ മുൻ ഭാര്യയെ കൊന്ന പേരിലും കേസുണ്ട്. കൊന്നതായാലും ആത്മഹത്യയായാലും ആ ബന്ധത്തിൽ ഒരു ദുരന്തം നടന്നു എന്നുള്ളത് സത്യമാണ്. ഈ സ്ത്രീ മരണപ്പെടാൻ കാരണം അവരുടെ ഭർത്താവിനോളം കരുത്തോ ക്രിമിനൽ പശ്ചാത്തലമോ അവർക്ക് ഉണ്ടായിരുന്നില്ല എന്നതായിരിക്കാം!. ശക്തിയുള്ള ആൾ നിലനിന്നു കുറഞ്ഞ ആൾ മരിച്ചു. പക്ഷെ അയാളുടെ രണ്ടാമത്തെ ഭാര്യയുമായി പ്രശ്നങ്ങൾ ഉണ്ടായെങ്കിലും അവർ, അയാളെക്കാൾ സ്വാധീന ശക്തിയുള്ളവരായതിനാൽ ആ സ്ത്രീയെ ഒന്നും ചെയ്യാൻ സാധിച്ചില്ല. അവർ പുറത്തും അയാൾ ജയിലിലും കഴിയുന്നു. എന്നാലും രണ്ടു പേർക്കും ആയുസ്സിന് ദോഷം ഭവിച്ചുമില്ല. കാരണം അവര്‍ക്ക് തുല്യ ദോഷങ്ങൾ ഉള്ളത് കൊണ്ടായിരിക്കാം!.

ക്രിമിനൽ മനസ്സുള്ള സ്ത്രീക്ക് ഒരു ക്രിമിനലുമായി പൊരുത്തപ്പെട്ടു പോകാൻ വലിയബുദ്ധിമുട്ടുണ്ടാവില്ല. എന്നാൽ സാധാരണക്കാരിയായ ഒരു സ്ത്രീക്ക് അത് സാധ്യമല്ല. ഇതുപോലെ, പാപ ജാതകം പാപ ജാതകമായും ശുദ്ധ ജാതകം ശുദ്ധ ജാതകമായും മാത്രമേ പൊരുത്തപ്പെടുത്തുകയുള്ളു.

"യസ്യാം മനഃസമാസക്തം
തമേവ വിവാഹേൽ ബുധഃ
സർവാനുഗുണഭാഗേപി
മനോനുഗുണതാധികാ"

എല്ലാപൊരുത്തങ്ങളെക്കാളും വിശേഷപ്പെട്ട പൊരുത്തമാണ് മനഃപ്പൊരുത്തം.പക്ഷെ അഞ്ചും പത്തും വർഷം സ്നേഹിച്ചതിനു ശേഷം വിവാഹം ചെയ്ത പലരുടേയും ബന്ധം തികച്ച് ഒരുവർഷം പോലും എത്താതെ പോകുന്നതും കാണുന്നു. ഇതിനു കാരണം ശരീയായ മനഃപ്പൊരുത്തമല്ല അവരിൽ ഉണ്ടായിരുന്നതെന്നാണ് അനുമാനിക്കേണ്ടത്. ചന്ദ്രന്റെ ബലകുറവും അനിഷ്ട സ്ഥിതിയും ശനി പോലുള്ള ഗ്രഹങ്ങളുടെ ദൃഷ്ട്യാദിയോഗങ്ങളും കൂടി ഉണ്ടായിരുന്നാൽ മനസ്സിന് ബലമില്ലാതെ ഇതു പോലുള്ള പ്രശ്നങ്ങളിൽ ചെന്നുപെടുന്നത് കാണാറുണ്ട്. അതിനാൽ പ്രണയിക്കുന്നവർ ശരിയായ രീതിയിൽ തന്നെയാണോ തങ്ങളുടെ മനഃപ്പൊരുത്തം എന്ന് വിലയിരുത്തി വേണം ഈ പ്രമാണത്തെ സ്വീകരിക്കുവാൻ. എനിക്ക് പരിചയമുള്ള ഒരു ഉന്നത ഉദ്യോഗസ്തയുടെ ജാതകം അടുത്ത് പരിശോധിക്കുവാൻ ഇടവന്നു. അവരുടേത് പ്രണയ വിവാഹമായിരുന്നു. ജ്യോതിഷ കുടുബാംഗമായ യുവതി തന്റേത് ഉത്തമ മനഃപ്പൊരുത്തമാണെന്നാണ് ധരിച്ചിരുന്നത്. അവരുടെ ജാതകത്തിൽ എഴാം ഭാവാധിപനും ചന്ദ്രനും അഷ്ടമത്തിലും ശനിദൃഷ്ടിയിലും ആയിരുന്നു. അവരുടെ വിവാഹം പൂർണ്ണ പരാജയവും ദുരന്തവും ആയിമാറി. അടുത്തു പരാജയപ്പെട്ട താര ദമ്പതിമാരുടെ വിവാഹവും പ്രണയ വിവാഹമായിരുന്നു. ഇതിനർത്ഥം പ്രണയ വിവാഹങ്ങൾ എല്ലാം പരാജയപ്പെടുമെന്നല്ല. മനഃപ്പൊരുത്തത്തിന്റെ പിൻബലം തേടുന്നവർ അതു പരിശോധിക്കണമെന്ന് മാത്രം.

