ചന്ദ്രദോഷപരിഹാരം

പഞ്ചഗവ്യഗജദന്തവിമിശ്രൈ-
ശ്ശംഖശുക്തികുമുദസ്ഫടികൈശ്ച
ശീതരശ്മികൃതദോഷനിവൃത്ത്യൈ
സ്നാനമേതദുദിതം നൃപതീനാം.

സാരം :-

ചന്ദ്രദോഷവൃത്തിക്ക് പഞ്ചഗവ്യം, ആനയുടെ പല്ല്, ശംഖ്, മുത്തുച്ചിപ്പി, ആമ്പൽപൂവ്, സ്ഫടികം, എന്നീ ഇനങ്ങളെക്കൊണ്ടുണ്ടാക്കിയ സ്നാനജലം ഉപയോഗിച്ചുകൊണ്ടുള്ള പഞ്ചഗവ്യം എന്നതു പശുവിന്റെ മൂത്രം, ചാണകനീർ, തയിർ, നെയ്യ് എന്നിവ ഒന്നിച്ചു ചേർത്തതാകുന്നു. "ഗോമൂത്രം താമ്രവർണ്ണായാഃ ശ്വേതായാശ്ചൈവ ഗോമയം; പയഃ, കാഞ്ചനവർണ്ണായാ നീലായാശ്ച തഥാദധി, ഘൃതന്തു കൃഷ്ണ വർണ്ണായാസ്സർവ്വം കാപിലമേവ വാ; അലാഭേസർവ്വണ്ണാനാം പഞ്ചഗവ്യേഷ്വയം വിധിഃ. ഗോമയാദ്ദ്വിഗുണം മൂത്രം മുത്രാൽ സപ്തഗുണം പയഃ ദധി തൽത്രിഗുണം പ്രോക്തം മൂത്രമാത്രം ഘൃതം തഥാ " ഇത്യാദി പ്രമാണങ്ങളും ഇവിടെ സ്മരണീയങ്ങളാകുന്നു. 

സൂര്യദോഷപരിഹാരം

മനശ്ശിലൈലാസുരദാരുകുങ്കമൈ-
രുശീരയഷ്ടീമധുപത്മകാന്വിതൈഃ
സതാമ്രപുഷ്പെർവ്വിഷമസ്ഥിതേ രവൗ
ശുഭാവഹം സ്നാനമുദാഹൃതം ബുധൈഃ

സാരം :-

സൂര്യന്റെ പ്രീതിക്കുള്ള സ്നാനൗഷധങ്ങളാണ് ഈ ശ്ലോകത്തിൽ പറഞ്ഞിട്ടുള്ളത്. മനയോല, ഏലത്തരി, ദേവതാരം, കുങ്കുമം, രാമച്ചം, ഇരട്ടിമധുരം, പതിമുകം, ചെമ്പരത്തി മുതലായ ചുവന്ന പുഷ്പങ്ങൾ ഇതുകളെക്കൊണ്ടു സ്നാനജലം ഉണ്ടാക്കണമെന്നു. സാരം. ഈ സ്നാനജലം രാജാക്കന്മാർ, പ്രഭുക്കന്മാർ മുതലായവർക്കാണ് പ്രത്യേകം വിധിച്ചിട്ടുള്ളതെങ്കിലും മറ്റുള്ളവർക്കും സ്വീകാര്യംതന്നെയാണ്. 

മീനലഗ്നവിചാരം

മീനലഗ്നഭുവഃ പാപാശ്ശനി ശുക്രാർക്കസോമജാഃ
ശുഭൗ കുജേന്ദു ഗുർവ്വാരൗ യോഗദൗ ഹന്തി നോ കുജഃ.

സാരം :-

മീനലഗ്നത്തിൽ ജനിച്ചവനു ദ്വാദശൈകാദശനാഥനായ ശനിയും വിക്രമാഷ്ടമാധിപനായ ശുക്രനും ഷഷ്ഠാധിപനായ സൂര്യനും കേന്ദ്രമാരകാധിപനായ ബുധനും പാപന്മാരാകുന്നു. ത്രികോണാധിപന്മാരായ ചന്ദ്രനും ചൊവ്വയും ശുഭന്മാരാണ്. ഭാഗ്യകർമ്മാധിപന്മാരായ കുജന്റെയും വ്യാഴത്തിന്റേയും സംബന്ധം രാജയോഗപ്രദമാകുന്നു. ദ്വിതീയമാരകാധിപനാണെങ്കിലും മീനലഗ്നജാതനു കുജൻ മാരകനല്ല. പാപന്മാരായ ശനി ശുക്രരവിബുധന്മാർ തന്നെ മാരകലക്ഷണാനുസരണം മരണഫലത്തെ ചെയ്യുമെന്നും അറിഞ്ഞുകൊള്ളണം. 

കുംഭലഗ്നവിചാരം

കുംഭജസ്യാര്യചന്ദ്രാരഃ പാപാശ്ശുക്രശ്ശുഭസ്സ്വയം
രാജയോഗകരൗ കാവ്യകുജൗ ഹന്തീഹ നോ ഗുരുഃ

ഘ്നന്തി ചന്ദ്രാദയഃ പാപാസ്സമൗ സൗമ്യശനൈശ്വരൗ
സൂര്യശ്ച യോഗദശ്ചേതി കേചിദാഹുഃ പുരാവിദഃ

സാരം :-

കുംഭലഗ്നത്തിൽ ജനിച്ചവന് വ്യാഴവും ചന്ദ്രനും ചൊവ്വയും പാപന്മാരാകുന്നു. ശുക്രൻ മാത്രം ശുഭനാണെങ്കിലും കുജശുക്രസംബന്ധം രാജയോഗപ്രദമാണ്. വ്യാഴം ദ്വിതീയാധിപത്യം കൊണ്ടു മാരകമാണെങ്കിലും മരണഫലത്തെ ചെയ്യുന്നതല്ല. ചന്ദ്രൻ മുതലായ മറ്റു പാപന്മാർക്കാണ് മരണകർത്തൃത്വമുള്ളത്. ശനിക്ക്‌ ലഗ്നാധിപത്യവും ദ്വാദശാധിപത്യവും ബുധനു പഞ്ചമാഷ്ടമാധിപത്യവും ഉള്ളതുകൊണ്ട് ശുഭാശുഭസമത്വം കല്പിക്കാം. എന്നാൽ അന്യഗ്രഹസാഹചര്യംകൊണ്ട് ഈ ഫലത്തിന് അല്പം ആധിക്യന്യൂനതകളും സംഭവിക്കാവുന്നതാണ്. ഇവിടെ സൂര്യൻ മാരകസ്ഥാനാധിപനാണെങ്കിലും യോഗകർത്താവാണെന്നു ചില ആചാര്യന്മാർക്കഭിപ്രായമുണ്ട്. 

മകരലഗ്നവിചാരം

മൃഗലഗ്നഭുവസ്സാക്ഷാൽ ഭൃഗുജോ രാജയോഗദഃ
പാപാ കുജാര്യശശീനഃ ശുഭൗ ശുക്രശശാങ്കജൗ.

സബുധോƒതിശുഭശ് ശുക്രസ്സ്വയം ഹന്തി ന സൂര്യജഃ
തല്ലക്ഷണാന്നിഹന്താരോ ഭവന്തി കുജപൂർവ്വകാഃ.

സാരം :-

മകരലഗ്നത്തിൽ ജനിച്ചവന് ശുക്രൻ ഏറ്റവും ശുഭനും രാജയോഗപ്രദനുമാണ്. ബുധനും സാമാന്യശുഭദൻതന്നെ. ബുധശുക്രന്മാരുടെ യോഗം ഏറ്റവും ശുഭമാകുന്നു. ചൊവ്വയ്ക്കും വ്യാഴത്തിനും ചന്ദ്രനും ഉത്തരോത്തരം പാപത്വം കൂടിയിരിക്കും. ഇവർക്ക് മാരകലക്ഷണം കൂടിയുണ്ടായാൽ മരണത്തെത്തന്നെ ചെയ്യുന്നതുമാണ്. ശനി ദ്വിതീയമാരകാധിപനാണെങ്കിലും ലഗ്നാധിപൻകൂടിയാകയാൽ താനേതന്നെ മാരകനായിരിക്കുന്നതല്ല. സൂര്യൻ അഷ്ടമാധിപനാണെങ്കിലും സൂര്യചന്ദ്രന്മാർക്ക് അഷ്ടമാധിപത്യദോഷം ഇല്ലെന്നുള്ള പ്രമാണപ്രകാരം മാരകനല്ലാത്തതും മദ്ധ്യമഫലപ്രദനായിരിക്കുന്നതുമാണ്. 

ധനുലഗ്നവിചാരം

പാപസ്യാശുഭശ്ശുക്രഃ ശുഭൗ രുതിരഭാസ്കരൗ
തപനോƒതിശുഭോയോഗശ്ശുഭസ്സ്യാൽ സൗമ്യസൂര്യയോഃ
ഭൃഗപുത്രാദയഃ പാപാ ഘ്നന്തി മന്ദോƒത്ര മാരകഃ
ന ഹന്തി രന്ധ്രനാഥോƒപി ശശീ മദ്ധ്യഫലപ്രദഃ

സാരം :-

ധനുലഗ്നത്തിൽ ജനിച്ചവന് ശുക്രൻ ഏറ്റവും അശുഭനും പാപനുമാകുന്നു. സൂര്യനും ചൊവ്വയും ശുഭന്മാരാണ്. ഇവിടെ ചൊവ്വ പന്ത്രണ്ടാംഭാവാധിപൻകൂടിയാകയാൽ സൂര്യനോളം ശുഭത്വമില്ല. സൂര്യൻ ഏറ്റവും ശുഭൻ തന്നെ. കേന്ദ്രാധിപനാണെങ്കിലും ബുധന് സൂര്യനോടുള്ള യോഗം രാജയോഗപ്രദമാണ്. ശുക്രൻ അതിപാപിതന്നെ. ദ്വിതീയതൃതീയാധിപനായ ശനിക്കും മാരകത്വമുണ്ട്. ലഗ്നചതുർത്ഥാധിപനായ വ്യാഴത്തിന് പാപത്വം വളരെ കുറവാണ്. അഷ്ടമാധിപനാണെങ്കിലും ചന്ദ്രൻ മാരകനല്ലെന്നും സമഫലപ്രദനാണെന്നും അറിഞ്ഞുകൊല്ലുകയും വേണം. " നരന്ധ്രേശത്വദോഷസ്തു സൂര്യാചന്ദ്രമസോരിഹ " എന്നു പ്രമാണവുമുണ്ട്. 

