രണ്ടാം ഭാവത്തിൽ, മൂന്നാം ഭാവത്തിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

വിഷയസുഖധനാഢ്യശ്ചാരുവാഗിംഗിതജ്ഞോ
വചസി രുചിരരൂപഃ പണ്ഡിതഃ കാമുകശ്ച
സഹജഭവനസംസ്ഥേ  വിത്തവിദ്യാന്നശൌര്യ-
പ്രബലമതയുതോƒബ്ജേ സോദരാഢ്യഃ കദര്യഃ

സാരം :-

രണ്ടാം ഭാവത്തിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ വിഷയസുഖവും ധനവും ഉള്ളവനായും മനോഹരമായി സംസാരിക്കുന്നവനായും അന്യന്മാരുടെ ആശയത്തെ അറിയുന്നവനായും സുന്ദരശരീരനായും വിദ്യയും ശാസ്ത്രജ്ഞാനവും കാമശീലവും ഉള്ളവനായും ഭവിക്കും.

മൂന്നാം ഭാവത്തിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ ധനവും വിദ്യയും അന്നപാനസാധനങ്ങളും ശൂരതയും ബലാധിക്യവും മദവും ഉള്ളവനായും സഹോദരന്മാരോടുകൂടിയവനായും പിശുക്കനായും ഭവിക്കും.

ലഗ്നത്തിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

ദാക്ഷിണ്യരൂപധനഭോഗഗുണൈഃ പ്രധാന-
ശ്ചന്ദ്രേ കുളീരവൃഷഭാജഗതേ വിലഗ്നേ
ഉന്മത്തനീചബധിരാ വികലശ്ച മൂക-
ശ്ശേഷേ നരോ ഭവതി കൃഷ്ണതനൗ വിശേഷാൽ.

സാരം :-

ഇടവം രാശിയോ, കർക്കിടകം രാശിയോ, മേടം രാശിയോ ലഗ്നരാശിയായി വരികയും ആ ലഗ്നരാശിയിൽ ചന്ദ്രൻ നിൽക്കുകയും ചെയ്‌താൽ ഔദാര്യം, സാമർത്ഥ്യം, സൗന്ദര്യം, സമ്പത്ത്, സുഖം, ഭോഗം മുതലായ ഗുണങ്ങളെക്കൊണ്ട് പ്രധാനനായും ദീർഘായുസ്സായും ഭവിക്കും. ഈ ചന്ദ്രന് പക്ഷബലമുണ്ടായിരുന്നാൽ മേൽപ്പറഞ്ഞ ശുഭഫലങ്ങൾ പൂർണ്ണങ്ങളായും അനുഭവിക്കും. ചന്ദ്രന് ബലഹാനിയുണ്ടായിരുന്നാൽ ന്യൂനങ്ങളായിരിക്കും അനുഭവത്തിൽ വരിക. (മേൽപ്പറഞ്ഞ ശുഭഫലങ്ങൾക്ക് കുറവ് അനുഭവപ്പെടും)

ശേഷം രാശികൾ (മിഥുനം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നീ രാശികൾ) ലഗ്നരാശിയായി വരികയും ആ ലഗ്നരാശിയിൽ ചന്ദ്രൻ നിൽക്കുകയും ചെയ്‌താൽ ഭ്രാന്തനോ നീച്ചനോ ഭൃത്യനോ ചെവിക്കോ കണ്ണിനോ നാക്കിനോ ശരീരത്തിലെ മറ്റംഗങ്ങൾക്കോ വൈകല്യം സംഭവിച്ചവനോ ആയി ഭവിക്കും. കൃഷ്ണപക്ഷവും ചന്ദ്രന് ബലഹാനിയും ഒത്തുവന്നാൽ ഈ അശുഭഫലങ്ങൾക്ക് പൂർണ്ണതയും അല്ലെങ്കിൽ ന്യൂനതയും ഉണ്ടെന്നും അറിഞ്ഞുകൊള്ളണം. 

ചന്ദ്രന് ശുക്ളപക്ഷത്തിൽ പഞ്ചമിവരെ അല്പബലം, ഷഷ്ഠി മുതൽ അഷ്ടമിയുടെ പകുതി വരെ മദ്ധ്യബലം,  അഷ്ടമിയുടെ അപരാധംമുതൽ ക്രമേണ പൌർണ്ണമാസിവരെ ബലാധിക്യം ഉണ്ടായിരിക്കുന്നതാണ്. കൃഷ്ണപ്രതിപദം മുതൽ കൃഷ്ണപഞ്ചമിവരെ  മദ്ധ്യബലം, ഷഷ്ഠിമുതൽ അഷ്ടമ്യർദ്ധം വരെ അല്പബലഹാനി. ഇത്യാദികളും യഥാക്രമം വിചാരിച്ചുകൊള്ളണം. 

ചന്ദ്രൻ ബലവാനായാൽ ശുഭപ്രദനം, ബലഹീനനായാൽ അശുഭപ്രദനുമായിരിക്കുകയും ചെയ്യും. ഈ വിശേഷം ശേഷം ചന്ദ്രഭാവഫലങ്ങളിലും നിരൂപിച്ചുകൊൾകയും വേണം. 

സുശുഭായോഗത്തിൽ ജനിക്കുന്നവൻ

സുശുഭായോഗേ ജാതോ
ധനവാൻ വനിതാദൃതോ നിയമശീലഃ
നിത്യോദ്യുക്തശ്ചപലോ
ഭോഗീ ഗുണവാൻ ധനാദ്ധ്യക്ഷഃ

സാരം :-

സുശുഭായോഗത്തിൽ ജനിക്കുന്നവൻ ധനവാനായും സ്ത്രീകളാൽ സൽക്കരിക്കപ്പെടുന്നവനായും നിയമശീലനായും എപ്പോഴും ഉത്സാഹിയായും ചപലനായും ഭോഗസുഖവും അനേക ഗുണങ്ങളും ഉള്ളവനായും ധനങ്ങളുടെ കർത്താവായും ഭവിക്കും.

****************************

   ലഗ്നരാശിയുടെ രണ്ടാം ഭാവത്തിൽ ശുഭഗ്രഹങ്ങൾ പാപഗ്രഹയോഗവീക്ഷണബന്ധങ്ങളില്ലാതെയിരുന്നാൽ സുശുഭായോഗമാകുന്നു.

ക്ഷേത്ര ചോദ്യങ്ങൾ - 51

886. കുത്തിയോട്ടത്തിന് പ്രസിദ്ധി നേടിയ ക്ഷേത്രം ഏത്?
         ചെട്ടികുളങ്ങര ദേവീ ക്ഷേത്രം (ആലപ്പുഴ)

887. കേരളത്തിലെ ഏറ്റവും വലിയ കാവടിയാട്ടം നടക്കുന്ന ക്ഷേത്രം ഏത്?
         ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം (ആലപ്പുഴ)

888. കടവല്ലൂർ അന്യോന്യം നടന്നുവരുന്ന ക്ഷേത്രം ഏത്?
         കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രം (തൃശ്ശൂർ)

889. മാമാങ്കവുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ക്ഷേത്രം ഏത്?
         തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രം (മലപ്പുറം)

890. ആണുങ്ങൾ പെണ്‍വേഷംകെട്ടി ചമയവിളക്ക് പിടിക്കുന്ന ക്ഷേത്രം ഏത്?
         കൊറ്റൻ കുളങ്ങര ക്ഷേത്രം (കൊല്ലം - ചവറ)

891. പുനർജ്ജനി നൂഴൽ ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു?
         തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രം (തൃശ്ശൂർ)

892. പഴയകാലത്ത് രേവതി പട്ടത്താനം എന്ന പണ്ഡിത സദസ്സ് നടന്നിരുന്നത് ഏത് ക്ഷേത്രത്തിലാണ്?
        കോഴിക്കോട് തളി ക്ഷേത്രം

893. ക്ഷേത്രത്തിൽ കോഴിയെ പറപ്പിക്കുന്ന ആചാരമുള്ള കേരളത്തിലെ ഏക ശ്രീകൃഷ്ണ ക്ഷേത്രം ഏത്?
          തോട്ടപ്പള്ളി ശ്രീകൃഷ്ണക്ഷേത്രം (ആലപ്പുഴ)

 894. പ്രഹ്ളാദ ചരിതം രചിച്ച ചക്രപാണിവാര്യർ ഏത് ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു?
          എരുവ ശ്രീകൃഷ്ണക്ഷേത്രം (ആലപ്പുഴ)

895. നളചരിത കർത്താവായ ഉണ്ണായിവാര്യർ ഏത് ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു?
         ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം (തൃശ്ശൂർ)

896. കുചേലവൃത്തം വഞ്ചിപ്പാട്ടിന്റെ കർത്താവായ രാമപുരത്ത് വാര്യർ ഏത് ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു?
         രാമപുരം ശ്രീരാമക്ഷേത്രം (കോട്ടയം)

897. മഹാകവി ഇളംകാവിൽ ശങ്കരവാര്യർ ഏത് ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു?
         ഇളംകാവ് ഭദ്രകാളി ക്ഷേത്രം (എറണാകുളം)

898. സോപാനസംഗീത കുലപതിയായിരുന്ന ഞറളത്ത് രാമപൊതുവാൾ ഏത് ക്ഷേത്രത്തിലെ അടിയന്തരക്കാരനായിരുന്നു.?
         ഞറളത്ത് ശ്രീരാമക്ഷേത്രം (പാലക്കാട് - അലനെല്ലൂർ)

899. മഹാകവി ജി. ശങ്കരക്കുറുപ്പ് ഏത് ക്ഷേത്രത്തിലെ പൂജ കൊട്ടുകാരനായിരുന്നു?
         തിരുനായത്തോട് ക്ഷേത്രം (എറണാകുളം)

900. ഇരട്ടകുളങ്ങര രാമവാര്യർ ഏത് ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു?
         ഇരട്ടകുളങ്ങര മഹാദേവ ക്ഷേത്രം (ആലപ്പുഴ)

പതിനൊന്നാം ഭാവത്തിൽ, പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

ബഹുധനതനയസ്ത്രീകീർത്തിവിദ്യായുരായേ
പ്രഭുരഭിമതഭൃത്യസ്സിദ്ധകർമ്മാതിതേജാഃ
വികലദൃഗസുതാർത്ഥഃ പിത്രമിത്രോƒബലോƒന്ത്യേ
സവിതരി പതിതോƒദ്ധ്വന്യോƒംഗഹീനഃ ഖലശ്ച.

സാരം :-

പതിനൊന്നാം ഭാവത്തിൽ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ വളരെ ധനവും പുത്രന്മാരും ഭാര്യയും യശസ്സും വിദ്യയും ആയുസ്സും ഉള്ളവനായും ഏറ്റവും പ്രഭുവായും നല്ല ഭൃത്യന്മാരോടുകൂടിയവനായും ഏറ്റവും കർമ്മകുശലനായും വളരെ തേജസ്സും സ്വശക്തിയും ഉള്ളവനായും ഭവിക്കും.

പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ കണ്ണിനു വൈകല്യം ഉള്ളവനായും പുത്രന്മാരും ധനവും ഇല്ലാത്തവനായും പിതാവിന് വിരോധിയായും ബലഹീനനായും പതിതനായും വൃഥാ വഴി നടക്കുന്നവനായും അംഗഹീനനായും ദുസ്സ്വഭാവമുള്ളവനായും ഭവിക്കും.