വിവാഹത്തിന് ജാതക പരിശോധന വേണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് വിവാഹിതരാകുവാൻ പോകുന്നവര് തന്നെയാണ്. കാരണം ജീവിതം അവരുടേതാണ്. അതിൽ ഒരു ജ്യോതിഷിയും ഇടപെടാറുമില്ല. ഇടപെടേണ്ട ആവശ്യവുമില്ല. എന്നാൽ ജാതകവുമായി ജ്യോതിഷിയെ സമീപിക്കുന്നവരോട് ശാസ്ത്ര വിധി അനുസരിച്ച് ചേരുമോ ഇല്ലയോ എന്ന് പറയേണ്ട ഉത്തരവാദിത്വം ജ്യോതിഷിക്ക് ഉണ്ട്. എല്ലാ ശസ്ത്രത്തിനെന്ന പോലെ ജ്യോതിശാസ്ത്രത്തിനും പരിമിധികൾ ഉണ്ട്. ജ്യോതിശാസ്ത്രം കൈകാര്യം ചെയ്യുന്നവർക്കും മനുഷ്യ സഹജമായ തെറ്റുകൾ സംഭവിക്കാം.

ഇനി ആദ്യം പറഞ്ഞ അഞ്ചപേർ പരിശോധിച്ച ജാതക പൊരുത്തം എന്തായിരിക്കും പരാജയപ്പെടാൻ കാരണം?. ഒന്നാം പ്രതി, ജാതകം പരിശോധിക്കുവാൻ കൊണ്ടു ചെന്ന ആളായിരിക്കാം?. ഒരു പെൺകുട്ടിയുടെ ജാതകവും പത്ത് ആൺകുട്ടികളുടെ ജാതകവും, കൈയിൽ ചുരുട്ടി കൂട്ടി പിടിച്ച ഒരമ്പതിന്റെ നോട്ടുമായി ജ്യോതിഷിയെ സമീപിച്ച്, "സാറെ ഇതൊന്നു വേഗംനോക്കിത്തരണേ എനിക്ക് വേഗം പോകേണ്ടതുണ്ട്" എന്ന് പറഞ്ഞു കൊണ്ടാണ് ജ്യോതിഷിയെ സമീപിക്കുന്നത്. വളരെ സൂക്ഷമതയോടെ പരിശോദ്ധിക്കേണ്ടതാണെന്നും രണ്ടു പേരുടെ ഭാവി ജീവിതത്തിന്റെ പ്രശ്നമാണെന്നുമുള്ള ഗൗരവത്തോടെ സമയമെടുത്ത് ചെയ്യേണ്ട കാര്യമാണ് പൊരുത്തം നോക്കൽ. അത് വരുന്ന ആളും മനസ്സിലാക്കണം. രണ്ടു ജാതകവും വിശദമായി പരിശോദ്ധിച്ച് തൽ സമയത്ത് ലഭിക്കുന്ന നിമിത്തവും ഈശ്വരാനുഗ്രഹവും കൂടിചിന്തിച്ച് വേണം തീരുമാനിക്കുവാൻ. ചില സമയത്ത്, നോക്കുവാൻ കൊണ്ടു വരുന്ന ജാതകങ്ങൾ പോലും തെറ്റായതും ആയിരിക്കും. പക്ഷേ ഗുരുകാരണവ കൃപ കൊണ്ടും