വൃശ്ചികലഗ്നവിചാരം

ബുധാരകവയഃ പാപാസ്സുധാംശുരതിശോഭനഃ
സൂര്യാചന്ദ്രമസൗ യോഗകാരകൗ കീടജന്മനഃ

ന നിഹന്തി ഗുരുഃ പാപാ ഘ്നന്തി സൗമ്യാദയസ്ത്രയഃ
രാജയോഗപ്രദാവത്ര ഭാഗ്യസ്ഥൗ ധിഷണോഡുപൗ.

സാരം :-

വൃശ്ചികലഗ്നത്തിൽ ജനിച്ചവന് ബുധനും ചൊവ്വയും ശുക്രനും പാപന്മാരാകുന്നു. ചന്ദ്രൻ യോഗകർത്താവും ഏറ്റവും ശുഭനുമാണ്. നവമാധിപനായ ചന്ദ്രന്റേയും ദശമാധിപനായ സൂര്യന്റേയും യോഗദൃഷ്ട്യാദിസംബന്ധം വിശേഷാൽ ശുഭത്തെചെയ്യുന്നതാണ്. മാരകാധിപനാണെങ്കിലും വ്യാഴം മൃത്യുപ്രദനല്ല. ബുധകുജശുക്രന്മാർതന്നെ മാരകന്മാരാകുന്നു. വ്യാഴവും ചന്ദ്രനും ഒരുമിച്ച് ഒമ്പതാംഭാവത്തിൽ നിൽക്കുന്നത് രാജയോഗമാണ്. ഇവിടെ സൂര്യന്റെ ശുഭത്വം തുച്ഛമാകുന്നു. തൃതീയചതുർത്ഥാധിപനായിരിക്കുന്ന ശനി സമഫലപ്രദനുമാണ്. 

തുലാലഗ്നവിചാരം

ജൂകജസ്യാര്യസൂര്യാരാഃ പാപാശ്ശനിബുധൗ ശുഭൗ
രാജയോഗകരൗ ജ്ഞേയൗ ചന്ദ്രചന്ദ്രസുതാവുഭൗ.

കുജോ ന ഹന്തി ജീവാദ്യാഃ പരേ മാരകസംജ്ഞകാഃ
ഗുരുര്യോഗപ്രദശ്ശുക്രോ മാരകശ്ചേതി കേചന.

സാരം :-

തുലാലഗ്നത്തിൽ ജനിച്ചവനു വ്യാഴവും സൂര്യനും ചൊവ്വയും പാപന്മാരാകുന്നു. ശനിബുധന്മാർ ശുഭന്മാരായിരിക്കും. എങ്കിലും ബുധനേക്കാൾ യോഗകർത്തൃത്വവും ശുഭത്വവും ശനിക്കുതന്നെയാണ്. കർമ്മാധിപനായ ചന്ദ്രന്റെയും നവമാധിപനായ ബുധന്റെയും യോഗം രാജയോഗമാകുന്നു. തുലാലഗ്നജാതനു ദ്വിതീയസപ്തമമാരകാധിപനാണെങ്കിലും ചൊവ്വ മരണത്തെ ചെയ്കയില്ല. വിക്രമഷഷ്ഠാധിപനായ വ്യാഴവും പതിനൊന്നാംഭാവാധിപനായ സൂര്യനും അശുഭന്മാർ തന്നെ. ഇവിടെ വ്യാഴത്തേക്കാൾ സൂര്യന് ദോഷം കുറയും ചില ആചാര്യന്മാരുടെ അഭിപ്രായത്തിൽ യോഗപ്രദനാണെന്നുണ്ട്, എട്ടാം ഭാവാധിപനായ ശുക്രനും മാരകൻ തന്നെയാണെന്നു ചിലർക്ക് അഭിപ്രായമുണ്ട്. മറ്റ് ഗ്രഹയോഗങ്ങൾകൊണ്ടും ഇഷ്ടാനിഷ്ടസ്ഥിതികൊണ്ടും ഈ ഫലങ്ങളെ നിർണ്ണയിക്കേണ്ടതാന്. 

കന്നിലഗ്നവിചാരം

കുജജീവേന്ദവഃ പാപാശ്ശുക്ര ഏകഃ ശുഭോ മതഃ
ഭാർഗ്ഗവേന്ദുസുതാവേവ ഭവേതാം യോഗകാരകൗ.
ന ഹന്തി കവിരന്ന്യേതു മാരകാഖ്യാഃ കുജാദയഃ
കന്ന്യാഭവശ്ചതുർത്ഥസ്ഥൗ ഗുരുശുക്രൗ തു യോഗദൗ.

സാരം :-

കന്നിലഗ്നത്തിൽ ജനിച്ചവന് ചൊവ്വയും വ്യാഴവും ചന്ദ്രനും പാപന്മാരാകുന്നു. ത്രികോണാധിപനായ ശുക്രൻ മാത്രം ശുഭനും യോഗപ്രദനുമാണ്. ബുധനും ശുക്രനും യോഗകാരകന്മാർ തന്നെ. ദ്വിതീയാധിപനാണെങ്കിലും കന്നിലഗ്നത്തിൽ ജനിച്ചവനു ശുക്രൻ മാരകനാകുന്നതല്ല. വിക്രമാധിപനായ കുജനും കേന്ദ്രാധിപനായ വ്യാഴവും പന്ത്രണ്ടാം ഭാവാധിപനായ സൂര്യനും മാരകന്മാർതന്നെ. ഇവിടെ ചൊവ്വയ്ക്ക്‌ പാപത്വം ഏറിയിരിക്കും. വ്യാഴവും പാപൻ തന്നെ . ചന്ദ്രന്റെ പാപത്വം ഇതിലും കുറഞ്ഞതാണ്. ശനി ത്രികോണാധിപനാണെങ്കിലും ഷഷ്ഠാധിപൻകൂടിയാകയാൽ ശുഭാശുഭത്വം സമമാണെന്നുമുണ്ട്. ബുധൻ കേന്ദ്രാധിപനാണെങ്കിലും മറ്റു ഗ്രഹങ്ങളെ അപേക്ഷിച്ച് ദോഷം കുറവായതുകൊണ്ടും കർമ്മലഗ്നാധിപനായതുകൊണ്ടും ശുഭനാക്കി പറഞ്ഞിട്ടുള്ളതാകുന്നു. അതുകൊണ്ടാണ് ഭാർഗ്ഗവേന്ദുസുതന്മാരുടെ യോഗകാരകത്വത്തെക്കുറിച്ച് പ്രത്യേകം പറഞ്ഞിട്ടുള്ളത്. നാലാം ഭാവത്തിൽ ഒരുമിച്ച് നിൽക്കുന്ന ഗുരുശുക്രന്മാരും യോഗകർത്താക്കന്മാരായിരിക്കുമെന്ന് ചില ആചാര്യന്മാർ പറയുന്നുണ്ട്. 

ചിങ്ങലഗ്നവിചാരം

പാപൗ ബുധസിതൗ ഭൗമഃ ശുഭോഘ്നന്തി ബുധാദയഃ
പ്രഭവേദ്യോഗമാത്രേണ ന ശുഭം കുജശുക്രയോഃ

സാരം :-

ചിങ്ങലഗ്നത്തിൽ ജനിച്ചവന് പതിനൊന്നാംഭാവാധിപനായ ബുധനും വിക്രമകർമ്മാധിപനായ ശുക്രനും പാപന്മാരാകുന്നു. കേന്ദ്രത്രികോണാധിപനായ കുജൻ മാത്രം യോഗകർത്താവാകുന്നു. ബുധാദികൾ പാപന്മാരും മാരകന്മാരുമാകുന്നു. ത്രികോണാധിപനായ കുജന്റെയും കേന്ദ്രാധിപനായ ശുക്രന്റെയും യോഗമാത്രംകൊണ്ട് ശുഭം സംഭവിക്കുന്നില്ല. ബുധൻ ദ്വിതീയാധിപനാകയാൽ മാരകനും പാപനുമാകുന്നു. പന്ത്രണ്ടാം ഭാവാധിപനായ ചന്ദ്രനും ശുഭനല്ല. ത്രികോണാധിപത്യം ഉണ്ടെങ്കിലും അഷ്ടമാധിപനായ വ്യാഴം  അനിഷ്ടഫലപ്രദനാകുന്നു. അതുപോലെതന്നെ കേന്ദ്രാധിപത്യമുണ്ടെങ്കിലും ഷഷ്ഠാധിപനായ ശനിയും അനിഷ്ടൻ തന്നെ. എങ്കിലും വ്യാഴവും ശനിയും മിക്കവാറും സമഫലപ്രദന്മാരായിരിക്കുന്നതാണ്.

കർക്കടകലഗ്നവിചാരം

ഭാർഗ്ഗവേന്ദുസുതൗ പാപൗ ഭൂസുതാംഗിരസൗ ശുഭൗ
ഏക ഏവ ഭവേൽ സാക്ഷാദ് ഭൂമിജോ യോഗകാരകഃ

നിഹന്താ രവിരന്ന്യൗ തു പാപിനൗ മാരകാഹ്വയൗ
ക്വചിദ്വ്യയാർത്ഥഗഃ ശുക്രോ യോഗദശ്ചേതി കേചന.

സാരം :-

കർക്കിടകം രാശി ലഗ്നത്തിൽ ജനിച്ചവന് കേന്ദ്രലാഭാധിപനായ ശുക്രനും വിക്രമവ്യയാധിപനായ ബുധനും പാപന്മാരാകുന്നു. കുജനും വ്യാഴവും ശുഭാന്മാർതന്നെ. എന്നാൽ വ്യാഴത്തിനു ഷഷ്ഠാധിപത്യം കൂടിയുള്ളതുകൊണ്ട് ശുഭത്വത്തിനു ന്യൂനതയുണ്ട്. ചൊവ്വാ അങ്ങനെയല്ല. കേന്ദ്രത്രികോണാധിപനാകയാൽ ഏറ്റവും ശുഭനും യോഗകാരകനുമാണ്. ദ്വിതീയാധിപനായ സൂര്യൻ മാരകനാകുന്നു. ശനിക്കും ചന്ദ്രനും പാപത്വവും മാരകത്വവുമുണ്ട്. എങ്കിലും ശനിചന്ദ്രന്മാർ മിക്കവാറും സമഫലപ്രദന്മാർതന്നെയാണ്. 

