അഞ്ചാം ഭാവത്തിലോ ഒമ്പതാം ഭാവത്തിലോ നിൽക്കുന്ന സൂര്യന്റെ ദശാകാലം

ത്രികോണസംയുക്തരവേർവ്വിപാകേ
ബുദ്ധിഭ്രമം രാജവിമാനനം ച
സുഖസ്യ ഹാനിം നിധനം പിതുശ്ച
പുത്രസ്യ വാ കർത്തവിനാശമേതി.

സാരം :-

അഞ്ചാം ഭാവത്തിലോ ഒമ്പതാം ഭാവത്തിലോ നിൽക്കുന്ന സൂര്യന്റെ ദശാകാലം  ബുദ്ധിഭ്രമവും രാജകോപവും സുഖഹാനിയും പുത്രനോ പിതാവിനോ ഹാനിയും കാര്യനാശവും തൊഴിലിനു ഹാനിയും സംഭവിക്കുന്നതായിരിക്കും.

കേന്ദ്രരാശിയിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം

കേന്ദ്രാന്ന്വിതസ്യാപി ദിവാകരസ്യ
ദശാവിപാകേ നൃപദണ്ഡദുഃഖം
സ്ഥാനച്യുതിം ബന്ധുവിയോഗമേതി
ഭംഗം കൃഷേർവ്വിത്തപരിഭ്രമം ച.

സാരം :-

കേന്ദ്രരാശിയിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം ശിക്ഷയോ ജയിൽവാസമോ നിമിത്തം ദുഃഖവും സ്ഥാനഭ്രംശങ്ങളും ബന്ധുക്കളുമായി വേർപെടുകയും കൃഷിനാശവും ധനസംബന്ധമായി ക്ലേശവും അനുഭവിക്കുന്നതായിരിക്കും.

അവരോഹിണിയായ സൂര്യദശയിൽ

ദശാവരോഹാ ദിനനായകസ്യ
കൃഷിക്രിയാവിത്തഗൃഹേഷ്ടനാശം
ചോരാഗ്നിപീഡാം കലഹം വിരോധം
നരേന്ദ്രകോപം കുരുതേ പ്രവാസം.

സാരം :-

അവരോഹിണിയായ സൂര്യദശയിൽ കൃഷികാര്യത്തിനും ഗൃഹത്തിനും ഇഷ്ടജനത്തിനും നാശവും ചോരന്മാരിൽനിന്നുപദ്രവവും അഗ്നിഭയവും കലഹവും വിരോധവും രാജകോപവും അന്യദേശവാസവും ഫലങ്ങളാകുന്നു.

ആസുരയോഗത്തിൽ ജനിക്കുന്നവൻ

ഹന്ത്യന്ന്യകാര്യം പിശുനസ്സ്വകാര്യ-
പരോദരിദ്രശ്ച ദുരാഗ്രഹീ സ്യാൽ
സ്വയംകൃതാനർത്ഥപരമ്പരാർത്തഃ
കുകർമ്മകൃച്ചാസുരയോഗജാതഃ

സാരം :-

ആസുരയോഗത്തിൽ ജനിക്കുന്നവൻ സ്വാർത്ഥപരനായും നുണയനായും അന്യകാര്യങ്ങളെ ധ്വംസിക്കുന്നവനായും ധനഹീനനായും ദുരാഗ്രഹിയായും തന്നത്താൻ ഉണ്ടാക്കുന്ന അനർത്ഥപരമ്പരകളെക്കൊണ്ട് പീഡിതനായും കുത്സിതകർമ്മങ്ങളെ ചെയ്യുന്നവനായും ഭവിക്കും.

ആരോഹിണിയായ സൂര്യദശയിൽ

ആരോഹിണീ പങ്കജബാന്ധവസ്യ
ദശാമഹത്വം കുരുതേƒതിസൗഖ്യം
പരോപകാരം സുതദാരഭൂമി-
ഗോവാജിമാതംഗകൃഷിക്രിയാപ്തിം.

സാരം :-

ആരോഹിണിയായ സൂര്യദശയിൽ ഉന്നതസ്ഥാനലബ്ധിയും ഏറ്റവും സുഖവും ഉണ്ടാകയും പരോപകാരവും പുത്രൻ, ഭാര്യ, ഭൂസ്വത്ത്, പശുക്കൾ, ആന, കുതിര എന്നിവയുടെ ലാഭവും കൃഷി, കാര്യസിദ്ധിയും ഉണ്ടാകുന്നത്തായിരിക്കും.

അതിശത്രുക്ഷേത്രത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം

ദശാവിപാകേƒപ്യതിശത്രുഗസ്യ
രവേഃ പ്രണഷ്ടാർത്ഥകളത്രപുത്രഃ
ഗോമിത്രഹാനിം സ്വശരീരപീഡാം
ശത്രുത്വമായാതി ജനൈസ്സമന്താൽ.

സാരം :-

അതിശത്രുക്ഷേത്രത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം ധനഹാനിയും സന്താനങ്ങൾക്കും ഭാര്യയ്ക്കും നാശവും പശുക്കൾക്കു ക്ഷയവും ബന്ധുനാശവും എല്ലായിടവും ജനങ്ങളോടു വിരോധവും ഭവിക്കും.

കാമയോഗത്തിൽ ജനിക്കുന്നവൻ

പരദാരപരാങ്മുഖോ ഭവേ-
ദ്വരദാരാത്മജബന്ധുസംയുതഃ
ജനകാദധികശ്ശുഭൈർഗുണൈർ-
മ്മഹനീയാം ശ്രിയമേതി കാമജഃ

സാരം :-

കാമയോഗത്തിൽ ജനിക്കുന്നവൻ പരസ്ത്രീകളെ കാമിക്കാത്തവനായും നല്ല ഭാര്യയും പുത്രന്മാരും ബന്ധുക്കളും ഉള്ളവനായും സൽഗുണങ്ങളെക്കൊണ്ടു പിതാവിനേക്കാൾ ശ്രേഷ്ഠനായും ഏറ്റവും ശ്രീമാനായും ഭവിക്കും.

അസ്ത്രയോഗത്തിൽ ജനിക്കുന്നവൻ

ശത്രൂൻ ബലിഷ്ഠാൻ ബലവന്നിഗൃഹ്യ
ക്രൂരപ്രവൃത്ത്യാ സഹിതോƒഭിമാനീ
വ്രണാങ്കിതാംഗശ്ച വിവാദകർത്താ
സ്യാദസ്ത്രയോഗേ ദൃഢഗാത്രയുക്തഃ

സാരം :-

അസ്ത്രയോഗത്തിൽ ജനിക്കുന്നവൻ ബലവാന്മാരായ ശത്രുക്കളെ ബലംകൊണ്ട് നിഗ്രഹിക്കുന്നവനായും ക്രൂരപ്രവൃത്തിയെ ചെയ്യുന്നവനായും അഭിമാനിയായും വ്രണംകൊണ്ട് അടയാളപ്പെട്ടശരീരത്തോടുകൂടിയവനായും വ്യവഹാരിയായും ദൃഢഗാത്രനായും ഭവിക്കും.

ഗുളികന്റെ ഗ്രഹയോഗഫലങ്ങൾ

സംയുക്തേ തപനേന മന്ദതനയേ
ജാതഃ പിതൃദ്വേഷകോ
മാതൃക്ലേശകരസ്തഥാമൃതരുചാ
ഭൌമേന സോദര്യഹാ
ഉന്മാദീ ശശിജേന ദേവഗുരുണാ
പാഷണ്ഡകോ ദൂഷക-
ശ്ശുക്രേണ പ്രമദാകൃതാമയഹതോ.
നീചാംഗനാവല്ലഭഃ

സാരം :-

ഗുളികൻ സൂര്യനോടുകൂടി നിന്നാൽ പിതൃദ്വേഷിയായി ഭവിക്കും.

ഗുളികൻ ചന്ദ്രനോടുകൂടി നിന്നാൽ മാതാവിന് അനിഷ്ടപ്രദനായും ഭവിക്കും.

ഗുളികൻ ചൊവ്വയോടുകൂടി നിന്നാൽ സഹോദരാനിഷ്ടകരനായും ഭവിക്കും.

ഗുളികൻ ബുധനോടുകൂടി നിന്നാൽ ഉന്മാദമുള്ളവനായും ഭവിക്കും.

ഗുളികൻ വ്യാഴത്തോടുകൂടി നിന്നാൽ പാഷണ്ഡിയായും ദോഷവാനായും ഭവിക്കും.

ഗുളികൻ ശുക്രനോടുകൂടി നിന്നാൽ സ്ത്രീനിമിത്തം ഉണ്ടാകുന്ന ദുഃഖമോ രോഗമോ നിമിത്തം മരണം പ്രാപിക്കുന്നവനായും നീചസ്ത്രീകളിൽ തൽപരനായും അല്ലെങ്കിൽ നീചസ്ത്രീയുടെ ഭർത്താവായും ഭവിക്കും.

കുഷ്ഠ്യല്പായുർമ്മന്ദസമേതേ വിഷഭോജീ
സർപ്പോപേതേ കേതുയുതേ വഹ്നിഭയാർത്തഃ
ഭൂഭൃദ്വംശോദ്ഭൂത ഇഹാസ്മിൻ വിഷനാഡീ-
സംയുക്തർക്ഷേ ഭിക്ഷൂരപി സ്യാദിനപൌത്രേ.

സാരം :-

ഗുളികൻ ശനിയോടുകൂടി നിന്നാൽ കുഷ്ഠരോഗിയായും അല്പായുസ്സായും ഭവിക്കും.

ഗുളികൻ രാഹുവിനോടുകൂടി നിന്നാൽ വിഷഭോജിയായും ഭവിക്കും.

ഗുളികൻ കേതുവിനോടുകൂടി നിന്നാൽ അഗ്നിയാൽ പീഡിതനായും ഭവിക്കും.

ഗുളികസ്ഥിതനക്ഷത്രം വിഷനാഡീസഹിതമായാൽ രാജവംശത്തിൽ ജനിച്ചവനായിരുന്നാലും ഭിക്ഷകൊണ്ടുപജീവിക്കുന്നവനായിത്തീരുകയും ചെയ്യും. 

ശത്രുക്ഷേത്രത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം

സപത്നരാശിസ്ഥിതസൂര്യദായേ
ദുഃഖീ പരിഭ്രഷ്ടസുതാർത്ഥദാരഃ
നൃപാഗ്നിചോരൈർവ്വിപദം വിവാദം
പിത്രോർവ്വിരോധം ച വിഷാദമേതി.

