പ്രേമ സാഫല്യത്തിനായി തുളസി പരിചരണം

തുളസി എന്ന ദേവസസ്യത്തെക്കുറിച്ച് പാപനാശകാരണമായ ഒട്ടനവധികഥകള്‍ നാം തിരിച്ചറിഞ്ഞിട്ടുണ്ട്. കലിയുഗത്തില്‍ മനുഷ്യന്‍റെ പാപമുക്തിക്ക് ഏറ്റവും പ്രയോജനകരമായ വൈഷ്ണവസേവയാണ് തുളസീപരിചരണം. പാപം നശിക്കാനും കാമനകള്‍ (മോഹങ്ങള്‍) ഏതുതന്നെ ആയാലും അവ സാധിക്കുവാനും തുളസി വരം ഏറെ ഉത്തമമാണ്. വീടിനുചുറ്റും തുളസിനട്ടുപിടിപ്പിച്ച് ശുദ്ധമായി പരിചരിച്ചാല്‍, ആ വീട്ടില്‍ ദുര്‍മരണങ്ങള്‍ സംഭവിക്കില്ല. തുളസി നട്ടുവളര്‍ത്തുന്നവര്‍ക്ക് യമലോകം കാണേണ്ടിവരില്ല. ഏഴ് പുണ്യനദികളും സകലദേവതാമൂര്‍ത്തികളും തുളസിയില്‍ സാന്നിദ്ധ്യം കൊള്ളുന്നു. തുളസി നടുക, സംരക്ഷിക്കുക, ദര്‍ശിക്കുക, സ്പര്‍ശിക്കുക എന്നത് പാപഹരമാണ്. തുളസി ഇലയില്‍ പറ്റിയിരിക്കുന്ന മണ്ണ് ദേഹത്ത് പൂശുന്നതും തുളസി ചുവട്ടിലെ മണ്ണ് നെറ്റിയില്‍ തിലകമായി ചാര്‍ത്തുന്നതും സര്‍വ്വദുഃഖഹരമാണ്. ദ്വാദശിദിനത്തില്‍ തുളസിയില പറിക്കുന്നത് ദോഷമാണ്. ദ്വാദശി ഒഴിച്ചുള്ള മറ്റ് ദിനങ്ങളില്‍ തുളസിയില വിഷ്ണുപൂജയ്ക്ക് ഉത്തമമാണ്. തുളസിക്ക് വെള്ളം ഒഴിക്കുന്നതിന് തുളസി അഭിഷേകം എന്നാണ് പറയുക. തുളസിച്ചെടിക്ക് വെള്ളം ഒഴിക്കുമ്പോള്‍ നാരായണമന്ത്രം ജപിക്കുന്നത് മഹാപാപങ്ങളെ ശമിപ്പിക്കും.

ഋഷിവര്യനായ ഗര്‍ഗ്ഗാചാര്യന്‍ രാധയ്ക്ക് കൃഷ്ണനാടുള്ള തന്‍റെ പ്രേമ പൂര്‍ത്തീകരണത്തിനായി പറഞ്ഞുനല്‍കിയ മാര്‍ഗ്ഗമാണ് തുളസീസേവനം. ശ്രീകൃഷ്ണപ്രീതിക്ക് ഇതിലും വലുതായി മറ്റൊന്നില്ല. തുളസിദളങ്ങള്‍ ഭഗവത് അര്‍ച്ചനയ്ക്കായി നല്‍കുക. ഇപ്രകാരമുള്ള തുളസിഭക്തി കമിതാവിന്‍റെ കാമം പൂര്‍ത്തീകരിക്കും. തുളസി നട്ടുവളര്‍ത്തുമ്പോള്‍, അതിന്‍റെ ശാഖകളും ദളങ്ങളും പുഷ്പങ്ങളും വര്‍ദ്ധിക്കുന്നതനുസരിച്ച് സേവകനില്‍ കാമപൂര്‍ത്തിയും വന്നുചേരും. തുളസീസേവയെ ഹരിതോഷണം (ഹരിപ്രീതി) എന്നാണ് പറയുന്നത്. 

തുളസിസേവ ആരംഭിക്കേണ്ടത് അഭിജിത്ത് മുഹൂര്‍ത്തത്തിലാണ് (മദ്ധ്യാഹ്നം). തുളസിത്തറ നിര്‍മ്മിച്ച് ചെറിയ തുളസിച്ചെടികള്‍ നട്ടുപിടിപ്പിച്ച്, വെള്ളമൊഴിച്ച് വളര്‍ത്തുക, മൂന്നുമാസം നീളുന്നതാണ് ഈ വ്രതം. വ്രതം അവസാനിപ്പിക്കേണ്ടത് പൗര്‍ണ്ണമിനാളിലായിരിക്കണം. നട്ടുവളര്‍ത്തിയ തുളസിച്ചെടിയുടെ വളര്‍ച്ചയില്‍നിന്നും പ്രേമത്തിന്‍റെ ഗുണദോഷങ്ങള്‍ തിരിച്ചറിയാനാവും. നട്ട തുളസിച്ചെടികളെല്ലാം നന്നായി വളര്‍ന്നാല്‍, ഈ ബന്ധത്തിന് ഈശ്വരാധീനമുള്ളതായി വിശ്വസിക്കാം. ചെടി കരിഞ്ഞുപോവുകയോ, മുരടിച്ചുപോവുകയോ ചെയ്താല്‍ ഈ പ്രേമബന്ധം വിധി വിപരീതമായികരുതാം. പാകമെത്തിയിട്ടും തുളസി പൂക്കാതിരുന്നാല്‍ സന്താനക്ലേശത്തെ സൂചിപ്പിക്കുന്നു. ഇപ്രകാരമെല്ലാം ലക്ഷണശാസ്ത്രം പറയുന്നു. കാര്യങ്ങള്‍ തീരുമാനമെടുക്കാന്‍ തുളസിയില ഇട്ടുനോക്കുന്ന ചടങ്ങ് ഇന്നും വിശ്വാസികളില്‍ നിലനില്‍ക്കുന്നു എന്നതുമാത്രംമതി തുളസിയുടെ ഈശ്വരാധീനം തിരിച്ചറിയാന്‍.

ജീവികളെ അറുത്ത് മാംസം ഉപയോഗിക്കുന്നത് പാപകർമ്മമല്ലേ?

സനാതനധർമ്മം മാംസഭക്ഷണത്തെ ഒരിയ്ക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. ഒരു ജീവിയെക്കൊന്ന് മാംസം ഭക്ഷിച്ചാൽ ആ ജീവിയ്ക്ക് എത്രരോമങ്ങളുണ്ടോ അത്രയും ജന്മം അത് ഭക്ഷിച്ച മനുഷ്യൻ അതേ ജീവിയായി ജനിച്ച് മറ്റുള്ളവരാൽ ഭക്ഷിക്കപ്പെടുമത്രേ. മാംസഃ എന്ന സംസ്കൃത പദത്തിന്റെ അർത്ഥവും ഇതുതന്നെയെന്ന് മനുസ്മൃതിയിൽ പ്രസ്താവിച്ചിരിക്കുന്നു.

ഒരു ജീവിയെക്കൊന്നാൽ കൊല്ലുന്നയാൾക്ക് മാത്രമല്ല പാപമുള്ളത്. കൊല്ലാൻ പ്രേരിപ്പിക്കുന്നവനും അതിന്റെ മാംസം വിൽക്കുന്നവനും വാങ്ങിക്കുന്നവനും ഭക്ഷിയ്ക്കുന്നവർക്കുമെല്ലാം പാപം തുല്യമത്രേ.

പിതൃ ദേവതകളെ ഉദ്ദേശിച്ചുകൊണ്ടാണ് ജന്തുബലി നടത്തുന്നതെങ്കിൽ അതിൽ പാപമില്ലെന്നും കൊല്ലപ്പെട്ട ജന്തുവിനും ബലി നൽകിയ ആൾക്കും സദ്ഗതി കിട്ടുമെന്ന് മനുസ്മൃതിയിൽത്തന്നെ അനുശാസിക്കുന്നു.

ഇത് ഒരു പ്രാകൃതാചാരമല്ലേ?

ആചരണം പ്രാകൃതമോ ശ്രേഷ്ഠമോ എന്ന് ആരാണ് നിശ്ചയിക്കേണ്ടത്. മനുഷ്യസംസ്കാരം ആവിർഭവിച്ച കാലം മുതൽക്കേ ഈ ആചാരണമുണ്ട്. യാവനന്മാർ അഥീനിദേവിയ്ക്ക് പശുവിനെ ബലിയർപ്പിച്ചതായ കഥ ഗ്രീക്ക് പുരാണങ്ങളിലുണ്ട്. മുസ്ലീങ്ങൾ ഇപ്പോഴും ബലിപെരുന്നാൾ ദിവസങ്ങളിൽ മൃഗബലി നടത്തിവരുന്നു. അത് വളരെ ശ്രേഷ്ഠമായ കർമ്മമായിത്തന്നെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. വൈദികയാഗങ്ങളിലും പശുഹിംസനിർബന്ധമത്രേ.

സ്വാര്‍ത്ഥവും നിസ്സ്വാര്‍ത്ഥവുമായ കര്‍മ്മങ്ങള്‍ തമ്മിലുള്ള വ്യത്യാസം എന്താണു്?

സ്വാര്‍ത്ഥബുദ്ധികളുടെ കര്‍മ്മം ഒരാളെ വെട്ടിമുറിക്കുന്നതുപോലെയാണെങ്കില്‍, നിസ്സ്വാര്‍ത്ഥനായ ഒരാളുടെ കര്‍മ്മം ആ മുറിവു മരുന്നുവച്ചു സുഖപ്പെടുത്തുന്നതുപോലെയാണു്. രണ്ടും കര്‍മ്മംതന്നെ. പക്ഷേ, രണ്ടു ഭാവവും തമ്മില്‍ വ്യത്യാസമുണ്ടു്. ഒന്നു്, ദ്രോഹമനസ്സു്. മറ്റേതു്, കരുണമനസ്സു്.

നക്ഷത്രവും ഉപാസനാമൂർത്തിയും - ആയൂരാരോഗ്യവര്‍ദ്ധനയ്ക്കും ഐശ്വര്യലബ്ധിക്കും

അശ്വതി :- ഉപാസനാമൂര്‍ത്തി : വിഘ്നേശ്വരന്‍ 

അശ്വതിനക്ഷത്രത്തിന്‍റെ ദേവത- അശ്വിനിദേവകള്‍. മൃഗം- കുതിര. വൃക്ഷം- കാഞ്ഞിരം, ഗണം- ദേവഗണം. പക്ഷി- പുള്ള്, ഭൂതം- ഭൂമി, രാശ്യാധിപന്‍- കുജന്‍(ചൊവ്വ) പിറന്നാള്‍ദിനത്തില്‍ ഗണപതിഹോമം നിര്‍വ്വഹിക്കണം. ഗണേശന് കറുകപ്പുല്ലുകൊണ്ട് മാലകെട്ടി ചാര്‍ത്തണം. 

ഗണേശജപമന്ത്രം :- 

ഓം ശ്രീ മഹാഗണപതയേ നമഃ

************************

ഭരണി: ഉപാസനാമൂര്‍ത്തി : ലക്ഷ്മിദേവി 

നക്ഷത്രദേവത.യമന്‍, മൃഗം, ആന. വൃക്ഷം, നെല്ലി. ഗണം- മനുഷ്യഗണം, പക്ഷി പുള്ള്, ഭൂതം- ഭൂമി. രാശ്യാധിപന്‍- കുജന്‍(ചൊവ്വ) പിറന്നാള്‍ ദിനത്തില്‍ വിശേഷിച്ചും ദേവിപൂജ നടത്തണം. മഹാലക്ഷ്മിയെ സ്തുതിക്കണം.

മഹാലക്ഷ്മിനമസ്തുഭ്യം സുരേശ്വരീ 
ഹരിപ്രിയേ! നമസ്തുഭ്യം ദയാനിധേ 
സര്‍വ്വജ്ഞേ സര്‍വ്വവരദേ സര്‍വ്വദുഷ്ടഭയങ്കരി 
സര്‍വ്വദുഃഖഹരേ ദേവീ മഹാലക്ഷ്മി നമോസ്തുതേ. 

ദേവിഭജനത്താല്‍ സര്‍വ്വദുഃഖങ്ങളും തീരും. സമ്പല്‍സമൃദ്ധിയും ആയൂരാരോഗ്യങ്ങളും വര്‍ദ്ധിക്കും.

******************************

കാര്‍ത്തിക: ഉപാസനാമൂര്‍ത്തി : ശ്രീപരമേശ്വരന്‍ 

നക്ഷത്രദേവത- ശിവന്‍, മൃഗം-ആട്. വൃക്ഷം-അത്തി. ഗണം- അസുരഗണം, പക്ഷി-പുള്ള്. ഭൂതം-ഭൂമി, രാശ്യാധിപന്‍-കുജന്‍. തിങ്കളാഴ്ച ദിവസം കൂവളത്തിലമാല സമര്‍പ്പിക്കണം. ശിവപ്രീതിക്കായി സ്തോത്രം ഉരുവിടണം. 

‘ഓം ഹ്രീം നമശ്ശിവായ 
ഓം നമോ നമശ്ശിവായ’ 

ആദിത്യമന്ത്രം ജപിക്കണം- 

‘ഓം ആദിത്യായ നമഃ 
ഓം ഭാസ്ക്കരായ നമഃ 
ഓം ഘൃണിഃ സൂര്യ ആദിത്യഃ’

********************************

രോഹിണി: ഉപാസനാമൂര്‍ത്തി ബ്രഹ്മാവ് 

നക്ഷത്രദേവത- ബ്രഹ്മാവ്. മൃഗം-സര്‍പ്പം, വൃക്ഷം-ഞാവല്‍. ഗണം-മനുഷ്യഗണം. പക്ഷി-പുള്ള്. ഭൂതം-ഭൂമി. രാശ്യാധിപന്‍-ശുക്രന്‍. 

‘ഓം ബ്രഹ്മദേവായ നമഃ 
ഓം കമലാസനായ നമഃ’

***************************

മകയിരം: ഉപാസനാമൂര്‍ത്തി : ഭദ്രകാളി, സുബ്രഹ്മണ്യന്‍ 

നക്ഷത്രദേവത- ചന്ദ്രന്‍. മൃഗം- പാമ്പ്. വൃക്ഷം-കരിങ്ങാലി. ഗണം- ദേവഗണം. പക്ഷി-പുള്ള്. ഭൂതം-ഭൂമി. രാശ്യാധിപര്‍ രണ്ട്. ഇടവക്കൂറുകാര്‍ക്ക് ശുക്രന്‍. മിഥുനക്കൂറുകാര്‍ക്ക് ബുധന്‍. ദേവിയേയും മുരുകനേയും ഭജിക്കണം. 

‘ജാജ്വല്യമാനം സുരവൃന്ദവന്ദ്യം 
കുമാരധാരാതട മന്ദിരസ്ഥം 
കന്ദര്‍പ്പരൂപം കമനീയഗാത്രം 
ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ.’

*****************************

തിരുവാതിര: ഉപാസനാമൂര്‍ത്തി ശിവഭഗവാന്‍ 

നക്ഷത്രദേവത- ശിവന്‍. മൃഗം-നായ. വൃക്ഷം-കരിമരം. ഗണം-മനുഷ്യഗണം. പക്ഷി-ചക്രവാകം. ഭൂതം- ജലം. രാശ്യാധിപന്‍- ബുധന്‍. 

ശിവമന്ത്രം- ‘ഓം നമശ്ശിവായഃ’ 

ശിവക്ഷേത്രദര്‍ശനം, ധാര, പിന്‍വിളക്ക്, കൂവളമാല സമര്‍പ്പണം. ജന്മനക്ഷത്രത്തില്‍ നാഗാരാധന ചെയ്യണം.

****************************************

പുണര്‍തം: ഉപാസനാമൂര്‍ത്തി : മഹാവിഷ്ണു 

നക്ഷത്രദേവത- ദേവമാതാവായ അദിതി. മൃഗം- പൂച്ച. വൃക്ഷം-മുള. ഗണം- ദേവഗണം. പക്ഷി- ചകോരം, ഭൂതം- ജലം, രാശ്യാധിപന്‍-മിഥുനക്കൂറുകാര്‍ക്ക് ബുധന്‍. കര്‍ക്കിടക്കൂറുകാര്‍ക്ക് ചന്ദ്രന്‍. വിഷ്ണുസഹസ്രനാമം ജപിക്കണം. 

‘ഓം അദിതയേ നമഃ’ മന്ത്രം ഉരുവിടണം. 

‘ഓം നമോ ഭഗവതേ വാസുദേവായഃ’ ജപിക്കണം.

*******************************

പൂയം: ഉപാസനാമൂർത്തി:ബൃഹസ്പതി (വ്യാഴഭഗവാന്‍) 

നക്ഷത്രദേവത- ബൃഹസ്പതി. മൃഗം-ആട്, വൃക്ഷം-ആല്‍മരം, ഗണം- ദേവഗണം. പക്ഷി- ചകോരം. ഭൂതം- ജലം. രാശ്യാധിപന്‍- ചന്ദ്രന്‍. ശാസ്താക്ഷേത്രത്തില്‍ ശനിയാഴ്ചകളില്‍ നീരാജനം ചെയ്യണം. അയ്യപ്പശരണമന്ത്രങ്ങള്‍ ഉരുവിടണം. ഏഴുതവണ ആല്‍പ്രദക്ഷിണം നിര്‍വ്വഹിക്കണം. 

ലോകപൂജ്യം വഹാവീരം 
സര്‍വ്വരക്ഷാകരം വിഭും 
പാര്‍വ്വതീ ഹൃദയാനന്ദം 
ശാസ്താരം പ്രണമാമ്യകം. 

എന്ന അയ്യപ്പമന്ത്രം ജപിക്കുക.

പൂജയ്ക്ക് മദ്യം നിശ്ചിത അളവിൽ പരിമിതമായേ ഉപയോഗിക്കാവു എന്ന് പറഞ്ഞു. അങ്ങനെയെങ്കിൽ "പീത്വാ പീത്വാ പുനർമദ്യം യാവത് പതതി ഭൂതലേ " എന്നിങ്ങനെ കുലാർണവതന്ത്രത്തിൽ പ്രമാണമുണ്ടല്ലോ? അത് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലല്ലേ?

പ്രമാണമുണ്ടെകിൽ അതിന്റെ അധികാരി ആര് എന്നുകൂടി ചിന്തിയ്ക്കണം. വിധിനിഷേധങ്ങൾ എല്ലാം അധികാരി ഭേദം അനുസരിച്ച് മാറിക്കൊണ്ടിരിക്കും. സപ്തവ്യസനങ്ങൾ പൊതുവെ മനുഷ്യർക്ക് പാടില്ലാത്തതാണെങ്കിലും ചില സന്ദർഭങ്ങളിൽ രാജാക്കന്മാർക്ക് ആവശ്യമായി വന്നേക്കും. അതേപോലെ മേല്പറഞ്ഞ പദ്യപാനവിധി സാധാരണ സാധകനു വേണ്ടിയുള്ളതല്ല. വീരഭാവം പ്രാപിച്ച സാധകൻ പൂജാമണ്ഡലത്തിനുള്ളിൽവെച്ച് നടത്തുന്ന മദ്യപാനം അമൃതപാനം തന്നെയാണ്. പശുഭാവത്തിലുള്ളവർക്ക് അതും വിഷകല്പമാണ്. അതിനാൽ വിഷിദ്ധവും ആണ്. എന്നാൽ ദിവ്യഭാവം പ്രാപിച്ച ഒരു സാധകനെ സംബന്ധിച്ചിടത്തോളം വിധി നിഷേധങ്ങൾ ഒന്നും ബാധകമല്ല. ആ യോഗീശ്വരൻ യഥേഷ്ടം വിഹരിക്കുന്നവനാണ്. അങ്ങനെയുള്ള ദിവ്യസാധകന്മാർക്കുള്ളതാണ് കുലാർണവതന്ത്രത്തിലെ ഈ വചനം. ദിവ്യാനന്ദം അനുഭവിക്കുന്ന സാധകൻ ഒരിയ്ക്കലും വ്യാവഹാരിക കൃത്യങ്ങളിൽ ഇടപെടുകയില്ല. അതായത് വിവാഹാദി അടിയന്തിരങ്ങൾ, പൊതുജനസമ്പർക്കങ്ങൾ, സാമ്പത്തികമായ വ്യവസ്ഥകൾ കുടുംബന്ധങ്ങൾ തുടങ്ങിയവയൊന്നും തന്നെ ദിവ്യനെ ബാധിക്കുന്നില്ല. അത്തരം ദിവ്യാത്മാക്കൾക്ക് വേണ്ടിയുള്ള വിധിയാണ് ഇത്. വ്യാവഹാരികന്മാർ ഇങ്ങനെ ഒരു വിധിയുണ്ടല്ലോ എന്നു കരുതി  മദ്യപിച്ചാൽ അധഃപതിച്ചുതന്നെ പോകും.

ഗണപതി എന്ന വാക്കിന്റെ അര്‍ത്ഥമെന്താണ്?

‘ഗണ’ എന്നാല്‍ ‘പവിത്രകം’, അതായത് ‘ചൈതന്യത്തിന്റെ കണങ്ങള്‍’ എന്നാണ്; ‘പതി’ എന്നാല്‍ ‘സ്വാമി’, അതായത് ‘കാത്തു രക്ഷിക്കുന്നവന്‍’. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഗണപതി എന്നാല്‍ ‘പവിത്രകങ്ങളുടെ സ്വാമി’ എന്നാണര്‍ഥം.

ചിലര്‍ ഗണപതി ഭഗവാനെ ഉദ്ദേശി ച്ച് വക്രതുണ്ഡന്‍, വിനായകന്‍, ഏകദന്തന്‍ എന്നൊക്കെ വിളിക്കാറുണ്ട്. അവയുടെ അര്‍ത്ഥമെന്താണ് ?

1. വക്രതുണ്ഡന്‍ എന്ന വാക്കിന്റെ അക്ഷരാര്‍ഥം ‘വളഞ്ഞ തുമ്പിക്കൈ ഉള്ളവന്‍ എന്നാണ്; പക്ഷെ ഗണപതിയെ വക്രതുണ്ഡന്‍ എന്ന് വിളിക്കുന്നതിനു പിന്നിലുള്ള കാരണം ഇപ്രകാരമാണ് – വളഞ്ഞ അതായത് തെറ്റായ മാര്‍ഗത്തിലൂടെ ജീവിക്കുന്നവനെ ശിക്ഷിച്ച് നേരായ മാര്‍ഗത്തിലേക്ക് കൊണ്ടുവരുന്നവന്‍ എന്നാകുന്നു.

2. ഏകദന്തന്‍ അതായത് ഒരു കൊമ്പ് പൂര്‍ണമായും മറ്റൊന്നു മുറിഞ്ഞതായും ഉള്ളതിനാല്‍ ഗണപതിയെ ഈ പേര് വിളിക്കുന്നു. ഒന്ന് എന്ന അക്കം ബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ദന്തീന് എന്നാല്‍ കാണിച്ചു കൊടുക്കുക എന്നര്‍ത്ഥം; അതായത് ഏകമായ ബ്രഹ്മത്തിന്റെ അനുഭൂതി നേടാനുള്ള വഴി കാട്ടിക്കൊടുക്കുന്നവന്‍ എന്നാണര്‍ത്ഥം.

3. വിനായകന്‍ എന്നതിന്റെ അര്‍ത്ഥം നായകന്മാരുടെ, അതായത് നേതാക്കന്മാരുടെ വിശേഷതകളെല്ലാം ഉള്ളവന്‍ എന്നാണ്.

4. ലംബോദരന്‍ എന്നതിന്റെ അര്‍ത്ഥം അക്ഷരം പ്രതിയായി പറയുകയാണെങ്കില്‍ ലംബമായ അതായത് വലുതായ ഉദരം (വയറ്) ഉള്ളവന്‍ എന്നാണ്. ഇതിന്റെ ആന്തരാര്‍ത്ഥം എന്തെന്നാല്‍ സര്‍വ്വ ചരാചരങ്ങളും ഗണപതിയില്‍ വസിക്കുന്നു.

എന്തുകൊണ്ടാണ് ഗണപതി ഭഗവാനെ ഏതൊരു ശുഭകാര്യവും തുടങ്ങുന്നതിനു മുമ്പ് പ്രാര്‍ഥിക്കുന്നത് ?

