ഒരാൾ തനിയെ പോകുമ്പോൾ ഉണ്ടാകുന്ന ശകുനഫലം തനിക്ക് മാത്രം അനുഭവമാകുന്നു

പഥ്യാത്മാനം, നൃപം സൈന്യേ, പുരേ ചോദ്ദിശ്യ ദേവതാം,
സാർഥേ പ്രധാനം, സാമ്യേ തു ജാതിവിദ്യാവയോധികം. ഇതി.

സാരം :-

ഒരാൾ തനിയെ പോകുമ്പോൾ ഉണ്ടാകുന്ന ശകുനഫലം തനിക്ക് മാത്രം അനുഭവമാകുന്നു. 

സൈന്യങ്ങളുടെ (പടയാളികളുടെ) പുറപ്പാടിലും മറ്റും ഉണ്ടാകുന്ന ശകുനഫലം രാജാവനുഭവിക്കുന്നു. 

രാജധാനിയിൽ വച്ച് സംഭവിക്കുന്ന ഒരു ശകുനത്തിന്റെ ഫലം അവിടെയുള്ള പുരദേവത അനുഭവിക്കുന്നു. അതായത് ആ പുരവാസികളായ ജനങ്ങൾക്ക് പൊതുവെ സംബന്ധിക്കുന്നു. 

ഒട്ടധികം ജനങ്ങൾ സംഘം ചേർന്ന് പുറപ്പെടുമ്പോൾ ഉണ്ടാകുന്ന ശകുനത്തിന്റെ ഫലം ആ കൂട്ടത്തിൽ പ്രധാനി അനുഭവിക്കുന്നു. 

എല്ലാവർക്കും പ്രാധാന്യം തുല്യമാണെന്നു വരുന്ന പക്ഷം ജാതി കൊണ്ട് പ്രാധാന്യം ഉള്ളയാൾക്കും അതും തുല്യമായി വന്നാൽ വിദ്വത്തം കൂടുതലുള്ളയാൾക്കും അതും പക്ഷേ തുല്യമായി വന്നാൽ പ്രായം കൂടുതലുള്ളയാൾക്കും ആണ് ശകുനഫലത്തിന്റെ ഫലത്തിന്റെ അനുഭവം.

സന്ധ്യാനുഷ്ഠാനങ്ങള്‍

വൈകുന്നേരം ആറിനും ഏഴിനും ഇടയിലുള്ള സമയമാണ് ത്രിസന്ധ്യാനേരം. ഈ വേള ആഹാരത്തിനോ മറ്റു കാര്യങ്ങള്‍ക്കോ വിനിയോഗിക്കാതെ സന്ധ്യാനുഷ്ഠാനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തേണ്ടതാണ്.

 'സം' എന്നാല്‍ സമ്യക്കായ, ശരിയായ എന്നും 'ധ്യാ' എന്നാല്‍ ധ്യാനം എന്നുമാണ് അര്‍ത്ഥമെന്നതുകൊണ്ട് ശരിയായ ധ്യാനത്തിന് സന്ധ്യാ എന്നുപറയാം. കുളിച്ച് വൃത്തിയായി (ദേഹശുദ്ധി വരുത്തിയതിനുശേഷം) എല്ലാവരും സ്വഗൃഹങ്ങളില്‍ പ്രവേശിക്കുക. 

വീടും ചുറ്റുപാടുകളും തൂത്തുവാരി ശുദ്ധമാക്കിയിരിക്കണം. ഗൃഹത്തിലെ ഗൃഹനാഥ ഭയഭക്തി ബഹുമാനങ്ങളോടെ മന്ത്രം ചൊല്ലി സന്ധ്യാദീപം കൊളുത്തണം. അതോടൊപ്പം ഈ മന്ത്രവും ഉരുവിടണം.

 ശുഭം കരോതു കല്യാണം ആയുരാരോഗ്യ വര്‍ദ്ധനം സര്‍വ്വശത്രു വിനാശായ സന്ധ്യാദീപം നമോ നമഃ 

ആരോഗ്യം, ധനം, ശത്രുദോഷമില്ലായ്മ തുടങ്ങിയവയെല്ലാം ശുഭകരമാക്കിത്തീര്‍ക്കാന്‍ ദീപജ്യോതിയെ നമസ്‌കരിക്കുന്നു. 

ഗായത്രീ മന്ത്രം - മന്ത്രങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളതാണ് ഗായത്രീ മന്ത്രം. ബ്രഹ്മാവിന്റെ മുഖത്തുനിന്ന് ആദ്യം ഉണ്ടായ വേദമന്ത്രം 'ഓം' ആണെന്ന് വിശ്വസിക്കപ്പെടുന്നു. ആ ഓങ്കാരത്തില്‍ ആരംഭിക്കുന്ന ഈ മന്ത്രം സാര്‍വ്വലൗകികമായ ഒരു പ്രാര്‍ത്ഥനയാണ്.

 കാലദേശ അവസ്ഥാ ഉപാധികളെ ലംഘിക്കാതെ നിര്‍മ്മല മനസ്സോടെ ശാന്തചിത്തരായ ഏവര്‍ക്കും ഇതു ജപിക്കുവാനുള്ള അവകാശമുണ്ട്. ജഗത്‌സൃഷ്ടിയുടെ പ്രകടരൂപവും ജ്യോതിസ്സുമായ സൂര്യനോടുള്ള പ്രാര്‍ത്ഥനയാണ് ഗായത്രി. 

ഗാനം ചെയ്താല്‍ ത്രാണനം ഉറപ്പായ മന്ത്രം. ഗായത്രിയിലെ ഇരുപത്തിനാല് അക്ഷരങ്ങളെ ക്രമത്തില്‍ ഓരോന്നിനെയും ഒരായിരം ശ്ലോകങ്ങളായി ആദികവി വികസിപ്പിച്ചതാണ് രാമായണമെന്ന് പറയപ്പെടുന്നു.

 പ്രഭാതത്തില്‍ ജപിക്കുമ്പോള്‍ അതുവരെ ചെയ്ത പാപങ്ങളും പ്രദോഷത്തിലാവുമ്പോള്‍ രാവിലെ മുതല്‍ ആ സമയം വരെയുള്ള പാപങ്ങളും പൊറുക്കപ്പെടുമെന്നു വിശ്വസിക്കുന്നു. 

''ഓം ഭൂര്‍ഭുവഃ സ്വഃ തത് സവിതുര്‍ വരേണ്യം ഭര്‍ഗോ ദേവസ്യ ധീ മഹി ധിയോ യോ നഃ പ്രചോദയാത്''

 ഭൂമിയിലും അന്തരീക്ഷത്തിലും സ്വര്‍ഗ്ഗത്തിലും നിറഞ്ഞിരിക്കുന്ന സവിതാവാകുന്ന ദേവന്റെ ഭര്‍ഗ്ഗ തേജസ്സിനെ ധ്യേയരൂപേണ ഉപാസിക്കുന്നുവെന്നും അത് ഞങ്ങളുടെ പാപത്തെ അകറ്റി ബുദ്ധിയെ ഉണര്‍ത്തട്ടെ എന്നു സാരം. 

നിലവിളക്ക് എന്നും നിലനില്‍ക്കുന്ന വിളക്ക്, നിലത്തുവക്കുന്ന വിളക്ക്, നിലയങ്ങളിലെ വിളക്ക്, നിലയുള്ള വിളക്ക് എന്നിങ്ങനെ പല അര്‍ത്ഥങ്ങളും നിലവിളക്കിനുണ്ട്. ഗൃഹങ്ങളിലും ക്ഷേത്രങ്ങളിലും മറ്റു പുണ്യ സ്ഥലങ്ങളിലും നിലവിളക്ക് കത്തിച്ചുവക്കാറുണ്ട്. സ്വയം പ്രകാശിക്കുകയും മറ്റുള്ളവയെ പ്രകാശിപ്പിക്കുകയും ചെയ്യുന്നതാണിത്.

 അജ്ഞതയാകുന്ന അന്ധകാരത്തെ അകറ്റി അവനവന്റെ ഉള്ളിലേക്കുപോലും വെളിച്ചമേകുന്നതാണ് നിലവിളക്കെന്ന് ഭാരതീയ സംസ്‌കാരം ഘോഷിക്കുന്നുണ്ട്.

 നിലവിളക്ക്ഓടുകൊണ്ടുണ്ടാക്കിയതായിരിക്കണം. മനുഷ്യശരീരത്തിനാവശ്യമായ പഞ്ചലോഹങ്ങള്‍ സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, ഇരുമ്പ്, ഈയം മുതലായവ നിത്യജീവിതത്തില്‍നിന്ന് ലഭ്യമാവേണ്ടതുണ്ട്. കാരണം ഇവ പ്രാണോര്‍ജ്ജത്തെ ബലപ്പെടുത്തുന്നവയാണ്.

 ഓട്ടുവിളക്കിലൂടെ ഇവയുടെ വലിയൊരംശം നികന്ന് കിട്ടുന്നു. നിലവിളക്ക് നിത്യേന വൃത്തിയുള്ളതും തിളക്കമുള്ളതുമാക്കി വക്കേണ്ടതാണ്. ഐശ്വര്യദേവതയായ മഹാലക്ഷ്മിയും വിജ്ഞാന ദേവതയായ സരസ്വതീദേവിയുമാണ് നിലവിളക്കിനെ പ്രതിനിനിധാനം ചെയ്യുന്നത്.

 സരസ്വതീദേവിയുടെ പ്രതീകമായ പ്രഭാതദീപം പരലോകസുഖത്തെയും മഹാലക്ഷ്മിയുടെ പ്രതീകമായ സായംസന്ധ്യാ ദീപം ഇഹലോകസുഖത്തെയും പ്രദാനം ചെയ്യുന്നു. 

എണ്ണ -  നിലവിളക്കില്‍ എള്ളെണ്ണ ഒഴിച്ചാണ് കത്തിക്കേണ്ടത്. ശനിഗ്രഹത്തെ പ്രതിനിധാനം ചെയ്യുന്ന എള്ള് ഇരുമ്പുദായകവുമാണ്. നമ്മുടെ ശരീരത്തിന് ഏറ്റവും കൂടുതല്‍ ദൗര്‍ലഭ്യം അനുഭവപ്പെടുന്ന ലോഹം ഇരുമ്പാണല്ലോ? അതുകൊണ്ടാവാം ഭക്ഷ്യാവശ്യങ്ങള്‍ക്കും തേച്ചുകുളിക്കാനും എള്ളെണ്ണയാണ് ഉപയോഗിക്കുന്നത്. 

നിലവിളക്കിന്റെ ലോഹമിശ്രിതവും എള്ളെണ്ണയുടെ ഇരുമ്പുഗുണവും ചേര്‍ന്ന് ചൂടാവുമ്പോള്‍ അന്തരീക്ഷത്തില്‍ ധാരാളം പ്രാണോര്‍ജ്ജം പ്രസരിക്കുകയും രോഗബീജാണുക്കളെ നശിപ്പിക്കയും ചെയ്യും. പകല്‍ സമയത്ത് സൂര്യന്റെ ചൂടിനാല്‍ അന്തരീക്ഷമാലിന്യങ്ങളും അണുക്കളും എല്ലാം മേല്‍പ്പോട്ട് പോവുകയും സൂര്യതാപമസ്തമിക്കുന്ന സമയം സായംസന്ധ്യകളില്‍ ഇവ വീണ്ടും പ്രത്യേക്ഷപ്പെടുകയും ചെയ്യുന്നു.

 സന്ധ്യാസമയത്തെ ദീപത്തിന് ഇവയെല്ലാം നശിപ്പിക്കുവാന്‍ പ്രത്യേക കഴിവുണ്ട്. വിഷാണുക്കള്‍ നമ്മുടെ പചന-ചംക്രമണ-നാഡീവ്യൂങ്ങളെയും മനസ്സിനെയും ബാധിക്കാതിരിക്കാനാണ് ശുദ്ധമായ ശരീരത്തോടെ ഏകാഗ്രമായി സന്ധ്യാനാമം ജപിക്കുവാന്‍ നിഷ്‌കര്‍ഷിക്കുന്നത്.

 പ്രഭാതത്തിലെ ദീപമാവട്ടെ ബ്രാഹ്മമുഹൂര്‍ത്തത്തിന്റെ പരിശുദ്ധിയില്‍ പ്രത്യേക ഉണര്‍വ്വും പ്രദാനംചെയ്യുന്നു. വിജ്ഞാനദേവതയായ സരസ്വതീ ദേവി പ്രഭാതദീപത്തില്‍ കുടികൊള്ളുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഈ സമയത്തെ വായന ഏറെ ഗുണകരമാണ്. മനസ്സ് അപ്പോള്‍ വെള്ളക്കടലാസ് പോലെ നിര്‍മ്മലമായിരിക്കും.

ശുഭശകുനമോ അശുഭശകുനമോ ഉണ്ടായാൽ അതുകൊണ്ടു സൂചിപ്പിക്കപ്പെട്ട ഫലങ്ങളെ അനുഭവിക്കുന്നവർ ഇന്നവരാണെന്നു

സദസച്ഛകുനോദ്ഭൂതൗ കർതൃഭിദാസ്ത്യേവ തൽഫലാനുഭവേ
മാർഗാദിഭേദവശതസ്തദപി ച ശാസ്ത്രാന്തരേ കഥിതം.

