രാശിചക്രലേഖനത്തിനുള്ളിൽ പുല്ലു മുളച്ചുവരികയോ / വെള്ളം / ചെറിയ കല്ലു വീണു കിടപ്പുണ്ടെങ്കിൽ / മണൽ വീണുകിടപ്പുണ്ടെങ്കിൽ / ഉറുമ്പുകൾ മണ്ണുകുഴിച്ചിളക്കിയിടുന്നുണ്ടെങ്കിൽ

ചക്രേ യത്ര തൃണാനി തത്ര തവര, സ്തത്രാംബുസിക്തേ ജലം,
ഗ്രാവാ യാത്ര ശിലേഹ, യത്ര സികതാസ്തത്ര സ്ഥലം ചോന്നതം
കേരാ വാ ഖലു നാളികേരസദൃശാകാരാഃ പരേ ഭൂരുഹോ,
വല്മീകോƒത്ര പിപീലികാഹൃതമൃദോ യത്രൈവമാദിശ്യതാം.

യത്ര ക്ഷിതൗ പൃച്ഛതാമിതി വാ പാഠഃ

സാരം :-

രാശിചക്രലേഖനത്തിനുള്ളിൽ പുല്ലു മുളച്ചുവരികയോ അല്ലെങ്കിൽ പുല്ലിൻറെ ശകലം വീണുകിടക്കയോ ചെയ്യുന്നുവെങ്കിൽ പ്രഷ്ടാവിന്റെ വാസഭൂമിയുടെ ആ ദിക്കിൽ വൃക്ഷങ്ങളുണ്ടെന്നു പറയണം. വൃക്ഷങ്ങളുടെ ജാതിസംഖ്യ മുതലായവ " ശുഭോശുഭർക്ഷേ രുചിരംകുഭൂതലേ " ഇത്യാദി ഹോരാവചനം അനുസരിച്ചു നിശ്ചയിച്ചുകൊള്ളുക.

രാശിചക്രത്തിൽ വെള്ളം വീണു നനഞ്ഞിട്ടുള്ള ഭാഗത്ത് ജലാശയമുണ്ടെന്നും ചെറിയ കല്ലു വീണു കിടപ്പുണ്ടെങ്കിൽ ആ ഭാഗത്തു പാറയുണ്ടെന്നും മണൽ വീണുകിടപ്പുണ്ടെങ്കിൽ ആ ഭാഗത്തു പറമ്പിന് ഉയർച്ചയുണ്ടെന്നോ ഇല്ലെങ്കിൽ തെങ്ങുകളോ തെങ്ങുപോലെയുള്ള മറ്റു മരങ്ങളോ ഉണ്ടെന്നോ എറുമ്പുകൾ മണ്ണുകുഴിച്ചിളക്കിയിടുന്നുണ്ടെങ്കിൽ ആ ഭാഗത്തു പുറ്റുണ്ടെന്നും മറ്റും യുക്തിപൂർവ്വം ആലോചിച്ചു പറയണം.

രാശിചക്രം എഴുതിയാൽ ഏതൊരു ഭാഗത്താണോ ഭസ്മം അധികം വീണ് ഉയർന്നിരിക്കുന്നത്

ചക്രസ്യ യത്ര നിമ്നത്വമൗന്നത്യം വാപി ദൃശ്യതേ
പ്രഷ്ടുർനിവാസഭൂമിശ്ച തത്ര തതോന്നതാ.

സാരം :-

രാശിചക്രം എഴുതിയാൽ ഏതൊരു ഭാഗത്താണോ ഭസ്മം അധികം വീണ് ഉയർന്നിരിക്കുന്നത്, പ്രഷ്ടാവിന്റെ വാസഭൂമിയുടെ ആ ഭാഗം ഉയർന്നിരിക്കുന്നുവെന്നും രാശിചക്രലേഖനത്തിൽ താഴ്ചയുള്ള ഭാഗത്തു പ്രഷ്ടാവിന്റെ വാസഭൂമിയിലും ആ ഭാഗത്ത് താഴ്ചയുണ്ടെന്നും പറയണം. 

ഹസ്തപ്രമാണമായ ഈ രാശിചക്രത്തെക്കൊണ്ട് പ്രഷ്ടാവിന്റെ വാസഭൂമിയുടെ സകല ഗുണദോഷങ്ങളും അവസ്ഥയും പറയാവുന്നതാണ്. 