മനുഷ്യര്‍ സംസാരിക്കുന്ന ഭാഷ നാദഭാഷയാണ്; എന്നാല്‍ ദേവീ - ദേവന്മാരുടെ ഭാഷ പ്രകാശ ഭാഷയാണ്. മനുഷ്യര്‍ സംസാരിക്കുന്ന നാദഭാഷ ഗണപതിക്ക് മനസ്സിലാക്കാന്‍ കഴിയുന്നതിനാല്‍ ഗണപതി വേഗം പ്രസന്നനാകുന്നു. ഗണപതിക്ക് മനുഷ്യന്റെ നാദഭാഷയെ ദേവീ - ദേവന്മാരുടെ പ്രകാശഭാഷയിലേക്ക് രൂപാന്തരെപ്പടുത്തുവാനുള്ള കഴിവുണ്ട്. അതിനാല്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ ഗണപതി നാദഭാഷയില്‍ നിന്ന് പ്രകാശഭാഷയിലേക്ക് രൂപാന്തരെപ്പടുത്തി മറ്റു ദേവീ - ദേവന്മാര്‍ വരെ എത്തിക്കുന്നു.

മൂഷികനും ഗണപതിയും തമ്മിലുള്ള ബന്ധമെന്താണ് ?

മൂഷികന്‍ ഗണപതിയുടെ വാഹനമാണ്. വാഹനം എന്ന വാക്ക് സംസ്‌കൃതത്തിലെ വൃ - വഹ് എന്നതില്‍ നിന്നാണുണ്ടായത്. ഇതിന്റെ അര്‍ത്ഥം വഹിച്ചു കൊണ്ടു പോകുക എന്നാണ്. ദേവീ - ദേവന്മാരുടെ വാഹനം അവരുടെ പ്രവൃത്തിക്ക് അനുസൃതമായി മാറുന്നു. സാധാരണയായി ഗണപതിയുടെ വാഹനം മൂഷികനാണ്; അതായത് ഗണപതിയുടെ കാര്യങ്ങള്‍ക്കായി ആവശ്യമായ ശക്തി മൂഷികനിലാണ് ഉള്ളത്, എന്നാണര്‍ത്ഥം.

മൂഷികന്‍ രജോഗുണെത്ത സൂചിപ്പിക്കുന്നു; അതായത് രജോഗുണം ഗണപതിയുടെ നിയന്ത്രണത്തിലാണ് എന്ന കാര്യവും ഇതില്‍ നിന്നും വ്യക്തമാകുന്നു.

ഗണപതി ഭഗവാന്റെ വിഗ്രഹങ്ങള്‍ രണ്ടു തരത്തിലുണ്ട്, ഇടത് വശത്തും വലതു വശത്തും തുമ്പി കൈയുള്ള വിഗ്രഹങ്ങള്‍. അവ രണ്ടും തമ്മില്‍ എന്താണ് വ്യത്യാസം ?

തുമ്പിക്കൈയുടെ ആദ്യത്തെ വളവ് വലതു വശേത്തക്കായിരിക്കുന്ന മൂര്‍ത്തിയെ ദക്ഷിണാമൂര്‍ത്തി അഥവാ ദക്ഷിണാഭിമുഖി മൂര്‍ത്തി എന്നു പറയുന്നു. ദക്ഷിണമെന്നാല്‍ തെക്ക് ദിശ അഥവാ വലതുഭാഗം. തെക്ക് ദിശയമലോകേത്തക്ക് നയിക്കുന്നു.

എന്നാല്‍ വലതു ഭാഗം സൂര്യനാഡിയുടേതാകുന്നു. ആരാണോ യമലോകദിശയെ ധൈര്യേത്താടെ നേരിടുന്നത്, അവന്‍ ശക്തിശാലിയായിരിക്കും. അതേപോലെ, സൂര്യനാഡി പ്രവര്‍ത്തനക്ഷമമായിട്ടുള്ളവന്‍ തേജസ്വിയുമായിരിക്കും. ഈ രണ്ട് കാരണങ്ങളാല്‍ വലതു ഭാഗത്തേക്ക് തുമ്പികൈയുള്ള ഗണപതി ശക്തിയുള്ളതാണ്. തെക്ക് ദിശയിലുള്ള യമലോകത്തില്‍ പാപപുണ്യങ്ങളുടെ കണക്കുകള്‍ പരിശോധിക്കുന്നതിനാല്‍ ആ ദിശ നമുക്ക് നല്ലതായി തോന്നുകയില്ല. കര്‍മ്മകാണ്ഡപ്രകാരമുള്ള എല്ലാ നിയമങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ടാണ് ഇത്തരം വിഗ്രഹത്തെ പൂജിക്കേണ്ടത്.

എന്നാല്‍ തുമ്പിക്കൈയുടെ ആദ്യത്തെ വളവ് ഇടതു വശേത്തക്ക് ആയിരിക്കുന്ന വിഗ്രഹത്തെ വാമമുഖി എന്നു പറയുന്നു. വാമം എന്നാല്‍ ഇടതു ഭാഗം, അഥവാ വടക്കു ദിശ. ഇടതു ഭാഗത്തുള്ള ചന്ദ്രനാഡി ശീതളത പകരുന്നു, അതുപോലെ വടക്കുദിശ ആധ്യാത്മിക ഉന്നതിക്ക് അനുയോജ്യവും ആനന്ദദായകവുമാണ്. അതിനാല്‍ വീടുകളില്‍ വാമമുഖി ഗണപതിയെയാണ് കൂടുതലായും പൂജിക്കുന്നത്.

ഗണപതി ഭഗവാന് ചുവന്ന പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നതിന്റെ കാരണമെന്താണ് ?

ശ്രീഗണപതിയുടെ നിറം ചുവപ്പാണ്. ഗണപതി പൂജയില്‍ ചുവന്ന വസ്ത്രം, ചുവന്ന പുഷ്പങ്ങള്‍, രക്തചന്ദനം ഇവ ഉപയോഗിക്കുന്നു. ഇതിന്റെ അര്‍ത്ഥം ഗണപതിക്ക് ചുവന്ന നിറം ഇഷ്ടമാണ് എന്നല്ല. ദേവീ - ദേവന്മാര്‍ക്ക് മനുഷ്യര്‍ക്കുള്ളതു പോലെയുള്ള ഇഷ്ടാനിഷ്ടങ്ങള്‍ ഒന്നും തന്നെയില്ല. ചുവപ്പു നിറം ഉപയോഗിക്കുന്നതിന്റെ കാരണം എന്തെന്നാല്‍ ചുവപ്പ് നിറം കാരണം അന്തരീക്ഷത്തിലെ ഗണപതിയുടെ പവിത്രകങ്ങള്‍ അതായത് ഗണപതി ഭഗവാന്റെ തരംഗങ്ങള്‍ നാം പൂജിക്കുന്ന വിഗ്രഹം അഥവാ ഭഗവാന്റെ ചിത്രത്തിലേക്ക് കൂടുതല്‍ അളവില്‍ ആകര്‍ഷിക്കെപ്പടുന്നു. അതിനാല്‍ നാം പൂജിക്കുന്ന വിഗ്രഹം / ചിത്രം കൂടുതല്‍ ജാഗൃതമാകുകയും പൂജിക്കുന്ന വ്യക്തിക്ക് ഭഗവാന്റെ കൂടുതല്‍ ചൈതന്യം ലഭിക്കുകയും ചെയ്യുന്നു.

ഇതേ സിദ്ധാന്തമനുസരി ച്ച് ഗണപതിക്ക് കറുകപ്പുല്ല് അര്‍പ്പിക്കുന്നു. കറുകയെ ദുര്‍വ എന്നും പറയുന്നു. ദുര്‍വ എന്ന വാക്കിന്റെ അര്‍ത്ഥം ഇപ്രകാരമാണ് – ദുഃ എന്നാല്‍ ദൂരെയുള്ളത്, അവ എന്നാല്‍ സമീപത്ത് കൊണ്ടു വരുന്നത്. ദൂരെയുള്ള ഗണപതിയുടെ പവിത്രകങ്ങളെ സമീപത്ത് കൊണ്ടു വരുന്നതെന്തോ, അത് ദുര്‍വയാകുന്നു. അതിനാലാണ് ഗണപതിക്ക് കറുക പ്പുല്ല് പൂജയില്‍ അര്‍പ്പിക്കുന്നത്. അര്‍പ്പിക്കുന്ന ഇലകള്‍ തളിരിലകളും പുല്ലിലെ ഇലകള്‍ 3, 5, 7, എന്നിങ്ങനെ ഒറ്റ സംഖ്യയിലുള്ളതുമായിരിക്കണം.

ഗണേശോത്സവം എന്നാല്‍ എന്താണ് ?

മാഘമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുര്‍ഥി ദിവസമാണ് ഗണപതി ഭഗവാന്‍ ജനിച്ചത്. ഈ കാലയളവില്‍ ഗണപതി ഭഗവാന്റെ തത്ത്വം ഭൂമിയിലേക്ക് മറ്റു ദിവസങ്ങളെ അപേക്ഷി ച്ച് 1000 മടങ്ങ് കൂടുതല്‍ അളവില്‍ എത്തിച്ചേരും. ആയതിനാല്‍ ഈ ദിവസങ്ങളില്‍ (അതായത് ചതുര്‍ഥി മുതലുള്ള 10 ദിവസങ്ങള്‍) ഗണപതി ഭഗവാന്റെ നാമം ജപിക്കുക, ഗണപതി വിഗ്രഹത്തെ പൂജിക്കുക, ഭഗവാന്റെ സ്‌തോത്രങ്ങള്‍ ചൊല്ലുക മുതലായവ ചെയ്യുന്നു. ഈ 10 ദിവസങ്ങളെയാണ് ഗണേശോത്സവം എന്നു പറയുന്നത്. ഈ ദിനങ്ങളില്‍ നാം ഗണപതി ഭഗവാന്റെ നാമമായ ‘ഓം ഗം ഗണപതയേ നമഃ’ എന്ന് പരമാവധി ജപിക്കുകയാണെങ്കില്‍, നമുക്ക് ഭഗവാന്റെ തത്ത്വത്തിന്റെ ഗുണം ലഭിക്കും.  

നരസിംഹജയന്തി, ഇരട്ടിഫലത്തിന് ചെയ്യേണ്ടവ

വൈശാഖമാസത്തിലെ ശുക്ലപക്ഷ ചതുർദശി ദിവസമാണ് നരസിംഹ ജയന്തിയായി ആഘോഷിക്കുന്നത്. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഏറ്റവും പ്രധാനമാണ് നരസിംഹാവതാരം. പേരുപോലെതന്നെ സിംഹത്തിന്റെ മുഖവും മനുഷ്യന്റെ ഉടലുമാണ് ഈ അവതാരത്തിന്റെ പ്രത്യേകത. അസുരരാജാവായ ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനാണ് ഭഗവാൻ നരസിംഹമൂർത്തിയായി അവതരിച്ചത്.  കൃതായുഗത്തിലെ ഭഗവാന്റെ നാല് അവതാരങ്ങളിൽ ഏറ്റവും അവസാനത്തെയാണ് നരസിംഹാവതാരം.

ശത്രുസംഹാരത്തിനായി ഉടലെടുത്ത ഉഗ്രമൂർത്തിയാണെങ്കിലും ഭക്തരിൽ ക്ഷിപ്രപ്രസാദിയാണ് നരസിംഹമൂർത്തി. പ്രഹ്ലാദന്റെ വിളികേട്ട നിമിഷം തന്നെ തൂണ് പിളർന്നു നരസിംഹമൂർത്തി പ്രത്യക്ഷനായി. നരസിംഹഭഗവാനെ നിത്യേന ഭക്തിയോടെ സ്മരിച്ചാൽ  ശത്രുനാശം, ആരോഗ്യം, രോഗശാന്തി, പാപനാശം എന്നിവയാണ് ഫലങ്ങൾ. പ്രാർത്ഥിക്കുന്നവരുടെ രക്ഷയ്ക്കെത്തുന്ന നരസിംഹമൂർത്തിയെ പൂജിക്കാൻ  ലളിതമായ വഴിപാടുകൾ അനവധിയുണ്ട്.

നെയ്‌വിളക്ക്

നരസിംഹമൂർത്തി ക്ഷേത്രങ്ങളിൽ മനഃശുദ്ധിയോടെയും ഭക്തിയോടെയും നെയ്‌വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചാൽ അഭിഷ്ടസിദ്ധിക്കൊപ്പം തൊഴിൽ വിവാഹ തടസ്സങ്ങൾ നീങ്ങും. 

തുളസിമാല 

തുളസിമാല സമർപ്പണം മറ്റൊരു പ്രധാന വഴിപാടാണ്. ഇഷ്‌ടപുഷ്‌പം ചുവന്ന ചെത്തി. നിവേദ്യം പായസം. 

ചോതി വഴിപാട്

പഞ്ചഭൂതങ്ങളിൽ വായുദേവന്റെ നാളായ ചോതിനക്ഷത്ര ദിനത്തിൽ ഭഗവാനെ തൊഴുതു പ്രാർഥിച്ചാൽ ആപത്തുകളിൽ നിന്ന് രക്ഷനേടാം. കടബാധ്യത നീക്കി കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കാൻ പതിവായി ചോതിനക്ഷത്ര ദിവസം നരസിംഹക്ഷേത്ര ദർശനം നടത്തുകയോ ഭവനത്തിലിരുന്നു നരസിംഹമൂർത്തി പ്രീതികരമായ ഭജനകൾ നടത്തുകയോ ചെയ്യുക.

നരസിംഹമൂർത്തി മന്ത്രം

ഉഗ്രവീരം മഹാവിഷ്ണും
ജ്വലന്തം സർവ്വതോ മുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യും നമാമ്യഹം.

അകാരണഭയമകറ്റാനും ദുരിതമോചനത്തിനും ഈ മന്ത്രം പതിവായി മൂന്ന് തവണയെങ്കിലും ചെല്ലുന്നത് ഉത്തമമാണ്. 

നരസിംഹാവതാരം ത്രിസന്ധ്യാനേരത്തായതിനാൽ ആ സമയത്ത്‌ ഭക്തിയോടെ നരസിംഹമൂർത്തി മന്ത്രം ചൊല്ലുന്നതും ക്ഷേത്ര ദർശനം നടത്തുന്നതും ഇരട്ടിഫലം നൽകുമെന്നാണ് വിശ്വാസം.

മരം മുറിക്കുമ്പോൾ ക്ഷമാപണം നടത്തണമോ?

ആചാര്യന്മാർ നമുക്ക് വിധിച്ചിട്ടുളളത് സ്ത്രീയെ അമ്മയായും സുഹൃത്തിനെ സഹായിയായും പിതാവിനെയും ഗുരുവിനെയും ദൈവമായും  പെൺകുട്ടിയെ മകളായും കാണണം എന്നാണ്.  എപ്പോഴെങ്കിലും വൃക്ഷം മുറിക്കേണ്ടി വന്നാൽ,  മരത്തോടു മാത്രമല്ല അതിൽ താമസിച്ചു വരുന്ന  പക്ഷികളുൾപ്പെടയുളള ജീവികളോടും മാറിത്താമസിക്കാൻ അപേക്ഷിച്ച് ക്ഷമ ചോദിക്കണം. 

' യാനീഹി ഭൂതാനി വസന്തിനാനി
ബലീം ഗൃഹീത്വാ വിധിവൽ പ്രയുക്തം
അന്യത്രവാസം പരികൽപ്പയാമി
ക്ഷമന്തു താനദ്യ നമോസ്തുതേഭ്യഃ '

  ഇത് പഴമക്കാരുടെ ഉള്ളിൽ ലഭിച്ചിരുന്ന നന്മയുടെ പ്രതീകമാണ്.  നമ്മുടെ ആചാര്യന്മാർ വൃക്ഷത്തിന്റെ നിലനില്പ്പിലൂടെ മനുഷ്യരാശിയുടെ നിലനില്പ്പാണ് ഉദ്ദേശിച്ചത്.അതുകൊണ്ട് തന്നെ അവർ വൃക്ഷങ്ങളെയും ദൈവമായി കണ്ട് ആരാധിച്ചു. വൃക്ഷങ്ങൾ ഏതു വരെ നിലനില്ക്കുമോ അതുവരെ മാത്രമേ മനുഷ്യനും നിലനിൽക്കൂവെന്ന് ഋഗ്വേദം പറയുന്നു. ഋഷീശ്വരന്മാരെയും അവരുടെ വചനങ്ങളും തളളിക്കളഞ്ഞ് ആധുനികത നടിക്കുന്നവർ വൃക്ഷങ്ങളെ തള്ളി കളയുക വഴി വൻദുരന്തങ്ങൾക്ക് വഴി വയ്ക്കുന്നു. 

  തണലിൽ വിശ്രമിക്കുന്ന മൃഗങ്ങൾക്കും ശിഖരങ്ങളിൽ ചേക്കേറിയിരിക്കുന്ന പക്ഷികൾക്കും പൊത്തുകളിൽ താമസമാക്കിയ പ്രാണികൾക്കും പൂക്കളിൽ നിന്നും തേൻ നുകരുന്ന വണ്ടുകൾക്കും ചിത്രശലഭങ്ങൾക്കും ഒക്കെ തന്റെ  സമസ്ത അവയവങ്ങൾ കൊണ്ടും സുഖം പ്രദാനം ചെയ്യുന്ന വൃക്ഷങ്ങൾ എക്കാലത്തും പ്രശംസിക്കപ്പെടുമെന്ന് പഞ്ചതന്ത്രം പറയുന്നു. മനുഷ്യ രാശിക്ക് എന്നും ഗുണം മാത്രം പ്രദാനം ചെയ്യുന്ന വൃക്ഷങ്ങളെ, മരം സുരക്ഷിതമായിരുന്നാൽ നാമും സുരക്ഷിതരായിരിക്കും എന്ന് മനസ്സിലാക്കിയ പൂർവ്വികർ വിളക്ക് വച്ച് ആരാധിച്ചിരുന്നു.  ഒരു ആൽമരം വീണാൽ ചിത കൂട്ടി മനുഷ്യരെ ദഹിപ്പിക്കുന്നതു പോലെ ദഹിപ്പിക്കണമെന്ന് വിധിക്കുന്നു ഭാരതീയ സംസ്ക്കാരം.

മുന്നൂറ് സ്ക്വയർ മീറ്റർ വരെ വിസ്താരമുളള ഒരു ആൽമരം ഏകദേശം ആയിരത്തി അഞ്ഞൂറ് കിലോഗ്രാം പ്രണവായുവിനെ പുറത്തു വിടുന്നു എന്നും,  സാമാന്യം വലിയ ഒരു ആൽമരം ആയിരക്കണക്കിന് ലിറ്റർ ശുദ്ധജലം  അതിൻറെ വേരുകളിൽ ശേഖരിച്ചു നിർത്തുന്നു എന്നും പഠനങ്ങൾ തെളിയിക്കുന്നു.

ഹിന്ദു സംസ്കാരത്തിലെ ഓരോ ചെറിയ വിശ്വാസങ്ങൾക് പിന്നിലും വലിയ ഒരു നേട്ടം ഉണ്ട്, ഒരു ലക്ഷ്യം ഉണ്ട് ... നമുക്കായി നമ്മുടെ പൂർവികർ സമർപ്പിച്ച ഇൗ  മഹത്തായ സംസ്കാരത്തെ നിലനിർത്തുക വരും തലമുറകൾക് ഇൗ  സംസ്കാരം പകർന്നു നൽകുക.

ക്ഷേത്ര വാദ്യങ്ങൾ

നമ്മുടെ ക്ഷേത്രങ്ങളിൽ വളരെ വിസ്തരിച്ചു തന്നെ പൂജാദി കർമ്മങ്ങളും മറ്റും നടക്കുന്നു, മിക്കവാറും ക്ഷേത്രങ്ങളിൽ അതിനോടൊപ്പം തന്നെ ക്ഷേത്രവാദ്യങ്ങൾ പ്രയോഗിക്കുന്നതും കണ്ടിട്ടുണ്ടാകും , അവ എന്തൊക്കെയാണ് എന്തിനാണ് എന്ന് നോക്കാവുന്നതാണ്.

സാധാരണയായി ക്ഷേത്രത്തിൽ പ്രയോഗിക്കുന്ന വാദ്യങ്ങൾ ശംഖ്, ഇടയ്ക്ക, തിമില, ചെണ്ട, മദ്ദളം, ഇലത്താളം, കൊമ്പ്, ചേങ്കില, മരപ്പാണി എന്നിവയാണ്

ഇവയിൽ തന്നെ ദേവ വാദ്യങ്ങളും അസുരവാദ്യങ്ങളും ഉണ്ട്, ക്ഷേത്രത്തിനകത്തു ഏറ്റവും അധികം ദേവവാദ്യങ്ങൾ ഉപയോഗിക്കുന്നു, ചില വിശേഷാൽ ഘട്ടങ്ങളിൽ അസുരവാദ്യവും ഉപയോഗിക്കുന്നു. (വാദ്യങ്ങളുടെ ശബ്ദങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ദേവ വാദ്യം, അസുരവാദ്യം എന്നിങ്ങനെ തിരിച്ചിരിക്കുന്നത്)  

ഇടയ്ക്ക ശംഖ് തിമില മദ്ദളം വീക്കൻചെണ്ട (ചെണ്ടയുടെ ചെറിയ രൂപം) എന്നിവയെല്ലാം  ദേവവാദ്യങ്ങൾ ആണ്, ക്ഷേത്രത്തിൽ ഉപയോഗിക്കുന്നത്തിൽ ചെണ്ടയാണ്‌ അസുരവാദ്യം

ക്ഷേതത്തിനകത്തു ഏറ്റവും അധികം ഉപയോഗിക്കുന്നത് കണ്ടിട്ടുള്ളത് ശംഖ് ഇടയ്ക്ക എന്നിവയാകും, ഇവയുടെ പ്രാധാന്യം നോക്കാം

ശംഖ്

ഭഗവാനെ പുലർച്ചെ പള്ളിയുണർത്തുന്നത് മുതൽ രാത്രി നട അടയ്ക്കുന്നത് വരെ ശംഖ് ഉപയോഗിക്കുന്നു.

ശംഖിനു ഓംകാര നാദമാണ്. മംഗളധ്വനിയാണ്. ഭഗവാന്റെ ഓരോ കാര്യങ്ങൾ ചെയ്യുന്നതിന് മുന്നോടിയായി ശംഖ് മുഴക്കുന്നു, പള്ളിയുണർത്തൽ, അഭിഷേകങ്ങൾ, കലശാഭിഷേകങ്ങൾ, ഓരോ *പൂജകളുടെയുംനിവേദ്യം കൊണ്ടുവരുമ്പോൾ, സന്ധ്യവേലയ്ക്കു, (ദീപാരാധന) അത്താഴപൂജ നിവേദ്യസമയം, തൃപ്പുക (രാത്രി ഭഗവാന്റെ നട അടയ്ക്കുന്ന സമയം) എന്നീ നേരങ്ങളിൽ ശംഖ് നാദം വേണം എന്ന് നിർബന്ധമാണ്

പള്ളിയുണർത്തൽ -9
അഭിഷേകം - 3
നിവേദ്യം -3
ദീപാരാധന - 9
തൃപ്പുക - 3

എന്നീ എണ്ണങ്ങൾ ആണ് ശംഖിൽ മുഴക്കേണ്ടത്.

ക്ഷേത്രപ്രവൃത്തിയുടെ ബന്ധപ്പെട്ടവർ ശംഖ്ന്റെ നാദം കേട്ട് ക്ഷേത്രത്തിനകത്തു എന്ത് നടക്കുന്നു എന്ന് മനസ്സിലാക്കാം

ഇടയ്ക്ക

സംഗീതാത്മകമായ ഉപകരണം ആണ് ഇടയ്ക്ക, ക്ഷേത്രത്തിലെ നട അടച്ചുള്ള പൂജകൾക്കും ദീപാരാധനയ്ക്കും ഇടയ്ക്ക ഉപയോഗിക്കുന്നു, ഇടയ്ക്കയിൽ കൊട്ടി താളം പിടിച്ചാണ് സോപാനസംഗീതം ആലപിക്കുക, ഇടയ്ക്കയിൽ പ്രത്യകം വായ്ത്താരികൾ നിശ്ചയിച്ചിട്ടുണ്ട്, ഓരോ പൂജയ്ക്കും ഇന്ന വായ്ത്താരി (ഇടയ്ക്കാകൂറ്) വേണം എന്ന് നിർബന്ധമുണ്ട് പ്രദോഷപൂജ ഉൾപ്പടെ..