സാരം :-

ശുഭശകുനമോ അശുഭശകുനമോ ഉണ്ടായാൽ അതുകൊണ്ടു സൂചിപ്പിക്കപ്പെട്ട ഫലങ്ങളെ അനുഭവിക്കുന്നവർ ഇന്നവരാണെന്നു ശകുനം ഉണ്ടാവുന്ന സ്ഥലത്തിന്റെ അവസ്ഥനോക്കി തീർച്ചപ്പെടുത്തേണ്ടതാകുന്നു. അതു ശാസ്ത്രാന്തരങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഇവിടെ ശകുനമെന്നു പറഞ്ഞതുകൊണ്ടു നിമിത്തങ്ങളേയും ഗ്രഹിച്ചുകൊള്ളണം.

ശിവക്ഷേത്രത്തിലെ പ്രദക്ഷിണ രീതി എപ്രകാരമാണ്?

ശിവക്ഷേത്രത്തിലെ പ്രദക്ഷിണ രീതി തികച്ചും വ്യത്യസ്തമാണ്.അഭിഷേകജലം ഒഴുകിപോകുന്നതിനുള്ള ഓവിന് സമീപം വരെ പ്രദക്ഷിണമായി വന്ന് വീണ്ടും അപ്രദക്ഷിണമായി തിരിച്ചുപോകുകയാണ് ചെയ്യുന്നത്. പ്രദക്ഷിണവും അപ്രദക്ഷിണവും ഒരുമിച്ചുചെയ്യുന്ന ഈ പ്രക്രീയയെ സവ്യാപസവ്യമാർഗ്ഗമെന്നു പറയുന്നു. ശിവലിംഗത്തിന് നേരെ ഉത്തരഭാഗത്തുള്ള സോമസ്ഥാനംവരെ ഒരു ഋജുരേഖ വരച്ചാൽ അതിനെ സോമസൂത്രം എന്ന് പറയുന്നു.ശിവാഗമത്തിൽ സോമസൂത്രം മുറിച്ചുകടക്കരുത് എന്ന് പറയുന്നു. 

യോഗമാർഗ്ഗാനുസന്ധാനമാകുന്ന പ്രാണായാമ പ്രക്രീയയാണ് ശിവപ്രദക്ഷിണം. കിഴക്കുനിന്നും പുറപ്പെട്ട പ്രദക്ഷിണമായി ക്ഷേത്രാങ്കണത്തിലൂടെ സോമസൂത്രംവരെ ചെല്ലുമ്പോൾ അത് ശിവക്ഷേത്രമാണെങ്കിൽ സഹസ്രാരത്തിലുള്ള ബ്രഹ്മരന്ത്രംവരെ സാധകൻ പോകുകയാണ് ചെയ്യുന്നത്. മറ്റ് ദേവീ ദേവൻമാർ ശിവസ്ഥാനത്തിനു താഴെമാത്രം വർത്തിക്കുന്നതിനാൽ ആ ദേവൻ്മാരെയെല്ലാം മുഴുവനായും പ്രദക്ഷിണം വക്കാമെന്നു വരുന്നു. പക്ഷെ ശിവക്ഷേത്രത്തിൽ ഈ പ്രദക്ഷിണമാർഗ്ഗം സോമബിന്ദുവിൽ അവസാനിക്കുകയാണ് ചെയ്യുന്നത്. അതിനാൽ ശിവക്ഷേത്രത്തിൽ പ്രദക്ഷിണം വടക്ക് സോമസൂത്രംവരയെ ചെയ്യാൻപാടുള്ളു. അവിടെനിന്നു ശ്രീകോവിലിൽ ഇരുന്നരുളുന്ന ശിവലിംഗത്തെ വന്ദിച് അഥവാ ബ്രഹ്മരന്ത്രത്തിന്റെ സാക്ഷാൽസ്ഥാനമായ താഴികകുടത്തെ നോക്കിതൊഴുത് ആരാധകൻ അപ്രദക്ഷിണമായി മടങ്ങുന്നു. അങ്ങനെ മടങ്ങുന്നത് സോമനാഡിയിലൂടെ വേണമെന്നുള്ളതിനാൽ ബലിക്കല്ലുകൾക്കപ്പുറമായി സോമദ്യോതകമായ മനോമണ്ഡലത്തിലൂടെ തന്നെ വേണമെന്ന് നിർബന്ധമാണ്. അപ്പോൾ ശിവക്ഷേത്രത്തിൽ നടക്കൽ നിന്ന് പുറപ്പെട് സോമസൂത്രംവരെ ബലിക്കല്ലുകൾക്ക് പുറത്തുകൂടി പ്രദക്ഷിണമായിപ്പോയി വീണ്ടും അപ്രദക്ഷിണമായി ബലിക്കല്ലുകൾക്കിടയിലൂടെ മടങ്ങുന്നു. അങ്ങനെ ഇഡാപിംഗളനാഡിയിലൂടെ പൂരകരേചകങ്ങളാകുന്ന പ്രാണായാമപ്രക്രീയ നടത്തുന്നപോലെ ഒരു ക്രീയയാണ് ശിവക്ഷേത്രത്തിലെ പ്രദക്ഷിണം. ഇത് ഉയർന്ന ഒരു യോഗാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്.


സന്താനക്ലേശ പരിഹാരത്തിന് ചെയ്യേണ്ടത് ?

         ഓരോ കുടുംബ ബന്ധങ്ങളും ഭദ്രമാകുന്നത് ആ കുടുംബത്തിൽ ഒരു കുഞ്ഞ് ജനിക്കുന്നതിലൂടെയാണ്. തുടർന്ന് കുഞ്ഞിന്റെ ആയുരാരോഗ്യ സൗഖ്യത്തിനു വേണ്ടി ജനനസമയദോഷങ്ങൾ കണ്ടു പിടിച്ച് പരിഹാരക്രിയകൾ ചെയ്യാനാരംഭിക്കുന്നു. പ്രശ്നങ്ങളുള്ള നാളുകളിൽ ജനിക്കുന്നതിലൂടെയും പിതൃ ശാപങ്ങളിലൂടെയും മാതാവിനോ, പിതാവിനോ സർപ്പശാപമോ ബാല ശാപമോ മറ്റു ശാപങ്ങളോ ഉണ്ടാകുന്നതിലൂടെയും സന്താനങ്ങൾക്ക് ഒന്നൊഴിയാതെ പ്രശ്നങ്ങൾ (അസുഖങ്ങൾ ) വന്നുകൊണ്ടിരിക്കും.

   കുഞ്ഞുങ്ങൾക്ക് ഇങ്ങനെ തുടർച്ചയായി രോഗങ്ങൾ വന്നുകൊണ്ടിരുന്നാൽ ആദ്യം ഗ്രഹങ്ങളുടെ ദോഷഫലങ്ങൾ അറിഞ്ഞ് പ്രവർത്തിക്കണം. കൂടാതെ പരിഹാരത്തിനായി ശിവ ഭജനമാണ് നടത്തേണ്ടത്. മൃത്യുഞ്ജയ മൂർത്തിയുടെ പ്രതിഷ്ഠയുള്ള ശിവക്ഷേത്ര ദർശനവും, മൃത്യുഞ്ജയാർച്ചനയും മൃത്യുഞ്ജയഹോമവും പരിഹാരമാണ്. സന്താന ശ്രേയസ്സിനായി വൈകുണ്ഠനാഥനെ സന്താനഗോപാലമൂർത്തിയായി പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രത്തിൽ ദർശനം നടത്തുന്നതും ഏറെ ഉത്തമമാണ്. ശിവക്ഷേത്ര ദർശനവും വഴിപാടും കഴിപ്പിക്കുന്നതോടൊപ്പം ശിവ പഞ്ചാക്ഷരസ്തോത്രം ജപിക്കുന്നതും സന്താനക്ലേശങ്ങൾ മാറുന്നതിന് പരിഹാരമാണ്. 'നമഃ ശിവായ ' എന്ന ശിവ പഞ്ചാക്ഷരി ഉരുവിടുന്നതും രക്ഷാ യന്ത്രമായി 'താരാ യന്ത്രം' വിധി പ്രകാരം തയ്യാറാക്കി ധരിക്കുന്നതും കുട്ടികൾക്കുണ്ടാകുന്ന രോഗാദി ക്ലേശങ്ങൾ അകറ്റാൻ സഹായകമാകുന്നു.

പ്രഷ്ടാവ് കഴിഞ്ഞ ജന്മത്തിൽ ശുഭമോ അശുഭമോ പ്രവർത്തിച്ചിട്ടുള്ളതെന്ന് ദൈവജ്ഞൻ വഴിയിൽ വച്ച് കാണുന്ന നിമിത്തങ്ങളെക്കൊണ്ട് അറിയാവുന്നതാണ്

അന്യജന്മാന്തരകൃതം പുംസാം കർമ ശുഭാശുഭം
യത്തസ്യ ശകുനഃ പാകം നിവേദയതി പൃച്ഛതാം.

സാരം :-

പ്രഷ്ടാവ് കഴിഞ്ഞ ജന്മത്തിൽ ശുഭമോ അശുഭമോ പ്രവർത്തിച്ചിട്ടുള്ളതെന്ന് ദൈവജ്ഞൻ വഴിയിൽ വച്ച് കാണുന്ന നിമിത്തങ്ങളെക്കൊണ്ട് അറിയാവുന്നതാണ്. അതായത് ഇപ്പോൾ പ്രഷ്ടാവ് അനുഭവിക്കുന്നത് കഴിഞ്ഞ ജന്മം ചെയ്യപ്പെട്ട പുണ്യ കർമ്മത്തിന്റെ ഫലമോ അതല്ല പാപ കർമ്മത്തിന്റെ ഫലമോ എന്നുള്ളത് ശുഭശകുനമാണെങ്കിൽ പുണ്യകർമ്മഫലമാണെന്നും അശുഭ ശകുനമാണെങ്കിൽ പാപ കർമ്മഫലമാണെന്നും പറയണം.

കുറി തൊടുന്നത് ഐശ്വര്യത്തിന് വാതില്‍ തുറക്കുന്നു

ഓരോ ആഴ്ചയിലും കുറി തൊടേണ്ടതിന്റെ പ്രത്യേകതയും കുറി തൊടുന്നതിനു പിന്നിലെ ആരോഗ്യ ആത്മീയ ഗുണങ്ങളും.

കുളിച്ചാല്‍ ഒരു കുറി തൊടുക എന്നത് ഹിന്ദു മതത്തില്‍ വിശ്വസിക്കുന്നവരുടെ ശീലമാണ്. അനുഷ്ഠാനം എന്ന് തന്നെ ഇതിനെ പറയാം. കുളിച്ചാല്‍ കുറി തൊടാത്തവനെ കണ്ടാല്‍ കുളിയ്ക്കണം എന്നാണ് ചൊല്ല് പോലും. അത്രയധികം പവിത്രതയോട് കൂടിയ കാര്യമാണ് കുറി തൊടുന്നത് അഥവാ തിലകം ചാര്‍ത്തുന്നത്.

നെറ്റിയുടെ മധ്യഭാഗത്താണ് സാധാരണയായി തിലകം ചാര്‍ത്തുന്നത്. ചിലര്‍ ഇതല്‍പ്പം നീട്ടി വരയ്ക്കുന്നതും കാണാം. ആരോഗ്യപരമായ കാരണങ്ങളും ഇതിന് പിന്നിലുണ്ട്. വൈകുന്നേരങ്ങളില്‍ ഭസ്മം തൊടുന്നത് ഇത്തരത്തില്‍ ആരോഗ്യകരമായി ഉണര്‍വ്വുണ്ടാകാന്‍ സഹായിക്കും....

ഓരോ ആഴ്ചയ്ക്കനുസരിച്ചാണ് കുറി ധരിയ്‌ക്കേണ്ടത്. ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോ്ക്കാം. ഭക്തികൊണ്ടാണെങ്കിലും അല്ലെങ്കിലും കുറി ധരിയ്ക്കുന്നത് ഉത്തമമാണ്. എന്തൊക്കെയാണ് ആഴ്ചകളില്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

ഞായറാഴ്ച

ഞായറാഴ്ച ഒരു കാരണവശാലും കുങ്കുമപ്പൊട്ട് ധരിയ്ക്കരുത്. ഇത് സൂര്യബലം കൊണ്ട് ലഭിയ്ക്കുന്ന ഊര്‍ജ്ജം നഷ്ടപ്പെടാന്‍ കാരണമാകുന്നു. ഞായറാഴ്ച നെറ്റിയുടെ മധ്യത്തില്‍ ചന്ദനക്കുറി വരച്ചാല്‍ അതാണ് ഏറ്റവും ഉത്തമം.

തിങ്കളാഴ്ച

തിങ്കളാഴ്ച ഭസ്മക്കുറി ധരിയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. ഭസ്മക്കുറി ധരിച്ച് ശിവനെ ഭജിയ്ക്കുന്നതും മംഗല്യഭാഗ്യത്തിന് സഹായിക്കുന്നു.

ചൊവ്വാഴ്ച 

ചൊവ്വാഴ്ച ചന്ദനക്കുറി വരച്ച് അതിനു മധ്യത്തിലായി കുങ്കുമപ്പൊട്ടിട്ടാല്‍ അത് ഐശ്വര്യം കൊണ്ട് വരുന്നു. മാത്രമല്ല സല്‍പ്പുത്രന്‍മാരുണ്ടാകാനും ഇത് ഉത്തമമാണ്.

ബുധനാഴ്ച 

ബുധനാഴ്ച കുങ്കുമപ്പൊട്ടണിയുന്നതാണ് ഉത്തമം. ഇത് ശുഭവാര്‍ത്തകളും തൊഴില്‍പ്പുരോഗതിയ്ക്കും കാരണമാകും.

