വിവാഹം ഒരിക്കലും സാധിക്കയില്ലെന്നു പറയണം

പ്രശ്നലഗ്നാദ്യുഗ്മരാശൗ കൃഷ്ണപക്ഷേ യദാ വിധുഃ
പാപൈർദൃഷ്ടോഥവാ രന്ധ്രേ നൈവ സംബന്ധമാപ്നുയാൽ.

സാരം :-

ചന്ദ്രൻ പാപഗ്രഹങ്ങളുടെ ദൃഷ്ടിയോടുകൂടി ലഗ്നത്തിന്റെയോ, ആരൂഢത്തിന്റെയോ രണ്ട്, നാല്, ആറ്, പത്ത്, പന്ത്രണ്ട് എന്നീ ഭാവങ്ങളിൽ നിൽക്കുകയും വിവാഹപ്രശ്നം കറുത്തപക്ഷത്തിലാകയും ചെയ്‌താൽ പ്രസ്തുത വിവാഹം ഒരിക്കലും സാധിക്കയില്ലെന്നു പറയണം. ഇതുപോലെ തന്നെ വിവാഹപ്രശ്നം കറുത്ത പക്ഷത്തിലായാൽ ചന്ദ്രൻ എട്ടാം ഭാവത്തിൽ നിൽക്കുന്നതു വിവാഹ വിഘ്നത്തിനുള്ള ലക്ഷണമാകുന്നു. ഇവിടെ ഈ എട്ടാം ഭാവത്തിൽ നിൽക്കുന്ന ചന്ദ്രനെ പാപഗ്രഹം നോക്കിയാൽ നിശ്ചയമായും വിവാഹം നടക്കുകയില്ല. ഇതുകൊണ്ടു വിവാഹ പ്രശ്നത്തിൽ ചന്ദ്രന് പക്ഷബലമുണ്ടായിക്കണമെന്നു പ്രത്യേകം ഗ്രഹിക്കേണ്ടതാണ്.

ആർത്തവംമൂലം വിവാഹത്തിന് തടസ്സം വരും

കുജേന്ദ്വിത്യാദിപദ്യാർദ്ധേനോക്തഃ കന്യാർത്തവാദിനാ
വിവാഹവിഘ്നസ്തത്സിദ്ധിഃ പരേണാർദ്ധേന പൃച്ഛതാം.

സാരം :-

വരാഹമിഹിരാചാര്യൻ ബൃഹത്ജാതകമെന്ന ഗ്രന്ഥത്തിൽ ആർത്തവത്തെപ്പറ്റി പ്രതിപാദിക്കുന്നത് "കുജേന്ദുഹേതു പ്രതിമാസമാർത്തവം " എന്നാദിയായ പദ്യംകൊണ്ടാണ്. ഈ പദ്യത്തിന്റെ പൂർവ്വാദ്ധംകൊണ്ടു വിവാഹവിഘ്നത്തേയും അതിന്റെ ഉത്തരാർദ്ധംകൊണ്ടു വിവാഹഘടനയ്ക്കുള്ള ലക്ഷണത്തേയും അർത്ഥാന്തരേണ പറയപ്പെട്ടിരിക്കുന്നു. ആ ലക്ഷണങ്ങൾ യഥാബലം ചിന്തിച്ചു വിവാഹവിഘ്നമുണ്ടാവാനിടയുണ്ടെങ്കിൽ അതിനേയും വിവാഹനിവൃത്തി ലക്ഷണമുണ്ടെങ്കിൽ അതിനേയും ചിന്തിച്ചുപറയേണ്ടതാണ്.

വരാഹമിഹിരാചാര്യന്റെ ബൃഹത്ജാതകം അനേകാർത്ഥദ്യോതകമാണെന്നു 'അർത്ഥബഹൂളം ശാസ്ത്രപ്ലവം " എന്ന ഭാഗംകൊണ്ടു അദ്ദേഹംതന്നെ സൂചിപ്പിച്ചിട്ടുണ്ട്. വിവാഹമുഹൂർത്തലഗ്നത്തിന്റെ ഉപചയരാശികളായ മൂന്ന്, ആറ്, പത്ത്, പതിനൊന്ന് എന്നീ ഭാവങ്ങളിൽ കുജദൃഷ്ടിയോടുകൂടി ചന്ദ്രൻ നിന്നാൽ ആർത്തവംമൂലം വിവാഹത്തിന് വിഘ്നം വരും. അഥവാ മുഹൂർത്തലഗ്നത്തിന്റെ സമഭാവങ്ങളായ രണ്ട്, നാല്, ആറ്, എട്ട്, പത്ത്, പന്ത്രണ്ട് എന്നീ ഭാവങ്ങളിൽ ചൊവ്വയുടെ ദൃഷ്ടിയോടുകൂടി ചന്ദ്രൻ നിന്നാലും ആർത്തവം മൂലം വിവാഹം മുടങ്ങുമെന്നുതന്നെ പറയാം. വൈദിക കർമ്മങ്ങൾക്കു ആർത്തവശൌചം നിഷിദ്ധമായി കരുതുന്നവരെ സംബന്ധിച്ചിടത്തോളമേ ഈ വിവാഹവിഘ്നം സാധുവാകയുള്ളൂ. മുഹൂർത്തലഗ്നത്തിന്റെ അനുപചയരാശികളായ രണ്ട്, നാല്, അഞ്ച്, ഏഴ്, ഒൻപത്, പന്ത്രണ്ട് എന്നീ ഭാവങ്ങളിൽ വ്യാഴദൃഷ്ടിയോടുകൂടി ചന്ദ്രൻ നിന്നാൽ യാതൊരുവിഘ്നവുംകൂടാതെ വിവാഹം നടക്കും. ഇതുപോലെ ഓജഭാവങ്ങളായ മൂന്ന്, അഞ്ച്, ഏഴ്, ഒൻപത്, പതിനൊന്ന് എന്നീ ഭാവങ്ങളിൽ മേൽപ്രകാരം വ്യാഴദൃഷ്ടിയോടുകൂടിയ ചന്ദ്രൻ നിന്നാലും വിവാഹം നടക്കുമെന്നു പറയണം. ഇത്രയും സന്ദോർഭോചിതമായ അർത്ഥാന്തരങ്ങളെന്നു പറയാം.

വിവാഹമുഹൂർത്തലഗ്നത്തിന്റെ രണ്ട്, അഞ്ച്, ആറ് എന്നീ ഭാവങ്ങളിൽ ചൊവ്വയുടെ ദൃഷ്ടിയോടുകൂടി ചന്ദ്രൻ നിൽക്കുമ്പോൾ ആർത്തവം ഉണ്ടാകുമെന്നും മറ്റു ഭാവങ്ങളിൽ വച്ചു വ്യാഴദൃഷ്ടിയുള്ള രാശിയിൽ ചന്ദ്രൻ വരുമ്പോൾ ഭർത്തൃയോഗത്തിനിട വരുമെന്നും പറയാം. സന്താനപ്രശ്നത്തിൽ ആർത്തവകാലത്തെയും "അതോƒന്യഥാസ്ഥേ" എന്ന യോഗംകൊണ്ടു ഗർഭാധാനകാലവും "പുംഗ്രഹേക്ഷിതേ " എന്ന പദത്തിന്റെ സംസ്കാരംകൊണ്ടു ചന്ദ്രസ്ഫുടവും ' ഉപൈതികാമിനി എന്ന പദത്തിന്റെ സംസ്കാരംകൊണ്ടു പ്രസവലഗ്നസ്ഫുടവും അറിയാവുന്നതാണ്. ഇങ്ങനെ ഈ പദ്യത്തിൽ നാനാമുഖമായ പല അർത്ഥങ്ങളും നിക്ഷേപിച്ചിട്ടുണ്ട്. ഇത്രമാത്രം പ്രസംഗവശാൽ കാണിച്ചുവെന്നേ ഉള്ളൂ. വിവാഹം നിർവിഘ്നമായും മംഗളമായും കഴിയുന്നതിനു സീതാശ്രീരാമപൂജ, കൃഷ്ണരുഗ്മിണിപൂജ എന്നിവ നടത്തുന്നത് അഭീഷ്ടമാണെന്നും ഈ ശ്ലോകത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

വിവാഹപ്രശ്നത്തിലും യുക്തിപോലെ യോജിപ്പിച്ചു വിചാരിക്കേണ്ടതാണ്

ചിന്ത്യാനി പൂർവ്വം കഥിതാനി സർവ്വാ-
ണ്യത്രാപി സമ്യക്സമയാദികാനി
തേഷാം ശുഭത്വേ പതിപുത്രസമ്പ
ദ്വിവാഹലാഭശ്ച ന ചാശുഭത്വേ.

സാരം :-

"ദൈവജ്ഞേന സമാഹിതേന സമയോ " ഇത്യാദി ഭാഗങ്ങളെക്കൊണ്ടു പ്രശ്നസമയസംഭൂതങ്ങളായ ലക്ഷണങ്ങൾ വിവാഹപ്രശ്നത്തിലും യുക്തിപോലെ യോജിപ്പിച്ചു വിചാരിക്കേണ്ടതാണ്. പ്രശ്നസമയം, ദേശം, വായു, അവസ്ഥ, തല്ക്കാലസംഭൂതങ്ങളായ മറ്റു നിമിത്തങ്ങൾ ഇവയെല്ലാം ശോഭനങ്ങളായിരുന്നാൽ ഉടൻതന്നെ വിവാഹയോഗമുണ്ടെന്നും സന്താനം, സമ്പത്ത് മുതലായ സൌഭാഗ്യയോഗങ്ങൾ ഭാവിയിൽ സുലഭങ്ങളായിരിക്കുമെന്നും പറയണം. അതുപോലെ പ്രശ്നസമയം, ദേശം, വായു മുതലായവയും മറ്റു താല്ക്കാലിക ലക്ഷണങ്ങളും വിപരീതമായി കണ്ടാൽ വിവാഹം എളുപ്പമല്ലെന്നും അഥവാ വിവാഹംകഴിഞ്ഞാൽ തന്നെയും ഭാവിയിലുള്ള അനുഭവങ്ങൾ ദുഃഖപ്രദമായിരിക്കുമെന്നും പറയണം.

നിമിത്തചിന്തയിൽ ശുഭാശുഭത്വം പ്രശ്നവിഷയത്തെ ആശ്രയിച്ചിരിക്കും. ആയുഃപ്രശ്നത്തിൽ ഇരട്ടയായ കോടിവസ്ത്രം കൊണ്ടുവരുന്നതും മരണ ലക്ഷണമായും വിവാഹപ്രശ്നസമയത്ത് ഇങ്ങനെ ഇരട്ടക്കോടിവസ്ത്രം കൊണ്ടുവന്നാൽ വിവാഹത്തിന്റെ ക്ഷണസാദ്ധ്യലക്ഷണമായും ധരിക്കണം. ഇതുപോലെ ലക്ഷണങ്ങളുടെ അന്തരങ്ങളെ യുക്തികൊണ്ടു ചിന്തിച്ചുകൊള്ളേണ്ടതാണ്.

ഭർത്താവിന്റെ മാതാപിതാക്കന്മാർ മരണപ്പെട്ടു

ലഗ്നാരൂഢർക്ഷയോരസ്തം യദാർക്കഃ ശത്രുനീചഗഃ
ന പശ്യതി പിതാ പുംസോ നാസ്തി മാതാ ശശീ യദി. ഇതി.

സാരം :-

ഉദയാരൂഢങ്ങളുടെ ഏഴാം ഭാവങ്ങൾ ഭർത്തൃലഗ്നങ്ങളാണല്ലോ. ഈ ഭർത്തൃ ലഗ്നങ്ങളിൽ സൂര്യദൃഷ്ടിവരരുത്. സൂര്യൻ ശത്രുക്ഷേത്രത്തിലോ നീചത്തിലോ നിൽക്കുകയും വേണം. ഇങ്ങനെ വന്നാൽ പുരുഷന്റെ അച്ഛൻ ഇപ്പോൾ ഇല്ലെന്നു പറയണം. ഇതുപോലെ ചന്ദ്രന്റെ സ്ഥിതി നീചത്തിലോ, ശത്രുക്ഷേത്രത്തിലോ വരികയും ഭർത്തൃലഗ്നത്തിൽ (ഉദയാരൂഢങ്ങളുടെ ഏഴാം ഭാവത്തിൽ) ചന്ദ്രദൃഷ്ടി ഇല്ലാതിരിക്കുകയും ചെയ്‌താൽ വരനു (ഭർത്താവിനു) മാതാവില്ലെന്നും പറയണം. ഇവിടെ കാരകഗ്രഹങ്ങൾക്കു നീചവും ശത്രുക്ഷേത്രസ്ഥിതിയുമാണ്‌ ദോഷങ്ങളായി കല്പിച്ചിരിക്കുന്നത്. മൌഢ്യ൦, പാപമദ്ധ്യസ്ഥിതി മുതലായ ദോഷങ്ങളും യുക്തിപോലെ ചിന്തിക്കേണ്ടതാണ്.

അഥവാ ഈ യോഗം ഉണ്ടായാൽ തന്നെയും വ്യാഴദൃഷ്ടി ഉണ്ടെങ്കിൽ ഇതുപറയാൻ പാടില്ലെന്ന് " ദൃഷ്‌ടേƒമരരാജമന്ത്രിണാദീർഘായുഃ സുഖഭാക്ചസസ്മൃതഃ " എന്ന ഹോരാവാക്യംകൊണ്ടു ഗ്രഹിക്കേണ്ടതാണ്. ദൃഷ്ടി എന്നുള്ളതുകൊണ്ടു പൂർണ്ണദൃഷ്ടിയെയാണ് വിവക്ഷിച്ചിരിക്കുന്നതെന്ന് പ്രത്യേകം ഗ്രഹിക്കേണ്ടതാണ്. അല്പദൃഷ്ടി ഉണ്ടായിരുന്നാൽ ഈ യോഗം പറയാൻ പാടില്ലെന്നു സാരം. 

സ്ത്രീയുടെ മാതാപിതാക്കന്മാർ മരണപ്പെട്ടു

യദി നീചാരിഗോ ലഗ്നമാരൂഢം വാ ന പശ്യതി
അർക്കഃ സ്ത്രീയാഃ പിതാ നാസ്തി മാതേന്ദുശ്ചേത്തഥാവിധഃ

സാരം :-

സൂര്യൻ നീചക്ഷേത്രത്തിലോ, ശത്രുക്ഷേത്രത്തിലോ നിൽക്കുകയും ഉദയലഗ്നത്തേയോ ആരൂഢത്തെയോ നോക്കാതിരിക്കയും ചെയ്‌താൽ സ്ത്രീയുടെ അച്ഛൻ ഇപ്പോൾ ഇല്ല മരിച്ചുപോയിരിക്കുന്നു എന്നു പറയണം. അതായത് സൂര്യന്റെ ദൃഷ്ടി ലഗ്നത്തിനുണ്ടാകരുത്. ആ സൂര്യൻ നീചാദി ഏറ്റവും ബലഹീനമായ രാശിയിൽതന്നെ നിൽക്കുകയും വേണം. എങ്കിലേ അച്ഛൻ മരിച്ചു എന്നും മറ്റും പറയാവു. സൂര്യന്റെ ദൃഷ്ടികൂടാതെ ബലമുള്ള രാശിയിൽ നിൽക്കുകയാണെങ്കിൽ പിതൃസംരക്ഷ ഇല്ലെന്നു പറയാം. പിതാവ് മരിച്ചു എന്നു പറയാൻ പാടില്ല.

"പിതുർജ്ജാതഃ പരോക്ഷസ്യ" ഇത്യാദി ഹോരാവചനസാരാംശം ഇവിടെ യോജിപ്പിച്ച് അച്ഛന്റെ പരദേശവാസം മുതലായ സ്ഥിതികളെ ചിന്തിക്കാവുന്നതാണ്.

ലഗ്നംകൊണ്ടും അതുമുതൽ ദ്വാദശഭാവങ്ങളെക്കൊണ്ടും എങ്ങനെ ഫലം വിചാരിക്കുന്നുവോ അതുപോലെ ആരൂഢാദിയായ ഭാവങ്ങളെക്കൊണ്ടും കന്യകയുടെ വയസ്സ്, സ്വഭാവം മുതലായവയേയും ആരുഢത്തിലേയ്ക്ക് സൂര്യൻ ബലഹീനനായി നോക്കാതിരിക്കുകയും ചെയ്‌താൽ പിതാവിന്റെ അഭാവത്തേയും പറയാം. " ഉദയാരൂഢഭയോർദ്വയോഃ " എന്നു പറഞ്ഞിട്ടുള്ളതുകൊണ്ട് ആരൂഢത്ത്ന്റെ സ്ഥാനത്തു ലഗ്നത്തിനു ലഗ്നത്തിന്റെ സ്ഥാനത്ത് ആരുഢത്തിനും ഒന്നുപോലെ സാർവ്വത്രികമായ യോഗയോഗ്യതയുണ്ടെന്നു സ്പഷ്ടമാകുന്നു.

ഇതുപോലെ നീചക്ഷേത്രത്തിലോ, ശത്രുക്ഷേത്രത്തിലോ വരികയും ലഗ്നത്തേയോ, ആരൂഢത്തെയോ നോക്കാതിരിക്കുകയും ചെയ്‌താൽ സ്ത്രീയുടെ മാതാവ് ഇപ്പോൾ ഇല്ലെന്നും മരിച്ചുപോയിരിക്കുന്നു എന്നും പറയണം. ഇതും ചന്ദ്രന്റെ ബലഹാനിയേയും മറ്റും ശരിയായി ചിന്തിച്ചുവേണം മാതാവിന്റെ അവസ്ഥയെപ്പറ്റി പറയേണ്ടത്.

"സ്ഫുടമിഹ ഭവതി ദ്വിത്രി സംവാദഭാവാൽ"

എന്ന വചനമനുസരിച്ച് ആരൂഢത്തിനും ലഗ്നത്തിനും ഈ ലക്ഷണം പൂർണ്ണമായി യോജിക്കുന്നു എങ്കിൽ മാത്രമേ മാതാപിതാക്കന്മാർ മരിച്ചുപോയി എന്നു പറയാവു. അല്ലാതെ പറയരുത് എന്ന് ആരൂഢവിവക്ഷകൂടി ഈ ഘട്ടത്തിൽ വന്നതുകൊണ്ടു സൂചിപ്പിച്ചിരിക്കുന്നു. സൂര്യൻ പിതൃകാരകനാണെന്നും ചന്ദ്രൻ മാതൃകാരകനാണെന്നും സ്പഷ്ടമാണല്ലോ. ഇതുപോലെ ബുധൻ നീചത്തിലൊ, ശത്രുക്ഷേത്രത്തിലോ നിൽക്കുകയും ലഗ്നാരൂഢങ്ങളിൽ നോക്കാതിരിക്കുകയും ചെയ്‌താൽ അമ്മാവന്മാരില്ലെന്നും യുക്തിപൂർവ്വം ചിന്തിച്ചുപറയാവുന്നതാണ്. കാരകഗ്രഹങ്ങളെകൊണ്ടുള്ള ചിന്തയ്ക്ക് ഏറ്റവും പ്രാബല്യമുണ്ടെന്നുള്ളതിന്, "ദിവാകരേന്ദ്വോ സ്മരഗൌ കുജാർക്കജൌ " എന്നാദിയായ ഹോരാവാക്യം സ്പഷ്ടമാക്കുന്നുണ്ട്.  

ലഗ്നം കൊണ്ടു വധുവിന്റെ ലക്ഷണങ്ങളേയും ഏഴാംഭാവംകൊണ്ട് വരന്റെ ലക്ഷണങ്ങളേയും ചിന്തിക്കണം

വധ്വാ വരസ്യാപ്യുഡു നാമ ചോക്ത്വാ
പ്രശ്നസ്തഥാപ്യേഷ വധൂപ്രധാനഃ
ലഗ്നാത്തതോƒസ്യാ മദതശ്ച പത്യുർ-
വാച്യം ഹി ലക്ഷ്മേഹ ഗുരുസ്തഥാഹ.

സാരം :-

വിവാഹപ്രശ്നത്തിൽ വധുവിന്റേയും വരന്റേയും നക്ഷത്രങ്ങളും പേരും സങ്കല്പിച്ചുവേണം വിവാഹപ്രശ്നം ആരംഭിക്കേണ്ടത്. ഇങ്ങനെ രണ്ടുപേരുടേയും നാമനക്ഷത്രങ്ങൾ സങ്കല്പിക്കുന്നു എങ്കിലും ഇവിടെ വധുവിനാണ് പ്രാധാന്യം നൽകേണ്ടത്. ആകയാൽ ലഗ്നം കൊണ്ടു വധുവിന്റെ ലക്ഷണങ്ങളേയും ഏഴാംഭാവംകൊണ്ട് വരന്റെ ലക്ഷണങ്ങളേയും ചിന്തിക്കണം.

ലഗ്നാൽ രണ്ടാംഭാവംകൊണ്ട് വധുവിന്റെ വിദ്യാ, ധനകുടുംബാദികളേയും മൂന്നാം ഭാവംകൊണ്ട് വധുവിന്റെ സഹോദരാദികളേയും നാലാംഭാവംകൊണ്ട് മാതൃ മാതുലാദികളേയും ഇങ്ങനെ ക്രമേണ ചിന്തിച്ചുകൊള്ളണം. 

---------------------------------------------

ഏവം ഭർത്തൃസ്വഭാവാദിവയോഗുണസുഖാദയഃ
സപ്തമർക്ഷാൽ ഭവന്ത്യേവം ലഗ്നാൽ കന്യാഗുണാദയഃ. ഇതി.

സാരം :-

വധുവിന്റെ വയസ്സ്, സ്വഭാവം, ഗുണങ്ങൾ തുടങ്ങിയ എല്ലാ ലക്ഷണങ്ങളും കുടുംബാദികളായ മറ്റു ഫലങ്ങളും ലഗ്നം ആദിയായി പന്ത്രണ്ടു ഭാവങ്ങളെക്കൊണ്ട് ചിന്തിച്ചറിഞ്ഞുകൊള്ളണം.

