ഞാന്‍ ഹിന്ദുവാണ്...

എന്‍റെ മതം (ധർമ്മം) മനുഷ്യന്‍ സര്‍വ്വ ചരാചരങ്ങള്‍ക്കുമായി നിര്‍മിച്ചതാണ്. 

എന്റെ മതം ദൈവം മനുഷ്യനെകൊണ്ട് ദൈവത്തെ ആരാധിപ്പിക്കാന്‍ സൃഷ്ടിച്ചതല്ല. അതിനാല്‍തന്നെ ചിലപ്പോള്‍ എന്റെ മതത്തില്‍ ദൈവത്തേക്കാളും ദൈവീകതയേക്കാളും ഉപരി മാനവികതയും ദൈവതുല്യരായ മനുഷ്യരേയും കാണാം...

എന്റെ മതം ഒരിക്കലും എല്ലാം മനുഷ്യനുവേണ്ടിയാണ് എന്ന് പറഞ്ഞില്ല... എന്റെ മതം പറഞ്ഞു എല്ലാം പ്രപഞ്ചത്തിന്‍റെ നിലനാല്‍പ്പിന് വേണ്ടിയാണ്, അതിനാല്‍തന്നെ ഓരോ പുല്‍ക്കൊടിയും നിന്നോളം പ്രാധാന്യമര്‍ഹിക്കുന്നു...
എന്റെ മതം പറഞ്ഞു ദൈവം അകലങ്ങളിലല്ല നിന്നിലും നിന്റെ ചുറ്റിലുമുള്ള തൂണിലും തുരുമ്പിലും നിറഞ്ഞു നില്‍ക്കുന്നു. അതിനാല്‍തന്നെ ദൈവമെന്ന ഉറച്ചവിശ്വാസത്തില്‍ നീ എന്തിനെ കുമ്പിട്ടാലും അത് ദൈവത്തെ കുമ്പിടല്‍ തന്നെയാണ്...
നിന്‍റെ തെറ്റുകള്‍ക്ക് ദൈവം നിന്നെ ശിക്ഷിക്കുമെന്ന് എന്റെ മതം പറഞ്ഞില്ല, എന്റെ മതം പറഞ്ഞു  ദൈവം നിന്റെ തെറ്റുകളെ പൊറുക്കുന്ന സ്നേഹനിധിയാണ്...
എന്റെ മതം പറഞ്ഞു ദൈവം നിന്നില്‍നിന്നും വ്യത്യസ്ഥനും അരൂപിയുമാണെങ്കിലും നീ ഇഛിക്കുന്ന ഏത് രൂപത്തിലും നിന്നെ സഹായിക്കുന്ന സര്‍വ്വ ശക്തനാണ്
എന്റെ മതം പറഞ്ഞു നീ കേട്ടതോ വായിച്ചതോ കണ്ടതോ വിശ്വസിക്കുന്നതിന്മുന്പ് സ്വന്തം യുക്തികൊണ്ട് ചിന്തിച്ച് സ്വീകാര്യമെങ്കില്‍ സ്വീകരിക്കുക...
എന്റെ മതം പറഞ്ഞു നിന്റെ ചിന്തയനുസരിച്ച് ആരാകാനും സാധിക്കുന്നവനാണ് ദൈവം
എന്റെ മതം പറഞ്ഞു നീ പിന്തുടരുന്ന ആരാധനാരീതികളെല്ലാം ശരിയാണ്, പക്ഷേ ഫലം നിന്‍റെ ഉള്ളിലെ വിശ്വാസം അനുസരിച്ചിരിക്കും
എന്റെ മതം ആരാധനയ്ക്ക് നിഷ്കര്‍ഷ വച്ചില്ല, ആരാധനാരീതികള്‍ എന്റെ ഇഷ്ടത്തിന് വിട്ട്തന്നു. അതിനാല്‍ അരൂപിയായും സരൂപിയായും എങ്ങിനേയും ആരാധിക്കാം
എന്റെ മതം എന്നോട് പറഞ്ഞു നീ കണ്ടതും മനസിലാക്കുന്നതും മാത്രമല്ല അതിലുപരിയാണ് ദൈവം... ദൈവത്തെ ഏത്രുപത്തിലും എങ്ങിനേയും ആരാധിക്കാം... അതിനാല്‍ തന്നെ മറ്റു മതങ്ങളേയും ആരാധനാരീതികളേയും എനിക്ക് ബഹുമാനിക്കാം... ശിവനേയും വിഷ്ണുവിനേയും പിതാപുത്ര പരിശുദ്ധാത്മാവിനേയും അള്ളാഹുവിനേയും ഒന്നായി കാണാം ആരാധിക്കാം....
കാരണം ഞാന്‍ ഹിന്ദുവാണ്

പതിനൊന്നാം ഭാവത്തിൽ, പന്ത്രണ്ടാം ഭാവത്തിൽ ശുക്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