വ്യാഴാഴ്ച

 വ്യാഴാഴ്ച നെറ്റിയുടെ മധ്യഭാഗത്തായി ചന്ദനക്കുറിയോ പൊട്ടോ തീര്‍ച്ചയായും ധരിയ്ക്കണം. ഇത് ഭാഗ്യവും ഐശ്വര്യവും കൊണ്ട് വരും എന്ന കാര്യത്തില്‍ സംശയമില്ല.

വെള്ളിയാഴ്ച 

വെള്ളിയാഴ്ച കുങ്കുമപ്പൊട്ട് തൊടാവുന്നതാണ്. വെള്ളിയാഴ്ച പൊതുവേ ദേവീ സാന്നിധ്യത്തിന്റെ ദിവസമാണ്. അതുകൊണ്ട് തന്നെ വെള്ളിയാഴ്ച കുങ്കുമപ്പൊട്ട് ധരിയ്ക്കാം.

ശനിയാഴ്ച

 ശനിയാഴ്ചയും കുങ്കുമപ്പൊട്ടിന് തന്നെ പ്രാധാന്യം നല്‍കണം. ഹനുമാനെ ഭജിയ്ക്കുന്നതും ശനിയാഴ്ച വ്രതം എടുക്കുന്നതും ഐശ്വര്യത്തിലേക്ക് നയിക്കും.

ക്ഷേത്രങ്ങളിൽ കാണുന്ന ആമയുടെ രൂപം എന്തിനെ സൂചിപ്പിക്കുന്നു?

ശ്രീകോവിലിന്റെ അടിത്തറയുടെ നിർമ്മാണം നടക്കുമ്പോൾ ഈ അടിത്തറയുടെ മദ്ധ്യത്തിൽ ചതുരത്തിലുള്ള ഒരു കുഴി അതിനുശേഷം തമോഗുണപ്രധാനമായ ഊർജ്ജഭവങ്ങളെ അവിടെനിന്നും ഒഴിവാക്കാനുള്ള കർമ്മങ്ങൾ നടക്കുന്നു.

 ഇതിശേഷം വാസ്തുപുരുഷനെ പ്രീതിപ്പെടുത്തുന്നു. തുടർന്ന് കുഴിക്കുള്ളിൽ ചതുരാകൃതിയിലുള്ള കല്ല് വെക്കുന്നു (ആധാരശില).

 ആധാരശിലയിൽ തഴെയുള്ള ചെറിയകുഴിയിൽ ധാന്യവിത്തുകളിടുന്നു.

 ഇവക്കുമുകളിൽ സ്വർണ്ണവും രത്നങ്ങളും ഉൾക്കൊള്ളുന്ന ചെമ്പിലോ കരിങ്കിലോ നിർമ്മിച്ച ഒരു കുടം വെക്കുന്നു. ഈ കുംഭത്തിനു മുകളിൽ സ്വർണ്ണത്തിലോ കരിങ്കില്ലിലോ നിർമ്മിച്ച ഒരു താമരപ്പൂവും ഒരു ആമയുടെ രൂപവും സ്ഥപിക്കുന്നു.

 ദേവന്റെ മുഖം ഏത് ദിശയിലേക്കാണോ ആ ദിശയിൽ തന്നയാണ് ആമയുടെ മുഖവും തിരിഞ്ഞിരിക്കുക.

പ്രപഞ്ചത്തെ മുഴുവനും താങ്ങുന്നത് ഒരു ആമയാണെന്ന് പുരാണങ്ങളിൽ പറയുന്നുണ്ട്.

ഭാവനയിലുംഅന്തർജ്ഞാനത്തിലും അതുല്യരായ പുരാണരചിതക്കൾക്ക് ദൃശ്യപ്രപഞ്ചത്തിന്റെ അടിസ്ഥാനം ഊർജ്ജസ്വലമായപ്രണശക്തിയാണെന്ന ശാസ്ത്രതത്ത്വം അറിയാമായിരുന്നതിനാൽ അത് വ്യക്തമാക്കുവാൻ അർത്ഥസം പുഷ്ടമായ ഒരു രൂപത്മക ഭാഷ ഉപയോഗിച്ചിരിക്കുകയാണ് ആമയിലൂടെ.

പ്രാണതത്ത്വത്തിന്റെ പ്രവർത്തനത്തേയും പ്രവർത്തനരാഹിത്യത്തേയും സൂചിപ്പിക്കുവാനായി ആമ തന്നെയാണ് ഏറ്റവും അനുയോജ്യമായ പ്രതീകം.

 വായുതത്ത്വത്തെ നാം ശ്വസിക്കുന്ന സാധാരണ വായുവായിട്ടല്ല കരുതേണ്ടത്, വായുവിനും മറ്റെല്ലാറ്റിനും നിദാനമായിരിക്കുന്ന പ്രാണശക്തിയെന്ന ബോധോർജ്ജസ്രോതസ്സിനെയാണ് ഇതു സൂചുപ്പിക്കുന്നത്.

 പ്രപഞ്ചാവിഷ്ക്കാരത്തിന്റെ ആദ്യ പഞ്ചഭൂതമാധ്യമമായ ഭൗതീകാകാശത്തിനും പ്രാണശക്തിക്കും അടിസ്ഥാനമായിരിക്കുന്നത് നിശ്ചലമായ പരാകാശമെന്ന ദിവ്യബോധോർജ്ജരംഗമാണ് .

 ആകാശത്തിന്റെ ചലനാത്മകശക്തിഭാവമാണ് പ്രാണശക്തി. പ്രാണശക്തി പ്രവർത്തനക്ഷമമാകുമ്പോൾ ആകാശതത്ത്വം സജീവമായി അനന്തമായ രൂപഭാവങ്ങളുള്ള പ്രതിഭസങ്ങൾ ആവിർഭവിക്കുവാൻ ഇടയാവുന്നു.

 എന്നാൽ പ്രാണശക്തി അതിലേക്ക് തന്നെ, അതായത് അതിന്റെ ഉത്ഭവസ്ഥാനമായ ആകാശത്തിലേക്ക് തന്നെ പിൻവലിഞ്ഞ് നിശ്ചലമാകുമ്പോൾ പ്രപഞ്ചപ്രതിഭാസങ്ങളെല്ലാം സൂക്ഷമത്തിൽ വിലയം പ്രാപിക്കുകയും നീക്കങ്ങളും മാറ്റങ്ങളും കാലവുമെല്ലാം അവസാനിക്കുകയും ചെയ്യുന്നു.

 (പ്രാണശക്തി പ്രവർത്തനക്ഷമമാകുമ്പോൾ സ്ഥൂലപ്രപഞ്ചം ആവിർഭവിക്കുന്നു. അത് പിൻവലിയുമ്പോൾ സൂക്ഷമമായ ഊർജ്ജത്തിൽ വിലയം പ്രാപിക്കുന്നു.) 

പ്രാണന്റെ ഈ വിധത്തിലുള്ള പ്രവർത്തനത്തേയും പ്രവർത്തനരാഹിത്യത്തേയും വളരെ തന്മയത്വമായി പ്രകാശിപ്പിക്കുവാൻ പറ്റിയ ഒരു പ്രതീകമാണ് ആമ.

ആമയുടെ മുകളിൽ യോഗനാളം എന്ന ഒരു നാളം സ്ഥപിക്കപ്പെടുന്നു. ദേവന്റെ കണ്ഠഭഗത്തെ ഇതു സൂചിപ്പിക്കുന്നു. ഈ നാളത്തിന്റെ അടിഭാഗം അനാഹതചക്രതിനു മുകളിലുള്ള ബോധോർജ്ജകേന്ദ്രമായ വിശുദ്ധി ചക്രത്തെ സൂചിപ്പിക്കുന്നു. 

ഈ നാളത്തിനുള്ളിലെ ശൂന്യത ഈ കേന്ദ്രം ഉൾക്കൊള്ളുന്ന ആകാശതത്ത്വത്തിന്റെ പ്രതീകമാണ് . പഞ്ചഭൂതങ്ങളിലെ ഏറ്റവും സൂക്ഷമായ ഈ ഊർജ്ജരംഗത്തിൻ നിന്നാണ് മറ്റുഭൂതങ്ങൾ പരിണമിച്ച ആവിർഭവിച്ച് ഒടുവിൽ അനന്തപ്രതിഭാസങ്ങളുടെ സ്ഥുലപ്രപഞ്ചമായി തീരുന്നത്. 

ഈ നാളത്തിന്റെ മുകൾ ഭാഗം പുരികങ്ങളുടെ മദ്ധത്തിലുള്ള ആജ്ഞാചക്രത്തെ പ്രതിനിധാനം ചെയ്യുന്നു. മനസ്സിന്റെ അത്യുദാത്തമാനമായ ആത്മതത്ത്വത്തിന്റെ ഭാഗമാണിത്.

 ഇവിടെ നിന്നും വികസിതമായ ബോധോർജ്ജം മുകളിലേക്ക് നീങ്ങുമ്പോൾ മനുഷ്യമനസ്സ് എല്ലാ പരിമിതികളിൽ നിന്നും വിമുക്തമായി അപരിമേയമായ ബ്രഹ്മബോധത്തെ പുൽകുന്നു. തുടർന്ന് ഗർഭന്ന്യാസം എന്ന ചടങ്ങ് നടക്കുന്നു.

ദൈവജ്ഞൻ പുറപ്പെടുന്ന സമയം കാല് കല്ലിൻമേൽ തട്ടുകയോ ശിരസ്സ് തൂണിൻമേലോ മറ്റോ അടിക്കുകയോ ചെയ്യുന്നുവെങ്കിൽ

പാഷണാദിഷു പാദസ്ഖലനം സ്തംഭാദികേ തഥാ ശിരസഃ
നേഷ്ടം നിർഗമനേƒന്യാന്യപി ചിന്ത്യാനി ലോകസിദ്ധാനി.

സാരം :-

ദൈവജ്ഞൻ പുറപ്പെടുന്ന സമയം കാല് കല്ലിൻമേൽ തട്ടുകയോ ശിരസ്സ് തൂണിൻമേലോ മറ്റോ അടിക്കുകയോ ചെയ്യുന്നുവെങ്കിൽ കഷ്ടഫലമാണെന്ന് അറിയണം. 

ലോക മുഖേനയും ശാസ്ത്രം വഴിയായും ഗുരുപദേശം കൊണ്ടും ലഭിക്കപ്പെടുന്ന മറ്റു നിമിത്തങ്ങളും അവയുടെ ശുഭാശുഭവും കൂടി ദൈവജ്ഞൻ പുറപ്പെടുന്ന സമയം ചിന്തിച്ച് ധരിച്ചുകൊള്ളണം.

"നിർഗച്ഛതോംബരം" എന്നു തുടങ്ങി ഇവിടെ പറയപ്പെട്ട നിമിത്തങ്ങൾ ദൈവജ്ഞനെ മാത്രമല്ല ദൂതനേയും സംബന്ധിക്കുന്നതാണ്. വിശേഷിച്ച് ഈ വക നിമിത്തങ്ങൾ ദൈവജ്ഞന്റെ ശ്രോത്രദൃഗാദികൾക്ക് അനുഭവപ്പെട്ടാലും മതിയെന്ന് അറിഞ്ഞുകൊള്ളുക.

ദൈവജ്ഞൻ പ്രശ്നത്തിനായി പുറപ്പെടുമ്പോൾ മറ്റാരെങ്കിലും ദൈവജ്ഞനോട് ഇവിടെ വരിക, അവിടെ നിൽക്കുക, പോകരുത്

ആഗച്ഛ തിഷ്ഠ മാ ഗച്ഛ പ്രവിശ ക്വ നു ഗച്ഛസി
ഇത്യദിവാചഃ പ്രസ്ഥാനേ ഭവന്ത്യശുഭദാ ദൃഢം.

സാരം :-

ദൈവജ്ഞൻ പ്രശ്നത്തിനായി പുറപ്പെടുമ്പോൾ മറ്റാരെങ്കിലും ദൈവജ്ഞനോട് ഇവിടെ വരിക, അവിടെ നിൽക്കുക, പോകരുത് ഇങ്ങോട്ട് പ്രവേശിക്കുക, എവിടെ പോകുന്നു എന്നും മറ്റുമുള്ള പ്രതിബന്ധവാക്കുകൾ പറഞ്ഞാൽ കണിശമായും അശുഭഫല സൂചകങ്ങളാണെന്ന് ധരിക്കേണ്ടതാണ്.

അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മീ നാരായണ, ഭദ്രേ നാരായണ

അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മീ നാരായണ,  ഭദ്രേ നാരായണ എന്ന് ഒരിക്കലെങ്കിലും ജപിക്കാത്ത ഹൈന്ദവർ ഉണ്ടാകാൻ ഇടയില്ല.  ബാല്യം മുതൽ നാമേറ്റവും കൂടുതൽ ചൊല്ലുന്ന  നാമവും ഇപ്പോൾ  ജപിക്കുന്ന  നാമവും ഇതു തന്നെയാകും. 

പക്ഷെ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ എന്താണീ നാലു നാമങ്ങളുടെ അർത്ഥവ്യാപ്തി. സാമാന്യരെന്ന് നാം  വിശേഷിപ്പിക്കുന്ന നമ്മുടെ പൂർവികരായ മാതാപിതൃക്കളും  ഗുരുക്കന്മാരും  അറിഞ്ഞോ അറിയാതെയോ നമ്മളെ പഠിപ്പിച്ചു തന്ന ഈ നാമങ്ങളിൽ പോലും ഉപനിഷത് തത്ത്വങ്ങളെ ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്നാണ് വാസ്തവം.  