അതുപോലെ ഭർത്താവിന്റെ വയസ്സ്, സ്വഭാവം, ഗുണങ്ങൾ, ധന കുടുംബാദികളായ മറ്റു ഭാവഫലങ്ങൾ ഇവയെല്ലാം ഏഴാംഭാവം ലഗ്നമെന്നു കരുതി ക്രമേണ പന്ത്രണ്ടുഭാവങ്ങളെക്കൊണ്ടു വിചാരിക്കേണ്ടതാണ്.

ലഗ്നത്തിന്റെ ഒമ്പതാംഭാവംകൊണ്ടു സ്ത്രീയുടെ പിതാവും, ഭാഗ്യം, പുണ്യം ഇത്യാദി ഫലങ്ങളുടെ ശുഭാശുഭത്വവും ഏഴാംഭാവത്തിൽ നിന്ന് അതിന്റെ ഒൻപതാം ഭാവംകൊണ്ടു പുരുഷന്റെ (ഭർത്താവിന്റെ / വരന്റെ) പിതാവ്, ഭാഗ്യം, പുണ്യം ഇത്യാദി ഫലങ്ങളും ചിന്തിക്കപ്പെടാമെന്നു സാരം.

ലഗ്നംകൊണ്ടു വധുവിന്റേയും ലഗ്നത്തിൽ നിന്ന് സിദ്ധിക്കുന്ന ഏഴാംഭാവം കൊണ്ടു വരന്റേയും ശുഭാശുഭങ്ങൾ പറയേണ്ടതാണെന്നുള്ള ഈ ബൃഹസ്പതി വാക്യം കൊണ്ടാണ് വിവാഹപ്രശ്നം വധൂപ്രധാനമാണെന്നും മേൽ പറഞ്ഞിട്ടുള്ളത്. ഇതുകൊണ്ടു ലഗ്നത്തിന്റേയും ഏഴാംഭാവത്തിന്റെയും അഞ്ചാംഭാവംകൊണ്ടു ഇവരുടെ സന്താനചിന്ത ചെയ്യാമെങ്കിലും "വധൂപ്രധാന" എന്ന ഭാഗംകൊണ്ടു ലഗ്നഭാവത്തിനാണ് ആ വക ചിന്തകൾക്ക് പ്രാധാന്യമെന്നുള്ള വിശേഷംകൂടി ഗ്രാഹ്യമാകുന്നു.

വിവാഹപ്രശ്നത്തിൽ പ്രഷ്ടാവ് ജ്യോതിഷക്കാരനോട് ചോദിക്കേണ്ടത്

കന്യകേയമനേനോഢാ ഭർത്തൃപുത്രാദിസംയുതാ
ഭവിതാ കിന്നു? കിന്നോ വാ? വിവാഹപ്രശ്ന ഈദൃശഃ

സാരം :-

വിവാഹപ്രശ്നത്തിൽ പ്രഷ്ടാവ് ജ്യോതിഷക്കാരനോട് ചോദിക്കേണ്ടത് ഇന്ന നാമനക്ഷത്രങ്ങളോടുകൂടിയ കന്യകയെ ഇന്ന നാമനക്ഷത്രങ്ങളോടുകൂടിയ പുരുഷൻ വിവാഹം ചെയ്‌താൽ നെടുമംഗല്യവും പുത്രഭാഗ്യവും മറ്റുലൗകികങ്ങളായ ഐശ്വര്യങ്ങളും സിദ്ധിക്കുമോ? എന്നാണ്. വിവാഹപ്രശ്നക്രിയാസന്ദർഭത്തിൽ ജ്യോതിഷിയുടെ (ദൈവജ്ഞന്റെ) പ്രാർത്ഥനയും ഇപ്രകാരമായിരിക്കണം. ഇവിടെ ഭർത്തൃപുത്രാദി സംയുത എന്ന ഭാഗംകൊണ്ട് ഭർത്താവിനു നിശ്ചയമായും ദീർഘായുസ്സുണ്ടായിരിക്കേണ്ടതാണെന്നു സൂചിപ്പിച്ചിരിക്കുന്നു.

വിവാഹപ്രശ്നത്തിനുള്ള ശുഭമുഹൂർത്തം ഗ്രഹസ്ഥിതികൊണ്ടു വിവാഹമുഹൂർത്തത്തോടു തുല്യമായിരിക്കണം

പ്രശ്നലഗ്നവശതഃ കരഗ്രഹേ ഭാവി ശംസതു ശുഭാശുഭം ബുധഃ
സ്വാദ്വിവാഹവദിഹ ഗ്രഹസ്ഥിതിഃ സപ്തമേ തു ശുഭദാഃ ശുഭഗ്രഹാഃ. ഇതി.

സാരം :-

ഇവിടെ ജ്യോതിഷിയ്ക്ക് ബുധഃ എന്ന് പ്രത്യേകം നിർവചനം ചെയ്തതുകൊണ്ട് ദൈവജ്ഞൻ (ജ്യോതിഷി) നല്ല ജ്യോതിഷ പണ്ഡിതനായിരിക്കണമെന്നു സൂചിപ്പിച്ചിരിക്കുകയാണ്. വിദ്വാനാണെങ്കിൽ മാത്രമേ വരാൻ പോകുന്ന നന്മതിന്മകളെ യഥാകാലം ശരിയായി പറഞ്ഞുകൊടുക്കാൻ സാധിക്കയുള്ളൂ. വിവാഹപ്രശ്നം നോക്കി ഭാവിയിലുള്ള ശരിയായ അനുഭവങ്ങളും അവയ്ക്കുള്ള കാലങ്ങളും ജ്യോതിഷി പ്രഷ്ടാവിനെ ധരിപ്പിക്കേണ്ടതാണ്.

ഈ വിവാഹപ്രശ്നത്തിനുള്ള ശുഭമുഹൂർത്തം ഗ്രഹസ്ഥിതികൊണ്ടു വിവാഹമുഹൂർത്തത്തോടു തുല്യമായിരിക്കണം. വാരതാരാദികൾ പൂർവ്വാർദ്ധത്തിൽ വിവരിച്ചിട്ടുണ്ടല്ലോ. എന്നാൽ വിവാഹലഗ്നത്തിന്റെ ഏഴാം ഭാവത്തിൽ ശുഭഗ്രഹങ്ങളാകട്ടെ പാപഗ്രഹങ്ങളാകട്ടെ ഒരു ഗ്രഹങ്ങളും നിൽക്കാൻ പാടില്ല എന്നാണ് നിയമം. വിവാഹവിഷയമായ പ്രശ്നത്തിൽ ആരൂഢലഗ്നങ്ങളുടെ ഏഴാംഭാവത്തിൽ ശുഭഗ്രഹങ്ങൾ നിൽക്കുന്നത് ശോഭനമാകുന്നു.

വിവാഹമുഹൂർത്തത്തിനു സപ്തമശുദ്ധിതന്നെ വേണം. വിവാഹപ്രശ്നത്തിന് ഭാവദോഷങ്ങളില്ലാത്ത ശുഭന്മാർ ഏഴാം ഭാവത്തിൽ വരുന്നത് ഭാര്യാഭർത്തൃ സമാഗമത്തിനു ശുഭോദയമാകുന്നു.

വിവാഹപ്രശ്നത്തിനു ജ്യോതിഷിയെ കാണുമ്പോൾ

ദൈവജ്ഞം ഭക്തിതോ നത്വാ സംപൂജ്യാദൗ യഥാബലം
ഉഡുനീ നാമനീ ചോക്ത്വാ സംപൃച്ഛേത്സകൃദേവ തം.

സാരം :-

ദൂതനോ, പ്രഷ്ടാവോ, ജ്യോതിഷിയെ (ദൈവജ്ഞനെ) കണ്ടാൽ മുൻപേ തന്നെ ഭക്തിപൂർവ്വം വന്ദിച്ചു തങ്ങളുടെ ശക്തിക്കനുകൂലമായവിധം കാഴ്ചദ്രവ്യങ്ങളെക്കൊണ്ടു പൂജിച്ച് തൃപ്തിവരുത്തിയിട്ടു കന്യകയുടേയും വരന്റേയും നക്ഷത്രങ്ങളും പേരുകളും ജ്യോതിഷിയോട് ശാന്തമായ വിധം പറഞ്ഞുകൊടുത്തിട്ടു തങ്ങളുടെ അഭീഷ്ടത്തെ ഒരു പ്രാവശ്യം മാത്രം ചോദിക്കേണ്ടതാണ്.

സംപൃച്ഛേൽ, എന്ന വാക്യത്തിൽ സം എന്ന ഉപസർഗ്ഗംകൊണ്ടും സംപൂജ്യ എന്ന സ്ഥാനത്തെ സം എന്ന ഉപസർഗ്ഗംകൊണ്ടും ശാന്തമായും ഭക്തിപൂർവ്വമായും ചോദിക്കേണ്ടതാണെന്നും യഥാശക്തി കാഴ്ചവച്ചു തൃപ്തിപ്പെടുത്തേണ്ടതാണെന്നും സൂചിപ്പിച്ചിരിക്കുന്നു.

സകൃൽ, ഏവ എന്ന ഭാഗംകൊണ്ടു വിവാഹ പ്രശ്നത്തിൽ ദൂതന്റേയോ, പ്രഷ്ടാവിന്റെയോ ചോദ്യത്തിന് പുനരാവൃത്തി ഉണ്ടാകരുതെന്നും അഥവാ ഉണ്ടാകുന്ന പുനരാവൃത്തി പുനർവ്വിവാഹലക്ഷണം ആണെന്നും സൂചിപ്പിച്ചിരിക്കുന്നു. 

ഈ പദ്യം ബൃഹസ്പതി വചനമാണ്. 

വിവാഹചിന്തയിൽ ദൈവജ്ഞൻ (ജ്യോതിഷി) ആദ്യമായി ചെയ്യേണ്ടത്‌ വധൂവരന്മാരുടെ ആയുർനിരൂപണമാണ്

കന്യായഃ പുരുഷസ്യ ച പ്രഥമതോ നിർണ്ണീയ ചായുഃ പുനഃ
സന്താനാദി തഥേതരച്ച സകലം ദൈവജ്ഞവര്യസ്തതഃ
ഭാവിപ്രശ്നവിലഗ്നതോപി നിഖിലം പാണിഗ്രഹം കാരയേ - 
ത്സന്താനായ യതഃ പ്രയാതി നിതരാം പ്രീതിം പിതൃണാം ഗണഃ. - ഇതി

സാരം :-

വിവാഹചിന്തയിൽ ദൈവജ്ഞൻ (ജ്യോതിഷി) ആദ്യമായി ചെയ്യേണ്ടത്‌ വധൂവരന്മാരുടെ ആയുർനിരൂപണമാണ്. രണ്ടുപേർക്കും ദീർഘായുസ്സ് ഉണ്ടെന്നു കണ്ടാൽ പിന്നീടു ഭാവിയിൽ അവർ അനുഭവിക്കാൻ പോകുന്ന ശുഭാശുഭങ്ങളെപ്പറ്റിയും സന്താന സൌഭാഗ്യത്തെക്കുറിച്ചും ജാതകംകൊണ്ടുതന്നെ ചിന്തിക്കണം. മേൽ പറഞ്ഞ ആയുശ്ചിന്തയും സന്താനസൌഭാഗ്യാദിവിചാരവും പ്രശ്നം കൊണ്ടും ചിന്തിച്ചറിയേണ്ടതാണ്. ഇങ്ങനെ ജാതകംകൊണ്ടും പ്രശ്നംകൊണ്ടും ദമ്പതികൾ ദീർഘായുസ്സുകളാണെന്നും പുത്രസൗഭാഗ്യാദി ശുഭാശുഭങ്ങൾക്ക് ആനുകൂല്യമുണ്ടെന്നും ബോദ്ധ്യം വന്നാൽ വിവാഹം ചെയ്യിക്കയാണ് ബുദ്ധിമാനായ ജ്യോതിഷക്കാരന്റെ ധർമ്മം.

ആയുർവ്വിഷയമായോ, സന്താനസംബന്ധമായോ, മറ്റു ഭാഗ്യാനുഭവങ്ങളെക്കുറിച്ചോ, പ്രതികൂലാഭിപ്രായം തോന്നിയാൽ വിവാഹത്തിനു അനുവദിക്കരുതെന്ന് " ദൈവജ്ഞവര്യഃ പാണീഗ്രഹം കാരയേൽ " എന്ന ഭാഗംകൊണ്ടു സൂചിപ്പിച്ചിരിക്കുന്നു. വിവാഹത്തിന്റെ പ്രധാന ഉദ്ദേശം സന്തത്യർത്ഥമാകുന്നു. പിതൃക്കൾ സന്തോഷിക്കണമെങ്കിൽ സന്തതി ഉണ്ടായിരിക്കണം. തിലഹവനം, ക്ഷേത്രപിണ്ഡം മുതലായ കർമ്മങ്ങൾ പിതൃ പ്രീതികരങ്ങളാണെങ്കിലും അതിനുള്ള കർത്തൃത്വവും അവകാശവും സന്താനങ്ങളിലാണിരിക്കുന്നത്. അതിനാൽ വിവാഹം പിതൃപ്രീതികരമായ ഒരു കർമ്മമാണ്. 

ഈ പദ്യംകൊണ്ടു പറയപ്പെട്ട സംഗതികൾ പ്രശ്നസംഗ്രഹത്തിൽ പറയപ്പെട്ടവയാണ്.

--------------------------------------------

വിവാഹവിഷയപ്രശ്നസ്യാസ്ത്യേവാവശ്യകാര്യതാ
ബൃഹസ്പതിസ്തഥാ ചാഹ മാധവീയേ ച മാധവഃ

സാരം :-

വധൂവരന്മാരെക്കൊണ്ടു വിവാഹക്രിയചെയ്യിക്കുന്നത് പ്രശ്നം നോക്കി ശുഭാശുഭചിന്ത ചെയ്തതിനുശേഷമാണ് വേണ്ടത്. അല്ലാതെ നിശ്ചയമായും ചെയ്യിക്കരുത്. ഇങ്ങിനെ ബൃഹസ്പതിയും സ്വഗ്രന്ഥത്തിൽ മാധവാചാര്യനും സ്പഷ്ടമായി പറഞ്ഞിട്ടുണ്ട്. അതിനാൽ വിവാഹപ്രശ്നം അവശ്യകമെന്നു സിദ്ധിക്കുന്നു.

പൊരുത്തഫലങ്ങൾ

ദീർഘായുർദിനസംജ്ഞതസ്തനയപൗത്രാപ്തിസ്തു മാഹേന്ദ്രതഃ
സ്ത്രീദീർഘാൽ ഖലു മംഗലാപ്തിരനിശം സമ്പൽസ്ഥിരാ യോനിതഃ
അന്യോന്യം രമണീയതാ തു ഗണതസ്തദ്വന്മനോഹാരിതാ
ദമ്പത്യോർവ്വയസാനുകൂല്യത ഇതി പ്രോക്തം ഫലം കിഞ്ചന. - ഇതി.

സാരം :-

ദിനപൊരുത്തം ഉണ്ടായിരുന്നാൽ ദമ്പതികൾ ദീർഘായുസ്സുകളായിരിക്കും.

മാഹേന്ദ്രപൊരുത്തം ഉണ്ടായിരുന്നാൽ ദമ്പതികൾക്ക് പുത്രന്മാരും പൌത്രന്മാരും ധാരാളം ഉണ്ടായിരിക്കും.

സ്ത്രീദീർഘപൊരുത്തം ഉണ്ടായിരുന്നാൽ ഭർത്താവിന് ദീർഘായുസ്സായിരിക്കും.

യോനിപൊരുത്തം ഉണ്ടായാൽ എന്നും ഒന്നുപോലെ ഐശ്വര്യം ഉണ്ടായിരിക്കും.

ഗണപൊരുത്തം ഉണ്ടായിരുന്നാൽ ദമ്പതികൾക്ക് അന്യോന്യം അനുരാഗം ഉണ്ടായിരിക്കും.

വയഃ പൊരുത്തം ഉണ്ടായിരുന്നാൽ ദമ്പതികൾക്ക് ഐകമത്യം ഉണ്ടായിരിക്കും. 

ഋണധനപൊരുത്തം

ആർദ്രാഹസ്തഭമംബുബുധ്നിഭമയം വർഗ്ഗോ മഹർദ്ധിപ്രദോ
വഹ്ന്യാദ്യം പിതൃഭാദികം പുനരനൂരാധാദി വസ്വാദി ച
താരാണാം ത്രയമേഷ വൃദ്ധികൃദഥോ പൂഷാദിതിത്വാഷ്ട്രത-
സ്ത്രീണി ത്രീണി ച വിശ്വവിഷ്ണുഭമയം വർഗ്ഗോ വ്യയർണ്ണപ്രദഃ

ഏവം ത്രയം ഹി വർഗ്ഗാണാം പ്രോക്തമന്വർത്ഥനാമകം
ദമ്പത്യോർജന്മവർഗ്ഗൈക്യം തത്തന്നാമ ഫലപ്രദം.

സാരം :-

തിരുവാതിര അത്തം പൂരാടം ഉത്രട്ടാതി എന്നീ നക്ഷത്രങ്ങൾ ഒരു വർഗ്ഗം ആണ്. സ്ത്രീപുരുഷന്മാരുടെ നക്ഷത്രങ്ങൾ ഈ വർഗ്ഗമായാൽ വളരെ അഭിവൃദ്ധി ഫലമാകുന്നു.

കാർത്തിക രോഹിണി മകയിരം മകം പൂരം ഉത്രം അനിഴം തൃക്കേട്ട മൂലം അവിട്ടം ചതയം പൂരോരുട്ടാതി എന്നീ നക്ഷത്രങ്ങൾ ഒരു വർഗ്ഗം ആണ്. സ്ത്രീപുരുഷന്മാരുടെ നക്ഷത്രങ്ങൾ ഈ വർഗ്ഗം ആയാൽ ഐശ്വര്യം സംഭവിക്കും.

അശ്വതി ഭരണി പുണർതം പൂയം ആയില്യം ചിത്തിര ചോതി വിശാഖം ഉത്രാടം തിരുവോണം രേവതി എന്നീ നക്ഷത്രങ്ങൾ ഒരു വർഗ്ഗമാണ്. ഭാര്യാഭർത്താക്കന്മാരുടെ നക്ഷത്രങ്ങൾ ഈ വർഗ്ഗത്തിൽപെട്ടതായാൽ വളരെ ചെലവും കടവും ഫലം ആയിരിക്കും. 

പാണ്ഡ്യപൊരുത്തം

ആദസ്രഭം ദമ്പതിജന്മതാരാത്
സംഗണ്യ സംഖ്യാദ്വിതയം ച യുക്ത്വാ
ബാണൈർഹരേച്ശിഷ്ടഫലാനി ലക്ഷ്മീർ -
വൃദ്ധിർവിപച്ഛ്രീരധികാധികാപൽ.

സാരം :-

സ്ത്രീയുടേയും പുരുഷന്റേയും നക്ഷത്രം മുതൽ അശ്വതി നക്ഷത്രം വരെ എണ്ണിയാൽ കിട്ടുന്ന സംഖ്യകളെ ഒരുമിച്ചുകൂട്ടി അഞ്ചുകൊണ്ടു ഹരിച്ചാൽ ശിഷ്ടം ഒന്നാണെങ്കിൽ സമ്പത്തും രണ്ടായാൽ അഭിവൃദ്ധിയും മൂന്നായാൽ ആപത്തും നാലായാൽ അതിസമൃദ്ധിയും അഞ്ചായാൽ അധികം ആപത്തും സംഭവിക്കും. 

ചോളപൊരുത്തം

ദസ്രാദാപുരുഷാംഗനാജനനഭം സംഗണ്യ സംഖ്യായുഗം
യുക്ത്വാ വിശ്വയുതം ച ദന്തരഹിതം യോഗം ഹരേൽ പഞ്ചഭിഃ
പുത്രർദ്ധിർമൃതിരർത്ഥവൃദ്ധിരതിരുക്സമ്പച്ച ശിഷ്ടൈഃ ഫലാ-
ന്യത്യാജ്യേഷു രദേഷു തത്ര ഗണനം ജന്മാദിദസ്രാന്തിമം.

സാരം :-

അശ്വതി നക്ഷത്രം തുടങ്ങി പുരുഷനക്ഷത്രം വരെ എണ്ണിയാൽ കിട്ടുന്ന സംഖ്യ അതുപോലെതന്നെ അശ്വതി നക്ഷത്രം മുതൽ സ്ത്രീനക്ഷത്രം വരെ എണ്ണിയാൽ കിട്ടുന്ന സംഖ്യ ഈ രണ്ടു സംഖ്യകളും ഒരുമിച്ചുകൂട്ടി അതിൽ പതിമൂന്നുകൂടി കൂട്ടണം. അതിൽനിന്നു മുപ്പത്തിരണ്ടു കളഞ്ഞു ശേഷത്തെ അഞ്ചുകൊണ്ടു ഹരിച്ചാൽ പിന്നീട് ഒന്നു ശേഷിച്ചാൽ പുത്രവൃദ്ധിയും രണ്ടു ശേഷിച്ചാൽ ഭാര്യാഭർത്താക്കന്മാർക്കു മരണവും മൂന്നു ശേഷിച്ചാൽ ധനപുഷ്ടിയും നാലുശേഷിച്ചാൽ മഹാരോഗവും അഞ്ചുശേഷിച്ചാൽ സമ്പത്തും ഫലമാകുന്നു.

