മൂന്നാം ഭാവത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം

നൃപകൃതബഹുമാനം ഭ്രാതൃഭീർഭൂമിലാഭം
സ്വശനശയനഭൂഷാഗന്ധമാല്യാംബരാർത്ഥം
സഹജഭവനഗസ്യാര്യസ്യ ദായേ നരേന്ദ്രാ-
ദ്ധനമപി ധിയമുച്ചൈശ്ശൗര്യമാര്യപ്രഭാവം

സാരം :-

മൂന്നാം ഭാവത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം രാജാക്കന്മാരിൽനിന്നു ധനലാഭവും ബഹുമാനവും സഹോദരന്മാർക്ക് സുഖവും അവരിൽ നിന്ന് ഭൂമ്യാദ്യർത്ഥസിദ്ധിയും സുഖഭോജനവും വിശേഷവസ്ത്രാഭരണങ്ങളും സുഗന്ധദ്രവ്യങ്ങളും മാല്യങ്ങളും ശയന സാധനങ്ങളും ലഭിക്കുകയും ബുദ്ധിശക്തിയും ശൂരതയും വർദ്ധിക്കയും ശ്രേഷ്ഠമായ നില കിട്ടുകയും ഫലമാകുന്നു.

രണ്ടാം ഭാവത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം

ധനസ്ഥിതസ്യേന്ദ്രഗുരോർദശായാം
ധനം ച വിദ്യാം ധരണീശപുജാം
സഭാസു ശാസ്ത്രവ്യവഹാരലബ്ധ-
പ്രശസ്തിമഭ്യേതി സുഖം ജയം ച

സാരം :-

രണ്ടാം ഭാവത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം ധനവും വിദ്യയും രാജപ്രസാദവും ലഭിക്കുകയും വിദ്വത്സദസ്സുകളിൽ ശാസ്ത്രീയമായ വാദപ്രതിവാദംകൊണ്ടു ലഭിക്കപ്പെടുന്ന യശസ്സും ജയവും സുഖവും ഉണ്ടാവുകയും ഫലമാകുന്നു.

ലഗ്നത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം

ലഗ്നം ഗതസ്യ ഹി ദശാ പുരുഷം കരോതി
ജീവസ്യ സൌഖ്യമമലാംബരഭൂഷണം ച
യാനാധിരോഹണമൃദംഗപണാരവൈശ്ച
മത്തേജവാജിഭടസംഘയുതം കരോതി.

സാരം :-

ലഗ്നത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം സുഖവും നല്ലവസ്ത്രങ്ങളും ആഭരണങ്ങളും പല്ലക്കു മുതലായ വാഹനങ്ങളും ലഭിക്കയും മൃദംഗപണവാദിത്രഘോഷങ്ങളോടും ചതുരംഗപ്പടകകളോടുകൂടിയും സഞ്ചരിക്കുകയും ചെയ്യും. കേന്ദ്രഫലവും ലഗ്നഗതഫലം രണ്ടും ഇവിടെ നിരൂപണിയങ്ങളാകുന്നു.

ഇന്നിന്ന ദശയിൽ ഇന്നിന്നഫലമാണ് അനുഭവിയ്ക്കുക എന്നും ലഗ്നദശയുടെ ഫലവുമാണ്‌ പറയുന്നത്

ദശാസു ശസ്താസു ശുഭാനി കുർവ്വ-
ന്ത്യനിഷ്ടസംജ്ഞാസ്വശുഭാനി ചൈവം
മിശ്രാസു മിശ്രാണി ദശാഫലാനി
ഹോരാഫലം ലഗ്നപതേസ്സമാനം

സാരം :- 

ഈ അദ്ധ്യായത്തിലെ അഞ്ച് മുതൽക്കുള്ള മൂന്ന് ശ്ലോകപ്രകാരം നോക്കുമ്പോൾ "സമ്പൂർണ്ണാ" "ആരോഹിണി" മുതലായ ദശയിൽ, ആ ദാശാധിപനു "സൌര്യാംസ്വം" എന്നു തുടങ്ങി ഇവിടെ പറഞ്ഞ ശുഭാശുഭഫലങ്ങളിൽ ശുഭഫലം മാത്രമാണ് അനുഭവഗോചരമാവുക. ഇങ്ങനെതന്നെ 'അവരോഹിണി" "അനിഷ്ടഫലാ" ഇത്യാദിദശകളിൽ അവർക്ക് അവിടെ പറഞ്ഞ ഫലങ്ങളിൽ അശുഭഫലങ്ങൾ മാത്രവും അനുഭവമാകും. മിശ്രസംജ്ഞയിൽ ശുഭാശുഭങ്ങൾ ഇടകലർന്നും, മധ്യസംജ്ഞയിൽ ശുഭത്തിനും അശുഭത്തിനും ശക്തി കുറഞ്ഞും, രിക്തസംജ്ഞദശയിൽ യാതൊരു ഫലവുമില്ലാതേയും ഇരിയ്ക്കുമെന്നറിക.

മേൽപ്പറഞ്ഞ അഞ്ചു മുതൽ മൂന്നു ശ്ലോകം കൊണ്ട് ദശാഫലം ശുഭമോ അശുഭമോ എന്നു തീർച്ചപ്പെടുത്തുവാൻ പറഞ്ഞ മാർഗ്ഗം വളരെ സ്ഥൂലമായ ഒന്നാകുന്നുവല്ലോ. "സമ്പൂർണ്ണാ" മുതലായ എട്ടുപ്രകാരത്തിലുള്ള സംജ്ഞാനിർദ്ദേശം തന്നെ അതിസ്ഥൂലമാണെന്നു ആദ്യമേ അറിയണം. ഇതിന്നും പുറമേ ദശ അശുഭദശയാണെങ്കിലും അതു ശുഭഗ്രഹത്തിന്റെതാണെങ്കിൽ ആ അശുഭം  അത്രതന്നെ ഫലിയ്ക്കയില്ലെന്നും, മറിച്ച് ദശ ശുഭമായാലും അതു അശുഭഗ്രഹത്തിന്റെതായാൽ ആ ശുഭഫലവും കുറേ കുറഞ്ഞുപോകുമെന്നും അറിയണം. ഈ വക താരതമ്യങ്ങളേയും നോക്കേണ്ടതുണ്ട്.

ഈ ഒടുവിൽ പറഞ്ഞവിഷയം ദശാഫലം പറഞ്ഞപ്പോൾ തന്നെ ഗ്രന്ഥകർത്താവ് സൂചിപ്പിച്ചിട്ടുണ്ട്. എങ്ങനെയെന്നാൽ ഏറ്റവും പാപനല്ലെങ്കിലും ഒരു ക്രൂരനായ സൂര്യന് ശ്ലോകത്തിന്റെ പൂർവ്വാർദ്ധംകൊണ്ട് ശുഭവും, ഉത്തരാർദ്ധംകൊണ്ട് അശുഭവും ആണല്ലോ പറഞ്ഞിട്ടുള്ളത്. അതിപാപന്മാരായ കുജമന്ദന്മാർക്ക് അവരവരുടെശ്ലോകത്തിന്റെ മിക്ക ഭാഗംകൊണ്ടും അശുഭംതന്നെ പറയുകയും ചെയ്ക. അത്യന്തശുഭന്മാരായ ബുധഗുരുശുക്രന്മാരുടെ ശ്ലോകത്തിന്റെ മിക്ക അംശംകൊണ്ടും ശുഭവുമാണല്ലോ പറഞ്ഞത്. അത്ര തന്നെയുമല്ല, സമ്പൂർണ്ണാ, രിക്താ ഇത്യാദി ദശാവിഭാഗംതന്നെ കുറേക്കൂടി അവധാനപർവ്വം ഗ്രഹങ്ങളുടെ ബലാബലങ്ങളെ ആലോചിച്ച് കുറച്ചുകൂടി വിസ്തൃതമായ നിലയിൽ സംജ്ഞാവിധാനം ചെയ്യുന്നതായാൽ ഫലനിർദ്ദേശത്തിനും കുറേക്കൂടി എളുപ്പവും, ഫലങ്ങൾക്കു കുറേക്കൂടി വ്യക്തതയും ഉണ്ടാവുന്നതാകുന്നു. ദശാഫലം ശുഭമോ അശുഭമോ മിശ്രമോ വിഫലമോ എന്നു തീർച്ചപ്പെടുത്തുവാൻ വളരെ പ്രയാസമുള്ളതാണെന്നു മേൽ പറഞ്ഞതുകൊണ്ട് വ്യക്തമായിട്ടും ഉണ്ടല്ലോ.

ലഗ്നാധിപന്റെ ദശാഫലം തന്നെയാണ് ലഗ്നദശയ്ക്കും പറയേണ്ടത്. എന്നാൽ ലഗ്നദശ ശുഭമോ അശുഭമോ എന്നും മറ്റും തീർച്ചപ്പെടുത്തേണ്ടത് ലഗ്നാധിപന്റെ ബലത്തെ അനുസരിച്ചല്ല. അത് ഈ അദ്ധ്യായത്തിലെ എട്ടാം ശ്ലോകപ്രകാരമാണു തീർച്ചപ്പെടുത്തേണ്ടതെന്നും അറിയുക. 

ശനിയുടെ ദശാഫലങ്ങളെ പറയുന്നു

സൗരീം പ്രാപ്യ ഖരോഷ്ടപക്ഷിമഹിഷീ-
വൃദ്ധാംഗനാവാപ്തയഃ
ശ്രേണീഗ്രാമപുരാധികാരജനിതാ
പൂജാ കുധാന്യാഗമഃ
ശ്ലേഷ്മേർഷ്യാനിലകോപമോഹമലിന-
വ്യാപത്തിതന്ദ്രീശ്രമാഃ
ഭൃത്യാപത്യകളത്രഭർത്സനമപി
പ്രാപ്നോതി ച വ്യംഗതാം.

സാരം :-

കഴുതകൾ, ഒട്ടകങ്ങൾ, എരുമകൾ, പക്ഷികൾ, വൃദ്ധസ്ത്രീകൾ, ചാമ, തിന മുതലായ കുത്സിതധാന്യങ്ങൾ - ഇത്യാദികൾ നിമിത്തമായി ധനം ലഭിയ്ക്കും. ഗ്രാമങ്ങൾ, പുരങ്ങൾ, സംഘങ്ങൾ എന്നിവയുടെ  ആധിപത്യം കാരണമായി പൂജനം ഏല്ക്കും. കഫകോപത്താലും ക്ഷമയില്ലായ്മകൊണ്ടും, വായുവിനാലും, ആസ്ഥാനതിങ്കലുള്ള ദേഷ്യം കാരണമായും, അറിവില്ലായ്മ ഹേതുവായിട്ടും, കുത്സിതപ്രവൃത്തികൾ നിമിത്തമായും ആപത്ത് അനുഭവിയ്ക്കും. മടിയും തളർച്ചയുമുണ്ടാകും. ഭൃത്യന്മാരും ഭാര്യാസന്താനങ്ങളും നിന്ദിച്ചു സംസാരിയ്ക്കും. അംഗവൈകല്യമുണ്ടാവും.

മേൽപ്പറഞ്ഞ ഫലങ്ങളൊക്കെയും അവരവരുടെ ദശാപഹാരാദികാലങ്ങളിൽ അനുഭവിയ്ക്കുന്നതിനും പുറമേ അവരെക്കൊണ്ടുള്ള യോഗങ്ങളിലും അനുഭവമാകുമെന്നു പറയാവുന്നതാണ്. ശുഭാത്മകങ്ങളായി പറഞ്ഞ യോഗങ്ങളിലെ യോഗകർത്താക്കന്മാരെക്കൊണ്ട് അവർക്ക് ഈ ദശാവിഷയത്തിൽ പറഞ്ഞ ശുഭഫലങ്ങളും, അങ്ങനെതന്നെ അശോഭനങ്ങളായി പറഞ്ഞ യോഗങ്ങളിലെ യോഗകർത്താക്കന്മാരെക്കൊണ്ട് അവർക്ക് ഇവിടെ പറഞ്ഞ അശുഭഫലങ്ങളും പറയാമെന്നു താല്പര്യം. അതിനും പുറമേ ആയുർവ്വിവാഹസന്താന ഗുണ മേഷാദി സകല പ്രശ്നവിഷയങ്ങളിലും ഈ ദശാഫലങ്ങളെ പറയാവുന്നതാണ്. ബലവാന്മാരും ഇഷ്ടസ്ഥന്മാരുമായവർക്ക് ഇവിടെ പറഞ്ഞ ശുഭഫലങ്ങളും അനിഷ്ടസ്ഥന്മാർക്ക് ഇവിടെ പറഞ്ഞ അനിഷ്ടഫലങ്ങളും ദേശകാലാദികൾക്ക് അനുരൂപമായവിധം പറയുകയും ചെയ്യാം. 

സ്ഥാലീപാകം

വിവാഹാനന്തരം പൂർവ്വപക്ഷപർവ്വസന്ധിയിൽ പകൽ ഗൃഹനാഥൻ സ്ഥാലീപാകമെന്ന യാഗം ആരംഭിക്കണം. പർവ്വസന്ധിയെന്നാൽ വാവും പ്രതിപദവും തമ്മിലുള്ള സംഗമസന്ധിയാകുന്നു. കറുത്തവാവുകഴിഞ്ഞു പൂർവ്വപക്ഷപ്രതിപദാരംഭസമയം സ്ഥാലീപാകയാകമാരംഭിക്കണം. ഈ പർവ്വസന്ധി രാത്രിയിലായിവന്നാൽ വിധിക്കപ്പെട്ട ഗൗണകാലത്ത് പകൽതന്നെ ആരംഭിക്കണം. ഗൗണകാലം വാവിന്റെ നാലാംകാൽ മുതൽ പ്രതിപദം നാലാംകാൽ വരെയാണ്. രാത്രി ഒരു കാരണവശാലും ഇത് ആരംഭിക്കരുതെന്നതുകൊണ്ടാണ് ഇപ്രകാരം വിധിക്കപ്പെട്ടത്.

പൂർവ്വപക്ഷെ പർവ്വസന്ധൗ വിവാഹാനന്തരം സതി
ദിവൈവച തഥാഗേഹി സ്ഥാലീപാകംസമാചരേൽ

എന്നതാണ് വിധി

ദശമേഹനിക്കുസംസർപ്പം അംഹസ്പതി സ്ഫുടാധിമാസം ഇവ മൂന്നും വർജിക്കണം. മധ്യാധിമാസത്തെ വർജിക്കേണ്ടാ എന്നാണ് ഭൂരിഭാഗാഭിപ്രായം. രോഹിണി, മകീര്യം, പുണർതം, ഉത്രം, ഉത്രാടം, ഉത്രട്ടാതി എന്നീ ആറു നക്ഷത്രങ്ങളൊഴികെ ബാക്കി 21 നക്ഷത്രങ്ങളും ശുഭമാണ്. കൃഷ്ണചതുർദ്ദശിയും വിഷ്ടിഗണ്ഡാന്തങ്ങളും കുജമന്ദവാരങ്ങളും കൊള്ളരുത്. ദമ്പതിമാരുടെ ജന്മനക്ഷത്രം ഒഴിവാക്കണം. അനുജന്മനക്ഷത്രം സ്വീകാര്യമാണ്. കർത്തൃദോഷം നോക്കേണ്ടതില്ല. വിവാഹം കഴിഞ്ഞ പിറ്റേദിവസം ചെയ്യേണ്ട പഞ്ചമേഹനി ക്രിയ കഴിഞ്ഞാൽ അതിന്റെ അടുത്ത ദിവസം മുതൽ ആനുകൂല്യം നോക്കി ദശമേഹനക്രിയ ചെയ്തുവരുന്നുണ്ട്.

യജുർവേദികളിൽ ബൗധായനന്മാർ പഞ്ചമേഹിനിയും ദശമോഹനിയും കഴിഞ്ഞാൽ വരുന്ന അപരപക്ഷപ്രതിപദത്തിന് സ്ഥാലീപാകം ആരംഭിക്കണം. ബാധൂലന്മാരും സാമവേദികളും നിഷേകത്തിനുശേഷം വരുന്ന അപരപക്ഷ പ്രതിപദത്തിനു സ്ഥാലീപാകം തുടങ്ങണം. കൗഷീതകന്ന് നിഷേകത്തിനു മുമ്പുതന്നെ തുടങ്ങാം. വിവാഹദീക്ഷകഴിഞ്ഞ അപരപക്ഷാരംഭത്തിലാവമെന്നുണ്ട്. ആശ്വലായനന്നു ദീക്ഷക്കുമുമ്പും ദീക്ഷാമധ്യേയും നിഷേകപൂർവ്വവും ചെയ്യാം. ഔപാസനം ആരംഭിച്ച ദിവസത്തിനടുത്ത ദിവസം സ്ഥാലീപാക ദിവസമാണ്. ദമ്പതിമാരിൽ സ്ത്രീക്ക് ശുദ്ധിനീങ്ങിയ ദിവസങ്ങളിലാണ് ഇത് ആരംഭിക്കേണ്ടത്. അപരപക്ഷപ്രതിപദത്തിനു ചെയ്യേണ്ട സ്ഥാലീപാകത്തിനു പൌർണ്ണമാസം എന്നും പൂർവ്വപക്ഷപ്രതിപദത്തിനു ചെയ്യേണ്ട സ്ഥാലീപാകത്തിനു ദർശാ എന്നും പേരുണ്ട്. സ്ഥാലീപാകം വാവിന്റെ മൂന്നാം പാദത്തിൽ ആരംഭിച്ചാൽ ആവർത്തിക്കണമെന്നുണ്ട്.

തൃതിയെ പാർവ്വണ പാദെ സ്ഥാലീപാകഃ കൃതോയദി
പ്രതിപഃ തുര്യപാദേച കൃതോപ്യാവർത്തനം ഭവേൽ.

എന്നാണ് നിയമം. 

അഞ്ചാം ഭാവത്തിലോ ഒമ്പതാം ഭാവത്തിലോ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം

ത്രികോണസംസ്ഥസ്യ ഗുരോർദശായാം
സ്ത്രീപുത്രധാന്യാർത്ഥവിവേകബുദ്ധിം
മൃദ്വന്നപാനാംബരപട്ടവസ്ത്ര-
യാനാദിലാഭം ലഭതേƒതിസൌഖ്യം.

സാരം :-

അഞ്ചാം ഭാവത്തിലോ ഒമ്പതാം ഭാവത്തിലോ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം വിവാഹവും പുത്രലാഭവും ധനധാന്യാഭിവൃദ്ധിയും ബുദ്ധിവിവേകവും സുഖകരങ്ങളായ അന്നപാനങ്ങളും പട്ടാംബരവും, പല്ലക്കു മുതലായ വാഹങ്ങളും മഹത്തായ സുഖവും ലഭിക്കും.

ലഗ്നം - 4 - 7 - 10 എന്നീ ഭാവങ്ങളിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം

കേന്ദ്രഗതജീവദായേ
രാജ്യക്ഷിതിദാരരാജസമ്മാനം
വിവിധസുഖാനന്ദരതിം
ബഹുജനരക്ഷാം പ്രധാനതാം യാതി.

സാരം :-

ലഗ്നം - 4 - 7 - 10 എന്നീ ഭാവങ്ങളിൽ (കേന്ദ്രരാശികളിൽ) നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം രാജ്യവും ഭൂസ്വത്തും ലഭിക്കയും കളത്രലബ്ധിയും രാജസമ്മാനവും പലവിധത്തിലുള്ള സുഖവും സന്തോഷവും ക്രീഡയും ഉണ്ടാവുകയും വളരെ ജനങ്ങളെ രക്ഷിക്കുകയും പ്രധാനത്വം സിദ്ധിക്കുകയും ചെയ്യും.

സ്വക്ഷേത്രത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം

ഗുരോർദശായാം സ്വഗൃഹം ഗതസ്യ
രാജ്യാർത്ഥഭൂധാന്യസുഖാംബരാണി
മൃഷ്ടാന്നഗോവാജിഗജാഗമം ച
കാവ്യാഗമാമ്നായരതിം പ്രശസ്തിം.

സാരം :-

സ്വക്ഷേത്രത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം രാജ്യം, ധനം, ഭൂമി, ധാന്യങ്ങൾ, സുഖം, വിശേഷവസ്ത്രങ്ങൾ, മൃഷ്ടാന്നഭോജനം, പശുക്കൾ, ആന, കുതിര എന്നിവയുടെ ലാഭവും കാവ്യങ്ങളും ആഗമങ്ങളിലും വേദശാസ്ത്രങ്ങളിലും താൽപര്യവും പ്രശസ്തിയും സംഭവിക്കും.