 ഒരുപക്ഷെ അത് മനസ്സിലാക്കാൻ പറ്റാതെ പോയതാകും ഇന്നത്തെ നമ്മുടെ തലമുറയുടെ ഏറ്റവും വലിയ പോരായ്മ. 

"അമ്മേ നാരായണ"

അമ്മേ നാരായണ എന്ന നാമത്തെ നോക്കിയാൽ പ്രപഞ്ചത്തിൽ ഏറ്റവും ശ്രേഷ്ഠമായ ഭാവമായി പറയപ്പെടുന്നത് മാതൃഭാവമാണ്.   ഒരു സ്ത്രീ അമ്മയെന്നു വിളിക്കപ്പെടുന്നത് അവൾ മറ്റൊരു ജന്മത്തിന് തയ്യാറെടുത്തു പരിപൂർണ്ണ ഗർഭവതിയായിരിക്കുമ്പോഴാണ്.  സച്ചിദാനന്ദസ്വരൂപിണിയായ ദേവി തന്നെയാണ് സകലപ്രപഞ്ചത്തിന്റേയും മാതാവായി അവയെ തന്നിൽ തന്നെ ധരിച്ചിരിക്കുന്നത്. 

  പ്രകടമാകാത്ത ജഗത്തിന്റെ അവ്യാകൃതമായ അവസ്ഥയെ ആണ് ഇവിടെ ഗർഭാവസ്ഥ എന്നതുകൊണ്ട് അർത്ഥമാക്കിയിരിക്കുന്നത്.    ഏകവും സത്തും ആയ ബ്രഹ്മം മാത്രമേ ഉണ്ടായിരുന്നുള്ളു.   ഈ ജഗത് ആ ബ്രഹ്മം തന്നെയായി അവ്യാകൃതാവസ്ഥയിൽ സ്ഥിതിചെയ്തിരുന്നതായി ശ്രുതി പറയുന്നു. 

 അസദ് വാ ഇദമഗ്രമാസീത്,  തതോവൈ സദജായത – ഈ ജഗത്  ഉത്പത്തിയ്കു മുൻപ്  അവ്യാകൃതമായ ബ്രഹ്മം തന്നെയായിരുന്നു.  അതിൽ നിന്നാണ്  നാമരൂപ വിശേഷങ്ങളോടു കൂടിയ ജഗത്  (പ്രപഞ്ചം ) ജനിച്ചിട്ടുള്ളത് എന്ന് തൈത്തിരീയോപനിഷത് പറയുന്നു. 

 അവ്യക്താവസ്ഥയിൽ നിന്നും ആകാശാദി പഞ്ചഭൂതങ്ങൾ മുതലായ ദൃശ്യപ്രപഞ്ചത്തെ നിർമ്മിക്കുന്നവളും ജഗന്മാതാവായ ദേവി തന്നെയാകുന്നു.   ഇപ്രകാരം അവ്യാകൃതമായ പ്രപഞ്ചത്തെ  ഗർഭം  ധരിച്ച് അഥവാ തന്നിൽ തന്നെ ധരിച്ച്  ജഗത്തിനെ നിർമ്മിക്കുന്നവളായതിനാൽ ദേവിയെ  ശ്രീമാതാ അഥവാ അമ്മയെന്ന് നാം വിളിക്കുന്നു.  

 നാരായണ എന്ന ശബ്ദത്തിന് നാരാ ജലം അയനം സ്ഥാനം യസ്യ എന്നാണ് അർത്ഥം.  അയ ഗതൌ എന്ന്  തത്വാർത്ഥം. നാരത്തിന്റെ അഥവാ ജ്ഞാനത്തിന്റെ മുക്തിസ്ഥാനം അഥവാ പ്രാപ്തിസ്ഥാനം എന്നാണ് ഇതിന് അർത്ഥം.  അമ്മേ നാരായണ എന്നതുകൊണ്ട്   ജഗത്സ്വരൂപിണിയായ അമ്മ തന്നെയാണ് മുക്തിക്കു അഥവാ ജ്ഞാനത്തിന് ആധാരമെന്ന് അർത്ഥം  ലഭിക്കുന്നു.

"ദേവീ നാരായണ"

ദേവീ ശബ്ദം ദിവ് ധാതുവിൽ നിന്നാണ്, അതിന് ദിവ്  ക്രീഡനേ എന്നർത്ഥം.   ഇതനുസരിച്ച്  പ്രപഞ്ചരചനയെന്നത്  കേവലം ലീല മാത്രമാണ്.   സൃഷ്ടിയാൽ ദേവിക്ക്  നേടേണ്ട പ്രയോജനമൊന്നും തന്നെയില്ല.    ലോകവത്തു ലീലാകൈവല്യം എന്നു ബ്രഹ്മസൂത്രം പറയുന്നു.    ബാലാലീലാ വിനോദിനിയായി  പ്രപഞ്ചരചനക്ക്  പുറപ്പെടുന്ന അമ്മയെയാണ്  "ദേവീനാരായണ" യായി പറയുന്നത്.

 സോടകാമയേതി ബഹുസ്യാം പ്രജായേയേതി എന്ന്  തൈത്തിരീയ ഉപനിഷദ്  പറയുന്നു.   സ്വയം പലതാകാനുള്ള ആഗ്രഹം ഹേതുവായി എന്ന് പ്രമാണം.    ഈക്ഷത ലോകാൻ നു സൃജാ ഇതി.   എനിക്ക് വിവിധ  ലോകങ്ങളെ സൃഷ്ടിക്കണം എന്ന് വീക്ഷിച്ചു  എന്ന്  ഐതരേയം.   ഇങ്ങിനെ ലോകസൃഷ്ടി എന്ന ലീല ആടുന്ന പരാശക്തിയാണ് ഇവിടെ ദേവീ.

"ലക്ഷ്മീ നാരായണ."

ലക്ഷ്മീ എന്നതിന് ലക്ഷ ദർശനേ  എന്നാണ് ധാതു.   അതായത് കാണുക.   അമ്മ എവിടെയാണ് കാണുക  എന്ന് ചോദിച്ചാൽ പറയുക ചിദഗ്നികുണ്ഡ സംഭൂതയെന്നാണ്.   ദേവി എന്നും ഭക്തന്മാരുടെ ഹൃദയത്തിലാണ് എന്നർത്ഥം.   ജ്ഞാനസ്വരൂപിണിയായ ദേവി ജീവന്റെ ചിത്താകുന്ന അഗ്നികുണ്ഡത്തിൽ നിന്ന് ഉത്ഭവിച്ചവളാണ്.  

 അതായത് ഭക്തന്മാരുടെ ഹൃദയകമലത്തിൽ എന്നും ജ്ഞാനസ്വരൂപിണിയായി പ്രകാശിക്കുന്നവളാണ് അഥവാ സ്ഥിതിചെയ്യുന്നവളാണ് ദേവി.   ഇങ്ങിനെ ചിത്താകുന്ന അഗ്നികുണ്ഡത്തിൽ നിന്ന് സ്വയം ഉണ്ടായി ജ്ഞാനസ്വരൂപിണിയായി സ്ഥിതിചെയ്യുന്നവളായതുകൊണ്ട്  ലക്ഷ്മീയെന്നു ജപിക്കുന്നു .

"ഭദ്രേ നാരായണ"

ഭദ്ര ശബ്ദത്തിന് പ്രസാരിണീ എന്നാണ് അർത്ഥം.  പ്രസരിച്ചു നിൽക്കുന്നവൾ ആണ് അമ്മ.    ദേവി സകലജഗത്തിന്റേയും കാരണവും സൃഷ്ടികർത്താവും ആണ്.    എകവും അഖണ്ഡ പരിപൂർണ്ണ സച്ചിദാനന്ദവുമായി പ്രകാശിക്കുന്ന ദേവി രജ്ജുവിൽ സർപ്പമെന്ന പോലെയും കനലിൽ ജലമെന്ന പോലെയും ആകാശത്തിൽ കൃഷ്ണവർണ്ണമെന്ന പോലെയും സ്വന്തം മായയാൽ പലതായി വിവർത്തിക്കുന്നു.  

 സ്വയംപ്രകാശസ്വരൂപിണിയായ ദേവി ത്രിഗുണസ്വരൂപമായി സ്ഥാവരജംഗമരൂപമായ ജഗത്തായി വിവർത്തിച്ച് പ്രസരിച്ച് സ്ഥിതിചെയ്യുന്നു.    അത് നാംകാണുന്ന ഈ പ്രപഞ്ചമായി വിവർത്തിക്കപ്പെട്ടിരിക്കുന്നതും പരമാർത്ഥത്തിൽ  ബ്രഹ്മസ്വരൂപിണിയായ ദേവി തന്നെയാണ്.   ഈ ഭാവമാണ്  ഭദ്രാ രൂപമായ ഭഗവതി.

ഇങ്ങിനെ നാലു ദേവീനാമങ്ങളിലൂടെ ദേവീനാമപാരായണം നടത്തുന്ന ഭക്തർ ഈ പ്രപഞ്ചസത്യത്തെയാണ്  പ്രാർത്ഥിക്കുന്നതും അനുഗ്രഹത്തിനായി വിളിക്കുന്നതും. സകലപ്രപഞ്ച മനുഷ്യ വാസികൾക്കു മാത്രമല്ലാ  സസ്യ-ജീവജാലങ്ങൾക്കും അനുഗ്രഹം നൽകാനുള്ള നമ്മുടെ പ്രാർത്ഥന എത്ര ഉദാത്തമല്ലേ?   പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന  ബാലാ ലീലാ വിനോദിനിയായ, ജഗത് സ്വരൂപിണിയായ അമ്മ എല്ലാ ഭക്തർക്കും അനുഗ്രഹത്തെ പ്രദാനം ചെയ്യട്ടെ.

അമ്മേ നാരായണ  ദേവീ നാരായണ 
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 

ഈശ്വരൻ ആരാണ് ?

ദേവന്മാർക്കോ മാമുനിമാർക്കോ എന്നെ ശരിയായി അറിയുകയില്ല എന്ന് പറഞ്ഞ ആ ശക്തി ആരാണ് ? 

സമസ്ത പ്രവാചകരേയും ആചാര്യൻമാരെയും കാലാകാലങ്ങളിൽ നമുക്ക് സമ്മാനിച്ചത് ആരാണ് ? 

ശാസ്ത്ര സാങ്കേതിക വിദ്യക്കുമുന്നിൽ പോലും ദൃശ്യനാകാത്ത ആ പ്രകാശത്തെ ഈശ്വരൻ എന്ന് വിളിക്കുന്നു. ആരെയാണോ സ്നേഹത്തിന്‍റെ സാഗരമെന്ന് വിളിക്കുന്നത്, ആരെയാണോ ബുദ്ധിവാന്‍റെയും ബുദ്ധിവാനെന്ന് വിളിക്കുന്നത് ആരെയാണോ സർവശക്തൻ എന്ന് വിളിക്കുന്നത് എല്ലാവരും കയ്യൊഴിയുമ്പോൾ നമ്മൾ ആരെയാണോ ആശ്രയിക്കുന്നത് ആ ഏകനായ സത്യമാണ് ഈശ്വരൻ.

ഈശ്വരൻ ഉണ്ടോ ?

നമ്മൾ ഈ ഭൌതികലോകത്തിൽ എന്തിനെയെങ്കിലും തിരിച്ചറിയുന്നത് കാണുന്നതിലൂടെയോ കേൾക്കുന്നതിലൂടെയോ രുചിക്കുന്നതിലൂടെയോ സ്പർശിക്കുന്നതിലൂടെയോ മണക്കുന്നതിലൂടെയോ ആണ്. എന്നാൽ ഇത്തരം ഇന്ദ്രിയാനുഭവങ്ങളിലൂടെ ഈശ്വരനുണ്ടോ എന്ന് മനസ്സിലാക്കുവാൻ സാധ്യമല്ല. പക്ഷേ അതീന്ദ്രിയമായ തലത്തിൽ നമ്മുടെ മനസ്സ് രമിക്കുമ്പോൾ അതിസൂക്ഷ്മനായ ഈശ്വരന്‍റെ തരംഗങ്ങൾ അനുഭവിക്കുവാൻ സാധിക്കുന്നതാണ്. ഈശ്വരൻ സത്യവും നിത്യവും ആയതു കാരണത്താൽ അനിത്യവും അസത്യവുമായ ഇന്ദ്രിയങ്ങളിലൂടെ ഈശ്വരനെ അനുഭവിക്കുവാൻ സാധിക്കുകയില്ല. എന്നാൽ മനസ്സ്, ബുദ്ധി എന്നീ ആത്മാവിന്‍റെ ഇന്ദ്രിയങ്ങളിലൂടെ ഈശ്വരനെ അനുഭവിക്കാൻ സാധിക്കുന്നതാണ്.

ഈശ്വരൻ – പരമാത്മാവ്

നമ്മെപ്പോലെ തന്നെ ഈശ്വരനും ഒരാത്മാവ് തന്നെയാണ്. എന്നാൽ പരമാത്മാവ് എന്നാണ് നമ്മൾ വിളിക്കുന്നത്. ഈ പരമം എന്ന ശബ്ദം കൊണ്ട് ഉദ്ദേശിക്കുന്നതെന്തെന്നാൽ – ഈ ആത്മാവ് മാത്രം ജനനമരണചക്രത്തിലേക്ക് വരുന്നില്ല, ഈ ആത്മാവിനെ കർമ്മമോ കർമ്മവാസനകളോ ബാധിക്കുന്നില്ല, ജയപരാജയങ്ങൾക്ക് അതീതനാണ്. സുഖദുഃഖങ്ങൾക്ക് അതീതനാണ്, പരിമിതികൾ ഇല്ലാത്തവനാണ്, പ്രപഞ്ചരഹസ്യങ്ങളുടെ ജ്ഞാനമുള്ളവനാണ്.