പരയുവതിരതോƒനേകാർത്ഥഭൃത്യാത്മസൗഖ്യോ
ഭൃഗുഭുവി ഭവസംസ്ഥേ ഭൂപലബ്ധാർത്ഥഭോഗീ
വിസുഹൃദടനശീലോ വിത്തവാൻ മൃഷ്ടഭോജീ
പൃഥുതനുരലസോƒന്ത്യേ നിർമ്മലസ്വാപസൗഖ്യഃ

സാരം :-

പതിനൊന്നാം ഭാവത്തിൽ ശുക്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ പരസ്ത്രീകളിൽ തൽപരനായും വളരെ ദ്രവ്യങ്ങളും ഭൃത്യന്മാരും സുഖവും  ഉള്ളവനായും രാജാവിങ്കൽ നിന്ന് ലഭിക്കപ്പെട്ട സമ്പത്തുകളോടുകൂടിയവനായും ഭവിക്കും.

പന്ത്രണ്ടാം ഭാവത്തിൽ ശുക്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ ബന്ധുക്കളോടു വേർപെട്ടവനായും സഞ്ചാരിയായും ധനമുള്ളവനായും മൃഷ്ടാന്നഭോജിയായും തടിച്ചിരിക്കുന്ന ശരീരത്തോടുകൂടിയവനായും മടിച്ചിരിക്കുന്നവനായും നിർമ്മലനായും ശയനസുഖമുള്ളവനായും ഭവിക്കും.

ഒമ്പതാം ഭാവത്തിൽ, പത്താം ഭാവത്തിൽ ശുക്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

അതിഥിസുരസപര്യസ്സദ്ധനശ്ശുദ്ധദാര-
സ്സസുതനൃപതിഭാഗ്യോ ഭാർഗ്ഗവേ ഭാഗ്യസംസ്ഥേ
ബഹുമതിസുഹൃദർത്ഥഃ കർഷകഃ കീർത്തിശാലീ
നഭസി മഹിതകർമ്മാ വസ്ത്രമൂല്യാപ്തവിത്തഃ

സാരം :-

ഒമ്പതാം ഭാവത്തിൽ ശുക്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ അതിഥി സല്ക്കാരത്തിലും ദേവപൂജയിലും താല്പര്യമുള്ളവനായും വളരെ ധനവും നല്ല ഭാര്യയും പുത്രന്മാരും ഉള്ളവനായും മഹാരാജപ്രസാദംകൊണ്ട് ലഭിക്കപ്പെട്ട ഐശ്വര്യത്തോടുകൂടിയവനായും ഭവിക്കും.

പത്താം ഭാവത്തിൽ ശുക്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ ഏറ്റവും ബുദ്ധിശക്തിയും ബന്ധുക്കളും ധനപുഷ്ടിയും കൃഷിഗുണവും സൽകീർത്തിയും ഉള്ളവനായും വളരെ ശ്രേഷ്ഠകർമ്മങ്ങളെ ചെയ്യുന്നവനായും വസ്ത്രങ്ങളെ വിറ്റുലഭിക്കപ്പെട്ട ധനത്തോടുകൂടിയവനായും ഭവിക്കും.

ഏഴാം ഭാവത്തിൽ, എട്ടാം ഭാവത്തിൽ ശുക്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

ബഹുയുവതിവിഷക്തഃ സ്ത്രീജിതോ നഷ്ടദാര-
സ്സുതനുസുഭഗസൗഖ്യഃ കാമഗേ വ്യംഗ ആഢ്യഃ
അനുഭവസുഖവിത്തപ്രൗഢിഭാഗായതായുഃ
പ്രഭുരവനിപതിർവ്വാ നൈധനേ ദാനവേഢ്യേ.

സാരം :-

ഏഴാം ഭാവത്തിൽ ശുക്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ ബഹുസ്ത്രീസക്തനായും സ്ത്രീജിതനായും സ്വഭാര്യയ്ക്ക് നാശം സംഭവിക്കുന്നവനായും സൗന്ദര്യവും സൗഭാഗ്യവും സുഖവും സമ്പത്തും പ്രഭുത്വവും ഉള്ളവനായും ഭവിക്കും.

എട്ടാം ഭാവത്തിൽ ശുക്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ അനുഭവസുഖമുള്ളവനായും വളരെ സമ്പത്തും പ്രൌഡിയും ദീർഘായുസ്സും ഉള്ളവനായും പ്രഭുത്വമോ രാജത്വമോ ഉള്ളവനായും ഭവിക്കും.

അഞ്ചാം ഭാവത്തിൽ, ആറാം ഭാവത്തിൽ ശുക്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

പ്രഭുരതിമതിരർത്ഥാപത്യമിത്രസ്സമർത്ഥ-
സ്തുരഗബലഭൃദാര്യഃ പഞ്ചമേ മന്ത്രിമുഖ്യഃ
യുവതിജനകൃതാനർത്ഥോƒരിഹാ ഭീരുരാർത്തഃ
പരിഭവപരിവാദൈർവ്വിഹ്വലോ ബഹ്വമിത്രേ.

