വ്യാഴാഴ്ച ദിവസം ധനനാശം സംഭവിച്ചുവെന്നു പറയണം

രന്ധ്രസ്ഥിതേƒമരാചാര്യേ നിത്യകർമ്മ വിളംബനം
ദ്വിജാനാം ദ്രവ്യനാശോ വാ വാച്യം ഗുരുദിനേ ഗതേ.

സാരം :-

ആരൂഢത്തിന്റെ അഷ്ടമരാശിയിൽ വ്യാഴം നിന്നാൽ പ്രശ്നദിവസത്തിനു അടുത്തുകഴിഞ്ഞ വ്യാഴാഴ്ച ദിവസം പ്രഷ്ടാക്കന്മാർ ബ്രാഹ്മണരാണെങ്കിൽ നിത്യകർമ്മം സമയത്തിനു ചെയ്യാൻ സാധിച്ചുവെന്നു പറയണം. അല്ലെങ്കിൽ ധനനാശം സംഭവിച്ചുവെന്നു പറയണം.

കഴിഞ്ഞ ബുധനാഴ്ച പ്രഷ്ടാവിനുണ്ടായിട്ടുള്ള അനുഭവമാണ് പറഞ്ഞിട്ടുള്ളത്

അഷ്ടമസ്ഥേ വിധോഃ പുത്രേ ഭംഗ ഇഷ്ടസ്യ കർമ്മണഃ
മൂലാംശേ പൂഗതാംബൂലനാശോƒഭാവോഥവാƒനയോഃ

ധാത്വംശേ വപുഷഃ സാദോ വാച്യോ ജീവാംശകേ പുനഃ
പാരുഷ്യം വചസശ്ചൂർണ്ണാഭാവോ വാ ഗതവിദ്ദിനേ.

സാരം :-

മുൻപറഞ്ഞവണ്ണം അഷ്ടമരാശിയിൽ ബുധൻ നിന്നാൽ കഴിഞ്ഞ അടുത്ത ബുധനാഴ്ച ദിവസം ഇഷ്ടകാര്യസാദ്ധ്യത്തിനു തടസ്സമുണ്ടായിയെന്നുപറയണം. ആ ബുധന്റെ നവാംശകം മൂലരാശിയിലാണെങ്കിൽ കഴിഞ്ഞ ബുധനാഴ്ച്ച വെറ്റിലയും പാക്കും കളഞ്ഞു പോകുകയോ അല്ലെങ്കിൽ അതുകൾ കിട്ടാതിരിക്കുകയോ ചെയ്തു എന്നു പറയണം. ആ ബുധൻ ധാതുരാശി നവാംശകത്തിലാണെങ്കിൽ അന്നു ശരീരത്തിന് ആലസ്യമുണ്ടായി എന്നു പറയണം. അതുപോലെ ബുധൻ ജീവരാശി നവാംശകത്തിലാണെങ്കിൽ കഴിഞ്ഞ ബുധനാഴ്ച ചീത്തവാക്കു പറവാനിടവരികയോ മുറുക്കുന്നതിനു നൂറു കിട്ടാതിരിക്കുകയോ ഉണ്ടായിട്ടുണ്ടെന്നു പറയണം. ബുധന്റെ അഷ്ടമ സ്ഥിതികൊണ്ടു കഴിഞ്ഞ ബുധനാഴ്ച പ്രഷ്ടാവിനുണ്ടായിട്ടുള്ള അനുഭവമാണ് പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ ചൊവ്വാഴ്ച ദിവസം പ്രഷ്ടാവ് പാദസ്ഖലനം നിമിത്തം വീണു എന്ന് പറയണം

ആരേƒഷ്ടമേ പദ ഭ്രംശോ മാന്ദിയുക്തഃ സ ചേൽ ക്ഷതിഃ
ധാത്വംശേƒസൃജി ശസ്ത്രേണ മൂലാംശേ കണ്ടകാദിനാ.

വാച്യാ ജീവാംശകേ ദന്തനഖാദ്യൈരംശകോചിതൈഃ
സരീസൃപാംശേ തദ്ദംശോ വാരസ്യ ഗതവാസരേ.

(വാരസ്യേത്യത്ര വാ ആരസ്യ ഇതി പദച്ഛേദഃ)

സാരം :-

ആരൂഢത്തിന്റെ അഷ്ടമരാശിയിൽ ചൊവ്വ നിന്നാൽ കഴിഞ്ഞ ചൊവ്വാഴ്ച ദിവസം പ്രഷ്ടാവ് പാദസ്ഖലനം നിമിത്തം വീണു എന്ന് പറയണം. അഷ്ടമത്തിൽ ഗുളികൻകൂടി നിന്നാൽ പാദസ്ഖലനം മാത്രമല്ല കാലിൽ മുറിവുകൂടി ഉണ്ടായി എന്നു പറയണം. അഷ്ടമത്തിൽ നിൽകുന്ന ചൊവ്വയുടെ അംശകം മുൻപറഞ്ഞ ധാതുരാശിയിലാണെങ്കിൽ ഏതോ ചില ആയുധങ്ങളെക്കൊണ്ടാണ് മുറിവേറ്റതെന്നും മൂലരാശിയിലാണംശകമെങ്കിൽ മുള്ളോ കല്ലോകൊണ്ടു മുറിഞ്ഞിരിക്കണമെന്നും ജീവരാശിയിലാണംശകമെങ്കിൽ നഖംകൊണ്ടോ പല്ലുകൊണ്ടോ മുറിവേറ്റതെന്നും പറയണം. അത് അംശകരാശികൊണ്ട് ഏതൊരു ജന്തുവിനെ പറയാമോ ആ ജന്തുവിന്റെ നഖമോ പല്ലോ കൊണ്ടായിരിക്കണം മുറിവേറ്റിട്ടുള്ളത്‌. ചൊവ്വയുടെ നവാംശകം സരീസൃപരാശികളിലാണെങ്കിൽ ഇഴയുന്ന ജന്തുക്കൾ കടിച്ചിട്ടുണ്ടെന്നു പറയണം. കർക്കടകം വൃശ്ചികം മീനം ഈ മൂന്നു രാശികൾ സരീസൃപങ്ങളാണ്. കർക്കടകംകൊണ്ട് തേൾ മുതലായ ജന്തുക്കളേയും വൃശ്ചികംകൊണ്ട് സർപ്പത്തേയും മീനംകൊണ്ടു ജലജന്തുക്കളേയും ഗ്രഹിക്കാം. ഈ വിഷയത്തിൽ പല അഭിപ്രായങ്ങളുണ്ട്. ഇത് പൃച്ഛാകാലത്തിന്റെ അടുത്തുകഴിഞ്ഞ ചൊവ്വാഴ്ച ദിവസം പ്രഷ്ടാവിനുണ്ടായ അനുഭവമാകുന്നു.

തിങ്കളാഴ്ച ഭക്ഷണം കഴിപ്പാൻ സാധിച്ചിട്ടില്ലെന്നും പറയണം

അഷ്ടമസ്ഥേ നിശാനാഥേ പ്രഷ്ടുർവാച്യമഭോജനം
യവാഗൂപാനമാത്രം വാ ഗതേ ചന്ദ്രസ്യ വാസരേ.

സാരം :-

മേൽ പറഞ്ഞ ആരൂഢരാശിയുടെ എട്ടാം ഭാവത്തിൽ ചന്ദ്രൻ നിന്നാൽ കഴിഞ്ഞ തിങ്കലാഴ്ച ഭക്ഷണം കഴിപ്പാൻ സാധിച്ചിട്ടില്ലെന്നും പക്ഷേ ഉണ്ടായെങ്കിൽ കഞ്ഞികുടിക്കാൻ മാത്രമേ സാധിച്ചിട്ടുള്ളു എന്നും പറയണം. 

രാജാവു തന്നെ നേരിട്ടുവന്നുപദ്രവിച്ചു എന്നു പറയണം / ധാതുദ്രവ്യങ്ങൾ നശിച്ചിട്ടുണ്ടെന്നും / മൂലദ്രവ്യങ്ങൾ നശിച്ചിട്ടുണ്ടെന്നും / ജീവസാധനങ്ങളുടെ നഷ്ടം സംഭവിച്ചു എന്നും പറയണം

അർക്കേഷ്ടമേ ബഹുജനൈർനൃപസേനയാ വാ
യാതേ രവേരഹനി നൂനമുപദ്രവോƒഭൂൽ
ജീവാംശകേ നൃപതിനേതി വദേദിനാംശാ-
ദ്ധാത്വാദിവസ്തുവിഹതിശ്ച വിചിന്ത്യ വാച്യാ.