ഈശ്വരൻ എല്ലാം നടത്തുന്നവനാണോ, നമ്മുടെ എല്ലാ ആഗ്രഹങ്ങളും ഈശ്വരൻ സാധിപ്പിച്ച് തരുമെന്നും നമുക്ക് സൌഭാഗ്യങ്ങൾ തരുന്നതും പരീക്ഷണങ്ങൾ തരുന്നതും ഈശ്വരനാണെന്നും ഭൂമിയിൽ ഓരോ ഇല ഇളകുന്നതുപോലും ഈശ്വരന്‍റെ ആജ്ഞക്കനുസരിച്ചാണെന്നും പലരും വിശ്വസിക്കുന്നു. എന്നാൽ ഈശ്വരൻ പ്രപഞ്ചനിയമങ്ങളെ മറികടന്നുകൊണ്ട് ആരെയും സഹായിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുകയില്ല. എന്തുകൊണ്ടെന്നാൽ എല്ലാവർക്കും അവരവരുടെ കർമ്മത്തിന്‍റെ യോഗ്യതക്കനുസരിച്ച് ആവശ്യമുള്ളത് ആവശ്യമുള്ളപ്പോൾ ലഭിക്കുമെന്ന് ഈശ്വരനറിയാം. എന്നാൽ മനുഷ്യർ ദേഹബോധത്തിനടിമയായി കർമ്മത്തിന്‍റെയും ജന്മത്തിന്‍റെയും രഹസ്യങ്ങൾ വിസ്മരിക്കുമ്പോൾ അത് ഓർമിപ്പിച്ചുതരുന്നതുകൊണ്ട് ഈശ്വരനെ സർവതിന്‍റെയും ആധാരമായി മാനിക്കുന്നു.

ഈശ്വരൻ എവിടെയാണ് ?

ചിലർ എല്ലായിടത്തും ഈശ്വരനുണ്ടെന്ന് കരുതുന്നു. ചിലർ ചില നിശ്ചിത സ്ഥലങ്ങളിൽ ഈശ്വരൻ വസിക്കുന്നെണ്ടെന്നു കരുതുന്നു. ചിലർ ഞാൻ തന്നെയാണ് ഈശ്വരനെന്ന് പറയുന്നു. എന്നാൽ ആത്മാർത്ഥമായി ഈശ്വരനെ വിളിക്കുമ്പോഴെല്ലാം സ്വാഭാവികമായി കണ്ണുകൾ മുകളിലേക്ക് പോകുന്നു. ചിലപ്പോൾ മേഘങ്ങൾക്ക് മുകളിലൊരു ലോകത്തിൽ ഈശ്വരൻ വസിക്കുന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചു കൊണ്ടായിരിക്കാം നോക്കുന്നത്. എന്നാൽ കണ്ണുകൾ കൊണ്ടോ ടെലസ്കോപ്പ് കൊണ്ടോ സാറ്റലൈറ്റുകൾ മുഖേനയോ കണ്ടെത്താൻ കഴിയാത്ത ആത്മലോകത്തെക്കുറിച്ച് എത്ര പേർ ചിന്തിക്കാറുണ്ട്. അഥവാ ചിന്തകളെ യഥാർത്ഥരീതിയിൽ ഏകോപിപ്പിക്കുവാൻ കഴിയുകയാണെങ്കിൽ മനസ്സ് കൊണ്ട് നമുക്ക് ആത്മലോകം വരെ സഞ്ചരിക്കുവാൻ സാധിക്കുന്നതാണ്. സ്വർണ്ണചുവപ്പ് നിറമുള്ള ഈ ലോകം ആത്മാക്കളുടെ പരമമായ ദിവ്യഗൃഹമാണ്. പഞ്ചതത്വങ്ങൾക്കുപരിയായി സ്ഥിതിചെയ്യുന്ന ആറാം തത്വമാണിത്. ധ്യാനത്തിലൂടെ ആത്മാവിന്‍റെ ബോധം ഈ തലത്തിലേക്ക് ഉയരുമ്പോൾ തന്‍റെ ഗൃഹത്തിലേക്കെത്തിച്ചേർന്ന പ്രതീതീയുണ്ടാകുന്നു. അവസാനം ഈശ്വരനിലേക്കും എത്തിച്ചേരുന്നു.

ആത്മീയ സൂര്യൻ

ഏത് പോലെയാണോ ഭൌതീകസൂര്യൻ ചൂടും വെളിച്ചവും എല്ലാവർക്കും ഒരുപോലെ നൽകുന്നത് അതുപോലെ ആത്മീയ സൂര്യനായ ഈശ്വരനും സർവ്വർക്കും ഒരുപോലെ ആര് എവിടെയാണെങ്കിലും അവർക്ക് ജ്ഞാന പ്രകാശം നൽകുന്നു. യാതൊരു സ്വാർത്ഥ താത്പര്യങ്ങളുമില്ലാതെ പരോപകാരഭാവനയാടെ, ഓരോരുത്തർക്കും അവരുടെ മൂലഗുണങ്ങളായ സ്നേഹവും ശാന്തിയും സന്തോഷവും ഉണർത്തിക്കൊടുത്ത് നിസ്വാർത്ഥ ഭാവനയോടെ ഈശ്വരൻ സദാ സേവനം ചെയ്തുകൊണ്ടിരിക്കുന്നു. ഇതിനാൽ തന്നെയാണ് ഈശ്വരനെ സമസ്ഥ മതങ്ങളിലും ശിവൻ, റഹിം, കാരുണ്യപ്രകാശം എന്നിങ്ങനെ മംഗളകാരി എന്ന അർത്ഥത്തിലുള്ള നാമങ്ങൾ നൽകി വിളിക്കുന്നത്.

ഈശ്വരന്‍റെ ജ്ഞാനം (വിവേകം) സ്നേഹം, ശക്തി

മനുഷ്യർ ചിലപ്പോൾ അത്ഭുതപ്പെടാറുണ്ട്, അഥവാ ഈശ്വരന്‍റെ നിലനിൽപ്പുണ്ടെങ്കിൽ ഈശ്വരന് ഇന്ദ്രജാലം കാണിച്ച് വസ്തുക്കളെയും വ്യക്തികളേയും സ്വാധീനിച്ച് അവർക്ക് ശരിയായ ദിശ കാണിച്ച് കൊടുത്തുകൂടേ. ഇതിലൂടെ ഭൂമിയിൽ നന്മ മാത്രം സംഭവിക്കുമല്ലോ. 

പക്ഷേ ഈശ്വരൻ ഒരിക്കലും ആരുടേയും സ്വാതന്ത്ര്യത്തിൽ കൈകടത്തുകയില്ല. ഓരോ വ്യക്തിയുടെയും വ്യക്തിപരമായ സവിശേഷതയേയും അന്തർലീനമായ ഗുണങ്ങളേയും മനസിലാക്കി അതിനെ അംഗീകരിക്കുക എന്നതാണ് ഈശ്വരന്‍റെ വിവേകം.

യാത്രപുറപ്പെടുമ്പോൾ വസ്ത്രം വല്ലതിൻമേലും ഉടക്കുകയോ കയ്യിലുള്ള കുട മുതലായ സാധനങ്ങൾ താഴെ വീഴുകയോ ചെയ്യുന്നുവെങ്കിൽ

നിർഗച്ഛതോംബരം സംഗമേതി ഭൂമൗ പതേച്ച വാ
ഛത്രാദ്യം യൽ കരസ്ഥം വാ ഭവേദേവാശുഭായ തൽ.

സാരം :-

യാത്രപുറപ്പെടുമ്പോൾ വസ്ത്രം വല്ലതിൻമേലും ഉടക്കുകയോ കയ്യിലുള്ള കുട മുതലായ സാധനങ്ങൾ താഴെ വീഴുകയോ ചെയ്യുന്നുവെങ്കിൽ അത് നിശ്ചയമായും അശുഭസൂചകമായ ലക്ഷണമാകുന്നു.

പൃച്ഛാകാലത്തിങ്കൽ പറഞ്ഞിരിക്കുന്ന ശുഭനിമിത്തങ്ങളും അശുഭനിമിത്തങ്ങളും മുഴുവൻ പ്രശ്നത്തിന് പുറപ്പെടുന്ന സമയം വിചാരിക്കേണ്ടതാകുന്നു

ശുഭാശുഭനിമിത്തം യൽ പ്രശ്നകാലസമുദ്ഭവം
ഉക്തം നിഖിലമപ്യേതച്ചിന്തനീയം ഹി നിർഗമേ.

സാരം :-

പൃച്ഛാകാലത്തിങ്കൽ പറഞ്ഞിരിക്കുന്ന ശുഭനിമിത്തങ്ങളും (വീണാവേണുമൃദംഗേത്യാദികം) അശുഭനിമിത്തങ്ങളും (ഹാഹാഖേദരവം ക്ഷുതമിത്യാദികൾ) മുഴുവൻ പ്രശ്നത്തിന് പുറപ്പെടുന്ന സമയം വിചാരിക്കേണ്ടതാകുന്നു.

നവഗ്രഹപൂജ

പ്രധാന ക്ഷേത്രങ്ങളോട് ചേര്‍ന്നാണ് നവഗ്രഹ ക്ഷേത്രങ്ങള്‍ കേരളത്തില്‍ പൊതുവെ കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ പ്രധാന ‘ദേവത’യുടെ ‘ഉപദേവതാ’സ്ഥാനമാണ് നവഗ്രഹങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. പൊതുവെ നവഗ്രഹക്ഷേത്രങ്ങള്‍ എല്ലാംതന്നെ വട്ടശ്രീകോവിലായി കിഴക്കോട്ട് ദര്‍ശനമായിട്ടും ഭക്തന്മാര്‍ക്ക് പുറത്തുനിന്നും നവഗ്രഹങ്ങളെ കണ്ട് തൊഴാന്‍ തത്തക്കവിധത്തിലും ആണ് പണികഴിപ്പിക്കുന്നത്.

1 സൂര്യന് പ്രാധാന്യം നല്‍കിക്കൊണ്ട് മധ്യഭാഗത്ത് കിഴക്കോട്ടും 

2 ചൊവ്വയെ തെക്കോട്ട് തെക്കു നടുക്കും, 

3 ശുക്രനെ കിഴക്കോട്ട് കിഴക്കുനടുക്കും, 

4 ചന്ദ്രനെ പടിഞ്ഞാറോട്ട് അഗ്നികോണിലും 

5 ബുധനെ കിഴക്കോട്ട് ഈശാന കോണിലും

6 ബൃഹസ്പതിയെ (ഗുരു) വടക്കോട്ട് വടക്കുനടുക്കും

7 ശനിയെ പടിഞ്ഞാറോട്ട് പടിഞ്ഞാറ് നടുക്കും 

8 രാഹുവിനെ തെക്കോട്ട് നിര്യതി കോണിലും

9 കേതുവിനെ തെക്കോട്ട് വായുകോണിലും ചതുരശ്രമായി നിര്‍മ്മിച്ചിരിക്കുന്ന പീഠത്തില്‍ പ്രതിഷ്ഠിക്കും. 

ചുവപ്പ്, വെളുപ്പ്, പച്ച, മഞ്ഞ, നീല, കറുപ്പ്, ബഹുവര്‍ണം എന്നീ വര്‍ണത്തിലുള്ള വസ്ത്രങ്ങളാല്‍ അലങ്കരിച്ചും കഴിവതും ഇതേ വര്‍ണത്തിലെ മാലങ്ങളും പൂജക്കായി പൂക്കളും ഒക്കെ ഉപയോഗിക്കുന്നു. പായസം, കടുംപായസം, നെയ്പായസം, നിവേദ്യം, പാല്‍പ്പായസം, എള്ള് ചേര്‍ത്തത്, ഉപ്പില്ലാത്ത അട തേങ്ങാപ്പാലില്‍ നുറുക്കിഇട്ടതും എല്ലാം കൂട്ടിയതുമായ നിവേദ്യങ്ങള്‍ നിവേദിച്ചും നിത്യനിദാനം ചെയ്തുവരുന്നു.

