ജന്മനക്ഷത്രം അനുസരിച്ച് രത്നങ്ങള്‍

അശ്വതി                    - വൈഡൂര്യം

ഭരണി                       - വജ്രം

കാര്‍ത്തിക                 - മാണിക്യം

രോഹിണി                - മുത്ത്

മകീര്യം                     - പവിഴം

തിരുവാതിര              - ഗോമേദകം

പുണര്‍തം                  - മഞ്ഞ പുഷ്യരാഗം

പൂയം                       - ഇന്ദ്രനീലം

ആയില്യം                  - മരതകം

മകം                          - വൈഡൂര്യം

പൂരം                         - വജ്രം

ഉത്രം                          - മാണിക്യം

അത്തം                       - മുത്ത്

ചിത്തിര                     - പവിഴം

ചോതി                       - ഗോമേദകം

വിശാഖം                    - മഞ്ഞപുഷ്യരാഗം

അനിഴം                       - ഇന്ദ്രനീലം

തൃക്കേട്ട                       - മരതകം

മൂലം                          - വൈഡൂര്യം

പൂരാടം                      - വജ്രം

ഉത്രാടം                       - മാണിക്യം

തിരുവോണം               - മുത്ത്

അവിട്ടം                       - പവിഴം

ചതയം                        - ഗോമേദകം

പൂരോരുട്ടാതി              - മഞ്ഞ പുഷ്യരാഗം

ഉത്രട്ടാതി                      - ഇന്ദ്രനീലം

രേവതി                        - മരതകം  

നവരത്നങ്ങള്‍ 9 ഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നു

ജ്യോതിഷത്തില്‍ വളരെ പ്രചാരമുള്ള നവരത്നങ്ങള്‍ 9 ഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നു.

ഗ്രഹം        :- രത്നം         :- വര്‍ണ്ണം

സൂര്യന്‍      - മാണിക്യം      - പിങ്ക്

ചന്ദ്രന്‍        - മുത്ത്             - വെളുപ്പ്‌

ചൊവ്വ        - പവിഴം         - ചുവപ്പ്

ബുധന്‍        - മരതകം         - പച്ച

വ്യാഴം        - പുഷ്യരാഗം    - മഞ്ഞ

ശുക്രന്‍         - വജ്രം             - വെളുപ്പ്‌

ശനി             - ഇന്ദ്രനീലം       - നീല

രാഹു          - ഗോമേദകം      - ബ്രൌണ്‍

കേതു           - വൈഡൂര്യം    - വെളുപ്പ്‌

ജ്യോതിഷാചാര്യനായ വരാഹമിഹിരന്‍ ജ്യോതിഷത്തില്‍ ഉപയോഗിക്കപ്പെടുന്ന 22 രത്നങ്ങളെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. (ഒരു പക്ഷേ 9 ഗ്രഹങ്ങള്‍, ലഗ്നം, 12 രാശികള്‍ ഇവയെ ഉദ്ദേശിച്ചായിരിക്കാം) അവ താഴെപ്പറയുന്നവയാണ്.

മാണിക്യം, മുത്ത്, പവിഴം, മരതകം, പുഷ്യരാഗം, വജ്രം, ഇന്ദ്രനീലം, വൈഡൂര്യം, ഹക്കിക്ക് (ഏഗേറ്റ്), ഓപ്പല്‍, സ്ഫടികം, ചന്ദ്രകാന്തം, ശംഖ്, അസുരത്നം, വിമലക, രാജമണി, ബ്രാഹ്മണി, ജ്യോതിരസ, സസ്യക, സൗഗന്ധിക. പീതാനിയ, (ബ്ലഡ് സ്റ്റോണ്‍) ജമുനിയ (അമതിയസ്റ്റ്)

ആധുനിക ഭാരതീയ ജ്യോതിഷത്തില്‍ നവഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്ന നവരത്നങ്ങള്‍ എന്നറിയപ്പെടുന്ന മാണിക്യം, മുത്ത്, പവിഴം, മരതകം, പുഷ്യരാഗം, വജ്രം, ഇന്ദ്രനീലം, ഗോമേദകം, വൈഡൂര്യം എന്നിവയാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്.

രത്നങ്ങളെ സൂര്യ രാശ്മിയിലെ വര്‍ണ്ണങ്ങള്‍ അനുസരിച്ച് തരം തിരിച്ചിരിക്കുന്നു

രത്നങ്ങളെ സൂര്യ രാശിയിലെ വര്‍ണ്ണങ്ങള്‍ അനുസരിച്ച് തരം തിരിച്ചിരിക്കുന്നു. ഇവയെ "സപ്തര്‍ഷി രത്നങ്ങള്‍" എന്നറിയപ്പെടും. അവ താഴെപ്പറയുന്നു

ഗ്രഹം           :-   രത്നം
ചൊവ്വാ         - പവിഴം

സൂര്യന്‍          - മാണിക്യം

വ്യാഴം           - പുഷ്യരാഗം

ബുധന്‍            - മരതകം

ശുക്രന്‍            - വജ്രം

ചന്ദ്രന്‍            - മുത്ത്

ശനി               - ഇന്ദ്രനീലം 

രത്നങ്ങളുടെ പഞ്ച ഭൂതങ്ങളിലെ സ്വാധീനം

ഭൂതം               :-  രത്നം

അഗ്നി               :- മാണിക്യം

ജലം                 :- മുത്ത്

വായു              :- വജ്രം

ആകാശം          :- ഇന്ദ്രനീലം

ഭൂമി                :- മരതകം

ജ്യോതിഷത്തില്‍ രത്നങ്ങളുടെ ഉപയോഗത്തിന്‍റെ ശാസ്ത്രീയതയെപ്പറ്റി രണ്ട് അഭിപ്രായങ്ങളുണ്ട്‌

പ്രപഞ്ചത്തില്‍ ആകെ നിറഞ്ഞുനില്‍ക്കുന്ന പ്രകാശോര്‍ജ്ജത്തിന്‍റെ വര്‍ണ്ണ രശ്മികള്‍ രത്നങ്ങള്‍ ശേഖരിച്ച് ധരിക്കുന്ന വ്യക്തിയിലേക്ക് എത്തിക്കുന്നു എന്നതാണ് ഒരു അഭിപ്രായം. ഋഗ്വേദത്തില്‍ സൂര്യന്‍റെ 7 രശ്മികളെ ശേഖരിക്കുവാന്‍ 7 രത്നങ്ങള്‍ ഉപയോഗിക്കുവാന്‍ പറഞ്ഞിരിക്കുന്നു.

രണ്ടാമത്തെ അഭിപ്രായം കുറച്ചുകൂടി പ്രസിദ്ധമാണ്. അത് അറിയപ്പെടുന്നത് പ്രപഞ്ച ഊര്‍ജ്ജത്തിലെ ചില രശ്മികളെ രത്നങ്ങളെക്കൊണ്ട് നിയന്ത്രിച്ച് രത്നങ്ങള്‍ ധരിക്കുന്ന വ്യക്തിയിലേയ്ക്ക് കടത്തി വിടുന്നു എന്നതാണ്. 

നവരത്നങ്ങള്‍ ഏവ?

1). മാണിക്യം :-
മാണിക്യത്തിന് ചുവപ്പ് നിറമാണ്. ഇത് കടുംചുവപ്പ്, റോസ് നിറം, കറുപ്പ് കലര്‍ന്ന ചുവപ്പുനിറം ഇങ്ങനെ വ്യത്യസ്ഥങ്ങളായ ചുവപ്പ് നിറങ്ങളില്‍ ലഭിക്കുന്നു. ഇത് വളരെ വിലപിടിപ്പുള്ള രത്നമാണ്.

2). മുത്ത് :-
മുത്ത് വെള്ള, മഞ്ഞ, റോസ്, കറുപ്പ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. വെള്ള നിറമുള്ള മുത്തുകളാണ് രത്നാഭരണങ്ങള്‍ക്ക് പ്രധാനമായും ഉപയോഗിക്കുന്നത്.

3). പവിഴം :-
ചുവപ്പ് നിറം, സിന്ദൂര നിറം, കാവി കലര്‍ന്ന ചുവപ്പ് നിറം എന്നീ നിറങ്ങളില്‍ പവിഴം ലഭിക്കുന്നു. വെളുത്തനിറമുള്ള പവിഴക്കല്ലുകളും ഇപ്പോള്‍ കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു.

4). മരതകം :-
മരതകം വിവിധ തരം പച്ചവര്‍ണ്ണങ്ങളില്‍ ലഭിക്കുന്നു.

5). പുഷ്യരാഗം :-
പുഷ്യരാഗം മഞ്ഞ നിറത്തിലും വെള്ള നിറത്തിലും ലഭ്യമാണ്

6). വജ്രം :-
വജ്രം വെളുപ്പ്‌, മഞ്ഞ, റോസ് നിറം, ചുവപ്പ്, നീല, കറുപ്പ്, എന്നീ നിറങ്ങളില്‍ ലഭ്യമാണ്.

7). ഇന്ദ്രനീലം :-
ഇളംനീല, കടുംനീല എന്നിങ്ങനെ വിവിധ തരം നീലനിറങ്ങളില്‍ ഇന്ദ്രനീലം ലഭ്യമാണ്.

8). ഗോമേദകം :-
ഗോമേദകം തേന്‍നിറം, ഗോമൂത്രത്തിന്‍റെ നിറം എന്നീ നിറങ്ങളില്‍ ലഭിക്കുന്നു. ചുവപ്പ് നിറമുള്ളവയുമുണ്ട്.

9). വൈഡൂര്യം :-
വെളുപ്പ്‌ നിറത്തില്‍, മഞ്ഞനിറത്തില്‍, കറുപ്പ് നിറത്തില്‍ എന്നിങ്ങനെ മൂന്നു നിറങ്ങളില്‍ വൈഡൂര്യം ലഭിക്കുന്നു. ഈ രത്നം തിരിക്കുമ്പോള്‍ ഒരു ഭാഗത്ത് നിന്ന് മറു ഭാഗത്തേയ്ക്ക് പ്രകാശമോടുന്നതായി കാണാം. 

മൃത്യുലോക രത്നങ്ങള്‍

ഭൂമിയില്‍ ലഭിക്കുന്ന രത്നങ്ങളെ മൃത്യുലോക രത്നങ്ങള്‍ എന്ന് പറയുന്നു. എണ്‍പത്തിനാലിലധികം രത്നങ്ങള്‍ ഇപ്പോള്‍ ഭൂമിയില്‍ ലഭിക്കുന്നു. ഭാരതീയ രത്ന ശാസ്ത്രം ഇവയേക്കുറിച്ച് പ്രതിപാദിക്കുന്നു. ഇപ്പോള്‍ പലതരം രത്നങ്ങള്‍ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഈ 84 തരം രത്നങ്ങള്‍ക്കാണ് ഭാരതീയ രത്ന ശാസ്ത്രപ്രകാരം പ്രാധാന്യമുള്ളത്. ഇവയില്‍ 9 എണ്ണം വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നു. മാണിക്യം, മുത്ത്, പവിഴം, മരതകം, പുഷ്യരാഗം, വജ്രം, ഇന്ദ്രനീലം, ഗോമേദകം, വൈഡൂര്യം എന്നിവയാണ് ആ നവരത്നങ്ങള്‍. ഇവയില്‍ തന്നെ മാണിക്യം, മുത്ത്, മരതകം, വജ്രം, ഇന്ദ്രനീലം ഇവ മഹാരത്നങ്ങളായി കണക്കാക്കപ്പെടുന്നു. മറ്റുള്ളവ ഉപരത്നങ്ങളായി പരിഗണിക്കപ്പെടുന്നു. നവരത്നങ്ങളെപ്പോലെതന്നെ ആകര്‍ഷകങ്ങളാണ് പല ഉപരത്നങ്ങളും.

പാതാളലോക രത്നങ്ങള്‍

പാതാള ലോകത്ത് ഒന്‍പതുതരം സര്‍പ്പങ്ങള്‍ വസിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. അവയുടെ നിറങ്ങള്‍ കറുപ്പ്, നീല, മഞ്ഞ, പച്ച, ധൂമ വര്‍ണ്ണം, വെളുപ്പ്‌, ചുവപ്പ്, റോസ് നിറം, പാല്‍നിറം ഇവയാണ്. സര്‍പ്പങ്ങള്‍ ശിരസ്സില്‍ ഇതേ നിറത്തിലുള്ള രത്നങ്ങള്‍ ധരിച്ചിരിക്കുന്നു, പാതാളലോകത്താകെ പ്രകാശം ലഭിക്കുന്നത് ഈ രത്നങ്ങളില്‍ നിന്നാണ്.

സ്വര്‍ഗ്ഗലോക രത്നങ്ങള്‍ നാലുതരമുണ്ട്‌

1). ചിന്താമണി :- ഇത് ബ്രഹ്മാവ്‌ ധരിച്ചിരിക്കുന്ന വെള്ളനിറമുള്ള രത്നമാണ്. ബ്രഹ്മാവിന്‍റെ എല്ലാ വിജയങ്ങള്‍ക്കും കാരണം ചിന്താമണി രത്നമാണ്.

2). കൗസ്തുഭമണി :- ഇതിന് താമരപ്പൂവിന്‍റെ നിറമാണ്. ഇതിന് ആയിരം സൂര്യന്മാരുടെ തേജസുണ്ട്. കൗസ്തുഭമണി മഹാവിഷ്ണു ധരിച്ചിരിക്കുന്നു.

3). രുദ്രമണി :- സ്വര്‍ണ്ണ നിറമുള്ള ഈ രത്നം മഹാദേവന്‍ (ശിവന്‍) ധരിച്ചിരിക്കുന്നു.

4). സ്യമന്തകമണി  :- ഇത് ശ്രേഷ്ഠമായ നീലനിറത്തിലുള്ള രത്നമാണ്. ഇത് ദേവേന്ദ്രന്‍ ധരിച്ചിരിക്കുന്നു.

എത്രതരം രത്നങ്ങള്‍ ഉണ്ട്

ഹിന്ദു പുരാണങ്ങള്‍ അനുസരിച്ച് മൂന്നു വിഭാഗം രത്നങ്ങളാണുള്ളത്.

1). സ്വര്‍ഗ്ഗലോക രത്നങ്ങള്‍

2). പാതാളലോക രത്നങ്ങള്‍

3). മൃത്യുലോക രത്നങ്ങള്‍

രത്നങ്ങള്‍

രത്നങ്ങള്‍ സുന്ദരങ്ങളും ആകര്‍ഷകങ്ങളും ആയതുകൊണ്ട് മാത്രമല്ല അവ വിലപിടിപ്പുള്ള വസ്തു ആയിത്തീര്‍ന്നത്. പ്രാചീനകാലം മുതല്‍ക്കേ രത്നങ്ങളുടെ നിഗൂഢ ശക്തികള്‍ പണ്ഡിതന്മാര്‍ മനസ്സിലാക്കിയിരുന്നു. രത്നങ്ങള്‍ രാജാക്കന്മാരും പ്രഭൂക്കന്മാരും സ്വന്തമാക്കുകയും സൂക്ഷിക്കുകയും ചെയ്തിരുന്നു. ജ്യോതിഷാചാര്യനായ വരാഹമിഹിരന്‍ ഒരു ശ്ലോകത്തില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു.

"നല്ല രത്നങ്ങള്‍ രാജാക്കന്മാര്‍ക്ക് വിജയവും ഭാഗ്യവും എപ്പോഴും നേടിക്കൊടുക്കും. എന്നാല്‍ ദോഷരത്നങ്ങള്‍ പരാജയവും നിര്‍ഭാഗ്യവും സമ്മാനിക്കും"

പ്രസിദ്ധമായ പല പുരാണഗ്രന്ഥങ്ങളിലും രത്നങ്ങളെക്കുറിച്ച് പരാമര്‍ശമുണ്ട്. സ്യാമന്തക രത്നത്തെക്കുറിച്ചും ശ്രീകൃഷ്ണനെക്കുറിച്ചും, കേട്ടിട്ടില്ലാത്തവര്‍ വിരളമാണ്. മഹാഭാരതത്തിന്‍റെ അവസാന ഭാഗത്ത് അശ്വദ്ധാമാവിന്‍റെ ശിരസിലണിഞ്ഞിരിക്കുന്ന രത്നം അര്‍ജ്ജുനന്‍ വാങ്ങിയ കഥ പ്രസിദ്ധമാണ്. ഗ്രഹങ്ങളുടെ ഭൂമിയിലെ ആകര്‍ഷണശക്തിയുടെ പ്രതീകങ്ങളാണ് രത്നങ്ങള്‍. മറ്റുഗ്രഹങ്ങളുടെ ഭൂമിയിലെ സത്തയായി നമുക്കിവയെ കണക്കാക്കാം.

"രമന്തേ അസ്മിന്‍ ഇതി രത്ന" ഏതൊന്നിലാണോ മനസ്സ് രമിക്കുന്നത് അതിനെ രത്നം എന്ന് പറയുന്നു.

രത്നങ്ങളെ സംബന്ധിച്ച് പല വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ചില രത്നങ്ങള്‍ ഭൂതപ്രേതാദികളെ അകറ്റുമെന്നും, ചിലവ അപകടങ്ങളില്‍ നിന്നും രക്ഷിക്കുമെന്നും, വിശ്വസിക്കപ്പെട്ടിരുന്നു. ചില രത്നങ്ങള്‍ ധരിച്ചപ്പോള്‍ ദീര്‍ഘകാലമായി കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് സന്താനങ്ങള്‍ ഉണ്ടായതായും, യുദ്ധത്തിനുപോയവരെ വിജയിപ്പിച്ചതായും ഒക്കെയുള്ള അതിപുരാതന അനുഭവങ്ങളാണ് ഈ രത്നശാസ്ത്രത്തിന്‍റെ വളര്‍ച്ചയ്ക്ക് പ്രേരണയായത്.

സൂര്യന്‍റെ പ്രകാശത്തിലെ 7 നിറങ്ങളിലൂടെ രത്നങ്ങള്‍ ധരിക്കുന്നവരെ സ്വാധീനിക്കുന്നതായി പറയപ്പെടുന്നു. കടലില്‍ കപ്പലില്‍ പോയവരെ രക്ഷിക്കുവാനുള്ള നിഗൂഢ ശക്തി ചില രത്നങ്ങള്‍ക്കുണ്ട് എന്ന് പാശ്ചാത്യര്‍ വിശ്വസിക്കുന്നു. സര്‍പ്പങ്ങളുടെ കാഴ്ച കുറയ്ക്കുവാന്‍ "മരതക" രത്നത്തിന് കഴിവുണ്ട് എന്ന് പറയപ്പെട്ടിരുന്നു.

