പൃച്ഛകൻ മുൻപിലോ ഇടതുഭാഗത്തോ മുകളിലോ നിന്നു ചോദിക്കയും അത് വെളുത്ത പക്ഷത്തിലായിരിക്കയും / പൃച്ഛകൻ പുറകിലോ വലത്തോ താണഭാഗത്തോ നിന്നു ചോദിക്കയും അത് കറുത്ത പക്ഷത്തിലാകുകയും

അഗ്രേ വാമേപി യദുപരി സ്ഥായിനാ പൃച്ഛ്യമാനം
ശുക്ലേ പക്ഷേ തദിഹ സകലം ലഭ്യതേ ചന്ദ്രചാരാൽ
പൃഷ്ഠേƒധസ്താന്നിയതമസിതേ ദക്ഷിണേ സൂര്യചാരാ-
ദാത്മാവസ്ഥാസദൃശമഖിലം പൃച്ഛകസ്യാപി വാച്യം.

സാരം :-

പൃച്ഛകൻ മുൻപിലോ ഇടതുഭാഗത്തോ മുകളിലോ നിന്നു ചോദിക്കയും അത് വെളുത്ത പക്ഷത്തിലായിരിക്കയും അപ്പോൾ ശ്വാസം ഇടതുഭാഗമായി വരികയും ചെയ്‌താൽ പ്രശ്നത്തിനു വിഷയമായ ആഗ്രഹമെല്ലാം സാധിക്കുമെന്നു പറയണം. 

പൃച്ഛകൻ പുറകിലോ വലത്തോ താണഭാഗത്തോ നിന്നു ചോദിക്കയും അത് കറുത്ത പക്ഷത്തിലാകുകയും അപ്പോൾ ശ്വാസം വലതുഭാഗത്തു വരികയും ചെയ്‌താൽ മുൻപറഞ്ഞവണ്ണം ആഗ്രഹസിദ്ധി ഉണ്ടാകുമെന്നു പറയണം. അപ്പോൾ സുഖദുഃഖാദികളായ ഏതൊരുവസ്ഥയാണോ ദൈവജ്ഞനുള്ളത് (ജ്യോതിഷക്കാരനുള്ളത്), അതുപോലെ പ്രഷ്ടാവിന്റെ (പൃച്ഛകന്റെ) അവസ്ഥയേയും വിചാരിച്ചു പറയേണ്ടതാണ്. ശ്വാസംകൊണ്ട് തനിക്കു പറയപ്പെട്ട ഫലങ്ങൾ യുക്തിപോലെ പ്രഷ്ടാവിനും പറയണമെന്ന് ഗ്രാഹ്യമാകുന്നു.

ദൂതനും (പൃച്ഛകനും) ശ്വാസവും ഒരു ഭാഗത്തു വരികയും ചെയ്‌താൽ രോഗി ജീവിക്കും

ലയലിംഗശ്രവണേക്ഷാസ്മരണാഭാവേ തു ദൂതമാരുതയോഃ
ഏകദിശാവസ്ഥാനേ ജീവതി രോഗീ വിപര്യയേ മ്രിയതേ.

സാരം :-

മരണത്തിന്റെ അടയാളങ്ങളായ രോഗാധിക്യം, പതനം, അഭിഘാതം സർപദംശനം മുതലായവകളെ ദൈവജ്ഞൻ ഓർക്കുകയോ കാണുകയോ കേൾക്കുകയോ ചെയ്യാതെയിരിക്കുകയും ദൂതനും (പൃച്ഛകനും) ശ്വാസവും ഒരു ഭാഗത്തു വരികയും ചെയ്‌താൽ രോഗി ജീവിക്കും. ദൂതൻ ഒരു ഭാഗത്തും ശ്വാസം മറ്റൊരു ഭാഗത്തുമാവുകയും മരണചിഹ്നങ്ങളെന്തെങ്കിലും കേൾക്കുകയോ കാണുകയോ സ്മരിക്കുകയോ ചെയ്കയും ഉണ്ടായാൽ രോഗി മരിക്കും ഇതു അനുഷ്ഠാന പദ്ധതിയിലെ വചനമാകുന്നു.

പൃച്ഛ ചെയ്യുന്ന ഭാഗവും ദൈവജ്ഞന്റെ (ജ്യോതിഷക്കാരന്റെ) ശ്വാസഗതിയുള്ള ഭാഗവും ഒന്നായി വന്നാൽ

വാമേ വാ ദക്ഷിണേ ഭാഗേ പ്രശ്നശ്ചേദ്വായുസംയുതേ
ജീവേന്നരശ്ച നാരീ ച തഥാനുഷ്ഠാനപദ്ധതിഃ

സാരം :- 

രോഗി പുരുഷനായാലും സ്ത്രീയായാലും വേണ്ടില്ല, പൃച്ഛകൻ വന്നു ജ്യോതിഷക്കാരനോടു രോഗത്തെക്കുറിച്ചു സംസാരിക്കയാണെങ്കിൽ  പൃച്ഛ ചെയ്യുന്ന ഭാഗവും ദൈവജ്ഞന്റെ (ജ്യോതിഷക്കാരന്റെ) ശ്വാസഗതിയുള്ള ഭാഗവും ഒന്നായി വന്നാൽ രോഗശാന്തി വന്നു ജീവിക്കുമെന്നു പറയണം.