ഇങ്ങിനെയുള്ള വിചാരം ദൈവജ്ഞൻ വീട്ടിൽ വച്ച് പ്രശ്നം ആരംഭിച്ചു പറയുന്നുവെങ്കിൽ മാത്രമേ യോജിക്കയുള്ളൂ.

രാശിചക്രം എഴുതുമ്പോൾ ആദ്യം വടക്കേ രേഖയാണ് എഴുതുന്നത് എങ്കിൽ

ലിഖിതാ സൗമ്യരേഖാ പ്രാഗ്യദി നൂനം ധനാഗമഃ
വാരുണീ യദി രോഗാപ്തിരൈന്ദ്രീ ചേത്സന്തതിർഭവേൽ,

യാമ്യരേഖാ യദി ഭവേന്മരണായൈവ പൃച്ഛതാം.

സാരം :-

രാശിചക്രം എഴുതുമ്പോൾ ആദ്യം വടക്കേ രേഖയാണ് എഴുതുന്നത് എങ്കിൽ പൃച്ഛത്തുകൾക്കു ധനലാഭമുണ്ടാകുമെന്നു പറയണം. പടിഞ്ഞാറേ രേഖ ആദ്യമായി എഴുതിയാൽ രോഗദുഃഖമുണ്ടാകുമെന്നും കിഴക്കേ രേഖ മുൻപേ എഴുതിയാൽ സന്താനലാഭമുണ്ടാകുമെന്നും തെക്കേ രേഖ മുൻപേ എഴുത്തുന്നു എങ്കിൽ മരണം സംഭവിക്കുമെന്നും പറയണം. 

ഇവിടെ പൃച്ഛതാം എന്നുള്ള ബഹുവചനപ്രയോഗംകൊണ്ട് മരണം മുതലായ ഫലങ്ങൾ പ്രഷ്ടാവിനോ തൽസംബന്ധികൾക്കോ ഉണ്ടാകുമെന്നു സൂചിപ്പിച്ചിരുന്നു. " മൃത്യുസൂത്രഫലംമൃത്യൂഃ പ്രഷ്ടുഃ സംബന്ധിനാമപി " എന്നുള്ള ഭാഗംകൊണ്ടു ഇതു സ്പഷ്ടമാണ്. ഫലനിർദ്ദേശത്തിനായി പുറമേയുള്ള ഈ നാലു രേഖകൾ മാത്രമേ രാശിചക്രത്തിൽ വരപ്പിക്കേണ്ടതുള്ളൂ 

രാശിചക്രത്തിന്റെ രേഖകൾ തടിച്ചതാണെങ്കിൽ പ്രഷ്ടാവിനു സുഖവും രാശിചക്രത്തിന്റെ രേഖകൾ മെലിഞ്ഞതാണെങ്കിൽ ദുഃഖവും ഫലമാകുന്നു

സ്ഥൂലരേഖാ സുഖകരീ സൂക്ഷ്മാ ദുഃഖപ്രദായിനീ
രേഖാച്ഛേദോ ഭവേൽ പ്രഷ്ടുഃ സുഖകാര്യവിഘാതകഃ

സാരം :-

രാശിചക്രത്തിന്റെ രേഖകൾ തടിച്ചതാണെങ്കിൽ പ്രഷ്ടാവിനു സുഖവും രാശിചക്രത്തിന്റെ രേഖകൾ മെലിഞ്ഞതാണെങ്കിൽ ദുഃഖവും ഫലമാകുന്നു. രാശിചക്രത്തിന്റെ രേഖയ്ക്കു ഇടയ്ക്കിടെ മുറിവുണ്ടെങ്കിൽ പ്രഷ്ടാവിന് ഇടയ്ക്കിടെ ദുഃഖവും കാര്യവിഘ്നവും ഉണ്ടെന്നറിയണം.

രാശിചക്രം എഴുതുന്നത് വലതുവശമായി ഇരിക്കേണ്ടതാണ്. ഇടതുവശമായി രാശിചക്രരേഖ എഴുതരുത്

പ്രദക്ഷിണതയാ കാര്യം രാശിചക്രവിലേഖനം
അനുലോമവിലോമേന ലേഖനേ വിഘ്നസംഭവഃ.

സാരം :-

രാശിചക്രം വരയ്ക്കുന്നതിനു നിയോഗിക്കുന്ന ആളോട് ഒരിക്കോൽ തുല്യചതുരശ്രത്തിൽ നാലു വര വരയ്ക്കണമെന്നു പറയുകയല്ലാതെ ഇന്ന മാതിരിയിൽ വരയ്ക്കണമെന്നു പറഞ്ഞുകൂട.