സാരം :-

അഞ്ചാം ഭാവത്തിൽ ശുക്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ പ്രഭുവായും ഏറ്റവും ബുദ്ധിസാമർത്ഥ്യവും വളരെ സമ്പത്തും സന്താനങ്ങളും ബന്ധുക്കളും ഉള്ളവനായും സമർത്ഥനായും കുതിരപ്പടനായകനോ രാജാവിന്റെ പ്രധാനമന്ത്രിയോ ആയി പൂജ്യനായും ഭവിക്കും.

ആറാം ഭാവത്തിൽ ശുക്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ സ്ത്രീകൾ (ഭാര്യ) നിമിത്തം പലതരത്തിൽ ക്ലേശങ്ങൾ അനുഭവിക്കുന്നവനായും ശത്രുക്കളെ ഹനിക്കുന്നവനായും ഭയമുള്ളവനായും രോഗാദികളാൽ പീഡിതനായും പരാജയവും അപവാദവും നിമിത്തം വളരെ പരവശനായും ഭവിക്കും.

മൂന്നാം ഭാവത്തിൽ, നാലാം ഭാവത്തിൽ ശുക്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

വിസുഖവിഭവദാരസ്ത്രീജിതോ വിപ്രിയോƒച്ഛേ
സഹജജുഷികദര്യഃ ക്രുദ്ധവാഗല്പബുദ്ധിഃ
വിഭവസുഖഗൃഹസ്ത്രീയാനവിദ്യാവിലാസീ
സസുഹൃദുദിതകീർത്തിർവ്വിക്രമസ്ഥേ സുവേഷഃ

സാരം :-

മൂന്നാം ഭാവത്തിൽ ശുക്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ സുഖവും ഗൃഹോപകരണങ്ങളും ഭാര്യാസുഖവും കുറഞ്ഞിരിക്കുകയും അഥവാ സ്ത്രീകൾക്കധീനനായും ഒരിക്കലും ഒന്നിലും ഇഷ്ടം ഇല്ലാത്തവനായും ആർക്കും ഒന്നും കൊടുക്കാത്തവനായും കോപത്തോടുകൂടി പറയുന്നവനായും ബുദ്ധിസാമർത്ഥ്യം ഇല്ലാത്തവനായും ഭവിക്കും.

നാലാം ഭാവത്തിൽ ശുക്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ ഗൃഹോപകരണസമ്പത്തും സുഖവും ഉത്തമഗൃഹങ്ങളും കളത്രസുഖവും നല്ല വാഹനങ്ങളും വിദ്യയും ശൃംഗാരചേഷ്ടാവിശേഷങ്ങളും ബന്ധുക്കളും പ്രസിദ്ധിയും ഉള്ളവനായും വിശേഷവസ്ത്രങ്ങൾ ആഭരണങ്ങൾ അനുലേപനങ്ങൾ എന്നിവകളെക്കൊണ്ട് അലങ്കരിക്കുന്നവനായും ഭവിക്കും.

ലഗ്നത്തിൽ, രണ്ടാം ഭാവത്തിൽ ശുക്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

സുതനുനയനവക്ത്രസ്സൗഖ്യദീർഘായുരാഢ്യോ
വപുഷി യുവതികാന്തഃ പുത്രവാൻ ഭീരുരച്ഛേ
കവിരതിധനവിദ്യഃ കാമുകോ മൃഷ്ടഭോജീ
വചസി സുലളിതാർത്ഥശ്ലിഷ്ടവാണീവിലാസഃ

സാരം :-

ലഗ്നത്തിൽ ശുക്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ സൗന്ദര്യമുള്ള ശരീരവും കണ്ണും മുഖവും ഉള്ളവനായും സുഖിയായും ദീർഘായുസ്സായും സ്ത്രീജനങ്ങൾക്ക് കാമനീയകനായും പുത്രന്മാരുള്ളവനായും ഭവിക്കും.

രണ്ടാം ഭാവത്തിൽ ശുക്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ പലതരത്തിലുള്ള കവിതകളെ നിർമ്മിക്കുന്നവനായും വളരെ ധനവും വിദ്യാഭ്യാസവും ഉള്ളവനായും കാമിയായും മൃഷ്ടാന്നഭോജിയായും നല്ല ലാളിത്യവും പല അർത്ഥങ്ങളും ഭംഗിയും ഉള്ള വാഗ്വിലാസത്തോടുകൂടിയവനായും ഭവിക്കും.

പതിനൊന്നാം ഭാവത്തിൽ, പന്ത്രണ്ടാം ഭാവത്തിൽ വ്യാഴം നിൽക്കുമ്പോൾ ജനിക്കുന്നവൻ

ദൃഢമതിരതിവിദ്വാനായതായായുരായേ
ഭവതി ന ബഹുപുത്രസ്സദ്യശോഭൃത്യയാനഃ
വിസുഖതനയപുണ്യസ്സേവകോƒസ്വോƒലസോƒന്ത്യേ
വികലതനുരവിദ്യോ ധിക്കൃതശ്ചണ്ഡ ഈഡ്യേ.