സാരം :-

പ്രഷ്ടാരൂഢത്തിന്റെ എട്ടാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നെങ്കിൽ വളരെ ജനങ്ങളിൽ നിന്നോ രാജാവിന്റെ സൈന്യത്തിൽനിന്നോ നിങ്ങൾക്കു കഴിഞ്ഞ ഞായറാഴ്ച ദിവസം ഉപദ്രവം ഭാവിച്ചു എന്നു പറയണം. ആ സൂര്യൻ മിഥുനം കന്നി ധനു മീനം എന്നീ ജീവരാശികളിലാണു അംശകിച്ചിരിക്കുന്നതെങ്കിൽ ഈ രാജാവു തന്നെ നേരിട്ടുവന്നുപദ്രവിച്ചു എന്നു പറയണം. സൂര്യനു മേടം കർക്കടകം തുലാം മകരം എന്നീ ധാതുരാശികളിലാണ് അംശകമെങ്കിൽ കഴിഞ്ഞ ഞായറാഴ്ച സ്വർണ്ണം ചെമ്പ് മുതലായ ധാതുദ്രവ്യങ്ങൾ നശിച്ചിട്ടുണ്ടെന്നും ഇടവം ചിങ്ങം വൃശ്ചികം കുംഭം ഈ മൂലരാശികളിലാണ് അംശകമെങ്കിൽ ഭൂമി വൃക്ഷം മുതലായ മൂലദ്രവ്യങ്ങൾ നശിച്ചിട്ടുണ്ടെന്നും ഇതുപോലെ ജീവരാശിയിലാണ് അംശകമെങ്കിൽ ജീവസാധനങ്ങളുടെ നഷ്ടം സംഭവിച്ചു എന്നും പറയണം. 'വിചിന്ത്യവാച്യം' എന്നുള്ളതുകൊണ്ട് നല്ലപോലെ ചിന്തിച്ചുവേണം പറയേണ്ടത് എന്നു സൂചിപ്പിച്ചിരിക്കുന്നു.

ശകുനംകണ്ട ബ്രാഹ്മണനോട്‌ ഒരു ചണ്ഡാലൻകൂടി ഉണ്ടായിരുന്നു എന്നു പറയാം

അശുഭശുഭദൃഷ്ടിയോഗാത്തജ്ജാതീയൈശ്ച യോഗമപി വിദ്യാൽ
ദൂതസ്യ ചേഷ്ടയാതഃ പരം വദേല്ലക്ഷണം ദിശാഗതയാ.

സാരം :-

ബ്രാഹ്മണകാരകനായ വ്യാഴത്തിന് ചണ്ഡാലകാരകനായ ശനിയുടെ ദൃഷ്ടിയോ യോഗമോ ഉണ്ടെങ്കിൽ ശകുനംകണ്ട ബ്രാഹ്മണനോട്‌ ഒരു ചണ്ഡാലൻകൂടി ഉണ്ടായിരുന്നു എന്നു പറയാം. "യോഗമപി വിദ്യാൽ" എന്നുള്ളതുകൊണ്ട് ഇത് ഒരു പക്ഷാന്തരമാണെന്ന് സൂചിപ്പിച്ചിരിക്കുന്നു. ഇതുപോലെ മറ്റു ഭാവങ്ങളിലും വിചാരിച്ചുകൊൾക. പിന്നീട് പ്രഷ്ടാവോ പ്രഷ്ടാവിനാൽ നിയുക്തനായ ദൂതനോ ദ്വാരം (പടിപ്പുര) ഉപദ്വാരം (കുഴിപ്പടിപ്പുര) ഗൂഢമാർഗ്ഗം (മറുവശങ്ങളിലുള്ള ചില ഊടുവഴി) ഇതിൽ ഏതൊന്നിൽകൂടിയാണോ പ്രവേശിച്ചത് അതിനെ ആശ്രയിച്ചും അയാളുടെ അപ്പോഴത്തെ പ്രവൃത്തിക്കൊണ്ടും ചില ലക്ഷണങ്ങളെക്കൂടി പറയണം.

ശകുനം വരുന്നവരുടെ വസ്ത്രാഭരണാദി സകല ലക്ഷണങ്ങളേയും പറയാവുന്നതാണ്

അർക്കോ യദ്യേഷു നൃപൈശ്ചന്ദ്രസിതൗ ചേൽ സ്ത്രിയാ യോഗഃ
ചന്ദ്രാർക്കജൗ സ്ഥിതൗ ചേദ്ദുഷ്ടസ്ത്രീഭിഃ സിതഃ കുലസ്ത്രീഭിഃ

സാരം :-

അരൂഢം അഞ്ചാം ഭാവം എട്ടാം ഭാവം എന്നീ ഭാവങ്ങളിൽ സൂര്യൻ നിൽക്കുന്നുവെങ്കിൽ രാജാക്കന്മാരെയാണ് ശകുനം കണ്ടതെന്നും ചന്ദ്രനോ ശുക്രനോ നിൽക്കുന്നു എങ്കിൽ സ്ത്രീകളെക്കണ്ട് എന്നും ചന്ദ്രനും ശനിയും കൂടിചേർന്നു നിൽക്കുന്നു എങ്കിൽ ദുഷ്ടസ്ത്രീകളെയാണ് കണ്ടതെന്നും ശുക്രൻ മാത്രം ബലവാനായി നിൽക്കുന്നെങ്കിൽ പതിവ്രതകളായ സ്ത്രീകളെ കണ്ടു എന്നും പറയണം. ഇവിടെ ഗ്രഹങ്ങൾ ബ്രാഹ്മണവർഗ്ഗത്തിലുൾപ്പെട്ടതായാലും പാപരാശി പാപഗ്രഹയോഗം പാപഗ്രഹദൃഷ്ടി മുതലായ ദോഷങ്ങൾ ഉണ്ടായാൽ ബ്രാഹ്മണ്യത്തിനു പുഷ്ടി ഉണ്ടായിരിക്കയില്ല. അതുപോലെ ശകുനലക്ഷണത്തിനു കാരണമായഗ്രഹം  പുരുഷഗ്രഹമാണെങ്കിലും സ്ത്രീരാശിയിൽ നിൽക്കുകയും സ്ത്രീഗ്രഹങ്ങളുടെ യോഗം ദൃഷ്ടി കേന്ദ്രം മുതലായതു വരികയും ചെയ്‌താൽ പുരുഷത്വത്തിനു പ്രാബല്യം കാണുകയില്ല. ഇതുപോലെ ഉച്ചം മൂലത്രികോണം നീചം ശത്രുക്ഷേത്രം മുതലായ സ്ഥാനഭേദങ്ങളേയും ക്രമമായി ചിന്തിച്ചുവേണം ഈ ഘട്ടത്തിൽ ഫലനിർദ്ദേശം ചെയ്യേണ്ടത്.

ശകുനഫലങ്ങളെ പറയുന്ന ഘട്ടത്തിൽ സംഖ്യ മുതലായവ നിർണ്ണയിക്കുന്നത് ഗ്രഹംശകം വക്രം മുതലായ ഗതിഭേദങ്ങളെക്കൂടി ചിന്തിച്ചു വേണ്ടതാണ്. ഗ്രഹഗണിതത്തിനും മറ്റും ശേഷം സ്വസ്ഥനായിരിക്കുമ്പോഴാണല്ലോ പൃച്ഛകന്റെ ആഗമനം വിധിച്ചിട്ടുള്ളത്. ആ സ്ഥിതിയ്ക്ക് ഗ്രഹങ്ങളുടെ അംശകാദി അംശകാദിഗ്രഹണം അസംഭാവ്യമല്ലല്ലോ. ശകുനലക്ഷണത്തിനു ഹേതുഭൂതമായ ഗ്രഹം നില്ക്കുന്ന രാശിയേ ആരൂഢമായി കൽപിച്ചു ശകുനം വരുന്നവരുടെ വസ്ത്രാഭരണാദി സകല ലക്ഷണങ്ങളേയും പറയാവുന്നതാണ്. വരാഹഹോരയിൽ മൂന്നാമദ്ധ്യായത്തിൽ "ക്രൂരൈർഗ്രഹൈസ്സുബലിഭിഃ" എന്നും "പാപാ ബലിനഃ സ്വഭാഗഗാഃ" എന്നും "ഖഗേദൃഗാണേ ബലസയുതേന വാ" എന്നും മറ്റുമുള്ള പദ്യങ്ങൾക്ക് ഇവിടെ വ്യാപ്തിയുണ്ടെങ്കിൽ മനുഷ്യരേ ഇവിടെ ശകുനമായിക്കണ്ടത് പക്ഷിമൃഗാദികളെ ആണെന്നു പറയണം. അവയുടെ ജാതിവിഭാഗം ഹോരയിൽ 'സ്വചരാശ്ച സർവ്വേ" ഇത്യാദിഭാഗങ്ങളിൽനിന്നു ഗ്രാഹ്യമാകുന്നു. വിശേഷിച്ചു മൃഗയാപ്രശ്നത്തിൽനിന്നും പക്ഷിമൃഗാദികളുടെ വിഭാഗം ഗ്രാഹ്യമാകുന്നു.