കർക്കിടകലഗ്നത്തിൽ ജനിച്ചവന് പന്ത്രണ്ടിലോ രണ്ടിലോ നിൽക്കുന്ന ശുക്രനും യോഗപ്രദനാണെന്ന് ചില ആചാര്യന്മാർ നിർണ്ണയിച്ചിട്ടുണ്ട്.

മിഥുനലഗ്നവിചാരം

പാപാഃ കുജാര്യസൂര്യജ്ഞാഃ ശുക്ര ഏകശ്ശുഭോ മതഃ
ശനിനാ ഗുരുസംയോഗശ്ചിന്ത്യോ മേഷഭുവോ യഥാ.

നാലം ശനിർന്നിഹന്തും തല്ലക്ഷണാൽ പാപിനസ്ത്വലം
കിം തു യോഗപ്രദസ്സൗമ്യോ ബലീ ചേദിതി കേചന.

ധനനാഥോƒപി ശീതാംശുർമ്മാരകോ ന ഭവേദിഹ
ജ്യേഷ്ഠഭ്രാതുർവ്വിരോധസ്സ്യാൽ ബുധോ മീനഗതോ യദി.

സാരം :-

മിഥുനലഗ്നത്തിൽ ജനിച്ചവന് ആറാം ഭാവാധിപനും എട്ടാം ഭാവാധിപനുമായ ചൊവ്വയും കേന്ദ്രാധിപനായ വ്യാഴവും ബുധനും വിക്രമാധിപനായ സൂര്യനും പാപഗ്രഹങ്ങളാണ്. ത്രികോണാധിപനായ ശുക്രൻ മാത്രം ശുഭനാകുന്നു. എന്നാൽ ശുക്രൻ പന്ത്രണ്ടാം ഭാവാധിപൻകൂടിയാകയാൽ അനിഷ്ടരാശിസ്ഥിതിയും പാപരോഗവും മറ്റും ഉള്ളപക്ഷം പാപഫലത്തെക്കൂടെ ചെയ്കയും ചെയ്യും. ശനിവ്യാഴസംബന്ധം മേടലഗ്നത്തിൽ പറഞ്ഞതുപോലെത്തന്നെ ഇവിടേയും വിചാരിച്ചുകൊള്ളണം. ശനി എട്ടാം ഭാവാധിപനാണെങ്കിലും ഒമ്പതാം ഭാവാധിപൻകൂടിയാകയാൽ മാരകനായിരിക്കുകയില്ല. മിക്കവാറും ശനിയ്ക്ക് ശുഭാശുഭത്വം തുല്യമായിരിക്കും. കുജാദികൾതന്നെ മിഥുനലഗ്നജാതനു മാരകന്മാരാകുന്നു. ബുധൻ കേന്ദ്രാധിപനാകയാൽ പാപനാണെങ്കിലും ലഗ്നാധിപത്യം ഉള്ളതുകൊണ്ട് ശുഭഗൃഹസംബന്ധാദികൾകൊണ്ടും ചിലപ്പോൾ യോഗപ്രദനായിത്തീരുമെന്ന ചില അഭിപ്രായമുണ്ട്. "കർമ്മലഗ്നഗതപാകദശായാം " ഇത്യാദി പ്രമാണവ്യാഖ്യാനം ഈ അഭിപ്രായത്തെ ദൃഢീകരിക്കുന്നു. ദ്വിതീയമാരകനാഥനായ ചന്ദ്രന് ഇവിടെ മാരകത്വമില്ല. രാശിസ്ഥിതി, ഗ്രഹസംബന്ധം ഇതുകളെ അനുസരിച്ച് ചന്ദ്രൻ ശുഭാശുഭഫലങ്ങളെ ചെയ്യും. 

മിഥുനലഗ്നത്തിൽ ജനിച്ചവനു പത്താം ഭാവത്തിൽ (മീനം രാശിയിൽ) ബുധൻ നിന്നാൽ ജ്യേഷ്ഠസഹോദരന്റെ വിരോധമുണ്ടാകുമെന്നുമുണ്ട്. 2, 7, 12 എന്നീ ഭാവങ്ങളിൽ നിൽക്കുന്ന കേതു മാരകനാകുന്നു. രാഹുവിനോടുകൂടി രണ്ടാം ഭാവത്തിൽ (കർക്കിടകം രാശിയിൽ) വ്യാഴം നിന്നാൽ രാഹുദശയിലെ വ്യാഴ അപഹാരകാലം മരണം തന്നെ സംഭവിക്കാനിടയുണ്ട്. മിഥുനലഗ്നവിചാരം

വിവാഹനിശ്ചയം ചെയ്ത് വിവാഹത്തിനു നിർദ്ദോഷമായ മുഹൂർത്തം പറയേണ്ടതാണ്

പ്രശ്നലഗ്നാദ്വിചാര്യൈവം ശുഭേഷു ശകുനാദിഷു
വിവാഹാർത്ഥം വിധേയഃ സ്യാന്മുഹൂർത്തോപി ശുഭപ്രദഃ

സാരം :-

ആരൂഢലഗ്നാദിഭാവങ്ങളെക്കൊണ്ടു വേണ്ടവണ്ണം വിവാഹപ്രശ്നം ചിന്തിച്ചാൽ വിവാഹം ശോഭനമാണെന്നു തെളിയുകയും ശകുനം മുതലായ താല്ക്കാലികസംഭവങ്ങളെല്ലാം ശുഭമായിട്ടു കണ്ടാലും പിന്നീടു വിവാഹനിശ്ചയം ചെയ്ത് വിവാഹത്തിനു നിർദ്ദോഷമായ മുഹൂർത്തം പറയേണ്ടതാണ്.

ആ ദിക്കിൽനിന്നും ലഭിക്കുന്ന വരനാണു തന്റെ മകളുടെ ഭർത്താവായി തീരാൻ പോകുന്നതെന്നു ധൈര്യമായി പറയണം

തഥൈവ രാശിചക്രസ്യ യത്രാരൂഢം ച ലഗ്നഭം
തസ്യം ദിശി സ്ഥിതം വിദ്യാജ്ജാമാതരമസംശയം. ഇതി.

സാരം :-

സ്ഥിരരാശിചക്രത്തിൽ ആരൂഢത്തിനും ലഗ്നത്തിനും ഏതൊരു ദിക്കാണോ സിദ്ധിച്ചത് ആ ദിക്കിൽനിന്നും ലഭിക്കുന്ന വരനാണു തന്റെ മകളുടെ ഭർത്താവായി തീരാൻ പോകുന്നതെന്നു ധൈര്യമായി പറയണം. എന്റെ മകളെ വിവാഹം ചെയ്യുന്നതു ഏതു ദിക്കുകാരനായിരിക്കുമെന്നു ചോദിക്കുമ്പോഴാണ്‌ ഇതു യോജിക്കുന്നത്. മകന്റെ വിവാഹം ഏതു ദിക്കിൽനിന്നാണ് എന്നു ചോദിക്കുമ്പോഴും ഈ ലക്ഷണം അനുസരിച്ച് വധുവിന്റെ ദിക്കും പറയാവുന്നതാണ്.

ചന്ദ്രാഭിലാഷരാശി എങ്ങനെ കണ്ടുപിടിക്കാം?

ഖഖാഷ്ടഹൃതശിഷ്ടൗ ദ്വൗ ത്ര്യംകഘ്നൗ കലിതൗ വിധൂ
ഖഖനേത്രഹൃതാവിച്ഛാവേലേ രാശികലാദികേ.

സാരം :-

പ്രശ്നത്തിൽ തല്ക്കാലചന്ദ്രസ്ഫുടത്തിന്റെ രാശിയും ഭാഗയും ഇറക്കി ഇലിയാക്കി 800 കൊണ്ട് ഹരിച്ചാൽ ശേഷിക്കുന്നതിനെ രണ്ടിടത്തുവച്ച് ഒന്നിനെ മൂന്നിൽ പെരുക്കി 200 ൽ ഹരിച്ചുകിട്ടുന്നതു രാശിയും ശേഷത്തെ 30 ലും 60 ലും പെരുക്കി 200 ൽ ഹരിച്ചുകിട്ടുന്ന ഫലം തിയതിയും ഇലിയും ആകുന്നു. ഇങ്ങനെ കിട്ടിയാൽ സ്ഫുടം ചന്ദ്രാഭിലാഷസ്ഫുടമാകുന്നു. ഇത് ഏതു രാശിയിലാണോ അത് ചന്ദ്രാഭിലാഷരാശിയാണെന്നറിയണം.

വിവാഹപ്രശ്നംകൊണ്ടു വിവാഹം എപ്പോൾ നടക്കുമെന്നു പറയാനുള്ള ക്രമത്തേയാണ് പറയുന്നത്

ചന്ദ്രേദ്വാദശഭാഗത്രികോണഗേന്ദൗ വിവാഹസംസിദ്ധിഃ
ചന്ദ്രാഭിലാഷഭേ വാ ലഗ്നദ്യൂനേശസംശ്രിതാംശർക്ഷേ. 

സാരം :-

വിവാഹപ്രശ്നംകൊണ്ടു വിവാഹം എപ്പോൾ നടക്കുമെന്നു പറയാനുള്ള ക്രമത്തേയാണ് ഈ ശ്ലോകംകൊണ്ടു പറയുന്നത്. പ്രശ്നകാലത്തെ ചന്ദ്രന്റെ ദ്വാദശാംശകം ഏതൊരു രാശിയിലാണ് ആ രാശിയിലോ അതിന്റെ അഞ്ചാം രാശിയിലോ ഒൻപതാം രാശിയിലോ ചന്ദ്രാഭിലാഷരാശിയിലോ ആരൂഢത്തിന്റെ ഏഴാംഭാവനാഥൻ നിൽക്കുന്ന നവാംശകരാശിയിലോ ചന്ദ്രൻ വരുന്നകാലത്തു വിവാഹം നടക്കാൻ ഇടവരുമെന്ന് പറയണം.

കൂറും ദിക്കും അനുകൂലമായ വിധത്തിൽ അന്വേഷിച്ചു വേണം വിവാഹം ചെയ്യിക്കേണ്ടത്

യാദൃശ്യാഃ കഥനം നിരീക്ഷണമുത പ്രശ്നേ കുമാര്യാ ഭവേ
ത്താദൃശ്യാഃ കരസംഗ്രഹോƒത്ര ഘടതേ ഹ്യാകാരവർണ്ണാദിഭിഃ
ആരൂഢോദയനാഥയോർബലവതഃ കാഷ്ഠാശ്രിതാ കന്യകാ
ഗ്രാഹ്യാരൂഢഭസംഭവാ ച സുധിയാ സന്താനസംസിദ്ധയേ. ഇതി.