പ്രാചീന ഭാരതത്തില്‍ 64 കലകളില്‍ പ്രാവീണ്യം നേടുന്ന വിദ്വാന്മാര്‍ പഠിക്കേണ്ട ഒരു കല "രൂപരത്ന പരീക്ഷ" എന്ന് അറിയപ്പെട്ടിരുന്നു. ഇത് രത്നങ്ങളുടെ പരിശുദ്ധി നിര്‍ണ്ണയിക്കുന്ന പരീക്ഷണം ആയിരുന്നു.

മഹാഭാരതത്തില്‍  ആശ്വദ്ധാമാവിന്‍റെ ശിരസ്സില്‍ ഉള്ള രത്നത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി പറഞ്ഞത് ഇപ്രകാരമാണ്.

പാണ്ഡവര്‍ക്കുള്ളരത്നങ്ങള്‍
കൗരവര്‍ക്കുള്ള വിത്തവും
അവര്‍ നേടിയവറ്റേക്കാള്‍
മെച്ചമാണെന്‍റെയീ രത്നം.
ഇതണിഞ്ഞാല്‍ പ്പേടിയില്ല
ശാസ്ത്രവ്യാധി ക്ഷുധാദിയില്‍
വാനോര്‍ ദാനവര്‍ നാഗങ്ങ-
ളിവര്‍ മൂലവുമേതുമേ
യക്ഷോഭയവുമില്ലില്ലാ
കള്ളര്‍ പേടിയുമങ്ങനെ
ഈ വീര്യമുള്ളി മണി (രത്നം) ഞാന്‍
ത്യജിച്ചീടില്ലൊരിക്കലും

പ്രസ്തുത രത്നത്തിന്‍റെ ശ്രേഷ്ഠത എത്രയെന്ന് മേല്‍പറഞ്ഞ ശ്ലോകത്തില്‍ നിന്ന് വ്യക്തമാണ്.

അജ്ഞാതമായ പ്രപഞ്ചശക്തിയെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രം എന്ന നിലയ്ക്ക് വേദാംഗങ്ങളില്‍ നേത്രസ്ഥാനം കല്‍പ്പിച്ചു നല്‍കിയിരിക്കുന്ന ജ്യോതിഷത്തിന്‍റെ അത്ഭുതകരമായ ശാഖകളില്‍ ഒന്നാണ് രത്ന ശാസ്ത്രം.

അദൃശമായ പ്രപഞ്ചശക്തിമൂലമുണ്ടാകുന്ന കഠിന പ്രശ്നങ്ങളെ തരണം ചെയ്യുവാന്‍ രത്നങ്ങളുടെ നിഗൂഢത  സഹായിക്കുന്നു എന്നത് വ്യക്തമായ കാര്യമാണ്.

ഹിന്ദുപുരാണപ്രകാരം ബലാസുരന്‍റെ അസ്ഥിയില്‍ നിന്ന് ഉത്ഭവിച്ചു എന്ന് പറയപ്പെടുന്ന രത്നങ്ങള്‍ യഥാര്‍ത്ഥത്തില്‍ രസതന്ത്രപരവും ഭൂമിശാസ്ത്രപരവുമായ പ്രകൃതിയിലെ സമ്മര്‍ദ്ദങ്ങള്‍ മൂലം പല പദാര്‍ത്ഥങ്ങള്‍ ചേര്‍ന്ന് രൂപപ്പെടുന്നവയാണ്. ദോഷഗ്രഹങ്ങളുടെതാണെങ്കിലും രത്നങ്ങള്‍ നല്ല ഗുണത്തിന്‍റെ പ്രഭാവം മാത്രം ധരിക്കുന്ന ആളിലേയ്ക്ക് കടത്തിവിടുന്നു എന്ന് പറയപ്പെടുന്നു. രത്നം ധരിക്കുന്നത്, വെയിലില്‍ നിന്നും മഴയില്‍ നിന്നും രക്ഷനേടാന്‍ കുട ചൂടുന്നതുപോലെയാണ്. ദോഷങ്ങളില്‍ നിന്ന് രത്നങ്ങള്‍ ധരിക്കുന്നയാള്‍ക്ക് സുരക്ഷ നല്‍കുന്നു. മനുഷ്യ ശരീരത്തില്‍ മഴവില്ലില്‍ കാണുന്ന നിറങ്ങള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. ഇവയില്‍ ഏതെങ്കിലും ഒരു നിറത്തിന്‍റെ കുറവ് ദോഷകരമായി ബാധിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. രത്നധാരണം നിറത്തിന്‍റെ കുറവ് പരിഹരിച്ച് നല്‍കുന്നു.

സമുദ്രം പോലെ വിസ്തൃതമായ ജ്യോതിഷത്തിന്‍റെ ഒരു വളരെ ചെറിയ ശാഖ മാത്രമാണ് രത്നശാസ്ത്രം. പല ആചാര്യന്മാരുടേയും അഭിപ്രായങ്ങള്‍ വ്യത്യസ്തമായതിനാല്‍ ഇതില്‍ പലപ്പോഴും വൈരുദ്ധ്യങ്ങള്‍ കാണാം.

നിങ്ങളെ രത്ന ധാരണത്തിന് പ്രേരിപ്പിക്കുന്നവരോട് നിങ്ങള്‍ കൃത്യമായി ഒന്ന് ചോദിച്ചറിയേണ്ടതുണ്ട്. ഒരു ഗ്രഹവും ആര്‍ക്കും പൂര്‍ണ്ണമായും അനുകൂലനല്ല. അതുകൊണ്ടുതന്നെ ശുഭഫലത്തോടൊപ്പം ദോഷഫലവും അവചെയ്യുന്നു. അവ പ്രതിനിധാനം ചെയ്യുന്ന രത്നങ്ങള്‍ ധരിക്കുമ്പോള്‍ സ്വാഭാവികമായും ഗുണഫലവും ഒപ്പം ദോഷഫലവും കൂടുന്നു. ഇന്ദ്രനീളം പോലെയുള്ള രത്നങ്ങളുടെ ദോഷഫലങ്ങള്‍ പരക്കെ അറിയപ്പെടുന്നതാണ്.

രത്നം ധരിച്ചാല്‍ ഉണ്ടാകുന്ന ഗുണഫലങ്ങള്‍ എന്തൊക്കെയാണ്? അതുപോലെ തന്നെ ദോഷഫലങ്ങള്‍ എന്തൊക്കെയാണ്?. രത്നം ധരിക്കാന്‍ നിര്‍ദ്ദേശിക്കുന്നവരോട് ചോദിച്ച് മനസ്സിലാക്കുക.

ഒരു നല്ല ജ്യോതിഷിയുടെ (ദൈവജ്ഞന്‍റെ) സഹായം കൊണ്ട് മാത്രമേ ഒരാളുടെ ഗ്രഹനില പരിശോദിച്ച് യഥാര്‍ത്ഥ "രത്ന നിര്‍ണ്ണയം" നടത്തുവാനാകും.

ജ്യോതിഷത്തില്‍ ഗ്രഹദോഷ പരിഹാരങ്ങള്‍ക്ക് ഒട്ടേറെ അനുഷ്ഠാനമാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഈ മാര്‍ഗ്ഗങ്ങള്‍ക്ക് പലര്‍ക്കും ഈ തിരക്കുപിടിച്ച കാലത്ത് സമയം കണ്ടെത്താന്‍ കഴിയുന്നില്ല.  അങ്ങനെയുള്ളവര്‍ക്ക് രത്ന ധാരണം ഏറ്റവും അനുയോജ്യമായ ഗ്രഹദോഷപരിഹാരമാര്‍ഗ്ഗമാണ്. രത്നം ധരിയ്ക്കുമ്പോള്‍ തന്നെ അതിന്‍റെ ഒരു പ്രഭാവം ധരിക്കുന്നവരില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നു. രത്നങ്ങള്‍ ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കാവുന്നവയാണനുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.

അനുഷ്ഠാനത്തിന് വലിയ പ്രയാസമില്ലാത്തതുകൊണ്ടും, വളരെ പെട്ടന്ന് ഫലിക്കുന്നതുകൊണ്ടും രത്ന ശാസ്ത്ര ശാഖയ്ക്ക് വലിയ പ്രചാരം വന്നുചേര്‍ന്നിരിക്കുന്നു. നവരത്നങ്ങള്‍ നവഗ്രഹങ്ങളുടെ അദൃശ്യശക്തി പ്രഭാവത്തെ വശീകരിച്ച് മനുഷ്യ ശരീരത്തിലേയ്ക്ക് കടത്തിവിടുവാന്‍ കഴിവുണ്ട്. രത്നങ്ങളുടെ മധ്യസ്ഥതയിലൂടെ ലഭിക്കുന്ന ഈ ശക്തി ഇതു ധരിക്കുന്നവരെ ആഗ്രഹ സഫലീകരണത്തിലേയ്ക്ക് നയിക്കുന്നു. വിധിപ്രകാരമുള്ള വൈദീക കര്‍മ്മങ്ങളായ ഹോമം, ദാനം, ജപം തുടങ്ങിയ തുടങ്ങിയ അനുഷ്ഠാങ്ങള്‍പോലെ തന്നെ രത്നധാരണവും വളരെ ഫലവത്താണ്‌.

രാശിചക്ര ലേഖകാംഗസ്പര്‍ശാദി ലക്ഷണങ്ങള്‍

ദൂതന്‍റെ ചേഷ്ടാംഗസ്പര്‍ശാദികള്‍ ശ്രദ്ധിച്ച് നിരീക്ഷിച്ചതുപോലെ രാശി ചക്രം വരച്ച വ്യക്തി രാശിചക്രം വരച്ചതിനു ശേഷം ചെയ്യുന്ന പ്രവൃത്തികളേയും നിരീക്ഷിക്കണം. അയാള്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും കൊടുക്കുന്നുണ്ടോ, ആരുടെ എങ്കിലും കൈയില്‍ നിന്ന് എന്തെങ്കിലും എന്തെങ്കിലും വാങ്ങിക്കുന്നുണ്ടോ, അയാളുടെ അംഗചലനങ്ങളെന്താണ്, ഏതെല്ലാം ശരീര ഭാഗത്തെ സ്പര്‍ശിക്കുന്നു എന്ന കാര്യങ്ങള്‍ ദൈവജ്ഞന്‍ ശ്രദ്ധിക്കണം. രാശിചക്രം വരച്ചതിനുശേഷം അവിടെ വരുന്ന ആളുകളുടെ ജാതിയും വേഷവും സ്വഭാവവും ശ്രദ്ധിക്കണം. ഇവയെല്ലാം തന്നെ പ്രശ്നഫലങ്ങളുടെ സൂചകങ്ങളായതുകൊണ്ട് ദൈവജ്ഞന് പ്രശ്നഫലങ്ങള്‍ മുന്‍കൂട്ടി ഊഹിക്കാന്‍ കഴിയും.

രാശിചക്രം വരച്ച വ്യക്തി രാശിചക്രം വരച്ചതിനുശേഷം കൈയിലിരിക്കുന്ന എന്തെങ്കിലും വസ്തു മറ്റൊരാള്‍ക്ക് കൊടുത്താല്‍ പൃഛകന്‍റെ ഭൂമി അന്യാധിനപ്പെടുമെന്ന് പറയണം. നേരെ മറിച്ച് മറ്റൊരാളില്‍ നിന്ന് എന്തെങ്കിലും വാങ്ങുന്നതായി കണ്ടാല്‍ പൃഛകന് പുതിയ ഭൂമി ലഭിക്കും. രാശിചക്രം വരച്ച കൈ തന്‍റെ തലയ്ക്ക് മുകളില്‍ നീട്ടിയാല്‍ പൃഛകന്‍റെ ഭൂമിയില്‍ ഉയരമുള്ള വൃക്ഷങ്ങള്‍ ഉണ്ടായിരിക്കും. കൈവിരലുകളില്‍ മോതിരം ഉണ്ടായിരുന്നാല്‍ കൈകള്‍ താഴ്ത്തിയാണ് കാണിക്കുന്നതെങ്കില്‍ ഉയരം കുറഞ്ഞ വൃക്ഷങ്ങള്‍ ഉണ്ടായിരിക്കും. വൃക്ഷങ്ങളില്‍ വള്ളികള്‍ പടര്‍ന്നിരിക്കുന്നതായി പറയണം. രാശിചക്ര ലേഖകന്‍ തന്‍റെ കഴുത്തില്‍ കിടക്കുന്ന ആഭരണങ്ങളെ തലോടുന്നതായി കണ്ടാലും വൃക്ഷങ്ങളില്‍ വള്ളിചുറ്റിയിരിക്കുന്നതായി പറയണം. രാശിചക്ര ലേഖകന്‍ തന്‍റെ കഴുത്തില്‍ കിടക്കുന്ന ആഭരണങ്ങളെ തലോടുന്നതായി കണ്ടാലും വൃക്ഷങ്ങളില്‍ വള്ളിചുറ്റിയിരിക്കുന്നതായി പറയണം. അയാള്‍ വിരലുകള്‍ വളച്ചാല്‍ വൃക്ഷത്തില്‍ കൊമ്പുകളൊന്നുമില്ല എന്ന് പറയണം. വിരലുകള്‍ മടക്കി മുഷ്ടി ചുരുട്ടി ഇരുന്നാല്‍ പറമ്പില്‍ വെറും വൃക്ഷക്കുറ്റികള്‍ മാത്രമേ ഉള്ളു എന്നും പറയണം. അയാള്‍ ക്ഷൗരം കഴിച്ച മുഖത്തെ കുറ്റിയായ രോമത്തെയാണ് സ്പര്‍ശിക്കുന്നതെങ്കില്‍ പറമ്പിലെ വൃക്ഷങ്ങള്‍ മുള്ളുള്ളവയാണെന്ന് പറയണം. അയാള്‍ക്ക്‌ മൂക്ക്, ചെവി തുടങ്ങിയ ദ്വാരങ്ങളെ സ്പര്‍ശിച്ചാല്‍ പറമ്പില്‍ സര്‍പ്പം, എലി, പോത്ത്, പുറ്റ് എന്നിവ ഉള്ളതായി പറയണം. അഴിച്ചിട്ട തലമുടിയേയോ നഖരോമത്തേയോ സ്പര്‍ശിച്ചാല്‍ പ്രഷ്ടാവിന്‍റെ ഭൂമിയില്‍ മുഞ്ഞപ്പുല്ല്, രാമച്ചം, ദര്‍ഭ മുതലായ പുല്ലുകള്‍ ഉണ്ടാകും. അയാള്‍ കക്ഷപ്രദേശത്തേയോ മലദ്വാരത്തേയോ ആണ് സ്പര്‍ശിക്കുന്നതെങ്കില്‍ പറമ്പിലെ ജലം ദുഷ്ടമാണെന്ന് പറയണം. അയാള്‍ പല്ല്, നഖം എന്നിവയെ സ്പര്‍ശിച്ചാല്‍ ഭൂമിയില്‍ ലോഹങ്ങള്‍ ഉണ്ടായിരിക്കും. എല്ലുള്ള ശരീരഭാഗങ്ങളായ മുട്ട്, കാല് ഇവയെയാണ് തൊടുന്നതെങ്കില്‍ പറമ്പില്‍ അസ്ഥികളും കല്ലുകളും ഉണ്ടെന്ന്‌ അനുമാനിക്കാം. നാഭി, അരയ്ക്കുതാഴെയുള്ള കുഴിയുള്ള പ്രദേശം ഇവയെയാണ് തൊടുന്നതെങ്കില്‍ പൃഛകന്‍റെ ഭൂമിയില്‍ കുഴികളും തോടുകളും ഉണ്ടെന്നു പറയാം.

രാശിചക്രം വരച്ചതിനുശേഷം പ്രശ്നക്രിയ തുടങ്ങുന്നതിനു മുമ്പ് അവിടെ വില്ലുധരിച്ച ഒരാള്‍ വന്നാല്‍, ആ ആള്‍ വന്ന ദിക്കില്‍ ശാസ്താവിന്‍റെ ക്ഷേത്രം ഉണ്ടെന്ന് പറയണം. ഒരു സ്ത്രീയാണ് വന്നതെങ്കില്‍ ദേവീ ക്ഷേത്രം ഉണ്ടെന്നു പറയണം. ബ്രാഹ്മണന്‍ വന്നാല്‍ ബ്രഹ്മരക്ഷസ്സുണ്ടെന്ന് പറയണം. ദുഷ്ടബുദ്ധിയായ ഒരു മനുഷ്യന്‍ വന്നാല്‍ കള്ളന്മാരെക്കൊണ്ട് ആപത്തുണ്ടാകുമെന്ന് പറയാം. ഈ ഫലങ്ങളെല്ലാം പൃഛകനും ദൂതനും യോജിക്കും.

രാശിചക്ര ലേഖനഭൂമി

രാശിചക്രം ദൈവജ്ഞന്‍റെയും പൃഛകന്‍റെയും പ്രതികൃതി യാണെന്ന് മുമ്പ് പറഞ്ഞുവല്ലോ. അതുപോലെ തന്നെ രാശിചക്രം പൃഛകന്‍റെ വീടിനേയും ചുറ്റുപാടുള്ള പറമ്പ് പുരയിടം ഇവയേയും പ്രതിനിധീകരിക്കും. ഗ്രാമപ്രദേശങ്ങളില്‍ പ്രശ്നം വെയ്ക്കുമ്പോള്‍ രാശിചക്രത്തിലെ ഓരോ അറയും (columns) പുരയിടത്തിന്‍റെയും പറമ്പിന്‍റെയും അതാത് ദിക്കിനെ പ്രതിനിധീകരിക്കും.

രാശിചക്രം വരച്ച ഭൂമി നിമ്നോന്നതമായിക്കണ്ടാല്‍ പൃഛകന്‍റെ വീട്ടു പറമ്പിലും ആ പ്രദേശങ്ങള്‍ നിമ്നോന്നതങ്ങളാണെന്ന് പറയണം.

രാശിചക്രത്തില്‍ ഏത് രാശി ഭാഗം നിമ്നമായിരിക്കുന്നുവോ പറമ്പിലും ആ ഭാഗം കുഴിയായിരിക്കും. രാശിചക്രത്തില്‍ ഏത് രാശി ഭാഗം ഉയര്‍ന്നിരിക്കുന്നുവോ പറമ്പില്‍ ആ ഭാഗം ഉയര്‍ന്നിരിക്കും. പലകയിലോ സിമന്‍റ് തറയിലോ രാശിചക്രം വരച്ചാല്‍ ഈ സൂചന ലഭിക്കുകയില്ല.

