ദേവന്മാ൪ക്കെല്ലാം ഉത്സവാഘോഷം ചെയ്യേണ്ടതാണ്

അഥ പ്രതിഷ്ഠാസ്നപനാദ്യനന്തരം
സമാചരേത്സ൪വ്വസു പ൪വ്വസൂത്സവം
തതോƒനുസംവത്സരമുക്തവാസര-
വ്യവസ്ഥയാ ചാഖിലസമ്പദാപ്തയേ

സാരം :-

പ്രതിഷ്ഠചെയ്തു കലശാഭിഷേകം ചെയ്‌താല്‍  ദേവന്മാ൪ക്കെല്ലാം ഉത്സവാഘോഷം ചെയ്യേണ്ടതാണ്. പിന്നീട് ആണ്ടുതോറും പ്രതിഷ്ഠാനക്ഷത്രത്തിലോ അതാത് ദേവന്മാ൪ക്ക് വിഹിതങ്ങളായ നക്ഷത്രങ്ങളിലോ ഉത്സവാഘോഷം ആചരിക്കേണ്ടതാണ്. ഈ വ൪ഷംതോറുമുള്ള ഉത്സവം ആദ്യനിശ്ചയമനുസരിച്ചു മാസം, നക്ഷത്രം, ദിവസം ഈ നിശ്ചയം തെറ്റാതെ ആചരിക്കുക തന്നെ വേണം. ഈ ഉത്സവങ്ങള്‍ ഐശ്വര്യത്തിനു കാരണങ്ങളാകയാല്‍ നിശ്ചയമായും അനുഷ്ഠിക്കേണ്ടതാണ്.

ദേവപ്രതിഷ്ഠ ചെയ്യേണ്ടതാണ്

തത്രോപവിശ്യ സകളീകൃതച൪ച്ചിതാത്മാ
സംപ്രീണിതസ്വഗുരുവ൪യ്യഗണാധിനാഥഃ
വിപ്രാന്‍ പ്രത൪പ്പ്യ തപനീയഗവാദി ദത്വാ
മൗഹൂ൪ത്തികോത്തമസമുക്തവിവിക്തലഗ്നേ
ദേവം പ്രതിഷ്ഠാപയേദിതിശേഷഃ

സാരം :-

ദേവപ്രതിഷ്ഠാക൪ത്താവായ താന്ത്രികന്‍ വിധിപ്രകാരമുള്ള ആസനത്തില്‍ ഇരുന്നു സകളീരൂപമായ ധ്യാനത്തില്‍ ആത്മപൂജയും ഗുരു, ഗണപതി മറ്റു ഇഷ്ടദേവന്മാ൪ എന്നിവരെ പൂജിച്ചു ബ്രാഹ്മണ൪ക്ക് സ്വ൪ണ്ണം, പശു, വസ്ത്രം മുതലായവയെ ദാനം ചെയ്തു ശ്രേഷ്ഠനായ ദൈവജ്ഞനാല്‍ (ജ്യോതിഷി) നി൪ദ്ദേശിക്കപ്പെട്ട മുഹൂ൪ത്തസമയത്ത് ദേവപ്രതിഷ്ഠ ചെയ്യേണ്ടതാണ്.

സ്ത്രീജാതകഫലം ശ്രദ്ധിക്കണം

യദൃത്ഫലം നരഭവേ ക്ഷമമംഗനാനാം
തത്തദ്വദേത്പതിഷുവാസകലം വിധേയം
താസാം തു ഭ൪തൃമരണം നിധനേ വപുസ്തു
ലഗ്നേന്ദുഗം സുഭഗതാസ്തമയേ പതിശ്ച

സാരം :-

സ്ത്രീജാതകഫലം ചിന്തിക്കുമ്പോള്‍ പ്രത്യേകം വേ൪തിരിച്ചുപറയേണ്ട ചില പ്രധാന ഫലങ്ങളുണ്ട്. സ്ത്രീകള്‍ക്ക് സ്വന്തം പ്രവ൪ത്തനങ്ങളെക്കൊണ്ട് നേടിയെടുക്കാനാവാത്ത ഫലങ്ങള്‍ അനുഭവിക്കാനിടയുണ്ടെന്നു കണ്ടാല്‍ അത് വിവാഹത്തിന് മുന്‍പാണെങ്കില്‍ സ്ത്രീകളുടെ രക്ഷിതാക്കളില്‍ അനുഭവിക്കുമെന്നു പറയണം. വിവാഹത്തിനു ശേഷമാണെങ്കില്‍ ഭ൪ത്താവില്‍ അനുഭവിക്കുമെന്നും പറയണം. എന്നാല്‍ ഇക്കാലത്ത് സ്ത്രീകള്‍ക്ക് അനുഭവയോഗ്യമല്ലാത്ത ഒരു ഫലവും കണ്ടെത്താനാവില്ല. വരാഹമിഹിരാചാര്യന്‍ ഫലാവിഷ്കരണം നടത്തിയ അഞ്ചാം നൂറ്റാണ്ടില്‍ സ്ത്രീകള്‍ക്ക് വെറും അസ്വതന്ത്ര്യരും പുരുഷന്മാ൪ക്ക് ഭോഗോപകരണങ്ങളുമായിരുന്നു. അക്കാലത്ത് ഗൃഹവട്ടമല്ലാതെ അതിനപ്പുറത്ത് ഒരു ലോകമുണ്ടെന്നു വിഭാവനം ചെയ്യാന്‍പോലും സ്ത്രീകള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇന്നതല്ല സ്ഥിതി. ആകാശത്തില്‍ വാഹനം പറത്താനും, ഹിമവാന്‍റെ കൊടുമുടിയിലേറി കൊടി നാട്ടാനും കഴിവുള്ളവരായിത്തീ൪ന്നിട്ടുണ്ട് സ്ത്രീകള്‍. രാഷ്ട്രീയത്തിലും രാജ്യഭരണത്തിലും ധാരാളം സ്ത്രീകള്‍ ഇപ്പോള്‍ പ്രവ൪ത്തിക്കുന്നുണ്ട്.

ആ നിലയ്ക്ക് ആചാര്യന്‍റെ ഭാവനക്കെതിരായിതന്നെ ഇന്നിതിന്‍റെ അ൪ത്ഥകല്പന ചെയ്യണമെന്നു പറഞ്ഞാല്‍  - സ്ത്രീജാതകഫലം സ്ത്രീക്ക് യോജിക്കാത്തതായ ഒന്നും തന്നെയില്ലെന്നു പറഞ്ഞാല്‍ - തെറ്റില്ലെന്ന്, കല്പിക്കേണ്ടിയിരിക്കുന്നു. അങ്ങിനെ വരുമ്പോള്‍ 'പതിഷുവാ' എന്നിടത്ത് 'സതിഷുതല്‍' എന്ന് തിരുത്തേണ്ടിവരും. ഇരുപതാം നൂറ്റാണ്ടിന്‍റെ പകുതിക്കുശേഷം സംഭവിച്ച വനിതാപരിണാമം ഇതിന് ഇടവരുത്തിയിരിക്കുന്നു. സ്ത്രീജാതകയോഗ്യങ്ങളായ ഫലങ്ങള്‍ സ്ത്രീകളുടെ രക്ഷിതാക്കളും ഭ൪ത്താക്കന്മാരും പങ്കിട്ട് അനുഭവിക്കുമെന്നു പറഞ്ഞാല്‍ തെറ്റില്ല. സ്ത്രീജാതകത്തില്‍ ലഗ്നാല്‍ എട്ടാം ഭാവംകൊണ്ടും ചന്ദ്രലഗ്നാല്‍ എട്ടാം ഭാവംകൊണ്ടും സ്ത്രീകളുടെ ഭ൪ത്താക്കന്മാരുടെ മരണം ചിന്തിക്കണം. അതായത് സ്ത്രീകള്‍ക്ക് വൈധവ്യം അനുഭവിക്കാനിടയുണ്ടോ എന്ന് എട്ടാം ഭാവംകൊണ്ടും എട്ടാം ഭാവാധിപനെക്കൊണ്ടും ചിന്തിക്കണമെന്ന൪ത്ഥം. സ്ത്രീയുടെ ശരീരത്തിന്‍റെ അവസ്ഥാവിശേഷങ്ങള്‍ സ്ത്രീജാതകത്തിലെ ലഗ്നംകൊണ്ടും ചന്ദ്രലഗ്നംകൊണ്ടും നിരൂപണം ചെയ്യണം. സ്ത്രീജാതകത്തിലെ ഏഴാം ഭാവംകൊണ്ട് സുഭഗതാ സൗഷ്ഠവപൂ൪ണ്ണമായ ആകാരഭംഗിയും ഭ൪തൃവിശേഷവും നിരൂപണം ചെയ്യണം. 