സാരം :-

ശത്രുക്ഷേത്രത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം പലവിധത്തിൽ ദുഃഖവും ധനത്തിനും പുത്രനും ഭാര്യയ്ക്കും ഹാനിയും രാജാവ്, അഗ്നി, കള്ളൻ എന്നിവരിൽ നിന്ന് ഉപദ്രവവും വ്യവഹാരവും മാതാപിതാക്കന്മാരുടെ വിരോധവും ഉണ്ടാവുകയും വിഷാദവും ഫലമാകുന്നു.

ഛത്രയോഗത്തിൽ ജനിക്കുന്നവൻ

സ്വസംസാരസൗഭാഗ്യസന്താനലക്ഷ്മീ
നിവാസോ യശസ്വീ സുഭാഷീ മനീഷീ
അമാത്യോ മഹീശസ്യ പൂജ്യോ ധനാഢ്യോ
സ്ഫുരത്തീക്ഷ്ണബുദ്ധിർഭവേച്ഛത്രയോഗേ.

സാരം :-

ഛത്രയോഗത്തിൽ ജനിക്കുന്നവൻ ഐഹികമായ മഹാഭാഗ്യമാകുന്ന സന്താനസമൃദ്ധിയുടെ വാസസ്ഥാനമായും യശ്വസിയായും നല്ല സംഭാഷണവും വിദ്വത്ത്വവും ഉള്ളവനായും രാജമന്ത്രിയായും പൂജ്യനായും ധനസമൃദ്ധിയുള്ളവനായും ഏറ്റവും തീക്ഷ്ണബുദ്ധിയായും ഭവിക്കും.

സൂര്യാദികളായ ഗ്രഹങ്ങളോടുകൂടി ഗുളികൻ ഏത് രാശിയിൽ നിന്നാലും ഫലം ശുഭമായിരിക്കുകയില്ല

ഗുളികഗ്രഹസംയോഗസ്സദാനിഷ്ടഫലപ്രദഃ
യമകണ്ടകസംയോഗ സർവ്വത്ര കഥയേശ്ചുഭം.

സാരം :-

സൂര്യാദികളായ ഗ്രഹങ്ങളോടുകൂടി ഗുളികൻ  ഏത് രാശിയിൽ നിന്നാലും ഫലം ശുഭമായിരിക്കുകയില്ല.

സൂര്യാദികളായ ഗ്രഹങ്ങളുടെ യമകണ്ടകസംയോഗം എല്ലായിടത്തും ശുഭഫലപ്രദമായിരിക്കുകയും ചെയ്യും.

ജന്മലഗ്നമായി വിചാരിക്കണം

മാന്ദിത്രികോണം ഭവനം വിലഗ്നം
തർദ്ദ്വാദശാങ്കാംശകഭം ച വാ സ്യാൽ
മന്ദീശ്വരാധിഷ്ഠിതകോണഭം വാ
തൽസപ്തമസ്യാപി വദന്തി സന്തഃ

സാരം :-

ഗുളികൻ നിൽക്കുന്ന രാശിയോ അതിന്റെ ത്രികോണരാശികളായ അഞ്ചാം ഭാവം ഒമ്പതാം ഭാവം എന്നീ ഭാവങ്ങളോ ഗുളികനവാംശകരാശിയോ ദ്വാദശാംശകരാശിയോ ഗുളികഭാവനാധിപനായ ഗ്രഹം നിൽക്കുന്ന രാശിയോ അതിന്റെ ഏഴാം ഭാവമായ രാശിയോ ഈ രാശികളുടെ ത്രികോണരാശികളോ ജന്മലഗ്നമായി വിചാരിക്കണം.

സമക്ഷേത്രത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം

സമർക്ഷഗസ്യോഷ്ണരുചേർദ്ദശായാം
സമം സമസ്തം കൃഷിഭൂമിധാന്യം
ഗോവാജിയാനാംബരദേഹസൌഖ്യം
സ്ത്രീപുത്രദോഷം രണപീഡനം ച.

സാരം :-

സമക്ഷേത്രത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം കൃഷി, ധനധാന്യങ്ങൾ, പശുവൃഷഭാദികൾ, കുതിര മുതലായ വാഹനങ്ങൾ, ദേഹസൌഖ്യം എന്നിവയെല്ലാം സമഫലമായിരിക്കുകയും സ്ത്രീകൾക്കും സന്താനങ്ങൾക്കും ദോഷവും യുദ്ധഹേതുകമായ ഉപദ്രവവും അനുഭവിക്കുകയും ചെയ്യും.

കാലൻ, രാഹു, ഗുളികൻ എന്നിവർ മൃത്യുവിനേയും യമകണ്ടകൻ ജീവിതത്തേയും കൊടുക്കുന്നവരാകുന്നു

കാലസ്തു രാഹുർ ഗുളികശ്ച മൃത്യുർ-
ജീവാതുകസ്സ്യാദ്യമകണ്ടകശ്ച
അർദ്ധപ്രഹാരഃ ശുഭദഃ ശുഭാംശ-
യുക്തോന്യഥാ ചേദശുഭം വിദദ്ധ്യാൽ.

സാരം :-

കാലൻ, രാഹു, ഗുളികൻ എന്നിവർ മൃത്യുവിനേയും യമകണ്ടകൻ ജീവിതത്തേയും കൊടുക്കുന്നവരാകുന്നു. ശുഭരാശ്യംശകത്തിൽ നിൽക്കുന്ന അർദ്ധപ്രഹാരൻ ശുഭഫലത്തേയും പാപരാശ്യംശകത്തിൽ നിൽക്കുന്ന അർദ്ധപ്രഹാരൻ അശുഭഫലത്തെയും കൊടുക്കുകയും ചെയ്യും.

ജലധിയോഗത്തിൽ ജനിക്കുന്നവൻ

ഗോസമ്പദ്ധനധാന്ന്യശോഭി സദനം
ബന്ധുപ്രപൂർണ്ണം വര-
സ്ത്രീരത്നാംബര ഭൂഷണാനി മഹിത-
സ്ഥാനം ച വാസോത്തരം
പ്രാപ്നോത്യംബുധിയോഗജഃ സ്ഥിരസുഖോ
ഹസ്ത്യശ്വയാനാന്വിതോ
രാജേഡ്യോ ദ്വിജദേവകാര്യനിരതഃ
കൂപപ്രപാകൃൽ പഥി.

സാരം :-

ജലധിയോഗത്തിൽ ജനിക്കുന്നവൻ പശുക്കളും ധനധാന്യങ്ങളും ഉള്ള ഭവനവും വളരെ ബന്ധുക്കളും ഉത്തമസ്ത്രീകളും രത്നങ്ങളും വിശേഷവസ്ത്രങ്ങളും ആഭരണങ്ങളും ഉൽകൃഷ്ടമായ സ്ഥാനവും ഉള്ളവനായും എപ്പോഴും സുഖമനുഭവിക്കുന്നവനായും ആന, കുതിര മുതലായ വാഹനങ്ങളോടുകൂടിയവനായും ദേവന്മാരുടെയും ബ്രാഹ്മണന്മാരുടെയും കാര്യത്തിൽ തൽപരനായും കിണർ, കുളം, തണ്ണീർപന്തൽ മുതലായവ നിർമ്മിക്കുന്നവനായും ഭവിക്കും.

ബന്ധുക്ഷേത്രത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം

സ്വമിത്രരാശിസ്ഥിതസൂര്യദായേ
സ്വഭൃത്യമിത്രാത്മജരാജപൂജാം
സ്വഗേഹവാസം സ്വജനസ്യ സംഗം
സുയാനഭ്രഷാംബരതാമ്രലാഭം.

സാരം :-

ബന്ധുക്ഷേത്രത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം, ഭൃത്യന്മാർ, ബന്ധുക്കൾ, പുത്രന്മാർ, രാജാവ് എന്നിവരിൽ നിന്നും സൽക്കാരം ലഭിക്കുകയും സ്വഗൃഹവാസവും സ്വജനസംഗമവും വാഹനങ്ങളും വസ്ത്രാലങ്കാരങ്ങളും താമ്രസാധനങ്ങളും ലഭിക്കുകയും ചെയ്യും.

ഗുളികൻ ശനിയെപ്പോലെ ശുഭാശുഭഫലങ്ങളെ ചെയ്യും

ശനിവൽ ഗുളികോ ജ്ഞേയോ ഗുരുവദ്യമകണ്ടകഃ
അർദ്ധപ്രഹാരോ ബുദ്ധവൽ ഫലം കാലസ്തു രാഹുവൽ.

സാരം :-

ഗുളികൻ ശനിയെപ്പോലെയും യമകണ്ടകൻ വ്യാഴത്തെപ്പോലെയും അർദ്ധപ്രഹാരൻ ബുധനെപ്പോലെയും കാലൻ രാഹുവിനെപ്പോലെയും യാമശുക്രൻ ശുക്രനെപ്പോലെയും ശുഭാശുഭഫലങ്ങളെ ചെയ്യും.

ശൌര്യയോഗത്തിൽ ജനിക്കുന്നവൻ

കീർത്തിമത്ഭിരനുജൈരഭിപൂജ്യൈർ-
ല്ലാളിതോ മഹിതവിക്രമയുക്തഃ
ശൌര്യജോ ഭവതി രാമ ഇവാസൗ
രാജകാര്യനിരതോƒതിയശസ്വീ.

സാരം :-

ശൌര്യയോഗത്തിൽ ജനിക്കുന്നവൻ കീർത്തിമാന്മാരും പൂജ്യന്മാരുമായ സഹോദരന്മാരാൽ ശ്രീമാൻ എന്നപോലെ ലാളിക്കപ്പെടുന്നവനായും അതിപരാക്രമിയായും രാജകാര്യത്തിൽ തൽപരനായും യശസ്വിയായും ഭവിക്കും.

അതിബന്ധുക്ഷേത്രത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം

അത്യന്തമിത്രർക്ഷഗതസ്യ ഭാനോർ-
ദശാവിപാകേƒധികസൗഖ്യമേതി
സ്ത്രീപുത്രധാന്യാർത്ഥമനോവിനോദ-
വിലാസയാനാംബരഭൂഷണാനി.

സാരം :-

അതിബന്ധുക്ഷേത്രത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം ഏറ്റവും സുഖവും, ഭാര്യ, പുത്രൻ, ധനധാന്യങ്ങൾ, മനസ്സൗഖ്യം, വിലാസം, വാഹനം, വിശേഷവസ്ത്രങ്ങൾ, അലങ്കാര സാധനങ്ങൾ എന്നിവയുടെ പ്രാപ്തിയും ഫലമാകുന്നു.