രോഗം പുരുഷനാണെങ്കിൽ വലതുഭാഗവും സ്ത്രീക്കാണെങ്കിൽ ഇടതുഭാഗവും  ശ്വാസത്തന്റെ ആനുകൂല്യവുമുണ്ടായാൽ ശുഭമാണെന്നും മുൻപേ പറഞ്ഞിട്ടുണ്ടല്ലോ. ആ ഭേദം വിചാരിക്കേണ്ട. ശ്വാസമുള്ള ഭാഗത്ത് പൃച്ഛകന്റെ സ്ഥിതി സാമാന്യേന ശുഭപ്രദമാകുന്നു. ഇങ്ങനെ അനുഷ്ഠാനപദ്ധതിയിൽ പറഞ്ഞിട്ടുണ്ട്.

ശ്വാസം അകത്തേക്കു പ്രവേശിക്കുമ്പോൾ പൃച്ഛകൻ രോഗകാര്യത്തെക്കുറിച്ചു ചോദിച്ചു എങ്കിൽ

അന്തർഗതേ പൃച്ഛതി പൃച്ഛകശ്ചേ 
ദ്ദേവേ നരോ ജീവതി വീതരോഗഃ
തേനൈവ മാർഗേണ ബഹിർഗതശ്ചേൽ
പരേതരാജസ്യ പുരീം പ്രയാതി.

സാരം :-

മനുഷ്യർക്കു ശ്വാസം ഉള്ളിലേക്കു പോകയും പുറത്തേക്കു പോകയും ഉണ്ടല്ലോ. ശ്വാസം അകത്തേക്കു പ്രവേശിക്കുമ്പോൾ പൃച്ഛകൻ രോഗകാര്യത്തെക്കുറിച്ചു ചോദിച്ചു എങ്കിൽ രോഗശാന്തി വരുമെന്നും ദീർഘായുസ്സായിരിക്കുമെന്നും പറയണം. എന്നാൽ അകത്തേക്കു പ്രവേശിച്ച ശ്വാസം പ്രവേശിച്ച് നാഡിയിൽകൂടിത്തന്നെ പുറത്തേക്കു പുറപ്പെടുകയാണെങ്കിൽ ആ രോഗി മരിക്കതന്നെ ചെയ്യും. 

ഉത്തരാർദ്ധത്തിന് ഒരു പക്ഷാന്തരം കൂടിയുണ്ട്. ശ്വാസം അകത്തേക്കു പ്രവേശിക്കുമ്പോൾ ചോദിക്കയാണെങ്കിൽ രോഗി ജീവിക്കുമെന്നാണല്ലോ പൂർവാർദ്ധത്തിന്റെ സാരം. ശ്വാസം വെളിയിലേക്കു പുറപ്പെടുമ്പോഴാണ് രോഗത്തെക്കുറിച്ചും ചോദിച്ചതെങ്കിൽ ആ രോഗി മരിക്കുന്നതാണ്. ഈ അർത്ഥകല്പനയ്ക്ക് " തേനൈവ മാർഗേണ " എന്നുള്ള പ്രയോഗത്തിന് ശരിയായ ഉപപത്തി കാണുന്നില്ല.

ഇടതുവശത്ത് ശ്വാസസഞ്ചാരമുള്ളപ്പോൾ പ്രഷ്ടാവ് (പൃച്ഛകൻ) വലതുഭാഗത്തുനിന്നു ചോദിക്കയും വലതുവശം ശ്വാസസഞ്ചാരമുള്ളപ്പോൾ ഇടതുവശം നിന്നു ചോദിക്കയും ചെയ്‌താൽ

ദേവേ ഗതേ പൃച്ഛതി വാമഭാഗേ
സ്ഥിതോ നാരോ ദക്ഷിണതോ യദി സ്യാൽ
വ്യത്യാസതോസ്മാദപി കൃച്ഛ്രസാധ്യം
വദന്തി സന്തഃ ഖലു രോഗജാതം.

