മന്ത്രദീക്ഷ എന്താണ്?

എന്തെങ്കിലും ആരംഭിക്കുന്നതിനു മുമ്പ് പ്രതിജ്ഞ എടുക്കുക എന്നാണ് " ദീക്ഷ " എന്ന സംസ്കൃതവാക്കിന് അർത്ഥം. ഇംഗ്ലീഷിൽ " ദീക്ഷ " യെ INITIATION എന്നു പറയുന്നു. എന്തെങ്കിലും ആരംഭിക്കുക അല്ലെങ്കിൽ ആരംഭത്തിനു കാരണഭൂതമാവുക എന്ന അർത്ഥമുണ്ട് ദീക്ഷ എന്ന പദത്തിന്.

രാശിചക്രം

12 രാശികളുള്ളതിൽ ഓരോ രാശിക്കും ചില അക്ഷരങ്ങളെ നൽകിയിരിക്കുന്നു. സാധകന്റേയും, ദേവതയുടേയും നാമാക്ഷരങ്ങൾ വരുന്ന രാശികൾ നോക്കുക. സാധകന്റെ നാമാക്ഷരരാശിയിൽ നിന്നും ദേവതയുടെ നാമാക്ഷരരാശി 6 / 8 / 12 രാശിയായി വരരുത്. ആ ദേവതയുടെ മന്ത്രം ജപിച്ചാൽ അനിഷ്ടഫലം അനുഭവമാകും. 1, 2, 4, 5, 7, 9, 10, 11, രാശികൾ വന്നാൽ നല്ലതാണ്. ഓരോ രാശിയുടെ അക്ഷരങ്ങൾ താഴെ കൊടുക്കുന്നു.

രാശി                   നാമാക്ഷരങ്ങൾ

1). മേടം           - അ, ആ, ഇ, ഈ

2). ഇടവം         - ഉ, ഊ, ഋ

3). മിഥുനം        - ൽ

4). കർക്കിടകം  - ഏ, ഐ

5). ചിങ്ങം          - ഒ, ൗ

6). കന്നി            - ശ, ഷ, സ, ഹ, ക്ഷ

7). തുലാം           - ക, ഖ, ഗ, ഘ, ങ

8). വൃശ്ചികം       - ച, ഛ, ജ, ഝ, ഞ

9). ധനു              - ട, ഠ, ഡ, ഢ, ണ

10). മകരം         - ത, ഥ, ദ, ധ, ന

11). കുംഭം          - പ, ഫ, ബ, ഭ, മ

12). മീനം           - യ, ര, ല, വ

കുലാകുലചക്രം

ദേവതയുടെ പേരിന്റെ ആദ്യാക്ഷരവും, സാധകന്റെ പേരിന്റെ ആദ്യാക്ഷരവും താഴെ പറയുന്ന രീതിയിൽ ഒരേ വർഗ്ഗത്തിലോ, മിത്രാക്ഷരമായോ വന്നാൽ ആ ദേവതയുടെ മന്ത്രം സാധന ചെയ്യാം. ഈ ചക്രത്തിൽ അക്ഷരങ്ങളെ വായു, അഗ്നി, ഭൂമി, ജലം, ആകാശം എന്ന് 5 ഭൂതങ്ങളെ തരം തിരിച്ചിരിക്കുന്നു. ഇവയിൽ സാധകന്റേയും ദേവതയുടേയും പേരിലെ ആദ്യ അക്ഷരം ഒന്നാകുകയോ, ഒരേ വിഭാഗത്തിൽ വരുകയോ, പരസ്പരം മിത്രങ്ങളായ ഭൂതങ്ങളുടെ അക്ഷരം ആകുകയോ ചെയ്‌താൽ സാധകൻ ആ ദേവതയെ ഉപാസിക്കാം. 

മിത്ര ഭൂതങ്ങൾ = ജലവും ഭൂമിയും, അഗ്നിയും വായുവും

ശത്രുഭൂതങ്ങൾ = വായുവും ഭൂമിയും, അഗ്നിയും ഭൂമിയും


സാധകമന്ത്രാനുകൂല്യം

വിവാഹത്തിനുമുമ്പേ വധൂവരന്മാരുടെ നക്ഷത്രപൊരുത്തം നോക്കുന്നതുപോലെ സാധകനും, സാധകൻ ജപിക്കാൻ പോകുന്ന മന്ത്രത്തിനും തമ്മിൽ പൊരുത്തമുണ്ടോ എന്ന് നോക്കണം. ഇതിന് പല രീതികളും മന്ത്രശാസ്ത്രഗ്രന്ഥങ്ങളിൽ നിർദ്ദേശിച്ചിട്ടുണ്ട്.