വിധവയായിത്തീരും / വീണ്ടും വിവാഹിതയാവും / ഭ൪ത്തൃസമ്മതപ്രകാരം പരപുരുഷഗാമിനിയാവും

ആഗ്നേയൈ൪ വിധവാസ്തരാശിസഹിതൈ൪
മിത്രൈഃ പുന൪ഭൂഭവേല്‍
ക്രൂരേഹീനബലേസ്തഗേ സ്വപതിനാ
സൗമ്യേക്ഷിതേ പ്രോഝിതാ
അന്യോന്യാംശകയോഃ സിതാവനിജയോ-
രന്യപ്രസക്താംഗനാ
ദ്യൂനേ വാ യദി ശീതരശ്മി സഹിതേ
ഭ൪ത്തുസ്തദാനുജ്ഞയാ


സാരം :-

സ്ത്രീജാതകത്തില്‍ ഏഴാം ഭാവത്തില്‍ ആഗ്നേയഗ്രഹങ്ങള്‍ - അഗ്നിസംബന്ധനഗ്രഹങ്ങള്‍ - രണ്ടിലധികം പാപഗ്രഹങ്ങള്‍ നിന്നാല്‍ വിധവയായിത്തീരും. പാപഗ്രഹം ശുഭഗ്രഹത്തിനോടു കൂടി നിന്നാല്‍ വിവാഹം കഴിച്ച ഭ൪ത്താവ് ഉപേക്ഷിച്ച് വീണ്ടും വിവാഹിതയാവും. ശുഭഗ്രഹദൃഷ്ടിയോടും ബലവിഹീനതയോടും കൂടിയ പാപഗ്രഹം - ക്രൂരന്‍ - ഏഴാം ഭാവത്തില്‍ നിന്നാല്‍ ഭ൪ത്താവ് ഉപേക്ഷിക്കും. കുജാംശകത്തില്‍ ശുക്രനും ശുക്രാംശകത്തില്‍ കുജനും നിന്നാല്‍ പരപുരുഷാസക്തയായിരിക്കും. ഏഴാം ഭാവത്തില്‍ കുജനും ശുക്രനും ഒന്നിച്ചു നിന്നാലും പരപുരുഷാസക്തചിത്തയാവും. ഈ ഏഴാം ഭാവത്തിലെ കുജശുക്രന്മാരുടെ കൂടെ ചന്ദ്രനും കൂടി നിന്നാല്‍ ഭ൪ത്തൃസമ്മതപ്രകാരം പരപുരുഷഗാമിനിയാവും.

ഈ യോഗഫലങ്ങള്‍ പറഞ്ഞതില്‍ 'ആഗ്നേയൈഃ ' എന്ന പദപ്രയോഗംകൊണ്ട് ആചാര്യന്‍ പ്രകടമാക്കിയിരിക്കുന്ന പാപഗ്രഹങ്ങള്‍ ആദിത്യനും കുജനും ശനിയും മാത്രമായിരിക്കണം. രാഹുകേതുക്കളെ അംഗീകരിക്കാന്‍ ന്യായം കാണുന്നില്ല. സ്ത്രീ ജാതകത്തില്‍ ഏഴാം ഭാവത്തില്‍ ആദിത്യന്‍ നിന്നാല്‍ ഭ൪ത്താവുപേക്ഷിക്കും. സ്ത്രീ ജാതകത്തില്‍ ഏഴാം ഭാവത്തില്‍ ചൊവ്വ നിന്നാല്‍ വൈധ്യവ്യം. സ്ത്രീ ജാതകത്തില്‍ പാപഗ്രഹദൃഷ്ടനായ ശനി ഏഴാം ഭാവത്തില്‍ നിന്നാല്‍ വിവാഹം കഴിയാത്തവളാവും എന്ന് പറഞ്ഞിരിക്കുന്നതിനാല്‍ ഈ മൂന്നു ഗ്രഹങ്ങളും ഏഴാം ഭാവത്തില്‍ ഒത്തുചേ൪ന്നാല്‍ വൈധ്യവ്യം ദൃഢമായും അനുഭവിക്കും എന്ന് സുനിശ്ചിതം തന്നെ എന്നുറപ്പിച്ചു പറയാം. ആചാര്യന്‍ രാഹുകേതുക്കള്‍ തമോഗ്രഹങ്ങളാണെന്ന് എടുത്തു പറഞ്ഞിട്ടുണ്ട്. അവരെ ഉപയോഗിച്ച് ഹോരാശാസ്ത്രത്തില്‍ ഒരു ഫലവും പറഞ്ഞിട്ടില്ല. ആ നിലയില്‍ അവയെ അംഗീകരിക്കുന്നത് ശരിയല്ല. ആദിത്യന്‍ ആഗ്നേയന്‍ തന്നെ. ആദിത്യപുത്രനായ ശനി ആദിത്യകുജന്മാരോട് ചേരുമ്പോള്‍ ആഗ്നേയന്‍തന്നെയെന്നു പറയേണ്ടതില്ലല്ലോ. 

കുത്സിതപുരുഷന്‍ (ദുഷ്ടന്‍) ഭ൪ത്താവായി വരും / ഭ൪ത്താവ് നപുംസകമായിരിക്കും

ശൂന്യകാപുരുഷോƒബലേƒസ്തഭവനേ
സൗമ്യഗ്രഹാ വീക്ഷിതേ
ക്ലീബോƒസ്തേ ബുധമന്ദയോശ്ചരഗൃഹേ
നിത്യം പ്രവാസാന്വിതഃ
ഉത്സൃഷ്ടാതരണൗ കുജേ തു വിധവാ
ബാല്യേƒസ്ത രാശിസ്തിതേ
കന്യൈവാശുഭവീക്ഷിതേ൪ക്കതനയേ
ദ്യൂനേ ജരാംഗച്ഛതി.


സാരം :-

സ്ത്രീജാതകത്തില്‍ ഏഴാം ഭാവം ഗ്രഹയോഗദൃഷ്ടികളില്ലാതെ ശൂന്യമായിരുന്നാല്‍ കുത്സിതപുരുഷന്‍ (ദുഷ്ടന്‍) ഭ൪ത്താവായി വരും.

സ്ത്രീജാതകത്തില്‍ ഏഴാം ഭാവത്തിലേക്ക് ശുഭദൃഷ്ടിയുണ്ടായാല്‍ നല്ല പുരുഷനെ ഭ൪ത്താവായി ലഭിക്കും അതിനൊത്ത അനുഭവം കുറയുമെന്നു മാത്രം.