അശ്വതി നക്ഷത്രം മുതൽ സ്ത്രീപുരുഷന്മാരുടെ നക്ഷത്രം വരെ എണ്ണിയ സംഖ്യയും പതിമൂന്നുംകൂടി ചേർത്താൽ മുപ്പത്തിരണ്ടിനുമേൽ വരാത്തപക്ഷം അപ്രകാരമല്ല ചെയ്യേണ്ടത്. സ്ത്രീപുരുഷന്മാരുടെ നക്ഷത്രം മുതൽ അശ്വതി നക്ഷത്രം വരെ എണ്ണിയാലുള്ള സംഖ്യകളെ ഒരുമിച്ചുചേർത്തു പതിമൂന്നുകൂടി കൂട്ടി മുപ്പത്തിരണ്ടു കളഞ്ഞു ശേഷിച്ചതിനെ അഞ്ചുകൊണ്ടു ഹരിക്കണം അതിൽ ശിഷ്ഠസംഖ്യകൊണ്ടു പുത്രവൃദ്ധി മുതലായ ഫലങ്ങൾ കല്പിച്ചുകൊള്ളണം. 

ആയവ്യയപൊരുത്തം

ആപുംജന്മഭമംഗനാജനനഭാൽ സംഗണ്യ സംഖ്യാത്ര യാ
ഹത്വാ താം വിശിഖൈർഹരേൽ ക്ഷിതിധരൈസ്തത്ര വ്യയഃ ശിഷ്യതേ

ഏവം പൂരുഷതാരകാദിവനിതാതാരാന്തസംഖ്യാഭിരി-
ത്യായഃ സിദ്ധ്യതി പൂർണ്ണതാ തദുഭയോഃ ശിഷ്ടേഷു സപ്തസ്വിഹ.

സാരം :-

സ്ത്രീ ജനിച്ച നാളുമുതൽ പുരുഷൻ ജനിച്ച നാളുവരെ ആ രണ്ടുനാളും ഉൾപ്പെടുത്തി എണ്ണിയ സംഖ്യയെ അഞ്ചിൽ പെരുക്കി എഴിൽ ഹരിച്ചാൽ ശേഷിക്കുന്ന സംഖ്യ ചിലവെന്നു (വ്യയം) ധരിക്കണം. ഒന്നും ശേഷിക്കുന്നില്ലെങ്കിൽ ശേഷം ഏഴാണെന്നു ധരിക്കേണ്ടതാണ്. 

ഇതുപോലെതന്നെ പുരുഷന്റെ നാളുമുതൽ സ്ത്രീനാൾവരെ എണ്ണിയാൽ കിട്ടുന്ന സംഖ്യയെ അഞ്ചിൽ പെരുക്കി ഏഴിൽ ഹരിച്ചാൽ ശിഷ്ടസംഖ്യ വരവ് (ആയം) ആകുന്നു. ഇവിടേയും ശിഷ്ടം ഒന്നും ഇല്ലെങ്കിൽ വരവ് ഏഴാണെന്നു ധരിക്കേണ്ടതാണ്.

------------------------------------------

ആയാധിക്യമിഹ ഗ്രാഹ്യം പ്രാപ്തയേ സർവ്വസമ്പദാം
വ്യയാധിക്യേ തു ഹസ്തസ്ഥധനനാശോ ദരിദ്രതാ.

സാരം :-

കഴിഞ്ഞ പദ്യംകൊണ്ടും വിവരിക്കപ്പെട്ട ആയവ്യയപ്പൊരുത്തചിന്തയിൽ ആയം (വരവ്) ചെലവിനേക്കാൾ കൂടുതലുണ്ടെങ്കിൽ വിവാഹശേഷം എല്ലാവിധത്തിലും ഐശ്വര്യം (സർവ്വസമ്പൽപ്രാപ്തി) ഉണ്ടാകും. വ്യയം (ചെലവ്) ഏറിവന്നാൽ വിവാഹശേഷം കയ്യിലുള്ള ധനം എല്ലാം നശിച്ചു ദാരിദ്ര്യം അനുഭവിക്കാൻ ഇടവരും. 

മനപൊരുത്തം

ദമ്പത്യോശ്ചാന്യോന്യം സക്തിഃ ശുഭദാ വിശേഷതഃ പ്രോക്താ
പാണിഗ്രഹണം നൃണാമത്യർത്ഥം ചിന്തനീയം സ്യാൽ. - ഇതി

സാരം :-

സ്ത്രീപുരുഷന്മാർക്ക് നിർവ്യാജമായ അന്യോന്യം അനുരാഗം ഉണ്ടായാൽ അത് മനപൊരുത്തം എന്ന് പറയുന്നു, ഇത് മറ്റുള്ള എല്ലാ പൊരുത്തങ്ങളെക്കാളും ഫലപ്രദവും ശോഭനവും ആണ്. മറ്റുള്ള പൊരുത്തങ്ങൾ ഒന്നും ഇല്ലെങ്കിലും സക്തിപൊരുത്തം (മനപ്പൊരുത്തം) ഉണ്ടെങ്കിൽ അവർ തമ്മിലുള്ള ബന്ധം സുഖകരമായിത്തന്നെയായിരിക്കും. മനപ്പൊരുത്തം ഇല്ലാതെ മറ്റു പൊരുത്തങ്ങൾ ഉണ്ടായാൽ ജീവിതം സുഖപ്രദമായിരിക്കുകയില്ല. ഈ തത്വം നല്ലപോലെ ചിന്തിച്ചുവേണം വിവാഹം ചെയ്യിക്കേണ്ടത്. മാനസികമായ ആനുകൂല്യങ്ങൾക്ക് വല്ല കാരണവശാലും വിരുദ്ധത സംഭവിക്കാൻ ഇടയുണ്ടെങ്കിൽ ആ വിവാഹം ചെയ്യിക്കരുത്. 

-----------------------------------------------------

യസ്യാം മനഃ സമാസക്തം താമേവ വിവഹേൽ ബുധഃ
സർവ്വാനുഗുണഭംഗേപി മനോനുഗുണതാധികാ. - ഇതി.

സാരം :-

തനിക്കു ഏതൊരു സ്ത്രീയിലാണോ നിർവ്യാജമായ ആസക്തിയുള്ളത്. അറിവുള്ളവർ ആ സ്ത്രീയെത്തന്നെ നിശ്ചയമായും വിവാഹം ചെയ്യേണ്ടതാണ്. ഇത് പരിശുദ്ധമായ മനോവൃത്തിയുള്ളവർക്ക് മാത്രമേ യോജിക്കുകയുള്ളൂ. മൃഗീയമായ ചേതോവികാരങ്ങൾക്ക് കീഴ്പെടുന്നവർക്ക് ഈ തത്വം യോജിക്കുകയില്ലെന്ന് സാരം. 

തനിക്കു ഏതൊരു സ്ത്രീയിലാണോ നിർവ്യാജമായ ആസക്തിയുണ്ടെങ്കിൽ മറ്റുള്ള സകലപൊരുത്തങ്ങളേക്കാളും മനപ്പൊരുത്തത്തിനു ശ്രേഷ്ഠതയുണ്ടെന്നു തീർച്ചയായും അറിയേണ്ടതാണ്. 

അഷ്ടവർഗ്ഗപ്രകാരമുള്ള പൊരുത്തം

കന്യായാ ജന്മേന്ദോശ്ചാഷ്ടകവർഗ്ഗേ ഫലാധികേ രാശൌ
പുരുഷസ്യ ജന്മ ശുഭദം പുരുഷേന്ദുവശാത്തഥൈവ കന്യായാഃ. - ഇതി

സാരം :-

സ്ത്രീയുടെ ജാതകപ്രകാരം ചന്ദ്രന്റെ അഷ്ടവർഗ്ഗം ഇട്ടുനോക്കിയാൽ അധികം അക്ഷം ഉള്ള രാശി ഏതാണോ ആ രാശിയിൽ ആണ് പുരുഷജാതക പ്രകാരം ചന്ദ്രൻ നിൽക്കുന്നതെങ്കിൽ ശോഭനം ആണ്. അങ്ങിനെ പുരുഷജാതകത്തിലും ചന്ദ്രാഷ്ടവർഗ്ഗം ഇട്ട്‌ അതിൽ അക്ഷം അധികം ഉള്ള രാശിയിലാണ് സ്ത്രീയുടെ ജാതകത്തിലെ ചന്ദ്രന്റെ സ്ഥിതി എങ്കിൽ അതും ശോഭനംതന്നെയാണ്. 

-----------------------------------------------------

രാശ്യാഷ്ടാംശകനായകാഃ ശനിഗുരുക്ഷ്മാപുത്രഭാസ്വൽഭൃഗു-
ഗ്ലൗപുത്രാമൃതരശ്മയോ നിഗദിതാഃ പ്രാഗ് ലഗ്നഭം ച ക്രമാൽ
പുംസ്ത്രീന്ദ്വഷ്ടകവർഗ്ഗയോരിതരജന്മേന്ദ്വാശ്രിതാഷ്ടാംശനാ-
ഥാക്ഷോപേതഗൃഹേന്യജന്മശുഭദം ചിന്ത്യം വിശേഷാദിദം.

സാരം :-

ഓരോ രാശിക്ക് ശുഭാംഗപ്രമാണകളായി (മൂന്നു തിയ്യതിയും നാൽപത്തഞ്ച് ഇലിയും) എട്ടെട്ടു കക്ഷ്യകളുണ്ട്. ഈ ഓരോ കക്ഷ്യകളുടേയും അധിപന്മാർ ക്രമേണ ശനി വ്യാഴം ചൊവ്വ സൂര്യൻ ശുക്രൻ ബുധൻ ചന്ദ്രൻ എന്നീ ഗ്രഹങ്ങളാണ്. പുരുഷജാതകത്തിലെ ചന്ദ്രാഷ്ടവർഗ്ഗത്തിൽ ആ ചന്ദ്രൻ നിൽക്കുന്ന കക്ഷ്യയുടെ അധിപന്റെ അക്ഷം ശോധനയ്ക്ക് ശേഷം ഏതൊരു രാശിയിലാണോ ഉള്ളത് ആ രാശിയിൽ സ്ത്രീജാതകത്തിലെ ചന്ദ്രസ്ഥിതി വരുന്നതു ശോഭനമാണ്. അതുപോലെ സ്ത്രീയുടെ ജാതകപ്രകാരം ചന്ദ്രന്റെ അഷ്ടവർഗ്ഗത്തിൽ ചന്ദ്രൻ നിൽക്കുന്ന കക്ഷ്യയുടെ അധിപന്റെ അക്ഷമുള്ള രാശിയിലാണ് പുരുഷജാതകപ്രകാരം ചന്ദ്രന്റെ സ്ഥിതി എങ്കിൽ അതും ശോഭനം ആണ്. ഇതു ശ്രദ്ധയോടുകൂടി ചിന്തിച്ചു അറിയേണ്ടതാണ്.

സ്ത്രീപുരുഷന്മാരുടെ വയസ്സ്

വദ്ധ്വാ വയസ്തസ്ത്രിഗുണം നരസ്യ
ശ്രേഷ്ഠം വയഃ സ്യാദ്വിഗുണം തു മദ്ധ്യം
കഷ്ടം മനാഗഭ്യധികം വിഹീനം
മനാഗപി സ്യാൽ കുലസംക്ഷയായ.

സാരം :-

സ്ത്രീയുടെ വയസ്സിന്റെ മൂന്നിരട്ടി വയസ്സ് വരനുണ്ടായിരുന്നാൽ ഏറ്റവും ഉത്തമമാണ്. സ്ത്രീയുടെ വയസ്സിന്റെ രണ്ടിരട്ടി വയസ്സ് വരനുണ്ടായിരുന്നാൽ മദ്ധ്യമമാണ്. സ്ത്രീയുടെ വയസ്സിൽ നിന്നു രണ്ടുനാലുവയസ്സ് പുരുഷനു കൂടുതലുണ്ടെങ്കിൽ കഷ്ടമാണ്. പുരുഷനു സ്ത്രീയുടെ വയസ്സിനെക്കാൾ കുറവാണെങ്കിൽ വംശഹാനി സംഭവിക്കും. 

മദ്ധ്യമരജ്ജുപൊരുത്തം

ദസ്രാൽ ത്രികം ത്രികം കല്പ്യം ത്ര്യംഗുലീഷു ക്രമോൽക്രമാൽ
ഏകാംഗുലിഗതേ വർജ്ജ്യേ ദമ്പത്യോർജന്മതാരകേ.

മദ്ധ്യാംഗുലീഗതേ തേ ചേന്മൃതിവൈരാദികാരികേ. ഇതി.

സാരം :-

അശ്വതി മുതൽ മുമ്മൂന്നു നക്ഷത്രങ്ങളെ ക്രമത്താലേയും ഉൽക്രമത്താലേയും മൂന്നു വിരലുകളിൽ കല്പിക്കുക. (അശ്വതി ഒന്നാം വിരലിൽ ഭരണി രണ്ടാം വിരലിൽ, കാർത്തിക മൂന്നാം വിരലിൽ. പിന്നെ രോഹിണി മൂന്നാം വിരലിൽ. മകീര്യം രണ്ടാം വിരലിൽ, തിരുവാതിര ഒന്നാം വിരലിൽ. പിന്നെ പുണർതം ഒന്നാം വിരലിൽ ഇങ്ങനെ കണ്ടുകൊൾക.) സ്ത്രീപുരുഷന്മാർ രണ്ടുപേരുടേയും നക്ഷത്രങ്ങൾ ഒരു വിരലിൽ വന്നാൽ വർജ്ജിക്കേണ്ടതാണ്. സ്ത്രീപുരുഷന്മാർ രണ്ടുപേരുടേയും നക്ഷത്രങ്ങൾ രണ്ടാമത്തെ വിരലിൽ യോജിച്ചുവന്നാൽ മരണം വിരോധം മുതലായ ആപത്തുകൾ സംഭവിക്കും. 

മദ്ധ്യവിരലിൽ സ്ത്രീപുരുഷന്മാരുടെ നക്ഷത്രങ്ങൾ ഒരുമിച്ചു വരുന്നത് മദ്ധ്യമരജ്ജു എന്നും മറ്റു രണ്ടു വിരലുകളിൽ യോജിച്ചുവരുന്നതു രജ്ജു എന്നും പറയപ്പെടുന്നു. മദ്ധ്യമരജ്ജു അത്യാപത്തിനേയും രജ്ജു ആപത്തിനേയും ചെയ്യും. 

അശ്വതി, തിരുവാതിര പുണർതം ഉത്രം അത്തം തൃക്കേട്ട മൂലം ചതയം പൂരോരുട്ടാതി എന്നീ നക്ഷത്രങ്ങളിൽ സ്ത്രീപുരുഷമാരുടെ നക്ഷത്രങ്ങൾ വന്നാൽ വർജ്ജ്യം.

ഭരണി, മകീര്യം പൂയം പൂരം ചിത്തിര, അനിഴം പൂരാടം അവിട്ടം ഉത്രട്ടാതി എന്നീ നക്ഷത്രങ്ങളിൽ സ്ത്രീപുരുഷന്മാരുടെ നക്ഷത്രങ്ങൾ വന്നാൽ മരണവൈരാദിഫലം അനുഭവിക്കും. (മദ്ധ്യമരജ്ജു ദോഷം)

ശേഷം നക്ഷത്രങ്ങളിൽ സ്ത്രീപുരുഷന്മാരുടെ നക്ഷത്രങ്ങൾ വന്നാൽ വർജ്ജ്യം.

ഇങ്ങനെയാണ് രജ്ജുപ്പൊരുത്തമെന്ന ദോഷത്തെ ചിന്തിപ്പാനുള്ള വഴി. ഇങ്ങനെയാണ് മുഹൂർത്തരത്നവചനം. 

ഭൂതപൊരുത്തം

ഭൂതോയതേജഃ പവനവ്യോമാനി ച യഥാക്രമം
ദസ്രാൽ പഞ്ചാംഗബാണാംഗശരാസ്തദനുകൂലതാ.

ഭൂതൈക്യം പവനാഗ്നിത്വം ഭൂശ്ച സർവേര്യുതാ ശുഭാ.
തോയാഗ്നീ നിന്ദിതൗ വ്യോമ്നഃ സർവൈര്യോഗോത്ര മധ്യമഃ. - ഇതി.

സാരം :-

അശ്വതി ഭരണി കാർത്തിക രോഹിണി മകയിരം = പൃഥ്വി ഭൂതം

തിരുവാതിര പുണർതം പൂയം ആയില്യം മകം പൂരം - ജലം ഭൂതം

ഉത്രം അത്തം ചിത്തിര ചോതി വിശാഖം - അഗ്നി ഭൂതം

അനിഴം തൃക്കേട്ട മൂലം പൂരാടം ഉത്രാടം തിരുവോണം - വായു ഭൂതം

അവിട്ടം ചതയം പൂരോരുട്ടാതി ഉത്രട്ടാതി രേവതി - ആകാശം ഭൂതം.

ഇങ്ങനെ നക്ഷത്രങ്ങളെ അഞ്ചു ഭൂതങ്ങളായി വിഭജിച്ചിരിക്കുന്നു. ഇവയിൽ സ്ത്രീപുരുഷന്മാരുടെ നക്ഷത്രങ്ങൾ ഒരു ഭൂതമായിരുന്നാൽ ഉത്തമം ആണ്. ഒരാൾ വായുഭൂതവും മറ്റെയാൾ അഗ്നിഭൂതവും ആയാലും ശുഭം തന്നെ. അവരിൽ ഒരാളിന്റെ നക്ഷത്രം പൃഥ്വീഭൂതമായാൽ മറ്റെയാളിന്റെ നക്ഷത്രം ഏതു ഭൂതമായി വന്നാലും ശോഭനം തന്നെ. ഒരാൾ ജലഭൂതവും മറ്റെയാൾ അഗ്നിഭൂതവുമായാൽ അത്യന്തം അശുഭമാണ്. ഏതു ഭൂതത്തോടും ആകാശഭൂതം ചേർന്നാൽ മദ്ധ്യമം ആകുന്നു. ഇങ്ങനെയാണ് ഭൂതംകൊണ്ടുള്ള പൊരുത്തചിന്ത.

---------------------------------------------------------

അശ്വ്യാദികാഃ ശരരസേഷുരസേഷുസംഖ്യാ-
സ്താരാഃ ക്രമാൽ ക്ഷിതിജലാഗ്നിമരുൽഖരൂപാഃ
സൂര്യാദിരാശിവശഗാനി വദന്തി കേചി-
ത്തേജോംബുവഹ്ന്യവനിഖാംബ്വനിലാത്മകാനി. - ഇതി

സാരം :-

നക്ഷത്രങ്ങളെകൊണ്ടുള്ള ഭൂതചിന്ത, മുഹൂർത്താഭരണത്തിൽ ഇപ്രകാരമാണ്.

അശ്വതി നക്ഷത്രം മുതൽ അഞ്ചു നക്ഷത്രങ്ങൾ പൃഥ്വീഭൂതം. അതിനുശേഷമുള്ള ആറു നക്ഷത്രങ്ങൾ ജലം ഭൂതം, അതിനുശേഷം അഞ്ചു നക്ഷത്രങ്ങൾ അഗ്നി ഭൂതം. അതിനുശേഷം ആറു നക്ഷത്രങ്ങൾ വായുഭൂതം. അതിനുശേഷം അഞ്ചു നക്ഷത്രങ്ങൾ ആകാശം ഭൂതം. 

കൂടാതെ ചില ആചാര്യന്മാർക്ക് താഴെ പറയുന്ന വിധത്തിലും അഭിപ്രായമുണ്ട്.

മിഥുനം കന്നി ഈ രാശികൾ പൃഥ്വീഭൂതം
ഇടവം കർക്കിടകം തുലാം എന്നീ രാശികൾ ജലം ഭൂതം
മേടം ചിങ്ങം വൃശ്ചികം എന്നീ രാശികൾ അഗ്നിഭൂതം
മകരം കുംഭം എന്നീ രാശികൾ വായു ഭൂതം
ധനു മീനം എന്നീ രാശികൾ ആകാശം ഭൂതം

മേൽപറഞ്ഞ അഭിപ്രായം "ശിഖിഭൂഖപയോമരുൽഗണാനാം വശിനോ ഭൂമിസുതാദയാ ക്രമേണ" എന്ന ഭഗംകൊണ്ടു വരാഹമിഹിരൻ പറഞ്ഞിട്ടുള്ളതാണ്. ഇങ്ങനെയാണ് മധാവീയഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നത്.

------------------------------------------------------

ദസ്രാൽ ക്ഷ്മാദീനി ഭൂതാനി പഞ്ചഷൾപഞ്ചഷൾശരാഃ
ഭൂതൈക്യം ശുഭമഗ്ന്യംബുയോഗോ നിന്ദ്യഃ പരേ സമാഃ ഇതി.

സാരം :-

നക്ഷത്രങ്ങളുടെ ഭൂതവിഭാഗം കഴിഞ്ഞ പദ്യത്തിൽ പറഞ്ഞപോലെ ആണ്. രണ്ടുപേരുടെയും നക്ഷത്രങ്ങൾ ഒരു ഭൂതമായി വരുന്നത് ഉത്തമമാണ്. ഒരാൾ അഗ്നിഭൂതവും മറ്റെയാൾ ജലഭൂതവും ആയാൽ അധമം. മറ്റുവിധത്തിലുള്ള ഭൂതയോജ്യത മദ്ധ്യമമാണ്.

വേധപൊരുത്തം

ഗേഹാരംഭനിഷിദ്ധവേധവിരഹഃ ശ്ലാഘ്യോത്ര ജന്മർക്ഷയോ-
സ്തദ്വർഗ്ഗക്രമതഃ ഫലം വിദധതേ വൈധവ്യമർത്ഥക്ഷയം
നാനാദേശപരിഭ്രമവ്യസനിതാം മൃത്യും ച പുത്രക്ഷയം
വേധാഃ കണ്ഠകടീപദദ്വയശിരഃ കുക്ഷ്യുൽഭവാഃ സംജ്ഞയാ.

