ആദ്ധ്യാത്മികജീവിതത്തില്‍ മുന്നേറാന്‍ ആദ്യമായി എന്താണു വേണ്ടതു്?

തുടക്കക്കാരനായിരിക്കാന്‍ പഠിക്കുക

ഒരു പുഷ്പം മൊട്ടായിരിക്കുമ്പോള്‍ അതിൻ്റെ പരിമണവും സൗന്ദര്യവും അറിയുവാനാവില്ല. അതു വിടരണം. ക്ഷമയില്ലാതെ അതു വലിച്ചു കീറിയാല്‍ ഒരു പ്രയോജനവുമില്ല. ആ മൊട്ടു സ്വാഭാവികമായി വിടരാന്‍ വേണ്ടി ക്ഷമയോടെ കാത്തിരിക്കണം. അപ്പോള്‍ മാത്രമേ അതിൻ്റെ സൗരഭ്യവും സൗന്ദര്യവും പൂര്‍ണ്ണമായും അനുഭവിക്കുവാന്‍ കഴിയൂ. ഇവിടെ വേണ്ടതു ക്ഷമയാണു്. ഏതു കല്ലിലും വിഗ്രഹം ഒളിഞ്ഞിരിപ്പുണ്ടു്. ശില്പി അതിൻ്റെ വേണ്ടാത്ത ഭാഗങ്ങള്‍ കൊത്തിമാറ്റുമ്പോഴാണു് വിഗ്രഹം തെളിഞ്ഞുവരുന്നതു്. എന്നാല്‍, ആ കല്ലു് എത്രയോ നേരം ആ ശില്പിയുടെ മുന്നില്‍ ക്ഷമയോടെ ഇരുന്നു കൊടുത്തതിൻ്റെ ഫലമാണു്, അതില്‍ ആ സുന്ദര രൂപം തെളിഞ്ഞു വന്നതു്.

തമാശയായി പറയാറുണ്ടു്: ശബരിമലയിലെ അടിവാരത്തിലെ കല്ലു പറയുകയാണു്, ”ഞാനും കല്ലാണു്, മുകളിലുള്ളതും കല്ലാണു്. എന്നെ എല്ലാവരും ചവിട്ടുന്നു. മുകളില്‍ ഉള്ളതിനെ എല്ലാവരും ആരാധിക്കുന്നു.” ഇതു കേട്ട ക്ഷേത്രത്തിലെ വിഗ്രഹം പറഞ്ഞു, ”ഇപ്പോള്‍ എന്നെ എല്ലാവരും ആരാധിക്കുന്നതു മാത്രമേ നീ കാണുന്നുള്ളൂ. എന്നാല്‍, ഇവിടെ വരുന്നതിനു മുന്‍പു് ഒരു ശില്പി എൻ്റെ ദേഹത്തു് ഉളികൊണ്ടു ലക്ഷക്കണക്കിനു കൊത്തുകള്‍ കൊത്തി. ആ സമയം എല്ലാം, ഞാന്‍ നിശ്ചലനായി ഇരുന്നു കൊടുത്തു. അതിൻ്റെ ഫലമാണു് എന്നെ ഇന്നു് അനേകര്‍ ആരാധിക്കുന്നതു്.” ആ ശിലയുടെ ക്ഷമയാണു് ഇന്നതിനെ പൂജാ വിഗ്രഹമാക്കി മാറ്റിയിരിക്കുന്നതു്.

കുന്തിയുടെയും ഗാന്ധാരിയുടെയും കഥ എല്ലാവര്‍ക്കും അറിയാവുന്നതാണു്. ക്ഷമയുടെയും അക്ഷമയുടെയും നേട്ടവും കോട്ടവും ആണു് ഇവിടെയും നമുക്കു കാണുവാന്‍ കഴിയുന്നതു്. കുന്തി പ്രസവിച്ചപ്പോള്‍ ഗാന്ധാരിക്കു വിഷമമായി. തൻ്റെ കുട്ടി രാജാവാകണമല്ലോ. എന്നാല്‍, ജനിക്കുന്നുമില്ല. വെപ്രാളമായി. ക്ഷമ നശിച്ചു. വയറ്റിലിടിച്ചിടിച്ചു് പ്രസവിച്ചു; കിട്ടിയതോ, മാംസപിണ്ഡം. അതു കഷ്ണങ്ങളാക്കി കുടത്തിലടച്ചു. അങ്ങനെ നൂറ്റവര്‍ ജനിച്ചതായി കഥ പറയും. അവസാനംവരെ കാത്തിരിക്കുവാനുള്ള ക്ഷമയുണ്ടായില്ല. ഫലമോ, അക്ഷമയുടെ സൃഷ്ടി, നാശത്തിനു കാരണമായി. ക്ഷമയില്‍നിന്നും വന്നതു വിജയവും നേടി.

ആദ്ധ്യാത്മികജീവിതത്തിലും മുഖ്യമായി വേണ്ട ഗുണം ക്ഷമയാണു്.