രാശിചക്രം എഴുതുന്നത് വലതുവശമായി ഇരിക്കേണ്ടതാണ്. ഇടതുവശമായി രാശിചക്രരേഖ എഴുതരുത്. ചിലതു വലതുവശമായും ചിലതു ഇടതുവശമായും എഴുതുന്നുവെങ്കിൽ ഇഷ്ടമായ കാര്യനിവൃത്തിക്ക് തടസ്സങ്ങളുണ്ടെന്നു പറയണം.

*************************

രാശിചക്രലേഖനം ചെയ്യുന്നതു പ്രദക്ഷിണമായിട്ടുതന്നെ വേണം. അപ്രദക്ഷിണമായി രാശിചക്രം ഇടരുത്. കുറെ ഭാഗം പ്രദക്ഷിണമായി എഴുതീട്ടു പിന്നെ കുറെ ഭാഗം അപ്രദക്ഷിണമായിട്ടും എഴുതി എന്നു വന്നാൽ പൃച്ഛകന്ന് അഭീഷ്ടകാര്യങ്ങൾ സാധിക്കുന്നതിന് ഇടയിൽ ചില തടസ്സങ്ങളും വന്നുചേരുമെന്നറിയണം. എന്നാൽ ഇഷ്ടസിദ്ധി വരുന്നതല്ല.

ഭസ്മംകൊണ്ടു രാശിചക്രം എഴുതാൻ പാടില്ലെന്നു ചില ദൈവജ്ഞന്മാർ അഭിപ്രായപ്പെടുന്നുണ്ട്

കേചിന്നിന്ദതി ദൈവജ്ഞാ ഭസ്‌മനാ ചക്രലേഖനം
തഥാപി തത്ര ഭസ്മൈവ ഗൃഹ്ണന്തി ബഹവോƒധുനാ.

സാരം :-

ഭസ്മംകൊണ്ടു രാശിചക്രം എഴുതാൻ പാടില്ലെന്നു ചില ദൈവജ്ഞന്മാർ അഭിപ്രായപ്പെടുന്നുണ്ട്. എങ്കിലും ഇക്കാലത്ത് പലേ ദൈവജ്ഞന്മാരും ഭസ്മംകൊണ്ടുതന്നെയാണ് ചക്രലേഖനം നടത്തിവരാറുള്ളത്.

രാശിചക്രം എഴുതേണ്ട ക്രമം

ഹസ്തപ്രമാണേ ചതുരശ്രഖണ്ഡേ ഷഡംഗുലാംശൈർവിഭജേദ്ദളാനി
ചതുർദളം പദ്മമിഹാസ്തു മധ്യേ ചതുർഭിരന്യാന്യജപൂർവഭാനി.

സാരം :-

ഒരു കോൽ സമചതുരമായി നാലു ദിക്കിലും നാലു രേഖകളെ ആദ്യമായി വരയ്ക്കണം. പിന്നീട് ആറാറ് അംഗുലം സമചതുരമായി പതിനാറു ഖണ്ഡങ്ങളായി ഭാഗിക്കണം. അവയിൽ മദ്ധ്യേയുള്ള നാലുദളങ്ങൾ നാലു ദളമുള്ള ഒരു പത്മാകൃതിയിലാക്കി കല്പിക്കുക. ശേഷമുള്ള പന്ത്രണ്ടു ദളങ്ങൾ മേടം മുതൽ മീനംവരെയുള്ള പന്ത്രണ്ടു രാശികളാകുന്നു. 

രാശിചക്രം എഴുതണം

ശുദ്ധതണ്ഡുലസമ്പൂർണ്ണപ്രസ്ഥദീപാലംകൃതേ
സമേ സുമൃഷ്ടസംസിക്തേ ചക്രം ലിഖതു ഭൂതലേ.

സാരം :-

തറ നിരപ്പുവരുത്തി മെഴുകി ശുദ്ധമാക്കി വിധിപ്രകാരം വിളക്കുകൊളുത്തിവച്ച് അരി മുതലായ പദാർത്ഥങ്ങൾ ഇടങ്കഴി പറ മുതലായ പാത്രങ്ങളിൽ നിറച്ചു വച്ച് അഷ്ടമംഗലം വെറ്റില മുതലായ സാധനങ്ങളും വച്ച് അലങ്കരിച്ച് രാശിചക്രം എഴുതണം. 