ധാതൃശ്രീനാഥരുദ്രാനിലരവിവരുണാഃ കാലമിത്രാര്യമാംഭോ
ബുദ്ധ്ന്യാര്യാഃ ശക്രപൂഷാശ്വ്യഹിനിര്യതിമഘാസ്ത്വാഷ്ട്രവസ്വൈന്ദവാനി
ഭാദ്രേന്ദ്രാഗ്ന്യർക്ഷവിശ്വാദിതിദഹനഭഗാഃ പഞ്ചവർഗ്ഗാഃ സ്യുരേഷാം
വർഗ്ഗം തം വേധദുഷ്ടം ത്യജതു ഗൃഹകൃതൗ സഗ്രഹാ യത്ര താരാഃ. - ഇതി.

സാരം :-

1). രോഹിണി, തിരുവാതിര, അത്തം, ചോതി, തിരുവോണം, ചതയം. 
2). ഭരണി, പൂയം, പൂരം, അനിഴം, പൂടാരം, ഉത്രട്ടാതി 
3). അശ്വതി ആയില്യം മകം തൃക്കേട്ട മൂലം രേവതി 
4). മകയിരം ചിത്തിര അവിട്ടം 
5). കാർത്തിക പുണർതം ഉത്രം വിശാഖം ഉത്രാടം പൂരോരുട്ടാതി 

എന്നിങ്ങനെ നക്ഷത്രങ്ങൾ അഞ്ചു വർഗ്ഗങ്ങളാണ്. 

ഇങ്ങിനെ അഞ്ചുവർഗ്ഗങ്ങളുള്ളതിൽ ഏതു വർഗ്ഗത്തിൽ ഗ്രഹങ്ങൾ നിൽക്കുന്നുവോ ആ വർഗ്ഗം വേധമുള്ള വർഗ്ഗമാകുന്നു. അതിനെ ഗൃഹാരംഭമുഹൂർത്തത്തിങ്കൽ വർജ്ജിക്കണം. (ഒരു വർഗ്ഗത്തിലുള്ള ഏതെങ്കിലും ഒരു നക്ഷത്രത്തിൽ ഒരു ഗ്രഹം നിന്നാൽ ആ വർഗ്ഗം മുഴുവൻ വേധമുള്ളതായിത്തീരും. ആ നക്ഷത്രങ്ങളെന്നു താൽപര്യം)

എന്നാൽ സ്ത്രീപുരുഷന്മാരുടെ പൊരുത്ത ചിന്തയിലും ഈ വേധം വർജ്ജിക്കേണ്ടതാണ്. അതിന്റെ ക്രമം ഇപ്രകാരമാണ്. മേൽപറഞ്ഞ അഞ്ചുവർഗ്ഗങ്ങളിൽ വച്ച് ഒന്നാമത്തെ വർഗ്ഗത്തിൽ സ്ത്രീപുരുഷന്മാരുടെ നക്ഷത്രങ്ങൾ വന്നാൽ കണ്ഠവേധമെന്നു പറയും. വൈധവ്യം അനുഭവിക്കാനിടവരും. 

രണ്ടാമത്തെ വർഗ്ഗത്തിൽപ്പെട്ട നക്ഷത്രങ്ങൾ സ്ത്രീപുരുഷന്മാരുടെ ജന്മനക്ഷത്രങ്ങളായി വന്നാൽ കടീവേധമെന്നു പറയും. ദാരിദ്ര്യം ഫലമായിരിക്കും.

സ്ത്രീപുരുഷന്മാരുടെ നക്ഷത്രങ്ങൾ മൂന്നാംവർഗ്ഗത്തിൽപ്പെട്ടവ ആയാൽ പാദവേധമെന്നു പറയും. ദേശസഞ്ചാരം ഫലമാകുന്നു.

സ്ത്രീപുരുഷന്മാരുടെ ജന്മനക്ഷത്രങ്ങൾ നാലാംവർഗ്ഗത്തിൽപ്പെട്ടവ ആയാൽ ശിരോവേധം എന്ന് പറയും, മരണം ഫലമാകുന്നു.

സ്ത്രീപുരുഷന്മാരുടെ ജന്മനക്ഷത്രങ്ങൾ അഞ്ചാംവർഗ്ഗത്തിൽപ്പെട്ടവ ആയാൽ കുക്ഷിവേധമെന്നു പറയും. സന്താനനാശം ഫലമായിരിക്കും.

സ്ത്രീപുരുഷന്മാരുടെ ജന്മനക്ഷത്രങ്ങൾ രണ്ടും ഒരു വർഗ്ഗത്തിൽതന്നെപെടാതിരുന്നാൽ ശോഭനമാണ്

ഇങ്ങനെയാണ് മാധവീയവചനം.

-------------------------------------------------

വൈധവ്യമർത്ഥനാശം സ്ഥാനഭ്രംശം സുതക്ഷയം നിധനം
കണ്ഠോരുചരണകുക്ഷിജമൂർദ്ധോഥാസ്താഃ ക്രമാൽ ഫലം ദദ്യുഃ. - ഇതി.

സാരം :-

കണ്ഠവേധം ഉണ്ടായാൽ ഭർത്താവിനു അല്പായുസ്സായിരിക്കും. (വൈധവ്യം)

ഊരുവേധം ഉണ്ടായാൽ ധനനാശം സംഭവിക്കും.

പാദവേധം ഉണ്ടായാൽ സ്ഥാനഭ്രംശം.

കുക്ഷിവേധം ഉണ്ടായാൽ പുത്രനാശം

ശിരോവേധം ഉണ്ടായാൽ മരണം സംഭവിക്കും.

ഇതാണ് മുഹൂർത്താഭരണവചനം.

--------------------------------------------------------

ശിരോവേധഃ പതിം ഹന്തി കണ്ഠവേധസ്തു യോഷിതം
നാഭിവേധഃ പ്രജാം ഹന്തി സക്ഥിവേധഃ കുലക്ഷയം

പാദവേധോƒതിവിഭ്രംശം ദാരിദ്ര്യം ച പ്രയച്ഛതി
അർദ്ധഭേഷു ശിരോവേധസ്തദൂർധ്വാധസ്തു കണ്ഠഗഃ

തത്സമീപഗഭേഷ്വന്യേ വേധാ അഭിമതാഃ ക്രമാൽ. - ഇതി

സാരം :-

മകയിരം ചിത്തിര അവിട്ടം എന്നിവ ശിരോവേധനക്ഷത്രങ്ങളാണ്. ഭർത്തൃനാശം ഫലം.

രോഹിണി തിരുവാതിര അത്തം ചോതി തിരുവോണം ചതയം എന്നിവ കണ്ഠവേധനക്ഷത്രങ്ങളാണ്. ഭാര്യാനാശം ഫലം.

കാർത്തിക പുണർതം ഉത്രം വിശാഖം ഉത്രാടം പൂരോരുട്ടാതി എന്നീ നക്ഷത്രങ്ങൾ നാഭിവേധനക്ഷത്രങ്ങളാണ്. പുത്രനാശം സംഭവിക്കും.

ഭരണി പൂയം പൂരം അനിഴം പൂരാടം ഉത്രട്ടാതി എന്നീ നക്ഷത്രങ്ങൾ കുക്ഷിവേധനക്ഷത്രങ്ങളാണ്. വംശനാശം ഫലം.

അശ്വതി ആയില്യം മകം തൃക്കേട്ട മൂലം രേവതി എന്നിവ പാദവേധനക്ഷത്രങ്ങളാണ്. സ്ഥാനഭ്രംശവും ദാരിദ്ര്യവും അനുഭവിക്കും.

മേൽപറഞ്ഞ അഞ്ചുവേധവർഗ്ഗങ്ങളിൽപ്പെട്ട നക്ഷത്രങ്ങളിൽ വച്ച് ദമ്പതികളുടെ നക്ഷത്രങ്ങൾ ഒരു വർഗ്ഗത്തിൽപ്പെട്ടവയായാൽ മേൽ പറയപ്പെട്ട ഫലങ്ങൾ അനുഭവിക്കും.

--------------------------------------------------------

അശ്വീന്ദ്രൗ യമമിത്രഭേ ഹരിഹരൗ ശൂർപാനലൗ വായ്വജൗ
മൂലാഹീ പിതൃപൂഷണൗ ഗുരുജലേ ദേവപ്രസൂവിശ്വഭേ
ബുധ്ന്യർക്ഷാര്യമണൗ ദിനേശവരുണൗ ഭാദ്രർക്ഷഭാഗ്യേ മിഥോ
വേധാന്നാർഹതി യോഗമൃക്ഷയുഗളം വസ്വിന്ദുചിത്രാത്രയം.

സാരം :-

സ്ത്രീപുരുഷന്മാരുടെ ജന്മനക്ഷത്രങ്ങളിൽ ഒന്നു അശ്വതിയും മറ്റൊന്ന് തൃക്കേട്ടയും വന്നാൽ വേധം എന്ന് പറയപ്പെടുന്നു. അതിനാൽ അതു വർജ്ജിക്കേണ്ടതാണ്. അതുപോലെ ഭരണിയും അനിഴവും വന്നാലും, തിരുവാതിരയും തിരുവോണവും വന്നാലും കാർത്തികയും വിശാഖവും വരുന്നതും രോഹിണിയും ചോതിയും വരുന്നതും ആയില്യവും മൂലവും വരുന്നതും മകവും രേവതിയും വരുന്നതും പൂയവും  പൂരാടവും വരുന്നതും പുണർതവും ഉത്രാടവും വരുന്നതും പൂരവും ഉത്രട്ടാതിയും വരുന്നതും അത്തവും ചതയവും വന്നാലും ഉത്രവും പൂരോരുട്ടാതിയും വന്നാലും വേധം എന്ന് പറയപ്പെടുന്നു. ഇതുപോലെ മകയിരം ചിത്തിര അവിട്ടം എന്നീ മൂന്നു നക്ഷത്രങ്ങളും വേധമുള്ളവയാണ്.

മേൽപറഞ്ഞ വേധമുള്ള നക്ഷത്രങ്ങളിൽ ഒന്നു വധൂവരന്മാരിൽ ഒരാളുടെ നക്ഷത്രമായും മറ്റേതു മറ്റൊരാളുടെ നക്ഷത്രമായും വരുന്നതു വേധമാകുന്നു. വേധം ഉണ്ടായാലുള്ള ഫലം ആണ് അടുത്ത പദ്യം കൊണ്ട് പറയപ്പെടുന്നത്.

------------------------------------------------------------

ജന്മർക്ഷവേധേ കഥിതേത്ര ജാതേ
യുക്തോപി വശ്യാദിഗുണൈർബലിഷ്ഠൈഃ
പതിം ച കന്യാം ച സമൂലഘാതം
നിഹന്തി ഷഷ്ഠാഷ്ടമരാശിയോഗഃ

സാരം :-

കഴിഞ്ഞ ശ്ലോകംകൊണ്ടു വേധനക്ഷത്രങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ. ഈ വേധദോഷം ഉണ്ടായിരുന്നാൽ ഭാര്യക്കും ഭർത്താവിനും നാശം സംഭവിക്കും. വശ്യപ്പൊരുത്തം മുതലായ ശോഭനപ്പൊരുത്തങ്ങൾ ഉണ്ടായിരുന്നാലും ഈ വേധത്തിനു ആറും എട്ടും കൂറുകളുടെ ബന്ധം ഉള്ളതുകൊണ്ടു രണ്ടുപേരുടേയും കുടുംബത്തോടുകൂടെ നാശത്തിനു ഇടവരും. 

ഇങ്ങനെയാണ് വേധചിന്തയ്ക്കുള്ള ക്രമങ്ങൾ. 

മൃഗപൊരുത്തം

വാജീഭാജവധൂരഗാഹിസരമാമാർജാരബസ്താഖുഭുങ്-
മൂഷാഖൂഷ്ട്രലുലായസിംഹമഹിഷവ്യാഘ്രൈണസാരംഗികാഃ
കൗലേയപ്ലവഗോക്ഷവാനരമഹിഷ്യശ്വാംഗനാഗോദ്വിപാ
ഭാനാം യോനിരുദാഹൃതാ പ്രകൃതിതസ്താസ്വാനുകൂല്യം ശുഭം.

സാരം :-

അശ്വതി നക്ഷത്രം തുടങ്ങി ഇരുപത്തേഴുനക്ഷത്രങ്ങൾക്ക് ക്രമേണ കുതിര, ആന, പെണ്ണാട്, സർപ്പം, സർപ്പം, ശ്വാവ്, പൂച്ച, ആട്, പൂച്ച, എലി, എലി, ഒട്ടകം, പോത്ത്, സിംഹം, പോത്ത്, വ്രാഘ്രം (പുലി), മാൻ, പേടമാൻ, ശ്വാവ്, വാനരം, കാള, വാനരം, എരുമ, കുതിര, മനുഷ്യസ്ത്രീ, പശു, ആന എന്നിങ്ങനെ ഇരുപത്തേഴു യോനികളാകുന്നു. ശീലംകൊണ്ടു യോജിപ്പുള്ള മൃഗങ്ങളുടെ നക്ഷത്രങ്ങൾ സ്ത്രീപുരുഷന്മാരുടെ നക്ഷത്രങ്ങളായി വന്നാൽ അവർ തമ്മിൽ യോജിപ്പും പകയുളള മൃഗങ്ങളുടെ നാളുകളായി വന്നാൽ അവർ തമ്മിൽ ഐക്യക്കുറവും ഫലമാകുന്നു. പരമശത്രുക്കളായ മൃഗങ്ങളുടെ നക്ഷത്രങ്ങൾ സ്ത്രീപുരുഷന്മാരുടെ നക്ഷത്രങ്ങളായി വന്നാൽ വർജ്ജിക്കേണ്ടതാണ്.

---------------------------------------------

ഗജാശ്വഗോനരാ ഋശ്യോ ബസ്തകശ്ച വിലാളകഃ
അന്യോന്യശുഭദാസ്ത്വേതേ വ്യാഘ്രസർപൗ മൃതിപ്രദൗ.

സാരം :-

മൃഗപൊരുത്തത്തിൽ സ്ത്രീപുരുഷന്മാരുടെ നക്ഷത്രങ്ങൾക്ക് ആന, കുതിര, പശു, മനുഷ്യസ്ത്രീ, മാൻ, ആട്‌, പെണ്ണാട്, പൂച്ച, ഈവക യോനികളായിരുന്നാൽ അന്യോന്യം പകയില്ല. അതുകൊണ്ട് ശോഭനമാണ്. (വിവാഹത്തിനു ശുഭമാണ്‌).

മൃഗപൊരുത്തത്തിൽ സ്ത്രീപുരുഷന്മാരുടെ നക്ഷത്രങ്ങൾ പുലിയും സർപ്പവും ആയാൽ മരണം തന്നെ സംഭവിക്കും.

----------------------------------------------

വിലാളഭുജഗൗ ശ്വാഖൂ പരസ്പരവിരോധിനൗ
മഹിഷാശ്വൗ മിഥഃ ശത്രൂഃ സർവത്ര ശുഭദോ ഹരിഃ

ശ്വാഖുമാർജാരശാർദൂലസർപ്പാ അന്യോന്യശത്രവഃ. - ഇതി

സാരം :-

സ്ത്രീപുരുഷന്മാരുടെ നക്ഷത്രങ്ങൾകൊണ്ട് മൃഗപൊരുത്തം പറയുമ്പോൾ പൂച്ചയും ശ്വാവും തമ്മിലും എലിയും പാമ്പും തമ്മിലും  പോത്തും കുതിരയും തമ്മിലും ശത്രുക്കളാണെന്നും അതിനാൽ അവരെ അന്യോന്യം ചേർക്കുന്നതു വിഹിതമല്ലെന്നും അറിയണം. സിംഹം മറ്റേതു മൃഗങ്ങളോടു (യോനികളോടു) ചേർന്നാലും ശോഭനം തന്നെ. ശ്വാവ്, എലി, പൂച്ച, പുലി, പാമ്പ്, എന്നിവ തമ്മിൽ ശത്രുക്കളാണ്. ഇതുകൊണ്ടാണ് ഇവതമ്മിൽ ചേർക്കാൻ പാടില്ലെന്നും പറഞ്ഞത്. ഇങ്ങനെയാണ് മുഹൂർത്തരത്നഗ്രന്ഥവചനം.

--------------------------------------------------

ശ്വാ ഗൗര്‍ന്നാ മഹിഷോ മൃഗാജകപയോ വ്യാഘ്രദ്വിഷോഥോ ശുനോ
ഗൗർബസ്തഃ പ്ലവഗോ മൃഗോപ്യഥ മിഥോ വൈര്യാഖുഭുങ്മൂഷികം
ഏണേഭം മഹിഷാശ്വമോതു, ഭുജഗം ഹസ്ത്യശ്വമാഖൂരഗം
യോന്യോരത്ര സുഹൃത്വമൈക്യമപി ച ശ്ലാഘ്യം വിരോധോƒശുഭഃ. - ഇതി.

സാരം :-

പശുവിനും പട്ടിക്കും മനുഷ്യസ്ത്രീക്കും പോത്തിനും മാനിനും ആടിനും വാനരത്തിനും വ്യാഘ്രം (പുലി) ശത്രുവാണ്.

പശു ആട് പെണ്ണാട് കുരങ്ങ് മാൻ ഈ അഞ്ചു യോനികളും (മൃഗങ്ങളും) ശ്വാവിന്റെ വിരോധികളാണ്.

എലിയും പൂച്ചയും തമ്മിൽ ശത്രുക്കൾ ആണ്.

മാനും ആനയും തമ്മിലും എലിയും സർപ്പവും തമ്മിലും കുതിരയും പോത്തും തമ്മിലും പൂച്ചയും സർപ്പവുമായും ശത്രുക്കളാണ്.

സ്ത്രീപുരുഷന്മാരുടെ നക്ഷത്രങ്ങൾകൊണ്ടു മൃഗങ്ങളെ ചിന്തിയ്ക്കുമ്പോൾ സ്ത്രീപുരുഷന്മാരുടെ നക്ഷത്രങ്ങൾ ഒരു മൃഗമായി വരുന്നതും അല്ലെങ്കിൽ അന്യോന്യം ബന്ധുത്വമുള്ള മൃഗങ്ങളായിരിക്കുന്നതും ശോഭനമാണ്.

സ്ത്രീപുരുഷന്മാരുടെ നക്ഷത്ര മൃഗങ്ങൾ തമ്മിൽ ശത്രുത വരുന്നത് അശുഭമാണ്.

ഇങ്ങനെയാണ് മാധവീയത്തിലെ അഭിപ്രായം.

------------------------------------------

ബാർഹസ്പത്യാദിഷു വ്യാഘ്രശ്ചിത്രായോനിരുദാഹൃതഃ
സിംഹോ മുഹൂർത്തരത്നേ തു പ്രഷ്ടവ്യാസ്തദ്വിപശ്ചിതഃ

സാരം :-

ചിത്തിര നക്ഷത്രത്തിന്റെ മൃഗം ബൃഹസ്പതി മുതലായവർക്ക് പുലിയാണെന്നും മുഹൂർത്തരത്നത്തിൽ സിംഹമാണെന്നും പറഞ്ഞുകാണുന്നു. ഇവിടെ വിദ്വാന്മാരുടെ അഭിപ്രായം അറിഞ്ഞു ചിന്തിച്ചുകൊള്ളണം. ബൃഹസ്പതിയുടെ അഭിപ്രായം അനുസരിച്ച് ചിത്തിര നക്ഷത്രത്തിന്റെ മൃഗം പുലി ആണെന്നുള്ളതാണ് ഇപ്പോൾ ആചാരത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളത്‌. 

പക്ഷിപൊരുത്തം

ഭാരണ്ഡകഃ പിംഗലകാകതാമ്ര-
ചൂഡാഃ ശിഖണ്ഡീതി ഖഗാഃ ക്രമേണ
ബാണാംഗതർക്കേഷ്വിഷുസംഖ്യഭാനാം
ശ്രേഷ്ഠം ദ്വയോരേകവിഹംഗമത്വം. - ഇതി.

സാരം :-

അശ്വതി ഭരണി കാർത്തിക രോഹിണി മകയിരം എന്നീ അഞ്ചു നക്ഷത്രങ്ങളും പെരുമ്പുള്ള്.

തിരുവാതിര പുണർതം പൂയം ആയില്യം മകം പൂരം എന്നീ ആറു നക്ഷത്രങ്ങൾ ചെമ്പോത്ത്

ഉത്രം അത്തം ചിത്തിര ചോതി വിശാഖം അനിഴം എന്നീ ആറു നക്ഷത്രങ്ങൾ കാക്ക

തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം എന്നീ അഞ്ച് നക്ഷത്രങ്ങൾ കോഴി

അവിട്ടം, ചതയം, പൂരോരുട്ടാതി, ഉത്രട്ടാതി, രേവതി എന്നീ അഞ്ചു നക്ഷത്രങ്ങൾ മയിൽ.

സ്ത്രീപുരുഷന്മാർ ഇരുവരുടെയും നക്ഷത്രങ്ങൾ ഒരു പക്ഷിയിൽ പെട്ടതാണെങ്കിൽ ഉത്തമമാണ്. അന്യോന്യം ശത്രുക്കളായ രണ്ടു പക്ഷികളുടെ നക്ഷത്രങ്ങളായാൽ അധമവും ബന്ധുക്കളായ പക്ഷികളുടെ നക്ഷത്രങ്ങളായാൽ മദ്ധ്യമവും ആണെന്നു പ്രത്യേകം ഗ്രഹിച്ചുകൊള്ളേണ്ടതാണ്. 

ഗോത്രപൊരുത്തം

ദസ്രാദികാനാമൃഷയോ മരീചിഃ
ശ്രേഷ്ഠോ വസിഷ്ഠോ മുനിരംഗിരാശ്ച
അത്രിഃ പുലസ്ത്യഃ പുലഹഃ ക്രതുശ്ച
ക്രമേണ ഭാനാമഭിജിദ്യുതാനാം.