തിമില & വീക്കൻ ചെണ്ട

തിമില ക്ഷേത്രത്തിനകത്തു ശ്രീഭൂതബലിക്കും വിശേഷാൽ പഞ്ചവാദ്യങ്ങൾക്കും ഉപയോഗിക്കുന്നു, ശ്രീഭൂതബലിക്കു കൊട്ടുവാനുള്ള എണ്ണം വായ്ത്താരി എന്നിവ താളമാക്കി വച്ചിരിക്കുന്നത് തിമിലയിലും വീക്കൻ ചെണ്ടയിലും ആണ് , ശ്രീഭൂതബലിക്കു തന്ത്രി തൂവുന്നത് അനുസരിച്ചാണ് കൊട്ടുന്ന എണ്ണവും,

ചേങ്കില

ചേങ്കില സോപാന സംഗീതത്തിനും , ചെറിയ കലശങ്ങൾ എഴുന്നള്ളിക്കാനും ദേവനെ പുറത്തേക്കു എഴുന്നള്ളിക്കാനും രൂപം ചെയ്തിരിക്കുന്ന പാണിവാദനം എന്ന ചടങ്ങിനും ഉപയോഗിക്കുന്നു, തിമിലയും ചേങ്കിലയും കൂടെ കൂട്ടുന്നതാണ് പാണി, ചെറിയ പാണി അല്ലെങ്കിൽ തിമിലപാണി എന്ന് പറയുന്നു, ശ്രീഭൂതബലിക്കും ചേങ്കില ഉപയോഗിക്കുന്നു

മദ്ദളം

പഞ്ചവാദ്യത്തിൽ തിമിലയോടൊപ്പം കൊട്ടുന്ന വാദ്യം

ചെണ്ട

ക്ഷേത്രത്തിനകത്തു കലശം നടക്കുമ്പോൾ കലശ പൂജ കലശാഭിഷേകം എന്നി ചടങ്ങുകൾക്ക് മാത്രം അസുരവാദ്യമായ ചെണ്ട ഉപയോഗിക്കുന്നു, ചെണ്ടയിൽ വിവിധ മേളങ്ങൾ കൊട്ടമെങ്കിലും, ചെമ്പട എന്ന മേളം ആണ് ക്ഷേത്രത്തിനകത്തു കൊട്ടുക

ഇലത്താളം, കുഴൽ &കൊമ്പ്

മേളങ്ങളുടെ , പഞ്ചവാദ്യത്തിന്റെ അകമ്പടി വാദ്യങ്ങൾ , ഇവകൂടി ഉണ്ടായാലേ മേളം പഞ്ചവാദ്യം ഭംഗിയാകൂ, ഇവയ്‌ക്കെല്ലാം പ്രത്യകം താളം രാഗം എന്നിവയുണ്ട്

മരപ്പാണി

പഠിച്ചെടുക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ദേവവാദ്യം, ഉത്സവബലി , വലിയ കലശങ്ങൾ എന്നിവയ്ക്ക് മാത്രം ഉപയോഗിക്കുന്നു, കൃത്യമായ എണ്ണവും കണക്കും ആണ് ഇതിന്റെ സവിശേഷത, മരപ്പാണിയിൽ കൊട്ടുന്നതും തന്ത്രി ദേവനെ ആവാഹിക്കുന്നതും ഒരേ കണക്കിൽ ആണ്, പാണിയിൽ പിഴച്ചാൽ കോണി എന്നൊരു ചൊല്ല് തന്നെ ഉണ്ട്

ഇവയെല്ലാമാണ് പ്രധാന ക്ഷേത്ര പ്രവൃത്തി വാദ്യങ്ങൾ, ദേവനെ എഴുന്നള്ളിക്കുമ്പോൾ മേളം പഞ്ചവാദ്യം എന്നിവയോടെ അകമ്പടി സേവിച്ചു ദേവനെ പ്രീതിപ്പെടുത്തണം. വാദ്യങ്ങൾ കൂടി ഉണ്ടെങ്കിലേ കർമ്മം പൂർത്തിയാവുകയും ദേവനെ സർവ്വവിധരീതിയിൽ സന്തോഷിപ്പിക്കാൻ സാധിക്കൂ എന്നും ആചാരം ഉണ്ട്.. നമ്മുടെ ക്ഷേത്രവാദ്യങ്ങളുടെ പ്രത്യകത എന്തെന്നാൽ വിവിധ ശബ്ദമുള്ള വിവിധ രൂപമുള്ള വാദ്യങ്ങൾ ഒരുമിച്ചു പ്രവൃത്തിക്കുമ്പോൾ അതിമനോഹരമായ ശ്രവ്യസുഖം കിട്ടുന്നു എന്നതാണ്, അവിടെയാണ് വാദ്യങ്ങളുടെ കണക്കും ചിട്ടയുടെയും മഹിമ 

ക്ഷേത്രത്തിനകത്തു ഉപയോഗിക്കുന്ന വാദ്യങ്ങളും അവയുടെ ആവശ്യവും ഓരോ ഭക്തനും മനസ്സിലാക്കേണ്ടതാണ്‌.

ശാക്തേയ പൂജയ്ക്ക് വിദേശമദ്യം ഉപയോഗിക്കാമോ?

സ്വദേശോ ഭുവനത്രയം എന്ന് ഭാവിയ്ക്കുന്ന സാധകന് പൂജയിൽ ഉപയോഗിക്കുന്ന ദ്രവ്യം സ്വദേശമോ വിദേശമോ എന്ന ഭേദമില്ല. ജലാംശം ഇല്ലാത്ത മദ്യമേ കത്തുകയുള്ളൂ. കുളദീപം ജ്വലിപ്പിക്കുവാൻ അത് ആവശ്യമാണ്.

ശ്രദ്ധിയ്ക്കുക :- പൂജാമണ്ഡലത്തിന് പുറത്തുനിന്ന് മദ്യം മണത്താൽപ്പോലും പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ട്. മദ്യപാനം നടത്തിയാൽ യോഗിനീശാപം മൂലം പൈശാചികഭാവം കൈവരിക്കേണ്ടിവരും.

മദ്യംകൊണ്ട് വിശേഷിച്ച് എന്തെകിലും ഗുണമുണ്ടോ?

മദ്യം എന്നാൽ ഗദ്യപദ്യമയ വാഗ്വിലാസിനിയാണെന്ന് തന്ത്രശാസ്ത്രത്തിൽ പറയുന്നു. മനുഷ്യന്റെ ഭാവനാശക്തി, ബുദ്ധിശക്തി, ഓർമ്മശക്തി എന്നിവ വർദ്ധിക്കുന്നു. സൗന്ദര്യം ഉണ്ടാവുന്നു, ഉറക്കം ലഭിക്കുന്നു, ദഹനം ഉണ്ടാവുന്നു, കാമാസക്തി (ലൈംഗികശേഷി) വർദ്ധിക്കുന്നു. ഇതൊക്കെ മദ്യത്തിന്റെ നിശ്ചിത ഉപയോഗത്താൽ ഉണ്ടാകുന്ന ഗുണങ്ങളാണ്. ഉപയോഗം അമിതമായാൽ അതിന്റെയൊക്കെ നേരെ വിപരീത ഫലമേ ഉണ്ടാവുകയുള്ളു. അധികമായാൽ അമൃതും വിഷം എന്ന് പറയുന്നത് അതുകൊണ്ടാണ്.

മാസ ചതുര്‍ത്ഥിയും ഫലങ്ങളും

ഓരോ മാസത്തിലും ചതുര്‍ത്ഥി ദിവസങ്ങളുണ്ട്. അന്നേ ദിവസം ഗണപതിക്ക് വ്രതം അനുഷ്ഠിച്ച് പ്രാര്‍ത്ഥിച്ചുപോന്നാല്‍ ഓരോ നല്ല ഫലങ്ങളുണ്ടാവും. അതുപ്രകാരം ഓരോ മാസത്തേയും ചതുര്‍ത്ഥിനാളില്‍ വ്രതം അനുഷ്ഠിച്ച് പ്രാര്‍ത്ഥിച്ചാല്‍ കിട്ടുന്ന ഫലങ്ങള്‍.

മേടം :- വിഷ്ണുലോകപ്രാപ്തി 

ഇടവം :- സംഘര്‍ഷമുക്തി 

മിഥുനം :- സ്വര്‍ഗ്ഗലോകം 

കര്‍ക്കിടകം :- ഉദ്ദിഷ്ടകാര്യസിദ്ധി 

ചിങ്ങം :- ആഗ്രഹങ്ങള്‍ സഫലമാവും. 

കന്നി :- സുഖം കിട്ടും. 

തുലാം :- ശിവനെ പൂജിച്ച ഫലം കിട്ടും. 

വൃശ്ചികം :- സ്ത്രീകള്‍ക്ക് സകല സൗഭാഗ്യങ്ങളും കിട്ടും. 

ധനു :- ധനലാഭം. 

മകരം :- നല്ല ആരോഗ്യം കിട്ടും. 

കുംഭം :- സമ്പല്‍സമൃദ്ധിയുണ്ടാവും. 

മീനം :- സര്‍വ്വവിഘ്ന നിവാരണം.

ഭഗവാനു ദുര്യോധനൻ്റെ മനസ്സു് മാറ്റി യുദ്ധം ഒഴിവാക്കാമായിരുന്നില്ലേ?

ഭഗവാന്‍ പാണ്ഡവരെയും കൗരവരെയും ദിവ്യരൂപം കാണിച്ചു. അര്‍ജ്ജുനനു ഭഗവാൻ്റെ മഹത്ത്വം അറിയാന്‍ കഴിഞ്ഞു. ദുര്യോധനനു സാധിച്ചില്ല. മാജിക്കാണെന്നു പറഞ്ഞു പാപം ഏറ്റു വാങ്ങി.

സമര്‍പ്പണം ഇല്ലാത്തവരെ എന്തുകാണിച്ചാലും പ്രയോജനമില്ല. അര്‍ഹതയും സ്വഭാവവും അനുസരിച്ചേ ആദ്ധ്യാത്മികം ഉപദേശിക്കാന്‍ കഴിയൂ.

ദുര്യോധനനു ശരീര സാക്ഷാത്കാരമായിരുന്നു പ്രധാനം. സത്സംഗത്തെ ചെവിക്കൊള്ളുവാനുള്ള മനസ്സില്ല. ഭഗവാന്‍ എന്തു പറഞ്ഞാലും അതു തൻ്റെ നന്മയ്ക്കു വേണ്ടിയല്ല, പാണ്ഡവപക്ഷം ചേര്‍ന്നു പറയുകയാണു് എന്നുള്ള ഭാവമാണു്. എന്തു പറഞ്ഞാലും എതിരായി മാത്രമേ ചിന്തിക്കുകയുള്ളൂ. അങ്ങനെയുള്ളവരുടെ അഹങ്കാരം മാറ്റുവാന്‍ യുദ്ധംകൊണ്ടു മാത്രമേ പറ്റുകയുള്ളൂ.

മദ്യംകൊണ്ട് ഉള്ളിലുള്ള ആനന്ദം ഉണരുമെന്ന് പറഞ്ഞു. എന്നാൽ പലരും മദ്യപിച്ച് മറ്റുള്ളവരോട് കലഹിക്കുകയും കുഴപ്പങ്ങളുണ്ടാക്കുകയും ചെയ്യുന്നുണ്ടല്ലോ?

അത് മദ്യത്തിന്റെ ദോഷമല്ല. അവരുടെ വ്യക്തിപരമായ ദോഷമാണ്. ഓരോരുത്തരുടെയും ഉള്ളിൽ നൈസർഗികമായി സ്ഥായിയായി നിലനിൽക്കുന്ന വികാരമെന്തോ, മദ്യപാനംകൊണ്ട് അത് പുറത്ത് കൂടുതൽ പ്രകടിപ്പിയ്ക്കപ്പെടുന്നു എന്ന് മാത്രമേയുള്ളു. മറ്റുള്ളവരോട് പകയും വിദ്വേഷവുമുള്ള ഒരാൾ മദ്യപിച്ചാൽ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും അതിനെ പൂർവ്വാധികം ശക്തിയോടെ പ്രകടമാക്കുകയാണ് ചെയ്യുന്നത്. ഭാര്യയെ സംശയിക്കുന്നവർ, വഞ്ചനയ്ക്ക് ഇരയായവർ, നിരാശപൂണ്ടവർ, സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർ, അപകർഷതാബോധമുള്ളവർ, ഈർഷ്യയും അസൂയയുമുള്ളവർ ഇവരൊക്കെ മദ്യപാനം നടത്തിയാൽ അവരുടെ വികാരം വളരെ ശക്തിയായി പ്രതിഫലിക്കയാണ് ചെയ്യുന്നത്. എന്നാൽ മദ്യപാനം ചെയ്‌താൽ ഭാര്യയോടും മക്കളോടും മറ്റും വളരെയധികം സ്നേഹപ്രകടനം നടത്തുന്നവരുമുണ്ട്. അത് അവരുടെ മനോതലത്തിന്റെ ആവിഷ്കാരമാണ്. അതേപോലെ ശരിയായ ഭക്തന് മദ്യപാനംകൊണ്ട് ഭക്തിഭാവപ്രകടനം മാത്രമേ ഉണ്ടാവുകയുള്ളു.

എന്നാൽ ഒരു പ്രധാനകാര്യം മനസ്സിലാക്കേണ്ടത് മദ്യത്തേക്കാൾ മാരകമാണ് മദ്യേതരലഹരിവസ്തുക്കൾ എന്നതാണ്. മദ്യംകൊണ്ട് ധാരാളം ദോഷവും സ്വല്പം ഗുണവുമുണ്ടെകിൽ മറ്റുള്ള ലഹരിവസ്തുക്കൾ കേവലം ദോഷപ്രദങ്ങൾ തന്നെയാണ്. ഇക്കാര്യം ഗൗരവബുദ്ധ്യാ ചിന്തിക്കേണ്ടതാണ്.

വെള്ളിയാഴ്ച ജനിച്ചവർ സന്തോഷമുള്ളവർ

ശുക്രന്റെ സാമീപ്യമുള്ളതിനാൽ വെള്ളിയാഴ്ച ജനിച്ചവരുടെ ജീവിതം പൊതുവെ സുഖകരവും സന്തോഷകരവുമായിരിക്കും. സൗന്ദര്യം, കല, പ്രണയം, ആഢംബരം എന്നിവയിലെല്ലാം പ്രിയമുള്ളവരായിരിക്കും ഇവർ. കലാപരമായും സാമൂഹികപരമായും ഔന്നിത്യം പുലർത്തുന്നവരായിരിക്കും. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കും ചിന്തകൾക്കും കൂടുതൽ പ്രാധാന്യം നൽകി തീരുമാനങ്ങളെടുക്കുക എന്ന ശീലം ചിലപ്പോൾ ഇക്കൂട്ടർക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിച്ചേക്കാം. എല്ലായ്പ്പോഴും പ്രസന്നരായിരിക്കുന്ന ഇവർ, മറ്റുള്ളവരുടെ സ്നേഹവും പ്രീതിയും സമ്പാദിക്കുന്നതിൽ മിടുക്കരായിരിക്കും.

കൂട്ടുകച്ചവടങ്ങളിലൂടെ ഇക്കൂട്ടർക്ക് ഉയർച്ചയും സാമ്പത്തിക മുന്നേറ്റവും ഉണ്ടാകും. 6 ആണ് ഇവരുടെ ഭാഗ്യനമ്പർ. ആഢംബരവും സുഖസൗകര്യങ്ങളും ആഗ്രഹിക്കുന്ന ഇവരുടെ ജീവിതം വളരെ സന്തോഷവും സംതൃപ്തിയും നിറഞ്ഞതായിരി ക്കും. വെള്ളിയാഴ്ച ദാനം നൽകുന്നത് വിഘ്നങ്ങൾ മാറിക്കിട്ടുന്നതിന് സഹായകരമാണ്.

തൊഴിലിടങ്ങളെ തങ്ങളുടെ ഊർജസ്വലതയും ചുറുചുറുക്കും കൊണ്ട് എല്ലായ്പ്പോഴും സജീവമാക്കി നിർത്താൻ ഇക്കൂട്ടർക്ക് പ്രത്യേക കഴിവുണ്ട്. പുതിയ കാര്യങ്ങളെക്കുറിച്ച് അറിവു നേടുന്നതിൽ താൽപര്യമുള്ള ഇവർ സർഗാത്മക കഴിവുകളിലും നിപുണരായിരിക്കും. തൊഴിലിലായാലും ബിസിനസിലായാലും പുതിയ ചിന്തകളും ആശയങ്ങളും പ്രാവർത്തികമാക്കാൻ ഇവർ ശ്രമിക്കുന്നതായിരിക്കും. മറ്റുള്ളവരോട് സഹാനുഭൂതി പ്രകടിപ്പിക്കുകയും. അനുകൂലമായ നിലപാടെടുക്കുകയും ചെയ്യുന്നവരാണ് വെള്ളിയാഴ്ച ജനിച്ചവർ. ഏറ്റവും ഉചിതമെന്ന് ഇവർക്ക് തോന്നുന്ന ഒരു തൊഴിൽ കണ്ടെത്തിയാൽ ആ തൊഴിലിൽ ഇവര്‍ നിസംശയം വിജയിക്കുക തന്നെ ചെയ്യും. പക്ഷേ, പണത്തിന് പ്രാമുഖ്യം നൽകി താല്‌പര്യമി ല്ലാത്ത തൊഴിൽ തിരഞ്ഞെടുത്താൽ പരാജയ സാധ്യതയുണ്ട്.

വളരെ വികാരാധീനരായി പെരുമാറുന്നവരാണ്. പെട്ടെന്ന് മറ്റുള്ളവരുമായി ഇണങ്ങുന്ന പ്രകൃതമായതിനാൽ തന്നെ ഒരു പങ്കാളിയെ കണ്ടെത്തുന്നതിൽ ഇവർക്ക് ബുദ്ധിമുട്ടുണ്ടാകാറില്ല. പങ്കാളിക്കുവേണ്ടി എന്തു ചെയ്യാനും തയ്യാറുള്ള മനസ്സായിരിക്കും. വളരെയധികം സ്നേഹത്തോടെയും കരുതലോടെയുമാണ് ഇവർ തന്റെ ഇണയോട് പെരുമാറുക. പ്രണയഭംഗം ഇവരെ മാനസികമായി വല്ലാതെ തളർത്താനിടയുണ്ട്, അതിനാൽ പ്രണയിതാവിനെ / പ്രണയിനിയെ തിരഞ്ഞെടുക്കുമ്പോൾ സൂക്ഷിക്കേണ്ടതാണ്.

സ്നേഹവും പ്രതിബദ്ധതയും ധാരാളമായി പകർന്നു നൽകാൻ കഴിവുള്ള ഇവരുടെ ജീവിതം സ്വർഗ്ഗതുല്യമായിരിക്കും. സുഖകരമായ ജീവിതത്തിനും ആഢംബരത്തിനുമായി പങ്കാളിക്കൊപ്പം നല്ലതുപോലെ അധ്വാനിക്കാൻ ഇവർ‌ക്ക് യാതൊരു മടിയുമില്ല. ഗൃഹം പുതുമയോടെ സൂക്ഷിക്കുന്നതിൽ തല്പരരായിരിക്കും. വെള്ളിയാഴ്ച ജനിച്ചവർ കരുതലോടെയുള്ള പെരുമാറ്റവും സ്നേഹവും മൂലം പങ്കാളിയുടെ താൽപര്യം പിടിച്ചു പറ്റുന്ന ഇവരുടെ ദാമ്പത്യബ്ധം ഊഷ്മളമായിരിക്കും.

ശാക്തേയ പൂജയിൽ മദ്യം ഉപയോഗിക്കുന്നത് മദ്യപാനത്തിനുള്ള പ്രോത്സാഹനമായി തീരുകയില്ലേ. അത് സമൂഹത്തിന് ദൂഷ്യമുണ്ടാക്കുകയില്ലേ?

ശാക്തേയ പൂജയിൽ ഉപയോഗിയ്ക്കുന്ന ദ്രവ്യങ്ങൾ എല്ലാം വ്യാവഹാരിക ജീവിതത്തിൽ ഉപയോഗിക്കാൻ പറ്റില്ല. പൂജയിൽ ഉപയോഗിക്കുന്ന ധൂപവും കർപ്പൂരാരാതിയുമെല്ലാം പൂജാമണ്ഡലത്തിലല്ലാതെ പുറമെ ആരും ഉപയോഗിക്കാറില്ല. പല ക്ഷേത്രങ്ങളിലും ശ്രീകോവിൽ അടയ്ക്കുന്നതിന് മുമ്പ് തൃപ്പുക ചാർത്തുന്ന പതിവുണ്ട്. വിവിധ ദ്രവ്യങ്ങൾ ഉപയോഗിച്ചുകൊണ്ട് ധൂപം ഉണ്ടാക്കിവെയ്ക്കുകയാണ് അത്. അങ്ങയുള്ള ധൂപത്തോടുകൂടി ഒരു മനുഷ്യനും സ്വന്തം മുറിയിൽ കിടന്നുറങ്ങാൻ പറ്റില്ലല്ലോ. അതേപോലെ ദേവകാര്യത്തിന് മദ്യം ഉപയോഗിക്കണമെന്നുണ്ടെങ്കിൽ അത് വ്യാവഹാരിക ജീവിതത്തിന് വേണ്ടിയുള്ളതല്ല.

കേമദ്രുമ ദോഷം

വ്യക്തിയുടെ മനസ്സിനെ സംബന്ധിക്കുന്ന ഒരു ജ്യോതീഷികമായ അവസ്ഥയാണ് കേമദ്രുമ യോഗം അല്ലെങ്കില്‍ കേമദ്രുമ ദോഷം. ജ്യോതിഷപ്രകാരമുള്ള നിരവധി ദോഷങ്ങളില്‍ ഒന്നായാണ് ഈ അവസ്ഥയേയും സാധാരണയായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഒരു വ്യക്തിയില്‍, ഗുണപ്രദമായ മാറ്റങ്ങള്‍ സൃഷ്ടിക്കുവാനും, അയാളുടെ മനസ്സിനെ ബലപ്പെടുത്തുവാനും കേമദ്രുമ യോഗം സഹായകമാകും. കേമദ്രുമ ദോഷം എന്തെന്നും അതിന്‍റെ ഫലങ്ങള്‍ എന്തെന്നും ഈ ലേഖനത്തില്‍ വിവരിക്കുന്നു.

ഒരു ജാതകത്തില്‍, ചന്ദ്രന്‍റെ മുന്നിലും പിന്നിലുമുള്ള ഭാവങ്ങളില്‍ മറ്റ് ഗ്രഹങ്ങളൊന്നും ഇല്ലാത്ത അവസ്ഥ കേമദ്രുമ ദോഷത്തെ സൂചിപ്പിക്കുന്നു. ഏതൊരു ദോഷത്തേയും / യോഗത്തേയും കുറിച്ച് പഠിക്കുമ്പോള്‍, അതിന് കാരണമായ ഗ്രഹത്തിന്‍റെ / ഗ്രഹങ്ങളുടെ സവിശേഷതകളാണ് ആദ്യം മനസ്സിലാക്കേണ്ടത്. മനഃശാസ്ത്രപരമായ വീക്ഷണത്തിലൂടെ വേണം ഗ്രഹങ്ങളുടെ സ്വഭാവം / സവിശേഷത നാം മനസ്സിലാക്കേണ്ടത്. ആധുനിക മനഃശാസ്ത്രത്തിനെ സഹായിക്കുവാന്‍ കഴിയുന്ന ഒരു വേദശാസ്ത്രമാണ് ജ്യോതിഷം. മനഃശാസ്ത്രപരമായ സമീപത്തിലൂടെ വേണം ആധുനിക ജ്യോതിഷികള്‍ ഈ വേദശാസ്ത്രശാഖയെ അവലോകനം ചെയ്യാന്‍.