സുശുഭാശുഭാകർത്തരിയോഗങ്ങൾ

ലഗ്നാദ്ദ്വിതിയസംസ്ഥൈ-
രർക്കേന്ദുവിവർജ്ജിതൈർഭവേൽ സുശുഭാ
ആശുഭാഖ്യാ വ്യയസംസ്ഥൈ-
രുഭയഗതൈഃ കർത്തരീയോഗഃ

സാരം :-

കുജാദികളായ അഞ്ചുഗ്രഹങ്ങളിലാരെങ്കിലും ലഗ്നരാശിയുടെ രണ്ടാം ഭാവത്തിൽ നിന്നാൽ സുശുഭായോഗം അനുഭവിക്കും.

കുജാദികളായ അഞ്ചുഗ്രഹങ്ങളിലാരെങ്കിലും ലഗ്നരാശിയുടെ പന്ത്രണ്ടാം ഭാവത്തിൽ നിന്നാൽ അശുഭായോഗം അനുഭവിക്കും. 

കുജാദികളായ അഞ്ചുഗ്രഹങ്ങളിലാരെങ്കിലും ലഗ്നരാശിയുടെ രണ്ടാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും നിന്നാൽ കർത്തരീയോഗം അനുഭവിക്കും.

ക്ഷേത്ര ചോദ്യങ്ങൾ - 50

871. വർഷത്തിൽ മൂന്ന് തവണ ഉത്സവം നടക്കുന്ന കേരളത്തിലെ ഏക ക്ഷേത്രം ഏത്?
         ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം (ആലപ്പുഴ)

872. ഉത്സവകാലങ്ങളിൽ രാത്രി നടത്തുന്ന കുണ്ഡഹോമം എന്ന ഗണപതിഹോമം ഏത് ക്ഷേത്രത്തിൽ മാത്രമാണുള്ളത്‌?
        കരിമ്പുഴ ശ്രീരാമസ്വാമി ക്ഷേത്രം (പാലക്കാട്)

873. ബ്രഹ്മചാരികൾക്ക് പൂജചെയ്യുവാനോ, ദേവീവിഗ്രഹം എഴുന്നള്ളിക്കുവാനോ പാടില്ലാത്ത ക്ഷേത്രം ഏത്?
         കൊല്ലൂർ മൂകാംബിക ക്ഷേത്രം (കർണ്ണാടക)

874. നൂറ്റിയെട്ട് (108)ദേവീദേവന്മാർ പങ്കെടുക്കുന്നുവെന്ന് വിശ്വസിക്കുന്ന പൂരം ഏത്?
         ആറാട്ടുപുഴ പൂരം (തൃശൂർ)

875. രഥോത്സവത്തിന് പേരുകേട്ട ക്ഷേത്രം ഏത്?
         കല്പാത്തി വിശ്വനാഥ ക്ഷേത്രം (പാലക്കാട്)

876. വയനാടൻ മലകളിലെ ദേശീയോത്സവമായി കൊണ്ടാടുന്നത് ഏത് ക്ഷേത്രത്തിലെ ഉത്സവമാണ്.
         വള്ളിയൂർക്കാവ് (മാനന്തവാടി)

877. ആനയെഴുന്നള്ളിപ്പിന് പേരുകേട്ട ക്ഷേത്രം ഏത്?
         ആറാട്ടുപ്പുഴ ശാസ്താക്ഷേത്രം (തൃശ്ശൂർ)

878. കൊടിമരം ഉണ്ടെങ്കിലും കൊടിയേറ്റമില്ലാത്ത ക്ഷേത്രം ഏത്?
         പുതുനഗരം വിശ്വനാഥ ക്ഷേത്രം (പാലക്കാട്)

879. ഉത്സവ ചടങ്ങുകൾ ഇല്ലാത്ത ക്ഷേത്രം ഏത്?
         വടക്കുംനാഥ ക്ഷേത്രം (തൃശ്ശൂർ)

880. ഉത്തരകേരളത്തിൽ വൈശാഖോത്സവം കൊണ്ടാടുന്ന പ്രശസ്ത ക്ഷേത്രം ഏത്?
         കൊട്ടിയൂർ ക്ഷേത്രം (കണ്ണൂർ)

881. ആറാട്ടുപുഴ പൂരത്തിന് തൃപ്രയാർ തേവർ എഴുന്നള്ളുമ്പോൾ അകമ്പടി സേവിക്കുന്നത് ആരാണ്?
         അവണങ്ങാട്ടു ചാത്തൻ

882. അപൂർവ്വമായ "കൊങ്ങൻപട" എന്ന ഉത്സവത്തിന് പേരുകേട്ട ക്ഷേത്രം ഏത്?
         ചിറ്റൂർക്കാവ് (പാലക്കാട്)

883. കാളകാളിക്ക് പ്രസിദ്ധി നേടിയ ക്ഷേത്രം ഏത്?
         മുളയങ്കാവ് (പാലക്കാട്)

884. തിടമ്പു നൃത്തത്തിന് പേരുകേട്ട ക്ഷേത്രം ഏത്?
         തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം (കണ്ണൂർ)

885. വള്ളംകളിക്ക് പേരുകേട്ട ക്ഷേത്രം ഏത്?
         ആറന്മുള ക്ഷേത്രം (പത്തനംതിട്ട)        

ഒമ്പതാം ഭാവത്തിൽ, പത്താം ഭാവത്തിൽ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

സസുതധനസുഹൃത്സ്യാദ്ദേവഭൂദേവഭക്തോ
യുവതിഗുരുവിരോധീ ധർമ്മഗോƒധർമ്മഹീനഃ
പിതൃധനബലവിദ്യാകീർത്തിധീവാഹനാഢ്യോ
നഭസി വിഭുരധൃഷ്യഃ സ്നിഗ്ദ്ധകർമ്മാ സുശർമ്മാ.

സാരം :-

ഒമ്പതാം ഭാവത്തിൽ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ പുത്രന്മാരും സമ്പത്തും ബന്ധുക്കളും ഉള്ളവനായും ദേവന്മാരിലും ബ്രാഹ്മണരിലും ഭക്തിയുള്ളവനായും സ്ത്രീകളേയും പിത്രാദിഗുരുജനങ്ങളേയും ദ്വേഷിക്കുന്നവനായും ധർമ്മം ഇല്ലാത്തവനായും ഭവിക്കും.

പത്താം ഭാവത്തിൽ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ പിതൃസ്വത്തും ബലവും വിദ്യയും യശസ്സും ബുദ്ധിയും വാഹനങ്ങളും ഉള്ളവനായും പ്രഭുത്വം ഉള്ളവനായും ഏറ്റവും തേജസ്വിയായും തുടങ്ങുന്ന കാര്യം പൂർത്തീകരിക്കുന്നവനായും ഏറ്റവും സുഖിയായും ഭവിക്കും.

ഉഭയചരീയോഗത്തിൽ ജനിക്കുന്നവൻ

മുഖരോജ്ഞാനീ ബലവാൻ
സ്വബന്ധുനാഥോ നരേന്ദ്രദയിതശ്ച
നിത്യോത്സാഹീ വാഗ്മീ
യോഗേ ജാതശ്ശുഭോഭയചരീഷു.

സാരം :-

ശുഭഗ്രഹങ്ങളെക്കൊണ്ടുള്ള ഉഭയചരീയോഗത്തിൽ ജനിക്കുന്നവൻ വളരെ പറയുന്നവനായും ബലവാനായും സ്വബന്ധുക്കളുടെ നാഥനായും രാജസമ്മതനായും എപ്പോഴും ഉത്സാഹശീലവും വാക്സാമർത്ഥ്യവും ഉള്ളവനായും ഭവിക്കും.

പാപഗ്രഹങ്ങളെക്കൊണ്ടുള്ള ഉഭയചാരീയോഗത്തിൽ ജനിക്കുന്നവന് മേൽപ്പറഞ്ഞ ഫലങ്ങൾ ശരിയായി സംഭവിക്കുന്നതല്ല.

*****************

സൂര്യൻ നിൽക്കുന്ന രാശിയുടെ രണ്ടാം ഭാവത്തിലും  പന്ത്രണ്ടാം ഭാവത്തിലും  ചന്ദ്രനൊഴികെയുള്ള താരാഗ്രഹങ്ങളിൽ ആരെങ്കിലും നിന്നാൽ ഉഭയചരീയോഗം സംഭവിക്കും.

ക്ഷേത്ര ചോദ്യങ്ങൾ - 49

856. ഏത് ക്ഷേത്രത്തിലാണ് വൃക്ഷതൈകൾ പ്രസാദമായി നൽകുന്നത്?
         തഴക്കര ഐവാലക്കാവ് വനദുർഗ്ഗാ ക്ഷേത്രം (ആലപ്പുഴ)

857. നാണയങ്ങൾ പ്രസാദമായി നൽകുന്ന ക്ഷേത്രം ഏത്?
         വൈഷ്ണവോ ദേവീ ക്ഷേത്രം (ജമ്മുകാശ്മീർ)

858. ആത്മീയ പുസ്തകങ്ങൾ പ്രസാദമായി  കൊടുക്കുന്ന ക്ഷേത്രം ഏത്?
         മഴുവഞ്ചേരി ശിവക്ഷേത്രം (തൃശ്ശൂർ - കേച്ചേരി)

859. ഏത് ക്ഷേത്രത്തിലാണ് ഉറവയിൽ നിന്ന് ശേഖരിക്കുന്ന മണ്ണ് പ്രസാദമായി നൽകുന്നത്?
         നാഗർകോവിൽ നാഗരാജക്ഷേത്രം (തമിഴ്നാട്)

860. പയറുപൊടി പ്രസാദമായി നൽകുന്ന ക്ഷേത്രം ഏത്?
         കടയക്കൽ പീടികമുറി ക്ഷേത്രം (കൊല്ലം)

861. പനിനീർ ഇലയിൽ ഭസ്മം പ്രസാദമായി നൽകുന്ന ക്ഷേത്രം ഏത്?
         തിരുചെന്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം (തമിഴ്നാട്)

862. ഏത് ക്ഷേത്രത്തിലാണ് വലിയടുക്കളയിലെ ചാരം ഭസ്മമായി കൊടുക്കുന്നത്?
         വൈക്കം മഹാദേവക്ഷേത്രം (കോട്ടയം)

863. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ പ്രസാദം എന്താണ്?
         വിളക്കു കരി

864. അഴകർകോവിലെ പ്രധാന പ്രസാദം ഏതാണ്?
         ദോശ

865. ഏത് ക്ഷേത്രത്തിലെ ഉത്സവത്തിനാണ് "അയ്യയ്യോ, അയ്യോ" എന്ന കൂട്ടനിലവിളിയോടെ കൊടികയറുന്നത്?
         ചെനക്കത്തൂർകാവ് (പാലക്കാട് - പാലപ്പുറം)

866. അറക്കുളം ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറുന്നത് ഏതു ക്ഷേത്രത്തിൽ നിന്നും കൊണ്ടുവരുന്ന കൊടിയാണ്?
         ശബരിമല ക്ഷേത്രത്തിൽ നിന്നും

867. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച ആറാട്ട് ഏത് കടപ്പുറത്താണ് നടക്കുന്നത്?
         ശംഖുമുഖം കടപ്പുറത്ത്

868. ധ്വജാദി, പടഹാദി, അങ്കുരാദി എന്നീ മൂന്നിനത്തിലുള്ള ഉത്സവം നടക്കുന്ന അപൂർവ്വ ക്ഷേത്രം ഏത്?
          തൃപ്പുണ്ണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രം (എറണാകുളം)

869. ഏത് ക്ഷേത്ര സന്നിധിയിലാണ് തൃശൂർപൂരം അരങ്ങേറുന്നത്?
         വടക്കുംനാഥ ക്ഷേത്രം (തൃശ്ശൂർ)

870. ദേവി രജസ്വലയാകുന്നു എന്ന വിശ്വാസത്തിൽ തൃപ്പൂത്ത് ഉത്സവം കൊണ്ടാടുന്ന ക്ഷേത്രം ഏത്?
         ചെങ്ങന്നൂർ മഹാദേവക്ഷേത്രം (ആലപ്പുഴ)

ഏഴാം ഭാവത്തിൽ, എട്ടാം ഭാവത്തിൽ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

കുതനുരഭിഭവാഢ്യഃ ക്രോധവാൻ വ്യാധിതപ്തോ
വിയുവതിരടനോƒസ്തേ രാജഭീതോ വിമാനഃ
വികലദൃഗധനായുർവ്വിത്തമിത്രോƒഭിഭൂതഃ
കലഹരതിരതൃപ്തോ ദുഃഖിതശ്ചാഷ്ടമസ്ഥേ.

