ധര്‍മ്മദൈവത്തെ കണ്ടുപിടിക്കുന്നത് എങ്ങനെ?

ചതുര്‍ത്ഥനാഥസ്യ തു ദൈവതം യ-
ത്തസ്യാനുരൂപം ഖലുധര്‍മ്മദൈവം
തല്‍പ്രീതയേ യല്‍ ക്രിയതേ സ്വ പൂര്‍വൈഃ
പൂജാദികം തത്തു വിധേയമത്ര.

സാരം :-

നാലാം ഭാവാധിപനെക്കൊണ്ട് "അര്‍ക്കശ്ശംഭുരുഗാംഹൃത" എന്നാദിയായ പദ്യമനുസരിച്ച് ഏതൊരു ദേവനെയാണോ ചിന്തിക്കേണ്ടത്, ആ ദൈവമാണ് ധര്‍മ്മ ദൈവമെന്ന് പറയണം. തസ്യാനുരൂപം എന്നുള്ള ഭാവം കൊണ്ട് നാലാംഭാവാധിപന്‍ ആദിത്യനാണെങ്കില്‍ ശൈവവര്‍ഗ്ഗത്തില്‍പ്പെട്ടതാണ് ധര്‍മ്മദൈവമെന്നും വ്യാഴമാണെങ്കില്‍ വൈഷ്ണവര്‍ഗ്ഗത്തില്‍പ്പെട്ടതാണെന്നും മറ്റും വിചാരിച്ചുകൊള്ളണം.ആ ധര്‍മ്മദൈവപ്രീതിക്കായി തങ്ങളുടെ പൂര്‍വ്വന്മാര്‍ മുതലായവര്‍ ഏതെല്ലാം കര്‍മ്മങ്ങളാണോ അനുഷ്ഠിച്ചുവന്നത് അപ്രകാരം ഇനിയും അനുഷ്ഠിച്ചുകൊള്ളണമെന്ന് പറയണം. 

മേടം മുതല്‍ മീനം വരെയുള്ള രാശികളുടെ ഓരോ പര്യായങ്ങള്‍

ക്രിയ, താവുരു, ജുതുമ, കുളീര,
ലേയ, പാര്‍ഥോന, ജ്ജൂക, കോര്‍പ്യാഖ്യാഃ
തൗഷിക, ആകോകേരൊ,
ഹൃദ്രോഗ, ശ്ചേത്ഥസി, ക്രമശഃ

സാരം :- 

  1. ക്രിയം           :- മേടം 
  2. താവുരു         :- ഇടവം 
  3. ജുതുമം          :- മിഥുനം 
  4. കുളീരം          :- കര്‍ക്കിടകം 
  5. ലേയം            :- ചിങ്ങം 
  6. പാര്‍ഥോനം    :- കന്നി 
  7. ജൂകം             :- തുലാം 
  8. കോര്‍പ്പി        :- വൃശ്ചികം
  9. തൗഷികം       :- ധനു 
  10. ആകോകേരം  :- മകരം 
  11. ഹൃദ്രോഗം     :- കുംഭം 
  12. ഇത്ഥസി         :- മീനം

ധര്‍മ്മദൈവകോപം കണ്ടുപിടിക്കുന്നത് എങ്ങിനെ?


ബാധാധീശേ ഗതവതി സുഖം ബാധകസ്ഥാനസംസ്ഥേ
വേശ്മേശേ വാ സുഖപതി ഗൃഹാധിഷ്ഠിതേ ബാധകേശേ
വേശ്മേശേ വാച്യമുകഗൃഹഗേ ധര്‍മ്മദൈവസ്യ ബാധാ
വാച്യാ പ്രഷ്ടുഃ പുനരധികതാ ലക്ഷണാധികൃതോƒസ്യാഃ

സാരം :-

ബാധകാധിപന്‍ നാലാംഭാവത്തില്‍ നിന്നാലും നാലാം ഭാവാധിപന്‍ ബാധാരാശിയില്‍ നിന്നാലും ബാധകാധിപന്‍ നാലാം ഭാവാധിപന്‍റെ ക്ഷേത്രത്തില്‍ (രാശിയില്‍)  നിന്നാലും നാലാം ഭാവാധിപന്‍ ബാധകാധിപന്‍റെ ക്ഷേത്രത്തില്‍ നിന്നാലും ധര്‍മ്മ ദൈവകോപമുണ്ടെന്നു പറയണം.  ഈ നാല് യോഗങ്ങളില്‍ ഒന്നുകൊണ്ടുതന്നെ ധര്‍മ്മ ദൈവകൊപത്തെയും പറയാം. ഒന്നിലധികം യോഗങ്ങളുണ്ടെങ്കില്‍ കോപത്തില്‍ ആധിക്യമുണ്ടെന്ന് പറയാം. 

ത്രിംശാംശകാധിപന്മാരേയും ഋക്ഷസന്ധിയേയും പറയുന്നു



കുജരവിജഗുരുജ്ഞശുക്രഭാഗാഃ
പവനസമീരണകോര്‍പ്പിജൂകലേയാഃ
അയുജി, യുജി തു തേ വിപര്യയസ്ഥാഃ
ശശിഭവനാളിഝഷാന്തമൃക്ഷസന്ധിഃ

സാരം :-

   ഓരോ രാശിയേയും മുപ്പതാക്കി ഭാഗിച്ചാല്‍ ഒരംശത്തെ (ഒരു തിയ്യതിയെയാണ്) "ത്രിംശാംശകം" എന്ന് പറയുന്നത്. മേടം, മിഥുനം തുടങ്ങിയ ഓജരാശികളില്‍ ആദ്യത്തെ അഞ്ച് ത്രിംശാംശകത്തിന്‍റെ അധിപന്‍ കുജനും, ആറുമുതല്‍ പത്തുകൂടിയ അഞ്ചിന്‍റെ അധിപന്‍ ശനിയും, പിന്നെ എട്ടിന്‍റെ അധിപന്‍ വ്യാഴവും, പിന്നെ ഏഴിന്‍റെ അധിപന്‍ ബുധനും, ഒടുവിലത്തെ അഞ്ച് ത്രിംശാംശകത്തിന്‍റെ അധിപന്‍ ശുക്രനുമാകുന്നു. ഇടവം, കര്‍ക്കിടകം മുതലായ യുഗ്മരാശികളില്‍ നേരെ വിപരീതവുമാണ്. ആദ്യത്തെ അഞ്ചംശകങ്ങളുടെ അധിപന്‍ ശുക്രനും, പിന്നെ ഏഴിന്‍റെ അധിപന്‍ ബുധനും, പിന്നത്തെ എട്ടിന്‍റെ അധിപന്‍ വ്യാഴവും, പിന്നെ അഞ്ചിന്‍റെ ശനിയും, ഒടുവിലത്തെ അഞ്ചംശകങ്ങളുടെ അധിപന്‍ കുജനുമാണെന്ന് താല്പര്യം. കര്‍ക്കിടകം വൃശ്ചികം മീനം ഈ രാശികളുടെ അവസാനങ്ങള്‍ രാശികളും നക്ഷത്രങ്ങളും ഒപ്പം അവസാനിക്കുന്ന സ്ഥലങ്ങളാണ്. ഈ കര്‍ക്കിടവൃശ്ചികമീനാന്ത്യങ്ങള്‍ ഗണ്ഡാന്തങ്ങളായ ആയില്യം തൃക്കേട്ട രേവതികളുടെ അന്ത്യചരണങ്ങളായി വരുന്നതിനാല്‍ ആ ഭാഗങ്ങള്‍ അശുഭങ്ങളുമാകുന്നു.

കര്‍ക്കടാന്ത്യനവഭാഗസംശ്രിതം ത്രിസ്ഫുടം മരണദായി വത്സരാദ്
മാസതോ മധുകരാന്ത്യഭാഗഗം രേവതീചരമഭാഗഗം ദിനാത് 

എന്ന് പ്രമാണമുണ്ട്.

ധാതുദ്രവ്യം, മൂലദ്രവ്യം, ജീവദ്രവ്യം എന്നിവ കണ്ടുപിടിക്കുന്നത് എങ്ങനെ?

ചന്ദ്രാരാഹ്യസിതാഃ സൂര്യശുക്രൗ ജ്ഞാര്യൗ ചരാദയഃ
ധാതുര്‍മ്മൂലശ്ച ജീവശ്ച ക്രമേണ ഗ്രഹരാശയഃ


സാരം :-

ചന്ദ്രന്‍, ചൊവ്വ, ശനി, രാഹു ഈ നാല് ഗ്രഹങ്ങളും മേടം, കര്‍ക്കിടകം, തുലാം, മകരം ഈ നാല് രാശികളിലും ധാതുക്കളാണ്.

ആദിത്യന്‍, ശുക്രന്‍ ഈ രണ്ടു ഗ്രഹങ്ങളും ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം ഈ നാല് രാശികളും മൂലങ്ങളാണ്

ബുധന്‍, വ്യാഴം ഈ രണ്ടു ഗ്രഹങ്ങളും മിഥുനം, കന്നി, ധനു, മീനം ഈ നാല് രാശികളും ജീവങ്ങളാണ്. 

ഇങ്ങിനെ ഗ്രഹങ്ങളുടെയും രാശികളുടെയും ധാതുമൂലജീവഭേദങ്ങളെ അറിഞ്ഞു മേല്‍പറഞ്ഞ പ്രകാരം ചിന്തിച്ചുകൊള്ളണം.


**********************

ചന്ദ്രാരോരഗസൌരൈര്‍ദ്ധാതുര്‍മ്മൂലം കിലാര്‍ക്കശുക്രാഭ്യാം
ജീവോ ജീവബുധാഭ്യാം മേഷാശ്വിന്യാദി ധാത്വാദി - ഇതി.


സാരം :-

ചന്ദ്രന്‍, കുജന്‍, രാഹു ഇവര്‍ ധാതുദ്രവ്യകാരകന്മാരാകുന്നു.

ആദിത്യനും ശുക്രനും മൂലദ്രവ്യകാരകന്മാരാകുന്നു.

ബുധനും വ്യാഴവും ജീവദ്രവ്യകാരകന്മാരാകുന്നു.

മേടം ധാതു രാശിയും. ഇടവം മൂലരാശിയും, മിഥുനം ജീവരാശിയും ഇങ്ങനെ തന്നെ കര്‍ക്കിടകം മുതലും വിചാരിച്ചുകൊള്‍ക.

അശ്വതി ധാതു നക്ഷത്രമെന്നും ഭരണി മൂലനക്ഷത്രമെന്നും കാര്‍ത്തിക ജീവനക്ഷത്രമെന്നും ഇങ്ങിനെ രോഹിണി തുടങ്ങിയും വിചാരിച്ചുകൊള്‍ക.


*************************


ജീവോ ജീവേന വാച്യഃ ക്ഷിതിസുതഫണിനൗ ധാതുദൗ സര്‍വ്വപക്ഷേ
ധാതുര്‍മ്മൂലം വികല്പ ദ്രവിരവിതനയൌ ദ്വൗ ച ധത്തേ ദ്വയഞ്ച
ജീവോ മൂലഞ്ച തദ്വദ് ബുധഭൃഗുതനയൌ ധാതുജീവൌ ശശാങ്കോ
ധാതുര്‍മ്മൂലം ച ജീവഃ ക്രമശ ഇഹ മതാ
രാശയോ വൈ ചരാദ്യാഃ ഇതി.


സാരം :-

വ്യാഴത്തിനെകൊണ്ട് ജീവസാധനത്തെ വിചാരിക്കണം. ചൊവ്വയെക്കൊണ്ടും രാഹുവിനെക്കൊണ്ടും ധാതുപദാര്‍ത്ഥത്തെ പറയണം. ഇതിനു എല്ലാ ആചാര്യന്മാരുടെയും അഭിപ്രായം അനുകൂലമാണ്.

ആദിത്യനെകൊണ്ട് ധാതുവും, ശനിയെക്കൊണ്ട് മൂലദ്രവ്യവും വിചാരിക്കണം. വേറൊരു പക്ഷത്തില്‍ ആദിത്യനെക്കൊണ്ടുതന്നെ ധാതുമൂലങ്ങളേയും അതുപോലെ ശനിയെക്കൊണ്ടും പറയാം.

ബുധന്‍ ജീവകാരകനും ശുക്രന്‍ മൂലകാരകനുമാണ്. ജീവകാരകത്വവും മൂലകാരകത്വവും ബുധശുക്രന്മാര്‍ക്കിരുവര്‍ക്കും പറയാമെന്നു മറ്റു ചിലരുടെ അഭിപ്രായം.

ചന്ദ്രന് ധാതു കാരകത്വവും മൂലകാരകത്വവും ഉണ്ട്. എന്നാല്‍ ഒന്നിലധികം കാരകത്വമുള്ള ഗ്രഹങ്ങളെയും കാരകത്വത്തോട് യോജിപ്പിച്ച് നിശ്ചയിച്ചുകൊള്ളണം.

ചരരാശി ധാതുവും സ്ഥിരരാശി മൂലവും ഉഭയരാശി ജീവനുമാണ്.

യന്ത്രസ്ഥാപനം


സ്ഥലശുദ്ധിവരുത്തിവേണം യന്ത്രം സ്ഥാപിക്കുവാന്‍. സ്ഥലശുദ്ധി താഴെ പറയുന്ന പ്രകാരമാണ് ചെയ്തു വരുന്നത്.


  1. യന്ത്രം സ്ഥാപിക്കുവാനുദ്ദേശിക്കുന്ന സ്ഥലം ഒരു പരിധിവരെ കുഴിക്കുക.
  2. മുകള്‍ഭാഗത്തുള്ള മണ്ണ് വാരികളഞ്ഞ് വെടിപ്പാക്കുക
  3. നല്ല വിറകുകള്‍ നിരത്തിവച്ച് കത്തിച്ച് സ്ഥലം ശുദ്ധമാക്കുക.
  4. ശുദ്ധമായ മണ്ണ് കൊണ്ടുവന്ന് ഇട്ടു നിരപ്പാക്കുക.
  5. പശുവിനെ കെട്ടിനിറുത്തുക. (ഒരു ദിവസമെങ്കിലും കെട്ടിയിടണം)
  6. ഭക്തന്മാരായ ബ്രാഹ്മണരെ മൃഷ്ടാന്നഭോജനം ചെയ്യിപ്പിച്ച്, അതിന്‍റെ ഉച്ഛിഷ്ടം ഇടുക. (അവര്‍ക്ക് കൊടുത്ത ഭക്ഷണപദാര്‍ത്ഥത്തില്‍ ബാക്കിവരുന്ന ഭക്ഷണവസ്തുക്കള്‍)
  7. പഞ്ചഗവ്യം തളിക്കുക.
ഇങ്ങനെയൊക്കെയാണ് സ്ഥലശുദ്ധി ചെയ്യേണ്ടത്. മേല്പറഞ്ഞ ഏഴു സമ്പ്രദായങ്ങളില്‍ ഏതെങ്കിലും ഒന്ന് മാത്രം ചെയ്‌താല്‍ മതിയാകും.

കുഴിച്ച്, പുണ്യാഹം തളിച്ചതിനുശേഷം കുഴിയില്‍ അക്ഷതം (നെല്ലും അരിയും ചേര്‍ന്ന മിശ്രിതം) ദര്‍ഭപ്പുല്ല്, പൂവ്, ചന്ദനം എന്നിവ ഇടുക. അതിനുശേഷം യന്ത്രം വളവോ, ചതവോ ഉണ്ടാകാത്തവിധം കുഴിയില്‍വച്ച് മണ്ണുകൊണ്ട് കുഴി തൂര്‍ക്കുക. ആ സ്ഥാനത്ത് വൃത്തികേടുള്ള വസ്തുക്കളൊന്നുമിട്ട് അശുദ്ധമാക്കാതെ സൂക്ഷിക്കണം. ഗൃഹത്തിലുള്ള വേണ്ടപ്പെട്ടവരെല്ലാം യന്ത്രം സ്ഥാപിച്ച സ്ഥാനം അറിയുകയും ആ സ്ഥലം വൃത്തികേടാവാതെ ശ്രദ്ധിക്കുകയും ചെയ്യേണ്ടതാണ്.

രാശി നവാംശകം ദ്വാദശാംശകം ഇതുകളുടെ അധിപന്മാരേയാണ് ഇനി പറയുന്നത്.


ക്ഷിതിജ സിതജ്ഞ ചന്ദ്രരവി സൗമ്യസിതാവനിജാഃ
സുരഗുരുസൗരിമന്ദഗുരവശ്ച ഗൃഹാംശകപാഃ
അജമൃഗതൌലിചന്ദ്രഭവനാദി നവാംശവിധിര്‍-
ഭവനസമാംശകാധിപതയഃ സ്വഗൃഹാത് ക്രമശഃ

സാരം :-

  മേടം വൃശ്ചികം ഈ രാശികളുടേയും അതുകളില്‍ വരുന്ന നവാംശകം ദ്വാദശാംശകം ഇതുകളുടേയും അധിപന്‍ കുജനും, ഇടവം തുലാം ഇതുകളുടേയും അതുകളിലെ നവാംശകദ്വാദശാംശകങ്ങളുടേയും അധിപന്‍ ശുക്രനും, മിഥുനം കന്നി ഇതുകളുടെ അധിപന്‍ ബുധനും കര്‍ക്കിടകത്തിന്‍റെ അധിപന്‍ ചന്ദ്രനും, ചിങ്ങത്തിന്‍റെ ആദിത്യനും, ധനു മീനം ഇതുകളുടെ വ്യാഴവും, മകരം കുംഭം ഈ രാശികളുടേയും അതുകളില്‍ വരുന്ന നവാംശകം ദ്വാദശാംശകം ഇതുകളുടേയും അധിപന്‍ ശനിയുമാകുന്നു. ഓരോ രാശിയേയും ഒമ്പത് ഭാഗമാക്കി ഭാഗിച്ചാല്‍ അതില്‍ ഒരംശത്തെ ( 3 തിയ്യതിയും 20 ഇലിയുമായ "നരാംഗ" ത്തെ) യാണ് "നവാംശകം" എന്ന് പറയുന്നത്. മേടം, ചിങ്ങം, ധനു ഈ മൂന്നു രാശികളുടേയും ആദ്യത്തെ നവാംശകം മേടത്തിലും, രണ്ടാമത്തെ ഇടവത്തിലും, ഇങ്ങനെ ക്രമത്തില്‍ ഒടുവിലത്തേതായ ഒമ്പതാമത്തെ നവാംശകം ധനുവിലുമാകുന്നു. ഇടവം, കന്നി, മകരം ഈ മൂന്നിന്‍റെയും ആദ്യത്തെ നവാംശകം മകരത്തിലും, രണ്ടാമത്തേത് കുംഭത്തിലും, ഇങ്ങനെ ക്രമേണ ഒടുവിലത്തെ നവാംശകം കന്നിയിലും ആകുന്നു. മിഥുനം, തുലാം, കുംഭം ഇതുകളിലെ ആദ്യത്തെ നവാംശകം തുലാത്തിലും, ക്രമേണ ഒടുവിലത്തേത് മിഥുനത്തിലും ആകുന്നു. കര്‍ക്കിടകം, വൃശ്ചികം, മീനം ഇതുകളിലെ ആദ്യത്തെ നവാംശകം കര്‍ക്കിടകത്തിലും, ഒടുവിലത്തെ നവാംശകം മീനത്തിലുമാകുന്നു.

  ഓരോ രാശിയേയും പന്ത്രണ്ടു ഭാഗമാക്കിയതില്‍ ഒരംശത്തെയാണ് "ദ്വാദശാംശകം" എന്ന് പറയുന്നത്. ഈ ദ്വാദശാംശകം അതാതു രാശിയില്‍ നിന്ന് തുടങ്ങി അതാതിന്‍റെ പന്ത്രണ്ടാം ഭാവത്തില്‍ അവസാനിക്കുകയും ചെയ്യും. മേടത്തില്‍ ഒന്നാമത്തെ ദ്വാദശാംശകം മേടത്തിലും, രണ്ടാമത്തേത് ഇടവത്തിലും, ഇടവത്തില്‍ നിന്ന് തുടക്കവും മേടത്തില്‍ അവസാനവുമാകുന്നു. "ഗൃഹാംശകപാഃ" എന്നതുകൊണ്ട്‌ രാശ്യാംകങ്ങളില്‍വെച്ച് ഏതിനാണോ ബലം കൂടുക അതുകൊണ്ടാണ് ഫലം ചിന്തിപ്പിക്കേണ്ടതെന്നും അറിയണം - "ബലയോഗാല്‍" "ഫലമംശകര്‍ക്ഷയോ" - എന്ന് പ്രമാണമുണ്ട്. രാശി അതിന്റെ അധിപന്‍ ഇതുകളില്‍വെച്ച് പ്രാധാന്യം ഏറുക അധിപനാണെന്നും, നവാംശകം ആദ്യം പറഞ്ഞതുകൊണ്ട് ഹോരാ ദ്രേക്കാണാദിവര്‍ഗ്ഗങ്ങളില്‍ നവാംശകത്തിനാണ് പ്രാധാന്യമെന്നും വരുന്നുണ്ട്.

ധാതുദ്രവ്യം / മൂലദ്രവ്യം അപഹരിക്കാലോ സമര്‍പ്പിക്കായ്കയാലോ ദേവകോപത്തിന് കാരണം പറയുന്നത് എങ്ങിനെ?

ധാെതൗ ഹേെതൗ ദേയഹേമാദ്യദാനാല്‍
സ്വീകാരാദ്വാ ദേവസംബന്ധിനോƒസ്യ
മൂലേ ഹേെതൗ ഭൂമിധാന്യാദികാനാം
കോപോ ദേവസ്യാപഹാരാദ്യവദ്യൈഃ

സാരം :-

ധാതുദ്രവ്യമാണ്‌ ദേവകോപത്തിന് കാരണമെന്ന് കാണുന്ന പക്ഷം ദേവന് ദേവസന്നിധിയില്‍ സമര്‍പ്പിക്കേണ്ടതായ സ്വര്‍ണ്ണം മുതലായ ധാതുപദാര്‍ത്ഥങ്ങളെ സമര്‍പ്പിക്കാഞ്ഞിട്ടോ അല്ലെങ്കില്‍ ദേവന്‍റെ വകയായ സ്വര്‍ണ്ണാദിപദാര്‍ത്ഥങ്ങള്‍ അപഹരിക്കകൊണ്ടോ ആണ് ദേവകോപം സംഭവിച്ചതെന്ന് പറയണം. 

