രാശികളുടെ ദിക്കും ഗ്രഹങ്ങളുടെ നിലയും അറിവില്ലാത്ത ഒരു ആൺകുട്ടിയെ അല്ലെങ്കിൽ പെൺകുട്ടിയോ അഥവാ മറ്റൊരാളോ

തതഃ കന്യാ കുമാരോ വാ സ്നാത്വാ വസ്ത്രാദ്യലംകൃതഃ
രാശിഗ്രഹസ്ഥിതിജ്ഞാനശൂന്യോ വാ കശ്ചനാപരഃ

ഉപേത്യാരാധയേൽ പുഷ്പൈർദീപവിഘ്നഖഗേശ്വരാൻ
തതോസ്യ ദക്ഷിണേ ഹസ്തേ സ്വർണ്ണം സാക്ഷതപുഷ്പകം

ദദ്യാദേതദ്വഹൻ സോപി കൃത്വാ ചക്രപ്രദക്ഷിണം
പശ്ചാത്സമീപതസ്തിഷ്ഠേച്ചക്രസ്യ പ്രാങ്മുഖഃ സുധീഃ.

സാരം :-

രാശികളുടെ ദിക്കും ഗ്രഹങ്ങളുടെ നിലയും അറിവില്ലാത്ത ഒരു ആൺകുട്ടിയെ അല്ലെങ്കിൽ പെൺകുട്ടിയോ അഥവാ മറ്റൊരാളോ കുളിച്ചു ശുദ്ധവസ്ത്രം (വെളുത്ത വസ്ത്രം) ധരിച്ചുവന്ന് ഗണപതിയേയും ഗ്രഹങ്ങളേയും ഭക്തിപൂർവ്വം ആരാധിച്ചു നമസ്കരിക്കണം (അവരെക്കൊണ്ടു ഇങ്ങനെ ചെയ്യിക്കണമെന്നു ചുരുക്കം). പിന്നെ അയാളുടെ വലത്തെക്കയ്യിൽ പുഷ്‌പാക്ഷതങ്ങൾ കലർത്തി സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണത്തെ കൊടുക്കണം. അയാൾ അതിനെ വലത്തെക്കയ്യിൽ വച്ചുകൊണ്ടുതന്നെ രാശിചക്രത്തിനെ മൂന്നുപ്രാവശ്യം പ്രദക്ഷിണം ചെയ്തു രാശിചക്രത്തിന്റെ പടിഞ്ഞാറുവശം അടുത്തു കിഴക്കോട്ടുതിരിഞ്ഞ് ശുദ്ധമനസ്സോടുകൂടി നില്ക്കണം.

കവിടികളെ പ്രാർത്ഥിച്ചുകൊണ്ടുവേണം തലോടേണ്ടത്

ഏതന്നക്ഷത്രസഞ്ജാതസ്യൈതന്നാമ്നോസ്യ പൃച്ഛതഃ
ഭൂതേ ച വർത്തമാനേ ച സമയേ ച ഭവിഷ്യതി

ശുഭാശുഭാനി ചേദാനീം ചിന്തിതസ്യ വിശേഷതഃ
സംഭവാസംഭവാദ്യന്യാന്യർത്ഥപുത്രഗൃഹാദിഷു.

ശുഭാശുഭാനി യാന്യേതാന്യഖിലാന്യപി തത്വതഃ
യുഷ്‌മൽപ്രസാദതഃ സ്പഷ്ടം മമ ചിത്തേ സ്ഫുരന്ത്വിതി.