രാശിചക്രത്തില്‍ പുല്ലുകളുണ്ടെങ്കില്‍ പറമ്പില്‍ ആ സ്ഥലത്ത് വൃക്ഷങ്ങളുണ്ട് എന്ന് പറയണം. രാശി ചക്രത്തില്‍ ജലമയം കണ്ടാല്‍ പൃഛകന്‍റെ പറമ്പില്‍ തത്തുല്യ പ്രദേശത്ത് ജലം കാണും. രാശി ചക്രത്തില്‍ ചെറിയ കല്ലുകള്‍ കണ്ടാല്‍ പൃഛക പറമ്പില്‍ തത്തുല്യ പ്രദേശത്ത് കല്ലുണ്ടായിരിക്കും എന്ന് പറയണം. രാശിചക്രത്തില്‍ മണ്ണ് കണ്ടാല്‍ പൃഛകന്‍റെ പറമ്പില്‍ ആ പ്രദേശം ഉയര്‍ന്നിരിക്കുമെന്നു പറയണം. രാശിചക്രത്തില്‍ എറുമ്പ് (ant) കൊണ്ടിട്ട മണ്ണ് കണ്ടാല്‍ പറമ്പില്‍ ആ പ്രദേശത്ത് മണ്ണ്, പുറ്റ് എന്നിവ ഉണ്ടെന്നു പറയണം.

രാശിചക്രലേഖനം

ദീപലക്ഷണം നോക്കി അത് ദൈവജ്ഞനെ നേരിട്ടോ ശിഷ്യന്മാരെ കൊണ്ടോ കുറിച്ചിടണം. എന്നിട്ട് അവിടെയുള്ള ആരോടെങ്കിലും രാശിചക്രം വരയ്ക്കാന്‍ പറയണം. ഇത് മിക്കവാറും നടക്കാറില്ല. കാരണം രാശിചക്രം വരയ്ക്കാന്‍ അറിയാവുന്നാവര്‍ പ്രശ്ന സ്ഥലത്ത് ചുരുക്കമായിരിക്കും.

വരച്ചു കാണിച്ചു കൊടുക്കുന്നത് നല്ലതായിരിക്കും. ദൈവജ്ഞന്‍ (ജ്യോതിഷി) രാശിചക്രം വരയ്ക്കാന്‍ ശ്രമിക്കരുത്. ദൈവജ്ഞന്‍ രാശിചക്രം വരച്ചാല്‍ രാശി ചക്രലേഖനത്തിന്‍റെ ഫലങ്ങള്‍ പറയാന്‍ സാധിക്കാതെ വരും. പൃഛകന്‍ വരച്ചാലേ ചക്രലേഖനത്തിന്‍റെ ഫലങ്ങള്‍ പറയുവാന്‍ സാധിക്കുകയുള്ളൂ. പ്രശ്നം വെക്കാനുള്ള സ്ഥലം സമതലമായിരിക്കണം. തുടച്ചു വൃത്തിയാക്കിയതായിരിക്കണം. ചാണകം മെഴുകിയാതായിരിക്കണം എന്ന് ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. സിമന്‍റ്, മാര്‍ബിള്‍ തറകള്‍ ഉള്ള ഇന്ന് ഈ നിര്‍ദ്ദേശത്തിന് പ്രസക്തിയില്ല. രാശി ചക്രം വരയ്ക്കുന്ന സ്ഥലത്ത് വിളക്കിന് മുമ്പിലായി ഒരിടങ്ങഴി പാത്രത്തില്‍ നല്ല അരി നിറച്ചു വെയ്ക്കണം. ഇങ്ങനെ വൃത്തിയുള്ള സ്ഥലത്ത് രാശിചക്രം വരച്ചു വയ്ക്കണം.

രാശിചക്രം വരയ്ക്കേണ്ട രീതി പ്രശ്നമാര്‍ഗ്ഗത്തില്‍ വിവരിച്ചിരിക്കുന്നത് താഴെ പറയുന്നു.

ഒരു കോല്‍ നീളമുള്ള നാലുവരകളെ കൊണ്ട് ചതുരം വരയ്ക്കുക. അതിനകത്ത് 6 അംഗുലം വീതമുള്ള 16 അറകള്‍ വരത്തക്കവിധത്തില്‍ നെടുകെ 3 വരയും കുറുകെ 3 വരയും വരയ്ക്കുക. അപ്പോള്‍ 16 അറകള്‍ കിട്ടും. അതില്‍ നടുവിലുള്ള 4 അറകളെ കമലദളം (താമരയുടെ ദളം) പോലെ ആക്കുക. കമലദളങ്ങള്‍ക്ക് ചുറ്റും 12 അറകള്‍ കിട്ടും ഇതു തന്നെയാണ് രാശികള്‍.


പ്രശ്നാനുഷ്ഠാനപദ്ധതിയില്‍ രാശി ചക്രം വരയ്ക്കാന്‍ മറ്റൊരു രീതിയാണ് ഉപദേശിക്കുന്നത്. അഞ്ചുവരകള്‍ കുറുകയും 5 വരകള്‍ നേടുകയും വരയ്ക്കുക. കിഴക്കുപടിഞ്ഞാറും തെക്കുവടക്കുമായി നടുക്ക് 4 അറകള്‍ താമര ദളങ്ങളാകുന്നു. ഓരോ ദിക്കിലേയും രണ്ടു രാശികള്‍ ചരസ്ഥിരങ്ങളും കോണ്‍ രാശികള്‍ ഉഭയരാശികളും ആയിവരും. ഇവയാണ് മേഷാദിരാശികള്‍. ഓരോ രാശിക്കും 9 നവാംശങ്ങള്‍ വീതം ഉണ്ട്. രാശിചക്രത്തില്‍ ആകെ 108 നവാംശങ്ങള്‍ ഉണ്ട്. ഒരു രാശിയില്‍ രണ്ടേകാല്‍ നക്ഷത്രം വീതം 27 നക്ഷത്രങ്ങളുണ്ട്.

രാശിചക്രം ഗ്രഹസഞ്ചാര മാര്‍ഗ്ഗത്തിന്‍റെ  പ്രതിപ്രകൃതിയാണ്. രാശിചക്രത്തിലെ നാല് ഭാഗത്തുള്ള ഈ 12 അറകള്‍ ഗ്രഹ സഞ്ചാരമാര്‍ഗ്ഗത്തെ പ്രതിനിധീകരിക്കുന്നു. ഈ രാശിചക്രം അഥവാ 12 രാശികള്‍ 8 ദിക്കുമായിട്ടും 27 നക്ഷത്രങ്ങളുമായിട്ടും ബന്ധപ്പെടുന്നു.

രാശിചക്ര ലേഖനം പ്രദക്ഷിണ രീതിയിലാണ് ചെയ്യേണ്ടത്. കുറച്ചു പ്രദക്ഷിണമായും കുറച്ച് അപ്രദിക്ഷിണമായും വരയ്ക്കുന്നതായി കണ്ടാല്‍ പൃഛകന്‍റെ കാര്യത്തിന് തടസ്സം ഉണ്ടാകുമെന്ന് പറയണം.

രാശിചക്രം വരയ്ക്കാന്‍ ഭസ്മം ആണ് സാധാരണ ഉപയോഗിക്കുന്നത്. പക്ഷെ അശുഭസൂചകമായ ഭസ്മം കൊണ്ട് രാശിചക്രം വരക്കരുതെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. സാധാരണയായി സ്ത്രീകള്‍ കോലം ഇടാനായി ഉപയോഗിക്കുന്ന കോലപ്പൊടിയോ ചാക്കുപൊടിയോ അരിമാവുപൊടിയൊ ഉപയോഗിച്ചാല്‍ ഈ അഭിപ്രായ വ്യത്യാസം ഉണ്ടാകുകയില്ല.

രാശിചക്രം വരയ്ക്കുമ്പോള്‍ വരകള്‍ തടിച്ചു വന്നാല്‍ അത് സുഖഫലത്തെ സൂചിപ്പിക്കുന്നു. രേഖ വളരെ നേരത്ത് വന്നാല്‍ ദുഃഖത്തെ സൂചിപ്പിക്കും. രേഖകള്‍ മുറിഞ്ഞു പോയാല്‍ പൃഛകന് സുഖാനുഭവങ്ങള്‍ക്ക് തടസ്സം വരാം.

രേഖ വരയ്ക്കാന്‍ തുടങ്ങുന്ന ദിക്കും ശുഭാശുഭഫലങ്ങളെ സൂചിപ്പിക്കുന്നു. വടക്ക് ദിക്കില്‍ നിന്നാണ് വരയ്ക്കാന്‍ തുടങ്ങുന്നതെങ്കില്‍ പണം (ധനം) വരും. പടിഞ്ഞാറ് നിന്നാണ് തുടങ്ങിയതെങ്കില്‍ രോഗം വരും. കിഴക്ക് ദിക്കില്‍ നിന്നാണെങ്കില്‍ സന്താന സുഖം വരും. തെക്ക് ദിക്കില്‍ നിന്നാണെങ്കില്‍ മരണം സംഭവിക്കും.

സന്താന പ്രശ്നത്തില്‍ രാശി ചക്രത്തിന്‍റെ ആദ്യവര ഈശാനകോണില്‍ - വടക്കുകിഴക്ക്‌ - തുടങ്ങി കിഴക്കോട്ട് വരച്ചാല്‍ സന്താനം ലഭിക്കും. അഗ്നികോണില്‍ - തെക്കുകിഴക്ക്‌ - തുടങ്ങി തെക്കോട്ട്‌ വരച്ചാല്‍ സന്താനം പെണ്‍കുട്ടിയായിരിക്കും. നിര്‍ഋതി കോണില്‍ - തെക്കുപടിഞ്ഞാര്‍ - തുടങ്ങിട്ട് പടിഞ്ഞാറോട്ട് വരച്ചാല്‍ രോഗമായിരിക്കും ഫലം. വായുകോണില്‍ - വടക്കുപടിഞ്ഞാറ് - തുടങ്ങിയിട്ട് വടക്കോട്ട് വരച്ചാല്‍ ധനലാഭത്തെ സൂചിപ്പിക്കുന്നു.

ദീപലക്ഷണം

എല്ലാ മംഗളക്രിയകളിലും ദീപത്തിന് പ്രാധാന്യം കല്‍പിച്ചിരിക്കുന്നതുപോലെ പ്രശ്നക്രിയകളിലും വിശേഷിച്ച് അഷ്ടമംഗലപ്രശ്നത്തില്‍ ദീപത്തിന് പ്രമുഖത്വം കല്‍പിച്ചിരിക്കുന്നു. ദീപം പൃഛകന് അനുഭവപ്പെടേണ്ട ശുഭാശുഭഫലങ്ങളെ സൂചിപ്പിക്കുന്നത് കൊണ്ടാണ് പ്രശ്നത്തില്‍ ദീപത്തിന് പ്രാമുഖ്യം കല്‍പിച്ചിരിക്കുന്നത്.

ദീപം ദേവതാത്മാവാണ്. അതുകൊണ്ട് വിളക്ക് പൃഛകന്‍റെ ചരിത്രത്തെ മുഴുവന്‍ സൂചിപ്പിക്കുന്നു. വിളക്കിലെ എണ്ണ പൃഛകന്‍റെ ദേഹത്തെ സൂചിപ്പിക്കുന്നു. വിളക്കിലെ തിരി പൃഛകന്‍റെ ആത്മാവാണ്. ജ്വാലയുടെ ദൗര്‍ബല്യവും മാലിന്യവും പൃഛകന്‍റെ സുഖദുഃഖങ്ങളെ വ്യക്തമാക്കുന്നു. ദീപപാത്രം പ്രഷ്ടാവിന്‍റെ ശരീരമാണ്. ദീപത്തിലേല്‍ക്കുന്ന പരുഷമോ മൃദുവോ ആയ കാറ്റ് പൃഛകന്‍റെ ബന്ധുക്കളേയും ശത്രുക്കളേയും സൂചിപ്പിക്കുന്നു.

വിളക്കിലെ എണ്ണയുടെ പൂര്‍ണ്ണത, ചൂട്, മാലിന്യം, തെളിവ്, അതില്‍ കിടക്കുന്ന മാലിന്യങ്ങള്‍ ഇവയെക്കൊണ്ട് പ്രഷ്ടാവിന്‍റെ ദേഹപുഷ്ടി, പ്രകാശം, തേജസ്സ്, ബലം, കൃമികളുടേയും മറ്റും ഉപദ്രവം എന്നിവ പറയാം.

എണ്ണയുടെ ഉള്ളില്‍ കിടക്കുന്ന തിരിയുടെ സ്വഭാവമനുസരിച്ച് ആത്മാവിന്‍റെ അവസ്ഥയെ പറയണം. തിരി മുഷിഞ്ഞതാണെങ്കില്‍ ബുദ്ധി പ്രസാദം കുറവായിരിക്കും. തിരി നന്നായിരുന്നാല്‍ ആത്മസുഖം ഉണ്ടായിരിക്കും. തിരി ഒന്നിനുമേല്‍ മറ്റൊന്നായിരുന്നാല്‍ പ്രാണാദിവായുക്കള്‍ക്ക് ആവരണം വരും. കത്താതെ ഇരിക്കുന്ന തിരികൊണ്ട് സന്താനങ്ങളുടെ സ്ഥിതി മനസ്സില്ലാക്കണം.

ജ്വാലക്ക് തെളിച്ചമുണ്ടായാല്‍ പൃഛകന് ദീര്‍ഘായുസായിരിക്കും. മങ്ങലുണ്ടായാല്‍ ദുഃഖം അനുഭവപ്പെടും എന്ന് പറയണം.

ദീപം വലുതാണെങ്കില്‍ പൃഛകന്‍റെ ഗൃഹം വലുതാണെന്നു പറയാം. ദീപത്തില്‍ എണ്ണ ചോരുന്നുണ്ടെങ്കില്‍ വീട്ടില്‍ നിന്ന് ധനം ചോര്‍ന്നു പോകുന്നു എന്ന് പറയാം.  ദീപം ആദ്യം വെച്ച സ്ഥലത്ത് നിന്ന് മാറ്റി വേറെ ഒരു സ്ഥലത്ത് മാറ്റി വെച്ചാല്‍ വീട് മൂലകുടുംബമല്ല എന്ന് പറയാം. ദീപത്തില്‍ കരിപിടിച്ചിരുന്നാല്‍ വീടിന് അഗ്നിസ്പര്‍ശമുണ്ടായിട്ടുള്ളതായി പറയണം. എണ്ണയുടെ അളവ് കുറവായിരുന്നാല്‍ പൃഛകന്‍റെ ശരീരത്തില്‍ രക്തം കുറവുള്ളതായിരിക്കും. എണ്ണയ്ക്ക് ചൂട് കൂടുതലായിരുന്നാല്‍ പൃഛകനെ മാനസിക പ്രശ്നങ്ങള്‍ അലട്ടുകയാണെന്ന് പറയണം.

വിളക്കിലെ ജ്വാല അപ്രദക്ഷിണമായിരിക്കുക ജ്വാല മങ്ങിയിരിക്കുക, വിളക്കില്‍ തീപ്പൊരി പറക്കുക, ജ്വാല നീളം കുറയുക, നല്ല തിരിയും എണ്ണയും ഉണ്ടായിട്ടും പെട്ടെന്ന് കെട്ടുപോകുക, ജ്വാല ശബ്ദത്തോടുകൂടി വിറച്ചു വിറച്ചും ജ്വലിക്കുക, ഇരട്ട ജ്വാല കാണുക, ഈ ദീപലക്ഷണങ്ങള്‍ പാപാനുഭവത്തെ സൂചിപ്പിക്കുന്നവയാണ്.

ഈ ലക്ഷണങ്ങള്‍ക്ക് പകരം വിളക്കിന്‍റെ ജ്വാല നീളമായി തടിച്ചിരിക്കുക, വിറയില്ലാതെ ജ്വലിക്കുക, പ്രകാശമാനമായിരിക്കുക. കാണാന്‍ ഭംഗിയുള്ളതായിരിക്കുക, പൊട്ടുന്ന ശബ്ദമില്ലാതെയിരിക്കുക, ജ്വാല പ്രദക്ഷിണമായിരിക്കുക, ജ്വാലയ്ക്ക് വൈഡൂര്യത്തിന്‍റെയും സ്വര്‍ണ്ണത്തിന്‍റെയും ശോഭ ഉണ്ടായിരിക്കുക. വിളക്കിലെ ജ്വാല മുകളിലോട്ട് തന്നെ പോയ്ക്കൊണ്ടിരിക്കുക എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ പൃഛകന് ഐശ്വര്യം അനുഭവപ്പെടുമെന്ന് പറയണം.

ദീപ ജ്വാല കിഴക്കോട്ടാണ് തിരിയുന്നതെങ്കില്‍ പൃഛകന് അഭീഷ്ട സിദ്ധി ഉണ്ടാകും. കിഴക്കുതെക്കായാല്‍ അഗ്നിഭയം, തെക്കായാല്‍ പ്രാണഹാനി, തെക്കുപടിഞ്ഞാറായാല്‍ അപസ്മാരാദി രോഗങ്ങള്‍ പടിഞ്ഞാറേ ദിക്കില്‍ മനശാന്തി, വടക്കുപടിഞ്ഞാറ് നിഷ്ഫലം, വടക്കുദിക്കില്‍ മൃത്യുജയം, വടക്കുകിഴക്ക് മംഗളാനുഭവം, ദീപജ്വാലയുടെ സ്ഥിതി അനുസരിച്ച് ഈ നല്ല അനുഭവങ്ങളും പറയണം.

അഷ്ടമംഗല പ്രശ്നത്തിന് വേണ്ട സാധനങ്ങള്‍ - പൃഛകനെ അറിയിക്കേണ്ടത്

അഷ്ടമംഗല വസ്തുക്കള്‍ ഒരു ഉരുളിയിലോ തട്ടത്തിലോ ചെപ്പ്, കണ്ണാടി, ചെറിയ സ്വര്‍ണ്ണനാണയം, പുഷ്പം, അക്ഷതം ഫലം, താംബൂലം ഗ്രന്ഥം, വസ്ത്രം, ഉത്തരീയ വസ്ത്രം, വിളക്ക്.