സാരം :-

ഇടതുവശത്ത് ശ്വാസസഞ്ചാരമുള്ളപ്പോൾ പ്രഷ്ടാവ് (പൃച്ഛകൻ) വലതുഭാഗത്തുനിന്നു ചോദിക്കയും വലതുവശം ശ്വാസസഞ്ചാരമുള്ളപ്പോൾ ഇടതുവശം നിന്നു ചോദിക്കയും ചെയ്‌താൽ രോഗപ്രശ്നമാണെങ്കിൽ വളരെ പ്രയാസപ്പെട്ടു പ്രതിവിധി ചെയ്തതിനുശേഷമേ രോഗം ശമിക്കയുള്ളു എന്നു പറയണം. വളരെ ചികിത്സകളും പ്രതിവിധികളും ചെയ്‌താൽ ചിരകാലംകൊണ്ടു രോഗശാന്തി വരുമെന്നു താല്പര്യം.

പുരുഷൻ രോഗത്തിൽ കിടക്കുമ്പോൾ ആ രോഗകാര്യത്തെപ്പറ്റി ചോദിപ്പാനായി വേറൊരു പുരുഷൻ വലതുഭാഗത്തുനിന്നു ചോദിക്കയും

ദേവേ ദക്ഷിണഭാഗഗേƒഥ പുരുഷേ രോഗാതുരേ ദക്ഷിണേ
സ്ഥിത്വാ പൃച്ഛതി പൃച്ഛകേƒഥ പുരുഷോ ജീവത്യരോഗശ്ചിരം
വാമായാം തു രുജാകുലീകൃതതനൗ വാമാശ്രിതേ ചേശ്വരേ
വാമേ പൃച്ഛതി ചേദ്ദൃഢം ഗതഗദാ വാമാ ചിരം ജീവതി.

സാരം :- 

പുരുഷൻ രോഗത്തിൽ കിടക്കുമ്പോൾ ആ രോഗകാര്യത്തെപ്പറ്റി ചോദിപ്പാനായി വേറൊരു പുരുഷൻ വലതുഭാഗത്തുനിന്നു ചോദിക്കയും അപ്പോഴത്തെ ശ്വാസം വലതുഭാഗത്തിലായി വരികയും ചെയ്‌താൽ രോഗം ശമിച്ച് അയാൾ സുഖത്തോടുകൂടി ദീർഘായുസ്സായി ഭവിക്കുമെന്നും സ്ത്രീരോഗാവസ്ഥയിൽ ഇരിക്കുമ്പോൾ ആ രോഗത്തെപ്പറ്റി ചോദിച്ചറിവാനായി ഒരു സ്ത്രീതന്നെ ഇടതുഭാഗത്തു ചെന്നുനിന്നു ചോദിക്കയും അപ്പോൾ ശ്വാസം ഇടതുവശത്തായിരിക്കയും ചെയ്‌താൽ രോഗിണിയുടെ രോഗം ശമിച്ചു അവൾ ദീർഘായുസ്സായി ഭവിക്കുമെന്നും പറയണം.

ഇഡ, പിംഗല, സുഷുമ്ന എന്നീ ശ്വാസഗതികളുടെ ഫലങ്ങൾ

നിർഗമേ തു ശുഭദാ ഭവേദിഡാ പിംഗലാ തു ശുഭദാ പ്രവേശനേ
യോഗസാധനവിധൗ തു മധ്യമാ ശംസ്യതേ ന തു പരേഷു കർമസു.

സാരം :-

സ്വഗൃഹത്തിൽ നിന്നു പുറപ്പെടുന്ന സമയം ഇഡാനാഡിയായിരുന്നാൽ ശുഭമാകുന്നു. ശ്വാസം ഇടത്തെ നാഡിയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന സമയമാണ് എങ്ങോട്ടെങ്കിലും പുറപ്പെടേണ്ടത്.

രാജധാനിയിലോ മറ്റു വല്ല സ്ഥലത്തിലോ പ്രവേശിക്കുന്ന സമയം പിംഗലാനാഡി ശുഭദയാണ്. എന്നാൽ വലത്തെ നാഡിയിൽകൂടി ശ്വാസം പോകുന്ന സമയം രാജധാനിയിലോ മറ്റോ പ്രവേശിച്ചാൽ കാര്യസിദ്ധിയുണ്ടാകുമെന്നർത്ഥം.