ജ്യോതിശാസ്ത്രത്തില്‍ വ്യക്തിയുടെ മനസ്സിനെ പ്രതിബാധിക്കുന്ന ഗ്രഹം ചന്ദ്രനാണ്. ചന്ദ്രന്‍, വ്യക്തിയുടെ മനസ്സിന്‍റെയും വികാരങ്ങളുടെയും സൂചകമാണെന്നാണ് ഭൃഗുസൂത്രയില്‍ പറഞ്ഞിട്ടുള്ളത്. കേമദ്രുമ ദോഷമുള്ള വ്യക്തിയുടെ ജാതകത്തില്‍ ചന്ദ്രന്‍ ഒറ്റപ്പെട്ട അവസ്ഥയില്‍ ആയിരിക്കും. ചന്ദ്രന്‍റെ മുന്നിലും പിന്നിലുമുള്ള ഭാവങ്ങള്‍ അഥവാ ചന്ദ്രനില്‍ നിന്നുമുള്ള രണ്ടാമത്തേയും പന്ത്രണ്ടാമത്തേയും ഭാവങ്ങള്‍ ഒഴിഞ്ഞ് കിടക്കുകയാണെങ്കില്‍ അത് കേമദ്രുമ ദോഷത്തെയാണ് സൂചിപ്പിക്കുന്നത്. ഒറ്റപ്പെട്ട് നില്‍ക്കുന്ന ചന്ദ്രന്‍ വ്യക്തിയുടെ ഒറ്റപെടലിന് കാരണമാകും. ചന്ദ്രന്‍റെ സമീപമുള്ള ഭാവങ്ങളിലെ മറ്റ് ഗ്രഹങ്ങളുടെ സാന്നിധ്യം, വ്യക്തിക്ക് തന്‍റെ മനസ്സിനെ / ചിന്തകളെ നിയന്ത്രിക്കുവാനുള്ള ശക്തി പകരും. ഇതില്ലാത്ത അവസ്ഥയില്‍, വ്യക്തിക്ക് തന്‍റെ ചിന്തകളെ / മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാതെ വരുകയും, അത് അയാളുടെ പെരുമാറ്റത്തെയും പ്രവൃത്തിയേയും ബാധിക്കുകയും ചെയ്യും. മനസ്സിന് പിന്‍ബലമില്ലാത്ത അവസ്ഥ, അനുചിതമായ അല്ലെങ്കില്‍ ഹിതകരമല്ലാത്ത പ്രവര്‍ത്തിയിലേക്ക് വ്യക്തിയെ നയിക്കും. ഇത്, അയാളുടെ സാമൂഹികമായ ഒറ്റപ്പെടലിനും കാരണമാകും. കേമദ്രുമ യോഗമുള്ള വ്യക്തി സ്വയം ഏകാന്തതയിലേക്ക് പോകുവാനുള്ള സാധ്യതയും കൂടുതലാണ്.

കേമദ്രുമ യോഗത്തിന്‍റെ ഈ ദൂഷ്യവശങ്ങള്‍ക്കുള്ള പ്രതിവിധി മനസ്സിനെ ദൃഢപ്പെടുത്തുക എന്നതാണ്. ശാരീരികബലത്തിന് പോഷകാഹാരം ആവശ്യമാണന്നപോലെ മനോബലത്തിന് നല്ല ചിന്തകളും ആവശ്യമാണ്. കേമദ്രുമ ദോഷമുള്ള വ്യക്തി, മനസ്സിന് ആനന്ദവും ഊര്‍ജ്ജവും നല്‍കുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടേണ്ടതാണ്. ഇതിനായി, പ്രാര്‍ത്ഥന, ധ്യാനം, വായന, കലാകായിക വിനോദങ്ങള്‍ എന്നിവയെ ആശ്രയിക്കാം. നല്ല വിനോദങ്ങള്‍, മനസ്സിനേയും ചിന്തകളേയും ബലപ്പെടുത്തുന്നതാണ്.

തിക്തമായ അനുഭവങ്ങള്‍ക്ക് കാരണമാകുമെങ്കിലും, കേമദ്രുമ യോഗം വ്യക്തിയുടെ ചിന്തകളേയും മനസ്സിനേയും പരിപോഷിപ്പിക്കാന്‍ / ബലപ്പെടുത്താന്‍ സഹായിക്കുന്നതാണ്. പ്രതികൂലമായ സാഹചര്യങ്ങളില്‍, മറ്റ് സഹായങ്ങളൊന്നും കൂടാതെ തീരുമാനം എടുക്കുവാനും പ്രവര്‍ത്തിക്കുവാനുമുള്ള ശേഷി ഇത് ഉണ്ടാക്കും. ജീവിതത്തിലെ തടസ്സങ്ങള്‍ ഭേദിച്ച് മുന്നേറാനുള്ള കഴിവ് ഇപ്രകാരം നേടാവുന്നതാണ്. മറ്റുള്ളവരുടെ ഉപദേശങ്ങള്‍, പല സാഹചര്യങ്ങളിലും ഒരു വ്യക്തിയെ സഹായിക്കുമെങ്കിലും, അവയുടെ സ്വാധീനം, അയാളെ തന്‍റെ ലക്ഷ്യത്തില്‍ നിന്നും പിന്‍വലിക്കുവാന്‍ ഇടയുണ്ട്. ഇത്തരം സ്വാധീനങ്ങളില്‍ പെടാതെ ലക്ഷ്യത്തിലേക്ക് മുന്നേറാന്‍, കേമദ്രുമ യോഗമുള്ള ഒരു വ്യക്തിക്ക് കഴിഞ്ഞേക്കും.

കേമദ്രുമ യോഗമുള്ള വ്യക്തിയുടെ ചിന്ത മറ്റ് വ്യക്തികളുടേതില്‍ നിന്നും വ്യത്യസ്തമായിരിക്കും. ഇത്, സമൂഹത്തിന്‍റെ പൊതുവായ രീതികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ വ്യക്തിയെ പ്രേരിപ്പിച്ചേക്കാം. ഇത്തരത്തില്‍ ഒറ്റപ്പെടുന്ന വ്യക്തി, ആത്മീയമായ അല്ലെങ്കില്‍ നിഗൂഢമായ വിഷയങ്ങളില്‍ താല്‍പര്യം കാണിക്കുകയും അതുവഴി ഒരു മേല്‍ത്തരം ചിന്താഗതി ആര്‍ജ്ജിക്കുകയും ചെയ്യും.

കേമദ്രുമ യോഗം / ദോഷം, വ്യക്തിയുടെ മനസ്സിനേയും പ്രവര്‍ത്തനമേഖലയേയും ബാധിക്കുന്ന ഒരു വിപത്തായിട്ടാണ് പലയിടത്തും വിവരിച്ച് കാണാറുള്ളത്. ഈ ധാരണ നമ്മള്‍ തിരുത്തേണ്ടതുണ്ട്. വ്യക്തിയെ അസാധാരണമായ രീതിയില്‍ ചിന്തിപ്പിക്കുകയും, പ്രപഞ്ചശക്തിയോട് അടുപ്പിക്കുകയും ചെയ്യുന്ന ഒരു ജാതക അവസ്ഥയാണ് യഥാര്‍ത്ഥത്തില്‍ കേമദ്രുമ യോഗം. ബില്‍ ഗേറ്റ്സ്, ഘന്‍ ശ്യാം ദാസ് ബിര്‍ള, ബാല്‍ താക്കറെ, ജിം കാരി തുടങ്ങി കേമദ്രുമ യോഗമുള്ള പ്രമുഖര്‍ അനവധിയാണ്. ഇവരെ പോലെ, പ്രവര്‍ത്തന മേഖലയില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍, കേമദ്രുമ യോഗമുള്ള ഏതൊരു വ്യക്തിക്കും സാധ്യമാകും.

മദ്യപിച്ചാൽ ആനന്ദം ഉണ്ടാകുമോ?

ആനന്ദം തന്നെയാണ് ബ്രഹ്‌മാനുഭൂതിയെന്ന് പറയപ്പെടുന്നത്. ഇത് ഓരോ ശരീരത്തിലും വ്യവസ്ഥിതവുമാണ്. ആനന്ദത്തെ അഭിവ്യഞ്ജിപ്പിക്കുന്നതാണ് പഞ്ചമകാരങ്ങൾ എന്ന് ശ്രീപരശുരാമ കല്പസൂത്രത്തിൽ പ്രതിപാദിച്ചിരിക്കുന്നു. അതിനാൽ സ്വന്തം ശരീരത്തിനുള്ളിലെ നൈസർഗ്ഗികമായ ആനന്ദത്തെ പ്രചോദിപ്പിക്കുകയാണ് കുളാമൃതംകൊണ്ട് ഉദ്ദേശിക്കുന്നത്.

സാധന ചെയ്യുന്ന പലരിലും ദേഷ്യം കാണുന്നു. അതെങ്ങനെ ഇല്ലാതാക്കാന്‍ കഴിയും?

സാധന ചെയ്തതുകൊണ്ടു മാത്രം കോപത്തെ അതിജീവിക്കുവാന്‍ പറ്റില്ല. ഏകാന്തമായിരുന്നു് , സാധനമാത്രം ചെയ്തു നീങ്ങുന്നവര്‍ മരുഭൂമിയിലെ വൃക്ഷംപോലെയാണു്. അതിനും തണലില്ല. ലോകത്തിനും ഗുണമില്ല.

അങ്ങനെയുള്ളവര്‍ ലോകത്തിറങ്ങി, അതിൻ്റെ നടുക്കുനിന്നു് എല്ലാത്തിലും ഈശ്വരനെ കാണുവാനുള്ള ഒരു മനസ്സു വളര്‍ത്തുവാന്‍ ശ്രമിക്കണം. പല പാറക്കല്ലുകള്‍ ഒന്നിച്ചു് ഒരു മിഷ്യനകത്തിട്ടു കറക്കുമ്പോള്‍, പരസ്പരം ഉരസി, അതിൻ്റെ മുനകള്‍ നഷ്ടമായി, നല്ല ആകൃതി കൈക്കൊള്ളുന്നു. അതുപോലെ ലോകത്തിറങ്ങി യുദ്ധംചെയ്തു മനഃപക്വത നേടേണ്ടതാണു്. നാനാത്വങ്ങള്‍ നിറഞ്ഞ ലോകത്തുനിന്നു വിജയിക്കുന്നവനേ വിജയിച്ചു എന്നു പറയുവാന്‍ പറ്റൂ.

ദേഷ്യം വരേണ്ട ഒരു സാഹചര്യത്തില്‍ ദ്വേഷിക്കാതിരിക്കുന്നതാണു ധീരത. ഏകാന്തമായിരുന്നു സാധന ചെയ്യുന്നവന്‍ ‘ഞാന്‍ കോപിക്കാറില്ല’ എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. അതു ധീരതയുടെ ലക്ഷണവുമല്ല. ഏകാന്തതയില്‍ സാധനചെയ്തതു കൊണ്ടു മാത്രം വാസനാക്ഷയം സംഭവിക്കണമെന്നില്ല. തണുപ്പുകൊണ്ടു മരവിച്ചു കിടക്കുന്ന പാമ്പു കൊത്താന്‍ വേണ്ടി പത്തി ഉയര്‍ത്താറില്ല. എന്നാല്‍ വെയിലേറ്റു കഴിയുമ്പോള്‍ അതിൻ്റെ സ്വഭാവം മാറും.

കുറുക്കന്‍ കാട്ടിലിരുന്നു തീരുമാനിക്കും ‘ഞാന്‍ ഇനി നായയെ കണ്ടാല്‍ കൂവില്ല’ എന്നു്. നാട്ടിലിറങ്ങി ഒരു നായയുടെ വാലു കണ്ടാല്‍ മതി, തീരുമാനം ഓടിയൊളിക്കും. പ്രതികൂല സാഹചര്യങ്ങളില്‍ മനോനിയന്ത്രണം പാലിക്കുവാന്‍ കഴിയണം. അതിലാണു സാധനയുടെ വിജയം. സാധനയുടെ ഒരു ഘട്ടത്തില്‍, മുറിക്കകത്തു മാത്രം കഴിയുന്ന കുട്ടികളെപ്പോലെയാണു്. ദേഷ്യം അല്പം കൂടുതലാകാറുണ്ടു്. ആ സമയം ഗുരുമുഖത്തുനിന്നുകൊണ്ടു് അഭ്യാസം ചെയ്തു് അതിനെ അതിജീവിക്കാം.

ഗണേശ പ്രീതിയ്ക്കായി

സര്‍വ്വദേവതകളും അനുഗ്രഹിക്കാന്‍ തയ്യാറായാലും ഗണേശപ്രീതിയില്ലെങ്കില്‍ ഒന്നും ശുഭമാകില്ല. വലിയ യജ്ഞങ്ങളും, മഹായാഗങ്ങളും പോലും ശുഭമാകണമെങ്കില്‍ അഗ്രപൂജയ്ക്കധികാരിയായ ശ്രീവിനായകപ്പെരുമാളിന്‍റെ മനസ്സ് തെളിയണം.

ഗണപതിപ്രീതി ഇല്ലാത്തതിന്‍റെ ലക്ഷണങ്ങള്‍

1. ധനം എത്രവന്നാലും നിലനില്‍ക്കാതിരിക്കും. 

2. ബിസിനസ്സില്‍ മിടുക്കരായ തൊഴിലാളികള്‍ പിരിഞ്ഞുപോകുക. 

3. വീടുപണി എത്ര ശ്രമിച്ചാലും പണി തീരാത്ത അവസ്ഥ. 

4. എല്ലാ സാഹചര്യങ്ങളും ഒത്തുവന്നാലും വിവാഹതടസ്സം, സന്താനതടസ്സം, പ്രണയനൈരാശ്യം. 

5. വലിയ പദ്ധതികള്‍, ധനലാഭകാര്യം ഇവ കയ്യെത്തി നഷ്ടപ്പെടുക. 

6. എല്ലാ സൗഭാഗ്യവും ഉണ്ടായാലും വീട്ടില്‍ സ്വസ്ഥതക്കുറവ്, വീട്ടംഗങ്ങള്‍ തന്നിഷ്ടമായി നീങ്ങുക, സ്വരചേര്‍ച്ചക്കുറവ്.

ഗണപതിയും ജാതകവും

ഗ്രഹനിലയില്‍ കേതു അനിഷ്ടസ്ഥാനത്ത് വരിക, പൂര്‍വ്വികസുകൃതസ്ഥാനത്ത് ഗണപതി, അപ്രീതി, ശുക്രന്‍റെ അനിഷ്ടസ്ഥാനം ഇവ ഗണപതിയുടെ പ്രീതിവേണമെന്ന സൂചനയാണ്. 

ഗണപതിയും ഭൗതികസുഖവും 

ഭൂമിയുടെ അധിഷ്ഠാനദേവത (അധിപതി) ഗണപതിയാണ്. മൂലാധാരസ്ഥിതനായ ഗണപതിയാണ് കുണ്ഡലിനീ തത്വത്തിന്‍റെ അടിസ്ഥാനം. ആയതിനാല്‍ ധനം, ഭൗതിക സുഖഭോഗങ്ങള്‍, ഐശ്വര്യം, കീര്‍ത്തി ഇവ ഗണപതി ഭഗവാന്‍ തന്നെ കനിഞ്ഞാലേ ലഭിക്കൂ.

ഗണപതി പ്രീതി ലഭിക്കാന്‍

1. വീട് നില്‍ക്കുന്ന പറമ്പിന്‍റെ കന്നിമൂലയില്‍ കറുക വളര്‍ത്തുക. 

2. വെള്ളിയാഴ്ച, ചതുര്‍ത്ഥി ദിവസങ്ങളില്‍ ഗണപതി ഹോമം നടത്തുകയോ, നാളികേരം ഉടയ്ക്കുകയോ ചെയ്യുക. 

3. വീട്ടിലും, വ്യാപാരസ്ഥലത്തും പൂജാസ്ഥാനം ഉണ്ടെങ്കില്‍ കഴിയുന്നതും മൂല ചേര്‍ത്ത് ഒരടിയെങ്കിലും വലുപ്പമുള്ള ഒരു ഗണപതി ചിത്രം ഉണ്ടാവണം. 

4. കടുത്ത തടസ്സമുള്ളവര്‍ ഉത്തമഗുരുവിനെ കണ്ട് വിശിഷ്ടമായ ഏതെങ്കിലും ഗണപതി മന്ത്രം ഉപദേശമായി വാങ്ങി ഒരു മണ്ഡലം ജപിക്കുക. 

5. ഗണപതി ചിത്രത്തിന് മുന്നില്‍ മധുരപദാര്‍ത്ഥങ്ങള്‍ വച്ച് ഗണപതി സ്തുതികള്‍ ചൊല്ലുക. ദാരിദ്ര്യദഹനഗണപതി സ്തോത്രം, ഗണേശാഷ്ടകം, സങ്കടഹരഗണേശസ്തോത്രം ഇവ ജപിക്കുന്നത് നന്ന്. 

6. ഗണപതിയുടെ വിശേഷചൈതന്യമുള്ള പിള്ളയാര്‍പെട്ടി, പഴവങ്ങാടി, മധൂര്‍, കൊട്ടാരക്കര, അഞ്ചല്‍, ഗണപതി, നിഴലിമംഗലം ഗണപതി, ഇടപ്പള്ളി ഗണപതി തുടങ്ങിയ ഒരു ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കുക. 

7. ജീവിതത്തില്‍ ഉത്തമഗണപതി ഭക്തനായി തീര്‍ന്നാല്‍ രാഹു, ശനിദോഷം ഉള്‍പ്പെടെ ഒരുവിധം ഗ്രഹദോഷം കഠിനമായി ബാധിക്കില്ല.

കുളാമൃതത്തിന്റെ പ്രത്യേകത എന്ത്?

ഇഡ പിംഗല നാഡികളിലെ ചന്ദ്രസൂര്യന്മാരെ രോധിച്ച് സുഷുമ്നാ നാഡിയിലൂടെ ആറ് ആധാരചക്രങ്ങളും ഭേദിച്ച് കുണ്ഡലിനീശക്തി സഹസ്രാര മധ്യസ്ഥിതനായ പരമശിവനുമായി സംയോഗം ചെയ്യുമ്പോഴുണ്ടാകുന്ന അമൃതാപ്ലാവനമാണ് കുളാമൃതം എന്ന് മനസ്സിലാക്കണം.

വീട്ടിൽ ഐശ്വര്യവും സമ്പത്തും വർദ്ധിപ്പിക്കും വൃക്ഷങ്ങൾ

കുടുംബത്തിൽ ഭാഗ്യവും ഐശ്വര്യവും സമ്പത്തും വർദ്ധിപ്പിക്കാൻ വീടിനു ചുറ്റും ചില സസ്യ വൃക്ഷാദികൾ നട്ടു വളർത്താം. 

വീടിന്റെ പ്രധാന വാതിലിന്റെ മുൻഭാഗം ഒഴിവാക്കി വേണം വൃക്ഷങ്ങൾ നടാൻ.  

“പൊന്നുകായ്ക്കുന്ന മരമാണേലും പുരപ്പുറത്തേക്കു ചാഞ്ഞാൽ മുറിക്കണം” എന്നാണല്ലോ   പ്രമാണം . അതിനാൽ വീടിനടുത്തു വൃക്ഷങ്ങൾ നടാൻ പാടില്ല. വീടിനോടു ചേർന്ന് മരമുണ്ടെങ്കിൽ വെട്ടുന്നതിൽ തെറ്റില്ല, പകരം രണ്ടു മരങ്ങൾ നട്ടുവളർത്തണം.

1.വീടിന്റെ വടക്കു ഭാഗത്തു മഹാലക്ഷ്മീ സങ്കല്പത്തിൽ രണ്ടു നെല്ലി വയ്ക്കുക . 

2.വീടിനു ചുറ്റും തുളസിയോടൊപ്പം ലക്ഷ്മീനാരായണ സങ്കല്പത്തിൽ മഞ്ഞൾ വളർത്തുക. 

4.കന്നിമൂലയിൽ അതായത് വീടിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ ഗണപതി പ്രീതികരമായ കറുക പടർത്തുക.

5.വടക്കുകിഴക്കുമൂലയിൽ സമ്പൽസമൃദ്ധിക്കായി കണിക്കൊന്ന വയ്ക്കുക . 

6.തെക്കുകിഴക്കേ മൂലയായ അഗ്നികോണിൽ മുള നട്ടു പരിപാലിക്കുക. 

7.ശിവപാർവ്വതിമാർക്ക് ഏറ്റവും പ്രിയപ്പെട്ട ദൈവികവൃക്ഷമാണ് കൂവളം. വീടിന്റെ തെക്ക് ഭാഗത്തോ  പടിഞ്ഞാറു ഭാഗത്തോ കൂവളം നട്ടു പരിപാലിക്കുന്നത്  ശുഭകരമാണ്.

8.പടിഞ്ഞാറ് ഭാഗത്തു മഞ്ഞൾ നടുന്നത് വാസ്തു ദോഷങ്ങൾ കുറയ്ക്കുമെന്നാണ് വിശ്വാസം. 

9.നാല്പാമരങ്ങൾ വിപരീത സ്ഥാനങ്ങളിൽ (വടക്ക്  അത്തി, തെക്ക് ഇത്തി, കിഴക്ക് അരയാൽ, പടിഞ്ഞാറ് പേരാൽ  ) നിൽക്കാൻ പാടില്ല .

10.കിഴക്കു ഭാഗത്തു പ്ലാവും വടക്കു ഭാഗത്തു മാവും പടിഞ്ഞാറ് ഭാഗത്തു തെങ്ങും തെക്കു പുളി എന്നിവയും ഉത്തമ ഫലം നൽകും. ഉപയോഗ്യമായ ഫലവൃക്ഷങ്ങൾ വീടിന്റെ ഏതു ഭാഗത്തുവന്നാലും ദോഷമില്ല. മേല്പറഞ്ഞരീതിയിൽ നട്ടു വളർത്തിയാൽ സദ്‌ഫലം ലഭിക്കുമെന്നാണ് വിശ്വാസം.

സമ്പത്ത് അനുദിനം വർധിക്കും, ‘വടക്ക് ‘ ദിക്കിലാണ് കാര്യം

വാസ്തുശാസ്ത്ര പ്രകാരം വടക്കുദിക്കിന്റെ അധിപനാണ് കുബേരൻ. കുബേരന്റെ കൈയിലെ സ്വർണ്ണം, രത്നം, ധനം എന്നിവ  സൂക്ഷിക്കുന്ന കുടം ഒരിക്കലും ശൂന്യമാകില്ല. വടക്ക് ദിക്കിനെ വേണ്ടരീതിയിൽ പരിപാലിച്ചാൽ അനുദിനം സമ്പത്ത് വർധനയുണ്ടാകും എന്നാണു വിശ്വാസം. വടക്ക് ഭാഗത്തെ ഭൂമി തെക്കു ഭാഗത്തെ അപേക്ഷിച്ചു താഴ്ന്നിരിക്കണം. കിഴക്കും വടക്കും താഴ്ന്നതും തെക്കും പടിഞ്ഞാറും ഉയർന്നതുമായ  ഭൂമിയിൽ  വസിക്കുന്നവർക്ക് സന്തോഷവും സമൃദ്ധിയും ലഭിക്കുമെന്ന് വാസ്തു ശാസ്ത്രത്തിൽ പറയുന്നു.

വളരെയധികം പോസിറ്റീവ് ഊർജ്ജം സ്വീകരിക്കുന്ന ഒരു ഭാഗമാണ് വടക്ക്. ഈ അനുകൂല ഊർജ്ജം ഭവനത്തിനും ഭവനത്തിൽ താമസിക്കുന്നവർക്കും ലഭ്യമാവാൻ വടക്ക് ഭാഗം കൂടുതൽ തുറസ്സായി നിലനിർത്തുക. ലക്ഷ്മീദേവീ  സങ്കല്പത്തിൽ നെല്ലിനട്ട് വളർത്തുന്നത് ഭാഗ്യദായകമാണ്. ഈ ദിക്കിൽ അവശിഷ്ടങ്ങൾ കൂട്ടിയിട്ടു കത്തിക്കുന്നതും കല്ല്, തടി എന്നിവ കൂട്ടിയിടുന്നതും പോസിറ്റീവ് ഊർജ്ജത്തെ ഇല്ലാതാക്കും.

വടക്ക് ദർശനമായുള്ള വീടുകളിൽ താമസിക്കുന്നവർക്ക് കുബേരപ്രീതിയാൽ ധനപരമായ ഉയർച്ചകൾ ഉണ്ടാകും. ഗൃഹവാസികൾ നന്മയും ബുദ്ധിശക്തിയും ദീർഘവീക്ഷണവും ക്ഷമയും സഹനശക്തിയുള്ളവരും ആയിരിക്കും. ഇവർ കഠിനാധ്വാനികൾ ആയിത്തീരും.

വ്യാപാര തടസ്സങ്ങൾ, തൊഴിൽ തടസ്സങ്ങൾ എന്നിവയൊന്നും തന്നെ അലട്ടുകയില്ല. ധനാഭിവൃദ്ധിയിലൂടെ തടസ്സങ്ങൾ എല്ലാം തന്നെ മാറികിട്ടും. ഈശാന കോണായ വടക്ക് കിഴക്ക് ദിക്കിന് നിർമ്മാണഘട്ടത്തിൽ ദോഷം വന്നിട്ടുണ്ടെങ്കിൽ ധനക്ഷയം, കുടുംബപ്രശ്നങ്ങൾ ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവ ഉണ്ടാകും.

മന്ത്രംകൊണ്ട് മദ്യത്തിലെ വിഷാംശത്തെ ഇല്ലാതാക്കാമോ?