നിമിത്തം കൊണ്ടും പലതും തിരിച്ചറിയാൻ സാധിക്കും. ജാതക പരിശോധനക്കുശേഷം കാലോചിതമായ ദക്ഷിണയും നൽകി വേണം ദൈവജ്ഞന്റെ (ജ്യോതിഷിയുടെ) പക്കൽ നിന്നും ജാതകങ്ങൾ തിരികെ വാങ്ങിക്കുവാൻ. ജ്യോതിഷം മായാജാലമോ, അസാധ്യമായത് എല്ലാം സാധിച്ചു തരുന്നതോ ആയ ഒന്നും അല്ല. ജാതകത്തിൽ "പുനർഭൂവാ " എന്ന ദൃഢ കർമ്മ ഫലമുണ്ടെങ്കിൽ അത് അനുഭവിക്ക തന്നെ വേണ്ടി വരും. ഒരുപക്ഷേ പരിഹാരങ്ങൾ ദോഷ ഫലങ്ങൾക്ക് കുറവു വരുത്തിയേക്കാം. എന്നാൽ പൂർണ്ണമായി പരിഹരിക്കപ്പെടണമെന്നില്ല .

ഗണപതിയും നാരങ്ങാമാല വഴിപാടും

ശുഭകാര്യങ്ങൾ ആരംഭിക്കുന്നതിനു മുമ്പായി ഗണപതിയെ വന്ദിച്ചാൽ തടസ്സങ്ങൾ ഒന്നും കൂടാതെ ആ പ്രവൃത്തി ഫലപ്രാപ്തിയിലെത്തും. ഭഗവാൻ പരമശിവന്റേയും പാർ‌വതീദേവിയുടെയും പ്രഥമ പുത്രനാണു ഗണപതി. സിദ്ധിയുടെയും ബുദ്ധിയുടെയും ഇരിപ്പിടമായ ഗണപതിയെ ഏതു കാര്യത്തിനു മുൻപും വന്ദിക്കുന്നതു ഉത്തമമാണ്. 

വിഘ്ന വിനാശനായ ഗണപതി ഭഗവാന് ആഗ്രഹസാഫല്യത്തിനായി നാരങ്ങാമാല വഴിപാട് പ്രധാനമാണ്.

പതിനെട്ടു നാരങ്ങാ വീതം മാലകെട്ടി തുടർച്ചയായി മൂന്ന് ദിവസം ഭഗവാന് ചാർത്തി, മൂന്നാം ദിവസം വഴിപാടുകാരന്റെ പേരിലും നാളിലും വിഘ്നഹര സ്തോത്ര പുഷ്പാഞ്ജലി നടത്തുകയോ വിഘ്നഹര സ്തോത്രം ചൊല്ലി ഭക്തിപൂർവ്വം മുക്കുറ്റി സമർപ്പിക്കുകയോ ചെയ്‌താൽ ഫലം സുനിശ്ചിതം. വഴിപാടുകാരന്റെ ജന്മനക്ഷത്ര ദിനത്തിൽ പുഷ്പാഞ്ജലി വരത്തക്ക വിധത്തില്‍ വഴിപാടു നടത്തുന്നതാണ് അത്യുത്തമം . അതായത്, പക്കപിറന്നാളിന് രണ്ട് ദിനം മുന്നേ നാരങ്ങാമാല സമർപ്പണം തുടങ്ങാം, പക്കപിറന്നാളിന് അന്ന് പുഷ്പാഞ്ജലി നടത്തണം.