സാരം :-

ഏഴാം ഭാവത്തിൽ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ കുത്സിതശരീരനായും തോൽവിയുള്ളവനായും കോപമുള്ളവനായും വ്യാധികളാൽ പീഡിതനായും കളത്രസുഖമില്ലാത്തവനായും സഞ്ചാരിയായും രാജകോപത്താൽ പീഡിതനായും മാനമില്ലാത്തവനായും ഭവിക്കും.

  എട്ടാം ഭാവത്തിൽ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ കണ്ണിനുരോഗമോ മറ്റ് വൈകല്യമോ ഉള്ളവനായും ധനവും ആയുസ്സും ബന്ധുക്കളും കുറഞ്ഞിരിക്കുന്നവനായും എപ്പോഴും തോൽക്കുന്നവനായും കലഹപ്രിയനായും ഒരിക്കലും തൃപ്തിയില്ലാത്തവനായും ദുഃഖിതനായും ഭവിക്കും.

വാസിയോഗത്തിൽ ജനിക്കുന്നവൻ

പാപമതിർവികലാംഗോ
നിദ്രാലസ്യശ്രമാന്ന്വിതോ വിധനഃ
പാപൈരേവം സൗമ്യൈർ-
ബ്ബലയുക്തൈസ്സ്ർവസൗഖ്യസമ്പന്നഃ

സാരം :-

വാസിയോഗത്തിൽ ജനിക്കുന്നവൻ

പാപഗ്രഹങ്ങളെക്കൊണ്ടുള്ള വാസിയോഗമായാൽ ബുദ്ധിക്കു ദോഷവും പാപവിചാരവും അംഗവൈകല്യവും ഉറക്കവും അലസതയും ശ്രമവും ധനഹാനിയും ഉള്ളവനായും ഭവിക്കും.

ശുഭഗ്രഹങ്ങളെക്കൊണ്ടുള്ള വാസിയോഗമായാൽ സകലസുഖങ്ങളും സമ്പത്തും ഉണ്ടായിരിക്കുകയും ചെയ്യും.

*****************

സൂര്യൻ നിൽക്കുന്ന രാശിയുടെ പന്ത്രണ്ടാം ഭാവത്തിൽ ചന്ദ്രനൊഴികെയുള്ള താരാഗ്രഹങ്ങളിൽ ആരെങ്കിലും നിന്നാൽ വാസിയോഗം സംഭവിക്കും.

ക്ഷേത്ര ചോദ്യങ്ങൾ - 48

841. തീജ്വാല പ്രതിഷ്ഠ ശക്തിപീഠം ഏത്?
         ജ്വാലാമുഖി

842. മഞ്ഞുകൊണ്ടുള്ള സ്വയംഭൂ ശിവലിംഗം ഉണ്ടാകുന്നത് എവിടെയാണ്?
         അമർനാഥ്

843. എല്ലോറയിലെ ജീവനുള്ളതുപോലെ തോന്നിക്കുന്ന ക്ഷേത്ര വിഗ്രഹം ഏത്?
         നരസിംഹമൂർത്തി ക്ഷേത്ര വിഗ്രഹം

844. കൊച്ചി തിരുമല ക്ഷേത്രത്തിലെ വെങ്കിടാചലപതി മൂർത്തിയുടെ വിഗ്രഹം ഏത് പേരിലാണ് അറിയപ്പെടുന്നത്?
         മരതകപച്ച എന്ന പേരിൽ

845. ഏത് ക്ഷേത്രത്തിലാണ് ഉദയത്തിൽ സരസ്വതിയായും മദ്ധ്യാഹ്നത്തിൽ ദുർഗ്ഗയായും, സായാഹ്നത്തിൽ ലക്ഷ്മിയായും പൂജാകർമ്മങ്ങൾ നടക്കുന്നത്?
         അറവുകാട് ശ്രീദേവി ക്ഷേത്രം (ആലപ്പുഴ)

846. രാവിലെ ദക്ഷിണാമൂർത്തിയായും, ഉച്ചയ്ക്ക് കിരാതമൂർത്തിയായും, വൈകീട്ട് പാർവ്വതിസമേതനായ സാംബശിവസങ്കല്പത്തിലും പൂജ നടത്തുന്ന ക്ഷേത്രം ഏത്?
         വൈക്കം മഹാദേവക്ഷേത്രം (കോട്ടയം)

 847. രാവിലെ സരസ്വതി, ഉച്ചയ്ക്ക് വിഷ്ണുമായ, വൈകീട്ട് ദുർഗ്ഗ എന്നീ മൂന്നു ഭാവങ്ങളുള്ള ക്ഷേത്രം ഏത്?
          കല്ലേകുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രം (പാലക്കാട്)

848. ഉഷഃപൂജ ബാലനായും, എതിർത്ത് പൂജ ബ്രഹ്മചാരിയായും, പന്തീരടി പൂജ കാട്ടാളനായും, ഉച്ചപൂജ ഗൃഹസ്ഥാശ്രമിയായും, അത്താഴപൂജ വിരാട് പുരുഷനായും സങ്കല്പിച്ച് പൂജ നടത്തുന്ന ക്ഷേത്രം ഏത്?
         തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം (പത്തനംതിട്ട)

849. ഏത് ക്ഷേത്രത്തിലാണ് പ്രഭാതത്തിൽ സരസ്വതി, മദ്ധ്യാഹ്നത്തിൽ ലക്ഷ്മി, സന്ധ്യയ്ക്ക് ദുർഗ്ഗ, അത്താഴ നിവേദ്യ സമയത്ത് മഹാകാളി എന്നീ ഭാവസങ്കല്പമുള്ളത്?
          ചെട്ടികുളങ്ങര ദേവീക്ഷേത്രം (ആലപ്പുഴ)

850. ശിവനെ അഞ്ചു ഭാവങ്ങളിൽ (പാർവ്വതീശൻ, ശ്രീശങ്കരൻ, ശ്രീകണ്ഠൻ, വിശ്വനാഥൻ, മൃത്യുജ്ഞയൻ) അഞ്ചു ശ്രീകോവിലുകളിൽ പ്രാധാന്യം നല്കി പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രം ഏത്?
         കണ്ടിയൂർ മഹാദേവ ക്ഷേത്രം (ആലപ്പുഴ)

851. ദേവിയുടെ മൂന്നു ഭാവങ്ങളിലുള്ള (ശ്രീഭദ്ര, ശ്രീദുർഗ്ഗ, ശ്രീഭൈരവി) തിരുമുടികളെ തൊഴുത് ദേവീ സാക്ഷാത്ക്കാരം നേടിത്തരുന്ന ക്ഷേത്രം ഏത്?
         കടയ്ക്കൽ പീടികമുറി ക്ഷേത്രം (കൊല്ലം)

852. ധർമ്മശാസ്താവ് ബാല്യഭാവത്തിൽ വാണരുളുന്ന ക്ഷേത്രം ഏത്?
         കുളത്തുപ്പുഴ ശാസ്താക്ഷേത്രം (കൊല്ലം)

853. ധർമ്മശാസ്താവ് കൗമാരഭാവത്തിൽ വാണരുളുന്ന ക്ഷേത്രം ഏത്?
         ആര്യങ്കാവ് ധർമ്മശാസ്താ ക്ഷേത്രം (കൊല്ലം)

854. ധർമ്മശാസ്താവ് ഗൃഹസ്ഥാശ്രമ ഭാവത്തിൽ വാണരുളുന്ന ക്ഷേത്രം ഏത്?
        അച്ചൻകോവിൽ ധർമ്മശാസ്താ ക്ഷേത്രം (കൊല്ലം)

855. ധർമ്മശാസ്താവ് സന്ന്യാസ ഭാവത്തിൽ വാണരുളുന്ന ക്ഷേത്രം ഏത്?
         ശബരിമല.

അഞ്ചാം ഭാവത്തിൽ, ആറാം ഭാവത്തിൽ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

സുഖധനസുഹൃദായുഃ പുത്രഹീനസ്സുബുദ്ധിഃ
ക്ഷിതിപതിദയിതോƒരണ്യാശ്രിതഃ പുത്രഗേƒർക്കേ
വിഭവവിജയവിഖ്യാതോƒതികാമോദരാഗ്നിഃ
പ്രഭുരരിഭവനസ്ഥേ ദണ്ഡനേതാ ഗുണാഢ്യഃ

സാരം :-

അഞ്ചാം ഭാവത്തിൽ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ സുഖവും ധനവും ബന്ധുക്കളും ആയുസ്സും പുത്രന്മാരും കുറഞ്ഞിരിക്കുന്നവനായും ഏറ്റവും ബുദ്ധിമാനായും രാജപ്രിയനായും വനവാസിയായും ഭവിക്കും.

ആറാം ഭാവത്തിൽ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ സമ്പത്തും വിജയവും യശസ്സും ഉള്ളവനായും ഏറ്റവും കാമിയായും ജഠരാഗ്നി വർദ്ധിച്ചവനായും പ്രഭുവായും പടനായകനായും ഏറ്റവും ഗുണവാനായും ഭവിക്കും.

വേസിയോഗത്തിൽ ജനിക്കുന്നവൻ

മന്ദഗതിർമൃദുവചനോ
ദീനാക്ഷോ ബന്ധുവത്സലോ ധീമാൻ
ആയവ്യയതുല്യകരോ
ജാതസ്സ്യാദ്വേസിയോഗƒസ്മിൻ.

സാരം :-

വേസിയോഗത്തിൽ ജനിക്കുന്നവൻ പതുക്കെ നടക്കുന്നവനായും പതുക്കെ പറയുകയും ചെയ്യുന്നവനായും ദീനനേത്രനായും ബന്ധുക്കളിൽ വാത്സല്യമുള്ളവനായും വരവും ചെലവും ഒരുപോലെയുള്ളവനായും ഭവിക്കും.

*****************

സൂര്യൻ നിൽക്കുന്ന രാശിയുടെ രണ്ടാം ഭാവത്തിൽ ചന്ദ്രനൊഴികെയുള്ള താരാഗ്രഹങ്ങളിൽ ആരെങ്കിലും നിന്നാൽ വേസിയോഗം സംഭവിക്കും.