യോഗാഭ്യാസത്തെ സാധിപ്പാൻ വേണ്ടി എന്തെങ്കിലും ചെയ്യുമ്പോൾ സുഷുമ്ന എന്ന മധ്യമനാഡി നന്ന്. ആ നാഡി വേറെ യാതൊരു കർമ്മങ്ങൾക്കും നന്നല്ല. ഇവിടെ സുഷുമ്നാ എന്നതു മധ്യമനാഡി എന്നല്ലോ പറഞ്ഞത്. രണ്ടു നാസികാദ്വാരങ്ങളുടെ മധ്യം മൂക്കിന്റെ പാലമാണല്ലോ. അതിന്മേൽകൂടി ശ്വാസം വരുന്നതല്ലെന്നിരിക്കെ ആ നാഡിയുടെ ഫലപ്രദർശനം വ്യർത്ഥമല്ലേ എന്നാശങ്ക സാവകാശം തന്നെ. എന്നാൽ ഇതിങ്കൽ ഊർധ്വമുഖിയായി നാസാമധ്യത്തിൽകൂടി മേൽപോട്ട് ഒരു നാഡി പോകുന്നുണ്ട്. ശ്വാസം ആ നാഡിയിൽ കൂടെ വരുമ്പോൾ രണ്ടു മൂക്കിലും സ്വല്പമായ വായു ഒരു പോലെ വരും. ഒന്നിലൊന്നിൽ അധികമായി ഉണ്ടാവുന്നതല്ല എന്നുള്ള ഉപദേശത്തെ സമാധാനമായിക്കരുതിക്കൊള്ളണം. യോഗാഭ്യാസപരിശീലികൾക്ക് ഇത് എളുപ്പത്തിലറിവാൻ കഴിയും. ദേഹനാഡീപരിശോധകന്മാരായ വൈദ്യന്മാർക്കും ഇതു സുഖവേദ്യമാകുന്നു. 

ഇഡ, പിംഗല, സുഷുമ്ന എന്നീ ശ്വാസഗതികൾ

ഇഡാ വാമാ ഭവേന്നാഡീ സോമസ്യാർക്കസ്യ ദക്ഷിണാ
പിംഗലാഖ്യ സുഷുമ്നാഖ്യാ മധ്യമാഗ്നേരുദീരിതാ.

സാരം :-

മൂക്കിന്റെ ഇടത്തെ ദ്വാരത്തെ ഇഡ എന്നും അതിന്റെ ദേവത ചന്ദ്രൻ എന്നും പറയപ്പെടുന്നു.

മൂക്കിന്റെ വലത്തെ ദ്വാരത്തെ പിംഗല എന്നു പറയുന്നു. അതിന്റെ ദേവത സൂര്യൻ ആകുന്നു.

നാടുവിൽക്കൂടിയുള്ള ശ്വാസഗതിക്കു സുഷുമ്ന എന്നു പറയുന്നു. അതിന്റെ ദേവത അഗ്നിയാകുന്നു. 

ഭൂമിഭൂതരൂപമായോ ജലഭൂതരൂപമായോ ഇരിക്കുന്ന ശ്വാസം ഏതൊരുഭാഗത്തു കൂടിയാണോ സഞ്ചരിക്കുന്നത്, ആ ഭാഗത്ത് സ്ഥിതനായിട്ട് ഫലമറിയേണ്ടയാൾ ദൈവജ്ഞനോടു കാര്യം പറയുകയാണെങ്കിൽ

ഭാഗേ യത്ര മരുൽസ്ഥിതിഃ പുനരിഹ ക്ഷോണ്യാം ജലേ വാ യദാ
ഭാഗേ തത്ര തദേക്ഷ്യതേ യദി പുമാൻ ജ്യോതിർവിദാ കശ്ചന
ദീർഘായുർഗുണവൽകളത്രതനയഃ പുഷ്യദ്ധനശ്ചാധികം
വിജ്ഞേയഃ സ തഥാ സ്ത്രീയോƒപി വിപരീതേƒതഃ ഫലം ചാന്യഥാ.

സാരം :- 

ഭൂമിഭൂതരൂപമായോ ജലഭൂതരൂപമായോ ഇരിക്കുന്ന ശ്വാസം ഏതൊരുഭാഗത്തു കൂടിയാണോ സഞ്ചരിക്കുന്നത്, ആ ഭാഗത്ത് സ്ഥിതനായിട്ട് ഫലമറിയേണ്ടയാൾ ദൈവജ്ഞനോടു കാര്യം പറയുകയാണെങ്കിൽ ആ പ്രഷ്ടാവിന് (പൃച്ഛകന്) ദീർഘായുസ്സ് ഗുണവതിയായ ഭാര്യ ഗുണവാന്മാരായ പുത്രന്മാർ അത്യധികം ധനപുഷ്ടി ഇവകൾ ഉണ്ടാകുന്നതാണ്. സ്ത്രീകളും മേൽപ്രകാരം ശ്വാസഗതിയുള്ള സ്ഥാനത്തുനിന്നു ചോദിച്ചാൽ അവർക്കും ഇപ്രകാരം ആയുസ്സ് ഭർത്താവ് പുത്രന്മാർ ധനം ഇതുകൾ ധാരാളം ഉണ്ടാകുമെന്നറിയണം. ഇപ്പറഞ്ഞതിനു വിപരീതമായാൽ അല്പായുസ്സ് കളത്രപുത്രാദികളുടെ നാശം ധനനാശം മുതലായവ അനുഭവിക്കുമെന്നറിയണം. ഇവിടെ സ്ത്രീകൾക്ക് ഭർത്തൃനാശം എന്നൊരു വിശേഷമേയുള്ളൂ.