ഗൃഹപ്രവേശം, പുതിയ സംരംഭങ്ങൾ തുടങ്ങിയ ഏതു ശുഭകാര്യ ആരംഭ ദിനത്തില്‍ വഴിപാട് പൂര്‍ത്തിയാകുന്ന രീതിയിൽ അനുഷ്ഠിക്കുന്നതും വിശേഷമാണ്. അഭീഷ്ട സിദ്ധിക്കായി ദിവസേന ഭക്തിപൂര്‍വ്വം വിഘ്നഹര സ്തോത്രം ജപിക്കുന്നതും നന്ന് .

സര്‍വ തടസ്സങ്ങളും നീങ്ങാൻ വിഘ്നഹര സ്തോത്രം

ശുക്ലാംബരധരം വിഷ്ണും, ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേത്, സര്‍വവിഘ്നോപശാന്തയേ
പ്രണമ്യ ശിരസാ ദേവം , ഗൌരീപുത്രം വിനായകം
ഭക്ത്യാ വ്യാസം സ്മരേ നിത്യം, ആയുഃ കാമാര്‍ത്ഥ സിദ്ധയേ
പ്രഥമം വക്രതുണ്ഡം ച, ഏകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം, ഗജവക്ത്രം ചതുര്‍ത്ഥകം
ലംബോദരം പഞ്ചമം ച, ഷഷ്ഠം വികടമേവ ച
സപ്തമം വിഘ്നരാജം ച, ധൂമ്രവര്‍ണ്ണം തഥാഷ്ടകം
നവമം ഫാലചന്ദ്രം ച, ദശമം തു വിനായകം
ഏകാദശം ഗണപതിം, ദ്വാദശം തു ഗജാനനം
ദ്വാദശൈതാനി നാമാനി, ത്രിസന്ധ്യം യ: പഠേത്‌ നരഃ
ന ച വിഘ്നഭയം തസ്യ, സര്‍വസിദ്ധികരം ധ്രുവം.

ഫലശ്രുതി

വിദ്യാർത്ഥീ ലഭതേ വിദ്യാം, ധനാർത്ഥീ ലഭതേ ധനം
പുത്രാർത്ഥീ ലഭതേ പുത്രാൻ, മോക്ഷാർത്ഥീ ലഭതേ ഗതിം
ജപേത്‌ ഗണപതി സ്തോത്രം, ഷഡ്‌ഭിർമാസൈഃ ഫലം ലഭേത്
സംവത്‌സരേണ സിദ്ധിം ച, ലഭതേ നാത്രസംശയഃ