വഴിയിൽവച്ചു ബ്രാഹ്മണരെ കണ്ടിരിക്കുമെന്നു പറയണം

ലഗ്നസുതാഷ്ടമസംസ്ഥൗ ഗുരുശുക്രൗ ചേദ്ദ്വിജാതിഭിര്യോഗഃ
പാപയുതൗ ദൃഷ്ടൗ ചേദ്ദുർബ്രാഹ്മണതന്തുധാരിഭിര്യോഗഃ

സാരം :-

പ്രഷ്ടാവിന്റെ ആരൂഢം അഞ്ചാം ഭാവം എട്ടാം ഭാവം ഇതുകളിലൊന്നിൽ വ്യാഴമോ ശുക്രനോ നിൽകുന്നുവെങ്കിൽ വഴിയിൽവച്ചു ബ്രാഹ്മണരെ കണ്ടിരിക്കുമെന്നു പറയണം. വ്യാഴത്തിനും ശുക്രനും പാപഗ്രഹങ്ങളുടെ ദൃഷ്ടിയോ യോഗമോ ഉണ്ടെങ്കിൽ ഉത്തമബ്രാഹമണരെ അല്ല കണ്ടത് പൂണുനൂൽ ധരിച്ചുള്ള ഒരു തരം അവാന്തരബ്രാഹ്മണരെയാണ്‌ കണ്ടതെന്നു പറയണം.

പ്രഷ്ടാവു വീട്ടിൽ നിന്നു പുറപ്പെട്ടപ്പോൾ വഴിയിൽവച്ചു ചണ്ഡാലസമൂഹത്തേയോ, ശൂദ്രവർഗ്ഗത്തിപ്പെട്ടവരെയോയാണ് ആദ്യമായി കണ്ടതെന്നു പറയണം

രാഹുർവാർക്കിഃ പൃച്ഛകാധിഷ്ഠിതർക്ഷേ
യദ്വാ തസ്മാൽ പഞ്ചമേ വാഷ്ടമേ വാ
ചണ്ഡാലാനാം പംക്തിരഗ്രേ പ്രദൃഷ്ടാ
ശൂദ്രാ ദൃഷ്ടാസ്തത്ര ചേദ്‌ഭൂമിജജ്ഞൗ.

സാരം :-

പ്രഷ്ടാവ് വന്നു സ്ഥിതിചെയ്ത രാശിയിലോ അതിന്റെ അഞ്ചാം രാശിയിലോ എട്ടാം രാശിയിലോ രാഹുവോ ശനിയോ നിൽക്കുന്നുവെങ്കിൽ പ്രഷ്ടാവു വീട്ടിൽ നിന്നു പുറപ്പെട്ടപ്പോൾ വഴിയിൽവച്ചു ചണ്ഡാലസമൂഹത്തെയാണ് ആദ്യമായി കണ്ടതെന്നു പറയണം. അതുപോലെ മേല്പറഞ്ഞ രാശികളിൽ ചൊവ്വയോ ബുധനോ നിൽക്കുന്നുവെങ്കിൽ ആദ്യം ശകുനമായിക്കണ്ടത് ശൂദ്രവർഗ്ഗത്തിലുൾപ്പെട്ടവരെയാണെന്നു പറയണം.  യാണ്

പ്രഷ്ടാവ് വഴിയിൽവച്ചനുഭവിച്ച ഒരു ഫലത്തെ പറയണം

പൃച്ഛകാധിഷ്ഠിതം രാശിം വിജ്ഞായാനേന പൃച്ഛതാം
അനുഭൂതം ഹി വക്തവ്യം കിമപി പ്രത്യയാപ്തയേ.

സാരം :-

പ്രഷ്ടാവ് ദൈവജ്ഞന്റെ മുമ്പിൽ ഏതൊരു രാശിയിലാണോ സ്ഥിതിചെയ്തത്, ആ രാശികൊണ്ടു പ്രഷ്ടാവ് വഴിയിൽവച്ചനുഭവിച്ച ഒരു ഫലത്തെ പറയണം. ഇതു ദൈവജ്ഞന്റെ ഭാവിഫലനിർദ്ദേശത്തിൽ പ്രഷ്ടാക്കന്മാർക്കു വിശ്വാസമുണ്ടാകുന്നതിനാണ്.

സ്പർശനലക്ഷണം പറയുമ്പോൾ ശ്രദ്ധിക്കണം

ധൂമശ്വഖരകാകസ്പൃഗ് ധ്വജസിംഹവൃഷേഭഗഃ
വിപരീതോƒഥവാ യായാദത്യന്തം ന ശുഭാശുഭം.

സാരം :-

ധ്വജം സിംഹം വൃഷം ഗജം എന്നീ ശുഭയോനികളുടെ സ്ഥാനമായ കിഴക്ക് തെക്ക് പടിഞ്ഞാറ് വടക്ക് എന്നീ ദിക്കുകളിൽ നിന്നിട്ട് ധൂമം, ശ്വാവ്, ഖരം, കാകൻ ഈ അശുഭയോനികളുടെ സ്ഥാനമായ മൂക്കിലോ, ചെവി, കണ്ണ്, ഇതുകളേയോ കയ്യിനേയോ  കാലിനേയോ തൊട്ടുകൊണ്ടു ചോദിക്കുന്നുവെങ്കിൽ വലിയ ഗുണങ്ങളോ ദോഷങ്ങളോ ഉണ്ടാകുന്നതല്ല. ഗുണദോഷസാമ്യമെന്നു സാരം. 

ഇതുപോലെ ധൂമം ശ്വാവ്, ഖരം, കാകൻ ഈ യോനികളുടെ ദിക്കായ മിഥുനം കന്നി ധനു മീനം ഈ കോണുകളിൽ പ്രഷ്ടാവ് സ്ഥിതിചെയ്തുകൊണ്ടു ചോദിക്കയും അപ്പോൾ ധ്വജാദിശുഭയോനികളുടെ സ്ഥാനമായ ശിരസ്സ് മുഖം കഴുത്ത് ഹൃദയം ഈ സ്ഥാനങ്ങളിൽ സ്പർശിച്ചുകൊണ്ടു ചോദിക്കയും ചെയ്താലും വലിയ ഗുണമോ ദോഷമോ ഉണ്ടാകുന്നതല്ല. 

പ്രഷ്ടാവ് ദൈവജ്ഞനോട്‌ അഭീഷ്ടകാര്യം പറയുമ്പോൾ യദൃച്ഛയാ ഉണ്ടാകുന്ന പ്രഷ്ടാവിന്റെ സ്പർശനത്തെയാണ് ഇവിടെ പറഞ്ഞിട്ടുള്ളത്. ഈ വക ഫലങ്ങൾ കഴിഞ്ഞതോ വരാനുള്ളതോ എന്നു നിർണ്ണയിക്കേണ്ടത് ആവശ്യമാണല്ലോ. മനുഷ്യരുടെ ഇടതുവശം ദൃശ്യാർദ്ധവും വലതുവശം അദൃശ്യാർദ്ധവുമാണ്. പ്രഷ്ടാവിന്റെ ദൃശ്യാർദ്ധഭാഗത്തിലാണ് സ്പർശിച്ചതെങ്കിൽ കഴിഞ്ഞ ഫലങ്ങളാണെന്നും അദൃശ്യാർദ്ധത്തിങ്കലുള്ള അവവയങ്ങളിലാണ് സ്പർശിച്ചതെങ്കിൽ വരാനുള്ള ഫലങ്ങളാണെന്നും പറയണം. 

പ്രഷ്ടാവ് കാകയോനിദിക്കായ ഈശാനകോണിൽ നിന്ന് കാകയോനിസ്ഥാനമായ കാലിൽ / ധൂമയോനിസ്ഥാനമായ മൂക്കിൽ / ശ്വയോനിസ്ഥാനമായ ചെവി കണ്ണ് / ഖരയോനിസ്ഥാനമായ കയ്യിൽ സ്പർശിച്ചാൽ

കാകസ്ഥസ്യ ച കാകാദിചതുഷ്കസ്പർശനേ ഭവേൽ
ബന്ധുനാശോ വപുർഭംഗോ മൃതിർന്നീചാൽ സുതക്ഷയഃ

സാരം :-

പ്രഷ്ടാവ് കാകയോനിദിക്കായ ഈശാനകോണിൽ സ്ഥിതിചെയ്തു ചോദിക്കയും അപ്പോൾ കാകയോനിസ്ഥാനമായ കാലിൽ സ്പർശിക്കയും ചെയ്‌താൽ ബന്ധുക്കൾക്കു നാശവും ധൂമയോനിസ്ഥാനമായ മൂക്കിൽ സ്പർശിക്കയാണെങ്കിൽ ശരീരത്തിന് ഒടിവ് മുറിവ് മുതലായവ സംഭവിക്കയും ശ്വയോനിസ്ഥാനമായ ചെവി കണ്ണ് ഇതുകളെ സ്പർശിച്ചാൽ നീചജനങ്ങൾ ഹേതുവായി മരണവും ഖരയോനിസ്ഥാനമായ കയ്യിൽ സ്പർശിച്ചാൽ സന്താനനാശവും ഫലമാകുന്നു. 