മൂലദ്രവ്യം ദേവകോപകാരണമായി വന്നാല്‍ ദേവനെ സംബന്ധിച്ച ഭൂമി ധാന്യം മുതലായവയെ അപഹരിക്കയാലോ ഈവക ദ്രവ്യങ്ങള്‍ ദേവന് സമര്‍പ്പിക്കേണ്ടത് സമര്‍പ്പിക്കായ്കയാലോ ദേവകോപത്തിന് ഇടവന്നിരിക്കുന്നു എന്ന് പറയണം. 

യന്ത്രധാരണം


യന്ത്രം ധരിക്കുവാനുദ്ദേശിക്കുന്ന വ്യക്തിയുടെ ശാരീരിക മാനസികങ്ങളായ ദോഷങ്ങള്‍ നശിപ്പിക്കുക; ഗൃഹം, വാസസ്ഥലം മുതലായവയ്ക്കുള്ള വൈകല്യങ്ങള്‍ ശമിപ്പിക്കുക തുടങ്ങിയവയായിരിക്കുമല്ലോ യന്ത്രധാരണോദ്ദേശം. അതിനു വ്യക്തിയുടെ ശരീരമനസ്സുകളെ ബാധിച്ചിട്ടുള്ള മൂര്‍ത്തിവിശേഷങ്ങളെ ആവാഹിച്ച് ആവും വിധം ബലിപൂജാദികള്‍ കൊടുത്ത് പറഞ്ഞയയ്ക്കണം. വ്യക്തിയെ ശുദ്ധമായി കുളിപ്പിച്ച് പുണ്യാഹം, കലശാഭിഷേകം മുതലായവകളാല്‍ ശുദ്ധനാക്കണം. പിന്നെയാണ് യന്ത്രം ധരിപ്പിക്കേണ്ടാത്. ഉന്മാദം (ഇളക്കം) ഉള്ള ആളാണ്‌ യന്ത്രം ധരിപ്പാനുദ്ദേശിക്കുന്നതെങ്കില്‍ ബാധിച്ച മൂര്‍ത്തികളെ ഇളക്കി സത്യം ചെയ്യിപ്പിച്ച് യാത്രയാക്കിയതിനുശേഷം വേണം യന്ത്രം ധരിക്കുവാന്‍.

രാശികളുടെ സ്വരൂപാദികളെ പറയുന്നു




മത്സ്യൗ ഘടീ നൃമിഥുനം സഗദം സവീണം
ചാപീ നാരോƒശ്വജഘനോ മകരോ മൃഗാസ്യഃ
തൌലിഃ സസസ്യദഹനാ പ്ലവഗാ ച കന്യാ
ശേഷാഃ സ്വനാമസദൃശാസ്സ്വചരാശ്ച സര്‍വ്വേ.

സാരം :-

   മീനം രാശി അന്യോന്യം വാല് കടിച്ചിരിയ്ക്കുന്ന രണ്ടു മത്സ്യങ്ങളെപ്പോലെയും, കുംഭം വെറും കുടം ചുമന്നിരിയ്ക്കുന്ന ഒരു പുരുഷനെപ്പോലെയും, മിഥുനം വീണയും ഗദയും ധരിച്ചിരിയ്ക്കുന്ന സ്ത്രീ-പുരുഷന്മാ (ദമ്പതിമാ)രെപ്പോലെയും, ധനു അര മുതല്‍ കീഴ്പ്പെട്ടു കുതിരയുടെ ആകൃതിയായും ചാപധാരിയായുമിരിയ്ക്കുന്ന ഒരു പുരുഷനെപ്പോലെയും, മകരം മാനിന്‍റെ തലയും മുതലയുടെ ഉടലും കൂടിയ ഒരു ജന്തുവിനെപ്പോലെയും, തുലാം തുലാസ്സ് ധരിച്ചിരിക്കുന്ന ഒരു പുരുഷനെ (കച്ചവടക്കാരനെ ) പ്പോലെയും, കന്നി നെല്‍ക്കതിരും തീകൊള്ളിയും കയ്യിലെടുത്ത് തോണിയിലിരിയ്ക്കുന്ന ഒരു കന്യകയെപ്പോലെയും, ഇടവം (വൃഷം) കാളയെപ്പോലെയും, കര്‍ക്കിടകം (കുളീരം) ഞെണ്ടിനെപ്പോലെയും,   ചിങ്ങം (സിംഹം) സിംഹത്തെപ്പോലെയും, വൃശ്ചികം തേളിനെപ്പോലെയും, മേടം (മേഷം) കൊലാടിനെപ്പോലെയുമാകുന്നു. മേഷാദിരാശികള്‍ കോലാടു മുതലായി അതാതിന്നു പറഞ്ഞ ജീവികളോടു സമാനങ്ങളായ ഫലങ്ങളെ ചെയ്യുന്നതുകൊണ്ടാണ് സ്വതവേ അമൂര്‍ത്തങ്ങളാണെങ്കിലും അവയ്ക്ക് മേല്‍പ്പറഞ്ഞ വിധം ശരീരങ്ങള്‍ കല്‍പ്പിച്ചിരിയ്ക്കുന്നതെന്നും അറിയേണ്ടതാണ്.

ദേവന് വഴിപാട് നടത്താമെന്ന് പറഞ്ഞതനുസരിച്ച് നടത്തായ്ക്കയാലോ ആണ് ദേവന്‍ കോപിച്ചിരിക്കുന്നതെന്ന് പറയണം.

ജീവേ ഹേെതൗ ത്വാത്മനാ കല്പിതാനാം
പശ്വാദീനാമീശ്വരസ്യാപ്രദാനാല്‍
കോപോ ദേവസ്യാപഹൃത്യാഥ തേഷാം
ജീവാര്‍ത്ഥം വാഗര്‍പ്പിതാനര്‍പ്പണാദ്വാ


സാരം :-

ദേവകോപത്തിനുള്ള കാരണം ജീവധനമാണെന്ന് വന്നാല്‍ ദേവസന്നിധിയില്‍ സമര്‍പ്പിക്കാമെന്ന് നിശ്ചയിച്ച പശുക്കള്‍ മുതലായ ജന്തുക്കള്‍ സമര്‍പ്പിക്കായ്കകൊണ്ടോ അല്ലെങ്കില്‍ പശുക്കള്‍ മുതലായ ദേവസ്വത്തിനെ കൈവശപ്പെടുത്തുകയോ അതല്ല മനുഷ്യര്‍ മുതലായ ജീവജന്തുക്കളുടെ സംരക്ഷയ്ക്കുവേണ്ടി ദേവന് വഴിപാട് നടത്താമെന്ന് പറഞ്ഞതനുസരിച്ച് നടത്തായ്ക്കയാലോ ആണ് ദേവന്‍ കോപിച്ചിരിക്കുന്നതെന്ന് പറയണം.

യന്ത്രസംസ്കാരം

പുതിയതായി നിര്‍മ്മിച്ചിട്ടുള്ള വിഗ്രഹങ്ങള്‍ക്ക് പ്രതിഷ്ഠിക്കുന്നതിനുമുമ്പ് ജലാധിവാസം തുടങ്ങിയ പല ക്രിയകളും ചെയ്തു ചൈതന്യമുണ്ടാക്കുന്നതുപോലെ, യന്ത്രമെഴുതിക്കഴിഞ്ഞാല്‍ അത് ശരീരത്തില്‍ ധരിക്കുന്നതിനുമുമ്പ്, യന്ത്രത്തിനും പല ക്രിയകളും ചെയ്തു സംശുദ്ധമാക്കി ചൈതന്യമുണ്ടാക്കാറുണ്ട്. അങ്ങനെ ചെയ്യുന്ന ക്രിയകളെയാണ് "യന്ത്രസംസ്കാരം" എന്ന് പറയുന്നത്.


ഒരു ദിവസം മുഴുവന്‍ വെള്ളത്തിലിടണം. അതിനു ജലാധിവാസം എന്നാണ് പറയുന്നത്. പിന്നീട് അതെടുത്ത് പുറ്റുമണ്ണുതേച്ച് സൂക്ഷിച്ചു കഴുകുക. അതുകഴിഞ്ഞ് നാല്പാമരാപൊടി തേച്ചു കഴുകുക. അതിനുശേഷം പുണ്യാഹമന്ത്രം ജപിച്ച വെള്ളം തളിച്ച് ശുദ്ധിവരുത്തണം. ഇത്രയും കഴിഞ്ഞാല്‍ ശുദ്ധജലമോ പഞ്ചഗവ്യമോ നിറച്ച കുടം (കലശം) പൂജിച്ച് യന്ത്രത്തിന്മേല്‍ ആടുക (ഒഴിക്കുക). പിന്നെ യന്ത്രമൂര്‍ത്തിയെ (ഏത് ദേവനെ (ദേവിയെ)ക്കുറിച്ചുള്ള യന്ത്രമാണോ ആ മൂര്‍ത്തിയെ) ആവാഹിച്ച് ഭക്തിപൂര്‍വ്വം പൂജ നടത്തണം. പ്രാണപ്രതിഷ്ഠാമന്ത്രങ്ങളും ആ സന്ദര്‍ഭത്തില്‍, യന്ത്രം തൊട്ടുജപിക്കേണ്ടതാണ്. അതാതു മൂര്‍ത്തിയുടെ മൂലമന്ത്രവും യന്ത്രം സ്പര്‍ശിച്ചുകൊണ്ട് ജപിയ്ക്കണം. ചുരുങ്ങിയത് 108 ഉരു. ആ സംഖ്യയുടെ കാല്‍ ഭാഗം (27 തവണ) കൊണ്ട് നെയ്യ് ജപിച്ച് അഗ്നിയില്‍ ഹോമിക്കുകയും ചെയ്യണം. ഇത്രയും ചെയ്തതിനുശേഷം യന്ത്രം ശരീരത്തില്‍ ധരിക്കുകയോ മണ്ണില്‍ കുഴിച്ചിടുക (സ്ഥാപിക്കുക) ചെയ്യാവുന്നതാകുന്നു.

കാലസ്വരൂപിയായ പുരുഷന്‍റെ ശിരസ്സ്‌ മുതലായ അവയവങ്ങളാക്കിക്കല്പിച്ചിട്ടുള്ള മേഷാദിരാശികളുടെ ഘടനാസ്വരൂപം, സംസ്ഥാനഭേദം


 കാലസ്വരൂപിയായ പുരുഷന്‍റെ ശിരസ്സ്‌ മുതലായ അവയവങ്ങളാക്കിക്കല്പിച്ചിട്ടുള്ള മേഷാദിരാശികളുടെ ഘടനാസ്വരൂപം, സംസ്ഥാനഭേദം, സംജ്ഞാന്തരങ്ങള്‍ ഇത്യാദികളെ അടുത്ത ശ്ലോകം കൊണ്ട് പറയുന്നു. :-

കാലാംഗാനി വരാംഗമാനനമുരോ ഹൃത്ക്രോഡവാസോƒഭൃതോ
വസ്തിര്‍വ്വ്യഞ്ജനമൂരുജാനുയുഗളേ ജംഘേ തതോƒംഘ്രിദ്വയം
മേഷാശ്വിപ്രഥമാ നവര്‍ക്ഷചരണാശ്ചക്രസ്ഥിതാ രാശയോ,
രാശിക്ഷേത്രഗൃഹര്‍ക്ഷഭാനി ഭവനം ചൈകാര്‍ത്ഥസബ്രത്യയേ.

സാരം :-

   മേടം രാശിയും അശ്വതി നക്ഷത്രവും തുടക്കമായും, ഓരോ രാശിയും ഒമ്പതീത നക്ഷത്രപാദങ്ങളോടുകൂടിയതായും, ജ്യോതിശ്ചക്രത്തിന്മേല്‍ ഇരിക്കുന്നവയുമായ മേഷാദി പന്ത്രണ്ടു രാശികള്‍ കാലസ്വരൂപിയായ പുരുഷന്‍റെ ശിരസ്സ്‌ മുതലായ പന്ത്രണ്ടു അവയവങ്ങളാകുന്നു. മേടം ചെവിക്കുറ്റിയ്ക്കുമേലെ ഭാഗമായ ശിരസ്സും, എടവം മുഖവും, മിഥുനം കഴുത്തുമുതല്‍ മാറ് കഴിയുന്നതുവരേയുള്ള പ്രദേശവും, കര്‍ക്കിടകം ഹൃദയവും, ചിങ്ങം വയറും, കന്നി വസ്ത്രം ഉടുക്കുന്ന അരക്കെട്ടും, തുലാം വസ്തിപ്രദേശവും, വൃശ്ചികം വ്യഞ്ജനപ്രദേശവും (പുരുഷ - സ്ത്രീഭേദത്തെ അറിയിക്കുന്ന അവയവം), ധനു രണ്ടു തുടകളും, മകരം മുട്ടുകളും, കുംഭം കണങ്കാലുകളും , മീനം കാലപുരുഷന്റെ രണ്ടു കാലുകളുമാകുന്നു. രാശി, ക്ഷേത്രം, ഗൃഹം, ഋക്ഷം, ഭം, ഭവനം ഈ ആറു പേരുകള്‍ക്കും "രാശി" എന്ന് അര്‍ത്ഥവുമാകുന്നു.

  ജനനകാലത്തിങ്കല്‍ ഏതേതു രാശികളിലാണോ ശുഭന്മാരുടേയോ അധിപന്‍റെയോ യോഗദൃഷ്ടികളുണ്ടാകുന്നത് അങ്ങനെയുള്ള രാശികള്‍ക്ക് പറഞ്ഞിട്ടുള്ള അവയവങ്ങള്‍ക്ക് പുഷ്ടിയും, പാപന്മാരുടെ യോഗദൃഷ്ടിയ്ക്കുള്ള രാശ്യാവയവങ്ങള്‍ക്ക് ബലക്കുറവും രോഗം മുതലായവ അനിഷ്ടങ്ങളും ഉണ്ടാവുമെന്ന് പറയണം. 

കാലരസ്യാവയവാത് പുരുഷാണാം കല്പയേത് പ്രസവകാലേ
സദസത്ഗ്രഹസംയോഗാത് പുഷ്ടിം ചോപദ്രവാംശ്ചേതി.

    എന്ന് പ്രമാണമുണ്ട്. ഒരു ഉദാഹരണവും കാണിയ്ക്കാം: ലഗ്നാല്‍ ആറില്‍ ഒരു പാപന്‍ നിന്നാല്‍ ആ പാപന്‍ നില്‍ക്കുന്ന രാശിയുടെ അവയവത്തില്‍ (ധനുരാശിയാണ് ലഗ്നമെന്നു വിചാരിക്കുക. എന്നാല്‍ ഇടവത്തില്‍ നില്‍ക്കുന്ന പാപനെകൊണ്ട് മുഖത്ത്) വ്രണമുണ്ടാകുമെന്ന് പറയാവുന്നതാണ്. "വ്രണകൃദശുഭഃ ഷഷ്ഠേ ലഗ്നാത് തനൗ ഭസമാശ്രിതേ" എന്ന് പറയുന്നതുമുണ്ട്.

     നഷ്ടജാതകപ്രശ്നത്തില്‍ പൃച്ഛകന്‍ ഏതു രാശ്യാവയവമാണൊ പൃച്ഛകാലത്തിങ്കല്‍ സ്പര്‍ശിക്കുന്നത് ആ രാശിയാണ് ജനിച്ച കൂറെന്ന് പറയാവുന്നതാണ്.

 "ഭം പ്രോച്യതേƒംഗാലഭനാദിഭിര്‍വ്വാ" എന്നും പ്രമാണമുണ്ട്.

(അംഗാലഭനം = അംഗസ്പര്‍ശം)

ഏതുരൂപത്തിലുള്ള ദേവധനമാണ് അപഹരിച്ചത് എന്ന് കണ്ടുപിടിക്കുന്നത് എങ്ങനെ?

ഹേതുര്‍ദ്ധാതുരുദാഹൃതശ്ചരഗൃഹേ ധാതുഗ്രഹേ വോദിതേ
മൂലം മൂലഖഗേ സ്ഥിരേ ദ്വിതനുഭേ ജീവശ്ച ജീവഗ്രഹേ
മൂലം ഭൂമി മഹീരുഹാദ്യമുദിതം ഹേമാദയോ ധാതവോ
ജീവാമര്‍ത്ത്യ ചതുഷ്പദപ്രഭൃതയോ രാശേഃ സമാനാശ്ച തേ

സാരം :-

ചരരാശി ലഗ്നമായി വരികയോ ലഗ്നത്തില്‍ ധാതുകാരകനായ ഗ്രഹം വരികയോ ചെയ്‌താല്‍ അപഹരിച്ച ദേവധനം ധാതുരൂപമായിട്ടുള്ളതാണെന്നും പറയണം.

സ്ഥിരരാശി ലഗ്നമാകുകയോ മൂലകാരകനായ ഗ്രഹം ലഗ്നത്തില്‍ വരികയോ ചെയ്‌താല്‍ മൂലദ്രവ്യത്തിന്‍റെ അപഹരണം നിമിത്തമാണ് ദേവകോപമുണ്ടായതെന്ന് പറയണം.

ഉഭയരാശി ലഗ്നമായാലും ജീവകാരകനായ ഗ്രഹം ലഗ്നത്തില്‍ നിന്നാലും ജീവധനം നിമിത്തം ദേവകോപത്തെ പറയണം.

ഭൂമി, വൃക്ഷങ്ങള്‍, സസ്യങ്ങള്‍ മുതലായവ മൂല ദ്രവ്യങ്ങള്‍

സ്വര്‍ണ്ണം, വെള്ളി മുതലായ ലോഹങ്ങള്‍ ധാതുദ്രവ്യങ്ങള്‍

മനുഷ്യര്‍, പശുക്കള്‍ മുതലായവ ജീവദ്രവ്യങ്ങളുമാണ്, ജീവദ്രവ്യങ്ങളെ അതാതു രാശിക്ക് തുല്യങ്ങളായി വിചാരിക്കണം. മേടം രാശികൊണ്ട് ആടും ഇടവം രാശികൊണ്ട് കാളയും മിഥുനം രാശികൊണ്ട് മനുഷ്യരും ഇങ്ങിനെ ക്രമേണ അറിഞ്ഞുകൊള്ളണം. 

ഹോരേത്യഹോരാത്രവികല്പമേകേ


ഹോരേത്യഹോരാത്രവികല്പമേകേ
വാഞ്ഛന്തി പൂര്‍വ്വാപരവര്‍ണ്ണലോപാത്
കര്‍മ്മാര്‍ജ്ജിതം പൂര്‍വ്വഭവേ സദാദി
യത്തസ്യ പംക്തിം സമഭിവ്യനക്തി.

സാരം :-

    അതിപ്രാചീനരായ ചില ആചാര്യന്മാര്‍ ആഹോരാത്രത്തില്‍ ഏകദേശാംശത്തെ (ജനനം, പ്രശ്നം മുതലായവയുടെ ലഗ്നത്തെ എന്ന് സാരം). "അഹോരാത്രം" എന്ന പദത്തിന്റെ ആദ്യത്തേയും ഒടുവിലത്തേയും അക്ഷരങ്ങളെ ത്യജിച്ചിട്ടാണ് "ഹോരാ" എന്ന് വ്യവഹരിക്കുന്നത്. ലഗ്നത്തിനു "ഹോരാ എന്ന് സംജ്ഞയുണ്ടെന്ന് സാരം.  "ഹോരേതി ലഗ്നം" എന്ന് പറയുന്നതുമുണ്ട്. ശരീരം വാക്ക് മനസ്സ് എന്നീ ത്രിവിധകരണങ്ങളെകൊണ്ടും ചെയ്ത കര്‍മ്മത്തിനു "സത്ത്" എന്നും, രണ്ടുകൊണ്ടു  ചെയ്തതിനു "സദസത്ത്" എന്നും ഒന്നുകൊണ്ട് മാത്രം ചെയ്തതിനു "അസത്ത്" എന്നുമാണ് പറയുക. മേല്‍ പറഞ്ഞ ഹോരാ എന്ന ജനനസമയം മുജ്ജന്മങ്ങളില്‍ ഇങ്ങനെ മൂന്ന് പ്രകാരത്തിലും ചെയ്തിട്ടുള്ള കര്‍മ്മങ്ങളുടെ അനുഭവത്തേയാണ് കാണിയ്ക്കുന്നത്. അതായത് പൂര്‍വ്വജന്മങ്ങളില്‍ ചെയ്തിട്ടുള്ള സുകൃതദുഷ്കൃതാത്മകങ്ങളായും; ദൃഢം, ദൃഢാദൃഢം, അദൃഢം എന്നീ മൂന്ന് പ്രകാരത്തിലുള്ളവയായും ഇരിയ്ക്കുന്ന സകല കര്‍മ്മങ്ങളുടേയും ഈ ജന്മത്തിലുണ്ടാകുന്ന അനുഭവങ്ങളെയാണ്‌ ജ്യോതിശാസ്ത്രം സ്പഷ്ടമായി കാണിച്ചുതരിക എന്ന് താല്പര്യം.

യദുപചിതമന്യജന്മനി ശുഭാശുഭം തസ്യ കര്‍മ്മണഃ പക്തിം
വ്യഞ്ജയതി ശാസ്ത്രമേതത് തമസി ദ്രവ്യാണി ദീപ ഇവ.

എന്ന് പ്രമാണമുണ്ട്.

ദേവന്‍റെ ധനത്തെ അപഹരിച്ചത് കണ്ടുപിടിക്കുന്നത് എങ്ങനെ?