ദൈവജ്ഞനോടു (ജ്യോതിഷക്കാരനോട്) മോഷണപ്രശ്നത്തെക്കുറിച്ചു ചോദിക്കയാണെങ്കിൽ അപ്പോഴത്തെ ശ്വാസം അറിഞ്ഞിട്ട്

ഭൂമൗ നിഖാതമവനേരുദയേ ജലേƒപാം
വാതസ്യ ധൂമവതി ഖസ്യ തഥോർധ്വദേശേ
ഭൂപൃഷ്ഠഗം ഹുതഭൂജഃ ഖലു വസ്തു നഷ്ടം
ബ്രൂയാൽ കൃതേഹ യദി നഷ്ടപദാർത്ഥചിന്താ.

സാരം :-

ദൈവജ്ഞനോടു (ജ്യോതിഷക്കാരനോട്) മോഷണപ്രശ്നത്തെക്കുറിച്ചു ചോദിക്കയാണെങ്കിൽ അപ്പോഴത്തെ ശ്വാസം അറിഞ്ഞിട്ട് നഷ്ടദ്രവ്യം ഇരിക്കുന്ന സ്ഥാനം പറയേണ്ടതാണ്. എങ്ങിനെ എന്നാൽ അപ്പോഴത്തെ ശ്വാസം പൃഥിവീഭൂതമാണെങ്കിൽ ഭൂമിയിൽ കുഴിച്ചിട്ടിരിക്കുന്നു എന്നും ജലഭൂതമാണെങ്കിൽ വെള്ളത്തിനടിയിൽ വെച്ചിരിക്കുന്നു എന്നും വായു ഭൂതമായാൽ പുക ഏൽക്കുന്ന പ്രദേശത്തു ഇരിപ്പുണ്ടെന്നും ആകാശഭൂതമായാൽ വൃക്ഷാദികളുടേയോ മറ്റോ മുകളിൽ ഉണ്ടെന്നും അഗ്നിഭൂതമായാൽ ഭൂമിയുടെ മുകളിൽതന്നെ ഇരിപ്പുണ്ടെന്നും പറയാം.

ശ്വാസം അഗ്നിഭൂതമായാൽ / ശ്വാസം വായുഭൂതമാണെങ്കിൽ / ആകാശഭൂതമായ ശ്വാസമാണെങ്കിൽ

വഹ്നിർവാരിഭയായുധക്ഷതിശരീരാരുർഗൃഹപ്ലോഷണം
പാതം വാ ശിശുകാദികസ്യ ദഹനേ കുര്യാദ്ഭജേതേശ്വരം
വായുശ്ചോരഭയം പലായനമപി സ്ഥാനം വിസൃജ്യാത്മനോ
ദന്ത്യശ്ചാദ്യധിരോഹണം ച വിതരേദ്വ്യോമോദയശ്ചേൽ പുനഃ

മന്ത്രാദേരുപദേശലബ്ധിരസകൃദ്ദേവപ്രതിഷ്ഠാപനം
ദീക്ഷാ വ്യാധിസമുദ്ഭവശ്ച നിതരാം പീഡാ തനൗ സന്തതം
വിജ്ഞേയം ഖലു ഭൂതപഞ്ചകഫലം  നാഡ്യോഃ സമം ചോഭയോഃ
ശ്വാസഃ സംഹതദീർഗ്ഘ ഇഷ്ട ഉദിതഃ ശിര്യച്ഛിഖോ നേഷ്ടദഃ

സാരം :-

ഈ ഭൂതപഞ്ചകഫലം രണ്ടു നാഡികളിലും സമമെന്നു വിജ്ഞേയമാകുന്നു. സംഹതദീർഘമായ ശ്വാസം ഇഷ്ടമെന്നും ശീര്യച്ഛിഖമായ ശ്വാസം ഇഷ്ടമല്ലെന്നും ഉദിതമാകുന്നു.

ശ്വാസം അഗ്നിഭൂതമായാൽ ശത്രുഭയവും ആയുധങ്ങളെക്കൊണ്ട് മുറിവും ഗൃഹത്തനും കുട്ടികൾ മുതലായവർക്കും അഗ്നിബാധ പതനം അന്യദേശഗമനം ഇവയും ഫലമാകുന്നു. ഈ ദോഷനിവൃത്തിക്കായി ഈശ്വരനെ ഭജിക്കണം.

ശ്വാസം വായുഭൂതമാണെങ്കിൽ കള്ളന്മാരിൽ നിന്ന് ഭയപ്പെട്ട് തന്റെ വീടുവിട്ട് മറ്റൊരുദിക്കിൽ പോകുകയും ആന കുതിര മുതലായ വാഹനങ്ങളിൽ കയറുവാൻ ഇടവരികയും ചെയ്യും. 