സാരം :-

ഇന്നനാളിൽ ജനിച്ച് ഇന്നപേരോടുകൂടിയ ഈ ആളിന്റെ ഭൂതവർത്തമാനഭവിഷ്യൽകാലങ്ങളിൽ അനുഭവിച്ചതും അനുഭവിക്കുന്നതും അനുഭവിക്കാനുള്ളതുമായ ഗുണദോഷങ്ങളും കൂടാതെ ഇപ്പോൾ വിചാരിച്ചിരിക്കുന്ന കാര്യം സാധിക്കുമോ ഇല്ലയോ എന്നും ധനം പുത്രന്മാർ ഭാര്യ മുതലായ കുടുംബജനങ്ങളുടെ ഗുണദോഷവും എന്നുവേണ്ട പ്രഷ്ടാവിന്റെ അഭീഷ്ടങ്ങളായ വാസ്തവമായ അനുഭവസ്ഥിതി എന്റെ മനസ്സിൽ പരിശുദ്ധമായി പ്രകാശിച്ചുവരണമേ, ഇതിനു ഗുരുക്കന്മാരും ഗ്രഹങ്ങളും മറ്റു തന്റെ ഇഷ്ടദേവന്മാരും പ്രസാദിച്ചിട്ട് ഈ പരമാർത്ഥതത്വം ഉദിപ്പിച്ചുതരണമേ. ഇങ്ങിനെ ഗ്രഹങ്ങളോടും മറ്റും പ്രാർത്ഥിച്ചുകൊണ്ടുവേണം കവിടികളെ തലോടേണ്ടത്.

കവിടി പലകയിൽവച്ച് കിഴക്കുഭാഗം സൂര്യനേയും അഗ്നിദിക്കിൽ ചൊവ്വായേയും തെക്കു ദിക്കിൽ വ്യാഴത്തേയും

പ്രാഗാദ്യാശാസു സൂര്യാരാര്യജ്ഞാച്ഛാർക്കിവധൂരഗാൻ
അപി സംപൂജ്യ താഃ സ്പൃഷ്ട്വാ പുനഃസാഷ്ടശതം ജപേൽ.

പഞ്ചാക്ഷരീം മനൂനന്യാനപി ഗുർവാനനാച്ശ്രുതാൻ
തതഃ സംപ്രാർത്ഥയേദ്ദേവം ഗുരൂനപി നിജാൻ ഗ്രഹാൻ.

സാരം :-

കവിടി പലകയിൽവച്ച് കിഴക്കുഭാഗം സൂര്യനേയും അഗ്നിദിക്കിൽ ചൊവ്വായേയും തെക്കു ദിക്കിൽ വ്യാഴത്തേയും നിരൃതികോണിൽ ബുധനേയും പടിഞ്ഞാറ് ദിക്കിൽ ശുക്രനേയും വായുകോണിൽ ശനിയേയും ഈശാനകോണിൽ രാഹുവിനേയും പൂജിച്ചു ആ കവിടികളെ ആചാരമനുസരിച്ചു സ്പർശിച്ചുകൊണ്ടു 108 ഉരു പഞ്ചാക്ഷരമന്ത്രവും ഗുരുമുഖസിദ്ധങ്ങളായ മറ്റു മന്ത്രങ്ങളും ജപിക്കണം. പിന്നീട് തന്റെ ഗുരുക്കന്മാരോടും നവഗ്രഹങ്ങളോടും പ്രാർത്ഥിച്ചുകൊള്ളണം.

രാശിചക്രത്തിന്റെ വടക്കുഭാഗത്ത് കിഴക്കോട്ടു തിരിഞ്ഞു പരിശുദ്ധമായ പലകയിൽ ഇരുന്നു

കൃത്വാ ദക്ഷിണതോ രാശിചക്രം പ്രാങ്മുഖ ആസനേ
ആസീനഃ ഫലകേഭിന്നേ വരാടീഃ സാഷ്ടകം ശതം.

നിധായ മന്ത്രവൽ പ്രോക്ഷ്യ ഗന്ധപുഷ്‌പാക്ഷതൈശ്ച താഃ
അലംകൃത്യാർചയേത്താസു ശിവമാവാഹ്യ ചക്രവൽ.