ഒരു കുട്ടിയെപ്പോലെ തുടക്കക്കാരനായിരിക്കാന്‍ നാം പഠിക്കണം. തുടക്കക്കാരനേ ക്ഷമയുണ്ടാവുകയുള്ളൂ. ശ്രദ്ധയുണ്ടാവുകയുള്ളൂ. നമ്മില്‍ ഒരു കുട്ടിയുണ്ടു്. അതു് ഉറങ്ങിക്കിടക്കുകയാണു് എന്നു മാത്രം. അതിനെ ഉണര്‍ത്തണം. ഇപ്പോഴുള്ള ‘ഞാന്‍’ അഹങ്കാരത്തിൻ്റെ സൃഷ്ടിയാണു്. എന്നാല്‍, ആ ഉറങ്ങിക്കിടക്കുന്ന കുട്ടി ഉണര്‍ന്നു കഴിയുമ്പോള്‍, നിഷ്‌കളങ്കത താനേ വരും. ഏതില്‍നിന്നും പാഠങ്ങള്‍ ഗ്രഹിക്കാനുള്ള ആഗ്രഹം വരും. അപ്പോള്‍ ക്ഷമയും ശ്രദ്ധയും താനേ വന്നുചേരും. അങ്ങനെ നമ്മളിലെ ആ കുട്ടി, വളരുമ്പോള്‍ ക്ഷമയും ശ്രദ്ധയും നമ്മളില്‍ നിറഞ്ഞു നില്ക്കും. പഴയ ‘ഞാനിനു്’, അഹങ്കാരത്തിൻ്റെ സൃഷ്ടിയായ ഞാനിനു്, പിന്നെ അവിടെ വസിക്കാന്‍ ഇടംകിട്ടില്ല.

എപ്പോഴും ആ തുടക്കക്കാരൻ്റെ ഭാവമുണ്ടായിരുന്നാല്‍ ഏതില്‍നിന്നും ഏതു് അവസരത്തിലും പാഠങ്ങള്‍ പഠിക്കുവാന്‍ സാധിക്കും. എപ്പോഴും നമുക്കു വേണ്ടതു കിട്ടിക്കൊണ്ടിരിക്കും. തുടക്കക്കാരൻ്റെ ഈ ഒരു ഭാവം ജീവിതത്തില്‍ അങ്ങേയറ്റംവരെ നിലനിര്‍ത്താന്‍ സാധിച്ചാല്‍ നമുക്കു് ഒന്നും നഷ്ടമാവില്ല, എപ്പോഴും നേട്ടം മാത്രമായിരിക്കും. ഇന്നു് എല്ലാവര്‍ക്കും പല്ലു കാട്ടിയുള്ള ചിരി മാത്രമേ അറിയുകയുള്ളൂ. എന്നാല്‍ യഥാര്‍ത്ഥ ചിരി ഹൃദയത്തിൻ്റെതാണു്. നിഷ്‌കളങ്കമായ ഹൃദയത്തില്‍ക്കൂടി മാത്രമേ നമുക്കു യഥാര്‍ത്ഥ ആനന്ദം അനുഭവിക്കുവാനും പകരുവാനും കഴിയൂ. അതിനു വേണ്ടതു് ഇന്നു മറഞ്ഞുകിടക്കുന്ന ആ കുഞ്ഞു ഹൃദയത്തെ പുറത്തുകൊണ്ടുവരുകയാണു്. അതിനെ വളര്‍ത്തി എടുക്കണം. ‘സീറോ’ ആയാല്‍ ‘ഹീറോ’ ആകാം എന്നു പറയുന്നതു് ആ അഹങ്കാരത്തിൻ്റെ ‘ഞാന്‍’ ഇല്ലാതാകുന്നതിനെപ്പറ്റിയാണു്.

ധ്യാനം ചെയ്യുന്നതുകൊണ്ടു് എന്തെങ്കിലും ദോഷമുണ്ടോ? ചിലരൊക്കെ ധ്യാനിച്ചു തല ചൂടാവുന്നതായി പറയുന്നതു കേള്‍ക്കാമല്ലോ

സാധനയില്‍ മാര്‍ഗ്ഗദര്‍ശനം നല്കാന്‍ ഗുരു ആവശ്യമാണു്.

എങ്ങനെ ധ്യാനിക്കണം, എത്ര സമയം ധ്യാനിക്കണം എന്നൊക്കെ ഒരു ഗുരുവില്‍നിന്നു മനസ്സിലാക്കുന്നതാണു് ഉത്തമം. ധ്യാനം എന്നതു് ഒരു ടോണിക്കു പോലെയാണു്. ടോണിക്കു കഴിക്കുന്നതിനു് ഒരു ക്രമമുണ്ടു്. ക്രമം തെറ്റിച്ചു കുടിച്ചാല്‍ അപകടമാണു്. ശരീരപുഷ്ടിക്കുള്ളതാണെങ്കിലും മിക്ക ടോണിക്കും ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ചേ കഴിക്കുവാന്‍ പാടുള്ളൂ. അതുപോലെ ഗുരുവിൻ്റെ നിര്‍ദ്ദേശമനുസരിച്ചു വേണം ധ്യാനം ചെയ്യാന്‍. ഗുരു നമ്മുടെ ശാരീരികവും മാനസികവുമായ നില എങ്ങനെയുണ്ടെന്നു നോക്കിയതിനു ശേഷമാണു സാധനാക്രമങ്ങള്‍ നിര്‍ദ്ദേശിക്കുന്നതു്. ചിലര്‍ക്കു് എത്ര ധ്യാനിച്ചാലും ദോഷമില്ല. എന്നാല്‍ എല്ലാവരുടെയും സ്ഥിതി അങ്ങനെയല്ല. ചിലര്‍ പെട്ടെന്നുള്ള ആവേശത്തില്‍ വളരെ സമയം തുടര്‍ച്ചയായി ധ്യാനിക്കും, അല്ലെങ്കില്‍ ജപിക്കും. ഉറങ്ങാന്‍കൂടി കൂട്ടാക്കുകയില്ല. യാതൊരു നിയന്ത്രണവും പാലിക്കില്ല. ശാസ്ത്രം മനസ്സിലാക്കിയും അറിവുള്ളവരുടെ നിര്‍ദ്ദേശപ്രകാരവും ആയിരിക്കില്ല അവരുടെ ഈ അഭ്യാസം. പെട്ടെന്നുള്ള ഒരാവേശംകൊണ്ടു ചെയ്യുന്നതാണു്. ഇങ്ങനെയാകുമ്പോള്‍ ഉറക്കം കുറയും. തല ചൂടാകും. കാരണം ശരീരത്തിനു താങ്ങാവുന്നതിലും അധികമാണിതു്.