ക്ഷേത്ര ചോദ്യങ്ങൾ - 47

826. ഭാരതത്തിലെ പ്രസിദ്ധമായ ചിത്രഗുപ്തക്ഷേത്രം എവിടെയാണ് സ്ഥിതിചെയ്യുന്നത്?
         കാഞ്ചിപുരത്തിനടുത്ത് നെല്ലൂക്കാര ജംഗ്ഷനിൽ (തമിഴ്നാട്)

827. സീതാ - ലവ - കുശ ക്ഷേത്രം കേരളത്തിൽ എവിടെ സ്ഥിതിചെയ്യുന്നു?
         പുൽപ്പള്ളി (വയനാട്)

828. വാമനമൂർത്തി പ്രതിഷ്ഠയുള്ള ക്ഷേത്രം ഏത്?
         തൃക്കാക്കര വാമനക്ഷേത്രം (എറണാകുളം)

829. ബ്രഹ്മരാക്ഷസൻ പ്രതിഷ്ഠയുള്ള ക്ഷേത്രം ഏത്?
         ആലുക്കൽ ക്ഷേത്രം (തൃശ്ശൂർ - പൂക്കോട്)

830. കേരളത്തിൽ വൈശ്രവണ പ്രതിഷ്ഠയുള്ള ഒരു അപൂർവ്വ ക്ഷേത്രം ഏത്?
         വൈശ്രവണത്ത് ക്ഷേത്രം (മലപ്പുറം -വെട്ടംപള്ളിപ്പുറം)

831. വരുണ പ്രതിഷ്ഠയുള്ള ക്ഷേത്രം ഏത്?
         ധരിയസ്ഥാൻ ക്ഷേത്രം (എറണാകുളം - മട്ടാഞ്ചേരി)

832. അയിലേഷി (യക്ഷി) പ്രതിഷ്ഠയുള്ള ക്ഷേത്രം ഏത്?
         പഴയ പശ്ചിമക്ഷേത്രം (കോട്ടയം - കോരുത്തോട്)

833.  ത്രയംബകേശ്വരൻ എന്ന് പേരുള്ള കേരളത്തിലെ ഒരു അപൂർവ്വ ക്ഷേത്രം ഏത്?
          തൃക്കണാട് ത്രയംബകേശ്വര ക്ഷേത്രം (കാസർകോഡ്)

834. കേരളത്തിൽ ഏറ്റവും കൂടുതൽ ഉപദേവതകളുള്ള ക്ഷേത്രം ഏത്?
         തിരുവഞ്ചിക്കുളം ശിവക്ഷേത്രം (തൃശ്ശൂർ - കൊടുങ്ങല്ലൂർ)

835. ഭാരതത്തിൽ ഏറ്റവും കൂടുതൽ ഉപദേവതകളുള്ള ക്ഷേത്രം ഏത്?
         കാഞ്ചിയിലെ കൈലാസനാഥസ്വാമി ക്ഷേത്രം (തമിഴ്നാട്)

836. ഉപദേവതകളില്ലാത്ത ഔര് ക്ഷേത്രം ഏത്?
         ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം (തൃശ്ശൂർ)

837. ഏത് ക്ഷേത്രത്തിലാണ് ക്ഷേത്രപാലകന്റെ സ്ഥാനം ഗണപതിയുടെ ഉപക്ഷേത്രത്തിന് മുന്നിലായിട്ടുള്ളത്?
         തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം (പത്തനംതിട്ട)

838. കേരളത്തിലെ ഏറ്റവും ഉയരമുള്ള ഗണപതി വിഗ്രഹം ഏത് ക്ഷേത്രത്തിലാണ്?
         ബാലഗണേശ്വരപുരം ക്ഷേത്രം (തൃശ്ശൂർ - കൊടുങ്ങല്ലൂർ)

839. ഏറ്റവും വലിയ ഭദ്രകാളി വിഗ്രഹം ഏത് ക്ഷേത്രത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന് കരുതുന്നത്?
         തിരുമാന്ധാംകുന്ന് ക്ഷേത്രം (മലപ്പുറം)

840. ശ്രീനാരായണഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ ക്ഷേത്രം ഏത്?
         ചേർത്തല കളവംകോട് ക്ഷേത്രം (ആലപ്പുഴ)

നാലാം ഭാവത്തിൽ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

ഹൃദയരുഗസുഖക്ഷ്മാബന്ധുയാനഃ പരസ്ത്രീ-
നിരതമതിരനാര്യക്ഷ്മാപസേവീ ദ്വിധാമാ
പിതൃഗൃഹധനഹന്ത്യ സന്തതം പീഡിതാത്മാ
ഭവതി ഭവനഭാവം ഭാസ്കരേ സമ്പ്രയാതേ.

സാരം :-

നാലാം ഭാവത്തിൽ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ ഹൃദ്രോഗമുള്ളവനായും സുഖവും ഭൂസ്വത്തും ബന്ധുക്കളും വാഹനവും ഇല്ലാത്തവനായും പരസ്ത്രീകളിൽ താല്പര്യമുള്ളവനായും അധമരാജാക്കന്മാരെ ആശ്രയിക്കുന്നവനായും രണ്ടു ഭവനങ്ങളുള്ളവനായും പിതൃസ്വത്തിനും അല്ലെങ്കിൽ പൂർവ്വസ്വത്തിനും ഹാനിയെ ചെയ്യുന്നവനായും ഒരിക്കലും മനസ്സുഖമില്ലാത്തവനായും ഭവിക്കും.

വേസി, വാസി, ഉഭയചരീ യോഗങ്ങൾ

തപനാദ്ധനഗൈർവ്വേസി-
സ്സുധാംശുരഹിതൈർവ്വ്യയസ്ഥിതൈർവ്വാസീ
ഉഭയസ്ഥിതൈശ്ച ഖേടൈ-
രുഭയചരീ നാമ യോഗശ്ച

സാരം :-

ചൊവ്വ മുതലായ അഞ്ച് ഗ്രഹങ്ങളിൽ ഒന്നോ അതിലധികമോ ഗ്രഹം സൂര്യന്റെ രണ്ടാം ഭാവത്തിൽ നിന്നാൽ "വേസിയോഗം" സംഭവിക്കും.

ചൊവ്വ മുതലായ അഞ്ച് ഗ്രഹങ്ങളിൽ ഒന്നോ അതിലധികമോ ഗ്രഹം സൂര്യന്റെ പന്ത്രണ്ടാം ഭാവത്തിൽ നിന്നാൽ "വാസിയോഗം" സംഭവിക്കും

ചൊവ്വ മുതലായ അഞ്ച് ഗ്രഹങ്ങൾ സൂര്യന്റെ രണ്ടാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും നിന്നാൽ വേസിയോഗം "ഉഭയചരീയോഗം" സംഭവിക്കും.

ക്ഷേത്ര ചോദ്യങ്ങൾ - 46

811. തുമ്പികൈയ്യില്ലാത്ത, നരമുഖമുള്ള ഗണപതി വിഗ്രഹം ഏത് ക്ഷേത്രത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്?
         ചിദംബരത്തിനടുത്തെ വിനായക ക്ഷേത്രം (തമിഴ്നാട്)

812. ഗരുഡന്റെ പുറത്ത് സത്യഭാമാസമേതനായി ഇരിക്കുന്ന ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ള ക്ഷേത്രം ഏത്?
         പുണ്ഡരീകപുരം ക്ഷേത്രം (കോട്ടയം - തലയോലപ്പറമ്പ്)

813. ശിവൻ അനന്തശായിയായി കിടക്കുന്ന അപൂർവ്വ ചിത്രമുള്ള ക്ഷേത്രം ഏത്?
         തൃപ്പാളൂർ ശിവക്ഷേത്രം (പാലക്കാട്)

814. അനന്തന് (ആദിശേഷൻ) മുകളിൽ പള്ളിയുറങ്ങുന്ന വിഷ്ണുവിനെ പ്രതിഷ്ഠിച്ച ക്ഷേത്രം ഏത്?
         ശ്രീ പത്മനാഭസ്വാമി ക്ഷേത്രം (തിരുവനന്തപുരം)

815. അനന്തന് മുകളിൽ ഇരിക്കുന്ന വിഷ്ണുവിനെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രം ഏത്?
         അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രം (കാസർകോഡ്)

816. ചമ്രം പടഞ്ഞിരിക്കുന്ന വിഷ്ണുവിനെ പ്രതിഷ്ഠിച്ച ക്ഷേത്രം ഏത്?
         പെരുംകുളങ്ങര മഹാവിഷ്ണുക്ഷേത്രം (പാലക്കാട്)

817. ശ്രീരാമൻ മണൽവാരി പ്രതിഷ്ഠിച്ച ശിവലിംഗം ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു?
         രാമേശ്വരം ക്ഷേത്രം (തമിഴ്നാട്)

818. ദ്വാദശനാമ പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രം ഏത്?
         ആനന്ദപുരം ശ്രീ മഹാവിഷ്ണുക്ഷേത്രം (തൃശ്ശൂർ)

819. കൈപ്പത്തി പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രം ഏത്?
         കല്ലേകുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രം (പാലക്കാട്)

820. ദക്ഷിണേന്ത്യയിലെ ഏക ദുര്യോധനക്ഷേത്രം ഏത്?
        പോരുവഴി പെരുന്തുരുത്തിമലനട ദുര്യോധനക്ഷേത്രം (കൊല്ലം)

821. കേരളത്തിൽ ബ്രഹ്മാവിന്റെ ഏക ക്ഷേത്രം എവിടെയാണ്?
         മണ്ണിൽ തൃക്കോവ് ക്ഷേത്രം (മലപ്പുറം - തവന്നൂർ)

822. ജഡായുവിനെ ഉപദേവതയായി പ്രതിഷ്ഠിച്ചിരിക്കുന്നത് ഏത് ക്ഷേത്രത്തിലാണ്?
         ചടയമംഗലം ശിവക്ഷേത്രം (കൊല്ലം)

823. കേരളത്തിൽ എവിടെയാണ് അർജ്ജുനപുത്രനായ ഇരാവന് ക്ഷേത്രം ഉള്ളത്?
         കൂത്താണ്ഡമന്ദം ക്ഷേത്രം (പാലക്കാട് - പനങ്ങാട്ടിരി)

824. ഗരുഡനെ പൂജിക്കുന്ന അപൂർവ്വ ക്ഷേത്രം ഏത്?
         ഗരുഡൻകാവ് (മലപ്പുറം)

825. ഏത് ക്ഷേത്രത്തിലാണ് സ്ത്രീഭാവത്തിൽ വിനായകി എന്ന പേരിൽ ഗണപതി പ്രതിഷ്ഠയുള്ളത്?
         ശുചീന്ദ്രം

കേമദ്രുമയോഗത്തിൽ ജനിക്കുന്നവൻ

ഏതേ യോഗാ ന സ്യുഃ
കേന്ദ്രേ ഗ്രഹവർജ്ജിതേ ശശാങ്കേ ച
കേമദ്രുമാഖ്യയോഗ-
സ്തസ്മിൻ ജാതോ നൃപോƒപി ഭിക്ഷാർത്ഥീ.

സാരം :-

സുനഭ, അനഭ, ധുരുധുരാ എന്നീ യോഗങ്ങളില്ലാതെ ഇരിക്കുകയും ചന്ദ്രൻ നിൽക്കുന്ന രാശിയുടെ കേന്ദ്രരാശികളിലോ,  ലഗ്നരാശിയുടെ കേന്ദ്രരാശികളിലോ ഗ്രഹങ്ങളില്ലാതെ ഇരിക്കുകയും ചന്ദ്രൻ കേന്ദ്രരാശിസ്ഥനല്ലാതെ വരികയും ചെയ്‌താൽ കേമദ്രുമയോഗമുണ്ട്.