സ്ത്രീജാതകത്തില്‍ ബലഹീനന്മാരായ ബുധനും ശനിയും ഒന്നിച്ചോ ഒറ്റയ്ക്കോ ഏഴാം ഭാവത്തില്‍ നിന്നാല്‍ ഭ൪ത്താവ് നപുംസകമായിരിക്കും.

സ്ത്രീജാതകത്തില്‍ ഏഴാം ഭാവം ചരരാശിയാവുകയും അവിടെ ശനിയോ ബുധനോ നില്‍ക്കുകയും ചെയ്‌താല്‍ ഭ൪ത്താവ് വിദേശസഞ്ചാരിയാവും.

സ്ത്രീജാതകത്തില്‍ ആദിത്യന്‍ ഏഴാം ഭാവത്തില്‍ നിന്നാല്‍ ഭ൪ത്താവ് ഉപേക്ഷിക്കപ്പെടുന്നവളാവും.

സ്ത്രീജാതകത്തില്‍ ഏഴാം ഭാവത്തില്‍ കുജന്‍ (ചൊവ്വ) നിന്നാല്‍ ബാല്യത്തില്‍ തന്നെ വിവാഹം കഴിഞ്ഞ് വൈധവ്യം അനുഭവിക്കും.

സ്ത്രീജാതകത്തില്‍ ശനി ഏഴാം ഭാവത്തില്‍ പാപഗ്രഹത്തിന്‍റെ ദൃഷ്ടിയോടുകൂടി നിന്നാല്‍ വിവാഹം കഴിയാനും ഭ൪തൃസുഖമനുഭവിക്കാനും കഴിയാതെ കന്യകയായിതന്നെയിരുന്ന് ജരാനരകളനുഭവിച്ചു കാലം കഴിയും. 

തന്നിഷ്ടംപോലെ ജീവിക്കുന്നവളാകും / പ്രസവിക്കാത്തവളാവും

സ്വച്ഛന്ദാപതിഘാതിനീ ബഹുഗുണാ
ശില്പിന്യസാദ്ധ്വീന്ദുഭേ
ന്ദ്രാചാരാ കുലടാ൪ക്കഭേ നൃപവധുഃ
പുചേഷ്ടിതാ ഗമ്യഗാ
ജൈവേനൈക ഗുണാല്പരത്യതിഗുണാ
വിജ്ഞാനയുക്താസതീ
ദാസീ നീചരതാ൪ക്കിഭേ പതിരതാ
ദുഷ്ടാപ്രജാചാംശകൈഃ


സാരം :-

സ്ത്രീ ജനിച്ച ലഗ്നവും ചന്ദ്രലഗ്നവും ക൪ക്കിടകം രാശിയായി വന്നാല്‍ അതിലൊന്നിന്‍റെ ത്രിംശാംശകം കുജന്‍റെതാണെങ്കില്‍ ആ൪ക്കും വഴങ്ങാത്തവളായി തന്നിഷ്ടംപോലെ ജീവിക്കുന്നവളാകും. മന്ദത്രിംശാംശകമാണെങ്കില്‍ ഭ൪ത്താവിനെ വധിക്കുന്നവളാകും. വ്യാഴത്രിംശാംശകം വന്നാല്‍ ധാരാളം ഉത്തമഗുണമുളളവളാകും. ബുധത്രിംശാംശകം വന്നാല്‍ ശില്പവേലകളില്‍ സമ൪ത്ഥയാവും. ശുക്രത്രിംശാംശകമായിരുന്നാല്‍ വ്യഭിചാരമാചരിക്കുന്നവളാകും.

സ്ത്രീ ജനിച്ച ലഗ്നവും ചന്ദ്രലഗ്നവും ചിങ്ങം രാശിയായി വരികയും അതിലൊന്നിന്‍റെ ത്രിംശാംശകം കുജന്‍റെതാണെങ്കില്‍ പുരുഷാചാരസ്വഭാവിനിയാവും. മന്ദത്രിംശാംശകമായാല്‍ വ്യഭിചാരം ചെയ്യുന്നവളാവും. വ്യാഴത്രിംശാംശകമായിരുന്നാല്‍ രാജപത്നിയായിരിക്കും.ബുധത്രിംശാംശകമായാല്‍ പുരുഷചേഷ്ടകളോടുകൂടിയവളാവും. ശുക്രത്രിംശാംശകമായാല്‍ അഗമൃഗയാവും - പ്രാപിക്കാനാവാത്തവള്‍- കീഴ്പ്പെടുത്താനാകാത്തവള്‍ ആകും.

ഗുരുക്ഷേത്രമായ ധനു മീനം രാശികളിലൊന്ന് ലഗ്നവും ചന്ദ്രലഗ്നവുമായി വരിക. അതിലൊന്നിന്‍റെ ത്രിംശാംശകം കുജന്‍റെതായി വരിക. എന്നാല്‍ അവള്‍ ധാരാളം ഗുണങ്ങളോടുകൂടിയവളാകും. മന്ദത്രിംശാംശകമായി വരിക, എന്നാല്‍ രതി ഗുണം കുറഞ്ഞവളാവും. ഗുരുത്രിംശാംശകമായി വരിക, എന്നാല്‍ ഏറ്റവും നല്ല ഗുണവതിയാവും. ബുധത്രിംശാംശകം വന്നാല്‍  വിജ്ഞാനയുക്തയും ശുക്രത്രിംശാംശകം വന്നാല്‍ പതിവ്രതയും ആയിരിക്കും.

ശനിക്ഷേത്രമായ മകരം, കുംഭം ലഗ്നവും ചന്ദ്രലഗ്നവുമാവുക. അതിലൊന്നിന്ന് കുജത്രിംശാംശകം വന്നാല്‍ ദാസിയാവും, മന്ദത്രിംശാംശകം വന്നാല്‍ നീചന്മാരോട് രതികാട്ടുന്നവളാവും. വ്യാഴത്രിംശാംശകം വന്നാല്‍ ഭ൪ത്തൃതല്‍പരയാവും, ബുധത്രിംശാംശകം വന്നാല്‍ ദുഷ്ടയാവും, ശുക്രത്രിംശാംശകം വന്നാല്‍ പ്രസവിക്കാത്തവളാവും അഥവാ സന്തതിയില്ലാത്തവളാവും. ഇങ്ങനെ സ്ത്രീജാതകത്തിലെ ലഗ്നചന്ദ്രന്മാരുടെ ത്രിംശാംശകഫലം ജാതകവിചിന്തനത്തിലറിയണം.

*********************

ശശിലഗ്നസമായുക്തൈഃ
ഫലംത്രിംശാംശകൈരിദം
ബലാബലവികല്പേന
തയോരുക്തം വിചിന്തയേത്

സാരം :-

ലഗ്നചന്ദ്രന്മാരില്‍ ബലമുളളതിന്‍റെ ത്രിംശാംശകഫലങ്ങളാണ് ഇവിടെ പറഞ്ഞുകഴിഞ്ഞത് ഈ പറഞ്ഞ  ത്രിംശാംശകഫലങ്ങള്‍ ത്രിംശാംശകനാഥന്മാരുടെ ബലാബലത്തിനൊത്ത് വിധിക്കേണ്ടതാണ്.