ശുശ്രുതസംഹിതയിലെ വിഷകല്പമാണ് ഇതിന് പ്രമാണമായി പറയേണ്ടത്. വിഷഹരണത്തിന് മണിമന്ത്രാൗഷധങ്ങൾ വിധിയ്ക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ദേവബ്രഹ്മഋഷികളാൽ ഉപദേശിക്കപ്പെട്ട മന്ത്രങ്ങളാണ് ഏറ്റവും ശക്തിമത്തായതെന്നും അത് കഴിഞ്ഞേ ഔഷധവും രത്നവും ഫലിയ്ക്കുകയുള്ളുവെന്ന് ശുശ്രുതൻ പ്രസ്താവിക്കുന്നു. അപ്പോൾ ശരീരത്തിലേറ്റ സർപ്പവിഷത്തെ ഇല്ലാതാക്കാൻ മന്ത്രങ്ങൾകൊണ്ട് സാധിക്കുമെങ്കിൽ തീർച്ചയായും മദ്യത്തിലെ വിഷാംശത്തെ ഇല്ലാതാക്കാൻ മന്ത്രങ്ങൾക്കൊണ്ട് സാധിക്കും. മന്ത്രംകൊണ്ട് ശുക്രശാപത്തെ പരിഹരിച്ച് അഗ്നി സൂര്യ സോമ കലകളും തുടർന്ന് ബ്രഹ്മ വിഷ്ണു രുദ്ര ഈശ്വര സദാശിവ കലകളും സന്നിവേശിയ്ക്കപ്പെടുമ്പോൾ മദ്യം കുളാമൃതമായി മാറുകയാണ് ചെയ്യുന്നത്.

സന്താനലബ്ധിയും ഗ്രഹദോഷങ്ങളും

വിവാഹിതരാക്കുന്നവർ ശ്രദ്ധിക്കേണ്ടവ

ഓരോ വ്യക്തികളുടെ കാര്യത്തിലും വിവാഹയോഗത്തിന് പ്രത്യേകമായ കാലമുണ്ട്. ജാതകവശാല്‍ വിവാഹയോഗസമയങ്ങള്‍ പല പ്രായത്തിലും കണ്ടേക്കാം. എന്നാല്‍ വിധിച്ച സമയത്തേ വിവാഹം നടക്കൂ. വിവാഹം നടത്തേണ്ടത് എപ്പോഴെന്നും ദമ്പതികള്‍ അറിഞ്ഞിരിക്കേണ്ടവ എന്തെന്നും ജ്യോതിഷപ്രമാണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. കര്‍ക്കിടകം, കന്നി, കുംഭം, ധനു മീനമാസത്തിന്‍റെ ഉത്തരാര്‍ദ്ധവും വിവാഹത്തിന് യോഗ്യമായ മാസങ്ങളല്ല. മകയിരം, മകം, അത്തം, രോഹിണി, ചോതി, ഉത്രം, ഉത്രാടം, ഉതൃട്ടാതി, മൂലം, അനിഴം, രേവതി എന്നീ നക്ഷത്രങ്ങള്‍ വിവാഹത്തിന് കൊള്ളാം. വരന്‍റെ നക്ഷത്രം വിവാഹത്തിന് എടുക്കരുത്. സൂര്യനും ഗര്‍ഭധാരണവുമായുള്ള ബന്ധം കണക്കിലെടുത്താണ് വിവാഹത്തിന് ചില മാസങ്ങള്‍ നിഷിദ്ധമാണെന്ന് കണ്ടെത്തിയിട്ടുള്ളത്.

മുന്‍പേ കടന്നുപോയ തലമുറക്കാരില്‍ ഭൂരിഭാഗവും ദീര്‍ഘകാലം സ്വരുമയോടെയുള്ള ദാമ്പത്യജീവിതം നയിച്ചവരായിരുന്നു. ദമ്പതികള്‍ തമ്മിലുള്ള പ്രായവ്യത്യാസമായിരുന്നു അതിന് മുഖ്യകാരണം. പുരുഷനേക്കാള്‍ ഏഴെട്ടുവയസ്സിന്‍റെ കുറവെങ്കിലും അന്നത്തെ ദമ്പതികള്‍ക്കിടയിലുണ്ടായിരുന്നു. പത്തുപന്ത്രണ്ട് വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ അറിവും വിവേകവുമായി താരതമ്യപ്പെടണമെങ്കില്‍ പുരുഷന് കുറഞ്ഞത് ഒരിരുപത് വയസ്സെങ്കിലും ആകണം. ആരോഗ്യാവസ്ഥയുടെ കാര്യവും മറിച്ചല്ല. അത്തരക്കാര്‍ക്കുണ്ടാകുന്ന കുട്ടികള്‍ ശരാശരി ആരോഗ്യവും സല്‍സ്വഭാവവും കാര്യങ്ങളെ എളുപ്പം ഗ്രഹിച്ചെടുക്കാന്‍ കഴിവുള്ളവരുമായിരിക്കും എന്ന വസ്തുതയും വിസ്മരിക്കാതിരിക്കുക.

ജ്യോതിഷത്തില്‍ സൂര്യന് പിതാവിന്‍റെയും ചന്ദ്രന് മാതാവിന്‍റെയും സ്ഥാനങ്ങളാണ് കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ദമ്പതികളുടെ ജാതകങ്ങളില്‍ സൂര്യനും ചന്ദ്രനും യഥാസ്ഥാനങ്ങളില്‍ ബലവാന്മാരായി നിന്നാലെ അവര്‍ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സന്താനങ്ങള്‍ ഉണ്ടാകൂ എന്ന് മനസ്സിലാക്കണം.

സൂര്യചന്ദ്രന്മാരെ മാത്രമല്ല മറ്റു ഗ്രഹസ്ഥിതികളും അറിയേണ്ടതുണ്ട്. ചിങ്ങത്തില്‍ ശനി നില്‍ക്കുന്നത് സന്താനങ്ങള്‍ ഇല്ലാത്തവര്‍ക്ക് ചിലപ്പോള്‍ പേരിന് ഒരു സന്താനം അതാണ് ഫലം. ആ ശനി ലഗ്നാല്‍ അഞ്ചിലാണ് നില്‍ക്കുന്നതെങ്കിൽ സന്താനങ്ങള്‍ ഉണ്ടാകായ്ക നിമിത്തമോ അഥവാ പുത്രന്മാര്‍ ഉണ്ടായിരുന്നാല്‍ അവര്‍ നശിക്കുന്നത് നിമിത്തമായോ അഥവാ അവരുടെ ശല്യം കൊണ്ടോ ദുഃഖം അനുഭവിക്കുകയാണ് ഫലം. അഞ്ചില്‍ രാഹു നില്‍ക്കുന്നത് പുത്രദുഃഖം അനുഭവിക്കുവാനുള്ള യോഗമാണ്.

ജാതകപൊരുത്തക്കേടുകൾ 

ഇത്തരം ഘട്ടങ്ങളിലാണ് ജാതകപൊരുത്തദോഷങ്ങളുടെ ഗാംഭീര്യത ബോധ്യപ്പെടുന്നത്. വിവാഹപൊരുത്തത്തില്‍ സന്താനലബ്ധി ഉറപ്പുവരുത്തേണ്ടതുണ്ട്. ദമ്പതിമാരാകാന്‍ പോകുന്നവരില്‍ എത്രയൊക്കെ പൊരുത്തങ്ങളുണ്ടായാലും സന്താനയോഗക്കുറവുള്ള ജാതകരെ തമ്മില്‍ ചേര്‍ക്കരുത്. ദമ്പതികള്‍ക്ക് ശാരീരികമായ പോരായ്മകള്‍ ഒന്നുംതന്നെ ഇല്ലെങ്കില്‍ പോലും ഗ്രഹദോഷങ്ങള്‍ സന്താനലബ്ധിക്ക് വിഘാതമായി നില്‍ക്കും. ഈശ്വരാധീനക്കുറവും കൂടിയുണ്ടെങ്കില്‍ അവരുടെ ജീവിതം ഒരു ഘട്ടം കഴിയുമ്പോള്‍ ദുഃസഹമായിത്തീരും എന്നതും ഉറപ്പാണ്.

പിതൃദോഷഫലം

പിതൃദോഷവും സന്താനതടസ്സത്തിന് കാരണമാണ്. പിതൃദോഷമുള്ളവര്‍ക്ക് ജീവിതത്തില്‍ സ്വസ്ഥതയുണ്ടാകില്ല. പിതൃപ്രീതികരമായ കര്‍മ്മങ്ങള്‍ യഥാവിധി ചെയ്യാത്തവര്‍ മാതാപിതാക്കളെ വേണ്ടുംവിധം സംരക്ഷിക്കാത്തവര്‍, പിതൃസ്ഥാനീയരെ ധിക്കരിച്ച് ജീവിക്കുന്നവര്‍ തുടങ്ങിയവരെല്ലാം പിതൃദോഷത്തിന്‍റെ ഫലം അനുഭവിക്കാതിരിക്കില്ല. എത്ര ധനം സമ്പാദിച്ചാലും ഫലം അനുഭവിക്കാന്‍ കഴിയാതെ വരിക. ചിലതരം മാരകരോഗങ്ങള്‍ക്കടിമപ്പെടുക. ദാമ്പത്യകലഹം, സന്താനദുഃഖം, സന്താനങ്ങള്‍ക്ക് അംഗവൈകല്യങ്ങള്‍, വിദ്യാഭംഗം, ദാരിദ്ര്യം, സന്താനയോഗമുണ്ടെങ്കിലും സന്താനങ്ങളില്ലായ്മ തുടങ്ങി അനവധി ദോഷങ്ങള്‍ക്ക് പിതൃദോഷം കാരണമാകാം. പിതൃക്കളെ പ്രീതിപ്പെടുത്തുന്ന ക്രിയകള്‍ കാലാകാലങ്ങളില്‍ നിര്‍വ്വഹിക്കുക മാത്രമാണ് പിതൃദോഷത്തിനുള്ള പ്രതിവിധി.

ശാക്തേയ പൂജയിൽ മദ്യം നിർബന്ധമാണോ?

മദ്യപാനം ഒരിയ്ക്കലും അംഗീകരിച്ചുകൂടാത്തതാണ്. മദ്യപാനം ശീലിക്കുന്നവരിൽ ദേവിയുടെ പരിവാരങ്ങളായ യോഗിനികൾ കോപിക്കുന്നുവെന്നാണ് പറയപ്പെടുന്നത്. അതിനാൽ മദ്യം മണത്താൽപോലും പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ട്.

പിന്നെ ശാക്തേയ പൂജയിൽ മദ്യം ഉപയോഗിക്കുന്നത് മറ്റൊരു തത്വമനുസരിച്ചാണ്. അതിന് ചില ക്രമങ്ങൾ ഉണ്ട്. അത് കഴിഞ്ഞ അദ്ധ്യായത്തിൽ വ്യക്തമാക്കിയതുമാണ്. പൂജയ്ക്കുപയോഗിക്കുന്ന ദ്രവ്യങ്ങൾ എല്ലാംതന്നെ ഉപഭോഗ വസ്തുക്കളാക്കിക്കൂടാത്തതാകുന്നു.

ഇവിടെ മദ്യമായിട്ടല്ല ഉപയോഗിക്കുന്നത്. കുളാമൃതമായിട്ടാണ്. മദ്യം സ്വതവേ വിഷമാണ്. എന്നാൽ വിവിധ മന്ത്രങ്ങളെക്കൊണ്ട് അതിലെ വിഷാംശത്തെ അപനയിച്ച് അമൃതീകരിച്ചുകൊണ്ടാണ് ഉപയോഗിക്കുന്നത്. അതിനാൽ പൂജാമണ്ഡലത്തിലെ മദ്യം അമൃതമായിട്ടാണ് ഉപയോഗിക്കുന്നത്.

പൂജാമണ്ഡലത്തിൽത്തന്നെ നിശ്ചിത അളവിൽ ഉള്ള മദ്യം മാത്രമേ ഉപയോഗിക്കാവു. അതിനുള്ള ചെറിയ ഭാജനങ്ങൾ പൂജാമണ്ഡലത്തിൽ ഉണ്ടായിരിക്കും. മണ്ഡലത്തിന് പുറത്തുവെച്ച് മദ്യപാനം നടത്തിയാൽ അത് മദ്യപാനം തന്നെയാണ്. അവിടെ യോഗിനീശാപം ഉണ്ടായിത്തീരും.

ശ്രീചക്രപൂജയിൽ ബലി ഏതൊക്കെ പ്രകാരത്തിലാണ്?

ശ്രീപരശുരാമകല്പസൂത്രമനുസരിച്ച് വിഘ്നബലി മാത്രമേ ശ്രീചക്ര പൂജയിൽ പറഞ്ഞിട്ടുള്ളുവെങ്കിലും തന്ത്രാന്തരങ്ങളിൽ വടുകബലി, യോഗിനീബലി, ക്ഷേത്രപാലബലി തുടങ്ങിയവയെക്കുറിച്ചും പരാമർശിക്കുന്നുണ്ട്.

ശ്രീചക്രപൂജയ്ക്ക് എത്ര പാത്രം സ്ഥാപിയ്ക്കണം?

ശ്രീപരശുരാമകല്പസൂത്രമനുസരിച്ച് ഏകപാത്രവിധിയാണ് ഉള്ളത്. എന്നാൽ തന്ത്രാന്തരങ്ങളിൽ ഗുരുപാത്രം, ശ്രീപാത്രം, ശക്തിപാത്രം, ഭോഗപാത്രം, ആത്മപാത്രം തുടങ്ങിയവ സ്ഥാപിക്കാനുള്ള വിധിയുണ്ട്.

ശ്രീചക്രപൂജയിൽ കുളദീപം ജ്വലിപ്പിക്കാറുണ്ടോ?

ശ്രീചക്രപൂജയിലാണ് കുളദീപത്തിന്റെ പ്രാധാന്യം. കുളദീപം ജീവ ബ്രഹ്മ ഐക്യാനുസന്ധാനത്തിന്റെ ഭാവനയോടെയാണ് ജ്വലിപ്പിക്കുന്നത്.

മുമ്പേ പറയപ്പെട്ട സത്വശുദ്ധി, മന്ത്രശുദ്ധി, ദ്രവ്യശുദ്ധി എന്നിവ ശ്രീചക്രപൂജയ്ക്കും ബാധകമാണോ?

ഇവ മൂന്നും എല്ലാ ആചാരങ്ങൾക്കും ബാധകമാണ്. അന്തഃകരണ ശുദ്ധിയില്ലാതെ പൂജ ചെയ്തതുകൊണ്ട് യാതൊരു കാര്യവും ഇല്ല. മന്ത്രസിദ്ധി കൈവരാത്ത ഒരാൾ പൂജചെയ്തതുകൊണ്ടും ഫലമില്ല. മന്ത്രസിദ്ധി കൈവന്നോ ഇല്ലയോ എന്നത് സ്വയം വിമർശിച്ച് സ്വാനുഭവത്തിൽ തീരുമാനിക്കേണ്ടതാണ്. ശ്രീഗുരുവിൽ നിന്ന് ശ്രീവിദ്യാമന്ത്രം ഗ്രഹിച്ച് അക്ഷരലക്ഷം ജപിച്ച ശേഷം മാത്രമേ ശ്രീചക്രപൂജ ചെയ്‌താൽ ഫലമുണ്ടാവുകയുള്ളു. ജപത്തിനാണ് പ്രാധാന്യമുള്ളത്. പുരശ്ചരണത്തിന്റെ ഭാഗമായാണ് ശ്രീചക്രപൂജ ആചരിക്കുന്നത്.

മന്ത്രം വ്യക്തമായും സ്ഫുടമായും ഉച്ചരിക്കണം. അതല്ലെങ്കിൽ അർത്ഥഭേദം വന്നുപോകും. വൈദികമന്ത്രങ്ങൾക്ക് പറയപ്പെട്ട ഉദാത്ത അനുദാത്ത സ്വരിത നിയമങ്ങൾ ഒന്നും ഇവിടെ അവലംബിക്കേണ്ടതില്ല. അതിനാൽ പൂജക്കുള്ള മന്ത്രങ്ങൾ ശ്രീഗുരുവിൽ നിന്നും കേട്ടുപഠിക്കേണ്ടതാണ്. ദ്രവ്യശുദ്ധി എന്നത് പൂജയ്ക്ക് ഉപയോഗിക്കുന്ന സാധനങ്ങളെയാണല്ലോ ഉദ്ദേശിക്കുന്നത്. വെള്ളത്തിൽ കഴുകി ശുദ്ധിയാക്കേണ്ടവ അങ്ങനെയും പ്രോക്ഷിച്ച് ശുദ്ധമാക്കേണ്ടവ അങ്ങനെയും ആചരിച്ചിരിക്കണം. പഞ്ചമകാരങ്ങൾക്ക് ഓരോന്നിനും സംസ്കരണ മന്ത്രമുണ്ട്. അതിനാൽ അവ മന്ത്ര സംസ്കാരം ചെയ്തേ ഉപയോഗിക്കാവു.

പൂജയ്ക്ക് ആവശ്യമായിവരുന്ന ധനവും ശുദ്ധമായിരിക്കണം. അതും ദ്രവ്യശുദ്ധിയിൽപ്പെട്ടതാണ്. അന്യായമായി ആർജ്ജിച്ച ധനം ഉപയോഗിച്ച് പൂജ ചെയ്യുവാൻ പാടില്ല. മറ്റൊരാളുടെ ധനം ഉപയോഗിച്ചും പൊതുജനങ്ങളിൽ നിന്നും പിരിവെടുത്തും പൂജ ചെയ്യേണ്ടതില്ല.

കാരണവശാൽ മറ്റൊരാളുടെ ഗൃഹത്തിൽ പൂജ ചെയ്യണമെങ്കിൽ ആ ഗൃഹസ്ഥന്റെ ധനം ഉപയോഗിച്ച് പൂജ ചെയ്യാം. അപ്പോൾ ഗൃഹസ്ഥനും പൂജകനും തുല്യഫലമാണ് ലഭിക്കുന്നത്. പൂജയിൽ പങ്കെടുക്കുന്നവർക്കും അതിന്റെതായ ഫലം ഉണ്ടായിത്തീരും. പങ്കെടുക്കുന്നവർക്ക് അവരുടേതായ ധനം സമർപ്പിക്കുന്നതിൽ തെറ്റൊന്നുമില്ല. അത് ഏതെങ്കിലും സ്വാർത്ഥകാമനകൾ വെച്ചുകൊണ്ടാവരുത്. ദേവതാസമർപ്പണം എന്ന മനോഭാവത്തോടു കൂടിയായിരിക്കണം. എന്നാൽ മറ്റൊരാൾ പൂർണ്ണമനസ്സോടെയല്ലാതെയും അവജ്ഞയോടെയും സമർപ്പിക്കുന്ന ധനം ഒരു കാരണവശാലും സ്വീകരിച്ചു കൂടാത്തതുമാകുന്നു.

പ്രയത്‌നംകൊണ്ടു വിധിയെ മാറ്റുവാന്‍ സാധിക്കുമോ?

ഈശ്വരാര്‍പ്പണമായി കര്‍മ്മം അനുഷ്ഠിക്കുന്നതിലൂടെ വിധിയെയും മറികടക്കാം. വിധിയെ പഴിക്കാതെ, അലസന്മാരായി ഇരിക്കാതെ പ്രയത്‌നിക്കുവാന്‍ തയ്യാറാകണം. യാതൊരു ജോലിയും ചെയ്യാന്‍ തയ്യാറാകാതെ വിധിയെ പഴിചാരുന്നതു മടിയന്മാരുടെ സ്വഭാവമാണു്.

രണ്ടു സുഹൃത്തുക്കള്‍ അവരുടെ ജാതകം തയ്യാറാക്കി. രണ്ടു പേരുടെ ജാതകത്തിലും പാമ്പുകടിയേറ്റു മരിക്കുമെന്നാണു വിധി. ഇതറിഞ്ഞനാള്‍ മുതല്‍ പാമ്പിനെക്കുറിച്ചും മരണത്തെക്കുറിച്ചും ചിന്തിച്ചു ചിന്തിച്ചു് ഒരു സുഹൃത്തിനു് ആധിയായി. മാനസികരോഗിയായിത്തീര്‍ന്നു. മകൻ്റെ അസുഖം കാരണം വീട്ടുകാരുടെ മനഃസ്വസ്ഥതയും നഷ്ടമായി.

മറ്റേ സുഹൃത്തു ചിന്തിച്ചു് ആധികേറാന്‍ പോയില്ല, പരിഹാരമെന്തെന്നു് ആലോചിച്ചു. പാമ്പുകടി ഏല്ക്കാതിരിക്കാനുള്ള മാര്‍ഗ്ഗം അന്വേഷിച്ചു. തൻ്റെ കഴിവുകളുടെ പരിമിതിയെക്കുറിച്ചു ബോദ്ധ്യം വന്ന അദ്ദേഹം ഈശ്വരഭക്തനായിത്തീര്‍ന്നു. ഈശ്വരനോടു ശരണാഗതിയടഞ്ഞു. എങ്കിലും ഈശ്വരന്‍ നല്കിയിരിക്കുന്ന ബുദ്ധിയും ആരോഗ്യവും ഉപയോഗിച്ചു വേണ്ട പ്രയത്‌നം ചെയ്യുവാന്‍ ഉറച്ചു പാമ്പു കടിക്കാതിരിക്കുന്നതിനുള്ള എല്ലാ കര്‍മ്മങ്ങളും ചെയ്തു മുറിയില്‍ത്തന്നെ കഴിഞ്ഞു.

കുറെനാള്‍ കഴിഞ്ഞു്, പാമ്പുകടി ഏലേ്ക്കണ്ട നാളുകളായി. ഒരു ദിവസം പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നു ഞെട്ടിയെഴുന്നേറ്റു. കാലു് എന്തിലോ തട്ടി മുറിഞ്ഞു. മുറിയില്‍ പാമ്പിൻ്റെ ഒരു പ്രതിമ ഉണ്ടായിരുന്നു. അതില്‍ നാക്കുപോലെ നീട്ടിവെച്ചിരുന്ന കമ്പിയിലാണു കാലുതട്ടിയതു്. പാമ്പു കടിക്കേണ്ട സമയത്തുതന്നെ ജീവനില്ലാത്ത പാമ്പാണെങ്കില്‍ക്കൂടി മുറിവു പറ്റി. പക്ഷേ, വിഷം ഏറ്റില്ല. ഈശ്വരാര്‍പ്പണത്തോടെ ചെയ്ത തൻ്റെ പ്രയത്‌നം സഫലമായി. എന്നാല്‍ മറ്റേ ആളാകട്ടെ പാമ്പുകടി ഏല്ക്കുന്നതിനു മുന്‍പുതന്നെ ആധികേറി ആധികേറി ഒരു ജന്മം മുഴുവന്‍ നഷ്ടപ്പെടുത്തി. അതിനാല്‍ വിധിയെ പഴിചാരാതെ, ഈശ്വരാര്‍പ്പണമായി പ്രയത്‌നം ചെയ്യുക. ഏതു പ്രതിബന്ധത്തെയും അതിജീവിക്കാം.

ശ്രീചക്രദർശനം തന്നെ കോടിയജ്ഞങ്ങളുടെ ഫലം തരുന്നതാണെന്ന് പ്രമാണമുണ്ടല്ലോ. അതിനാൽ ശ്രീചക്രം രഹസ്യമാക്കണമെന്ന് പറയാമോ?

പ്രമാണങ്ങൾ മൂന്ന് തരത്തിലുണ്ട്. അവ വിധി, നിഷേധം അർത്ഥവാദം എന്നിവയാകുന്ന, പുണ്യമായ കാര്യങ്ങളെ വിധിക്കുന്ന പ്രമാണം വിധിയും പാപകർമ്മങ്ങളെ കുറിക്കുന്നത് നിഷേധവുമാകുന്നു. ഒന്നിന്റെ മഹത്വത്തെക്കുറിച്ച് പ്രസ്‌താവിക്കുവാൻ അതിനെ പർവ്വതീകരിച്ചുകൊണ്ടും ദോഷമായതിനെ വളരെയധികം നിന്ദിച്ചുകൊണ്ടും പ്രസ്താവിക്കുന്നതിനെ അർത്ഥവാദമെന്നും പറയുന്നു. മേൽപ്പറഞ്ഞ പ്രമാണം ശ്രീചക്രത്തിന്റെ മഹത്വം പ്രതിപാദിക്കാനുള്ള അർത്ഥവാദ ശ്രുതിയാണ്.