സാരം :-

അശ്വതി നക്ഷത്രം തുടങ്ങി രേവതിവരെ അഭിജിത്തുൾപ്പെടെ ഇരുപത്തെട്ടു നക്ഷത്രങ്ങളാണല്ലോ ഉള്ളത്. ഈ ഇരുപത്തെട്ടു നക്ഷത്രങ്ങളെക്കൊണ്ട് ഏഴ് ഗോത്രങ്ങളെ കല്പിക്കുന്നു.

ഗോത്രങ്ങൾ :-

1). മരീചിഗോത്രം.
2). വസിഷ്ഠഗോത്രം.
3). അംഗിരസ്സുഗോത്രം
4). അത്രിഗോത്രം
5). പുലസ്ത്യഗോത്രം
6). പുലഹഗോത്രം
7). ക്രതുഗോത്രം

ഇവയിൽ ഈ ഇരുപത്തെട്ടു നക്ഷത്രങ്ങളെ ഏഴു വരിയായി കല്പിക്കുമ്പോൾ ഒരു ഗോത്രത്തിനു നാലു നക്ഷത്രങ്ങൾ ഉണ്ടാകും.

മരീചിഗോത്രം - അശ്വതി, പൂയം, ചോതി, അഭിജിത്ത്

വസിഷ്ഠഗോത്രം - ഭരണി, ആയില്യം, വിശാഖം, തിരുവോണം

അംഗിരസ്സ് (ഗുരുഗോത്രം) - കാർത്തിക, മകം, അനിഴം, അവിട്ടം.

അത്രിഗോത്രം - രോഹിണി, പൂരം, തൃക്കേട്ട, ചതയം.

പുലസ്ത്യഗോത്രം - മകയിരം, ഉത്രം, മൂലം, പൂരോരുട്ടാതി

പുലഹഗോത്രം - തിരുവാതിര, അത്തം, പൂരാടം, ഉത്രട്ടാതി

ക്രതുഗോത്രം - പുണർതം, ചിത്തിര, ഉത്രാടം, രേവതി

ഈ ക്രമമനുസരിച്ച് സ്ത്രീപുരുഷന്മാരുടെ ജന്മനക്ഷത്രംകൊണ്ട് അവരുടെ ഗോത്രങ്ങൾ നിശ്ചയിച്ചുകൊള്ളേണ്ടതാണ്.

--------------------------------------------

ഏകർഷിഗോത്രോദ്ഭവയോർവിപത്തിം
കരോതി കന്യാനരയോർവിവാഹഃ
വിഭിന്നഗോത്രോദ്ഭവയോ ശ്രിയം ച
ഭജന്മഗോത്രൈക്യമപീഹ മദ്ധ്യം. - ഇതി.

സാരം :-

സ്ത്രീയും പുരുഷനും ഒരു ഗോത്രത്തിൽ ജനിച്ചാൽ അവർ തമ്മിലുള്ള വിവാഹം ആപത്തിനെ ഉണ്ടാകും. 

സ്ത്രീയും പുരുഷനും രണ്ടു ഗോത്രത്തിൽ ജനിച്ചാൽ അത് ഐശ്വര്യപ്രദമാകുന്നു. (സമ്പത്തുണ്ടാകും)

സ്ത്രീപുരുഷന്മാരുടെ ലഗ്നസ്ഫുടത്തിനു നാളുകണ്ട് മേൽപ്രകാരം ഗോത്രചിന്ത ചെയ്‌താൽ സ്ത്രീയ്ക്കും പുരുഷനും ഒരു ഗോത്രം വന്നാൽ മദ്ധ്യമമാകുന്നു. അവിടേയും ഗോത്രം രണ്ടായാൽ ഉത്തമമാണ്.

ഗണപ്പൊരുത്തം

പൂഷാശ്വിമിത്രഹരിവായ്വദിതീന്ദ്വിനാര്യാ
ദേവാ നരാസ്തു യമപൂർവശിവോത്തരാജാഃ
ദൈത്യാഃ പരാഃ കലഹമൃത്യുഭയശ്രിയഃ സ്യുർ-
ദേവാസുരേസുരനരേ നൃസൂരേ സമേ ച. - ഇതി.

സാരം :-

രേവതി, അശ്വതി, അനിഴം, തിരുവോണം, ചോതി, പുണർതം, മകയിരം, അത്തം പൂയം എന്നീ ഒമ്പത് നക്ഷത്രങ്ങൾ ദേവഗണനക്ഷത്രങ്ങളാണ്.

ഭരണി, പൂരം. പൂരാടം, പൂരോരുട്ടാതി, തിരുവാതിര, ഉത്രം ഉത്രാടം ഉത്രട്ടാതി രോഹിണി എന്നീ ഒമ്പത് നക്ഷത്രങ്ങൾ മനുഷ്യഗണങ്ങളാണ്.

ശേഷമുള്ള ഒമ്പത് നക്ഷത്രങ്ങൾ രാക്ഷസഗണനക്ഷത്രങ്ങളാണ്. (അസുരഗണനക്ഷത്രങ്ങളാണ്)

സ്ത്രീപുരുഷന്മാരുടെ നക്ഷത്രങ്ങൾ ദേവഗണവും അസുരഗണവുമായാൽ കലഹം ഫലം ആകുന്നു. സ്ത്രീപുരുഷന്മാരുടെ നക്ഷത്രങ്ങൾ അസുരഗണവും മനുഷ്യഗണവും ആയാൽ മരണവും സ്ത്രീപുരുഷന്മാരുടെ നക്ഷത്രങ്ങൾ മനുഷ്യഗണവും ദേവഗണവും ആയാൽ ഭയവും സ്ത്രീപുരുഷന്മാരുടെ നക്ഷത്രങ്ങൾ നക്ഷത്രം ഒരു ഗണമായാൽ സമ്പത്തും ഫലം ആകുന്നു.

------------------------------------------------

ഐക്യം സ്യാദ്ഗണയോരതീവ ശുഭദം ദേവാസുരോദ്ഭൂതയോഃ
പുംസോർമാനുഷസംഭവാ തു സുഭദാ മദ്ധ്യാ ച നാരീ ക്രമാൽ
പുംസോ മാനുഷസംഭവസ്യ വിബുധോദ്ഭൂതാംഗനാ ദോഷദാ
വർജ്ജ്യൈവാസുരസംഭവേതി ഗണയോർഭേദേ ദിദാ ചോദിതാ.

സാരം :-

സ്ത്രീയും പുരുഷനും ഒരു ഗണമായാൽ ജീവിതം ഏറ്റവും ശോഭനമായിരിക്കും.

ദേവഗണത്തിൽ ജനിച്ച പുരുഷനു മനുഷ്യഗണത്തിൽ ജനിച്ച സ്ത്രീ ഉത്തമയാകുന്നു. അസുരഗണത്തിൽ ജനിച്ച പുരുഷന് മനുഷ്യഗണത്തിൽ ജനിച്ച സ്ത്രീ മദ്ധ്യമയാണ്. ഐശ്വര്യകരമല്ലെന്നു സാരം.

മനുഷ്യഗണത്തിൽ ജനിച്ച പുരുഷന് ദേവഗണത്തിൽ ജനിച്ച സ്ത്രീ ശോഭനമല്ല.

അസുരഗണത്തിൽ ജനിച്ച സ്ത്രീ വർജ്ജിക്കപ്പെടുകതന്നെ വേണം.

ഗണപ്പൊരുത്ത ചിന്തയിൽ ഈ വക വ്യത്യാസങ്ങളെക്കൂടി അറിഞ്ഞുകൊള്ളണം.

------------------------------------

ദമ്പത്യോർജ്ജനനോഡുപേƒങ്കനിഹതേ തത്രസ്ഥയോസ്താരയോ-
ര്യദ്വാ ജന്മവിലഗ്നഭോദ്യദുഡുനോഃ സ്യാച്ചേദ്ഗണൈക്യം തയോഃ
സ്ത്രീദീർഘം യദി വാ തദാ നരഗണോദ്ഭൂതസ്യ പുംസോപി നോ
ദോഷഃ സ്യാദധികഃ സ്യുരാര്യുഡുഭുവഃ പ്രോദ്വാഹതോ യോഷിതാഃ ഇതി.

സാരം :-

സ്ത്രീപുരുഷന്മാരുടെ ജനനകാലത്തുള്ള ചന്ദ്രസ്ഫുടങ്ങളെ ഒൻപതിൽ പെരുക്കണം. പിന്നീട് ഈ രണ്ടു സ്ഫുടങ്ങൾക്കും നാളുകണ്ടാൽ ഒരു ഗണമായി വരണം. അല്ലെങ്കിൽ സ്ത്രീപുരുഷന്മാരുടെ ലഗ്നസ്ഫുടങ്ങൾക്കു നാളുകണ്ടാൽ ഒരു ഗണമായി വന്നാലും മതി. അല്ലെങ്കിൽ സ്ത്രീദീർഘപ്പൊരുത്തമുണ്ടായിരിക്കണം. മേൽപറയപ്പെട്ട മൂന്നു ലക്ഷണങ്ങളിൽ ഏതെങ്കിലും ഒന്നുണ്ടെങ്കിൽ മനുഷ്യഗണത്തിൽ ജനിച്ച പുരുഷനും അസുരഗണത്തിൽ ജനിച്ച സ്ത്രീയും തമ്മിലുള്ള വിവാഹവും വലിയ ദോഷപ്രദമാണെന്നു പറയാൻ പാടില്ല.

ഇങ്ങനെയാണ് ഗണപ്പൊരുത്തത്തെപ്പറ്റിയുള്ള വിചാരരീതികൾ. 


യോനിപൊരുത്തം

പുംസ്താരേ പുരുഷസ്യ ജന്മ വനിതാതാരേ വധൂജന്മ ചേത്
സമ്പത്സ്യാന്മഹതീ ദ്വയോര്യുവതിഭേ മദ്ധ്യം നൃഭേ ദോഷദം
കഷ്ടാ യോനിവിരുദ്ധതാഥ പുരുഷാഃ പുഷ്യത്രയാശ്വ്യന്തക-
ജ്യേഷ്ഠാപഞ്ചമരുദ്വിഭാദ്രഭഗഭാസ്താരാഃ പരാ യോഷിതഃ

സാരം :-

അശ്വതി, ഭരണി, പൂയം, ആയില്യം, മകം, ഉത്രം, ചോതി, വിശാഖം, തൃക്കെട്ടം, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, പൂരോരുട്ടാതി എന്നീ പതിനാലു നക്ഷത്രങ്ങൾ പുരുഷനക്ഷത്രങ്ങളാണ്. ശേഷമുള്ള പതിമൂന്നു നക്ഷത്രങ്ങൾ സ്ത്രീനക്ഷത്രങ്ങളാണ്.

സ്ത്രീ സ്ത്രീനക്ഷത്രത്തിലും പുരുഷൻ പുരുഷനക്ഷത്രത്തിലും ജനിച്ചാൽ വിവാഹത്തിനു ഉത്തമമാണ്. വലിയ സമ്പത്തുണ്ടാകും (ഐശ്വര്യം). സ്ത്രീയുടേയും പുരുഷന്റെയും ജന്മനക്ഷത്രങ്ങൾ സ്ത്രീനക്ഷത്രമായാൽ മദ്ധ്യമം. സ്ത്രീയുടേയും പുരുഷന്റെയും ജന്മനക്ഷത്രങ്ങൾ പുരുഷനക്ഷത്രമായാൽ അധമം. സ്ത്രീ പുരുഷനക്ഷത്രത്തിലും പുരുഷൻ സ്ത്രീനക്ഷത്രത്തിലും ജനിച്ചാൽ വളരെ കഷ്ടമാണ്.

-----------------------------------------------


യോനിപൊരുത്തം കണ്ടുപിടിക്കാനുള്ള മറ്റൊരു രീതി

അശ്വിന്യാര്യാജഭാദ്രാദ്വയരവിമുരജിന്മാതൃമിത്രാഃ പുമാംസഃ
ക്ലീബാഖ്യാ മൂലശീതദ്യുതിജലപതയസ്താരകാ യോഷിതോƒന്യാഃ
സ്ത്രീപുംസ്താരോത്ഥപുംസഃ സുദൃഗശുഭശുഭാ ക്ലീബജാ ക്ലീബജസ്യ
സ്ത്രീ മദ്ധ്യാ നാര്യുഡൂത്ഥാ പുനരിതരഭവേ നിന്ദിതേ പ്രാഗ്വദന്യൽ. - ഇതി

സാരം :-

അശ്വതി, രോഹിണി, പുണർതം, പൂയം, അത്തം, അനിഴം, തിരുവോണം, പൂരോരുട്ടാതി, ഉത്രട്ടാതി എന്നീ ഒമ്പത് നക്ഷത്രങ്ങൾ പുരുഷനക്ഷത്രങ്ങൾ ആണ്. മകയിരം, മൂലം, ചതയം, എന്നീ മൂന്നു നക്ഷത്രങ്ങൾ നപുംസകനക്ഷത്രങ്ങളാണ്. ശേഷമുള്ള പതിനഞ്ചുനക്ഷത്രങ്ങളും സ്ത്രീനക്ഷത്രങ്ങളാണ്. 

പുരുഷനക്ഷത്രത്തിൽ ജനിച്ച പുരുഷന് പുരുഷനക്ഷത്രത്തിൽ ജനിച്ച സ്ത്രീ അധമയാകുന്നു. സ്ത്രീ നക്ഷത്രത്തിൽ ജനിച്ച സ്ത്രീ ഉത്തമയും ആകുന്നു. നപുംസകനക്ഷത്രത്തിൽ ജനിച്ച സ്ത്രീയും ഉത്തമയാകുന്നു. 

സ്ത്രീനക്ഷത്രത്തിൽ ജനിച്ച പുരുഷന് പുരുഷനക്ഷത്രത്തിൽ ജനിച്ച ജനിച്ച സ്ത്രീ നിന്ദ്യയാണ്. സ്ത്രീനക്ഷത്രത്തിൽ ജനിച്ച സ്ത്രീ മദ്ധ്യമമാണ്. നപുംസകനക്ഷത്രത്തിൽ ജനിച്ച സ്ത്രീ അധമയും ആണ്.

നപുംസകനക്ഷത്രത്തിൽ ജനിച്ച പുരുഷന് പുരുഷനക്ഷത്രത്തിൽ ജനിച്ച സ്ത്രീ അധമം. സ്ത്രീനക്ഷത്രത്തിൽ ജനിച്ച സ്ത്രീ മദ്ധ്യമമാണ്. നപുംസകനക്ഷത്രത്തിൽ ജനിച്ച സ്ത്രീ അധമയുമാകുന്നു.  

ജാതിപൊരുത്തം

ക്രമാദ്ദ്വിജക്ഷത്രിയവൈശ്യശൂദ്രാ
വർണ്ണാനുലോമപ്രതിലോമജൗ ച
ഋക്ഷാണി ദസ്രപ്രഭൃതീനി ഷൾ ഷൾ
ഭാദ്രാത്രയം വിപ്രനരേന്ദ്രവൈശ്യാഃ

സാരം :-

അശ്വതിയും പുണർതവും അത്തവും മൂലവും പൂരോരുട്ടാതിയും ബ്രാഹ്മണർ.

ഭരണിയും പൂയവും ചിത്തിരയും പൂരാടവും ഉത്രട്ടാതിയും ക്ഷത്രിയർ

കാർത്തികയും ആയില്യവും ചോതിയും ഉത്രാടവും രേവതിയും വൈശ്യൻ

രോഹിണിയും മകവും വിശാഖവും തിരുവോണവും ശൂദ്രൻ.

മകയിരവും പൂരവും അനിഴവും അവിട്ടവും അനുലോമജാതി.

തിരുവാതിരയും ഉത്രവും തൃക്കേട്ടയും ചതയവും പ്രതിലോമജാതി.

ഇങ്ങനെ നക്ഷത്രങ്ങളെ ആറു ജാതികളായി വിഭജിച്ചിരിക്കുന്നു.


---------------------------------------

സംയോഗോ വരയോഷിതോരതിശുഭഃ
സ്യാദേകജാതീയയോഃ
ശ്രേഷ്ഠശ്ചോത്തമജാതിജോ യദി പുമാൻ 
സ്ത്രീ ഹീനജാത്യുൽഭവാ
കഷ്ടം തദ്വിപരീതതാ യദി 
ഭവേന്മധ്യോനുലോമോൽഭവൈഃ
സ്ത്രീപുംസൈഃ പ്രതിലോമജൈശ്ച ന ശുഭോ 
വർണ്ണോൽഭവാനാം ക്വചിൽ. -ഇതി

സാരം :-

മേൽപറഞ്ഞ ആറു ജാതിയിൽ വച്ച് സ്ത്രീയും പുരുഷനും ഒരു ജാതിയിൽപ്പെട്ട നക്ഷത്രങ്ങളിൽ ജനിച്ചാൽ അവർ തമ്മിലുള്ള ചേർച്ച ശോഭനമാകുന്നു. പുരുഷൻ ഉയർന്ന ജാതിയിലും സ്ത്രീ കുറഞ്ഞ ജാതിയിലുംപ്പെട്ട നക്ഷത്രങ്ങളിൽ ജനിച്ചാലും ശോഭനം തന്നെ. സ്ത്രീ ഉൽകൃഷ്ടജാതിയിലും പുരുഷൻ താണജാതിയും ആയിരുന്നാൽ അവർ തമ്മിൽ ചേർച്ചയ്ക്കു ശോഭനമായിരിക്കുകയില്ല. സ്ത്രീപുരുഷന്മാരിൽ ഒരാൾ അനുലോമജാതിയിലും മറ്റെയാൾ ബ്രാഹ്മണക്ഷത്രിയാദി നാലു ജാതികളിൽ ഏതെങ്കിലും ഒന്നിലും ജനിച്ചാൽ മദ്ധ്യമമായേ വരികയുള്ളൂ. അവരിലൊരാൾ പ്രതിലോമജാതിയിലും മറ്റേയാൾ ബ്രാഹ്മണാദി നാലു ജാതിയിൽ ഒന്നിലും ജനിച്ചാൽ ഏറ്റവും അശുഭകരമാകുന്നു. ഇങ്ങനെയാണു മാധവീയം എന്ന ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നത്.

ഇവിടെ ജാതി എന്നതുകൊണ്ടു ബ്രാഹ്മണക്ഷത്രിയവൈശ്യശൂദ്രൻമാരെ മാത്രം ഗ്രഹിക്കണം. അവർക്ക് മുമ്പ്മുമ്പ് ഉൽകൃഷ്ടതയും പിമ്പുപിമ്പു നികൃഷ്ടതയും അറിയപ്പെടണം.

---------------------------------------------------

ഏകജാതിഷു സംയോഗഃ ശുഭഃ സ്യാദുത്തമോത്തമഃ
അനുലോമേന സംയോഗോ ഭിന്നജാതിഷു മദ്ധ്യമഃ

പ്രതിലോമ്യേƒധമോ യോഗോ ജാതിയോഗ ഉദാഹൃതഃ. - ഇതി.

സാരം :-

സ്ത്രീപുരുഷന്മാർ രണ്ടുപേരും ഒരുജാതി നക്ഷത്രത്തിൽ ജനിക്കുന്നതുത്തമം. അല്ലെങ്കിൽ പുരുഷൻ ഉൽകൃഷ്ടജാതിയിലും സ്ത്രീ നികൃഷ്ടജാതിയിലും ജനിക്കുന്നത് ഏറ്റവും ഉത്തമമാണ്. സ്ത്രീ ഉൽകൃഷ്ടജാതിയിലും പുരുഷൻ നികൃഷ്ടജാതിയുമായിരുന്നാൽ അധമം. അതുപോലെതന്നെ രണ്ടു ജാതികളിലും സ്ത്രീയ്ക്കു കൂടുതലും പുരുഷനു കുറവും വരുന്നതു മദ്ധ്യമമാണ്. ഇങ്ങനെയാണ്  ബൃഹസ്പതിയുടെ അഭിപ്രായം. 

സ്ത്രീദീർഘപൊരുത്തം

ഗണയേൽ സ്ത്രീജന്മർക്ഷാൽ
ജന്മർക്ഷാന്തം വരസ്യ സംഖ്യാത്ര
പഞ്ചദശാഭ്യധികാ ചേൽ സ്ത്രീ-
ദീർഘാഖ്യോ ഭവേച്ശുഭദഃ. ഇതി.

സാരം :-

സ്ത്രീയുടെ ജന്മനക്ഷത്രം മുതൽ പുരുഷന്റെ ജന്മനക്ഷത്രം വരെ എണ്ണിയാലുള്ള സംഖ്യ പതിനഞ്ചിലധികമുണ്ടെങ്കിൽ സ്ത്രീദീർഘം എന്ന പൊരുത്തമുണ്ട്. അതു ശുഭമാകുന്നു.

മാഹേന്ദ്രപൊരുത്തം

മാഹേന്ദ്രോബ്ധ്യദ്രിദിക്താരാഃ കന്യാജന്മത്രയാച്ശുഭാഃ
സ്ത്രീജന്മതോതിദൂരസ്ഥം പുംജന്മർക്ഷം ശുഭാവഹം

ജന്മർക്ഷാൽ പുരുഷസ്യാഥ സ്ത്രീജന്മർക്ഷം ചതുർഥകം
മാഹേന്ദ്രം ച തതസ്താവദുപേന്ദ്രം ച വിദുർബുധാഃ

മാഹേന്ദ്രം ധനധാന്യാപ്തിരുപേന്ദ്രേ ച പ്രജാന്വിതാ. - ഇതി.

സാരം :-

സ്ത്രീ ജനിച്ച ജന്മനാൾ, പത്താംനാൾ, പത്തൊമ്പതാം നാൾ ഈ മൂന്നു നാളുകളുടെയും 4, 7, 10 എന്നീ നാളുകളിൽ പുരുഷൻ ജനിച്ചാൽ വളരെ ശോഭനമാണ്. എന്നാൽ സ്ത്രീയുടെ നാളിൽ നിന്ന് വളരെ അകലെയായി പുരുഷന്റെ നാൾ വരുന്നത് ശോഭനമാണ്. പുരുഷന്റെ നാളിൽനിന്നു നാലാമത്തെ നാളിൽ സ്ത്രീ ജനിച്ചാൽ മാഹേന്ദ്രപ്പൊരുത്തമെന്നും ഏഴാമത്തെ നാളിൽ ജനിച്ചാൽ ഉപേന്ദ്രപ്പൊരുത്തമെന്നും പറയുന്നു. 