വിവാഹവും മുഹൂര്‍ത്തപ്രായശ്ചിത്തവും


സന്താനവിഷയത്തിലെ പിഴവുകള്‍

ഇക്കാലത്ത് യുവതലമുറയെ ഏറെ വിഷമത്തിലാക്കുന്ന കാര്യമാണ് സന്താനവിഷയം. വിവാഹശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സന്താനമില്ല എന്നതുതന്നെ. വിശ്വാസികളെ സംബന്ധിച്ചിടത്തോളം മുഹൂര്‍ത്തങ്ങള്‍ക്ക് വളരെ പ്രാധാന്യം അവര്‍ കരുതിപ്പോരുന്നു. പുതുതായി ഒരു ബിസിനസ്സ് തുടങ്ങുന്നു. വീട് പാലുകാച്ചി കയറിക്കൂടുന്നു എന്നിവയ്ക്കെല്ലാം, പുതിയ സംരംഭങ്ങള്‍ക്കെല്ലാം ശുഭമുഹൂര്‍ത്തം നാം നോക്കാറുണ്ട്. എന്തിനാണിത്. വ്യവസായത്തെ സംബന്ധിച്ചാണെങ്കില്‍, അഭിവൃദ്ധിക്കും വീടിന് സ്വൈരജീവിതത്തിനുമാണ്. എന്നാല്‍ ഇതിലും ഏറെ പ്രധാനപ്പെട്ട സംഗതിയാണ് വിവാഹം. വിവാഹത്തിന് ജാതകപ്പൊരുത്തവും, ശുഭമുഹൂര്‍ത്തവും, മുഹൂര്‍ത്തപ്രായശ്ചിത്തവും ആവശ്യമായ സംഗതികളാണ്.

മുഹൂർത്തപ്രായശ്ചിത്തം

സ്ത്രീപുരുഷജാതകം നോക്കി വേണം വിവാഹമുഹൂര്‍ത്തം നിശ്ചയിക്കേണ്ടത് എന്നതാണ് പ്രമാണം. പരിപൂര്‍ണ്ണമായും ശുഭമുഹൂര്‍ത്തം ലഭിക്കില്ല. മുഹൂര്‍ത്തത്തിന്‍റെ ശുഭഫലം പൂര്‍ണ്ണമായി ലഭിക്കുവാന്‍ മുഹൂര്‍ത്തപ്രായശ്ചിത്തം ആചരിക്കാറുണ്ട്. വിവാഹശേഷം വധുവും വരനും ചേര്‍ന്ന് ഉത്തമനായ ഒരു ബ്രാഹ്മണന്, വെറ്റിലയും, അടയ്ക്കയും, നാണയവും, വസ്ത്രവും ചേര്‍ന്ന ദക്ഷിണ, ‘മുഹൂര്‍ത്തപ്രായശ്ചിത്തം’എന്ന് പറഞ്ഞുതന്നെ നല്‍കണം. വിവാഹപന്തലില്‍ വെച്ച് അപ്രകാരം ദക്ഷിണ നല്‍കാന്‍ കഴിയാത്തവര്‍, വിവാഹശേഷം ക്ഷേത്രത്തില്‍ ചെന്ന് പൂജാരിക്ക്, ഇപ്രകാരം ‘മുഹൂര്‍ത്തപ്രായശ്ചിത്തം’ എന്നുപറഞ്ഞുതന്നെ ദക്ഷിണ നല്‍കണം. ഈ ചടങ്ങ് ഇന്നിപ്പോള്‍ ഏറെക്കുറെ ബ്രാഹ്മണ വിവാഹത്തില്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്.

ഉത്തമമായ മുഹൂര്‍ത്തത്തില്‍ നടത്തപ്പെടുന്ന വിവാഹത്തിനുമാത്രമേ, ഉത്തമമായ ദാമ്പത്യജീവിതത്തെ നല്‍കാന്‍ കഴിയൂ. ഈ കാലത്ത് സംഭവിക്കുന്നത് എന്താണ്! വിവാഹദിവസവും നിശ്ചയിച്ച്, ആഡിറ്റോറിയവും ബുക്ക് ചെയ്തതിനുശേഷമാണ് വിവാഹമുഹൂര്‍ത്തം കുറിച്ചുതരാന്‍ ആവശ്യപ്പെട്ട് എത്താറുള്ളത്! എന്താ ചെയ്യുക?