ശുക്രന്റെ ദശാഫലങ്ങളെ പറയുന്നു

ശൌക്ര്യാം ഗീതരതിപ്രമോദസുരഭി
ദ്രവ്യാന്നപാനാംബര-
സ്ത്രീരത്നദ്യുതിമന്മഥോപകരണ
ജ്ഞാനേഷ്ടമിത്രാഗമാഃ
കൌശല്യം ക്രയവിക്രയേ കൃഷിധിധി-
പ്രാപ്തിർദ്ധനസ്യാഗമോ
വന്യവ്യാധനിഷാദധർമ്മരഹിതൈർ-
വ്വൈരം ശുചഃ സ്നേഹതഃ

സാരം :-

സംഗീതം, നൃത്തം, വാദ്യം ഇതുകളേക്കൊണ്ടും കാമശാസ്ത്രാനുസൃതമായ സ്ത്രീപുരുഷപ്രയോഗംകൊണ്ടും സന്തോഷം വർദ്ധിയ്ക്കും. കൽപ്പൂരം, കസ്തൂരി മുതലായ സുഗന്ധദ്രവ്യങ്ങൾ, പലതരത്തിലുള്ള അന്നപാനാദികൾ; അപ്പം, അട മുതലായ പലഹാരങ്ങൾ, നാനാവിധത്തിലുള്ള പട്ടുവസ്ത്രങ്ങൾ, സ്ത്രീകൾ, രത്നങ്ങൾ, (ജാത്യുൽകൃഷ്ട പദാർത്ഥങ്ങൾ), കാന്തി, കാമക്രീഡോപയോഗങ്ങളായ കട്ടിൽ, കിടയ്ക്ക, മാല്യാദികൾ; കാവ്യനാടകാലങ്കാരാദിജ്ഞാനം, ഇഷ്ടബന്ധു ഇതൊക്കയും പിന്നേയും കിട്ടിക്കൊണ്ടിരിയ്ക്കും. കൊടുത്തുവാങ്ങൽ, കൃഷി, പ്രവൃത്തി, നിധിലാഭം ഇതുകളേക്കൊണ്ട് ധനലാഭമുണ്ടാകും. കാട്ടാളന്മാർ, നായാടികൾ, പറയന്മാർ, ദേവബാഹ്യന്മാർ ഇവരോടു വൈരമാവും. സ്നേഹം നിമിത്തം വ്യസനിയ്ക്കേണ്ടിവരും. ഇതെല്ലാമാണ് ശുക്രദശയിലെ ഫലങ്ങൾ.  

വ്യാഴത്തിന്റെ ദശാഫലങ്ങളെ പറയുന്നു

ജൈവ്യാം മാനഗുണോദയോ മതിചയഃ
കാന്തിഃ പ്രതാപോന്നതിർ-
മ്മാഹാത്മ്യോദ്യമമന്ത്രനീതിനൃപതി
സ്വാധ്യായയജ്ഞൈർദ്ധനം
ഹേമാശ്വാത്മജകുഞ്ജരാംബരചയഃ
പ്രീതിശ്ച സദ്‌ഭൂമിപൈഃ
സൂക്ഷ്മോഹാഗമനൈപുണ്യം ശ്രവണരു-
ഗ്വൈരം വിധർമ്മാശ്രിതൈഃ

സാരം :-

സൌശീലം മാർദ്ദവം മുതലായ ലോകോത്തരഗുണങ്ങളെക്കൊണ്ട് അഭിഗമ്യതയും (ജനങ്ങൾക്ക്‌ വിട്ടുപിരിയുവാൻ തോന്നായ്കയും) തദ്വിപരീതങ്ങളായ അധൃഷ്യ (അടുത്തു ചെല്ലുവാൻ ധൈര്യപ്പെടാത്ത) ഗുണങ്ങളും അഭിമാനവും അത്യുൽകൃഷ്ടാവസ്ഥയെ പ്രാപിയ്ക്കുക, വിധിപ്രകാരം അനുഷ്ഠിതമായ വിദ്യാഭ്യാസം നിമിത്തം പരിഷ്കൃതവും തീക്ഷ്‌ണവുമായ വിധം ബുദ്ധിയും സൌന്ദര്യവും പ്രതാപവും വർദ്ധിയ്ക്കുക,  എല്ലാ പ്രകാരത്തിലും പൂജിയ്ക്കത്തക്ക യോഗ്യതയുണ്ടാവുക, ദേഹാദ്ധ്വാനം ചെയ്ത് പ്രവൃത്തിയെടുക്കുക, വേദോക്തങ്ങളും മറ്റുമായ ശൈവവൈഷ്ണവാദിമന്ത്രങ്ങളേക്കൊണ്ട് ഈശ്വരസേവ ചെയ്യുക, കൌടില്യൻ കാമന്ദകൻ ശുക്രൻ മുതലായവരാൽ ഉണ്ടാക്കപ്പെട്ട ശാസ്ത്രഗ്രന്ഥങ്ങളിൽ പറഞ്ഞിരിയ്ക്കുന്ന നീതിവിദ്യയെ അഭ്യസിപ്പിക്കുക, ആചരിയ്ക്കുക, രാജാവ് വേദശാസ്ത്രാദികളെ അഭ്യസിപ്പിക്കുക, അഗ്നിഷ്ടോമാദി യാഗം ചെയ്യുക, ചെയ്യിപ്പിയ്ക്കുക, ഇതുകൾ നിമിത്തമായി ധനലാഭവും, ആന കുതിര, സ്വർണ്ണം, പലതരം വസ്ത്രങ്ങൾ, സന്താനങ്ങൾ ഇവയൊക്കെ ഉണ്ടാവുകയും അഭിവൃദ്ധിപ്പെടുകയും ചെയ്ക, ഗുണസമ്പന്നന്മാരായ രാജാക്കന്മാരിൽ നിന്ന് ബഹുമാനവും, അതു നിമിത്തമുള്ള സന്തോഷവും, അതിസൂക്ഷ്മങ്ങളായ കാര്യങ്ങളെ ഊഹാപോഹങ്ങളെകൊണ്ട് അറിയുക, തീർച്ചയാക്കുക, ഇതുകളിൽ സാമാർത്ഥവും, ശാസ്ത്രനൈപുണ്യം മുതലായതും സിദ്ധിയ്ക്കും. കർണ്ണരോഗവും ദുഷ്ടന്മാരോടു വിരോധഭാവവും ദേവബ്രാഹ്മണാദികോപം മുതലായ ദോഷഫലങ്ങളും, വ്യാഴത്തിന്റെ ദശാദികാലങ്ങളിൽ അനുഭവപ്പെടുന്നതാണ്. 

അഷ്ടകാകാലം

അഷ്ടകാകാലം നിഷേകവർജ്യം തന്നെ. മാഘമാസത്തിലും പ്രോഷ്ഠപദമാസത്തിലും കറുത്ത അഷ്ടമിമുതൽ വാവുവരേയുള്ള പത്തു തിഥികൾ അഷ്ടകാകാലങ്ങളാണ്. അല്പം ചില വ്യത്യാസങ്ങളോടുകൂടെ വിഭിന്നരായ വേദാധികാരികൾ ഇത് വർജിച്ചുവരുന്നു. അതെങ്ങനെന്നാൽ 

മാഘേച പ്രോഷ്ഠപദേവമലമാസവിവർജ്ജിതെ.
കൃഷ്ണപക്ഷേഷ്ടകാശ്രാർദ്ധം ഗൃഹസ്ഥാനാം വിധീയതെ
മാഘമാസെകൃഷ്ണ പക്ഷെ സപ്തമ്യാദിതിഥിത്രയെ
ഭാദ്രേകൃഷ്ണത്രയോദശ്യാം തൽകുർവ്വന്ത്യാശ്വലായനാഃ

പൗഷെമാഘെ ഫൽഗുനേവതഥാ പ്രോഷ്ഠപദേപിച
കൃഷ്ണാഷ്ടമീഷ്വഷ്ട കാസ്യുരിതി കൗഷീതകൈർമതം
കൃഷ്ണാഷ്ടമ്യാം മാഘമാസെ ക്രിയതെ തദ്യജൂർവിദാ
പ്രോഷ്ഠ പാദേകൃഷ്ണപക്ഷെ ത്രയോദശ്യം തഥൈവച

കൃഷ്ണാഷ്ടമ്യാം സാമഗാനാം പൗഷഭാൽഗുനയോശ്ചതൽ
അഷ്ടകാശ്രാർദ്ധദിവസം വിവർജ്യാസ്സേക കർമ്മണി.

എന്നിങ്ങനേയാണതിന്റെ രീതികള്‍. ഏതുതന്നെയായാലും അഷ്ടകാ ദിവസങ്ങൾ സേകത്തിനു വർജിക്കണം. ദീക്ഷവിരിച്ചതിന്റെ നാലാം ദിവസം സേകം വിഹിതമാകകൊണ്ട് അന്നു മുഹൂർത്തം നോക്കേണ്ടതില്ലെന്നഭിപ്രായമുണ്ട്. ഇതു സ്വീകാര്യമായതുകൊണ്ടാണ് ഇത്രയും ഇവിടെ വിവരിക്കേണ്ടിവന്നത്. വേളിക്കുമുഹൂർത്തം വിധിക്കുമ്പോൾ വേളിശ്ശേഷം വരുന്ന നാലാം ദിവസം ഈ വകദോഷം വരാത്ത വണ്ണം മുഹൂർത്തവിധിയുണ്ടാക്കണം. എന്തായാലും നാലാം രാത്രിക്കുമുമ്പോ അഞ്ചാം രാത്രിയിലോ പകൽ സമയങ്ങളിലോ വിധിപരനക്ഷത്രങ്ങളിലോ നിത്യദോഷങ്ങളിലോ  രിക്താദിദുഷ്ടതിഥികളിലൊ പൌർണ്ണമിയിലോ അധിമാസങ്ങളിലോ കന്നിരാശി സമയത്തോ വേളിശ്ശേഷമായ നിഷേകമെന്ന സേകം ചെയ്യരുത്. 

രാകാഹരിവാസരങ്ങൾ

പൗർണ്ണമിയും, ഏകാദശിയും സേകത്തിനു കൊള്ളരുത്. "നിഷേകെ പൗർണ്ണമാസിംചവർജയേൽ ഹരിവാസരം; എന്നു പറഞ്ഞിരിക്കയാൽ ഏകാദശിമാത്രം പോര ഹരിവാസരസമയവും നിഷേകത്തിനു വർജിക്കണം. ഏകാദശിയുടെ അന്ത്യപാദം മുതൽ ദ്വാദശിയുടെ ആദ്യപാദം ഉൾപ്പെട്ട 30 നാഴികയാണ് ഹരിവാസരം.

ദ്വാദശ്യാഃ പ്രഥമൊയോംശ ഏകാദശ്യാശ്ചയോന്തിമഃ
ഹരിവാസരസംജ്ഞോയം കാലഃ അന്നേതിഗർഹിതഃ

എന്നതാണ് ഹരിവാസരലക്ഷണം. ഏകാദശി ഉപവാസവും ഹരിവാസരകാലവും പുണ്യപ്രദങ്ങളാകയാൽ ആ സമയം നിഷേകം നിന്ദ്യമാണ്. "സംക്രാന്ത്യാദ്യാഃ പുണ്യകാലാ നിഷേകെ വർജ്യാ" എന്നു കാണുകയാൽ പുണ്യകാലദിവസങ്ങളിൽ വെച്ച് ഏകാദശിക്കും ഹരിവാസരസമയത്തിനും പ്രാധാന്യം പ്രമുഖതയും ഉള്ളതുകൊണ്ട് അന്നേദിവസത്തെ നിഷേകം പാതകജന്യമെന്നതിനാൽ അവ വർജിച്ചേമതിയാകു എന്ന് വിധിക്കപ്പെട്ടു. സന്ദർഭവശാൽ ദീക്ഷവിരച്ചതിന്റെ നാലാം ദിവസം ഏകാദശി ഹരിവാസരം സംഭവിച്ചാൽ ആ സമയം കഴിഞ്ഞശേഷം അന്ന് നിഷേകം നടത്താമെന്നുണ്ട്. ഉത്തമപക്ഷമെന്ന് വിധിക്കുന്നില്ല. നാലാം ദിവസത്തിന്റെ പ്രാധാന്യം നഷ്ടപ്പെടാതിരിക്കാൻ മാത്രം നിഷേകം ചെയ്യാമെന്നർത്ഥം. ഈ അവസ്ഥ വരാതിരിക്കേണ്ടത് വിവാഹമുഹൂർത്തത്തിന്റെ നിശ്ചയവിധികൊണ്ടാണ്.

സ്ഥാലീപാകത്തിന്റെ തലേന്നാൾ, ശ്രാർദ്ധമൂട്ടിയദിനം; അഷ്ടകകാലം; അഷ്ടകാശ്രാർദ്ധ ദിവസം അതിന്റെ തലേപക്കം; സംക്രമപുണ്യകാലം; അഷ്ടമീരോഹിണി ഉപവാസദിനം; ഇവകൂടി നിഷേകത്തിനു ഒഴിവാക്കുന്നത് നല്ലതെന്നു പറഞ്ഞു കാണുന്നുണ്ട്. സ്ഥാലീപാകപ്രകാരം

പക്ഷത്യാശ്ശിവലിപ്താഃ പ്രാഗസ്തമയാൽ
ഗതായദഗ്നിതദാ
സ്ഥാലീപാക മഹിഷ്‌ടീം കുർവ്വന്തികലാ
തയോനിതേവേഷ്ടീം

എന്നിങ്ങനെ പറഞ്ഞുകാണുന്നു. അസ്തമയത്തിനു വരുത്തിയ തിഥിസ്ഫുടത്തിൽ പ്രദീപദത്തിന്റെ നാഴിക 45 ൽ കുറയാതെ വന്നാൽ അന്നാണ് സ്ഥാലീപാകം. 45 നാഴികയിൽ കുറഞ്ഞാൽ അതിന്റെ അടുത്ത ദിവസം സ്ഥാലീപാകമാവും. ഇപ്രകാരം സ്ഥാലീപാകമറിഞ്ഞ് അതിന്റെ തലേന്നാൾ രാത്രി നിഷേകം വർജിക്കണം.

സർവ്വകർമ്മസുപൂർവ്വേദ്യു സ്ത്രീസംയോഗോ നിഷിദ്ധ്യതെ
അവ്രതസ്യഹവിർദ്ദേവാനശ്നന്തീത്യസ്തിചശ്രുതി.

എന്നു സ്മൃതി വചനമുള്ളതിനാൽ ഈ പറഞ്ഞ കാലങ്ങളിലെല്ലാം നിഷേകം വർജ്യം തന്നെ.  

മൂലത്രികോണത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം

മൂലത്രികോണനിലയസ്യ ഗുരോർദശായാം
രാജ്യാർത്ഥഭൂമി സുതദാരവിശേഷസൌഖ്യം
യാനാധിരോഹണമപി സ്വബലാപ്തവിത്തം
യജ്ഞാദികർമ്മജനപൂജനമപ്യുപൈതി.

സാരം :-

മൂലത്രികോണത്തിൽ (ധനു രാശിയിൽ ആദ്യത്തെ പത്തു തിയ്യതിക്കകം വ്യാഴം നിൽക്കുന്ന സമയം) നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം രാജ്യപ്രാപ്തിയും അർത്ഥലാഭവും ഭൂസ്വത്തും ഭാര്യാപുത്രാദികളിൽനിന്നുള്ള സുഖവും ലഭിക്കുകയും പല്ലക്കു മുതലായ വാഹങ്ങളിലേറുകയും സ്വശക്തികൊണ്ടു ധനസമ്പാദനവും യാഗാദിപുണ്യകർമ്മാനുഷ്ഠാനവും ജനങ്ങളുടെ സൽക്കാരവും ലഭിക്കയും ഫലമാകുന്നു

വ്യാഴത്തിന്റെ അവരോഹിണിയായ ദശാകാലം

ദേവേന്ദ്രപൂജ്യസ്യ ദശാവരോഹാ
കരോതി സൌഖ്യം സകൃദേവനാശം
സകൃദ്യശഃകാന്തിവിലാസമൂർവ്വീ-
പതിത്വമപ്യേത്വമപ്യേതി സകൃത്തഥൈവ.

സാരം :-

വ്യാഴത്തിന്റെ അവരോഹിണിയായ ദശാകാലം ഒരിക്കൽ സുഖവും പിന്നെ ദുഃഖവും ചിലപ്പോൾ കാന്തിവിലാസവും പിന്നൊരിക്കൽ രാജത്വവും അല്ലെങ്കിൽ പ്രഭുത്വവും പിന്നെ ഇതുകൾക്കെല്ലാം ഹാനിയും സംഭവിക്കുന്നതാണ്.

വ്യാഴത്തിന്റെ ആരോഹിണിയായ ദശാകാലം

ആരോഹിണീ ദേവഗുരോർമ്മഹത്വം
ദശാ പ്രപന്നാ കുരുതേƒർത്ഥഭൂമീ
ഗാനക്രിയാസ്ത്രീസുതരാജപൂജാം
സ്വവീര്യതഃ പ്രാപ്തയശഃ പ്രതാപം.

സാരം :-

വ്യാഴത്തിന്റെ ആരോഹിണിയായ ദശാകാലം മഹത്ത്വം ഉണ്ടാവുകയും ധനവും ഭൂസ്വത്തും ലഭിക്കുകയും സംഗീതകാര്യത്തിൽ വൈദഗ്ദ്ധ്യവും കളത്രപുത്രഗുണവും രാജസമ്മാനവും സ്വശക്തികൊണ്ട് യശസ്സും പ്രതാപവും ലഭിക്കയും ഫലമാകുന്നു.

ബുധന്റെ ദശാഫലങ്ങളെ പറയുന്നു

ബൗധ്യാം ദൗത്യസുഹൃദ്ഗുരുദ്വിജധനം
വിദ്വത്പ്രശംസാ യശോ
യുക്തിദ്രവ്യസുവർണ്ണവേസരമഹീ-
സൗഭാഗ്യസൗഖ്യാപ്തയഃ
ഹാസ്യോപാസനകൗശലം മതിചയോ
ധർമ്മക്രിയാസിദ്ധയഃ
പാരുഷ്യശ്രമബന്ധമാനസരുജാ
പീഡാ ച ധാതുത്രയാൽ

സാരം :-

ദൂതകർമ്മം നിമിത്തമായിട്ടും ബ്രാഹ്മണർ ബന്ധുക്കൾ ഗുരുക്കന്മാർ എന്നിവർ നിമിത്തമായിട്ടും ധനലാഭം, വിദ്വാന്മാർ പുകഴ്ത്തിപ്പറയുക, കീർത്തി, പദാർത്ഥങ്ങൾ കൂട്ടിയിണക്കി ഉണ്ടാക്കുന്ന പെട്ടി മുതലായതുകൾ അല്ലെങ്കിൽ കൂട്ടുലോഹങ്ങളായ ഓട് പിച്ചള മുതലായതുകൾ, സ്വർണ്ണം, കോവർകഴുത - വേസരം - ഭൂസ്വത്ത്, വിഷയാനുഭവജന്യമായ സുഖം - ഇതുകളുടേയെല്ലാം സമ്പാദ്യവും, സകല ജനങ്ങളുടേയും ഇഷ്ടത്തിന് പാത്രീഭവിയ്ക്കയും, പരിഹസിച്ചു സംസാരിയ്ക്കുക, സേവകൂടുക ഇതുകളിൽ നൈപുണ്യമുണ്ടാവുകയും ശാസ്ത്രാഭ്യാസം നിമിത്തം പരിഷ്കൃതമായ ബുദ്ധി വർദ്ധിയ്ക്കുകയും, ധർമ്മകാര്യങ്ങളും മറ്റു ലൌകികപ്രവൃത്തികളും ചെയ്‌വാൻ ഇടവരികയും, അതിനാൽ സൽഫലം സിദ്ധിയ്ക്കയും, വീണ്ടുവിചാരം കൂടാതെ അതിക്രൂരമായി സംസാരിയ്ക്കുക, ദേഹദ്ധ്വാനം ജയിൽവാസം ഇതുകളാൽ മനസ്താപമുണ്ടാവുകയും, ത്രിദോഷകോപത്താൽ ദേഹപീഡയും  ബുധദശയിൽ അനുഭവിയ്ക്കുന്ന ഫലങ്ങളാകുന്നു, 

ചൊവ്വയുടെ ദശാഫലങ്ങളെ പറയുന്നു

ഭൗമസ്യാരിവിമർദ്ദഭൂപസഹജക്ഷി-
ത്യാവികാജൈർദ്ധനം
പ്രദ്വേഷസ്സുതമിത്രദാരസഹജൈർ-
വ്വിദ്വദ് ഗുരുദ്വേഷിതാ
തൃഷ്ണാസൃഗ്ജ്വരപിത്തഭംഗജനിതാ
രോഗാഃ പരസ്ത്രീഷ്ടതാ
പ്രീതിഃ പാപരതൈരധർമ്മനിരതിഃ
പാരുഷ്യ തൈക്ഷ്ണ്യാദി ച.

സാരം :-

ചൊവ്വയുടെ (കുജന്റെ ) ദശാപഹാരാദി കാലങ്ങളിൽ ശത്രുക്കളോടു പടവെട്ടി ജയിക്കുക; പൌരുഷപരാക്രമികൾ നിമിത്തമുള്ള രാജ പ്രീതി, സ്വസമാനോദരന്മാരുടെ പ്രയത്നാദികൾ, കൃഷിസ്ഥലം, കരിമ്പടം മുതലായ ആട്ടുരോമങ്ങളേക്കൊണ്ടുണ്ടാക്കുന്ന പദാർത്ഥങ്ങൾ, ആടുകൾ, ആട്ടിൻ തോല് മുതലായതുകൾ, സേനാനായകസ്ഥാനം ഇത്യാദികൾ നിമിത്തമായി ധനലാഭാദികളും, തന്റെ ഭാര്യാസന്താനങ്ങൾ ബന്ധുക്കൾ സഹോദരന്മാർ ഇവരോടു വിരോധം കലഹം മുതലായതുകളും, വിദ്വാന്മാർ, അച്ഛൻ, അമ്മ, വിദ്യോപദേഷ്ടാവ് എന്നീ ഗുരുഭൂതന്മാരെ ദ്വേഷിയ്ക്കുകയും, ദാഹവും, രക്തം, പിത്തം, ചതവ്, മുറിവ്, ഇത്യാദികളാൽ ശരീരാസ്വാസ്ഥ്യവും, പനിയും പരദാരാഭിലാഷവും, ദുഷ്കർമ്മം ചെയ്യുന്നവരോട് സന്തോഷവും, ദുഷ്കർമ്മത്തിങ്കൽ താൽപര്യവും, ദയയില്ലായ്മയും, കാലം, ദേശം, അവസ്ഥ, സദസ്സ് അല്ലെങ്കിൽ ആള് ഇതുകളൊന്നും വിചാരിയ്ക്കാതെ ഉഗ്രമായി ഉറക്കെ സംസാരിയ്ക്കയും മറ്റുമാണ് കുജദശയിൽ അനുഭവിയ്ക്കേണ്ടിവരുന്ന ഫലങ്ങൾ.