അങ്ങനെയിരുന്നാലും ശ്രീചക്രം ദർശിക്കാൻ അധികാരി ആര് എന്നുകൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. അധികാരഭേദം മനസ്സിലാക്കാതെ പ്രമാണങ്ങളെ വ്യാഖ്യാനിച്ചതുകൊണ്ട് കാര്യമില്ല. ശ്രീചക്രദദർശനം പോലും പുണ്യം തരുമെന്ന വാദം വീരസാധകന്മാർക്ക് അവകാശപ്പെട്ടതാണ്. പശുജനങ്ങൾക്ക് ബാധകമല്ല. ഒരു രത്‌നം കിട്ടിയാലും ഒരു പാറക്കഷ്ണം കിട്ടിയാലും ഒരു കുരങ്ങന് ഭേദബുദ്ധിയൊന്നുമില്ല. അതിന്റെ വ്യത്യാസവും മഹത്വവും മനസ്സിലാക്കുന്ന മനുഷ്യൻ രത്നക്കല്ലിനെ തിരിച്ചറിയുകയും അതിന്റെ മഹത്വം ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. അതേപോലെ പശുജനങ്ങൾ ശ്രീചക്രം ദർശിച്ചാലും മറ്റേതെങ്കിലും ഒരു ചിത്രം ദർശിച്ചാലും ഒരേപോലെയിരിക്കും. ശ്രീചക്രത്തിന്റെ തത്വംമനസ്സിലാക്കിയ വീരസാധകനു മാത്രമേ ശ്രീചക്രംദർശനം ഗുണം ചെയ്യുകയുള്ളു. അതുകൊണ്ടാണ് പൂർവ്വസൂരികൾ ശ്രീചക്രപൂജ വളരെ രഹസ്യമായി ആചരിച്ചുപോന്നത്.

വാഹനം വാങ്ങുമ്പോൾ

സ്വന്തമായി ഒരു വാഹനം എല്ലാവരുടെയും സ്വപ്നമാണ്. ഏത് വാങ്ങണം? പുതിയത് വേണോ പഴയത് വേണോ? ലോൺ എടുക്കണോ? രൊക്കം കൊടുത്തു വാങ്ങണോ? കാറ് വാങ്ങണോ. അതോ ബൈക്ക് മതിയോ? കാറാണെങ്കിൽ ഗിയറുള്ളത് വേണോ ഓട്ടോമാറ്റിക് മതിയോ? സംശയങ്ങളുടെ നീണ്ട പട്ടിക തന്നെ ഉണ്ടാകും. നമ്മുടെ ആവശ്യം എന്താണ് എന്ന് സ്വയം വിലയിരുത്തുക.

നിത്യവും തുടർച്ചയായി യാത്ര ചെയ്യുന്ന ആള് ഉപയോഗിക്കുന്ന വണ്ടി രാവിലെ ഓഫീസിൽ പോയി വൈകിട്ട് മടങ്ങുന്നയാൾക്ക് ആവശ്യമില്ല. ആഴ്ചയിൽ ഒരിക്കൽ ഓടിക്കുന്നയാൾക്കും കുറച്ച് ദൂരം ഓടിക്കുന്നവർക്കും ഡീസൽ കാറിന്റെ ആവശ്യമില്ല. വർഷാവസാനം എടുക്കുന്നതിലും നല്ലത് പുതുവർഷാരംഭത്തിൽ എടുക്കുന്നതായിരിക്കും. പുതിയ മോഡലും കിട്ടും ബഡ്ജറ്റിന് മുൻപ് വാങ്ങിയാൽ കുറച്ച് സാമ്പത്തിക നേട്ടവും ഉണ്ടാവുക പതിവാണ്.

കണ്ടകശനിയും അഷ്ടമത്തിൽ വ്യാഴനും ഒക്കെ സഞ്ചരിക്കുന്നവർ അത് കഴിഞ്ഞ് വണ്ടി എടുക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ കുടുംബത്തിലെ മറ്റുള്ളവരുടെ പേരിൽ എടുക്കുകയും മറ്റും ആകാം. വാഹനം നല്ല ദിവസം നോക്കി വാങ്ങുക. ആരാധനാലയത്തിൽ കൊടുത്ത് പൂജയും മറ്റും നടത്തുന്നത് നല്ലതാണ്. ആദ്യമായി വണ്ടി എടുക്കുമ്പോൾ നാല് ടയറിന്റെയും അടിയിൽ ഓരോ നാരങ്ങ വച്ച് അതിന് മുകളിലൂടെ കയറ്റി യാൽ വിഘ്നങ്ങളും അപകടങ്ങളും ഒഴിവാകും എന്നാണ് വിശ്വാസം.

അശ്വതി, രോഹിണി, പുണർതം, മകം, ഉത്രം, അത്തം, ചിത്തിര, ചോതി, അനിഴം, ഉത്രാടം, തിരുവോണം, ഉതൃട്ടാതി, രേവതി എന്നീ നക്ഷത്ര ദിവസങ്ങളിൽ ആദ്യമായി വാഹനം ഉപയോഗിച്ചു തുടങ്ങാൻ ഉത്തമമാണ്.

ഓരോരുത്തർക്കും അനുയോജ്യമായ നക്ഷത്രവും തിഥിയും ഒക്കെ നോക്കി വേണം വാഹനം ഉപയോഗിച്ചു തുടങ്ങാൻ. നല്ല ദിവസമല്ല ഡെലിവറി തരുന്നതെങ്കിൽ മറ്റാരെ കൊണ്ടെങ്കിലും വാങ്ങി വീട്ടിലെത്തിക്കുക. നല്ല ദിവസം മുതൽ വണ്ടി ഓടിക്കുക.

മനസ്സു് നന്നാകാതെ പ്രാര്‍ത്ഥിച്ചതുകൊണ്ടു പ്രയോജനമുണ്ടോ?

ഇത്രയും നാള്‍ ഞാന്‍ ധാരാളം തെറ്റുകള്‍ ചെയ്താണു ജീവിച്ചതു്. പ്രാര്‍ത്ഥിക്കാന്‍ തക്ക ശുദ്ധി എൻ്റെ മനസ്സിനില്ല. അതിനാല്‍ മനസ്സു നന്നായതിനുശേഷം പ്രാര്‍ത്ഥിക്കാം എന്നു ചിന്തിക്കേണ്ട. കടലിലെ തിരയടങ്ങിയിട്ടു കുളിക്കാമെന്നു വച്ചാല്‍ കുളിക്കാന്‍ പറ്റില്ല. കരയിലിരുന്നു നീന്തു പഠിക്കാന്‍ ആര്‍ക്കും കഴിയില്ല. നീന്തു പഠിക്കണമെങ്കില്‍ വെള്ളത്തില്‍ ഇറങ്ങണം.

ഡോക്ടര്‍ രോഗിയോടു ‘രോഗം ഭേദമായിട്ടു് എൻ്റെ അടുത്തു വന്നാല്‍ മതി’ എന്നു പറഞ്ഞാല്‍ എങ്ങനെ ശരിയാകും? രോഗം മാറാനാണു ഡോക്ടറെ സമീപിക്കുന്നതു്. അതുപോലെ, മനസ്സു് ശുദ്ധമാക്കിത്തരേണ്ടതു് അവിടുന്നാണു്. അതിനുവേണ്ടിയാണു് നാം അവിടുത്തെ ആശ്രയിക്കുന്നതു്. ഈശ്വരനില്‍ക്കൂടി മാത്രമേ മനസ്സിനെ ശുദ്ധീകരിക്കുവാന്‍ കഴിയൂ.

കഴിഞ്ഞ നിമിഷം വരെ നാം എങ്ങനെ ജീവിച്ചു എന്നതിനെക്കുറിച്ചോര്‍ത്തു ദുഃഖിക്കേണ്ട കാര്യമില്ല. അതു കാന്‍സല്‍ ചെയ്ത ചെക്കുപോലെയാണു്. പെന്‍സിലും അതിനടുത്തു റബ്ബറുമുണ്ടു്. എഴുതിയാലുടനെ മായ്ക്കുകയും ചെയ്യാം. പക്ഷേ, ഒരിക്കലേ മായ്ക്കുവാന്‍ പറ്റുകയുള്ളു. രണ്ടാമതെഴുതി മായ്ക്കുവാന്‍ ശ്രമിച്ചാല്‍ പേപ്പറു കീറും. അറിവില്ലാതെ ചെയ്യുന്ന തെറ്റുകള്‍ അവിടന്നു ക്ഷമിക്കും. പക്ഷേ, തെറ്റാണെന്നു് അറിഞ്ഞുകഴിഞ്ഞിട്ടു വീണ്ടും ആവര്‍ത്തിക്കുന്നതാണു് ഏറ്റവും വലിയ തെറ്റു്. അതു പാടില്ല.

ശ്രീചക്രം വീടുകളിൽ സൂക്ഷിച്ചാൽ സകല ഐശ്വര്യങ്ങളും കൈവരുമെന്നും ദുരിതങ്ങൾ നശിക്കുമെന്നും ചിലർ പരസ്യപ്പെടുത്തുന്നുണ്ടല്ലോ. അത് ശരിയാണോ?

ശ്രീചക്രം എന്താണെന്നും അതിന്റെ മഹത്വം എന്താണെന്നും അറിയുന്ന സാധകൻ അത്തരം പ്രലോഭനങ്ങൾ അവതരിപ്പിക്കുകയോ പ്രലോഭനങ്ങൾക്ക് വഴിപ്പെടുകയോ ചെയ്യില്ല. കൊടുങ്ങല്ലൂർ ക്ഷേത്രംപോലുള്ള മഹാസന്നിധാനങ്ങളിൽ പോലും ശ്രീചക്രം വളരെ രഹസ്യമായിട്ടാണ് സൂക്ഷിച്ചിരിക്കുന്നത്. പൗരാണിക ഋഷീശ്വരന്മാർ അങ്ങനെ ചെയ്തെങ്കിൽ അതിന്റെ ഉദ്ദേശ്യവും മഹത്വവും എന്തെന്ന് നാം ചിന്തിച്ചുനോക്കണം. അതിനാൽ പരാശക്തിയുടെ സങ്കേതമായ ശ്രീചക്രത്തെ ധനം വന്നുചേരുവാനുള്ള കുറുക്കുവഴിയായി തരംതാഴ്ത്തുന്നവർ അധാർമ്മികളാണ്. അവർ ദുരിതങ്ങളെ സ്വയം ക്ഷണിച്ചുവരുത്തുന്നവരുമാണ്. സ്വന്തം ദുരിതനിവാരണത്തിനും ധനലബ്ധിക്കും വേണ്ടി ശ്രീമഹാരാജ്ഞിയെക്കൊണ്ട് ദാസ്യവേല ചെയ്യിക്കുവാനാണ് ഇവർ ഉദ്ദേശിക്കുന്നതെങ്കിൽ അതിന്റെ ശാപദുരിതംകൂടി അവർ വഹിക്കേണ്ടിവരുമെന്ന് ഓർമ്മിപ്പിച്ചുകൊള്ളട്ടെ.

കണ്ഠ പൂജ (മണിപൂജ)

കണ്ണന്‍ വിടുകള്‍ തോറും കയറി വെണ്ണ കട്ടുതിന്നുന്നു.

ഗോപസ്ത്രികള്‍ യശോദാമ്മയോടു പരാതി പറഞ്ഞു. പക്ഷേ യശോദാമ്മ അതു വിശ്വാസിച്ചില്ല, എന്റെ മകന്‍ അങ്ങനെ ചെയില്ലെന്നു പറഞ്ഞു.

 തുടരെ തുടരെ ഗോപസ്ത്രികള്‍ പരാതി പറഞ്ഞപ്പോള്‍ കണ്ണനാണ് വെണ്ണ കക്കുന്നതെങ്കില്‍ കൈയോടെ പിടിച്ചു കാണിക്കാന്‍ പറഞ്ഞു. അതുകൊണ്ട് ഗോപസ്ത്രീകള്‍ എല്ലാവരുംകൂടി ആലോചിച്ചു ഒരു പ്രതിവിധി കണ്ടുപിടിച്ചു.

ഉറിയില്‍ ഒരു മണി കെട്ടിയിടുക എന്നായിരുന്നു അത്. കൃഷ്ണന്‍ ഉറിയില്‍ തോടുമ്പോള്‍ മണി കിലുങ്ങും (മുഴങ്ങും) അപ്പോള്‍ പിടി കൂടാം എന്നായിരുന്നു പദ്ധതി. അങ്ങനെ ഗോകുലത്തിലേ എല്ലാവീടുകളിലും ഉറിയില്‍ മണികെട്ടിയിട്ടു.

ഒരു ഗോപികയുടെ ഗൃഹത്തില്‍ കണ്ണന്‍ വെണ്ണ കട്ടെടുക്കാന്‍ എത്തി. കൂടെ കൂട്ടുകാരുമുണ്ട്. കൃഷ്ണന്‍ ഉറിയില്‍ നോകിയപ്പോള്‍ മണി കണ്ടു. ഭഗവാന്‍ മണിയിലേക്ക് ഉറ്റുനോക്കി. മണി “അടിയന്‍” എന്നു പറഞ്ഞു.

അതിന്റെ പൊരുള്‍ ഞാന്‍ നിന്റെ അടിയനാണെന്നും മണി മുഴങ്ങുകയില്ലെന്നുമാണ്. കണ്ണന് സന്തോഷമായി. കണ്ണന്‍ വെണ്ണ എടുത്തപ്പോള്‍ മണികിലുങ്ങിയില്ല. കൂട്ടുകാര്‍ക്കോക്കേ വെണ്ണ പങ്കുവെച്ചു കൊടുത്തു അപ്പോഴും മണി മുഴങ്ങിയില്ല.

കണ്ണന്‍ വെണ്ണയെടുത്തു വായിലേക്ക്‌ കൊണ്ടുപോകേണ്ട താമസം അതാ !! മണി നിർത്താതെ മുഴങ്ങാന്‍ (കിലുങ്ങാന്‍) തുടങ്ങി. കണ്ണന്‍ താന്‍ കബളിപ്പിക്കപ്പെട്ടു (വഞ്ചിക്കപ്പെട്ടു) എന്ന മുഖഭാവത്തോടെ പരിഭവം പൂണ്ടു മണിയോടു ചോദിച്ചു . “നീ അടിയന്‍ എന്നു പറഞ്ഞില്ലേ?” അതിനു മണിയുടെ മറുപടി “കണ്ണാ നീ ദൈവമാണ്. അങ്ങു ഉണ്ണുമ്പോള്‍ ഭഗവാന്‍ നിവേദിക്കപ്പെടുന്നുവെന്നല്ലേ പൊരുള്‍. മണി അടിക്കാതിരിക്കാമോ? അതുകൊണ്ടാണ് തന്നിഷ്ടപ്രകാരം ഞാന്‍ മണി മുഴക്കിയത്” എന്നായിരുന്നു.

[കണ്ഠ പൂജ എന്നാണ് മണിപൂജക്ക്‌ പേര്.]

ക്ഷേത്രങ്ങളില്‍ പൂജാവേളയില്‍ മുഴങ്ങുന്ന മണിക്കും പ്രത്യേക പൂജ ചെയ്യണമെന്നാണ് വിധി. പൂജാമണിയുടെ അധിദേവത വാസുദേവനാണ്. മണിനാക്കിന്റെ അധിദേവത സരസ്വതിയും മണി നാദത്തിന്റെ അധിദേവത ഈശ്വരനാണ്

അതുകൊണ്ടാണ് മണിയും പൂജിക്കണമെന്നു വിധി

ചാക്ഷുഷി വിദ്യ എന്താണ്?

പാണ്ഡവൻമാർ അതിഘോരമായ വനത്തിലൂടെ നടന്ന് ഗംഗാതീരത്ത് എത്തപ്പെട്ടു. പാതിരാത്രിയായി. അംഗാരപർണ്ണൻ എന്നും ചിത്രരഥൻ എന്നും പേരുള്ള ഒരു ഗന്ധർവ്വൻ കുറെ അപ്സരസ്സുകളുമായി ഗംഗാനദിയിൽ ക്രീഡ നടത്തുന്ന സമയത്തായിരുന്നു പാണ്ഡവരുടെ വരവ്. ചിത്രരഥനും പാണ്ഡവരുമായി വാക്കേറ്റവും പിന്നെ അർജ്ജുനനുമായി ദ്വന്ദയുദ്ധവുമുണ്ടായി. ഗന്ധർവ്വൻ പരാജയപ്പെട്ടു. ഗന്ധർവ്വന്റെ ബന്ധുക്കൾ കരഞ്ഞപേക്ഷിച്ചതിനാൽ അർജ്ജുനൻ ചിത്രരഥനെ വധിച്ചില്ല. സന്തോഷവും നന്ദിയും കൊണ്ട് ഗന്ധർവ്വൻ പല കഥകളും പാണ്ഡവർക്ക് പറഞ്ഞുകൊടുത്തു. ചാക്ഷുഷീവിദ്യ, ദിവ്യാശ്വങ്ങൾ എന്നിവയും പാണ്ഡവർക്ക് നല്കി.

ത്രിലോകങ്ങളിലുമുള്ള ഏതൊരു വസ്തുവിനെയും സൂക്ഷ്മമായി ദർശിക്കുന്നതിനുള്ള വിദ്യയാണ് ചാക്ഷുഷീവിദ്യ, മനു, സോമനേയും സോമൻ, വിശ്വാവസുവിനേയും വിശ്വാവസു, ചിത്രരഥൻ അഥവാ അംഗാരപർണ്ണൻ എന്ന ഗന്ധർവ്വനേയും അംഗാരപർണ്ണൻ, അർജ്ജുനനെയും പഠിപ്പിച്ചു.
മനസ്സിനെ ഏകാഗ്രമാക്കി ഒരു വസ്തുവിനെക്കുറിച്ച് ചിന്തിക്കു മഹാമുനികളും ഇന്നുള്ള പ്രശസ്തരായ പല ആത്മീയ ഗുരുക്കന്മാരും മനസ്സിനെ ഏകാഗ്രമാക്കി ദിവസവും ചിന്തിക്കുന്നു.

 *അങ്ങനെ ലഭിക്കുന്ന ഈ ചാക്ഷുഷീവിദ്യയെ ചിലർ ‘ഇന്ദ്രജാലം’ എന്ന് പറയുന്നു.
ദേവതകളും  ഗന്ധർവ്വന്മാരും പകർന്നുനല്കിയ ഈ വിദ്യയെ നിത്യവുമുള്ള ഏകാഗ്രചിന്തയോടെ പഠിച്ചെടുത്ത ഇന്നത്തെ പല ആത്മീയഗുരുക്കളും നമുക്ക് ഒരു പാഠമാണ്.

“പഠിക്കാൻ നമുക്ക് മനസ്സുണ്ടെങ്കി ൽ പിന്നൊന്നിനും തടസ്സമുണ്ടാകില്ല.”

അർജ്ജുന്റെ ചിട്ടയായ ബ്രഹ്മചര്യം കൊണ്ട് മാത്രമാണ് ചിത്രരഥനെ ജയിക്കാൻ കഴിഞ്ഞത് എന്ന സത്യവും ഗന്ധർവ്വൻ പാണ്ഡവരോട് പറഞ്ഞു.

“ചിട്ടയായ ജീവിതശൈലി വിജയത്തിലെത്തിക്കും.”

നാരദൻ എന്ന വാക്കിന്റെ അർത്ഥം അറിയാമോ?

നാരം - വെള്ളം .. ദൻ - ദാനം ചെയ്തവൻ. അതായത് ജലം ദാനം ചെയ്തവൻ' ഈ പേരു വരാൻ കാരണമായ കഥ ഇതാ.

തീരെ നിർദ്ധനനായ എന്നാൽ സാത്വിക ഗുണസമ്പന്നനായ ഒരു
ഒരു ഉത്തമ ബ്രാഹ്മണൻ ജീവിച്ചിരുന്നു. ദാനധർമ്മാദികൾ ചെയ്ത് മോക്ഷം സമ്പാദിക്കാൻ മോഹിച്ചു ആ പാവം!

പക്ഷേ എന്താണ് ദാനം ചെയ്യുക ? എവിടുന്നെടുത്തു നൽകും ?

പ്രകൃതീ ദേവി കനിഞ്ഞു നൽകിയ ജലം. അതിന്നൊരു ക്ഷാമവുമില്ലല്ലോ ?

ദാഹജലം പകർന്നു നൽകുന്നതിൽ പരംപുണ്യം വേറൊന്നുമില്ല. ജല ദാനം ചെയ്തു പുണ്യം നേടാൻ തന്നെ ആ സാധു തീരുമാനിച്ചു.

നാലും കൂടുന്ന വഴിയിൽ ഒരു തണ്ണീർ പന്തൽ കെട്ടിയുണ്ടാക്കി. സ്വയം വെള്ളം കോരി ചുമന്ന് നിറച്ച് വഴിപോക്കായ ജനങ്ങൾക്ക് സ്നേഹ ബഹുമാനങ്ങളോടെ ദാഹജലം നൽകി നിഷ്ക്കാമ സേവനം ചെയ്ത് കാലം കഴിച്ചു. ജീവിതാവസാനകാലത്ത് ചിത്രഗുപ്തന്റെ നിശിത വിശകലനത്തിന് ഈ ബ്രാഹ്മണനും ഇരയായി. അനേകായിരം പേർക്ക് ദാഹശമനം നടത്തിയ ബ്രാഹ്മണൻ വൈകുണ്ഠത്തിൽ ശ്രീനാരായണ സ്വാമിയുടെ സവിധത്തിലേക്ക് ആനയിക്കപ്പെട്ടു. സുകൃതം നിറഞ്ഞൊരു ബ്രാഹ്മണ ജയം തന്നെ ഭഗവാൻ വീണ്ടും നൽകി. മുൻ ജന്മത്തെപ്പോലെത്തന്നെ ഈ ജന്മത്തിലും സ്വന്തം കൈകൊണ്ട് അനേകായിരങ്ങൾക്ക് ദാഹജലം പകർന്നു നൽകി ആ സാധു ബ്രാഹ്മണൻ സുകൃതം വർദ്ധിപ്പിച്ചു. അങ്ങിനെ ഏഴു ജന്മങ്ങൾ ആവർത്തിക്കപ്പെട്ടു. ഏഴു ജന്മങ്ങളിലും പാപസ്പർശം പോലും ഏൽക്കാതെ പുണ്യകർമ്മം, ജലദാനം ചെയ്ത് പ്രാരബ്ധം തീർന്ന് വിഷ്ണുലോകം പൂകാനുള്ള സമയമടുത്തു.

ഭക്തവത്സലനായ ഭഗവാൻ ശ്രീഹരി ഒരു ബ്രാഹ്മണന്റെ വേഷത്തിൽ ദാഹജലം യാചിച്ചു, ആസന്നമരണനായ ആ സാധുവിന്റെ മുന്നിലെത്തി. സ്വന്തം കൈകൊണ്ടു തന്നെ പതിവുപോലെ ജലം പകർന്നു നൽകി. ഞൊടിയിടയിൽ ശംഖു, ചക്ര, ഗദാ പത്മപ്രിയായ - പ്രസന്നവദനേക്ഷണനായ സാക്ഷാൽ ജഗദീശ്വാൻ തന്റെ മുന്നിൽ !
ഏതു വരം ചോദിച്ചാലും നൽകി അനുഗ്രഹിക്കാനുള്ള ഭക്തവാത്സല്യത്തോടെ.

അർത്ഥ കാമങ്ങളിൽ ലേശവും മോഹമില്ലാത്ത ആ സാധു ഭഗവാന്റെ തൃപ്പാദപത്മങ്ങളിൽ സാഷ്ടാംഗം പ്രണമിച്ചു. ആ പാദസേവയല്ലാതെ ഭഗവാന്റെ നാമം പ്രകീർത്തിച്ച് ഏതു ലോകത്തും എപ്പോഴും സഞ്ചരിക്കാനുള്ള മോഹമല്ലാതെ മറ്റൊന്നു ആവശ്യമില്ല. ഭക്ത പരാധീനനായ ഭഗവാൻ തന്റെ ഭക്തന്റെ ആഭീഷ്ടം സാധിപ്പിച്ചു കൊടുത്തു. ഒപ്പം നാദമാധുരി വഴിയുന്ന " മഹതി " എന്ന വീണയും നൽകി - അർത്ഥസമ്പുഷ്ടമായ ദീക്ഷാ നാമവും കനിഞ്ഞു നൽകി. നാരദൻ ( വെള്ളം ദാനം ചെയ്തവൻ) 'ദേവർഷിയായി ആചാന്ദ്ര താരം പതിന്നാലു ലോകവും സഞ്ചരിക്കാനുള്ള അനുഗ്രഹവും നൽകി.

ശ്രീചക്രപൂജയിൽ എല്ലാവർക്കും പങ്കെടുക്കാമോ?

ശ്രീചക്രപൂജ വളരെയേറെ രഹസ്യമാണ്. അതിനാൽ ബാലാമന്ത്രമെങ്കിലും ഉപദേശമായി ലഭിച്ച് സാധന ചെയ്യുന്നവർക്ക് മാത്രമേ മണ്ഡലത്തിൽ പ്രവേശനം പാടുള്ളു. ഈ പൂജ ഒരിക്കലും പരസ്യമായി ചെയ്യേണ്ടതല്ല.