ബാധകാദ്യഹിതസ്ഥാനനാഥേ ലാഭാര്‍ത്ഥഗേ ഗ്രഹേ
തത്തദ്ദൈവതകോപസ്സ്യാദ്ദേവസ്വസ്യാപഹാരതഃ

സാരം :-
ബാധകാധിപനോ അഷ്ടമം മുതലായ അനിഷ്ടഭാവങ്ങളുടെ അധിപനോ രണ്ടാംഭാവത്തിലോ പതിനൊന്നാം ഭാവത്തിലോ നിന്നാല്‍ ആ ഗ്രഹത്തെക്കൊണ്ട് പറയാവുന്ന ദേവന്‍റെ കോപമുണ്ടെന്നും അതിനു കാരണം ആ ദേവന്‍റെ ധനത്തെ അപഹരിച്ചതാണെന്നും പറയണം.

ദുഃസ്വപ്നം കാണാതിരിക്കാന്‍ ഒരു ശ്ലോകം

രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ദുഃസ്വപ്നം കാണാതിരിക്കാന്‍ കുട്ടികള്‍ക്ക് മുത്തശ്ശിമാര്‍ ചൊല്ലി കൊടുക്കുന്ന ഒരു ശ്ലോകമുണ്ട്.

"ആലത്തിയൂര്‍ ഹനുമാനേ പേടി സ്വപ്നം കാണരുതെ, പേടി സ്വപ്നം കണ്ടാലോ പള്ളിവാലുകൊണ്ട് തട്ടിയുണര്‍ത്തണേ"

ഇങ്ങനെ പ്രാര്‍ത്ഥിച്ച് കിടന്നാല്‍ ദുഃസ്വപ്നം കാണാറില്ലത്രേ. ഏതാണ്ട് മൂവായിരം വര്‍ഷം മുമ്പ് വസിഷ്ഠ മഹര്‍ഷിയാണ് ആലത്തിയൂര്‍ കാവ് സ്ഥാപിച്ചതെന്നാണ് ഐതീഹ്യം.

(മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍ തൃപ്രങ്ങോട് പഞ്ചായത്തിലാണ് ആലത്തിയൂര്‍ ശ്രീ പെരും തൃക്കോവില്‍ ഹനുമാന്‍കാവ് മഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്)

ഭൂയോഭിഃ പടുബുദ്ധിഭിഃ


ഭൂയോഭിഃ പടുബുദ്ധിഭിഃ പടുധിയാം ഹോരാഫലജ്ഞപ്തയേ
ശബ്ദന്യായസമന്വിതേഷു ബഹുശഃ ശാസ്ത്രേഷു ദൃഷ്‌ടേഷ്വപി
ഹോരാതന്ത്ര മഹാര്‍ണ്ണവ പ്രതരണേ ഭഗ്നോദ്യമാനാമഹം
സ്വല്പം വൃത്തവിചിത്രമര്‍ത്ഥബഹുളം ശാസ്ത്രപ്ലവം പ്രാരഭേ.

സാരം :-

   വലിയ ബുദ്ധിശാലികളും ഗംഭീരാശയന്മാരുമായ നാരദവസിഷ്ഠ പരാശരാദികളാല്‍ വലിയ ബുദ്ധിമാന്മാര്‍ക്ക്‌ ജാകതകഫലം അറിയാന്‍ വേണ്ടി ശബ്ദന്യയങ്ങളോടുകൂടി അനേകം ശാസ്ത്രഗ്രന്ഥങ്ങളെ പ്രകാശിപ്പിച്ചുട്ടുണ്ടെങ്കിലും ഹോരാശാസ്ത്രമാകുന്ന മാഹാസമുദ്രം കടക്കുവാന്‍ പരിശ്രമിച്ച് നിരാശന്മാരായവര്‍ക്ക് ( ആ മഹല്‍ഗ്രന്ഥസമൂഹങ്ങളിലെ സാരാംശങ്ങള്‍ വേര്‍ത്തിരിച്ചറിയുവാന്‍ ശക്തിയില്ലാത്തവര്‍ക്ക്) വേണ്ടി ഗ്രന്ഥവിസ്തരം കുറഞ്ഞും, അനുഷ്ടുപ്പ് മുതലായ പല വൃത്തങ്ങളോടുകൂടിയും, ജാതകം, പ്രശ്നം, മുഹൂര്‍ത്തം, നിമിത്തം മുതലായ അനേകം അര്‍ത്ഥങ്ങള്‍ നിറഞ്ഞും ഇരിയ്ക്കുന്ന ശാസ്ത്രമാകുന്ന തോണിയെ (ബൃഹജ്ജാതകമെന്നു പേരായ ഈ ഗ്രന്ഥത്തെ) നിര്‍മ്മിയ്ക്കുന്നു.

സൂര്യാദികളില്‍ ഒരു ഗ്രഹം ഒരു ശുഭഗ്രഹത്തോടുകൂടി ലഗ്നത്തില്‍ നിന്നാല്‍ / ഒന്‍പതാം ഭാവാധിപന്‍ ബാധാരാശിയില്‍ നിന്നാല്‍

ലഗ്നസ്ഥേഷു സസത്സ്വിനാദിഷു വദേത്തദ്ദേവതാനുഗ്രഹം
പ്രഷ്ടൃണാമഥബാധകാലയഗതേ ധര്‍മ്മാധിപേ പ്രാക് ചിരം
യല്‍കിഞ്ചില്‍ സമുപാസ്യ ദൈവതമമുഷ്യോപേക്ഷയാ സാമ്പ്രതം
തല്‍കോപോƒ സ്തി ഭജേത ദൈവതമദോ ഭദ്രാര്‍ത്ഥമിത്യാദിശേല്‍

സാരം :-

സൂര്യാദികളില്‍ ഒരു ഗ്രഹം ഒരു ശുഭഗ്രഹത്തോടുകൂടി ലഗ്നത്തില്‍ നിന്നാല്‍ ആ ഗ്രഹത്തെക്കൊണ്ട് പറയേണ്ട ദേവന്‍റെ സഹായം പ്രഷ്ടാക്കന്മാര്‍ക്കുണ്ടെന്ന് പറയണം. 

ഒന്‍പതാം ഭാവാധിപന്‍  ബാധാരാശിയില്‍ നിന്നാല്‍ ഒരു ദേവനെ മുന്‍പേ ഏറെക്കാലം ശ്രദ്ധയോടുകൂടി സേവിച്ചിരുന്നു എന്നും ഇപ്പോള്‍ ആ ദേവോപാസനത്തെ ആച്ചരിക്കുന്നില്ലെന്നും അതിനാല്‍ ആ ദേവന്‍റെ കോപം വര്‍ദ്ധിച്ചിരിക്കുന്നു എന്നും പറയണം. കോപശമനം വരുത്തുന്നതിനും  യോഗാദ്യനിഷ്ടം മാറി ആരോഗ്യാദ്യൈശ്വര്യം വര്‍ദ്ധിക്കുന്നതിനുമായി ഈ ദേവനെ ഭാജിക്കേണ്ടതാണെന്നു നിര്‍ബന്ധമായി പറയണം.

മൂര്‍ത്ത്വിത്വേ പരികല്പിതഃ


മൂര്‍ത്ത്വിത്വേ പരികല്പിതഃ ശശഭൃതോ വര്‍ത്മാƒപുനര്‍ജ്ജന്മനാ-
മാത്മേത്യാത്മവിദാം ക്രതുശ്ച യജതാം ഭര്‍ത്താƒമരജ്യോതിഷാം
ലോകാനാം പ്രളയോദയസ്ഥിതിവിഭുശ്ചാനേകധാ യഃ ശ്രുതൌ
വാചം നഃ സ ദധാതു നൈകകിരണസ്ത്രൈലോക്യദീപോ രവിഃ.

സാരം :-

    ചന്ദ്രന്‍റെ ശരീരമാവൂ എന്നുള്ള അവസ്ഥയോടുകൂടിയവനും മോക്ഷേച്ഛുക്കള്‍ക്കു അവരുടെ പ്രാപ്യസ്ഥാനത്തേയ്ക്കുള്ള രാജമാര്‍ഗ്ഗമായിരിക്കുന്നവനും, അത്മജ്ഞാനികള്‍ക്ക് ജ്ഞാനസ്വരൂപനായിരിയ്ക്കുന്നവനും, കര്‍മ്മകാണ്ഡത്തില്‍ അസക്തന്മാരായവര്‍ക്കു കര്‍മ്മസ്വരൂപിയായിരിക്കുന്നവനും, ദേവന്മാരുടേയും ഗ്രഹനക്ഷത്രാദിജ്യോതിസ്സുകളുടേയും ഭരണകര്‍ത്താവായിരിക്കുന്നവനും, ലോകങ്ങളുടെ സൃഷ്ടിസ്ഥിതിസംഹാരകര്‍ത്താവായിരിക്കുന്നവനും വേദങ്ങളില്‍ പലപ്രകാരത്തിലും വര്‍ണ്ണിക്കപ്പെട്ടവനും ഭൂമി സ്വര്‍ഗ്ഗം പാതാളം എന്നീ മൂന്നു ലോകങ്ങളേയും പ്രകാശിപ്പിക്കുന്നവനും ആയ ആദിത്യഭഗവാന്‍ ജാതകം പ്രശ്നം മുഹൂര്‍ത്തം മുതലായ വിഷയങ്ങളില്‍ സമയോചിതവും സത്യവും ശ്രോതാക്കള്‍ക്ക് രസപ്രദവും അന്യന്മാരാല്‍ ഖണ്ഡിയ്ക്കപ്പെടുവാന്‍ അശക്യവുമായ വാക്കിനെ ഞങ്ങള്‍ക്ക് പ്രദാനം ചെയ്യേണമേ. 

ശനിയോ ശനിക്ഷേത്രത്തില്‍ നില്‍ക്കുന്ന ഗ്രഹമോ ദേവകോപത്തെ സൂചിപ്പിച്ചാല്‍

മന്ദേ മന്ദേഗൃഹസ്ഥേ വാ വിഹഗേƒനിഷ്ടസംസ്ഥിതേ
നീചാനാമന്നദാനം സ്യാദ് ഭൂദാനഞ്ചാര്‍ത്തിശാന്തയേ


സാരം :-

ശനിയോ ശനിക്ഷേത്രത്തില്‍ നില്‍ക്കുന്ന ഗ്രഹമോ ദേവകോപത്തെ സൂചിപ്പിച്ചാല്‍ നീചന്മാരെ അന്നദാനംകൊണ്ടും ഭൂദാനം കൊണ്ടും തൃപ്തിപ്പെടുത്തേണ്ടതാണ്. 

ഗ്രഹമോ ഗ്രഹത്തിന്‍റെ രാശിയില്‍ നില്‍ക്കുന്ന ഗ്രഹമോ ദേവകോപത്തെ സൂചിപ്പിച്ചാല്‍

ദേവേ ദീപസമര്‍പ്പണഞ്ച ഹവനം ഭൗമേ ച തല്‍ക്ഷേത്രഗേ
ചാന്ദ്രൗ തദ്ഗൃഹഗേ ച നൃത്തകരണം ജീവേ ച തല്‍ക്ഷേത്രഗേ
കര്‍ത്തവ്യം ദ്വിജഭോജനഞ്ച വിതരേദ്ദേവായ ഹേമാദികം
ശുക്രേ തദ്ഗൃഹഗേ ച രോഗശമനായാന്നം പ്രദേയം ബഹു.


സാരം :-

ചൊവ്വയോ ചൊവ്വയുടെ രാശിയില്‍ നില്‍ക്കുന്ന ഗ്രഹമോ ദേവകോപത്തെ സൂചിപ്പിച്ചാല്‍ ദേവപ്രീതിക്കുവേണ്ടി വിളക്കുവയ്പ് ഗണപതി ഹോമം മുതലായവ നടത്തണം

ബുധനോ ബുധക്ഷേത്രത്തില്‍ നില്‍ക്കുന്ന ഗ്രഹമോ ദേവകോപത്തെ സൂചിപ്പിച്ചാല്‍ ദേവപ്രീതിക്കുവേണ്ടി നൃത്തം ചെയ്യിക്കണം.

 വ്യാഴമോ വ്യാഴക്ഷേത്രത്തില്‍ നില്‍ക്കുന്ന ഗ്രഹമോ ദേവകോപത്തെ സൂചിപിച്ചാല്‍, ബ്രാഹ്മണര്‍ക്ക് മൃഷ്ടാന്നദാനം ചെയ്കയും ദേവന് സ്വര്‍ണ്ണം മുതലായവകൊണ്ട്‌ ആഭരണം സമര്‍പ്പിക്കയും വേണം.

ശുക്രനോ ശുക്രക്ഷേതത്തില്‍ നില്‍ക്കുന്ന ഗ്രഹമോ ദേവകോപത്തെ സൂചിപ്പിച്ചാല്‍ വളരെ അന്നദാനം ചെയ്യുകയും വേണമെന്നും അതിനാല്‍ രോഗശമനമുണ്ടാകുമെന്നും പറയണം. 

ചന്ദ്രന്‍ ദേവകോപത്തിന് കാരണമായാലും അല്ലെങ്കില്‍ ചന്ദ്രക്ഷേത്രത്തില്‍ (കര്‍ക്കിടകത്തില്‍) ദേവകോപത്തിന് കാരണമായ ഗ്രഹം നിന്നാലും

ചന്ദ്രേ വാ തദ്ഗൃഹസ്ഥേ വാ യവാഗുപ്രതിപാദനം
ശംഖാഭിഷേകധാരാദ്യമപി ദേവേ വിധീയതാം.

സാരം :-

ചന്ദ്രന്‍ ദേവകോപത്തിന് കാരണമായാലും അല്ലെങ്കില്‍ ചന്ദ്രക്ഷേത്രത്തില്‍ (കര്‍ക്കിടകത്തില്‍) ദേവകോപത്തിന് കാരണമായ  ഗ്രഹം നിന്നാലും കഞ്ഞിസദ്യ ഇവ നടത്തുകയും ദേവന് ശംഖാഭിഷേകം, ധാര മുതലായ അഭിഷേകാദികള്‍ നടത്തുകയും ആണ് വേണ്ടത്.

സൂര്യനോ ചിങ്ങത്തില്‍ നില്‍ക്കുന്ന മറ്റു ഗ്രഹമോ ദേവകോപത്തിന് കാരണനായിരിക്കുമ്പോള്‍


അര്‍ക്കേ വാര്‍ക്കഗൃഹസ്ഥേ വാ വിഹഗേ അനിഷ്ടസംസ്ഥിതേ
ദേവാരാധനമാധേയം പൃച്ഛതാം രോഗശാന്തയേ.

സാരം :-

സൂര്യനോ ചിങ്ങത്തില്‍ നില്‍ക്കുന്ന മറ്റു ഗ്രഹമോ ദേവകോപകാരണഭൂതനായിരിക്കുമ്പോള്‍ പ്രഷ്ടാക്കന്മാരുടെ രോഗത്തിന് ശമനമുണ്ടാക്കുവാന്‍ പുഷ്പാഞ്ചലി മുതലായ കര്‍മ്മങ്ങളെക്കൊണ്ട് ദേവനെ ആരാധിക്കേണ്ടതാണെന്ന് പറയണം. 

ത്രിഗുണങ്ങള്‍ എന്താണ്?

വിശ്വത്തിനാധാരഭൂതമായത് ത്രിഗുണങ്ങളാണ്. സാത്വികം, രാജസം, താമസം എന്നിവയാണ് ത്രിഗുണങ്ങള്‍. കാണാവുന്നവയ്ക്ക് മാത്രമേ ഈ ഗുണങ്ങളുള്ളൂ. കാണുന്നതെല്ലാം നശിക്കുന്നതാണ്. നശിക്കാത്തതിനെ കാണുവാന്‍ സാധിക്കുന്നതല്ല. ആകൃതി ഒരു ഗുണമാണ്. ഈശ്വരന് ആകൃതിയില്ല. അതിനാല്‍ ഈശ്വരന്‍ നിര്‍ഗ്ഗുണനാണ്. നിര്‍ഗ്ഗുണനായ ഈശ്വരനെ ജ്ഞാനം കൊണ്ടറിയാം. എന്നാല്‍ മാംസചക്ഷുസ്സുകൊണ്ട് ദര്‍ശിക്കാവുന്നതല്ല. ത്രിഗുണങ്ങള്‍ക്ക് ജ്ഞാനശക്തി, ക്രിയാശക്തി, അര്‍ത്ഥശക്തി എന്നീ മൂന്ന് ശക്തികളുണ്ട്. സത്വഗുണത്തിന്‍റെ ശക്തി ജ്ഞാനവും രജോഗുണത്തിന്‍റെ ശക്തി ക്രിയയും, തമോഗുണത്തിന്‍റെ ശക്തി അര്‍ത്ഥവുമാകുന്നു.

ബാധകാധിപനായ ഗ്രഹം ലഗ്നം തുടങ്ങിയ ഭാവങ്ങളില്‍ നിന്നാല്‍ ചെയ്യേണ്ട പരിഹാരങ്ങള്‍

ലഗ്നാദൗ പ്രതിബിംബദാനജപംപൂജാധാമസന്തര്‍പ്പണൈ
രുക്ശാന്തിഃ പ്രതികാരനൃത്തബലിദേവോപാസനൈശ്ച ക്രമാല്‍
ദന്തി സ്കന്ധസമര്‍പ്പിതേന ബലിനാംഭസ്തര്‍പ്പണേനാന്ത്യഗേ
ബാധോക്തൗ തു തദീശ്വരേ ന ച തതഃ പ്രോക്തം ന കിഞ്ചിദ്വയേ-ഇതി


സാരം :-

ബാധകാധിപനായ ഗ്രഹം ലഗ്നത്തില്‍ നിന്നാല്‍ സ്വര്‍ണ്ണം കൊണ്ടോ മറ്റോ പ്രതിമയുണ്ടാക്കി ദേവസന്നിധിയില്‍ സമര്‍പ്പിച്ചാല്‍ കോപശാന്തിവരും. 

രാണ്ടാം ഭാവത്തില്‍ ബാധകാധിപനായ ഗ്രഹം നിന്നാല്‍ മന്ത്രജപാദികള്‍ നടത്തുകയോ നടത്തിക്കയോ ചെയ്യണം. 

മൂന്നാം ഭാവത്തില്‍ ബാധകാധിപനായ ഗ്രഹം നിന്നാല്‍ പൂജനടത്തണം.

നാലാം ഭാവത്തില്‍ ബാധകാധിപനായ ഗ്രഹം നിന്നാല്‍ ക്ഷേത്രം പണിചെയ്യിപ്പിച്ച് കൊടുക്കണം 

അഞ്ചാം ഭാവത്തില്‍ ബാധകാധിപനായ ഗ്രഹം നിന്നാല്‍ ദേവപ്രീതിക്കുവേണ്ടി എണ്ണ, വസ്ത്രം, ഭക്ഷണം മുതലായവ ദാനം ചെയ്തു സന്തോഷിപ്പിക്കണം

ആറാം ഭാവത്തില്‍ ബാധകാധിപനായ ഗ്രഹം നിന്നാല്‍ പ്രതികാര ബലി നടത്തണം

ഏഴാം ഭാവത്തില്‍ ബാധകാധിപനായ ഗ്രഹം നിന്നാല്‍ നൃത്തം ചെയ്യിക്കണം

എട്ടാം ഭാവത്തില്‍ ബാധകാധിപനായ ഗ്രഹം നിന്നാല്‍ ശ്രീഭൂതബലി മുതലായ ബലിക്രിയകള്‍ ചെയ്യിക്കണം.

ഒന്‍പതാം ഭാവത്തില്‍ ബാധകാധിപനായ ഗ്രഹം നിന്നാല്‍ ക്ഷേത്ര സന്നിധിയില്‍ ചെന്ന് ദേവനെ ഉപാസിക്കണം

പത്താം ഭാവത്തില്‍ ബാധകാധിപനായ ഗ്രഹം നിന്നാല്‍ ദന്തിസ്കന്ധബലി നടത്തണം

പതിനൊന്നാം ഭാവത്തില്‍ ബാധകാധിപനായ ഗ്രഹം നിന്നാല്‍ ജലതര്‍പ്പണം ചെയ്യുകയും ചെയ്‌താല്‍ ക്രമേണ രോഗം മുതലായ അനിഷ്ടങ്ങള്‍ മാറുമെന്നു ഗ്രഹിക്കണം.

ബാധകാധിപന്‍ പന്ത്രണ്ടാം ഭാവത്തില്‍ നിന്നാല്‍ ബാധാബന്ധം ഇല്ല. അതുകൊണ്ടാണ് പന്ത്രണ്ടാം ഭാവം കൊണ്ട് പ്രതിവിധി വിധിക്കാത്തത്.

മര്‍മ്മശാസ്ത്രത്തിന്‍റെ ചരിത്രം എന്താണ്?


ഭഗവാന്‍ പരമശിവന്‍ തന്‍റെ പുത്രനായ ശ്രീ സുബ്രഹ്മണ്യദേവനിലൂടെ അഗസ്ത്യമഹര്‍ഷിയ്ക്ക് ഉപദേശമായി നല്കിയതും ഏറ്റവും വിലപ്പെട്ടതും മൂല്യസമ്പത്തുള്ളതുമായ ആദ്ധ്യാത്മിക വൈദ്യശാസ്ത്രമാണ് മര്‍മ്മശാസ്ത്രം.

ഏതാണ്ട് അയ്യായിരം വര്‍ഷങ്ങളോളം പഴക്കം വരുന്ന മര്‍മ്മശാസ്ത്രത്തിന്‍റെ ഉപജ്ഞാതാവ് അഗസ്ത്യ മഹര്‍ഷിയാണെന്ന കാര്യത്തില്‍ പൊതുവേ തര്‍ക്കമില്ല. വിന്ധ്യാ - സാത്പുര പര്‍വ്വതശിഖരങ്ങള്‍ കടന്ന് തെക്ക് കേരളത്തിലെ അഗസ്ത്യാര്‍കൂടവനത്തില്‍ തന്‍റെ ഘോരതപം ചെയ്ത് കിട്ടിയ സിദ്ധിയാല്‍ മനുഷ്യന്‍റെ ശരീരരക്ഷയ്ക്ക് ഉപയോഗപ്രദമാവുന്ന തരത്തില്‍ അഗസ്ത്യമഹര്‍ഷി അരുളിചെയ്തതാണ് മര്‍മ്മജ്ഞാനവും മര്‍മ്മചികിത്സാശാസ്ത്രവും. മര്‍മ്മകണ്ണാടി, മര്‍മ്മപീരങ്കി, മര്‍മ്മപീരങ്കിത്തുറവ് കോല്‍, മര്‍മ്മഅളവ് നൂല്‍, ശരനൂല്‍, ഉല്‍പ്പത്തി തുടങ്ങിയ താളിയോല ഗ്രന്ഥങ്ങളിലൂടെയാണ് ഈ ശാസ്ത്രം പ്രചരിച്ചത്.