രാശിചക്രം എഴുതുന്നത്, പ്രഷ്ടാവുതന്നെ വേണമെന്നില്ല. പ്രശ്നക്രിയയ്ക്കു വേണ്ട സാധനങ്ങൾ സംഭരിച്ചുകൊണ്ടുവരുന്ന ആളിനെക്കൊണ്ടോ അഥവാ മറ്റൊരാളെക്കൊണ്ടോ രാശിചക്രം എഴുതിക്കാവുന്നതാണ്.

ഇല മുതലായ സാധനങ്ങളെ ദൂതൻ കീറിയോ മുറിച്ചോ ഗുളികൻ നില്ക്കുന്ന രാശിദിക്കിലോ പ്രഷ്ടാവിന്റെ കൂറിന്റെ അഷ്ടമരാശിയിലോ ഇടുന്നുവെങ്കിൽ

പ്രശ്നാർത്ഥമാപാദിതപത്രപൂർവാൻ
ഛിത്വാ ച ഭിത്വാ *ഗുളികസ്ഥരാശൗ
പ്രഷ്ട്രഷ്ടമർക്ഷേ യദി നിക്ഷിപേച്ചേ
ത്സദ്യോ മൃതിഃ സ്യാന്ന തു ജീവദൃഷ്ടേ.

സാരം :-

പ്രശ്നകർമ്മത്തിനുവേണ്ടി സംഗ്രഹിച്ചിട്ടുള്ള ഇല മുതലായ സാധനങ്ങളെ ദൂതൻ കീറിയോ മുറിച്ചോ ഗുളികൻ നില്ക്കുന്ന രാശിദിക്കിലോ പ്രഷ്ടാവിന്റെ കൂറിന്റെ അഷ്ടമരാശിയിലോ ഇടുന്നുവെങ്കിൽ രോഗപ്രശ്നമാണെങ്കിൽ പ്രഷ്ടാവിന് ഉടൻതന്നെ മരണമുണ്ടാകുമെന്നും പറയണം. ആ രാശിയെ വ്യാഴം നോക്കുന്നുവെങ്കിൽ മരണം സംഭവിക്കയില്ല എങ്കിലും ശരീരക്ലേശം ഉണ്ടാകുന്നതാണ്.

-----------------------------------

* ഗുളികാസ്തരാശൗ (പാ. ഭേ.)

മനോഹരമായി ജ്വലിക്കുന്ന ദീപം പ്രഷ്ടാവിന് മഹദൈശ്വര്യഫലദമായ കാലം ഏറ്റവും സമീപിച്ചിരിക്കുവെന്നും സ്പഷ്ടമായി സൂചിപ്പിക്കുന്നു

ദീപഃ സംഹതമൂർത്തിരായതതനുർന്നിർവേപഥുർദീപ്തിമാൻ
നിശ്ശബ്ദോ രുചിരഃ പ്രദക്ഷിണഗതിർവൈഡൂർര്യഹേമദ്യുതിഃ
ലക്ഷ്മീം ക്ഷിപ്രമഭിവ്യനക്തി രുചിരാം യശ്ചോച്ഛിഖോ ദൃശ്യതേ
ശേഷം ലക്ഷണമഗ്നിലക്ഷണസമം യോജ്യം യഥാ യുക്തിതഃ