മാഹേന്ദ്രപ്പൊരുത്തമുണ്ടായാൽ ധനം, ധാന്യം ഇവയുടെ  അഭിവൃദ്ധിയും ഉപേന്ദ്രപ്പൊരുത്തത്തിൽ സ്ത്രീസന്താനലാഭൗം ഫലമാകുന്നു.

ദിനപ്പൊരുത്തത്തിൽ ഏഴാംനാൾ നിഷിദ്ധമെന്നും മാഹേന്ദ്രപ്പൊരുത്തത്തിൽ ഏഴാം നാൾ ശോഭനമെന്നും പറഞ്ഞുകാണുന്നു. ഇത് ഒരഭിപ്രായഭേദമെന്നും രണ്ടും രണ്ടു സന്ദർഭങ്ങളിലും സ്വീകാര്യമാണെന്നും ഗ്രഹിച്ചുകൊള്ളണം. 

എണ്‍പത്തെട്ടാമത്തെ നക്ഷത്രപാദത്തിങ്കലും നൂറ്റെട്ടാം നക്ഷത്രപാദത്തിങ്കലും ജനിച്ച പുരുഷൻ അതി കഷ്ടനാകുന്നു

അഷ്ടാശീതിതമേംശേ കന്യാജന്മാംശകാൽ പുമാൻ ജാതഃ
അതികഷ്ടഃ സ്യാത്തദ്വൽ സ്ത്രീജന്മാംശാദധസ്തനേ ചാംശേ. - ഇതി.

സാരം :-

സ്ത്രീജനിച്ച നക്ഷത്രപാദത്തിങ്കൽ നിന്ന് എണ്‍പത്തെട്ടാമത്തെ (88) നക്ഷത്രപാദത്തിങ്കലും നൂറ്റെട്ടാം (108) നക്ഷത്രപാദത്തിങ്കലും ജനിച്ച പുരുഷൻ അതി കഷ്ടനാകുന്നു.

സ്ത്രീ ഒരു നാളിന്റെ ഒന്നാം കാലിൽ ജനിച്ചാൽ ഇരുപത്തിരണ്ടാം നാളിന്റെ നാലാംകാൽ എണ്‍പത്തെട്ടാം കാലായിരിക്കും. രണ്ടാം കാലായാൽ ഇരുപത്തിമൂന്നാംനാളിന്റെ ഒന്നാംകാലും മൂന്നാംകാലിലായാൽ രണ്ടാംകാലും നാലാംകാലിലായാൽ മൂന്നാംകാലും എണ്‍പത്തെട്ടാം കാലായിരിക്കും. സ്ത്രീ ജനിച്ച നക്ഷത്രകാലിന്റെ അടുത്തു മുമ്പത്തെ കാൽ നൂറ്റെട്ടാം കാലുമായിരിക്കും. എന്നു വിചാരിച്ചറിഞ്ഞുകൊൾക.

സ്ത്രീ ജനിച്ച നക്ഷത്രപാദത്തിന്റെ പിൻപിലത്തെ നക്ഷത്രപാദത്തിങ്കൽ (108 - ാ൦ കാലിൽ) ജനിച്ച പുരുഷനും വിവാഹയോഗത്തിൽ വളരെ കഷ്ടഫലപ്രദനാണ്.

ദിനപൊരുത്തം

ജന്മർക്ഷാദധ ഊർധ്വതശ്ച ദശമം ചാധാനഭം കർമ്മഭം
ജന്മർക്ഷാദ്വധതാരപഞ്ചമവിപജ്ജാതോനƒഭീഷ്ടോ നരഃ
ഭേഷ്വേഷു ക്രമശസ്തൃതീയകചതുർത്ഥാദ്യംശജം വർജ്ജയേൽ
കർമ്മർക്ഷാത്തു തദംശജാതമസതാമംശോത്ഥമാധാനതഃ

സാരം :-

പിറന്ന നാളിനു ജന്മർക്ഷമെന്നും പത്താം നാളിനു കർമ്മർക്ഷമെന്നും പത്തൊമ്പതാം നാളിനു ആധാനർക്ഷമെന്നും പറയപ്പെടുന്നു.

അശ്വതി നക്ഷത്രത്തിൽ ജനിച്ചാൽ അശ്വതി ജന്മർക്ഷം. മകം കർമ്മഭം, മൂലം ആധാനഭം. ഇവിടത്തെ ഋക്ഷഭശബ്ദങ്ങൾ നക്ഷത്രവാചികളാകയാൽ ജന്മ നക്ഷത്രം കർമ്മനക്ഷത്രമ്മ് ആധാനനക്ഷത്രം ഇങ്ങിനേയും പറയാം.

വധുവിന്റെ ജന്മനക്ഷത്രത്തിൽ നിന്ന് 3, 5, 7, എന്നീ നക്ഷത്രങ്ങളിൽ പുരുഷൻ ജനിച്ചാൽ വിവാഹത്തിനു സ്വീകാര്യനല്ല. പത്താം നാളായ കർമ്മനക്ഷത്രത്തിൽ നിന്നു മൂന്നാം നാളിൽ പുരുഷൻ ജനിച്ചാൽ ആ നാളിന്റെ ഒന്നാംകാലും അഞ്ചാംനാളിൽ നിന്നു ഒന്നാം നാളിൽ പുരുഷൻ ജനിച്ചാൽ ആ നാളിന്റെ ഒന്നാം കാലും അഞ്ചാം നാളിൽ ജനിച്ചാൽ നാലാംകാലും ഏഴാം നാളിൽ ജനിച്ചാൽ മൂന്നാം കാലും നിഷിദ്ധമാണെന്നേ ഉള്ളൂ. മറ്റു കാലുകളിൽ ജനിച്ച പുരുഷൻ വിവാഹത്തിനു സ്വീകാര്യനാണെന്നു സാരം.

ആധാനനാളായ പത്തൊമ്പതാംനാളിൽ നിന്നു 3, 5, 7 ഈ നാളുകൾക്ക് ക്രമേണ 1, 4, 3 ഈ പാദങ്ങൾ പാപാംശകമായി വന്നാൽ ആ പാദങ്ങളിൽ ജനിച്ച പുരുഷനെ വർജ്ജിക്കേണ്ടതാണ്.

അശ്വതി, മകം, മൂലം  - മേടക്കാൽ

ഭരണി. പൂരം, പൂരാടം - ചിങ്ങക്കാൽ

കാർത്തിക, ഉത്രം, ഉത്രാടം - ധനുക്കാൽ

രോഹിണി, അത്തം, തിരുവോണം - മേടക്കാൽ

ഇങ്ങനെ ക്രമേണ കണ്ടുകൊൾക.

അശ്വതി, മകം, മൂലം ഈ മൂന്നു നാളുകളുടെ ഒന്നാം പാദത്തിന്റെ അധിപതി ചൊവ്വയും രണ്ടാംപാദത്തിന്റെ അധിപതി ശുക്രനും മൂന്നാം പാദത്തിന്റെ അധിപതി ബുധനും നാലാം പാദത്തിന്റെ അധിപതി ചന്ദ്രനും ആകുന്നു.

ഇതുപോലെ ഭരണി പൂരം പൂരാടം ഈ മൂന്നു നാളുകളുടെ ഒന്നാംപാദത്തിന്റെ അധിപതി സൂര്യനും രണ്ടാംപാദത്തിന്റെ അധിപതി ബുധനും മൂന്നാം പാദത്തിന്റെ അധിപതി ശുക്രനും നാലാം പാദത്തിന്റെ അധിപതി ചൊവ്വയുമാണ്. ഈ നയം അനുസരിച്ചു നക്ഷത്രപാദങ്ങളുടെ അധിപതികളെ അറിഞ്ഞുകൊള്ളണം.

-----------------------------------------------

ജനിച്ച നാളിനു ജന്മർക്ഷമെന്നു പറയുന്നു, അതിങ്കൽ നിന്നു പത്താം നാളിനു കർമ്മഭമെന്നു പറയുന്നു. അതിങ്കൽ നിന്ന് പത്താം നാളിനു ആധാനഭമെന്നു പറയുന്നു. അശ്വതിയിൽ ജനിച്ചാൽ അശ്വതി ജന്മർക്ഷം. മകം കർമ്മഭം, മൂലം ആധാനഭം. ഇവിടത്തെ ഋക്ഷഭശബ്ദങ്ങൾ നക്ഷത്രവാചികളാകയാൽ ജന്മനക്ഷത്രം, കർമ്മ നക്ഷത്രം, ആധാനനക്ഷത്രം ഇങ്ങിനേയും പറയാം. സ്ത്രീയുടെ ജന്മനക്ഷത്രത്തിങ്കൽനിന്നു മൂന്ന്, അഞ്ച്, ഏഴ്, എന്നീ നക്ഷത്രങ്ങളിൽ ജനിച്ച പുരുഷൻ വർജ്ജ്യനാകുന്നു. കർമ്മനക്ഷത്രത്തിങ്കൽനിന്നു മൂന്ന്, അഞ്ച്, ഏഴ് ഈ നക്ഷത്രങ്ങളിൽ ജനിച്ച പുരുഷൻ വർജ്ജ്യനാകുന്നു. കർമ്മനക്ഷത്രത്തിങ്കൽ നിന്നു മൂന്നാം നാളിന്റെ ഒന്നാം കാലിലും അഞ്ചാം നാളിന്റെ നാലാംകാലിലും ഏഴാം നാളിന്റെ മൂന്നാം കാലിലും ജനിച്ച പുരുഷനെ വർജ്ജിക്കണം. ആധാനനക്ഷത്രത്തിൽ നിന്നു മൂന്നാം നക്ഷത്രത്തിന്റെ ഒന്നാംകാലും അഞ്ചാം നക്ഷത്രത്തിന്റെ നാലാം കാലും ഏഴാം നക്ഷത്രത്തിന്റെ മൂന്നാംകാലും പാപന്മാരുടേതായി വന്നാൽ ആ കാലുകളിൽ ജനിച്ച പുരുഷനെ വർജ്ജിക്കണം. ഇവിടെ ഒരു പക്ഷാന്തരമുണ്ട്. അതിങ്കൽ ഉത്തരാർദ്ധത്തിന്റെ അന്വയാർത്ഥം ഈ ഭാഗങ്ങളിൽ ക്രമത്തിലെ തൃതീയകചതുർത്ഥാദ്യംശജനെ വർജ്ജിക്കണം. ജന്മർക്ഷത്തിങ്കൽ നിന്നാകട്ടെ തദംശജാതനെ വർജ്ജിക്കണം. ആധാനത്തിങ്കൽ നിന്ന് അസത്തുകളുടെ അംശോഥനെ വർജ്ജിക്കണം എന്നാകുന്നു. ജന്മനക്ഷത്രത്തിങ്കൽ നിന്നു മൂന്ന്, അഞ്ച്, ഏഴു നക്ഷത്രങ്ങളിൽ ജനിച്ച പുരുഷൻ മദ്ധ്യമനാകുന്നുവെന്നും അതുകളിൽ ക്രമത്താലേ ഒന്ന്, നാല്, മൂന്നു കാലുകളിൽ ജനിച്ച പുരുഷനും കർമ്മനക്ഷത്രത്തിങ്കൽ നിന്നും മൂന്ന്, അഞ്ച്, ഏഴു നാളുകളിൽ ക്രമേണ ഒന്ന്, നാല്, മൂന്ന് കാലുകളിൽ ജനിച്ച പുരുഷനും ആധാനനക്ഷത്രത്തിങ്കൽ നിന്ന് മൂന്ന്, അഞ്ച്, ഏഴ് നാളുകളിൽ പാപന്മാരുടെ കാലുകളിൽ ജനിച്ച പുരുഷനും വർജ്ജ്യനാകുന്നുവെന്നും ആ പക്ഷത്തിന്റെ അർത്ഥത്തെ ഗ്രഹിച്ചുകൊള്ളണം.

--------------------------------

പ്രഥമാൽ സ്ത്രീജന്മർക്ഷാ-
ത്സപ്തമജോ വാ തൃതീയജോ വാപി
കഷ്ടതരഃ സ്യാൽ പഞ്ചമ-
ജാതഃ കഷ്ടോ വിശേഷ ഇതി ചോക്തഃ

സാരം :-

സ്ത്രീ ജനിച്ച നാളിൽ നിന്നു മൂന്നാമത്തേയും ഏഴാമത്തേയും നാളിൽ ജനിച്ച പുരുഷൻ വിവാഹത്തിന് സ്വീകാര്യനല്ല. അനിഷ്ടപ്രദനാണ്‌. തീരെ സ്വീകരിച്ചുകൂടായെന്നു താല്പര്യം. അഞ്ചാം നാളിൽ ജനിച്ച പുരുഷൻ അതികഷ്ടനല്ലെങ്കിലും കഷ്ടഫലപ്രദനാണ്‌. ഇങ്ങനെ ഈ മൂന്നു നാളുകൾക്കും അല്പമൊരു ഭേദംകൂടി പറഞ്ഞിരിക്കുന്നു. മൂന്നാംനാൾ വിപന്നക്ഷത്രവും അഞ്ചാം നാൾ പ്രത്യരനക്ഷത്രവും ഏഴാംനാൾ വധനക്ഷത്രവുമാണ്. ഇവയുടെ ഫലം പേരിനനുകൂലമായിരിക്കും.

രാശ്യാധിപ പൊരുത്തം

ജീവോ ജ്ഞജീവൗ ശുക്രജ്ഞൗ വിസൂര്യാ വികുജാഃ ക്രമാൽ
വീന്ദ്വർക്കാ വികുജേന്ദ്വർക്കാഃ സൂര്യദീനാം തു ബാന്ധവാഃ

ജന്മരാശിപയോരൈക്യം മിഥോ മൈത്രീ ച ശോഭനം. - ഇതി.

സാരം :-

വിവാഹപൊരുത്തത്തിൽ

സൂര്യന് വ്യാഴം ബന്ധുവാണ്.

ചന്ദ്രന് ബുധനും വ്യാഴവും ബന്ധുക്കളാണ്.

ചൊവ്വയ്ക്ക്‌ ബുധനും ശുക്രനും ബന്ധുക്കളാണ്.

ബുധന് ചന്ദ്രൻ ചൊവ്വ വ്യാഴം ശുക്രൻ ശനി എന്നീ അഞ്ചു ഗ്രഹങ്ങളും ബന്ധുക്കളാണ്.

വ്യാഴത്തിന് സൂര്യൻ ചന്ദ്രൻ ബുധൻ ശുക്രൻ ശനി എന്നീ അഞ്ചു ഗ്രഹങ്ങളും ബന്ധുക്കളാണ്.

ശുക്രന് ചൊവ്വ ബുധൻ വ്യാഴം ശനി എന്നീ നാല് ഗ്രഹങ്ങളും ബന്ധുക്കളാണ്.

ശനിയ്ക്ക് ബുധൻ വ്യാഴം ശുക്രൻ എന്നീ മൂന്നു ഗ്രഹങ്ങളും ബന്ധുക്കളാണ്.

ബന്ധുക്കളല്ലാത്ത ഗ്രഹങ്ങൾ ശത്രുക്കളാണെന്നറിഞ്ഞുകൊള്ളണം.

സ്ത്രീ ജനിച്ച കൂറിന്റെയും പുരുഷൻ ജനിച്ച കൂറിന്റേയും അധിപതികൾ ഒരു ഗ്രഹമോ അല്ലെങ്കിൽ അവർ രണ്ടുപേരും അന്യോന്യം ബന്ധുക്കളായോ വന്നാൽ രാശ്യാധിപപൊരുത്തം ശോഭനമാണ്. ഇത് മുഹൂർത്തസംഗ്രഹവചനമാണ്.

----------------------------------------------------

യോ യസ്യ ജന്മേശനിജത്രികോണാ-
ത്സുഖാർത്ഥധീധർമ്മമൃതിവ്യയേഷു
ജാതസ്തദുച്ചേ ച സ തസ്യ മിത്രം
പരേഷു തത്സ്വാമിവശേന ശത്രുഃ. - ഇതി.

സാരം :-

സ്ത്രീപുരുഷന്മാരിൽ ഒരാളുടെ ജനിച്ചകൂറിന്റെ അധിപനായ ഗ്രഹത്തിന്റെ മൂലക്ഷേത്രരാശിയിങ്കൽനിന്ന് 2, 4, 5, 8, 9, 12  എന്നീ രാശിക്കൂറുകളിലും അധിപഗ്രഹത്തിന്റെ ഉച്ചരാശിക്കൂറിലും മറ്റേ ആൾ ജനിച്ചാൽ രാശ്യാധിപ പൊരുത്തമുണ്ട്. മറ്റു കൂറുകളിൽ ജനിച്ചാൽ രാശ്യാധിപ പൊരുത്തം ഇല്ല. ഇവിടെ തത്സ്വാമിവശേന എന്നു പറഞ്ഞതുകൊണ്ടു രണ്ടാളുടേയും ജനിച്ച കൂറുകളുടെ അധിപന്മാർ അന്യോന്യബന്ധുക്കളാകകൊണ്ടാകുന്നു. ഈ പൊരുത്തമുണ്ടായതെന്നറിഞ്ഞുകൊൾക. അവിടെ ഗ്രഹങ്ങളുടെ ബന്ധുശത്രുത്വം മുഹൂർത്തസംഗ്രഹവചനാനുസാരേണയല്ല. സത്യാചാര മതാനുസാരേണയാകുന്നു. ഇത് മാധവീയ വചനമാണ്. 

വശ്യപൊരുത്തം

സിംഹകീടൗ കർക്കിതൗലീ കന്യാ ചാപാളിനൗ തുലാ
നൃയുങ്മീനാവേണകന്യേ കർക്കടോƒന്ത്യോ ഘടക്രിയൗ

മേഷോ മൃഗശ്ച വശ്യാഖ്യാ മേഷാദീനാം പദൈഃ ക്രമാൽ
സ്ത്രീജന്മഭസ്യ വശ്യാഖ്യരാശൗ ജാതഃ പുമാൻ ശുഭഃ, - ഇതി

സാരം :-

മേടക്കൂറിനു ചിങ്ങവും വൃശ്ചികവും വശ്യരാശികളാകുന്നു.

ഇടവക്കൂറിനു കർക്കിടകവും തുലാംരാശിയും വശ്യരാശികളാകുന്നു.

മിഥുനക്കൂറിനു കന്നിരാശി വശ്യരാശിയാകുന്നു.

കർക്കിടകക്കൂറിനു വൃശ്ചികം ധനു എന്നീ രാശികളും വശ്യരാശികളാകുന്നു

ചിങ്ങക്കൂറിനു തുലാം രാശി വശ്യരാശിയാകുന്നു.

കന്നിക്കൂറിനു മിഥുനം മീനം എന്നീ രാശികൾ വശ്യരാശികളാകുന്നു

തുലാക്കൂറിനു കന്നി മകരം എന്നീ രാശികൾ വശ്യരാശികളാകുന്നു

വൃശ്ചികക്കൂറിനു കർക്കിടകവും ധനുവും മീനവും വശ്യരാശികളാകുന്നു

മകരക്കൂറിനു മേടം കുംഭം എന്നീ രണ്ടു രാശികളും വശ്യരാശികളാകുന്നു

കുംഭക്കൂറിനു മേടം രാശി വശ്യരാശിയാകുന്നു.

മീനക്കൂറിനു മകരം രാശി വശ്യരാശിയാകുന്നു.

സ്ത്രീ ജനിച്ച കൂറിന്റെ വശ്യരാശികൾ പുരുഷന്റെ കൂറായി വന്നാൽ ശോഭനമാകുന്നു.  ഇങ്ങനെയാണ് മുഹൂർത്തസംഗ്രഹത്തിൽ പറയുന്നത്.

--------------------------------------------------------------

സ്ത്രീജന്മഭസ്യ രാശൗ വശ്യാഖ്യേ ശുഭദഃ പുമാൻ ജാതഃ
അന്യേന്ദോർവശ്യർക്ഷേ സ്വജന്മ ശുഭദം വദന്ത്യന്യേ. ഇതി.

സാരം :-

കഴിഞ്ഞ പദ്യം കൊണ്ടു പറഞ്ഞപ്രകാരമുള്ള വശ്യരാശിയിൽ (സ്ത്രീ ജനിച്ചകൂറിൽ നിന്നു) പുരുഷൻ ജനിച്ചാൽ അന്യോന്യം ചേർച്ചയ്ക്ക് (വിവാഹത്തിന്) ശോഭനമാണ്. അല്ലെങ്കിൽ പുരുഷൻ ജനിച്ച കൂറിൽ നിന്നു വശ്യരാശി സ്ത്രീയുടെ കൂറായി വന്നാലും വിവാഹത്തിനു ശോഭനം തന്നെയാണ്. സ്ത്രീയുടെ കൂറിൽ നിന്നു പുരുഷന്റെ കൂറുകൊണ്ടും പുരുഷന്റെ കൂറിൽ നിന്നു സ്ത്രീയുടെ കൂറുകൊണ്ടും ഒന്നുപോലെ വശ്യപൊരുത്തം ചിന്തിയ്ക്കാമെന്നു അഭിപ്രായം.

രാശിപൊരുത്തം

കന്യാജന്മർക്ഷതോ ദ്വിത്രിവേദബാണാംഗരാശിജഃ
വർജ്യോ ഗ്രാഹ്യോƒപരോ ഭിന്നനക്ഷത്രശ്ചൈകരാശിജഃ

സാരം :-

പൊരുത്ത ചിന്തയിൽ സ്ത്രീക്കാണ് പ്രാമാണ്യം.