ഒരോരുത്തരുടെയും ശരീരത്തിൻ്റെയും മനസ്സിൻ്റെയും നിലയനുസരിച്ചു്, അവര്‍ക്കു താങ്ങാവുന്നതിനു് ഒരു പരിധിയുണ്ടു്. നൂറു പേരു കയറുന്ന വണ്ടിയില്‍ അഞ്ഞൂറു പേരെ കയറ്റിയാല്‍, അതിനു വലിക്കാന്‍ പ്രയാസമാണു്. കുറച്ചു ധാന്യങ്ങള്‍ പൊടിക്കാനുള്ള ചെറിയ മിക്‌സിയില്‍ ഇരട്ടി ധാന്യം പൊടിക്കാനിട്ടാല്‍ മോട്ടോര്‍ ചൂടായി അതു കേടാകും. തുടര്‍ച്ചയായി വീണ്ടും ഓടിച്ചാല്‍ അതു കത്തി നശിക്കും. ഇതുപോലെ തുടക്കത്തിലുള്ള ആവേശത്തില്‍ നിയന്ത്രണം വിട്ടു, ജപധ്യാനവും മറ്റും ശീലിച്ചാല്‍, തല ചൂടാകും. മറ്റു അസ്വസ്ഥതകള്‍ ഉണ്ടാകും. അതിനാലാണു് ഇതെല്ലാം ഗുരുമുഖത്തുനിന്നും മനസ്സിലാക്കിച്ചെയ്യണം എന്നു പറയുന്നതു്.  ”നമ്മില്‍ എല്ലാം ഉണ്ടു്. നമ്മള്‍ ഈശ്വരന്‍തന്നെ” എന്നു് എല്ലാവരും പറയും. ഇതു വാക്കുകൊണ്ടുള്ള പറച്ചില്‍ മാത്രമാണു്. അനുഭവത്തില്‍നിന്നുള്ളതല്ല. ഓരോ ഉപാധിക്കും താങ്ങാന്‍ പറ്റുന്ന ഒരു അളവുണ്ടു്. സീറോ വാട്ട് ബള്‍ബിനു നൂറു വാട്ടിൻ്റെ പ്രകാശം കിട്ടില്ല. ഓരോരുത്തരുടെയും ഉപാധിയനുസരിച്ചു്, ശരീരമനസ്സുകളുടെ കഴിവനുസരിച്ചു്, സാധനാനുഷ്ഠാനങ്ങള്‍ക്കു് ഒരു ക്രമമുണ്ടു്. ജനറേറ്റര്‍ കറണ്ടു തരും. പക്ഷേ, അതിനു താങ്ങാവുന്നതിലും അധികം ലോഡു കൊടുത്താല്‍ അതു കത്തിപ്പോകും. ഇതുപോലെ സാധന അനുഷ്ഠിക്കുമ്പോള്‍, തൻ്റെ ശരീരമനസ്സുകള്‍ക്കു താങ്ങാവുന്നതിനപ്പുറം പോകുന്നുണ്ടോ എന്നു ശ്രദ്ധിക്കണം.

ഒരു വണ്ടി വാങ്ങിയാല്‍, തുടക്കത്തില്‍, അമിതവേഗതയില്‍ ഓടിക്കാന്‍ പാടില്ല. വേഗത കൂട്ടുന്നതിനു ചില നിയന്ത്രണങ്ങള്‍ ഉണ്ടു്. അതനുസരിച്ചേ പോകുവാന്‍ പാടുള്ളൂ. മറിച്ചായാല്‍ അധികകാലം അതുപയോഗിക്കുവാന്‍ കഴിയില്ല. ഇതുപോലെയാണു സാധനയുടെ കാര്യവും. ഒരു സാധകന്‍ തുടക്കത്തില്‍, അമിതമായും ഉറക്കം തീരെ വേണ്ടെന്നു വച്ചും ധ്യാനിക്കാനും ജപിക്കാനും പാടില്ല. ധ്യാനവും ജപവും കര്‍മ്മവും സ്വാദ്ധ്യായവും എല്ലാം ക്രമമായി, ചിട്ടയോടെ കൊണ്ടുപോകണം. മാനസികവിഭ്രാന്തിയുള്ളവരുണ്ടു്. അവര്‍ അമിതമായി ധ്യാനിച്ചാല്‍ ശരീരം ചൂടാകും. അങ്ങനെയായാല്‍ മനസ്സിൻ്റെ ഭ്രമം വര്‍ദ്ധിക്കുകയേയുള്ളൂ. അവര്‍ക്കു കര്‍മ്മമാണു മുഖ്യമായി വേണ്ടതു്. മനസ്സിൻ്റെ വിഭ്രാന്തിയകറ്റുവാന്‍ ശ്രദ്ധ കര്‍മ്മത്തിലേക്കു തിരിച്ചുവിടണം. ജോലികളില്‍ ശ്രദ്ധിക്കുമ്പോള്‍ മനസ്സു്, അവിടെ കേന്ദ്രീകരിക്കും. ക്രമേണ നിയന്ത്രണത്തിലാകും. അവരെ ജോലി ചെയ്യിക്കാതെ വെറുതെ ഇരുത്തിയാല്‍ ഒന്നുകൂടി കഷ്ടമാവുകയേയുള്ളൂ. അവര്‍ക്കു ടെന്‍ഷന്‍ അധികമില്ലെങ്കില്‍ പത്തു പതിനഞ്ചു മിനിട്ടു ധ്യാനിക്കാം. അതുമതിയാകും.