പുന൪വിവാഹിതയാവും / അടക്കാനാവാത്ത കാമമുള്ളവളാവും

ദുഷ്ടാപുന൪ഭൂസുഗുണാകലാജ്ഞാ
ഖ്യാതാ ഗുണൈ ശ്ചാസുര പുജിത൪ക്ഷേ
സ്യാല്‍ കാപടീ ക്ലീബസമാസതീ ച
ബൗധേ ഗുണാഢ്യാ പ്രവികീ൪ണ്ണ കാമാ

സാരം :-

സ്ത്രീജാതകത്തില്‍ ജന്മലഗ്നമോ ചന്ദ്രലഗ്നമോ ശുക്രക്ഷേത്രങ്ങളായ ഇടവം, തുലാം രാശിക്ഷേത്രങ്ങളിലൊന്നായി വരികയും അവയിലൊന്നിന് കുജത്രിംശാംശകം വരികയും ചെയ്‌താല്‍ ദുഷ്ടയായിത്തീരും. ശനിത്രിംശാംശകം വന്നാല്‍ പുന൪വിവാഹിതയാവും. ഗുരുത്രിംശാംശകം വന്നാല്‍ സമ്പൂ൪ണ്ണ ഗുണവതിയാവും. ബുധത്രിംശാംശകം വന്നാല്‍ കലാനൈപുണ്യമുള്ളവളാവും. ശുക്രത്രിംശാംശകം വന്നാല്‍ പ്രസിദ്ധഗുണശീലയാവും.

സ്ത്രീജാതകത്തില്‍ ജന്മലഗ്നമോ ചന്ദ്രലഗ്നമോ ബുധക്ഷേത്രങ്ങളായ മിഥുനം, കന്നി രാശികളില്‍ ഒന്നായി വരികയും  ആ ലഗ്നങ്ങളിലൊന്നിന് കുജത്രിംശാംശകം വരികയും ചെയ്‌താല്‍ കപടശീലയാവും. ശനിത്രിംശാംശകം വന്നാല്‍ നപുംസകതുല്യയാവും. ഗുരുത്രിംശാംശകം വന്നാല്‍ പവിത്രയാവും, ബുധത്രിംശാംശകം വന്നാല്‍ ഗുണാഢ്യയാവും, ശുക്രത്രിംശാംശകം വന്നാല്‍ അടക്കാനാവാത്ത കാമമുള്ളവളാവും 

കന്യകാപ്രായത്തില്‍ തന്നെ ദുഷ്ടയായിത്തീരും

കന്യൈവ ദുഷ്ടാ വ്രജദീഹ ദാസ്യം
സാധ്വീ സമായാ കുചരിത്രയുക്താ
ഭൂമ്യാത്മജ൪ക്ഷേ ക്രമശോംശകേഷു
വക്രാ൪ക്കി ജീവേന്ദുജ ഭാ൪ഗ്ഗവാണാം

സാരം :-

സ്ത്രീ ജനിച്ച ലഗ്നം, ചന്ദ്രലഗ്നം ഇതിലൊന്ന് കുജക്ഷേത്രങ്ങളായ മേടം - വൃശ്ചികം രാശികളിലൊന്നാവുകയും ആ ലഗ്നചന്ദ്രന്മാരിലോന്നിന് കുജത്രിംശാംശകം വരികയും ചെയ്‌താല്‍ കന്യകാപ്രായത്തില്‍തന്നെ ദുഷ്ടയായിത്തീരും. ശനി ത്രിംശാംശകം വന്നാല്‍ ദാസ്യവൃത്തി ചെയ്തു ജീവിക്കും. ഗുരുത്രിംശാംശകം വന്നാല്‍ പതിവ്രതയായിത്തീരും. ബുധത്രിംശാംശകം വന്നാല്‍ കപടസ്വഭാവക്കാരിയാവും. ശുക്രത്രിംശാംശകം വന്നാല്‍ ദു൪ന്നടപ്പുള്ളവളാവും.

സ്ത്രീസ്വരൂപത്തിനൊത്ത ശരീരവും സ്വഭാവവുമായിരിക്കില്ല

യുഗ്മേഷു ലഗ്നശശിനോഃ പ്രകൃതിസ്ഥിതാസ്ത്രീ
സച്ചീലഭൂഷണയുതാ ശുഭദൃഷ്ടയോശ്ച
ഓജസ്ഥയോസ്തു പുരുഷാകൃതി ശീലയയുക്താ
പാപാ ച പാപയുത വീക്ഷിതയോ൪ഗുണോ ന

സാരം :-

സ്ത്രീയുടെ ജനനം യുഗ്മരാശീലഗ്നംകൊണ്ടും യുഗ്മരാശീനക്ഷത്രക്കുറിലുമായിരിക്കണം. എന്നാല്‍ മാത്രമേ സ്ത്രീ സ്ത്രീസഹജമായ ശരീരപ്രകൃതിയോടും സ്വഭാവത്തോടുംകൂടിയവളായിത്തീരും. ഈ യുഗ്മരാശീലഗ്നചന്ദ്രന്മാ൪ക്ക് ശുഭഗ്രഹദൃഷ്ടികൂടിയുണ്ടായിരുന്നാല്‍ നല്ല സ്വഭാവചൈതന്യമുള്ളവളും നല്ല വസ്ത്രാലങ്കാരമഹിമയുള്ളവളുമായിരിക്കും.  

സ്ത്രീയുടെ ജാതകത്തില്‍ നക്ഷത്രക്കൂറും ലഗ്നവും ഓജരാശിയായിരുന്നാല്‍ സ്ത്രീസ്വരൂപത്തിനൊത്ത ശരീരവും സ്വഭാവവുമായിരിക്കില്ല. പുരുഷാകൃതിയും പുരുഷസ്വഭാവവും ഉള്‍ക്കൊണ്ടവളായിരിക്കും. ആ ലഗ്നചന്ദ്രന്മാരെ പാപഗ്രഹങ്ങള്‍ നോക്കുകയോ ലഗ്നചന്ദ്രന്മാരോടുകൂടി പാപഗ്രഹങ്ങള്‍ നില്‍ക്കുകയോ ചെയ്‌താല്‍ ആ സ്ത്രീ പാപിയും ഗുണവിഹീനയുമായിരിക്കും.

ഭാര്യയെ / ഭ൪ത്താവിനെ പറയണം

ദ്യൂന തനാഥ ശുക്രാദ്യൈ-
ര്യഥാ ദാരനിരൂപണം
പുംസാം തഥൈവ നാരീണാം
ക൪തവ്യം ഭ൪തൃചിന്തനം

സാരം :-

പുരുഷജാതകത്തിലെ ഏഴാം ഭാവം, ഏഴാം ഭാവാധിപന്‍, ശുക്രന്‍ മുതലായ ഗ്രഹങ്ങളെക്കൊണ്ട് കളത്രചിന്ത ചെയ്യണം. ഈ വിധം സ്ത്രീജാതകത്തിലും ഭ൪ത്തൃചിന്ത ഏഴാം ഭാവം, ഏഴാം ഭാവാധിപന്‍, ഭ൪ത്തൃകാരകന്‍ (ഭ൪ത്തൃകാരകന്‍ - ശനി) മുതലായവരെക്കൊണ്ടും വിചിന്തനം ചെയ്യണം. 
(കളത്രം = ഭാര്യ) 

വിവാഹകാലം

യോƒസ്തേ തിഷ്ഠതിയശ്ച പശ്യതിതയോ
രസ്തേശിതു൪വാƒഥ തേ-
നാരൂഢാംശഭ നാഥയോ, രുശനസ,-
സ്താരാധിനാഥസ്യ വാ;
യദ്വാ ലഗ്നപസംശ്രിതാംശകപതേ-
ര്യസ്മിന്‍ ദശാ വാƒപഹാ-
രോƒസ്മിന്‍ സ്യാത് സമയേ വിവാഹഘടനാ
രാഹോശ്ചകേചിത് ജഗുഃ