സാരം :-

പതിനൊന്നാം ഭാവത്തിൽ വ്യാഴം നിൽക്കുമ്പോൾ ജനിക്കുന്നവൻ നല്ല ഉറച്ച ബുദ്ധിയുള്ളവനായും ഏറ്റവും വിദ്വാനായും ദീർഘായുസ്സായും പലപ്രകാരേണ ധനം ലഭിക്കുന്നവനായും വളരെ പുത്രന്മാരില്ലാത്തവനായും യശസ്സും ഭൃത്യന്മാരും വാഹനങ്ങളും ഉള്ളവനായും ഭവിക്കും.

പന്ത്രണ്ടാം ഭാവത്തിൽ വ്യാഴം നിൽക്കുമ്പോൾ ജനിക്കുന്നവൻ സുഖവും പുത്രന്മാരും ഭാഗ്യവും ഇല്ലാത്തവനായും പരാശ്രയംകൊണ്ടുപജീവിക്കുന്നവനായും നിർദ്ധനനായും മടിയനായും അംഗവൈകല്യം ഉള്ളവനായും വിദ്യയില്ലാത്തവനായും എല്ലാവരാലും നിന്ദിക്കപ്പെടുന്നവനായും ദുസ്സ്വഭാവവും കോപവും ഉള്ളവനായും ഭവിക്കും.

ഒമ്പതാം ഭാവത്തിൽ, പത്താം ഭാവത്തിൽ വ്യാഴം നിൽക്കുമ്പോൾ ജനിക്കുന്നവൻ

സുരപിതൃഗുരുഭക്തഃ പണ്ഡിതോ ദണ്ഡനേതാ
തപസി നൃപതിരാഢ്യസ്സദ്യശോ ധർമ്മസൂനുഃ
നഭസി വിഭുരുപായജ്ഞോƒർത്ഥവാൻ കീർത്തിശാലീ
സസുഖതനയയാനസ്സിദ്ധകർമ്മാ ഗുണീജ്ഞഃ

സാരം :-

ഒമ്പതാം ഭാവത്തിൽ വ്യാഴം നിൽക്കുമ്പോൾ ജനിക്കുന്നവൻ ദേവന്മാരിലും പിത്രാദിഗുരുജനങ്ങളിലും ഭക്തിയുള്ളവനായും പണ്ഡിതനായും രാജാവോ പ്രഭുവോ മന്ത്രിയോ പടനായകനോ ആയും നല്ല യശസ്സും ധർമ്മവും സദാചാരവും പുത്രന്മാരും ഉള്ളവനായും ഭവിക്കും.

പത്താം ഭാവത്തിൽ വ്യാഴം നിൽക്കുമ്പോൾ ജനിക്കുന്നവൻ പ്രഭുവായും സാമാദികളായ ചതുരുപായങ്ങളെ അറിയുന്നവനായും അർത്ഥവാനായും അനശ്വരമായ യശസ്സും സുഖവും പുത്രന്മാരും വാഹനങ്ങളും ഉള്ളവനായും ഗുണവാനായും വിദ്വാനായും എല്ലാ പ്രവൃത്തികൾക്കും ഫലം ലഭിക്കുന്നവനായും ഭവിക്കും.

ഏഴാം ഭാവത്തിൽ, എട്ടാം ഭാവത്തിൽ വ്യാഴം നിൽക്കുമ്പോൾ ജനിക്കുന്നവൻ

വക്താ കവിശ്ശുഭതനുർജനകാധികോഗ്ര്യ-
 കീർത്തിസ്സുപുത്രദയിതാർത്ഥയുതഃകളത്രേ
സേവോപജീവ്യഘരതിസ്സുചിരായുരിഷ്ടഃ
പ്രേഷ്യോƒഷ്ടമേ ദൃഢമതിഃ കുവധൂരതസ്സ്യാൽ.

സാരം :-

ഏഴാം ഭാവത്തിൽ വ്യാഴം നിൽക്കുമ്പോൾ ജനിക്കുന്നവൻ നല്ലവണ്ണം സംസാരിക്കുന്നവനും വിദ്വാനും ആയും കാവ്യകർത്താവായും സൗന്ദര്യമുള്ളവനായും പിതാവിനേക്കാൾ ഔദാര്യാദിഗുണമുള്ളവനായും ഏറ്റവും യശസ്സ്വിയായും നല്ല പുത്രന്മാരോടും ഗുണവതിയായ ഭാര്യയോടുംകൂടിയവനായും ധനവാനായും ഭവിക്കും.