മുന്‍നൂല്‍, പിന്‍നൂല്‍ എന്നിവയാണ് മേല്‍പറഞ്ഞവയുടെ മൂല ഗ്രന്ഥങ്ങള്‍. അഗസ്ത്യരുടെ ശിഷ്യനായ ഭോഗര്‍ മുനി എഴുതിയ "ഭോഗര്‍ പാടലി" യെ അടിസ്ഥാനപ്പെടുത്തിയാണ് മര്‍മ്മശാസ്ത്രങ്ങളുടെ രചന നടന്നിട്ടുള്ളത്. സംസ്കൃത ഭാഷയിലെ സുശ്രുത സംഹിത, അഷ്ടാംഗഹൃദയം തുടങ്ങിയവയിലൂടെ ആര്യഭാഷയിലെ ആചാര്യന്മാരായ സുശ്രുതന്‍, വാഗ്ഭടന്‍ എന്നിവരും മര്‍മ്മ ശാസ്ത്രത്തിന് സംഭാവനകള്‍ നല്‍കിയവരാണ്. സംസ്കൃതത്തിലും തമിഴിലും ഉള്ള ശാസ്ത്രങ്ങള്‍ക്കു പുറമേ, പുരാതന കേരളത്തിലെ ആയോധനവിദഗ്ദരായ കളരിഗുരുക്കന്മാരും ആശാന്മാരും സ്വന്തം അനുഭവങ്ങളില്‍ നിന്നും ഗ്രഹിച്ച അഭ്യാസമര്‍മ്മങ്ങളും കളരി മര്‍മ്മങ്ങളും മര്‍മ്മശാസ്ത്ര ചരിത്രത്തിലെ പ്രധാന കൂട്ടിചേര്‍ക്കലുകളാണ്.

അനിഷ്ടനായ ഗ്രഹം എട്ടാം ഭാവത്തിലോ പത്താം ഭാവത്തിലോ പന്ത്രണ്ടാം ഭാവത്തിലോ നിന്നാല്‍

രന്ധ്രഗേ കര്‍മ്മസംസ്ഥേ ച പൂജാ വാ ബലികര്‍മ്മ വാ
ഗീതം വാദ്യഞ്ചരിഃഫസ്ഥേ തത്തല്‍പ്രീത്യൈ പ്രദീയതാം

സാരം :-

അനിഷ്ടനായ ഗ്രഹം അഷ്ടമത്തിലോ പത്തിലോ നിന്നാല്‍ പൂജാകര്‍മ്മങ്ങള്‍ കൊണ്ടോ ബലികര്‍മ്മങ്ങള്‍ കൊണ്ടോ ദേവനെ പ്രീതിപ്പെടുത്തണം.

അനിഷ്ടനായ  ഗ്രഹം പന്ത്രണ്ടാമെടത്ത് നിന്നാല്‍ വാദ്യവിശേഷങ്ങളെക്കൊണ്ടും ഗാനവിശേഷങ്ങളെക്കൊണ്ടും ദേവന്‍റെ പ്രീതി വരുത്തികൊള്ളണം.

ഏതു ഗ്രഹത്തെക്കൊണ്ട് ദേവകോപം പറഞ്ഞുവോ ആ ഗ്രഹം ഏഴാം ഭാവത്തില്‍ നിന്നാല്‍ / സൂര്യന്‍റെയോ ചൊവ്വയുടെയോ രാശിയില്‍ നിന്നാല്‍

നൃത്തം ദ്യുനഗതേ കുജാര്‍ക്കഗൃഹഗേ ഖേടേ പ്രദീപഃ സ്മൃതഃ
ശുക്രേന്ദ്വാലയഗേ തു പായസമപി ക്ഷീരം ഘൃതം വാ പുനഃ
ബൌധേ ചന്ദനമാര്യമന്ദിരഗതേ മാലാപ്രസൂനാനി വാ 
മന്ദര്‍ക്ഷേ ഖലു ഭൂഷാണാനി വസനം തത്തന്മുദേ ദീയതാം.

സാരം :-

ഏതു ഗ്രഹത്തെക്കൊണ്ട് ദേവകോപം പറഞ്ഞുവോ ആ ഗ്രഹം ഏഴാം ഭാവത്തില്‍ നിന്നാല്‍ കോപശാന്തിക്കായി നൃത്തം ചെയ്യിക്കുകയും ഈ ഗ്രഹം സൂര്യന്‍റെയോ ചൊവ്വയുടെയോ രാശിയില്‍ നിന്നാല്‍ കോപശാന്തിക്ക് വിളക്ക് വയ്പിക്കുകയും ചന്ദ്രക്ഷേത്രത്തിലോ ശുക്രക്ഷേത്രങ്ങളിലോ നിന്നാല്‍ പായസം, പാല്, നെയ്യ് ഇതുകള്‍ നിവേദിപ്പിക്കയും ബുധക്ഷേത്രത്തില്‍ നിന്നാല്‍ ചന്ദനം ചാര്‍ത്തിക്കയും വ്യാഴക്ഷേത്രത്തില്‍ നിന്നാല്‍ മാല ചാര്‍ത്തിക്കയും പുഷ്പാഞ്ജലി നടത്തിക്കയും ശനിക്ഷേത്രത്തിലാണെങ്കില്‍ ആഭരണളേയും പട്ടു മുതലായ വസ്ത്രങ്ങളെയും സമര്‍പ്പിച്ച് ദേവനെ പ്രസാദിപ്പിക്കേണ്ടതാണ്. ദേവന്‍റെ ആനുകൂല്യത്തിനു ഈ ന്യായം അനുസരിച്ച് അതാതു പദാര്‍ത്ഥങ്ങളെ ദാനം ചെയ്യുന്നതും വിശേഷമായിരിക്കും. 

മര്‍മ്മശാസ്ത്രം എന്താണ്?


മര്‍മ്മശാസ്ത്രം ഒരു ചികിത്സാസമ്പ്രദായമാണ്. കായികശക്തിയും മാനസിക ശക്തിയും സമന്വയിപ്പിച്ച്, ഈശ്വരവിചാരത്തോടും മണ്‍മറഞ്ഞ ഗുരുക്കന്മാരുടെ അനുഗ്രഹാശ്ശിസ്സുകളോടും കൂടെ, മനുഷ്യര്‍ക്ക്‌ ശരീരത്തിന് ആരോഗ്യാവസ്ഥ നേടിക്കൊടുക്കുന്നതിന്, സ്വജീവിതം ആതുരശുശ്രൂഷാര്‍ത്ഥം ഒഴിച്ച് വെയ്ക്കുന്നവരാണ് മര്‍മ്മചികിത്സകര്‍. ശരീരമര്‍മ്മങ്ങളെക്കുറിച്ചും അവയിലേല്‍ക്കുന്ന ക്ഷതങ്ങള്‍ കൊണ്ടുണ്ടാകുന്ന ആജീവാനന്തമുള്ള പ്രയാസങ്ങളെയും വേദനകളേയും പീഢകളെയും പരിഹരിക്കുന്നതിനെക്കുറിച്ചും ശരീരത്തിന് സംഭവിക്കുന്ന ഒടിവ്, ചതവ്, മുറിവ്, സന്ധിതെറ്റല്‍, അസ്ഥിപൊട്ടല്‍ തുടങ്ങിയവയാലുണ്ടാകുന്ന ശാരീരിക വിപത്തുകളെക്കുറിച്ചും അവയ്ക്കുള്ള പരിഹാരങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ഒരു ചികിത്സാ സംഹിതയാണ് മര്‍മ്മശാസ്ത്രം എന്ന് പൊതുവില്‍ പറയാം. പാരമ്പര്യ ചികിത്സാ വിഭാഗത്തിലാണ് കേരളം ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഏതൊരു ഗ്രഹത്തെകൊണ്ടാണോ ദേവകോപം പറഞ്ഞത്. ആ ഗ്രഹം പാപഗ്രഹത്തിനോട് ചേര്‍ന്ന് ലഗ്നത്തില്‍ / നാലാം ഭാവത്തില്‍ നിന്നാല്‍


ലഗ്നസ്ഥേ പാപയുക്തേ സതി ഖലു വിഹഗേ ബിംബദോഷോƒത്ര ബിംബം
ഭിന്നം തസ്മിന്‍ സമേതേ ധരണിതനുഭുവാƒശുദ്ധിരേവാന്യപാപപൈഃ
ബിംബം തത്ര പ്രദേയം ഭവതി ഖലു മുദേ ഖേ ചരേഥാലയസ്ഥേ
ജീര്‍ണ്ണം വേശ്മാലയം തം നവമഥ കുരുതാം ദീയതാം വാന്യവേശ്മ

സാരം :-

ഏതൊരു ഗ്രഹത്തെകൊണ്ടാണോ ദേവകോപം പറഞ്ഞത്. ആ ഗ്രഹം പാപഗ്രഹത്തിനോട് ചേര്‍ന്ന് ലഗ്നത്തില്‍ നിന്നാല്‍ ബിംബത്തിന് ദോഷം സംഭവിച്ചിട്ടുണ്ടെന്നും ആ പാപന്‍ ചൊവ്വയാണെങ്കില്‍ ബിംബത്തിനു ഒടിവ് മുതലായ അംഗവൈകല്യം സംഭവിച്ചിട്ടുണ്ടെന്നും ശനി മുതലായ മറ്റു പാപന്മാരാണെങ്കില്‍ അശുദ്ധി സംഭവിച്ചിരിക്കുന്നുവെന്നും പറയണം. ബിംബത്തിന് അംഗവൈകല്യം സംഭവിച്ചാല്‍ പകരം ബിംബം കൊത്തിച്ചു പ്രതിഷ്ഠിപ്പിക്കുകയും അശുദ്ധിയേയുള്ളൂ എന്ന് വന്നാല്‍ കലശം നടത്തുകയുമാണ് വേണ്ടത്. 

ദേവകോപത്തിന് കാരണഭൂതനായ ഗ്രഹം നാലാം ഭാവത്തില്‍ പാപനോട്കൂടി നിന്നാല്‍ ക്ഷേത്രത്തിനു പഴക്കം മുതലായതിനാല്‍ കേടു സംഭവിച്ചിരിക്കുന്നു എന്നും തല്‍ശാന്തിക്കായി കേടുപാടുകള്‍ തീര്‍ക്കുകയോ അല്ലെങ്കില്‍ പുതുതായി പണി ചെയ്യുകയോ വേണം. ഇങ്ങനെയുള്ള ദേവകോപങ്ങള്‍ പറയേണ്ടതും പ്രഷ്ടാവിനു അവകാശപ്പെട്ട ക്ഷേത്രങ്ങളുണ്ടെന്നും അവിടുത്തെ കോപമുണ്ടെന്നും കാണുമ്പോഴാണ്‌.

മര്‍മ്മം എന്നാലെന്ത്?

ശരീരത്തില്‍ ശിവനാകുന്ന ജീവന്‍, അല്ലെങ്കില്‍ ശ്വാസം അല്ലെങ്കില്‍ പ്രാണവായു പ്രധാനമായും തങ്ങിനില്‍ക്കുന്ന ഇടങ്ങളാണ് "മര്‍മ്മങ്ങള്‍"

ശരീരത്തിന്‍റെ ഏതൊരുഭാഗത്ത് മുറിയുകയോ, വീഴ്ച, തട്ട്, ഇടി, അടി, എന്നിവകൊണ്ട് ചതവോ വൃണമോ ഉണ്ടാവുകയോ ചെയ്യുന്നതിന്‍റെ ഫലമായി ശാരീരികമായി വിഷമതകള്‍ ഉണ്ടാവുകയോ ജീവഹാനിതന്നെ സംഭവിക്കുകയോ ചെയ്യുന്ന സ്ഥാനങ്ങളാണ് മര്‍മ്മങ്ങള്‍.

മരണാനന്തരക്രിയയ്ക്ക് പ്രഥമസ്ഥാനം പുത്രന് കല്പിച്ചിരിക്കുന്നു. എന്തുകൊണ്ട്?


മരണാനന്തരക്രിയയ്ക്ക് പ്രഥമസ്ഥാനം പുത്രന് തന്നെ കല്പിച്ചിരിക്കുകയാണ്. പുത്രപദത്തിന്‍റെ അര്‍ത്ഥകല്പനയില്‍ "പും നാമനരകാല്‍ത്രായതെ ഇതി പുത്രഃ". 'പും ' എന്ന് പേരായ നരകത്തില്‍ നിന്നും പിതാവിനെ ക്രിയാദികളാല്‍ ത്രാണനം ചെയ്യുന്നത്കൊണ്ടാണ് പുത്രന്‍ എന്ന പേരിനര്‍ഹാനായത്. കുലാചാരപ്രകാരമുള്ള വിവാഹത്തില്‍ ദമ്പതികളായവര്‍ വളരെ സന്തോഷത്തോടുകൂടി ബന്ധിക്കുന്ന സംയോഗത്തില്‍ ഉത്ഭുതമാകുന്ന ആദിമ സന്താനത്തിന് ആത്മീയബന്ധം കൂടുതല്‍ ഉണ്ടാകുമെന്ന ആശയമാണ് ആ പുത്രന്‍ ചെയ്യുന്ന പിതൃകര്‍മ്മത്തിന് പ്രാബല്യവും പിതൃതൃപ്തിയും ഏറിയിരിക്കുമെന്ന് പറയുവാന്‍ കാരണം. മറ്റു പുത്രന്മാര്‍ക്കും പിതൃക്രിയചെയ്യാം. പുത്രന്‍ - പുത്രന്‍റെ പുത്രന്‍ - പ്രൌത്രന്‍, സഹോദരന്‍, സഹോദരസന്താനം, സന്താനങ്ങളില്ലെങ്കില്‍ ഭാര്യയ്ക്കും കര്‍മ്മം ചെയ്യുവാനധികാരമുണ്ടെന്ന് പ്രമാണങ്ങള്‍ കാണുന്നു.

സൂര്യാദികളായ ഏതൊരു ഗ്രഹത്തെകൊണ്ടാണോ ദേവകോപം പറയപ്പെട്ടത് ആ ഗ്രഹത്തിന്‍റെ


സൂര്യാദീനാം ഗ്രഹാണാം വ്യയഭവനഗതഃ പാപഖേടോ യദി സ്യാല്‍
സ്വോക്താനാം ദേവതാനാം വപുഷി വികലതാ,ഡുമണ്ഡുഭസ്പര്‍ശനാദ്യം
സംയോഗ മാന്ദിരാഹ്വോരഥ രവിജയുതോ ജീര്‍ണ്ണതാചാശുചിര്‍വാ
യോഗേ ഭൗമസ്യ രക്ഷാവിഹതിരഭിഹിതാ രക്ഷകസ്വാന്തഭേദാല്‍


സാരം :-

സൂര്യാദികളായ ഏതൊരു ഗ്രഹത്തെകൊണ്ടാണോ ദേവകോപം പറയപ്പെട്ടത് ആ ഗ്രഹത്തിന്‍റെ പന്ത്രണ്ടാം ഭാവത്തില്‍ പാപഗ്രഹം നിന്നാല്‍ ബിംബത്തിന് അംഗഭംഗം സംഭവിക്കുക നിമിത്തമാണ് ദേവന്‍ കോപിച്ചിരിക്കുന്നതെന്ന് പറയണം. 

ദേവകോപകാരകനായ ഗ്രഹത്തിന് ഗുളികയോഗമോ രാഹുയോഗമോ ഉണ്ടായാല്‍ ബിംബത്തില്‍ തവള, ചേര പാമ്പ് മുതലായവ ചുറ്റുക നിമിത്തം ദേവന്‍ കോപിച്ചിരിക്കുന്നു എന്ന് പറയണം. 

ദേവകോപകാരകനായ ഗ്രഹത്തിനോട് ശനിയുടെ യോഗമുണ്ടെങ്കില്‍ ക്ഷേത്രത്തിനോ ബിംബത്തിണോ പഴക്കം മുതലായ കേടുകള്‍ നിമിത്തമോ അല്ലെങ്കില്‍ അവിടെ അശുദ്ധി സംഭവിക്കയാലോ ദേവന്‍ കോപിച്ചിരിക്കുന്നു എന്ന് പറയണം.

ദേവകോപകാരകനായ ഗ്രഹത്തോട് ചൊവ്വയുടെ യോഗമുണ്ടായാല്‍ രക്ഷിക്കേണ്ടവരായ ജനങ്ങളുടെ അന്യോന്യമുള്ള മത്സരാദികള്‍ നിമിത്തം ദേവന്‍റെ സംരക്ഷണാദികള്‍ മുടങ്ങിയിരിക്കുന്നു എന്നും അതുകൊണ്ട് ദേവകോപം സംഭവിച്ചിരിക്കുന്നു എന്നും പറയണം.

ഒന്ന് രണ്ടു കാരണങ്ങള്‍ സന്ദേഹസൂചകങ്ങളായി കാണുന്നേടത്ത് ഭാവഗോചരങ്ങളെ ആസ്പദമാക്കി കാരണങ്ങളെ പറഞ്ഞുകൊള്ളണം.

ആ ദേവന്‍റെ കോപം


ബാധകധീശ്വരാസ്സന്തോ യദി സൂര്യാദിഖേചരാഃ
ദേവതാനാം നിജോക്താനം പീഡാം ബ്രൂയുരനിഷ്ടഗാഃ

സാരം :-

സൂര്യന്‍ മുതലായ ഗ്രഹങ്ങള്‍ ബാധകരാശിയുടെ നാഥന്മാരായി അനിഷ്ടഭാവങ്ങളില്‍ നിന്നാല്‍ ആ ഗ്രഹങ്ങളെക്കൊണ്ട് ഏതൊരു ദേവനെയാണോ വിചാരിക്കേണ്ടത് ആ ദേവന്‍റെ കോപം പ്രഷ്ടാക്കന്മാര്‍ക്ക് സംഭവിച്ചിരിക്കുന്നു എന്ന് പറയണം.

ദേവീദേവന്മാരെ കണ്ടുപിടിക്കുന്നത് എങ്ങനെ?

അര്‍ക്കശ്ശംഭുരുദാഹൃതോƒഖില ഗൃഹേഷ്വര്‍ക്കോ യദി ദ്വന്ദ്വഭേ
ദ്രേക്കാണേ പ്രഥമേ ഗുഹോƒത്ര കഥിതോ വിഘ്നേശ്വരോ മദ്ധ്യമേ
ദുര്‍ഗ്ഗാ ശീതകരോ ബലീ സവിബലഃ കാളീ സ ഏവാബല-
ശ്ചാമുണ്ഡീപ്രമുഖാസ്തമോ ഗുണജ്ജുഷോ ഭൗമാലയസ്ഥോ യദി

സാരം :-

ആദിത്യന്‍ ഏതു രാശിയില്‍ നിന്നാലും ശിവനെയാണ് വിചാരിക്കേണ്ടത്. ശിവന്‍ ശൈവകാരകനാണ്‌.

മിഥുനം, കന്നി, ധനു, മീനം ഈ ഉഭയരാശികളില്‍ ആദ്യത്തെ ദ്രേക്കാണത്തില്‍ ആദിത്യന്‍ നിന്നാല്‍ സുബ്രഹ്മണ്യനെയാണ് വിചാരിക്കേണ്ടത്.

മിഥുനം, കന്നി, ധനു, മീനം എന്നീ ഉഭയരാശികളില്‍ രണ്ടാമത്തെ ദ്രേക്കാണത്തിലാണ് ആദിത്യന്‍റെ സ്ഥിതിയെങ്കില്‍ ഗണപതിയെ വിചാരിക്കണം. മറ്റുള്ളടത്തെ സ്ഥിതികൊണ്ടെല്ലാം ശിവനെതന്നെ ചിന്തിച്ചുകൊള്‍ക.

ബലവാനായ ചന്ദ്രനെക്കൊണ്ട് ദുര്‍ഗ്ഗാഭഗവതിയെ ചിന്തിക്കണം.

ബലഹീനനായ ചന്ദ്രനെക്കൊണ്ട് ഭദ്രകാളിയെയാണ് പറയേണ്ടത്.

ചന്ദ്രന്‍ ബലഹീനനായി മേടത്തിലോ വൃശ്ചികത്തിലോ നിന്നാല്‍ തമോഗുണമയികളായ ചാമുണ്ഡി മുതലായ ദേവീവിഭാഗങ്ങളെ വിചാരിച്ചുകൊള്ളണം.

******************

കുമാരോ ഭൈരവാദിര്‍വ്വാ സ്വാശ്രിതര്‍ക്ഷവശാല്‍ കുജഃ
ചാമുണ്ഡീഭദ്രകാള്യാദ്യാഃസ്സദ്യുഗ്മസമാശ്രിതഃ

സാരം :-

ചൊവ്വാ ശുഭഗ്രഹങ്ങളുടെ രാശികളായ ഓജരാശിയില്‍ നിന്നാല്‍ സുബ്രഹ്മണ്യനെയും അശുഭഗ്രഹങ്ങളുടെ രാശികളായ  ഓജരാശിയില്‍ നിന്നാല്‍ ഭൈരവന്‍, ഘണ്ടാകര്‍ണ്ണന്‍ മുതലായവരെയും വിചാരിക്കണം.