ആകാശഭൂതമായ ശ്വാസമാണെങ്കിൽ മന്ത്രങ്ങൾ മുതലായവയുടെ ഉപദേശങ്ങൾ സിദ്ധിക്കുന്നതിനും ദേവനെ പ്രതിഷ്ഠിപ്പാനും ശാരീരമായി ദുഃഖിപ്പാനും ദീക്ഷ എടുപ്പാനും ഇടവരുന്നതാണ്. 

ഇങ്ങിനെ ഭൂതങ്ങളെപ്പറ്റി പറഞ്ഞവ ഇഡ, പിംഗലാ, എന്നുള്ള നാഡീ വിശേഷം പറായ്കായൽ രണ്ടു നാഡികളിലും ഒന്നുപോലെ എന്നു അറിയണം. 

ശ്വാസം ചിതറിപ്പുറപ്പെടുന്നത് അശുഭവും തടിച്ചുനീണ്ടു പുറപ്പെടുന്നത് ശുഭവുമാകുന്നു.

വെളുത്ത പക്ഷത്തിൽ പ്രതിപദത്തുനാൾ ഇടത്തെ നാസികയിൽക്കൂടി ഭൂമിഭൂതമായ ശ്വാസം ഉണ്ടായാൽ / ഇടതുവശത്തെ അല്ലെങ്കിൽ വലതുവശത്തെ നാസികയിൽക്കൂടി ജലഭൂതമായ ശ്വാസം വന്നാൽ

പക്ഷേƒച്ഛേ ഖലു പക്ഷതൗ ക്ഷിതിരിഡായാതോന്നമന്മന്ദിര-
പ്രാകാരാദിഗൃഹപ്രവേശനകരീ പട്ടാഭിഷേകപ്രദാ
കുര്യാദന്യദപീഷ്ടകർമ സലിലം വാമസ്ഥമേവം ശുഭം
കൂപാദേ രചനം കരഗ്രഹണമംബൂത്ഥം ച കുര്യാദ്ഭയം.

സാരം :-

വെളുത്ത പക്ഷത്തിൽ പ്രതിപദത്തുനാൾ ഇടത്തെ നാസികയിൽക്കൂടി ഭൂമിഭൂതമായ ശ്വാസം ഉണ്ടായാൽ ഉയർന്ന മാളിക മുതലായ കെട്ടിടങ്ങളിൽ പ്രവേശിപ്പാനും അഭീഷ്ടകാര്യങ്ങൾ സാധിക്കുന്നതിനും ഇടവരുന്നതാണ്. 

അന്നേ ദിവസം ഇടത്തെ നാസികയിൽക്കൂടി ജലഭൂതമായ ശ്വാസം വന്നാൽ ഉൽകൃഷ്ടങ്ങളായ ശുഭങ്ങളനുഭവിക്കുന്നതിനും വിശേഷിച്ച് കുളം കിണർ മുതലായവ കുഴിപ്പിക്കുക, വിവാഹം ചെയ്യുക മുതലായ കർമ്മങ്ങളും അനുഭവിക്കുന്നതിനും സംഗതി വരും. 

ആ ജലഭൂതമായ ശ്വാസം വലതുവശം കൂടി സഞ്ചരിച്ചാൽ വെള്ളത്തിൽനിന്നു ഭയവും ഉണ്ടാകും. 

ശ്വാസത്തിന്റെ അളവുകൊണ്ടു പൃഥിവി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളെ കണ്ടുപിടിക്കാം

മേദിന്യാഃ ഖലു ഷോഡശാംഗുല,മപാം ദൈർഘ്യം ദിനേശാംഗുലം
വഹ്നേർദന്തിമിതാംഗുലം മരുത ഏതദ്ദ്വൂനമഗ്ന്യംഗുലം
ആകാശസ്യ ച വേദ്യമേതദുദിതം ഭൂമ്യാദിഭൂതാത്മക - 
സ്വീയശ്വാസഗതിപ്രമാണമുഭയോരേതത്സമം ഘ്രാണയോഃ

സാരം :-

ശ്വാസപരീക്ഷ ചെയ്യുമ്പോൾ നാസാഗ്രത്തിൽ 16 അംഗുലം മുതൽ മേല്പോട്ടു ശ്വാസം ഗമിക്കുന്നു എങ്കിൽ അത് പൃഥിവീഭൂതമെന്നറിയണം. 

12 അംഗുലം മുതൽ മേല്പോട്ടു ശ്വാസത്തിനു ദൈർഘ്യമുണ്ടെങ്കിൽ ആ ശ്വാസം ജലഭൂതമാണെന്നറിയണം. 

ശ്വാസദൈർഘ്യം 8 അംഗുലം മുതൽ മേല്പോട്ട് 12 അംഗുലത്തിനു താഴെയാണെങ്കിൽ ആ ശ്വാസം അഗ്നിഭൂതമാണെന്നറിയണം. 