പൂജാ സാമഗ്രികള്‍ :-  രാശിപൂജയ്ക്ക് വേണ്ടുന്ന പൂജാസാമഗ്രികള്‍, പുഷ്പം, പഴനിവേദ്യം, മഞ്ഞള്‍പ്പൊടി, കുങ്കുമം, പൂജാപാത്രം, ദീപാരാധനയ്ക്കുള്ള പാത്രം, ധൂപക്കുറ്റി, ചന്ദനം, തുമ്പപൂവ്, അക്ഷതം, എണ്ണ, തിരി, തീപ്പെട്ടി, തൂബെല ഇതുകൂടാതെ ഇടങ്ങഴി പാത്രത്തില്‍ വെളുത്ത അരി വയ്ക്കണം. വസ്ത്രം, ഉത്തരീയം ദൈവജ്ഞന് ഉടുക്കാന്‍ കൊടുക്കേണ്ടതാണ്. ഗ്രന്ഥം കിട്ടിയില്ലെങ്കില്‍ ഏതെങ്കിലും പുസ്തകം വെയ്ക്കാറുണ്ട്‌.

സാധനം കൊണ്ട് വന്നു വെക്കുന്ന കൂട്ടത്തില്‍ വിളക്കും കൊണ്ട് വെച്ച് കഴിഞ്ഞാല്‍ ജ്വലിപ്പിക്കാന്‍ പറയണം. കത്തുന്ന വിളക്കിന്‍റെ ലക്ഷണം നല്ലപോലെ ശ്രദ്ധിച്ച് പ്രശ്നഫലവുമായി യോജിപ്പിക്കണം.

8 മംഗള വസ്തുക്കളുടെ മുമ്പാകെ സാക് ഷ്യപ്പെടുത്തി പ്രശ്നം വയ്ക്കുന്നത് കൊണ്ടാണ് ഇതിന് അഷ്ടമംഗലപ്രശ്നം എന്ന് പേര് പറയുന്നത്. 1. ചെപ്പ്, 2. കണ്ണാടി. 3. സ്വര്‍ണ്ണം, 4. പുഷ്പം, 5. അക്ഷതം, 6. ഫലം, 7. താംബൂലം, ഗ്രന്ഥം ഇവയാണ് അഷ്ടമംഗല വസ്തുക്കള്‍.

ഈ മംഗള വസ്തുക്കള്‍ കൂടാതെ 8 എന്ന സംഖ്യക്കും ഈ പ്രശ്നക്രിയയില്‍ പ്രാധാന്യമാണുള്ളത്.

പ്രശ്നാരംഭം

പൃഛകന്‍റെ ഗൃഹത്തില്‍ പ്രവേശിച്ചശേഷം ദൈവജ്ഞന്‍ ഗൃഹാന്തര്‍ഭാഗത്ത് പ്രശ്നക്രിയ നടത്താനുദ്ദേശിക്കുന്ന സ്ഥലം തിരഞ്ഞെടുക്കണം. എങ്ങനെയുള്ള സ്ഥലത്താണ് പ്രശ്നം വയ്ക്കേണ്ടത് എന്ന് മുന്‍ അദ്ധ്യായങ്ങളില്‍ വിവരിച്ചിട്ടുണ്ട്. പ്രശ്നത്തിനു യോജിച്ച സമയം സൂര്യോദയത്തിനും മധ്യാഹ്നത്തിനും വളരെ അടുത്ത സമയമല്ല സൂര്യന്‍ നല്ല പോലെ തിളങ്ങി നില്‍ക്കുമ്പോള്‍ പ്രശ്നം വയ്ക്കണം.

ദൈവജ്ഞന്‍ കിഴക്ക് അഭിമുഖമായി സുഖമായിട്ടിരിക്കണം. കുത്തിയിരിക്കുകയോ ശരീര ഭാഗങ്ങളില്‍ കൂടുതല്‍ ക്ലേശം തോന്നിക്കുന്ന തരത്തിലോ ഇരിക്കരുത്. കുളിച്ച് വെളുത്ത വസ്ത്രം ധരിച്ചിരിക്കണം. എന്നിട്ട് ശാസ്ത്രത്തില്‍ പറഞ്ഞരീതിയില്‍ പ്രശ്നക്രിയ ഗുരുവിനെ വണങ്ങിക്കൊണ്ട് തുടങ്ങണം.

ദൈവജ്ഞന്‍ പീഠത്തില്‍ ഇരുന്നതിനുശേഷം പ്രശ്നക്രിയയ്ക്ക് വേണ്ട സാധനങ്ങളെ കൊണ്ട് വരാന്‍ വീട്ടിലുള്ളവരോട് പറയണം. അവര്‍ ആദ്യം ഏത് സാധനമാണ് കൊണ്ട് വരുന്നതെന്നും, ആ സാധനങ്ങള്‍ ഏതേതു ദിക്കിലാണ് കൊണ്ടുവെക്കുന്നതെന്നും, കൊണ്ട് വെക്കുന്ന സാധനങ്ങളുടെ അളവ് കുറച്ചാണോ കൂടുതലാണോ എന്നും  ശ്രദ്ധിക്കണം. ഇതെല്ലാം പ്രശ്ന ഫലത്തെ സ്വാധീനിക്കുന്നവയാണ്. ദൈവജ്ഞന്‍ പീഠത്തില്‍ ഇരുന്നിട്ട് പ്രശ്നസാമഗ്രികള്‍ കൊണ്ട് വരാന്‍ പറയുന്നതോടുകൂടി പ്രശ്നം ആരംഭിക്കുകയായി. ഈ സമയത്ത് ആ പ്രദേശത്ത് കാണുന്ന നിമിത്തങ്ങളേയും ശ്രദ്ധിച്ചുകൊള്ളണം. പ്രശ്നസാമഗ്രികളില്‍ ഭസ്മമാണ് ആദ്യമായി കൊണ്ടുവയ്ക്കുന്നതെങ്കില്‍ അത് മരണസൂചകമാണ്. നേരെ മറിച്ച് ആദ്യം വിളക്കാണ് കൊണ്ട് വയ്ക്കുന്നതെങ്കില്‍ നല്ല ലക്ഷണമാണ്.

സാധന സാമഗ്രികള്‍ എല്ലാം കൊണ്ട് വച്ചതിനുശേഷം ദീപം കത്തിക്കാന്‍ പറയണം. ദൈവജ്ഞന്‍ പറയാതെ തന്നെ ദീപം കത്തിച്ചു വച്ചിട്ടുണ്ടെങ്കില്‍ അതിന്‍റെ ജ്വാല ശ്രദ്ധിക്കണം. അഷ്ടമംഗലപ്രശ്നമാണ് വെയ്ക്കുന്നതെങ്കില്‍ വീട്ടുകാരോട് മുന്‍ കൂട്ടി തന്നെ അതിലേയ്ക്കുവേണ്ട സാധനങ്ങള്‍ തയ്യാറാക്കി വെക്കാന്‍ പറയണം. ഇന്ന് ദൈവജ്ഞന്മാര്‍ പ്രശ്നം പൂജ എന്നിവയ്ക്കുവേണ്ട ലിസ്റ്റ് തന്നെ അച്ചടിച്ച്‌ മുന്‍കൂട്ടി നല്‍കാറുണ്ട്. ഇങ്ങനെ ചെയ്തില്ലെങ്കില്‍ അഷ്ടമംഗല പ്രശ്നത്തിനുവേണ്ട ഏതെങ്കിലും സാധങ്ങള്‍ തയ്യാറാകാതെ വരും അത് പ്രശ്നത്തിന് കുറവായി അനുഭവപ്പെടും.

പ്രശ്നഗൃഹപ്രവേശ നിമിത്തങ്ങള്‍

ദൈവജ്ഞന്‍ പ്രശ്നക്രിയക്കായി പൃഛകന്‍റെ വീട്ടില്‍ (ഗൃഹത്തില്‍) പ്രവേശിക്കുമ്പോള്‍ കാണുന്ന നിമിത്തങ്ങളേയും ശ്രദ്ധിച്ചു വീക്ഷിക്കണം. ഇവയുടെ ശുഭാശുഭത്വം പ്രശ്നഫലത്തിന്‍റെ ശുഭാശുഭാശുഭത്വം സൂചിപ്പിക്കുന്നതാണ്. മുന്‍ അദ്ധ്യായങ്ങളില്‍ വിവരിച്ചിട്ടുള്ള അപശകുനങ്ങള്‍ ദൈവജ്ഞന്‍റെ ഗൃഹപ്രവേശ സമയത്തും കാണാന്‍ ഇടയാകരുത്. ദൈവജ്ഞന്‍ രോഗിയുടെ വീട്ടില്‍ പ്രവേശിക്കുമ്പോള്‍ അതേ വഴിയില്‍ കൂടി തന്നെ ഒരാള്‍ പുറത്തിറങ്ങി പോകുന്നത് കണ്ടാല്‍ രോഗി മരിച്ചു പോകും. ദൈവജ്ഞന്‍റെ (ജ്യോതിഷിയുടെ) കൂടെത്തന്നെ ആരെങ്കിലും വീട്ടിനകത്ത് പ്രവേശിച്ചാല്‍ രോഗി ജീവിക്കും.

ദൈവജ്ഞന്‍ പ്രശ്നത്തിനായി ഗൃഹത്തില്‍ പ്രവേശിക്കുമ്പോള്‍ രജസ്വലയായ സ്ത്രീ പഴങ്ങള്‍ കിഴങ്ങുകള്‍ മുതലായവ എടുത്തുകൊണ്ട് ആ വീട്ടില്‍ നിന്ന് പുറത്തു പോയാല്‍ ആ വീട് അടിയോടെ നശിച്ചു പോകും എന്ന സൂചനയാണ് നല്‍കുന്നത്.

ദൈവജ്ഞന്‍ പൃഛക ഗൃഹത്തില്‍ പ്രവേശിക്കുമ്പോള്‍ വേദാധ്യയനഘോഷവും പുണ്യാഹമന്ത്രം ജപിക്കുന്ന ശബ്ദവും കേള്‍ക്കുക, സുഗന്ധപൂരിതമായ വായു തട്ടുക, കാളയോ പശുവോ അനുലോമമായി ശബ്ദിക്കുക ഇതെല്ലാം കേട്ടാല്‍ പൃഛകന് ആരോഗ്യത്തിന് കാരണമാകും.

ദൈവജ്ഞന്‍ പൃഛക ഗൃഹത്തില്‍ പ്രവേശിക്കുമ്പോള്‍ കട്ടില്‍ കസേര തുടങ്ങിയവ നിവര്‍ത്തി വെച്ചിരിക്കുക, പാത്രങ്ങള്‍ കമിഴ്ത്തി വച്ചിരിക്കുക ഇങ്ങനെ കണ്ടാല്‍ നല്ലതല്ല.

പാത്രങ്ങള്‍ വീഴുന്നതോ ഉടയുന്നതോ കേള്‍ക്കുന്നതും നല്ലതല്ല. കാറ്റില്ലെങ്കിലും വിളക്ക് അണയുക, വിറകുണ്ടായിട്ടും അടുപ്പ് അണയുക. ഇതുകണ്ടാല്‍ രോഗി മരിച്ചുപോകും എന്ന് പറയണം.

ദുഃശകുന ദോഷശാന്തി

പൃഛകന്‍ ഗൃഹത്തില്‍ നിന്ന് പുറപ്പെടുമ്പോള്‍ ദുഃശകുനങ്ങള്‍ കണ്ടാല്‍ തിരിച്ചുവന്ന് ആചമനം കഴിച്ച് 11 പ്രാവശ്യം പ്രാണായാമം കഴിക്കണം.

രണ്ടാമത്തെ പ്രാവശ്യവും ദുഃശകുനം കണ്ടാല്‍ മടങ്ങിവന്ന് 16 പ്രാവശ്യം പ്രാണായാമം കഴിക്കണം.

മൂന്നാം പ്രാവശ്യം ദുഃശകുനം കണ്ടാല്‍ പോകരുത്. യാത്ര മാറ്റി വയ്ക്കണം.

മാര്‍ഗ്ഗശകുനങ്ങള്‍

പ്രശ്നം പറയുന്നതിനായി വീട്ടില്‍ നിന്ന് തിരിക്കുന്ന ദൈവജ്ഞന്‍ (ജ്യോതിഷി) വഴിയില്‍ കാണുന്ന ശകുനങ്ങളേയും വീക്ഷിക്കണം. അവയും പ്രശ്നഫലത്തിന്‍റെ ആനുകൂല്യപ്രാതികൂല്യങ്ങളെ സൂചിപ്പിക്കുന്നവയാണ്. പരുത്തി, മരുന്ന്, കൃഷ്ണധാന്യം, ഉപ്പ്, ഹിംസിക്കാനായി ഉപയോഗിക്കുന്ന വല തുടങ്ങിയവ, ഭസ്മം, തീക്കനല്‍, ഇരുമ്പ്, മോര്, സര്‍പ്പം, പഴുപ്പ്, മലം, ഛര്‍ദ്ദിച്ചത്, ഭ്രാന്തന്‍, അപകടത്തില്‍പ്പെട്ടവര്‍, മന്ദബുദ്ധി, ഊമ, പൊട്ടന്‍, മറ്റൊരാളുടെ ജോലിക്കാരന്‍, അതുപോലെ മനസ്സിനും കണ്ണിനും പിടിക്കാത്തെല്ലാം ദുഃശകുനങ്ങളാണ്. പൂച്ച, ഉടുമ്പ്, കീരി, വാനരന്‍ ഇവ റോഡുമുറിച്ചു പോകുക. ആരെങ്കിലും കടുക്, വിറക്, കല്ല്‌, പുല്ല്, ഇവ കൊണ്ടുവരുന്നതും നല്ലതല്ല.

പച്ചമാംസം, മദ്യം, തേനും നെയ്യും, അലക്കിയ വസ്ത്രം, ചന്ദനക്കൂട്ട്, രത്നം, ആന, കൊടിക്കൂറ, കുതിരകള്‍, രാജാവ്, ദേവപ്രതിമ, വെണ്‍ചാമരം, പ്രിയപ്പെട്ട അന്നപാനാദികള്‍, ശവശരീരം, രണ്ടു ബ്രാഹ്മണര്‍, കത്തുന്ന തീയ്യ് ഇവ ശുഭശകുനങ്ങളാണ്.

ഉപ്പന്‍ പക്ഷി, കീരി, വ്യാഘ്രം, ഇവ വലതുഭാഗത്ത് നിന്ന് ഇടതു ഭാഗത്തോട്ട് പോകുന്നത് നല്ലതാണ്. അതുപോലെ പന്നി, പാമ്പ്, ചെന്നായ്, മാന്‍, ആട്, ആന, പട്ടി എന്നിവ ഇടതുഭാഗത്ത് നിന്നും വലതുഭാഗത്തേയ്ക്കു പോകുന്നതും നല്ലതാണ്. കഴുത, ഒട്ടകം, കുതിര, ഇവയില്‍ കയറിയ മനുഷ്യര്‍, ഉടുമ്പ്, ചേര, ഓന്ത്, പൂച്ച, ദുഷ്ടന്മാര്‍ ഇവരെ ഇടതും വലതും കാണുന്നത് നല്ലതല്ല.

വീണ, ഓടക്കുഴല്‍, മൃദംഗം, ശംഖ്‌, പടഹം, ഭേരി ഇവയുടെ ഒച്ച (ശബ്ദം), പാട്ട്, സ്ത്രീ, വേശ്യ, തൈര്, അക്ഷതം, കരിമ്പ്‌, കറുകപ്പുല്ല്, ചന്ദനം, നിറകുടം, പൂവ്, മാല, കന്യക, മണിയൊച്ച, ദീപം, താമരപ്പൂവ്, ഇതെല്ലാം കാണുന്നത് നല്ല ശകുനമാണ്.

കുട, കൊടിക്കൂറ, ഭംഗിയുള്ള വാഹനം, സ്ത്രോത്രം ചോല്ലുന്നത് കേള്‍ക്കല്‍, വേദധ്വനി, കയറിട്ട ഒരു പശു, കാള, കണ്ണാടി, സ്വര്‍ണ്ണം, പശുകുട്ടിയോടു കൂടിയ പശു, ഭക്തിപൂര്‍വ്വം കൊണ്ടുവരുന്ന മണ്ണ്,  വിദ്വാന്‍, കണ്ണുകള്‍ക്കും ചെവികള്‍ക്കും ഹൃദ്യമായാത് ഇവയെല്ലാം നല്ല ശകുനങ്ങളാണ്‌.

യാത്രാരംഭത്തില്‍ ഐശ്വര്യലക്ഷണങ്ങളോടുകൂടിയ രാജാവ്, പാല്, കരിമ്പിന്‍ തുണ്ട് ഇവ കാണുക. ഗരുഡന്‍, വലിയ കാക്ക, പക്ഷിക്കൂട്ടം, തേന്‍, അക്ഷതം ഇവയെ കാണല്‍, രുദ്രാക്ഷം, രാജാവിന്‍റെ ഉപകരണങ്ങള്‍, രണ്ടു ബ്രാഹ്മണര്‍ ഇവരെ കാണല്‍ എന്നിവശുഭപ്രാദങ്ങളാണ്.

വേശ്യകള്‍, മംഗളവാദ്യങ്ങള്‍, പൂവ്, കുട, കത്തുന തീയ്, നെയ്‌ച്ചോറ്, താമര, രത്നം, ശുഭവസ്ത്രം, സ്ത്രീ, മദ്യപാനം, കൊടി, പശു, വേദധ്വനി, മലര്‍ നിറച്ച കുടം, ചെവിക്കിമ്പമായ സ്വരങ്ങള്‍, ഹോമദ്രവ്യങ്ങള്‍, പക്ഷികള്‍ ഇവയെ യാത്രാസമയത്തുകണ്ടാല്‍ അഭീഷ്ട സിദ്ധിയുണ്ടാകും.

വേശ്യാസ്ത്രീ, ഭര്‍ത്താവിനോടോ പുത്രനോടോകൂടി എതിരേ വരുന്ന സ്ത്രീ, പശു, മാന്‍, വണ്ട്‌, കുരങ്ങ്, രുരുമാന്‍, പട്ടി, കുതിര, പക്ഷി ഇവയെ ശകുനമായി കണ്ടാല്‍ നല്ല അനുഭവം ഉണ്ടാകും.