1). കുലാകുലചക്രം

2). രാശിചക്രം

3). നക്ഷത്രചക്രം

ദീക്ഷാഗ്രഹണസമ്പ്രദായം

ശ്രേഷ്ഠനായ ഗുരുവിൽ നിന്നും മന്ത്രദീക്ഷ ലഭിക്കുന്നത് നാല് തരത്തിലാണ്.

1). ശക്തിപാതം

2). സ്പർശദീക്ഷ

3). ദൃഗ്‌ദീക്ഷ

4). ധ്യാനദീക്ഷ.

ശക്തിപാതം :- മന്ത്രസിദ്ധി വരുത്തിയിട്ടുള്ള ഗുരുവിലുള്ള മന്ത്രശക്തി അദ്ദേഹത്തിൽനിന്നും ശിഷ്യനിലേക്കു പകരുന്നതാണ് ശക്തിപാതം. ഒരു വിളക്ക് മറ്റൊരു വിളക്കിലേക്ക് പ്രകാശം പകരുന്നതുപോലെയാണ് ശക്തിപാതം. ശിഷ്യൻ നിരക്ഷരനാണെങ്കിലും, യോഗാഭ്യാസം അറിയുകയില്ലെങ്കിലും ശിഷ്യന് മന്ത്രദീക്ഷ ലഭിക്കുന്നു. ഈ സമ്പ്രദായത്തിൽ ഗുരു ശിഷ്യനെ ആലിംഗനം ചെയ്ത് ശിരസ്സിൽ മുകർന്ന് മന്ത്രശക്തിയെ ശിഷ്യനിലേക്ക് പകരുന്നു. ആ സമയം ഗുരുവിന്റെ ദേഹം വിറക്കുകയും, പരമാനന്ദം അനുഭവമാകുകയും, കണ്ണുകളിൽ ആനന്ദബാഷ്പം നിറയുകയും, വിയർപ്പും രോമാഞ്ചവും അനുഭവപ്പെടുകയും ചെയ്യും. ഈ സമയം ശിഷ്യനും അനിർവചനീയമായ ആനന്ദാനുഭൂതി അനുഭവമാകും. ഗുരുവിന്റേയും ശിഷ്യന്റേയും അനുഭവങ്ങളെ വിവരിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

ദേഹപാതസ്തഥാ കംപഃ പരമാനന്ദശ്ച ഹർഷണം
സ്വേദോ രോമാഞ്ച ഇത്യേതദ്‌ ശക്തിപാതസ്യ ലക്ഷണം

സ്പർശദീക്ഷ :- സ്പർശദീക്ഷ മറ്റൊരു തരത്തിലുള്ള മന്ത്രദീക്ഷാദാന സമ്പ്രദായമാണ്. ഈ സമ്പ്രദായത്തിൽ ഗുരു സ്വസ്പർശനത്തിൽ കൂടി ശിഷ്യനിൽ മന്ത്ര ശക്തിയെ പകർത്തുന്നു. സ്പർശദീക്ഷയെ ഇങ്ങനെ വിവരിച്ചിരിക്കുന്നു.

യഥാ പക്ഷീ സ്വപക്ഷാഭ്യാം ശിശൂൻ സംവർധയേത് ശനൈഃ
സ്പർശദീക്ഷോപദേശസ്തു താദൃശഃ കഥിതഃ പ്രിയേ

ദൃഗ്‌ദീക്ഷ :- ഈ സമ്പ്രദായത്തിൽ ഗുരു സ്വന്തം നോട്ടം കൊണ്ടുതന്നെ തന്റെ മന്ത്രശക്തിയെ ശിഷ്യന് നൽകുന്നു.

സ്വാപത്യാനി യഥാ കൂർമ്മോ വീക്ഷണേനൈവ പോഷയേത്
ദൃഗ്‌ദീക്ഷാഖ്യോപദേശസ്തു താദൃശഃ കഥിതഃ പ്രിയേ

ധ്യാനദീക്ഷ / വേധദീക്ഷ :- ഈ സമ്പ്രദായത്തിൽ ഗുരു ധ്യാനത്തിൽകൂടി തന്നെ മന്ത്രശക്തിയെ ശിഷ്യനിലേക്ക് പകരുന്നു. 