സാരം :-

നിറം ആകൃതി സ്വഭാവം എന്നിവകൊണ്ട് ഏതൊരു തരത്തിലുള്ള കന്യകയെ പ്രശ്നസന്ദർഭത്തിൽ കാണുന്നതിനോ അല്ലെങ്കിൽ ആ കന്യകയുടെ കഥകളെയോ മറ്റോ പറഞ്ഞുകേൾക്കുന്നതിനോ അല്ലെങ്കിൽ ആ കന്യകയുടെ ശബ്ദം കേൾക്കുന്നതിനോ ഇടവന്നാൽ നിറം, ആകൃതി സ്വഭാവം എന്നിവ ആ കന്യകയോടു തുല്യമായ വിധം യോജിപ്പുള്ള കന്യകയെ വിവാഹം ചെയ്യാൻ സാധിക്കുമെന്നു പറയണം. 

ഇതു വധുവിനെ ഉദ്ദേശിക്കാതെ വരനെ കർത്താവാക്കി ചെയ്യുന്ന വിവാഹപ്രശ്നത്തിനാണ് യോജിക്കുന്നത്. ലഗ്നാധിപതി, ആരൂഢാധിപതി ഈ രണ്ടു ഗ്രഹങ്ങളിൽ വച്ച് ആർക്കാണോ ബലം കൂടുതലുള്ളത് ആ ഗ്രഹത്തിന് "പ്രാഗാദ്യാ രവിശുക്രലോഹിതതമ " എന്നാദിയായ വചനപ്രകാരം ഏതൊരു ദിക്കുവരുമോ ആ ദിക്കിൽനിന്നു വിവാഹം ചെയ്യുന്നതും ആരൂഢരാശി ഏതാണോ ആ കൂറിൽ ജനിച്ച വധുവിനെ വിവാഹം ചെയ്യുന്നതും സന്താന പ്രാപ്തിക്കും ഐശ്വര്യത്തിനും ഏറ്റവും ശോഭനമാണ്. അതിനാൽ കൂറും ദിക്കും അനുകൂലമായ വിധത്തിൽ അന്വേഷിച്ചു വേണം വിവാഹം ചെയ്യിക്കേണ്ടത്. അല്ലെങ്കിൽ പുത്രഭാഗ്യാദ്യനുഭവങ്ങൾക്ക് വൈകല്യമുണ്ടാകുമെന്ന് സാരം.

വധുവിനു വരന്റെമേൽ വളരെ അനുരാഗമുണ്ടായിരിക്കും / ഭർത്താവിന് ഭാര്യയുടെ മേൽ വളരെ അനുരാഗമുണ്ടായിരിക്കും

മിത്രസ്ഥഃ സ്ത്രീഗ്രഹോ ലഗ്നം പുംരാശിം യദി പശ്യതി
പുരുഷേ സ്ത്രീ സ്നേഹിതാ സ്യാദ്വിപരീതമതോന്യഥാ. ഇതി.

സാരം :-

സ്ത്രീ ഗ്രഹങ്ങൾ ചന്ദ്രനും ശുക്രനുമാണ്. ഇവരിൽ ഒരാൾ ബന്ധു രാശിയിൽ നിന്നു ലഗ്നത്തില്ലേക്ക് നോക്കണം. ലഗ്നം ഓജരാശിയായിരിക്കുകയും വേണം. ഇങ്ങിനെ വന്നാൽ വധുവിനു വരന്റെമേൽ വളരെ അനുരാഗമുണ്ടായിരിക്കും. 

സൂര്യൻ, ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങൾ പുരുഷഗ്രഹങ്ങളാണ്. ഇവരിൽ ഒരാൾ ലഗ്നത്തിലേയ്ക്ക് നോക്കണം. ലഗ്നം യുഗ്മരാശിയായിരിക്കയും വേണം. ഇങ്ങിനെ വന്നാൽ ഭർത്താവിന് ഭാര്യയുടെ മേൽ വളരെ അനുരാഗമുണ്ടായിരിക്കും. ഇങ്ങനെയാണ് പ്രശ്നരത്നത്തിന്റെ അഭിപ്രായം.

നല്ലകുലത്തിൽ നിന്ന് സൗന്ദര്യമുള്ള സ്ത്രീയെ വിവാഹം ചെയ്യാനിടവരുമെന്നും സ്ത്രീധനം വളരെ കിട്ടുമെന്നും പറയണം

ഭാര്യാധിപേ ബലാഢ്യേ
പ്രോദ്വാഹഃ ശോഭനോ ധനോപേതഃ
നീചാരിഗേ ദരിദ്രാന്ന 
ധനാപ്തിസ്ത്രീ ന രൂപഗുണയുക്താ.

സാരം :-

ഏഴാം ഭാവനാഥന് നല്ല ബലമുണ്ടെങ്കിൽ നല്ലകുലത്തിൽ നിന്ന് സൗന്ദര്യമുള്ള സ്ത്രീയെ വിവാഹം ചെയ്യാനിടവരുമെന്നും സ്ത്രീധനം വളരെ കിട്ടുമെന്നും പറയണം. 

ഏഴാം ഭാവാധിപതി നീചരാശിയിലോ ശത്രുരാശിയിലോ നിന്നാൽ വിവാഹം ദരിദ്ര കുടുംബത്തിൽ നിന്നായിരിക്കും. വധുവിന് സൗന്ദര്യവും സൗശീല്യവും ഉണ്ടായിരിക്കുകയില്ല. സ്ത്രീധനമൊന്നും കിട്ടുകയില്ല. ഇതു പുരുഷജാതകംകൊണ്ട് ചിന്തിക്കാനാണ് ഏറ്റവും യോജിക്കുന്നത്.

പ്രസവിക്കയില്ല / ജനിക്കുന്ന സന്താനങ്ങളെ അമ്മതന്നെ നശിപ്പിക്കുമെന്നു പറയണം

വന്ധ്യാ വാ മൃതപുത്രാ വാ ഭവേൽ പാപേഷു പഞ്ചമേ
നീചാരാതിഗൃഹസ്ഥേഷു പുത്രഹന്ത്രീ ഭവേത്സ്വയം. ഇതി.

സാരം :-

ഒന്നിലധികം പാപഗ്രഹങ്ങൾ അഞ്ചാം ഭാവത്തിൽ നിന്നാൽ പ്രസവിക്കയില്ല. അഥവാ പ്രസവിച്ചാൽ തന്നെ സന്താനങ്ങൾ നശിച്ചുപോകും. അഞ്ചാം ഭാവത്തിൽ നിൽക്കുന്ന പാപഗ്രഹങ്ങൾ നീചരാശിയിലോ ശത്രുരാശിയിലോ നിന്നാൽ ജനിക്കുന്ന സന്താനങ്ങളെ അമ്മതന്നെ നശിപ്പിക്കുമെന്നു പറയണം. ഈ ഫലങ്ങൾ അഞ്ചാം ഭാവത്തിലേയ്ക്ക് വ്യാഴമോ മറ്റു ശുഭഗ്രഹങ്ങളോ നോക്കുന്നുണ്ടെങ്കിൽ പറയരുത് എന്ന് ഹോരാതത്വം സ്പഷ്ടമാക്കിയിട്ടുണ്ട്.

വധുവിന് വ്യഭിചാരശീലമുണ്ടായിരിക്കും. അല്ലെങ്കിൽ ജനിക്കുന്ന സന്താനങ്ങളെല്ലാം മരിച്ചുപോകും

പഞ്ചമർക്ഷേ യദാ പാപഃ ശത്രുദൃഷ്ടഃ സ്വനീചഗഃ
കുലടാ സാ ഭവേൽ കന്യാ മൃതപുത്രാഥവാ ഭവേൽ. ഇതി.

സാരം :-

ഒരു പാപഗ്രഹം നീചരാശിയായ അഞ്ചാം ഭാവത്തിൽ നിൽക്കണം. ആ പാപഗ്രഹത്തിന്റെ ശത്രുവായ ഗ്രഹം  ആ പാപഗ്രഹത്തിനെ നോക്കുകയും വേണം. ഈ യോഗമുണ്ടായാൽ വധുവിന് വ്യഭിചാരശീലമുണ്ടായിരിക്കും. അല്ലെങ്കിൽ ജനിക്കുന്ന സന്താനങ്ങളെല്ലാം മരിച്ചുപോകും. ഈ യോഗമുണ്ടായാൽ വ്യഭിചാരം സന്താനനാശം എന്നീ രണ്ടുഫലങ്ങളും അനുഭവിക്കുമെന്നും അഭിപ്രായമുണ്ട്. ഇങ്ങനെ ബൃഹസ്പതിയുടെ അഭിപ്രായം.

ദമ്പതികൾക്കു മരണം സംഭവിക്കുമെന്നു പറയണം

ലഗ്നേ പാപഗ്രഹൈര്യുക്തേ നീചശത്രുഗൃഹസ്ഥിതൈഃ
അഷ്ടമേ സപ്തമേ ചൈവ ദമ്പത്യോർമരണം ഭവേൽ.

സാരം :-

പാപഗ്രഹങ്ങൾ നീചരാശിയിലോ, ശത്രുരാശിയിലോ നില്ക്കണം. അത് ലഗ്നം ഏഴ്, എട്ട് എന്നീ ഭാവങ്ങളിലായിരിക്കുകയും വേണം. ഇങ്ങനെ വന്നാൽ ദമ്പതികൾക്കു മരണം സംഭവിക്കുമെന്നു പറയണം. 

ഇവിടെ മരണത്തിനു കാലനിർണ്ണയം ചെയ്തുകാണുന്നില്ല. ലഗ്നം, ഏഴ്, എട്ട് എന്നീ ഭാവങ്ങളിൽ നിൽക്കുന്ന പാപഗ്രഹങ്ങളിൽവച്ചു ഏറ്റവും ബലഹീനനായ ഗ്രഹത്തിന്റെ ദശാപഹാര കാലങ്ങളോ, യോജിച്ചുവരുന്ന ദോഷചാരകാലങ്ങളോ മരണകാലമെന്നു ചിന്തിച്ചുകൊള്ളണം. ദമ്പതികൾക്കു ദീർഘജീവിതം ദുർല്ലഭമാണെന്നാണ് ഈ വാക്യത്തിന്റെ തത്വം.