കന്യക ജനിച്ച കൂറിൽനിന്ന് രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് എന്നീ കൂറുകളിൽ ജനിച്ച പുരുഷനെ വർജ്ജിക്കേണ്ടതാണ്. രണ്ടുപേരുടേയും കൂറ് ഒന്നായിവന്നാൽ ദോഷമില്ല. പക്ഷെ നക്ഷത്രം ഒന്നായി വരരുത്. രണ്ടു നക്ഷത്രവും ഒരു കൂറും വരാമെന്നു താല്പര്യം. നക്ഷത്രം ഒന്നാണെങ്കിൽ കന്യക ജനിച്ചകൂറിൽ ജനിച്ച പുരുഷൻ മദ്ധ്യമനാകുന്നു.

കന്യക ജനിച്ച കൂറിൽനിന്നു ഏഴ് എട്ട് ഒമ്പത് പത്ത് പതിനൊന്ന് പന്ത്രണ്ട് എന്നീ കൂറുകളിൽ ജനിച്ച പുരുഷനെ സ്വീകരിക്കാം.


--------------------------------------

ഓജരാശിഭുവാം സ്ത്രീണാം മദ്ധ്യൗ ഷഷ്ഠാഷ്ടമർക്ഷജൗ
യുഗ്മരാശിഭുവാം നിന്ദ്യഃ ഷഷ്ഠജോƒഷ്ടമജഃ ശുഭഃ - ഇതി.

സാരം :-

മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ ഓജരാശിക്കൂറുകളിൽ സ്ത്രീ ജനിച്ചാൽ ആ കൂറിന്റെ ആറാം കൂറിലും എട്ടാം കൂറിലും ജനിച്ച പുരുഷനെ മദ്ധ്യമമായി സ്വീകരിക്കാം.

ഇടവം, കർക്കിടകം, കന്നി, വൃശ്ചികം, മകരം, മീനം എന്നീ യുഗ്മരാശിക്കൂറുകളിൽ ജനിച്ച സ്ത്രീകൾക്ക് അതിന്റെ ആറാം കൂറിൽ ജനിച്ച പുരുഷനെ വർജ്ജിക്കേണ്ടതാണ്. എട്ടാം കൂറിൽ ജനിച്ച പുരുഷനെ സ്വീകരിക്കാം.

-----------------------------------------

സ്ത്രീജന്മഭാൽ ഭവതി പുംസി കുടുംബജാതേ
വിത്തക്ഷയസ്തനയഹാനിരപത്യജാതേ
ഷഷ്ഠോൽഭവേ വ്യസനരോഗവിപദ്വിയോഗാ
ദുഃഖം സഹോദരഭവേ സുഖജേ വിരോധഃ - ഇതി.

സാരം :-

വധുവിന്റെ കൂറിൽനിന്നു വരൻ രണ്ടാംകൂറിൽ ജനിച്ചാൽ ദ്രവ്യനാശം ഫലം. അഞ്ചാംകൂറിൽ ജനിച്ചാൽ പുത്രനാശം  ഫലം. ആറാംകൂറിൽ ജനിച്ചാൽ ദുഃഖം, വ്യസനം, വേർപാട്, ഇവയും മൂന്നാം കൂറിൽ ജനിച്ചാൽ ദുഃഖവും നാലാംകൂറിൽ ജനിച്ചാൽ വിരോധവും ഫലമാകുന്നു. ഇങ്ങനെയാണ് മാധവീയത്തിൽ പറഞ്ഞിരിക്കുന്നത്

------------------------------------------

ഷഷ്ഠാഷ്ടമർക്ഷേ നാശഃ സ്യാന്നചേദൈകാധിപത്യതാ
അന്യോന്യമിത്രഭാവശ്ച സ്ത്രീപുംസർക്ഷേശയോര്യദി.

സാരം :-

സ്ത്രീ ജനിച്ച കൂറിന്റെ ആറാംകൂറിലും എട്ടാംകൂറിലും പുരുഷൻ ജനിച്ചാൽ അവർ തമ്മിലുള്ള വിവാഹം നാശഫലപ്രദമായിരിക്കും. എന്നാൽ ഈ രണ്ടുപേരുടെ കൂറുകളുടേയും അധിപതികൾ ഒരാളായിരിക്കുകയോ അവർ തമ്മിൽ ബന്ധുക്കളായിരിക്കുകയോ ചെയ്‌താൽ ദോഷം സംഭവിക്കുകയില്ല. ചേർച്ചയ്ക്കു നന്നാണുതാനും.

---------------------------------------------

വശ്യഭാവേ തഥാന്യോന്യം താരാ ശുദ്ധാ പരസ്പരം
ന ചേൽ ഷഷ്ഠാഷ്ടമേ ദോഷസ്തദാ ഷഷ്ഠാഷ്ഠമശ്ശുഭഃ

സാരം :-

സ്ത്രീപുരുഷന്മാരുടെ കൂറുകൾക്കു തമ്മിൽ വശ്യത (വശ്യപ്പൊരുത്തം) ഉണ്ടായിരിക്കണം വേധം ഇല്ലാതിരിക്കുകയും വേണം. ഇവ രണ്ടുമുണ്ടായാൽ ആറാംകൂറും എട്ടാംകൂറും ദോഷകരമല്ലെന്നു മാത്രമല്ല ശോഭനവുമാകുന്നു.

-----------------------------------------------

പരസ്പരം ത്രികോണം ച തദ്ദ്വിദ്വാദശകം തഥാ
സർവദാ ബഹുദോഷായ ദമ്പത്യോർമ്മൈത്രഭേപി ച
സമസപ്തമഭം ശ്രേഷ്ഠമപ്യരാതീ തയോർദ്വയോഃ. ഇതി.

സാരം :-

സ്ത്രീ ജനിച്ച നക്ഷത്രത്തിൽ നിന്നു എട്ടാമത്തെയോ ഒമ്പതാമത്തെയോ നക്ഷത്രത്തിൽ (മൈത്രനക്ഷത്രവും പരമൈത്രനക്ഷത്രവും) പുരുഷൻ ജനിച്ചാലും രണ്ടുപേരുടേയും കൂറുകളുടെ അധിപതികൾ ഒന്നായോ അവർ തമ്മിൽ ബന്ധുക്കളായോ ഇരുന്നാലും വേധദോഷം വരാതെ വശ്യപ്പൊരുത്തമുണ്ടായാലും സ്ത്രീ ജനിച്ച കൂറിന്റെ രണ്ടാംകൂറിലും അഞ്ചാം കൂറിലും ജനിച്ച പുരുഷൻ വളരെ ദോഷപ്രദനാകുന്നു. പുരുഷന്റെ നക്ഷത്രത്തിൽ നിന്നും കൂറിൽനിന്നും ഇതുപോലെ വിചാരിക്കാവുന്നതാണ്. സ്ത്രീകളുടേയും പുരുഷന്റെയും കൂറുകളുടെ അധിപതികൾ പരസ്പരം ശത്രുക്കളായിരുന്നാലും ഏഴാംകൂറിൽ ജനിച്ച പുരുഷൻ ചേർച്ചയ്ക്കു ഏറ്റവും ശോഭനമാകുന്നു. ഇങ്ങനെയാണ് ബൃഹസ്പതിയുടെ അഭിപ്രായം.

----------------------------------------------

ഷഷ്ഠാഷ്ടമേ മരണവൈരവിയോഗദോഷാ
ദ്വിദ്വാദശേ വിധനതാƒപ്രജതാ ത്രികോണേ
ശേഷേഷ്വനേകവിധസൗഖ്യസുതാർത്ഥസമ്പൽ
ഷഷ്ഠാഷ്ടമപ്രഭൃതികേഷ്വപി വൈരവേധേ.

സദ്യോശുഭം രാശിപയോസ്തു മൈത്ര
ഐക്യേ ച വശ്യേ ച ന ദോഷ ഏഷഃ
വിരുദ്ധയോനൗ തു ഭകോണഭാവോ
വിപുത്രഭേഷ്വാത്മജഹാ ധ്രുവം സ്യാൽ.

സാരം :-

സ്ത്രീ ജനിച്ച കൂറിൽ നിന്നു പുരുഷൻ ആറാംകൂറിലോ എട്ടാം കൂറിലോ ജനിച്ചാൽ തമ്മിൽ വിരഹമോ വൈരമോ മരണമോ ഭവിക്കും.

സ്ത്രീയുടെ കൂറിന്റെ രണ്ടാം കൂറിലോ പന്ത്രണ്ടാം കൂറിലോ പുരുഷൻ ജനിച്ചാൽ ദാരിദ്ര്യം അനുഭവിക്കും.

സ്ത്രീയുടെ കൂറിന്റെ അഞ്ചാം കൂറിൽ പുരുഷൻ ജനിച്ചാൽ സന്താനനാശം സംഭവിക്കും. മറ്റുള്ള കൂറുകളിൽ പുരുഷൻ ജനിച്ചാൽ സൌഖ്യം പുത്രസമ്പത്ത് ധനപുഷ്ടി എന്നിവ സംഭവിക്കും.

സ്ത്രീ ജനിച്ച കൂറിന്റെ അധിപതിയും പുരുഷൻ ജനിച്ച കൂറിന്റെ അധിപതിയും തമ്മിൽ ശത്രുക്കളായിരിക്കുക, വേധദോഷം വരിക, ഇവ രണ്ടിലൊന്നുണ്ടായാൽ 2, 5, 6, 8, 12 എന്നീ കൂറുകളിൽ പറഞ്ഞ ദോഷഫലങ്ങൾ പെട്ടെന്നു അനുഭവിക്കപ്പെടും. സ്ത്രീ ജനിച്ച കൂറിന്റെ അധിപതിയും പുരുഷൻ ജനിച്ച കൂറിന്റെ അധിപതിയും ഒരു ഗ്രഹമാവുകയോ ബന്ധുഗ്രഹമാവുകയോ വശ്യപ്പൊരുത്ത മുണ്ടാകുകയോ ചെയ്‌താൽ ഈ ദോഷം അനുഭവിക്കപ്പെടുന്നതല്ല.

സ്ത്രീ നക്ഷത്രത്തിൽ പുരുഷനും പുരുഷനക്ഷത്രത്തിൽ സ്ത്രീയും ജനിക്കുക, രണ്ടുപേരുടേയും കൂറ് ഇടവം ചിങ്ങം കന്നി വൃശ്ചികം ഈ അപുത്രരാശികളായി വരിക, ഈ രണ്ടു ദോഷങ്ങളുമുണ്ടായാൽ സ്ത്രീയുടെ കൂറിൽനിന്നു അഞ്ചാംകൂറിൽ ജനിച്ച പുരുഷനെ വിവാഹം ചെയ്‌താൽ തീർച്ചയായും സന്താനനാശം അനുഭവിക്കാനിടവരുമെന്നു പറയണം.

----------------------------------------------------------

കന്യാളിഗോഹരിഷ്വിന്ദുസ്തദംശേ വാഥ ലഗ്നഭം
സഹ സ്യാദ്യദി ദമ്പത്യോഃ പുത്രസിദ്ധിസ്സുദുർല്ലഭാ

സാരം :-

സ്ത്രീജാതകത്തിലും പുരുഷജാതകത്തിലും ലഗ്നവും ചന്ദ്രനും ഇടവം, ചിങ്ങം, കന്നി, വൃശ്ചികം, എന്നീ രാശികളിലോ എന്നീ നവാംശകങ്ങളിലോ നിൽക്കുന്നുവെങ്കിൽ പുത്രലാഭം വളരെ പ്രയാസമാണ് എന്നു തീർത്തു പറയാം.

------------------------------------------

മൃഗമീനൗ വിഹംഗാഖ്യാവളികർക്കീ സരീസൃപൗ
പശവോ മൃഗസിംഹാജഗാവഃ പ്രായഃ പരേ നരാഃ

സാരം :-

രാശികളെ നാലു യോനികളാക്കി കല്പിക്കുന്നു. അവിടെ മകരവും മീനവും പക്ഷിയോനികളാകുന്നു. കർക്കടകവും വൃശ്ചികവും സരീസൃപയോനികളാകുന്നു. മേടവും ഇടവവും ചിങ്ങവും മകരവും പശുയോനികളാണ്. മിഥുനവും കന്നിയും തുലാം രാശിയും ധനുവും കുംഭവും മനുഷ്യയോനികളാകുന്നു. ഇവിടെ മകരം രാശിയെ പക്ഷിയോനിയിലും പശുയോനിയിലും പറഞ്ഞിരിക്കയാൽ ഏതുവിധം കൂട്ടണമെന്നുണ്ടെങ്കിൽ വികല്പേന രണ്ടിലും ഗ്രഹിക്കാമെന്ന് ഒരു അഭിപ്രായമുണ്ട്. മകരം രാശിയുടെ പൂർവ്വാർദ്ധം പശുയോനിയും മകരം രാശിയുടെ ഉത്തരാർദ്ധം പക്ഷിയോനിയുമാണെന്നുള്ള അഭിപ്രായാന്തരം അധികം യോഗ്യതയുള്ളതായി തോന്നുന്നു.

--------------------------------------------

യോന്യൈക്യം ചോത്തമം വിദ്യാന്മധ്യമം പശുമാനുഷം
സരീസൃപവിഹംഗാഭ്യാം കനീയാൻ പശുസംഗമഃ
തിര്യങ്മനുഷ്യസംയോഗം ന കദാചിത്സമാചരേൽ. - ഇതി.

സാരം :- 

മേൽപറഞ്ഞ നാലു യോനികളിൽ സ്ത്രീയുടേയും പുരുഷന്റെയും കൂറുകൾ ഒരു യോനിയായി വരുന്നത് ഉത്തമമാകുന്നു. ഒന്ന് പശുയോനിയും മറ്റൊന്ന് മനുഷ്യയോനിയും ആയാൽ മദ്ധ്യമമാണ്. അതുപോലെ മറ്റൊന്നു പശുയോനിയും സരീസൃപയോനിയോ, പക്ഷിയോനിയോ ആയും വന്നാൽ അധമം ആകുന്നു. ഒന്നു മനുഷ്യയോനിയും മറ്റൊന്നു സരീസൃപയോനിയോ പക്ഷിയോനിയോ ആയാൽ അവ തമ്മിൽ ഒരിക്കലും ചേർത്തുകൂടാ. ഇങ്ങനെയാണ് മുഹൂർത്തരത്നത്തിൽ പറഞ്ഞിരിക്കുന്നത്.

------------------------------------------

സ്ത്രീജന്മരാശേരസ്താദിഷൾകേ ജാതഃ പുമാൻ ശുഭഃ
ഷഷ്ഠേ മദ്ധ്യോ ഗുണാഃ സ്യുശ്ചേത്തുര്യേ വാന്യേഷു വർജ്ജ്യതേ - ഇതി.

സാരം :-

സ്ത്രീ ജനിച്ച കൂറിൽ നിന്നു 7, 8, 9, 10, 11, 12 എന്നീ കൂറുകളിൽ ജനിച്ച പുരുഷൻ അന്യോന്യയോഗത്തിൽ ശോഭനങ്ങളായ ഫലങ്ങളെത്തന്നെ ചെയ്യും. എന്നാൽ സ്ത്രീ ജനിച്ച കൂറിന്റെ ആറാം കൂറിൽ ജനിച്ച പുരുഷൻ ഉത്തമനല്ല. എങ്കിലും മദ്ധ്യമമായി സ്വീകരിക്കാം. വശ്യപ്പൊരുത്തം മുതലായ മറ്റു പൊരുത്തങ്ങൾ ഉണ്ടെങ്കിൽ സ്ത്രീ ജനിച്ച കൂറിന്റെ നാലാംകൂറിൽ ജനിച്ച പുരുഷനും സ്വീകാര്യനാണ്. മറ്റുള്ള കൂറുകളിൽ പുരുഷൻ ജനിച്ചാൽ ഒരിക്കലും വിവാഹത്തിനു സ്വീകാര്യനല്ല. ഇങ്ങനെയാണ് മുഹൂർത്തസംഗ്രഹത്തിലെ അഭിപ്രായം.

-------------------------------------------

ഇന്ദ്രത്ര്യാര്യത്രിഹസ്താജവസുദ്വ്യാർദ്രായമൈർവിനാ
നൃയോഷിജ്ജന്മഭൈക്യേപി ശുഭാസ്താരാസ്മൃതാ ബുധൈഃ. ഇതി

സാരം :-

തൃക്കേട്ട, മൂലം പൂരാടം പൂയം ആയില്യം മകം അത്തം രോഹിണി അവിട്ടം ചതയം തിരുവാതിര ഭരണി എന്നീ നക്ഷത്രങ്ങൾ പന്ത്രണ്ടും ഒഴികെ ശേഷമുള്ള പതിനഞ്ചുനക്ഷത്രങ്ങളിൽ സ്ത്രീയുടേയും പുരുഷന്റെയും നക്ഷത്രങ്ങൾ ഒന്നായി വന്നാലും ശോഭനം ആണെന്നാണ്‌ വിദ്വാന്മാരുടെ അഭിപ്രായം. സ്ത്രീപുരുഷന്മാരുടെ നക്ഷത്രങ്ങൾ മേൽപറഞ്ഞ പന്ത്രണ്ടുനക്ഷത്രങ്ങളിൽ വച്ച് ഒരു നക്ഷത്രംതന്നെ രണ്ടുപേർക്കും വന്നാൽ ശോഭനമല്ലെന്നു സർവ്വസമ്മതമാണ്.  ഇപ്രകാരമാണ് കാലപദ്ധതിയിലെ അഭിപ്രായം.

-----------------------------------------

ഏകരാശിദ്വിനക്ഷത്രം പുത്രപൗത്രാദിവൃദ്ധികൃൽ
നക്ഷത്രൈക്യേ വിഷാൽഭീതിഃ സംപ്രീതിസ്സമസപ്തമേ

ഋഷസന്ധിഗതം ദ്വിദ്വാദശം ദാരിദ്ര്യകൃൽ പരം. ഇതി.

സാരം :-

സ്ത്രീയും പുരുഷനും ഒരു കൂറിൽ ജനിച്ചാലും രണ്ടു നക്ഷത്രങ്ങളായാൽ ദോഷമില്ല. പുത്രന്മാർ പൌത്രന്മാർ, സമ്പത്തു എന്നിവ വർദ്ധിക്കുക തന്നെ ചെയ്യും. 

സ്ത്രീയ്ക്കും പുരുഷനും ഒരു നക്ഷത്രമായാൽ വിഷഭയത്തിനു ഇടവരും. 

സ്ത്രീയുടെ കൂറിൽ നിന്നു ഏഴാമത്തെ കൂറിൽ പുരുഷൻ ജനിച്ചാൽ അന്യോന്യം സ്നേഹാദികൾ വർദ്ധിച്ചുകൊണ്ടിരിക്കും. 

സ്ത്രീയുടെ കൂറിന്റെ രണ്ടാമത്തെ കൂറിൽ പുരുഷൻ ജനിക്കുകയും അതു കർക്കിടകമോ വൃശ്ചികമോ മീനമോ ആയിരിക്കുകയും ചെയ്‌താൽ വളരെ ദാരിദ്ര്യം അനുഭവിക്കാനിടവരും. ഇങ്ങനെയാണ് മുഹൂർത്തരത്നത്തിലെ വചനം.

മീനം രാശിയുടെ മൂന്നാം ദ്രേക്കാണം

ശ്വഭ്രാന്തികേ സർപ്പവിവേഷ്ടിതാംഗോ
വസ്ത്രൈർവ്വിഹീനഃ പുരുഷസ്ത്വടവ്യാം
ചോരാനലവ്യാകുലിതാന്തരാത്മാ
വിക്രോശതേƒന്തോപഗതോ ഝഷസ്യ.

സാരം :-

മീനം രാശിയുടെ അന്ത്യദ്രേക്കാണസ്വരൂപം, വസ്ത്രങ്ങളൊന്നും ഇല്ലാതേയും നഗ്നനെന്നു സാരം - ദേഹം മുഴുവൻ പാമ്പുകൾ ചുറ്റിയുള്ള ഒരു പുരുഷനാകുന്നു. ഈ നഗ്നപുരുഷനാകട്ടെ, ഒരു കാട്ടിൽ ഒരു കുഴിയുടെ വക്കത്തുനിന്ന് കള്ളന്മാരേയും നാലുപുറവും വന്നടുക്കുന്ന കാട്ടുതിയ്യിനേയും പേടിച്ചും ഇവയിൽനിന്നു അകന്നുപോവാൻ വഴി കാണായ്കയാൽ വലിയ വ്യസനത്തിൽ അകപ്പെട്ടും " അയ്യോ അയ്യോ എന്നിങ്ങനെ അത്യുച്ചത്തിൽ നിലവിളിയ്ക്കുന്നതുമുണ്ട്. ഇതു മനുഷ്യദ്രേക്കാണവും സർപ്പദ്രേക്കാണവും ഭയശോകാദിയുക്തവും സാഗ്നികവുമാണെന്നും അറിയുക. 

മീനം രാശിയുടെ രണ്ടാം ദ്രേക്കാണം

അത്യുച്ഛ്രിതദ്ധ്വജപതാകമുപൈതി പോതം
കൂലം പ്രയാതി ജലധേഃ പരിവാരയുക്താ
വർണ്ണേന ചമ്പകമുഷാ പ്രമദാ ത്രിഭാഗോ
മീനസ്യ ചൈഷ കഥിതോമുനിഭിർദ്ദ്വിതീയഃ

സാരം :-

ചെമ്പകപ്പൂവിന്റെ വർണ്ണംപോലെ ദേഹവർണ്ണത്തോടുകൂടിയ ഒരു സ്ത്രീ, സഖികൾ മുതലായ പരിജനങ്ങളോടുകൂടി ഏറ്റവും ഉയർന്ന കൊടിമരത്തിന്മേൽ വലിയ കൊടിക്കൂറ കെട്ടിയ ഒരു കപ്പലിൽ കയറി സമുദ്രത്തിന്റെ മറുകരയ്ക്ക് കപ്പൽ അടുപ്പിച്ചു പോവുകയാണ്. മീനം രാശിയുടെ രണ്ടാം ദ്രേക്കാണസ്വരൂപം ഇങ്ങനെയാണെന്നാണ് ദ്രേക്കാണസ്വരൂപാഭിജ്ഞന്മാരായ ഋഷീശ്വരന്മാർ പറഞ്ഞിട്ടുള്ളത്. ഇതു സ്ത്രീദ്രേക്കാണവും ജലചരവുമാണ്. 