ഇങ്ങനെ, പല സ്വഭാവക്കാരുണ്ടു്. ഓരോരുത്തര്‍ക്കും ഓരോ രീതിയാണു നിര്‍ദ്ദേശിക്കേണ്ടതു്. വെറുതെ പുസ്തകം നോക്കി ധ്യാനം ശീലിച്ചാല്‍, ഇതേ രീതിയിലുള്ള നിയന്ത്രണങ്ങള്‍ സാധിക്കാതെ വരും. അതു കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. നമ്മള്‍ ഒരു വീട്ടില്‍ ചെന്നു. അവിടെ കടിക്കുന്ന പട്ടിയുണ്ടെന്നു മനസ്സിലായി. നമ്മള്‍ ഗേറ്റിനു വെളിയില്‍നിന്നു യജമാനനെ വിളിക്കും. യജമാനന്‍ വന്നു പട്ടിയെ കെട്ടിയതിനുശേഷം നമ്മളെ വിളിക്കുന്നതുവരെ, വെളിയില്‍ കാത്തുനില്ക്കും. മറിച്ചു്, ഇത്രയും ക്ഷമ കാട്ടാതെ, നേരെ ഗേറ്റു തുറന്നു അകത്തേക്കു കയറിച്ചെന്നാല്‍ പട്ടിയുടെ കടി കൊള്ളേണ്ടി വരും. അറിവുള്ളവരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാതെ, സ്വയം മുന്നോട്ടു പോയാല്‍, ഇതുപോലെയുള്ള അപകടങ്ങളില്‍ ചെന്നു പെടേണ്ടിവരും. സാധകൻ്റെതു് ഒരു യാത്രയാണു്. ക്രൂരജന്തുക്കള്‍ നിറഞ്ഞ അപകടങ്ങള്‍ നിറഞ്ഞ, ഒരു വനത്തില്‍ക്കൂടിയുള്ള യാത്രയാണിതു്. വഴിയറിയാവുന്ന ഒരാള്‍ ആവശ്യമാണു്. ഇന്നയിടത്തു് ഇന്നതുണ്ടു് എന്നു പറഞ്ഞുതരാന്‍ ഒരാളു വേണ്ടേ? ‘അങ്ങോട്ടു പോകണം, ഇങ്ങോട്ടു പോകരുതു്’ എന്നിങ്ങനെ, ശരിയായ വഴി കാട്ടിത്തരാന്‍ ഒരാളു വേണ്ടേ? തന്നിഷ്ടപ്രകാരം നീങ്ങിയിട്ടു് ഈശ്വരനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

ഒരാള്‍ മദ്യപിച്ചു വണ്ടി ഓടിച്ചു. നിയന്ത്രണം വിട്ടു വണ്ടി ഒരാളെ ചെന്നിടിച്ചു. ഡ്രൈവറെ പോലീസു് അറസ്റ്റു ചെയ്തപ്പോള്‍, അയാള്‍ പറയുകയാണു്, ”സാറേ, വണ്ടി ചെന്നിടിച്ചതു് എൻ്റെ  കുറ്റമല്ല. പെട്രോളിൻ്റെ കുറ്റമാണു്.” ഇതുപോലെയാണു്, നമ്മുടെ അശ്രദ്ധ കൊണ്ടുണ്ടാവുന്ന ഭവിഷ്യത്തുകള്‍ക്കു് ഈശ്വരനെ കുറ്റം പറയുന്നതു്. ഏതിനും ഒരു ധര്‍മ്മമുണ്ടു്. അതനുസരിച്ചു വേണം നമ്മള്‍ നീങ്ങുവാന്‍. ധ്യാനത്തിനും അതിൻ്റെതായ രീതിയുണ്ടു്. ഓരോ സാധനയ്ക്കും വേണ്ട നിയമങ്ങളും മാര്‍ഗ്ഗങ്ങളും ഗുരുക്കന്മാര്‍ പറഞ്ഞിട്ടുണ്ടു്. സാധനാക്രമം നിശ്ചയിക്കേണ്ടതു് ഓരോരുത്തരുടെയും ശരീരത്തിൻ്റെയും മനസ്സിൻ്റെയും സ്ഥിതി നോക്കിയാണു്. എല്ലാവര്‍ക്കും ഒരേ മാര്‍ഗ്ഗം യോജിക്കില്ല. തിയറി ആര്‍ക്കും വായിച്ചു പഠിക്കാം; എന്നാല്‍ പ്രാക്ടിക്കലിനു പരിശീലനം കിട്ടാന്‍ അതറിയാവുന്ന ഒരാള്‍ കൂടെയുണ്ടാകണം. തനിയെ പഠിക്കാന്‍ പ്രയാസമാണു്. അതുപോലെ സാധനയില്‍ മാര്‍ഗ്ഗദര്‍ശനം നല്കാന്‍ ഒരു ഗുരു ആവശ്യമാണു്.

അറിയണം തന്ത്രിയുടെ സ്ഥാനം

തന്ത്രി എന്ന സ്ഥാനം വിശ്വാസികള്‍ക്ക് പവിത്രമാണ്. ദേവതയുടെ പിതൃസ്ഥാനീയനാണ് തന്ത്രി. തന്ത്രസമുച്ചയത്തില്‍ ആദ്യ ആറു പടലങ്ങള്‍ ക്ഷേത്ര പ്രതിഷ്ഠയിലൂന്നിയതാണ്. അത്യന്തം സങ്കീര്‍ണമായ ക്ഷേത്ര പ്രതിഷ്ഠയുടെ പരമ പ്രധാന ഘടകമാണ് തന്ത്രി. അനേകം ക്രിയകളിലൂടെ ക്ഷേത്രം സ്ഥാപിക്കുന്ന വ്യക്തി. ക്ഷേത്രമെന്ന ചിന്ത പ്രാവര്‍ത്തികമാവുന്നിടത്തു തന്ത്രിയുടെ ഉത്തരവാദിത്വങ്ങള്‍  തുടങ്ങുന്നു. പല ഘട്ടങ്ങള്‍ പരിശോധിക്കാം. 