നവഗ്രഹ ക്ഷേത്രങ്ങളില്‍. ഭക്തന്മാര്‍ക്ക് ഗ്രഹദോഷ സമയത്ത്, സൂര്യന് ചുമന്ന വസ്ത്രവും ഗോതമ്പും, കുജന് ചുമന്നവസ്ത്രവും തുവരപ്പരിപ്പും, ശുക്രന് വെള്ള വസ്ത്രവും വന്‍പയറും ചന്ദ്രന് വെള്ളവസ്ത്രവും പച്ചരിയും ബുധന് പച്ചവസ്ത്രവും ചെറുപയറും, വ്യാഴത്തിന് മഞ്ഞവസ്ത്രവും കടലയും ശനിക്ക് നീലവസ്ത്രവും എള്ളും രാഹുവിന് കറുപ്പുവസ്ത്രവും കറുത്ത ഉഴുന്നും കേതുവിന് ബഹുവര്‍ണ്ണത്തിലുള്ള വസ്ത്രവും മുതിരയും സമര്‍പ്പിച്ച് ഗ്രഹദോഷ നിവര്‍ത്തിക്കായി ഗ്രഹശാന്തി പൂജയും വിശേഷാല്‍ പുഷ്പാഞ്ജലികളുമൊക്കെ ചെയ്തു ഭജിക്കാവുന്നതാണ്. കൂട്ടത്തില്‍ മറ്റൊരു കാര്യം കൂടി സൂചിപ്പിക്കട്ടെ ഈ ഗ്രഹങ്ങളുടെ കാരകത്ത്വം (അധിപത്ത്വം) നമ്മുടെ നിത്യജീവിതത്തില്‍ നിത്യേന ആരാധിക്കുന്ന ദേവതകളായികണ്ട് ഒരു ആചരണ സമ്പ്രദായം കൂടി കണ്ടുവരുന്നുണ്ട്. അത് സൂര്യനെ ശിവനായും കുജനെ ഭദ്രകാളി/സുബ്രഹ്മണ്യന്‍ ശുക്രനെ മഹാലക്ഷ്മി, ചന്ദ്രന് ദുര്‍ഗ്ഗ, ബുധന് വെണ്ണകൃഷ്ണന്‍, വ്യാഴത്തിന് മഹാവിഷ്ണു, ശനിക്ക് ശ്രീധര്‍മ്മശാസ്താവ്, രാഹുവിന് നാഗരാജാവ്, കേതുവിന് ഗണപതി ഈ വിധമാണ്. 

നവഗ്രഹക്ഷേത്രങ്ങളില്‍ പ്രധാനം സൂര്യനാണ് എന്നതുകൊണ്ടുതന്നെ രാവിലെ ഒരുനേരത്തെ പൂജ മാത്രമേ നടത്തിവരാറുള്ളൂ. കൂടാതെ കുറഞ്ഞത് ഒന്‍പതു പ്രദക്ഷിണമെങ്കിലും ചെയ്തു ഭജിക്കണമെന്ന് ആചാര്യമതം. അതില്‍ ഏഴുപ്രാവശ്യം പ്രദക്ഷിണവും രണ്ടുപ്രാവശ്യം അപ്രദക്ഷിണവും വയ്ക്കുകയാണ് പതിവ്.

പുരുഷന്മാരെ മേൽ വസ്ത്രം (ഷർട്ട് ) ധരിച്ച്‌ കേരളത്തിലെ ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കാത്തത്‌ എന്തുകൊണ്ട്‌ ?

 സ്ത്രീകൾക്ക്‌ ബ്ലൗസ്‌ ഇടാമെങ്കിൽ പുരുഷന്മാർക്ക്‌ ഷർട്ട്‌ എന്തുകൊണ്ട്‌ നിഷിദ്ധം? കാരണം വ്യക്തമാകണമെങ്കിൽ ക്ഷേത്രത്തെപ്പറ്റി അൽപ്പം വിശദീകരണം ആവശ്യമാണെന്നു തോന്നുന്നു.

"ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതെ" എന്ന്‌ ശ്രീകൃഷ്ണൻ 'ഭഗവദ്ഗീത'യിൽ പറഞ്ഞിട്ടുണ്ട്‌.

ശരീരം ആത്മചൈതന്യം വഹിക്കുന്ന ക്ഷേത്ര വിഗ്രഹം പോലെയും, ആത്മാവ്‌ ഈശ്വര വിഗ്രഹത്തിലെ ചൈതന്യം പോലെയുമാണ്‌

മറ്റു മതവിശ്വാസികൾക്ക്‌ അവരുടെ ആരാധനാലയങ്ങൾ പ്രാർത്ഥിക്കാനോ സ്തുതിക്കാനോ അപേക്ഷിക്കാനോ ഉള്ള ആലയങ്ങൾ മാത്രമാകുമ്പോൾ, ഹിന്ദുക്കൾക്ക്‌ ക്ഷേത്ര ദർശനം ഈശ്വര വിഗ്രഹത്തിൽനിന്ന്‌ പ്രവഹിക്കുന്ന ചൈതന്യം ഉൾക്കൊള്ളാനുള്ളതത്രെ. 

ജീവ ചൈതന്യം പ്രസരിക്കുന്ന മനുഷ്യശരീരം പോലെയാണ്‌ ക്ഷേത്രങ്ങൾ.

മനസ്സ് ഈശ്വരാർപ്പിതമാകുമ്പോൾ ദേഹാഭിമാനം ഇല്ലാതാവുന്നു, നമ്മൾ സമത്വത്തിലും സ്വതന്ത്രതയിലും എത്തുന്നു (ആത്മസ്വരൂപത്തിലെത്തുന്നു) എന്നതിന്റെ പ്രതീകമായിട്ടാണ് ക്ഷേത്രത്തിനകത്ത് പ്രവേശിക്കുമ്പോൾ പുരുഷന്മാർ ഷർട്ട് (മേൽവസ്ത്രം) അഴിക്കുന്നത്. 

ഗോപികാ വസ്ത്രാപഹരണത്തിലൂടെ ഭഗവാൻ ഈ തത്വം കാണിച്ചുതരുന്നുണ്ട്.

*ബാഹ്യമായ സ്വരൂപത്തെ മറയ്ക്കുന്നതാണ് വസ്ത്രം.ഇതു പോലെ ആത്മസ്വരൂപത്തെ ആവരണം ചെയ്യുന്നതാണ് അഹംഭാവം അഥവാ ദേഹാഭിമാനം.

 അതില്ലാതാവുന്നതാണ് ഈശ്വര പ്രാപ്തി. " തത്ത്വമസി" യുടെ പ്രായോഗിക ആവിഷ്കാരമാണ് മേൽവസ്ത്രം അഴിക്കുന്നതിലൂടെ പ്രകടമാകുന്നത്.*

രണ്ടാമതായി, പ്രാണവായു സാന്ദ്രത ഏറ്റവും കൂടിയ അളവിലുള്ള പ്രദക്ഷിണവഴികളിലൂടെ മേൽവസ്ത്രമില്ലാതെ നടക്കുന്നത് കൂടുതൽ ഗുണം ചെയ്യും. 24 മണിക്കൂറും ഷർട്ട് ധരിച്ചു കൊണ്ടു നടക്കുന്ന ആധുനിക സംസ്കാരമാണ് പല രോഗങ്ങൾക്കും കാരണം. 

അവിശ്വാസികളായ ഓരോരുത്തരുടെ പിടിവാശി കാരണം ക്ഷേത്ര സംസ്കാരത്തിന്റെ ആദ്ധ്യാത്മിക മൂല്യം തന്നെ തമസ്കരിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. 

നമ്മളാരും വസ്ത്രത്തോടെ ജനിച്ചവരോ വസ്ത്രത്തോടെ പോകുന്നവരോ അല്ല. പിന്നെ ക്ഷേത്ര ദർശനത്തിൽ അല്പസമയം ഷർട്ട് ധരിക്കാതിരിക്കാൻ എന്താണ് പ്രയാസം ?

ഈ പ്രപഞ്ചം മുഴുവൻ പഞ്ചേന്ദ്രിയങ്ങൾക്കും അതീതമായ ചില ഊർജ്ജ സ്രോതസ്സുകൾ നിറഞ്ഞു നിൽക്കുന്നുണ്ട്‌. അനുഭവത്തിൽനിന്നു മാത്രമെ അതു മനസ്സിലാക്കുവാൻ സാധിക്കൂ.

 ഉദാഹരണമായി ഒരു സ്വിച്ച്‌ ഓൺ ചെയ്യുമ്പോൾ ഫേൻ കറങ്ങുകയോ, ബൾബ്‌ കത്തുകയോ ചെയ്യുന്നു. അപ്പോൾ നാം വൈദ്യുതിയുടെ സാന്നിദ്ധ്യം മനസ്സിലാക്കുന്നു. നമ്മളാരും വൈദ്യുതി കണ്ടിട്ടില്ല.

 അതുപോലെ പ്രാണവായുവിനെയോ കാന്തിക പ്രവാഹങ്ങളെയോ നാം കണ്ടിട്ടില്ല. അവയുടെ സാന്നിദ്ധ്യം അനുഭവങ്ങളിലൂടെ മനസ്സിലാക്കുകയാണ്‌ ചെയ്യുന്നത്‌.

കൈത്തണ്ടയിലെ എല്ല്‌ പൊട്ടിയെന്നിരിക്കട്ടേ. അത്‌ ചേർത്ത്‌വച്ച്‌ ബാന്റേജ്‌ ഇടുക മാത്രമെ വൈദ്യശാസ്ത്രത്തിന്‌ ചെയ്യാനാവൂ. ഒരു ഡോക്ടർക്കും പൊട്ടിയ എല്ലുകൾ കൂട്ടിയോജിപ്പിക്കുവാൻ സാധിക്കുകയില്ല. എന്നാൽ, ക്രമേണ പൊട്ടിയ എല്ലുകൾ സ്വയം യോജിച്ച്‌` പൂർവ്വസ്ഥിതി പ്രാപിക്കുന്നതു കാണാം. ഈ മാന്ത്രികശക്തി എവിടെ നിന്നു കിട്ടി? ഏതു ചൈതന്യമാണ്‌ പൊട്ടിയ എല്ലിനെ വിളക്കിച്ചേർത്തത്‌.?

സൂര്യൻ കൃത്യമായി കിഴക്ക്‌ ഉദിക്കുന്നു, പടിഞ്ഞാറ്‌ അസ്തമിക്കുന്നു. ഭൂമി സ്വയം കറങ്ങിക്കൊണ്ടിരിക്കുന്നു. സൗരയൂഥങ്ങൾ അവയുടെ നിശ്ചിത പരിധിക്കുള്ളിൽ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു. ഏതു ശക്തിയാണ്‌ ഇത്രയും കൃത്യമായി ഈ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്‌?

 ഉത്തരം മുട്ടുമ്പോൾ നാം സാധാരണ പറയുന്ന ഒരു വാക്കുണ്ട്‌. 'പ്രകൃതി നിയമം'

ഈ നിയമം ഉണ്ടാക്കിയത്‌ ആര്‌?

ഏതോ ഒരു അദൃശ്യ ശക്തി എപ്പോഴും എവിടെയും നിറഞ്ഞുനിൽക്കുന്നുണ്ട്‌ എന്ന വസ്തുത നാം അംഗീകരിക്കേണ്ടിവരും. ആ ശക്തിയാണ്‌ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത്‌.

 പുല്ലിലും, പുഴുവിലും, മണ്ണിലും, മരത്തിലും,, മനുഷ്യരിലും, മൃഗങ്ങളിലും, സർവ്വ ചരാചരങ്ങളിലും പ്രപഞ്ചം മുഴുവനും ആ ചൈതന്യം നിറഞ്ഞുനിൽക്കുന്നുണ്ട്‌.

ഋഷിവര്യന്മാർ ബ്രഹ്മം എന്നും, നാം ഈശ്വരൻ എന്നും, ശാസ്ത്രജ്ഞന്മാർ ആറ്റം എന്നും അദൃശ്യമായ ഈ ചൈതന്യത്തെ - പരമാണുവെ- അഭിസംബോധന ചേയ്യുന്നു. 

അനുകൂലോർജ്ജം( Positive energy  ) പ്രതികൂലോർജ്ജം (Negative energy   ) എന്നിങ്ങനെ ഈ ചൈതന്യ പ്രവാഹത്തെ നിയന്ത്രിക്കുന്ന രണ്ടു ഊർജ്ജസ്രോതസ്സുകൾ പ്രപഞ്ചത്തിലുണ്ട്‌ അവമൂലമാണ്‌ ആകർഷണ-വികർഷണങ്ങൾ എവിടെയും നടക്കുന്നതും,പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളും നിലനിൽക്കുന്നതും. അനുകൂലോർജ്ജം നമുക്ക്‌ ഗുണം പ്രദാനം ചെയ്യുന്നു. 

ക്ഷേത്രദർശനം വഴി നമുക്ക്‌ ആവശ്യമുള്ള അളവിൽ അനുകൂലോർജ്ജം ലഭിക്കുവാൻ സാദ്ധ്യമാകുന്നു. മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളെ അപേക്ഷിച്ച്‌ ഹൈന്ദവക്ഷേത്രങ്ങളിൽ ദേവീദേവന്മാരുടെ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു കാണാം

 ശിലയിലോ ലോഹങ്ങളിലോ നിർമ്മിച്ചിട്ടുള്ള ഇത്തരം വിഗ്രഹങ്ങൾ വെറും പ്രതിമകളല്ല. സാത്വികനായ, വേദമന്ത്രതന്ത്രങ്ങളിലും, പൂജാവിധിയിലും അഗാധമായ പാണ്ഡിത്യം നേടിയ, ശ്രേഷ്ഠനായ,തേജസ്വിയായ, വരേണ്യനായ പൂജാരിയുടെ ആത്മചൈതന്യം പൂജാകർമ്മങ്ങളിലൂടെ വിഗ്രഹത്തിലേക്ക്‌ ആവാഹനം ചെയ്യപ്പെടുന്നു. അപ്പോൾ ഈ വിഗ്രഹങ്ങൾക്ക്‌ ഊർജ്ജം ആഗീരണം ചെയ്യുവാനും, വികിരണം ചെയ്യുവാനും സാധിക്കുമത്രെ. 

താന്ത്രിക വിദ്യകളാൽ സ്ഥാപിതമായ വിഗ്രഹങ്ങൾക്ക് ആകിരണവും  വികിരണവും ചെയ്യാൻ സാധിക്കുമെന്ന്‌ ശാസ്ത്രീയമായി ഉപകരണങ്ങളുടെ സഹായത്തോടെ തെളിയിക്കപ്പെട്ടിട്ടുണ്ട്‌.