ദ്വിജന്മത്രിതയാധിമാസത്രയങ്ങൾ

വധൂവരന്മാരുടെ ജന്മനക്ഷത്രങ്ങളും അതിന്റെ അനുജന്മനക്ഷത്രങ്ങളും നിഷേകത്തിനു വർജിക്കണം. അംഹസ്പതി, അധിമാസം, സംസർപ്പം എന്നീ മാസത്രിതയങ്ങളും, മധ്യാധിമാസവും നിഷേകത്തിനു വർജിക്കണം. ഇതോടൊപ്പം തന്നെ ഷൾദോഷോപപാതിതമായ വ്യാഴശുക്രന്മാരുടെ ദിവാദൃശ്യതയും ബാല്യവാർദ്ധാക്യാദികളും നിഷേകത്തിനു വർജിക്കപ്പെടേണ്ടതാണ്.

ജന്മത്രയമപിത്യാജ്യം നിഷേകേതുദ്വയോരപി
അധിമാസാൻ വിശേഷേണ ഷൾദോഷേഷുവിവർജയേൽ
സേകം തുഷണ്ണാം ദോഷാണാമധിമാസെനകാരയേൽ.

എന്ന് ശാസ്ത്രവിധിയുണ്ട്. 

സ്ത്രീ

കന്നി നിഷേകത്തിനു കന്നിരാശി സമയം നിഷിദ്ധമാണ്. ഇതോടൊപ്പം കർക്കിടകം ധനു കുംഭം മീനത്തിന്റെ അന്ത്യാർദ്ധം എന്നീ രാശി സമയങ്ങൾ നിഷേകത്തിനു വർജിക്കണം. എന്നാൽ ഒട്ടും ഒഴിച്ചുകൂടാനാവാത്ത ഘട്ടത്തിൽ സ്വീകാര്യമെന്നും അത് പ്രായശ്ചിത്തപൂർവ്വം നിഷേകത്തിനു സ്വീകരിക്കണമെന്നും പറയുന്നു.

കർക്കികന്യാ ചാപകുംഭമീനാന്ത്യർദ്ധഗതാരവീം
സന്ത്യജന്ത്യാദിമെ സേകെ സത്യാമാപതിസൂരയഃ

എന്നു ഇതിന്നു ശാസ്ത്രവിധിയുമുണ്ട്. 

സിതേക്ഷണം

നിത്യദോഷത്തിൽ എല്ലായിടത്തും ശുക്രദൃഷ്ടി വർജിക്കണമെന്നു പറഞ്ഞിട്ടുണ്ട്. വേളിശ്ശേഷമുഹൂർത്തത്തിൽ അത് വർജിക്കാൻ പാടില്ല. വേളിശ്ശേഷമുഹൂർത്തലഗ്നത്തിന്റെ ഏഴാം ഭാവത്തിൽ ശുക്രൻ നിൽക്കണം. ഇതേ വിധം തന്നെ സർവ്വത്രശുഭകർമ്മങ്ങൾക്കും ചന്ദ്രനെ ലഗ്നത്തിൽ വർജിക്കണമെന്നു പറഞ്ഞത് വേളിശ്ശേഷമുഹൂർത്തത്തിൽ വർജിക്കരുത്. ലഗ്നത്തിൽ ചന്ദ്രൻ നിൽക്കുന്നത് വേളിശ്ശേഷമുഹൂർത്തത്തിനു ഉത്തമമാണ്.

ക്രപാദിഖനനെ സേകെവസ്ത്രെശുക്രേക്ഷണം ശുഭം
യഥാസപ്തമഗഃ ശുക്രോലഗ്നേചന്ദ്രർക്ഷഭോമതഃ

എന്ന് അതിന്നു നിയമമുണ്ട്. മറ്റേല്ലാത്തിനും വർജനീയമെന്നു വിധിക്കപ്പെട്ട ശുക്രചന്ദ്രന്മാരുടെ വീക്ഷണവും സ്ഥിതിയും വേളിശ്ശേഷമുഹൂർത്തത്തിനു എന്തുകൊണ്ട് ഉത്തമമെന്നു വിധിച്ചു എന്ന വിരോധാഭാസചിന്തയേക്കാൾ ഭാവനയ്ക്കുമിഴിവേകുന്ന ഒരു സ്വഭാവഗുണം ഇതിനുണ്ട്. മദനവികാരകാരകനും കളത്രകാരകനുമായ ശുക്രവീക്ഷണവും; രതിസുഖവിഭൂതിദാതാവും മനോകാരകനുമായ ചന്ദ്രന്റെ ലഗ്നസ്ഥിതിയും; ഇരുപേരുടേയും പരസ്പരദൃഷ്ടിയോടെയുള്ള സ്ഥിതിയും വേളിശ്ശേഷമെന്ന നിഷേക മുഹൂർത്തത്തിനുണ്ടാകാതിരുന്നാൽ വധൂവരന്മാരുടെ നിഷേകകർമ്മം വിരക്തരതി കർമ്മാനുഷ്ഠാനത്തേക്കാൾ വിരസവും മനോധർമ്മരഹിതവുമായ വെറും ഒരു ആഭാസമായിത്തീരാനിടവന്നേക്കാമെന്ന ഋഷിഭാവനയുടെ പരമോന്നതമായ ലൗകികധർമ്മചിന്ത ഇതിൽ കണ്ടെത്താനാകും. 

അതിശത്രുക്ഷേത്രത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം

ഗുരോർദശായാമതിശത്രുരാശിം
ഗതസ്യ ദുഃഖം സമുപൈതി ശോകം
സ്വമിത്രധാത്ര്യർത്ഥകളത്രഹാനിം
നൃപാഗ്നിചോരൈശ്ച ഭയം ഗദാർത്തിം.

സാരം :-

അതിശത്രുക്ഷേത്രത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം ശോകദുഃഖങ്ങളും ധനനാശവും ഭൂമിനാശവും ബന്ധുക്കൾക്കും ഭാര്യയ്ക്കും ഹാനിയും രാജകോപവും അഗ്നിഭയവും തസ്കരപീഡയും രോഗോപദ്രവവും ഫലമാകുന്നു.

ശത്രുക്ഷേത്രത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം

ഗുരോർദശായാമരിരാശിഗസ്യ
ക്ഷേത്രാർത്ഥലാഭം ശയനാംബരം ച
നരേശസമ്മാനമുപൈതി കിഞ്ചിൽ
സ്ത്രീപുത്രഭൃത്യാത്മസഹോദരാർത്തിം.

സാരം :-

ശത്രുക്ഷേത്രത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം കൃഷിഭൂമിയും ധനവും ശയനോപകരണങ്ങളും വസ്ത്രവും രാജസമ്മാനവും അല്പമായി ലഭിക്കുകയും ഭാര്യ, പുത്രൻ, ഭൃത്യൻ, സഹോദരൻ എന്നിവർക്ക് ദുഃഖമുണ്ടാവുകയും ചെയ്യും.

സമക്ഷേത്രത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം

സമർക്ഷഗസ്യേന്ദ്രഗുർരോദശായാം
സാമാന്യതോ ഭൂപതിദത്തഭാഗ്യം
കൃഷ്യർത്ഥഗോഭൂമിഹിരണ്യപുണ്യ-
പുത്രാംബരാലംകൃതിമിത്രലബ്ധിം.

സാരം :-

സമക്ഷേത്രത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം രാജാക്കന്മാരുടെ സന്തോഷഭാവനകളും കൃഷികാര്യങ്ങളും പശുക്കളും ഭൂമിയും സ്വർണ്ണാദിധനങ്ങളും പുത്രന്മാരും വിശേഷവസ്ത്രാഭരണങ്ങളും ബന്ധുക്കളും ലഭിക്കുന്നതായിരിക്കും. ഈ ഫലം സാമാന്യമെന്നു അറിഞ്ഞുകൊള്ളണം.

ചന്ദ്രന്റെ ദശാഫലങ്ങളെ പറയുന്നു

ഇന്ദോഃ പ്രാപ്യ ദശാം ഫലാനി ലഭതേ
മന്ത്രദ്വിജാത്യുദ്ഭവാ-
നിക്ഷുക്ഷീരവികാരവസ്ത്രകുസുമ-
ക്രീഡാതിലാന്നശ്രമൈഃ
നിദ്രാലസ്യമൃദുദ്വിജാമരരതിഃ
സ്ത്രീജന്മമേധാവിതാ
കീർത്ത്യർത്ഥോപചയക്ഷയൗ ച ബലിഭിർ-
വ്വൈരം സ്വപക്ഷേണ ച.

സാരം :-

മന്ത്രങ്ങൾ, ബ്രാഹ്മണൻ, കരിമ്പുകൊണ്ടുണ്ടാക്കുന്ന ശർക്കര, പഞ്ചസാര മുതലായതുകൾ, പാലുകൊണ്ടുണ്ടാക്കുന്ന തൈര്, നെയ്യ് മുതലായവ, പരുത്തിവസ്ത്രം, മരവുരി, പുഴുക്കൂട്ട്, പട്ട്, ഇത്യാദികൾ, കുങ്കുമപ്പൂവ്, ചന്ദനം മുതലായവ, കളി, എള്ള്‌ തുടങ്ങിയ തൈലബീജങ്ങൾ, ചോറ്, കഞ്ഞി, അരി മുതലായതുകളേക്കൊണ്ട് ഉണ്ടാക്കപ്പെടുന്ന അപ്പം, അട മുതലായ പലഹാരങ്ങൾ, കായ കിഴങ്ങ് മുതലായവ, മംസാദികളെക്കൊണ്ടുള്ള മറ്റു ആഹാരസാധനങ്ങൾ, ശരീരസ്വേദജനകങ്ങളായ വ്യായാമങ്ങൾ, മേൽപ്പറഞ്ഞവ നിമിത്തമായി ധനലാഭവും, സൗമ്യന്മാർ, സൗമ്യപദാർത്ഥങ്ങൾ, ദേവന്മാർ ബ്രാഹ്മണർ എന്നിവരിൽ പ്രത്യേകപ്രതിപത്തിയും, ബുദ്ധിയ്ക്കു ഓർമ്മശക്തിയും, സ്ത്രീസന്താനലാഭവും, ധനം, സൽക്കീർത്തി എന്നിവകൾക്ക് കൂടെക്കൂടെ വൃദ്ധിക്ഷയങ്ങളും, രാജ്ഞി, ദുർഗ്ഗാഭഗവതി എന്നിവരുടെ അനുഗ്രഹം നിമിത്തമുള്ള അഭിവൃദ്ധിയും, മനസ്സമാധാനവും, ഉറക്കം, മടി, എന്നിവകളിൽ താൽപര്യവും, തന്നേക്കാൾ ബലവാന്മാരോടും, അച്ഛൻ, അമ്മ, സഹോദരന്മാർ മുതലായ സ്വജനങ്ങളോടും വിദ്വേഷവും മറ്റും ചന്ദ്രന്റെ ദശാപഹാരാദി കാലങ്ങളിൽ അനുഭവിയ്ക്കേണ്ടിവരുന്ന ഗുണദോഷഫലങ്ങളാകുന്നു.

സൂര്യന്റെ ദശാഫലങ്ങളെ പറയുന്നു

സൗര്യാം സ്വം നഖദന്തചർമ്മകനക-
ക്രൗര്യാധ്വഭൂപാഹവൈ-
സ്തൈക്ഷ്ണ്യം ധൈര്യമജസ്രമുദ്യമരതിഃ
ഖ്യാതിഃ പ്രതാപോന്നതിഃ
ഭാര്യാപുത്രധനാരിശസ്ത്രഹുതഭുഗ്-
ഭൂപോത്ഭവാ വ്യാപദ-
സ്ത്യാഗഃ പാപരതിഃ സ്വഭൃത്യകലഹോ
ഹൃത്ക്രോഡപീഡാമയാഃ

സാരം :-

സൂര്യന്റെ ദശയിലും അന്യഗ്രഹങ്ങളുടെ ദശയിൽ വരുന്ന സൂര്യന്റെ അപഹാരം ഛിദ്രം ഇത്യാദികളിലും പുലിനഖം, ആനക്കൊമ്പ്, മാൻ തോല്, മുതലായ നഖദന്തചർമ്മങ്ങളും സ്വർണ്ണവും, കച്ചവടം ചെയ്തും, ക്രൂരപ്രവൃത്തികൾ, വഴി നടക്കുക, രാജസേവ, പരാക്രമം ഇതുകളേക്കൊണ്ടും ധനം സമ്പാദിക്കും. നല്ലവണ്ണം ആലോചിയ്ക്കാതെ വല്ലതും ചെയ്യുകയും, സന്തോഷസന്താപങ്ങളിൽ മനശ്ചാഞ്ചല്യമില്ലായ്മയും, എല്ലാ സമയത്തും ഉത്സാഹം നിമിത്തമുള്ള മനസന്തോഷവും ലോകപ്രസിദ്ധിയും, ദൂരത്തിരുന്നിട്ടുതന്നെ ശത്രുക്കളെ ഭയപ്പെടുത്തത്തക്ക സാമർത്ഥ്യം ഇത്യാദികളായ ശുഭഫലങ്ങളുമെല്ലാം അനുഭവപ്പെടുന്നതാണ്.

ഭാര്യ, സന്താനങ്ങൾ, ധനം, ശത്രുക്കൾ, ആയുധങ്ങൾ, അഗ്നി, രാജാവ് ഇവകൾ നിമിത്തമായി പല പ്രകാരത്തിൽ ആപത്തുകൾ അനുഭവിയ്ക്കേണ്ടിവരികയും, ഒരു വസ്തുവോടും ബന്ധമില്ലായ്മയും, ദുഷ്കർമ്മങ്ങളിലും ദുഷ്കർമ്മം ചെയ്യുന്നവരിലും പ്രീതിയും, തന്റെ ഭൃത്യന്മാരോട് കലഹവും, ഹൃദയം, ഉദരം എന്നിവടങ്ങളിൽ വേദന മുതലായ രോഗങ്ങളും, സൂര്യന്റെ ദശാപഹാരാദി കാലങ്ങളിൽ അനുഭവിയ്ക്കേണ്ടിവരുന്ന ദോഷഫലങ്ങളാകുന്നു.

ദശ ശുഭഫലപ്രദയാണെങ്കിൽ  മേൽപ്പറഞ്ഞവയിൽ ശുഭഫലങ്ങളും, അശുഭയാണെങ്കിൽ അശുഭഫലങ്ങളും, ശുഭാശുഭമിശ്രയാണെങ്കിൽ ഫലം ശുഭവും അശുഭവും ഇടകലർന്നും ആണ് അനുഭവിയ്ക്കുക എന്നും മറ്റും യുക്ത്യാനുസാരേണ പറയാവുന്നതാണ്. പക്ഷെ ഈ അദ്ധ്യായത്തിലെ 5 മുതൽക്കു മൂന്നും, 10 ഉം 11 ഉം ശ്ലോകങ്ങളെക്കൊണ്ടു ദശയുടെ ശുഭത്വം അശുഭത്വം മുതലായ അവസ്ഥകളേ സൂക്ഷ്മമായി ചിന്തിച്ചു ആദ്യം ഏതെന്നും തീർച്ചയാക്കേണ്ടതാണ്.

മഘാസുരാന്നർക്ഷം

മകം, മൂലം, ഊണ്‍ നക്ഷത്രങ്ങളായ അശ്വതി രോഹിണി മകീര്യം പുണർതം പൂയം ഉത്രം അത്തം ചിത്ര ചോതി അനിഴം ഉത്രാടം തിരുവോണം അവിട്ടം ചതയം ഉത്രട്ടാതി രേവതി  എന്നീ നക്ഷത്രങ്ങളും കൂടി 18 നക്ഷത്രങ്ങൾ വേളിശ്ശേഷത്തിനുത്തമങ്ങളാണ്. ശേഷം ഒമ്പത് നക്ഷത്രങ്ങൾ വേളിശ്ശേഷത്തിനു കൊള്ളില്ല.  

ചതുർത്ഥ്യം നിശി

ദീക്ഷവിരിച്ചതിന്റെ നാലാം രാത്രി സേകം - വേളിശ്ശേഷമെന്ന നിഷേകം വിഹിതമാണ്. ഇതിന്റെ അടുത്ത ദിവസം - അഞ്ചാം രാത്രി വിഹിത ദിനത്തിന്റെ രണ്ടാം ദിവസമായതുകൊണ്ട് അന്നു സേകം ചെയ്യരുത്. നാലാം രാത്രി വിഹിതമെന്നു പറഞ്ഞതുകൊണ്ട് രാത്രിതന്നെ നിഷേകം നടത്തണമെന്നും പകൽ അരുതെന്നും വ്യക്തമാക്കിയിരിക്കുന്നു.

സേകം ചതുർത്ഥദിവസെ കുര്യാൽതന്നൈവപഞ്ചമെ
രാത്രാവേവഹിതൽക്കാര്യം കന്ന്യാരാശീം വിവർജയേൽ.

എന്നതിന് ശാസ്ത്രവിധിയുണ്ട്. എന്തുകൊണ്ട് വേളികഴിഞ്ഞാൽ മൂന്നു ദിവസം ദീക്ഷ പിരിച്ചിരിക്കണം എന്ന ആശങ്കക്കിവിടെ സ്ഥാനമുണ്ട്. എന്തുകൊണ്ടെന്നാൽ :-

ഹോമഃ പ്രഥമഃ വിവിദെ
ബ്രഹ്മർവഃ വിവദെ ഉത്തരഃ
തൃതീയഃ അഗ്നിഃ തേ പതിഃ
തുരീയസ്ഥെ മനുഷ്യജഃ

എന്നാണു ശാസ്ത്രവിധി. ആ മൂന്നു ദിവസം വധൂ ദേവതാ നിവേദ്യമായിമാറുന്നു എന്നർത്ഥം. 

വേളിശ്ശേഷം - നിഷേകം

സേകം ചതുർത്ഥ്യം നിശിനോത്തരസ്യം
മഘാസുരാന്നര്‍ക്ഷ സിതേക്ഷണം സൽ
ന സ്ത്രീ ദ്വിജന്മത്രിതയാധിമാസ
ത്രയാണിരാകാഹരിവാസരൗച.

സാരം :-

നാലാമത്തെ നിശിയിൽ വേളിശ്ശേഷം - നിഷേകം - ഉത്തമം. അഞ്ചാം രാത്രി അധമം, പകലരുത്, മകം, മൂലം, ഊണ്‍ നാളുകളും ശുക്രവീക്ഷണവും നല്ലതാണ്. കന്നിരാശിയും വധൂവരന്മാരുടെ പിറന്നാളും അംഹസ്പതി സംസർപ്പം ആധിമാസം പൌർണ്ണമി ഹരിവാസരം നല്ലതല്ല. 

അതിബന്ധുക്ഷേത്രത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം

ഗുരോർദശായാമതിമിത്രരാശിം
ഗതസ്യ പൂജാം നൃപതേരുപൈതി
മൃദംഗഭേരീരവയാനഘോഷം
ദിഗന്തരാക്രാന്തസമസ്തഭാഗ്യം.

സാരം :-

അതിബന്ധുക്ഷേത്രത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം രാജാക്കന്മാരിൽ നിന്ന് സമ്മാനവും മൃദംഗഭേര്യാദിവാദ്യഘോഷങ്ങളോടും പ്രതാപത്തോടും കൂടിയുള്ള സഞ്ചാരവും എല്ലാ ദിക്കുകളിൽനിന്നും എല്ലാ വിധത്തിലുള്ള ഭാഗ്യങ്ങളും ലഭിക്കുകയും ഫലമാകുന്നു.

നീചസ്ഥനായ ഗൃഹത്തോടുകൂടി നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം

നീചഖേചരസംയുക്തജീവദായേ മനോരുജഃ
പരപ്രേഷ്യാപവാദം ച പുത്രാണാം ച വിരോധിതാ.

സാരം :-

നീചസ്ഥനായ ഗൃഹത്തോടുകൂടി നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം മനോദുഃഖവും ബുദ്ധിഭ്രമം ഉന്മാദം മുതലായ രോഗങ്ങളെക്കൊണ്ട് ഉപദ്രവവും അന്യഭൃത്യന്മാരുടെ അപവാദവും പുത്രവൈരവും സംഭവിക്കും.