സാരം :- 

ലഗ്നാലും ചന്ദ്രാലും ഏഴാം ഭാവത്തില്‍ നില്‍ക്കുന്ന ഗ്രഹം, ഏഴാം ഭാവത്തിലേയ്ക്ക് ദൃഷ്ടിചെയ്യുന്ന ഗ്രഹം, ഏഴാം ഭാവാധിപഗ്രഹം, ഏഴാം ഭാവാധിപന്‍റെ അംശകനാഥഗ്രഹം ഏഴാം ഭാവനാഥസ്ഥിതിരാശിനാഥഗ്രഹം, ശുക്രന്‍, ചന്ദ്രന്‍, ലഗ്നാധിപന്‍, ലഗ്നാധിപാശ്രിതനാഥന്‍, ലഗ്നരാശിനാഥന്‍റെ അംശകാധിപന്‍ ഇവരുടെ ദശാകാലത്തോ അപഹാരകാലത്തോ അഥവാ ഛിദ്രകാലത്തോ വിവാഹം സംഭവിക്കും. ചില൪ രാഹുവിന്‍റെ ദശാപഹാരച്ഛിദ്രങ്ങളിലും  വിവാഹം സംഭവിക്കും എന്ന് പറയുന്നുണ്ട്.

*************************************

ജാമിത്രേ തദധീശ്വരാശ്രിതഗൃഹേ
യദ്വാനയോഃ സപ്തമേ
ധ൪മ്മേവാഥ സുതേചരന്തി ഭൃഗുജൗ
ലഗ്നാസ്തജന്മാധിപാഃ
കാലേ യത്ര യദാ ചരേച്ചധിഷണോ
ദ്യൂനേശഭാംശ൪ക്ഷയോ
ര്യദ്വാതത്സുത ധ൪മ്മയോസ്സസമയഃ
പ്രോദ്വാഹദായീ നൃണാം

സാരം :-

ലഗ്നചന്ദ്രന്മാരില്‍ ബലമുള്ളതിന്‍റെ ഏഴാം ഭാവത്തിലും, ഏഴാം ഭാവാധിപന്‍ നില്‍ക്കുന്ന രാശിയിലും ഈ പറഞ്ഞ രണ്ടു രാശികളുടേയും 5, 7, 9 എന്നീ ഭാവങ്ങളിലും ലഗ്നാധിപന്‍, ചന്ദ്രലഗ്നാധിപന്‍ ഇവരുടെ ഏഴാം ഭാവാധിപന്മാ൪, ശുക്രന്‍ ഇവ൪ സഞ്ചരിക്കുംകാലം വിവാഹം നടക്കും. ഏഴാം ഭാവാധിപന്മാരുടെ അംശകരാശികളില്‍, അവ൪ നില്‍ക്കുന്ന രാശികളില്‍ അവരുടെ ത്രികോണരാശികളില്‍ വ്യാഴം വരുമ്പോള്‍ വിവാഹം നടക്കാവുന്നതാണ്. 

സ്ത്രീക്ക് വൈധവ്യം അനുഭവിപ്പിക്കും / വൈധവ്യം അനുഭവിപ്പിക്കില്ല

ക്രൂരേഷ്ടമേ വിധവതാ നിധനേശ്വരോംശേ
യസ്യ സ്ഥിതോ വയസിതസ്യ സമേപ്രതിഷ്ഠാ
സത്സ്വ൪ത്ഥഗേഷു മരണം സ്വയമേവതസ്യാഃ
കന്യാളിഗോഹരിഷു ചാല്പസുതത്വമിന്ദോഃ

സാരം :-

സ്ത്രീജാതകത്തില്‍ എട്ടാം ഭാവത്തില്‍ നില്‍ക്കുന്ന പാപഗ്രഹം സ്ത്രീക്ക് വൈധവ്യം അനുഭവിപ്പിക്കും. വൈധവ്യം അഷ്ടമാധിപന്‍ അംശകിച (നവാംശകം) രാശിനാഥന്‍റെ നൈസ൪ഗ്ഗികദശാവത്സരത്തിലാണ് അനുഭവിക്കുക. 

ഭ൪ത്താവിന്‍റെ ആയു൪ഭാവത്തില്‍ (സ്ത്രീ ജാതകത്തിലെ എട്ടാം ഭാവം - ഭ൪ത്താവിന്‍റെ ആയുസ്സ്) പാപഗ്രഹം നില്‍ക്കുന്നതുകൊണ്ടുമാണ് വൈധവ്യം സംഭവിക്കുന്നത്.

സ്ത്രീജാതകത്തില്‍ എട്ടാം ഭാവത്തില്‍ നില്‍ക്കുന്ന പാപഗ്രഹത്തിന് ശുഭഗ്രഹദൃഷ്ടിയുണ്ടായിരുന്നാല്‍ - ലഗ്നാല്‍ രണ്ടാം ഭാവത്തില്‍ ബലവാനായ ശുഭഗ്രഹം നിന്ന് നോക്കിയാല്‍ - വൈധവ്യം അനുഭവിക്കില്ല; ഭ൪ത്തൃമരണത്തിനു മുന്‍പ് സ്ത്രീ മരിക്കുമെന്ന൪ത്ഥം. 

 സ്ത്രീയുടെ ജാതകത്തിലായാലും പുരുഷന്‍റെ ജാതകത്തിലായാലും കന്നിയിലോ വൃശ്ചികത്തിലോ ചിങ്ങത്തിലോ ചന്ദ്രന്‍ നില്‍ക്കുമ്പോള്‍ ജനിച്ച സ്ത്രീപുരുഷന്മാ൪ക്ക്  പുത്രന്മാ൪ അധികം ഉണ്ടാവില്ല.

വിവാഹാനന്തരം സമൃദ്ധിയും ഭാവഫലവും കാരകഫലവും അനുഭവിക്കും

ലഗ്നാദുപചയ൪ക്ഷസ്ഥൗ
ശുക്രാസ്തേശൗ സമൃദ്ധിതൗ
വിവാഹോത്തര കാലേതു
സുതാഭാവപ്യയം നരഃ

സാരം :-

ലഗ്നാല്‍ ഉപചയരാശികളായ 3-6-10-11 എന്നീ ഭാവങ്ങളില്‍ ശുക്രനും ഏഴാം ഭാവാധിപനും നില്‍ക്കുന്നത് സമൃദ്ധിപ്രദമാണ്. 

ലഗ്നാല്‍ ഉപചയരാശികളായ 3-6-10-11 എന്നീ ഭാവങ്ങളില്‍  ഭാവാധിപന്മാരും കാരകഗ്രഹങ്ങളും നിന്നാലും വിവാഹാനന്തരം സമൃദ്ധിയും ഭാവഫലവും കാരകഫലവും അനുഭവിക്കും. ഭാവാധിപനും കാരകാധിപനും അഞ്ചാം ഭാവത്തില്‍ നിന്നാലും സമൃദ്ധി അനുഭവിക്കും 

വൈധവ്യം അനുഭവിക്കുന്നത് വരെ പുത്രഭ൪ത്തൃസമേതം സന്തോഷകരമായി സമാഹ്ലാദം ജീവിക്കും

നവമേ ശുഭസംയുക്തേ
സ പാപേസ്തേഷ്ടമേപി വാ
പതിപുത്രയുതാനാരീ
മോദതേ നാത്രസംശയഃ

സാരം :-

സ്ത്രീജാതകത്തില്‍ ബലവാനായ ശുഭഗ്രഹം ഒന്‍പതാം ഭാവത്തില്‍ നിന്നാല്‍  ഏഴാം ഭാവത്തിലും എട്ടാം ഭാവത്തിലും പാപഗ്രഹം ഉണ്ടായിരുന്നാലും സ്ത്രീ പുത്രഭ൪ത്തൃസമേതം സന്തോഷമായി സമാഹ്ലാദം ജീവിക്കും.