എട്ടാം ഭാവത്തിൽ വ്യാഴം നിൽക്കുമ്പോൾ ജനിക്കുന്നവൻ അന്യനെ ആശ്രയിച്ച് ഉപജീവിക്കുന്നവനായും പാപകർമ്മങ്ങളെ ചെയ്യുന്നവനായും ദീർഘായുസ്സായും എല്ലാവർക്കും ഇഷ്ടനായും ദൂതവൃത്തിയേയോ ദാസ്യവൃത്തിയേയോ സ്വീകരിക്കുന്നവനായും ഉറച്ച ബുദ്ധിയുള്ളവനായും നിന്ദ്യസ്ത്രീസക്തനായും ഭവിക്കും.

അഞ്ചാം ഭാവത്തിൽ, ആറാം ഭാവത്തിൽ വ്യാഴം നിൽക്കുമ്പോൾ ജനിക്കുന്നവൻ

മന്ത്രീ ധനീ സുതയുതേ സസുതാർത്തിരർത്ഥ-
സൗഖ്യാല്പപുത്രഗുണധീ ബലബന്ധുശാലീ
മന്ത്രാഭിചാരകുശലോ വിബലോƒലസോƒരി-
ഹന്താ രിപൗ പരിഭവീ വനിതാജിതശ്ച.

സാരം :-

അഞ്ചാം ഭാവത്തിൽ വ്യാഴം നിൽക്കുമ്പോൾ ജനിക്കുന്നവൻ രാജമന്ത്രിയായും അഥവാ മാന്ത്രികനായും ധനവാനായും പുത്രദുഃഖമനുഭവിക്കുന്നവനായും ധനവും സുഖവും അല്പപുത്രന്മാരും അനേകഗുണങ്ങളും ബുദ്ധിയും ബലവും ബന്ധുക്കളും ഉള്ളവനായും ഭവിക്കും.

ആറാം ഭാവത്തിൽ വ്യാഴം നിൽക്കുമ്പോൾ ജനിക്കുന്നവൻ മന്ത്രവാദത്തിലും ആഭിചാരത്തിലും നൈപുണ്യവും ബലഹീനതയും മടിയും ഉള്ളവനായും ശത്രുക്കളെ ജയിക്കുന്നവനായും പരിഭവത്തോടുകൂടിയവനായും സ്ത്രീകൾക്കധീനനായും ഭവിക്കും.

മൂന്നാം ഭാവത്തിൽ, നാലാം ഭാവത്തിൽ വ്യാഴം നിൽക്കുമ്പോൾ ജനിക്കുന്നവൻ

ലുബ്ധഃഖലഃ പരിഭവീ വനിതാജിതോƒർത്ഥീ
മന്ദാഗ്നിരിഷ്ടസഹജോƒനുജഗേƒതിനിന്ദ്യഃ
ബന്ധൗ സുബന്ധുധനധാന്യപരിച്ഛദസ്ത്രീ
സൗഭാഗ്യവാഹനയശസ്സുഖവാൻ ശഠശ്ച.

സാരം :-

മൂന്നാം ഭാവത്തിൽ വ്യാഴം നിൽക്കുമ്പോൾ ജനിക്കുന്നവൻ ആർക്കും ഒന്നും കൊടുക്കാത്തവനായും ദുസ്വഭാവമുള്ളവനായും എല്ലായിടത്തും തോൽവി പറ്റുന്നവനായും സ്ത്രീജിതനായും ജഠരാഗ്നിബലമില്ലാത്തവനായും സഹോദരഗുണമുള്ളവനായും ഏറ്റവും നിന്ദ്യനായും ഭവിക്കും.

നാലാം ഭാവത്തിൽ വ്യാഴം നിൽക്കുമ്പോൾ ജനിക്കുന്നവൻ ബന്ധുക്കളും ധനധാന്യാദിസമ്പത്തും ഗൃഹോപകരണങ്ങളും ഭാര്യയും സൗഭാഗ്യവും വാഹനങ്ങളും യശസ്സും സുഖാനുഭവവും ഉള്ളവനായും ശഠപ്രകൃതിയായും ഭവിക്കും.

ലഗ്നത്തിൽ, രണ്ടാം ഭാവത്തിൽ വ്യാഴം നിൽക്കുമ്പോൾ ജനിക്കുന്നവൻ

ദീർഘായുരാത്മജയുതസ്സുകൃതികൃതീജ്യഃ
കാന്തോ വിവേകസുഖഭാഗ്ധിഷണേ തനുസ്ഥേ
മൃഷ്ടാന്നഭുക് സുമുഖവിത്തയശാസ്സുരൂപ-
സ്ത്യാഗീ സസത്യസുവചാഃ സുകവിഃ കുടുംബേ.

സാരം :-

ലഗ്നത്തിൽ വ്യാഴം നിൽക്കുമ്പോൾ ജനിക്കുന്നവൻ ദീർഘായുസ്സും പുത്രന്മാരും ഉള്ളവനായും പുണ്യവാനായും സാമർത്ഥ്യവും വിദ്വത്ത്വവും പൂജ്യതയും ഉള്ളവനായും സുന്ദരനായും തിരിച്ചറിവും സുഖാനുഭവവും ഉള്ളവനായും ഭവിക്കും.