കേമദ്രുമയോഗത്തിൽ ജനിക്കുന്നവൻ രാജവംശജനായാലും യാചിക്കുന്നവനും ദരിദ്രനും ആയിത്തീരുകയും ചെയ്യും. 

**********************************************

ചന്ദ്രൻ നിൽക്കുന്ന രാശിയുടെ രണ്ടാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും താരാഗ്രഹങ്ങളൊന്നും ഇല്ലാതിരുന്നാൽ - ചന്ദ്രൻ നിൽക്കുന്ന രാശിയുടെ രണ്ടാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും തനി ശൂന്യമായാൽ - കേമദ്രുമയോഗം പറയും.

മലിനദുഃഖിത നീചനിസ്വ പ്രേക്ഷ്യഃ
ഖലശ്ച നൃപതേരപി വംശജാതഃ ഇതി തത്ഫലം.

ഈ കേമദ്രുമയോഗം പൂർണ്ണഫലപ്രദമാവണമെങ്കിൽ ചന്ദ്രന് ഏതെങ്കിലും തരത്തിൽ മറ്റു ഗ്രഹങ്ങളുടെ യോഗദൃഷ്ട്യാദി കേന്ദ്രത്രികോണം ഉപചയാനുപചയാദി ബന്ധങ്ങളൊന്നുംതന്നെ ഉണ്ടായിരിക്കാൻ പാടുള്ളതല്ല.

രണ്ടാം ഭാവത്തിൽ, മൂന്നാം ഭാവത്തിൽ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

വിധനവിനയവിദ്യസ്ത്യാഗവാനിഷ്ടശത്രുർ-
വ്വചസി മുഖരുഗർക്കേ ചോരഭൂപാഹൃതാർത്ഥഃ
പശുവൃഷഭസമേതോ വിക്രമേ വിക്രമശ്രീ-
ബലരുചിസുഖയുക്തസ്ത്യാഗവാൻ നിർജിതാരിഃ

സാരം :-

രണ്ടാം ഭാവത്തിൽ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ ധനവും വിനയവും വിദ്യയും ഇല്ലാത്തവനായും ദാനശീലമുള്ളവനായും ശത്രുക്കളെ സേവിക്കുന്നവനായും മുഖരോഗമുള്ളവനായും രാജാവിനാലോ കള്ളന്മാരാലോ അപഹരിക്കപ്പെട്ട ധനത്തോടുകൂടിയവനായും തീരും.

മൂന്നാം ഭാവത്തിൽ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ പശുവൃഷഭാദിസമ്പത്തുകളാലും പരാക്രമവും ഐശ്വര്യവും ബലവും സൗന്ദര്യവും സുഖവും ത്യാഗശീലവും ഉള്ളവനായും ശത്രുക്കളെ ജയിക്കുന്നവനായും ഭവിക്കും.

സൂര്യൻ മൂന്നാം ഭാവത്തിൽ നിന്നാൽ സഹോദരനാശമുണ്ടാവും. എന്നാൽ ആ ദോഷം അധികവും ജ്യേഷ്ഠഭ്രാതാവിനാണ് ബാധിക്കുന്നതെന്ന് പ്രമാണാനന്തരവുമുണ്ട്.

ക്ഷേത്ര ചോദ്യങ്ങൾ - 45

791. അങ്ങാടിപ്പുറം തിരുമന്ധാംകുന്ന് ക്ഷേത്രത്തിലെ ഏറ്റവും വലിയ വഴിപാട് ഏത്?
         ചാന്താട്ടം

792. കഥകളി പ്രധാന വഴിപാടായി നടത്തുന്ന ക്ഷേത്രം ഏത്?
         തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം (പത്തനംതിട്ട)

793. പ്രസിദ്ധമായ മൂടപ്പസേവ നടത്തുന്ന ഗണപതിക്ഷേത്രം ഏത്?
         മധൂർ സിദ്ധിവിനായക ക്ഷേത്രം (കാസർഗോഡ്)

794. ഉണ്ണിയപ്പം വഴിപാടിന് പ്രസിദ്ധിയാർജിച്ച ക്ഷേത്രം ഏത്?
         കൊട്ടാരക്കര ഗണപതി ക്ഷേത്രം (കൊല്ലം)

795. മൂടവഴിപാടിന് പ്രസിദ്ധി നേടിയ ക്ഷേത്രം ഏത്?
         പന്മന സുബ്രഹ്മണ്യസ്വാമി ക്ഷേത്രം (കൊല്ലം)

796. പട്ടും താലിയും ചാർത്തലിന് പ്രസിദ്ധിയാർജ്ജിച്ച ക്ഷേത്രം ഏത്?
         തിരുഐരാണിക്കുളം ക്ഷേത്രം (എറണാകുളം)

797. വലിയ ഗുരുതിക്ക് പ്രസിദ്ധി നേടിയ ക്ഷേത്രം ഏത്?
         ചോറ്റാനിക്കര ദേവീക്ഷേത്രം (എറണാകുളം)

798. വിദ്യാമൂർത്തിയായ ശാസ്താവ് (എഴുത്തിനിരുത്ത്) എന്ന നിലയിൽ പ്രിസിദ്ധിയാർജ്ജിച്ച ക്ഷേത്രം ഏത്?
         തിരുവള്ളക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രം (തൃശൂർ - ചേർപ്പ്‌)

799. പൊന്നും ശീവേലിക്ക് പ്രസിദ്ധിയാർജ്ജിച്ച ക്ഷേത്രം ഏത്?
         ശ്രീ അനന്തപത്മനാഭസ്വാമി ക്ഷേത്രം (തിരുവനന്തപുരം)

800. നാരീ പൂജയ്ക്ക് പ്രസിദ്ധി നേടിയ ക്ഷേത്രം ഏത്?
         ചക്കുളത്തുകാവ്‌ ദേവീക്ഷേത്രം (ആലപ്പുഴ - നീരേറ്റുപുറം)

801. താംബൂല സമർപ്പണം വഴിപാടിന് പ്രസിദ്ധി നേടിയ ക്ഷേത്രം ഏത്?
         ശ്രീ വാസുദേവപുരം മഹാവിഷ്ണുക്ഷേത്രം (എറണാകുളം)

802. ഉഷഃപായസത്തിന് പേരുകേട്ട ക്ഷേത്രം ഏത്?  
         തിരുവാർപ്പ് ശ്രീകൃഷ്ണക്ഷേത്രം (കോട്ടയം)

803. തുലാപ്പായസത്തിന് പേരുകേട്ട ക്ഷേത്രം ഏത്? 
         ഹരിപ്പാടു സുബ്രഹ്മണ്യസ്വാമി ക്ഷേത്രം (ആലപ്പുഴ)

804. പ്രാതലു സദ്യയ്ക്ക് പേരുകേട്ട ക്ഷേത്രം ഏത്?
         വൈക്കം മഹാദേവക്ഷേത്രം (കോട്ടയം)

805. പടറ്റിപ്പഴം നിവേദ്യത്തിന് പ്രസിദ്ധിയാർജ്ജിച്ച ക്ഷേത്രം ഏത്? 
         തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം (പത്തനംതിട്ട)

806. ഉയരി നിവേദ്യത്തിന് പ്രസിദ്ധിയാർജ്ജിച്ച ക്ഷേത്രം ഏത്? 
         പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രം (കോട്ടയം)

807. അപൂർവ്വമായി മാത്രം കാണപ്പെടുന്ന വലതുകാൽ മടക്കിയിരിക്കുന്ന ഗണപതി പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രം ഏത്? 
         പഴവങ്ങാടി ഗണപതിക്ഷേത്രം (തിരുവനന്തപുരം)

808. കാന്തക്കല്ലുകൊണ്ട് നിർമ്മിച്ചിട്ടുള്ള അംബാൾ (ത്രിപുരസുന്ദരി) പ്രതിഷ്ഠ ഏത് ക്ഷേത്രത്തിലാണുള്ളത്?
         തിരുക്കഴുങ്കുറ്റം ശിവക്ഷേത്രം (തമിഴ്നാട് - ചെങ്കൽപ്പേട്ട്)

809. സപ്തമാതൃക്കളോടൊപ്പം വീരഭദ്രനെ പ്രതിഷ്ഠിച്ച പ്രത്യേകതയുള്ള ക്ഷേത്രം ഏത്?
         ആമേട ക്ഷേത്രം (എറണാകുളം - തൃപ്പുണ്ണിതുറ)

810. പശുവിന്റെ ചെവിയുടെ ആകൃതിയിലുള്ള ശിവലിംഗം ഏത് ക്ഷേത്രത്തിൽ സ്ഥിതിചെയ്യുന്നു?
         ഗോകർണ്ണം (കർണ്ണാടക)

ലഗ്നത്തിൽ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

ലഗ്നേƒർക്കേƒല്പകചഃ ക്രിയാലസതമഃ
ക്രോധീ പ്രചണ്ഡോന്നതോ
മാനീ ലോചനരൂക്ഷകഃ കൃശതനു-
ശ്ശൂരോƒക്ഷമോ നിർഘൃണഃ
സ്ഫോടാക്ഷശ്ശശിഭേ ക്രിയേ സതിമിര-
സ്സിംഹേ നിശാന്ധഃ പുമാൻ
ദാരിദ്ര്യോപഹതോ വിനഷ്ടതനയോ
ജാതസ്തുലായാം ഭവേൽ.

സാരം :-

ലഗ്നത്തിൽ (ലഗ്നരാശിയിൽ) സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ തലമുടി കുറഞ്ഞവനായും പ്രവൃത്തികളിൽ മടിയുള്ളവനായും കോപിയായും ക്രൂരതയും ഔന്നത്യവും അഭിമാനവും ദൃഷ്ടികൾക്ക് രൂക്ഷതയും ശരീരത്തിനു കൃശത്വവും ഉള്ളവനായും ശൂരനായും ക്ഷമയും ദയയും ഇല്ലാത്തവനായും ഭവിക്കും.

********************************************

കർക്കിടകം രാശി ലഗ്നമായിവരികയും അവിടെ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ കുരുക്കളോ പൊട്ടലോ ഉന്തലോ ഉള്ള കണ്ണുകളുള്ളവാനായിരിക്കും.

മേടം രാശി ലഗ്നമായി വരികയും അവിടെ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ തിമിരം എന്ന നേത്രരോഗമുള്ളവനായും ഏറ്റവും ഗുണവും വിദ്യയും ആചാരവും സമ്പത്തും പ്രഭുത്വവും പ്രസിദ്ധിയും ഉള്ളവനായും ഭവിക്കും.

ചിങ്ങം രാശി ലഗ്നമായി വരികയും അവിടെ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവാൻ മാലക്കണ്ണുള്ളവനായി (രാത്രി കണ്ണിന് കാഴ്ചയില്ലാത്തവൻ) ഭവിക്കും.

തുലാം രാശി ലഗ്നമായി വരികയും അവിടെ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ ദാരിദ്രവും സന്താനഹാനിയും ദുഃഖവും അന്ധത്വവും ഉള്ളവനായി ഭവിക്കും.

മീനം രാശി ലഗ്നമായി വരികയും അവിടെ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ സ്ത്രീജനങ്ങളാൽ സേവിക്കപ്പെടുന്നവനായിത്തീരും. 

************************************
ഇവിടെ ഏത് രാശി ലഗ്നമായാലും ആദിത്യോദയഫലം (സൂര്യൻ ലഗ്നത്തിൽ നിൽക്കുമ്പോഴുള്ള ഫലം) ആദ്യം പറഞ്ഞപ്രകാരം തന്നെ നിരൂപിക്കയും വിശേഷഫലങ്ങളെക്കൂടി സംഘടിപ്പിക്കയും വേണം.