ചൊവ്വ യുഗ്മരാശിയില്‍ നിന്നാല്‍ ചാമുണ്ഡി ഭദ്രകാളി രക്തേശ്വരി മുതലായവരെ ചിന്തിക്കണം. ഇവിടെ ചൊവ്വാക്ഷേത്രത്തിലോ ശുഭഗ്രഹങ്ങളുടെ ക്ഷേത്രത്തിലോ യുഗ്മരാശിസ്ഥിതി വന്നാല്‍ ഭദ്രകാളിയേയും പാപഗ്രഹക്ഷേത്രങ്ങളില്‍ യുഗ്മരാശിസ്ഥിതി വന്നാല്‍ ചാമുണ്ഡിയേയും പാപഗ്രഹക്ഷേത്രങ്ങളില്‍ തന്നെ ശത്രുഗ്രഹക്ഷേത്രം തന്നെ യുഗ്മരാശിയായിവരിക മുതലായ ബന്ധം വന്നാല്‍ രക്തേശ്വരിയേയും  മറ്റും വിചാരിക്കണം.

***************

ശ്രീരാമാദ്യവതാര വിഷ്ണുരിതരക്ഷേത്രേഷു ചന്ദ്രാത്മജോ
വ്യന്ത്യത്ര്യംശഗാഃ സ്ഥിരേ തു ഭവനേ യദ്യേഷ ഗോപാലകഃ
ത്ര്യംശേƒന്ത്യേƒത്ര സ വിഷ്ണുരേവ ഹി പുനര്‍ജ്ജീവോ മഹാവിഷ്ണുര-
പ്യുക്തോƒയം ഹ്യഖിലേശ്വരോƒത്ര തു ഭിദാ
ജ്ഞേയാ ഗ്രഹര്‍ക്ഷാന്വയാല്‍.

സാരം :-


ബുധന്‍ ചരരാശികളിലും ഉഭയരാശികളിലും നില്‍ക്കുകയാണെങ്കില്‍ ശ്രീരാമന്‍. ശ്രീകൃഷ്ണന്‍ മുതലായ വിഷ്ണ്വംശങ്ങളായ അവതാരമൂര്‍ത്തികളെയാണ് പറയേണ്ടത്.

ബുധന്‍ സ്ഥിരരാശിയില്‍ ഒന്നാമത്തേതും രണ്ടാമത്തേതും ദ്രേക്കാണത്തില്‍ നിന്നാല്‍ കൃഷ്ണസ്വാമിയെ പറയണം.

ബുധന്‍ സ്ഥിരരാശിയില്‍ ഒടുവിലത്തെ ദ്രേക്കാണത്തില്‍ നിന്നാല്‍ വിഷ്ണുവിനെ തന്നെ പറയണം.

വ്യാഴം എവിടെ നിന്നാലും സാക്ഷാല്‍ മഹാവിഷ്ണുവിനെയാണല്ലോ വിചാരിക്കേണ്ടത്. എങ്കിലും വ്യാഴത്തിനു സര്‍വ്വേശ്വര കാരകത്വം ഉള്ളതുകൊണ്ട് താന്‍ നില്‍ക്കുകയും അംശകിക്കുകയും ചെയ്യുന്ന രാശിഭേദം അനുസരിച്ച് തന്‍റെ ദേവകര്‍ത്തൃത്വത്തിനും ഭേദം ഉണ്ടാകും. എങ്ങിനെയെന്നാല്‍ വ്യാഴം ചിങ്ങത്തില്‍ നില്‍ക്കുക, അവിടെ നോക്കുക, ആദിത്യനോട് ചേരുക, ആദിത്യന്‍റെ ദൃഷ്ടിവരിക. ഷഡ്വര്‍ഗ്ഗങ്ങളില്‍ ആദിത്യന്‍റെ വര്‍ഗ്ഗാധിക്യം വരിക. ഇവയുണ്ടായാല്‍ ആ വ്യാഴത്തെക്കൊണ്ട് ശിവനെ പറയണം.

ഇതുപോലെ ചന്ദ്രന്‍ മുതലായവരുടെ ബന്ധംകൊണ്ട് ഭഗവതി മുതലായവരെയും പറഞ്ഞുകൊള്ളണം.

**************

അന്നപൂര്‍ണ്ണേശ്വരീ ലക്ഷ്മീര്‍യക്ഷി വാ ഭൃഗുനന്ദനഃ
മന്ദശ്ശാസ്ത്രാദികം ദൈവം രാഹുസ്സര്‍പ്പഗണഃസ്മൃതഃ

സാരം :-

ശുക്രന് ഉച്ചം സ്വക്ഷേത്രം മുതലായ ശുഭാവസ്ഥയുണ്ടെങ്കില്‍ അതിന്‍റെ താരതമ്യമനുസരിച്ച് അന്നപൂര്‍ണ്ണേശ്വരിയേയും ലക്ഷ്മിയേയും പറയണം.

ശുക്രന് പാപഗ്രഹക്ഷേത്രസ്ഥിതി മുതലായ ദോഷബന്ധമുണ്ടെങ്കില്‍ യക്ഷിയെപ്പറയണം. ഇവിടെ ശുഭഗ്രഹങ്ങളുടെയും പാപഗ്രഹങ്ങളുടെയും ദൃഷ്ടിയോഗകേന്ദ്രാദികളെക്കൂടി വിചാരിച്ചുകൊള്ളണം.

ശനിയെക്കൊണ്ട് ശാസ്താവ് കിരാത മൂര്‍ത്തി മുതലായ ദേവന്മാരെ വിചാരിക്കണം.

രാഹുവിനെക്കൊണ്ട് സര്‍പ്പദൈവത്തെയാണ്‌ ചിന്തിക്കേണ്ടത്.

ദശോപനിഷത്തുകള്‍ എന്നറിയപ്പെടുന്നതിന്‍റെ കാരണമെന്ത്

ഉപനിഷത്തുകള്‍ വളരെയധികം ഉണ്ടെങ്കിലും എല്ലാ വിധത്തിലും പ്രാധാന്യം അര്‍ഹിക്കുന്ന ഉപനിഷത്തുകള്‍ ഈശം, കേനം, കഠം, പ്രശ്നം, മുണ്ഡകം, മാണ്ഢൂക്യം, തൈത്തരീയം, ഐതരേയം,  ഛാന്ദോഗ്യം, ബ്രഹദാരണ്യകം എന്നിവയാണ്. അതിനാല്‍ ഇവയെ ദശോപനിഷത്തുകള്‍ എന്നറിയപ്പെടുന്നു. ശങ്കരാചാര്യര്‍ ഇവയ്ക്കാണ് വ്യാഖ്യാനം നല്‍കിയിട്ടുള്ളത്. ബ്രഹ്മവിദ്യ അഭ്യസിക്കുന്നത് എങ്ങനെയെന്നത് പൂര്‍ണ്ണമായും അടങ്ങിയിട്ടുള്ളത് ഈ ഉപനിഷത്തുകളിലാണ്. അതിനാല്‍ ഈ ഉപനിഷത്തുകളെ ദശോപനിഷത്തുകള്‍ എന്നറിയപ്പെടുന്നു.

വിഷ്ണു മുതലായ എല്ലാ ദേവന്മാരുടേയും സാന്നിദ്ധ്യം വ്യാഴ ഗ്രഹത്തെക്കൊണ്ടാണ് പറയേണ്ടത്. വ്യാഴം സര്‍വ്വേശ്വരകാരകനാകുന്നു.

സര്‍വ്വേശ്വരാണാം ധിഷണേƒസ്തി നിത്യം
സാന്നിദ്ധ്യം സ്മാദ്ധിഷണേƒനുകൂലേ
പ്രയോƒനുകൂലാഃസ്സകലാശ്ച ദേവാ
സ്തല്‍ പ്രാതികൂല്യേ സതിനാനുകൂലാഃ

സാരം :-

വിഷ്ണു മുതലായ എല്ലാ ദേവന്മാരുടേയും സാന്നിദ്ധ്യം വ്യാഴ ഗ്രഹത്തെക്കൊണ്ടാണ് പറയേണ്ടത്. വ്യാഴം സര്‍വ്വേശ്വരകാരകനാകുന്നു. അതിനാല്‍ വ്യാഴത്തിനു ഇഷ്ടസ്ഥിതി മുതലായ അനുകൂല ഭാവവും ഉണ്ടെങ്കില്‍ മിക്കവാറും ദേവന്മാരും അനുകൂലന്മാരാണെന്നു പറയണം. വ്യാഴത്തിന് അനിഷ്ടസ്ഥിതി മുതലായ ദോഷങ്ങള്‍ ഉണ്ടെങ്കില്‍ മിക്കദേവന്മാരും പ്രഷ്ടാവിന് അനിഷ്ടരാണെന്ന് പറയണം.

ദേവന്‍റെ ആനുകൂല്യമോ അതല്ല ദേവപ്രതികൂലതയാണോ ഉള്ളത്

ദൈവാനുകൂല്യം പ്രതികൂലതാം വാ
വിചാര്യസത്യാം പ്രതികൂലതായാം
തദാനുകൂല്യായ വിധിര്‍വിധേയോ
യതസ്തഃ സംപ്രതി കഥ്യതേ തല്‍. 


സാരം :-

പ്രഷ്ടാവിനു ദേവന്‍റെ ആനുകൂല്യമോ അതല്ല ദേവപ്രതികൂലതയാണോ ഉള്ളത് എന്ന് വിചാരിച്ചു നോക്കിയാല്‍ ദേവപ്രതികൂല്യമാണ് ഉള്ളതെന്ന് കണ്ടാല്‍ അതിന്‍റെ അനുകൂലത സമ്പാദിക്കുന്നതിനായി വേണ്ടതെല്ലാം പ്രവര്‍ത്തിക്കേണ്ട ആവശ്യമുള്ളതിനാല്‍ ദേവന്‍റെ അനുകൂല്യാദിയെത്തന്നെ ആദ്യം പറയണം.

ദേവകോപവും പിന്നീട് ക്രമേണ ധര്‍മ്മദൈവകോപം സര്‍പ്പബാധ പിതൃകോപം ഗുരുശാപം ബ്രാഹ്മണകോപം പ്രേതബാധ ദൃഷ്ടി ബാധ വാഗ്ദോഷം കൈവിഷം ആഭിചാരം

ദേവൈര്‍വ്വാ ധര്‍മ്മദൈവൈഃ ഫണിപിതൃഗുരുഭിര്‍-
ബ്രാഹ്മണൈഃ പ്രേതഭൂതൈഃ
പീഡാ യാ സ്യാല്‍ കൃതാ സാ തദനു ഭവതി യാ
ഭൃഗഭവാ വാഗ്ഭവാ വാ
യാ സ്യാദ്ഭൂയോ വിഷോത്ഥാ പുനരിഹ രിപുഭി-
യ്യാ കൃതാ സാ ച താസാം
ഹേതുശ്ചാപി ക്രമേണ പ്രിതിവിധിരപിച
പ്രോച്യതേ പൃച്ഛകാനാം


സാരം :-
ഒന്നാമതായി ദേവകോപവും പിന്നീട് ക്രമേണ ധര്‍മ്മദൈവകോപം സര്‍പ്പബാധ പിതൃകോപം ഗുരുശാപം ബ്രാഹ്മണകോപം പ്രേതബാധ ദൃഷ്ടി ബാധ വാഗ്ദോഷം കൈവിഷം ആഭിചാരം ഇവകളെയും ഈ ആദ്ധ്യായത്തില്‍ ഈ ക്രമത്തില്‍ പറയപ്പെടുന്നു. ഈ ഓരോന്നിന്‍റെയും കാരണങ്ങളേയും അത് നിമിത്തമുണ്ടാകുന്ന ഉപദ്രവങ്ങളേയും അതിനുള്ള ശമനക്രിയകളേയുംകൂടി അവിടവിടെ പറയപ്പെടുന്നു.

ഉപനിഷത്തുകള്‍ എന്നാലെന്ത്?


ആര്‍ഷഭാരത തത്ത്വജ്ഞാനത്തിന്‍റെ സൗന്ദര്യവും ആര്‍ജ്ജവവും പരിശുദ്ധിയും ഒത്തിണങ്ങുന്ന ഗ്രന്ഥങ്ങളാണ് ഉപനിഷത്തുകള്‍. ഇവ ബ്രഹ്മാവിന്‍റെ ജ്ഞാനകാണ്ഡം തന്നെയെന്ന് ഒറ്റവാക്കില്‍ പറയാവുന്നതാണ്.

ഉപ, നി എന്നീ രണ്ട് ഉപസര്‍ഗ്ഗങ്ങള്‍ "സദ്‌" എന്ന ധാതുവിനോട് ചേര്‍ന്നിട്ടാണ്‌ ഉപനിഷത്ത് എന്ന പദം ഉണ്ടാകുന്നത്. 'ഉപ' എന്നാല്‍ അടുത്തത് എന്നര്‍ത്ഥം. 'നി' എന്നതിന് ഗാഢ മെന്നും 'സദ്‌' എന്നതിന് ഇരിക്കുക എന്നും അര്‍ത്ഥമാകുമ്പോള്‍ ഉപനിഷത്ത് എന്നതിനര്‍ത്ഥം ശ്രദ്ധയോടെ അടുത്തിരുന്ന് പഠിക്കല്‍ എന്നാകും. ശ്രദ്ധോടെ ഗുരുവിന്‍റെ അടുത്തിരുന്ന് പഠിക്കുകയാകയാല്‍ ഗുരുവില്‍ നിന്നും ലഭിക്കുന്ന സ്വകാര്യവിദ്യയ്ക്കും (ഗൂഢവിദ്യയ്ക്കും) ഉപനിഷത്ത് എന്ന അര്‍ത്ഥം പ്രയോഗയോഗ്യമായിത്തീര്‍ന്നു. പല ഉപനിഷത്തുകളിലും ഇതേക്കുറിച്ച് പരാമര്‍ശമുണ്ട്. കോനോപനിഷത്ത് ഇതിനൊരു തെളിവാണ്. അതില്‍ ശിഷ്യന്‍ ഗുരോ ഉപനിഷത്ത് പറഞ്ഞുതന്നാലും എന്ന് അപേക്ഷിക്കുമ്പോള്‍ ഗുരു ഗൂഢമായി ഉപദേശം കൊടുക്കുന്നു. അതിനുശേഷം ഉപനിഷത്ത് പറയപ്പെട്ടുവെന്ന് പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്.

കാലക്രമേണ ശങ്കരാചാര്യര്‍ തുടങ്ങിയ മഹാരഥന്മാര്‍ 'ഉപനി, സദ്‌ എന്നീ ശബ്ദങ്ങളുടെ സര്‍വ്വസാധാരണമായ അര്‍ത്ഥത്തെ ഉന്മൂലനം ചെയ്യുകയും പകരം ബ്രഹ്മജ്ഞാനാത്മകമായ ഒരു അര്‍ത്ഥം കണ്ടുപിടിക്കുവാന്‍ ശ്രമം നടത്തുകയും ചെയ്തു. ഇതിന്‍റെ ഫലമായി ഉപനിഷത്തുകള്‍ക്ക് പല നിര്‍വ്വചനങ്ങളുണ്ടായി. അവിദ്യയുടെ വിനാശം വരുത്തുന്ന വിദ്യയെന്നും, മുമുക്ഷുക്കളുടെ ബ്രഹ്മത്തിലേയ്ക്ക് ഗമിപ്പിക്കുന്ന വിദ്യയെന്നും, സംസാരദുഃഖത്തെ ക്ഷയിപ്പിക്കുന്ന വിദ്യയെന്നും ഉപനിഷത്ത് അര്‍ത്ഥങ്ങള്‍ ഉണ്ടായി. ഇവയ്ക്കെല്ലാം പുറമെ ഏറ്റവും സമീപത്ത് സ്ഥിതിചെയ്യുന്നത് എന്നൊരു അര്‍ത്ഥംകൂടി ഉപനിഷത്തിനുണ്ട്.

ലഗ്നാധിപനായ ശുഭന്‍ അശുഭന്‍റെ രാശിയില്‍ പോയി നിന്നാല്‍ സത്സ്വഭാവിയായ പ്രഷ്ടാവ് ദുസ്വഭാവികളുടെകൂടെയാണ് സഹവാസമെന്നോ അല്ലെങ്കില്‍ നല്ലകുടുംബത്തില്‍ ജനിച്ച പ്രഷ്ടാവ് നികൃഷ്ട കുടുംബത്തില്‍ വസിക്കുന്നു എന്നോ പറയണം


ശുഭോശുഭര്‍ക്ഷേ ജീര്‍ണ്ണം സംസ്കൃതാദിഭ്യാം യദീരിതം
തല്‍ സര്‍വ്വം സര്‍വ്വഭാവേഷു യോജനീയം ഹി യുക്തിതഃ

സാരം :-

"ശുഭോശുഭര്‍ക്ഷേരു ചിരംകഭൂതലേ" എന്നും "ജീര്‍ണ്ണം സംസ്കൃതമര്‍ക്കജേ" എന്നും മറ്റുമാദിയായ പദ്യങ്ങളെക്കൊണ്ട് വരാഹമിഹിരന്‍ ഏതെങ്കിലും ഫലങ്ങള്‍ അടക്കീട്ടുണ്ടോ ആ ഫലങ്ങളെല്ലാം എല്ലാ ഭാവങ്ങളിലെ ചിന്തകളിലും ആലോചിച്ചു യോജിപ്പിച്ചുകൊള്ളണം. ലഗ്നാധിപനായ ശുഭന്‍ അശുഭന്‍റെ രാശിയില്‍ പോയി നിന്നാല്‍ സത്സ്വഭാവിയായ പ്രഷ്ടാവ് ദുസ്വഭാവികളുടെകൂടെയാണ് സഹവാസമെന്നോ അല്ലെങ്കില്‍ നല്ലകുടുംബത്തില്‍ ജനിച്ച പ്രഷ്ടാവ് നികൃഷ്ട കുടുംബത്തില്‍ വസിക്കുന്നു എന്നോ പറയണം. അങ്ങിനെ താന്‍ താമസിക്കുന്ന വീട് ലഗ്നാധിപന്‍ നില്‍ക്കുന്നത് ചന്ദ്രക്ഷേത്രത്തിലാണെങ്കില്‍ ഏറ്റവും പുതിയതാണെന്നും ചൊവ്വാക്ഷേത്രത്തിലാണെങ്കില്‍ ദഗ്ദ്ധമായിട്ടുള്ളതാണെന്നും ഇങ്ങിനെ ആലോചിച്ചു യോജിപ്പിച്ചു പറഞ്ഞുകൊള്ളണം.

കാമവികാരം കണ്ടുപിടിക്കുന്നത് എങ്ങനെ?

അദൃശ്യാര്‍ദ്ധസ്ഥിതേƒസ്തേശേ പ്രഷ്ടുഃ സ്യാദ്ഗൂഢകാമതാ
സ്പഷ്ടകാമോ ഭവേല്‍ പ്രഷ്ടാ ദ്യൂനേശേ ദൃശ്യഭാഗഗേ

സാരം :-

ഏഴാം ഭാവാധിപന്‍ അദൃശ്യാര്‍ദ്ധഭാഗത്തില്‍ നില്‍ക്കുകയാണെങ്കില്‍ പ്രഷ്ടാവിന്‍റെ കാമത്തെ രഹസ്യമായിവച്ചു പെരുമാറും (അനുഭവിക്കും). ഏഴാം ഭാവാധിപന്‍ ദൃശ്യത്തില്‍ നില്‍ക്കുകയാണെങ്കില്‍ പ്രഷ്ടാവിന്‍റെ കാമവിചാരത്തെ പരസ്യമായി പ്രകടിപ്പിക്കും.

ധനസ്ഥിതി എല്ലാവര്‍ക്കും അറിയത്തക്ക നിലയിലാണെന്നും / ധനസ്ഥിതി ആര്‍ക്കും ഗ്രാഹ്യമല്ലാത്തവിധം രഹസ്യത്തിലാണെന്നും അറിയണം

വിദ്യാദ്ദൃശ്യാര്‍ദ്ധമാസ്ഥാനമദൃശ്യം വിജനസ്ഥലം
ലഗ്നാധിപഃ സ്ഥിതോ യത്ര തദ്വാസീ പൃച്ഛകോ ഭവേല്‍


സാരം :-

ദൃശ്യാര്‍ദ്ധത്തിലുള്‍പ്പെട്ട ആറു  രാശി ആസ്ഥാനസ്ഥലമാണെന്നും അദൃശാര്‍ദ്ധമായ ആറു രാശി രഹസ്യപ്രദേശമാണെന്നും അറിയണം. ലാഗ്നാധിപന്‍റെ സ്ഥിതി ദൃശ്യാര്‍ദ്ധത്തിലാണെങ്കില്‍ പ്രഷ്ടാവിന്‍റെ സ്ഥിതി ജനസമൃദ്ധമായ പ്രദേശത്താണെന്നും അദൃശ്യാര്‍ദ്ധത്തിലാണെങ്കില്‍ രഹസ്യപ്രദേശങ്ങളിലാണെന്നും ഗ്രഹിക്കണം. ഇതിനെ അടുത്ത പദ്യം കൊണ്ട് സ്പഷ്ടമാകുന്നു.


***********

ഏവം ധനാദിഭാവാനാം സ്പഷ്ടതാഞ്ച നിഗൂഢതാം
വിദ്യാദീശൈഃ പ്രകാശത്വമപി സൂര്യേന്ദുയോഗതാഃ


സാരം :-

മേല്‍പറഞ്ഞവണ്ണം ധനാദികളായ ഭാവങ്ങളുടെ പരസ്യമായ ബോധത്തേയും രഹസ്യമായ നിലയേയും അറിയണം. ധനാധിപന്‍ ദൃശ്യാര്‍ദ്ധത്തിലാണെങ്കില്‍ അയാളുടെ ധനസ്ഥിതി എല്ലാവര്‍ക്കും അറിയത്തക്ക നിലയിലാണെന്നും അദൃശ്യാര്‍ദ്ധത്തിലാണെങ്കില്‍ അയാളുടെ ധനസ്ഥിതി ആര്‍ക്കും ഗ്രാഹ്യമല്ലാത്തവിധം രഹസ്യത്തിലാണെന്നും അറിയണം. ധനാദികളുടെ പ്രസരിപ്പ് അറിയേണ്ടത് ഭാവാധിപനോട് ആദിത്യചന്ദ്രന്മാരുടെ യോഗദൃഷ്ടി മുതലായവയെ കൊണ്ടാണ്.


അന്യോന്യക്കാലം വേദപരീക്ഷയുടെ കാലമാണോ?