വിവാഹത്തിനുശേഷം ദമ്പതികൾക്കു ശുഭഫലം അനുഭവിക്കാനിടവരുമെന്നു പറയണം

ലഗ്നേƒസ്തേ നിധനേ സുതേ ച നവമേ സത്സ്വാമിയുക്തേക്ഷിതേ
പാപാദൃഷ്ടയുതേ വിവാഹസമയേ പ്രശ്നേ ശുഭം പുംസ്ത്രിയോഃ
അസ്മാച്ചേദ്വിപരീതതാ ന മതിമാൻ പാണിഗ്രഹം കാരയേ -
ല്ലഗ്നേന്ദൂ ശുഭദൗ ശുഭാംശകഗതൗ പാപാംശഗൗ മൃത്യുദൗ. ഇതി.

സാരം :-

ലഗ്നം, അഞ്ച്, ഏഴ്, എട്ട്, ഒൻപത്, എന്നീ ഭാവങ്ങൾക്കു ഭാവനാഥന്റെയോ, ശുഭഗ്രഹങ്ങളുടെയോ യോഗമോ ദൃഷ്ടിയോ ഉണ്ടായിരിക്കുക, ഈ ഭാവങ്ങളുടെ അധിപന്മാരല്ലാത്ത പാപഗ്രഹങ്ങളുടെ യോഗവും ദൃഷ്ടിയും ഇല്ലാതെ വരിക ഇങ്ങനെ വന്നാൽ വിവാഹത്തിനുശേഷം ദമ്പതികൾക്കു ശുഭഫലം അനുഭവിക്കാനിടവരുമെന്നു പറയണം. 

മേൽപറഞ്ഞ ലഗ്നാദികളായ അഞ്ചു ഭാവങ്ങൾക്കും പാപഗ്രഹങ്ങളുടെ യോഗമോ, ദൃഷ്ടിയോ അഥവാ രണ്ടുമോ വരികയും ഈ ഭാവങ്ങളുടെ അധിപന്റെയും ശുഭന്മാരുടെയും യോഗദൃഷ്ടികൾ സംഭവിക്കാതെയും വന്നാൽ ബുദ്ധിമാനായ പ്രശ്നക്കാരൻ (ജ്യോതിഷി) ആ വധൂവരന്മാരെക്കൊണ്ടുള്ള വിവാഹത്തിന് അനുവദിക്കരുത്. 

ലഗ്നചന്ദ്രന്മാർ ശുഭനവാംശകത്തിൽ നിന്നാൽ ദമ്പതികൾക്കു ശോഭനഫലങ്ങളും പാപനവാംഷശകങ്ങളിൽ നിന്നാൽ പാപഫലങ്ങളും സംഭവിക്കുമെന്നു പറയണം. "ദുഃഖദൗ ' എന്നുള്ള പാഠഭേദം സ്വീകരിക്കുമ്പോൾ ലഗ്നചന്ദ്രന്മാർ പാപനവാംശകങ്ങളിൽ നിന്നാൽ ദുഃഖഫലം സംഭവിക്കുമെന്നു അറിഞ്ഞുകൊള്ളണം.

ഏറ്റവും വേഗം വിവാഹം നടക്കുമെന്നുപറയണം

ജാമിത്രോപചയാർഥഗോ രജനികൃത്സൗമ്യേക്ഷിതോ ലഗ്നഗാ
വീണാകുംഭവധൂതുലാശ്ച മദഗൗ ശുക്രോഡുപൗ വാംഗഗൗ
ആരൂഢാദഥവോദയാന്മദഗതാ ജീവേന്ദുഭൂഭാർഗവാ
യദ്വാ കേന്ദ്രഗതാ അമീ നിഗദിതാഃ ക്ഷിപ്രം വിവാഹപ്രദാഃ

സാരം :-

വിവാഹപ്രശ്നത്തിൽ ഉദയലഗ്നമെന്നു പറഞ്ഞാലും ആരൂഢമെന്നു പറഞ്ഞാലും ഉദയത്തേയും ആരൂഢത്തേയും ഗ്രഹിക്കേണ്ടതാണ്.

ഉദയാരൂഢങ്ങളിൽ നിന്നു രണ്ട്, മൂന്ന്, ആറ്, ഏഴ്, പത്ത്, പതിനൊന്ന്, എന്നീ ഭാവങ്ങളിൽ ചന്ദ്രൻ ശുഭഗ്രഹദൃഷ്ടിയോടുകൂടി വരികയോ ചന്ദ്രനും ശുക്രനും ലഗ്നത്തിലോ ഏഴാം ഭാവത്തിലോ നിൽക്കുകയും ഈ ലഗ്നം മിഥുനം, കന്നി, തുലാം, കുംഭം എന്നീ രാശികളിൽ ഒന്നായിവരികയും ചെയ്താലും ബുധൻ, വ്യാഴം, ശുക്രൻ, എന്നീ ഗ്രഹങ്ങൾ ഏഴാം ഭാവത്തിലോ കേന്ദ്രരാശികളിലോ നിന്നാലും ഏറ്റവും വേഗം വിവാഹം നടക്കുമെന്നുപറയണം. 

മൂന്നാമത്തെ യോഗത്തിൽ കേന്ദ്രഗന്മാരെന്നും മദഗതന്മാരെന്നും പ്രത്യേകം പറഞ്ഞിരിക്കുന്നതുകൊണ്ട് വ്യാഴം, ബുധൻ, ശുക്രൻ, എന്നീ ഗ്രഹങ്ങൾ മറ്റു കേന്ദ്രങ്ങളിൽ നില്ക്കുന്നതിനേക്കാൾ ഏഴാം ഭാവത്തിൽ നിൽക്കുന്നതാണ് യോഗത്തിനു പ്രാബല്യമെന്നു ധരിക്കേണ്ടതാണ്.

സൌന്ദര്യവതിയായ സ്ത്രീയെ വിവാഹം ചെയ്യാൻ സാധിക്കുമെന്നു പറയണം

കേന്ദ്രത്രികോണോപഗതാഃ സ്മരർക്ഷം
ശുഭസ്യ സൗമ്യാഃ പ്രവിലോകയന്തി
യദാ തദാസൗ ലഭതേ സുരൂപാം
ജായാം വിരൂപാമപി പാപധിഷ്ണ്യേ. ഇതി.

സാരം :-

ശുഭഗ്രഹങ്ങൾ ലഗ്നം നാല് അഞ്ച് ഏഴ് ഒൻപത്, പത്ത് എന്നീ ഭാവങ്ങളിൽ നിൽക്കണം. ഏഴാം ഭാവം ശുഭഗ്രഹത്തിന്റെ ക്ഷേത്രമായിരിക്കണം. അവിടെ ശുഭഗ്രഹങ്ങൾ നോക്കുകയും വേണം. ഈ യോഗമുണ്ടായാൽ സൌന്ദര്യവതിയായ സ്ത്രീയെ വിവാഹം ചെയ്യാൻ സാധിക്കുമെന്നു പറയണം. ഈ യോഗത്തിൽ പാപഗ്രഹക്ഷേത്രം ഏഴാം ഭാവമായാൽ ഭാര്യയ്ക്കു സൗന്ദര്യം ഉണ്ടായിരിക്കുന്നതല്ല. ഈ ഭാഗവും പുരുഷജാതകംകൊണ്ടുള്ള ഭാര്യാചിന്തയ്ക്കു യുക്തമായിട്ടുള്ളതാണ്.

പെട്ടെന്നു വിവാഹലാഭമുണ്ടാകുമെന്നു പറയണം

ലഗ്നേ യദി സ്യാദ്യുവതിത്രിഭാഗസ്തത്രാപി ച സ്യാദ്യദി യോഷിദംശഃ
ദൃഷ്ടസ്സിതേനാമൃതരോചിഷാ ച ഭവേത്തദാസൗ വനിതാപ്തികാരീ.

സാരം :-

ലഗ്നം സ്ത്രീദ്രേക്കാണമായിരിക്കണം യുഗ്മരാശിയിൽ അംശകിക്കയും വേണം. ചന്ദ്രന്റേയും ശുക്രന്റേയും പൂർണ്ണദൃഷ്ടിയും വേണം. ഇങ്ങനെ വന്നാൽ പെട്ടെന്നു വിവാഹലാഭമുണ്ടാകുമെന്നു പറയണം. ഈ യോഗം പുരുഷജാതകം കൊണ്ടുള്ള ചിന്തയ്ക്കു ഏറ്റവും യുക്തമായിട്ടുള്ളതാണ്.

ഒരു രാശിയുടെ മൂന്നിലൊരുഭാഗമാണല്ലോ ദ്രേക്കാണമെന്നു പറയുന്നത്.

വധൂവരന്മാർ തമ്മിൽ വിവാഹം ചെയ്യാൻ സാധിക്കുമെന്നു പറയണം

യുഗ്മർക്ഷഗോ ദാനവരാജപൂജ്യഃ 
സുധാമയൂഖോപി യദാംഗനാംശേ
വീര്യാന്വിതൗ ലഗ്നമവേക്ഷമാണൗ
കുമാരികാ ലാഭകരൗ പ്രദിഷ്ടൗ.

സാരം :-

യുഗ്മരാശിയിൽ യുഗ്മനവാംശകത്തിൽ ചന്ദ്രനും ശുക്രനും ബലവാന്മാരായി നിൽക്കണം. ലഗ്നത്തിലേയ്ക്കുനോക്കുകയും വേണം. ഇങ്ങനെ വന്നാൽ വിവാഹപ്രശ്നത്തിനു ഹേതുവായ വധൂവരന്മാർ തമ്മിൽ വിവാഹം ചെയ്യാൻ സാധിക്കുമെന്നു പറയണം.

"കുമാരികാ ലാഭകരൗ " എന്നു പറഞ്ഞതുകൊണ്ട് പുരുഷനാൽ നിർദ്ദിഷ്ടയായ സ്ത്രീയെ വിവാഹം ചെയ്യാൻ സാധിക്കുമെന്നും പുരുഷജാതകാൽ ഈ യോഗമുണ്ടെങ്കിൽ കാലം തെറ്റാതെ തന്നെ വിവാഹം ചെയ്യാൻ സംഗതി ഉണ്ടെന്നും പറയണം. പ്രശ്നത്തിൽ ഈ യോഗമുണ്ടായാൽ പെട്ടെന്ന് വിവാഹം നടക്കുമെന്നു പറയണം.

വിവാഹത്തിനുശേഷം ദമ്പതികൾക്കു ഐശ്വര്യവൃദ്ധി ഉണ്ടാകുമെന്നു പറയണം

ലഗ്നാദുപചയർക്ഷസ്ഥൗ ശുക്രാസ്തേശൗ സമൃദ്ധിദൗ
വിവാഹോത്തരകാലേ തു സുതാദാവപ്യയം നയം. ഇതി.