ഖരയോനിദിക്കായ വായുകോണിൽ നിന്നു ചോദിക്കയും അപ്പോൾ ഖരയോനിസ്ഥാനമായ കയ്യിൽ സ്പർശിക്കയും / കാകയോനിസ്ഥാനമായ കാലിൽ / ധൂമയോനിസ്ഥാനമായ മൂക്കിൽ / ശ്വയോനിസ്ഥാനമായ ചെവി, കണ്ണ് ഇതുകളെ സ്പർശിക്കുന്നുവെങ്കിൽ

ഖരസ്ഥിതസ്യ തൽപൂർവ്വചതുഷ്കസ്പർശനേ ഫലം
വിവാദോ ഗോഹതിശ്ശസ്ത്രഭംഗോ ഭാര്യാഗദഃക്രമാൽ

സാരം :-

പ്രഷ്ടാവ് ഖരയോനിദിക്കായ വായുകോണിൽ നിന്നു ചോദിക്കയും അപ്പോൾ ഖരയോനിസ്ഥാനമായ കയ്യിൽ സ്പർശിക്കയും ചെയ്‌താൽ വാദപ്രതിവാദം മുതലായ മത്സരവും കാകയോനിസ്ഥാനമായ കാലിൽ സ്പർശിക്കുന്നെങ്കിൽ നാല്ക്കാലികനഷ്ടവും ധൂമയോനിസ്ഥാനമായ മൂക്കിൽ സ്പർശിക്കുന്നെങ്കിൽ ആയുധംകൊണ്ടു വ്രണപ്പെടുകയും ശ്വയോനിസ്ഥാനമായ ചെവി, കണ്ണ് ഇതുകളെ സ്പർശിക്കുന്നുവെങ്കിൽ ഭാര്യക്കു രോഗദുഃഖവും ഫലമാകുന്നു.

പ്രഷ്ടാവ് ശ്വയോനിദിക്കായ നിര്യതികോണിൽനിന്ന് ചോദിക്കയും അപ്പോൾ ശ്വയോനിസ്ഥാനമായ ചെവി, കണ്ണ്, ഇതുകളെ / ഖരയോനിസ്ഥാനമായ കൈകളെ / കാകയോനിസ്ഥാനമായ കാലുകളെ / ധൂമയോനിസ്ഥാനമായ മൂക്കിൽ സ്പർശിച്ചാൽ

ശ്വാരൂഢസ്യ തദാദീനാം ചതുർണ്ണാം സ്പർശനേ ഭവേൽ
വ്യാധിരാത്മജനാശശ്ച നാനാവ്യാപൽ സുഹൃന്മൃതിഃ

സാരം :-

പ്രഷ്ടാവ് ശ്വയോനിദിക്കായ നിര്യതികോണിൽനിന്ന് ചോദിക്കയും അപ്പോൾ ശ്വയോനിസ്ഥാനമായ ചെവി, കണ്ണ്, ഇതുകളെ സ്പർശിക്കയും ചെയ്‌താൽ വ്യാധിദുഃഖവും ഖരയോനിസ്ഥാനമായ കൈകളെ സ്പർശിച്ചാൽ പുത്രനാശവും കാകയോനിസ്ഥാനമായ കാലുകളെ സ്പർശിച്ചാൽ പലതരത്തിൽ ആപത്തും ധൂമയോനിസ്ഥാനമായ മൂക്കിൽ സ്പർശിച്ചാൽ ബന്ധുജനങ്ങളുടെ മരണവും ഫലമാകുന്നു.

ധൂമയോനിദിക്കായ അഗ്നികോണിൽ നിന്നു ചോദിക്കുമ്പോൾ ധൂമയോനിസ്ഥാനമായ മൂക്കിൽ / ശ്വയോനിസ്ഥാനമായ ചെവികളേയും കണ്ണുകളേയും / ഖരയോനിസ്ഥാനമായ കൈകളിൽ / കാകയോനിസ്ഥാനമായ കാലുകളിൽ സ്പർശിക്കുന്നെങ്കിൽ

ധൂമസ്ഥിതസ്യ ധൂമാദികോണസംസ്ഥാഭിമർശനേ
മൃത്യുഃ ക്ലേശോ വ്രതാപായോ ഭർത്തവ്യാപൽ ഫലം ക്രമാൽ.

സാരം :-

ധൂമയോനിദിക്കായ അഗ്നികോണിൽ നിന്നു ചോദിക്കുമ്പോൾ ധൂമയോനിസ്ഥാനമായ മൂക്കിൽ സ്പർശിക്കുന്നെങ്കിൽ മൃത്യുവും, ശ്വയോനിസ്ഥാനമായ ചെവികളേയും കണ്ണുകളേയും സ്പർശിക്കുന്നെങ്കിൽ ദുഃഖവും ഖരയോനിസ്ഥാനമായ കൈകളിൽ സ്പർശിക്കുന്നെങ്കിൽ വ്രതഭംഗവും കാകയോനിസ്ഥാനമായ കാലുകളിൽ സ്പർശിക്കുന്നെങ്കിൽ ഭരണീയന്മാരായ ജനങ്ങൾക്ക്‌ ആപത്തും ഫലമാകുന്നു.

ഗജദിക്കായ വടക്കുനിന്നു ചോദിക്കയും അപ്പോൾ ഗജയോനിസ്ഥാനമായ ഹൃദയത്തിൽ / ധ്വജയോനിസ്ഥാനമായ മൂർദ്ധാവിൽ / സിംഹയോനിസ്ഥാനമായ മുഖത്തു / വൃഷയോനിസ്ഥാനമായ കഴുത്തിൽ സ്പർശിക്കയാണെങ്കിൽ

ദന്തിധ്വജമൃഗേന്ദ്രോക്ഷ്ണാം ഗജസ്ഥസ്യാഭിമർശനേ
ഗജഭൂഷാസുഹൃൽപുത്രലാഭം പ്രഷ്ടുഃ ക്രമാദ് ഭവേൽ.

സാരം :-

പൃച്ഛകൻ ഗജദിക്കായ വടക്കുനിന്നു ചോദിക്കയും അപ്പോൾ ഗജയോനിസ്ഥാനമായ ഹൃദയത്തിൽ സ്പർശിക്കയും ചെയ്‌താൽ ആന മുതലായ വിശേഷവാഹനങ്ങളുടെ ലാഭവും, ധ്വജയോനിസ്ഥാനമായ മൂർദ്ധാവിൽ തൊടുകയാണെങ്കിൽ ഭൂഷണലാഭവും സിംഹയോനിസ്ഥാനമായ മുഖത്തു സ്പർശിക്കയാണെങ്കിൽ ബന്ധുലാഭവും വൃഷയോനിസ്ഥാനമായ കഴുത്തിൽ സ്പർശിക്കയാണെങ്കിൽ പുത്രലാഭവും ഫലമാകുന്നു.

വൃഷയോനിദിക്കായ പടിഞ്ഞാറുനിന്നു വൃഷിയോനിസ്ഥാനമായ കണ്ഠത്തെ / ഗജയോനിയുടെ സ്ഥാനമായ ഹൃദയത്തിൽ / ധ്വജയോനിയുടെ സ്ഥാനമായ മൂർദ്ധ്വാവിൽ / സിംഹയോനിയുടെ സ്ഥാനമായ മുഖത്തിൽ സ്പർശിച്ചാൽ

വൃഷേഭദ്ധ്വജസിംഹാനാം വൃഷസ്ഥസ്യാഭിമർശനേ
വൃഷവാഹനഭാര്യാപ്തിർമ്മിത്രാപ്തിശ്ച ഭവേൽ ക്രമാൽ.

സാരം :-

വൃഷയോനിദിക്കായ പടിഞ്ഞാറുനിന്നു വൃഷിയോനിസ്ഥാനമായ കണ്ഠത്തെ സ്പർശിച്ചാൽ കാളയുടെ ലാഭവും ഗജയോനിയുടെ സ്ഥാനമായ ഹൃദയത്തിൽ സ്പർശിച്ചാൽ കുതിര മുതലായ വാഹങ്ങളുടെ ലാഭവും ധ്വജയോനിയുടെ സ്ഥാനമായ മൂർദ്ധ്വാവിൽ സ്പർശിച്ചാൽ ഭാര്യാലാഭവും, സിംഹയോനിയുടെ സ്ഥാനമായ മുഖത്തിൽ സ്പർശിച്ചാൽ ബന്ധുലാഭവും ഫലമാകുന്നു.

സിംഹയോനിയുടെ സ്ഥാനമായ മുഖത്തു / വൃഷയോനിയുടെ സ്ഥാനമായ കഴുത്തിൽ / ഗജയോനിസ്ഥാനമായ ഹൃദയത്തിൽ / കേതുയോനിസ്ഥാനമായ മൂർദ്ധാവിൽ സ്പർശിച്ചാൽ

രിപുനാശേന്ദിരാപുത്രസുഹൃല്ലാഭാഃ ഫലം ക്രമാൽ
സിംഹോക്ഷഗജകേതുനാം സിംഹസ്ഥസ്യാഭിമർശനേ.

സാരം :-

പ്രഷ്ടാവ് സിംഹയോനി സ്ഥാനമായ തെക്കേ ദിക്കിൽ നിന്നു സിംഹയോനിയുടെ സ്ഥാനമായ മുഖത്തു സ്പർശിച്ചാൽ ശത്രുനാശവും വൃഷയോനിയുടെ സ്ഥാനമായ കഴുത്തിൽ സ്പർശിച്ചാൽ ഐശ്വര്യസമ്പത്തും ഗജയോനിസ്ഥാനമായ ഹൃദയത്തിൽ സ്പർശിച്ചാൽ സന്താനലാഭവും, കേതുയോനിസ്ഥാനമായ മൂർദ്ധാവിൽ സ്പർശിച്ചാൽ ബന്ധുജനലാഭവും ഫലമാകുന്നു.