വേദപരീക്ഷയുടെ കാലമാണ് അന്യോന്യക്കാലം. വൃശ്ചികം ഒന്നുമുതല്‍ വുശ്ചികം പതിനാറുവരെയുള്ള പരീക്ഷയുടെ കാലമാണ് "കടവല്ലൂരന്യോന്യക്കാലം". ചില വര്‍ഷങ്ങളില്‍ കാലയളവ്‌ ഇതിലും അധികമായിരിക്കും. വാവും ഏകാദശിയും ഒഴിവായതിനാലാണ് ഇങ്ങനെ സംഭവിക്കുക.

തൃശൂര്‍ ജില്ലയിലെ കുന്നംകുളത്തിന് സമീപം വടക്കായി സ്ഥിതിചെയ്യുന്ന "കടവല്ലൂര്‍" എന്ന സ്ഥലത്തെ ശ്രീരാമക്ഷേത്രത്തില്‍ വച്ചാണ് വേദപരീക്ഷ നടത്തുന്നത്. ബ്രഹ്മസ്വം മഠത്തില്‍ വേദായുധനം കഴിഞ്ഞ് കിഴക്ക് - പടിഞ്ഞാറ് എന്ന പരീക്ഷ വിജയിച്ചാലേ കടവല്ലൂരന്യോന്യത്തില്‍ പങ്കെടുക്കാന്‍ കഴിയൂ.

കൊച്ചി മഹാരാജാവിന്‍റെയും കോഴിക്കോട് സാമൂതിരിയുടെയും ബ്രഹ്മസ്വം മഠങ്ങളിലെ അന്തേവാസികളാണ് പരീക്ഷയ്ക്കിരിക്കുന്ന വിദ്യാര്‍ത്ഥികള്‍. വേദപരീക്ഷ ഏറ്റവും കര്‍ക്കശവും മത്സരവും നിറഞ്ഞതും വാശിയേറിയതുമാണ്. ഇരു മഠങ്ങളിലേയും വിദ്യാര്‍ത്ഥികള്‍ അന്യോന്യം അഭിമുഖമായിരുന്നാണ് പരീക്ഷയെനേരിടുന്നത്. അതിനാലാണ് പരീക്ഷയ്ക്ക് "അന്യോന്യം" എന്ന പേര്‍ സിദ്ധിച്ചത്.

ഭാര്യയ്ക്ക് അധീനനായിട്ടു അമ്മയെ ക്ലേശിപ്പിക്കും


ചന്ദ്രേ പാപയുതേ അഥവാ ഭൃഗുസുതേ കാമേƒഥവാ വേശ്മനി
സ്തീഭീഃ സ്യാല്‍ കലഹോƒഥ ബന്ധുകലഹഃ പാപേ ഭവേദ്ബന്ധുഗേ
മാതൃക്ലേശകരോ ശുഭേƒസ്തസുഖഗഃ സൗമ്യേസ്തഗേ ബന്ധുഗഃ
പാപശ്ചദബലാവശാല്‍ സ്വജനനീം പ്രഷ്ടാധികം പീഡയേല്‍.


സാരം :-

ചന്ദ്രനോ ശുക്രനോ പാപഗ്രഹത്തോടുകൂടി എഴാം ഭാവത്തില്‍ നിന്നാല്‍ സ്ത്രീകളോട് (ഭാര്യമാരോട്) കലഹം ഉണ്ടാകും. നാലില്‍ പാപഗ്രഹം നിന്നാല്‍ കലഹാദികളെക്കൊണ്ട് മാതാവിനെ ദുഃഖിപ്പിക്കും. നാലില്‍ പാപനും ഏഴില്‍ ശുഭനുംകൂടി വന്നാല്‍ പ്രഷ്ടാവ് ഭാര്യയ്ക്ക് അധീനനായിട്ടു അമ്മയെ ക്ലേശിപ്പിക്കും.

ശനി മുതലായ പാപഗ്രഹങ്ങളുടെ ഓരോരോ അനിഷ്ടങ്ങളേയും വ്യാഴം മുതലായ ശുഭഗ്രഹങ്ങള്‍ക്ക്‌ വെവ്വേറെയുള്ള ഇഷ്ടഫലങ്ങളെ പറയുന്ന വിധം


ഭൗമോ രോഗം കുരുതേ ഭോഗം ശുക്രസ്ത്വരോഗതാം സൗമ്യഃ
സൗരോ മരണം ദിനകൃന്നാശം ചിരജീവനം ജീവഃ ഇതി.

സാരം :-

ചൊവ്വാ അനിഷ്ടപ്രദനായാല്‍ രോഗവും

ശുക്രന്‍ ഇഷ്ടപ്രദനായാല്‍ ഭോഗസുഖവും

ബുധന്‍ ഇഷ്ടപ്രദനായാല്‍ ആരോഗ്യം മുതലായ ദേഹസുഖവും

ശനി അനിഷ്ടനായാല്‍ മരണവും

ആദിത്യന്‍ അനിഷ്ടദനായാല്‍ പല വിധേന നാശവും

വ്യാഴം ഇഷ്ടദനായാല്‍ ദീര്‍ഘായുസ്സും


*************

ദ്യുനസ്ഥൗ കുജഭാനുജൗ ഖലു രുജേ സ്യാതാം തായോഃ കസ്യപി
ദ്യോഗോƒന്യസ്യ മദസ്ഥിതിശ്ച മൃതയോ രിഃഫാര്‍ത്ഥസംസ്ഥൗ ച തൗ
പാപാഃ സ്യുശ്ചതുരശ്രഗാഞ്ച മൃതിദാഃ പ്രോക്തം ത്വിദം ചിന്തനം
ഭാവാനാം തദധീശകാരകവിഹംഗാനാം ത്രയാണാമപി


സാരം :-

ചൊവ്വയും ശനിയും എഴാം ഭാവത്തില്‍ നിന്നാല്‍ രോഗത്തെ പറയണം. അവരില്‍ ഒരാള്‍ ലഗ്നത്തിലും ഒരാള്‍ എഴാം ഏഴാം ഭാവത്തിലും നിന്നാലും ആ കുജശനികള്‍ പന്ത്രണ്ടിലും രണ്ടിലുമായി നിന്നാലും നാലിലുമെട്ടിലുമായി നിന്നാലും മരണത്തെ പറയേണ്ടതാണ്‌. ഈ യോഗം പറയപ്പെട്ടത് ലഗ്നത്തെ ആസ്പദമാക്കിയാണല്ലോ. അതുപോലെ ലഗ്നാധിപനേയും കാരകഗ്രഹമായ ചന്ദ്രനേയും ആസ്പദമാക്കിയും ചിന്തിക്കേണ്ടതാണ്. അതുപോലെ ഏതൊരു ഭാവത്തെക്കുറിച്ച് വിചാരിക്കുന്നുവോ ആ ഭാവത്തെയും ഭാവാധിപനേയും കാരകഗ്രഹത്തേയും ആസ്പദമാക്കി ചിന്തിച്ചുകൊള്ളണം. ഈ യോഗം "ദിവാകരേന്ദു സ്മരഗൗകുജാര്‍ക്കജൗ" എന്നുള്ള ബൃഹജ്ജാതകവചനത്തില്‍ മിക്കവാറും സാരാംശമാണ്.

ജയില്‍ വാസത്തിന്‍റെ / ബന്ധനത്തിന്‍റെ കാലയളവ്‌

അചിരേണ ചരേ മോക്ഷ സ്ഥിരഭേ മോക്ഷസ്തു ദീര്‍ഘകാലേന
ദ്വിശരീരഗതേ സൗരേ മദ്ധ്യമകാലേന മോക്ഷഃസ്യാല്‍ - ഇതി.

സാരം :-
പ്രഷ്ടാവിന്‍റെ ജയില്‍ വാസത്തിന്‍റെ കാലം ഇത്രകാലമെന്ന് പറയുന്നു.
ശനി ചരരാശിയില്‍ നില്‍ക്കുന്നു എങ്കില്‍ വേഗേന ബന്ധനം വിട്ടു പോരാനിടവരുമെന്നും ശനി സ്ഥിരരാശിയിലാണെങ്കില്‍ ബന്ധത്തില്‍ വളരെക്കാലം കിടക്കേണ്ടിവരുമെന്നും ശനി ഉഭയരാശിയില്‍ നിന്നാല്‍ ഏറ്റവും അടുത്തു ഏറ്റവും ദൂരവുമല്ലാത്തകാലത്ത് ബന്ധനമോചനം സംഭവിക്കുമെന്ന് പറയണം. 

ബന്ധനം പറയാവുന്നതാണ്

സൗരദ്രേക്കാണേ വാ ഭൂജംഗപതിവേഷ്ടിതേƒഥവാ ലഗ്നേ 
ശശിസൌരഭ്യാം ദൃഷ്‌ടേ ബന്ധനമിഹ വാച്യമാദേശേ.

സാരം :-

ശനിദ്രേക്കാണമോ സര്‍പ്പദ്രേക്കാണമോ ലഗ്നത്തിലുദിക്കയും അവിടെ ശനിയുടെയു ചന്ദ്രന്‍റെയും ദൃഷ്ടി വരികയും ചെയ്താലും പ്രഷ്ടാവിനു ബന്ധനമുണ്ടാകുമെന്നു പറയണം

പാപക്ഷേത്രേഷു യമേ ത്രികോണചതുരശ്രസപ്തമേഷുഗതേ
ക്രൂരൈര്‍ന്നിരീക്ഷ്യമാണേ ബന്ധോസ്തീത്യാദിശേല്‍ ക്ഷിപ്രം

സാരം :-

അഞ്ച്, ഒന്‍പത്, നാല് എട്ട്, ഏഴ് ഈ ഭാവങ്ങള്‍ പാപന്മാരുടെ ക്ഷേത്രമായി വരികയും അവിടെ ശനി നില്‍ക്കുകയും അവിടെ പാപഗ്രഹങ്ങളുടെ ദൃഷ്ടി വരികയും ചെയ്‌താല്‍ ബന്ധനം പറയാവുന്നതാണ്.

അഥര്‍വ്വവേദത്തിലെ പ്രതിപാദ്യമെന്ത്?


മറ്റ് മൂന്നു വേദങ്ങളില്‍ നിന്ന് ഭിന്നമായി യജ്ഞസംബന്ധിയായ കാര്യങ്ങള്‍ക്ക് പ്രാധാന്യം കല്പിക്കാത്ത വേദമാണ് അഥര്‍വ്വവേദം. രോഗങ്ങള്‍, പീഡകള്‍, ശത്രുക്കള്‍, പിശാചുക്കള്‍ എന്നിവയെ തുരത്താനുള്ള മന്ത്രങ്ങളും ആഭിചാരകര്‍മ്മങ്ങളുമാണ് അഥര്‍വ്വവേദത്തിന്‍റെ ഉള്ളടക്കം. കുടുംബത്തിന്‍റെയും നാടിന്‍റെയും ക്ഷേമം, ദീര്‍ഘായുസ്സ്, ആരോഗ്യം, പുരോഗമനം തുടങ്ങിയ ശുഭകാര്യങ്ങള്‍ക്കായുള്ള മന്ത്രങ്ങളും അതിലുണ്ട്. യുദ്ധം, രാജ്യതന്ത്രം തുടങ്ങിയ വിഷയങ്ങളില്‍ വിജയിക്കുന്നതിനുള്ള മന്ത്രങ്ങളടങ്ങിയതിനാല്‍ അഥര്‍വ്വവേദം രാജാക്കന്മാര്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും പ്രധാനമാണ്. ശോനകം, പിപ്പലാദം എന്നീ രണ്ടു ശാഖകളിതിനുണ്ട്. ശോനകശാഖയില്‍ 730 ശ്ലോകങ്ങളും 6000 ഖണ്ഡങ്ങളുമായുള്ള ഇരുപത് ഗ്രന്ഥങ്ങളാണുള്ളത്. ഇതില്‍ 1200 ഖണ്ഡങ്ങളോളം ഋഗ്വേദത്തില്‍ നിന്നുള്ളവ തന്നെയാണ്. പ്രശ്നോപനിഷത്ത്, മുണ്ഡകോപനിഷത്ത്, മാണ്ഡുക്യോപനിഷത്ത് എന്നിവ അഥര്‍വ്വവേദത്തിന്‍റെ പ്രധാന ഉപനിഷത്തുകളാണ്.

ശിവ ഭക്തിഗാനം Shiva Devotional Songs



മന്ത്രവാദ ബന്ധനം കണ്ടുപിടിക്കുന്നത് എങ്ങനെ?

വേശ്യാഹേതുരണേന വാ വ്യയഗതേ പാപേ ധനുഃസ്ഥേപുനര്‍-
ബന്ധോ രാജകൃതോƒസ്യ ദൂഷണവശാല്‍ പുത്രസ്ഥിതേ കഥ്യതാം
തദ്ധേതുര്‍ന്നവമസ്ഥിതേ പിതൃനിമിത്തോയം യഥാ ബദ്ധ്യതേ
മേഷാദിഃ ഖലു ലഗ്നയോര്‍ഭുവി തഥാ പശ്വാദിഭിഃ പൃച്ഛകഃ

സാരം :-

പന്ത്രണ്ട്, അഞ്ച്, രണ്ട്, ഒന്‍പത് ഈ നാല് ഭാവങ്ങളില്‍ പാപഗ്രഹങ്ങള്‍ നിന്നാല്‍ ബന്ധനം ഉണ്ടാകുമെന്ന് പറഞ്ഞുവല്ലോ, ഇവയില്‍ പന്ത്രണ്ടില്‍ പാപന്‍ നിന്നാല്‍ വേശ്യാസ്ത്രീകള്‍ നിമിത്തമോ കടം നിമിത്തമോ ബന്ധനത്തിലിരിയ്ക്കുമെന്നും, രണ്ടില്‍ പാപഗ്രഹങ്ങള്‍ നിന്നാല്‍ രാജദ്രോഹകുറ്റം നിമിത്തം ബന്ധനത്തിലിരിക്കാനിടവരുമെന്നും അഞ്ചില്‍ പാപഗ്രഹങ്ങള്‍ നിന്നാല്‍ പുത്രന്‍റെ ദുഷ്ടകര്‍മ്മാദികള്‍ നിമിത്തമായും മറ്റും ബന്ധനത്തിലിരിക്കാനിടവരുമെന്നും ഒന്‍പതാം ഭാവത്തില്‍ പാപന്‍ നിന്നാല്‍ പിതാവിനെ സംബന്ധിച്ച ചില കാരണങ്ങളാല്‍ ബന്ധനത്തിലിരിക്കാനിടവരുമെന്നും പറയണം. ഇവിടെ ഈ നാല് ഭാവത്തില്‍ വച്ച് എന്തെങ്കിലും ഒരു ഭാവത്തില്‍ പാപന്‍ വന്നാല്‍ ബന്ധനത്തെ പറയരുത്. ഈ നാല് ഭാവങ്ങളിലില്ലെങ്കില്‍ മൂന്നു ഭാവങ്ങളിലെങ്കിലും പാപസ്ഥിതിയുണ്ടെങ്കിലെ ബന്ധനം പറയാവു. ഇവരില്‍ ബലവാനായ ഗ്രഹം ഏതു ഭാവത്തില്‍ നില്‍ക്കുന്നുവോ ആ ഭാവം കൊണ്ട് പറഞ്ഞ വേശ്യാഹേത്വാദികള്‍ ബന്ധനത്തിന് കാരണമാണെന്ന് പറയണം. 

ലഗ്നത്തില്‍ നിന്ന് പന്ത്രണ്ടിലും അഞ്ചിലും രണ്ടിലും ഒന്‍പതിലും പാപഗ്രഹങ്ങള്‍ നിന്നാല്‍ പ്രഷ്ടാവിനു ബന്ധനസ്ഥിതി അനുഭവിക്കേണ്ടിവരുമെന്ന് പറയണം.

വ്യയസുതധനധര്‍മ്മഗൈരസൗമ്യൈര്‍
ഭവനസമാനനിബന്ധനാ വികല്പ്യ
ഭുജഗനിഗളപാശഭൃദ്ദൃഗാണൈര്‍-
ബലവദസൗമ്യനിരീക്ഷിതൈശ്ചതദ്വല്‍

സാരം :-

ലഗ്നത്തില്‍ നിന്ന് പന്ത്രണ്ടിലും അഞ്ചിലും രണ്ടിലും ഒന്‍പതിലും പാപഗ്രഹങ്ങള്‍ നിന്നാല്‍ പ്രഷ്ടാവിനു ബന്ധനസ്ഥിതി അനുഭവിക്കേണ്ടിവരുമെന്ന് പറയണം. അല്ലെങ്കില്‍ ലഗ്നത്തില്‍ സര്‍പ്പദ്രേക്കാണമോ സിഗളദ്രേക്കാണമോ പാശ (കയറ) ദ്രേക്കാണമോ ഉദിക്കുകയും അതിനു പ്രബലന്മാരായ പാപന്മാരുടെ ദൃഷ്ടി വരികയും ചെയ്താലും ബന്ധത്തെ പറയണം. ഇവിടുത്തെ ബന്ധനം ഭവനസമാനമാണ്. അതായത് മേടസ്വരൂപം ആടാണല്ലോ. അതിനെ കയറുകൊണ്ടാണല്ലോ ബന്ധിക്കുന്നതു. ഇടവവും ഇപ്രകാരം തന്നെ. മിഥുനം നരരാശിയാണല്ലോ. ഈ രാശി ലഗ്നമായാല്‍ നരന്മാരില്‍ നിന്നും മറ്റുള്ള ബന്ധത്തെയാണ് പറയേണ്ടത്. ഇതുപോലെ അതാതു രാശിദ്രവ്യങ്ങളുടെ ബന്ധനത്തെയാണ്‌ പറയേണ്ടത്. ഇതുപോലെ അതാതു രാശിദ്രവ്യങ്ങളുടെ ബന്ധരീതിയനുസരിച്ച് മറ്റുള്ളിടത്ത് വിചാരിച്ചു കൊള്ളണം. ദ്രേക്കാണങ്ങളുടെ ജ്ഞാനം ഹോരയില്‍ ദ്രേക്കാണാദ്ധ്യായത്തില്‍ നിന്ന് ഗ്രഹിച്ചുകൊള്ളണം.

യജുര്‍വ്വേദത്തിന്‍റെ ഉള്ളടകം എന്ത്?


ഋഗ്വേദത്തിന്‍റെ നിന്നെടുത്തിട്ടുള്ള ഗദ്യരൂപത്തിലുള്ള സ്തുതികള്‍ തന്നെയാണ് യജുര്‍വ്വേദത്തിന്‍റെയും ഉള്ളടക്കം. യജ്ഞപ്രധാനമാകയാല്‍ സൂക്തങ്ങള്‍ക്ക്‌ വ്യാഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നത് ആ കാഴ്ചപ്പാടിലായിരിന്നു. ഈ വേദം ഭാഗികമായി ഗദ്യരൂപത്തിലും ഭാഗികമായി പദ്യരൂപത്തിലുമാണ് ഋഗ്വേദ സൂക്തങ്ങളെ പുനരവതരിപ്പിച്ചിരിക്കുന്നത്. യജുര്‍വ്വേദത്തിന് നൂറിലധികം ശാഖകളുണ്ടെങ്കിലും ബഹുഭൂരിപക്ഷവും നഷ്ടാവസ്ഥയിലാണ്.ഈ വേദത്തെ പ്രധാനമായും കൃഷ്ണയജുര്‍വ്വേദം, ശുക്ലയജുര്‍വ്വേദം എന്നിങ്ങനെ രണ്ടായി വിഭജിക്കാം. കൃഷ്ണമെന്നത് കറുപ്പിനെ സൂചിപ്പിക്കുന്നു. ഉള്ളടക്കം യഥാവിധി ക്രമീകരിക്കപ്പെട്ടിട്ടില്ലാത്തതിനാലും വ്യാഖ്യാനത്തിലും യാഗകര്‍മ്മങ്ങളുടേയും മറ്റും നിര്‍ദ്ദേശങ്ങളിലും അവ്യക്തത പുലര്‍ത്തുന്നതിനാലുമാണ് കൃഷ്ണയജുര്‍വ്വേദത്തിന് ആ പേര് സിദ്ധിച്ചിരിക്കുന്നത്. ക്രമബദ്ധവും സുവ്യക്തവുമായ വ്യാഖ്യാനത്തോടുകൂടിയതുമാണ് ശുക്ലയജുര്‍വ്വേദം. ഈ രണ്ട് ശാഖകളുടേയും സംഹിതകളില്‍ പ്രധാനമായും പരാമര്‍ശിക്കുന്നത് പൌര്‍ണ്ണമി - അമാവാസി - നാളുകളിലെ അനുഷ്ഠാനങ്ങളെയും ചന്ദ്രബലിയെയും വാജ്പേയം, രാജസൂയം, അശ്വമേധം, സര്‍വ്വമേധം തുടങ്ങിയവയേയുമാണ്. 

ആദിത്യന്‍റെ സ്ഥാനം ലഗ്നമെന്നു സങ്കല്പിച്ചു പ്രഷ്ടാവിന്‍റെ ബന്ധനത്തേയും (ജയില്‍വാസത്തേയും) പറഞ്ഞുകൊള്ളണം

കൃത്വാലഗ്നം രവേഃ സ്ഥാനേ പ്രഷ്ടുര്‍ബന്ധോƒപി കഥ്യതാം
ലഗ്നേ പരസ്ഥിരദ്വന്ദ്വേ ബന്ധോ ദൂരാന്തികാദ്ധ്വസു.

സാരം :-

  ആദിത്യന്‍റെ സ്ഥാനം ലഗ്നമെന്നു സങ്കല്പിച്ചു പ്രഷ്ടാവിന്‍റെ ബന്ധനത്തേയും പറഞ്ഞുകൊള്ളണം എങ്ങനെയെന്നാല്‍ ലഗ്നത്തിന്‍റെ ഏഴ്, അഞ്ച്, ഒമ്പത്, ഈ ഭാവങ്ങള്‍ പാപക്ഷേത്രങ്ങളാവുകയും ഇതില്‍ എവിടെയെങ്കിലും രണ്ടു പാപന്മാര്‍ നില്‍ക്കുകയോ അവരുടെ അംശകം വരികയോ ചെയ്‌താല്‍ പ്രഷ്ടാവിനു ജയില്‍വാസം ഉണ്ടാകുമെന്ന് പറയണം. ചരരാശി ലഗ്നമായാല്‍ ദുരെവച്ചാണെന്നും സ്ഥിരരാശി ലഗ്നമായാല്‍ സമീപപ്രദേശത്തുവച്ചാണെന്നും ഉഭയരാശി ലഗ്നമായാല്‍ വഴിയില്‍ വച്ചാണെന്നും പറയണം.  