സാരം :-

ശുക്രനും ഏഴാം ഭാവാധിപതിയും മൂന്ന്, ആറ്, പത്ത്, പതിനൊന്ന് എന്നീ ഭാവങ്ങളിൽ നിന്നാൽ വിവാഹത്തിനുശേഷം ദമ്പതികൾക്കു ഐശ്വര്യവൃദ്ധി ഉണ്ടാകുമെന്നു പറയണം. ഉപചയഭാവങ്ങളൊഴികെ മറ്റു ഭാവങ്ങളിൽ നിന്നാൽ ഭാവികാലം ഗുണമല്ലെന്ന് അർത്ഥാൽ കിട്ടുമെങ്കിലും കേന്ദ്രത്രികോണങ്ങളിലും പെട്ട മറ്റുഭാവങ്ങൾ ഇഷ്ടങ്ങളാണെനും എട്ട്, പന്ത്രണ്ട്, എന്നീ ഭാവങ്ങൾ കേവലം അനിഷ്ടമാണെന്നും ഉള്ള ഭേദം പ്രത്യേകം ഗ്രഹിക്കേണ്ടതാണ്. 

ഇതുപോലെ അഞ്ചാംഭാവാധിപതിയോ പുത്രകാരകനായ വ്യാഴമോ മൂന്ന്, ആറ്, പത്ത്, പതിനൊന്ന്, എന്നീ ഭാവങ്ങളിൽ എവിടെയെങ്കിലും നിന്നാൽ പുത്രലാഭാത്തിനുശേഷം ഐശ്വര്യമുണ്ടാകുമെന്നും പറയണം. 

മേൽ പറഞ്ഞവണ്ണം മറ്റു ഭാവങ്ങളിൽ നിന്നാൽ യഥാന്യായം ഭേദത്തെ കല്പിക്കേണ്ടതാണ്. ഫലദാതാക്കന്മാരായ രണ്ടു ഗ്രഹങ്ങളിൽ വച്ചു ഒരാൾ ഉപചയത്തിലും മറ്റെയാൾ അനുപചയത്തിലും നിന്നാൽ ബലാധിക്യമുള്ള ഗ്രഹം ഫലദാതാവായാൽ ബലാബലം ചിന്തിച്ചു ഫലം പറഞ്ഞുകൊള്ളണം.

ഇതുപോലെ മൂന്നാം ഭാവനാഥനെക്കൊണ്ടും സഹോദരകാരകനെക്കൊണ്ടും സഹോദരലാഭത്തിനുശേഷമുള്ള ശുഭാശുഭങ്ങളെയും ചിന്തിക്കാവുന്നതാണ്‌.

ഏറ്റവും വേഗം വിവാഹം നടക്കുമെന്നു പറയണം

ദ്രവ്യദ്വന്ദ്വമപീതരേതരസമാബദ്ധം യദി പ്രേക്ഷ്യതേ
ദമ്പത്യോശ്ച യദൃച്ഛയേക്ഷണസമായാനാദികം വാ തദാ
ഊർണ്ണാസൂത്രനിബദ്ധപാണിചരണസ്യാവേക്ഷണം ഗാനിനാ-
മായാനഞ്ച കരഗ്രഹായ കളഭദ്രവ്യേക്ഷണഞ്ചാചിരാൽ. ഇതി.

സാരം :-

വിവാഹപ്രശ്നസമയത്ത് യാദൃച്ഛികമായി രണ്ടു പദാർത്ഥങ്ങൾ തമ്മിൽ ചേർന്ന് (പിണഞ്ഞ്) ഇരിയ്ക്കുന്നത് കാണുക. ഭാര്യാഭർത്താക്കന്മാർ ഒരുമിച്ചവിടെ വരിക, അല്ലെങ്കിൽ അവരെ കാണാനിടവരിക, കരിമ്പടച്ചരട് കൈയിലും കാലിലും ബന്ധിച്ചിട്ടുള്ള ആരെയെങ്കിലും ഒരാളെ കാണുക. പാട്ടുകാരോ, പാടികൊണ്ടോ ആരോ വരിക, ചന്ദനം മുതലായ കുറിക്കൂട്ടിനുതകുന്ന സാധനങ്ങളെ കാണുക. ഈ വക ലക്ഷണങ്ങൾ ഉണ്ടായാൽ ഏറ്റവും വേഗം വിവാഹം നടക്കുമെന്നു പറയണം. 

വിവാഹം പെട്ടെന്നു കഴിയുമെന്നു പറയേണ്ടതാണ്

വിക്രേതും സമുപാനയേദ്യദി തദാ കുണ്ഡീം വിഹായേതരൽ
പാത്രം ലോഹമയം സപുച്ഛമുകുരാലോകശ്ച തുംബേക്ഷണം
ആലോകഃ കളധൗതനിർമ്മിതപദാർത്ഥാനാം ദൃഗാമർശനം
തത്രോദ്വർത്തിതസൂപവീതദൃഗമീ ക്ഷിപ്രം വിവാഹപ്രദാഃ

സാരം :-

വിവാഹപ്രശ്നകാലത്ത് കിണ്ടി ഒഴിച്ച് ലോഹംകൊണ്ടുള്ള മറ്റേതെങ്കിലും പത്രങ്ങൾ വില്ക്കുന്നതിനായി കൊണ്ടുവരിക, വാൽകണ്ണാടി, തുമ്പപ്പൂവ്, വെള്ളികൊണ്ടുചെയ്യപ്പെട്ട പദാർത്ഥങ്ങൾ, ഇവയെ കാണാൻ ഇടവരുന്നതും തേച്ചുകുളിച്ചു നല്ല പൂണുനൂൽ ധരിച്ച പുരുഷനെ കാണുന്നതും കൈകൊണ്ടു കണ്ണിൽ തൊടുന്നതും കാണാനിടവന്നാൽ പെട്ടെന്നു വിവാഹം കഴിയുമെന്നു പറയേണ്ടതാണ്. " ഉദ്വർത്തിതസൂപവീതധൃക് " എന്നതിന് പൂണൂനൂൽ മേല്പോട്ട് ഇളകി ധരിച്ച ആൾ എന്നു മനസ്സിലാക്കാം. ഉപനയനത്തിനു ശേഷമാണ് വിവാഹം. അതുകൊണ്ടാണ് ഉപവീതസ്പർശനാദികൾ വിവാഹത്തിന്റെ പൂർവ്വരൂപമായി കരുതുന്നത്.

വിവാഹത്തിനുദ്ദേശിച്ചിരിക്കുന്ന കന്യകയ്ക്കു ദോഷമുണ്ടെന്നു പറയണം

വാസോവിശ്ലഥനം പുംസഃ കസ്യചിദ്യോഷിതോƒഥവാ
വിവാഹപ്രശ്നസമയേ യദി ദുഷ്ടൈവ കന്യകാ.

സാരം :-

വിവാഹപ്രശ്നാരംഭസമയത്ത് ഏതോ പുരുഷന്റേയോ സ്ത്രീയുടേയോ ധരിച്ചിരിക്കുന്ന വസ്ത്രം പെട്ടെന്ന് അഴിഞ്ഞുപോകാൻ ഇടവരികയും അതു പ്രാശ്നികൻ കാണുകയും ചെയ്‌താൽ വിവാഹത്തിനുദ്ദേശിച്ചിരിക്കുന്ന കന്യകയ്ക്ക് ദോഷം സംഭവിച്ചുപോയി. അതായത് പരസംസർഗ്ഗമുള്ള സ്ത്രീയാണ് എന്നു പറയണം. ഇതുപോലെ സ്ത്രീകളുടെ മാറുമറച്ചിരിക്കുന്ന വസ്ത്രം പെട്ടെന്നു താഴെ വീണുപോയാലും ഈ ഫലം തന്നെ പറയാം. 

വിവാഹം പെട്ടെന്നു തന്നെ നടക്കുമെന്നു പറയണം

ആനീതിർവസനസ്യ വിക്രയകൃതേ ധൗതം കരേ തന്നവം
കട്യാം ബിഭ്രത ആഗമശ്ച നിതരാമിഷ്ടസ്യ പൃച്ഛാവിധൗ
ജന്തോർവാ മിഥുനേക്ഷണഞ്ച നചിരാദുദ്വാഹദം പൃച്ഛതാം
സ്ത്രീദോഷം ഖനനം ക്ഷിതോഃ ക്രകചശബ്ദോ വാ സമാവേദയേൽ.

സാരം :-

വിവാഹപ്രശ്നാരംഭസന്ദർഭത്തിൽ അവിടെ വസ്ത്രങ്ങൾ വില്പാനായി കൊണ്ടു വരികയോ, ഒരാൾ കോടിവസ്ത്രമുടുത്തും അലക്കിയ വസ്ത്രം കൈയിൽ ധരിച്ചും അവിടെ വരികയോ ഏതെങ്കിലും പ്രാണികൾ സംയോഗം ചെയ്യുന്നതു കാണുകയോ ചെയ്യാനിടവന്നാൽ വിവാഹം പെട്ടെന്നു തന്നെ നടക്കുമെന്നു പറയണം. ഇവിടെ കോടി വസ്ത്രം ധരിച്ചു വരുന്നയാൾ ദൈവജ്ഞന്റേയോ പ്രഷ്ടാവിന്റേയോ ഇഷ്ടനായിരിക്കണം. അഥവാ ഇഷ്ടശബ്ദംകൊണ്ടു രോഗാദികളാലും അംഗ വൈകല്യങ്ങളാലും മനഃപ്രീതിക്കു ഹാനിവരാത്തയാൾ എന്നും ഗ്രഹിക്കാവുന്നതാണ്. പ്രശ്നസമയത്ത് ആരെങ്കിലും ഭൂമി കുഴിക്കുകയോ, മരമറുക്കുന്ന ശബ്ദം കേൾക്കുകയോ ചെയ്യാനിടവന്നാൽ സ്ത്രീ ദുഷ്ടയാണെന്ന് അറിയേണ്ടതാണ്.

തീണ്ടാരിനിമിത്തം വിവാഹം വിഘ്നപ്പെടുമെന്നു പറയണം

* പാരന്തീതരലോഹിതാർത്തവസമാലോകേ ച കണ്‌ഡൂയന - 
പ്രേക്ഷായാമസൃഗീക്ഷണേ ച ഭവിതാ വിഘ്നോ രജോനിർഗമാൽ
ആവാരശ്രവണേ ലുലായഗജയോ ** രക്താർത്തവാലോകനേ
രേഖായാം യദി ചക്രമദ്ധ്യരചിതാംഭോജേ ന്യസേദ്വാപണം.