ദോഷഫലത്തെ കൊടുക്കുവാൻ ഗുളികനും ശുഭഫലത്തെ കൊടുക്കുവാൻ യമകണ്ടനും

ദോഷപ്രദാനേ ഗുളികോ ബലീയാൻ
ശുഭപ്രദാനേ യമകണ്ടകശ്ച
അന്യേ ച സർവേ വ്യസനപ്രദാനേ
മാന്ദ്യുക്തവീര്യാർദ്ധബലാന്വിതാഃ സ്യുഃ

സാരം :-

ദോഷഫലത്തെ കൊടുക്കുവാൻ ഗുളികനും ശുഭഫലത്തെ കൊടുക്കുവാൻ യമകണ്ടനും ബലാധിക്യമുണ്ട്. ദുഃഖഫലങ്ങളെ കൊടുക്കുവാൻ മറ്റുള്ള ഉപഗ്രഹങ്ങൾക്ക് ഗുളികന്റെ പകുതിശക്തി മാത്രമേ ഉള്ളു.

ധേനുയോഗത്തിൽ ജനിക്കുന്നവൻ

സാന്നപാനവിഭവോƒഖിലവിദ്യാ-
പുഷ്കലോƒധികകുടുംബവിഭൂതിഃ
ഹേമരത്നധനധാന്ന്യസമൃദ്ധോ
രാജരാജ ഇവ രാജതി ധേനൗ.

സാരം :-
ധേനുയോഗത്തിൽ ജനിക്കുന്നവൻ അന്നപാന്നവിഭവങ്ങളും സകല വിദ്യകളും കുടുംബൈശ്വര്യപുഷ്ടിയും ഉള്ളവനായും സ്വർണ്ണരത്നാദികളായ ധനങ്ങളുടെ അഭിവൃദ്ധികൊണ്ട് വൈശ്രവണതുല്യനായും ഭവിക്കും.

മീനം രാശിയിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം

മീനസ്ഥസൂര്യദായേ
സ്ത്രീപ്രീത്യാ ലബ്ധമാനസൗഖ്യധനഃ
വിഷജ്വരപീഡാ സ്യാൽ
സുതദുഃഖം നൃപതിസമ്പദായാസം.

സാരം :-

മീനം രാശിയിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം സ്ത്രീയുടെ (ഭാര്യയുടെ) സന്തോഷംകൊണ്ട് ബഹുമാനവും സുഖവും സമ്പത്തും ലഭിക്കുകയും വിഷമജ്വരത്താൽ പീഡിതനാകയും പുത്രദുഃഖം അനുഭവിക്കുകയും രാജദ്രവ്യലാഭമുണ്ടാവുകയും ക്ലേശം സംഭവിക്കുകയും ചെയ്യും.

കുംഭം രാശിയിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം

ഘടഗതസൂര്യദശായാം
ഹൃദ്രോഗാർത്തഃ പ്രണഷ്ടസുതവിഭവഃ
പിശുനഃ പരാന്നഭോജീ
ഭാര്യാജനബന്ധുവൈരമശുഭം ച.

സാരം :-

കുംഭം രാശിയിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം ഹൃദ്രോഗത്താൽ പീഡിതനാവുകയും പുത്രനും ധനത്തിനും നാശം സംഭവിക്കുകയും ഏഷണി ഉണ്ടാക്കുകയും പരാന്നത്തെ അനുഭവിക്കുകയും ഭാര്യയോടും ജനങ്ങളോടും ബന്ധുക്കളോടും വിരോധം ഉണ്ടാവുകയും എല്ലായിടത്തും അശുഭം ലഭിക്കുകയും ഫലം.

പന്ത്രണ്ടാം ഭാവത്തിൽ ഗുളികൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

വിഷയസുഖവിഹീനോ ദീനവാക്യോ വ്യയാർത്തോ
ഭവതി ശനിതനൂജേ രിപ്ഫഗേ ശുദ്ധിഹീനഃ
ഗുളികഭവനനാഥോ മാന്ദിയുക്തസ്തഥോപ-
ഗ്രഹസഹിതവിഹംഗാശ്ചാപ്യനിഷ്ടപ്രദാഃ സ്യുഃ

സാരം :-

പന്ത്രണ്ടാം ഭാവത്തിൽ ഗുളികൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ വിഷയസുഖങ്ങളില്ലാത്തവനായും ദൈന്യത്തോടുകൂടി സംസാരിക്കുന്നവനായും ചെലവ് ഏറിയിരിക്കുന്നവനായും ശുചിത്വമില്ലാത്തവനായും ഭവിക്കും.

ഗുളികൻ നിൽക്കുന്ന രാശിയുടെ അധിപനായ ഗ്രഹവും ഗുളികനോടുകൂടി നിൽക്കുന്ന ഗ്രഹങ്ങളും അർദ്ധപ്രഹാരൻ, യമകണ്ടകൻ, യാമശുക്രൻ, കാലൻ, മൃത്യു മുതലായ മറ്റ് ഉപഗ്രഹങ്ങളുമൊരുമിച്ചു നിൽക്കുന്ന ഗ്രഹങ്ങളും അനിഷ്ടഫലപ്രദന്മാരാകുന്നു.

ചാമരയോഗത്തിൽ ജനിക്കുന്നവൻ

പ്രത്യഹം വ്രജതി വൃദ്ധിമുദഗ്രാം
ശുക്ലചന്ദ്ര ഇവ ശോഭനശീലഃ
കീർത്തിമാൻ ജനപതിശ്ചിരജീവീ
ശ്രീനിധിർഭവതി ചാമരജാതഃ

സാരം :-

ചാമരയോഗത്തിൽ ജനിക്കുന്നവൻ ശുക്ലപക്ഷചന്ദ്രനെന്നപോലെ ഉത്തരോത്തരം അഭിവൃദ്ധിയുള്ളവനായും സദ്വൃത്തനായും കീർത്തിമാനായും ജനപ്രധാനിയായും ദീർഘായുസ്സായും ഐശ്വര്യങ്ങൾക്ക് ഇരിപ്പിടമായും ഭവിക്കും.

മകരം രാശിയിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം

മൃഗഗതിമിഹിരദശായാം
പരദാരരതോ ന ചാതിധനപുത്രഃ
സ്ത്രീദോഷജനിതദുഃഖം
വ്യാധ്യാമയതോƒംഗഹീനോ വാ.

സാരം :-

മകരം രാശിയിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം പരസ്ത്രീകളിൽ താൽപര്യം ജനിക്കുകയും പുത്രന്മാരും ധനവും കുറഞ്ഞിരിക്കുന്നവനായും സ്ത്രീനിമിത്തം ദുഃഖത്തിനിടയാവുകയും വ്യാധിപീഡനിമിത്തം അംഗഭംഗം സംഭവിക്കുകയും ചെയ്യും.

ധനു രാശിയിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം

ചാപഗതസൂര്യദായേ
നൃപസാചിവ്യം നരേന്ദ്രസമ്മാനം
സുതപരിവാരസുജ്ജഹൃന
സമ്പ്രാപ്തിം ശ്രിയമുപൈതി സന്തോഷം.

സാരം :-

ധനു രാശിയിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം രാജാവിന്റെ മന്ത്രിസ്ഥാനം ലഭിക്കുകയും രാജാവിങ്കൽ നിന്ന് സമ്മാനങ്ങൾ സിദ്ധിക്കുകയും ഭൃത്യന്മാരും പുത്രന്മാരും ബന്ധുക്കളും ഉണ്ടാവുകയും ഐശ്വര്യം സിദ്ധിക്കുകയും എപ്പോഴും സന്തുഷ്ടനായിരിക്കുകയും ചെയ്യും.

ഒമ്പതാം ഭാവത്തിൽ, പത്താം ഭാവത്തിൽ, പതിനൊന്നാം ഭാവത്തിൽ ഗുളികൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

തപസി ഗുരുതനൂജാ ചാരധർമ്മവ്രതോനോ
യമഭുവി ദശമസ്ഥേ നീചകർമ്മാ ച ലുബ്ധഃ
സുഖസുതമതിതേജോരുപവാൻ ലാഭയാതേ
ഭവതി സപരിവാരോ ജ്യേഷ്ഠഹാ വാഹനാഢ്യഃ

സാരം :-

ഒമ്പതാം ഭാവത്തിൽ ഗുളികൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ പിത്രാദിഗുരുജനങ്ങളോടും പുത്രന്മാരോടും വേർപെട്ടവനായും ആചാരവും ധർമ്മവും തപസ്സും വ്രതങ്ങളും ഇല്ലാത്തവനായും ഭവിക്കും.

പത്താം ഭാവത്തിൽ ഗുളികൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ നികൃഷ്ടകർമ്മങ്ങളെ ചെയ്യുന്നവനായും മടിയനായും പിശുക്കുള്ളവനായും ഭവിക്കും.

പതിനൊന്നാം ഭാവത്തിൽ ഗുളികൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ സുഖവും പുത്രന്മാരും ബുദ്ധിയും പൗരുഷവും തേജസ്സും സൗന്ദര്യവും ഭൃത്യന്മാരും വാഹനങ്ങളും ഉള്ളവനായും ജ്യേഷ്ഠഭാതൃവിയോഗദുഃഖം അനുഭവിക്കുന്നവനായും ഭവിക്കും.

ചാമരാദിദ്വാദശയോഗങ്ങൾ

ഭാവൈസ്സൗമ്യയുതേക്ഷിതൈസ്തദധിപൈ-
സ്സുസ്ഥാനഗൈർഭാസ്വരൈഃ
സ്വോച്ചസ്ഥൈസ്സ്വഗൃഹോപഗൈസ്തനുഗൃഹാ-
ദ്യോഗഃ ക്രമാദ്ദ്വാദശ
സംജ്ഞാശ്ചാമരധേനുശൌര്യജലധി-
ച്ഛത്രാസ്ത്രകാമാസുരാ
ഭാഗ്യഖ്യാതിസുപാരിജാതമുസലാ-
സ്തജ്ഞൈര്യഥാ കീർത്തിതാഃ

സാരം :-

ലഗ്നാദികളായ ഭാവങ്ങൾക്കും ഭാവാധിപനായ ഗ്രഹത്തിനും ശുഭഗ്രഹങ്ങളുടെ യോഗദൃഷ്ടികളുണ്ടായിരിക്കുകയും ഭാവാധിപനായ ഗ്രഹം ഇഷ്ടഭാവസ്ഥനായി ഉച്ചസ്വക്ഷേത്രാദികളിൽ നിൽക്കുകയും പാപഗ്രഹങ്ങളുടെ യോഗദൃഷ്ടികളില്ലാതെയിരിക്കുകയും ചെയ്‌താൽ ലഗ്നം മുതൽ പന്ത്രണ്ടാം ഭാവം വരെയുള്ള ദ്വാദശഭാവങ്ങൾക്കുംകൂടി പന്ത്രണ്ടു യോഗങ്ങളുണ്ടാകും. 