യഥാ മത്സ്യോ സ്വതനയാൻ ധ്യാനമാത്രേണ പോഷയേത്
വേധദീക്ഷോപദേശസ്തു മനസഃ സ്യാത്തഥാവിധഃ

മന്ത്രസിദ്ധിപ്രാപ്തിവിധി

മന്ത്രസിദ്ധി രണ്ടുതരത്തിൽ നേടാം

1). സിദ്ധമന്ത്രനായ ഗുരുവിന്റെ മേൽനോട്ടത്തിലും നിർദ്ദേശത്തിലും മന്ത്രസാധന ചെയ്യുക.

2). ഗുരുവിൽ നിന്നും ശക്തിപാതം, സ്പർശദീക്ഷ, ദൃഗ്‌ദീക്ഷ, ധ്യാനദീക്ഷ എന്നിവയിൽ ഏതെങ്കിലും ഒരു വഴിയിൽ ദീക്ഷസ്വീകരിച്ച് മന്ത്രസാധന ചെയ്യുക.

ക്ഷുദ്രസിദ്ധികൾ

ക്ഷുദ്രസിദ്ധികൾ അഞ്ച് തരത്തിലാണ്

1). ത്രികാലജ്ഞത

2). അദ്വന്ദ്വത

3). പരചിത്താഭിജ്ഞത

4). പതിഷ്ടംഭം

5). അപരാജയം


ത്രികാലജ്ഞാനം :- മന്ത്രസാധനയുടെ ഫലമായി സാധകന് ത്രികാലജ്ഞാനം ലഭിക്കുകയും അതിന്റെ ഫലമായി ഏതൊരു വ്യക്തിയുടേയും വർത്തമാനഭൂതഭാവിഫലങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് ലഭിക്കുന്നു.

അദ്വന്ദ്വത :- ഈ കഴിവ് ലഭിച്ച സാധകൻ മഴ, വെയിൽ, തണുപ്പ് ഇവയാൽ ബാധിക്കപ്പെടുന്നില്ല എന്നു മാത്രമല്ല അവയെ നിയന്ത്രിക്കാനുള്ള കഴിവും നേടുന്നു.

പരചിത്താഭിജ്ഞത :- അന്യർ മനസ്സിൽ എന്ത് ചിന്തിക്കുന്നു എന്നും, എന്ത് ചിന്തിക്കും എന്നും മുൻകൂട്ടി അറിയാനുള്ള കഴിവ്.

പതിഷ്ടംഭം :- വിഷം, അഗ്നി, വായു, സൂര്യൻ,  ചൂട്, മുതലായവയെ അതിജീവിക്കാനുള്ള കഴിവ് സാധകന് ലഭിക്കുന്നു.

അപരാജയം :- വാദങ്ങളിലും തർക്കങ്ങളിലും മറ്റും എപ്പോഴും ജയിക്കുക. ചുരുക്കി പറഞ്ഞാൽ മന്ത്രസാധനകൊണ്ട് ലഭിക്കുന്ന സിദ്ധികൾക്ക് ഒരു കണക്കുമില്ല. അവ സാധകനെ അലൗകികനും അമാനുഷനുമായ പുരുഷനാക്കി തീർക്കുന്നു.

ഗൗണസിദ്ധികൾ

ഗൗണസിദ്ധികൾ 10 തരത്തിലാണ്.

1). അനൂർമി

2). ദൂരശ്രവണസിദ്ധി

3). ദൂരദർശിനസിദ്ധി

4). മനോജവസിദ്ധി

5). കാമരൂപസിദ്ധി

6). പരകായപ്രവേശസിദ്ധി

7). സ്വഛന്ദമരണസിദ്ധി

8). ദേവക്രീഡാനുദർശനം

9). യഥാസങ്കല്പസിദ്ധി

10). അപ്രതിഹതഗതി


അനൂർമിസിദ്ധി :- വിശപ്പ്, ദാഹം, ദുഃഖം, മോഹം, വാർദ്ധക്യം, മരണം എന്നിവയെ കീഴടക്കാനുള്ള കഴിവ്.