സാമവേദത്തെക്കുറിച്ച് പ്രതിപാദിക്കുക.


സാമവേദത്തിലെ 1549 സൂക്തങ്ങളില്‍ 75 എണ്ണമൊഴികെ ബാക്കിയെല്ലാം ഋഗ്വേദത്തില്‍ നിന്നെടുത്തിട്ടുള്ളവ തന്നെ, പ്രധാനമായും എട്ടും ഒന്‍പതും മണ്ഡലങ്ങളില്‍ നിന്ന് ഇവയെ ആര്‍ച്ചികങ്ങളെന്ന പേരില്‍ രണ്ടു ഗ്രന്ഥങ്ങളിലായി പുനരവതരിപ്പിച്ചിരിക്കുന്നു. ഋഗ്വേദമന്ത്രങ്ങളെ ഇവയില്‍ ഗാനാത്മകമായി അവതരിപ്പിച്ചിരിക്കുന്നു. സോമയാഗവേളയില്‍ പുരോഹിതന് പാടാന്‍ പാകത്തിലാണിവ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സാമവേദസംഹിതയ്ക്ക് ആയിരം ശാഖകളുണ്ടെങ്കിലും കേവലം മൂന്നെണ്ണമേ ഇന്ന് ലഭ്യമായുള്ളൂ. രാണായനീയശാഖ, കൗതുമശാഖ, ജൈമിനീയ ശാഖ എന്നിവയാണവ. സാമവേദം ജ്ഞാനമാര്‍ഗ്ഗത്തെയാണ് പ്രതിപാദിക്കുന്നത്.

ഋഗ്വേദമെന്നാലെന്ത്?


വേദസംഹിതകളില്‍ ഏറ്റവും പുരാതനമായ ഋക്സംഹിത പതിനായിരത്തിലധികം ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളുന്ന 1028 സൂക്തങ്ങളില്‍ രചിക്കപ്പെട്ടിരിക്കുന്നു. അഗ്നി, വായു, വരുണന്‍, ഇന്ദ്രന്‍ തുടങ്ങിയ ആരാധനാമൂര്‍ത്തികളെ പ്രകീര്‍ത്തിക്കുന്ന ശ്ലോകങ്ങളാണിവ. വിവാഹം, ചരമം, തത്ത്വവിചാരം, ഇന്ദ്രജാലം തുടങ്ങിയവയുമായി ബന്ധപ്പെട്ട കുറച്ച് ശ്ലോകങ്ങളും ഋഗ്വേദത്തിലുണ്ട്. പത്ത് മണ്ഡലങ്ങളായും എട്ട് അഷ്ടകങ്ങളായും ഋഗ്വേദസംഹിതകളെ പുനര്‍വിഭജിക്കാം. പ്രാചീന ഭാരതത്തിലെ പണ്ഡിതരും, ഋഷിവര്യന്മാരുമായ വിശ്വാമിത്രന്‍, സാമദേവന്‍, അത്രി, ഭരദ്വാജന്‍ തുടങ്ങിയവരുടെ കര്‍ത്തൃത്ത്വത്തില്‍ അനുഷ്ടുപ്പ്, അഷ്ടി, അതിധൃതി, അതിജഗതി, ധൃതി, ഗായത്രി, പംക്തി തുടങ്ങിയ നിരവധി ഛന്ദസ്സുകളില്‍ വിരചിക്കപ്പെട്ടവയാണ് ഋഗ്വേദസംഹിതകള്‍. ഋഗ്വേദം ഭക്തിമാര്‍ഗ്ഗത്തെയാണ് സൂചിപ്പിക്കുന്നത്.

ജയില്‍വാസം അല്ലെങ്കില്‍ ബന്ധനദോഷം കണ്ടുപിടിക്കുന്നത് എങ്ങനെ?

സൂര്യാല്‍ സപ്തമധര്‍മ്മധീഷ്വശുഭദൗ പാപൗ പിതുര്‍ബന്ധദൗ
കാര്യാദ്ദ്വാവ്രണതശ്ച ബന്ധനമിനപ്രാബല്യദൗര്‍ബല്യതഃ
സൂര്യസ്യര്‍ക്ഷവശാച്ച ദൂരസവിധാദ്യുഹ്യം നവാംശൈരപി
സ്യാദ്യോഗോയമിദം സ്വകാരകവശാദ്യോജ്യം സുതാദിഷ്വപി


സാരം :-

സൂര്യന്‍റെ ഏഴിലും ഒന്‍പതിലും അഞ്ചിലും കൂടി രണ്ടു പാപഗ്രഹങ്ങള്‍ വരികയും ആ പാപഗ്രഹങ്ങള്‍ നില്‍ക്കുന്ന രാശി പാപക്ഷേത്രവുമായി വരികയും ചെയ്‌താല്‍ പ്രഷ്ടാവിന് ജയില്‍വാസം (ബന്ധനദോഷം) പറയണം. ഇവിടെ ആദിത്യന് ബലമുണ്ടെങ്കില്‍ ഏതോ  കാര്യം നിമിത്തമാണെന്നും ആദിത്യന് ബലമില്ലെങ്കില്‍ കടം നിമിത്തമാണെന്നും പറയണം.

സൂര്യന്‍ ചരരാശിയിലാണെങ്കില്‍ ജയില്‍വാസം ദൂരദേശത്താണെന്നും സ്ഥിരരാശിയിലാണെങ്കില്‍ അടുത്ത പ്രദേശത്താണെന്നും ഉഭയരാശിയിലാണെങ്കില്‍ അധികം ദൂരവും അടുപ്പവുമില്ലാത്ത പ്രദേശത്തുവച്ചാണെന്നും പറയണം. ഈ യോഗം നവാംശങ്ങളെക്കൊണ്ടും വിചാരിക്കാവുന്നതാണ്. 

സൂര്യന്‍ നില്‍ക്കുന്ന രാശിയിടെ 5,7,9, എന്നീ ഭാവങ്ങളില്‍ പാപക്ഷേത്രങ്ങളാകുകയും അവിടെ രണ്ടു പാപഗ്രഹങ്ങളുടെ അംശകം വരികയും ചെയ്താലും പിതാവിന് ബന്ധനം (ജയില്‍വാസം) പറയാവുന്നതാണ്. പുത്രകാരകനായ വ്യാഴത്തിന് ഈ യോഗമുണ്ടെങ്കില്‍ പുത്രന് ജയില്‍വാസം ഉണ്ടാകുമെന്നും മാതുലകാരകനായ ബുധന് ഈ യോഗമുണ്ടായാല്‍ അമ്മാവന് ജയില്‍വാസമുണ്ടാകുമെന്നും മറ്റും നല്ലപോലെ ചിന്തിച്ചു പറഞ്ഞുകൊള്ളണം. 

വേദങ്ങള്‍ എന്നാലെന്ത്?


ഏറ്റവും പഴക്കമുള്ള സാഹിത്യകൃതികളാണ് വേദങ്ങള്‍. താത്ത്വികമായ സൗന്ദര്യവും പ്രബുദ്ധതയും കൊണ്ടും ഭാഷയുടെയും കര്‍ക്കശമായ വൃത്തബദ്ധതയുടെയും ചാതുര്യം കൊണ്ടും വേദസാഹിത്യം വേറിട്ട്‌ നില്‍ക്കുന്നു. "ശ്രേഷ്ഠമായ അറിവ് അഥവാ അറിവിന്‍റെ സ്രോതസ്സ്" എന്നാണ് വേദമെന്ന ശബ്ദത്തിന്‍റെ അര്‍ത്ഥം. ബ്രഹ്മസ്വരൂപവും അനാദിയുമായ വേദത്ത പില്‍ക്കാലത്ത് കൃഷ്ണദ്വൈപായന മഹര്‍ഷി (വ്യാസ മഹര്‍ഷി)  ഋക്ക്, സാമം, യജുസ്സ്, അഥര്‍വ്വം എന്നിങ്ങനെ നാലായി പകുത്തു എന്ന് പൊതുവേ വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും വേദസാഹിത്യം വ്യക്തമായ മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോയിരുന്നു. "വേദസംഹിതകളും ബ്രാഹ്മണങ്ങളും ഉപനിഷത്തുകളും" വേദസാഹിത്യത്തിലെ മൂന്നു ഘട്ടങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.

വേദസാഹിത്യത്തിന്‍റെ ഉല്പത്തികാലത്തുതന്നെ ഗാനാത്മക കവിത വന്‍വികാസം നേടിയിരുന്നു. പിന്നീട് സംഹിതകളുടെയും ബ്രാഹ്മണങ്ങളുടെയും കാലഘട്ടത്തിലാണ് ഗദ്യശൈലിയിലുള്ള സാഹിത്യരൂപം വികസിച്ചുതുടങ്ങിയത്. വേദസംഹിതകളില്‍ ഋക്കുകള്‍ അഥവാ മന്ത്രങ്ങളാണ് മുഖ്യമായുള്ളത്. മന്ത്രത്തിന്‍റെ വ്യാഖ്യാനവും യാഗകര്‍മ്മങ്ങള്‍ക്കുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങളുമടങ്ങിയവയാണ് ബ്രാഹ്മണങ്ങള്‍. വേദസാഹിത്യത്തിന്‍റെ മറ്റൊരു വികസിത രൂപമാണ് ആരണ്യകങ്ങള്‍. കാടിന്‍റെ നിഷ്കപടമായ ഏകാന്തതയില്‍, ഭക്തിയുടെ പാരമ്യതയില്‍ യജ്ഞങ്ങള്‍ക്കതീതനായ ഗുരു, ശിഷ്യനുപദേശിച്ചുകൊടുത്ത ധ്യാനരഹസ്യങ്ങളാണവ. ഉപനിഷത്തുകളാണ് വേദസാഹിത്യത്തിന്‍റെ അവസാനഘട്ടത്തെ കുറിക്കുന്ന സൃഷ്ടികള്‍. പ്രപഞ്ചവസ്തുക്കളുടെ പ്രകൃതത്തെ ഈശ്വരീയവും താത്ത്വികവുമായി വ്യാഖ്യാനിക്കുകയാണ്. ഉപനിഷത്തുകളില്‍ വേദകാലത്തിന്‍റെ അവസാനത്തെ സൂചിപ്പിക്കുന്നതുകൊണ്ട് അവയെ വേദാന്തമെന്നും പറയുന്നു. ബ്രാഹ്മണങ്ങളും സംഹിതകളും പ്രധാനമായും ബലികര്‍മ്മങ്ങളെയും (യജ്ഞങ്ങളെയും) അനുഷ്ഠാനങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്നതിനാല്‍ അവയെ കര്‍മ്മകാണ്ഡമെന്നും ധ്യാനമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനാല്‍ ആരണ്യകങ്ങളെ ഉപാസനാകാണ്ഡമെന്നും പരമമായ അറിവ് പ്രദാനം ചെയ്കയാല്‍ ഉപനിഷത്തുകളെ ജ്ഞാനകാണ്ഡമെന്നും വിശേഷിപ്പിക്കുന്നു.

ജീവിത ദുരിതത്തിന് കാരണം കണ്ടുപിടിക്കുന്നത് എങ്ങനെ?


ചിത്തേ വാചി കര്‍മ്മണി ത്രിഷുഖരോപേതേഷു തൈശ്ച ത്രിഭിര്‍-
ജായന്തേ ദുരിതാനി കര്‍മ്മ സശുഭം സാസച്ച ചേതോ വചഃ
യദൃത്ര ക്രിയമാണകര്‍മ്മസു മനഃഖേദാല്‍ ഗിരാനിഷ്ടയാ
പാപാശ്ചേതസി വാക് ച ഖഞ്ച ശുഭയുക് ചേല്‍ കര്‍മ്മ ചാശ്രദ്ധയാ.

സാരം :-

അഞ്ച്, രണ്ട്, പത്ത് ഈ മൂന്ന് ഭാവങ്ങളിലും പാപന്മാര്‍ നിന്നാല്‍ വാക്കുകൊണ്ടും മനസ്സുകൊണ്ടും പ്രവൃത്തികൊണ്ടും ഇങ്ങനെ മൂന്നുവിധത്തിലും കൂടിയുള്ള ദുഷ്കര്‍മ്മമാണ് ദുരിതത്തിന് കാരണമെന്നും പറയണം.

പത്തില്‍ ശുഭഗ്രഹങ്ങളും രണ്ടിലും അഞ്ചിലും പാപഗ്രഹങ്ങളും നിന്നാല്‍ തന്‍റെ പ്രവൃത്തി നല്ലതാണെങ്കിലും മനസ്സില്ലാതെ വാഗ്ദൂഷണങ്ങളോടുകൂടിയുമാണ്‌ പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും അത് നിമിത്തമാണ് ദുരിതത്തിന് കാരണമെന്നും പറയണം.

അഞ്ചില്‍ പാപന്മാരും രണ്ടിലും പത്തിലും ശുഭന്മാരും നിന്നാല്‍ മനഃപൂര്‍വ്വമായശ്രദ്ധകൂടാതെ ചെയ്ത കര്‍മ്മങ്ങളാണ് ദുരിതത്തിന് കാരണമെന്ന് പറയണം.


****************


തദ്ദോഷസ്തനയാപദേƒധികതരഃ പാപഃപരം വാചി ചേല്‍
സൗമ്യഃകര്‍മ്മണി മാനസേ ച ദുരിതം വാഗ്ദോഷതോ ജായതേ
തദ്ദോഷോധികമര്‍ത്ഥഹാഥ രിപുനീചര്‍ക്ഷേ ച മൗഢ്യേ ഖരാ-
സ്തുംഗസ്വര്‍ക്ഷസുഹൃല്‍ഗൃഹേഷ്വപി ശുഭാ ദോഷഗുണേ ചാധികാഃ


സാരം :-

പ്രവൃത്തി ശ്രദ്ധയോടുകൂടാതെ ചെയ്‌താല്‍ അത് നിമിത്തം സന്താനഹാനി മുതലായ ദുരിതത്തെ ഏറ്റവും വര്‍ദ്ധിപ്പിക്കും. (ഇതു അഞ്ചില്‍ പാപന്‍ നിന്നാലുള്ള ഫലമാകുന്നു.). രണ്ടില്‍ പാപന്മാരും അഞ്ചിലും പത്തിലും ശുഭന്മാരും നിന്നാല്‍ ദോഷരൂപങ്ങളായ വാക്ക് നിമിത്തമാണ് ദുരിതം ഉണ്ടായതെന്നും അത് നിമിത്തമാണ് ദ്രവ്യനാശമുണ്ടായതെന്നും അറിയണം. ഇങ്ങനെ രണ്ട്, അഞ്ച്, പത്ത് ഈ ഭാവങ്ങളെക്കൊണ്ട് മനോവാക്കര്‍മ്മജന്യസുകൃതങ്ങളെ പറയണം.

ശത്രുക്ഷേത്രം, നീചം, മൗഢ്യം, ഈ വക സംബന്ധങ്ങളുള്ള പാപന്മാര്‍ ദോഷത്തെ സമൃദ്ധമായി ചെയ്യും.

ഉച്ഛം, ബന്ധുക്ഷേത്രം, സ്വക്ഷേത്രം മുതലായ രാശികളില്‍ നില്‍ക്കുന്ന ശുഭന്മാര്‍ ഗുണങ്ങളെയും സമൃദ്ധമായി ചെയ്യും.

സംബന്ധവും വേളിയും തമ്മിലുള്ള വിത്യാസം എന്ത്?


നമ്പൂതിരി പുരുഷന്മാര്‍ അന്യജാതിയില്‍പ്പെട്ട സ്ത്രീകളെ വിവാഹം കഴിക്കുന്നതിനെയാണ് "സംബന്ധം" എന്ന് വിളിച്ചുപോന്നത്. അന്യജാതി എന്നതുകൊണ്ട്‌ നായര്‍ ജാതി മാത്രമാണ് അര്‍ത്ഥമാക്കുന്നത്. സ്വജാതിയില്‍ നിന്നുതന്നെയാണ് വിവാഹമെങ്കില്‍ അതിനെ "വേളിയെന്നും" കൊട്ടാരത്തിലെ സ്ത്രീകളുമായുള്ള വിവാഹത്തിന് "കൂട്ടിരിപ്പ്" എന്നും പറയുന്നു. നമ്പൂതിരിമാരില്‍ മൂത്ത പുത്രന്‍ മാത്രമേ വേളികഴിക്കാവു എന്നൊരാചാരവും നിലനിന്നുപോന്നിരുന്നു. ആയതിനാല്‍ ബാക്കിയുള്ളവര്‍ സംബന്ധമോ കൂട്ടിരിപ്പോ കഴിക്കുകയാണ് പതിവ്. സംബന്ധത്തില്‍ നിന്ന് ജനിക്കുന്ന മക്കള്‍ക്ക്‌ പിതാവിന്‍റെ സ്വത്തിന് യാതൊരവകാശവും ഉണ്ടായിരുന്നില്ല. 

ക്ഷത്രിയര്‍ നായര്‍ സമുദായത്തില്‍ നിന്നും വിവാഹം ചെയ്യുന്നതിനെയും സംബന്ധം എന്നുതന്നെയാണ് വിളിച്ചുപോന്നത്. ഇക്കാലത്ത് ഈ സമ്പ്രദായങ്ങള്‍ ഒന്നും തന്നെ നിലവിലില്ല.

ദുരിതകര്‍ത്താക്കന്മാരില്‍ വച്ച് അതിദോഷിയായ ഗ്രഹം ചന്ദ്രന്‍റെ ഹോരദ്രേക്കാണം നവാംശകം മുതലായ വര്‍ഗ്ഗങ്ങളില്‍ നില്‍ക്കുകയാണെങ്കില്‍ ദുരിതം ദൃഢകര്‍മ്മംകൊണ്ട് സിദ്ധിച്ചതാണെന്നും സൂര്യന്റെ ഹോരാദി വര്‍ഗ്ഗത്തില്‍ നില്‍ക്കുകയാണെങ്കില്‍ അദൃഢകര്‍മ്മം കൊണ്ടും സമ്പാദിച്ചതാണെന്നും പറയണം

ചേതോവാക്കര്‍മ്മജന്തു ദ്വിവിധമപി വിധോസ്തത്ര ഹോരാദിവര്‍ഗ്ഗേ
നിഷ്ഠന്‍ ഖേടഃ പ്രദദ്യാദ്ദൃഢഫലമദൃഢം ഭാസ്വതോ ഗോചരസ്േഥ
ഖേടേ പുണ്യസ്യപാകഃ പുനരിതരഗതേ കര്‍മ്മണോƒന്യസ്യ വേദ്യ-
ശ്ചിത്താദ്യേതത് ത്രികേ യദ്വിബലഖരയുതം തേന ദോഷാനുഭൂതിഃ


സാരം :-


മേല്‍പറഞ്ഞ രീതിയനുസരിച്ച് ചിന്തിക്കുമ്പോള്‍ ദുരിതമുണ്ടെന്നു വന്നാല്‍ ദുരിതകര്‍ത്താക്കന്മാരില്‍ വച്ച് അതിദോഷിയായ ഗ്രഹം ചന്ദ്രന്‍റെ ഹോരദ്രേക്കാണം നവാംശകം മുതലായ വര്‍ഗ്ഗങ്ങളില്‍ നില്‍ക്കുകയാണെങ്കില്‍ ദുരിതം ദൃഢകര്‍മ്മംകൊണ്ട് സിദ്ധിച്ചതാണെന്നും സൂര്യന്‍റെ ഹോരാദി വര്‍ഗ്ഗത്തില്‍ നില്‍ക്കുകയാണെങ്കില്‍ അദൃഢകര്‍മ്മം കൊണ്ടും സമ്പാദിച്ചതാണെന്നും ഗ്രഹങ്ങള്‍ ഇഷ്ടഭാവങ്ങളില്‍ നിന്നാല്‍ സുകൃതവും അനിഷ്ടഭാവങ്ങളില്‍ നിന്നാല്‍ ദുഷ്കൃതവുമാണെന്ന് കൂടി അറിയണം. 6,8,12 ഈ ഭാവങ്ങള്‍ പാപന്മാര്‍ക്കും കേന്ദ്രത്രികോണങ്ങള്‍ശുഭന്മാര്‍ക്കും ഇഷ്ടങ്ങളാണെന്ന് മേല്‍പറഞ്ഞ വചനം കൊണ്ട് മനസ്സ്, വാക്ക്, കര്‍മ്മം, അഞ്ച്, രണ്ട്, പത്ത് ഈ ഭാവങ്ങളില്‍ വച്ച് എവിടെയാണോ ബലഹീനനായ പാപന്‍ നില്‍ക്കുന്നത്, അത് നിമിത്തമാണ് ദുരിതമുണ്ടായതെന്നു അറിയണം. 

കുംഭപ്രദക്ഷിണം ചെയ്യുന്നതെങ്ങനെ?