ക്ഷേത്ര ചോദ്യങ്ങൾ - 44

774. രുദ്രാഭിഷേകം പതിവില്ലാത്ത ശിവക്ഷേത്രം ഏത്?
        തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം (കണ്ണൂർ)

775. ഭസ്മാഭിഷേകം പാടില്ലെന്ന്‌ വിലക്കുള്ള സുബ്രഹ്മണ്യക്ഷേത്രം ഏത്?
         പരിഹാരപുരം സുബ്രഹ്മണ്യക്ഷേത്രം (കോഴിക്കോട് - രാമനാട്ടുകര)

776. ശിവന് അഭിഷേകമില്ലാത്ത ക്ഷേത്രം ഏത്?
         തിരുവാലൂർ ശിവക്ഷേത്രം (എറണാകുളം)

777. തിരുവാലൂർ ശിവക്ഷേത്രത്തിൽ ധാര നടത്തുവാൻ പാടില്ലെന്ന് പറയുന്നതെന്തുകൊണ്ട്?
         അഗ്നിതത്വ ലിംഗപ്രതിഷ്ഠയായതിനാൽ.

778. തിരുവാലൂർ ശിവക്ഷേത്രത്തിലെ ധാര വഴിപാട് ഏത് ക്ഷേത്രത്തിലാണ് നടത്തുക?
         ഇരവിപുരം ശിവക്ഷേത്രത്തിൽ (എറണാകുളം)

779. വഴിപാടുകളിൽ രക്തപുഷ്പാഞ്ചലിയും, കുങ്കുമാർച്ചനയും ഇല്ലാത്ത ദേവീ ക്ഷേത്രം ഏത്?
         കല്ലേകുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രം (പാലക്കാട്)

780. പ്രദോഷത്തിന് പ്രത്യേക പ്രാധാന്യമില്ലാത്ത ശിവക്ഷേത്രം ഏത്?
         തളിപ്പറമ്പ്‌ രാജരാജേശ്വര ക്ഷേത്രം (കണ്ണൂർ)

781. വൈകുന്നേരം ദീപാരാധന, അത്താഴപൂജ തുടങ്ങിയവ പതിവില്ലാത്ത ക്ഷേത്രം ഏത്?
         വെട്ടിക്കോട്ട് നാഗരാജസ്വാമി ക്ഷേത്രം (ആലപ്പുഴ)

782. ഏത് ശിവക്ഷേത്രത്തിലാണ് തിങ്കളാഴ്ചക്ക് പകരം ബുധനാഴ്ച പുണ്യദിവസമായി കരുതപ്പെടുന്നത്.?
         തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം (കണ്ണൂർ)

783. കൂവളം പൂജയ്ക്ക് എടുക്കാത്ത ശിവക്ഷേത്രം ഏത്?
         തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം (കണ്ണൂർ)

784. അത്താഴപൂജ കഴിഞ്ഞ് ദീപാരാധന നടത്തുന്ന ക്ഷേത്രം ഏത്?
         തിരുവാർപ്പ് ശ്രീകൃഷ്ണക്ഷേത്രം (കോട്ടയം)

785. രുദ്രാഭിഷേകം പ്രധാന വഴിപാടായി നടത്തുന്ന ക്ഷേത്രം ഏത്?
         മല്ലികാർജ്ജുന ക്ഷേത്രം (കാസർകോഡ്)

786. ചൂലു നേർച്ച പ്രത്യേക വഴിപാടായി നടത്തുന്ന ക്ഷേത്രം ഏത്?
         നോർത്ത് പറവൂർ കാളിക്കുളങ്ങര ക്ഷേത്രം (എറണാകുളം)

787. താമരമാല പ്രത്യേക വഴിപാടായി നടത്തുന്ന ക്ഷേത്രം ഏത്?
         ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം (തൃശ്ശൂർ)

788. കൃഷ്ണനാട്ടം പ്രത്യേക വഴിപാടായി നടത്തുന്ന ക്ഷേത്രം ഏത്?
         ഗുരുവായൂർ ക്ഷേത്രം (തൃശ്ശൂർ)

789. ആറ്റുവേല നടത്തുന്ന ക്ഷേത്രം ഏത്?
         വടയാർ ഇളങ്കാവു ദേവീക്ഷേത്രം (കോട്ടയം)

790. പന്ത്രണ്ട് വർഷം കൂടുമ്പോൾ പള്ളിപ്പാന നടത്തുന്ന ക്ഷേത്രം ഏത്?
         അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം (ആലപ്പുഴ)        

ധനു, മീനം, മകരം, കുംഭം രാശികളിൽ ശനി നിൽക്കുമ്പോൾ ജനിക്കുന്നവൻ

സ്വന്തഃ പ്രത്യയിതോ നരേന്ദ്രസചിവ-
സ്സൽപുത്രജായാധനോ
ജീവക്ഷേത്രഗതേƒർക്കജേ പുരബല-
ഗ്രാമാഗ്രനേതാഥവാ
അന്യസ്ത്രീധനസംവൃതഃ പുരബല-
ഗ്രാമാഗ്രണീർമ്മന്ദഭൃക്
സ്വക്ഷേത്രേ മലിനഃ സ്ഥിരാർത്ഥവിഭവോ
ഭോക്താ ച ജാതഃ പുമാൻ.

സാരം :-

ധനു രാശിയിലോ മീനം രാശിയിലോ ശനി നിൽക്കുമ്പോൾ ജനിക്കുന്നവൻ ശോഭനമായ അന്തഃകരണവും പര്യന്തപ്രദേശങ്ങളും ഉള്ളവനായും അഥവാ ശോഭനമായ ചരമകാലത്തോടുകൂടിയവനായും രാജഭവനങ്ങളിൽ ഏറ്റവും വിശ്വസ്തനായും രാജമന്ത്രിയായും നല്ല പുത്രന്മാരും ഭാര്യയും ധനവും ഉള്ളവനായും പുരം, സൈന്യം, ഗ്രാമം എന്നിവയുടെ പ്രധാനനായകനായും ഭവിക്കും.

ശനിയുടെ സ്വക്ഷേത്ര രാശികളായ മകരം രാശിയിലോ കുംഭം രാശിയിലോ ശനി നിൽക്കുമ്പോൾ ജനിക്കുന്നവൻ അന്യസ്ത്രീകളും അന്യധനവും ഉള്ളവനായും പുരം, സംഘം, ഗ്രാമം, സൈന്യം എന്നിവകളുടെ നായകനായും ചെറിയ കണ്ണുകളുള്ളവനായും മലിനനായും സ്ഥിരമായ ധനവും ഐശ്വര്യവും ഉള്ളവനായും ഭോഗിയായും ഭവിക്കും.


********************************************


ഗ്രഹാശ്രയരാശിഫലങ്ങൾ പറയുമ്പോൾ ശ്രദ്ധിക്കണം.

ഇവിടെ ചന്ദ്രാശ്രയരാശിഫലവും ലഗ്നഫലവും ഏറെക്കുറെ തുല്യമാണ്. എങ്കിലും രണ്ടും പ്രത്യേകം തന്നെ വിവരിച്ചിട്ടുണ്ട്. എല്ലാ ഫലങ്ങളും ബലാബലങ്ങൾക്കും കാലദേശാവസ്ഥകൾക്കും അനുസരിച്ച് പറഞ്ഞുകൊൾകയും വേണം.

ഇടവം, തുലാം, കർക്കിടകം, ചിങ്ങം രാശികളിൽ ശനി നിൽക്കുമ്പോൾ ജനിക്കുന്നവൻ

വർജ്ജ്യസ്ത്രീഷ്ടോ ന ബഹുവിഭവോ ഭൂരിഭാര്യോ വൃഷസ്ഥേ
ഖ്യാതസ്സ്വോച്ചേ ഗണപുരബലഗ്രാമപൂജ്യോƒർത്ഥവാംശ്ച
കർക്കിണ്യസ്വോ വികലദശനോ മാതൃഹീനോƒസുതോƒജ്ഞ-
സ്സിംഹേƒനാര്യോ വീസുഖതനയോ വിഷ്ടികൃൽ സൂര്യപുത്രേ.

സാരം :-

ഇടവം രാശിയിൽ ശനി നിൽക്കുമ്പോൾ ജനിക്കുന്നവൻ ആഗമ്യകളായ സ്ത്രീകളിൽ ആഗ്രഹമുള്ളവനായും വളരെ സമ്പത്തുകളില്ലാത്തവനായും അനേകഭാര്യമാരോടുകൂടിയവനായും ഭവിക്കും.

ശനിയുടെ ഉച്ചരാശിയായ തുലാം രാശിയിൽ ശനി നിൽക്കുമ്പോൾ ജനിക്കുന്നവൻ പ്രസിദ്ധനായും സംഘം, പുരം, ഗ്രാമം, ദേശം, സൈന്യം എന്നീ സ്ഥാനങ്ങളിൽ പൂജ്യതയുള്ളവനായും ധനവാനായും ഭവിക്കും.

കർക്കിടകം രാശിയിൽ ശനി നിൽക്കുമ്പോൾ ജനിക്കുന്നവൻ ധനഹീനനായും പല്ലുകൾക്ക് വൈകല്യം ഉള്ളവനായും മാതാവിനോട്‌ വേർപ്പെട്ടവനായും പുത്രന്മാരില്ലാത്തവനായും അറിവില്ലാത്തവനായും ഭവിക്കും.

ചിങ്ങം രാശിയിൽ ശനി നിൽക്കുമ്പോൾ ജനിക്കുന്നവൻ അപൂജ്യനായും സുഖവും പുത്രന്മാരും ഇല്ലാത്തവനായും ഭാരങ്ങളെ വഹിക്കുന്നവനായും ഭവിക്കും. 

മേടം, വൃശ്ചികം, മിഥുനം, കന്നി രാശികളിൽ ശനി നിൽക്കുമ്പോൾ ജനിക്കുന്നവൻ

മൂർഖോƒടനഃ കപടവാൻ വിസുഹൃദ്യമേƒജേ
കീടേ തു ബന്ധവധഭാക് ചപലോƒഘൃണശ്ച
നിർഹ്രീസുഖാർത്ഥതനയഃ സ്ഖലിതശ്ച ലേഖ്യേ
രക്ഷാപതിർഭവതി മുഖ്യപതിശ്ച ബൌധേ.

സാരം :-

ശനിയുടെ നീചരാശിയായ മേടം രാശിയിൽ ശനി നിൽക്കുമ്പോൾ ജനിക്കുന്നവൻ അറിവില്ലാത്തവനായും സഞ്ചാരിയായും കപടമുള്ളവനായും ബന്ധുക്കളില്ലാത്തവനായും ഭവിക്കും.

വൃശ്ചികം രാശിയിൽ ശനി നിൽക്കുമ്പോൾ ജനിക്കുന്നവൻ ബന്ധനവും (ജയിൽവാസവും) താഡനം, വധം എന്നിവയും അനുഭവിക്കുന്നവനായും ചപലനായും ദയാശീലമില്ലാത്തവനായും ലജ്ജയില്ലാത്തവനായും ഭവിക്കും.

മിഥുനം രാശിയിലോ കന്നി രാശിയിലോ ശനി നിൽക്കുമ്പോൾ ജനിക്കുന്നവൻ ലജ്ജയും സുഖവും ധനവും പുത്രന്മാരും ഇല്ലാത്തവനായും എഴുത്ത് വിഷയമായ കാര്യങ്ങളിൽ തെറ്റു പറ്റുന്നവനായും രക്ഷാധികൃതനായും പ്രധാന നായകത്വമുള്ളവനായും ഭവിക്കും. 