*ക്ഷേത്രത്തിനകത്തു മുഴങ്ങുന്ന ശംഖനാദം, ചെണ്ട, ചേങ്ങില, മദ്ദളം, ഇടക്ക, നാദസ്വരം, മന്ത്രധ്വനി, മണിനാദം എന്നിവയുടെ ശബ്ദഘോഷങ്ങളിലൂടെ  ശബ്ദ ഊര്ജ്ജവും,  നിറയെ കത്തിച്ചുവച്ച ദീപങ്ങളിലൂടെ പ്രകാശ-താപ സ്രോതസ്സായ പ്രകാശോർജ്ജവും      ചന്ദനത്തിരി, ചന്ദനം, കളഭം, കർപ്പൂരം, പനിനീർ എന്നീ സുഗന്ധദ്രവ്യങ്ങൾ, ചെത്തി, ചെമ്പരത്തി, പിച്ചകം, മന്ദാരം, തുളസി  എന്നീ പുഷ്പ പത്രാദികൾകൊണ്ടുള്ള അർച്ചനയിലൂടെ  കെമിക്കൽ ഊർജവും  വിഗ്രഹത്തിലേക്ക്‌ പൂജാ കർമ്മങ്ങളിലൂടെ നിറക്കപ്പെടുന്നു. 

ഈ വിഗ്രഹത്തിൽ ആഗീരണം ചെയ്യപ്പെട്ട ഊർജ്ജം ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തരിൽ വികിരണം ചെയ്യപ്പെടുമ്പോൾ സ്വാഭാവികമായും നഷ്ടപ്പെടുന്ന ഊർജ്ജം ദിവസവും മുടങ്ങാതെ നടത്തുന്ന പൂജാകർമ്മങ്ങളിലൂടെ പൂജാരി വിഗ്രഹത്തിലേക്ക്‌ വീണ്ടും നിറയ്ക്കുകയാണ്‌ ചെയ്യുന്നത്‌. 

പെട്രോൾ പമ്പിലെ പെട്രോൾ തീരുമ്പോൾ ടാങ്കർ ലോറിയിൽ പെട്രോൾ കൊണ്ടുവന്നു നിറയ്ക്കുന്നതുപോലെ. പ്രപഞ്ചത്തിൽനിന്നും നിതാന്തമായ സാധനയിലൂടെ ആത്മചൈതന്യം പൂജാരിയിലേക്കും പൂജാരിയിൽ നിന്ന്‌ വിഗ്രഹത്തിലേക്കും പ്രവഹിക്കുന്നു.

പൂജാകർമ്മങ്ങൾ യഥാവിധി നടക്കാത്ത ക്ഷേത്രങ്ങളും, അതുപോലെ ഭൗതിക സുഖലോലുപരായ അജ്ഞരായ പൂജാരിമാർ പൂജയെന്ന നാമമാത്ര ചടങ്ങ്‌ നടത്തുന്ന ക്ഷേത്രങ്ങളും ചൈതന്യശൂന്യമാണ്‌.

പഞ്ചേന്ദ്രിയങ്ങളുടെ ഉത്തേജനം കൃത്യമായ അളവിൽ ക്ഷേത്രദർശനത്തിലൂടെ നമുക്ക്‌ സാധിക്കുന്നു.

കണ്ണുകളെ; ശ്രീകോവിലിലെ വിഗ്രഹത്തിന്റെ പ്രഭാമണ്ഡലം, ചാർത്തിയ സ്വർണ്ണാഭരണങ്ങൾ, തിളങ്ങുന്ന ഓട്‌` പിത്തള വിളക്കുകൾ, ജ്വലിക്കുന്ന ദീപനാളങ്ങൾ, വർണ്ണപുഷ്പങ്ങൾ എന്നിവ ചൈതന്യ വത്താക്കുന്നു
.
ചെവിയെ; മന്ത്രധ്വനി, വാദ്യമേളങ്ങൾ, മണിനാദം, ശംഖധ്വനി, സോപാനസംഗീതം, കീർത്തനാലാപനം എന്നിവ ഉത്തേജിപ്പിക്കുന്നു.

ത്വക്കിനെ; പ്രസാദമായി ലഭിക്കുന്ന ഭസ്മം, ചന്ദനം, കുങ്കുമം , കളഭം, ചെവിയിലും മുടിയിലും ചൂടുന്ന ഔഷധ പുഷ്പങ്ങൾ, ഇലകൾ എന്നിവ ചൈതന്യവത്താക്കുന്നു.

മൂക്കിനെ; കർപ്പൂരം, ചന്ദനത്തിരി, സുഗന്ധപുഷ്പങ്ങൾ,ഇലകൾ, തൈലം, പനിനീർ എന്നിവ ഉത്തേജിപ്പിക്കുന്നു.

നാക്കിനെ; തീർത്ഥം, ത്രിമധുരം, നിവേദ്യം, പായസം എന്നിവയും ചൈതന്യവത്താക്കുന്നു.

ചുരുക്കത്തിൽ ക്ഷേത്രം ഊർജ്ജസ്രോതസ്സുകളുടെ ആഗീരണ-വികിരണ കേന്ദ്രമാണ്‌

"ക്ഷയാത്‌ ത്രായതേ ഇതി ക്ഷേത്ര:" നാശത്തിൽനിന്ന്‌ സംരക്ഷിക്കുന്നത്‌ ഏതാണോ അതത്രെ ക്ഷേത്രം.

ക്ഷേത്രത്തിൽ പ്രവേശിക്കുന്ന വ്യക്തിയെ വിഗ്രഹം വികിരണം ചെയ്യുന്ന ഊർജ്ജം സ്വീകരിക്കാൻ പാകത്തിൽ തയ്യാറാക്കേണ്ടതുണ്ട്‌.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തിലെ ക്ഷേത്രങ്ങൾ ക്ഷേത്ര സങ്കൽപത്തിലും, പൂജാവിധികളിലും അനുഷ്ഠാനകർമ്മങ്ങളിലും ഉന്നത നിലവാരം ഇപ്പോഴും പുലർത്തിപ്പോരുന്നു. അതുകൊണ്ടുതന്നെ ക്ഷേത്ര നിയമങ്ങളും നിയന്ത്രണങ്ങളും കർശനമായി തോന്നിയേക്കാം.

കുളത്തിലോ പുഴയിലോ മുങ്ങിക്കുളിച്ച്‌ ഈറൻ വസ്ത്രത്തോടെ നിൽക്കുന്ന വ്യക്തിക്ക്‌ ശരിയായ ഊർജപ്രവാഹം വിഗ്രഹത്തിൽനിന്ന്‌ സ്വീകരിക്കാൻ സാധിക്കും.

ഈറൻ വസ്ത്രമല്ലെങ്കിൽ തന്നെയും മേൽ വസ്ത്ര ഇല്ലാതിരുന്നാലും വിഗ്രഹത്തിൽനിന്ന്‌ വികിരണം ചെയ്യുന്ന ഊർജ്ജം ശരീരത്തിൽ ഏൽക്കാൻ പുരുഷന്മാർക്കു സാധിക്കും

പുരുഷന്മാർ ഷർട്ട്‌, ബനിയൻ എന്നിവ ധരിക്കരുത്‌ എന്നു പറയുന്നത്‌ അതുകൊണ്ടാണ്‌

പുരുഷന്മാർ നെഞ്ചിൽക്കൂടി ഈശ്വരചൈതന്യം ആഗീരണം ചെയ്യുമ്പോൾ, സ്ത്രീകൾ കണ്ഠം,നെറ്റി(പുരികമദ്ധ്യം) എന്നീ ഭാഗങ്ങളിലൂടെയാണ്‌ വലിച്ചെടുക്കുന്നത്‌.

 സ്ത്രീകളുടെ നെഞ്ചിലൂടെ 'ലൗവ്‌ ഹോർമോൺ' എന്നറിയപ്പെടുന്ന 'ഓക്സിടോസിൻ' പ്രവഹിക്കുന്നതിനാൽ ആ ഭാഗം നിഷിദ്ധമായതാണ്‌ തന്മൂലം സ്ത്രീകൾ ക്ഷേത്രത്തിൽ മാറു മറയ്ക്കുന്നു. നെഞ്ചിൽ ചന്ദനം ധരിക്കുന്നില്ല, മാറു നിലത്തു സ്പർശിക്കാത്തവിധം നമസ്കരിക്കുന്നു. കൈക്കുമ്പിൾ കൂപ്പുന്നത്‌ നെഞ്ചിനുമേലെ കണ്ഠഭാഗത്താണ്‌.

ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഊർജ്ജ പ്രവാഹം വിഗ്രഹത്തിൽ നിന്നു ലഭിക്കുവാൻ വേണ്ടിയാണ്‌ പ്രദക്ഷിണ കർമ്മം ചെയ്യുന്നത്‌ സ്ഥിരമായി പ്രതിഷ്ഠിച്ച വിഗ്രഹത്തിനു ചുറ്റും നാം പ്രദക്ഷിണം ചെയ്യുമ്പോൾ ശരീരത്തിന്റെ എല്ലാ വശങ്ങളിലും ഊർജ്ജം പതിക്കുവാൻ ഇടവരുന്നു. 

ഒരു വ്യക്തിയുടെ മാനസികവും, ശരീരികവുമായ ആരോഗ്യമാണ്‌ ക്ഷേത്രദർശനം കൊണ്ട്‌ പ്രധാനമായും ഉദ്ദേശിക്കുന്നത്‌.   ഭക്തി അതിനുള്ള നിമിത്തം മാത്രം.

പ്രശ്നത്തിനു പുറപ്പെടുന്നത് വ്യാഴത്തിന്റെ കാലഹോരയിലോ അല്ലെങ്കിൽ മുഹൂർത്തവിധി പ്രകാരമുള്ള ശുഭസമയത്തോ ആയിരിക്കണം

പ്രശ്നകാലോദ്ഭവം ബുദ്ധ്വാ സദസത്സമയാദികം
നിർഗച്ഛേത്സമയേ ജീവകാലഹോരാദികേ ശുഭേ.

സാരം :-

പ്രശ്നത്തിന്റെ സമയം ദേശം മുതലായ സകലതിനെയും അതിന്റെ ശുഭാശുഭത്തെയും വഴിപോലെ അറിഞ്ഞിട്ട് - നല്ലപോലെ ചിന്തിച്ച് മനസ്സിൽ ധരിച്ചിട്ട് - പ്രശ്നത്തിനു പുറപ്പെടണം. പ്രശ്നത്തിനു പുറപ്പെടുന്നത് വ്യാഴത്തിന്റെ കാലഹോരയിലോ അല്ലെങ്കിൽ മുഹൂർത്തവിധി പ്രകാരമുള്ള ശുഭസമയത്തോ ആയിരിക്കണം. 

വ്യാഴത്തിന്റെ കാലഹോരായാണ് പ്രശ്നത്തിന് പറയപ്പെടുന്നതിനുള്ള ഏറ്റവും ഉത്തമമായ സമയം

കാലഹോര അറിയുന്നതിനുള്ള ന്യായം താഴെ പറയുന്നു.

ഒരു പകലിനു പന്ത്രണ്ട് കാലഹോരയാണ്. ഒരു കാലഹോരയ്ക്ക് രണ്ടര നാഴിക ആയിരിക്കും. പകലിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് ഈ കാലഹോരാകാലത്തിനും അല്പം കൂടുതൽകുറവ് വന്നേക്കാം. ഇതുപോലെ തന്നെ രാത്രിയിലും പന്ത്രണ്ട് കാലഹോരയാണുള്ളത്.

പകൽ ഉദയം മുതൽ രണ്ടര നാഴിക പുലരുന്നതുവരെയാണല്ലോ ഒന്നാമത്തെ കാലഹോര. അതിന്റെ നാഥൻ അന്നത്തെ ആഴ്ചയുടെ അധിപനാകുന്നു. രണ്ടാമത്തെ കാലഹോരയുടെ അധിപൻ ആ ആഴ്ചയുടെ ആറാമത്തെ ആഴ്ചയുടെ അധിപനാണ്. അതിന്റെ ആറാമത്തെ ആഴ്ചയുടെ അധിപനാണ് മൂന്നാമത്തെ കാലഹോരയുടെ നാഥൻ. ഇങ്ങനെ ക്രമേണ കണ്ടുകൊൾക.

 രാത്രിയിൽ ഒന്നാമത്തെ കാലഹോര അന്നത്തെ ആഴ്ചയുടെ അഞ്ചാമത്തെ ആഴ്ചയുടെ അധിപന്റേതാണ്. പിന്നെ ക്രമേണ ആറാമതുള്ള വാരാധിപൻമാരുടേതായിരിക്കും.

പ്രമാണം :-

ദിനദ്വാദശാംശോ മത കാലഹോരാ
പതിസ്തസ്യ പൂർവ്വസ്യ വാരാധിധാഥഃ
തതഃ ഷഷ്ഠഷഷ്ഠാഃ ക്രമേണേതരേഷാം
നിശായാന്തു വാരാധിപാൽ പഞ്ചമാദ്യഃ

കൊടുങ്ങല്ലൂരമ്മ കണ്ണകിയല്ല

തന്ത്രശാസ്ത്രപ്രകാരം കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രം രുരുജിത് വിധാനം എന്ന രീതിയിലുള്ളതാണ്. ഈ വിധാന പ്രകാരമുള്ള ക്ഷേത്രങ്ങളിലെല്ലാം ശ്രീവിദ്യാപദ്ധതിയും മഹാര്‍ദ്ധ പദ്ധതിയും തനിച്ചോ സഹജമായി സമ്മേളിക്കുന്ന പൂജാ പദ്ധതികളായോ കാണപ്പെടുന്നു. ഈ വിധാനപ്രകാരമുള്ള ക്ഷേത്രങ്ങളില്‍ ശിവന്‍ കിഴക്കോട്ട് സപ്തമാതൃക്കള്‍ വടക്കോട്ടോ പടിഞ്ഞാട്ടോ ദര്‍ശനമായിരിക്കുന്ന രീതിയില്‍ കാണാം. കൂടാതെ ഗണപതിയും വീരഭദ്രനും ഉണ്ടായിരിക്കും.