മീനം രാശിയുടെ ഒന്നാം ദ്രേക്കാണം

സ്രുഗ്ഭാണ്ഡമുക്താമണിശംഖമിശ്ര-
വ്യാക്ഷിപ്തഹസ്തസ്സവിഭൂഷണശ്ച
ഭാര്യാവിഭൂഷാർത്ഥമപാം നിധാനം
നാവാ പ്ലവത്യാദിഗതോ ഝഷസ്യ.

സാരം :-

മീനം രാശിയുടെ ആദ്യദ്രേക്കാണസ്വരൂപം, തന്റെ ഭാര്യയ്ക്കു കുറേ ആഭരണങ്ങൾ കിട്ടണമെന്നുദ്ദേശ്യത്തോടുകൂടി കപ്പൽ കയറി ദ്വീപാന്തരത്തിലേയ്ക്കു പോകുന്ന അനേകം ആഭരണങ്ങളണിഞ്ഞ ഒരു പുരുഷന്റെ ആകൃതിയിലുള്ളതാകുന്നു. മാത്രമല്ല, സ്രുക്ക് മുതലായ യജ്ഞോപയുക്തപാത്രങ്ങളേയും പലവിധമുത്തുകൾ, അനേകം രത്നങ്ങൾ, ശംഖുകൾ ഇത്യാദികളേയും ഈ പുരുഷൻ കയ്യുകളിൽ ധരിച്ചിട്ടുള്ളതിനാൽ അവയുടെ ഘനം നിമിത്തമായി അങ്ങോട്ടും ഇങ്ങോട്ടും കൈമാറുന്നവനും അപ്രകാരമാണെങ്കിലും വ്യാകുലങ്ങളായ കയ്യുകളോടു കൂടിയവനുമാകുന്നു. ഇതു മനുഷ്യദ്രേക്കാണവും ജലചരവുമാകുന്നു. 

കുംഭം രാശിയുടെ മൂന്നാം ദ്രേക്കാണം

ശ്യാമസ്സരോമശ്രവണഃകിരീടീ
ത്വക്പത്രനിര്യാസഫലൈർബ്ബിഭർത്തി
ഭാണ്ഡാനി ലോഹവ്യതിമിശ്രിതാനി
സഞ്ചാരയത്യന്തഗതോ ഘടസ്യ.

സാരം :-

കുംഭം രാശിയുടെ അന്ത്യദ്രേക്കാണസ്വരൂപം, ചെവികളിന്മേൽ അനവധി രോമങ്ങളോടും തലയിൽ കിരീടത്തോടും കറുത്ത ദേഹവർണ്ണത്തോടും കൂടിയ ഒരു പുരുഷനാകുന്നു. ഈ പുരുഷൻ ഔഷധാദ്യുപയുക്തങ്ങളായ തോലുകൾ, ഇലകൾ, പശകൾ, കായകൾ ഇത്യാദി പദാർത്ഥങ്ങളെ ഇരുമ്പുചേർത്തുണ്ടാക്കിയ ഒരു പാത്രത്തിലാക്കി അതിനെ എടുത്തും കൊണ്ടു അങ്ങോട്ടും ഇങ്ങോട്ടും മാറ്റി വെയ്ക്കുകയും ചെയ്യുന്നു. ഇതു മനുഷ്യദ്രേക്കാണവും ഫല (കായ) ധാരിയുമാണ്‌. 

കുംഭം രാശിയുടെ രണ്ടാം ദ്രേക്കാണം

ദഗ്ദ്ധേ ശകടേ സശല്മലൌ
ലോഹാന്യാഹരതേംഗനാ വനേ
മലിനേന പടേന സംവൃതാ
ഭാണ്ഡൈർമ്മൂർദ്ധഗതൈശ്ച മദ്ധ്യമഃ

സാരം :-

കുംഭം രാശിയുടെ മദ്ധ്യദ്രേക്കാണം മുഷിഞ്ഞവസ്ത്രംകൊണ്ടു ദേഹം മറച്ച് അനവധി പാത്രങ്ങളുള്ള ഒരു കെട്ടും തലയിലേറ്റിയ ഒരു സ്ത്രീ രൂപമാകുന്നു. ഇവൾ അനവധി പൂളമരങ്ങളുള്ള കാട്ടിൽ നടന്നു ഇരുമ്പിൻ കഷ്ണങ്ങളെ പെറുക്കി അവ ഏതാനും ഭാഗം തീക്കത്തി നശിച്ചുപോയ വണ്ടിയിൽ നിറച്ചുശേഖരിയ്ക്കുന്നതുമുണ്ട്. ഇതു സ്ത്രീ ദ്രേക്കാണവും അഗ്നിസഹിതദ്രേക്കാണവും ആരണ്യകവുമാണ്. 

കുംഭം രാശിയുടെ ഒന്നാം ദ്രേക്കാണം

സ്നേഹമദ്യജലഭോജനാഗമ-
വ്യാകുലീകൃതമനാസ്സകംബളഃ
കൌശികേനവസനോƒജിനാന്വിതോ
ഗൃദ്ധ്രതുല്യവദനോ ഘടാദിഗഃ

സാരം :-

കുംഭം രാശിയുടെ ആദ്യദ്രേക്കാണം പുഴുക്കൂട്ടുപടുത്തു, മാൻതോലിനെ ഉപരിവസ്ത്രത്വേന ധരിച്ചു കഴു എന്ന പക്ഷിയുടെ മുഖംപോലെയുള്ള മുഖത്തോടുകൂടിയ ഒരു പുരുഷനാകുന്നു. ഈ പുരുഷനാകട്ടെ, എണ്ണ, നെയ്യ് ഇത്യാദി സ്നേഹദ്രവ്യങ്ങളിലും മദ്യം തുടങ്ങിയുള്ള പാനീയങ്ങളിലും വെള്ളത്തിങ്കലും ചോറ് മുതലായ ഭക്ഷണപദാർത്ഥങ്ങളിലുമുള്ള ആർത്തി നിമിത്തം അവയൊക്കെ എവിടങ്ങളിൽ നിന്നു ഏതു പ്രകാരം കിട്ടും എന്നിങ്ങനെ ചിന്തിച്ചുകൊണ്ടു ഒരു കരിമ്പടത്തിൽ ഇരിയ്ക്കുകയുമാണ്‌. ഇതു മനുഷ്യദ്രേക്കാണവും പക്ഷിദ്രേക്കാണവും ചിന്താഗ്രസ്തവുമാണെന്നും അറിയേണ്ടതുണ്ട്. 

മകരം രാശിയുടെ മൂന്നാം ദ്രേക്കാണം

കിന്നരോപമതനുസ്സകംബള-
സ്തൂണചാപകവചൈസ്സമന്വിതഃ
കുംഭമുദ്വഹതി രത്നചിത്രിതം
സ്കന്ധഗം മകരരാശിപശ്ചിമഃ

സാരം :-

മകരം രാശിയുടെ അന്ത്യദ്രേക്കാണസ്വരൂപം, കിന്നരൻ എന്ന ദേവയോനീവിശേഷത്തേപ്പോലെ കുതിരയുടെ മുഖം പോലെയുള്ള മുഖത്തോടുകൂടി ചട്ട ആവനാഴി വില്ല്, ഇവ ധരിച്ച് കരിമ്പടംകൊണ്ടു പുതച്ച ഒരു പുരുഷനാണ് ഈ അശ്വമുഖനായ പുരുഷൻ. നാനാവർണ്ണങ്ങളായ അനവധി രത്നങ്ങൾ പതിച്ച ഒരു കുടം ചുമലിൽ ധരിച്ചിട്ടുണ്ട്. " കിന്നരോപമതനുഃ " എന്നതിനു മുഖം മാത്രം കുതിരയുടേതുപോലെയും ബാക്കി ശരീരം മുഴുവൻ മനുഷ്യന്റേതുപോലെയും ആണെന്നു സ്പഷ്ടമാകുന്നുണ്ട്. "സ്യാത് കിന്നരഃ കിം പുരുഷ സ്തുരംഗവദനഃ " എന്നു അമരസിംഹവചനമുണ്ടല്ലോ. ഇതു മനുഷ്യദ്രേക്കാണവും ചതുഷ്പാദ്രേക്കാണവും സായുധവുമാണെന്നും അറിയുക. 

മകരം രാശിയുടെ രണ്ടാം ദ്രേക്കാണം

കലാസ്വഭിജ്ഞാബ്ജദളായതാക്ഷീ
ശ്യാമാ വിചിത്രാണി ച മാർഗ്ഗമാണാ
വിഭൂഷണാലംകൃതലോഹകർണ്ണാ
യോഷാ പ്രദിഷ്ടാ മകരസ്യ മദ്ധ്യേ.

സാരം :-

മകരം രാശി മദ്ധ്യദ്രേക്കാണം, താമരപ്പൂവിന്റെ ദളങ്ങൾപോലെയുള്ള നേത്രങ്ങളോടും പലവിധ ആഭരണങ്ങളോടും കാതുകളിൽ ഇരുമ്പുകൊണ്ടുണ്ടാക്കിയ കർണ്ണാഭരണ - കുണ്ഡല - ങ്ങളോടും ഗീതനൃത്തവാദികളായ കലാവിദ്യകളിൽ അതിനൈപുണ്യത്തോടുകൂടിയ പൂർണ്ണയൌവ്വനയുക്തയായ, അഥവാ കറുത്ത ദേഹവർണ്ണത്തോടുകൂടിയ ഒരു സ്ത്രീയുടേതാകുന്നു. ഈ സ്ത്രീയാകട്ടെ, പലവിധത്തിലുള്ള വസ്ത്രാദി വസ്തുക്കൾ കിട്ടിയാൽ കൊള്ളാമെന്നാഗ്രഹിച്ചു അവയെ എവിടെ നിന്നു എങ്ങിനെ കിട്ടുമെന്നും മറ്റും അന്വേഷിച്ചുകൊണ്ടിരിയ്ക്കുകയുമാണ്‌. ദ്രേക്കാണാധിപൻ ബലപരിപൂർണ്ണനാകയാൽ "ലോഹകർണ്ണാഃ എന്നുമുള്ളേടത്തെ ലോഹശബ്ദത്തിനു സ്വർണ്ണമെന്നും സാമാന്യ ബലവാനായാൽ വെള്ളി എന്നും ക്രമത്തിൽ ബലഹാനി അനുസരിച്ച് ചെമ്പ്, പിച്ചള, ഈയം ഇതുകളെന്നും ബലഹീനനായാൽ മാത്രം ഇരുമ്പ് എന്നും മറ്റുമുള്ള അർത്ഥത്തെ സ്വീകരിയ്ക്കാമെന്നും ഒരു അഭിപ്രായമുള്ളതായി കാണുന്നു. ഇതും ഉപപന്നം തന്നെ. ഇതു സ്ത്രീദ്രേക്കാണമാണെന്നും അറിയണം. 

മകരം രാശിയുടെ ഒന്നാം ദ്രേക്കാണം

രോമചിതോ മകരോപമദംഷ്ട്രഃ
സൂകരകായസമാനശരീരഃ
യോക്ത്രകജാലകബന്ധനധാരീ
രൌദ്രമുഖോ മകരപ്രഥമസ്തു.

സാരം :-

മകരം രാശിയുടെ പ്രഥമദ്രേക്കാണസ്വരൂപം, അരയുടെ മുകൾഭാഗം മുഴുവൻ മനുഷ്യന്റേയും കീഴ്ഭാഗം പന്നിയുടേയും ആകൃതിയോടും ശരീരം മുഴുവനും നിറച്ച് രോമത്തോടും അതിഭയങ്കരമായ മുഖത്തോടും കൂടിയ ഒരു സ്വരൂപവിശേഷമാകുന്നു. നുകംകെട്ടുന്ന നുകക്കയറിനേയും പക്ഷിമത്സ്യാദികളെ പിടിയ്ക്കുന്ന വലയേയും മനുഷ്യരുടെ കൈകളെ ബന്ധിയ്ക്കുന്ന ആമം ചങ്ങല ഇത്യാദികളേയും ഈ സത്വം കയ്യുകളിൽ ധരിച്ചിട്ടുണ്ട്. "യോക്ത്രകജാലകബന്ധനധാരീ" എന്നതുകൊണ്ട്‌, കയ്യുകളിൽ വല കയർ ചങ്ങല ഇത്യാദികളെ ധരിച്ചിട്ടുണ്ടെന്നു പറയുകയാൽ ആണ് " സൂകരകായസമാനശരീരഃ " എന്നതിനു അധഃ കായത്തിങ്കൽ മാത്രം സൂകരത്വം കല്പിച്ചതെന്നും അറിയുക. ഇതു മനുഷ്യദ്രേക്കാണവും ചതുഷ്പാദ്രേക്കാണവുമാണ്. മാത്രമല്ല പാശധാരിയും നിഗളധാരിയും മാകുന്നതുമുണ്ട്. 

ധനുരാശിയുടെ മൂന്നാം ദ്രേക്കാണം

കൂർച്ചീ നരോ ഹാടകചമ്പകാഭോ
വരാസനേ ദണ്ഡധരോ നിഷണ്ണഃ
കൌശേയകാന്യുദ്വഹതേƒജിനഞ്ച
തൃതീയരൂപം നവമസ്യ രാശേഃ

സാരം :-

ധനു രാശിയുടെ അന്ത്യദ്രേക്കാണസ്വരൂപം, പുഴുക്കൂട്ടുപട്ടുകളാകുന്ന ഉടുതുണിയോടും വ്യാഘ്രം മാൻ ഇത്യാദികളുടെ തോലുകളാകുന്ന ഉപരിവസ്ത്രത്തോടും, ചെമ്പകപ്പൂവ് സ്വർണ്ണം ഇവയുടെ വർണ്ണംപോലെയുള്ള ദേഹത്തോടും ധാരാളം മുഖരോമത്തോടും കൂടിയ ഒരു പുരുഷന്റേതാകുന്നു. ഈ പുരുഷശ്രേഷ്ഠൻ ഒരു വടിയും കയ്യിലെടുത്തു അത്യുത്തമമായ ഒരു പീഠത്തിന്മേൽ ഇരിയ്ക്കുകയുമാകുന്നു. ഇതു മനുഷ്യദ്രേക്കാണവും ആയുധസഹിതവുമാകുന്നു. 

ധനു രാശിയുടെ രണ്ടാം ദ്രേക്കാണം

മനോരമ ചമ്പകഹേമവർണ്ണാ
ഭദ്രാസനേ തിഷ്ഠതി മദ്ധ്യരൂപാ
സമുദ്രരത്നാനി വിഘട്ടയന്തീ
മദ്ധ്യത്രിഭാഗോ ധനുഷഃ പ്രദിഷ്ടഃ

സാരം :-

ധനു രാശിയുടെ രണ്ടാം ദ്രേക്കാണം, അതിസൌന്ദര്യവതി എന്നും വിരൂപി എന്നും പറയുവാൻ വയ്യാത്തവിധത്തിൽ സാധാരണരൂപലാവണ്യത്തോടും ചെമ്പകപ്പൂവ്വ് സ്വർണ്ണം ഇവയെപ്പോലെയുള്ള ദേഹവർണ്ണത്തോടും മനസ്സിനെ ഹരിയ്ക്കത്തക്ക സ്വഭാവവിശേഷത്തോടും കൂടിയ ഒരു സ്ത്രീരൂപമാകുന്നു. ഇവളാകട്ടെ " ഭദ്രാസന " മെന്ന ഒരു പീഠത്തിന്മേലിരുന്നുകൊണ്ട് സമുദ്രത്തിൽ നിന്നെടുത്ത (സമുദ്രം രത്നാകരമാണെന്നു പ്രസിദ്ധമാണല്ലോ) മുത്ത്, പവിഴം മുതലായ പലവിധ രത്നങ്ങളെ വേർതിരിയ്ക്കുകയുമാകുന്നു. ഈ വിധമാണ് ഈ ദ്രേക്കാണസ്വരൂപമെന്നാണ് ദ്രേക്കാണസ്വരൂപാഭിജ്ഞന്മാരായ യവനാചാര്യന്മാർ പറഞ്ഞിട്ടുള്ളത്. ഇതു സ്ത്രീ ദ്രേക്കാണവുമാണ്. അതായതു മുത്തുച്ചിപ്പി മുതലായവയെപ്പൊട്ടിച്ചു അതിന്നുള്ളിലുള്ള മുത്തുകളെ എടുക്കുക എന്നു സാരം. കയ്യുകൊണ്ടു ഇളക്കുക എന്നതാണർത്ഥമെന്നു മറ്റു ചിലർ,ഏതു പക്ഷമായാലും വലിയമാറ്റമൊന്നും വരുന്നതുമല്ല.

ധനു രാശിയുടെ ഒന്നാം ദ്രേക്കാണം

മനുഷ്യവക്ത്രോƒശ്വസമാനകായോ
ധനുർവ്വികൃഷ്യായതമാശ്രമസ്ഥഃ
ക്രതൂപയോജ്യാനി തപസ്വിനശ്ച
രക്ഷത്യഥാദ്യോ ധനുഷസ്ത്രിഭാഗഃ

സാരം :-

ധനു രാശിയുടെ ഒന്നാം ദ്രേക്കാണസ്വരൂപം, അരയ്ക്കു മേൽഭാഗം മനുഷ്യനെപ്പോലെയും അരയ്ക്ക് കീഴ്ഭാഗം കുതിരയെപ്പോലെയുമിരിയ്ക്കുന്ന ഒരു സത്വവിശേഷത്തിന്റെതാകുന്നു. ഈ മനുഷ്യസ്വരൂപിയാകട്ടെ, കുലച്ച വില്ലോടും തൊടുത്ത ശരത്തോടും കൂടി മഹർഷിമാരുടെ ആശ്രമത്തിങ്കൽ ചെന്നുനിന്നു യാഗോപയുക്തങ്ങളായ പാത്രാദ്യുപകരണങ്ങളേയും മഹർഷിമാരേയും രക്ഷിക്കുകയുമാണ്. ഇതു മനുഷ്യദ്രേക്കാണവും ചതുഷ്പാദ്രേക്കാണവുമാകുന്നു. "ധനുർവ്വികൃഷ്യ" എന്നു പറഞ്ഞിട്ടുള്ളതിനാൽ ഇവിടേയുള്ള മനുഷ്യവക്ത്രശബ്ദത്തിനു മദ്ധ്യകായവും - അരയും കഴുത്തും കൂടിയതിന്റെ മദ്ധ്യപ്രദേശം - കൂടി മനുഷ്യന്റേത് പോലെയാണെന്നു പറയാതെ നിർവ്വാഹമില്ലാത്തതിനാലും "അശ്വസമാനകായഃ" എന്നതിനു "അശ്വസമാനാധഃകായഃ" എന്നു വ്യാഖ്യാനമുള്ളതിനാലും മുകളിൽ കാണിച്ചവിധം വ്യാഖ്യാനിച്ചതുമാണ്. 

വൃശ്ചികം രാശിയുടെ മൂന്നാം ദ്രേക്കാണം

പൃഥുലചിപിടകൂർമ്മതുല്യവക്ത്ര-
ശ്ശ്വമൃഗവരാഹസൃഗാലഭീതികാരീ
അവതി ച മലയാകരപ്രദേശം
മൃഗപതിരന്ത്യഗതശ്ച വൃശ്ചികസ്യ.

സാരം :-

വൃശ്ചികാന്ത്യദ്രേക്കാണം, അവിലുപോലെ പതിഞ്ഞ മൂക്കോടും ആമ പോലെ വൃത്താകൃതിയിലും വലിയതുമായ മനുഷ്യമുഖത്തോടും കഴുത്തു മുതൽ കീഴ്ഭാഗം വരെ സിംഹത്തിന്റെതുപോലെയുമിരിയ്ക്കുന്ന ഒരു സത്വവിശേഷത്തിന്റെതാകുന്നു. ഈ നരസിംഹം മലയപർവ്വതത്തിലുള്ള ചന്ദനക്കാട്ടിൽ ശ്വാക്കൾ മാൻവർഗ്ഗങ്ങൾ പന്നികൾ കുറുക്കന്മാർ ഇത്യാദികളെ ഭയപ്പെടുത്തിക്കൊണ്ടു ആ കാടിനെ രക്ഷിച്ചിരിയ്ക്കുകയുമാണ്‌. ഇതു ചതുഷ്പാദ്രേക്കാണവും മുഖം മനുഷ്യന്റേതുപോലെയാകയാൽ മാനുഷവും ആരണ്യദ്രേക്കാണവുമാണെന്നറിയുക. ആകര ശബ്ദത്തിനു വിളവുനിലം എന്നാണല്ലോ അർത്ഥം. അപ്പോൾ " മലയാകര " ശബ്ദത്തിനു ചന്ദനവൃക്ഷങ്ങൾ ധാരാളമുണ്ടാവുന്ന സ്ഥലം അതായതു മലയപർവ്വതം എന്നർത്ഥവും സിദ്ധിച്ചു. മലയപർവ്വതത്തിന്റെ ഭൂഭാഗത്തെ രക്ഷിയ്ക്കുന്നു എന്നും പറയുന്നതിനേക്കാൾ ലക്ഷണയാ അവിടെയുള്ള ചന്ദനക്കാടിനെ രക്ഷിയ്ക്കുന്നു എന്നു പറയുന്നതു അധികം ഉപപന്നമാകയാൽ അങ്ങിനെ വ്യാഖ്യാനിച്ചതുമാണ്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.