ജന്തുക്കള്‍ ചെവി ചൊറിയുക, യുദ്ധം ചെയ്യുക, മുറിവ് പറ്റി കരയുക, കോപിച്ച് കാല് കുളമ്പ്, കൊമ്പ്, വാല് ഇവ അടിക്കുക. പല്ലുകൊണ്ട് മുറിക്കുക, മൈഥുനം ചെയ്യുക, മൂത്രം ഒഴിക്കുക, ബന്ധനത്തിലാക്കുക, പ്രാണത്യാഗം, തടസ്സം, വേദന ഇതുമായി ബന്ധപ്പെട്ടു കോലാഹലം കേള്‍ക്കുക ഇങ്ങനെ വന്നാല്‍ യാത്രക്കാരന് അശുഭമായി വരും.

വസ്ത്രം കുട മുതലായവ കൈയില്‍ നിന്ന് വഴുതി വീഴുക, ചീത്തവാക്ക് കേള്‍ക്കുക, കുഴിയില്‍ വീഴുക, തൂണ്‍ മുതലായവയില്‍ തട്ടുക, മെലിഞ്ഞരോഗി എതിരെ വരിക, ആഹാരം കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞ് ആരെങ്കിലും കൈപിടിച്ച് തടയുക, പിന്നില്‍ നിന്ന് വിളിക്കുക, ഇങ്ങനെ വന്നാലും യാത്രയില്‍ പോകുന്ന ആളിന് രോഗം വരും.

ഭ്രാന്തന്‍, അന്ധന്‍, വിരൂപന്‍, മുടന്തന്‍, ജട ധരിച്ചവന്‍, വ്യാധിയുള്ളവന്‍, എണ്ണതേച്ചവന്‍, ഒരു കാല്‍ ഞൊണ്ടി, ഒറ്റ ബ്രാഹ്മണന്‍, തലമുടി അഴിച്ചിട്ടവന്‍, വിധവ, നഗ്നന്‍, വിശന്നവന്‍, ദുഷ്ടന്‍, ഷണ്ഡന്മാരെ ഇഷ്ടപ്പെടുന്നവന്‍, മൊട്ടയടിച്ചവന്‍, ഊമയായവന്‍, ആയുധമേന്തിയവന്‍ ഇവരെ യാത്രാരംഭത്തില്‍ കണ്ടാല്‍ പ്രാണശങ്കയ്ക്ക് ഇടവരും.

തോല്, തീകൊള്ളി, പുല്ല്, എല്ല്, ചെളി, ഉപ്പ്, പക്ഷിപിടിയന്‍, ഉടുമ്പ്, സര്‍പ്പം, പൂച്ച, കൂനുള്ളവന്‍, മുയല്‍, കടുവ, പ്രസവിക്കാത്ത സ്ത്രീ, പന്നി, എണ്ണ, തൈര്, സന്യാസി, ചാമ്പല്‍, പരുത്തി, വിറക്, ഒഴിഞ്ഞ കുടം, ഉമി, ഇവയെ കണ്ടാല്‍ ദോഷാനുഭവം ഉണ്ടാകും എന്നതുകൊണ്ട്‌ യാത്ര ചെയ്യരുത്.

കരടി, ഗരുഡന്‍, കുരങ്ങന്‍ ഇവയുടെ കരച്ചില്‍ കേള്‍ക്കുകയോ കാണുകയോ ചെയ്യുക. അവയുടെ പേര് പറയുക, പ്രാവ് മുരളുന്നത് കേള്‍ക്കുക, യാത്രാ സമയത്ത് അകാല വൃഷ്ടിയുണ്ടാകുക, ഇവയെല്ലാം യാത്രയില്‍ ക്ലേശപ്രദങ്ങളാണ്.

മൃഗങ്ങള്‍ ദൈവജ്ഞനെ പ്രദക്ഷിണം വച്ച് പോകുന്നത് നല്ലതാണ്. പക്ഷെ പട്ടിയും കുറുക്കനും അപ്രദക്ഷിണമായിട്ട് പോകുന്നതാണ് നല്ലത്. ഇരട്ടയല്ലാത്ത മൃഗങ്ങളും ഒറ്റ മൃഗങ്ങള്‍ നല്ലതാണ്.

കാട്ടുകാക്ക, ചെമ്പോത്ത്, കീരി, ആട്, മയില്‍, രണ്ടു മത്സ്യങ്ങള്‍, കുടം കൊണ്ട് വരുന്ന ആള്‍, ദമ്പതികള്‍, വില്ലെടുത്തിരിക്കുന്ന ആള്‍, മുതല, തുലാസ് ധരിച്ച ആള്‍, കന്യക, അലങ്കാരസാമഗ്രികള്‍ ഇവയെല്ലാം നല്ലതാണ്.

ശകുന ഫലാനുഭവസമയം

ശകുനഫലാനുഭവം ഭൂതകാലത്തിലാണോ വര്‍ത്തമാനകാലത്തിലാണോ ഭാവി കാലത്തിലാണോ എന്ന സൂചനയും ശകുനത്തില്‍ നിന്ന് തന്നെ ലഭിക്കുമെന്ന് പറയപ്പെടുന്നു. ഇത് നിശ്ചയിക്കുന്നത് സൂര്യന് ഓരോ ദിക്കിലും ഒരു പ്രത്യേകതരം ഗതി കല്പിച്ച് ആ ദിക്കുമായി ശകുനങ്ങള്‍ ബന്ധപ്പെടുന്നതിനെ അനുസരിച്ചാണ്. ആ ദിക്കുകളില്‍ നിന്ന് പക്ഷികള്‍ ശബ്ദിച്ചാല്‍ പ്രത്യേകതരം ആളുകളുമായി കൂടികാഴ്ച ഉണ്ടാകും.

സൂര്യന്‍ ദിവസവും കിഴക്ക് തുടങ്ങി ഓരോ ദിക്കിലും 7 നാഴിക 5 വിനാഴിക സഞ്ചരിച്ച് 8 ദിക്കുകളിലും യാത്രചെയ്യുന്നു. ഇതു സാധാരണ 24 മണിക്കൂറില്‍ സൂര്യന് കണക്കാക്കി വരുന്ന ദിനഗതിയില്‍ നിന്ന് വ്യത്യസ്തമായ സാങ്കല്പികഗതിയാണ്.

സൂര്യന്‍ ഒരു ദിവസം കൊണ്ട് 8 ദിക്കുകളിലുമുള്ള യാത്ര പൂര്‍ത്തിയാക്കുന്നു. ദിക്കുകളുമായുള്ള ബന്ധമനുസരിച്ച് ഈ ദിക്കുകളില്‍ 4 പേരുകള്‍ കൊടുത്തിട്ടുണ്ട്. 

സൂര്യന്‍ വിട്ടുപോയ സൂര്യമുക്തയായ ദിക്കിന് "അംഗാര" എന്ന് പറയുന്നു.

സൂര്യന്‍ നില്‍ക്കുന്ന പാപ്ത ദിക്കിന് "ദീപ്ത" എന്ന് പറയുന്നു.

സൂര്യന്‍ വരാന്‍ പോകുന്ന ദിക്കിന് "ഏഷ്യ", "ധൂമിനി" എന്ന് പറയുന്നു.

സൂര്യനുമായി ബന്ധപ്പെടാത്ത ദിക്കുകള്‍ക്ക് "ശാന്ത" എന്ന് പറയുന്നു.

ഇവയില്‍ അംഗാര ദിശയില്‍ കാണുന്ന ശകുനഫലം ഭൂതകാലത്തിലും, ദീപ്ത ദിക്കിലനുഭാവപ്പെടുന്ന ഫലം വര്‍ത്തമാനകാലത്തിലും, ധൂമിനി ദിക്കിലുണ്ടാകുന്ന ശകുനത്തിന്‍റെ ഫലം ഭാവികാലത്തിലുമനുഭവപ്പെടും. ദീപ്ത ദിക്കില്‍ കാണുന്ന ശകുനം നല്ല ഫലങ്ങള്‍ നല്‍കുകയില്ല. ശാന്ത ദിക്കുകളില്‍ കാണുന്ന ശകുനങ്ങള്‍ നല്ല ഫലം നല്‍കും.

ദൈവജ്ഞന്‍ വീട്ടില്‍ നിന്ന് പുറപ്പെടുന്ന സമയത്ത് കാണുന്ന ലക്ഷണങ്ങള്‍

ദൂതദൈവജ്ഞസമാഗമ സമയത്ത് കാണുന്ന ലക്ഷണങ്ങള്‍ പോലെ തന്നെ പൃഛക ഗൃഹത്തിലേയ്ക്ക് ദൈവജ്ഞന്‍ പുറപ്പെടുന്ന സമയത്ത് കാണുന്ന ലക്ഷണങ്ങള്‍ക്കും ശകുനങ്ങള്‍ക്കും പ്രശ്നഫലവുമായി ബന്ധമുള്ളതുകൊണ്ട് അവയെപ്പറ്റി അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്‌.

ശകുനങ്ങള്‍ പൃഛകന്‍റെ പൂര്‍വ്വജന്മ കൃതങ്ങളായ കര്‍മ്മങ്ങളുടെ ശുഭാശുഭഫലത്തെ സൂചിപ്പിക്കുന്നു.

ദൂത ദൈവജ്ഞസമാഗമ സമയത്ത് കണ്ട ലക്ഷണങ്ങളെ മനസ്സില്‍ വെച്ചുകൊണ്ട് വേണം ദൈവജ്ഞന്‍ പൃഛക ഗൃഹത്തിലേയ്ക്ക് പുറപ്പെടാന്‍. പുറപ്പെടുന്നത് വ്യാഴഹോര തുടങ്ങിയ നല്ല സമയത്തായിരിക്കണം. പുറപ്പെടുമ്പോള്‍ മുന്‍ അദ്ധ്യായങ്ങളില്‍ വിവരിച്ച പ്രശ്നകാലനിമിത്തങ്ങള്‍ തന്നെ വീണ്ടും കാണുന്നുണ്ടോ എന്ന് നോക്കി അവയുടെ ശുഭാശുഭത്വം കണക്കാക്കി വെക്കണം. ദൈവജ്ഞന്‍ (ജ്യോതിഷി) പുറപ്പെടുമ്പോള്‍ അദ്ദേഹത്തിന്‍റെ വസ്ത്രം എവിടെയെങ്കിലും തടയുകയോ കൈയിലുള്ള കുട മുതലായവ താഴെ വീഴുകയോ ചെയ്‌താല്‍ അത് അപശകുനമാണ്. ദൈവജ്ഞന്‍ (ജ്യോതിഷി) പുറപ്പെടുമ്പോള്‍ അദ്ദേഹത്തിന്‍റെ ആരെങ്കിലും നില്‍ക്കൂ, വരൂ, പോകരുത്, അകത്തുകടക്കൂ, എവിടെ പോകുന്നു തുടങ്ങിയ തടസ്സപ്പെടുത്തുന്ന വാക്കുകള്‍ പറഞ്ഞാല്‍ അത് അപശകുനമാണ്. പുറപ്പെടുമ്പോള്‍ കല്ലിലോ മറ്റ് ഉറച്ച വസ്തുക്കളിലോ കാലുതട്ടുക, കാലു വഴുതുക, തൂണിലും മറ്റും തല തട്ടുക തുടങ്ങിയ അനുഭവങ്ങളുണ്ടാകുന്നത് അപശകുനമാണ്

ഒരാള്‍ ഒറ്റയ്ക്ക് പോകുമ്പോള്‍ കാണുന്ന ശുഭശകുനത്തിന്‍റെയോ  അശുഭശകുനത്തിന്‍റെയോ ഫലം അയാള്‍ക്ക്‌ തന്നെ അനുഭവപ്പെടും. സൈന്യത്തിന് കാണുന്ന ശകുനത്തിന്‍റെ ഫലം രാജാവിന് അനുഭവപ്പെടും.

ദൈവജ്ഞന്‍റെ പുറപ്പാട്

പ്രശ്നക്രിയകള്‍ നടക്കുന്നത് ചിലപ്പോള്‍ ദൈവജ്ഞന്‍റെ വീട്ടിലും ചിലപ്പോള്‍ പൃഛകന്‍റെ വീട്ടിലുമാകാം. ചെറിയ തല്‍കാല പ്രശ്നങ്ങള്‍  മാത്രമേ ദൈവജ്ഞന്‍റെ വീട്ടില്‍ വെച്ച് നടത്താറുള്ളു. കുടുംബപ്രശ്നവും അഷ്ടമംഗല പ്രശ്നവും മറ്റും പൃഛകന്‍റെ വീട്ടില്‍ വച്ച് നടത്തുന്നതാണ് പതിവ്. ഒരു കുടുംബപ്രശ്നത്തിന് വേണ്ടി പൃഛകന്‍ ദൈവജ്ഞനെ സമീപിച്ച് തനിക്കുവേണ്ടി ഒരു പ്രശ്നം വയ്ക്കണം എന്നും അതിനുവേണ്ടി സൗകര്യം ഉള്ള ഒരു ദിവസം തന്‍റെ വീട്ടില്‍ വരണമെന്നും ക്ഷണിക്കുന്നു. പൃഛകനോ ദൂതനോ ദൈവജ്ഞനെ സമീപിക്കുന്ന സമയത്ത് കാണുന്ന 1). സമയം, 2). ദേശം, 3). ശ്വാസം, 4). മനോദശ, 5). അംഗസ്പര്‍ശം, 6). ദൂതന്‍ നില്‍ക്കുന്ന രാശി, 7). ദൂതന്‍ നില്‍ക്കുന്ന ദിക്ക്, 8). പ്രശ്നാക്ഷരങ്ങള്‍, 9). ദൂതന്‍റെ പൃഛകന്‍റെ ഹാവഭാവങ്ങള്‍, 10). ദൂതചേഷ്ട, 11). ദൂതദൃഷ്ടി, 12). ദൂതന്‍റെ വസ്ത്രാഭരണങ്ങള്‍, 13). ദൂത ദൈവജ്ഞസമാഗമകാലത്ത് കാണുന്ന നിമിത്തങ്ങള്‍ എന്നിവയെപ്പറ്റി ദൈവജ്ഞന്‍ (ജ്യോതിഷി) മനസ്സിലാക്കിയിരിക്കണം.

പൃഛകന്‍റെ ഗൃഹത്തില്‍ വെച്ച് നടക്കുന്ന കുടുംബപ്രശ്നാദികള്‍ക്ക് വേണ്ടി ദൈവജ്ഞന്‍ പൃഛകഗൃഹത്തിലേയ്ക്ക് പോകേണ്ടി വരുമല്ലോ. ആ സമയത്ത് ദൈവജ്ഞന് വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോഴും, മാര്‍ഗ്ഗമധ്യത്തിലും പൃഛകഗൃഹപ്രവേശ സമയത്തും പ്രശ്നക്രിയകള്‍ നടക്കുമ്പോഴും പല തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടാകും. ഈ അനുഭവങ്ങളില്‍ നിന്ന് പ്രശ്നകര്‍ത്താവിന് അനുകൂലങ്ങളായോ പ്രതികൂലങ്ങളായോ ഉള്ള ഫലങ്ങളെ വേര്‍തിരിച്ച് മനസ്സിലാക്കാന്‍ ദൈവജ്ഞന് സാധിക്കുന്നു.

പ്രശ്നകാല നിമിത്തങ്ങള്‍

നിമിത്തങ്ങള്‍ എന്ന് പറയുന്നത് മുന്‍കൂട്ടി ഫലശൂചന  നല്‍കുന്ന കാഴ്ചകളെയാണ്. പ്രശ്നം വെക്കുന്ന സമയത്ത് പ്രശ്നഫലത്തിന്‍റെ അനുകൂലതയും പ്രതികൂലതയും സൂചിപ്പിക്കുന്ന ഇത്തരത്തിലുള്ള നിമിത്തങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരം നിമിത്തങ്ങള്‍ ദൂതദൈവജ്ഞസമാഗമസമയത്തും പ്രശ്നത്തിനുവേണ്ടി വീട്ടില്‍ നിന്ന് പുറപ്പെടുമ്പോഴും മാര്‍ഗമധ്യത്തിലും പ്രശ്നം വെക്കുന്ന സമയത്തും കാണുന്നുണ്ടോ എന്ന് ദൈവജ്ഞന്‍ ശ്രദ്ധിക്കണം.

പ്രശ്നസമയത്ത് 'ഹാഹാ' 'അയ്യോ' തുടങ്ങിയ അപശബ്ദങ്ങള്‍ കേള്‍ക്കുക, തുമ്മുക, വീഴുക, കൊടിക്കൂറകള്‍ മുറിയുക, വസ്ത്രം, കുട, ചെരുപ്പ് ഇവയ്ക്കു കേടു പറ്റുക, നാശനഷ്ടങ്ങളുമായി ബന്ധപ്പെടുന്ന വാക്കുകള്‍ കേള്‍ക്കുക, ക്രൂരങ്ങളായ പക്ഷിമൃഗാദികളുടെ ശബ്ദം കേള്‍ക്കുക, വിളക്ക് അണയുക, പൂര്‍ണ്ണ കുംഭം വീണ് ഉടയുക ഇതെല്ലാം പ്രശ്നത്തിന്നനുകൂലമല്ലാത്ത നിമിത്തങ്ങളാണ്.

പ്രശ്നം വയ്ക്കുന്ന സമയം ദൈവജ്ഞന്‍റെ ഇടതു ഭാഗത്ത് പൂച്ച, ഓന്ത്, മൂങ്ങ, ഉടുമ്പ് തുടങ്ങിയവയെ കാണുക, ഗൗളി ചിലക്കുന്നത് കേള്‍ക്കുക ഇത് നാശത്തിനു കാരണമാകും. വലതുഭാഗത്ത് നിന്ന് ആരെങ്കിലും തുമ്മുന്നതും നല്ല നിമിത്തമല്ല.

പ്രശ്ന സമയത്ത് പന്നി, ഉടുമ്പ്, പാമ്പ്, മുയല്‍, അരണ ഇവയെ കാണുന്നതോ ഇവയുടെ ശബ്ദം കേള്‍ക്കുന്നതോ നല്ലതല്ലെങ്കിലും ആരെങ്കിലും ഇവയുടെ പേര് പറയുന്നത് നല്ലതാണ്. പക്ഷെ കുരങ്ങ്, കരടി ഇവയുടെ സ്ഥിതി വിപരീതമാണ്. അതായത് ഇവയെ കാണുന്നത് നല്ലതാണെങ്കിലും ഇവയുടെ കരച്ചില്‍ കേള്‍ക്കുന്നത് നല്ലതല്ല.