ആചാര്യവരണം

ക്ഷേത്ര പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് ആചാര്യ വരണത്തോടെ ആണ്. ക്ഷേത്രം നിര്‍മിക്കാന്‍ പോകുന്ന ദേശത്തെ യജമാനസ്ഥാനത്തുള്ള വ്യക്തി ആചാര്യന്മാരായ തന്ത്രിയെയും പരികര്‍മികളെയും ദേവതാഭാവേന പൂജിച്ചു നിവേദ്യവും താംബൂലവും സമര്‍പ്പിച്ചു നമസ്‌കരിക്കുന്നു. ക്രിയകള്‍ക്കായി പവിത്ര മോതിരവും, തറ്റുടുക്കാനുള്ള വസ്ത്രവും, യജ്ഞോപവീതവും നല്‍കുന്നു. 

ഭൂപരിഗ്രഹം

ക്ഷേത്രത്തിന് ലക്ഷണയുക്തമായ ഭൂമി തിരഞ്ഞെടുത്ത ശേഷം, ഖര്‍ഷണം ചെയ്ത്, സ്ഥല ശുദ്ധി ചെയ്ത് ക്ഷേത്ര ഭൂമി ഏറ്റു വാങ്ങി വാസ്തുശാസ്ത്ര പ്രകാരം പ്രതിഷ്ഠാ സ്ഥാനം നിശ്ചയിച്ച ശേഷം നിശ്ചിത മുഹൂര്‍ത്തത്തില്‍ തന്ത്രി ഷഡാധാര പ്രതിഷ്ഠ നടത്തുന്നു. ക്ഷേത്രം ഷഡ്ചക്ര ശരീര പ്രതീകവും ദേവത ബ്രഹ്മചൈതന്യവും എന്ന സങ്കല്‍പ്പമാണല്ലോ.

വാസ്തുബലി, വാസ്തുപൂജ, വാസ്തുഹോമം എന്നിവ ചെയ്ത് ആധാര ശിലയാകുന്ന മൂലാധാര പ്രതീകവും, അതിന്റെ മുകളില്‍ സ്ഥാപിക്കുന്ന സ്വാധിഷ്ഠാന പ്രതീകമായ ധ്യാനപീഠവും, അതിനു മേല്‍ മണിപൂരകത്തെ പ്രതിനിധാനം ചെയ്യുന്ന നിധികുംഭവും, അതിനുമേല്‍ അനാഹത ചക്ര പ്രതീകമായ പത്മവും, പദ്മത്തില്‍ ഹൃദയസ്ഥാനമായ പ്രാണശക്തിയും അതിനു മുകളിലായി വിശുദ്ധി ചക്ര പ്രതീകമായ യോഗനാളത്തേയും പൂജിച്ചു പ്രതിഷ്ഠിച്ചു തന്ത്രി ഷഡാധാര പ്രതിഷ്ഠ നടത്തുന്നു.

ഇഷ്ടകാന്യാസം, ഗര്‍ഭപാത്ര സ്ഥാപനം

ശ്രീകോവില്‍ ദേവന്റെ സ്ഥൂല ശരീര സങ്കല്‍പമാണ്. ക്ഷേത്രപുരുഷ ശരീരത്തിന്റെ മാതൃത്വം വഹിക്കുന്നത് ഭൂമിദേവിയാണ്. വിഗ്രഹം എന്ന പുത്രനെ ക്ഷേത്ര ഭൂമി പ്രസവിക്കുന്നതായാണ് സങ്കല്‍പം. അതിനായി ഭൂമിയില്‍ ഗര്‍ഭപാത്ര സ്ഥാപനം  നടത്തുന്നു. താമ്രം കൊണ്ട് അടപ്പോടുകൂടി ഉണ്ടാക്കുന്ന ഗര്‍ഭപാത്ര രൂപം ഭൂത്വത്തെ സൂചിപ്പിക്കുന്നു. ശേഷം ഈ ഗര്‍ഭപാത്രത്തില്‍ മൂലമന്ത്രം കൊണ്ട് ദേവനെ ആവാഹിച്ച് ത്രിമധുര നിവേദ്യത്തോടെ പൂജ നടത്തുന്നു.

ശിലാപരിഗ്രഹം

 തന്ത്രി ശില്‍പികളെ ക്ഷണിച്ച് അവരുടെ ആയുധങ്ങള്‍ പൂജിക്കുന്നു. വിഗ്രഹത്തിനുള്ള ശില തിരഞ്ഞെടുക്കേണ്ടതും തന്ത്രിയുടെ ചുമതലയാണ്. ലക്ഷണങ്ങള്‍ തികഞ്ഞ ശില കണ്ടെത്തിയാല്‍ ദേഹശുദ്ധ്യാദികള്‍ ചെയ്തു പുറപ്പെട്ട് ശിലയെ അഭിവാദ്യം ചെയ്ത്, ശിലക്കു മുകളില്‍ പത്മമിട്ട്, ദേവതകളെയും പരിവാരങ്ങളെയും ആവാഹിച്ചു പൂജിച്ചു ദിക്പാലബലികളും കൊടുത്ത് ദേവതാസാന്നിധ്യം കൊടുത്ത് തന്ത്രി അന്നവിടെ ഉറങ്ങണം. സ്വപ്‌ന ദര്‍ശനത്തെ പ്രാര്‍ത്ഥിച്ച ശേഷം അതിനനുസൃതമായി ശിലാഖണ്ഡങ്ങളെ ശില്‍പികള്‍ വെട്ടിമാറ്റുന്നു. ശേഷം വിഗ്രഹ ശിലയെ വാദ്യഘോഷങ്ങളോടെ പണിപ്പുരയിലേക്കു എഴുന്നള്ളിക്കുന്നു .