ദൂരശ്രവണസിദ്ധി :- ഒരേ സ്ഥാനത്ത് ഇരുന്നുകൊണ്ട് തന്നെ വളരെ ദൂരെയുള്ള ശബ്ദങ്ങൾ കേട്ട് ഗ്രഹിക്കുവാനുള്ള കഴിവ്

ദൂരദർശനസിദ്ധി :- ഒരേ സ്ഥലത്ത് ഇരുന്നുകൊണ്ട് തന്നെ വളരെ ദൂരെ കണ്ണിനപ്പുറം നടക്കുന്ന കാര്യങ്ങൾ കാണാനുള്ള കഴിവ്. (ഈ സിദ്ധികൊണ്ടാണ് സഞ്ജയൻ മഹാഭാരതയുദ്ധം ദൂരെ ഇരുന്നുകൊണ്ട് തന്നെ കാണുകയും ധൃതരാഷ്ട്രർക്ക് വിവരിച്ചുകൊടുക്കുകയും ചെയ്തത്).

മനോജവസിദ്ധി :- മനസ്സിന്റെ വേഗത്തിൽ ഏത് സ്ഥലത്തും എത്താനുള്ള കഴിവ്.

കാമരൂപസിദ്ധി :- തനിക്ക് ഇഷ്ടമുള്ള രൂപം ധരിക്കാനുള്ള ശക്തി.

പരകായപ്രവേശം :- സ്വന്തം ശരീരമുപേക്ഷിച്ച് മറ്റൊരു ശരീരത്തിൽ പ്രവേശിക്കാനുള്ള കഴിവ്.

സ്വഛന്ദമരണം :- തനിക്ക് വേണമെന്നു തോന്നുമ്പോൾ മാത്രം മരിക്കുക. മരണത്തിൽപോലും നിയന്ത്രണം നേടുക. (മഹാഭാരതത്തിലെ ഭീഷ്മപിതാമഹൻ ഈ സിദ്ധിനേടിയിരുന്നു).

ദേവക്രീഡാനുദർശനം :- മാംസദൃഷ്ടിക്ക് അദൃശ്യരായ ദേവന്മാരുടെ ക്രീഡകൾ കാണാൻ കഴിയുക.

യഥാസങ്കല്പസിദ്ധി :- താൻ നിശ്ചയിക്കുന്ന എല്ലാ കാര്യങ്ങളും നേടിയെടുക്കുക.

അപ്രതിഹതഗതി :- ഏത് സ്ഥലത്തും പോകുന്നതിന് ഒരു തടസ്സവും അനുഭവപ്പെടാതിരിക്കുക.

അഷ്ടസിദ്ധികൾ

മന്ത്രസാധനയുടെ മുഖ്യസിദ്ധികൾ എട്ട് വിധം ആണ് പറയപ്പെടുന്നത്.

1). അണിമാ

2). മഹിമാ

3). ഗരിമാ

4). ലഘിമാ

5). പ്രാപ്തി

6). പ്രാകാമ്യം

7). ഈശിത്വം

8). വശിത്വം

മേൽപ്പറഞ്ഞ എട്ട് സിദ്ധികളുടെ ലഘുവിവരണം താഴെ കൊടുക്കുന്നു.

അണിമാ - ശരീരത്തിനെ ഏറ്റവും ചെറുതാക്കുക

മഹിമാ - ശരീരത്തിനെ ഏറ്റവും വലുതാക്കുക. 

ഹനുമാൻ സീതയെ അന്വേഷിച്ച് സമുദ്രത്തിന്റെ മുകളിൽ കൂടി പറക്കുമ്പോൾ തന്നെ വിഴുങ്ങാനായി വായ് പൊളിച്ച് വന്ന സുരസ എന്ന രാക്ഷസിയുടെ മുമ്പാകെ ആദ്യം മഹിമ സിദ്ധി ഉപയോഗിച്ച് ശരീരം ബൃഹദാകൃതി സ്വീകരിക്കുകയും, തുടർന്ന് അണിമാ ശക്തി സ്വീകരിച്ച് സൂക്ഷ്മരൂപനായി രാക്ഷസിയുടെ വായിൽ പ്രവേശിച്ച് ചെവിയിൽ കൂടി പുറത്ത് വരുകയും ചെയ്തു. ഹനുമാന് അഷ്ടസിദ്ധികളും ലഭിച്ചിരുന്നു.