നാളും പക്കവും, തിഥിയും, തരക്കേടില്ലെങ്കില്‍ ‘അഭിജിത്ത്’ മുഹൂര്‍ത്തം കുറിച്ചുകൊടുക്കും. ഇതാണ് ഇപ്പോഴത്തെ അവസ്ഥ. വ്യക്തമായി പറഞ്ഞാല്‍, ഇവിടെ നടക്കുന്ന വിവാഹങ്ങളില്‍ ഏറിയ പങ്കും, സ്ത്രീപുരുഷന്മാരുടെ ജാതകപ്രകാരം ശുഭമുഹൂര്‍ത്തത്തിലല്ല ആചരിക്കപ്പെടുന്നത് എന്നുപറയാം. ‘വേണമെങ്കില്‍ ആവാം’ എന്ന് കല്‍പ്പിച്ചിരിക്കുന്ന അഭിജിത്താണ് വിവാഹമുഹൂര്‍ത്തം. എന്നാല്‍ മുഹൂര്‍ത്തപ്രായശ്ചിത്തമായി, ദാനമോ, പൂജയോ പതിവുമില്ല. നാട്ടിലെല്ലാം കാണപ്പെടുന്ന, പലവിധത്തിലുള്ള ദാമ്പത്യപരാജയങ്ങള്‍ക്കും കാരണം, ഉചിതമായ മുഹൂര്‍ത്തത്തിലല്ല ദാമ്പത്യബന്ധം ആരംഭിക്കുന്നത് എന്നതുതന്നെയാണ്. സന്താനാദിസൗഭാഗ്യങ്ങള്‍ക്ക് വേണ്ടി നടത്തപ്പെടേണ്ട വിവാഹമംഗളകര്‍മ്മം, ബന്ധുക്കളുടേയും, സ്വന്തക്കാരുടേയും സൗകര്യത്തിന് അനുസരിച്ച് മുഹൂര്‍ത്തം കുറിച്ച് നടത്തപ്പെടുന്നു. കുട്ടികളുടെ തുടര്‍ന്നുള്ള ജീവിതത്തെക്കുറിച്ച് രക്ഷിതാക്കള്‍ ചിന്തിക്കുന്നില്ല എന്നത് മഹാകഷ്ടം തന്നെയാണ്.

സന്താനസമയം

പുരുഷനും സ്ത്രീയ്ക്കും പരിപൂര്‍ണ്ണ ആരോഗ്യമുണ്ടെങ്കില്‍ സന്താനം ജനിക്കും എന്നാണ് ആധുനികശാസ്ത്രം പറയുന്നത്. എന്നാല്‍ ഇതുപോലെ പരിപൂര്‍ണ്ണ ആരോഗ്യമുള്ള പല ദമ്പതികള്‍ക്കും സന്താനമുണ്ടായില്ല എന്നുപറഞ്ഞ് എന്നെ കാണാന്‍ വരാറുണ്ട്. എന്താണിതിന് കാരണം. ഒരുപക്ഷേ നിങ്ങള്‍ക്ക് അറിയാവുന്നതോ; പരിചയമുള്ളതോ ആയ ഒരു സംഗതി ഞാന്‍ പറയാം. ചില ദമ്പതിമാരില്‍; വിവാഹശേഷം ആദ്യം ഒരു കുഞ്ഞ് ജനിച്ചു. പിന്നീട് വര്‍ഷങ്ങളോളം, എത്ര മോഹിച്ചിട്ടും, മരുന്നുകള്‍ കഴിച്ചിട്ടും മറ്റൊരു കുഞ്ഞ് ഉണ്ടായില്ല. ഇനി കുട്ടി ജനിക്കില്ല എന്ന് അവരും ബന്ധുക്കളും കരുതി. പിന്നീട് ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ വീണ്ടും ഗര്‍ഭം ധരിച്ചു. തികച്ചും അവിചാരിതമായി.

സന്താനയോഗം എന്നത് ശാരീരിക ആരോഗ്യത്തെ മാത്രം ആശ്രയിച്ചിരിക്കുന്ന വസ്തുതയല്ല എന്നാണ് ജ്യോതിഷശാസ്ത്രം പറയുന്നത്.