ഇതില്‍ നിന്ന് വ്യത്യസ്തമായി പ്രശ്നസമയത്ത് ആന, കുതിര, കാള എന്നിവയെ കാണുകയോ കരച്ചില്‍ കേള്‍ക്കുകയോ ചെയ്യുന്നത് നല്ലതാണ്.

പ്രശ്നസമയത്ത് വീണ, ഓടക്കുഴല്‍, മൃദംഗം, ശംഖ്, പെരുമ്പറ, ചെണ്ട ഇവയുടെ ശബ്ദങ്ങള്‍, മംഗളഗീതം, സ്ത്രീ, വേശ്യ, തൈര്, അക്ഷതം, കരിമ്പ്‌, കറുകപുല്ല്, ചന്ദനം, പൂര്‍ണ്ണകുംഭം, പുഷ്പം, മാല, ഫലം, കന്യക, മണി, വിളക്ക്, താമര ഇവയെല്ലാം കാണുന്നത് നല്ല നിമിത്തങ്ങളാണ്.

പൃഛകന്‍ പ്രശ്നം ചോദിക്കുന്ന സമയത്ത് പ്രശ്ന ഫലത്തിന്‍റെ നാശത്തെ സൂചിപ്പിക്കുന്ന ഏതെങ്കിലും  വസ്തു അയാളുടെ അടുക്കല്‍ കണ്ടാല്‍ പ്രശ്നഫലം ഇല്ലാതാകുമെന്നും പ്രശ്നഫലത്തിന്‍റെ വൃദ്ധിയെ സൂചിപ്പിക്കുന്ന വസ്തു കണ്ടാല്‍ പ്രശ്നഫലം നന്നായി വരുമെന്നും പറയണം. മുകളില്‍ പറഞ്ഞ നിമിത്തങ്ങളെല്ലാം പ്രാചീനകാലത്തുള്ളവയാണ്. ഇന്നത്തെ ചുറ്റുപാടില്‍ പല പുതിയ നിമിത്തങ്ങളും കണ്ടെന്നു വരാം. അവയില്‍ മനസ്സിന് ഇഷ്ടപ്പെടുന്നവയെ ശുഭനിമിത്തങ്ങളെന്നും മനസ്സിന് ഇഷ്ടപ്പെടാത്തവയെ അശുഭനിമിത്തങ്ങളെന്നും കണക്കാക്കിക്കൊള്ളണം.

പരുത്തി, മരുന്ന്, ധാന്യം, ഉപ്പ്, ജന്തുക്കളെ ഉപദ്രവിക്കാനുപയോഗിക്കുന്നവല, ഭസ്മം, തീക്കനല്‍, ഇരുമ്പ്, മോര്, സര്‍പ്പം, പഴുപ്പ്, പൊട്ടല്‍, മറ്റുള്ളവരുടെ സേവകന്‍ എന്നിവ കാണുന്നത് അശുഭമാണ്.

ഉപ്പന്‍ പക്ഷി, കീരി, കടുവ, ഇവയെ ദൈവജ്ഞന്‍റെ വലതു ഭാഗത്തായി കാണുന്നത് നല്ലതാണ്.

പന്നി, സര്‍പ്പം, കുറുക്കന്‍, മാന്‍, ആട്, ആനക്കുട്ടി ഇവയെ ദൈവജ്ഞന്‍റെ ഇടതുഭാഗത്ത് കാണുന്നത് ശുഭപ്രദമാണ്. ഇവയെ വലതു ഭാഗത്ത് കാണുന്നത് നല്ലതല്ല.

ഉടുമ്പ്, ചേര, ഓന്ത്, പൂച്ച, ദുര്‍ജനങ്ങള്‍, ദുഷ്ടജന്തുക്കള്‍ ഇവയെ ദൈവജ്ഞന്‍റെ ഇടതുഭാഗത്തും വലതുഭാഗത്തും കാണരുത്. കഴുത, ഒട്ടകം, പോത്ത് ഇവയില്‍ കയറിവരുന്ന മനുഷ്യരേയും കാണരുത്.

പച്ചമാംസം, മദ്യം, നെയ്യ്, തേന്‍, അലക്കിയ വസ്ത്രം, ചന്ദനക്കൂട്ട്, രത്നം, ആന, കൊടി, കുതിരകള്‍, രാജാവ്, നിലയും വിലയുമുള്ള മനുഷ്യന്‍, ദേവപ്രതിമ, വെളുത്തനിറമുള്ള ചാമരം, മധുരവും പ്രിയപ്പെട്ടതുമായ അന്നപാനാദികള്‍, ശവശരീരം, രണ്ടു ബ്രാഹ്മണര്‍, കത്തുന്ന തീയ് ഇവയെല്ലാം ശുഭനിമിത്തങ്ങളാണ്.

പ്രശ്നസമയത്ത് പൃഛകന്‍റെ മുഖത്ത് വികാരം പ്രകടമാകുക, കൊട്ടുവാ ഇടുക, നഖങ്ങള്‍ കൂട്ടി ഉരസുക, മുഖരോമം മുറിക്കുക, തലമുടി പിടിച്ചു വലിക്കുക, മുറിക്കുക, സംസാരിക്കുന്ന വാക്കുകള്‍ മുറിയുക, കയ്യില്‍ ഇരിക്കുന്ന സാധനങ്ങള്‍ താഴെ വീഴുക, വസ്തുക്കളെ കാലുകൊണ്ട്‌ തട്ടിമാറ്റുക, ദൂരെ എറിയുക, ഏതിനെയെങ്കിലും പിളര്‍ക്കുക ഇവ കണ്ടാല്‍ നാശസൂചകമാണ്.

ദൈവദ്യശാസ്ത്രത്തിലും ഇതുപോലെ തന്നെ രോഗിയുടെ വിശേഷിച്ചും വിഷബാധയേറ്റ രോഗിയുടെ ദൂതന്‍ രോഗവിവരവുമായി വൈദ്യനെ സമീപിക്കുന്ന സമയത്ത് കാണുന്ന നിമിത്തങ്ങളെ അടിസ്ഥാനമാക്കി രോഗത്തിന്‍റെ സാധ്യാസാധ്യത കല്പിക്കാന്‍ സാധിക്കുമെന്ന് സുശ്രുതം, ചരകം തുടങ്ങിയ വൈദ്യഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഗവേഷണ താല്പര്യം ഉള്ളവര്‍ ആ ഗ്രന്ഥങ്ങള്‍ കൂടി നോക്കുക.

സൂക്ഷ്മമായി ആലോചിച്ചാല്‍ നിമിത്തങ്ങളിലും ശകുനങ്ങളിലും അടങ്ങിയിരിക്കുന്ന തത്ത്വം ഒന്നുതന്നെയാണ്. നിമിത്തങ്ങളെ പൊതുവേ പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തിപ്പറയുമ്പോള്‍ ശകുനങ്ങളെ യാത്രയുമായി ബന്ധപ്പെടുത്തുന്നു എന്ന വ്യത്യാസമേ ഉള്ളു.

പൃഛകന്‍ ദൈവജ്ഞഗൃഹത്തില്‍ ചെന്ന് പ്രശ്നം വെക്കുമ്പോള്‍ അവിടെ നിമിത്തങ്ങളാണ് ഫലസൂചന നല്‍കുന്നത്. അവിടെ ശകുനങ്ങള്‍ക്ക് സാധ്യതയില്ല. ശകുനങ്ങള്‍ ചിന്തിക്കേണ്ടി വരുന്നത് ദൈവജ്ഞന്‍ പ്രശ്നക്രിയക്കായി പൃഛകഗൃഹത്തിലേയ്ക്ക് പുറപ്പെടുമ്പോഴാണ്.

കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് ഇയാള്‍ മതിയോ എന്ന് ഒഴിവുനോക്കുമ്പോള്‍ വ്യാഴം ഇഷ്ടസ്ഥിതനായിത്തന്നെ ഇരിക്കണം

മൃത്യുഞ്ജയഗണപതിഹോമാദീനാം കര്‍ത്തൃ ചിന്തനേ ധിഷണഃ
അനുകൂലോ ജലവൃദ്ധിര്‍ദ്ദശമഗുണശ്ചാസ്തു ലഗ്നമൂര്‍ദ്ധ്വമുഖം

സാരം :-

മുത്യുഞ്ജയഹോമം, ഗണപതിഹോമം, തിലഹോമം മുതലായ കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് ഇയാള്‍ മതിയോ എന്ന് ഒഴിവുനോക്കുമ്പോള്‍ വ്യാഴം  ഇഷ്ടസ്ഥിതനായിത്തന്നെ ഇരിക്കണം. ലഗ്നത്തിന് ഊര്‍ദ്ധ്വമുഖത്വവും വേലിഏറ്റവും വേണം. പത്താം ഭാവത്തിന് ശുഭയോഗം ശുഭദൃഷ്ടി മുതലായ ഗുണങ്ങളും ഉണ്ടായിരിക്കണം. ഇങ്ങനെ വന്നാല്‍ അയാളിനെക്കൊണ്ട് മേല്‍പറഞ്ഞ കര്‍മ്മം ചെയ്യിക്കുന്നത് ശുഭപ്രദമാണെന്ന് ഇതിന് വിപരീതമായാല്‍ അശുഭപ്രദമാണെന്നും പറയണം.

ബ്രാഹ്മണര്‍ / ചണ്ഡാലന്‍ എന്നിവരെക്കൊണ്ട് ബാധയ്ക്ക് പ്രതിശാന്തി ചെയ്യണം

സൌമ്യേസൌമ്യ ഗൃഹസ്ഥേ ബാധേശേ തല്‍പ്രതിക്രിയ വിപ്രൈഃ
പാപേ തദ്ഗൃഹഗേ വാ ചണ്ഡാലാദ്യൈരിതീരിതം കൈശ്ചില്‍.

സാരം :-

ബാധാകര്‍ത്താവായ ഗൃഹം ശുഭനായിരുന്നാലും ശുഭന്‍റെ രാശിയില്‍ നിന്നാലും ബ്രാഹ്മണരെക്കൊണ്ടുവേണം ബാധയ്ക്കു പ്രതിശാന്തി ചെയ്യിക്കേണ്ടത്. അതുപോലെ ബാധകാധിപന്‍ പാപനായാലും പാപരാശിയില്‍ നിന്നാലും ചണ്ഡാലവര്‍ഗ്ഗത്തില്‍പ്പെട്ടവരെക്കൊണ്ട്  പ്രതിശാന്തി ചെയ്യിച്ചുകൊള്ളണം.

പുലയനെ / പറയനെ കൊണ്ട് ബാധയ്ക്ക് പ്രതിശാന്തി ചെയ്യിക്കണം

മാന്ദിത്രികോണയോഗേക്ഷാദ്യേതസ്യ യദി പുല്‌കസഃ
ദിവാകീര്‍ത്തിസ്തഥാ കേതുബാധകഗ്രഹയോഗതഃ ഇതി

സാരം :-

ബാധാകര്‍ത്താവായ ഗ്രഹത്തിന് ഗുളികന്‍റെ യോഗമോ ദൃഷ്ടിയോ ത്രികോണസ്ഥിതിയോ ഉണ്ടായാല്‍ പുലയനെക്കൊണ്ട് വേണ്ടം ബാധയ്ക്ക് പ്രതിശാന്തി ചെയ്യിക്കേണ്ടത്. അതുപോലെ കേതുവിന്‍റെ യോഗമോ ദൃഷ്ടിയോ ത്രികോണമോ ഉണ്ടായാല്‍ പറയനെക്കൊണ്ട് പ്രതിശാന്തി ചെയ്യിക്കണം. 

ബാധയ്ക്കു പ്രതിക്രിയ ചെയ്യുന്നവരുടെ ജാതി

സൂര്യാചന്ദ്രമസോര്‍ഗ്രഹാംശകഗതശ്ചേല്‍ ഖേചരോ ബാധകോ
വിപ്രഃകര്‍മ്മ കരോതു നിര്‍ജ്ജരഗുരോ ശ്ചേദ്ദേവതാഗായകഃ
ജ്ഞസ്യ സ്യാദ്യദി കുംഭകൃല്‍പ്രഭൃതയഃ ശുക്രാരയോര്‍വ്വാ ശാനേ-
ശ്ചണ്ഡാലോത്തമമദ്ധ്യമൌ തദധമസ്തദ്ദേവതാപ്രീതയേ.

സാരം :-

ബാധകഗ്രഹം  ആദിത്യന്‍റെയോ ചന്ദ്രന്‍റെയോ രാശിയില്‍ വരികയോ അംശകിക്കുകയോ ചെയ്‌താല്‍ ബാധയ്ക്കു പ്രതിക്രിയ ചെയ്യേണ്ടത് ബ്രാഹ്മണരാണ്. അപ്രകാരം വ്യാഴക്ഷേത്രങ്ങളില്‍ നില്‍ക്കുകയോ അംശകിക്കുകയോ ചെയ്‌താല്‍ ക്ഷേത്രങ്ങളില്‍ പാട്ട് മുതലായവ നടത്തിവരുന്ന പണിക്കരെയും മറ്റും കൊണ്ടാണ് ബാധാശാന്തി ചെയ്യിക്കേണ്ടത്. ബുധക്ഷേത്രത്തില്‍ നില്‍ക്കുകയോ അംശകിക്കുകയോ ചെയ്‌താല്‍ കുശവന്മാര്‍ മുതലായവരെക്കൊണ്ട് ബാധാശാന്തി വരുത്തണം. ശുക്രന്‍റെ ക്ഷേത്രത്തില്‍ നില്‍ക്കുകയോ അംശകിക്കുകയോ ചെയ്‌താല്‍ ചണ്ഡാലവര്‍ഗ്ഗത്തില്‍പ്പെട്ട ഉത്തമന്മാരെക്കൊണ്ടും ചൊവ്വാക്ഷേത്രത്തില്‍ നില്‍ക്കുകയോ അംശകിക്കുകയോ ചെയ്‌താല്‍ ചണ്ഡാലവര്‍ഗ്ഗത്തില്‍പ്പെട്ട മദ്ധ്യമന്മാരെക്കൊണ്ടും ശനിക്ഷേത്രത്തില്‍ നില്‍ക്കുകയോ അംശകിക്കുകയോ ചെയ്‌താല്‍ ചണ്ഡാലവര്‍ഗ്ഗത്തില്‍പ്പെട്ട അധമന്മാരെക്കൊണ്ടും ബാധാശാന്തികരമായ കര്‍മ്മം ചെയ്യിക്കേണ്ടതാണ്. 

ഇരുട്ടത്താണോ, വെളിച്ചത്തോ പ്രസവമുണ്ടായതെന്നും, കട്ടിള, കിടക്ക, നിലം മുതലായി ഏതു സ്ഥലത്ത് കിടന്നാണ് പ്രസവിച്ചതെന്നും പറയണം

മന്ദര്‍ക്ഷാംശേ ശശിനി ഹിബുകേ, മന്ദദൃഷ്ടേƒബ്ജഗേ വാ
തദ്യുക്തേ വാ, തമസി ശയനം നീചസംസ്ഥൈശ്ച ഭൂമൗ
യദ്വദ്രാശിര്‍വ്രജതി ഹരിജം ഗര്‍ഭമോക്ഷസ്തു തദ്വത്
പാപൈശ്ചന്ദ്രാത് സ്മരസുഖഗതൈഃ ക്ലേശമാഹുര്‍ജ്ജനന്യാഃ

സാരം :-

1). ജനനസമയത്തെ ചന്ദ്രന്‍ ശനിക്ഷേത്രത്തിലോ ശനി നവാംശകത്തിലോ ലഗ്നാല്‍ നാലാം ഭാവത്തില്‍ നില്‍ക്കുക, അല്ലെങ്കില്‍ 2). ഏതു ഭാവത്തിലായാലും വേണ്ടതില്ല ചന്ദ്രന്‍ ജലരാശിയില്‍ നില്‍ക്കുകയും ശനിദൃഷ്ടിയുണ്ടാവുകയും ചെയ്ക, അതുമല്ലെങ്കില്‍ 3). ജലരാശിസ്ഥിതനായ ചന്ദ്രന് ശനിയുടെ യോഗമുണ്ടാവുക; ജനനസമയത്ത് മേല്‍പറഞ്ഞ മൂന്നു യോഗങ്ങളിലൊന്നുണ്ടായാല്‍ ഇരുട്ടതാണ് പ്രസവിച്ചതെന്ന് പറയണം. ഈ മൂന്നു യോഗങ്ങളിലും ചന്ദ്രന് സൂര്യന്‍റെ യോഗമോ പൂര്‍ണ്ണദൃഷ്ടിയോ ഉണ്ടെങ്കില്‍ ഇരുട്ടത്തല്ലെന്നും ഒരു അഭിപ്രായമുണ്ട്. "തമോനാര്‍ക്കദൃഷ്ടയുത ഉഡുപേ" എന്ന് പ്രമാണമുണ്ട്.

ഈ മൂന്നു യോഗങ്ങളെത്തന്നെ ആറ് യോഗങ്ങളാക്കി കല്‍പ്പിക്കേണമെന്നും ഒരു അഭിപ്രായമുണ്ട്. അത് ഇവിടെ കാണിക്കാം. 1). ചന്ദ്രന്‍ ശനിക്ഷേത്രത്തില്‍ നില്‍ക്കുക, 2). ചന്ദ്രന്‍ ശനിനവാംശകത്തില്‍ നില്‍ക്കുക. 3). ചന്ദ്രന് ശനിദൃഷ്ടിയുണ്ടാവുക; 4). ചന്ദ്രനും ശനിയും തമ്മില്‍കൂടുക; 5). ചന്ദ്രന്‍ ലഗ്നാല്‍ നാലില്‍ നില്‍ക്കുക; 6) ചന്ദ്രന്‍ ജലരാശിയില്‍ നില്‍ക്കുക; ജനനസമയത്ത് ഈ ആറില്‍ ഒന്നുണ്ടായാല്‍ പ്രസവം ഇരുട്ടത്താണെന്നാണ് പറയണം.