താഴെ പറയുന്നവനായാണ് മേൽപ്പറഞ്ഞ യോഗങ്ങൾ. 


 1. ചാമരയോഗം
 2. ധേനുയോഗം
 3. ശൌര്യയോഗം
 4. ജലധിയോഗം
 5. ഛത്രയോഗം
 6. അസ്ത്രയോഗം
 7. കാമയോഗം
 8. ആസുരയോഗം
 9. ഭാഗ്യയോഗം 
 10. ഖ്യാതിയോഗം
 11. പാരിജാതയോഗം
 12. മുസലയോഗം

വൃശ്ചികം രാശിയിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം

കീടരാശിഗതസൂര്യദശായാം
ഭൂധനാർത്ഥകൃഷിഗോമഹിഷാപ്തിം
രാജസൽകൃതിമരാതിജയം സ്ത്രീ-
പുത്രസൗഖ്യമുദരാമയമേതി.

സാരം :-

വൃശ്ചികം രാശിയിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം ഭൂസ്വത്തും മറ്റു ധനങ്ങളും സിദ്ധിക്കുകയും കൃഷിഗുണവും പശുവൃഷമഹിഷലാഭവും രാജസമ്മാനവും ശത്രുക്കളെ ജയിക്കുകയും പുത്രസൗഖ്യമുണ്ടാവുകയും ഉദരവ്യാധി സംഭവിക്കുകയും ചെയ്യും.

ഏഴാം ഭാവത്തിൽ, എട്ടാം ഭാവത്തിൽ ഗുളികൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

കലഹകൃദിനപൗത്രേ ദ്യൂനഗേ ഹീനദാര-
സ്സകലജനവിരോധീ മന്ദബുദ്ധിഃ കൃതഘ്നഃ
വികൃതനയനവക്ത്രസ്സ്വല്പകായോ രുഗാർത്തോ
ഗരളദഹനശസ്ത്രൈദുർമൃതോ നായതായുംഃ

സാരം :-

ഏഴാം ഭാവത്തിൽ ഗുളികൻ നിൽക്കുമ്പോൾ ഭാര്യാനാശമോ ഭാര്യാസുഖഹാനിയോ നികൃഷ്ടഭാര്യാനുഭവമോ ഉള്ളവനായും സകലജനങ്ങൾക്കും വിരോധത്തെ ജനിപ്പിക്കുന്നവനായും ബുദ്ധിഹീനനായും ഉപകാരസ്മരണ ഇല്ലാത്തവനായും ഭവിക്കും.

എട്ടാം ഭാവത്തിൽ ഗുളികൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ മുഖവും കണ്ണും വിരൂപമായിരിക്കുകയും രോഗങ്ങളാൽ പീഡിതനാകുകയും ഹ്രസ്വശരീരനാകുകയും വിഷം, അഗ്നി, ആയുധം എന്നിവകളിലേതെങ്കിലും കാരണമായി ദുർമൃതി സംഭവിക്കുകയും അല്പായുസ്സാകയും ചെയ്യും.

മാലികായോഗത്തിൽ ജനിക്കുന്നവൻ

ലഗ്നാദിസപ്തഗൃഹഗാ യദി സപ്തഖേടാ-
സ്സ്യാന്മാലികേഹ നൃപതിർഗ്ഗജവാജിനാഥഃ
വിത്താദികാ നിധിപതിഃ പിതൃഭക്തിയുക്തോ
ധീരോƒതിരൂപഗുണവാൻ നരചക്രവാർത്തീ

ദുശ്ചില്ക്കാദ്യാ വിക്രമഭോഗാർത്ഥയുഗാഢ്യോ
ദാതാ ഭോഗീ ദേശപുരേശോ ഹിബുകാദ്യാ
പുത്രാദ്യജ്വാ കീർത്തിയുതോ ഭൂപതിരാര്യഃ
ഷഷ്ഠാന്നിസ്സ്വഃ കുത്രചിദർത്ഥം സുഖമേതി.

ഭൂരിസ്ത്രീഷ്ടോ ഭൂമിപതിഃ കാമഗൃഹാദ്യാ
രന്ധ്രാന്നിസ്സ്വസ്ത്രീവിജിതസ്സ്യാച്ചിരജീവി
ധർമ്മാദ്യജ്വാ ഭൂരിഗുണസ്താപസവൃത്തിഃ
പൂജ്യസ്സത്ഭിഃ കർമ്മണി ധർമ്മേ നിരതഃ ഖാൽ.

നരേന്ദ്രകന്യാരമണസ്സമസ്ത-
ക്രിയാസു ദക്ഷോ യദി ലാഭഭാവാൽ
സർവ്വത്ര പൂജ്യോ വിവിധവ്യയാർത്താ-
സ്സ്യാന്മാലികായാം പുരുഷസ്തു രിഃഫാൽ.

സാരം :- 

സൂര്യാദികളായ ഏഴു ഗ്രഹങ്ങളും ഏഴു രാശികളിലായി പ്രത്യേകം തുടർച്ചയായി നിൽക്കുന്നതു " മാലികായോഗം ". ഇവിടെ ഗ്രഹങ്ങൾ മുറയ്ക്ക് നിൽക്കണമെന്ന് നിയമമില്ല. 

ലഗ്നം മുതൽ എട്ടാം ഭാവം വരെയുള്ള ഏഴു രാശികളിലായി ഗ്രഹങ്ങൾ നിന്നാൽ ഗജതുരഗാദി വാഹനങ്ങളോടുകൂടിയ രാജാവായി ഭവിക്കും 

രണ്ടാം ഭാവം മുതൽ ഉള്ള മാലികായോഗത്തിൽ ജനിക്കുന്നവൻ നിധികളുടെ നാഥനായും പിതൃഭക്തനായും ധീരനായും ഗുണവും സൗന്ദര്യവും ചക്രവർത്തിത്ത്വവും ഉള്ളവനായും ഭവിക്കും.

മൂന്നാം ഭാവം മുതൽ ഉള്ള മാലികായോഗത്തിൽ ജനിക്കുന്നവൻ ശൌര്യവും ഭോഗവും ധനവും പ്രഭുത്വവും ഉള്ളവനായിരിക്കും.

നാലാം ഭാവം മുതൽ മാലികായോഗത്തിൽ ജനിക്കുന്നവൻ ഭോഗസുഖവും ഔദാര്യവും ഉള്ളവനായും ദേശം, ഗ്രാമം, നഗരം എന്നിവകളുടെ നാഥനായും ഭവിക്കും.

അഞ്ചാം ഭാവം മുതൽ ഉള്ള മാലികായോഗത്തിൽ ജനിക്കുന്നവൻ യഗാദിപുണ്യകർമ്മങ്ങളെ ചെയ്യുന്നവനായും കീർത്തിമാനായും രാജാവോ തത്തുല്യനോ ആയും ശ്രേഷ്ഠനായും ഭവിക്കും.

ആറാം ഭാവം മുതൽ ഉള്ള മാലികായോഗത്തിൽ ജനിക്കുന്നവൻ ധനഹീനനും ചിലപ്പോൾ ധനവും സുഖവും ലഭിക്കുന്നവനുമായിരിക്കും.

ഏഴാം ഭാവം മുതൽ ഉള്ള മാലികായോഗത്തിൽ ജനിക്കുന്നവൻ ബഹുസ്ത്രീവല്ലഭനായും രാജഭോഗങ്ങളുള്ളവനായും ഭവിക്കും.

എട്ടാം ഭാവം മുതൽ ഉള്ള മാലികായോഗത്തിൽ ജനിക്കുന്നവൻ ദരിദ്രനായും സ്ത്രീകൾക്ക് അധീനനായും ദീർഘായുസ്സായും ഭവിക്കും.

ഒമ്പതാം ഭാവം മുതൽ ഉള്ള മാലികായോഗത്തിൽ ജനിക്കുന്നവൻ യാഗം ചെയ്യുന്നവനായും ഏറ്റവും ഗുണവാനായും തപോവൃത്തിയോടുകൂടിയവനായും ഭവിക്കും.

പത്താം ഭാവം മുതൽ ഉള്ള മാലികായോഗത്തിൽ ജനിക്കുന്നവൻ സജ്ജനങ്ങളാൽ സൽക്കരിക്കപ്പെടുന്നവനായും ധർമ്മത്തിലും സൽക്കർമ്മത്തിലും തൽപരനായും ഭവിക്കും.

പതിനൊന്നാം ഭാവം മുതൽ ഉള്ള മാലികായോഗത്തിൽ ജനിക്കുന്നവൻ രാജകുലജാതയായ ഭാര്യയെ ലഭിക്കുന്നവനായും സകല കർമ്മങ്ങളിലും സാമർത്ഥ്യമുള്ളവനായും ഭവിക്കും.

പന്ത്രണ്ടാം ഭാവം മുതൽ ആറാം ഭാവം വരെയുള്ള മാലികായോഗത്തിൽ ജനിക്കുന്നവൻ എല്ലായിടത്തും പൂജ്യനായും വളരെ ചെലവുള്ളവനായും ഭവിക്കും.

തുലാം രാശിയിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം

ജ്ജൂകസ്ഥിതസ്യാംശുമതോ ദശായാം
മാനാർത്ഥനാശം ക്ഷിതിപാലകോപാൽ
സ്വബന്ധുനാശം സുതമിത്രദാര-
പിത്രാദികാനാമപകീർത്തിമേതി.

അത്യന്തനീചാന്വിതസൂര്യദായേ
വിപത്തിമാപ്നോതി ഗൃഹച്യുതിം ച
വിദേശയാനം മരണം ഗുരൂണാം
സ്ത്രീപുത്രഗോഭൂമികൃഷിപ്രണാശം.

സാരം :-

തുലാം രാശിയിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം രാജകോപം നിമിത്തം മാനക്ഷയവും അർത്ഥനാശവും ബന്ധുക്കൾക്കും പുത്രന്മാർക്കും സ്നേഹിതന്മാർക്കും (സ്വജനങ്ങൾക്കും) ഭാര്യയ്ക്കും പിത്രാദിഗുരുജനങ്ങൾക്കും ഹാനിയും അപകീർത്തിയും സംഭവിയ്ക്കും.