കിഴക്കേ ദിക്കിൽ നിന്നു ധ്വജയോനിസ്ഥാനമായ മൂർദ്ധാവിൽ / സിംഹയോനിസ്ഥാനമായ മുഖത്തു / വൃഷയോനിസ്ഥാനമായ കഴുത്തിൽ / ഗജയോനിസ്ഥാനമായ ഹൃദയത്തിൽ സ്പർശിച്ചാൽ

ധ്വജസിംഹവൃഷേഭാനാം ഫലം ക്രമാൽ
ധനഗോയാനഭൂഷാണാം ലാഭഃ പ്രാഗ്ദിശി തിഷ്ഠതഃ

സാരം :-

കിഴക്കേ ദിക്ക് ധ്വജയോനിസ്ഥാനമാണല്ലോ. ഇവിടെ നിന്നു ധ്വജയോനിസ്ഥാനമായ മൂർദ്ധാവിൽ സ്പർശിച്ചാൽ ധനലാഭവും, സിംഹയോനിസ്ഥാനമായ മുഖത്തു സ്പർശിച്ചാൽ പശുക്കളുടെ ലാഭവും, വൃഷയോനിസ്ഥാനമായ കഴുത്തിൽ സ്പർശിച്ചാൽ പല്ലക്കു തോണി മുതലായ യാനസാധനങ്ങളുടെ ലാഭവും, ഗജയോനിസ്ഥാനമായ ഹൃദയത്തിൽ സ്പർശിച്ചാൽ ആഭരണലാഭവും ഫലമാകുന്നു. 

അവയവങ്ങളിലെ യോനികല്പനയെ പറയുന്നു

മൂർദ്ധ്നി ധ്വജോ, ഘ്രാണപുടേ തു ധൂമ
ശ്ചാസ്യേ ഹരിഃ, ശ്രോത്രദൃശോഃ ശ്വസംജ്ഞഃ
കണ്ഠേ വൃഷഃ, പാണിയുഗേ ഖരശ്ച
ഗജശ്ച ഹൃ, ദ്യംഘ്രിയുഗേഥ കാകഃ

സാരം :-

ശരീരത്തിന്റെ എട്ട് അവയവങ്ങളിലും 8 യോനികൾ സ്ഥിതിചെയ്യുന്നുണ്ട്. അവയെ ക്രമേണ പറയുന്നു.

മൂർദ്ധാവിൽ ധ്വജയോനിയും, മൂക്കിൽ ധൂമയോനിയും, മുഖത്തിൽ സിംഹയോനിയും, കണ്ണിലും ചെവിയിലും ശ്വയോനിയും, കഴുത്തിൽ വൃഷയോനിയും, കൈകളിൽ ഖരയോനിയും, ഹൃദയത്തിൽ ഗജയോനിയും, കാലുകളിൽ കാകയോനിയും, സ്ഥിതി ചെയ്യുന്നു. 

ദിക്കുകളിലെ യോനികല്പനയെ പറയുന്നു

പ്രാഗാദിദിക്ഷു മൂർധാദിഷ്വംഗേഷ്വഷ്ടസു ച സ്ഥിതാഃ
ധ്വജാദ്യാസ്തൽസ്ഥിതിസ്പർശഫലമപ്യഥ കഥ്യതേ.

സാരം :-

കിഴക്ക് മുതലായ 8 ദിക്കുകളിലും മൂർദ്ധ്വാവു മുതലായ 8 അവയവങ്ങളിലും ധ്വജം, ധൂമം മുതലായ 8 യോനികൾ സ്ഥിതിചെയ്യുന്നുണ്ട്. ഒരു യോനിദിക്കിൽ നിന്നു ഒരു അവയവ യോനിയിൽ സ്പർശിച്ചാൽ ഉള്ള ഫലം ക്രമേണ താഴെ പറയുവാൻ പോകുന്നു.

*****************************

ധ്വജോ ധൂമശ്ച സിംഹശ്ച സാരമേയോ വൃഷഃ ഖരഃ
ദന്തീ കാകഃ ക്രമാദേതേ ദിശാസ്വൈന്ദ്ര്യാദിഷു സ്ഥിതാഃ

സാരം :-

കിഴക്കേ ദിക്കിൽ ധ്വജയോനിയും, അഗ്നികോണിൽ ധൂമയോനിയും, തെക്കേ ദിക്കിൽ സിംഹയോനിയും, നിര്യതികോണിൽ സാരമേയയോനിയും (എന്നാൽ ശ്വാവ്), പടിഞ്ഞാറേ ദിക്കിൽ വൃഷയോനിയും, വായുകോണിൽ ഖരയോനിയും, വടക്കേ ദിക്കിൽ ഗജയോനിയും ഈശാനകോണിൽ കാകയോനിയും എന്നറിഞ്ഞുകൊള്ളുക. വൃഷം = കാള, ഖരം = കഴുത, ഈ എട്ടുയോനികൾ ശില്പ ശാസ്ത്രത്തിലും പ്രസിദ്ധങ്ങളാണെന്നറിഞ്ഞുകൊൾക. 

പ്രഷ്ടാവ് ദൈവജ്ഞനോടു ചോദിക്കുന്ന സമയം

സംസ്പൃശൻ നാഭിനാസാസ്യകേശരോമനഖദ്വിജാൻ
ഗുഹ്യപൃഷ്ഠസ്തനഗ്രീവാജഠരാനാമികാംഗുലീഃ

രന്ധ്രാണാമപി നവകം കരപദയോസ്തലം ച സർവ്വപർവാണി
പ്രഷ്ടാ ലഭതേƒനിഷ്ടം നിമ്നസ്പർശേ തഥൈവ വിജ്ഞേയം.

സാരം :-

പ്രഷ്ടാവ് ദൈവജ്ഞനോടു ചോദിക്കുന്ന സമയം, നാഭി, മൂക്ക്, വായ്‌, തലമുടി, രോമം, നഖം, പല്ല്, ഗുഹ്യപ്രദേശം, മുല, കഴുത്ത്, വയറ്, മോതിരവിരല്, നവദ്വാരങ്ങൾ കൈകാല്, ഇതുകളുടെ തലം, ഞെരിയാണി, മുട്ടു മുതലായ സന്ധിപ്രദേശങ്ങൾ മറ്റു താണപ്രദേശങ്ങൾ ഇവിടെ എവിടേയോ സ്പർശിക്കുന്നെങ്കിൽ ഇഷ്ടസാദ്ധ്യം ഉണ്ടാകുന്നതല്ല.

പൃച്ഛകൻ ദൈവജ്ഞനോട് അഭീഷ്ടകാര്യത്തെക്കുറിച്ച് ചോദിക്കുമ്പോൾ തന്റെ മാറിടത്തിലോ സ്വർണ്ണം കണ്ണാടി മുതലായ ഉത്തമപദാർത്ഥങ്ങളിലോ സ്പർശിക്കുന്നുവെങ്കിൽ / ഉലക്ക, മുറം മുതലായ അനിഷ്ടപദാർത്ഥങ്ങളെ സ്പർശിച്ചുകൊണ്ടു ചോദിക്കുന്നുവെങ്കിൽ

പ്രഷ്ടാ വക്ഷോദേശേ സ്പൃശേദ്യദി ക്ഷിപ്രമീപ്സിതം ലഭതേ
മംഗലവസ്തുനി ച തഥാ വിപരീതം ഫലമമംഗലസ്പർശേ.

സാരം :-

പൃച്ഛകൻ ദൈവജ്ഞനോട് അഭീഷ്ടകാര്യത്തെക്കുറിച്ച് ചോദിക്കുമ്പോൾ തന്റെ മാറിടത്തിലോ സ്വർണ്ണം കണ്ണാടി മുതലായ ഉത്തമപദാർത്ഥങ്ങളിലോ സ്പർശിക്കുന്നുവെങ്കിൽ തന്റെ ആഗ്രഹനിവൃത്തി വേഗേന വരുമെന്ന് പൃച്ഛകനോടു പറയണം. ഉലക്ക, മുറം മുതലായ അനിഷ്ടപദാർത്ഥങ്ങളെ സ്പർശിച്ചുകൊണ്ടു ചോദിക്കുന്നുവെങ്കിൽ ഇഷ്ടകാര്യസാദ്ധ്യം ഒരിക്കലും ഉണ്ടായിരിക്കുന്നതല്ലെന്നറിയണം.