പരമനീചത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം

അതിനീചഭാഗഭാജോ
ഗുരോർദശായാം പ്രഭഗ്നഗൃഹപുംജഃ
അന്യോന്യഹൃദയവൈരം
കൃഷിനാശം യാതി പരഭൃത്യഃ


സാരം :-

മകരത്തിൽ അഞ്ചു തിയ്യതിയായ പരമനീചത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം അനേകം ഗൃഹങ്ങൾക്ക് അധഃപതനവും അന്യോന്യം ഹൃദയവൈരവും കൃഷിനാശവും ഉണ്ടാവുകയും അന്യന്മാർക്കുവേണ്ടി ഭൃത്യപ്രവൃത്തി ചെയ്യുകയും ഫലമാകുന്നു.

ദശാരംഭകാലത്ത് സൂര്യാദിഗ്രഹങ്ങളുടെ ക്ഷേത്രങ്ങളിലെ ചന്ദ്രസ്ഥിതികൊണ്ടുണ്ടാകുന്ന ഫലവിശേഷത്തെ പറയുന്നു

പ്രാരബ്ധാ ഹിമഗൗ ദശാ സ്വഗൃഹഗേ
മാനാർത്തസൗഖ്യാവഹാ
കൗജേ ദൂഷയതി സ്ത്രിയാം ബുധഗൃഹേ
വിദ്യാസുഹൃദ്വിത്തദാ
ദുർഗ്ഗാരണ്യപഥാലയേ കൃഷികരീ
സിംഹേ സിതർക്ഷേന്നദാ
കുസ്ത്രീദാ മൃഗകുംഭയോർഗ്ഗുരുഗൃഹേ
മാനാർത്ഥസൗഖ്യാവഹാ.


സാരം :-

ദശാഫലം നല്ലതോ ചീത്തയോ ഏതു ആയിരുന്നാലും ശരി; ചന്ദ്രൻ കർക്കടകത്തിൽ നിൽക്കുമ്പോഴാണ് ദശ തുടങ്ങിയതെങ്കിൽ ആ ദശയിൽ സുഖം ധനം അഭിമാനം എന്നിവകളെ ലഭിക്കുന്നതാകുന്നു.

ഇങ്ങനെയുള്ള സമയത്ത് - ചന്ദ്രൻ കർക്കടകത്തിൽ നിൽക്കുമ്പോൾ - തുടങ്ങിയ അപഹാരച്ഛിദ്രാദികളിലും ഈ ഫലങ്ങളെത്തന്നെ അനുഭവിയ്ക്കുകയും ചെയ്യും. 

അപ്രകാരം തന്നെ ചന്ദ്രൻ മേടവൃശ്ചികങ്ങളിൽ ഒന്നിൽ നിൽക്കുമ്പോൾ ആരംഭിച്ച ദശാപഹാരാദികളിൽ ഭാര്യയ്ക്ക് ചാരിത്ര്യഭംഗാദിദോഷങ്ങളും അനുഭവിക്കും. 

ചന്ദ്രൻ മിഥുനകന്നികളിൽ നിൽക്കുമ്പോൾ ആരംഭിച്ച ദശാപഹാരാദികളിൽ വിദ്യാബന്ധുധനങ്ങളുടെ ലാഭവും അനുഭവിക്കും.

ചന്ദ്രൻ  ചിങ്ങത്തിൽ നിൽക്കുമ്പോൾ ആരംഭിച്ച ദശാപഹാരാദികളിൽ പ്രവേശിപ്പാൻ അസാദ്ധ്യമായ പ്രദേശം കാട് വഴി ഇവിടങ്ങളിൽ താമസിയ്ക്കേണ്ടിവരികയും, കൃഷിപ്രവൃത്തിചെയ്യുവാൻ ഇടവരികയും ചെയ്യും, 

ചന്ദ്രൻ  ഇടവം, തുലാം രാശികളിൽ നിൽക്കുമ്പോൾ തുടങ്ങിയ ദശാപഹാരാദികളിൽ ഭോജനസുഖവും അനുഭവിക്കും.

ചന്ദ്രൻ മകരം, കുംഭം രാശികളിൽ നിൽക്കുമ്പോൾ തുടങ്ങിയ ദശാപഹാരാദികളിൽ വിരൂപസ്ത്രീസംഭോഗാദികളും ചെയ്യും.

ചന്ദ്രൻ ധനുമീനങ്ങളിൽ നിൽക്കുമ്പോൾ തുടങ്ങിയ ദശയിലും അപഹാരാദികളിലും സുഖം ധനം അഭിമാനം ഇത്യാദി ഫലങ്ങളും അനുഭവിയ്ക്കുന്നതാകുന്നു. 

നവവസ്ത്രധാരണം

പുതിയ വസ്ത്രം ധരിക്കുമ്പോൾ ആ ലഗ്നസമയത്തിന്റെ ആറാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും ചന്ദ്രൻ നിന്നാൽ ശുഭമാണ്. എട്ടാം ഭാവത്തിലെ ചന്ദ്രനെ പുതിയ വസ്ത്രധാരണത്തിനു വർജിക്കണം. അവിട്ടം, അശ്വതി, രേവതി, അത്തം, ചിത്ര, ചോതി, വിശാഖം, അനിഴം, പുണർതം, പൂയം, രോഹിണി, ഉത്രം, ഉത്രാടം, ഉത്രട്ടാതി എന്നീ നക്ഷത്രങ്ങൾ പുതിയ വസ്ത്രധാരണത്തിനു ശുഭം. മുഹൂർത്തലഗ്നത്തിലേയ്ക്ക് ശുക്രദൃഷ്ടി പുതിയ വസ്ത്രധാരണത്തിനു ശുഭം. കന്നി, വൃശ്ചികം, മേടം, ധനു, എന്നീ രാശി സമയങ്ങൾ പുതിയ വസ്ത്രധാരണത്തിനു വർജിക്കണം. ഞായർ, ചൊവ്വ, ശനി ദിവസങ്ങൾ പുതിയ വസ്ത്രധാരണത്തിനു വർജിക്കണം. ജന്മാനുജന്മനക്ഷത്രങ്ങൾ പുതിയ വസ്ത്രധാരണത്തിനു ശുഭമാണ്. ഏഴാം ഭാവത്തിൽ ശുഭഗ്രഹം നിൽക്കുന്നത് പുതിയ വസ്ത്രധാരണത്തിനു നല്ലതാണ്. നാലാം ഭാവത്തിലും എട്ടാം ഭാവത്തിലും പാപഗ്രഹങ്ങൾ പാടില്ല. നവദോഷം വർജ്യം. 

വൃക്ഷച്ഛേദനം

ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, ഭരണി, തിരുവോണം, ചതയം, ഒഴികെ മറ്റു നക്ഷത്ര ദിവസം ഗൃഹനിർമ്മാണത്തിനു മരംമുറിക്കാനും ഉത്തമം. ഗുളിക വിഷ്ടി ഗണ്ഡാന്തങ്ങൾ  ഗൃഹനിർമ്മാണത്തിനു മരംമുറിക്കുന്നതിന് വർജിക്കണം. 

ഗൃഹപ്രവേശം

ഗൃഹപ്രവേശത്തിന്നു കർക്കിടകം, കന്നി, കുംഭം, രാശികളിൽ സൂര്യൻ നിൽക്കുന്ന സമയം അശുഭമാണ്. ശിഷ്ടം ഒമ്പത് മാസങ്ങളും ഉത്തമങ്ങളാണ്. മറ്റെല്ലാനിയമങ്ങളും ഗൃഹാരംഭവിധിപോലെ തന്നെ.

*******************

കൂപാരംഭം - കിണറുകുഴിക്കൽ

ഏവം കൂപഗൃഹ പ്രവേശന വിധിർ
ന്നാർക്കഃ പ്രവേശെ ഘടഃ
സ്ത്രീകർക്കിഷ്വിതരത്രസന്തു ചരഭാ
ന്യർക്കശ്ച വഹ്ന്യാദിഷു

ചിതാദ്വീന്ദ്വ സുരാശ്വിചാപമശുഭം
ശസ്തം ജലർക്ഷാച്ഛദൃക്
സ്വാതീ പഞ്ചയമാച്യുതാശ്വിവരുണാ
നേഷ്ടാ സ്തരുച്ഛേദനെ.

സാരം :-


കിണറു കുഴിക്കുവാനുള്ള മുഹൂർത്തം ഗൃഹാരംഭമുഹൂർത്തം തന്നെയാണ്. ഗൃഹാരംഭത്തിനു പറഞ്ഞ നിഷിദ്ധങ്ങളായ ചരരാശികളും കാർത്തിക നക്ഷത്രത്തിൽ സൂര്യൻ നിൽക്കുന്ന സമയവും മിഥുനം, കന്നി, ധനു, മീനം, കർക്കിടകം എന്നീ മാസങ്ങളും കിണറു കുഴിക്കുവാൻ ശുഭമാണ്. ഇതുകൊണ്ട് സൗരമാസങ്ങൾ കിണറുകുഴിക്കാൻ സാമാന്യേനശുഭമെന്നുവരുന്നു. ഗൃഹാരംഭത്തിനു വിധിച്ച 18 നക്ഷത്രങ്ങളിൽ ചിത്ര, ചോതി, വിശാഖം, മൂലം , അശ്വതി എന്നീ നക്ഷത്രങ്ങൾ ഒഴിവാക്കി ശിഷ്ടം വരുന്ന 13 നക്ഷത്രങ്ങളും പൂരാടവും കിണറുകുഴിക്കാൻ ശുഭങ്ങളാണ്.

ധനുരാശി സമയം കിണറുകുഴിക്കാൻ സ്വീകാര്യമല്ല.

ശുക്രദൃഷ്ടി - മുഹൂർത്തലഗ്നത്തിന്റെ ഏഴാം ഭാവത്തിൽ ശുക്രൻ നിൽക്കുന്ന സമയം കിണറുകുഴിക്കാൻ ശുഭമാണ്.

കിണറുകുഴിക്കാനുള്ള മുഹൂർത്ത ലഗ്നം തുലാം, വൃശ്ചികം, ഇടവം, കുംഭം, മകരം, മീനം, കർക്കിടകം എന്നീ ജലരാശികളിലൊന്നായി വരുന്നത് ഉത്തമമാണ്. ഈ മുഹൂർത്തലഗ്നസമയത്തിനു വേലിയേറ്റമുണ്ടായിരിക്കണം.

തുലാളിവൃഷകുംഭംച മൃഗാന്ത്യൗ കർക്കടസ്തഥാ
സജലരാശയസ്ത്വേതെ കൂപാദാവതിശോഭനഃ
ജലവൃദ്ധീഃ ശുഭതരാസ്സർവ്വമന്യൽ ഗൃഹോക്തവൽ
കൂപാദിഖനനെ സേകെവസ്ത്രേ ശുക്രേക്ഷണം ശുഭം.\

എന്നു വിധിയുണ്ട്.

കിണറുകുഴിക്കുന്നതിന് നിത്യദോഷങ്ങളും ഷൾദോഷങ്ങളും കർത്തൃദോഷങ്ങളും ജന്മാഷ്ടമരാശിയും അവിടെ നിൽക്കുന്ന ചന്ദ്രനും ജന്മനക്ഷത്രത്തിന്റെ മൂന്നു അഞ്ച് ഏഴ് നക്ഷത്രങ്ങളും ജന്മനക്ഷത്രവും വർജിക്കണം.

ഓരോ ദശയുടേയും ആരംഭകാലത്ത് ആ ദശാധിപന്റെയും ആ ദശാധിപനെ അനുസരിച്ച് ചന്ദ്രന്റെയും സ്ഥിതിഭേദം നിമിത്തം ദശാകാലത്തുണ്ടാകുന്ന ഫലത്തിനു വ്യത്യാസം വരുന്നതാണ്

പാകസ്വാമിനി ലഗ്നഗേ സുഹൃദി വാ
വർഗ്ഗേസ്യ സൗമ്യേപി വാ
പ്രാരബ്ധാ ശുഭദാ ദശാ ത്രിദശഷഡ്-
ലാഭേഷു വ പാകപേ
മിത്രോച്ചോപചയത്രികോണമദനേ
പാകേശ്വരസ്യ സ്ഥിത-
ശ്ചന്ദ്രസ്സൽഫലബോധനായി കുരുതേ
പാപാനി ചാതോന്യഥാ.

സാരം :-

1). ഓരോ ദശയും ആരംഭിയ്ക്കുന്നത് ഏതു രാശിയുടെ ഉദയസമയത്താണോ ആ ഉദയരാശിയിൽ ആ ദശാധിപൻ നിൽക്കുക.

2). ദശാധിപന്റെ ബന്ധുഗ്രഹം ആ ലഗ്നത്തിൽ നിൽക്കുക.

3). ഏതെങ്കിലും ഒരു ശുഭഗ്രഹം ലഗ്നത്തിൽ നിൽക്കുക

4). ദശാരംഭലഗ്നത്തിൽ ദശാനാഥന്റെ ഒരു വർഗ്ഗമെങ്കിലും ഉണ്ടാവുക

5). ദശാനാഥൻ ദശാപ്രാരംഭലഗ്നത്തിന്റെ 3 - 6 - 10 -11 ഇതിലൊരു ഭാവത്തിൽ നിൽക്കുക.

മേൽപ്പറഞ്ഞ അഞ്ചിൽ ഏതെങ്കിലും ഒരു ലക്ഷണമുള്ളപ്പോഴാണ് ദശ തുടങ്ങുന്നതെങ്കിൽ ആ ദശയിൽ നല്ല ഫലങ്ങൾ ധാരാളം അനുഭവിയ്ക്കുന്നതാകുന്നു. മേൽപ്പറഞ്ഞ അഞ്ചു ലക്ഷണങ്ങളും ഇല്ലാത്ത സമയത്താണു ദശ തുടങ്ങിയതെങ്കിൽ ആ ദശയിൽ ശുഭഫലങ്ങൾ അനുഭവിയ്ക്കില്ലെന്നുകൂടി അറിയേണ്ടതാണ്.


ദശാരംഭസമയത്ത് ദശാധിപന്റെ ഉച്ചം ബന്ധുക്ഷേത്രം ഇവയിലൊന്നിലോ, ദശാരംഭസമയത്തു ദശാനാഥൻ നിൽക്കുന്ന രാശിയുടെ 3 - 6 - 10 - 11 - 5 - 9 - 7 എന്നീ ഭാവങ്ങളിലൊന്നിലോ ആണ് ചന്ദ്രൻ നിൽക്കുന്നതെങ്കിൽ, ആ ദശാകാലത്തും ശുഭഫലങ്ങൾ ധാരാളം അനുഭവിയ്ക്കുന്നതാണ്. ചന്ദ്രൻ മറ്റു സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ ആരംഭിയ്ക്കുന്ന ദശയിൽ അശുഭഫലങ്ങളെ അനുഭവിയ്ക്കുകയുള്ളുവെന്നും അറിയുക.

ദശാരംഭകാലത്ത് ദശാനാഥൻ ചന്ദ്രൻ എന്നിവരുടെ സ്ഥിതിഭേദംകൊണ്ട് ദശയ്ക്കു ഫലഭേദം വരുന്നതുപോലെ, അപഹാരത്തിന്റെ ആരംഭകാലത്തു അതാതു അപഹാരനാഥൻ, ചന്ദ്രൻ ഇവരെക്കൊണ്ടും അതാതു അപഹാരങ്ങൾക്കു ഗുണദോഷങ്ങളെ കല്പിയ്ക്കാവുന്നതാണ്. ഈ പറഞ്ഞ ന്യായം ഛിദ്രാദികൾക്കും കല്പിയ്ക്കണം.

ഇവിടെ "ചന്ദ്രഃ സൽഫലബോധനാനി കുരുതേ" - ചന്ദ്രൻ ശുഭഫലങ്ങളെ അറിയിയ്ക്കുന്നു - എന്നു പറഞ്ഞതുകൊണ്ട് ദശ ആരുടേതായാലും തൽഫലങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതു ചന്ദ്രനാണെന്നും സ്പഷ്ടമാകുന്നുണ്ടല്ലോ. ദശാഫലങ്ങളെ ഉണ്ടാക്കുന്നത് സൂര്യനുമാകുന്നു.

"സവിതാ ദശാഫലാനാം പാചയിതാ, ചന്ദ്രമാഃ പ്രബോധയിതാ ആദിത്യചന്ദ്രവശഗാഃ സർവ്വേ താരാഗ്രഹാ ജ്ഞേയാഃ"

എന്ന് പ്രമാണവുമുണ്ട്.

ഉച്ചഗ്രഹത്തോടുകൂടി നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം

ഉച്ചഖേചരസംയുക്തഗുരുദായേ മഹൽസുഖം
അനേകഗോപുരഗൃഹനിർമ്മാണം നൃപപൂജനം.

സാരം :-

ഉച്ചഗ്രഹത്തോടുകൂടി നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം വലിയ സുഖവും അനേകഗോപുരങ്ങളും ഗൃഹങ്ങളും നഗരങ്ങളും നിർമ്മിക്കുകയും രാജസമ്മാനം ലഭിക്കുകയും ചെയ്യും.

പരമോച്ചത്തിൽ / ഉച്ചത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം

ഗുരോർദശായാം പരമോച്ചഗസ്യ
രാജ്യം മഹൽസൌഖ്യമുപൈതി കീർത്തിം
മനോവിലാസം ഗജവാജിലാഭം
പ്രാപ്നോതി പുത്രം സ്വകുലാധിപത്യം.

കുളീരഗസ്യാപി ഗുരോർദശായാം
ഭാഗ്യോത്തരം ഭൂപതിമാനനം ച
വിദേശയാനം മഹദാധിപത്യം
ദുഃഖൈഃ പരിക്ലിന്നതനുർമ്മനുഷ്യഃ

സാരം :-

പരമോച്ചത്തിൽ (കർക്കടകം രാശിയിൽ അഞ്ചുതിയതിക്കകം) നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം രാജ്യലാഭവും വലുതായ സുഖവും യശസ്സും മനസ്സന്തോഷവും ഗജതുരഗോദിവാഹനദ്രവ്യലാഭവും പുത്രപ്രാപ്തിയും കുലമുഖ്യതയും ഗൃഹാധിപത്യവും സംഭവിക്കും.

പരമോച്ചമായ അഞ്ചു തിയ്യതി കഴിഞ്ഞ് (ഉച്ചത്തിൽ) കർക്കടകത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം ഉത്തരോത്തരം ഭാഗ്യാഭിവൃദ്ധിയും രാജസമ്മാനവും അന്യദേശവാസവും മഹത്തായ അധികാരവും ലഭിക്കുകയും ദുഃഖങ്ങളെക്കൊണ്ടു പലപ്രകാരേണ ദേഹക്ലേശവും മനഃക്ലേശവും ഉണ്ടാവുകയും ചെയ്യും. 

വ്യാഴത്തിന്റെ ദശാകാലം

ജൈവ്യാം മാനഗുണോദയോ മതിചയഃ
കാന്തിഃ പ്രതാപോന്നതിർ-
മ്മാഹാത്മോദ്യമമന്ത്രനീതിനൃപതി-
സ്വദ്ധ്യായയജ്ഞൈർദ്ധനം
ഹേമാശ്വാത്മജകുഞ്ജരാംബരചയഃ
പ്രീതിശ്ച സദ്‌ഭൂമിപൈഃ
സൂക്ഷ്മോഹാഗമനൈപുണം ശ്രവണരു-
ഗ്വൈരം വിധർമ്മാശ്രിതൈഃ

സാരം :-

വ്യാഴത്തിന്റെ ദശാകാലം അഭിമാനവും അനേകഗുണങ്ങളും ഉൽകൃഷ്ടസ്ഥാനമാനങ്ങളും ബുദ്ധിക്കു വികാസവും വർദ്ധനവും സംഭവിക്കുകയും സൗന്ദര്യവും തേജസ്സും വർദ്ധിക്കുകയും എല്ലാ വിധത്തിലും പൂജ്യമായ നില കിട്ടുകയും ഉത്സാഹമേറിയിരിക്കുകയും ശൈലവൈഷ്ണവാദിമന്ത്രങ്ങളിലും കൌടില്യശുക്രകാമന്ദകാദികളുടെ നീതിശാസ്ത്രങ്ങളിലും സാമർത്ഥ്യവും ഇവയിൽ നിന്നും രാജാവിൽ നിന്നും രാജമന്ത്രികളിൽ നിന്നും വേദാദിവിദ്യകളെ പഠിച്ചോ അതുകളിൽ നിന്നും  യാഗാദിപുണ്യകർമ്മങ്ങളിൽ നിന്നും ഹോമപൂജാദികളിൽനിന്നും ധനലാഭവും സിദ്ധിക്കുകയും കുതിര, ആന, സ്വർണ്ണം, വിശേഷവസ്ത്രങ്ങൾ എന്നിവ ലഭിക്കുകയും പുത്രന്മാർ ജനിക്കുകയും ഗുണവാന്മാരായ ഉത്തമരാജാക്കന്മാരുടെ സന്തോഷം സിദ്ധിക്കുകയും ഊഹാപോഹങ്ങളെക്കൊണ്ട് അതി സൂക്ഷ്മങ്ങളായ കാര്യത്തെപ്പോലും നിർണ്ണയിക്കുകയും ഇവയിലും ശാസ്ത്രങ്ങളിലും സാമർത്ഥ്യം ലഭിക്കുകയും മറ്റു ഗുണഫലങ്ങളും കർണ്ണരോധം ദേവബ്രാഹ്മണവിരോധം ദുർജ്ജനങ്ങളോടു വിപരീതസ്ഥിതി മുതലായ അനിഷ്ടഫലങ്ങളും സംഭവിക്കും.