6 അംഗുലത്തിനു മേൽ 8 അംഗുലത്തിനു താഴെയാണ് ശ്വാസദൈർഘ്യമെങ്കിൽ വായുഭൂതമെന്നറിയണം. 

ശ്വാസദൈർഘ്യം 3 അംഗുലത്തിനുമേൽ 6 അംഗുലത്തിനു താഴെയാണെങ്കിൽ അത് ആകാശഭൂതമാണെന്നറിയണം. 

3 അംഗുലത്തിൽ കുറഞ്ഞു ശ്വാസഗതി ഉണ്ടാകുന്നതല്ല. 

പൃഥിവി മുതലായ ഈ ശ്വാസങ്ങൾക്ക് ഇടംവലം ആശ്രയിച്ച് യാതൊരു ഭേദവുമില്ല. ഏതുവശത്തുകൂടി ആയാലും അതുകൾക്കുള്ള ദൈർഘ്യം ഉണ്ടായിരിക്കണം എന്നു മാത്രമേയുള്ളൂ. 

ഉപാസകന്റെ ക്ഷേത്രദര്‍ശനം

ശരിയായ ഭാവത്തോടു കൂടി, ശ്രദ്ധാഭക്തികളോടു കൂടി ഉപാസിക്കുമ്പോഴാണ് അജ്ഞാനത്തില്‍ നിന്ന് ക്ഷേത്രം നമ്മെ രക്ഷിക്കുന്നത്.വ്യത്യസ്ത പ്രകാരം ക്ഷേത്രങ്ങളുണ്ട്. അതിനാല്‍, ഇന്ന പ്രകാരമാണ് ക്ഷേത്രോപാസന ചെയ്യേïതെന്ന് ഒരാള്‍ക്ക് ഉറപ്പിച്ച് പറയാന്‍ കഴിയില്ല. പ്രാകാരങ്ങളോടു കൂടിയുള്ള ഒരു ക്ഷേത്രത്തില്‍ ഉപാസിക്കേണ്ടതെങ്ങനെയെന്ന വിധിവിധാനങ്ങള്‍ പറഞ്ഞാല്‍ അതില്‍ എല്ലാം ഉള്‍ക്കൊള്ളും. ക്ഷേത്രത്തില്‍ ദര്‍ശനത്തിനു പോകുന്ന ഭക്തന്‍, ക്ഷേത്രോപാസകന്‍ എല്ലാ പ്രകാരത്തിലുമുള്ള ശുദ്ധി ആചരിക്കണം. ഭക്തന് ബാഹ്യാന്തരിക ശുദ്ധി വേണം. ശുദ്ധിയെ അയിത്തവുമായി ഒരിക്കലും ബന്ധിപ്പിക്കരുത്. സ്‌നാനത്തിലൂടെയും ശൗചശുദ്ധിയിലൂടെയും വേണം ബാഹ്യശുദ്ധി നേടാന്‍.

പ്രാഥമികങ്ങളായ ആചാരങ്ങള്‍ ക്ഷേത്രോപാസകന് മുഖ്യങ്ങളാണ്. സ്‌നാനാനന്തരം ചെയ്തിരിക്കേണ്ട പ്രാഥമികമായ പിതൃതര്‍പ്പണങ്ങളും, ദേവതാതര്‍പ്പണങ്ങളും അല്‍പമെങ്കിലും മന്ത്രോപാസനകളും നിത്യം ചെയ്യുന്ന ഒരുവനാണ് ക്ഷേത്രോപാസനയ്ക്ക് പോകേïത്. അന്തഃകരണത്തെ ഏകാഗ്രമാക്കാന്‍ പരമാവധി ശ്രമിച്ചുകൊണ്ടാകണം ക്ഷേത്രത്തില്‍ പോകേണ്ടത്. അതിനേറ്റവും നല്ല ഉപാധി നാമജപമാണ്. അതിനാല്‍ ജപത്തോടു കൂടിയാകണം ഉപാസകന്‍ ക്ഷേത്രത്തില്‍ പോകേണ്ടത്. നാമജപം പതുക്കെയോ ഉറക്കെയോ ആകാം.  

ഭഗവാന്റെ ശരീരമാണ് ദേവാലയം. സ്ഥൂലശരീരമാണ് ഗോപുര സ്ഥാനം മുതല്‍ക്കുള്ള സ്ഥലം. അതിന്റെ ബാഹ്യ പരിധി ഗോപുരവും ആന്തര പരിധി നാലമ്പലവുമാണ്. ഏതൊരു ക്ഷേത്രത്തിന്റെയും ഏറ്റവും വിസ്തൃതിയുള്ള ഭാഗം ഇതാണ്. ഗോപുരം മുതല്‍ നാലമ്പലം വരെയുള്ള ഭാഗത്ത് ഉപദേവതകളെ കാണാം എന്നാല്‍ ക്ഷേത്രേശനുണ്ടാകില്ല. 