യുദ്ധത്തിനൊരുങ്ങുന്നതും യാത്രതിരിക്കുന്നതും കളരിയിൽ പ്രവേശിക്കുന്നതും ഇടതുഭാഗത്തുകൂടി ശ്വാസസഞ്ചാരമുള്ള സമയമാണ് വേണ്ടത്

സന്നഹനം, നിർഗമനം ഖളൂരികാരോഹണം ച ശുഭമിഡയാ
പിംഗളയാ പുനരിതരം പ്രഹരതി യദി വാമഗം ജയോ നിയതഃ

സാരം :-

യുദ്ധത്തിനൊരുങ്ങുന്നതും യാത്രതിരിക്കുന്നതും കളരിയിൽ പ്രവേശിക്കുന്നതും ഇടതുഭാഗത്തുകൂടി ശ്വാസസഞ്ചാരമുള്ള സമയമാണ് വേണ്ടത്. അങ്ങനെ ചെയ്തിട്ട് വലതുഭാഗത്തു ശ്വാസസഞ്ചാരം വരുമ്പോൾ തന്റെ ശത്രുവിനെ ഇടതുവശത്താക്കി യുദ്ധം ചെയ്‌താൽ തനിക്കു കണിശമായും ജയിക്കാൻ കഴിയും.

**************************************

ഇഡയാപ്യാരൂഢവതഃ ഖളൂരികാമേനയൈവ പുനരപി ചേൽ
ചരതി മരുന്നൈവ ജയഃ പ്രാഗ്വോദക് സ്ഥീയതാം തദാ തസ്യാം.

സാരം :-

ഇടതുവശം ശ്വാസസഞ്ചാരമുള്ളപ്പോൾ കളരിയിൽ പ്രവേശിച്ചാൽ പിന്നെയും ശ്വാസം ഇടതുവശം തന്നെ സഞ്ചരിച്ചുകൊണ്ടിരിക്കയാണെങ്കിൽ ആ കളരിയിൽ കിഴക്കോ വടക്കോ മാറി ഒതുങ്ങി ഇരുന്നുകൊള്ളണം . ശ്വാസഗതി വലതുവശം വരുന്ന അവസരം നോക്കി യുദ്ധം ചെയ്തുകൊള്ളണമെന്നു പറയണം.

അങ്കയുദ്ധത്തിൽ ജയമാണോ തോൽവിയാണോ ഉണ്ടാകുന്നത് എന്നു ദൈവജ്ഞനോടു ചോദിക്കുമ്പോൾ

അങ്കയുദ്ധേ മമൈതസ്മിൻ ജയോ വാ കിം പരാജയഃ
പ്രശ്നോƒയം പൂർണഭാഗേ ചേജ്ജയോƒന്യത്ര പരാജയഃ

സാരം :-

എനിക്ക് ഈ ചെയ്‌വാൻപോകുന്ന അങ്കയുദ്ധത്തിൽ (കളരിയിൽവച്ച് പരീക്ഷണാർത്ഥം ചെയ്യുന്ന ഒരു തരം യുദ്ധം) ജയമാണോ തോൽവിയാണോ ഉണ്ടാകുന്നത് എന്നു ദൈവജ്ഞനോടു ചോദിക്കുമ്പോൾ പ്രഷ്ടാവ് ശ്വാസസഞ്ചാരമുള്ള ഭാഗത്തു നില്ക്കുകയാണെങ്കിൽ ജയം സിദ്ധിക്കുമെന്നും ശ്വാസമില്ലാത്ത ഭാഗത്തു നിൽക്കുകയാണെങ്കിൽ തോൽവിയാണെന്നും പറയണം.

തന്റെ നേരെ ശത്രു യുദ്ധത്തിനോ മറ്റോ വരുമോ എന്നു ചോദിച്ചാൽ

രിപോരാഗമനപ്രശ്നേ വാമഗേ മാതരിശ്വനി
നാഗമോƒനുക്തസിദ്ധൈവ തദാഗതിരതോന്യഥാ.

സാരം :-

തന്റെ നേരെ ശത്രു യുദ്ധത്തിനോ മറ്റോ വരുമോ എന്നു ചോദിച്ചാൽ ദൈവജ്ഞൻ തന്റെ അപ്പോഴത്തെ ശ്വാസം വാമഭാഗത്തിലാണെങ്കിൽ ശത്രു വരികയില്ലെന്നും വലതുഭാഗത്താണെങ്കിൽ വരുമെന്നും പറയണം. ഇതു കേവലം യുദ്ധപ്രശ്നത്തിനുള്ളതാണെങ്കിലും മത്സരവിഷയമായ മറ്റു പ്രശ്നങ്ങളിലും ഉപയോഗിക്കാറുണ്ട്.

കാര്യം വളരെ അസാദ്ധ്യമായിരുന്നാലും പ്രയാസം കൂടാതെ സാധിപ്പാൻ ഇടവരുന്നതാണ്

നിർഗത്യ ശശിനാ ഗേഹാൽ പ്രാപ്യം പ്രാപ്തസ്യ ഭാനുനാ
കാര്യസ്യ ദുർലഭസ്യാപി ലാഭഃ സ്യാദപ്രയത്നതഃ.

സാരം :-

ഇടതുവശം കൂടി ശ്വാസമുള്ളപ്പോൾ വീട്ടിൽനിന്നും പുറപ്പെട്ട് വലതുവശം ശ്വാസമുള്ള സമയം എത്തേണ്ട ദിക്കിൽ എത്തിയാൽ കാര്യം വളരെ അസാദ്ധ്യമായിരുന്നാലും പ്രയാസം കൂടാതെ സാധിപ്പാൻ ഇടവരുന്നതാണ്.

ഗർഭിണിയുടെ ചോദ്യസമയം ശ്വാസം ആകാശരൂപമാണെങ്കിൽ ഗർഭം അലസിപ്പോകുമെന്നും

വായോരാകാശസഞ്ചാരോ ഗർഭസ്ഥമൃതിസൂചകഃ
പൃഷ്ട്വാ സവായാവന്യത്ര സ്ഥിതൗ ചാസൽപ്രജാം വദേൽ.

സാരം :-

ഗർഭിണിയുടെ ചോദ്യസമയം ശ്വാസം ആകാശരൂപമാണെങ്കിൽ ഗർഭം അലസിപ്പോകുമെന്നും വായുസഞ്ചാരമുള്ള ഭാഗത്തുനിന്ന് ചോദിച്ചിട്ട് ശ്വാസമില്ലാത്ത ഭാഗത്തു മാറി ഇരിക്കുന്നുവെങ്കിൽ ജീവനില്ലാത്ത പ്രജയെ പ്രസവിക്കുമെന്നും പറയണം.

ഒരു ഗർഭിണി ദൈവജ്ഞനോട്‌ എന്റെ ഗർഭത്തിലുള്ള പ്രജ സ്ത്രീയോ പുരുഷനോ എന്നിങ്ങനെ ചോദിച്ചാൽ

ഗർഭേ മേ കിമിതി പ്രശ്നേ സവായൗ ഗർഭിണീ യദി
പൂമാൻ സ്ത്രീ വീരണേ ഭാഗേ യുഗ്മം വായുർദ്വയോര്യദി.

സാരം :-

ഒരു ഗർഭിണി ദൈവജ്ഞനോട്‌ എന്റെ ഗർഭത്തിലുള്ള പ്രജ സ്ത്രീയോ പുരുഷനോ എന്നിങ്ങനെ ചോദിച്ചാൽ അപ്പോൾ ആ ഗർഭിണി ശ്വാസസഞ്ചാരമുള്ള ഭാഗത്താണു നിന്നു ചോദിച്ചതെങ്കിൽ പ്രജ പുരുഷനാണെന്നും ശ്വാസമില്ലാത്ത ഭാഗത്തു നില്ക്കയാണെങ്കിൽ സ്ത്രീയാണെന്നും രണ്ടു മൂക്കിലും തുല്യമായി പുറപ്പെടുകയാണെങ്കിൽ ഗർഭത്തിൽ ഒരു സ്ത്രീപ്രജയും ഒരു പുരുഷപ്രജയുമുണ്ടെന്നും പറയണം. ഇത് ഗർഭിണി ചോദിക്കുന്നുവെങ്കിൽ പറയേണ്ടതുമാണ്.

ജ്യോതിഷക്കാരൻ ഒരു ഗർഭിണിയെ കണ്ടാലുടനെ ശ്വാസപരീക്ഷചെയ്തു പ്രജയുടെ (കുട്ടിയുടെ) സ്ത്രീപുരുഷഭേദം അറിയാവുന്നതാണ്

ഗർഭിണീദർശനേ വായുർദക്ഷിണേ ചേൽ പൂമാൻ, വധൂഃ
ഗർഭസ്ഥാ വാമഭാഗേ ചേ, ദ്ദ്വയോർന്നോ ചേദസൽപ്രജാ.

സാരം :-

ജ്യോതിഷക്കാരൻ ഒരു ഗർഭിണിയെ കണ്ടാലുടനെ ശ്വാസപരീക്ഷചെയ്തു പ്രജയുടെ (കുട്ടിയുടെ) സ്ത്രീപുരുഷഭേദം അറിയാവുന്നതാണ്. ശ്വാസം വലതുവശമാണെങ്കിൽ പുരുഷനെന്നും ഇടതുവശമാണെങ്കിൽ സ്ത്രീ എന്നും രണ്ടിലും ശരിയായ ശ്വാസഗതിയില്ലാതെ ശ്വാസം ഊർദ്ധ്വമുഖമായി പോകുകയാണെങ്കിൽ പ്രജയ്ക്ക് ജീവനില്ലാതെ പ്രസവിക്കുമെന്നും അറിയണം.