രണ്ടാം ഭാവത്തിൽ വ്യാഴം നിൽക്കുമ്പോൾ ജനിക്കുന്നവൻ മൃഷ്ടാന്നഭോജിയായും മുഖശോഭയും ധാരാളം ധനവും സൽകീർത്തിയും ശരീരകാന്തിയും ദാനശീലവും ഉള്ളവനായും സത്യമായും സന്തോഷകരമായും സംസാരിക്കുന്നവനായും വിദ്വത്ത്വവും കവിത്വവും ഉള്ളവനായും ഭവിക്കും.

പതിനൊന്നാം ഭാവത്തിൽ, പന്ത്രണ്ടാം ഭാവത്തിൽ ബുധൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

ധീമാൻ ധനീ തനയവാൻ സുയശാഞ്ചിരായു-
രായേ സുസത്യസുഖഭോഗസുഭൃത്യലാഭഃ
ദീനോƒലസഃ പരിഭവീ വിസുഹൃദ്ധനോജ്ഞഃ
സൗമ്യേ വ്യയേ ഖലുഖലസ്സു വചാ നൃശംസഃ

സാരം :-

പതിനൊന്നാം ഭാവത്തിൽ ബുധൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ ഏറ്റവും ബുദ്ധിമാനായും വിദ്വാനായും ധനവും പുത്രന്മാരും സൽകീർത്തിയും ദീർഘായുസ്സും സത്യനിഷ്ഠയും സുഖവും ഭോഗവും നല്ല ഭൃത്യന്മാരും വളരെ അർത്ഥലാഭവും ഉള്ളവനായും ഭവിക്കും.

പന്ത്രണ്ടാം ഭാവത്തിൽ ബുധൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ ദാരിദ്രവും ദുഃഖവും മടിയും കാര്യാദികളിൽ പരാജയവും ഉള്ളവനായും ബന്ധുക്കളും ധനവും ഇല്ലാത്തവനായും മൂഢനായും ക്രൂരനായും നല്ലവാക്കുകൾ പറയുന്നവനായും ഘാതകനായും ഭവിക്കും.

ഒമ്പതാം ഭാവത്തിൽ, പത്താം ഭാവത്തിൽ ബുധൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

വിദ്യാധനാർത്ഥഗുണധർമ്മയുതഃ പ്രവീണഃ
സ്വാചാരവാംസ്തപസി വാക്പതിരത്യുദാരഃ
സിദ്ധാർത്ഥസൗഖ്യബലഭൂഷണബുദ്ധികീർത്തി-
പാണ്ഡിത്യഭാഗ്ഭവതി ഖേ സഫലക്രിയശ്ച.

സാരം:-

ഒമ്പതാം ഭാവത്തിൽ ബുധൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ വിദ്യയും ധനവും വിഭവങ്ങളും അനേകഗുണങ്ങളും ധർമ്മവും സദാചാരവും സാമർത്ഥ്യവും ഉള്ളവനായും തനിക്ക് ഉചിതങ്ങളായ പ്രവൃത്തികളെ ചെയ്യുന്നവനായും വാക്സാമർത്ഥ്യവും ഔദാര്യവും ഉൽകൃഷ്ടതയും ഉള്ളവനായും ഭവിക്കും.

പത്താം ഭാവത്തിൽ ബുധൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ എല്ലാ കാര്യങ്ങളെയും സാധിക്കുന്നവനായും സുഖവും സമ്പത്തും ബലവും വിശേഷങ്ങളായ വസ്ത്രാഭരണാദ്യലങ്കാരങ്ങളും ബുദ്ധിയും യശസ്സും വിദ്യയും പാണ്ഡിത്യവും ഉള്ളവനായും തുടങ്ങുന്ന കാര്യങ്ങളെ സഫലങ്ങളാക്കി ചെയ്യുന്നവനായും ഭവിക്കും.

ഏഴാം ഭാവത്തിൽ, എട്ടാം ഭാവത്തിൽ ബുധൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

പ്രാജ്ഞസ്സുവേഷചതുരസ്സധനാം സമേതി
ജായാം മദേ സകലഹാം മഹിതഃകലാവിൽ
ഖ്യാതോ നൃപഃ കുലപതിർബ്ബലനായകോ വാ
ദീർഘായുരർത്ഥഗുണഭോജനമഷ്ടമസ്ഥേ.

സാരം :-

ഏഴാം ഭാവത്തിൽ ബുധൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ വിദ്യയും ബുദ്ധിയും അറിവും നല്ല വേഷാലങ്കാരങ്ങളും സൗന്ദര്യവും സാമർത്ഥ്യവും ഉള്ളവനായും വളരെ സ്ത്രീധനം ലഭിക്കുന്നവനായും കലഹശീലമുള്ള ഭാര്യയെ വിവാഹം കഴിക്കുന്നവനായും പൂജ്യതയും മഹത്വവും കലാവിദ്യകളിൽ നൈപുണ്യവും ഉള്ളവനായും ഭവിക്കും.