ലഘിമാ - ശരീരത്തിന്റെ ഭാരം തീരെ കുറക്കുക

ഗരിമാ - ശരീരത്തിനെ വളരെ ഭാരക്കൂടുതൽ ഉള്ളതാക്കുക.

പ്രാപ്തി - ഇന്ദ്രിയങ്ങളെ പൂർണ്ണമായി നിയന്ത്രണത്തിൽ കൊണ്ടുവരുക.

പ്രാകാമ്യം - അന്യലോകങ്ങളിൽ നടക്കുന്ന കാര്യങ്ങളെ സ്വന്തം കണ്ണുകൊണ്ട് കാണുക.

ഈശിത്വം - എല്ലാത്തിനേയും ജയിക്കാനുള്ള കഴിവ്

വശിത്വം - മായാമോഹാദികൾ പ്രയോഗിച്ച് ലോകത്തെ മുഴുവുൻ വശീകരിക്കാനുള്ള കഴിവ്.

മന്ത്രസിദ്ധികൾ

അതിതീവ്രമായ മന്ത്രസാധന ചെയ്തുകഴിഞ്ഞാൽ സാധകന് പലതരത്തിലുള്ള പ്രയോജനങ്ങൾ സിദ്ധിക്കുന്നു. ഇവയെ മന്ത്രസിദ്ധി എന്ന് പറയുന്നു. മന്ത്രസിദ്ധികൾ പ്രധാനമായി മൂന്ന് തരത്തിലാണ്.മന്ത്രസാധന ആരംഭിക്കാൻ നല്ല സമയം

കാലത്തിന്റെ ഓരോ നിമിഷത്തിനും അതിന്റേതായ പ്രത്യേകതയുണ്ട്. ഓരോ നിമിഷവും ചിലകാര്യങ്ങൾക്ക് അനുകൂലവും ചില കാര്യങ്ങൾക്ക് പ്രതികൂലവുമായിരിക്കും. ഈ അടിസ്ഥാനത്തിൽ മന്ത്രസാധനക്കും അനുകൂലമായ സമയങ്ങൾ ഉണ്ട്. ആ സമയത്ത് മന്ത്രകാരകനായ ഗ്രഹവും, ജാതകന്റെ ഉപാസനക്കുള്ള കഴിവും, ആ സമയത്തുള്ള പ്രകൃതിയും ഉപാസനക്ക് അനുകൂലമായിരിക്കും. താഴെ അത്തരത്തിൽപ്പെട്ട ചില മന്ത്രജപമുഹൂർത്തങ്ങൾ കൊടുക്കുന്നു.

1). വ്യാഴാഴ്ചയും പൂയം നക്ഷത്രവും ചേർന്ന് വരുന്ന ദിവസം (ഇതിന് സിദ്ധിയോഗം എന്ന് പറയുന്നു)

2). ഞായറാഴ്ചയും പൂയം നക്ഷത്രവും ചേർന്ന് വരുന്നതും നല്ലതാണ്.

3). ചില മാസങ്ങളിൽ ഉപാസന തുടങ്ങാൻ നല്ലതാണ്.

മാസങ്ങൾ = ചൈത്രം (മേടം), വൈശാഖം (ഇടവം), ശ്രാവണം (ചിങ്ങം), ഭാദ്രപദം (കന്നി), മാഘം (കുംഭം), ഫാൽഗുനം (മീനം).

മന്ത്രജപത്തിന്റെ രഹസ്യസ്വഭാവം

മന്ത്രജപം രഹസ്യസ്വഭാവം ഉള്ളതാണ്. അതുകൊണ്ട് അതിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കണം. രഹസ്യമായി പറയുന്നു എന്ന അർത്ഥം ഉള്ള മത്രി  ധാതുവിൽ നിന്നാണ് മന്ത്ര ശബ്ദം ഉണ്ടായിട്ടുള്ളത്. മറ്റുള്ളവരുടെ മുമ്പാകെ മന്ത്രം ജപിക്കരുത്. മന്ത്രോപദേശം തന്ന ഗുരുവിന്റെ മുമ്പാകെ മന്ത്രം ജപിക്കാം.

മന്ത്രജപനിയമങ്ങൾ

യോഗ്യനായ ഗുരുവിൽ നിന്നും മന്ത്രദീക്ഷ നേടി മന്ത്രജപം ആരംഭിച്ചു കഴിഞ്ഞാൽ പിന്നെ നിയതമായ ക്രമങ്ങൾ പാലിക്കണം

ദിവസവും 1000 ആവൃത്തി വീതം ഒരു മാസം ജപിച്ചാൽ മാത്രമേ മന്ത്രം ജാഗരിതം ആകുകയുള്ളു.

