അഞ്ചാം ഭാവത്തിലോ ഒമ്പതാം ഭാവത്തിലോ നിൽക്കുന്ന സൂര്യന്റെ ദശാകാലം

ത്രികോണസംയുക്തരവേർവ്വിപാകേ
ബുദ്ധിഭ്രമം രാജവിമാനനം ച
സുഖസ്യ ഹാനിം നിധനം പിതുശ്ച
പുത്രസ്യ വാ കർത്തവിനാശമേതി.

സാരം :-

അഞ്ചാം ഭാവത്തിലോ ഒമ്പതാം ഭാവത്തിലോ നിൽക്കുന്ന സൂര്യന്റെ ദശാകാലം  ബുദ്ധിഭ്രമവും രാജകോപവും സുഖഹാനിയും പുത്രനോ പിതാവിനോ ഹാനിയും കാര്യനാശവും തൊഴിലിനു ഹാനിയും സംഭവിക്കുന്നതായിരിക്കും.

കേന്ദ്രരാശിയിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം

കേന്ദ്രാന്ന്വിതസ്യാപി ദിവാകരസ്യ
ദശാവിപാകേ നൃപദണ്ഡദുഃഖം
സ്ഥാനച്യുതിം ബന്ധുവിയോഗമേതി
ഭംഗം കൃഷേർവ്വിത്തപരിഭ്രമം ച.

സാരം :-

കേന്ദ്രരാശിയിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം ശിക്ഷയോ ജയിൽവാസമോ നിമിത്തം ദുഃഖവും സ്ഥാനഭ്രംശങ്ങളും ബന്ധുക്കളുമായി വേർപെടുകയും കൃഷിനാശവും ധനസംബന്ധമായി ക്ലേശവും അനുഭവിക്കുന്നതായിരിക്കും.

അവരോഹിണിയായ സൂര്യദശയിൽ

ദശാവരോഹാ ദിനനായകസ്യ
കൃഷിക്രിയാവിത്തഗൃഹേഷ്ടനാശം
ചോരാഗ്നിപീഡാം കലഹം വിരോധം
നരേന്ദ്രകോപം കുരുതേ പ്രവാസം.

സാരം :-

അവരോഹിണിയായ സൂര്യദശയിൽ കൃഷികാര്യത്തിനും ഗൃഹത്തിനും ഇഷ്ടജനത്തിനും നാശവും ചോരന്മാരിൽനിന്നുപദ്രവവും അഗ്നിഭയവും കലഹവും വിരോധവും രാജകോപവും അന്യദേശവാസവും ഫലങ്ങളാകുന്നു.

ആസുരയോഗത്തിൽ ജനിക്കുന്നവൻ

ഹന്ത്യന്ന്യകാര്യം പിശുനസ്സ്വകാര്യ-
പരോദരിദ്രശ്ച ദുരാഗ്രഹീ സ്യാൽ
സ്വയംകൃതാനർത്ഥപരമ്പരാർത്തഃ
കുകർമ്മകൃച്ചാസുരയോഗജാതഃ

സാരം :-

ആസുരയോഗത്തിൽ ജനിക്കുന്നവൻ സ്വാർത്ഥപരനായും നുണയനായും അന്യകാര്യങ്ങളെ ധ്വംസിക്കുന്നവനായും ധനഹീനനായും ദുരാഗ്രഹിയായും തന്നത്താൻ ഉണ്ടാക്കുന്ന അനർത്ഥപരമ്പരകളെക്കൊണ്ട് പീഡിതനായും കുത്സിതകർമ്മങ്ങളെ ചെയ്യുന്നവനായും ഭവിക്കും.

ആരോഹിണിയായ സൂര്യദശയിൽ

ആരോഹിണീ പങ്കജബാന്ധവസ്യ
ദശാമഹത്വം കുരുതേƒതിസൗഖ്യം
പരോപകാരം സുതദാരഭൂമി-
ഗോവാജിമാതംഗകൃഷിക്രിയാപ്തിം.

സാരം :-

ആരോഹിണിയായ സൂര്യദശയിൽ ഉന്നതസ്ഥാനലബ്ധിയും ഏറ്റവും സുഖവും ഉണ്ടാകയും പരോപകാരവും പുത്രൻ, ഭാര്യ, ഭൂസ്വത്ത്, പശുക്കൾ, ആന, കുതിര എന്നിവയുടെ ലാഭവും കൃഷി, കാര്യസിദ്ധിയും ഉണ്ടാകുന്നത്തായിരിക്കും.

അതിശത്രുക്ഷേത്രത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം

ദശാവിപാകേƒപ്യതിശത്രുഗസ്യ
രവേഃ പ്രണഷ്ടാർത്ഥകളത്രപുത്രഃ
ഗോമിത്രഹാനിം സ്വശരീരപീഡാം
ശത്രുത്വമായാതി ജനൈസ്സമന്താൽ.

സാരം :-

അതിശത്രുക്ഷേത്രത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം ധനഹാനിയും സന്താനങ്ങൾക്കും ഭാര്യയ്ക്കും നാശവും പശുക്കൾക്കു ക്ഷയവും ബന്ധുനാശവും എല്ലായിടവും ജനങ്ങളോടു വിരോധവും ഭവിക്കും.

കാമയോഗത്തിൽ ജനിക്കുന്നവൻ

പരദാരപരാങ്മുഖോ ഭവേ-
ദ്വരദാരാത്മജബന്ധുസംയുതഃ
ജനകാദധികശ്ശുഭൈർഗുണൈർ-
മ്മഹനീയാം ശ്രിയമേതി കാമജഃ

സാരം :-

കാമയോഗത്തിൽ ജനിക്കുന്നവൻ പരസ്ത്രീകളെ കാമിക്കാത്തവനായും നല്ല ഭാര്യയും പുത്രന്മാരും ബന്ധുക്കളും ഉള്ളവനായും സൽഗുണങ്ങളെക്കൊണ്ടു പിതാവിനേക്കാൾ ശ്രേഷ്ഠനായും ഏറ്റവും ശ്രീമാനായും ഭവിക്കും.