വ്യാഴത്തിന്റെ ഇഷ്ടാനിഷ്ടബലാബലങ്ങൾക്കനുസരിച്ചു ഫലങ്ങളേയും നിർണ്ണയിച്ചുകൊള്ളണം.

വ്യാഴദശയുടെ ആദ്യം കഷ്ടവും ശേഷം കാലങ്ങൾ ശുഭങ്ങളും ആകുന്നു.

വ്യാഴദശാഫലങ്ങൾ


 1. വ്യാഴത്തിന്റെ ദശാകാലം 
 2. പരമോച്ചത്തിൽ / ഉച്ചത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം 
 3. ഉച്ചഗ്രഹത്തോടുകൂടി നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം 
 4. പരമനീചത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം 
 5. നീചസ്ഥനായ ഗൃഹത്തോടുകൂടി നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം 
 6. അതിബന്ധുക്ഷേത്രത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം 
 7. സമക്ഷേത്രത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം 
 8. ശത്രുക്ഷേത്രത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം 
 9. അതിശത്രുക്ഷേത്രത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം 
 10. വ്യാഴത്തിന്റെ ആരോഹിണിയായ ദശാകാലം 
 11. വ്യാഴത്തിന്റെ അവരോഹിണിയായ ദശാകാലം 
 12. മൂലത്രികോണത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം 
 13. സ്വക്ഷേത്രത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം 
 14. ലഗ്നം - 4 - 7 - 10 എന്നീ ഭാവങ്ങളിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം 
 15. അഞ്ചാം ഭാവത്തിലോ ഒമ്പതാം ഭാവത്തിലോ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം 
 16. ലഗ്നത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം 
 17. രണ്ടാം ഭാവത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം 
 18. മൂന്നാം ഭാവത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം 
 19. നാലാം ഭാവത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം 
 20. അഞ്ചാം ഭാവത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം 
 21. ആറാം ഭാവത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം 
 22. ഏഴാം ഭാവത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം 
 23. എട്ടാം ഭാവത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം 
 24. ഒമ്പതാം ഭാവത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം 
 25. പത്താം ഭാവത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം 
 26. പതിനൊന്നാം ഭാവത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം 
 27. പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം 
 28. പാപഗ്രഹസഹിതനായ വ്യാഴത്തിന്റെ ദശാകാലം 
 29. പാപഗ്രഹദൃഷ്ടനായ വ്യാഴത്തിന്റെ ദശാകാലം 
 30. ശുഭഗ്രഹസഹിതനായ വ്യാഴത്തിന്റെ ദശാകാലം 
 31. ശുഭഗ്രഹദൃഷ്ടനായ വ്യാഴത്തിന്റെ ദശാകാലം 
 32. ഉച്ചാംശകത്തോടുകൂടി നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം 
 33. നീചാംശകത്തോടുകൂടി നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം 
 34. വ്യാഴദശയുടെ ആദ്യം - മദ്ധ്യം - അന്ത്യം 
 35. ഉച്ചരാശിയിൽനിന്നു നീചരാശ്യംശകം ചെയ്ത വ്യാഴത്തിന്റെ ദശാകാലം 
 36. നീചരാശിയിൽ നിന്ന് ഉച്ചരാശ്യംശകം ചെയ്ത വ്യാഴത്തിന്റെ ദശാകാലം 
 37. വക്രഗതിയോടുകൂടി നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം 
 38. മൌഢ്യമുള്ള വ്യാഴത്തിന്റെ ദശാകാലം 
 39. മേടം രാശിയിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം 
 40. ഇടവം രാശിയിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം 
 41. മിഥുനം രാശിയിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം 
 42. കർക്കടകം രാശിയിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം 
 43. ചിങ്ങം രാശിയിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം 
 44. കന്നി രാശിയിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം 
 45. തുലാം രാശിയിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം 
 46. വൃശ്ചികം രാശിയിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം 
 47. ധനു രാശിയിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം 
 48. മകരം രാശിയിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം 
 49. കുംഭം രാശിയിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം 
 50. മീനം രാശിയിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം 
 51. സൂര്യന്റെ യോഗദൃഷ്ടിയോടുകൂടിയോ / ചന്ദ്രന്റെ യോഗദൃഷ്ടിയോടുകൂടിയോ / ചന്ദ്രന്റെ അഞ്ചിലോ ഒമ്പതിലോ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം 
 52. ചൊവ്വയുടെ / ശുക്രന്റെ / ബുധന്റെ / ശനിയുടെ യോഗദൃഷ്ടിയോടുകൂടിയോ / രാഹുകേതുയുക്തനായോ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം 

ഗൃഹാരംഭമുഹൂർത്തം

കാര്യംമൂലമഘാന്നഭെ മൃഗ തുലാ
മേഷാന്യരാശൌ ഗൃഹം
പ്രാച്യാദൗ മകരാച്ച രസ്ഥിരഗതെ
സൂര്യേകുളീരാമപി

നാഗ്ന്യർക്ഷോഭയ രാശികർക്കടഗതെ
വർജ്യാഃ സുഖേഖേചരാഃ
പാപോതീവ കുജോഷ്ടമെർക്കകുജയോർവ്വാരഃ
സവേധോഡുച.

സാരം :-

സൂര്യൻ മകരം തുടങ്ങിയും കർക്കിടകം തുടങ്ങിയും ചരരാശികളിൽ നിൽക്കുന്ന സമയം കിഴക്കു മുതലായ ദിക്കുകളിൽ ഗൃഹാരംഭത്തിനു ശുഭം. അങ്ങനെ വരുമ്പോൾ മകരം, കുംഭം, കർക്കിടകം, ചിങ്ങം, എന്നീ മാസങ്ങളിൽ കിഴക്കേതും പടിഞ്ഞാറേതും ഗൃഹാരംഭത്തിനു ശുഭം. മേടം, ഇടവം, തുലാം, വൃശ്ചികം എന്നീ മാസങ്ങളിൽ വടക്കേതും തെക്കേതും ഗൃഹാരംഭത്തിനു ശുഭം. ഇതിൽ കർക്കിടകമാസം ഗൃഹാരംഭത്തിനു വർജിക്കണം.

മൃഗാസ്യതകുളീരാദ്വാ സൂര്യാരൂഢൗചരസ്ഥിരൗ
പ്രാച്യാദിഷുക്രമാൽ ദിക്ഷുഗേഹാരംഭെ ശുഭപ്രദൗ
സിംഹകുംഭ മൃഗസ്ഥേർക്കെകാര്യൗ പൂർവ്വപരൗഗ്രഹൗ
തുലാളിവൃഷമേഷസ്ഥെ കർത്തവ്യൗദക്ഷിണോത്തരൗ

എന്ന് പറഞ്ഞിരിക്കുന്നതിൽ കർക്കിടകം ഗൃഹാരംഭത്തിനു വർജ്യം തന്നെ. മകം, മൂലം, കുട്ടിയുടെ ചോറൂണിനു വിധിച്ച പതിനാറു നക്ഷത്രങ്ങളും (ഊണ്‍ നാളുകൾ) ഗൃഹാരംഭത്തിനു ശുഭമാണ്. 

മേടം, കർക്കിടകം, തുലാം, മകരം എന്നീ രാശികളൊഴികെ മറ്റു എട്ടു രാശികളും ഗൃഹാരംഭമുഹൂർത്തത്തിനു ശുഭമാണ്. ഇതിൽ സ്ഥിരരാശികളും ഊർദ്ധോദയവും ഒത്തുവന്നാൽ ഗൃഹാരംഭമുഹൂർത്തത്തിനു അത്യുത്തമമാണ്.

ഹോരാചോർദ്ധമുഖിശ്രേഷ്ഠാ തിര്യഗാസ്യാശുഭേക്ഷിതാ
ഗൃഹാരംഭേചനൈ വേഷ്ടാശുഭയുക്താപ്യധോമുഖീ.

സൂര്യൻ കാർത്തിക നക്ഷത്രത്തിലും ഉഭയരാശികളിലും കർക്കിടകത്തിലും നിൽക്കുന്ന സമയം ഗൃഹാരംഭം ചെയ്യരുത്. സിംഹക്കരണവും വ്യാഘ്രക്കരണവും ഗൃഹാരംഭമുഹൂർത്തത്തിനു വർജ്യമാണ്. 

ഗൃഹാരംഭസമയത്ത് നാലാം ഭാവത്തിൽ പാപഗ്രഹങ്ങൾ നിൽക്കരുത്. എട്ടാം ഭാവത്തിൽ ചൊവ്വ ഒട്ടും നല്ലതല്ല. ലഗ്നത്തിൽ സൂര്യനെ വർജ്ജിക്കണം.

വേശ്മസ്ഥാനഗതാഃ പാപാഃ സ്ഥാനനാശം പ്രകുർവ്വതെ
രന്ധ്രെമൃതി പ്രദോ ഭൗമൊലഗ്നേ കഷ്ടൊദിവാകരഃ.

എന്നുണ്ട്

ഞായറും ചൊവ്വയും ഗൃഹാരംഭം പാടില്ല. പ്രതിഷ്ഠാമുഹൂർത്തത്തിൽ പറഞ്ഞവിധം ഗൃഹാരംഭത്തിനും വേധനക്ഷത്രം വർജിക്കണം. പൂർവ്വരാത്രങ്ങൾ രണ്ടും അപരാഹ്നവും വിവാഹമുഹൂർത്തത്തിനു നിന്ദ്യമാണ്. ഇപ്രകാരമുള്ള ദോഷങ്ങളും നിത്യദോഷങ്ങളും ഗൃഹനാഥന്റെ കർത്തൃദോഷവും ജന്മനക്ഷത്രം ജന്മാഷ്ടമരാശി തച്ചന്ദ്രൻ മൂന്നഞ്ചേഴാം നക്ഷത്രങ്ങൾ (ജന്മനക്ഷത്രത്തിന്റെ മൂന്ന്, അഞ്ച്, ഏഴ് നക്ഷത്രങ്ങൾ) എന്നിവ ഗൃഹാരംഭമുഹൂർത്തത്തിനു പ്രത്യേകം വർജിക്കണം. 


********************************

ഊണ്‍ നാളുകൾ

പുണർതം, പൂയം, അവിട്ടം, അത്തം, ചോതി, രോഹിണി, തിരുവോണം, മകീര്യം, അനിഴം, ചിത്ര, ചതയം, അശ്വതി, ഉത്രം, ഉത്രാടം, ഉത്രട്ടാതി, രേവതി

സൂര്യാദികളുടേയും ലഗ്നത്തിന്റെയും നൈസർഗ്ഗികകാലത്തെ പറയുന്നു

ഏകം ദ്വേ നവ വിംശതിർദ്ധൃതികൃതീ
പഞ്ചാശദേതാ ക്രമാ-
ച്ചന്ദ്രാരേന്ദുജശുക്രജീ വദി നകൃദ്ദൈ വാ-
കരീണാം സമാഃ
സ്വേ സ്വേ പുഷ്ടഫലാ നിസർഗ്ഗസമയേ
പക്തിര്‍ദ്ദശായാഃ ക്രമാ-
ദന്ത്യേ ലഗ്നദശാ ശുഭേതി യവനാ
നേച്ഛന്തി കേചിത്തഥാ.

സാരം :-

മനുഷ്യാദികളുടെ പരമായുസ്സിനകത്ത് സൂര്യാദിഗ്രഹങ്ങൾക്കും ലഗ്നത്തിനും ഇന്നിന്നപ്പോഴാണ് സ്വാഭാവികമായി ഫലദാനവിഷയത്തിൽ അധികാരപ്പെട്ട കാലമെന്നുണ്ട്. ആ കാലത്തിന്നാണ് ഇവിടെ "നൈസർഗ്ഗികകാലം" എന്ന് പറയുന്നത്. ഇത് ആദ്യമേ ധരിച്ചിരിയ്ക്കേണ്ടതാണ്.

മനുഷ്യർക്കും ഗജങ്ങൾക്കും 120 സംവത്സരവും 5 ദിവസവുമാണല്ലോ പരമായുസ്സായി പറയപ്പെട്ടിട്ടുള്ളത്. ജനനം മുതൽ ഒരു വയസ്സ് തികയുന്നതുവരെ ചന്ദ്രന്റേയും, ഒരു വയസ്സ് തികഞ്ഞ് 3 വയസ്സ് കഴിയുന്നതുവരെ കുജന്റെയും, അതിനുമേൽ 12 വയസ്സുവരെ ബുധന്റെയും, പിന്നെ 32 വയസ്സുവരെ ശുക്രന്റെയും, പിന്നെ 50 വയസ്സുവരെ വ്യാഴത്തിന്റെയും, മേൽ 70 വയസ്സുവരെ സൂര്യന്റെയും, 70 വയസ്സിനുമേൽ 120 വയസ്സുവരെ ശനിയുടേയും, ഒടുവിലെ 5 ദിവസം ലഗ്നത്തിന്റെയും നൈസർഗ്ഗികകാലമാകുന്നു.

ചന്ദ്രൻ, കുജൻ, ബുധൻ എന്നീ ഗ്രഹങ്ങൾക്കുള്ള ആധിപത്യം 12 വയസ്സ് തികയുന്നതുവരെ ആകയാൽ ഈ മൂന്നു ഗ്രഹങ്ങൾക്കും പ്രായേണ മുലകുടി മാറാത്ത ബാലന്മാരുടേയും, ശുക്രന്നു 13 വയസ്സു മുതൽ 32 വയസ്സുവരെ ആകയാൽ യുവാവിന്റേയും, വ്യാഴത്തിനു 32 വയസ്സു മുതൽ 50 വയസ്സുഅവരെ ആകയാൽ പ്രൗഢന്റേയും, സൂര്യന് 50 വയസ്സുമുതൽ 70 വയസ്സുഅവരെ ആകയാൽ വൃദ്ധന്റേയും, ശനിയ്ക്ക് 70 വയസ്സ് മുതൽ 120 വയസ്സുവരെ ആകയാൽ അത്യന്തം വാർദ്ധക്യം ബാധിച്ചവന്റെയും ആധിപത്യമാണുള്ളതെന്നും മേൽപ്പറഞ്ഞതുകൊണ്ട് സൂചിപ്പിച്ചിട്ടുണ്ട്.

ഏഴാമദ്ധ്യായത്തിൽ പറഞ്ഞ ന്യായപ്രകാരം സിദ്ധിച്ചിട്ടുള്ള ദശ അപഹാരം മുതലായതുകൾ ദശാക്രമമനുസരിച്ച് നോക്കുമ്പോൾ ഈ പറഞ്ഞ നിസർഗ്ഗകാലത്താണ് വന്നതെങ്കിൽ "സൌര്യാംസ്വം" എന്ന് തുടങ്ങി പറയാൻ പോകുന്ന ഫലങ്ങളൊക്കയും പൂർണ്ണമായി അനുഭവിക്കുന്നതാണ്. ദശാക്രമത്തെ അനുസരിച്ചു നോക്കുമ്പോൾ 51 വയസ്സു മുതൽ 70 വയസ്സു തികയുന്നതിനുള്ളിലാണ് സൂര്യദശ വന്നതെങ്കിൽ ആ ദശാഫലങ്ങൾ മുഴുവൻ യാതൊരു ന്യൂനതയും കൂടാതെ അനുഭവിക്കുമെന്നു പറയണം. അപഹാരങ്ങൾക്കും ഈ ക്രമത്തെ കണ്ടുകൊൾക. ദശാക്രമമനുസരിച്ച് നോക്കുമ്പോൾ ശനിദശയും കഴിഞ്ഞശേഷമാണ് ലഗ്നദശ വരുന്നതെങ്കിൽ അതു ശുഭപ്രദമാണെന്നാണ് യവനാചാര്യരുടെ അഭിപ്രായം. മറ്റു ചിലർ ഈ യവനഅഭിപ്രായത്തെ അത്ര സമ്മതിയ്ക്കുന്നതുമില്ല.

മേൽപ്പറഞ്ഞ നിസർഗ്ഗസംവത്സരത്തെ 32 വയസ്സു പരമായുസ്സുള്ള കുതിര മുതലായതിനും അതിദേശം ചെയ്യാവുന്നതാണ്. അതും ചുരുക്കത്തിൽ ഇവിടെ കാണിയ്ക്കാം. മുപ്പത്തിരണ്ടിനെ ഒന്നിൽ പെരുക്കി 120 ൽ ഹരിച്ചാൽ സംവത്സരാദിഫലം കിട്ടുന്നതാണ്. ഇത് ചന്ദ്രന്റേയും, ഇതുപോലെത്തന്നെ മുപ്പത്തിരണ്ടിനെത്തന്നെ രണ്ടിൽ പെരുക്കി 120 ൽ ഹരിച്ചാൽ കുജന്റെയും നിസർഗ്ഗകാലം കിട്ടും. ഇങ്ങനെ അതാതു ഗ്രഹങ്ങളുടെ നിസർഗ്ഗസംവത്സരംകൊണ്ട് പെരുക്കി 120 ൽ ഹരിച്ചാൽ കിട്ടുന്നതു അതാതു ജീവികളുടെ സംവത്സരാദികളായ നിസർഗ്ഗകാലമാണെന്നും അറിയുക.

രാഹുദശയിലെ ചൊവ്വായുടെ അപഹാരകാലം

നൃപാഗ്നിചോരാസ്ത്രഭയം ശരീരിണാം
ശരീരനാശോ യദി വാ മഹാരുജഃ
പദഭ്രമം ഹൃന്നയനപ്രപീഡനം
യദാത്ര സർപ്പായുഷി സഞ്ചരേൽ കുജഃ

സാരം :-

രാഹുദശയിലെ ചൊവ്വായുടെ അപഹാരകാലം രാജാവിൽനിന്നും അഗ്നിയിൽ നിന്നും കള്ളന്മാരിൽ നിന്നും ആയുധത്തിൽ നിന്നും ഭയമോ മരണമോ മഹത്തരങ്ങളായ രോഗങ്ങളോ സംഭവിക്കുകയും സ്ഥാനഭ്രംശവും മനോദുഃഖവും ഹൃദയപീഡയും നേത്രരോഗവും ഫലമാകുന്നു. രാഹുദശാന്ത്യം മിക്കവാറും കഷ്ടഫലം തന്നെ. ഇവിടെ അപഹാരനാഥനായ ചൊവ്വക്ക് മാരകാധിപത്യമോ മാരകസ്ഥാനസ്ഥിതിയോ ഉണ്ടെങ്കിൽ ദോഷമേറിയിരിക്കുകയും ചെയ്യും. ദോഷശാന്ത്യർത്ഥം മൃത്യുഞ്ജയാദിസൽകർമ്മങ്ങൾക്ക് പുറമേ ഗോമിഥുനത്തെ (പശുവിനേയും കാളയെയും) ദാനം ചെയ്കയും വേണം.

രാഹുദശയിലെ ചന്ദ്രന്റെ അപഹാരകാലം

വധൂവിനാശഃ കലഹോ മനോരുജഃ
കൃഷിക്രിയാവിത്തപശുപ്രജാക്ഷയം
സുഹൃജ്ജനാർത്തിസ്സലിലാദ് ഭയം ഭവേ-
ദ്വിധൗ ദശാഭോക്തരി ദേവവിദ്വിഷഃ

സാരം :-

രാഹുദശയിലെ ചന്ദ്രന്റെ അപഹാരകാലം ഭാര്യയ്ക്ക് നാശവും മനോരോഗവും കലഹവും കൃഷിക്കും കാര്യത്തിനും പ്രവൃത്തിക്കും ധനത്തിനും പശുക്കൾക്കും സന്താനങ്ങൾക്കും ക്ഷയവും ബന്ധുജനങ്ങൾക്ക്‌ ദുഃഖവും ജലത്തിൽനിന്ന് ഭയവും സംഭവിക്കും. ചന്ദ്രൻ മാരകസ്ഥാനഗതനാണെങ്കിൽ ദോഷശാന്ത്യർത്ഥം ശാന്തിഹോമം ചെയ്യിക്കുകയും വെളുത്ത പശുവിനെയും എരുമയെയും ദാനം ചെയ്യുകയും വേണം.

രാഹുദശയിലെ സൂര്യന്റെ അപഹാരകാലം

അരിവ്യഥാ സ്യാദതിപീഡനം ദൃശോർ-
വ്വിഷാഗ്നിശസ്ത്രഹതിരാപദുദ് ഗമഃ
വധൂസുതാപ്തിർനൃപതേർമ്മഹാഭയം
ഭുജംഗവർഷേ തിമിരാരിണാ ഹൃതേ.

സാരം :-

രാഹുദശയിലെ സൂര്യന്റെ അപഹാരകാലം ശത്രുക്കളിൽ നിന്നും ഉപദ്രവവും കണ്ണുകളിൽ വ്യാധിപീഡയും വിഷം, അഗ്നി, ആയുധം എന്നിവകളിൽ നിന്ന് പീഡയും ആപത്തുകളും സംഭവിക്കുകയും ഭാര്യയും പുത്രന്മാരും ലഭിക്കുകയും മരണമോ തത്തുല്യമായ മറ്റു കഷ്ടങ്ങളോ നേരിടുകയും ഫലമാകുന്നു. ഈ സൂര്യന്റെ അപഹാരകാലം ദാനങ്ങളും ധർമ്മങ്ങളും ചെയ്യുകയും ദുഃഖങ്ങൾക്ക് നിവൃത്തി ലഭിക്കുകയും സഞ്ചരിക്കുകയും ചെയ്യും. സൂര്യന്റെ മാരകത്വനിവൃത്തിക്കായി സൂര്യനമസ്കാരവും സൂര്യശാന്തിയും ദാനങ്ങളും ചെയ്കയും വേണം.