സാരം :-

രാശിചക്രത്തിന്റെ വടക്കുഭാഗത്ത് കിഴക്കോട്ടു തിരിഞ്ഞു പരിശുദ്ധമായ പലകയിൽ ഇരുന്നു വേറൊരു പലക മുമ്പിൽവെച്ച് 108 കവിടി എണ്ണി അതിൽ വയ്ക്കണം. അതുകളെ മന്ത്രസഹിതം പ്രോക്ഷിച്ചു ചന്ദനം പൂവ് ഇതുകളേക്കൊണ്ടു കവിടികളെ അലങ്കരിച്ചിട്ട് രാശിചക്രത്തെ ആവാഹിക്കുന്ന വിധി അനുസരിച്ച് ആവാഹിച്ച്  ധ്യാനശ്ലോകം കൊണ്ടു ധ്യാനിച്ചു പൂജിക്കണം.

സ്വർണ്ണം വച്ചിരിക്കുന്ന ഇല ഇടത്തെകയ്യിൽവച്ചു വലതുകൈകൊണ്ടു മൂടി 108 ഉരു പഞ്ചാക്ഷരവും

വാമഹസ്തേ നിധായാഥ പിധായാന്യേന പാണിനാ
പഞ്ചാക്ഷരീം സാഷ്ടശതം മനൂനന്യാംശ്ച ഭക്തിതഃ

ജപ്ത്വാഥൈകത്ര വിന്യസ്യ പ്രാരഭേതാഷ്‌ടമംഗലം
സംക്ഷേപേണാഥ തൽകർമ കഥ്യതേ ഗുരുണോദിതം.

സാരം :-

സ്വർണ്ണം വച്ചിരിക്കുന്ന ഇല ഇടത്തെകയ്യിൽവച്ചു വലതുകൈകൊണ്ടു മൂടി 108 ഉരു പഞ്ചാക്ഷരവും ഉപദേശസിദ്ധങ്ങളായ മറ്റു മന്ത്രങ്ങളും സാദ്ധ്യോദ്ദേശത്തോടുകൂടി ജപിക്കണം. പിന്നെ അതിനെ വേറൊരു ദിക്കിൽ സൂക്ഷിച്ചിട്ട് അഷ്ടമംഗലകർമ്മം ആരംഭിക്കണം.

രാശിയിൽ വയ്‌പിക്കാനുള്ള സ്വർണ്ണപണം കഴുകി അതിന്മേൽ ചന്ദനം ചാർത്തി ഇലയിൽവച്ചു

അഥ പ്രക്ഷാള്യ തോയേന സ്വർണ്ണം ചന്ദനഭൂഷിതം
പത്രേ വിന്യസ്യ കുസുമൈരക്ഷതൈരപി യോജയേൽ.

സാരം :-

ഈശ്വരനമസ്കാരങ്ങളെല്ലാം കഴിഞ്ഞതിനു ശേഷം രാശിയിൽ വയ്‌പിക്കാനുള്ള സ്വർണ്ണപണം കഴുകി അതിന്മേൽ ചന്ദനം ചാർത്തി ഇലയിൽവച്ചു പുഷ്പങ്ങളും നെല്ലുമരിയും കൂട്ടി സ്വർണ്ണത്തെ അതോടു യോജിപ്പിക്കണം.

രാശിചക്രത്തിൽ രാശികളേയും ഗ്രഹങ്ങളേയും പൂജിയ്ക്കണം

മേഷാദ്യാ രാശയഃ സ്വസ്വസ്ഥാനേ സ്വാശ്രിതഭേ ഗ്രഹാഃ
പരിവാരതയാ പൂജ്യാ ഗുളികശ്ച സ്വനാമഭിഃ