തുലാം രാശിയിൽ തന്നെ പരമനീചത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം പലവിധത്തിലുള്ള ആപത്തുകളും ഗൃഹനാശവും സ്ഥാനഭ്രംശവും വിദേശഗമനവും ഗുരുജനങ്ങൾക്ക് മരണവും ഭാര്യയ്ക്കും പുത്രനും പശുക്കൾക്കും ഭൂസ്വത്തിനും കൃഷിക്കും നാശവും സംഭവിക്കുകയും ചെയ്യും.

നാലാം ഭാവത്തിൽ, അഞ്ചാം ഭാവത്തിൽ, ആറാം ഭാവത്തിൽ ഗുളികൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

സുഹൃദി ശനിതനൂജേ ബന്ധുയാനാർത്ഥഹീന-
ശ്ചലമതിരസുതാപത്യോƒല്പജീവീ സശൂലീ
സകലരിപുനിഹന്താ, ഭൂതവിദ്യാവിനോദീ
രിപുഭവനസമേതേ ശ്രേഷ്ഠപുത്രസ്സുശൂരഃ

സാരം :-

നാലാം ഭാവത്തിൽ ഗുളികൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ ബന്ധുക്കളും വാഹനവും ധനവും ഇല്ലാത്തവനായിരിക്കും.

അഞ്ചാം ഭാവത്തിൽ ഗുളികൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ മനസ്സിന് ചാപല്യവും പുത്രന്മാർ കുറഞ്ഞിരിക്കുകയും അല്പായുസ്സാകയും ശൂലരോഗമുള്ളവനായും ഭവിക്കും.

ആറാം ഭാവത്തിൽ ഗുളികൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ സകല ശത്രുക്കളേയും ഹനിക്കുന്നവനായും ശാംബരീ (ജ്വാല) വിദ്യ, ചെപ്പടി വിദ്യ മുതലായ വിനോദങ്ങളെ ചെയ്യുന്നവനായും ശ്രേഷ്ഠന്മാരായ പുത്രന്മാരോടുകൂടിയവനായും ശൂരനായും ഭവിക്കും.

കാഹളയോഗത്തിൽ ജനിക്കുന്നവൻ

ലഗ്നേശാക്രാന്തഭേശാശ്രിതഭവനപതൗ
സ്വേർച്ചഭേ കേന്ദ്രകോണേ
ഹോരേശേ വാ ബലാഢ്യേ ഹിബുകശുഭപയോ-
സ്തദ്വന്ന്യോന്ന്യകേന്ദ്രേ
സ്വർക്ഷോച്ചസ്ഥേƒംബുനാഥേ ഗഗനപതിയുതാ-
ലോകിതേ കാഹളാഖ്യ-
സ്തസ്മിൻ വർദ്ധിഷ്ണുരാര്യസ്സുമതിരതിശുഭ-
സ്സാഹസീ സ്യാൽ പ്രതാപീ

സാരം :-

ലഗ്നാധിപനായ ഗ്രഹം നിൽക്കുന്ന രാശിയുടെ അധിപനായ ഗ്രഹം നിൽക്കുന്ന രാശിയുടെ നാഥനായ ഗ്രഹം, തന്റെ ഉച്ചത്തിലോ സ്വക്ഷേത്രത്തിലോ കേന്ദ്രത്രികോണഭാവങ്ങളിൽ നിന്നാൽ " കാഹളയോഗം ".

ലഗ്നാധിപനായ ഗ്രഹം ബലവാനായി ഇഷ്ടഭാവത്തിൽ നിൽക്കുകയും നാലാം ഭാവാധിപനായ ഗ്രഹവും ഒമ്പതാം ഭാവാധിപനായ ഗ്രഹവും പരസ്പരകേന്ദ്രരാശികളിലായി വരികയും ചെയ്‌താൽ " കാഹളയോഗം ".

നാലാം ഭാവാധിപനായ ഗ്രഹം ഉച്ചത്തിലോ സ്വക്ഷേത്രത്തിലോ നിൽക്കുകയും പത്താം ഭാവാധിപനായ ഗ്രഹത്തിന്റെ യോഗമോ ദൃഷ്ടിയോ ഉണ്ടായിരിക്കുകയും ചെയ്‌താൽ " കാഹളയോഗം ".

മേൽപ്പറഞ്ഞ മൂന്നും കാഹളയോഗഭേദങ്ങളാകുന്നു.

കാഹളയോഗത്തിൽ ജനിക്കുന്നവൻ ഉത്തരോത്തരം അഭിവൃദ്ധിയോടുകൂടിയവനായും പൂജ്യനായും ബുദ്ധിമാനായും ഏറ്റവും നന്മയുള്ളവനായും സാഹസിയായുംതേജസ്വസിയായും ഭവിക്കും. 

കന്നി രാശിയിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം

കന്യാഗതരവിപാകേ
കൃഷിപശുധനധാന്യസംസിദ്ധിഃ
കാവ്യകലാസ്വതിനിപുണോ
ഗണിതജ്ഞോ ലേഖ്യവാൻ ഭവേൽ ജ്ഞാനീ.

സാരം :-

കന്നി രാശിയിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം കൃഷിഗുണവും പശുവൃഷഭലാഭവും ധനധാന്യപുഷ്ടിയും കാവ്യകലകളിൽ നൈപുണ്യവും ഗണിതജ്ഞാനവും ലേഖനസിദ്ധിയും ജ്ഞാനവും അനുഭവിക്കുന്നതായിരിക്കും.

മൂന്നാം ഭാവത്തിൽ ഗുളികൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

വിരഹഗർവമദാദി ഗണൈര്യുതഃ
പ്രചുരകോപധനാർജനസംഭ്രമഃ
വിഗതശോകഭയാശ്ച വിസോദരോ
ഗുളികനാമനി സോദരഭാവഗേ

സാരം :-

മൂന്നാം ഭാവത്തിൽ ഗുളികൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ വിരഹം (വേർപാട്), ഗർവം, അഹങ്കാരം, എന്നിവയോടുകൂടിയവനായും  കോപിയായും ധനാർജ്ജനയ്ക്കുവേണ്ടി അലഞ്ഞുതിരിഞ്ഞു നടക്കുന്നവനായും ദുഃഖവും ഭയവും ഇല്ലാത്തവനായും സഹോദരനാശമുള്ളവനായും ഭവിക്കും.

രണ്ടാം ഭാവത്തിൽ ഗുളികൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

ന ചാടുവാക്യം കലഹായമാനോ
ന വിത്തധാന്യം പരദേശവാസീ
ന വാങ് ന സൂക്ഷ്മാർത്ഥവിവാദവാക്യോ
ദിനേശപൗത്രേ ധനരാശിസംസ്ഥേ.

സാരം :-

രണ്ടാം ഭാവത്തിൽ ഗുളികൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ ശ്ലാഘിച്ചു പറയുകയില്ല. കലഹപ്രിയനായിരിക്കും. ധനധാന്യങ്ങളുണ്ടായിരിക്കുകയില്ല. അന്യദേശവാസിയായും വ്യർത്ഥവാദിയായും അർത്ഥവാദസംബന്ധമായി പറയുന്നവനായും ഭവിക്കുകയും ചെയ്യും.

ലഗ്നത്തിൽ ഗുളികൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

ചോരഃ ക്രൂരോ വിനയരഹിതോ വേദശാസ്ത്രർത്ഥഹീനോ
നാതിസ്ഥൂലോ നയനവികൃതോ നാതിധീർന്നാതിപൂജ്യഃ
നാല്‌പാഹാരോ  ന വിഷയപരോ നാതിജീവി ന ശൂരോ-
നജ്ഞഃ ക്രുദ്ധഃ കലഹകൃദയം മന്ദപുത്രേ വിലഗ്നേ.

സാരം :-

ലഗ്നത്തിൽ ഗുളികൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ കള്ളനായും ക്രൂരനായും പണമില്ലാത്തവനായും വേദശാസ്ത്രങ്ങളെ അറിയാത്തവനായും അതിസ്ഥൂലനല്ലാത്തവനായും കണ്ണുകൾക്ക്‌ വൈകൃത്യം ഉള്ളവനായും അതിബുദ്ധിയും അതിപൂജ്യതയുമില്ലാത്തവനായും വളരെ ഭക്ഷിക്കുന്നവനായും വിഷയാസക്തി കുറഞ്ഞവനായും ദീർഘായുസ്സും അതിപരാക്രമവും അത്യന്തവിദ്വത്ത്വവും ഇല്ലാത്തവനായും കോപവും കലഹവും ഉള്ളവനായും ഭവിക്കും. 

മേൽപ്പറഞ്ഞ ഫലങ്ങൾ ലഗ്നത്തിൽ ശുഭഗ്രഹദൃഷ്ടിയോടുകൂടി ഗുളികൻ നിന്നാൽ സംഭവിക്കുന്നതല്ലെന്നും ആയതു രാജയോഗപ്രദമാണെന്നും പ്രമാണാന്തരമുണ്ട്. ലഗ്നത്തിൽ നിൽക്കുന്ന ഗുളികൻ രോഗപ്രദനുമാണ്.

*****************************************

രാജാഥവാ നൃപസമസ്തദുപാത്തവിത്ത-
ശ്ശ്രീമാൻ ഗജേന്ദ്രരഥവാഹനവാജിയുക്തഃ
ഗ്രാമേ പുരേ ച നഗരേ പരിപൂജ്യമാനോ
ലഗ്നസ്ഥമാന്ദിഫലമിത്യപരേ വദന്തി.

സാരം :-

ലഗ്നത്തിൽ ഗുളികൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ രാജാവോ രാജതുല്യനോ ആയിരിക്കുകയും അല്ലാത്തപക്ഷം രാജാവിങ്കൽനിന്ന് ലഭിക്കപ്പെട്ട സമ്പത്തുകളോടും ശ്രീയോടും കൂടിയവനായും, ആന, തേർ, കുതിര മുതലായ വാഹനങ്ങളുള്ളവനായും ഗ്രാമപുരനഗരജനങ്ങളാൽ പൂജിക്കപ്പെടുന്നവനായും ഭവിക്കും.

കർക്കടകം രാശിൽ, ചിങ്ങം രാശിയിൽ നില്ക്കുന്ന സൂര്യന്റെ ദശാകാലം

ദിവസകരസ്യ ദശായാം
ചന്ദ്രഗൃഹേ ഖ്യാതിമാൻ നൃപാത്തധനഃ
സ്വഗൃഹസൂര്യദശായാ-
മനേകവിത്താന്വിതോƒതിവിഖ്യാതഃ

സാരം :-

കർക്കടകം രാശിൽ നില്ക്കുന്ന സൂര്യന്റെ ദശാകാലം രാജാവിങ്കൽ നിന്ന് ലഭിയ്ക്കപ്പെട്ട ധനത്തോടുകൂടിയവനായും പ്രസിദ്ധനായും ഭവിക്കും.