വിശ്ലേഷേ കരയോഃ കയോരപി ശവാലോകേ മൃതിപ്രേക്ഷണേ
വ്യാഹന്യേത കരഗ്രഹഃ കലഹവാഗോകർണ്ണനേപി ധ്രുവം
ആശൂദ്വാഹവിധായി ലക്ഷണമിദം യൽ പ്രോച്യതേƒതഃപരം
തത്തല്ലക്ഷ്ണദർശനേ തു കഥയേത്തത്തൽ ഫലം നിശ്ചയാൽ.

സാരം :-

പ്രശ്ന സന്ദർഭത്തിൽ ചുവന്ന പുഷ്പങ്ങളോ, ചോരയോ കാണുന്നതും ചൊറിയുന്നതും കാണാനിടവന്നാലും തീണ്ടാരിനിമിത്തം വിവാഹം വിഘ്നപ്പെടുമെന്നു പറയണം. 

പാതിരിപ്പൂ മിക്കവാറും ചുവന്നതാണെങ്കിലും ഈ പൂവുകണ്ടാൽ വിവാഹം വിഘ്നപ്പെടുമെന്നു പറയാൻ പാടില്ല.

വാസന്തി പാതിരിയാണെന്ന് വൃദ്ധദൈവജ്ഞന്മാർ വിശ്വസിച്ചുപോരുന്നു. പോത്ത്, ആന ഇവയുടെ ശബ്ദം കേൾക്കുക, ചുവന്നനിറമുള്ള പുഷ്പം കാണാനിടവരിക, രാശിചക്രരേഖയിലോ, ചക്രത്തിന്റെ നടുക്കു നാലു ദളങ്ങളായി കല്പിയ്ക്കുന്ന പത്മത്തിലോ ദൂതൻ സ്വർണ്ണം വയ്ക്കുക, രണ്ടുപേർ കൈകോർത്തു പിടിച്ചുനിന്നിട്ട് കൈവിട്ടു പിരിയുക, ശവമോ മരിയ്ക്കുന്നതോ കാണുക, കലഹവാക്കുകൾ കേൾക്കുക ഈ വക ലക്ഷണങ്ങളുണ്ടായാൽ വിവാഹം ഏതെങ്കിലും കാരണവശാൽ മുടങ്ങാനിടവരുമെന്നു പറയണം. ഇവിടെ ചുവന്ന നിറത്തിലുള്ള ഏതു പുഷ്പം കണ്ടാലും വിവാഹവിഘ്നം സംഭവിക്കും.

-------------------------------------------

* വാസന്തീതര,

** ഗജയോരർക്കാർത്ത

പുനർവിവാഹ നിമിത്തങ്ങൾ

സ്ത്രീഭ്യാം യുക്തേന പുംസാ പരിണതനൃയുജാ ഗോവൃഷാഭ്യാമുഭാഭ്യാ -
മാരബ്ധപ്രശ്നകൃത്യാ പുനരുപയമനശ്ലാഘിവാചാ തഥൈതൈഃ
ദൈവാൽ പ്രശ്നോപയാതൈഃ പുനരുപയമനം പൃച്ഛതഃ കീർത്തനീയം
കഥ്യന്തേ ലക്ഷണാന്യപ്യുപയമനവിരോധീനി പുഷ്പോദ്ഗമാദ്യൈഃ.

സാരം :-

വിവാഹപ്രശ്ന സന്ദർഭത്തിൽ വിവാഹപ്രശ്ന സ്ഥലത്ത് ഒരു പുരുഷൻ രണ്ടു സ്ത്രീകളോടുകൂടി വരികയോ, അല്ലെങ്കിൽ യൌവനം കഴിഞ്ഞ ഭാര്യാഭർത്താക്കന്മാർ വരികയോ, ഒരു പശുവും ഒരു കാളയും കൂടി വരികയോ ചെയ്താലും ചക്രലേഖനം മുതലായ ദൂത്യകർമ്മങ്ങൾ രണ്ടുപേർ കൂടി നിർവഹിച്ചാലും പുനർ വിവാഹത്തിനനുകൂലങ്ങളായ വാക്കുകൾ ആരെങ്കിലും പറയുന്നതു കേൾക്കാനിടവന്നാലും ഇവിടെ പുനർവിവാഹത്തിന് ഇടവരുമെന്നു പറയണം. ഈ വക ലക്ഷണങ്ങൾ യാദൃച്ഛികമായി സംഭവിക്കേണ്ടതാണ്. മനഃപൂർവ്വം വരുത്തിക്കൂട്ടുന്ന നിമിത്തങ്ങൾകൊണ്ട് ഫലം പറയരുതെന്ന് ഇതുകൊണ്ടു സൂചിപ്പിക്കുന്നു.

"ഗോവൃഷാഭ്യാമുഭാദ്യാ " മെന്ന ഭാഗംകൊണ്ട് ഏകഭാര്യാനിഷ്ഠയില്ലാത്ത മറ്റു ജന്തുക്കൾ വന്നാലും ബഹുഭാര്യാപരമായ പുരുഷൻ വന്നാലും പുനർവിവാഹം വേണ്ടിവരുമെന്നു പറയാം. 

യാമശുക്രൻ കാരണം നിശ്ചയിച്ച സമയത്തു വിവാഹം നടത്താൻ സാധിക്കയില്ല

ആരൂഢാദ്യാമശുക്രേ വ്യയരിപുമൃതിഗേ
തസ്യ കർമ്മേശ്വരേ വാ
ശുക്രേ വാ യാമശുക്രാദിഹ ഖലു സമയേ
നൈവ സിദ്ധ്യേദ്വിവാഹഃ
യോഗേ യാമാച്ഛലഗ്നാധിപതിഭൃഗുഭുവാം
മാന്ദികേതൂരഗാഢ്യേ
തദ്ദൃഷ്ടേ വാ വിവാഹാദുപരി നഹി സുഖം
വല്ലഭസ്യാപി വധ്വാഃ. ഇതി

സാരം :-

യാമശുക്രൻ ഗുളികനെപ്പോലെ ഒരു ഗ്രഹമാണ്. ഞായറാഴ്ച ഇരുപത്തിരണ്ടും തിങ്കളാഴ്ച പതിനെട്ടും ചൊവ്വാഴ്ച പതിനാലും ബുധനാഴ്ച പത്തും വ്യാഴാഴ്ച ആറും വെള്ളിയാഴ്ച രണ്ടും ശനിയാഴ്ച ഇരുപത്താറും നാഴികയ്ക്കാണ് യാമശുക്രന്റെ ഉദയം. 

രാത്രിയുടേയും പകലിന്റേയും കൂടുതൽ കുറവനുസരിച്ച് ഗുളികനാഴിക സൂക്ഷപ്പെടുത്തുന്നതുപോലെ യാമശുക്രന്റെ ഉദയനാഴികയും സൂക്ഷ്മപ്പെടുത്തി ഗുളികസ്ഫുടം വരുത്തുന്നതുപോലെ യാമശുക്രസ്ഫുടവും വരുത്തികൊള്ളണം. 

ഇങ്ങിനെ വരുത്തിയ യാമശുക്രനോ അല്ലെങ്കിൽ ഈ യാമശുക്രന്റെ പത്താംഭാവനാഥനോ ആരൂഢത്തിന്റെ ആറ്, എട്ട്, പന്ത്രണ്ട് എന്നീ ഭാവങ്ങളിൽ വന്നാൽ നിശ്ചയിച്ച സമയത്തു വിവാഹം നടത്താൻ സാധിക്കയില്ലെന്നു പറയണം.

യാമശുക്രന്റെ ആറിലോ, എട്ടിലോ, പന്ത്രണ്ടിലോ ശുക്രൻ വന്നാലും നിശ്ചയിച്ച സമയത്തു വിവാഹം നടത്താൻ സാധിക്കയില്ല. 

യാമശുക്രൻ, ലഗ്നാധിപതി, ശുക്രൻ ഇവർ മൂന്നു പേരുടേയും സ്ഫുടങ്ങൾ തമ്മിൽ കൂട്ടിയയോഗസ്ഫുടത്തിൽ രാഹു, കേതു, ഗുളികൻ ഇവർ നിൽക്കുകയോ നോക്കുകയോ ചെയ്‌താൽ ഭാര്യാഭർത്താക്കന്മാർക്കു രണ്ടുപേർക്കും വിവാഹത്തിനുശേഷം സുഖമുണ്ടാകുന്നതല്ല. ഇവിടെ രാഹുകേതുക്കളോ ഗുളികനോ പ്രത്യേകം ദൃഷ്ടിയോഗം ചെയ്താലും ഈ ഫലം പറയാം. പക്ഷേ എല്ലാം കൂടി ഉണ്ടായാൽ ഫലം ദൃഢമായിരിക്കും. ഇങ്ങിനെ പ്രശ്നസംഗ്രഹത്തിൽ വിവാഹപ്രശ്നത്തെപ്പറ്റി പ്രതിപാദിക്കുന്ന ഭാഗങ്ങൽ ഇവിടെ കാണിച്ചിരിക്കുന്നു. 

എട്ടാമത്തെ മാസത്തിൽ ഭാര്യാഭർത്താക്കന്മാർക്ക് മരണമുണ്ടാകും / വിവാഹംമുതൽ ഏഴാമത്തെ മാസത്തിൽ ഭർത്താവിനു മരണമുണ്ടാകും

പാപാഢ്യോ നിധനാരിഗോ ഹിമകരോ വർഷേഷ്ടമേ മൃത്യുകൃ - 
ദ്ദമ്പത്യോരഥ തത്രഗസ്യ ശശിനോ ദ്വിണ്‍മൃത്യുഗശ്ചേൽ കുജഃ
ഗച്ഛേന്മൃത്യുമപുത്ര ഏവ നവമാദബ്ദാൽ പുരായം പുമാൻ
മാസേ സപ്തമ ഏവ ലഗ്നമദയോശ്ചന്ദ്രാസൃജൗ ചേൽ സ്ഥിതൗ.

സാരം :-

പാപഗ്രഹത്തോടുകൂടിയ ചന്ദ്രൻ ലഗ്നാരൂഢങ്ങളിൽനിന്ന് എട്ടാം ഭാവത്തിലോ, ആറാം ഭാവത്തിലോ നിന്നാൽ വിവാഹകാലം മുതൽ എട്ടാമത്തെ മാസത്തിൽ ഭാര്യാഭർത്താക്കന്മാർക്ക് രണ്ടുപേർക്കും മരണമുണ്ടാകും. 