സാരം :-

രാശിചക്രത്തിൽ മദ്ധ്യേയുള്ള പത്മം ഒഴികെയുള്ള പന്ത്രണ്ടു ഖണ്ഡങ്ങൾ മേടം, ഇടവം, മിഥുനം എന്നിങ്ങനെ പന്ത്രണ്ടു രാശികളാകുന്നു. ഇവയിൽ ഓരോരോ രാശികളെ അതാതുസ്ഥാനങ്ങളിൽ തന്നെ പൂജിക്കേണ്ടതാണ്. അതായതു മേഷായ നമഃ, വൃഷഭായ നമഃ എന്നിങ്ങനെയാണ്. സൂര്യൻ മുതൽ ഗുളികൻവരെയുള്ള ഗ്രഹങ്ങളെ അവരവർ നില്ക്കുന്ന രാശിയിൽവച്ചു പൂജിക്കേണ്ടതാണ്. അതായത് സൂര്യായ നമഃ, ചന്ദ്രായ നമഃ എന്നിങ്ങനെയാണ്. ഗ്രഹങ്ങൾ പരമശിവന്റെ പരിവാരങ്ങളാണ്. പൂജാവിധി തന്ത്രസമുച്ചയം മുതലായ ഗ്രന്ഥങ്ങളിൽ നിന്ന് അറിയേണ്ടതാണ്.

***************************

ബ്രഹ്മാർപണാന്തേ വാഗ്ദേവീം ഗുരൂംശ്ചാപ്യഷ്ടമംഗലേ
പുഷ്പൈരാരാധ്യ വന്ദേത പ്രദീപേ ച തഥാ ശ്രിയം.

സാരം :-

മേല്പ്പറഞ്ഞവണ്ണം രാശിഗ്രഹപൂജകളോടുകൂടി ബ്രഹ്മാർപ്പണം ചെയ്തതിനുശേഷം അഷ്ടമംഗലത്തിൽ സരസ്വതിയേയും ഗുരുവിനേയും വിളക്കിൽ ലക്ഷ്മീദേവിയേയും പുഷ്പംകൊണ്ടു ആരാധിച്ചു നമസ്കരിക്കണം.

പീഠപൂജയ്ക്കുള്ള ധ്യാനം

കൈലാസാദ്രീശകോണേ സുരവിടപിതടേ സ്ഫാടികേ മണ്ഡപേ സ-
ന്മാതംഗാരാതിപീഠോപരി പരിലസിതം സേവ്യമാനം സുരൗഘൈഃ
ജാനുസ്ഥം വാമബാഹും മൃഗമപി പരശും ജ്ഞാനമുദ്രാം വഹന്തം
നാഗോദ്യദ്യോഗവേഷ്ടം ദദതമൃഷിഗണേ ജ്ഞാനമീശാനമീഡേ. ഇതി.

സാരം :-

കൈലാസഗിരിയുടെ ഒരു ഭാഗത്ത് കല്പവൃക്ഷത്തിന്റെ ചുവട്ടിലായി സ്ഫടികശിലകളെക്കൊണ്ടുണ്ടാക്കപ്പെട്ട മണ്ഡപത്തിൽ വിശേഷമായ സിംഹാസനത്തിൽ ഇരുന്ന് ഒരു തൃക്കയ്യ് കാലിന്റെ മുട്ടിലൂന്നി മറ്റു മൂന്നു തൃക്കയ്യുകളിൽ മൃഗം, വെൺമഴു, ജ്ഞാനമുദ്ര ഇവയെ ധരിച്ചുകൊണ്ട് മഹർഷിമാർക്ക് ജ്ഞാനോപദേശം ചെയ്തും സർപ്പങ്ങളെക്കൊണ്ടു യോഗപട്ടം കെട്ടിയും ഇന്ദ്രൻ മുതലായ ദേവന്മാരാൽ ചുറ്റും സേവിക്കപ്പെട്ടും ഇരിക്കുന്ന ശ്രീപരമശിവനെ ഞാൻ സ്തുതിക്കുന്നു.

ഈ ധ്യാനം പൂജാസന്ദർഭത്തിൽ മാത്രമല്ലാ നിർഗ്ഗമം ഗൃഹപ്രവേശം പ്രശ്‌നാരംഭം മുതലായ സന്ദർഭങ്ങളിലും ധ്യാനിച്ചുവരാറുണ്ട്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.