നാലമ്പലം എന്നത് കര്‍മേന്ദ്രിയങ്ങളും പ്രാണകോശങ്ങളും ചേര്‍ന്ന പ്രാണമയ കോശമാണ്. മുഖമണ്ഡപത്തിന്റെ വലത് ഭാഗത്താണ് വിശിഷ്ടങ്ങളായ പല പൗഷ്ഠിക കര്‍മങ്ങളും ചെയ്യുന്നത്. അവിടെ നവകം, പഞ്ചഗവ്യം തുടങ്ങിയ കര്‍മങ്ങളും വേദപഠനവും നടത്തുന്നു. അവിടെയുമല്ല ക്ഷേത്രേശന്‍ കുടികൊള്ളുന്നത്. അതിനുമുള്ളിലാണ്.

ഉപാസകന്‍ അടുത്തതായി കടന്നുചെല്ലുന്നത് ദേവാലയത്തിന്റെ മനസ്സിലേക്കാണ്, അവിടെ ശ്ലീലങ്ങളും അശ്ലീലങ്ങളുമായ ചിത്രങ്ങള്‍ കാണാം. മനസ്സിന്റെ പ്രതീകമാണിവിടം. അവിടെയും ക്ഷേത്രേശന്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടില്ല. 

മനസ്സിനെയും അതിക്രമിച്ചാല്‍ പിന്നെയുള്ളത് ബുദ്ധിയാണ്. ക്ഷേത്രത്തില്‍ അതിസൂഷ്മ ബുദ്ധിയുടെ സ്ഥാനം സോപാനത്തിലാണ്. സോപാനത്തിന്റെ നേര്‍ക്കു നില്‍ക്കുമ്പോഴാണ് ക്ഷേത്രേശ്വരനെ ദര്‍ശിക്കാനാകുന്നത്. അതിസൂക്ഷമമായ അന്നമയം, പ്രാണമയം, മനോമയം എന്നീ ഇതര കോശങ്ങളെ അതിക്രമിച്ച് നേതി നേതി ക്രമത്തില്‍ ഇതൊന്നുമല്ല ഞാന്‍ എന്ന ബോധം സമാര്‍ജിച്ച വ്യക്തിയാണ് സൂക്ഷ്മ ബുദ്ധിയിലെത്തുമ്പോള്‍ ഈശ്വര ദര്‍ശനം നേടുന്നത്. സൂക്ഷമബുദ്ധിയെ ആശ്രയിക്കുമ്പോഴാണ് ഈശ്വര ദര്‍ശനം സാധ്യമാകുന്നത്. പുറത്ത് ഈശ്വരനെ ദര്‍ശിച്ച് ആ ഭഗവദ് ഭാവത്തെ നമുക്കുള്ളില്‍ പ്രതിഷ്ഠിക്കുന്നു. ഇനി ഈശ്വരന്‍ തനിക്കുള്ളില്‍ തന്നെയെന്ന ഭാവനയോടു കൂടി പതുക്കെ പ്രദക്ഷിണം ചെയ്ത് സോപാനത്തില്‍ തിരികെയെത്തുന്നു. 

അവിടെ സോപാനത്തിന്റെ താഴെ വലതു ഭാഗത്ത് ദീര്‍ഘദണ്ഡനമസ്‌കാരം ചെയ്യാം. ക്ഷേത്രോപാസനയുടെ മഹനീയമായ സന്ദര്‍ഭമാണ് ഇനി. വിജ്ഞാനമയത്തിനുള്ളില്‍ ആനന്ദമയത്തില്‍ ഭഗവാന്‍ പ്രതിഷ്ഠിതനായിരിക്കുന്നു. ആനന്ദമയ കോശത്തില്‍ നിന്ന് അനുഭൂതി സമ്പന്നനായ ഗുരുനാഥന്‍ ബുദ്ധിയുടെ തലത്തിലേക്ക് ഇറങ്ങിവരികയാണ് തത്ത്വോപദേശം ചെയ്യാന്‍. അവിടെ നിന്നാണ് ഭഗവദ് പ്രസാദം സ്വീകരിച്ച് ഗുരുനാഥന് ശ്രദ്ധയോടു കൂടി ദക്ഷിണ നല്‍കുന്നത്. ക്ഷേത്രത്തില്‍ പൂജാരിയാണ് ഗുരുനാഥന്‍. 

ഇങ്ങനെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് ശാന്തമായ ഒരിടത്ത് ഇരിക്കണം. അത്തരത്തില്‍ ക്ഷേത്രദര്‍ശനത്തില്‍ നിന്ന് നേടിയ ശാന്തിയോടു കൂടിവേണം ബാഹ്യവ്യവഹാരങ്ങളില്‍ ഏര്‍പ്പെടാനും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.