ദാമ്പത്യം ഐശ്വര്യപൂ൪ണ്ണമായിരിക്കും

അസ്തേശാശ്രിതഭം തദംശ ഭവനം
തസ്യോച്ചഭം നീചഭം
ശുക്രാധിഷ്ടിതഭം തദസ്തഭ മീനാം
ശ൪ക്ഷ ത്രികോണം വിധോഃ
ഇന്ദോരഷ്ടക വ൪ഗ്ഗകേക്ഷ ബഹുളേ
വ്യൂഹാഷ്ട വ൪ഗ്ഗേ തഥാ
ഭാര്യാ ജന്മശുഭം സിതാഷ്ടകഗണേ-
പ്യസ്യാസ്തനാഥാക്ഷയുക്

സാരം :- 

ഏഴാം ഭാവാധിപതി നില്‍ക്കുന്ന രാശി, ഏഴാം ഭാവാധിപന്‍റെ അംശകരാശി, ഏഴാം ഭാവാധിപന്‍റെ ഉച്ചരാശി, ഏഴാം ഭാവാധിപന്‍റെ നീചരാശി, കളത്ര കാരകനായ ശുക്രന്‍ നില്‍ക്കുന്ന രാശി, ശുക്രന്‍ നില്‍ക്കുന്ന രാശിയുടെ ഏഴാമത്തെ രാശി, ചന്ദ്രന്‍റെ ദ്വാദശാംശക രാശി, ചന്ദ്രദ്വാദശാംശകരാശിയുടെ 5 ഉം 6 ഉം രാശികള്‍ ചന്ദ്രന്‍റെ അഷ്ടവ൪ഗ്ഗത്തില്‍ അഷ്ടാധിക്യമുള്ള രാശി, സമുദായാഷ്ടവ൪ഗ്ഗത്തില്‍ അധികാക്ഷമുള്ള രാശി, ശുക്രന്‍റെ അഷ്ടവ൪ഗ്ഗത്തില്‍ ശുക്രാലേഴാം ഭാവനാഥാക്ഷം വീണ രാശി, ഇവകളിലൊന്ന്‌ നക്ഷത്രക്കൂറായോ ജന്മലഗ്നരാശിയായോ പിറന്ന സ്ത്രീയെ വിവാഹം ചെയ്‌താല്‍ ഐശ്വര്യപൂ൪ണ്ണമായ ദാമ്പത്യമനുഭവിക്കും.


*******************


ചന്ദ്രാഷ്ടവ൪ഗ്ഗ്യേതത് കക്ഷ്യാ-
പത്യ൪ക്ഷാന്വിത രാശിജാ
ലഗ്നേശാത്രിതഭാംശ൪ക്ഷ
ദ്വയജാ ച ശുഭാവധുഃ

സാരം :-

ചന്ദ്രന്‍റെ അഷ്ടവ൪ഗ്ഗത്തില്‍ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയുടെ അധിപന്‍റെ അക്ഷം വീണിരിക്കുന്ന രാശികളിലൊന്നില്‍ ജനിച്ച സ്ത്രീയെയോ, ലഗ്നരാശിനാഥന്‍ നില്‍ക്കുന്ന രാശിയിലോ അംശകിച്ച രാശിയിലൊ ജനിച്ച സ്ത്രീയെയോ കളത്രസ്വീകാരം ചെയ്‌താല്‍ ദാമ്പത്യം ശുഭമായിരിക്കും. 

ഭാര്യമാരുടെ എണ്ണം കണ്ടുപിടിക്കുന്നത് എങ്ങനെ?

ശുക്രാല്‍ സപ്തമ ഭാഗ്യപൗ ഹിമകരാ
ല്ലഗ്നാച്ച ഭാഗ്യാധിപാ
വേതൈരാശ്രിതഭേഷുശോധനവിധൗ
ശിഷ്ടാക്ഷസംഖ്യാ സ്ത്രിയഃ

യദ്വാസ്തേശ്വരതുംഗനീചഭ വിശു-
ദ്ധാക്ഷൈ൪ വിവാഹൈഃ സമഃ
സംഖ്യാല്‍പാതുമദേശ്വരേതിവിബലേ
വീരാന്വിതേ ഭൂയസീ.

സാരം :-

ശുക്രാഷ്ടവ൪ഗ്ഗം ഏകാധിപത്യശോധനയും ത്രികോണശോധനയും ചെയ്ത് ശിഷ്ടം വരുന്ന സംഖ്യകള്‍, ശുക്രന്‍ നില്‍ക്കുന്ന രാശിയുടെ സപ്തമാധിപനും, ഒന്‍പതാം ഭാവാധിപനും ലഗ്നത്തിന്‍റെ ഒന്‍പതാം ഭാവാധിപനും; നില്‍ക്കുന്ന രാശികളില്‍ എത്ര വരുന്നുണ്ടോ അത്രസംഖ്യയോളം ഭാര്യമാരുണ്ടാവും. അല്ലെങ്കില്‍ ശുക്രലഗ്നചന്ദ്രന്മാരുടെ ഏഴാം ഭാവാധിപന്മാ൪ നില്‍ക്കുന്ന രാശികളിലെ സംഖ്യയോളം ഭാര്യമാരെ പറയാം. ഇവ രണ്ടും രണ്ടുവിധ യോഗങ്ങളായി കാണണം. ബലമുള്ളതു സ്വീകരിക്കണം. ഏഴാം ഭാവാധിപന്‍ ബലവാനാണെങ്കില്‍ കളത്രാധിക്യത്തെയും ബലഹീനനാണെങ്കില്‍ അല്‍പസംഖ്യയേയും പറയണം. 

സമ്പന്ന / നി൪ദ്ധന കുടുംബത്തില്‍ നിന്ന് വിവാഹം ചെയ്യും

ദാരേശേ ബലസമ്പൂ൪ണ്ണേ
വിവാഹോ ധനിനാം കുലാത്
ബലഹീനോ ദരിദ്രാണാം
നസ്യാദ്രൂപവതീ ച സാ

സാരം :-

ഏഴാം ഭാവാധിപന്‍ ബലസമ്പൂ൪ണ്ണനായിരുന്നാല്‍ സമ്പന്നകുടുംബത്തില്‍ നിന്നും വിവാഹം നടക്കും. 

ഏഴാം ഭാവാധിപന്‍ ബലഹീനനായിരുന്നാല്‍ നി൪ദ്ധനകുടുംബത്തില്‍ നിന്ന് രൂപഭംഗി കുറഞ്ഞ സ്ത്രീയെ വിവാഹം ചെയ്യും.

ഭാര്യയുടെ വീടിരിക്കുന്ന ദിക്ക് കണ്ടുപിടിക്കുനത് എങ്ങനെ?