" രഹോയാഗക്ര മാരാദ്ധ്യാ രഹസ്‌തർപ്പണ തർപ്പിതാ"

എന്നൊക്കെ പ്രമാണമുണ്ടല്ലോ. മകാരങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള പൂജ രഹസ്യമായി ചെയ്യണമെന്നും അത് പ്രകടമാക്കിയാൽ;നരകമാണ് ഫലമെന്നും ശ്രീപരശുരാമകല്പസൂത്രത്തിലും പ്രസ്താവിച്ചിരിക്കുന്നു. അതിനാൽ ശ്രീചക്രപൂജ വളരെ രഹസ്യമായ സാധന തന്നെയാണ്. ഒരു സാധകൻ ബാഹ്യപ്രകടനത്തിൽ വൈഷ്ണവനായും അനുഷ്ഠാനപരമായി ശൈവനായും ഉള്ളിന്റെയുള്ളിൽ സാധനാപരമായി ശാക്തനുമായിരിക്കണമെന്ന് വിഷ്ണുയാമളത്തിൽ പ്രതിപാദിക്കുന്നതും ഈ സമ്പ്രദായത്തിന്റെ രഹസ്യാത്മകതയെ സൂചിപ്പിക്കുന്നതാകുന്നു.

ദാമ്പത്യ ഐശ്വര്യത്തിന് ഉമാമഹേശ്വര വ്രതം

ഭാദ്രപദത്തിലെ പൂര്‍ണ്ണിമ (വെളുത്ത വാവ്) ദിവസം അനുഷ്ഠിക്കേണ്ട വ്രതമാണ് ഉമാമഹേശ്വര വ്രതം. പാര്‍വ്വതീമഹേശ്വരന്മാരെയാണ് ഈ ദിവസം പൂജിക്കുന്നത്. പ്രഭാതത്തില്‍ കുളിച്ചു ശുദ്ധമായി മഹേശ്വരപ്രതിമയുണ്ടാക്കി വച്ച് അഭിഷേകം നടത്തണം. തുടര്‍ന്നു കൂവളത്തില, പുഷ്പങ്ങള്‍ മുതലായവ അര്‍പ്പിച്ചു ആരാധന നടത്തണം. പ്രാര്‍ത്ഥനയും നടത്താം. രാത്രി ശിവക്ഷേത്രത്തില്‍ പോയി ദര്‍ശനം നടത്തിയിട്ട് ഉറക്കമിളയ്ക്കണം. ഈ വ്രതം തുടര്‍ച്ചയായി പതിനഞ്ചു വര്‍ഷം അനുഷ്ടിക്കണം. പൂജാവസാനം യഥാശക്തി ബ്രാഹ്മണഭോജനവും ദക്ഷിണയും നല്‍കണം. ഇതു നിമിത്തം എല്ലാ വിധ ദാമ്പത്യ ഐശ്വര്യവും ഉണ്ടാകും. ജീവിതത്തിലുടനീളം സമ്പത്തും സമാധാനവും ലഭിക്കും.

പല വ്രതങ്ങളും ഉത്തര ഇന്ത്യയില്‍ ആചരിക്കുന്നതായത് കൊണ്ട് കേരളീയര്‍ക്ക് ആചരിക്കുവാന്‍ പ്രയാസം നേരിടാറുണ്ട്. ഉദാഹരണത്തിനു കേരളീയര്‍ (ബ്രാഹ്മണര്‍ അല്ലാത്തവര്‍) പ്രതിമകളിലോ വിഗ്രഹങ്ങളിലോ അഭിഷേകവും പൂജയും നടത്താറില്ല. അത് കൊണ്ട് അതിനു പകരം കുളിച്ചു ശുദ്ധമായി ശിവ പാര്‍വ്വതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ധാരയ്ക്കും കൂവള മാലയ്ക്കും വഴിപാടു കഴിച്ചു പ്രാര്‍ത്ഥന നടത്തിയാലും മതി. ഒരിക്കല്‍ അരിഭക്ഷണം കഴിച്ചു ദിവസം മുഴുവന്‍ ഓം നമഃ ശിവായ ജപിക്കുന്നതും ശ്രേഷ്ഠകാരമാണ്. ദാമ്പത്യ ബന്ധത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്നവരാണെങ്കില്‍ വൈശ്യ ഗണപതി സൂക്തപുഷ്പാഞ്ജലിയും ഐക്യമത്യ പുഷ്പാഞ്ജലിയും കഴിക്കുന്നത് പരസ്പര ബന്ധങ്ങള്‍ ദൃഡമാകുവാന്‍ സഹായിക്കും. വിവാഹം നടക്കുവാന്‍ താമസിക്കുന്നവര്‍ക്കും ഈ വ്രതം നോക്കാവുന്നതാണ്.

ഇതു സംബന്ധമായ കഥയിതാണ്. ഒരിക്കല്‍ വിഷ്ണുഭഗവാന്‍ ദുര്‍വാസാവ് മഹര്‍ഷി ശിവന്‍റെ ഒരു മാല നല്‍കുകയുണ്ടായി. ഭഗവാന്‍ അത് ഗരുഡനെ അണിയിച്ചു. ദുര്‍വാസാവ് മഹര്‍ഷി അതില്‍ കുപിതനായി പറഞ്ഞു "അല്ലയോ വിഷ്ണോ, അങ്ങ് ശ്രീ ശങ്കരനെ അപമാനിച്ചു. അത് കൊണ്ട് അങ്ങയുടെ അടുക്കല്‍ നിന്ന് ലക്ഷ്മി വിട്ടു പോകും. ക്ഷീരസാഗരത്തില്‍ നിന്നുപോലും വിട്ടുമാറേണ്ടിവരും. ശേഷന്‍ സഹായിക്കുകയില്ല. ഇതുകേട്ട് വിഷ്ണു ഭഗവാന്‍ ദുര്‍വാസാവിനെ നമസ്ക്കരിച്ചുകൊണ്ട് ചോദിച്ചു: ഇതില്‍ നിന്നും മുക്തനാവാന്‍ എന്താണ് ഉപായം? ദുര്‍വാസാവ് പറഞ്ഞു: ഉമാമഹേശ്വര വ്രതം അനുഷ്ടിക്കണം. അപ്പോള്‍ നഷ്ടമായ സകലതും കൈവരും.

വിഷ്ണു ഭഗവാന്‍ ഉമാമഹേശ്വരവ്രതം അനുഷ്ടിച്ചു. വ്രതത്തിന്‍റെ ഫലമായി ലക്ഷ്മി മുതലായ നഷ്ടപ്പെട്ട സകലതും വിഷ്ണുഭഗവാന് തിരിച്ചു കിട്ടി.

കുട്ടികളിലെ അലസത മാറുവാന്‍ - വാസ്തുവും പഠനവും

കുട്ടികള്‍ പഠനത്തില്‍ വേണ്ടത്ര ശ്രദ്ധ കാട്ടുന്നില്ലെന്നും എപ്പോഴും ഏത് കാര്യത്തിലും അലസസ്വഭാവം കാണിക്കുന്നുവെന്നും മാതാപിതാക്കളുടെ സ്ഥിരം പരാതിയാണ്. പ്ലസ്സിന്‍റെ ഈ മൂല്യവര്‍ദ്ധനകാലത്ത് തന്‍റെ കുട്ടി മാത്രം ഡിയും ഇയുമൊക്കെ വാങ്ങി വളരെ പിന്നാക്കം പോയാല്‍ ഏത് അച്ഛനുമമ്മയ്ക്കുമാണ് അത് സഹിക്കാനാവുക. ഓരോ വിഷയത്തിനും പ്രത്യേകം ട്യൂഷന്‍ കൊടുത്തിട്ടും തന്‍റെ കുട്ടിയെ രക്ഷിച്ചെടുക്കാനാവുന്നില്ല. ആ സാഹചര്യത്തില്‍ ചില വാസ്തുപരീക്ഷണങ്ങളിലൂടെ കുട്ടികളുടെ ശ്രദ്ധയെ തളച്ചിടാനും മനസ്സിന്‍റെ പരക്കം പാച്ചിലിനെ ഒതുക്കി നിര്‍ത്താനും കഴിയുമെന്നത് തര്‍ക്കമില്ലാത്ത സത്യമാണ്. ആ സത്യത്തിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോവുകയാണ്.

കുട്ടികള്‍ക്കുള്ള മുറികള്‍ ക്രമീകരിക്കുമ്പോള്‍ അത് വീടിന്‍റെ വടക്കോ, പടിഞ്ഞാറോ അല്ലെങ്കില്‍ കിഴക്കു ഭാഗത്താണെന്ന് ആദ്യം ഉറപ്പുവരുത്തുക. രണ്ടാമത്തെ കാര്യം കട്ടിലുകള്‍ തല കിഴക്കോ പടിഞ്ഞാറോ വരത്തക്കവിധം മുറിയുടെ തെക്കുപടിഞ്ഞാറെ കോണില്‍ ഇടുക എന്നതാണ്. കട്ടിലുകളോ കിടക്കകളോ ഒരു കാരണവശാലും ചുവരുകളെ സ്പര്‍ശിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക.

പഠിക്കാനുള്ള മേശകള്‍ കിഴക്കോ വടക്കോ ഭാഗത്ത് സ്ഥാപിക്കുകയും കിഴക്കുദിക്കിന് അഭിമുഖമായി ഇരുന്നുപഠിക്കുകയും ചെയ്യാം. ഇരിക്കുമ്പോള്‍ കസേരയ്ക്ക് പിന്നില്‍ ചുവരിന്‍റെ സാന്നിദ്ധ്യം നല്ലതാണ്. സുസ്ഥിരമായ മനസ്സിന് അത് ഏറെ സഹായകരമാണ്.

മുറികള്‍ക്ക് കിഴക്കോ അല്ലെങ്കില്‍ വടക്കോ വേണം വാതിലുകള്‍ വരേണ്ടത്. മുറിയുടെ മദ്ധ്യഭാഗം ബ്രഹ്മസ്ഥാനമാകയാല്‍ അവിടെ യാതൊരു വിധത്തിലുള്ള ഭാരവും കയറ്റിവയ്ക്കരുത്. കുട്ടിയുടെ ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാന്‍ പഠനവേളയില്‍ പ്രധാന പ്രകാശത്തോടൊപ്പം ഇളം പച്ചനിറത്തിലുള്ള ബള്‍ബിന്‍റെ പ്രകാശം സഹായിക്കും.

ഇത് വാസ്തുപരമായ ഭൗതികസാഹചര്യങ്ങളും ഒരുക്കങ്ങളുമാണ്. ഇനി കുട്ടി തികഞ്ഞ അച്ചടക്കത്തോടെ, ചിട്ടയോടെ പഠനകാര്യത്തില്‍ വ്യാപൃതമാവുകയാണ് വേണ്ടത്.

ശ്രീചക്രപൂജ ചെയ്യുവാനുള്ള യോഗ്യത എന്ത്?

നേരത്തെപറഞ്ഞ ശാക്തേയന്റെ യോഗ്യതകൾ എല്ലാം ആവശ്യമാണ്. ഇതിൽക്കൂടുതൽ ശ്രീവിദ്യോപാസകനായിരിക്കണം. കേവല പഞ്ചദശാക്ഷരി മാത്രം ജപിക്കുന്ന സാധകന് നവാവരണ പൂജ ചെയ്യാം. എന്നാൽ അതിൽക്കൂടുതൽ സർവ്വാമ്നായപൂജ വരെയുള്ള കാര്യങ്ങൾ ചെയ്യണമെങ്കിൽ ശ്രീഷോഡശാക്ഷരീ മന്ത്രോപദേശം ഉണ്ടായിരിക്കണം.

ശ്രീചക്രത്തിൽ വൃത്തത്രയത്തിൽ ദേവതാസങ്കൽപങ്ങളുണ്ടോ?

ദുർവ്വാസാവിന്റെ പദ്ധതിപ്രകാരം വൃത്തത്രയത്തിലും ദേവതാസങ്കൽപവവും പൂജയുമുണ്ട്.

ശ്രീചക്രം എന്താണ്?

ബ്രഹ്‌മാണ്ഡത്തെയും പിണ്ഡാണ്ഡസ്വരൂപമായ ശരീരത്തെയും പ്രതിനിധീകരിക്കുന്ന ഒരു യന്ത്രമാണ് ശ്രീചക്രം. ബ്രഹ്‌മാണ്ഡപിണ്ഡാണ്ഡ ഐക്യാനുസന്ധാനത്തിലൂടെ ജീവ ബ്രഹ്മ ഐക്യാനുസന്ധാനം എന്നതാണ് ശ്രീചക്രപൂജയുടെ ലക്‌ഷ്യം.

ശിവാത്മകമായ നാല് ത്രികോണങ്ങൾ ഊർദ്ധ്വമുഖമായ ശക്ത്യാത്മമായ അഞ്ച് ത്രികോണങ്ങൾ അധോമുഖമായും കൂടിച്ചേർന്ന നവയോനീചക്രമാണിത്. ഇങ്ങനെ കൂടിച്ചേരുമ്പോൾ നാൽപ്പത്തിമൂന്ന് ത്രികോണങ്ങൾ ഉണ്ടാകുന്നു. മൂലത്രികോണമധ്യത്തിൽ ബിന്ദുവും ചേർന്നാൽ നാൽപ്പത്തിനാലായി. ത്രികോണങ്ങൾക്ക് പുറത്തായി അഷ്ടദളം, ഷോഡശദളം, വൃത്തത്രയം, ഭൂപുരത്രയം എന്നിവയും ചേർന്ന ശ്രീചക്രം, മനുഷ്യശരീരത്തിന്റെ തനിപ്പകർപ്പാണ്. എങ്ങനെയെന്നാൽ ശ്രീചക്രത്തിലെ ബിന്ദു ബ്രഹ്മരന്ധ്രവും മൂലത്രികോണം മസ്തകവും, അഷ്ടാരം ലലാടവും അന്തർദശാരം ഭ്രൂമധ്യവും, ബഹിർദശാരം വിശുദ്ധിചക്രവും, ചതുർദശാരം അനാഹതപത്മാവുമാകുന്നു. അഷ്ടദളം മണിപൂരകചക്രവും, ഷോഡശദളം സ്വാധിഷ്ഠാനവുമാകുന്നു. മൂലാധാരത്തിൽ നിന്ന് പാദങ്ങൾവളരെയുള്ള ഭാഗം ഭൂപുരത്രയങ്ങളുമാകുന്നു. ഒരു  സാധകശരീരത്തിന്റെ പകർപ്പായ ശ്രീചക്രത്തിൽ ധ്യാനിക്കുമ്പോൾ സ്വന്തം ശരീരസ്ഥിതമായ ജീവശക്തി ഉണർന്ന് പരമശിവനുമായി സംയോഗം പ്രാപിക്കുന്നു. അതിനുള്ള ഉപാധിയാണ് ശ്രീചക്രം.

മറ്റൊരു പ്രമാണമനുസരിച്ച് ഭൂപരത്രയം, ഷോഡശദളം, അഷ്ടദളം എന്നിവ ക്രമേണ ജാഗ്രദവസ്ഥ, സ്വപ്നാവസ്ഥ, സുഷുപ്തി അവസ്ഥ എന്നിവയാകുന്നു. ജാഗ്രദവസ്ഥയിൽ അഭിമാനിക്കുന്ന ജീവൻ വിശ്വനും, സ്വപ്നാവസ്ഥയിൽ അഭിമാനിക്കുന്ന ജീവൻ തൈജസനും, സുഷുപ്തി അവസ്ഥയിൽ അഭിമാനിക്കുന്ന ജീവൻ പ്രാജ്ഞനുമാകുന്നു. ഈ തത്വങ്ങളാണ് ഇവിടെ വിവക്ഷിക്കപ്പെട്ടിട്ടുള്ളത്. അതിന് മുകളിലുള്ള ചതുർദശാരം ഈശ്വരീയസ്ഥാനമാകുന്നു. അതായത് തുരീയഭാവത്തെ സൂചിപ്പിക്കുന്നു. ബഹിർദ ശാരംകൊണ്ട് ഗുരൂപസദനം ലക്ഷ്യമാക്കുന്നു. അന്തർ ദശാരം ശ്രവണവും, അഷ്ടാരം മനനവും, ത്രികോണം നിദിദ്ധ്യാസനവുമായി സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. ബിന്ദുവാകട്ടെ ജീവ ബ്രഹ്മ ഐക്യസ്വരൂപവുമാകുന്നു. ഇങ്ങനെ നോക്കുമ്പോൾ കേവല ബ്രഹ്മാനന്ദ അനുഭൂതി തന്നെയാണ് ശ്രീചക്രപൂജയുടെ ലക്ഷ്യമായി പറയപ്പെടുന്നത്.

ഭാവനോപനിഷത്ത് പ്രതിപാദ്യമനുസരിച്ച് ശ്രീചക്രത്തിലെ ഒമ്പത് ആവരണങ്ങളും അതിന്റെ ദേവതകളും വിഭിന്ന ശരീരധർമ്മങ്ങളുമായി അഭേദം കല്പിക്കപ്പെട്ടിരിക്കുന്നു. അവസാനം നിരുപാധികസംവിത് തന്നെയാണ് കാമേശ്വരനെന്നും സദാനന്ദ പൂർണ്ണമായ ആത്മാവാണ് ശ്രീലളിതാ പരമേശ്വരി എന്നും സമർത്ഥിച്ചിരിക്കുന്നു. അതിനാൽ ശ്രീചക്രോപാസനയുടെ ലക്ഷ്യഭൂതമായിരിക്കുന്നത് അദ്വൈതാനുഭൂതി തന്നെയാണ്.

സീമന്തരേഖയിലെ കുങ്കുമചാര്‍ത്ത്

ദേവീതത്ത്വത്തിന്‍റെ പ്രതീകമാണ് കുങ്കുമം. കുങ്കുമം ദേവീസ്വരൂപമാണ്. നിറത്തിലും തിലകത്തിന്‍റെ ആകൃതിയിലും മഹാമായാതത്വത്തെ ഇത് സൂചിപ്പിക്കുന്നു. നെറ്റിക്ക് നടുവിലോ, പുരികമധ്യത്തിലോ കുങ്കുമം തൊടാം. സ്ഥൂലമായ ആത്മാവില്‍ സൂക്ഷ്മ ബിന്ദുരൂപത്തില്‍ സ്ഥിതി ചെയ്ത് എല്ലാറ്റിനെയും നയിക്കുന്ന ശക്തിയെ സൂചിപ്പിക്കാനാണ് ചെറിയ വൃത്താകൃതിയില്‍ തൊടുന്നത്. നടുവിരല്‍ കൊണ്ടാണ് കുങ്കുമം തൊടേണ്ടത്.

കുങ്കുമം ചന്ദനത്തോട് ചേര്‍ത്ത് തൊടുന്നത് വൈഷ്ണവപ്രതീകവും, കുങ്കുമം ഭസ്മത്തോട് ചേര്‍ത്ത് തൊടുന്നത് ശിവശക്തി പ്രതീകവും, മൂന്നും ചേര്‍ത്ത് തൊടുന്നത് ത്രിപുര സുന്ദരീ സൂചകവും ആകുന്നു എന്ന് കരുതപ്പെടുന്നു.

ജ്യോതിഷപരമായി ചിന്തിക്കുമ്പോള്‍ ചന്ദ്രന്‍, ചൊവ്വ, ശുക്രന്‍, കേതു എന്നീ ഗ്രഹങ്ങളുടെ ദശാകാലങ്ങളില്‍ കുങ്കുമം കൊണ്ട് പതിവായി തിലകം ധരിക്കാം. അതത് ഗ്രഹങ്ങളുടെ അധിദേവതകളുടെ മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട് തിലകധാരണമാവാം. ‘ചന്ദ്രന് ദുര്‍ഗ്ഗയും ചൊവ്വയ്ക്ക് ഭദ്രയും, ശുക്രന്‍ മഹാലക്ഷ്മിയും, കേതുവിന് ചാമുണ്ഡിയും അധിദേവതമാരാകുന്നു.’

ആ ദേവതകളുടെ ക്ഷേത്രങ്ങളില്‍ കുങ്കുമാര്‍ച്ചന, കുങ്കുമാഭിഷേകം തുടങ്ങിയവ നടത്തി ആ കുങ്കുമം കൊണ്ടും നിത്യേനതിലകമണിയാം. നെറ്റിയില്‍ ആര്‍ക്കും തിലകം തൊടാം. സീമന്തരേഖയില്‍ സുമംഗലിമാര്‍ മാത്രമേ കുങ്കുമം അണിയാറുള്ളൂ. ദൃഷ്ടിദോഷങ്ങള്‍ ബാധിക്കാതിരിക്കാനും ആത്മവിശ്വാസം വര്‍ദ്ധിക്കുവാനും ഐശ്വര്യാദികള്‍ വര്‍ദ്ധിക്കുവാനും കുങ്കുമധാരണം സഹായിക്കും.

സീമന്തരേഖയില്‍ സിന്ദൂരം തൊടുന്നതിന്‍റെ പ്രസക്തി

വിവാഹിതയായ ശേഷം സ്ത്രീകള്‍ മുടി പകുത്ത് അതിന് നടുവിലുള്ള രേഖയില്‍ നെറ്റിയുടെ മുകള്‍ഭാഗം മുതല്‍ ഉച്ചിമധ്യം വരെ ചുവന്ന കുങ്കുമം അണിയുന്ന പതിവുണ്ട്. സീമയെന്നാല്‍ പരിധി, സീമന്തം പരിധിയുടെ അവസാനവും ആകുന്നു. ജീവാത്മാവിന്‍റെ പരിധി അവസാനിക്കുന്നത് പരമാത്മാവിലാണല്ലോ. ശിരോമദ്ധ്യം ഈ പരമാത്മസ്ഥാനമാണ് എന്നതാണ് സങ്കല്‍പ്പം. ചുവപ്പ് രജോഗുണ പ്രധാനവുമാണ്.

നിങ്ങള്‍ ധരിക്കുന്ന കുങ്കുമം കുങ്കുമം തന്നെയോ?

കടകളില്‍ ലഭിക്കുന്ന കളര്‍പൊടികള്‍ പലതും ചിലപ്പോള്‍ കുങ്കുമം ആകണമെന്നില്ല. ഒന്നു മിനക്കെട്ടാല്‍ യഥാര്‍ത്ഥ കുങ്കുമം നമുക്കും വീട്ടില്‍ തയ്യാറാക്കാവുന്നതേയുള്ളൂ.

ശുദ്ധമായ മഞ്ഞള്‍പൊടി-500 ഗ്രാം 
ചെറുനാരങ്ങാനീര്- 350 ഗ്രാം 
സോഡാക്കാരം-75 ഗ്രാം 
ആലം- 50 ഗ്രാം

തയ്യാറാക്കുന്ന വിധം

ചേരുവകളെല്ലാം നന്നായി പൊടിക്കുക. നാരങ്ങാനീരിലേക്ക് ആലവും കാരവും കൂട്ടി നന്നായി യോജിപ്പിക്കുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നന്നായി കൈകൊണ്ട് ഇളക്കി യോജിപ്പിക്കണം. പത്തുമിനിട്ടോളം ഇളക്കണം. അപ്പോഴേക്കും ഈ മിശ്രിതത്തിന് ചുവപ്പ് നിറമായിട്ടുണ്ടാകും. ഇത് വാഴയിലയിലോ കമുകിന്‍പാളയിലോ നിരത്തി തണലില്‍ ഉണക്കണം. ഇപ്രകാരം ഏഴ് ദിവസം ഉണക്കണം. നന്നായി ഉണങ്ങിക്കഴിയുമ്പോള്‍ പൊടിച്ച് അരിച്ച് സൂക്ഷിക്കുക.

കര്‍മ്മതടസ്സം ഒഴിവാകുവാനും സര്‍വ്വൈശ്വര്യ സിദ്ധിക്കും കുടംബാഭിവൃദ്ധിക്കും, ശ്രീഭഗവതിക്ക് കുങ്കുമാര്‍ച്ചനനടത്തുന്നത് അതിവിശേഷമാണ്. മംഗല്യതടസ്സം മാറുന്നതിനും ഈ വഴിപാട് വളരെ ഗുണകരമാണ്. രാസവസ്തുക്കള്‍ ചേര്‍ക്കാതെ ശുദ്ധമായ മഞ്ഞള്‍പ്പൊടി ഉപയോഗിച്ച് തയ്യാറാക്കുന്ന വിശിഷ്ട കുങ്കുമം മാത്രം ഈ വഴിപാടിനായി ഉപയോഗിക്കുന്നു. നിങ്ങളുടെ ജന്മനക്ഷത്രദിവസമോ ചൊവ്വ, വെള്ളി ദിവസങ്ങളിലോ ഈ വഴിപാട് നടത്തുന്നത് വളരെ ഉത്തമമാകുന്നു. ‘കുങ്കുമാര്‍ച്ചനയുടെ പ്രസാദ കുങ്കുമം പതിവായി നെറ്റിയില്‍ തൊടുന്നത് പുരുഷന്മാര്‍ക്ക് ആയുരാരോഗ്യ ഐശ്വര്യത്തിനും സീമന്തരേഖയില്‍ അണിയുന്നത് സുമംഗലിമാര്‍ക്ക് ദീര്‍ഘമാംഗല്യത്തിനും സഹായിക്കും.’