എട്ടാം ഭാവത്തിൽ ബുധൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ വളരെ പ്രസിദ്ധിയുള്ളവനായും രാജാവോ രാജതുല്യനോ പടനായകനോ ആയും കുലമുഖ്യനായും ദീർഘായുസ്സും ധനവും അനേകഗുണങ്ങളും ഉള്ളവനായും ഭവിക്കും.

അഞ്ചാം ഭാവത്തിൽ, ആറാം ഭാവത്തിൽ ബുധൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

മന്ത്രാഭിചാരകുശലസ്സയശാസ്സുപുത്ര-
വിദ്യാർത്ഥസൌഖ്യമതിഹർഷയുതസ്ത്രികോണേ
ബന്ധൂപകാരരഹിതഃകലഹീ വിവാദീ
ക്രുദ്ധോƒരിഹാ പരുഷവാഗലസോƒരിഗേ ജ്ഞേ.

സാരം :-

അഞ്ചാം ഭാവത്തിൽ ബുധൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ മന്ത്രങ്ങളിലും മന്ത്രവാദത്തിലും ആഭിചാരക്രിയകളിലും സാമർത്ഥ്യം ഉള്ളവനായും ഏറ്റവും കീർത്തിമാനായും വളരെ നല്ല പുത്രന്മാരും വിദ്യയും സമ്പത്തും സുഖവും ബുദ്ധിയും സന്തോഷവും ഉള്ളവനായും ഭവിക്കും.


ആറാം ഭാവത്തിൽ ബുധൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ ബന്ധുക്കൾക്ക് ഒരുപകാരവും ചെയ്യാത്തവനായും യുദ്ധത്തിലും കലഹത്തിലും വ്യവഹാരത്തിലും താല്പര്യമുള്ളവനായും കോപമധികമുള്ളവനായും ശത്രുക്കളെ ജയിക്കുന്നവനായും കഠിനമായി സംസാരിക്കുന്നവനായും ഏറ്റവും മടിയനായും ഭവിക്കും.

മൂന്നാം ഭാവത്തിൽ, നാലാം ഭാവത്തിൽ ബുധൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

സഹജജുഷിസമായുശ്ശൗര്യസോദര്യദൈന്ന്യ-
ശ്രമബഹുവനിതാഢ്യഃ കൂടകർമ്മാടനോ ജ്ഞേ
വിസുഹൃദമലവാക്യഃ പണ്ഡിതോƒർത്ഥീ ചതുർത്ഥേ
ഗണിതവിദുരുകീർത്തിർവ്വാഹഭൂഗേഹവാംശ്ച.

സാരം :-

മൂന്നാം ഭാവത്തിൽ ബുധൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ മദ്ധ്യമായുസ്സായും, ശൌര്യവും സഹോദരന്മാരും ദൈന്യവും പലവിധത്തിൽ ക്ളേശവും ബഹുഭാര്യാത്വവും ഉള്ളവനായും കപടകർമ്മങ്ങളെ അല്ലെങ്കിൽ ക്ഷുദ്രകർമ്മളേയും ജാലവിദ്യകളേയും ചെയ്യുന്നവനായും സഞ്ചാരിയായും ഭവിക്കും.

നാലാം ഭാവത്തിൽ ബുധൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ ബന്ധുക്കളോട് വേർപ്പെട്ടവനായും (ശാസ്ത്രാന്തരംകൊണ്ട് വളരെ ബന്ധുക്കളുള്ളവനെന്നും അർത്ഥമാകാം). നിർമ്മലവചനനായും പണ്ഡിതനായും വിശേഷിച്ചു ജ്യോതിശാസ്ത്രത്തിൽ (ഗണിതത്തിൽ - കണക്കിൽ) സാമർത്ഥ്യമുള്ളവനായും ധനവാനായും ഏറ്റവും കീർത്തിമാനായും കൃഷിഭൂമിയും വാഹനങ്ങളും ഉത്തമഭവനങ്ങളും ഉള്ളവനായും ഭവിക്കും.  

ലഗ്നത്തിൽ, രണ്ടാം ഭാവത്തിൽ ബുധൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

സുതനുരതനുബുദ്ധിഃ കാലദേശാഗമജ്ഞോ
മധുരചതുരവാക്യോ ദീർഗ്ഘജീവീ ബുധോƒംഗേ
വിനയധനഗുണാഢ്യോ മൃഷ്ടഭോജീ ച വാഗ്മീ
സുകവിരമലബുദ്ധ്യോപാർജ്ജിതാർത്ഥസ്തഥാർത്ഥേ.

സാരം :-

ലഗ്നത്തിൽ ബുധൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ നല്ല ശരീരകാന്തിയും ഏറ്റവും ബുദ്ധിസാമർത്ഥ്യവും ഉള്ളവനായും കാലദേശാവസ്ഥകളേയും വേദവേദാംഗാദി സകല വിദ്യകളെയും കലകളേയും അറിയുന്നവനായും ചാതുര്യവും മാതുര്യവുമുള്ള വാക്കുകൾ പറയുന്നവനായും ദീർഘായുസ്സായും ഭവിക്കും.