പ്രതിഷ്ഠാമുഹൂർത്തം

പക്ഷേച്ഛേയന ഉത്തരാന്നഭമഖാ
സ്വിഷ്ടാഃ പ്രതിഷ്ഠാദയൊ
വർജ്യാ വാരുണ സൗര്യസൃക്ദിനധനുർ
മ്മേഷൈണ ജൂകാ ഇഹ.

ധീ സ്ഥാരന്ധ്ര ശുഭാന്ത്യഗാ അപിഖരാഃ
പൂർവ്വൗനിശാത്ര്യംശകൗ
വിദ്ധർക്ഷംച; മതോഷ്ടബന്ധഉഭയോഃ
പക്ഷായനദ്വന്ദ്വയോഃ

സാരം :-

ദേവപ്രതിഷ്ഠക്ക് ഉത്തരായനം മുഖ്യം, ഉത്തരായനത്തിലെ പൂർവ്വപക്ഷവും കുട്ടികളുടെ ചോറുണിന്നു വിധിച്ചിട്ടുള്ള നക്ഷത്രങ്ങളിൽ (ഊണ്‍ നാളുകൾ) ചതയം ഒഴികെയുള്ള നക്ഷത്രങ്ങളും മകവും ദേവപ്രതിഷ്ഠക്ക് ഉത്തമങ്ങളാണ്.

കുര്യാൽ പ്രതിഷ്ഠാം ദേവാനാ മുത്തരായണഗെ രവൗ
പൂർവ്വപക്ഷെഹ്നിരാത്രൗചപശ്ചിമത്ര്യംശകെ ശുഭം

എന്നതിന് പ്രത്യേകം വിധിയുണ്ട്. ഉത്തരായനത്തിൽ കുംഭമാസം ദേവപ്രതിഷ്ഠക്ക് മധ്യമെന്നു പറയുന്നു.

ത്യാജ്യം ദക്ഷിണമന്യദിഷ്ഠമയനം ദേവപ്രതിഷ്ഠാപനെ
കുംഭേ ഭാനുരനിഷ്ടകൃൽസചശുഭൊ ജീവേനദൃഷ്‌ടോഥവാ.

എന്നിതിനു വിധിയുണ്ട്.

ഉത്തരായനത്തിൽ പൗഷ, മാഘ മാസങ്ങൾ ദേവപ്രതിഷ്ഠക്ക് അത്യുത്തമമാണ്. പ്രതിഷ്ഠക്കും അഷ്ടബന്ധം ദ്രവ്യകലശം എന്നിവയ്ക്ക് പ്രതിഷ്ഠാമുഹൂർത്തം താനെ വിധിച്ചിരിക്കുന്നു.

പുഷ്യാന്ത്യ മാതൃസൂര്യാജചന്ദ്ര സ്വാത്യുത്തരാശുഭാഃ
പിതൃചിത്രാശ്വിനിമൈത്ര വസവസ്ഥാപനെ സമാഃ
മാധവസ്യ പ്രതിഷ്ഠായാം മാധവർഷം ച ശസ്യതെ.

എന്ന് വിധി

ശനിയും വെള്ളിയും ദേവപ്രതിഷ്ഠക്ക് കൊള്ളില്ല.

ശുക്രേന്ദു ജീവസൗമ്യാനാം ദിവസേചാംശകെ തഥാ.
ദ്രേക്കാണെ കാലഹോരായാസ്ഥാപനം സംപ്രശസ്യതെ.

എന്ന് വസിഷ്ഠ വിധികാണുന്നു. ഇതു പ്രകാരം ദേവപ്രതിഷ്ഠക്ക് ഞായറാഴ്ചയും ഉത്തമമല്ല.

രാശികളിൽ മേടം മകരം തുലാം ധനു എന്നീ നാലും ദേവപ്രതിഷ്ഠക്ക് വർജിക്കണം. ശിഷ്ടം എട്ടു രാശികൾ ദേവപ്രതിഷ്ഠാ മുഹൂർത്തത്തിനുത്തമം.

വർജ്യാദേവ പ്രതിഷ്ഠായാം ചാപാജൈണതുലാധരാഃ
രാശയ സ്തു സ്ഥിരാശ്രേഷ്ഠ ദേവീനാമുഭയാഃ ശുഭാഃ
പ്രശസ്താ രാശയാ ശ്ലേഷാ വർജനീയാഃ പ്രയത്നതഃ

എന്നാണ് ശാസ്ത്ര വിധി.

സ്ഥിരരാശികൾ ദേവപ്രതിഷ്ഠക്ക് അത്യത്തമങ്ങളും ഉഭയരാശികൾ ദേവപ്രതിഷ്ഠക്ക് മധ്യമങ്ങളും ചരരാശികൾ ദേവപ്രതിഷ്ഠക്ക് വർജ്യങ്ങളുമാകുന്നു. 

ഊർദ്ധ്വമുഖരാശി ദേവപ്രതിഷ്ഠക്ക് ശ്രേഷ്ഠം, തിര്യങ്ങ്മുഖരാശി ദേവപ്രതിഷ്ഠക്ക് മധ്യമം, അധോമുഖരാശി ദേവപ്രതിഷ്ഠക്ക് അധമം.

മേഷെ വംശവിനാശായ വൃഷഭ സർവ്വസമ്പദഃ
മിഥുനേ സ്യുഃ സർവ്വെ കർക്കടേചാർത്ഥനാശനം
ഇഷ്ടാർത്ഥസിദ്ധി സിംഹെസ്യാൽ കന്യായാംതു ശുഭായദി
തുലായാം മരണംശീഘ്രം വൃശ്ചികെ സർവ്വസമ്പദഃ
ചാപെ വിത്ത സുഖധ്വംസൊമകരെചാർത്ഥനാശനം
കുംഭേധനസമൃദ്ധിസ്യാൽ മീനെ തൽ സർവ്വശോഭനം.

എന്നിങ്ങനെ പ്രതിഷ്ഠാരാശിഫലമുണ്ട്‌.

പ്രതിഷ്ഠാമുഹൂർത്ത ലഗ്നത്തിന്റെ 5, 8, 9, 12, എന്നീ ഭാവങ്ങളിൽ എല്ലാ പാപഗ്രഹങ്ങളും വർജിക്കണം.

വ്യയധർമ്മാഷ്ടധീസംസ്ഥാഃ പാപഹന്യുർ യഥാക്രമം 
ആചാര്യം ചാന്ന ദാതാരം ശില്പിനം പ്രതിമാമപി.

എന്നതാണ് ശാസ്ത്രവിധി.

രാത്രികാലം ദേവപ്രതിഷ്ഠക്ക് വിധിയ്ക്കുകയാണെങ്കിൽ രാത്രിയെ മൂന്നായി ഭാഗിച്ച് ആദ്യത്തെ രണ്ടു ഭാഗം ദേവപ്രതിഷ്ഠക്ക് ഒഴിവാക്കണം. മൂന്നാമത്തെ ഭാഗം ദേവപ്രതിഷ്ഠക്ക് സ്വീകാര്യമാണ്. ദേവപ്രതിഷ്ഠാമുഹൂർത്തത്തിനു വേധനക്ഷത്രങ്ങളും ഗ്രഹവേധങ്ങളും ഒഴിവാക്കണം. എങ്ങനെയെന്നാൽ

1). അശ്വതി, മകം, മൂലം, ആയില്യം, തൃക്കേട്ട, രേവതി

2). കാർത്തിക, ഉത്രം, ഉത്രാടം, പുണർതം, വിശാഖം, പൂരോരുട്ടാതി

3). ഭരണി, പൂരം, പൂരാടം, പൂയ്യം, അനിഴം, ഉത്രട്ടാതി

4). രോഹിണി, അത്തം, തിരുവോണം, തിരുവാതിര, ചോതി ചതയം

5). മകീര്യം, ചിത്ര, അവിട്ടം.

ഈ കൊടുത്ത 5 വർഗ്ഗങ്ങളിൽ വെച്ച് ഏതെങ്കിലും ഒന്നിൽ വ്യാഴമോ പാപഗ്രഹങ്ങളോ നിന്നാൽ ആ വർഗ്ഗം വേധ ദുഷിതമാണ്. അതിനാൽ ആ നക്ഷത്രങ്ങൾ ദേവപ്രതിഷ്ഠക്ക് കൊള്ളരുത്. എന്നാൽ വ്യാഴം നിൽക്കുന്ന നക്ഷത്രം മാത്രം കൊള്ളാവുന്നതാണ്. ആ വർഗ്ഗത്തിലെ മറ്റു നക്ഷത്രങ്ങൾ ഒരിക്കലും സ്വീകാര്യമല്ല. പാപഗ്രഹം നിൽക്കുന്ന നക്ഷത്രവർഗ്ഗങ്ങളിൽ ഒന്നും കൊള്ളരുത്. രാഹു നിൽക്കുന്ന നക്ഷത്രം ഒഴിവാക്കി ആ വർഗ്ഗത്തിലെ മറ്റു നക്ഷത്രങ്ങൾ സ്വീകരിക്കാവുന്നതാണ്.

പ്രതിഷ്ഠാവിഷയത്തിൽ തന്ത്രിയുടെയും ക്ഷേത്രാധികാരികളുടേയും ഗ്രാമാധിപന്റെയും ജന്മാഷ്ടമരാശികളെ ദേവപ്രതിഷ്ഠക്ക് വർജിക്കണം. ജന്മാഷ്ടമചന്ദ്രൻ ദേവപ്രതിഷ്ഠക്ക് നിന്ദ്യമാണ്. സങ്കോച കലശങ്ങളിൽ ദേവന്റെ ജന്മാഷ്ടമരാശിയും വർജ്യമാണ്.

ആചാര്യസ്യച ദേവസ്യതത്തൽ ഗ്രാമാധിപസ്യ ച
അഷ്ടമോ രാശിരശുഭഃ ശേഷാഃ സർവ്വെശുഭാവഹ.

എന്നതിന്റെ ശാസ്ത്രവിധി

തിരുവോണം വിഷ്ണുദൈവത്യം; തിരുവാതിര ശിവദൈവത്യം എന്നിങ്ങനെ അതാതു ദേവനക്ഷത്രങ്ങളറിഞ്ഞു അവരുടെ കലശാദികൾക്ക് അതിന്റെ അഷ്ടമരാശിയെ വർജിക്കണം. ദേവൻ സ്വയംഭൂവായും ദേവനക്ഷത്രം അറിയാതേയും വരുന്നേടത്ത്മാത്രമാണ് കർത്തൃദോഷം ചിന്തിക്കേണ്ടത്. പ്രതിഷ്ഠാനക്ഷത്രം അറിവില്ലെന്നു വന്നാൽ അഷ്ടമരാശ്യാദികൾ ചിന്തിക്കേണ്ടതില്ല. ഇപ്രകാരമുള്ളവയും നിത്യദോഷങ്ങളും ഷൾദോഷങ്ങളും കർത്തൃദോഷങ്ങളും ദേവപ്രതിഷ്ഠക്ക് വർജനീയം തന്നെ.


********************************

ഊണ്‍ നാളുകൾ

പുണർതം, പൂയം, അവിട്ടം, അത്തം, ചോതി, രോഹിണി, തിരുവോണം, മകീര്യം, അനിഴം, ചിത്ര, ചതയം, അശ്വതി, ഉത്രം, ഉത്രാടം, ഉത്രട്ടാതി, രേവതി

ലഗ്നദശയുടെ ഉത്തമത്വാദികളെ പറയുന്നു

ഉഭയേധമമധ്യപൂജിതാ
ദ്രേക്കാണൈശ്ചരഭേഷു ചോത്ക്രമാൽ
അശുഭേഷ്ടസമാ സ്ഥിരേ ക്രമാ-
ദ്ധോരായാ പരികല്പിതാ ദശാ,

സാരം :-

ജനനലഗ്നം ഉഭയരാശിയാണെങ്കിൽ അതിൽ പ്രഥമദ്രേക്കാണമായാൽ ലഗ്നദശ അധമഫലപ്രദവും, മദ്ധ്യദ്രേക്കാണമായാൽ മദ്ധ്യമവും, ഉഭയരാശി ലഗ്നത്തിന്റെ അന്ത്യദ്രേക്കാണമായാൽ ഉത്തമഫലപ്രദവുമാകുന്നു. നേരെമറിച്ച് ലഗ്നം ചരരാശിയാണെങ്കിൽ ജനനം പ്രഥമദ്രേക്കാണമായാൽ ലഗ്നദശ ഉത്തമവും, മദ്ധ്യമാണെങ്കിൽ മദ്ധ്യമവും, അന്ത്യദ്രേക്കാണമായാൽ അധമവുമാകുന്നു. ഇനി ലഗ്നം സ്ഥിരരാശിയാണെങ്കിൽ ആദ്യദ്രേക്കാണമായാൽ ലഗ്നദശ അശോഭനവും, മദ്ധ്യദ്രേക്കാണമായാൽ ശുഭവും, അന്ത്യദ്രേക്കാണമായാൽ ദശ മദ്ധ്യമവുമാകുന്നു. 

മിശ്രഫലാ

നീചാരിഭാംശേ സമവസ്ഥിതസ്യ
ശസ്തേ ഗ്രഹേ മിശ്രഫലാ പ്രദിഷ്ടാ
സംജ്ഞാനുരൂപാണി ഫലാനി തേഷാം
ദശാസു വക്ഷ്യാമി യഥോപയോഗം.

സാരം :-

മൂലത്രികോണം സ്വക്ഷേത്രം മുതലായ നല്ല രാശിയിൽ നിൽക്കുന്ന ഒരു ഗ്രഹത്തിന് നീചം ശത്രുക്ഷേത്രം തുടങ്ങിയ അധമരാശികളിൽ അംശകം വരികയോ, നേരെ മറിച്ച് നീചശത്രുക്ഷേത്രാദികളിൽ നിൽക്കുന്ന ഒരു ഗ്രഹത്തിന് സ്വക്ഷേത്രമൂലത്രികോണാദികളിൽ അംശകം വരികയോ ചെയ്ക, ഇങ്ങനെയുള്ള ഗ്രഹങ്ങളുടെ ദശയ്ക്കും " മിശ്രഫലാ " എന്നു സംജ്ഞയാകുന്നു. ഈ ദശാകാലത്ത് ആരോഗ്യം, ധനം, ഭാര്യാസന്താനാദി ലാഭാഭിവൃദ്ധികൾ, രോഗം, ദാരിദ്ര്യം, ഭാര്യാസന്താനരോഗാദികൾ എന്നിവ അനുഭവപ്പെടുന്നതാണ്.

ഇത്രയും പറഞ്ഞതുകൊണ്ടും, " സമ്യഗ്ബലിനഃ സ്വതുംഗഭാഗേ " എന്നതുകൊണ്ടും, പരമോച്ചത്തിൽ നിൽക്കുന്ന ഗ്രഹത്തിന് ഏതു പ്രകാരത്തിലുള്ള ശുഭഫലങ്ങളാണോ പറയപ്പെട്ടിരിക്കുന്നത് അതു ക്രമേണ കുറഞ്ഞുകുറഞ്ഞു പരമനീചമാകുമ്പോഴേയ്ക്കും സൽഫലശൂന്യമാകുമെന്നും, നേരെമറിച്ച് പരമനീചത്തിൽ നിന്നു പരമോച്ചത്തിൽ എത്തുമ്പോഴേയ്ക്ക് ശുഭഫലവും ക്രമത്തിൽ വർദ്ധിച്ചു വർദ്ധിച്ചു സമ്പൂർണ്ണമാവുമെന്നും, ഈ ഉച്ചനീചങ്ങളുടെ മദ്ധ്യസ്ഥന്മാർക്ക് ബന്ധുക്ഷേത്രം ഇത്യാദികളിലും, ശത്രുനീചക്ഷേത്രാദികളിലും ഉണ്ടായേക്കാവുന്ന അംശകാദികളെക്കൊണ്ട് ശുഭാശുഭഫലങ്ങൾക്ക് ഉൽകർഷാപകർഷമാദ്ധ്യസ്ഥ്യാദികളും ഉണ്ടാകുന്നതാണെന്നും മറ്റും യുക്തികൊണ്ടു വിചാരിച്ചു പറയുകയും വേണം.


ഇതിനു പുറമേ അനുഭവസിദ്ധങ്ങളായ ദശാഫലങ്ങളെ ഈ അദ്ധ്യായത്തിലെ 12 മുതൽ ഏഴു ശ്ലോകങ്ങളെക്കൊണ്ടു വിസ്തരിച്ചു പറയുന്നതുമാണ്.


ഇവിടെ ദശാഫലങ്ങളെ പറയുവാനുള്ള അവസരമായി; പറയുകയുമായി. എന്നിരുന്നിട്ടും " വക്ഷ്യാമി " - പറയുന്നുണ്ട്. എന്നിങ്ങനെ ഭാവിയായ ക്രിയാനിർദ്ദേശം ചെയ്കയാൽ " തീർച്ചയായും " അനുഭവയോഗ്യമായ ദശാഫലങ്ങളെ പറയുന്നതിന്നു മുൻകൂട്ടിതന്നെ ഭാവസ്ഥാനദൃഷ്ടിയോഗപ്രഭൃതികളായ അനേകവിധത്തിലുള്ള ഫലവിഷയങ്ങളേയും ആലോചിയ്ക്കേണമെന്നാണ് സൂചിപ്പിച്ചിരിയ്ക്കുന്നത്.

പാണിഗ്രഹണത്തിന് ഇഷ്ടങ്ങളാകുന്നു / പാണിഗ്രഹണത്തിനു ഇഷ്ടങ്ങളായി ഭവിക്കുന്നില്ല

ഇഷ്ടാഃ കൃഷ്ണാഷ്ട മീനേന്ദ്വജ പിതൃമരുദ
ന്ത്യോത്തരാമൂലമിത്രാഃ
ഭാപ്രാദ്വാഹേ ന ക്രിയാംഗെ ഹിമഗു രവികുജാ
വഷ്ടമെ സ്തേവി ഹംഗാഃ
മീനാന്ത്യാർദ്ധേന്ദുഭ സ്ത്രീ ഘടധനുഷി രവി
സ്സഗ്രഹർക്ഷം ശലാകാ
ശുക്രാരൗ ബാലവൃദ്ധൗ വരജനിഭ നിശാ
മധ്യജന്മാ സ്ത ഖേടാഃ

സാരം :-

അപരപക്ഷ അക്ഷമിയും; ഇന ഇന്ദു അജ പിതൃമരുത് അന്ത്യ ഉത്തരാ മൂലമിത്രന്മാരും - അത്തം മകീര്യം രോഹിണി മകം രേവതി ഉത്രം ഉത്രാടം ഉത്രട്ടാതി മൂലം അനിഴം എന്നീ നക്ഷത്രങ്ങളും; പ്രാദ്വാഹത്തിനു - പാണിഗ്രഹണത്തിന് ഇഷ്ടങ്ങളാകുന്നു.

അഷ്ടമത്തിലെ അഹികുജന്മാരും - എട്ടാം ഭാവത്തിലെ രാഹുവും ചൊവ്വയും - അസ്തത്തിലെ വിഹഗന്മാരും - ഏഴാം ഭാവത്തിലെ ഗ്രഹങ്ങളും ; മീനാന്ത്യർദ്ധ ഇന്ദുഭ സ്ത്രീ ഘട ധനുസ്സിലെ സൂര്യനും - മീനം രാശിയിലെ 15 തിയ്യതിക്കുശേഷമുള്ള ഭാഗത്തിനും; കർക്കിടകം, കന്നി, കുംഭം, ധനു എന്നീ രാശികളിൽ നിൽക്കുന്ന സൂര്യനും, സംഗ്രഹർക്ഷവും - ഗ്രഹങ്ങൾ നിൽക്കുന്ന നക്ഷത്രങ്ങളും; ശലാകാവേധവും; ബാലവൃദ്ധന്മാരായിരിക്കുന്ന ശുക്രാര്യന്മാരും; വരജനിഭ നിശാമധ്യജന്മസ്തഖേടന്മാരും - വരന്റെ ജന്മനക്ഷത്രവും; രാത്രിമധ്യവും, വധൂവരന്മാരുടെ ഏഴാം ഭാവത്തിലെ ഗ്രഹങ്ങളും; പാണിഗ്രഹണത്തിനു ഇഷ്ടങ്ങളായി ഭവിക്കുന്നില്ല. 

ജന്മാസ്തഖേടന്മാർ

ജനിച്ചനക്ഷത്രക്കൂറിന്റെ - സ്ത്രീയുടേയും പുഷന്റെയും - ഏഴാം ഭാവത്തിൽ ചാരവശാൽ ഗ്രഹങ്ങൾ നിൽക്കുന്ന സമയം വിവാഹം നടത്തരുത്. പ്രത്യേകിച്ച് സൂര്യനും ചൊവ്വയും നിൽക്കുമ്പോൾ വിവാഹം നടത്തരുത്. ഏഴാം ഭാവത്തിൽ നിന്ന് ഗ്രഹങ്ങൾ പകർന്നുപോകാൻ കാലതാമസം വരുമെന്നുകണ്ടാൽ ശുഭഗ്രഹയോഗമോ ശുഭഗ്രഹദൃഷ്ടിയോ ഏഴാം ഭാവത്തിനുണ്ടായാൽ പ്രായശ്ചിത്തം ചെയ്തു വിവാഹം നടത്താമെന്നുണ്ട്. സൂര്യകുജന്മാർ സ്ത്രീയുടേയും പുരുഷന്റെയും ജന്മരാശിക്കൂറിന്റെ ഏഴാം ഭാവത്തിൽ ഉണ്ടായിരിക്കാൻ പാടില്ല. സൂര്യകുജന്മാർ സ്ത്രീയുടേയും പുരുഷന്റെയും ജന്മരാശിക്കൂറിന്റെ ഏഴാം ഭാവത്തിൽ നിന്നാൽ പ്രായശ്ചിത്തം ചെയ്തു വിവാഹം വിധിക്കരുത്.