മന്ത്രജപത്തിന് മുമ്പും പിമ്പും ശരീരമനഃശുദ്ധിക്കായി 3 വീതം പ്രാണായാമങ്ങൾ ചെയ്യണം.

1000 ആവൃത്തി ജപിച്ചുകഴിഞ്ഞാൽ മന്ത്രത്തിനെ ഇഷ്ടദേവതക്ക് സമർപ്പിക്കണം. ഇഷ്ടദേവത പുരുഷനാണെങ്കിൽ വലതുകൈയിലും, സ്ത്രീ ആണെങ്കിൽ ഇടത് കൈയിലും സമർപ്പിക്കണം.

അനുഷ്ഠാനത്തിന് 5 ഭാഗങ്ങൾ ഉണ്ട്

1). ജപം

2). ഹോമം

3). തർപണം

4). അഭിഷേകം

5). അന്നദാനം

കഴിവും സൗകര്യമുള്ളവർ 1000 പ്രാവശ്യം ജപിച്ചതിനുശേഷം അതിന്റെ പത്തിലൊന്ന് ഹോമവും, ഹോമത്തിന്റെ പത്തിലൊന്ന് തർപണവും, തർപണത്തിന്റെ പത്തിലൊന്ന് അഭിഷേകവും, അഭിഷേകത്തിന്റെ പത്തിലൊന്ന് അതിഥിഭോജനവും നടത്തണം.

മന്ത്രജപഭേദങ്ങൾ

മന്ത്രം ജപിക്കുന്നതിന് 3 രീതികളുണ്ട്.

1). ഉപാംശു

2). വാചികം

3). മാനസം

1). ഉപാംശു - ഈ ജപരീതിയിൽ ചുണ്ടുകൾ അനങ്ങുമെങ്കിലും ജപശബ്ദം ജപിക്കുന്ന സാധകന് മാത്രമേ കേൾക്കാൻ സാധിക്കുകയുള്ളു.

2). വാചികം - സ്പഷ്ടമായ ഉച്ചാരണത്തോടുകൂടി ശ്രോതാക്കൾ കേൾക്കത്തക്കവിധത്തിൽ ജപിക്കുന്നത്.

3). മാനസം - ചുണ്ടും നാക്കും അനങ്ങാതെ മന്ത്രത്തിന്റെ അർത്ഥത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് ജപിക്കുക.

മന്ത്രാനുഷ്ഠാനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മന്ത്രജപത്തിന് തിരഞ്ഞെടുക്കേണ്ട സ്ഥലം ശുദ്ധവും, സ്വച്ഛവും, സാത്ത്വികവും, കോലാഹലമില്ലാത്തതും ആയിരിക്കണം. സാധാരണയായി നദീതീരം, ഗുഹകൾ, പർവ്വതശിഖരങ്ങൾ, ഉദ്യാനങ്ങൾ, തുളസിത്തറ, കൂവളമരത്തിനു താഴെ, ഗോശാല, ഗുരുഗ്രഹം, ദേവാലയം, വീട്ടിലെ ഏകാന്തസ്ഥാനം ഇവ മന്ത്രസാധനക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

ഭക്ഷണരീതി

മന്ത്രാനുഷ്ഠാനം സഫലമാകണമെങ്കിൽ ഭക്ഷണരീതിയിൽ സാധകൻ ശുചിത്വം സൂക്ഷിക്കുകയും ഭോജനദോഷങ്ങൾ ഒഴിവാക്കുകയും വേണം. ആഹാരം മിതമാക്കുക, ഒരു പ്രാവശ്യം മാത്രം ഭക്ഷണം കഴിക്കുക, ജീവിക്കുന്നതിനുവേണ്ടി ഭക്ഷിക്കുക എന്നല്ലാതെ ഭക്ഷിക്കുന്നതിനുവേണ്ടി ജീവിക്കാതിരിക്കുക.