രണ്ടാം ഭാവത്തിൽ ബുധൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ വിനയവും ധനവും അനേക ഗുണങ്ങളും ഉള്ളവനായും മൃഷ്ടാന്നത്തെ ഭക്ഷിക്കുന്നവനായും വാഗ്മിയായും കവിത്വം ഉള്ളവനായും തന്റെ ബുദ്ധിസാമർത്ഥ്യം കൊണ്ട് സമ്പാദിക്കപ്പെട്ട ദ്രവ്യത്തോടുകൂടിയവനായും ഭവിക്കും.

പതിനൊന്നാം ഭാവത്തിൽ, പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ നിൽക്കുമ്പോൾ ജനിക്കുന്നവൻ

തനയധനസുഖശ്രീവീര്യശൌര്യാർത്ഥഭോഗീ
സുപരിജനഗുണായുർവ്വാഗ്മ്യശോകസ്തഥായേ
നയനരുഗലസോƒസ്വോ ബന്ധശോകാമയാർത്തഃ
പതിതപിശുനലുബ്ധസ്സ്യാദ്വ്യയേ ദാരഹാ ച.

സാരം :-

പതിനൊന്നാം ഭാവത്തിൽ ചൊവ്വ നിൽക്കുമ്പോൾ ജനിക്കുന്നവൻ പുത്രന്മാരും ധനവും സുഖവും ശ്രീയും ഐശ്വര്യവും വീര്യവും ശൌര്യവും കാര്യങ്ങളും ഉള്ളവനായും വളരെ ഭൃത്യന്മാരും അനേക ഗുണങ്ങളും ദീർഘായുസ്സും ഉള്ളവനായും വാഗ്മിയായും ഒരു ദുഃഖവും ഇല്ലാത്തവനായും ഭവിക്കും.

പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ നിൽക്കുമ്പോൾ ജനിക്കുന്നവൻ നേത്രരോഗിയായും മടിയനായും ധനനഷ്ടമുള്ളവനായും ബന്ധനം (ജയിൽവാസം), ദുഃഖം, രോഗം എന്നിവ അനുഭവിക്കുന്നവനായും പതിതനായും ദുസ്സ്വഭാവമുള്ളവനായും പിശുക്കനായും ഭാര്യാനാശം അനുഭവിക്കുന്നവനായും ഭവിക്കും. 

എട്ടാം ഭാവത്തിൽ, ഒമ്പതാം ഭാവത്തിൽ, പത്താം ഭാവത്തിൽ ചൊവ്വനിൽക്കുമ്പോൾ ജനിക്കുന്നവൻ

കുതനുരതിരുഗസ്വോല്പായുതായുഷ്യധർമ്മീ
തപസിനൃപതിബന്ധുസ്താതഹാതീവഹിംസ്രഃ
നഭസി വിഭുരധൃഷ്യഃ കർമ്മശൂരഃ പ്രതാപീ
ഭവതി സുജനസേവ്യഃ പുത്രകീർത്ത്യർത്ഥവാംശ്ച.

സാരം :-

എട്ടാം ഭാവത്തിൽ ചൊവ്വ നിൽക്കുമ്പോൾ ജനിക്കുന്നവൻ കുത്സിതമായ ശരീരവും പലപ്രകാരത്തിലും രോഗപീഡയും ഉള്ളവനായും ധനമില്ലാത്തവനായും ആയുർബലമില്ലാത്തവനായും ആചാരവും ധർമ്മവും കുറവുള്ളവനായും ഭവിക്കും.

ഒമ്പതാം ഭാവത്തിൽ ചൊവ്വ നിൽക്കുമ്പോൾ ജനിക്കുന്നവൻ രാജാവിന് അത്യന്തം ഇഷ്ടമുള്ളവനായും പിതാവിന് ഹാനിയോ അനിഷ്ടമോ ചെയ്യുന്നവനായും ഹിംസയിൽ ഏറ്റവും താല്പര്യമുള്ളവനായും ജനങ്ങൾക്ക് ഉപദ്രവകാരിയായും പാപമുള്ളവനായും ഭവിക്കും.

പത്താം ഭാവത്തിൽ ചൊവ്വനിൽക്കുമ്പോൾ ജനിക്കുന്നവൻ പ്രഭുവായും അപ്രാപ്യനായും എല്ലാകാര്യങ്ങളിലും ഏറ്റവും ഉത്സാഹവും സാഹസവും ഉള്ളവനായും പ്രതാപിയായും സജ്ജനങ്ങളാൽ സേവിക്കപ്പെടുന്നവനായും പുത്രന്മാരും കീർത്തിയും ധനവും ഉള്ളവനായും ഭവിക്കും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.