ജന്മലഗ്നാൽ സ്ത്രീവരയോർന്നേഷ്ടാ ദ്യൂനേഖിലാഗ്രഹാഃ
പാപാ; വിശേഷതാ വർജ്യാ ഭൗമാർക്കാ വതിനിന്ദിതഃ

എന്ന് മേൽപ്പറഞ്ഞതിന്നു ശാസ്ത്രവിധി.

" ജാമിത്രശുദ്ധി സ്ത്രീണാം തു വിശേഷേണനിരീക്ഷ്യതെ " എന്നുള്ളതിനാൽ വധുവിന്റെ ജന്മരാശിയുടെ ഏഴാം ഭാവം പരിപൂർണ്ണമായും ശുഭമായിരിക്കണം എന്ന് സിദ്ധാന്തിക്കുന്നതിനാൽ പ്രായശ്ചിത്തം ബാധകമാകുന്നത് പുരുഷജന്മ ജന്മരാശിക്കൂറിന്റെ ഏഴാം ഭാവത്തിലെ ഗ്രഹയോഗത്തിനു മാത്രമാണ്.

മംഗല്യ സൂത്രധാരണവും പാണിഗ്രഹണവും ഒരേ മുഹൂർത്തത്തിൽ തന്നെ നടത്തണം. രണ്ടു മുഹൂർത്തങ്ങളിലാവരുത്.

ബദ്ധ്വാമംഗല്യസൂത്രേണ ഭൂഷണം ച കരഗ്രഹഃ
ഏകസ്മീന്നേവരാശൌ ദ്വൗകർത്തവ്യമിതിസമ്മതൗ.

എന്ന് ശാസ്ത്രവിധി കാണുന്നു.

പുരുഷന്മാർക്ക് ദ്വിതീയ ജനനം ഉപനയനവും സ്ത്രീകൾക്ക് ദ്വിതീയ ജനനം വിവാഹവുമാണ് എന്നു കാണുന്നു. അപ്പോൾ ബ്രാഹ്മണേതരരായ ഹൈന്ദവ ജനതയ്ക്ക് ചരടുകെട്ടലും നാമകരണവും കർണ്ണവേധവുമായിരിക്കുമോ ദ്വിതീയ ജനനം?????

ഏതു വിഭാഗത്തിലേയും സ്ത്രീകൾക്കു വിവാഹം തന്നെ ദ്വിതീയ ജനനം. 

രാഹുദശയിലെ ശുക്രന്റെ അപഹാരകാലം

കളത്രലബ്ധിശ്ശയനോപചാരതാ
തുരംഗമാംതംഗമഹീസമാഗമഃ
കഫാനിലാർത്തിസ്സ്വജനൈർവ്വിരോധിതാ
ഭവേദ് ഭുജംഗായുരപാഹൃതേ ഭൃഗൗ.

സാരം :-

രാഹുദശയിലെ ശുക്രന്റെ അപഹാരകാലം ഭാര്യാലാഭവും ശയനോപകരണസമ്പാദനവും കുതിര, ആന മുതലായ വാഹനങ്ങളും ഭൂസ്വത്തും ലഭിക്കുകയും കഫവാതകോപവും സ്വജനവിരോധവും വസ്ത്രാഭരണച്ഛത്രചാമരലാഭവും ഫലമാകുന്നു. ശുക്രന്റെ മാരകത്വദോഷനിവൃത്തിക്ക് ദുർഗ്ഗാലക്ഷ്മീമന്ത്രജപം ചെയ്തു കൊൾകയും വേണം 

രാഹുദശയിലെ കേതുവിന്റെ അപഹാരകാലം

ജ്വരാഗ്നിശസ്ത്രാരിഭയം ശരീരിണാം
ശരീരകമ്പസ്സ്വസുഹൃദ്ഗുരുവ്യഥാ
വിഷവ്രണാർത്തിഃ കലഹം സുഹൃജ്ജനൈ-
രഹീന്ദ്രദായാന്തരഗേ ശിഖാധരേ.

സാരം :-

രാഹുദശയിലെ കേതുവിന്റെ അപഹാരകാലം ജ്വരം കൊണ്ടും അഗ്നികൊണ്ടും ആയുധംകൊണ്ടും ശത്രുക്കളിൽനിന്നും ഉപദ്രവവും ശരീരത്തിന് വിറയലും ശിരോരോഗവും ഉണ്ടാവുകയും ബന്ധുക്കൾക്കും പിത്രാദിഗുരുജനങ്ങൾക്കും ദുഃഖവും വിഷം കൊണ്ടും ദേഹക്ഷതംകൊണ്ടും പീഡയും ബന്ധുക്കളോടു വിരോധവും സംഭവിക്കും. ഇക്കാലം പുത്രനാശവും ധനഹാനിയും ചോരഭയവും മറ്റ് അനർത്ഥങ്ങളും ഉണ്ടാകും. കേതുവിന് മാരകസ്ഥാന സംബന്ധമുണ്ടെങ്കിൽ അജദാനവും വിധേയമാകുന്നു.

രാഹുദശയിലെ ബുധന്റെ അപഹാരകാലം

സുതസ്വസിദ്ധിസ്സുഹൃദാം സമാഗമോ
മനോവിദഗ്ദ്ധത്വമതീവ ജായതേ
പടുക്രിയാഭൂഷണകൗശലാദികം
ഭുജംഗസംവത്സരഹാരിണീന്ദുജേ.

സാരം :-

രാഹുദശയിലെ ബുധന്റെ അപഹാരകാലം പുത്രലാഭവും ധനലാഭവും ബന്ധുക്കളുടെ ആഗമവും മനസ്സിന് ഉത്സാഹവും പ്രവൃത്തികളിൽ സാമർത്ഥ്യവും ആഭരണാലങ്കാരവും രാജപ്രസാദവും മറ്റു ഗുണാനുഭവങ്ങളും അനുഭവിക്കും. ബുധന്റെ മാരകത്വാദിദോഷങ്ങൾ വന്നാൽ തൽപരിഹാരമായി വിഷ്ണുസഹസ്രനാമജപം ചെയ്കയും വേണം.

അവരോഹിണി, മദ്ധ്യാ, ആരോഹിണി, അധമ

ഭ്രഷ്ടസ്യ തുംഗാദവരോഹി സംജ്ഞാ
മധ്യാ ഭവേത് സാ സുഹൃദുച്ചഭാംശേ
ആരോഹിണീ നിമ്നപരിച്യുതസ്യ
നീചാരിഭാംശേഷ്വധമാ ഭവേത് സാ.

സാരം :-

പരമോച്ചം കഴിഞ്ഞ് നീചാഭിമുഖമായി സഞ്ചരിക്കുന്ന ഗ്രഹത്തിന്റെ ദശയ്ക്ക് "അവരോഹിണി" (കീഴ്പ്പോട്ട് ഇറങ്ങിപ്പോകുന്നത്) എന്ന് സംജ്ഞയുണ്ട്. അതനുസരിച്ച് ആ ദശയിൽ അശുഭഫലങ്ങൾ പിന്നെപ്പിന്നെ കൂടുതലായി അനുഭവിയ്ക്കുകയും ചെയ്യും. ഈ അവരോഹിണീ ദശാധിപനുതന്നെ ബന്ധുക്ഷേത്രസ്ഥിതിയോ, ബന്ധുക്ഷേത്രം ഉച്ചം ഇതിലൊന്നിൽ അംശകമോ ഉണ്ടെങ്കിൽ ആ ദശയ്ക്ക് "മദ്ധ്യാ" എന്നാണ് സംജ്ഞ. അതിൽ ശുഭഫലവും അശുഭഫലവും സാമാന്യമായി ഇടകലർന്നു അനുഭവമാകും. നേരെ മറിച്ച് പരമനീചം കഴിഞ്ഞ് ഉച്ചാഭിമുഖമായി പ്രയാണം ചെയ്യുന്നതിന്റെ ദശയ്ക്കുള്ള സംജ്ഞ "ആരോഹിണി" (കയറുന്നത്) എന്നും, ആ ദശ പിന്നെപ്പിന്നെ ദേഹസുഖം ധനം ഭാര്യാസന്താനാദി സൽഫലങ്ങൾ എന്നിവ പ്രദാനം ചെയ്യുന്നതുമാകുന്നു. ഈ ആരോഹിണി ദശാനാഥനുതന്നെ നീചരാശി ശത്രുക്ഷേത്രം എന്നിവകളിലൊന്നിൽ അംശമോ ശത്രുക്ഷേത്രസ്ഥിതിയോ ഉണ്ടെങ്കിൽ ആ ദശയ്ക്ക് "അധമ' എന്ന് സംജ്ഞയുള്ളതും , ഇതിൽ സ്വല്പം മാത്രം ശുഭവും അത്യന്തം അശുഭവും അനുഭവിയ്ക്കുന്നതുമാണ്.

ദശാസംജ്ഞകൾ 1

സമ്യഗ്ബലിനഃ സ്വതുംഗഭാഗേ
സമ്പൂർണ്ണാ ബലവർജ്ജിതസ്യ രിക്താ
നീചാംശഗതസ്യ ശത്രുഭാഗേ
ജ്ഞേയാനിഷ്ടഫലാ ദശാ പ്രസൂതൗ.

സാരം :-

തന്റെ പരമോച്ചത്തിൽ  സ്ഥിതിയും, സ്ഥാനബലം ചേഷ്ടാബലം കാലബലം ദിഗ്ബലം ഇതുകളും ഉള്ള ഗ്രഹത്തിന്റെ ദശയ്ക്ക് "സമ്പൂർണ്ണാ" എന്നു സംജ്ഞയാകുന്നു. ഇപ്രകാരമുള്ള ദശയിൽ സകല വിധത്തിലുള്ള ശുഭഫലങ്ങളും പൂർണ്ണമായി അനുഭവിയ്ക്കുകയും ചെയ്യും. ആ കാരണത്താലാണ് ഇതിനു "സമ്പൂർണ്ണാ" എന്ന് പേരുണ്ടായത്. ഇങ്ങിനെതന്നെ ഉച്ചരാശിയിൽ സാമാന്യം ബലവാനായി നിൽക്കുന്നവന്റെ ദശ "പൂർണ്ണാ" എന്ന് സംജ്ഞയുള്ളതും, ആ ദശ സാമാന്യമായി മാത്രം ശുഭഫലത്തെ  പ്രദാനം ചെയ്യുന്നതുമാകുന്നു. ഉച്ചത്തിൽ മറ്റു ബലങ്ങളൊന്നുമില്ലാത്തതിന്റെ ദശയ്ക്കു സംജ്ഞ "രിക്താ" എന്നുപറയുന്നു. അതു യാതൊരു ശുഭഫലത്തേയും അനുഭവിപ്പിയ്ക്കുകയില്ല. അല്ലെങ്കിൽ ഇതുതന്നെ മറ്റൊരു പ്രകാരത്തിലും പറയാവുന്നതാണ്. ഒന്നുകിൽ പരമോച്ചത്തിൽ നിൽക്കുക, അല്ലെങ്കിൽ ഉച്ചം ഒഴികെയുള്ള സ്ഥാനദിക്കാലചേഷ്ടാബലങ്ങളൊക്കയും ഉണ്ടാവുക, ഇങ്ങനെ രണ്ടു പ്രകാരത്തിലും നിൽക്കുന്ന ഗ്രഹത്തിന്റെ ദശയ്ക്ക് "സമ്പൂർണ്ണാ" എന്നും മേൽപ്പറഞ്ഞ ബലങ്ങളൊന്നും ഇല്ലാത്തതിന്റെ ദശയ്ക്ക് "രിക്താ" എന്നും സംജ്ഞയുള്ളതാകുന്നു.

നീചത്തിലോ ശത്രുക്ഷേത്രത്തിലോ നാവാംശകമായി നിൽക്കുന്ന ഗ്രഹത്തിന്റെ ദശയ്ക്ക് "അനിഷ്ടഫലാ" എന്നാണ് സംജ്ഞയുള്ളത്. ആ ദശയിൽ രോഗവ്യസനധനനാശാദികളായ അനിഷ്ടഫലങ്ങളെ അനുഭവിയ്ക്കുകയും ചെയ്യും. ദശാനാഥന്റെ ബലാബല വിചാരങ്ങൾ ജാതകത്തിലെ ഗ്രഹസ്ഥിതികൊണ്ടാണ് ചെയ്യേണ്ടതെന്നും അറിയുക.

പ്രശ്നവിഷയമാകുമ്പോൾ ഈ ദശാപ്രകരണത്തിൽ പറഞ്ഞ ന്യായത്തെ അനുസരിച്ച് ദൂതന്റെ അവസ്ഥാവിശേഷംകൊണ്ടു പ്രഷ്ടാവിന്റെ അനുഭവവിശേഷത്തേയും അറിയാവുന്നതാണ്. ദൂതൻ ബലവാനും, ഭോജനവസ്ത്രാഭരണാദികളാൽ ഉന്നതനും ആയിരുന്നിട്ടാണ് പ്രശ്നം ചോദിച്ചതെങ്കിൽ തത്സമയത്ത് പ്രഷ്ടാവിന് സമ്പൂർണ്ണാവസ്ഥയും ദൂതൻ മലിനനും രോഗം ശത്രുക്കൾ ഇത്യാദികളാൽ പരിഭവിയ്ക്കപ്പെട്ടവനുമാണെങ്കിൽ പ്രഷ്ടാവിന് അപ്പോൾ തത്തുല്യഫലങ്ങളെ അനുഭവിയ്ക്കുന്ന അവസ്ഥയും ആണെന്ന് ചിന്തിയ്ക്കാം. മേൽപ്പറഞ്ഞവയൊക്കയും യുക്തിയ്ക്കും, കാലദേശാവസ്ഥാദികൾക്കും അനുസരിച്ചു പറയുകയും വേണം. അതുപോലെത്തന്നെ അതാതു ഗ്രഹങ്ങളുടെ അപഹാരച്ഛിദ്രാദികൾക്കും സംജ്ഞകളേയും ഫലങ്ങളേയും കല്പിയ്ക്കാവുന്നതാണ്.

രാഹുദശയിലെ ശനിയുടെ അപഹാരകാലം

സമീരപിത്തപ്രഗദസ്തനുക്ഷതി-
സ്തനൂജയോഷിൽസഹജൈശ്ച സംയുഗഃ
സ്വഭൃത്യനാശശ്ച പദച്യുതിർഭവേൽ
ദിതിപ്രജായുഃ പ്രവിശത്യഥാർക്കജേ.

സാരം :-

രാഹുദശയിലെ ശനിയുടെ അപഹാരകാലം വാതവികാരവും പിത്തകോപവും തന്നിമിത്തമുള്ള രോഗങ്ങളും ദേഹാരിഷ്ടയും പുത്രന്മാരോടും ഭാര്യയോടും സഹോദരന്മാരോടും കലഹവും ഭൃത്യജനങ്ങൾക്ക്‌ നാശവും അന്യദേശവാസവും ഫലമാകുന്നു. ദോഷശാന്ത്യർത്ഥം ശനിശാന്തിയും ലോഹദാനവും വിഷ്ണു സഹസ്രനാമജപവും ചെയ്യേണ്ടതാണ്.

രാഹുദശയിലെ വ്യാഴത്തിന്റെ അപഹാരകാലം

സുഖോപനീതിസ്സുരവിപ്രപൂജനം
വിരോഗതാ വാമദൃശാം സമാഗമഃ
സുപുണ്യശാസ്ത്രാർത്ഥവിചാരസംഭവ-
സ്സുരാരിദായാന്തരഗേ ബൃഹസ്പതൗ.

സാരം :-

രാഹുദശയിലെ വ്യാഴത്തിന്റെ അപഹാരകാലം സുഖാനുഭവവും ദേവബ്രാഹ്മണപൂജയും ആരോഗ്യവും സ്ത്രീസംഗമവും (ഗർഭാധാനം പുത്രലാഭം മുതലായവ) പുണ്യകർമ്മാനുഷ്ഠാനവും ശാസ്ത്രാർത്ഥങ്ങളെക്കുറിച്ചുള്ള വിചാരവും രാജമന്ത്രിപ്രസാദവും ഉത്സാഹശീലവും സംഭവിക്കും. ദോഷശാന്ത്യർത്ഥം സ്വർണ്ണദാനവും ശിവ (വിഷ്ണു) പൂജയും ബ്രാഹ്മണഭോജനവും ചെയ്കയും വേണം.

രാഹുദശയിലെ രാഹുവിന്റെ അപഹാരകാലം

വിഷാംബുരുക്ദുഷ്ടഭുജംഗദംശനം
പരാബലാസംയുതിരിഷ്ടവിച്യുതിഃ
അനിഷ്ടവാഗ്ദുഷ്ടജനവ്യഥാ ഭവേ-
ദ്വിധുന്തുദേനാപഹൃതേ സ്വവത്സരേ.

സാരം :- 

രാഹുദശയിലെ രാഹുവിന്റെ അപഹാരകാലം വിഷഭയവും, നീരിളക്കവും ദുഷ്ടസർപ്പത്തിന്റെ ദംശനവും പരസ്ത്രീസംയോഗവും ഇഷ്ടജനങ്ങൾക്ക്‌ ഹാനിയും അനിഷ്ടവചനവും വിവാദവും ദുർജ്ജനങ്ങളിൽ നിന്ന് ഉപദ്രവവും ധനനഷ്ടവും അന്യദേശഗമനവും ബുദ്ധിക്ഷയവും സംഭവിക്കും.

രാഹു ഇഷ്ടസ്ഥാനഗതനായാൽ ഇഷ്ടഫലങ്ങൾ അനുഭവിക്കുന്നതാണ്. രാഹുവിന് മാരകസ്ഥാന സംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം സർപ്പബലിയും സൂര്യവാരവ്രതവും ദുർഗ്ഗാമന്ത്രജപവും അജദാനവും സർപ്പപ്രതിമാദാനവും പ്രായശ്ചിത്തം ചെയ്തുകൊൾകയും വേണം.

രാഹുദശയിലെ അപഹാരഫലങ്ങൾ


 1. രാഹുദശയിലെ രാഹുവിന്റെ അപഹാരകാലം 
 2. രാഹുദശയിലെ വ്യാഴത്തിന്റെ അപഹാരകാലം 
 3. രാഹുദശയിലെ ശനിയുടെ അപഹാരകാലം 
 4. രാഹുദശയിലെ ബുധന്റെ അപഹാരകാലം 
 5. രാഹുദശയിലെ കേതുവിന്റെ അപഹാരകാലം 
 6. രാഹുദശയിലെ ശുക്രന്റെ അപഹാരകാലം 
 7. രാഹുദശയിലെ സൂര്യന്റെ അപഹാരകാലം 
 8. രാഹുദശയിലെ ചന്ദ്രന്റെ അപഹാരകാലം 
 9. രാഹുദശയിലെ ചൊവ്വായുടെ അപഹാരകാലം 

നിശാമധ്യം

വിവാഹം രാത്രിയാണെങ്കിൽ രാത്രിമധ്യം രണ്ടു നാഴിക - അഷ്ടമമുഹൂർത്തം - സർവ്വത്ര - നിന്ദ്യമാണ്. വിവാഹത്തിന് അതിനിന്ദ്യമാണ്. "രാത്രൗ മുഹൂർത്താഷ്ടമയൊസോതിനിന്ദ്യഃ കരഗ്രഹെ" എന്ന് ശാസ്ത്രം അനുശാസിക്കുന്നു. 

വരജനിഭം

വരന്റെ ജന്മനക്ഷത്രം വിവാഹമുഹൂർത്തത്തിന് വർജിക്കണം. 

വരന്റെ ജന്മനക്ഷത്രത്തിന്റെ അനുജന്മനക്ഷത്രങ്ങൾ വിവാഹമുഹൂർത്തത്തിനു വർജിക്കണമെന്നില്ല. 

വധുവിന്റെ ജന്മനക്ഷത്രവും അനുജന്മനക്ഷത്രവും വിവാഹമുഹൂർത്തത്തിന് വർജിക്കണമെന്നില്ല. ആചാരവും അപ്രകാരം നിലനിൽക്കുന്നുണ്ട്.

കന്ന്യാജന്മത്രയം ശസ്തം;
വരസ്യാദ്യം വിനാദ്വയം 

എന്നാണതിന്നു ശാസ്ത്രനിയമം. 