ശനിഭവനേ, ശന്യംശേ, തദീക്ഷിതേ, തദ്യുതേ സുഖേ ജലഭേ ഷഡ്വിധ ഇന്ദൗ സുരതം തമസി - എന്ന് കൃഷ്ണീയത്തിള്‍ സുരതപ്രശ്നവിഷയത്തില്‍ പറയുന്നതിനാല്‍ ഈ ഒടുവില്‍ പറഞ്ഞ പക്ഷത്തിനാണ് അധികം പ്രാമാണ്യമെന്നും അറിയുക. ഭോജനപ്രശ്നം, സുരതപ്രശ്നം, ചോരപ്രശ്നം, കിടപ്പിന്‍റെ സ്ഥലം മുതലായി ഇരുട്ടോ വെളിച്ചമോ എന്നറിയേണ്ട സ്ഥലത്തൊക്കയും മേല്‍പറഞ്ഞ യോഗങ്ങളെക്കൊണ്ട് ഫലം വിചാരിയ്ക്കാം.

പ്രസവസമയത്ത് മൂന്നില്‍ കുറയാതെ ഗ്രഹങ്ങള്‍ നീചസ്ഥന്മാരാണെങ്കില്‍, ദാരിദ്രാദികളാല്‍ കട്ടില്‍ മുതലായ കിടപ്പുസാമാനങ്ങളില്ലായ്ക നിമിത്തം നിലത്ത് കിടന്നാണ് പ്രസവിച്ചതെന്ന് പറയുക. കേവലം മാതൃകാരകനായ ചന്ദ്രന്‍ നീചസ്ഥനായാലും, നിലത്തു കിടന്നാണ് പ്രസവിച്ചതെന്നും ചിന്തിയ്ക്കാമെന്നു യുക്തിവശാല്‍ വരുന്നുണ്ട്. ലഗ്നാല്‍ പന്ത്രണ്ടാംഭാവാധിപനും അവിടെ നില്‍ക്കുന്നവനും നീചസ്ഥന്മാരായാലും, പ്രസവം നിലത്തുകിടന്നിട്ടാണെന്നു പറയാം. നേരെ മറിച്ച് മേല്‍പറഞ്ഞ രണ്ടു ഗ്രഹങ്ങളും ഉച്ചസ്ഥന്മാരായാല്‍ കട്ടില്‍ കിടയ്ക്ക മുതലായ ഉല്‍കൃഷ്ടശയ്യയില്‍ കിടന്നാണ് പ്രസവിച്ചതെന്നും വരുമല്ലോ. ഈ പറഞ്ഞ യുക്തിയെ ഭോജനപ്രശ്നവിഷയത്തില്‍ മറ്റൊരു ഗ്രന്ഥകാരന്‍.

"വ്യായാധിപേ തുംഗഗതേ തു ഖട്വാതല്‌പാദികേ രിഫഗതേ ഗ്രഹേ വാ നീചസ്ഥിതൗ രിഫപതദ്ഗതൗ ചേദ്‌ഭുക്തസ്തദാ കേവലഭൂമിശായീ".

എന്ന പ്രമാണവചനംകൊണ്ട് അനുവദിയ്ക്കുന്നുമുണ്ട്. ജാതക പ്രശ്നാദികളില്‍ കിടന്ന് സ്ഥാനാദിഗുണങ്ങളറിയേണ്ടിടങ്ങളിലൊക്കയും മേല്‍പറഞ്ഞതു കൊണ്ട് ഫലം ചിന്തിയ്ക്കാവുന്നതാണെന്നും ധരിയ്ക്കുക.

ഒന്നാമദ്ധ്യായത്തിലെ പത്താം ശ്ലോകം കൊണ്ട് പറഞ്ഞപ്രകാരം നോക്കുമ്പോള്‍ പ്രസവകാലത്തെ ഉദയലഗ്നം എപ്രകാരമാണോ ഉദിയ്ക്കുന്നതു പ്രസവിച്ചതു അപ്രകാരമാണെന്നു പറയാവുന്നതാണ്. ഇതിനെ ഒന്നുകൂടി വിവരിയ്ക്കാം. ലഗ്നം മേടം രാശിയിലാണെങ്കില്‍ പൃഷ്ഠവും, ചിങ്ങമാണെങ്കില്‍ കമിഴ്ന്നും ആണ് പ്രസവമുണ്ടായതെന്നും പറയാം.

"യാദ്വദ്രാശിര്‍വ്രജതി ഹരിജം - " യാതൊരു പ്രകാരത്തിലാണോ ലഗ്നരാശി പൂര്‍വ്വക്ഷിതിജത്തെ പ്രാപിയ്ക്കുന്നത് എന്ന് മാത്രം പറഞ്ഞതുകൊണ്ട് വേറെയും അര്‍ത്ഥം സൂചിപ്പിച്ചിട്ടുണ്ട്. ലഗ്നം ഊര്‍ദ്ധ്വമുഖമാണെങ്കില്‍ മലന്നും തിര്യങ്മുഖമാണെങ്കില്‍ ചെരിഞ്ഞും, അധോമുഖമാണെങ്കില്‍ കമിഴ്ന്നും ആണ് പ്രസവമുണ്ടായതെന്നും പറയാം.

ചന്ദ്രനോടുകൂടിയും ചന്ദ്രന്‍റെ 4 - 7 എന്നീ ഭാവങ്ങളിലും പാപന്മാരുണ്ടായാല്‍ മാതാവിന് ദുഃഖമുണ്ടാവുമെന്നു പറയണം. നേരെ മറിച്ച് അവിടങ്ങളില്‍ ശുഭന്മാര്‍ നിന്നാല്‍ സുഖപ്രസവാദികളില്‍ സൌഖ്യമുണ്ടാവുമെന്നും പറയണം. 

ബാധയ്ക്ക് പ്രതിക്രിയ ചെയ്യുന്നവന്‍

ബാധകവിഹഗാധിശ്രിത-
ഭവനാംശകയോര്‍ന്നിരീക് ഷ്യ സത്വാദിഗുണാന്‍.
സാത്വികരാജസതാമസ-
കര്‍മ്മാസ്ത്വേതല്‍ പ്രതിക്രിയാകര്‍ത്താ.

സാരം :-

ബാധകാധിപന്‍ നില്‍ക്കുന്ന രാശി (ബാധകസ്ഥാനമെന്നും അഭിപ്രായമുണ്ട്) യോ നവാംശകമോ സത്വഗുണമായിരുന്നാല്‍ ബാധയ്ക്ക് പ്രതിക്രിയ ചെയ്യുന്നവന്‍ സാത്വികനായിരിക്കണം. ബാധകാധിപന്‍റെ രാശ്യംശങ്ങള്‍ രജോഗുണങ്ങളായിരുന്നാല്‍ ശാന്തി ചെയ്യുന്നവന്‍ രാജസനായിരിക്കണം. ബാധകഗ്രഹത്തിന്‍റെ രാശ്യംശങ്ങള്‍ തമോഗുണമയമായിരുന്നാല്‍ താമസനാണ് പ്രതിക്രിയ ചെയ്യേണ്ടത്.

കര്‍ക്കിടകം, ചിങ്ങം, ധനു, മീനം എന്നീ രാശികള്‍ സത്വഗുണങ്ങളും; ഇടവം, തുലാം, മിഥുനം, കന്നി എന്നീ രാശികള്‍ രജോഗുണങ്ങളും; മേടം, വൃശ്ചികം, മകരം, കുംഭം എന്നീ രാശികള്‍ തമോഗുണങ്ങളുമാകുന്നു.

രോഗശമനം വരുമെന്ന് പറയണം

ഷഷ്ഠാഷ്ടമവ്യയസുഖേ പാപവിമുക്തേ ശുഭാന്വിതേ കേന്ദ്രേ
വ്യാധേഃ ശാന്തിപ്രശ്നേ ശാന്തിര്‍ഭവതീതി നിര്‍ദ്ദിശേന്മതിമാന്‍

സാരം :-

വ്യാധിശമനം വരുമോ എന്നുള്ള ചിന്തയില്‍ ലഗ്നത്തില്‍ നിന്ന് 4, 6, 8, 12 എന്നീ ഭാവങ്ങളില്‍ പാപഗ്രഹയോഗം വരരുത്. ഉദയം, 4, 7, 10 എന്നീ ഭാവങ്ങളില്‍ ശുഭഗ്രഹയോഗം ഉണ്ടായിരിക്കുകയും വേണം. ഇങ്ങിനെ വന്നാല്‍ പെട്ടെന്ന് രോഗശമനം വരുമെന്ന് പറയണം. ഇതും ഒഴിവു നോക്കുന്നതിന് ഉപയോഗിക്കേണ്ടതാണ്.

രോഗശമനം സംഭവിക്കുമോ എന്ന് ചിന്തിക്കുമ്പോള്‍

പൃഷ്ഠോദയജലഹ്രാസചരാധോമുഖരാശിഭിഃ
ലഗ്നസ്ഥൈര്‍വ്യാധിശാന്തിഃ സ്യാല്‍ തല്‍പ്രശ്നേ നതദന്യഥാ.

സാരം :-

വ്യാധിശമനം (രോഗശമനം) സംഭവിക്കുമോ എന്ന് ചിന്തിക്കുമ്പോള്‍ ലഗ്നത്തിന് പൃഷ്ഠോദയം, ചരാശി, അധോമുഖം, വേലിയിറക്കം എന്നീ ലക്ഷണങ്ങളുണ്ടെങ്കില്‍ രോഗശമനമുണ്ടാകുമെന്ന് പറയണം. 

ലഗ്നത്തിന് ഊര്‍ദ്ധോദയത്വം, വേലിയേറ്റം, സ്ഥിരത്വം, ഊര്‍ദ്ധമുഖത്വം ഈവക ലക്ഷണങ്ങളുണ്ടെങ്കില്‍ ശമിക്കയില്ലെന്നു പറയണം. മിശ്രങ്ങളായിരുന്നാല്‍ ഇതിന്‍റെ പ്രാബല്യമനുസരിച്ച് പറഞ്ഞുകൊള്ളണം. ഇത് ഇന്ന ചികിത്സകൊണ്ടും മറ്റും രോഗശാന്തി വരുമോ എന്നുള്ള ഒഴിവ് നോക്കുമ്പോള്‍ ചിന്തിക്കേണ്ടവയാണ്.

പൃഛാകാലാനുഭവങ്ങള്‍

പ്രശ്നസമയത്ത് പൃഛകനും ദൈവജ്ഞനും ദുഷ്ടിവിഷയമാകുന്ന ശുഭങ്ങളും അശുഭങ്ങളും ആകുന്ന മാനസികാനുഭവങ്ങളും ശകുനാദികളും പ്രശ്നഫലത്തെപ്പറ്റി മുന്‍ കൂട്ടി അറിവ് നല്‍കുകയും ചെയ്യുന്നു.

പ്രശ്നക്രിയാ സമയത്ത് ആരെങ്കീലും  എന്തെങ്കിലും പറയുകയോ ദൈവജ്ഞന്‍ എന്തെങ്കിലും കാണുകയോ കേള്‍ക്കുകയോ ചെയ്‌താല്‍ പ്രശ്നഫലം അതുമായി ബന്ധപ്പെട്ടിരിക്കും. എന്തെങ്കിലും ഒരു കാര്യം ചെയ്യുമ്പോഴോ ആ കാര്യത്തിന് വേണ്ടി പുറപ്പെടുമ്പോഴോ ആ കാര്യവുമായി ബന്ധപ്പെട്ട വസ്തു ദൃഷ്ടി വിഷയമായാല്‍ ആ കാര്യത്തിന്‍റെ ലാഭം ഉണ്ടാകും.

വിവാഹപ്രശ്നം നടന്നു കൊണ്ടിരിക്കുമ്പോള്‍ രണ്ടു പേര്‍ ഒരുമിച്ചു വരുന്നതായോ ആരെങ്കിലും പുതിയ വസ്ത്രം കൊണ്ടുവരുന്നതായോ കണ്ടാല്‍ വിവാഹം നടക്കുമെന്ന് പറയാം. അതുപോലെ വിവാഹ പ്രശ്ന സമയത്ത് ആരെങ്കിലും ഏതെങ്കിലും ദ്വാരത്തില്‍ വിരല്‍ കടത്തുന്നത് കണ്ടാല്‍ പെണ്‍കുട്ടി ദുര്‍നടപടിക്കാരിയാണെന്നുള്ള സൂചന ലഭിക്കുന്നു.

സന്താന പ്രശ്നം നടക്കുമ്പോള്‍ ആരെങ്കിലും ലേഖനോപകരണങ്ങള്‍ കൊണ്ട് വരിക,  പുസ്തകം തുടങ്ങിയ വിദ്യാഭ്യാസോപകരണങ്ങള്‍ കാണുക, കുട്ടികളുടെ കാലില്‍ കെട്ടുന്ന ചിലങ്ക മുതലായവ കാണുക, ഗര്‍ഭിണി, ബാലകന്‍ മുതലായവര്‍ പ്രശ്നസ്ഥലത്ത് വരുക ഇങ്ങനെ വന്നാല്‍ സന്താനലാഭം ഉണ്ടാകുമെന്ന് പറയാം. ഇതിനു പകരം ആരെങ്കിലും പ്രശ്നസ്ഥലത്ത് നിന്ന് പുറത്തുപോകുക ഇങ്ങനെ വന്നാല്‍ സന്താന മൃത്യു സംഭവിക്കും.

ഒരു കാര്യത്തിനുവേണ്ടി പുറപ്പെടുമ്പോള്‍ ഫലമോ സ്വര്‍ണ്ണമോ കണ്ടാല്‍ ഫലസിദ്ധിയുണ്ടാകും.

രോഗപ്രശ്ന സമയത്ത് മരണാണാനന്തരക്രിയകള്‍ക്കുപയോഗിക്കുന്ന ചെറുപുഷ്പം, ദര്‍ഭ, എള്ള്, അഗ്നി, കോടിവസ്ത്രം, തൈര്, പിതൃകര്‍മ്മങ്ങള്‍ക്കുപയോഗിക്കുന്ന വസ്ത്രങ്ങള്‍ ഇവയെക്കണ്ടാല്‍ മരണം സംഭവിക്കും.

രണ്ടു ആളുകളെപ്പറ്റി പ്രശ്നം നടന്നുകൊണ്ടിരിക്കുമ്പോള്‍ രണ്ടു പേര്‍ കൈകോര്‍ത്തുപിടിച്ചുകൊണ്ടു വരുന്നതോ ഒരാള്‍ തനിച്ചു  വരുന്നതോ കണ്ടാല്‍ സന്ധി ഉണ്ടാകും എന്ന് പറയാം. നേരെ മറിച്ച് എന്തെങ്കിലും മുറിയുന്നതോ പിളരുന്നതോ കണ്ടാല്‍ സന്ധി ഉണ്ടാകുകയില്ല എന്ന് പറയണം

പൃഛക വസ്ത്രാഭരണാദികള്‍

പൃഛകന്‍റെ വേഷഭൂഷാദികളില്‍ നിന്നും പ്രശ്നത്തിന്‍റെ ശുഭാശുഭത്വം മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയും, പൃഛകന്‍ ജലം കൊണ്ട് നനഞ്ഞതോ, കീറിയതോ, അഴുക്കുള്ളതോ ചുവന്നതോ നീലയോ ആയ വസ്ത്രം ധരിച്ചിരുന്നാല്‍ പൃഛകന് ദുഃഖം അനുഭവപ്പെടും. കൂടാതെ അമംഗള വസ്തുക്കള്‍ കൈയില്‍ വെച്ച് കൊണ്ട് ദൈവജ്ഞനെ സന്ദര്‍ശിച്ചാലും അശുഭഫലമായിരിക്കും.

പൃഛകന്‍ പൂക്കളുടെ സുഗന്ധം കൊണ്ടും ആഭരണം കൊണ്ടും ആകര്‍ഷകത്വമുള്ളവനായിരിക്കണം. മനസ്സില്‍ ദുഷ്ടവിചാരങ്ങളില്ലാതെ സ്വസ്ഥചിത്തനായിരിക്കണം. പ്രശ്നസമയത്ത് ദൈവജ്ഞനില്‍ നിന്നും ദൃഷ്ടി തിരിച്ചു പിടിക്കാതെ അഭിമുഖമായിത്തന്നെ നില്‍ക്കണം. വൃഗ്രത പ്രദര്‍ശിപ്പിക്കാതെ കണ്ണുകള്‍ ഉറപ്പിച്ചിരിക്കണം.

പൃഛക ഭാവം

പൃഛകന്‍റെ മുഖഭാവവും പ്രശ്നത്തിന്‍റെ ഫലാഫലങ്ങളെ സൂചിപ്പിക്കുന്നതാണ്. പൃഛകന്‍റെ മുഖത്ത് കോപം, ക്ഷീണം, മനോവിഷമം തുടങ്ങിയ ഭാവങ്ങളാണ് പ്രത്യക്ഷപ്പെടുന്നതെങ്കില്‍ അത് പ്രശ്നഫലത്തിന്‌ അനുകൂലമായിരിക്കുകയില്ല.

ദൈവജ്ഞ സന്നിധിയിലെത്തുന്ന ദൂതന്‍ സുന്ദരനും കുലീനനും വിനയശീലനും ആരോഗ്യവാനും പ്രസന്നനും ആയിരുന്നാല്‍ പൃഛകന് സുഖാനുഭവം ഉണ്ടാകും.

ദൈവജ്ഞസന്നിധിയിലെത്തുന്ന പൃഛകന്‍ മുകളിലോട്ടും താഴോട്ടും നോക്കാതേയും മംഗളകരമായ വസ്തുക്കളില്‍ കണ്ണുതുറപ്പിച്ചുകൊണ്ടും കണ്ണടയ്ക്കാതേയും ഇരുന്നാല്‍ നല്ല അനുഭവമായിരിക്കും.

ദൂതന്‍ പ്രഷ്ടാവിന്‍റെ തന്നെ ജാതിക്കാരനായിരുന്നാല്‍ അത് പ്രശ്നത്തിനനുകൂലമാണ്. ഭിന്ന ജാതിക്കാരനായിരുന്നാല്‍ കാര്യവൈപരീത്യം അനുഭവപ്പെടും.

ദൂതന്‍റെ പെരുമാറ്റം

ദൈവജ്ഞന്‍റെ സന്നിധിയില്‍ നില്‍ക്കുന്ന പൃഛകന്‍റെ ചേഷ്ടകളേയും വാക്കുകളേയും ഹാവഭാവാധികളേയും നിയന്ത്രിക്കുന്നത് അയാളല്ലെന്നും മറ്റേതോ ആദൃശ്യ ശക്തികളാണെന്നും നാം മനസ്സിലാക്കിയല്ലോ, അതുകൊണ്ട് ദൂതന്‍റെ ചേഷ്ടകളെ സൂക്ഷ്മമായി വീക്ഷിച്ചാല്‍ അതില്‍ നിന്നും പ്രശ്നഫലം അനുകൂലമാണോ  പ്രതികൂലമാണോ എന്ന പൂര്‍വ്വ സൂചന ലഭിക്കും.