ഭോജനദോഷങ്ങൾ താഴെ പറയുന്നവയാണ്

1). ജാതിദോഷം

2). ആശ്രയദോഷം

3). നിമിത്തദോഷം

ജാതിദോഷം

ഉള്ളി, വെളുത്തുള്ളി തുടങ്ങിയ മാദകങ്ങളും അഭക്ഷ്യങ്ങളുമായ പദാർത്ഥങ്ങൾ ഈ വിഭാഗത്തിൽ പെടും.

ആശ്രയദോഷം

ദുഷ്ടസ്ഥാനങ്ങളിൽ സൂക്ഷിച്ചുവെച്ചിട്ടുള്ള ആഹാരം, മദ്യഷാപ്പുകളിലെ ആഹാരം, ഇന്നത്തെ ജീവിതത്തിൽ ഫ്രിജിലും മറ്റും അനേക ദിവസങ്ങളോളം സൂക്ഷിച്ചുവെക്കുന്ന ഭക്ഷണപദാർത്ഥവും ഇത്തരത്തിൽ പെടും

നിമിത്ത ദോഷം

ആഹാരം ശുദ്ധമാണെങ്കിലും അതിനെ പട്ടി മുതലായ നിഷിദ്ധ ജന്തുക്കൾ സ്പർശിക്കുന്നത്.

സ്ത്രീകളുമായുള്ള ബന്ധം നിയന്ത്രിക്കുക

ശരീരത്തിൽ സുഗന്ധദ്രവ്യങ്ങൾ പൂശാതിരിക്കുക

സ്നാനം, ജപം, ധ്യാനം, തുടങ്ങിയ നിത്യകർമ്മങ്ങൾ അനുഷ്ഠിക്കുക.

കുളിക്കാതേയും, നഗ്നനായും, ശിരസ്സിൽ വസ്ത്രം മൂടിക്കൊണ്ടും സാധന ചെയ്യരുത്.

ജപിക്കുന്ന സമയത്ത് സംസാരിക്കാതിരിക്കുക. ജപസമയത്ത് സംസാരിക്കേണ്ടിവന്നാൽ സംസാരിച്ചതിനുശേഷം ആചമനം ചെയ്തിട്ട് വീണ്ടും അംഗന്യാസം കഴിച്ച് ജപത്തിലേർപ്പെടുക.

ജപിക്കുന്ന സമയത്ത് മലമൂത്രവിസർജനം ചെയ്യണമെന്നു തോന്നിയാൽ അതിനെ തടയരുത്. അപ്പോൾ മലമൂത്രവിസർജനം കഴിച്ചിട്ട്, കൈകാൽ കഴുകി ആചമനവും, അംഗന്യാസവും ചെയ്തിട്ട് വീണ്ടും ജപം തുടങ്ങുക.

ജപിക്കുമ്പോൾ മൂരിനിവരുക, കോട്ടുവായ ഇടുക, തുമ്മുക, ചൊറിയുക, നഖം മുറിക്കുക, ഗുഹ്യഭാഗങ്ങളെ സ്പർശിക്കുക, സംസാരിക്കുക എന്നിവ അരുത്.

ജപം അതീവ വേഗത്തിലും തീരെ മന്ദഗതിയിലും ആകരുത്.

മന്ത്രങ്ങങ്ങളെ നീട്ടി ജപിക്കരുത്

മന്ത്രം ജപിക്കുമ്പോൾ തല ആട്ടുക, അർത്ഥവും മന്ത്രം തന്നേയും മറക്കുക, മന്ത്രം എഴുതി വായിക്കുക എന്നിവ അരുത്.

നിത്യവും ജപിക്കുന്ന മന്ത്രസംഖ്യ ഒന്നുതന്നെ ആയിരിക്കണം. കൂട്ടുകയും കുറക്കുകയും ചെയ്യരുത്.

നിലത്ത് കിടന്നുറങ്ങി ശീലിക്കണം. ഇഴ ജന്തുക്കൾ, എലി, മുതലായവയുടെ ശല്യം ഉണ്ടാകുമെങ്കിൽ വെറും കട്ടിലിൽ കിടന്ന് ശീലിക്കണം.