ശുക്രാര്യന്മാരുടെ ബാലവൃദ്ധത്വം വിവാഹത്തിനു വർജിക്കണം

വിവാഹമുഹൂർത്ത സമയം ശുക്രനും വ്യാഴത്തിനും ബാല്യാവസ്ഥയോ വാർദ്ധാക്യാവസ്ഥയോ ഉണ്ടായിരിക്കരുത്. ശുക്രനും വ്യാഴത്തിനും മൌഢ്യം പ്രാപിക്കുന്നതിന് ഏഴു ദിവസം മുമ്പ് മുതൽ വാർദ്ധാക്യസ്ഥിതരാവും. മൌഢ്യകാലം പ്രകാശരഹിതരായി കഴിയും. മൌഢ്യാനന്തരം ഏഴുദിവസം ബാലാവസ്ഥ നിലനിൽക്കും. അതിനാൽ ഇവരുടെ മൌഢ്യത്തിനു മുമ്പും പിമ്പും ഏഴേഴുദിവസം വിവാഹത്തിനു വർജിക്കണം. 

ശുക്രന് വക്രമുള്ള കാലം മൌഢ്യമുണ്ടായാൽ ആ മൌഢ്യത്തിനു മുമ്പ് അഞ്ചുദിവസം വാർദ്ധാക്യവും മൌഢ്യത്തിനുശേഷം മൂന്നു ദിവസം ബാല്യവുമാണ്. ഈ സമയം വിവാഹത്തിനു വർജിക്കണം.

വ്യാഴത്തിനും ശനിക്കും ചൊവ്വക്കും വക്രചാരകാലം മൌഢ്യം സംഭവിക്കുന്നില്ല. 

സൂര്യബിംബസംയോഗമാണല്ലോ ഗ്രഹങ്ങളുടെ മൌഢ്യകാരണം. 


വ്യാഴം ചൊവ്വ ശനി എന്നീ ഗ്രഹങ്ങൾക്ക്‌ വക്രം വരുന്നത് ഇവരുടെ അഞ്ചാമത്തെ രാശിയിൽ സൂര്യനെത്തുന്ന സമയത്താണ്. അവിടെ നിന്ന് ഇവരുടെ ഒമ്പതാമത്തെ രാശിയിൽ സൂര്യൻ വരുമ്പോൾ വക്രം കഴിഞ്ഞു ക്രമഗതി തുടങ്ങും. അതുകൊണ്ടിവർക്ക് വക്രഗതിയിൽ സൂര്യമണ്ഡല സംയോഗത്തിനു ഇടവരുന്നില്ലതന്നെ.

അഹതാഹാൽപ്രാക് സപ്തദിനം വാർദ്ധക്യം ഗുരുശുക്രയോ
തയോർബാല്യം തുദയാഹാൽപരതഃ സപ്തവാസരം
ക്രമചാരെ വിധിരയം വക്രചാരെഥകഥ്യതെ
വാർദ്ധാക്യം പഞ്ചദിവസം ബാല്യം തത്രദിനത്രയം
ശന്യംഗാരകജീവാനാം പഞ്ചമസ്ഥോയദാരവിഃ
തഭാവക്രമം വിജാനീയാൽ നവമെ മാർഗ്ഗഗാമിനഃ

എന്നിങ്ങനെ വിധിച്ചിട്ടുണ്ട്. ഇതനുസരിച്ച് ബാല്യവാർദ്ധാക്യകാലങ്ങളെ വിവാഹമുഹൂർത്തത്തിൽ വർജിക്കപ്പെടേണ്ടതു തന്നെയാണ്. 

അഭിജിത് നക്ഷത്രം

ഉത്രാടം നക്ഷത്രത്തിന്റെ നാലാമത്തെ പാദം 15 നാഴികയും തിരുവോണം നക്ഷത്രത്തിന്റെ ആദ്യത്തിൽ നാലു നാഴികയും ചേർന്നു 19 നാഴികയാണ് അഭിജിത്ത് നക്ഷത്രത്തിന്റെ കാലം. ഇങ്ങനെ അഭിജിത്ത് നക്ഷത്രത്തിനെ കണക്കാക്കുമ്പോൾ ഉത്രാടം നക്ഷത്രത്തിൽ 45 നാഴികയും തിരുവോണം നക്ഷത്രത്തിൽ 56 നാഴികയും മാത്രമേ വരുന്നുള്ളു. അഭിജിത്ത് നക്ഷത്രത്തെ പരിഗണിക്കാതിരിക്കുന്ന സന്ദർഭങ്ങളിൽ മാത്രമേ ഉത്രാടം നക്ഷത്രത്തിനും തിരുവോണം നക്ഷത്രത്തിനും 60 നാഴിക വീതം കണക്കാക്കുക

ഇനി വേധമുള്ള നക്ഷത്രഗ്രൂപ്പുകളെ പറയുന്നു.

വിശ്വ               - ഇന്ദുഃ          =  ഉത്രാടം           -      മകീര്യം

അഭിജിത്ത്     - വിധി         =  അഭിജിത്ത്     -     രോഹിണി

പിതൃ               -  ഹരി         =  മകം                  -      തിരുവോണം

മൂലം                -  അദിതി    =   മൂലം               -      പുണർതം

വരുണ            -   സ്വാതി    =    ചതയം           -     ചോതി

പൗഷ്ണാ       -   ഭഗം         =     രേവതി          -    ഉത്രം

മിത്ര                 -    യമ           =     അനിഴം         -     ഭരണി

ബുദ്ധ്നി         -     ഹസ്ത   =     ഉത്രട്ടാതി         -   അത്തം


(മേൽപ്പറഞ്ഞതിൽ ആദ്യത്തെ സംസ്കൃതനാമവും രണ്ടാമത്തെ മലയാള നാമവുമാണ്. ഇതിന്റെ തത്വം പദ്യ രൂപത്തിൽ താഴെ കൊടുക്കുന്നു. ഇത് അതിലെ സംസ്കൃതനാമങ്ങളെക്കൊണ്ടുദ്ദേശിക്കുന്ന നക്ഷത്രങ്ങൾ തിരിച്ചറിയാനുപകരിക്കും.)


വിശ്വേന്ദൂ അഭിജി ദ്വിധീപിതൃ
ഹരീമൂലാദിതീവാരുണ
സ്വാത്യൗപൗഷ്ണഭഗൗചമിത്ര
യമഭെ ബുദ്ധ്യുക്ഷഹസ്താവപീ
യുഗ്മേഷ്വേക തരസ്ഥിതസ്തദിതരാം
വിധ്യത്യുഡുംഖേ ച രോ
ഗോവിന്ദാദ്യ ഘടീ ച തുഷ്ക സഹിതോ 
വിശ്വാന്ത്യപാദോഭിജിത്

എന്നാണ് ശലാകാവേധനക്ഷത്രവിധി. ഇവിടെ പ്രത്യേകം ഗ്രഹിച്ചിരിക്കേണ്ടതായ കാര്യം :- ഉത്രാടം നക്ഷത്രത്തിന്റെ നാലാം പാദത്തിലും തിരുവോണം നക്ഷത്രത്തിന്റെ ആദ്യത്തിൽ നാലു നാഴികമേലും നിൽക്കുന്ന ഗ്രഹം - അഭിജിത്ത് നക്ഷത്രത്തിൽ നിൽക്കുന്ന ഗ്രഹമെന്നർത്ഥം രോഹിണി നക്ഷത്രത്തെ മാത്രമേ വേധിക്കൂ. രോഹിണി നക്ഷത്രത്തിൽ നിൽക്കുന്ന ഗ്രഹം ഈ അഭിജിത്ത് നക്ഷത്രത്തേയും വേധിക്കും. ഉത്രാടം നക്ഷത്രത്തേയും തിരുവോണം നക്ഷത്രത്തേയും വേധിക്കുന്നതല്ല. ഉത്രാടം നക്ഷത്രത്തിന്റെ ആദ്യത്തെ മൂന്നു പാദത്തിൽ നിൽക്കുന്ന ഗ്രഹം മകീര്യം നക്ഷത്രത്തെ വേധിക്കും. തിരുവോണം നക്ഷത്രത്തിന്റെ ആദ്യത്തെ നാലുനാഴിക നീക്കി ബാക്കി ഭാഗത്തു നിൽക്കുന്ന ഗ്രഹം മകം നക്ഷത്രത്തെ വേധിക്കും. ഇങ്ങനെ യഥായോഗ്യം ഗ്രഹിച്ച് ശലാകാവേധം ഒഴിവാക്കി വിവാഹമുഹൂർത്തത്തിനു ശുഭസമയം കുറിക്കണം. 

അപഹാരകാലത്തെ വരുത്തുവാനുള്ള ക്രിയ

സ്ഥാനാന്യഥൈതാനി സവർണ്ണയിത്വാ
സർവ്വാണ്യധഃ ഛേദവിവർജ്ജിതാനി
ദശാബ്ദപിണ്ഡേ ഗുണനാ യഥാംശം
ഛേദസ്തദൈക്യേന ദശാപ്രഭേദഃ

സാരം :-

അപഹാരങ്ങളെ വരുത്തുവാനുള്ള ഗുണകാരഹാരകങ്ങളെ ഉണ്ടാക്കുവാനാണ് ആദ്യം പറയുന്നത്. ഒന്നാമത്തെ സ്ഥാനത്തു മുകളിലും അതിന്റെ നേരെ ചുവട്ടിലും ഓരോന്നും, രണ്ടാമത്തെ സ്ഥാനത്തു മുകളിൽ ഒന്നും ചുവട്ടിൽ രണ്ടും, മൂന്നാമത്തെ സ്ഥാനത്തു മുകളിൽ ഒന്നും ചുവട്ടിൽ മൂന്നും, നാലാമത്തെ സ്ഥാനത്തു മുകളിൽ ഒന്നും ചുവട്ടിൽ ഏഴും, അഞ്ചാമത്തെ സ്ഥാനത്തു മുകളിൽ ഒന്നും അതിന്നു ചുവട്ടിൽ നാലും വീതം സംഖ്യയായി അഞ്ചു സ്ഥാനത്തു വെയ്ക്കുക. പിന്നെ ഈ അഞ്ചു സ്ഥാനങ്ങളേയും "ലീലാവതി" യിൽ പറഞ്ഞ പ്രകാരം സവർണ്ണീകരണം ചെയ്ത് എല്ലാറ്റിനേയും അപവർത്തിച്ചാൽ ഒന്നാമത്തെ സ്ഥാനം മുതൽ ക്രമത്തിൽ 84 - 42 - 28 - 12 - 21 ഇങ്ങനെ വരുന്നതാണ്. അഞ്ചു സ്ഥാനത്തിന്റെയും ചുവട്ടിൽ 48 വീതവും വരുന്നതാണ്. മേലിൽ ക്രിയക്ക് ചുവട്ടിലെ സംഖ്യകൊണ്ട് ആവശ്യമില്ലാത്തതിനാൽ അത് മുഴുവനും കളയാവുന്നതാണ്. മേൽകാണിച്ച 84 - 42 മുതലായ അഞ്ചു സംഖ്യകളും അപഹാരം വരുത്തുന്നതിലെ ഗുണകാരകങ്ങളാകുന്നു. അവ ഒക്കയും തമ്മിൽ കൂട്ടിയാൽ ഉണ്ടാവുന്ന "സൌന്ദര്യം" (187) അവിടെ ഹാരകവുമാകുന്നു. ഏതു ദശയിലെ അപഹാരമാണോ അറിയേണ്ടത് ആ ദശാസംവത്സരം (മാസദിവാസാദികളുണ്ടെങ്കിൽ അവയടക്കം) ഗുണ്യവുമാണ്.

ഇനി അപഹാരം വരുത്തുവാനാണ് പറയുന്നത്. അപഹാരം വരുത്തുന്നേടത്ത് മൂലദശാധിപന്നു വേദം (84) എന്നും, ഈ മൂലദശാധിപനോടുകൂടി നിൽക്കുന്നവർക്ക്‌ രംഭ (42) എന്നും, മൂലദശാനാഥന്റെ 5 - 9 എന്നീ ഭാവങ്ങളിൽ നിൽക്കുന്നവർക്ക് ഹര (28) എന്നും, എഴിൽ നിൽക്കുന്നവർക്ക് പ്രിയം (12) എന്നും മൂലദശാനാഥന്റെ 4 - 8  എന്നീ ഭാവങ്ങളിൽ നിൽക്കുന്നവർക്ക് പുത്ര (21) എന്നും, ഗുണകാരകമാണെന്നും മറ്റൊരു വിധത്തിൽ പറയാവുന്നതാണ്. ഇതുതന്നെ ക്രിയാരൂപേണ ഒന്നുകൂടി വ്യക്തമാക്കാം.


അവിടെ മൂലദശാനാഥനോടുകൂടിയോ മൂലദശാനാഥന്റെ 5 - 9 - 7 - 4 - 8 എന്നീ ഭാവങ്ങളിലോ ഗ്രഹങ്ങളൊന്നുമില്ലെങ്കിൽ ഗുണകാരവും ഹാരകവും വേദം എന്നുതന്നെയാകുന്നു. അപ്പോൾ ദശാകാലം മുഴുവനും തദധിപന്റെ അപഹാരമായി വരുന്നതാണല്ലോ. മൂലദശാധിപതിയോടുകൂടി വേറെ ഒരു ഗ്രഹവും കൂടിയുണ്ടെങ്കിൽ മൂലദശധിപന്റെ ഗുണകാരമായ "വേദ" വും കൂടി നിൽക്കുന്നവന്റെ ഗുണകാരമായ "രംഭ" യും ഒന്നിച്ചുകൂട്ടിയ "ചരകം" (126) ഹാരകമാകുന്നു. ഇവിടെ മൂലദശാസംവത്സരം രണ്ടു ദിക്കിൽവെച്ച് ഒന്നു വേദംകൊണ്ട് പെരുക്കി ഈ "ചരകം" കൊണ്ട് ഹരിച്ചതു ദശാനാഥന്റെയും, മറ്റേതിനെ "രംഭ" യെക്കൊണ്ടു പെരുക്കി "ചരകം" കൊണ്ടുതന്നെ ഹരിച്ചതുകൂടി നിൽക്കുന്നവന്റെയും അപഹാരമാകുന്നു. ഇവിടെ ആദ്യം ഹരിച്ചു കിട്ടുന്നത് സംവത്സരവും, ബാക്കിയെ 12 - 30 - 60 ഇങ്ങനെ പെരുക്കി "ചരകം" കൊണ്ട് ഹരിച്ചാൽ മാസദിവസനാഴികകളും കിട്ടുന്നതാണ്. ഇവിടെ കൂടി നിൽക്കുന്ന ഗ്രഹം ഒന്നിലധികമുണ്ടെങ്കിൽ ആ ഗ്രഹസംഖ്യകൊണ്ടു "രംഭ" യെ പെരുക്കി "വേദ" ത്തിൽ കൂട്ടിയത് ഹാരകമാകുന്നു. മൂലദശാസംവത്സരം വേറെ വേറെ വെച്ച് ഒന്നിനെ "വേദം' കൊണ്ടും മറ്റെല്ലാറ്റിനേയും രംഭയെക്കൊണ്ടും പെരുക്കി ഈ ഹാരകം കൊണ്ടു ഹരിച്ചാൽ ദശാധിപന്റെയും  കൂടിനിൽക്കുന്നവരുടേയും അപഹാരങ്ങൾ വെവ്വേറെ കിട്ടുന്നതാണ്. ഇവിടേയും ബലാധിക്യത്തെ അറിയേണ്ടത് ഈ അദ്ധ്യായത്തിലെ രണ്ടാം ശ്ലോകവ്യാഖ്യാനത്തിൽ പറഞ്ഞപ്രകാരമാകുന്നു. ലഗ്നദശയുടെ അപഹാരമാണ് വരുത്തുന്നതെങ്കിൽ ലഗ്നഭാവത്തെ ഒരു ഗ്രഹസ്ഫുടമെന്നു കല്പിച്ച് ആ സ്ഫുടവും, അപഹാരാധിപന്റെ ഭാവസന്ധിയും തമ്മിലുള്ള അന്തരം കൊണ്ടാണ് മേൽപ്പറഞ്ഞപ്രകാരം ക്രിയ ചെയ്യേണ്ടതെന്നും അറിയുക.  


മുൻപറഞ്ഞ സ്ഥാനങ്ങളിൽ മൂലദശാനാഥന്റെ അഞ്ചിലോ ഒമ്പതിലോ മാത്രവും ഒരു ഗ്രഹം മാത്രവുമാണുള്ളതെങ്കിൽ "ഹര" നും "വേദ' വും ഗുണകാരവും അതു രണ്ടും കൂട്ടിയ "പ്രിയകൃൽ" എന്നത് ഹാരകവുമാകുന്നു. മൂലദശാസംവത്സരത്തെരണ്ടുദിക്കിൽ വെച്ച് ഈ ഗുണകാരങ്ങളെക്കൊണ്ട് യഥാക്രമം പെരുക്കി ആ ഹാരകം (112) കൊണ്ട് ഹരിച്ചാൽ അപഹാരങ്ങൾ വരും. ഇവിടേയും ഒന്നിലധികം ഗ്രഹങ്ങളുണ്ടെങ്കിൽ മുൻപറഞ്ഞതുപോലെ ഗ്രഹസഖ്യയോളം "ഹര" നെ 'വേദ" ത്തോടും ഒന്നിച്ചുകൂട്ടിയത് ഹാരകവും, മൂലദശാസംവത്സരം ഗുണ്യവുമാകുന്നു. ഈ ത്രികോണസ്ഥന്മാരുടെ അപഹാരം കഴിഞ്ഞതിനു ശേഷമേ മൂലദശാധിപന്റെ ഏഴാം ഭാവത്തിൽ നിൽക്കുന്നവർക്ക്‌ അപഹാരമുള്ളൂ. ഈ സ്ഥാനത്തും ഒന്നിലധികം ഗ്രഹങ്ങളുണ്ടെങ്കിൽ മുൻപറഞ്ഞതുപോലെ ബലവാന്റെ അപഹാരം ആദ്യവും, വിബലന്റെ അപഹാരം ഒടുവിലും അനുഭവിയ്ക്കുന്നതാണ്.

മൂലദശാധിപന്റെ ഏഴാം ഭാവത്തിൽ മാത്രമേ ഗ്രഹം നിൽക്കുന്നുള്ളുവെങ്കിൽ "പ്രിയ" വും "വേദ" വും "ഗുണകാര" ങ്ങളും അവരണ്ടും തമ്മിൽ കൂട്ടിയ "താളം" (96) ഹാരകവുമാകുന്നു. ഈ സപ്തമസ്ഥന്മാരുടെ അപഹാരം കഴിഞ്ഞേ മൂലദശാനാഥന്റെ നാലും എട്ടും ഭാവങ്ങളിൽ നിൽക്കുന്നവർക്ക് അപഹാരമുള്ളു. അവിടേയും ഒന്നിലധികം ഗ്രഹങ്ങളുണ്ടെങ്കിൽ ബലക്രമത്തെ അനുസരിച്ച് അപഹാരക്രമവും കല്പിയ്ക്കണം.

ദാശാധിപന്റെ 4 - 8 എന്നീ ഭാവങ്ങളിൽ ഒന്നിൽ മാത്രവും ഒരു ഗ്രഹം മാത്രവുമാണുള്ളതെങ്കിൽ "പുത്ര" നും "വേദ" വും ഗുണകാരങ്ങളും, അതുകൾ കൂട്ടിയ "മുനയഃ" (105) എന്നു ഹാരകവുമാകുന്നു. എല്ലാടവും മൂലദശഗുണ്യമാണെന്നും മറ്റും മുമ്പു പറഞ്ഞപോലെ കണ്ടുകൊൾകയും വേണം.

ദശാപതിയോടുകൂടി ഒന്നും, ദശാധിപന്റെ 5 - 9 എന്നീ ഭാവങ്ങളിൽ ഒന്നിൽ മാത്രം ഒന്നും, ദാശാധിപന്റെ ഏഴാം ഭാവത്തിൽ ഒന്നും, 4 - 8 എന്നീ ഭാവങ്ങളിൽ ഒന്നിൽ മാത്രം ഒന്നും ആയിട്ടാണ് ഗ്രഹങ്ങളോ ലഗ്നമോ നിൽക്കുന്നതെങ്കിൽ (മൂലദശാധിപൻ അടക്കം അഞ്ച് ഗ്രഹങ്ങൾ മാത്രമേ അപഹാരകർത്താക്കാരായിട്ടുള്ളുവെങ്കിൽ എന്ന് സാരം) വേദം - രവി - ഹരം - പ്രിയം - പൂരം എന്നീ അഞ്ചു ഗുണകാരങ്ങളും കൂട്ടിയ 'സൌന്ദര്യ' ത്തിൽ കൂടിയതാണ് അവിടെ ഹാരകം. പിന്നെ മൂലദശാസംവത്സരം വേറെവേറെ വെച്ച് ഈ ഗുണകാരങ്ങളെക്കൊണ്ടു പെരുക്കി എല്ലാറ്റിനേയും ഈ ഹാരകം കൊണ്ടു ഹരിച്ചാൽ എല്ലാ ഗ്രഹങ്ങളുടേയും അപഹാരം കിട്ടുന്നതാണ്. ഈ എല്ലാ സ്ഥാനങ്ങളിലും ഗ്രഹങ്ങളില്ലെങ്കിൽ ഉള്ള സ്ഥാനങ്ങളിലെ ഗുണകാരകങ്ങളൊക്കെ കൂട്ടിയതാണ് അവിടെ ഹാരകം, പിന്നെ മുൻ പറഞ്ഞതുപോലെ അപഹാരങ്ങളെ വരുത്തേണ്ടതുമാണ്. എല്ലാ അപഹാരവും കൂടി കൂട്ടിയാൽ മൂലദശാസംവത്സരമാകുന്നതാണെന്നും അറിയുക. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.