ചിങ്ങം രാശിയിൽ നില്ക്കുന്ന സൂര്യന്റെ ദശാകാലം വളരെ ധനവും പ്രസിദ്ധിയും ഉള്ളവനായിരിക്കും.

മിഥുനം രാശിയിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം

മിഥുനഗമിഹിരദശായാം
ശാസ്ത്രകാലാകാവ്യഗോഷ്ഠിശില്പരതഃ
കൃഷിപശുധനധാന്യാദ്യൈ-
ര്യുക്തോ ലഭതേ ധനം നിജസുഹൃദ്ഭ്യഃ.

സാരം :-

മിഥുനം രാശിയിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം വ്യാകരണാദിശാസ്ത്രങ്ങളിലും നൃത്തഗീതാദികലകളിലും രാമായണാദികാവ്യങ്ങളിലും സദസ്സുകളിലും ശില്പവേലകളിലും തല്പരനായിരിക്കയും പശുവൃഷഭാദികളും കൃഷിയും ധനവും സിദ്ധിക്കയും ബന്ധുക്കളിൽ നിന്ന് ധനലാഭമുണ്ടാവുകയും ചെയ്യും.

ഇടവം രാശിയിൽ നില്ക്കുന്ന സൂര്യന്റെ ദശാകാലം

വൃഷഗതസൂര്യദശായാം
കൃഷിപശുസുതദാരവർജ്ജിതം ജനയേൽ
ഹൃദ്ഗുഹ്യനയനരോഗം
ചതുഷ്പദാദ്യൈർഭയം സമാപ്നോതി.

സാരം :-

ഇടവം രാശിയിൽ നില്ക്കുന്ന സൂര്യന്റെ ദശാകാലം കൃഷിക്കും പശുവൃഷഭാദികൾക്കും ഭാര്യയ്ക്കും പുത്രനും ഹാനിയും ഹൃദ്രോഗം, അർശസ്സ്, നേത്രരോഗം എന്നിവ സംഭവിക്കുകയും നാൽക്കാലിമൃഗങ്ങളിൽ നിന്ന് ഭയം സംഭവിക്കുകയും ചെയ്യും.

മേടംരാശിയിലോ പരമോച്ചത്തിലോ നിൽക്കുന്ന സൂര്യന്റെ ദശാകാലം

ഭാനോർദ്ദശായാം പരമോച്ചഗസ്യ
ഭൂമ്യർത്ഥദാരാത്മജകീർത്തിശൗര്യം
സമ്മാനനം ഭൂമിപതേസ്സകാശാ-
ദുപൈതി സഞ്ചാരവിനോദഗോഷ്ഠിം.

ഉച്ചാന്വിതസ്യാപി രവേർ ദശായോം
ഗോവൃദ്ധിധാന്യാർത്ഥപരിഭ്രമം ച
പ്രചണ്ഡവേശ്യാഗമനം സുഹൃത്ഭിർ-
വ്വൈരം സുഖം വാഹനലാഭമേതി.

സാരം :-

സൂര്യൻ (ആദിത്യൻ) പരമോച്ചത്തിലോ മേടംരാശിയിലോ നിൽക്കുകയാണെങ്കിൽ സൂര്യദശാകാലത്ത് ഭൂമി, ധനം, പുത്രൻ, കീർത്തി, ശൌര്യം എന്നിവ ലഭിക്കുകയും രാജാവിങ്കൽ നിന്ന് ബഹുമതി സിദ്ധിക്കയും സഞ്ചാരവും വിനോദവും പശ്വാദ്യഭിവൃദ്ധിയും ധനധാന്യപുഷ്ടിയും പരിഭ്രമണവും വേശ്യാപ്രാപ്തിയും ബന്ധുവിരോധവും സുഖവും വാഹനലാഭവും അനുഭവിക്കുന്നതായിരിക്കും.

സൂര്യൻ പരമോച്ചസ്ഥനാണെങ്കിൽ ശുഭഫലത്തിന് പൂർണ്ണതയും അല്ലെങ്കിൽ കിഞ്ചിൽ ന്യൂനതയും പറഞ്ഞുകൊൾകയും വേണം. 

പുഷ്കലയോഗത്തിൽ ജനിക്കുന്നവൻ

ജന്മേശേ തനുനായകേന സഹിതേ
സോച്ചസ്വമിത്രർക്ഷഗേ
കേന്ദ്രേ കോƒപി ബലീ പ്രപശ്യതിതനും
യോഗോപ്യം പുഷ്കലഃ
തദ്യോഗപ്രഭവഃ പുമാൻ നരവരൈഃ
സമ്മാനിതോ വിശ്രുതഃ
സ്വാകല്പാംബരഭൂഷിതശ്ശുഭവചാ-

സ്സർവ്വോത്തമസ്സൽപ്രഭുഃ


സാരം :-

ചന്ദ്രലഗ്നാധിപനായ ഗ്രഹം ലഗ്നാധിപനായ ഗ്രഹത്തോടുകൂടി കേന്ദ്രരാശികളിൽ ഉച്ചമോ സ്വക്ഷേത്രമോ ബന്ധുക്ഷേത്രമോ വഹിച്ചു നിൽക്കുകയും ബലവാനായ ഒരു ഗ്രഹം ലഗ്നത്തെ ദൃഷ്ടിചെയ്കയും ചെയ്‌താൽ " പുഷ്കലയോഗം " ഭവിക്കും.

പുഷ്കലയോഗത്തിൽ ജനിക്കുന്നവൻ രാജപൂജിതനായും പ്രസിദ്ധനായും നല്ല വസ്ത്രങ്ങളും ലേപനങ്ങളും ആഭരണങ്ങളും അണിയുന്നവനായും വാക്കിനു ഗുണവും പ്രഭുത്വവും സർവ്വോത്തമത്വവും ഉള്ളവനായും ഭവിക്കും.

സൂര്യദശാഫലം

സൗര്യാം സ്വം നഖദന്തചർമ്മകനക-
ക്രൗര്യാദ്ധ്വഭൂപാഹവൈ-
സ്തൈക്ഷ്ണ്യം ധൈര്യമജസ്രമുദ്യമരതിഃ
ഖ്യാതിഃ പ്രതാപോന്നതിഃ
ഭാര്യാപുത്രധനാദിശസ്ത്രഹുതഭുഗ്
ഭൂപോത്ഭവാ വ്യാപദ-
സ്ത്യ ഗീ പാപരതിസ്സ്വഭൃത്യകലഹോ
ഹൃൽക്രോഡപീഡാമയഃ

സാരം :-

സൂര്യന്റെ ദശാകാലം നഖം, ദന്തം, തുകൽ, സ്വർണ്ണം, എന്നിവയിൽ നിന്നും ക്രൗര്യം, സഞ്ചാരം എന്നിവയിൽ നിന്നും ധനലാഭം ഉണ്ടാകും. രാജാവിൽ നിന്നും, കലഹം, യുദ്ധം എന്നിവ നിമിത്തമായും ധനലാഭം സിദ്ധിക്കും. ഉത്സാഹം (ഉദ്യോഗം) എന്നിവയ്ക്ക് സാഫല്യമുണ്ടാകും. ഉഗ്രസ്വഭാവം, ധൈര്യം, ഔന്നത്യം, ഉന്നതസ്ഥാനപ്രാപ്തി, പ്രസിദ്ധി, പ്രതാപശക്തി എന്നിവ ഉണ്ടായിരിക്കും.

സൂര്യൻ അനിഷ്ടഫലപ്രദനായാൽ ഭാര്യ, പുത്രൻ, ധനം, ശത്രു, ആയുധം, അഗ്നി, രാജാവ് എന്നിവ നിമിത്തം ആപത്തുകൾ സംഭവിക്കുക. ധനനഷ്ടം, ത്യാഗം, പാപകർമ്മങ്ങളിൽ താല്പര്യം, ഭൃത്യന്മാരുമായി കലഹമോ വിരോധമോ സംഭവിക്കുക, ഹൃദ്രോഗം, ഉദരരോഗം മുതലായ രോഗോപദ്രവങ്ങളുണ്ടാവുക എന്നീ ഫലങ്ങളും പറഞ്ഞുകൊള്ളണം. 

സൂര്യദശാഫലങ്ങൾ


 1. സൂര്യദശാഫലം 
 2. മേടംരാശിയിലോ പരമോച്ചത്തിലോ നിൽക്കുന്ന സൂര്യന്റെ ദശാകാലം 
 3. ഇടവം രാശിയിൽ നില്ക്കുന്ന സൂര്യന്റെ ദശാകാലം 
 4. മിഥുനം രാശിയിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം 
 5. കർക്കടകം രാശിൽ, ചിങ്ങം രാശിയിൽ നില്ക്കുന്ന സൂര്യന്റെ ദശാകാലം 
 6. കന്നി രാശിയിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം 
 7. തുലാം രാശിയിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം 
 8. വൃശ്ചികം രാശിയിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം 
 9. ധനു രാശിയിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം 
 10. മകരം രാശിയിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം 
 11. കുംഭം രാശിയിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം 
 12. മീനം രാശിയിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം 
 13. അതിബന്ധുക്ഷേത്രത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം 
 14. ബന്ധുക്ഷേത്രത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം 
 15. സമക്ഷേത്രത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം 
 16. ശത്രുക്ഷേത്രത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം 
 17. അതിശത്രുക്ഷേത്രത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം 
 18. ആരോഹിണിയായ സൂര്യദശയിൽ 
 19. അവരോഹിണിയായ സൂര്യദശയിൽ 
 20. കേന്ദ്രരാശിയിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം 
 21. അഞ്ചാം ഭാവത്തിലോ ഒമ്പതാം ഭാവത്തിലോ നിൽക്കുന്ന സൂര്യന്റെ ദശാകാലം 
 22. പാപഗ്രഹയുക്തനായ സൂര്യന്റെ ദശാകാലം 
 23. പാപഗ്രഹദൃഷ്ടനായ സൂര്യന്റെ ദശാകാലം 
 24. ശുഭഗ്രഹയുക്തനായ സൂര്യന്റെ ദശാകാലം 
 25. ശുഭഗ്രഹദൃഷ്ടനായ സൂര്യന്റെ ദശാകാലം  
 26. ഉച്ചരാശ്യംശകത്തോടുകൂടി നിൽക്കുന്ന സൂര്യന്റെ ദശാകാലം 
 27. നീചരാശ്യംശകത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം 
 28. സർപ്പദ്രേക്കാണത്തിലോ അല്ലെങ്കിൽ പാശഭൃദ്ദ്രേക്കാണത്തിലോ നിൽക്കുന്ന സൂര്യന്റെ ദശാകാലം 
 29. രണ്ടാം ഭാവത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം 
 30. മൂന്നാം ഭാവത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം 
 31. നാലാം ഭാവത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം 
 32. ആറാം ഭാവത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം 
 33. ഏഴാം ഭാവത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം 
 34. എട്ടാം ഭാവത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം 
 35. പത്താം ഭാവത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം 
 36. പതിനൊന്നാം ഭാവത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം 
 37. പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം 
 38. സൂര്യദശയുടെ ആദ്യത്തിൽ, മദ്ധ്യത്തിൽ, അന്ത്യത്തിൽ 
 39. ഉച്ചരാശിയിലാണെങ്കിലും നീചനവാംശരാശിയിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം 
 40. നീചരാശിയിലാണെങ്കിലും ഉച്ചനവാംശകരാശിയിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം 
 41. സ്ഥാനബലപൂർണ്ണനായ സൂര്യന്റെ ദശാകാലം 
 42. ദിഗ്വീര്യയുക്തനായ, ചേഷ്ടാബലയുക്തനായ സൂര്യന്റെ ദശാകാലം 