ചന്ദ്രൻ ആറാം ഭാവത്തിലോ എട്ടാം ഭാവത്തിലോ നിൽക്കുകയും ചന്ദ്രന്റെ ആറാം ഭാവത്തിലോ എട്ടാം ഭാവത്തിലോ ചൊവ്വ വരികയും ചെയ്‌താൽ വിവാഹത്തിനുമേൽ ഒൻപതുവത്സരത്തിനകം ഭർത്താവ് മരിക്കുമെന്നും സന്താനലാഭം ഉണ്ടാകയില്ലെന്നും അറിയണം. 

ലഗ്നത്തിലോ, ഏഴാം ഭാവത്തിലോ ചന്ദ്രനും ചൊവ്വയുംകൂടി ചേർന്നുനിന്നാൽ വിവാഹംമുതൽ ഏഴാമത്തെ മാസത്തിൽ ഭർത്താവിനു മരണം സംഭവികുമെന്നു അറിയേണ്ടതാണ്.

" ലഗ്നമദയോഃ ചന്ദ്രാസൃജൌ " എന്ന ഭാവംകൊണ്ടു പാപയോഗത്താൽ ഏതൊരുഫലം പറയുന്നുവോ, ആ ഫലം പാപദൃഷ്ടികൊണ്ടും പറയാമെന്നു സ്പഷ്ടവുമാകുന്നു.

രോഗമുണ്ടാകനിമിത്തം വിവാഹം മുടങ്ങാനിടവരുമെന്നു പറയണം / ബന്ധുക്കൾ തമ്മിലുള്ള സ്വൈരക്കുറവുകൊണ്ടും വിവാഹവിഘ്നം സംഭവിക്കാം / വ്യഭിചാരിണിയാണെന്ന് അറിയണം

പാപാഃ പാപവിലോകിതാ നിധനഗാ നീചാരിവേശ്മാശ്രിതാ
വിഘ്നാനാം ജനകാ വിവാഹസമയേ കേനാപി വാ ഹേതുനാ
ഏവം ഷഷ്ഠഗതാ വധൂവരരുജാ യദ്വാനയോർബന്ധുഭിഃ
പ്രശ്നേ പക്ഷിമൃഗോരഗാദിസുരതേ ദൃഷ്ടേ വധൂർജാരിണീ.

സാരം :-

ലഗ്നത്തിന്റെ എട്ടാം ഭാവത്തിൽ പാപഗ്രഹദൃഷ്ടിയോടുകൂടി പാപഗ്രഹങ്ങൾ നില്ക്കണം. അത് നീചത്തിലോ ശത്രുക്ഷേത്രത്തിലോ ആയിരിക്കയും വേണം ഈ യോഗമുണ്ടായാൽ എന്തെങ്കിലും കാരണമുണ്ടായി വിവാഹം വിഘ്നപ്പെടുമെന്നും പറയണം.

പാപഗ്രഹദൃഷ്ടിയോടുകൂടിയ പാപഗ്രഹങ്ങൾ ആറാംഭാവത്തിൽ നില്ക്കുക, ശത്രു ക്ഷേത്രത്തിലോ നീചത്തിലോ ആയിരിക്കുക, ഈ യോഗമുണ്ടായാൽ കന്യകയ്ക്കോ, പുരുഷനോ രോഗമുണ്ടാകനിമിത്തം വിവാഹം മുടങ്ങാനിടവരുമെന്നു പറയണം. അല്ലെങ്കിൽ ബന്ധുക്കൾ തമ്മിലുള്ള സ്വൈരക്കുറവുകൊണ്ടും വിവാഹവിഘ്നം സംഭവിക്കാം. ഇവിടെ " പാപാഃ " എന്നു ബഹുവചനം പ്രയോഗിച്ചിരിക്കുന്നതുകൊണ്ടു രണ്ടിലധികം പാപഗ്രഹങ്ങൾ ഉണ്ടായിരുന്നാൽ ഫലത്തിന് ഏറ്റവും ദാർഢ്യമുണ്ടെന്നു സൂചിപ്പിച്ചിരിക്കുന്നു.

പ്രശ്നസമയത്തു പക്ഷികൾ, മൃഗങ്ങൾ, സർപ്പങ്ങൾ മുതലായ ജന്തുക്കൾ തമ്മിൽ ഇണചേരുന്നതായി കണ്ടാൽ കന്യക വ്യഭിചാരിണിയാണെന്ന് അറിയണം.

വിവാഹപ്രശ്നത്തിലെ ശരീര സ്പർശ ലക്ഷണം / വിവാഹം നടക്കുമെന്നു പറയണം

സ്പർശോ ദക്ഷിണബാഹുവത്സശിരസാം
പാണിഗ്രഹേ സിദ്ധികൃ-
ജ്ജാന്വംഘ്ര്യോസ്തു വിളംബകൃൽ പരകരേ
പൃഷ്ഠേ കടൗ വിഘ്നകൃൽ
വേശ്മസ്ഥൗ തു മിഥഃ സുഹൃദ്ഭവനഗൌ
യദ്വോച്ചഗൗ വേക്ഷിതേ
യുക്തൗ വാ മദലഗ്നപൗ
തനുപശുക്രൗ വാത്ര സിദ്ധിപ്രദൗ.

സാരം :-

പ്രഷ്ടാവു പ്രശ്നക്കാരനോടു കാര്യം പറയുമ്പോൾ കൈകൊണ്ടു വലത്തെ കൈയിലോ, മാറിടത്തിലോ തലയിലോ തൊടുന്നു എങ്കിൽ വിവാഹം പെട്ടെന്നു സാധിക്കുമെന്നു പറയണം.

കരഗ്രഹാലിംഗനചുംബനാവയവങ്ങളായ സ്ഥാനങ്ങളാണ് കയ്യും മാറും ശിരസ്സും. അവിടെ സ്പർശിച്ചാൽ ഭാര്യാഭർത്തൃബന്ധമുണ്ടാകുമെന്നു പറയണം. ഗമനാവയവങ്ങളായ കാലിലും സങ്കോചാവയവമായ മുട്ടുകളിലും തൊട്ടാൽ വിവാഹത്തിനു താമസമുണ്ടാകുമെന്നു പറയണം. ഇതുപോലെ ഇടത്തെ കയ്യിലോ, മുതുകത്തോ, അരക്കെട്ടിന്റെ പുറകുഭാഗത്തോ തൊട്ടാൽ വിവാഹനിശ്ചയത്തിനുശേഷം ഏതോ കാരണവശാൽ വിഘ്നത്തിനിടവരുമെന്നും പറയണം.

ലഗ്നാധിപതിയും ഏഴാം ഭാവാധിപതിയും പരസ്പരം അവരുടെ ക്ഷേത്രങ്ങളിൽ മാറി നില്ക്കുകയോ, ഇല്ലെങ്കിൽ ബന്ധുക്കളുടെ രാശിയിൽ നിൽക്കുകയോ, ഉച്ചരാശിയിൽ നിൽക്കുകയോ, പരസ്പരം നോക്കുകയോ രണ്ടുപേരും കൂടി ഒരു രാശിയിൽ നിൽക്കുകയോ ചെയ്‌താൽ വിവാഹം നടക്കുമെന്നു പറയണം. ഇവിടെ " മിഥഃ " എന്നുള്ളത് " വേശ്മസ്ഥൗ" എന്നു തുടങ്ങി നാലു യോഗങ്ങളിലും ചേർക്കണമെന്നുള്ള അഭിപ്രായത്തിനു അല്പം അസംഗത്യം ഉണ്ട്. അതായത് ചിങ്ങം ലഗ്നമാണെന്നിരിക്കട്ടെ, ആപ്പോൾ ലഗ്നാധിപതി സൂര്യനും ഏഴാം ഭാവാധിപതി ശനിയുമാണല്ലോ. അപ്പോൾ ലഗ്നാധിപതിയുടെ ഉച്ചരാശിയിൽ ഏഴാം ഭാവാധിപതിക്കു നീചവും ഏഴാംഭാവാധിപതിയുടെ ഉച്ച രാശിയിൽ ലഗ്നാധിപതിക്കു നീചവുമാണ്. കഴിഞ്ഞ ഭാഗംകൊണ്ടു നീചസ്ഥിതിയ്ക്കുള്ള ദോഷവും തെളിയിച്ചിട്ടുണ്ട്. അതിനാൽ " മിഥ " എന്നുള്ളത് " വേശ്മസ്ഥൗ " എന്നുള്ളതിനോടുമാത്രം അന്വയിക്കുന്നതാണ് ഏറ്റവും യോജിക്കുന്നത്. ഈക്ഷിതൌ എന്നും യുക്തൗ എന്നും ഉള്ള രണ്ടു സ്ഥാനങ്ങളിലുംകൂട്ടി യോജിപ്പിക്കാം. അതും സംഗതം തന്നെ.

ലഗ്നാധിപനും ഏഴാംഭാവാധിപതിയും ആണ് മേൽപ്രകാരം നിൽക്കേണ്ടത്. അല്ലെങ്കിൽ ലഗ്നാധിപതിയും ഭർത്തൃകാരകനായ ശുക്രനും മേൽപ്രകാരം നിന്നാലും മതി. " തനുപശുക്രൌ വം " ഭാവംകൊണ്ട് ആരൂഢാഥിപതി അതിന്റെ ഏഴാംഭാവാധിപതി അല്ലെങ്കിൽ ശുക്രൻ ഇവരെക്കൊണ്ടും "വേശ്മസ്ഥൗ" എന്നു തുടങ്ങിയ ലക്ഷണങ്ങൾ ചിന്തിക്കാമെന്നു സൂചിപ്പിച്ചിരിക്കുന്നു.

" യസ്യ യസ്യ വിലഗ്നേന സംബന്ധോ ലഗ്നപേന വാ
ദൃഗ്യോഗകേന്ദ്രഗത്യാദ്യൈസ്സ സ ഭവോനുഭൂയതേ "

എന്ന ഭാവചിന്താതത്വമനുസരിച്ചു ലഗ്നാരൂഢതത്സപ്തമങ്ങളെക്കൊണ്ടു യഥായുക്തി ചിന്തിച്ചു പറയേണ്ടതാണെന്നു സ്പഷ്ടമാകുന്നു. ഭാവനാഥനോടുകൂടി കാരകഗ്രഹത്തിനും കാരകഗ്രഹത്തോടൊപ്പം ഭാവഭാവനാഥന്മാർക്കും ഫലദാതൃകർത്തൃത്വമുണ്ടെന്നു " തനുപശുക്രൌവാ " എന്ന ഭാഗം കൊണ്ടു പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.