ബ്രഹ്മചര്യം പാലിക്കണം

സത്സംഗവും, ഗുരുശുശ്രൂഷയും ശീലിക്കണം

വേണ്ടാതെ സംസാരിക്കരുത്

ത്രികാലസ്നാനം കഴിക്കാമെങ്കിൽ നല്ലത്

പാപകർമ്മത്യാഗം (പാപകർമ്മങ്ങൾ 10 തരത്തിലുണ്ട്.
( ഹിംസ, സ്തേയം = മോഷണം, അന്യതാകാമം = ആഗ്രഹിക്കാൻ പാടില്ലാത്തത് ആഗ്രഹിക്കൽ, പൈശൂന്യം = നിഷിദ്ധകർമ്മാചരണം, പരുഷം = കടുത്തവാക്ക് പറയൽ, അന്യതം = കള്ളം പറയൽ, സംഭിന്നാലാപം = അസംബന്ധം പറയൽ, വ്യാപാദം = മറ്റുള്ളവർക്ക് ആപത്കരമായ പ്രവൃത്തി ചെയ്യൽ, അഭിധ്യാ = പരോത്കർഷാസഹിഷ്ണുത, ദൃഗ്‌വിപര്യം =ശാസ്ത്ര വിരുദ്ധചിന്ത.)

നിത്യപൂജ

ദാനധർമ്മങ്ങൾ അനുഷ്ഠിക്കൽ

ഇഷ്ടദേവപ്രാർത്ഥന

സത്യനിഷ്ഠ

നല്ലതെന്ന് ശാസ്ത്രവും സമൂഹവും അംഗീകരിച്ചിട്ടുള്ളതും തനിക്ക് നല്ലതെന്ന് തോന്നുന്നതുമായ കാര്യങ്ങൾ ചെയ്യുക

എന്നും  ഉറങ്ങുന്നതിന് മുമ്പ് താൻ അന്ന് ചെയ്ത പ്രവൃത്തികളുടെ നന്മതിന്മകളെ വിലയിരുത്തുക

മന്ത്രസാധന ചെയ്യുന്ന സമയത്ത് മനസ്സിനെ ഏകാഗ്രമായി സൂക്ഷിക്കുക, സംഭാഷണങ്ങളിൽ ഏർപ്പെടാതെ ഇരിക്കുക

പുല, വാലായ്മ തുടങ്ങിയവ വന്നാലും മന്ത്രജപം മുടക്കണമെന്നില്ല

താൻ മന്ത്രസാധനക്കുപയോഗിക്കുന്ന ഇരിപ്പിടവും, താൻ ഉറങ്ങുന്ന ഭൂമി ഭാഗവും അന്യർ ഉപയോഗിക്കാതെ നോക്കണം.

ഉറങ്ങി എഴുന്നേറ്റ ഉടനെ തന്നെ മന്ത്രജപം തുടങ്ങരുത്

വെയിലത്ത് ഇരുന്ന് ജപിക്കരുത്

കാലുകൾ നീട്ടി ഇരുന്ന് മന്ത്രസാധന ചെയ്യരുത്

ജപിച്ച സംഖ്യയുടെ 1 / 10 സംഖ്യ മന്ത്രം ജപിച്ച് ഹോമം ചെയ്യണം. അതിന്റെ 1 / 10 അന്നദാനം ചെയ്യണം

വ്യഗ്രതാലസ്യസംതാപക്രോധപാദപ്രസാരണം
അന്യഭാഷാം പരേക്ഷാം ച ജപകാലേ ത്യജേത് സുധീഃ
സ്ത്രീശൂദ്രഭാഷണം നിന്ദാം താംബൂലം ശയനം ദിവാ
പ്രതിഗ്രഹം നൃത്യഗീതേ കൗടില്യം വർജയേത് സദാ

ഭൂശയ്യാം ബ്രഹ്മചര്യം ച  ത്രികാലം ദേവതാർച്ചനം
നൈമിത്തികാർചനം ദേവസ്തുതിം വിശ്വാസമാശ്രയേത്
പ്രത്യഹം പ്രത്യഹം താവത് നൈവ ന്യൂനാധികം ക്വചിത്
ഏവം ജപിച്ചു സമാപ്യാന്തേ ദശാംശം ഹോമമാചരേത്.

മാനസമന്ത്രജപം

മന്ത്രസിദ്ധി വരുത്തിക്കഴിഞ്ഞ സാധകന് മുൻപറഞ്ഞ നിയമങ്ങൾ ഒന്നും തന്നെ ബാധകമല്ല. നല്ല സാധകൻ നിൽക്കുമ്പോഴും നടക്കുമ്പോഴും ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും എല്ലാ അവസ്ഥകളിലും മന്ത്രജപം തുടർന്നുകൊണ്ടിരിക്കുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.