ഭാര്യാ സ്ഥിതാവേക്ഷകരാശിദിഗ്ഭ്യോ
വാ സ്തേശ ശുക്രസ്ഫുടയോഗദിഗ്ഭ്യഃ
ഭാര്യാം ലഭേ, ദുക്തഗൃഹാംശകൈസ്തൈ-
ശ്ചരാദിഗൈ൪മ്മാ൪ഗ്ഗമപി പ്രകല്‍പ്യം

സാരം :-

ഏഴാം ഭാവത്തില്‍ നില്‍ക്കുന്ന ഗ്രഹത്തിന്‍റെയോ ഏഴാം ഭാവത്തില്‍ നിന്ന് നോക്കുന്ന ഗ്രഹത്തിന്‍റെയോ രാശിദിക്കില്‍ നിന്നോ രാശികള്‍ക്ക് പറഞ്ഞ ദിക്കില്‍ നിന്നോ അഥവാ ഏഴാം ഭാവാധിപന്‍റെയും കളത്രകാരകന്‍റെയും സ്ഫുടരാശിദിക്കില്‍ നിന്നോ കളത്രലാഭം (ഭാര്യാലാഭം, ഭാര്യയുടെ വീടിരിക്കുന്ന ദിക്ക് ) വരും. ഈ ഗ്രഹരാശ്യംശകങ്ങള്‍ ചര രാശിയില്‍ വന്നാല്‍ വളരെ ദൂരെനിന്നും സ്ഥിരരാശിയില്‍ വന്നാല്‍ സമീപത്തു നിന്നും ഉഭയരാശിയില്‍ വന്നാല്‍ അധികം ദൂരെയല്ലാത്ത സ്ഥലത്ത് നിന്നും ഭാര്യാലാഭം ഉണ്ടാകും.

മേടം - ചിങ്ങം - ധനു = കിഴക്ക് ദിക്ക് 

ഇടവം - കന്നി - മകരം = തെക്ക് ദിക്ക്

മിഥുനം - തുലാം - കുംഭം = പടിഞ്ഞാറ് ദിക്ക്

ക൪ക്കിടകം - വൃശ്ചികം - മീനം - വടക്ക് ദിക്ക് 

------------------------------------------------------------------

ഭാര്യയുടെ ലഗ്നവും നക്ഷത്രവും കണ്ടുപിടിക്കുന്നത് എങ്ങനെ?

ജന്മേശ ലഗ്നേശമദേശഭാംശ-
ത്രികോണനീചോച്ചഗ്രഹേഷു ജാതം
ദാരേശദാരസ്ഥിതവീക്ഷകാണാം
താരേഷു ജാതം ച വദേത് കളത്രം.

സാരം :- 

പുരുഷജാതകത്തില്‍ ജന്മേശന്‍ നില്‍ക്കുന്ന രാശി, ലഗ്നാധിപന്‍ നില്‍ക്കുന്ന രാശി, ഏഴാം ഭാവാധിപന്‍ നില്‍ക്കുന്ന രാശി, ഇവരുടെ അംശകരാശികള്‍ ഇവരുടെ ത്രികോണക്ഷേത്രം, നീചരാശിക്ഷേത്രം, ഉച്ചരാശിക്ഷേത്രം എന്നിവകളിലൊന്ന്  കളത്രലഗ്നവും (ഭാര്യയുടെ ജാതകത്തിലെ ലഗ്നം) ജന്മലഗ്നവുമായി വരും. ഇതേവിധം ഏഴാം ഭാവാധിപന്‍റെയോ ഏഴാം ഭാവാധിപസ്ഥിതരാശിയുടെയോ ഏഴാം ഭാവത്തിലേയ്ക്ക് ദൃഷ്ടിചെയ്യുന്ന ഗ്രഹത്തിന്‍റെയോ നക്ഷത്രങ്ങളിലൊന്ന് കളത്രനക്ഷത്രമായി (ഭാര്യയുടെ നക്ഷത്രമായി) വരുന്നതാണ്.

ലഗ്നേശ ശുക്രസ്ഫുടയോഗതാരം
ലഗ്നാധിപാസ്തേശ്വര സംയുതം വാ
കളത്രജന്മപ്രവദന്തിപുംസ-
സ്തഥൈവനാര്യാഃ ഖലു ഭ൪തൃജന്മഃ

സാരം :-

പുരുഷജാതകവശാല്‍ ലഗ്നാധിപഗ്രഹത്തിന്‍റെയും കളത്രകാരകനായ ശുക്രന്‍റെയും സ്ഫുടങ്ങള്‍ തമ്മില്‍ കൂട്ടി നാളു (നക്ഷത്രം) കണ്ടുകിട്ടുന്ന നക്ഷത്രത്തിലോ, ലഗ്നാധിപഗ്രഹത്തിന്‍റെയും ഏഴാം ഭാവാധിപഗ്രഹത്തിന്‍റെയും സ്ഫുടങ്ങള്‍ തമ്മില്‍ കൂട്ടി നാളുകിട്ടുന്ന സ്ഫുടത്തിലോ ആയിരിക്കും കളത്ര നക്ഷത്രം (ഭാര്യയുടെ നക്ഷത്രം) വരിക. ഇതേ പ്രകാരം സ്ത്രീജാതകത്തിലെ സ്ഫുടങ്ങള്‍ തമ്മില്‍ കൂട്ടികിട്ടുന്ന കളത്രരാശിയിലായിരിക്കും ഭ൪ത്താവിന്‍റെ നക്ഷത്രം. 

രണ്ടു ഭാര്യയുള്ളവനാകും / ബഹുവല്ലഭനായിത്തീരും

ലഗ്നേന്ദു ജാമിത്ര തദീശശുക്രൈ൪
ദ്വിദേഹ രാശ്യംശഗതൈ൪ ദ്വിഭാര്യഃ
സോച്ചാദിഗൈസ്തൈ൪ ബഹുവല്ലഭഃ സ്യാല്‍
കളത്രഗൈ൪വ്വാ വിഹഗൈ൪വ്വികല്‍പ്യാഃ

സാരം :-

പുരുഷജാതകത്തില്‍ ലഗ്നത്തിനും ലഗ്നാധിപനും ചന്ദ്രനും ഏഴാം ഭാവത്തിനും, ഏഴാം ഭാവാധിപതിക്കും ഉഭയരാശിസ്ഥിതിയും ഉഭയരാശ്യാംശകവും  വന്നാല്‍ അവന്‍ രണ്ടു (2) ഭാര്യയുള്ളവനാകും. ഈ യോഗക൪ത്താക്കള്‍ക്ക് ഉച്ചസ്ഥിതി ഉച്ചാംശകം മുതലായവയുണ്ടായാല്‍ ബഹുവല്ലഭനായിത്തീരും. ഏഴാം ഭാവത്തില്‍ നില്‍ക്കുന്ന ഗ്രഹങ്ങളെക്കൊണ്ടും കളത്രസംഖ്യ (ഭാര്യമാരുടെ എണ്ണം) കണ്ടുപിടിക്കാം.

അധമസ്ത്രീകളില്‍ ആസക്തചിത്തനായിത്തീരും

ശുക്രേ ബലോനേ ശനിവ൪ഗ്ഗസംസ്ഥേ
ദാസ്യാദിസക്തഃ ശനിയുക്തദൃഷ്ടേ
കുജേന ദൃഷ്ടേ കുജവ൪ഗ്ഗസംസ്ഥേ
ജീവേക്ഷണോനേ പരദാരസക്തഃ 

സാരം :-

പുരുഷജാതകത്തില്‍ ശുക്രന്‍ ശനിയുടെ വ൪ഗ്ഗം പ്രാപിച്ചു. ശനിയുടെ യോഗത്തോടെ ദൃഷ്ടിയോടോ കൂടിനിന്നാല്‍ ദാസീസക്തനായിത്തീരും. അധമസ്ത്രീകളില്‍ ആസക്തചിത്തനായിത്തീരും. 

പുരുഷജാതകത്തില്‍ ശുക്രന്‍ കുജദൃഷ്ടനായി കുജവ൪ഗ്ഗം പ്രാപിച്ച് വ്യാഴത്തിന്‍റെ ദൃഷ്ടിയോട് കൂടാതെ നിന്നാല്‍ അവന്‍ പരസ്ത്രീസക്തനായിത്തീരും.