മുളയിടല്‍

ബിംബ നിര്‍മാണം പൂര്‍ത്തിയായാല്‍ തന്ത്രി വിധി പ്രകാരം പരിഗ്രഹിച്ചു ശുദ്ധീകരിക്കുന്നു. സോമമണ്ഡലം നിര്‍മ്മിച്ചാണ് ശുദ്ധീകരണം. മുളയിടല്‍ എന്ന ചടങ്ങില്‍ മുളപ്പാലികകളില്‍ മഹാവിഷ്ണുവിനേയും ബീജത്തില്‍ സോമനെയും ആവാഹിച്ചു പൂജിക്കുന്നു. മുള എത്ര ദിവസം നില്‍ക്കുന്നുവോ അത്രയും നാള്‍ മൂന്നു പൂജയും രാത്രി ബലിയും നടത്തുന്നു .

ബിംബ പരിഗ്രഹം

ശില്‍പി ശയ്യ വിരിച്ചു ബിംബത്തെ അതില്‍ കിടത്തുന്നു. പൂജിച്ച സ്വര്‍ണസൂച്യഗ്രം കൊണ്ട് തന്ത്രി വിഗ്രഹത്തിന്റെ കണ്ണ് കീറി ശില്‍പിയെക്കൊണ്ട് നേത്രോല്ലേഖനം നടത്തുന്നു. ശില്‍പിയില്‍ നിന്നു ശില്‍പത്തെ ക്ഷേത്ര യജമാനന്‍ ഏറ്റു വാങ്ങി തന്ത്രിക്കു സമര്‍പ്പിക്കുന്നു.

ബിംബശോധന

നെയ്യ്, തേന്‍, നാല്‍പ്പാമരത്തൊലികള്‍, പുറ്റു മണ്ണ്, ചെറുപയര്‍, മഞ്ഞള്‍ മുതലായവ ബിംബത്തില്‍ തേച്ച് വെള്ളം കൊണ്ടോ അഷ്ടഗന്ധ ജലം കൊണ്ടോ ബിംബ ശോധന ചെയ്യുന്നു. പിന്നീട് നടക്കുന്ന അക്ഷത ഹോമത്തിന്റെ സമ്പാതം ബിംബത്തിന്റെ പാദം മുതല്‍ ശിഖ വരെയുള്ള ഏഴു സ്ഥാനങ്ങളില്‍ സ്പര്‍ശിക്കുന്നു.

കൗതുക ബന്ധനം

അനന്തരം ഒരു പട്ടു വസ്ത്രത്തില്‍ നല്ല പോലെ പൊതിഞ്ഞ കടുകും മുത്തും സ്വര്‍ണവും ചരടില്‍ കെട്ടി തന്ത്രി ദേവന്റെ വലതു കയ്യില്‍ കെട്ടുന്നു. സ്വര്‍ണം സൂര്യമണ്ഡലവും, കടുക് അഗ്‌നിമണ്ഡലവും, മുത്ത് സോമമണ്ഡലവും ആകുന്നു. ബിംബദേഹത്തിന്റെ പഞ്ച ഭൗതിക ശുദ്ധി വരുത്തി കുണ്ഡലിനി ഉത്പാഥനമാണ് ഈ ക്രിയ.

ജലാധിവാസം

കുണ്ഡലിനി ഉത്പാഥനശേഷം ജീവചൈതന്യം സമാധി അനുഭവിക്കുന്ന സങ്കല്‍പ്പം ആണ് ഇത്. ബിംബത്തെ ക്ഷേത്ര കുളത്തിലേക്ക് എഴുന്നള്ളിക്കുന്നു. വരുണദേവനെ തന്ത്രി തീര്‍ത്ഥമായി ആവാഹിച്ചു പൂജിക്കുന്നു. ശേഷം ബിംബത്തെ അരയാല്‍ പലകമേല്‍ കിഴക്കു ശിരസായി കിടത്തി വെള്ളത്തില്‍ താഴ്ത്തി ഉറപ്പിച്ചു എട്ടു ദിക്കുകളിലും ബന്ധനം ചെയ്തു രക്ഷിച്ചു വെക്കുന്നു. ഇത് മൂന്ന് ദിവസവും മൂന്നു രാത്രിയും തുടരും.

പ്രാസാദ ശുദ്ധി

പ്രാസാദം എന്നാല്‍ ശ്രീകോവില്‍. തന്ത്രി ബിംബത്തെ ദര്‍ഭ, ഗോമയ ജലം, കടുക്, പഞ്ചഗവ്യം, വികിരം എന്നിവ ഉപയോഗിച്ചു പ്രാസാദ ശുദ്ധി വരുത്തുന്നു. ദുഷ്ട ഭൂത രാക്ഷസാദികളെ നിഷ്‌കാസനം ചെയ്ത്, അഷ്ടഗന്ധ ജലം തളിച്ച്, ഗന്ധ പുഷ്പാക്ഷതം വിതറി, ധൂപദീപാദികള്‍ കാണിച്ചു പ്രാസാദ ശുദ്ധി പൂര്‍ത്തിയാക്കുന്നു

അസ്ത്രകലശ പൂജ

ദേവന്റെ അസ്ത്ര മന്ത്രം കൊണ്ട് കലശം പൂജിച്ചു വെക്കുന്നു . ഗര്‍ഭഗൃഹത്തില്‍ ദേവന്റെ മന്ത്രം കൊണ്ട് പൂജ ചെയ്തു അഗ്നിപ്രതീകമായ കടുക് മന്ത്രപുരസ്സരം വിതറുകയും, പഞ്ചഗവ്യം ജപിച്ചു തളിച്ച് ശുദ്ധീകരിക്കുകയും ചെയ്യുന്നു

അഗ്‌നികോണില്‍ നടത്തുന്ന രക്ഷോഘ്ന ഹോമം

ഈശ കോണില്‍ നടത്തുന്ന വാസ്തു ഹോമം, വാസ്തു ബലി എന്നിവയ്ക്കു ശേഷം തന്ത്രി ഗര്‍ഭ ഗൃഹത്തിന്റെ മധ്യത്തില്‍ പ്രാസാദ മൂര്‍ത്തിയെ ആവാഹിച്ചു പൂജിച്ചിടത്തു കലശങ്ങള്‍ ആടുകയും വാസ്തുദേവനെ പ്രീതിപ്പെടുത്തി പുണ്യാഹം തളിക്കുകയും ചെയ്യുന്നു .