സന്താനഭാഗ്യത്തിന് വളരെ പ്രാധാന്യം നല്‍കും പ്രകാരമാണ് ജാതകചേര്‍ച്ചയും, വിവാഹമുഹൂര്‍ത്തവും നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഈ കാലത്ത് വിവാഹം എന്നത് ഒരു വഴിചടങ്ങായി മാത്രം മാറിയിരിക്കുകയാണ്. സന്താനവിഷയത്തില്‍ സംഭവിക്കുന്ന കാലതാമസത്തിന് പ്രധാനകാരണങ്ങളില്‍ ഒന്ന് മേല്‍വിവരിച്ച മുഹൂര്‍ത്തനിശ്ചയത്തിലെ പിഴവുതന്നെയാണ്.

ജ്യോതിഷശാസ്ത്രപ്രകാരം, ചൊവ്വയും ചന്ദ്രനും കാരണമാണ് സ്ത്രീക്ക് എല്ലാമാസവും ആര്‍ത്തവമുണ്ടാകുന്നത്. ആര്‍ത്തവകാലയളവില്‍ ചന്ദ്രന്‍ സ്ത്രീയുടെ ജന്മനക്ഷത്രത്തിന്‍റെ അനുചയരാശികളില്‍ ഒന്നില്‍ നിന്നാല്‍ ആ സമയത്തെ സംയോഗം ഗര്‍ഭകാരണമാകും. അപ്പോള്‍ ചന്ദ്രന്‍ കുജദൃഷ്ടനുമായിരിക്കണം. ഇതിന് വിപരീതമായി പുരുഷന്‍റെ ജന്മനക്ഷത്രത്തിന്‍റെ ഉപചയസ്ഥാനങ്ങളില്‍ ചന്ദ്രന്‍ നിന്നാല്‍ തീര്‍ച്ചയായും സ്ത്രീ ഗര്‍ഭവതിയാവും. ചന്ദ്രന് ശുഭനായ പുരുഷഗ്രഹങ്ങളുടെ ദൃഷ്ടിയുണ്ടായാലും സ്ത്രീ ഗര്‍ഭവതിയാകും. ഈ അവസ്ഥ എപ്പോഴും സംഭവിക്കുന്ന കാര്യമല്ല. ചിലപ്പോള്‍ വര്‍ഷങ്ങള്‍ക്കുശേഷമാവാം ഇത്തരം അനുകൂലമായ അവസ്ഥ ചിലരില്‍ സംഭവിക്കുക. സന്താനവിഷയത്തില്‍, പരിഹാരപൂജകള്‍ക്കും ദാനങ്ങള്‍ക്കും ഉപരിയായി ഒട്ടനവധി കാര്യങ്ങള്‍ ജ്യോതിഷശാസ്ത്രഗ്രന്ഥങ്ങളില്‍ വിവരിക്കുന്നുണ്ട്. അവയെക്കുറിച്ചുള്ള അറിവും, തിരിച്ചറിവും ഇന്നിപ്പോള്‍ ഏറെ അത്യാവശ്യമായ സംഗതിയാണ്.

കുട്ടികളില്ല എന്ന കാരണത്താല്‍, ആശുപത്രികളില്‍ പോയി, എത്ര മരുന്നും, എന്തൊക്കെ വേദനകളുമാണ് ഇന്നത്തെ തലമുറയിലെ കുട്ടികള്‍ അനുഭവിക്കുന്നത്?

സ്വന്തം ശാരീരികാവസ്ഥയെക്കുറിച്ച്, ജാതകപരിശോധനയിലൂടെ വ്യക്തമായി തിരിച്ചറിയാന്‍ ആരും ശ്രമിക്കുന്നില്ല. നേര്‍ച്ചകളും ആശുപത്രികളുമായി ധനവും സമയവും പാഴാക്കുകയാണ് പലരും. മരുന്നും മന്ത്രവും വേണം. എന്നാല്‍ അവ ആവശ്യമുണ്ടെങ്കില്‍ മാത്രം പോരേ?

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.