വാ൪ദ്ധക്യകാലത്ത് വാ൪ദ്ധക്യം പ്രാപിച്ച ഭാര്യയുണ്ടാകും

അസിത കുജയോ൪ വ൪ഗ്ഗേƒസ്തസ്ഥേ
സിതേ തദവേക്ഷിതേ
പരയുവതിഗസ്തൗ ചേത്സേന്ദു
സ്ത്രീയാ സഹപുംശ്ചലഃ
ഭൃഗുജ ശശിനോരസ്ഥേ ഭാര്യോ
നരോ വിസുതോപി വാ
പരിണത തനു നൃസ്ത്ര്യോ൪ ദൃഷ്‌ടൗ
ശുഭൈഃ പ്രമദാപതിഃ

സാരം :-

പുരുഷജാതകത്തില്‍ കുജന്‍റെയോ ശനിയുടെയോ വ൪ഗ്ഗം ശുക്രനു വരികയും, ഇവരുടെ ദൃഷ്ടിയോടുകൂടി ശുക്രന്‍ ലഗ്നാല്‍ ഏഴാം ഭാവത്തില്‍ നില്‍ക്കുകയും ചെയ്‌താല്‍ അവന്‍ പരസ്ത്രീ സക്തനാകും. ശുക്രനെ ദൃഷ്ടിചെയ്യുന്ന കുജശനിമാ൪ക്ക് ചന്ദ്രയോഗം സംഭവിച്ചാല്‍ അവന്‍റെ ഭാര്യയും പരപുരുഷസംസ൪ഗ്ഗമുള്ളവളാകും (ഭാര്യയെ അന്യപുരുഷന്മാ൪ക്ക് അനുഭവിക്കാന്‍ അനുവദിച്ചുകൊടുക്കുന്നവനാകും).

പുരുഷജാതകത്തില്‍ ശുക്രനും ചന്ദ്രനും കൂടി ഒരു രാശിയിലും അതിന്‍റെ ഏഴാം ഭാവത്തില്‍ കുജനും ശനിയും നിന്നാല്‍ ഭാര്യയുണ്ടാവില്ല. ഭാര്യയുണ്ടായി വന്നാല്‍ സന്തതിയില്ലാത്തവനാകും.

ശനിയും കുജനും സ്ത്രീപുരുഷന്മാരുടെ ജാതകത്തില്‍ ലഗ്നാല്‍ ഏഴാം ഭാവത്തില്‍ ശുഭഗ്രഹദൃഷ്ടിയോടുകൂടി നിന്നാല്‍ അവനു വാ൪ദ്ധക്യകാലത്ത് വാ൪ദ്ധക്യം പ്രാപിച്ച ഭാര്യയുണ്ടാകും.

പ്രസവിക്കാത്ത പെണ്ണിന്‍റെ ഭ൪ത്താവായിത്തീരും

കോണോദയേ ഭൃഗുതനയേസ്തചക്രസന്ധൗ
വന്ധ്യാപതിര്യദി ന  സുത൪ക്ഷമിഷ്ട യുക്തം
പാപഗ്രഹൈവ്യയമദലഗ്നരാശി സംസ്ഥൈഃ
ക്ഷീണേ ശശിന്യസുത കളത്രജന്മധീസ്ഥേ


സാരം :-


പുരുഷജാതകത്തില്‍ ലഗ്നത്തില്‍ ശനിയും, ലഗ്നത്തിന്‍റെ ഏഴാം ഭാവത്തില്‍ ഋക്ഷസന്ധിയില്‍ ശുക്രന്‍ നില്‍ക്കുകയും, അഞ്ചാം ഭാവത്തില്‍ ശുഭഗ്രഹബന്ധം വരാതിരിക്കുകയും ചെയ്‌താല്‍ അവന്‍ പ്രസവിക്കാത്ത പെണ്ണിന്‍റെ ഭ൪ത്താവായിത്തീരും. ഈ പറഞ്ഞ യോഗം ഇടവം - കന്നി - മകരം എന്നീ മൂന്നു രാശികളില്‍ ഏതെങ്കിലും ഒരു രാശി ലഗ്നമായി വന്നാല്‍ മാത്രമേ സംഭവിക്കുകയുള്ളു. ഈ മൂന്നു രാശിയുടേയും ഏഴാം ഭാവം ക൪ക്കിടകം - വൃശ്ചികം - മീനം എന്നീ രാശികളായ ഋക്ഷസന്ധിരാശികളായിട്ടാണല്ലോ വരിക. 

പുരുഷജാതകത്തില്‍ ലഗ്നത്തിലും പന്ത്രണ്ടാം ഭാവത്തിലും ഏഴാം ഭാവത്തിലും പാപഗ്രഹങ്ങള്‍ നില്‍ക്കുകയും അഞ്ചാം ഭാവത്തില്‍ ബലരഹിതനായ ചന്ദ്രനും നിന്നാല്‍ അവനു ഭാര്യയും മക്കളും ഉണ്ടാകുന്നതല്ല.

ഭാര്യാ മരണം അഗ്നിനിമിത്തമായും / വെള്ളത്തില്‍ ചാടിയോ / വീഴ്ചകൊണ്ടോ സംഭവിക്കും / തൂങ്ങിമരണം സംഭവിക്കും

ഉഗ്രഗ്രഹൈ സിതചതുരശ്ര സംസ്ഥിതൈ൪
മധ്യസ്ഥിതേ ഭൃഗുതനയേഥവോഗ്രയോ
സൗമ്യഗ്രഹൈരസഹിതസന്നിരീക്ഷിതേ
ജായാവധോ ദഹന നിപാതപാശജഃ

സാരം :-

പുരുഷജാതകത്തില്‍ ഉഗ്രന്മാരായ ഗ്രഹങ്ങള്‍ - പ്രബലന്മാരായ പാപഗ്രഹങ്ങള്‍ - ശുക്രന്‍റെ നാലാം ഭാവത്തിലും എട്ടാം ഭാവത്തിലും നില്‍ക്കുക; അഥവാ ശുക്രന്‍റെ രണ്ടാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും നില്‍ക്കുക.  ശുക്രന് ശുഭഗ്രഹങ്ങളുടെ യോഗമുണ്ടാവാതിരിക്കുകയും ശുഭഗ്രഹങ്ങള്‍ ശുക്രന്‍റെ ഏഴാം ഭാവത്തില്‍ നിന്ന് സമ്പൂ൪ണ്ണമായി ശുക്രനെ നോക്കാതിരിക്കുകയും ചെയ്‌താല്‍ ഭാര്യാ മരണം അഗ്നിനിമിത്തമായും, അഗ്നിയില്‍ ചാടിയോ അഗ്നി ശരീരത്തില്‍  കൊളുത്തിയോ സംഭവിക്കും. അതല്ലെന്നിരുന്നാല്‍ വീഴ്ചകൊണ്ട് ഉയരങ്ങളില്‍  നിന്ന് താഴേക്കു ചാടിയോ വെള്ളത്തില്‍ ചാടിയോ ഭാര്യാ മരണം സംഭവിക്കും. അതുമല്ലെങ്കില്‍ തൂങ്ങിമരണം സംഭവിക്കും. 

ഇങ്ങനെ മൂന്നുവിധം പറഞ്ഞിരിക്കുന്നത് മേല്‍പറഞ്ഞ മൂന്നു യോഗങ്ങള്‍ക്കോരോന്നിനും ഓരോന്നായി പറയാവുന്നതാണെന്ന് കരുതാം. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.