മിഥുനം, കന്നി, മകരം, കുംഭം രാശികളിൽ ശുക്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

നൃപകൃത്യകരോƒർത്ഥവാൻ കലാവി-
ന്മിഥുനേ ഷഷ്ഠഗതേƒതിനീചകർമ്മാ
രവിജർക്ഷഗതേƒമരാരിപൂജ്യേ
സുഭഗസ്ത്രീവിജിതോ രതഃ കുനാര്യാം.

സാരം :-

മിഥുനം രാശിയിൽ ശുക്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ രാജാവിന്റെ കൃത്യങ്ങളെ ചെയ്യുന്നവനായും ധനവാനായും കലാവിദ്യകളിൽ പാണ്ഡിത്യം ഉള്ളവനായും ഭവിക്കും.

ശുക്രന്റെ നീചരാശിയായ കന്നി രാശിയിൽ ശുക്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ ഏറ്റവും നീചവും നിന്ദ്യവും കുലത്തിന് അനുചിതവും ആയ പ്രവൃത്തിയെ ചെയ്യുന്നവനായിരിക്കും.

മകരം രാശിയിലോ കുംഭം രാശിയിലോ ശുക്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ സുഭഗനായും സ്ത്രീകൾക്ക് അധീനനായും കുത്സിതസ്ത്രീകളിൽ തല്പരനായും ഭവിക്കും. 

കർക്കിടകം, ചിങ്ങം, ധനു, മീനം രാശികളിൽ ശുക്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

ദ്വിഭാര്യോƒർത്ഥീ ഭീരുഃ പ്രബലമദശോകശ്ച ശശിഭേ
ഹരൗ യോഷാപ്താർത്ഥഃ പ്രവരയുവതിർമ്മന്ദതനയഃ
ഗുണൈഃ പൂജ്യസ്സ്‌സ്വസ്തുരഗസഹിതേ ദാനവഗുരൗ
ഝഷേ വിദ്വാനാഢ്യോ നൃപജനിതപൂജോƒതിസുഭഗഃ

സാരം :-

കർക്കിടകം രാശിയിൽ ശുക്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ രണ്ടുഭാര്യമാരുള്ളവനായും യാചിക്കുന്നവനായും ഭയവും അധികമായ ഗർവ്വവും ദുഃഖവും അല്ലെങ്കിൽ ഏറ്റവും കാമപാരവശ്യവും ഉള്ളവനായും ഭവിക്കും.

ചിങ്ങം രാശിയിൽ ശുക്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ സ്ത്രീകളിൽ നിന്ന് ലഭിയ്ക്കപ്പെട്ട ധനവും ശ്രേഷ്ഠതയുള്ള ഭാര്യയും ഉള്ളവനായും പുത്രന്മാർ കുറഞ്ഞിരിക്കുന്നവനായും ഭവിക്കും.

ധനു രാശിയിൽ ശുക്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ ഗുണങ്ങൾ നിമിത്തം അന്യന്മാരാൽ പൂജിക്കപ്പെടുന്നവനായും ധനവാനായും ഭവിക്കും.

ശുക്രന്റെ ഉച്ചരാശിയായ മീനം രാശിയിൽ ശുക്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ വിദ്വാനായും പണ്ഡിതനായും പ്രഭുവായും രാജാക്കന്മാരാൽ സൽക്കരിക്കപ്പെടുന്നവനായും ഏറ്റവും സൌഭാഗ്യശാലിയായും ഭവിക്കും. 

മേടം, വൃശ്ചികം, ഇടവം, തുലാം രാശികളിൽ ശുക്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

പരയുവതിരതസ്തദർത്ഥവാദൈർ-
ഹൃതവിഭവഃ കുലപാംസനഃ കുജർക്ഷേ

സ്വബലമതിധനോനരേന്ദ്രപൂജ്യഃ
സ്വജനവിഭുഃ പ്രഥിതോഭയസ്സിതേ സ്വേ.

സാരം :-

മേടം രാശിയിലോ വൃശ്ചികം രാശിയിലോ ശുക്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ അന്യസ്ത്രീകളിൽ ആസക്തിയുള്ളവനായും തന്നിമിത്തം സകലസ്വത്തുക്കളും ദുർവ്യയം ചെയ്യുന്നവനായും തന്റെ വംശത്തിനും തനിക്കും കളങ്കത്തെ ജനിപ്പിക്കുന്നവനായും ഭവിക്കും.

ശുക്രന്റെ സ്വക്ഷേത്രരാശിയായ ഇടവം രാശിയിലോ തുലാം രാശിയിലോ ശുക്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ തന്റെ ബലംകൊണ്ടും ബുദ്ധികൊണ്ടും ലഭിക്കപ്പെട്ട ധനത്തോടുകൂടിയവനായും രാജപൂജ്യനായും സ്വജനങ്ങളിൽ പ്രധാനിയായും പ്രസിദ്ധനായും നിർഭയനായും ഭവിക്കും. 

കർക്കിടകം, ചിങ്ങം, ധനു, മീനം, കുംഭം, മകരം രാശികളിൽ വ്യാഴം നിൽക്കുമ്പോൾ ജനിക്കുന്നവൻ

ചാന്ദ്രേ രത്നസുതസ്വദാരവിഭവ-
പ്രജ്ഞാസുഖൈരന്വിതഃ
സിംഹേ സ്യാൽ ബലനായകസ്സുരഗുരൗ
പ്രോക്തം ച യർച്ചാന്ദ്രഭേ
സ്വർക്ഷേ മാണ്ഡലികോ നരേന്ദ്രസചിവ-
സ്സേനാപതിർവ്വാ ധനീ
കുംഭേ കർക്കടവൽഫലാനി മകരേ
നീചോƒല്പവിത്തോƒസുഖീ.

സാരം :-

വ്യാഴത്തിന്റെ ഉച്ചരാശിയായ കർക്കിടകം രാശിയിൽ വ്യാഴം നിൽക്കുമ്പോൾ ജനിക്കുന്നവൻ രത്നാദിശ്രേഷ്ഠവസ്തുക്കളും നല്ല പുത്രന്മാരും സമ്പത്തും സൽകളത്രവും (നല്ല ഭാര്യയും) ഗൃഹോപകരണങ്ങളും ബുദ്ധിശക്തിയും സുഖവും ഉള്ളവനായിരിക്കും.

ചിങ്ങം രാശിയിൽ വ്യാഴം നിൽക്കുമ്പോൾ ജനിക്കുന്നവൻ ബലങ്ങളുടെ (സൈന്യങ്ങളുടെ) നായകനായും കർക്കിടകം രാശിയിൽ വ്യാഴം നിൽക്കുമ്പോഴുള്ള ഫലങ്ങൾ തെന്നെ ചിങ്ങം രാശിയിലും വ്യാഴം നിൽക്കുമ്പോൾ അനുഭവിക്കും.

ധനു രാശിയിലോ മീനം രാശിയിലോ വ്യാഴം നിൽക്കുമ്പോൾ ജനിക്കുന്നവൻ രാജാവോ ദേശനാഥനോ രാജമന്ത്രിയോ സേനാനായകനോ പ്രഭുവോ ധനവാനോ ആയി ഭവിക്കും.

കുംഭം രാശിയിൽ വ്യാഴം നിൽക്കുമ്പോൾ ജനിക്കുന്നവന് കർക്കിടകം രാശിയിൽ വ്യാഴം നിൽക്കുമ്പോഴുള്ള ഫലങ്ങളെല്ലാം തന്നെ അനുഭവിക്കുന്നവനായിരിക്കും.

വ്യാഴത്തിന്റെ നീചരാശിയായ മകരം രാശിയിൽ വ്യാഴം നിൽക്കുമ്പോൾ ജനിക്കുന്നവൻ ഉചിതമല്ലാത്തതും നിന്ദ്യവുമായ കർമ്മങ്ങളെ ചെയ്യുന്നവനായും സുഖമില്ലാത്തവനായും ധനപുഷ്ടി ഇല്ലാത്തവനായും ഭവിക്കും. 

മേടം, വൃശ്ചികം, ഇടവം, തുലാം, മിഥുനം, കന്നി രാശികളിൽ വ്യാഴം നിൽക്കുമ്പോൾ ജനിക്കുന്നവൻ

സേനാനീർബഹുവിത്തദാരതനയോ
ദാതാ സുഭൃത്യഃ ക്ഷമീ
തേജോദാരഗുണാന്വിതസ്സുരഗുരൗ
ഖ്യാതഃ പുമാൻ കൗജഭേ

കല്ല്യാംഗസ്സസുഖാർത്ഥമിത്രതനയ-
സ്ത്യാഗീ പ്രിയശ്ശുക്രഭേ

ബൗധേ ഭൂരിപരിച്ഛദാത്മജസുഹൃ-
ഝാചിവ്യയുക്തസ്സുഖീ.

സാരം :- 

മേടം രാശിയിലോ വൃശ്ചികം രാശിയിലോ വ്യാഴം നിൽക്കുമ്പോൾ ജനിക്കുന്നവൻ സേനാനായകനായും വളരെ പുത്രന്മാരും ധനവും ഭാര്യമാരും നല്ല ഭൃത്യന്മാരും ഉള്ളവനായും ദാനശീലം ഉള്ളവനായും ക്ഷമയും തേജസ്സും ഭാര്യാഗുണവും യശസ്സും ഉള്ളവനായും ഭവിക്കും

ഇടവം രാശിയിലോ തുലാം രാശിയിലോ വ്യാഴം നിൽക്കുമ്പോൾ ജനിക്കുന്നവൻ ശരീരസുഖാരോഗ്യങ്ങളും അനുഭവഗുണവും സമ്പത്തും ബന്ധുക്കളും പുത്രന്മാരും ഔദാര്യവും ഉള്ളവനായും സകലജനപ്രിയനായും ഭവിക്കും.

മിഥുനം രാശിയിലോ കന്നി രാശിയിലോ വ്യാഴം നിൽക്കുമ്പോൾ ജനിക്കുന്നവൻ വളരെ ഗൃഹോപകരണസാധനങ്ങളും പുത്രന്മാരും ബന്ധുക്കളും ഉള്ളവനായും രാജസചിവനായും സുഖമുള്ളവനായും ഭവിക്കും. 

ചിങ്ങം, കന്നി രാശികളിൽ ബുധൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

സ്ത്രീദ്വേഷ്യോ വിധനസുഖാത്മജോƒടനോƒജ്ഞഃ
സ്ത്രീലോലസ്സുപരിഭവോƒർക്കരാശിഗേ ജ്ഞേ 

ത്യാഗീജ്ഞഃ പ്രചുരഗുണസ്സുഖീ ക്ഷമാവാൻ 
യുക്തിജ്ഞോ വിഗതഭയശ്ച ഷഷ്ഠരാശൌ.

സാരം :-

ചിങ്ങം രാശിയിൽ ബുധൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ സ്ത്രീകളാൽ നിഷേധിയ്ക്കപ്പെടുന്നവനായും ധനവും സുഖവും പുത്രന്മാരും ഇല്ലാത്തവനായും സഞ്ചാരപ്രിയനായും മൂർഖനായും സ്ത്രീകളിൽ താൽപര്യമുള്ളവനായും ഏറ്റവും പരാജയത്തെ പ്രാപിക്കുന്നവനായും ഭവിക്കും.