വസുമദ്യോഗത്തിൽ ജനിക്കുന്നവൻ

ലഗ്നാദ്വോപചയേ സർവ്വൈ-
ശ്ചന്ദ്രാദ്വാ വസുമാൻ ശുഭൈഃ
ദ്വാഭ്യം സമോƒല്പവസുമാൻ
ശുഭേനൈകേന വാ ഭവേൽ

സാരം :-

ലഗ്നരാശിയിൽ നിന്നോ ചന്ദ്രൻ നിൽക്കുന്ന രാശിയിൽ നിന്നോ മൂന്നാം ഭാവം, ആറാം ഭാവം, പത്താം ഭാവം, പതിനൊന്നാം ഭാവം എന്നീ ഭാവങ്ങളിൽ (ഉപചയരാശിസ്ഥാനങ്ങളിൽ) വ്യാഴം, ബുധൻ, ശുക്രൻ എന്നീ ശുഭഗ്രഹങ്ങൾ നിന്നാൽ " അതീവ വസുമദ്യോഗം "

ലഗ്നരാശിയിൽ നിന്നോ ചന്ദ്രൻ നിൽക്കുന്ന രാശിയിൽ നിന്നോ മൂന്നാം ഭാവം, ആറാം ഭാവം, പത്താം ഭാവം, പതിനൊന്നാം ഭാവം എന്നീ ഭാവങ്ങളിൽ (ഉപചയരാശിസ്ഥാനങ്ങളിൽ) രണ്ടു ശുഭഗ്രഹങ്ങൾ നിന്നാൽ " സമവസുമദ്യോഗം ".

ലഗ്നരാശിയിൽ നിന്നോ ചന്ദ്രൻ നിൽക്കുന്ന രാശിയിൽ നിന്നോ മൂന്നാം ഭാവം, ആറാം ഭാവം, പത്താം ഭാവം, പതിനൊന്നാം ഭാവം എന്നീ ഭാവങ്ങളിൽ (ഉപചയരാശിസ്ഥാനങ്ങളിൽ) ഒരു ശുഭഗ്രഹം മാത്രം നിന്നാൽ " അല്പവസുമദ്യോഗം "

വസുമദ്യോഗത്തിൽ ജനിക്കുന്നവൻ ഏറ്റവും ധനവാനായിരിക്കുകയും ചെയ്യും.

വസുമദ്യോഗം, ഗജകേസരിയോഗം മുതലായ യോഗങ്ങൾ കേമദ്രുമാദി ദുഷ്ടയോഗങ്ങളുടെ അനിഷ്ടഫലങ്ങളെ കുറെയെല്ലാം ഹനിക്കുന്നതും അർത്ഥലാഭാദിഗുണങ്ങളെ ചെയ്യുന്നതുമാകുന്നു എന്ന് പ്രമാണമുണ്ട്.

****************************************

ലഗ്നരാശിയിൽ നിന്നോ ചന്ദ്രലഗ്നരാശിയിൽ നിന്നോ മൂന്നാം ഭാവം, ആറാം ഭാവം, പത്താം ഭാവം, പതിനൊന്നാം ഭാവം എന്നീ ഭാവങ്ങളിലായി എല്ലാ ശുഭഗ്രഹങ്ങളും നിന്നാൽ " വസുമദ്യോഗം ".

തിഷ്ഠേയുസ്സ്വഗൃഹെസദാ വസുമതി
ദ്രവ്യാണ്യ നല്പാന്യപീതി തത്ഫലം

ഗജകേസരിയോഗത്തിൽ (കേസരി യോഗത്തിൽ) ജനിക്കുന്നവൻ

കിം കുർവ്വന്തി ഗ്രഹാസ്സർവ്വേ ചന്ദ്രകേന്ദ്രേ ബൃഹസ്പതൌ
ഗജയൂഥസഹസ്രാണി നിഹന്ത്യേകോപി കേസരി.

സാരം :-

ചന്ദ്രന്റെ കേന്ദ്രരാശികളിൽ വ്യാഴം നിന്നാൽ ഗജകേസരിയോഗമുണ്ട്. ഇതിനെ കേസരിയോഗം എന്നും പറയുന്നുണ്ട്. അനേകഗജങ്ങളെ (ആനകളെ) ഒരു സിംഹം നിഗ്രഹിക്കുന്നപോലെ ഈ കേസരിയോഗം മറ്റെല്ലാ അരിഷ്ടയോഗങ്ങളെയും അനിഷ്ടഫലങ്ങളെയും ദൂരികരിക്കുന്നതാണ്. 

കേസരി യോഗത്തിൽ  ജനിക്കുന്നവൻ സകല ശത്രുക്കളേയും നശിപ്പിക്കുന്നവനായും സദസ്സിൽ നല്ലവണ്ണം സംസാരിക്കുന്നവനായും നല്ല പ്രവൃത്തികളും പ്രസിദ്ധിയും പ്രശസ്തിയും ദീർഘായുസ്സും സമ്പത്തും പരാക്രമവും ഉള്ളവനായും ഭവിക്കുകയും ചെയ്യും.

********************************

വ്യാഴവും ചന്ദ്രനും പരസ്പരം കേന്ദ്രരാശിസ്ഥിതന്മാരായിരുന്നാൽ കേസരിയോഗം (ഗജകേസരിയോഗം).

കേസരീവ രിപുവർഗ്ഗനിഹന്താ
പ്രൗഢവാക് സദസീരാജിത വൃത്തിഃ
ദീർഘജീവ്യതിയശഃ പടുബുദ്ധി
സ്തേജസാ ജയതിരിതി തത്ഫലം.

അർത്ഥസിദ്ധികരീയോഗം

ലാഭേശേ ധനഗേ ലാഭേ ധനേശേ വാഥ താവുഭൗ
കേന്ദ്രഗൌ വാ മിഥോ ദൃഷ്ടാവർത്ഥസിദ്ധികരീ ഭവേൽ.

സാരം :-

രണ്ടാം ഭാവാധിപനായ ഗ്രഹം പതിനൊന്നാം ഭാവത്തിലും പതിനൊന്നാം ഭാവാധിപനായ ഗ്രഹം രണ്ടാം ഭാവത്തിലും നിൽക്കുക. അല്ലെങ്കിൽ രണ്ടാം ഭാവാധിപനായ ഗ്രഹവും പതിനൊന്നാം ഭാവാധിപനായ ഗ്രഹവും ലഗ്നം നാലാം ഭാവം, ഏഴാം ഭാവം, പത്താം ഭാവം എന്നീ കേന്ദ്രരാശികളിലോ പരസ്പരദൃഷ്ടിയോടുകൂടി ഇഷ്ടഭാവങ്ങളിലോ നിൽക്കുക. എന്നാൽ അത് അർത്ഥസിദ്ധികരീയോഗമായിരിക്കും.

അർത്ഥസിദ്ധികരീയോഗത്തിൽ ജനിക്കുന്നവൻ പല പ്രകാരേണ അർത്ഥലാഭമുള്ളവനായി ഭവിക്കുകയും ചെയ്യും. 

കേതു അനിഷ്ടനായാൽ

വൈഡൂര്യരത്നം സ തിലം ച തൈലം
സുകംബളം കുഞ്ജരമേണനാഭിം
ശസ്ത്രം ച കേതോഃ പരിതോഷഹേതോ-
രുദീര്യതാം ദാനമിദം മുനീന്ദ്രൈഃ.

സാരം :-

കേതു അനിഷ്ടനായാൽ വൈഡൂര്യരത്നം, എള്ള്, കരിമ്പടം, ആന, കസ്തൂരി, ആയുധം എന്നിവ ദാനം ചെയ്കയും കേതുശാന്തിചെയ്കയും കേതുമന്ത്രങ്ങൾ ജപിക്കയും നമസ്കരിക്കുകയും ചാമുണ്ഡിയെ ഭജിക്കുകയും വൈഡൂര്യരത്നം ധരിക്കയും വേണം.

******************************************

ഏതു വിധത്തിലുള്ള ഗ്രഹദോഷത്തിനും നവഗ്രഹശാന്തി ചെയ്കയും സൂര്യാദികളായ അതാതു ഗ്രഹങ്ങളുടെ പ്രതിമകൾ ഉണ്ടാക്കി വിധിപ്രകാരം പൂജിച്ചു ദാനം ചെയ്കയും വിഹിതമാകുന്നു.

രാഹു അനിഷ്ടനായാൽ

ഗോമേദരത്നം ച തുരംഗമഞ്ച
നീലാംബരം കംബളമപ്യജം ച
തിലശ്ച തൈലം ഖലു ലോഹമിശ്രം
സ്വർഭാനവേ ദാനമിദം വദന്തി.

സാരം :-

രാഹു അനിഷ്ടനായാൽ ഗോമേദകരത്നം, കുതിര, നീലവസ്ത്രം, കരിമ്പടം, ആട്, എള്ള്, എണ്ണ (ഇരുമ്പുപാത്രത്തിലാക്കിയത്) ഇരുമ്പ് എന്നിവ ദാനം ചെയ്കയും സർപ്പബലി ചെയ്കയും രാഹുശാന്തിചെയ്കയും രാഹുപ്രീതികരങ്ങളായ മന്ത്രങ്ങളെ പരിശീലിക്കയും പ്രത്യേകം വേണ്ടതാകുന്നു.