മന്ത്രം സാത്വികമാകണം

കര്‍മ്മം-വേദത്തില്‍ വിധിച്ചിട്ടുള്ള സന്ധ്യാവന്ദനം മുതലായ നിത്യകര്‍മ്മങ്ങളും പിതൃകര്‍മ്മങ്ങളും സത്ത്വഗുണം നിറഞ്ഞതാണ്. നമ്മളിലും ആ ഗുണം പകര്‍ന്നുകിട്ടും. ധനം, ധാന്യങ്ങള്‍, മക്കള്‍, ഐശ്വര്യം ഇവയ്ക്കുവേണ്ടി ചെയ്യുന്ന ഏതു കര്‍മ്മവും രജോഗുണം വര്‍ധിപ്പിക്കും. ശത്രുസംഹാരഹോമവും രക്ഷസ്സുകളെയും, പിശാചുക്കളെയും ഭജിക്കുക. ഇവ തമോഗുണ കര്‍മ്മങ്ങളാണ്. അവ ഭൗതിക ജീവിതത്തിലും ആത്മീയ ജീവിതത്തിലും നമ്മെ പരാജയപ്പെടുത്തും.

ജന്മ ച- ശാസ്ത്രപ്രകാരം വ്രതം എടുത്ത്, നിശ്ചിതകാലം കഴിഞ്ഞാല്‍ ആ വ്യക്തി രണ്ടാമത് ജനിക്കുകയാണ് ചെയ്യുന്നത്. ആ വ്രതത്തിന് വൈദികം- (വേദത്തില്‍ വിധിച്ചത്) താന്ത്രികം (തന്ത്രശാസ്ത്രങ്ങളില്‍ വിധിച്ചത്) സ്മാര്‍ത്തം (സ്മൃതികളില്‍ വിധിച്ചത്) എന്നിങ്ങനെ മൂന്ന് ഭേദങ്ങള്‍ ഉണ്ട്. ആത്മീയമായ ഉന്നതിക്ക് സഹായിക്കുന്നവ സാത്വികമാണ്. വിഷ്ണുഭഗവാനെ കേന്ദ്രീകരിച്ചുള്ള വ്രതം- വൈഷ്ണവ ദീക്ഷ അത് സാത്ത്വികമാണ്. ശാക്തേയ തന്ത്രപ്രകാരമുള്ള വ്രതം രാജസവും യക്ഷ-രക്ഷഃ-പിശാചുക്കളെ കേന്ദ്രീകരിച്ചുള്ള വ്രതം താമസവുമാണ്. നാം രാജസ-താമസങ്ങള്‍ ഉപേക്ഷിക്കണം.

ധ്യാനം- നാം മനസ്സില്‍ ചിന്തിച്ചതിനുശേഷം പറയുന്നു, പിന്നെ പ്രവര്‍ത്തിക്കുന്നു. ഇത് വേദത്തിന്റെ പ്രഖ്യാപനമണ്. ഇതാ ശ്രുതി വാക്യം- ''യദ്വൈ മനസമധ്യായതി, തദ്‌വാചാവദതി'' (മനസ്സുകൊണ്ട് എന്തു ധ്യാനിക്കുന്നുവോ, അതു വാക്കുകൊണ്ട് പറയുന്നു.) പക്ഷേ നമ്മള്‍ അങ്ങനെ ശീലിക്കുന്നതേ ഇല്ല. നമ്മള്‍ കണ്ടിട്ടുണ്ടാകും. ഗുരുവായൂരപ്പന്റെ മുന്‍പില്‍ തൊഴുതുനില്‍ക്കുന്ന വ്യക്തി ചിലപ്പോള്‍, നാക്കുകൊണ്ട് നാമം ജപിക്കുന്നുണ്ടാവാം. പക്ഷേ, മനസ്സില്‍ ധ്യാനിക്കുന്നത്, തലേ ദിവസം രാത്രി ട്രെയിനില്‍ കണ്ട വല്ല സംഭവവുമായിരിക്കാം. ചിലപ്പോള്‍ വല്ല സ്ത്രീകളെയോ വേഷങ്ങളെയോ ഭൂഷണങ്ങളെയോ പുതിയ വാഹനങ്ങളെയോ ആയിരിക്കും. ഇത് രജോഗുണത്തെ വര്‍ധിപ്പിക്കും; തീര്‍ച്ച.

മറ്റു ചിലപ്പോള്‍ നമുക്ക് എതിരായി പ്രവര്‍ത്തിക്കുന്ന ശത്രുക്കളെയോ അവരുടെ ദ്രോഹങ്ങളെയോ ആയിരിക്കും ചിന്തിക്കുക. ഇതു തമോഗുണത്തെയാണ് വര്‍ധിപ്പിക്കുക. ലൗകികമോ വൈദികമോ താന്ത്രികമോ ആത്മീയമോ ആയ ഏതു കര്‍മ്മം ചെയ്യുമ്പോഴും ഭഗവാനെത്തന്നെ ധ്യാനിക്കുക. ഭഗവാനോട് ബന്ധപ്പെട്ട വസ്തുക്കളെ തന്നെ ചിന്തിക്കുക. ഭഗവാനാണ് എല്ലാ കര്‍മ്മങ്ങളുടെയും കേന്ദ്രം എന്ന് ഗീതയും ഭാഗവതവും ഉറപ്പിച്ചു പറയുന്നു. കാരണം അതു സാത്ത്വിക ഗുണത്തെ വര്‍ധിപ്പിക്കുന്നതാണ്.

മന്ത്രഃ

ശിഷ്യന്മാര്‍ക്ക് ഉപദേശിച്ചു കൊടുക്കുന്ന മന്ത്രം സാത്വികമാണോ, രാജസമാണോ, താമസമാണോ എന്ന് ആചാര്യന്മാര്‍ ശ്രദ്ധിക്കേണ്ടതാണ്. ഉപദേശം സ്വീകരിക്കുന്ന ശിഷ്യന്മാരും ആലോചിക്കണം.  ''പ്രണവഃ സര്‍വവേദേഷു'' എന്ന്  ഭഗവാന്‍, തന്നെ വിവരിക്കുന്നുണ്ടല്ലോ. പ്രണവത്തില്‍ എല്ലാ ശബ്ദങ്ങളും ഉള്‍ക്കൊള്ളുന്നു. വൈദിക സൂക്തങ്ങള്‍ ജപിക്കുമ്പോള്‍ ആദ്യം പ്രണവം ചേര്‍ത്തു ജപിക്കണം. കാരണം, പ്രണവം സത്ത്വഗുണം നിറഞ്ഞതാണ്. ആ സൂക്തങ്ങളെ സത്ത്വഗുണപൂര്‍ണമാക്കി മാറ്റാന്‍ വേണ്ടിയാണ് ആദ്യം പ്രണവം ചേര്‍ക്കുന്നത്. ഭഗവാന്റെ അഷ്ടാക്ഷര മന്ത്രത്തില്‍ പ്രണവം ഉള്‍പ്പെടുന്നതുകൊണ്ട്, ആദ്യം പ്രണവം ചേര്‍ക്കേണ്ടതില്ല. മഹാദേവന്റെ പഞ്ചാക്ഷരമന്ത്രത്തില്‍ പ്രണവം ഉള്‍പ്പെടാത്തതുകൊണ്ട്, ആദ്യം പ്രണവം ചേര്‍ത്ത് ജപിക്കുന്നു. എങ്കിലേ, സാത്ത്വികമായി തീരുകയുള്ളൂ. മന്ത്രങ്ങള്‍ ഗുരുമുഖത്തില്‍നിന്ന് ശിഷ്യന്‍ സ്വീകരിക്കണം.

മന്ത്രശാസ്ത്രങ്ങളില്‍, മറ്റുള്ളവരെ വശീകരിക്കാന്‍  വേണ്ടിയും ധനധാന്യ സമൃദ്ധിക്കുവേണ്ടിയും ദേവതകള്‍ സന്തോഷിച്ച് ഇഷ്ടവരം നല്‍കാന്‍വേണ്ടിയും  വിവിധ ദേവതകളെ സംബന്ധിച്ച മന്ത്രങ്ങള്‍ ധാരാളം കാണാം. അവയെല്ലാം കാമ്യമന്ത്രങ്ങളാണ്; അതിനാല്‍ രജോഗുണം വര്‍ധിപ്പിക്കുന്നവയാണ്. നമ്മുടെ ആത്മീയ പദപ്രാപ്തിക്ക് അവ സഹായകങ്ങളല്ല; തടസ്സം സൃഷ്ടിക്കുന്നവയാണ്. അതിനാല്‍ ഉപേക്ഷിക്കണം.

ദേവതകളെ-യക്ഷ രക്ഷഃ പിശാചുക്കളെ-പ്രസാദിപ്പിക്കുന്ന മന്ത്രങ്ങള്‍ തമോഗുണം നിറഞ്ഞവയാണ്. അവ സ്വീകരിച്ചാല്‍, പരമപദത്തില്‍ എത്താനുള്ള വഴിയില്‍ ഒരടിപോലും മുന്നോട്ടുവക്കാന്‍ കഴിയില്ല. അത്തരം മന്ത്രങ്ങള്‍ ആരെങ്കിലും ജപിക്കുന്നതു കേള്‍ക്കാന്‍പോലും പാടില്ല.

വൈദ്യന്‍ ആരാണ് ?

ആയുര്‍വേദം പഠിച്ചവനെ ആയുര്‍വേദി എന്നോ ആയുര്‍വൈദികന്‍ എന്നോ ചികിത്സകന്‍ എന്നോ അല്ല ഭാരതീയസംസ്കാരത്തില്‍ വിളിക്കുന്നത്‌. “വൈദ്യന്‍” എന്നാണ്. മലയാളികള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ തര്‍ജ്ജമ ചെയ്താല്‍ “വൈദ്യന്‍” എന്ന വാക്കിന്‍റെ ഏകദേശ അര്‍ത്ഥം The Learned Man, Scholar, പഠിച്ചു Doctorate നേടിയ Doctor എന്നൊക്കെ വരും. ഭാരതീയമായ മറ്റു ശാസ്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്നവരെ ആ ശാസ്ത്രശാഖകളുമായി മാത്രം ബന്ധപ്പെടുത്തി ഋഗ്വേദി, മാന്ത്രികന്‍, അഥര്‍വ്വവേദി, സാമവേദി, വേദാന്തി, ജ്യോത്സ്യന്‍, താര്‍ക്കികന്‍, താന്ത്രികന്‍ എന്ന് വ്യവഹരിക്കുമ്പോള്‍ ആയുര്‍വേദം പഠിച്ചവനെ ആ രീതിയില്‍ നിന്ന് വ്യത്യസ്തമായി പൂര്‍വ്വസൂരികള്‍ പ്രതിഷ്ഠിച്ചു എന്നത് ശ്രദ്ധേയമാണ്. എന്തായിരിക്കും ഇതിനു കാരണം?

ഭാരതീയപഠനങ്ങളായ വേദങ്ങളും, ഉപനിഷത്തുകളും, മറ്റു ശാസ്ത്രങ്ങളും ഒരേ തത്വത്തില്‍ അധിഷ്ഠിതമാണ്. അവ സ്ഥൂലപ്രപഞ്ചം മുതല്‍ പരമാത്മാവ്‌ വരെയുള്ള വിവിധശാഖകളെ സമഗ്രമായി കൈകാര്യം ചെയ്യുന്നവയാണ്. അതുകൊണ്ട് ആ ശാസ്ത്രങ്ങളുടെ അറിവിന്‍റെ സമഗ്രമായ പഠനം പൂര്‍ത്തിയായാല്‍ മാത്രമേ ആയുര്‍വേദപഠനം പൂര്‍ണ്ണമായി എന്ന് പറയാന്‍ പറ്റൂ. സമസ്തശാസ്ത്രശാഖകളിലും പ്രാവീണ്യം നേടിയവരായിരുന്നു ആയുര്‍വേദവിദ്വാന്മാര്‍ എന്ന കാരണം കൊണ്ടുതന്നെയാണ് അവരെ “വൈദ്യന്‍” എന്നു ബഹുമാനിച്ചു വ്യവഹരിച്ചത്.

തീര്‍ത്തും ലളിതമായി പറഞ്ഞാല്‍ ആയുസ്സിനെ സംബന്ധിച്ച അറിവാണ് ആയുര്‍വേദം. ശരീരേന്ദ്രിയസത്വാത്മയോഗമാണ് ജീവിതം. ആ ജീവിതത്തിന്‍റെ കാലമാണ് ആയുസ്സ്. ശരീര ഇന്ദ്രിയ സത്വ ആത്മാവുകളെ സംബന്ധിച്ച വിജ്ഞാനത്തെയും ശരീര ഇന്ദ്രിയ സത്വ ആത്മാവുകളെ യോജിപ്പിച്ചു നിറുത്തുവാനുള്ള ഉപായങ്ങളെയും വിവരിക്കുന്ന ശാസ്ത്രമാണ് ആയുര്‍വേദം. വൈദ്യന് ഉണ്ടായിരിക്കേണ്ട ജ്ഞാനവിജ്ഞാനങ്ങളുടെ തലം ഇതില്‍ നിന്ന് ഊഹിക്കാവുന്നതേയുള്ളൂ. സ്ഥൂലമായ ദൃശ്യമായ ശരീരം മുതല്‍ സൂക്ഷ്മതമമായ ആത്മാവു വരെയുള്ള നിലനില്‍പ്പിന്‍റെ എല്ലാ സ്തരങ്ങളെയും അവയ്ക്കു പരസ്പരമുള്ള ബന്ധത്തെയും കുറിച്ചുള്ള അറിവ് അത്യാവശ്യമാണ് എന്നു ചുരുക്കം. ശാസ്ത്രങ്ങള്‍ അന്നമയകോശം, പ്രാണമയകോശം, മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം എന്ന് അഞ്ചായി തിരിച്ച് ഈ നിലനില്‍പ്പിനെ പഠിക്കുന്നു.

നാം കാണുന്ന ശരീരത്തെയാണ് ശാസ്ത്രങ്ങള്‍ സ്ഥൂലശരീരമെന്നും അന്നമയകോശമെന്നുമൊക്കെ വിളിക്കുന്നത്‌. കരചരണാദി അവയവങ്ങളോടു കൂടിയ ഈ ശരീരം ജഡമാണ്, സ്വയം ചലിക്കാന്‍ ശക്തിയില്ലാത്തതാണ്, സ്ഥൂലഭൂതങ്ങളാല്‍ നിര്‍മ്മിതമാകയാല്‍ ഇന്ദ്രിയവിഷയകമാണ്. ജഡമായ സ്ഥൂലശരീരത്തെ ചലിപ്പിക്കുന്ന ശക്തിയാണ് പ്രാണന്‍. ഇതിനെ പ്രാണമയകോശമെന്നും വിളിക്കുന്നു. പ്രാണമയകോശവുമായുള്ള സംബന്ധമാണ് സ്ഥൂലശരീരത്തെ ചലിപ്പിക്കുന്നത്. സൂക്ഷ്മപഞ്ചഭൂതങ്ങളുടെ രജോഗുണത്തില്‍ നിന്ന് പ്രാണന്‍ ഉണ്ടാകുന്നു. പ്രാണന്‍ സ്ഥൂലശരീരത്തില്‍ നിന്നു വിഘടിക്കുന്നതാണ് ആയുര്‍വേദവിജ്ഞാനപ്രകാരം മരണം.

ജീവിതത്തില്‍ അനിവാര്യമായ വിചാരശക്തിയുടെ തലമാണ് മനോമയകോശം അഥവാ മനസ്സ്. മനുഷ്യനെ മനുഷ്യനാക്കുന്നത് മനനം ചെയ്യാനുള്ള കഴിവാണ്. മനനം മനോമയകോശത്തിന്‍റെ ധര്‍മ്മമാണ്. സൂക്ഷ്മപഞ്ചഭൂതങ്ങളുടെ സത്വാംശത്തില്‍ നിന്ന് മനസ്സ് ഉണ്ടാകുന്നു. മനനം, വിചാരം ബോധത്തിന്‍റെ ഫലമാണ്. അന്നമയ, പ്രാണമയ കോശങ്ങള്‍ക്ക് ബോധത്തെ ഉള്‍ക്കൊള്ളാനുള്ള കഴിവില്ല. ആ കഴിവ് ബുദ്ധിയ്ക്ക്, വിജ്ഞാനമയകോശത്തിനാണ്. ബോധത്തിന്‍റെ ഉപാധിയാണ് ബുദ്ധി. ബുദ്ധിയും മനസ്സും ഒന്നാണെങ്കിലും വൃത്തിഭേദം കൊണ്ട് രണ്ടായി വ്യവഹരിക്കുന്നു.ബുദ്ധിയ്ക്കുള്ള ബോധം അതിന്‍റെ സ്വന്തം ചൈതന്യമല്ല. ബുദ്ധിയ്ക്കും അതീതനായിരിക്കുന്ന ജീവന്‍റെ, ജീവാത്മാവിന്റെ സാന്നിദ്ധ്യം കൊണ്ട് ലഭിക്കുന്ന ചൈതന്യശക്തിയാണ് ബുദ്ധിയുടെ ബോധാത്മകത്വം.

പ്രാണമയകോശം, മനോമയകോശം, വിജ്ഞാനമയകോശം മൂന്നിനേയും ചേര്‍ത്ത് സൂക്ഷ്മശരീരം എന്നും വിളിക്കുന്നു.

ജീവാത്മാവിന്‍റെ തലമാണ് ആനന്ദമയകോശം എന്ന് വ്യവഹരിക്കപ്പെടുനത്. ഇതിനെ കാരണശരീരം എന്നും വിളിക്കപ്പെടുന്നു. ജീവന്‍റെ ഉപാധിയാണ് ഈ കാരണശരീരം. സ്ഥൂലസൂക്ഷ്മശരീരങ്ങള്‍ക്കും അഞ്ചു കോശങ്ങള്‍ക്കും അതീതമായി നിന്നുകൊണ്ട് അവയെ പ്രകാശിപ്പിക്കുന്ന ചൈതന്യവിശേഷമാണ് ജീവന്‍. ആ ജീവന്‍ തന്നെയാണ് ചികിത്സാധികാരിയായ കര്‍മ്മപുരുഷന്‍. ജീവിക്കുമ്പോള്‍ ഉള്ളതും മരിക്കുമ്പോള്‍ ശരീരത്തുനിന്നും വിട്ടുപോകുകയും ചെയ്യുന്ന ശക്തി! ആ ശക്തിയ്ക്ക് ഉപാധിയാണ് ഈ സ്ഥൂലശരീരം.

അങ്ങനെ സ്ഥൂലശരീരം മുതല്‍ ജീവന്‍ വരെ ജീവിതത്തിന്‍റെ സമസ്തസ്തരങ്ങളെയും സംബന്ധിക്കുന്ന കാര്യങ്ങളെ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണതയുള്ള ശാസ്ത്രമാണ് ആയുര്‍വേദം. അങ്ങിനെയല്ലാത്ത വൈദ്യശാസ്ത്രം പൂര്‍ണ്ണമല്ല. ആ ശാസ്ത്രത്തില്‍ പാരംഗതന്‍ ആയ വിദ്വാനെയാണ് ശാസ്ത്രങ്ങള്‍ പൂര്‍ണ്ണമായ അറിവുള്ളവന്‍ എന്ന അര്‍ത്ഥത്തില്‍ വൈദ്യന്‍ എന്ന് വിളിച്ചത്. നാലായിരം മരുന്നുയോഗങ്ങളും, നാനൂറു ഔഷധചെടികളുടെ ഗുണഗണങ്ങളും അറിഞ്ഞാലും ആരും വൈദ്യനാവില്ല എന്ന് വ്യംഗ്യം.

പുല എന്താണ് ?

പുനർ ലയിപ്പിക്കുന്നതു ആണ് പുല. മരണ സമയം ശരീരത്തു നിന്നും ദശ പ്രാണനിൽ ഒൻപതു പ്രാണനും വിട്ടുപോകുന്നു എന്നാൽ ധനജയൻ എന്ന പ്രാണൻ ശരീരത്തിൽ നിന്നും പതിയെ പോകുന്നു ധനഞ്ജയൻ എന്ന വായു സർവവ്യാപിയാണ്. ..ശരീരം അഗ്നിയിൽ ലയിക്കുമ്പോൾ ധനജ്ജയ്ൻ പുറത്തു വരുന്നു. ധനജ്ജയൻ എന്ന പ്രാണൻ പിതാവിൽ നിന്നും മാതാവിന്റെ ഗർഭപാത്രത്തിൽ വച്ച് തന്നെ ശിശുവിലേക്ക് എത്തുന്നു. ശരീരത്തിൽ നിലനിൽക്കുന്ന ധനജ്ജയ്ൻ ആ വ്യക്തി മരിക്കുമ്പോൾ ശരീരം വിട്ടു പുറത്തേക്കു ശരീരം നശിക്കുമ്പോൾ പുറത്തെത്തുന്നു. ഈ ധനഞ്ജയൻ ഒരു വ്യക്തിയുടെ രക്തബന്ധത്തിൽ ഉള്ള എല്ലാ ആളുകളുമായും ബന്ധമുണ്ടാകും. കാരണം പിതാവിൽ നിന്നും നമ്മളിലെത്തുന്ന പ്രാണനാണല്ലോ. അത് ഒരേ പിതാവിൽ നിന്നും ജന്മം എടുത്ത എല്ലാ വ്യക്തികളുടെയും പ്രാണനുമായി ബന്ധപ്പെട്ടിരിക്കും. രക്ത ബന്ധമുള്ള വ്യക്തി മരിച്ചാൽ അതുകൊണ്ടാണ് പുല ആചരിക്കുന്നത്. മരണ ശേഷം വിട്ടുപോകുന്ന ദശപ്രാണനെയും കർമ്മങ്ങളിലൂടെ ഒന്നിപ്പിക്കുന്നു, പുനർ ലയിപ്പിക്കുന്നു. മരണം ഉണ്ടായതിനു ശേഷം അന്തരീക്ഷം ഭൂമി എന്നിവ ശുദ്ധീകരിക്കാൻവേണ്ടിയാണ് ഹോമങ്ങളും മറ്റും നടത്തുന്നത് ..ഈ ഹോമങ്ങളിലും കർമ്മങ്ങളിലും പങ്കെടുക്കാൻ ശരീര ശുദ്ധമായിരിക്കുവാൻ ആണ് പുലയുള്ള ആളുകളോട് ദൂര സഞ്ചാരം പാടില്ല ,വേറെ വ്യക്തികൾ പുലയുള്ളവരെ തൊടരുത് എന്നൊക്കെ ആചാരമായത്.

"പഞ്ചകോശങ്ങൾ അടങ്ങിയ ശരീരത്തിന് ചിന്തിക്കാനും, സംസാരിക്കാനും, പ്രവർത്തിക്കാനും ഉള്ള കഴിവ് ഉണ്ടാകുന്നത് പ്രാണൻ എന്ന ശക്തി കൊണ്ടാണ്. ഈ പ്രാണന്റെ വരവ് ജനനവും, പോക്ക് മരണവും ആണ്. ജീവശരീരത്തിൽ പ്രാണൻ, അപാനൻ, ഉദാനൻ, സമാനൻ, വ്യാനൻ എന്നിങ്ങനെ അഞ്ചു മുഖ്യതരം മുഖപ്രാണനുകളുണ്ട്. ഇവയ്ക്ക് യഥാക്രമം നാഗൻ, കൂർമ്മൻ, കുകലൻ, ദേവഭക്തൻ, ധനഞ്ജയൻ എന്നിങ്ങനെ അഞ്ചു പ്രാണനുകളുണ്ട് . ഇവയെല്ലാംകൂടി ആത്മാവെന്ന കേന്ദ്രചൈതന്യത്തിൽ നിന്നും, പ്രകൃതി നിമിത്തം ആകർഷിക്കപ്പെട്ട് ശരീരരൂപീകരണം നടത്തുന്നു. ഇതാണ് ജനനം. പിന്നീട്, ഈ പ്രാണനുകൾ ആ ശരീരത്തെ എപ്പോൾ വിട്ടുപോകേണ്ട ഒരവസ്ഥ വരുന്നുവോ അപ്പോൾ മരണം സംഭവിക്കുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.