ശവസംസ്കാരവുമായി ബന്ധപ്പെട്ട ചടങ്ങാണിത്‌. ശവം മറവുചെയ്യുമ്പോള്‍ (ചിതയിലോ കുഴിയിലോ) മറവു ചെയ്ത ശേഷം കൊള്ളിയും കുടവുമെടുക്കുകയാണ് അടുത്ത ചടങ്ങ്. ചിതയില്‍ വച്ച് കത്തിച്ചെടുത്ത തീപിടിപ്പിച്ച വിറകുകഷ്ണങ്ങളാണ് കൊള്ളി. ഒരാള്‍ അതുമായി മുമ്പേനടക്കും. അതിനുപിന്നാലെ ചടങ്ങ് നടത്തുന്ന ബന്ധുക്കള്‍, ഏറ്റവും പുറകിലായി വെള്ളം നിറച്ച കുടവുമായി ഒരാളും ഒന്നിനുപിന്നില്‍ ഒന്ന് എന്ന് വരിയായി പ്രദക്ഷിണം വയ്ക്കുന്നു. പിന്നില്‍ നടക്കുന്നയാളിന്‍റെ തലയിലെ കുടത്തില്‍ ഓരോ വലതു വയ്ക്കുമ്പോഴും പിന്നില്‍ നിന്ന് കുടം ദ്വാരം വെട്ടി അതുവഴി പുറത്തേയ്ക്ക് വെള്ളം ചീറ്റികളയുന്നു. മുന്നില്‍ ആദ്യം പിന്നെ പുറകില്‍ പിന്നെ ഒരു വശത്ത്‌ എന്നിങ്ങനെയാണ് കുടത്തില്‍ വെട്ടുക. ഇങ്ങനെ ചിതയ്ക്ക് ചുറ്റും പ്രദക്ഷിണം വയ്ക്കുന്നതാണ് കുംഭപ്രദക്ഷിണം.

കാല്‍ കഴുകിച്ചൂട്ട്‌ എന്താണ് ഉദ്ദേശിക്കുന്നത്?


ഇത് ബ്രാഹ്മണരോട് കാട്ടുന്ന ആദരചടങ്ങാണ്. സത്പുത്രന്മാരുണ്ടാവാനും അഭീഷ്ടസിദ്ധിക്കും സദ്‌ഗതിയ്ക്കുവേണ്ടിയും കാല്‍ കഴുകിച്ചൂട്ട് നടത്താറുണ്ട്‌. ബ്രാഹ്മണരെ ക്ഷണിച്ചുവരുത്തി പാദങ്ങള്‍ കഴുകി ആദരവോടെ ഗൃഹങ്ങളില്‍ ഇരുത്തി ദക്ഷിണയും സദ്യയും കൊടുക്കുന്നത് ചില കുടുംബങ്ങളില്‍ പതിവുണ്ടായിരുന്നു.

ഛത്ര രാശിയുടെ / ആരുഢത്തിന്‍റെ / ചന്ദ്രന്‍ നില്‍ക്കുന്ന രാശിയുടെ / ഉദയലഗ്നത്തിന്‍റെ


ഛത്രാരൂേഢന്ദുലഗ്നവ്യയരിപുമൃതിഗാഃ സദ്‌ഗ്രഹാഃ പാപഖേടാ-
സ്തേഷാം കേന്ദ്രത്രികോണഷ്വപി യദി കഥയേദ്ദുഷ്കൃതംസമ്പ്ര-വൃദ്ധം
കോപാദ്ദേവസ്യ ശാപാല്‍ ക്ഷിതിവിബുധഭവാദ്വിദ്വിഷാം-ചാഭിചാചാരാല്‍.
ലോകാക്രോശാച്ച തല്‍സ്യാദദൃഢമപി ദൃഢംചേതി വേദ്യം ദ്വിധൈ-തല്‍.


സാരം :-

ഛത്ര രാശിയുടെ 6, 8, 12 ഭാവങ്ങളില്‍ ശുഭന്മാരും അതിന്‍റെ 4 , 5, 7, 9, 10 ഈ ഭാവങ്ങളില്‍ പാപന്മാരും വന്നാല്‍ ദേവകോപം നിമിത്തം ദുരിതം വളരെ കൂടിയിരിക്കുന്നു എന്ന് പറയണം.

അതുപോലെ ആരുഢത്തിന്‍റെ 6, 8, 12 ഈ ഭാവങ്ങളില്‍ ശുഭന്മാരും മേല്‍പറഞ്ഞവണ്ണം കേന്ദ്രത്രികോണങ്ങളില്‍ പാപന്മാരും നിന്നാല്‍ ബ്രാഹ്മണശാപം നിമിത്തം ദുരിതം വളരെ വര്‍ദ്ധിച്ചിരിക്കുന്നു എന്ന് പറയണം.

അതുപോലെ തന്നെ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 6, 8, 12 ഭാവങ്ങളില്‍ ശുഭന്മാരും കേന്ദ്രത്രികോണങ്ങളില്‍ പാപന്മാരും വന്നാല്‍ ശത്രുക്കളുടെ ആഭിചാരം നിമിത്തം ദുരിതം കൂടിയിരിക്കുന്നു എന്നും പറയണം.

ഉദയലഗ്നത്തില്‍ നിന്ന്   6, 8, 12 ഭാവങ്ങളില്‍ ശുഭന്മാരും കേന്ദ്രത്രികോണങ്ങളില്‍ പാപന്മാരും വന്നാല്‍  തന്‍റെ പ്രവൃത്തി സഹിക്കായ്കയാല്‍ ജനങ്ങള്‍ നിലവിളിച്ചു പ്രാര്‍ഥിക്ക നിമിത്തം ദുരിതം വര്‍ദ്ധിച്ചിരിക്കുന്നു എന്ന് പറയണം. ഈ ദുരിതത്തിന് ഹേതുഭൂതമായ പ്രവൃത്തി ദൃഢമായും അദൃഢമായും രണ്ടു പ്രകാരമായി ഭവിക്കും. 

കാരണവരെ കുടിവയ്ക്കുക എന്നാലെന്ത്?


ഇത് മരിച്ചവരെ കുടിയിരുത്തുക എന്ന സങ്കല്പവും ചടങ്ങുമാണ്. മരിച്ചവരുടെ ആത്മാവുകളെ ക്ഷേത്രങ്ങളില്‍ നിലനിര്‍ത്തുക എന്ന ആചാരമാണിത് . ചില ഭഗവതിക്കാവുകളിലും അല്ലെങ്കില്‍ വീടിന്‍റെ ഏതെങ്കിലും ഭാഗത്ത് (ചിലര്‍ മച്ചകങ്ങളിലും പടിഞ്ഞാറ്റിയിലും) മരിച്ച കാരണവരെ കുടിയിരുത്തി വിളക്ക് വയ്ക്കാറുണ്ട്. സ്ത്രീകള്‍ക്ക് തീര്‍ത്തും ഇവിടെ പ്രവേശനമില്ല. ചില പ്രത്യേക ദിവസങ്ങളിലും അവസരങ്ങളിലും മാത്രമേ മച്ചകം തുറക്കാറുള്ളൂ. മരിച്ചവരുടെ ജന്മനക്ഷത്രത്തിലും ആണ്ടുശ്രാദ്ധത്തിനും ക്ഷേത്രങ്ങളില്‍ ആത്മശാന്തിക്ക് പൂജ നടത്തുകയോ കാണിക്ക നല്‍കുകയോ ഒക്കെ ചെയ്യാറുണ്ട്.

ധൈര്യത്തോടുകൂടി ചെയ്തകര്‍മ്മംകൊണ്ടും അനുഭവയോഗ്യമായിത്തീര്‍ന്നഫലം ദൃഢഫലവും അറിവില്ലാഞ്ഞും മറ്റും സംഭവിച്ചുപോയ കര്‍മ്മംകൊണ്ട് അനുഭവയോഗ്യമായ ഫലം അദൃഢഫലവുമാകുന്നു.


ദൃഢാദൃഢക്രിയാത്തത്വാല്‍ ശുഭാശുഭഫലം ദ്വിധാ
മനോവാക് കര്‍മ്മജം തച്ച ത്രിവിധം തത്ഭിദോച്യതേ.


സാരം :-

ധൈര്യത്തോടുകൂടി ചെയ്തകര്‍മ്മംകൊണ്ടും അനുഭവയോഗ്യമായിത്തീര്‍ന്നഫലം ദൃഢഫലവും അറിവില്ലാഞ്ഞും മറ്റും സംഭവിച്ചുപോയ കര്‍മ്മംകൊണ്ട് അനുഭവയോഗ്യമായ ഫലം അദൃഢഫലവുമാകുന്നു. ഇങ്ങനെ ശുഭാങ്ങള്‍ക്കും അശുഭങ്ങള്‍ക്കും ഭേദമുണ്ട്. കൂടാതെ ഓരോന്നിനും മാനസികമായും വാചികമായും ശാരീരമായും മുമ്മൂന്ന് ഭേദങ്ങള്‍കൂടിയുണ്ട്. എങ്ങനെയെന്നാല്‍ ഒരു ശുഭഫലം അനുഭവയോഗ്യമായി കണ്ടാല്‍ അത് ദൃഢകര്‍മ്മംകൊണ്ട് സമ്പാദിയ്ക്കപ്പെട്ടതോ അദൃഢകര്‍മ്മം കൊണ്ട് സമ്പാദിക്കപ്പെട്ടതോ എന്ന് ആദ്യമായി അറിയണം. പിന്നീട് ആ കര്‍മ്മം മനസ്സുകൊണ്ടോ വാക്ക് കൊണ്ടോ കര്‍മ്മം കൊണ്ടോ അതോ ഈ മൂന്നു കൊണ്ടോ പ്രവര്‍ത്തിച്ചതെന്നു പിന്നീട് അറിയണം.

ഭാവങ്ങളും ഗ്രഹങ്ങളും ഇഷ്ടരൂപങ്ങളായാല്‍ സമ്പത്തിനെയാണല്ലോ പറയേണ്ടത്


ആരോഗ്യം നൃപമാനനം ധനസമായാനം സുഹൃത്സംഭവഃ
സാഫല്യം സകലക്രിയാസു സതതം ചിത്തപ്രസാദോദയഃ
സ്ഥാനപ്രാപ്തിജനാനുരാഗസുയശഃസന്താനലാഭാദയോ
വാച്യാഃ സ്യുഃ ഖലു സംപദോƒഭിമതഭാവോപേതഖേടോചിതാഃ

സാരം :-

മേല്‍പറഞ്ഞവണ്ണം ഭാവങ്ങളും ഗ്രഹങ്ങളും ഇഷ്ടരൂപങ്ങളായാല്‍ സമ്പത്തിനെയാണല്ലോ പറയേണ്ടത്. ആരോഗ്യം, രാജാനുകൂല്യം ബന്ധുജനലാഭം എല്ലാ കര്‍മ്മങ്ങളിലും ഫലപൂര്‍ത്തി എല്ലായ്പോഴും മനസ്സിനാനന്ദം, ഉയര്‍ന്നനില, ജനങ്ങളുമായി സ്നേഹാദരങ്ങള്‍, കീര്‍ത്തി, സന്താനലാഭം ഇത്യാദികളാണ് സമ്പത്തുകള്‍. ഇവിടെയും അഭീഷ്ടങ്ങളായ ഭാവങ്ങള്‍ക്കും ഗൃഹങ്ങള്‍ക്കും അനുകൂലങ്ങളായ സമ്പത്തുകളെ പറഞ്ഞുകൊള്ളണം  

ഭാവങ്ങളും ഗ്രഹങ്ങളും ദോഷമാത്രരൂപമായികണ്ടാല്‍ ആപത്തുകളെയാണല്ലോ പറയേണ്ടത്

നിര്യാണം വിഷമാമയോ നിജ്ജനാപായോ ഗൃഹപ്ലോഷണം
സ്ഥാനഭ്രംശനരേന്ദ്രകോപജനവിദ്വേഷാര്‍ത്ഥഭൂരിവ്യയാഃ
ചോരാര്‍ത്ഥാപഹൃതിശ്ച മാനവിഹതിര്‍ദുഷ്കീര്‍ത്തിരേവംവിധാ
വാച്യാസ്സ്യുര്‍വിപദോ വിലോക്യ വിഹഗാന്‍ ഭാവാനനിഷ്ടപ്രദാന്‍

സാരം :-

മേല്‍പറഞ്ഞിട്ടുള്ള ന്യായങ്ങളെക്കൊണ്ട് ചിന്തിക്കുമ്പോള്‍ ഭാവങ്ങളും ഗ്രഹങ്ങളും ദോഷമാത്രരൂപമായികണ്ടാല്‍ ആപത്തുകളെയാണല്ലോ പറയേണ്ടത്. മരണം, കഠിനതരവും ദീര്‍ഘരൂപവുമായ രോഗം, സ്വജങ്ങളുടെ നാശം, ഗൃഹത്തിന് അഗ്നിഭയം, അവസ്ഥയ്ക്ക് ഭ്രംശം, രാജകോപം, പൊതുജനങ്ങളുമായി വിരോധം, ധനത്തിലധികമായ വ്യയം, കള്ളന്മാരുടെ മോക്ഷണം, മാനഹാനി ഇവയെല്ലാമാണ് ആപത്തുകള്‍. അനിഷ്ടങ്ങളായ ഗ്രഹങ്ങള്‍ക്കും ഭാവങ്ങള്‍ക്കും ഏതെല്ലാം ഫലം യോജിക്കുമോ ആ ഫലങ്ങളെയെല്ലാം ഇവിടെ പറഞ്ഞുകൊള്ളണം.

യജ്ഞം എന്നാലെന്ത്?


ഫലം ലഭിക്കണമെന്ന് ആഗ്രഹമില്ലാതെ ചെയ്യുന്ന നിത്യ നൈമിത്തിക കര്‍മ്മമാണ്‌ യജ്ഞം. നല്ല ഉദ്ദേശത്തോടെയും ഫലമാഗ്രഹിക്കാതെയും ചെയ്യുന്ന എല്ലാ കര്‍മ്മങ്ങളും യജ്ഞം തന്നെയാണ്. അഗ്നിയില്‍ ദേവനെ സ്മരിച്ചുകൊണ്ട് മന്ത്രോച്ചാരണത്തോടുകൂടി യജ്ഞദ്രവ്യം സമര്‍പ്പിക്കുന്ന കര്‍മ്മമാണ്‌ യജ്ഞമായി കണക്കാക്കുന്നത്. ഇതിന്‍റെ പ്രധാനചടങ്ങാണ് യജ്ഞദ്രവ്യം അര്‍പ്പിക്കുകയെന്നത്. ധര്‍മ്മസംരക്ഷണത്തിനും ഉദ്ദേശകാര്യസാദ്ധ്യത്തിനും പാപപരിഹാരത്തിനും മറ്റും യജ്ഞം നടത്താറുണ്ട്‌.

അകത്തെ തേവാരം എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നതെന്ത്?


നമ്പൂതിരി ഗൃഹങ്ങളില്‍ അടുക്കളയിലോ പ്രത്യേകമായ മുറി സജ്ജമാക്കി അവിടെയോ വച്ച് നടത്തുന്ന ഒന്നാണ് തേവാരം. അകത്തെ തേവാരം സ്ത്രീകള്‍ക്ക് വേണ്ടി നടത്തുന്നു. സന്ധ്യാവന്ദനം, ജപം, നമസ്ക്കാരം,  പൂജ, പുഷ്പാഞ്ജലി തുടങ്ങി ദേവന്മാരുമായി ബന്ധപ്പെട്ട ദേവകാര്യം എന്ന വാക്കിന്‍റെ ലോപമാണ് തേവാരം. എന്നാല്‍ പുറത്തെ തേവാരം എന്നത് നമ്പൂതിരിമാരെ ഉദ്ദേശിച്ചുള്ളതാകുന്നു. അകത്തെ തേവാരം അടുക്കളയിലോ മുറിയിലോ നടത്തുമ്പോള്‍ പുറത്തെ തേവാരം കളപ്പുരയിലോ വീട്ടുവളപ്പിലോ കുടുംബക്ഷേത്രത്തിലോ വച്ച് നടത്തുന്നു.

പ്രശ്നം കൊണ്ടും മറ്റും ചിന്തിക്കുമ്പോള്‍ ഏറ്റവും ദോഷങ്ങള്‍ തന്നെ കാണുന്നു എങ്കില്‍ ഏറ്റവും അടുത്തു തന്നെ ആപത്തുകള്‍ വന്നുകൂടുമെന്നു പറയണം. അപ്രകാരം ഗുണങ്ങള്‍ മാത്രമായി കണ്ടാല്‍ ഉടന്‍ തന്നെ സമ്പത്ത് അനുഭവിക്കുന്നതിനിടവരുമെന്നും

ദോഷാഃകേവലമേവ ചേദ്വിപദതീവാരാദ്വിനിര്‍ദ്ദിശ്യതാം
പ്രശ്നേ കേവലമേവ ചേല്‍ ഖലു ഗുണാ വാച്യാസ്തഥാ സംപദഃ
മിശ്രത്വേ ഗുണദോഷയോരധിഗതാമാലോച്യ വാച്യം ഫലം
യദ്വാ ദോഷജമേവ ഭാഗ്യവികലാഃ പ്രായോത്രലോകാ യതഃ

സാരം :-

പ്രശ്നം കൊണ്ടും മറ്റും ചിന്തിക്കുമ്പോള്‍ ഏറ്റവും ദോഷങ്ങള്‍ തന്നെ കാണുന്നു എങ്കില്‍ ഏറ്റവും അടുത്തു തന്നെ ആപത്തുകള്‍ വന്നുകൂടുമെന്നു പറയണം. അപ്രകാരം ഗുണങ്ങള്‍ മാത്രമായി കണ്ടാല്‍ ഉടന്‍ തന്നെ സമ്പത്ത് അനുഭവിക്കുന്നതിനിടവരുമെന്നും, ഏതാനും ഗുണങ്ങളും ഏതാനും ദോഷങ്ങളും ഇടകലര്‍ന്നു കണ്ടാല്‍ ഗുണദോഷങ്ങളില്‍ ഏതാണോ അധികമായിരിക്കുന്നത് അതിന്‍റെ അനുഭവത്തെയും പറയണം.

കലിയുഗകാലത്ത് ജനങ്ങള്‍ മിക്കവാറും ഭാഗ്യഹീനന്മാരായതുകൊണ്ട് ഗുണദോഷങ്ങളെക്കൊണ്ട് പ്രശ്നം മിശ്രരൂപമായികണ്ടാല്‍ കൂടുതല്‍ കുറവിനെ ആലോചിക്കേണ്ട. ദോഷത്തെത്തന്നെ പറയാം എന്നും പക്ഷമുണ്ട്.

വാവുബലിയുടെ പ്രാധാന്യമെന്ത്?


കര്‍ക്കിടകമാസവും വാവുബലിയും തമ്മില്‍ അഭേദ്യബന്ധമുണ്ട്. ഇത് മനസ്സിലാക്കുവാന്‍ പുരാണ സംബന്ധമായ പ്രപഞ്ചവിന്യാസം അറിഞ്ഞിരിക്കണം. പ്രപഞ്ചത്തിലെ പാതാളം മുതല്‍ സത്യലോകം വരെ പതിനാലുലോകങ്ങളില്‍ മദ്ധ്യഭാഗത്ത് ഭൂമിയും, ഭൂമിയ്ക്ക് നേര്‍മുകളില്‍ ഭുവര്‍ലോകവും, അതിനുമുകളില്‍ സ്വര്‍ഗ്ഗലോകവും എന്നിങ്ങനെയാകുന്നു. ഭുവര്‍ലോകം പിതൃക്കളുടെ ലോകമാകുന്നു. സ്വര്‍ഗ്ഗം ദേവന്മാരുടെയും.

പഞ്ചഭൂതങ്ങളില്‍ ഭൂമി ഏറ്റവും സ്ഥൂലമാണ്. ഇവിടെ സ്ഥൂലരൂപത്തിലുള്ള ആഹാരമാണ് കഴിക്കാന്‍ സാധിക്കുന്നത്. അതുകൊണ്ടുതന്നെ നമുക്ക്, പാകപ്പെടുത്തുന്ന ആഹാരം കഴിച്ച് തൃപ്തിപ്പെടുത്തേണ്ടി വരുന്നു.

എന്നാല്‍, ശരീരത്തിനുള്ളില്‍ സൂക്ഷ്മശരീരമുണ്ട്. ഇത് പ്രാണമയമാണ്. ശരീരം വിടുന്ന ജീവന്‍ പ്രാണന്‍ മാത്രമായി സ്ഥൂലദേഹമില്ലാത്തവനായി പിതൃലോകത്ത് വസിക്കുന്നു. ഭൂമിയ്ക്ക് മുകളിലുള്ള ലോകമാണല്ലോ പിതൃലോകമായ ഭുവര്‍ലോകം. അത് ഭൂമിയ്ക്ക് മുകളില്‍ സങ്കല്പിക്കപ്പെടുന്ന ജലതത്ത്വമാകുന്നു. പ്രാണനും ജലതത്ത്വം തന്നെ. അതിനാല്‍ പിതൃക്കള്‍ക്ക് ജലത്തിലൂടയേ ഭക്ഷണം കഴിക്കാനാകു എന്ന് വ്യക്തം. അതിനാലാണ് കര്‍ക്കിടക നാളില്‍ കറുത്ത വാവിന് ജലത്തില്‍ പിതൃതര്‍പ്പണം നടത്താറുള്ളത്.

ദക്ഷിണായനം പിതൃക്കള്‍ക്കും. ഉത്തരായനം ദേവന്മാര്‍ക്കുമുള്ളതാണെന്ന് ശാസ്ത്രം. ജനുവരി 14 മുതല്‍ 6 മാസം ഉത്തരായനവും ശേഷം ദക്ഷിണായനവുമാണ്. ദക്ഷിണായനത്തില്‍ മരിക്കുന്നവരാണ് പിതൃലോകത്തിലേയ്ക്ക് പോകുന്നത്. ഇതിന്‍റെ ആരംഭമാണ് കര്‍ക്കിടകമാസം. ഇതിന്‍റെ കറുത്ത പക്ഷത്തില്‍ പിതൃക്കള്‍ ഉണരുന്നു.  ഭൂമിയില്‍ ജീവിച്ചിരിക്കുന്ന അവരുടെ ബന്ധുജനങ്ങള്‍ പിതൃക്കള്‍ക്ക് അന്നം എത്തിച്ചുകൊടുക്കണം. ഇതാണ് വാവുബലി. വാവുബലി മുടക്കുന്നവരോട് പിതൃക്കള്‍ കോപിക്കുന്നു.

(മകരമാസം മുതല്‍ മിഥുനമാസം വരെ ഉത്തരായനകാലവും, കര്‍ക്കിടകമാസം മുതല്‍ ധനുമാസംവരെ ദക്ഷിണായനകാലവുമാണ്)


വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.