ശനി അനിഷ്ടനായാൽ

മാഷം ച തൈലം വിമലേന്ദ്രനീലം
തിലാഃ കുലത്ഥാ മഹിഷീ ച ലോഹഃ
സകംബളം ഗൗരസിതാ ച സമ്യഗ്-
ദ്യുഷ്ടായ ദാനം രവിജായ കുര്യാൽ.

സാരം :-

ശനി അനിഷ്ടനായാൽ ഉഴുന്ന്, എണ്ണ, ഇന്ദ്രനീലരത്നം, എള്ള്, മുതിര, എരുമ, ഇരുമ്പ്, കരിമ്പടം, കറുത്തപശു എന്നീ ദ്രവ്യങ്ങളെ ദാനം ചെയ്കയും ശാസ്താവിനെ ഭജിക്കയും ശനൈശ്ചരശാന്തി ചെയ്കയും ശനി മന്ത്രങ്ങളെ ജപിക്കയും കറുത്ത പുഷ്പംകൊണ്ട് പൂജിക്കയും കൃഷ്ണവസ്ത്രവും ഇന്ദ്രനീലരത്നവും ധരിക്കയും നീചാന്നദാനം ചെയ്കയും വേണം.

മഹാഭാഗ്യയോഗത്തിൽ ജനിക്കുന്ന പുരുഷൻ / സ്ത്രീകൾ

മഹാഭാഗ്യേ ജാതസ്സകലനയനാനന്ദജനകോ
വദാന്ന്യോ വിഖ്യാതഃ ക്ഷിതിപതിരശീത്യായുരമലഃ
വധൂനാം യോഗേസ്മിൻ സതി ധനസുമംഗല്യസഹിതാ
ചിരം പുത്രൈഃ പൗത്രൈശ്ശുഭമുപഗതാ സാ സുചരിതാ.

സാരം :-

മഹാഭാഗ്യയോഗത്തിൽ ജനിക്കുന്ന പുരുഷൻ എല്ലാ ജനങ്ങളുടേയും കണ്ണുകൾക്ക്‌ ആനന്ദത്തെ ജനിപ്പിക്കുന്നവനായും ഔദാര്യവും യശസ്സും സമ്പത്തും പ്രഭുത്വവും ഉള്ളവനായും നിർമ്മലനായും എണ്‍പതു വയസ്സു (80 വയസ്സ്) വരെ ജീവിച്ചിരിക്കുന്നവനായും ഭവിക്കും.

മഹാഭാഗ്യയോഗത്തിൽ ജനിക്കുന്ന സ്ത്രീകൾ വളരെ സമ്പത്തും ദീർഘമംഗല്യവും പുത്രപൌത്രാദിപുഷ്ടിയും പാതിവ്രത്യവും ശുഭ പ്രാപ്തിയും സംഭവിക്കുകയും ചെയ്യും.

മഹാഭാഗ്യയോഗം

നൃണാമോജഭേഷ്വർക്കചന്ദ്രൌ ച ലഗ്നം
ദിവാ ജന്മ ച സ്യാന്മഹാഭാഗ്യയോഗഃ
തഥായോഷിതാമേഷ യോഗോ നിശായാം
പ്രസൂതിസ്സമർക്ഷേƒർക്കചന്ദ്രൌദയശ്ചേൽ.

സാരം :-

സൂര്യനും ചന്ദ്രനും ഓജരാശികളിൽ നിൽക്കുകയും ലഗ്നം ഓജരാശിയായി വരികയും പകൽ ജനിക്കുകയും പുരുഷനായിരിക്കുകയും ചെയ്താലും  " മഹാഭാഗ്യയോഗം " സംഭവിക്കും

സ്ത്രീകൾ രാത്രിയിൽ ജനിക്കുകയും സൂര്യചന്ദ്രന്മാർ യുഗ്മരാശിയിൽ നിൽക്കുകയും ലഗ്നം യുഗ്മരാശിയായിരിക്കുകയും ചെയ്താലും " മഹാഭാഗ്യയോഗം " സംഭവിക്കും

ശുക്രൻ അനിഷ്ടനായാൽ

ചിത്രാംബരം ശുഭ്രതരസ്തുരംഗോ
ധേനുശ്ച വജ്രം രജതം സുവർണ്ണം
സുതണ്ഡുലാജ്യോത്തമലേപനാനി
പ്രീത്യൈ പ്രദദ്യാദ് ഭൃഗുനന്ദനസ്യ.

സാരം :-

ശുക്രൻ അനിഷ്ടനായാൽ പല വർണ്ണത്തിലുള്ള വസ്ത്രം, വെളുത്ത കുതിര, പശു, വെള്ളി, സ്വർണ്ണം, അരി, നെയ്യ്, ചന്ദനാദി ലേപനദ്രവ്യങ്ങൾ എന്നിവ ദാനം ചെയ്കയും മഹാലക്ഷ്മിയെ ഭജിക്കയും ശുക്രശാന്തി ചെയ്കയും വെള്ളവസ്ത്രവും വജ്രവും (വൈരകല്ലും) ധരിക്കയും വെളുത്ത പൂവുകൊണ്ട് പൂജിക്കുകയും വേണം.

അമലായോഗത്തിൽ ജനിക്കുന്നവൻ

യസ്യ ജന്മസമയേ ശശിലഗ്നാൽ
സദ്‌ഗ്രഹോ യദി ച കർമ്മണി സംസ്ഥഃ
തസ്യ കീർത്തിരമലാ ഭുവി തിഷ്‌ഠേ-
ദായുഗാന്തമവിനാശിതസമ്പൽ.

സാരം :-

ജന്മലഗ്നത്തിന്റെയോ ചന്ദ്രലഗ്നത്തിന്റെയോ പത്താഭാവത്തിൽ ശുഭഗ്രഹസ്ഥിതിയുണ്ടായാൽ "അമലായോഗം ".

അമലായോഗത്തിൽ ജനിക്കുന്നവൻ പ്രളയകാലംവരെ നിൽക്കുന്ന കീർത്തിയും ഒരിക്കലും നശിക്കാത്ത സമ്പത്തുകളും ഉള്ളവനായും ഭവിക്കും.

വ്യാഴം അനിഷ്ടനായാൽ

ശർക്കരാ ച രജനീ തുരംഗമഃ
പീതധാന്യമപി പീതമംബരം
പുഷ്യരാഗലവണാനി കാഞ്ചനം
പ്രീതയേƒസുരഗുരോഃ പ്രദീയതാം

സാരം :-

വ്യാഴം അനിഷ്ടനായാൽ പഞ്ചസാര, മഞ്ഞൾ, കുതിര, ചെന്നെല്ല് മുതലായ പീതധാന്യങ്ങൾ, മഞ്ഞപ്പട്ട്, പുഷ്യരാഗരത്നം, ഉപ്പ്, സ്വർണ്ണം എന്നിവ ദാനം ചെയ്കയും വ്യാഴത്തിന്റെ മന്ത്രങ്ങൾകൊണ്ട് ജപഹോമനമസ്കരാദികൾ ചെയ്കയും വിഷ്ണുവിനെ ഭജിക്കുകയും മഞ്ഞനിറത്തിലുള്ള പൂക്കൾകൊണ്ട് പൂജിക്കയും ബ്രാഹ്മണഭോജനം നടത്തുകയും മഞ്ഞപ്പട്ടും മഞ്ഞപുഷ്യരാഗരത്നവും ധരിക്കുകയും വേണം.

ശംഖാദിയോഗഫലങ്ങൾ

ധീമാൻ ശംഖസമുത്ഭവോ ഗുണനിധിർ-
വ്വീര്യാന്വിതോ ജ്ഞാനവാൻ
ചക്രേസർവ്വഗുണാലയോ നരപതി-
സ്സാമ്രാജ്യസമ്പദ്യുതഃ
സമുദ്രേ ജനവല്ലഭോƒതികൃപണോ
വിത്തേശ്വരോഭോഗവാൻ
വിഖ്യാതോബഹുനാമഭിർദ്ധനവതാം
ശ്രേഷ്ഠോ മഹേന്ദ്രോത്ഭവഃ

സാരം :-


ശംഖയോഗത്തിൽ ജനിക്കുന്നവൻ അനേകഗുണങ്ങളും വീര്യവും അറിവും ഉള്ളവനായിരിക്കും.

ചക്രയോഗത്തിൽ ജനിക്കുന്നവൻ എല്ലാ ഗുണങ്ങളുടേയും ഇരിപ്പിടമായും രാജാവോ രാജതുല്യനോ ആയും സകല സാമ്രാജ്യസമ്പത്തുകളുള്ളവനായും ഭവിക്കും. ചക്രയോഗത്തിൽ ജനിക്കുന്നവൻ ചക്രവർത്തിയാകും.

സമുദ്രയോഗത്തിൽ ജനിക്കുന്നവൻ ജനപ്രധാനിയായും ഏറ്റവും ലുബ്ധനായും ധനാധിപനായും ഭോഗസുഖമുള്ളവനായും ഭവിക്കും.

ശചീവല്ലഭയോഗത്തിൽ ജനിക്കുന്നവൻ ഏറ്റവും യശസ്സുള്ളവനായും ധനവാന്മാരിൽവച്ച് പ്രധാനിയായും ഭവിക്കും.

*************************************************

ഏഴു ഗ്രഹങ്ങളും ലഗ്നം, മൂന്നാം ഭാവം, അഞ്ചാം ഭാവം, ഏഴാം ഭാവം, ഒമ്പതാം ഭാവം, പതിനൊന്നാം ഭാവം എന്നീ ഭാവങ്ങളിലായി നിന്നാൽ " ചക്രയോഗം "

ഏഴു ഗ്രഹങ്ങളും രണ്ടാം ഭാവം, നാലാം ഭാവം, ആറാം ഭാവം, എട്ടാം ഭാവം, പത്താം ഭാവം, പന്ത്രണ്ടാം ഭാവം എന്നീ ഭാവങ്ങളിലായി നിന്നാൽ " സമുദ്രയോഗം ".

ഏഴു ഗ്രഹങ്ങളും ലഗ്നം, നാലാം ഭാവം, ഒമ്പതാം ഭാവം, പതിനൊന്നാം ഭാവം എന്നീ ഭാവങ്ങളിലായി നിന്നാൽ " ശംഖയോഗം ".

 രണ്ടാം ഭാവം, മൂന്നാം ഭാവം, ആറാം ഭാവം, ഏഴാം ഭാവം, പത്താം ഭാവം, പതിനൊന്നാം ഭാവം എന്നീ ഭാവങ്ങളിലായി  ഗ്രഹങ്ങളും നിന്നാൽ "ശചീവല്ലഭയോഗം"

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.