ദൂതനും ദൈവജ്ഞനും പ്രഷ്ടാവിന്റെ ഗുണദോഷനിരൂപണത്തിൽ പ്രതിപുരുഷന്മാരുമാകുന്നു

ശാസ്ത്രാന്തരമപീഹാസ്തി ദൂതദൈവവിദോർദ്ദശാ
യാദൃശീ താദൃശീ വാച്യാ ദശാ വ്യാധിമതാമിതി.

സാരം :-

ദൂതനും ദൈവജ്ഞനും പ്രഷ്ടാവിന്റെ ഗുണദോഷനിരൂപണത്തിൽ പ്രതിപുരുഷന്മാരുമാകുന്നു. തന്റെ സ്ഥാനത്തുനിന്നു പ്രവർത്തിക്കുന്നവരെന്നു താല്പര്യം. അതിനാൽ തൽക്കാലം അവർക്കുള്ള അനുഭവങ്ങൾ എല്ലാം പ്രഷ്ടാവിന്റെ അനുഭവത്തെ സൂചിപ്പിക്കുന്നവയാണ്. ആകയാൽ സുഖദുഃഖങ്ങളിൽ ദൈവജ്ഞനും ദൂതനും ഏതൊരവസ്ഥ അനുഭവിക്കുന്നുവോ അതുപോലെയുള്ള സുഖദുഃഖാവസ്ഥതന്നെ പ്രഷ്ടാവിനു പറയേണ്ടതാണ്.

പ്രശ്നത്തിനു വിഷയമായ ആഗ്രഹമെല്ലാം സാധിക്കുമെന്നു പറയണം

അഗ്രേ വാമേപി ച യദുപരി സ്ഥായിനാ പൃച്ഛ്യമാനം
ശുക്ലേ പക്ഷേ തദിഹ സകലം ലഭ്യതേ ചന്ദ്രചാരാൽ
പൃഷ്ഠേƒധസ്താന്നിയതമസിതേ ദക്ഷിണേ സൂര്യചാരാ-
ദാത്മാവസ്ഥാസദൃശമഖിലം പൃച്ഛകസ്യാപി വാച്യം.

സാരം :-

പൃച്ഛകൻ മുൻപിലോ ഇടതുഭാഗത്തോ മുകളിലോനിന്നു ചോദിക്കയും അത് വെളുത്ത പക്ഷത്തിലായിരിക്കയും അപ്പോൾ ശ്വാസം ഇടതുഭാഗമായി വരികയും ചെയ്‌താൽ പ്രശ്നത്തിനു വിഷയമായ ആഗ്രഹമെല്ലാം സാധിക്കുമെന്നു പറയണം. 

പൃച്ഛകൻ പുറകിലോ വലത്തോ താണഭാഗത്തോ നിന്നു ചോദിക്കയും അത് കറുത്ത പക്ഷത്തിലാകുകയും അപ്പോൾ ശ്വാസം വലത്തുഭാഗത്തു വരികയും ചെയ്‌താൽ മുൻപറഞ്ഞവണ്ണം ആഗ്രഹസിദ്ധി ഉണ്ടാകുമെന്നു പറയണം. അപ്പോൾ സുഖദുഃഖാദികളായ ഏതൊരുവസ്ഥയാണോ ദൈവജ്ഞനുള്ളത്, അതുപോലെ പ്രഷ്ടാവിന്റെ അവസ്ഥയേയും വിചാരിച്ചു പറയേണ്ടതാണ്. ശ്വാസംകൊണ്ട് തനിക്കു പറയപ്പെട്ട ഫലങ്ങൾ യുക്തിപോലെ പ്രഷ്ടാവിനും പറയണമെന്ന് ഗ്രാഹ്യമാകുന്നു.

*************************************


സ്നാനഭോജനനിദ്രാദി നിജകർമ്മസു യാദൃശഃ
ആത്മനോനുഭവസ്തേഷു താദൃശഃ പ്രഷ്ടുരുച്യതാം.

സാരം :-

കഴിഞ്ഞ ശ്ലോകത്തിന്റെ നാലാംപാദംകൊണ്ട് പറയപ്പെട്ടവയെ ഒന്നുകൂടി വിവരിക്കുന്നു. ഊണ്, കുളി, നിദ്ര മുതലായ തന്റെ നിത്യാനുഭവങ്ങളിൽ സുഖമോദുഃഖമോ അനുഭവിക്കുന്നത് എന്ന് ഓർത്തിട്ടു അതുപോലെ പ്രഷ്ടാവിന്റെ കുളി ഊണ് ഉറക്കം മുതലായ അവസ്ഥകളേയും സുഖദുഃഖങ്ങളേയും പറയണം

പൃച്ഛകൻ ഇടത്തോ വലത്തോ ശ്വാസമുള്ള ഭാഗത്തോ ഇല്ലാത്ത ഭാഗത്തോ എവിടെനിന്നു ചോദിച്ചാലും

യത്ര കുത്ര സ്ഥിതഃ പൃഷ്ട്വാ പുനർദൂതഃ സമാരുതേ
സ്ഥിരസ്തിഷ്ഠതി ചേദ്രോഗീ ജീവത്യേവ ന സംശയഃ

സാരം :-

പൃച്ഛകൻ ഇടത്തോ വലത്തോ ശ്വാസമുള്ള ഭാഗത്തോ ഇല്ലാത്ത ഭാഗത്തോ എവിടെനിന്നു ചോദിച്ചാലും വേണ്ടില്ല ചോദിച്ചതിനുശേഷം ശ്വാസഗതിയുള്ള ഭാഗത്ത് മാറി സ്വസ്ഥനായിരുന്നാൽ രോഗി നിശ്ചയമായും മരിക്കുന്നതല്ല.

രോഗി സ്ത്രീയോ പുരുഷനോ ആരായാലും ശ്വാസമുള്ള ഭാഗത്തുനിന്നു

വാമേ വാ ദക്ഷിണേ ഭാഗേ പ്രശ്നശ്ചേദ്വായുസംയുതേ
ജീവേന്നരശ്ച നാരീ ച തഥാനുഷ്ഠാനപദ്ധതിഃ

സാരം :-

രോഗി സ്ത്രീയോ പുരുഷനോ ആരായാലും ശ്വാസമുള്ള ഭാഗത്തുനിന്നു ദൂതൻ ദൈവജ്ഞനോടു രോഗത്തെക്കുറിച്ചു സംസാരിക്കയാണെങ്കിൽ അവരുടെ രോഗശമനം ഉണ്ടാകുമെന്നു പറയണം.

പുരുഷനു വലതുവശവും സ്ത്രീയ്ക്ക് ഇടതുവശവും സ്ഥിതിയും ശ്വാസത്തിന്റെ ആനുകൂല്യമുണ്ടായാൽ ശുഭമാണെന്നു മുൻപേ പറഞ്ഞിട്ടുണ്ടല്ലോ. ആ ഭേദം വിചാരിക്കേണ്ട. ശ്വാസമുള്ള ഭാഗത്ത് പൃച്ഛകന്റെ സ്ഥിതി സാമാന്യേന ശുഭപ്രദമാകുന്നു. ഇങ്ങനെ അനുഷ്ഠാനപദ്ധയിൽ പറഞ്ഞിട്ടുണ്ട്.

ശ്വാസം അകത്തേക്കു പ്രവേശിക്കുമ്പോൾ / അകത്തേയ്ക്കു പ്രവേശിച്ച ശ്വാസം പ്രവേശിച്ച നാഡിയിൽകൂടിത്തന്നെ പുറത്തേക്കു പുറപ്പെടുകയാണെങ്കിൽ

അന്തർഗതേ പൃച്ഛതി പൃച്ഛകശ്ചേ
ദ്ദേവേ നരോ ജീവതി വീതരോഗഃ
തേനൈവ മാർഗേണ ബഹിർഗതശ്ചേൽ
പരേതരാജസ്യ പുരീം പ്രയാതി.

സാരം :-

ശ്വാസം നാസാരന്ധ്രങ്ങളിൽ കൂടി ഗതാഗതം ചെയ്കയാണല്ലോ പതിവ്. ശ്വാസം അകത്തേക്കു പ്രവേശിക്കുമ്പോൾ പൃച്ഛകൻ രോഗകാര്യത്തെക്കുറിച്ചു ചോദിച്ചു എങ്കിൽ രോഗശാന്തി വരുമെന്നും ദീർഘായുസ്സായിരിക്കുമെന്നും പറയണം. 

എന്നാൽ അകത്തേയ്ക്കു പ്രവേശിച്ച ശ്വാസം പ്രവേശിച്ച നാഡിയിൽകൂടിത്തന്നെ പുറത്തേക്കു പുറപ്പെടുകയാണെങ്കിൽ ആ രോഗി മരിക്കതന്നെ ചെയ്യും. 