സാരം :-

ചിതറാതെ ചേർന്നു തടിച്ചു നീണ്ട വിറയിലും ശബ്ദവും കൂടാതെ ശുദ്ധതേജോമയമായി വലതുവശം ചുഴിഞ്ഞു വൈഡൂര്യരത്നത്തിന്റേയോ സ്വർണ്ണത്തിന്റേയോ ദ്യുതിക്ക് സമാനമായ നിറത്തോടുകൂടി മനോഹരമായി ജ്വലിക്കുന്ന ദീപം പ്രഷ്ടാവിന് മഹദൈശ്വര്യഫലദമായ കാലം ഏറ്റവും സമീപിച്ചിരിക്കുവെന്നും സ്പഷ്ടമായി സൂചിപ്പിക്കുന്നു. അതായത് ഈവക ഗുണങ്ങൾ ദേഹാത്മകമായ, എണ്ണയുടേയും ആത്മസ്വരൂപമായ, തിരിയുടേയും വാസസ്ഥാനാത്മകമായ തൽപാത്രത്തിന്റെയും ശുഭസാമൂഹ്യസമ്പൂർണ്ണതകൊണ്ടും ശത്രുസ്വരൂപനായ, കൊടുംകാറ്റിന്റെ അഭാവംകൊണ്ടും മറ്റും സിദ്ധിക്കേണ്ടതാണ്. ഒരു മനുഷ്യന് ശാരീരമായും ആത്മീയമായും ഭവനവിഷയമായും ശത്രുവർഗ്ഗങ്ങളിൽ നിന്നും യാതൊരനർത്ഥങ്ങൾക്കും അവകാശമില്ലാതെയിരിക്കിൽ അയാളുടെ അഭിവൃദ്ധിയുടെപ്പതിനിമിഷമുള്ള ശ്രീഘ്രഗമനം എത്ര മെച്ചമായിരിക്കുമെന്ന് ഊഹിക്കാവുന്നതാണ്. തന്നിമിത്തം പ്രഷ്ടാവിന് അപ്പോഴത്തേതിലും പ്രശംസനീയമായ ഒരു സ്ഥാനം സന്നിഹിതമാണെന്നു നിശ്ശങ്കം പറയാവുന്നതാണ്. ചിതറാതെ ഊർദ്ധ്വഗതിയോടു കൂടി മനോഹരമായി പ്രകാശിക്കുന്ന ദീപവും ശുഭപ്രദമാണ്.

നിമിത്തങ്ങളിൽ വച്ചു ദീപത്തിനു പ്രാമാണ്യമുള്ളതിനാൽ സമയം മുതലായ താല്ക്കാലിക ലക്ഷണങ്ങൾ ദീപലക്ഷണത്തോടു യോജിപ്പിച്ചു പറയാം. നാലാംപാദത്തിനു പ്രകാരാന്തരേണ ഒരർത്ഥംകൂടി പറയാം. യാഗാഗ്നിയുടേയും മറ്റും ലക്ഷണചിന്തനയിൽ നിന്നും അന്യഗ്രന്ഥങ്ങളിലുമുള്ള ദീപലക്ഷണവിധിയിൽനിന്നും ദീപവിഷയമായ മറ്റു ലക്ഷണങ്ങളെ ഗ്രഹിച്ചു ഇവിടെ ചേരത്തക്കവിധം ആലോചിച്ചു ദീപലക്ഷണം പറയേണ്ടതാണു. 

വിളക്കിന്റെ ജ്വാല ആയുസ്സിന്റെ ഗുണദോഷ ചിന്തയ്ക്കു വിഷയമാകയാൽ

വാമാവർത്തോ മലിനകിരണഃ സസ്ഫുലിംഗോƒല്പമൂർത്തിഃ
ക്ഷിപ്രം നാശം വ്രജതി വിമലസ്നേഹവർത്ത്യന്വിതോപി
ദീപഃ പാപം കഥയതി ഫലം ശബ്ദവാൻ വേപഥുശ്ച
വ്യാദീർണാർചിർവിമലമസകൃദ്യശ്ച നാശം പ്രയാതി.

സാരം :-

പ്രശ്നാരൂഢസമയം ദൈവജ്ഞൻ വിളക്കിന്റെ സകല അവസ്ഥകളേയും നോക്കി അറിഞ്ഞ് അതിന്റെ ഫലത്തെ പറയേണ്ടതാണ്.

ദീപത്തിന്റെ ഇടതുവശമുള്ള ചുഴിച്ചിൽ അശുഭസൂചകമാണ്. ജ്വാല ആയുസ്സിന്റെ ഗുണദോഷചിന്തയ്ക്കു വിഷയമാകയാൽ അതിന്റെ മലിനതയും പൊരിച്ചിലും അല്പത്വവും ആയുസ്സിനെ സംബന്ധിച്ച ചില വൈഷമ്യഫലങ്ങളെ സൂചിപ്പിക്കുന്നു. എണ്ണയും തിരിയും ശുദ്ധവും സമ്പൂർണ്ണവുമായിരിക്കെ വിളക്ക് അണഞ്ഞുപോകുന്നു എങ്കിൽ അതും അശുഭലക്ഷണമാകുന്നു. ഒരുതരം ശബ്ദത്തോടുകൂടി കത്തുന്നതും ജ്വാലയ്ക്കിളക്കമുള്ളതും ഒന്നിലധികം പ്രാവശ്യം കത്തിച്ചിട്ടും വീണ്ടും വീണ്ടും അണയുന്നതും കഷ്ടതരങ്ങളായ ലക്ഷണങ്ങളാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.