ബിംബ ശുദ്ധി കലശം

ക്ഷേത്രത്തിന്റെ ഈശ കോണില്‍ പത്മങ്ങള്‍ വരച്ച് ബിംബ ശുദ്ധി കലശങ്ങള്‍ സ്ഥാപിച്ച ശേഷം തന്ത്രി ദേവത ഭാവേന ദ്രവ്യങ്ങള്‍ നിറയ്ക്കുന്നു. ഇവ ജലാധിവാസം കഴിഞ്ഞ ബിംബത്തില്‍ ആടുന്നു.

മണ്ഡപ സംസ്‌കാരം

ബിംബത്തിന്റെ ധ്യാനാധിവാസത്തിനായി മണ്ഡപം ഉണ്ടാക്കി അതിനകത്തു തോരണങ്ങളും ധ്വജങ്ങളും പ്രതിഷ്ഠിച്ചു പൂര്‍വാദി ദ്വാരത്തില്‍ ദ്വാര കലശങ്ങളെ പൂജിച്ചു മണ്ഡപത്തെ തന്ത്രി പൂജിക്കുന്നു .

അഗ്‌നിജനനം

മണ്ഡപത്തിന്റെ കിഴക്കായി ശയ്യാ പൂജക്കുള്ള ശിരസ്ഥാനത്തില്‍ ആചാര്യ കുണ്ഡമുണ്ടാക്കി അഗ്‌നിജനനം ചെയ്യുന്നു. കുണ്ഡത്തില്‍ അഗ്‌നി പകരുന്നത് പ്രകൃതിയുടെ ഗര്‍ഭപാത്രത്തില്‍ പരമ പുരുഷ ബീജം സ്ഥാപിക്കലാണ്. ഗര്‍ഭാധാന പ്രക്രിയക്ക് ശേഷം മറ്റു സംസ്‌കാരങ്ങള്‍ നടത്തി ദേവന്റെ മന്ത്രങ്ങളെക്കൊണ്ടു ഹോമിക്കുന്നു .

ശയ്യാപൂജ

മണ്ഡപത്തില്‍ ശയ്യ വിരിച്ചു ശയ്യാ പദ്മത്തിന്റെ തലയ്ക്കല്‍ നിദ്രാകലശവും എട്ടു ദിക്കിലും വിദ്വേശ്വര കലശവും സ്ഥാപിക്കുന്നു. ശയ്യയുടെ ശിരോഭാഗത്തും, പാദാഗ്രത്തിലും, ഇടതും, വലത്തും, കിരീടാഗ്ര ഭാഗത്തും പ്രതിഷ്ഠ കഴിഞ്ഞാല്‍ ഉപഹാര ദ്രവ്യങ്ങള്‍ വച്ച് പൂജിച്ചു അഷ്ട ദിക്കുകളിലും ദേവന് വേണ്ട അഷ്ടമംഗല്യങ്ങള്‍ വെയ്ക്കുന്നു.

ജലോദ്ധാരം

തീര്‍ത്ഥസ്ഥാനത്തു പോയി ജലാധിവാസം ചെയ്ത ബിംബത്തെ പുറത്തെടുത്തു ഭദ്രാപീഠത്തില്‍ നിര്‍ത്തി ശിരസ്സ് മുതല്‍ പാദം വരെ മുന്‍പ് സംഹരിച്ചതായ പഞ്ച ഭൂതങ്ങളെയും പ്രാണായാമരൂപേണ സൃഷ്ടിച്ചു വെള്ളം കൊണ്ട് കഴുകി തന്ത്രി നേത്രോന്മീലനം ചെയ്യണം. ഇത് സമാധി കഴിഞ്ഞുള്ള കണ്ണ് തുറക്കലാണ്. നേത്രോന്മീലനം കഴിഞ്ഞ ബിംബത്തെ പശുവിനെ കാണിക്കുകയും മണ്ഡപത്തിനു പ്രദക്ഷിണമായി കൊണ്ട് വന്നു ശയ്യയില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.                

ഗണേശപ്രീതിക്ക് മോദകവും ലഡുവും

വിഘ്നങ്ങളകറ്റി ഐശ്വര്യം പ്രദാനം ചെയ്യുന്ന ദേവനാണ് ഗണപതി. നല്ലകാര്യങ്ങള്‍ക്ക് തുടക്കമിടും മുമ്പ് ഗണപതിയെ സ്മരിക്കുന്ന പതിവുണ്ട്. 

ചില വിശിഷ്ട ഭോജ്യങ്ങള്‍ പൂജയ്ക്കൊപ്പം സമര്‍പ്പിച്ചാല്‍ ഗണേശപ്രീതി സുനിശ്ചിതമെന്നാണ് വിശ്വാസം. അതിലൊന്നാണ് മോദകം. മോദകപ്രിയനെന്നും ഭഗവാന്‍ അറിയപ്പെടുന്നു.  അരിമാവ് ഉരുട്ടിയെടുത്ത് തേങ്ങയും ശര്‍ക്കരയും നിറച്ചാണ് മോദകമുണ്ടാക്കുന്നത്. ചെറുപയറും മൈദയുമുപയോഗിച്ചും മോദകമുണ്ടാക്കി നിവേദിക്കാം. 