പൃഛകന്‍ കൈകള്‍ തിരുമ്മുക, ശരീരം ക്ഷീണിക്കുക, അത്യന്തം കോപിഷ്ഠനായിരിക്കുക, ശരീരം വളഞ്ഞിക്കുക, രണ്ടു കൈകളും കുടയുക, മുഖം തിരിച്ചു പിടിക്കുക, താന്‍ വന്നകാര്യം മറന്നു പോകുക, ഇങ്ങനെയൊക്കെ വന്നാല്‍ പ്രശ്നഫലം പ്രതികൂലമായിരിക്കും.

പ്രശ്നസമയത്ത് ദൂതന്‍ സ്വന്തം ശരീരത്തിലോ മറ്റെവിടെയെങ്കിലുമോ ബലമായി അടിച്ചാല്‍ അത് മരണത്തെ സൂചിപ്പിക്കും. അതുപോലെ തന്നെ നാശനഷ്ടങ്ങളുമായി ബന്ധപ്പെടുന്ന ഏതെങ്കിലും കാര്യം മനസ്സില്‍ ആലോചിക്കുകയോ കേള്‍ക്കുകയോ കാണുകയോ ചെയ്താലും പ്രശ്നസമയത്ത് ദൈവജ്ഞനും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായാലും മരണം സുനിശ്ചിതമാണ്.

പ്രശ്ന സമയത്ത് ദൂതനോ ദൈവജ്ഞനോ ഉറങ്ങുക, തലമുടി അഴിച്ചിട്ടിരിക്കുക, ശൂചിയില്ലാതിരിക്കുക, കരയുക, മുഖം മുറിഞ്ഞിരിക്കുക, തല മൊട്ടയടിക്കുക, നഗ്നനായിരിക്കുക, ഏതെങ്കിലും പൊട്ടിക്കുകയോ മുറിക്കുകയോ ചെയ്യുക, ഓടുക, അഗ്നിയില്‍ ഹോമം ചെയ്തുകൊണ്ടിരിക്കുക, ദൂതന്‍ കൈകാലുകള്‍ കോര്‍ത്തു ബന്ധിക്കുക, കൈകൊണ്ടു കണ്ണുകള്‍ തിരുമ്മുക, ദീനനായിരിക്കുക, തടി, പുല്ല് മുതലായത് മര്‍ദ്ദിച്ചു കൊണ്ടിരിക്കുക എന്ന സ്ഥിതിലായാല്‍ പൃഛകന്‍റെ പ്രശ്നത്തിന്‍റെ ഫലം ശുഭമായിരിക്കുകയില്ല എന്ന് പറയാം.

പൃഛകന്‍ ജ്യോതിഷിയെ (ദൈവജ്ഞനെ) സമീപിക്കുമ്പോള്‍ ജ്യോതിഷന്‍ മുകളില്‍ പറഞ്ഞ രീതിയാലായാലും അത് തന്നെയായിരിക്കും ഫലം.

പ്രശ്നസമയത്ത് ദൈവജ്ഞനോ പൃഛകനോ വ്യാപരിക്കുന്ന ക്രിയകളെക്കൊണ്ട് പ്രശ്നത്തിന്‍റെ ശുഭാശുഭഫലങ്ങളെ സൂചിപ്പിക്കുന്ന രീതി വിവരിക്കുന്നു. പ്രശ്നം ചോദിക്കുമ്പോള്‍ ജ്യോതിഷനോ പൃഛകനോ കയര്‍ പിരിച്ചുകൊണ്ടിരിക്കുക, നഖം കൊണ്ട് തറയില്‍ എന്തെങ്കിലും എഴുതിക്കൊണ്ടിരിക്കുകയോ കീറുകയോ ചെയ്യുക. ആരെങ്കിലും ഇവരെ തടയുക, തള്ളി മാറ്റുക, എണ്ണതേയ്ക്കുക, ഭസ്മം, ചാരം, ഈയം, ചാണകം ഇവ സംഭരിക്കുക, വ്യാധിതനായിരിക്കുക, വസ്ത്രം തോളില്‍ ഇട്ടുകൊണ്ടിരിക്കുക, രൂക്ഷവും അശുഭവുമായ വാക്കുകള്‍ പറയുക, പരേതന്മാര്‍ക്ക് തര്‍പ്പണം നടത്തുക, പിണ്ഡദാനം ചെയ്യുക എന്നീ സന്ദര്‍ഭങ്ങളിലാണ് പ്രശ്നം ചെയ്യുന്നതെങ്കില്‍ പ്രശ്നം ശുഭമായിരിക്കുകയില്ല.

പൃഛകന്‍ ജ്യോതിഷിയെ സമീപിക്കുന്ന നേരത്ത് അവരിലാരെങ്കിലും കത്തി, വാള്, വയ്ക്കോല്‍, വല, ഉമി, ചെരുപ്പ്, മയില്‍പ്പീലി, തോല്‍, കൊമ്പ് ഇവ കയ്യില്‍ വച്ചിരിക്കുന്നത് പ്രശ്നത്തിന് ശുഭസൂചകമല്ല.

അതുപോലെ പൃഛകന്‍ അംഗവൈകല്യം വന്നവനോ, ചൂലുകൈയില്‍ എടുത്തിരിക്കുന്നവനോ, ചെറുള എന്ന ചെടിയോ, പുഷ്പമോ ധരിച്ചിട്ടുള്ളവനോ, മുറം, കയറ്, ഉലക്ക, ഇവ കൈയിലെടുക്കുന്നവനോ വിശപ്പുള്ളവനോ ആയിരിക്കരുത്.

ഈശ്വരസേവ മന്ത്രജപം മുതലായ പുണ്യസേവകള്‍ക്കൊണ്ട് രോഗം നിശ്ചയമായും ശമിക്കുമെന്ന് പറയണം

ഭാഗ്യസ്ഥാനഗതേ ശുഭേ തദധിപേ പ്രാണിന്യഭീഷ്ടസ്ഥിതേ
ലഗ്നേശേ തപനേന വാഥ ധിഷണേനാലോകിതേവാന്വിതേ
സ്യാദേവേശ്വരസേവയാ ഗദശമസ്തദ്വന്മനൂനാം ജപൈര്‍-
ല്ലഗ്നേശേ നവമേ ച ദോഷസഹിതേ വ്യാധേഃ ശമോ ദുര്‍ല്ലഭഃ

സാരം :-

ഒന്‍പതാം ഭാവത്തില്‍ ശുഭഗ്രഹം നില്‍ക്കുക ഒന്‍പതാംഭാവാധിപന്‍ ബലവാനായി ഇഷ്ടഭാവത്തില്‍ നില്‍ക്കുക ലഗ്നാധിപന് വ്യാഴത്തിന്‍റെ യോഗമോ ദൃഷ്ടിയോ വരിക ഇങ്ങിനെ ആയാല്‍ ഈശ്വരസേവ മന്ത്രജപം മുതലായ പുണ്യസേവകള്‍ക്കൊണ്ട് രോഗം നിശ്ചയമായും ശമിക്കുമെന്ന് പറയണം. ഒന്‍പതാംഭാവത്തിന് പാപയോഗം പാപദൃഷ്ടി മുതലായ ദോഷങ്ങളും ലഗ്നാധിപന് പാപയോഗം പാപദൃഷ്ടി മൌഢ്യം നീചം മുതലായ ദോഷങ്ങളുണ്ടെങ്കില്‍ രോഗം അസാദ്ധ്യമാണെന്ന് പറയണം.

പ്രസവസ്ഥലവിശേഷത്തെ പറയുന്നു

പിതൃമാതൃഗൃഹേഷുതദ്ബലാത്
തരുസാലാദിഷു നീചഗൈഃ ശുഭൈഃ
യദി നൈകഗതൈസ്തു വീക്ഷിതൌ
ലഗ്നേന്ദു വിജനേ പ്രസൂയതേ

സാരം :-

എപ്പോഴും ഒമ്പതാം ഭാവാധിപന്‍ പിതൃഗ്രഹമാണ്. ജനനം പകലാണെങ്കില്‍ സൂര്യനും, രാത്രിയാണെങ്കില്‍ ശനിയും പിതൃഗ്രഹങ്ങളാകുന്നു. അപ്രകാരം തന്നെ നാലാംഭാവാധിപന്‍ മാതൃഗൃഹമാണ്, പകലാണ്‌ ജനനമെങ്കില്‍ ശുക്രനും, രാത്രിയാണെങ്കില്‍ ചന്ദ്രനും മാതൃഗ്രഹങ്ങളുമാകുന്നു.

ജനനസമയത്തിങ്കല്‍ പിതൃമാതൃഗ്രഹങ്ങളില്‍ വെച്ച് ബലം അധികമുള്ളത്തിന്‍റെ ഗൃഹത്തിലാണ് ജനനമെന്നും പറയാവുന്നതാണ്. ഈ അദ്ധ്യായത്തിലെ എട്ടാം ശ്ലോകം മുതല്‍ക്ക്‌ ആറ്‌ ശ്ലോകംകൊണ്ട് പറഞ്ഞ യോഗങ്ങളൊന്നും ഇല്ലെങ്കില്‍ മാത്രമേ ഈ പറഞ്ഞ വിധം ചിന്തിയ്ക്കേണ്ടതുള്ളു. ഉച്ചം, വക്രം മുതലായതുകളാല്‍ ഈ പറഞ്ഞ പിതൃഗ്രഹങ്ങള്‍ക്കാണ്‌ ബലാധിക്യമുള്ളതെങ്കില്‍ പിതൃഗൃഹത്തിലും, മാതൃഗ്രഹങ്ങള്‍ക്കാണ് ബലാധിക്യമുള്ളതെങ്കില്‍  മാതൃഗൃഹത്തിലും പിതൃമാതൃഗ്രഹങ്ങള്‍ ബലഹീനന്മാരും മറ്റു ഗ്രഹങ്ങള്‍ ബലവാന്മാരുമാണെങ്കില്‍ അന്യഗൃഹത്തിലുമാണ് പ്രസവിച്ചതെന്നും പറയണം.

ശുഭഗ്രഹങ്ങളൊക്കയും നീചസ്ഥന്മാരായാല്‍ മരങ്ങളുടെ ചുവട്, മതിലിന്‍റെ സമീപം, തോടുവക്ക്, പുഴവക്ക് മുതലായ മറവില്ലാത്ത സ്ഥലങ്ങളിലാണ് പ്രസവിച്ചതെന്ന് പറയേണ്ടതാണ്. മൂലംകൊണ്ട് സ്പഷ്ടമായിട്ടില്ലെങ്കിലും ലഗ്നാധിപന്‍ നീചസ്ഥനായാലും ഈ ഫലം അനുഭവിക്കുന്നതാണെന്ന് വിചാരിക്കാം. ഗ്രഹങ്ങള്‍ നീചസ്ഥന്മാരായാല്‍ അവര്‍ മാനഹാനി, മനോവേദന മുതലാതുകളെ സൂചിപ്പിക്കുന്നവരാകുന്നു. "നീചസ്ഥിതേരിപുനിപീഡനമന്യദേശയാനം പദാല്‍ ച ചലനം ധനഹാനി ദൈന്യേ" എന്നുണ്ട്.

ഗ്രഹങ്ങളൊക്കയും ഒരു രാശിയില്‍ നില്‍ക്കുക, ഇവര്‍ വേറെ വേറെ നില്‍ക്കുന്ന ലഗ്നചന്ദ്രന്മാരെ അരയ്ക്കാല്‍, കാല്‍ ഇങ്ങിനെ സ്വല്പദൃഷ്ടി കൊണ്ടുപോലും നോക്കാതിരിയ്ക്കുക, ഈ ലക്ഷണങ്ങളുണ്ടായാല്‍ മരച്ചുവട് മുതലായ അനാവൃതസ്ഥലങ്ങളിലാണെങ്കില്‍ കൂടി പ്രസവസമയത്ത് വേറെ  ഒരു മനുഷ്യരും ഉണ്ടായിരുന്നില്ലെന്ന് പറയേണ്ടതാണ്. ലഗ്നവും, ചന്ദ്രനും ഒന്നിച്ചായാലും വേറെ ആയാലും വേണ്ടതില്ല ആ രണ്ടിനേയും അധികം ഗ്രഹങ്ങള്‍ നോക്കുന്നുണ്ടെങ്കില്‍ വളരെ ജനങ്ങളുണ്ടായിരുന്ന സ്ഥലത്താണ് പ്രസവിച്ചതെന്നും മേല്‍പറഞ്ഞതുകൊണ്ടുതന്നെ വന്നുകൂടി. മുന്‍പറഞ്ഞവിധം വിജനസ്ഥലത്ത് പ്രസവിക്കുവാനുള്ള ലക്ഷണമുണ്ടാവേണമെങ്കില്‍ ലഗ്നാല്‍ രണ്ടില്‍ ചന്ദ്രനും മൂന്നില്‍ മറ്റെല്ലാ ഗ്രഹങ്ങളും നില്‍ക്കുകതന്നെ വേണമെന്നും അറിക. 

ആരൂഢരാശിയെ ആസ്പദമാക്കിയാണ് ബാധയെ വിചാരിക്കേണ്ടത്. ലഗ്നരാശി ആസ്പദമാക്കിയാണ് രോഗശമനത്തെ ചിന്തിക്കേണ്ടത്.

ബാധാരൂഢല്ലഗ്നഗോ വ്യാധിശാന്തി-
ശ്ചിന്ത്യാരൂഢേ പാപയോഗേക്ഷണാദ്യൈഃ
ദോഷൈര്‍യുക്തേ വ്യാധിവൃദ്ധിര്‍ഗ്ഗതാധഃ
പ്രാഗ് ലഗ്നേ സാ ഭാവിനീ പൃച്ഛകാനാം

സാരം :-

ആരൂഢരാശിയെ ആസ്പദമാക്കിയാണ് ബാധയെ വിചാരിക്കേണ്ടത്. ലഗ്നരാശി ആസ്പദമാക്കിയാണ് രോഗശമനത്തെ ചിന്തിക്കേണ്ടത്. ആരൂഢരാശിക്ക് പാപഗ്രഹങ്ങളുടെ യോഗം ദൃഷ്ടി കേന്ദ്രം തുടങ്ങിയ ദോഷങ്ങളുണ്ടെങ്കില്‍ രോഗത്തിന്‍റെ അഭിവൃദ്ധികാലം കഴിഞ്ഞിരിക്കുന്നു എന്നും ലഗ്നരാശിക്ക് പാപഗ്രഹയോഗദൃഷ്ടി മുതലായ ദോഷങ്ങളുണ്ടെങ്കില്‍ വ്യാധിയുടെ വൃദ്ധികാലം വരാനിരിക്കുന്നു എന്നും പറയണം.

ശിശുവിനെ മാതാവ് ഉപേക്ഷിക്കുകയും ഉടനെ ശിശു മരിയ്ക്കുകയുംചെയ്യും

പാപേക്ഷിതേ തുഹിനഗാവുദയേ കുജേƒസ്തേ
ത്യക്തോ വിനശ്യതി കുജാര്‍ക്കജയോസ്തഥായേ
സൗമ്യേƒഭിപശ്യതി തഥാവിധഹസ്തമേതി
സൗമ്യേതരേഷു പരഹസ്തഗതോപ്യനായുഃ

സാരം :- 

1). പ്രസവകാലോദയലഗ്നത്തില്‍ ശനിസൂര്യന്മാരുടെ ദൃഷ്ടിയുള്ള ചന്ദ്രനും ഈ ലഗ്നാല്‍ എഴില്‍ കുജനും നില്‍ക്കുക; അല്ലെങ്കില്‍ 2). ലഗ്നത്തില്‍ പാപദൃഷ്ടിയോടുകൂടിയ ചന്ദ്രനും (ഇവിടെ പാപദൃഷ്ടിയ്ക്ക് ചന്ദ്രനില്‍ നിന്ന് ഏഴില്‍ സൂര്യന്‍ നില്‍ക്കുകതന്നെ വേണം) പതിനൊന്നാം ഭാവത്തില്‍ കുജമന്ദന്മാരും നില്‍ക്കുക; ഈ രണ്ടു യോഗത്തില്‍ ജനിച്ചാലും ശിശുവിനെ മാതാവ് ഉപേക്ഷിക്കുകയും ഉടനെ ശിശു മരിയ്ക്കുകയുംചെയ്യും. ഈ രണ്ടു യോഗങ്ങളിലും ലഗ്നത്തിനു ഏതെങ്കിലും ശുഭഗൃഹത്തിന്‍റെ ദൃഷ്ടിയുണ്ടെങ്കില്‍ ആ ശുഭന്‍റെ ജാതിയായ ഒരുവന്‍റെ കയ്യില്‍, ഉപേക്ഷിയ്ക്കപ്പെട്ട് ശിശു അകപ്പെടുന്നതാണ്. ദ്രഷ്ടാവായ ശുഭന്‍ അതിബലവാനാണെങ്കില്‍ ശിശു വളരെക്കാലം സസുഖം ജീവിച്ചിരിയ്ക്കയും ചെയ്യും. ലഗ്നത്തിലേയ്ക്ക് മൂന്ന് ശുഭന്മാരും നോക്കുന്നുണ്ടെങ്കില്‍ ശിശു അത്യന്തം സുഖിയും ദീര്‍ഘായുഷ്മാനും ആയിരിയ്ക്കുമെന്നും, ക്രമേണ കുറഞ്ഞ് ഒരു ശുക്രന്‍ മാത്രമേ നോക്കുന്നുള്ളുവെങ്കില്‍ അല്പംമാത്രം സുഖമുള്ളവനും അല്പായുസ്സുമായിരിയ്ക്കുമെന്നും ചിലര്‍ക്ക് അഭിപ്രായമുണ്ട്. ലഗ്നത്തിലേയ്ക്ക് ശുഭദൃഷ്ടിയില്ലെങ്കിലും അതിനെ നോക്കുന്നവരായ ആദിത്യകുജമന്ദന്മാരില്‍ ബലവാന്‍റെ ജാതിയില്‍പ്പെട്ട ഒരുവന്‍റെ കയ്യില്‍ ശിശു അകപ്പെടാതിരിയ്ക്കയുമില്ല. പക്ഷേ ഉടനെ മരിയ്ക്കുകയും ചെയ്യും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.