ഉത്തരാർദ്ധത്തിന് ഒരു പക്ഷാന്തരം കൂടിയുണ്ട്. ശ്വാസം അകത്തേയ്ക്ക് പ്രവേശിക്കുമ്പോൾ ചോദിക്കയാണെങ്കിൽ രോഗി ജീവിക്കുമെന്നാണല്ലോ പൂർവ്വാർദ്ധത്തിന്റെ സാരം. ശ്വാസം വെളിയിലേയ്ക്ക് പുറപ്പെടുമ്പോഴാണ് രോഗത്തെക്കുറിച്ചു ചോദിച്ചതെങ്കിൽ ആ രോഗി മരിക്കുന്നതാണ്. ഈ അർത്ഥകല്പനയ്ക്ക് "തേനൈവ മാർഗ്ഗേണ" എന്നുള്ള പ്രയോഗത്തിന് ശരിയായ ഉപപത്തി കാണുന്നില്ല.

ഇടതുവശത്ത് ശ്വാസസഞ്ചാരമുള്ളപ്പോൾ പ്രഷ്ടാവ് വലതുഭാഗത്തുനിന്നു ചോദിക്കയും വലതുവശം ശ്വാസസഞ്ചാരമുള്ളപ്പോൾ ഇടതുവശം നിന്നു ചോദിക്കയും ചെയ്‌താൽ

ദേവേ ഗതേ പൃച്ഛതി വാമഭാഗേ
സ്ഥിതോ നരോ ദക്ഷിണതോ യദി സ്യാൽ
വ്യത്യാസതോസ്മാദപി കൃഛ്റസാദ്ധ്യം
വദന്തി സന്തഃ ഖലു രോഗജാതം.

സാരം :-

ഇടതുവശത്ത് ശ്വാസസഞ്ചാരമുള്ളപ്പോൾ പ്രഷ്ടാവ് വലതുഭാഗത്തുനിന്നു ചോദിക്കയും വലതുവശം ശ്വാസസഞ്ചാരമുള്ളപ്പോൾ ഇടതുവശം നിന്നു ചോദിക്കയും ചെയ്‌താൽ രോഗപ്രശ്നമാണെങ്കിൽ വളരെ പ്രയാസപ്പെട്ടു പ്രതിവിധി ചെയ്തതിനുശേഷമേ രോഗം ശമിക്കയുള്ളൂ എന്നു പറയണം.

രണ്ടുപേർ തമ്മിൽ മത്സരരൂപമായി എതിരിട്ടു പ്രവർത്തിക്കുന്ന എവിടേയും ഈ ന്യായം ഗ്രാഹ്യമാകുന്നു

ദസ്യവഃ ശത്രവോ ഭൂപാ കിതവാ വ്യവഹാരിണഃ
ഏതേ ശൂന്യഗതാഃ സൗമ്യാഃ പൂർണ്ണസ്ഥാ ഭയദാ സ്മൃതാഃ

സാരം :-

കള്ളന്മാർ, ശത്രുക്കൾ, ഭൂതങ്ങൾ, (യക്ഷഗന്ധർവ്വാദിഗ്രഹങ്ങൾ) ചൂതുകളിക്കാർ, വിവാദക്കാർ, ഇവരോടു എതിരിടേണ്ടിവന്നാൽ ഇവരെ ശ്വാസമില്ലാത്ത ഭാഗത്തു നിർത്തേണ്ടതാണ്. അങ്ങിനെ ആയാൽ അവർ ശാന്തന്മാരായിത്തീരും. ശ്വാസമുള്ള ഭാഗത്തു അവർ നില്ക്കയാണെങ്കിൽ അവരിൽനിന്നു പരാജയം സിദ്ധിക്കും. രണ്ടുപേർ തമ്മിൽ മത്സരരൂപമായി എതിരിട്ടു പ്രവർത്തിക്കുന്ന എവിടേയും ഈ ന്യായം ഗ്രാഹ്യമാകുന്നു.

വിവാദേ ദ്യൂതയുദ്ധേ ച സ്നാനഭോജനമൈഥുനേ
വ്യവഹാരേ ഭയേ ഭംഗേ ഭാനുനാഡീ പ്രശസ്യതേ.

സാരം :-

വാതപ്രതിവാദം, ചൂതുകളി, യുദ്ധം, കുളി, ഊണ്, സ്ത്രീസേവ, വ്യാപാരം, ദാനം (കടംകൊടുക്കുക മുതലായത്) ഭാഗം ഏതെങ്കിലും ഒന്നിനേ പൂർവ്വരൂപത്തിൽ നിന്നു ഭേദപ്പെടുത്തി വേറൊരുരൂപത്തിലാക്കുക) ഈ ഘട്ടങ്ങളിൽ ശ്വാസം വലത്തുവശമായാൽ ശുഭമാകുന്നു.

*************************************

യാത്രാദാനവിവാഹേഷു വസ്ത്രാലങ്കാരഭൂഷണേ
ശുഭേ സന്ധൗ പ്രവേശേ ച വാമനാഡീ പ്രശസ്യതേ.

സാരം :-

(വീട്ടിൽ നിന്നു പുറപ്പെടുക), ഏതെങ്കിലും ദാനം ചെയ്യുക, വിവാഹം ചെയ്ക, വിശേഷാൽ വസ്ത്രം ആഭരണം മുതലായതു ധരിക്കുക, നല്ലകാര്യങ്ങളാസ്പദമാക്കി രണ്ടു പക്ഷക്കാരേ ഒരുമിച്ചു ചേർക്കുന്നതിന് ഒരുങ്ങുക ഈ ഘട്ടങ്ങളിൽ ഇടതുവശമുള്ള ശ്വാസം ശുഭകരമാകുന്നു.

ശ്വാസം ഇടതുവശമുള്ളപ്പോൾ വീട്ടിൽനിന്നും പുറപ്പെട്ട് ശ്വാസം വലതുവശമായി സഞ്ചരിക്കുന്ന സമയം നോക്കി

ഗൃഹാച്ചന്ദ്രേണ നിര്യാതഃ പ്രവിഷ്ടോ ഭാനുനാ രണേ
ശൂന്യാംഗേ വൈരിണം കൃത്വാ കാതരോപി ജയീ ഭവേൽ.

സാരം :-

ശ്വാസം ഇടതുവശമുള്ളപ്പോൾ വീട്ടിൽനിന്നും പുറപ്പെട്ട് ശ്വാസം വലതുവശമായി സഞ്ചരിക്കുന്ന സമയം നോക്കി രണഭൂമിയിൽ പ്രവേശിച്ച് ശ്വാസമില്ലാത്ത ഭാഗത്തു നിർത്തി പോരുചെയ്‌താൽ യുദ്ധവൈഭവമില്ലാത്തവനാണെങ്കിൽകൂടിയും ജയിക്കാൻ കഴിയും. ഇത് യോദ്ധാക്കൾക്കു മാത്രമല്ല വാദപ്രതിവാദഘട്ടങ്ങളിലും ഉപയോഗിക്കാവുന്നതാണ്‌.

******************************


നിഷ്ക്രാന്തോ ഭാനുനാ ഗേഹാൽ പ്രവിഷ്ടഃ ശശിനാ രണേ
ജീവാംശേ യസ്യ വാ ശത്രുഃ സ ശൂരോƒപി വിനശ്യതി

സാരം :-

ശ്വാസം വലത്തുഭാഗത്തു നിൽക്കുമ്പോൾ വീട്ടിൽ നിന്നും പുറപ്പെട്ട്, ശ്വാസം ഇടതുഭാഗത്തു നിൽക്കുമ്പോൾ യുദ്ധഭൂമിയിൽ പ്രവേശിപ്പിച്ച് ശത്രുവിനെ ശ്വാസമുള്ള വശത്തു നിറുത്തി പോരുചെയ്കയാണെങ്കിൽ എത്രമാത്രം യുദ്ധവൈഭവമുള്ളവനാണെങ്കിലും യുദ്ധത്തിങ്കൽ നശിച്ചുപോകുമെന്നു തീർച്ചതന്നെ

വെളുത്ത പക്ഷത്തിലെ തിങ്കൾ ബുധൻ വ്യാഴം വെള്ളി എന്നീ ആഴ്ചകളിൽ ഇടതുവശം സഞ്ചരിക്കുന്ന വായു ഏറ്റവും ശുഭപ്രദമാണ്

ശുഭവാരേ ശുക്ലപക്ഷേ സിദ്ധിദാ വാമനാഡികാ
പാപവാരേ കൃഷ്ണപക്ഷേ നാഡ്യന്യാ സിദ്ധിദാധികം

സാരം :-

വെളുത്ത പക്ഷത്തിലെ തിങ്കൾ ബുധൻ വ്യാഴം വെള്ളി എന്നീ ആഴ്ചകളിൽ ഇടതുവശം സഞ്ചരിക്കുന്ന വായു ഏറ്റവും ശുഭപ്രദമാണ്. 

ഞായർ ചൊവ്വാ ശനി എന്നീ ആഴ്ചകളിൽ വതുവശമായി സഞ്ചരിക്കുന്ന ശ്വാസം അപ്പോൾ കറുത്തപക്ഷമാണെങ്കിൽ വളരെ ശുഭകരമാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.