ഭഗവാന് പ്രിയങ്കരമായ മറ്റൊരു മധുരപലഹാരമാണ് ലഡു. നാല് കൈകളിലൊന്നില്‍ ലഡുവില്ലാത്ത ഗണേശ വിഗ്രഹങ്ങളും ചിത്രങ്ങളും കാണില്ല.  

പൊരി, ശര്‍ക്കര പാവില്‍ മുക്കി ഉരുട്ടിയെടുത്തുണ്ടാക്കുന്ന വിഭവവും പ്രിയപ്പെട്ടതത്രേ. അതിനു പിറകിലൊരു കഥയുമുണ്ട്. സമ്പത്തിന്റെ ദേവനായ കുബേരന്‍ ഒരിക്കല്‍ ഗണപതിയെ വിരുന്നിനു ക്ഷണിച്ചു. വീട്ടിലെത്തിയ അതിഥിക്ക് വിഭവ സമൃദ്ധമായ സദ്യയാണ് കുബേരന്‍ നല്‍കിയത്. പക്ഷേ ഉള്ളതെല്ലാം വിളമ്പിയിട്ടും ഗണപതിക്ക് വിശപ്പടങ്ങിയില്ല. ഒടുവില്‍ കുബേരന്‍ പോംവഴി തേടി ശിവഭഗവാനെ പ്രാര്‍ഥിച്ചു. ശര്‍ക്കരയില്‍ പൊതിഞ്ഞെടുത്ത  പൊരിയുണ്ട നല്‍കാന്‍ ശിവന്‍ നിര്‍ദേശിച്ചു. കുബേരന്‍ വൈകാതെ അതുണ്ടാക്കി ഗണേശന് നല്‍കി. അതോടെ ഭഗവാന്റെ വിശപ്പടങ്ങിയെന്നാണ് കഥ. വാഴപ്പഴവും ഭഗവാന്റെ ഇഷ്ടഭോജനമത്രേ.

ഈശ്വരന്‍ നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കാത്തതെന്തേ?

ശ്രീകോവിലിനു മുന്നില്‍ തൊഴുകൈയോടെ, ഏകാഗ്രമായി അയാള്‍ പ്രാര്‍ത്ഥിച്ചു. "ഭഗവാനെ ആരോഗ്യവും ആയുസും നിറയെ സമ്പത്തും നല്കി എന്നെ അനുഗ്രഹിക്കണേ…"

പ്രാര്‍ത്ഥന കഴിഞ്ഞ് സംതൃപ്തിയോടെ അയാള്‍ പുറത്തേക്കു വന്നു. ഗോപുരവാതിലില്‍ ഇട്ടിരുന്ന ചെരുപ്പ് കാണാനില്ല. എല്ലായിടത്തും നോക്കി. വിലയേറിയ ചെരുപ്പ് മോഷണം പോയതാണെന്ന് അതോടെ ഉറപ്പായി. അയാള്‍ കോപത്തോടെ അമ്പലത്തിനകത്തേക്കു വീണ്ടും കയറി. ശ്രീകോവിലിനു മുന്നിലെത്തി. കോപത്തോടെ പറഞ്ഞു,

"ദൈവമേ, എന്റെ ചെരുപ്പു പോലും സംരക്ഷിക്കാന്‍ കഴിയാത്ത അവിടുന്നാണോ എനിക്ക് ആരോഗ്യവും സമ്പത്തും തന്ന് അനുഗ്രഹിക്കാന്‍ പോകുന്നത്."

അയാള്‍ വീണ്ടും അമ്പലത്തില്‍ നിന്നും പുറത്തിറങ്ങി. അപ്പോള്‍ ഗോപുരവാതിക്കല്‍ കണ്ട കാഴ്ച അയാളെ വല്ലാതാക്കി. ഇരു കാലുകളും നഷ്ടപ്പെട്ട ഒരാള്‍ നിരങ്ങി നിരങ്ങി നീങ്ങുകയാണ്. ഉരയുമ്പോഴുള്ള വേദന മുഖത്തു കാണാം.

അയാള്‍ ഉടന്‍ ക്ഷേത്രത്തിനകത്തു കയറി. പശ്ചാത്താപവിശനായി, തൊഴുകൈയോടെ ഇടറും തൊണ്ടയോടെ മാപ്പിരുന്നു,"പ്രഭോ… ക്ഷമിക്കണേ… എനിക്ക് ചെരുപ്പ്… ഈ രണ്ടു കാലുകളും ആരോഗ്യത്തോടെ നല്കിയതിന് നന്ദി… നന്ദി…"

നമുക്കില്ലാത്തതിനെ കുറിച്ച് പരാതിപ്പെടാനും ദുഃഖിക്കാനും സമയം കളയരുത്. ഈശ്വരകൃപയാല്‍ നമുക്കിപ്പോള്‍ ഉള്ളതിനെ ഓര്‍ത്ത് സന്തോഷിക്കുക. നമ്മുടെ ഭാഗ്യം സ്വയം തിരിച്ചറിയുക. പ്രാര്‍ത്ഥിക്കാതെ തന്നെ നമുക്കാവശ്യമുള്ളതെല്ലാം ഈശ്വരന്‍ നല്കിക്കൊണ്ടിരിക്കുന്നു. നാം പ്രാര്‍ത്ഥനയിലൂടെ ആവശ്യങ്ങള്‍ അറിയിക്കുകയല്ല വേണ്ടത്; ഈ നിമിഷം വരെ ജീവിതം തന്നതില്‍ നന്ദി രേഖപ്പെടുത്തുകയാണ് വേണ്ടത്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.