ബുധന്റെ ഉച്ചരാശിയായ കന്നി രാശിയിൽ ബുധൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ ത്യാഗശീലവും അറിവും അനേകഗുണങ്ങളും സുഖവും ക്ഷമയും നല്ല യുക്തിയും ഉള്ളവനായും ഭയമില്ലാത്തവനായും ഭവിക്കും. 

മകരം, കുംഭം, ധനു, മീനം രാശികളിൽ ബുധൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

പരകർമ്മകൃദസ്വശില്പബുദ്ധി-
സ്ത്വൃണവാൻ വിഷ്ടികരോ ബുധോƒർക്കജർക്ഷേ
നൃപസൽക്കൃതപണ്ഡിതാപ്തവാക്യാ-
നവമോƒന്ത്യേജിതസേവകോƒന്ത്യശില്പഃ

സാരം :-

മകരം രാശിയിലോ കുംഭം രാശിയിലോ ബുധൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ അന്യന്മാർക്കുവേണ്ടി ജോലി (ദാസ്യം) ചെയ്യുന്നവനായും ദരിദ്രനായും ശില്പകർമ്മങ്ങളിൽ പരിചയമുള്ളവനായും ഋണമുള്ളവനായും വെറുതേയുള്ള ഭാരം (ചുമട്) വഹിക്കുന്നവനായും ഭവിക്കും.

ധനു രാശിയിൽ ബുധൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ രാജാവിനാൽ സൽക്കരിക്കപ്പെടുന്നവനായും പണ്ഡിതനായും വ്യവഹാരകാര്യങ്ങളെ അറിയുന്നവനായും ഭവിക്കും.

ബുധന്റെ നീചരാശിയായ മീനം രാശിയിൽ ബുധൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ അന്യാഭിപ്രായങ്ങളെ അറിയുന്നവനായും നികൃഷ്ടങ്ങളായ ശില്പകർമ്മങ്ങളെ ചെയ്യുന്നവനായും ഭവിക്കും.  

മിഥുനം, കർക്കിടകം രാശികളിൽ ബുധൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

വികത്ഥനശ്ശാസ്ത്രകലാവിദഗ്ദ്ധഃ
പ്രിയംവദസ്സൗഖ്യരതസ്തൃതീയേ

ജലാർജ്ജിതസ്വസ്സ്വജനസ്യ ശത്രുഃ
ശശാങ്കജേ ശീതകരർക്ഷയുക്തേ.

സാരം :-

മിഥുനം രാശിയിൽ ബുധൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ വാചാലനായും ശാസ്ത്രങ്ങളിലും നൃത്തഗീതവാദിത്രാദി കലാവിദ്യകളിലും വിദഗ്ദ്ധനായും ഇഷ്ടമായ വാക്കിനെ പറയുന്നവനായും സുഖാസക്തനായും ഭവിക്കും.

കർക്കിടകം രാശിയിൽ ബുധൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ ജലംകൊണ്ട് ധനം സമ്പാദിക്കുന്നവനായും സ്വജനങ്ങൾക്ക് ശത്രുവായും ഭവിക്കും. ഇവിടെ ബലാർജ്ജിതസ്വഃ എന്ന പാഠാന്തരപ്രകാരം സ്വശക്തികൊണ്ട് ധനാർജ്ജനം ചെയ്യുന്നവനെന്നുള്ള അർത്ഥത്തെകൂടി ധരിച്ചുകൊള്ളണം. 

മേടം, വൃശ്ചികം, ഇടവം, തുലാം രാശികളിൽ ബുധൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

ദ്യൂതർണ്ണപാനരതനാസ്തികചോരനിസ്സ്വഃ
കുസ്ത്രീകകൂടകൃദസത്യരതഃ കുജർക്ഷേ

ആചാര്യഭൂരിസുതദാരധനാർജനേഷ്ടഃ
ശൌക്രേ വദാന്യഗുരുഭക്തിരതശ്ച സൗമ്യേ.

സാരം :-

മേടം രാശിയിലോ വൃശ്ചികം രാശിയിലോ ബുധൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ ചൂതുകളിയിലും, കടം വാങ്ങുന്നതിലും മദ്യപാനത്തിലും താല്പര്യം ഉള്ളവനായും വേദശാസ്ത്രങ്ങളെ ദ്വേഷിക്കുന്നവനായും ചൌര്യത്തെ പ്രവർത്തിക്കുന്നവനായും ധനഹീനനായും കുത്സിതയായ ഭാര്യയോടുകൂടിയവനായും കപടവിദ്യയിലോ ജാലവിദ്യയിലോ നൈപുണ്യമുള്ളവനായും അസത്യവാനായും ഭവിക്കും.

ഇടവം രാശിയിലോ തുലാം രാശിയിലോ ബുധൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ വിദ്യകളെ അദ്ധ്യയനം ചെയ്യുന്നവനായും വളരെ പുത്രന്മാരും ഭാര്യയും ഉള്ളവനായും ധനസമ്പാദനത്തിൽ പ്രിയമുള്ളവനായും ഔദാര്യവും ഗുരുഭക്തിയും ഉള്ളവനായും ഭവിക്കും. 

ചിങ്ങം, ധനു, മീനം, കുംഭം, മകരം രാശികളിൽ ചൊവ്വ നിൽക്കുമ്പോൾ ജനിക്കുന്നവൻ

നിസ്സ്വഃ ക്ളേശസഹോ വനാന്തരചര-
സ്സിംഹോല്പദാരാത്മജോ
ജൈവേ നൈകരീപുർന്നരേന്ദ്രസചിവഃ
ഖ്യാതോƒഭയോƒല്പാത്മജഃ
ദുഃഖാർത്തോ വിധനോടനോƒനൃതപര-
സ്ത്രീക്ഷ്ണശ്ചകുംഭസ്ഥിതേ
ഭൌമേ ഭൂരിധനാത്മജോ മൃഗഗതേ
ഭൂപോഥവാ തത്സമഃ


സാരം :-

ചിങ്ങം രാശിയിൽ ചൊവ്വ നിൽക്കുമ്പോൾ ജനിക്കുന്നവൻ ക്ളേശങ്ങളെ സഹിക്കുന്നവനായും ധനമില്ലാത്തവനായും വനമദ്ധ്യങ്ങളിൽ സഞ്ചരിക്കുന്നവനായും പുത്രന്മാർക്കും ഭാര്യയ്ക്കും കുറവുള്ളവനായും ഭവിക്കും.

ധനു രാശിയിലോ മീനം രാശിയിലോ ചൊവ്വ നിൽക്കുമ്പോൾ ജനിക്കുന്നവൻ വളരെ ശത്രുക്കളുള്ളവനായും രാജമന്ത്രിയായും പ്രസിദ്ധനായും ഭയമില്ലാത്തവനായും പുത്രന്മാർ കുറഞ്ഞിരിക്കുന്നവനായും ഭവിക്കും.

കുംഭം രാശിയിൽ ചൊവ്വ നിൽക്കുമ്പോൾ ജനിക്കുന്നവൻ പലതരത്തിലുള്ള ദുഃഖങ്ങളാൽ വ്യാകുലനായും ധനഹീനനായും സഞ്ചാരശീലനായും അസത്യം പറയുന്നവനായും ക്രൂരനായും നിരപേക്ഷനായും ഭവിക്കും.

ചൊവ്വയുടെ ഉച്ചരാശിയായ മകരം രാശിയിൽ ചൊവ്വ നിൽക്കുമ്പോൾ ജനിക്കുന്നവൻ വളരെ സമ്പത്തും പുത്രന്മാരും ഉള്ളവനായും രാജാവോ രാജതുല്യനോ ആയും ഭവിക്കും. 

മിഥുനം, കന്നി, കർക്കിടകം രാശികളിൽ ചൊവ്വ നിൽക്കുമ്പോൾ ജനിക്കുന്നവൻ

ബൗധേ മഹാസ്തനയവാൻ വിസുഹൃൽ കൃതജ്ഞോ
ഗാന്ധർവ്വയുദ്ധകുശലഃ കൃപണോƒഭയോƒർത്ഥീ
ചാന്ദ്രേƒർത്ഥവാൻ സലിലയാനമാർജ്ജിതസ്വഃ
പ്രാജ്ഞശ്ച ഭൂമിതനയേ വികലഃ ഖലശ്ച.

സാരം :-

മിഥുനം രാശിയിലോ കന്നി രാശിയിലോ ചൊവ്വ നിൽക്കുമ്പോൾ ജനിക്കുന്നവൻ തേജ്ജസ്സും പുത്രന്മാരും ഉള്ളവനായും ബന്ധുക്കളില്ലാത്തവനായും ഉപകാരസ്മരണയും സംഗീതത്തിലും യുദ്ധത്തിലും സാമർത്ഥ്യവും ഉള്ളവനായും പിശുക്കനായും ഭയമില്ലാത്തവനായും യാചിക്കുന്നവനായും ഭവിക്കും.

 ചൊവ്വയുടെ നീചരാശിയായ കർക്കിടകം രാശിയിൽ ചൊവ്വ നിൽക്കുമ്പോൾ ജനിക്കുന്നവൻ ധനവാനായും തോണി, കപ്പൽ, ബോട്ട് മുതലായ ജലവാഹനങ്ങളിൽകൂടെയുള്ള സഞ്ചാരംകൊണ്ട് ധനസമ്പാദനം ചെയ്യുന്നവനായും ബുദ്ധിമാനായും അംഗവൈകല്യവും ദുഷ്ടതയും ഉള്ളവനായും ഭവിക്കും. 

മേടം, ഇടവം, തുലാം, വൃശ്ചികം രാശികളിൽ ചൊവ്വ നിൽക്കുമ്പോൾ ജനിക്കുന്നവൻ

നരപതിസൽകൃതാടനചമൂപവണിക്സധനാൻ
ക്ഷതതനുചോരഭൂമിവിഷയാംശ്ച കുജസ്സ്വഗൃഹേ.

യുവതിജിതാൻ സുഹൃൽസുവിഷമാൻ പരദാരരതാൻ
കുഹകസുവേഷഭീരുപുരുഷാൻ സിതഭേ ജനയേൽ.

സാരം :-

ചൊവ്വയുടെ (കുജന്റെ) സ്വക്ഷേത്രരാശിയായ  മേടം രാശിയിലോ വൃശ്ചികം രാശിയിലോ ചൊവ്വ നിൽക്കുമ്പോൾ ജനിക്കുന്നവൻ രാജാക്കന്മാരാൽ സൽക്കരിക്കപ്പെടുന്നവനായും സഞ്ചാരിയായും സേനാനായകനായും ക്രയവിക്രയങ്ങളെ ചെയ്യുന്നവനായും ധനവാനായും ശരീരത്തിൽ മുറിവോ വ്രണമോ നിമിത്തം അടയാളപ്പെട്ടവനായും ചൌര്യം ഉള്ളവനായും ഇന്ദ്രിയവർദ്ധനം ഉള്ളവനായും ഭവിക്കും.

ഇടവം രാശിയിലോ തുലാം രാശിയിലോ ചൊവ്വ (കുജൻ) നിൽക്കുമ്പോൾ ജനിക്കുന്നവൻ സ്ത്രീജിതനായും ബന്ധുക്കൾക്ക് അനുകൂലമല്ലാത്തവനായും പരസ്ത്രീസക്തനായും ജാലവിദ്യയുള്ളവനായും നല്ല അലങ്കാരങ്ങളോടുകൂടിയവനായും എപ്പോഴും ഭയമുള്ളവനായും ഭവിക്കും. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.