ചിലക്ഷേത്രങ്ങളില്‍ അഷ്ടമാതൃക്കളെയും കാണാം. ശ്രീചക്ര പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ അഷ്ടമാതൃക്കളില്‍ എട്ടാമത് മഹാലക്ഷ്മിയും ശ്രീചക്രപ്രതിഷ്ഠയില്ലാത്തിടത്ത് നാരസിംഹിയുമായിരിക്കും. എട്ടാമത്തെ ദേവതയ്ക്ക് രൂപപ്രതിഷ്ഠ ഉണ്ടായിരിക്കണമെന്നില്ല. സങ്കല്പം മാത്രമാകാം. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ മഹാലക്ഷ്മിയെയാണ് ആരാധിച്ചുവരുന്നത്. കൊടുങ്ങല്ലൂരില്‍ ബഹുബേരവിധാനത്തിലുള്ള പൂജാക്രമങ്ങളാണ് ബ്രാഹ്മി, മഹേശ്വരി,കൗമാരി, വൈഷ്ണവി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡാ, മഹാലക്ഷ്മി എന്നീ അഷ്ടമാതാക്കളിലെ ചാമുണ്ഡക്ക് പ്രാധാന്യം കൊടുത്തിട്ടുള്ള നിത്യപൂജാവിധാനമാണുള്ളത്.

കേരളത്തിലെ രുരുജിത് വിധാനത്തിലുള്ള കേരളത്തിലെ 13 ക്ഷേത്രങ്ങളിലേറ്റവും പ്രാധാന്യമേറിയ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ശ്രീകുരുംബ വിധാനം എന്നതുകൂടി ഉണ്ട്. ഒരേ കോവിലില്‍ തന്നെ ബഹുബേര വിധാനത്തിലുള്ള രണ്ട് ആരാധന മൂര്‍ത്തികള്‍ കാണാം.
വടക്കോട്ട് ദര്‍ശനമായിരിക്കുന്ന ദാരുബിംബം(രൂപപ്രതിഷ്ഠ) സാധാരണ ഭക്തന്മാരെ ഉദ്ദേശിച്ചും പടിഞ്ഞാട്ട് ദര്‍ശനമായി രഹസ്യ അറക്കകത്ത് മേരുപ്രതിഷ്ഠ താന്ത്രിക സാധകരെ ഉദ്ദേശിച്ചുള്ളതുമാണ്.

ശങ്കരാചാര്യ സ്വാമികള്‍ ദേശസഞ്ചാരത്തിനിടെ കൊടുങ്ങല്ലൂരിലെത്തുകയും ക്ഷേത്ര സങ്കേതത്തിലെ അഭൗമ തേജസ്സ് ആദിപരാശക്തിയുടെതാണെന്ന് തന്റെ ധ്യാനത്തിലൂടെ തിരിച്ചറിയുകയും ആ ചൈതന്യത്തെ തന്റെ കൈയിലുള്ള ശ്രീചക്രത്തിലേക്ക് ആവാഹിച്ച് അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു എന്നുമാണ് ഐതിഹ്യം.

അങ്ങിനെ ആദിപരാശക്തിയുടെ അഭൗമതേജസ്സാല്‍ രണ്ട് ശ്രീചക്രപ്രതിഷ്ഠയുള്ള ഏക ഭഗവതി ക്ഷേത്രമാണ് കൊടുങ്ങല്ലൂര്‍ ഭഗവതിക്ഷേത്രം. ഇത്തരം ക്ഷേത്രങ്ങളില്‍ ഉച്ചപൂജയ്ക്കാണ് പ്രാധാന്യം. കാലസംഘര്‍ഷണി,ചണ്ഡയോഗേശ്വരി എന്നീ ദേവതയുടെയൊക്കെ സാന്നിദ്ധ്യം ദര്‍ശിക്കാവുന്നതാണ്. രുരുജിത് വിധാനത്തിലുള്ള ക്ഷേത്രങ്ങളില്‍ നിത്യപൂജാ പദ്ധതികള്‍ക്കുപുറമെ പര്‍വ്വപൂജ (വര്‍ഷത്തിലൊരിക്കലുള്ള കാളിയാമത്തിലുള്ള പൂജ) എന്നിവയുമുണ്ടായിരിക്കും.

പര്‍വ്വപൂജാ പൗര്‍ണമി,അമാവാസി ദിനങ്ങളിലോ ഏതെങ്കിലും പ്രത്യേക നക്ഷത്രത്തിലോ സംക്രമദിനത്തിലോ ആയിരിക്കും. പര്‍വ്വപൂജ കഴിഞ്ഞാല്‍ അന്നു വേറെ പൂജകളൊന്നും പാടില്ല. കൊടുങ്ങല്ലൂരില്‍ പര്‍വ്വപൂജ സംക്രമ ദിനത്തിലായിരുന്നു. അതിനാലാണ് മലയാള മാസം ഒന്നാം തിയ്യതി ഉദയത്തിനുശേഷം മാത്രം അഭിഷേകം നടക്കുന്നത്.

ആദിപരാശക്തിയായ ഈ ലോകാംബികയെ കാളിയാമത്തില്‍ ത്രിമൂര്‍ത്തികളും മറ്റു ദേവതകളും ആരാധിക്കാന്‍ എത്തുന്നതായി സങ്കല്പമുണ്ട്. അതിനാല്‍ മറ്റു ക്ഷേത്രങ്ങളിലുള്ളതുപോലെ ഇവിടെ നിര്‍മ്മാല്യദര്‍ശനം ഇല്ല. അത്താഴപൂജ കഴിഞ്ഞയുടന്‍ തന്നെ ശ്രീകോവില്‍ കഴുകി വൃത്തിയാക്കും. അഭിഷേകം കഴിഞ്ഞതിനുശേഷം മാത്രമാണ് ഭക്തജനങ്ങള്‍ക്കു ക്ഷേത്രനട തുറന്നു നല്‍കുന്നത്.

ശ്രീകുരുംബ വിധാനത്തില്‍പ്പെട്ട ശ്രീകോവിലിനോട് ചേര്‍ന്ന് കൂട്ടികെട്ടിയ രീതിയിലുള്ള മണ്ഡപം കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. ഈ മണ്ഡപത്തില്‍ ശാന്തി ശുദ്ധിയുള്ളവര്‍ മാത്രമേ കയറാന്‍ പാടുള്ളൂ. രുരുജിത് വിധാനത്തിലുള്ള ക്ഷേത്രങ്ങളില്‍ ഒരു രഹസ്യഗുഹാമാര്‍ഗ്ഗം ഉണ്ടായിരിക്കും. ശ്രീകോവിലിനോട് ചേര്‍ന്നോ അല്ലെങ്കില്‍ മണിക്കിണറിനോട് ചേര്‍ന്നോ ഒക്കെയാകാം ഈ ഗുഹാമാര്‍ഗ്ഗം. വര്‍ഷത്തിലൊരിക്കല്‍ കാളിയാമത്തില്‍ നടത്തിയിരുന്ന പൂജയുടെ ഒരു ഭാഗം ഈ ഗുഹാമാര്‍ഗ്ഗത്തില്‍ വെച്ചാണത്രെ നടത്തിയിരുന്നത്. ഇവിടയുണ്ടായിരുന്ന വിശേഷ പൂജ പ്രാചീനകാലത്ത് കൗള സമ്പ്രദായത്തിലുള്ളതായിരുന്നെന്നും ആദിശങ്കരാചാര്യരുടെ വരവോടെ ദക്ഷിണാചരത്തിലേക്ക് ചിട്ടപ്പെടുത്തിയതാണെന്നും പറയപ്പെടുന്നു. ഈ പൂജ കാളി യാമത്തില്‍ തന്നെയാണ് നടത്തേണ്ടതെന്നു ക്ഷേത്രത്തില്‍ ഈയിടെ നടന്ന അഷ്ടമംഗല്യ പ്രശ്‌നത്തില്‍ പ്രത്യേകം പ്രതിപാദിക്കുകയുണ്ടായി. മലബാര്‍ ഭാഗത്തുള്ള രുരുജിത് വിധാന ക്ഷേത്രങ്ങളിലെല്ലാം കൗള സമ്പ്രദായത്തിലുള്ള ആരാധാനക്രമങ്ങള്‍ നടന്നു വരുന്നുണ്ട്

സപ്തമാതൃക്കള്‍ക്കു പുറമെ ക്ഷേത്രത്തിലെ തെക്കുപടിഞ്ഞാറെ മൂലയിലുള്ള ഗണപതി പ്രതിഷ്ഠ മഹാസിദ്ധഗണപതി (ശ്രീവിദ്യാഗണപതി) യാണ്. ക്ഷേത്രത്തിനുപുറത്ത് വടക്കു കിഴക്കേ മൂലയിലുള്ള ക്ഷേത്രപാലകന്റെ പ്രതിഷ്ഠ വടുക ഭൈരവനാണ്. പുറത്ത് തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള പ്രതിഷ്ഠ വസൂരിമാല എന്നറിയപ്പെടുന്നു. അത്താഴപൂജയ്ക്കു ശേഷമുള്ള ഗുരുതിപൂജ ഇവിടെയാണ് നടക്കുന്നത്.

ക്ഷേത്രത്തിന്റെ തെക്കുഭാഗം ഏകദേശം അഞ്ഞൂറ് മീറ്ററോളം മാറി ഒരു പ്രതിഷ്ഠയുണ്ട്. കണ്ണകി മധുരാനഗരം ചുട്ടെരിച്ചു വലിച്ചെറിഞ്ഞ ചിലമ്പ് അവിടെയാണ് വീണതെന്നും അവിടെ ക്ഷേത്രം നിര്‍മ്മിച്ചു പ്രതിഷ്ഠ നടത്തണമെന്നും അന്നത്തെ രാജാവായിരുന്ന ചേരന്‍ ചെങ്കുട്ടവനു സ്വപ്ന ദര്‍ശനം ഉണ്ടാകുകയും അതിന്‍ പ്രകാരം ഹിമാലയത്തില്‍ നിന്നും അഞ്ജന ശില കൊണ്ടുവന്നു വിഗ്രഹമുണ്ടാക്കി ക്ഷേത്രം നിര്‍മ്മിച്ചു പ്രതിഷ്ഠ നടത്തി എന്നാണ് ഐതിഹ്യം.

പിന്നീട് ഇവിടത്തെ ചൈതന്യത്തെ ആവാഹിച്ച് കൊടുങ്ങല്ലൂര്‍ ദേവിയില്‍ ലയിപ്പിച്ചതാണ്. അല്ലാതെ കൊടുങ്ങല്ലൂരമ്മ കണ്ണകിയും ക്ഷേത്രപാലകന്‍ കോവലനുമല്ല.

എന്തുകൊണ്ടാണ് ശ്രീകുരുംബാ ഭഗവതി എന്നുപറയുന്നത് എന്ന് പരിശോധിക്കാം.

ശ്രീ + – സൗഭാഗ്യം

കുരു + സംസ്‌കൃതത്തില്‍ ക്രിയാ പദമായി എടുക്കുമ്പോള്‍ ‘ചെയ്യുന്ന” അല്ലെങ്കില്‍ തരുന്ന എന്നര്‍ത്ഥം വ്യവക്ഷിക്കാം

അംബ – അമ്മ സൗഭാഗ്യം ചെയ്യുന്ന, സൗഭാഗ്യത്തെ നല്‍കുന്ന അമ്മ എന്ന അര്‍ത്ഥത്തില്‍ ശ്രീകുരുംബ എന്ന പദം വ്യാഖ്യാനിക്കാം

മറ്റൊരു തരത്തിലും വ്യവക്ഷിക്കാം

ഗുരു + അംബാ

ഇവിടെ ഗുരു – ദക്ഷിണാ മൂര്‍ത്തി ( ശിവന്‍ )

അംബ – അമ്മ (ശക്തി)

ശ്രീ ഗുരുഃ അംബാ ഭഗവതി ക്ഷേത്രം എന്നത് ശ്രീകുരുംബാ ഭഗവതി ക്ഷേത്രം
ഇവിടെ ഗുരു സങ്കല്പത്തില്‍ (ദക്ഷിണാമൂര്‍ത്തി ) സാക്ഷീ ഭാവത്തിലുള്ള ശിവനാണ്

ശുദ്ധമായ അറിവാണു ജീവൻ

ശുദ്ധമായ അറിവാണു ജീവൻ അഥവാ ആത്മാവ്‌ അല്ലെങ്കിൽ പ്രാണൻ. 

ഒരു കുട്ടി അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് ഈ വിശ്വമഹാപ്രപഞ്ചത്തിലേക്ക്‌ പിറന്ന് വീഴുമ്പോൾ അവൻ അല്ലെങ്കിൽ അവൾ ശുദ്ധമായ അറിവിലാണു ജനിക്കുന്നത്‌. തുടർന്ന് അവന്റെ അല്ലെങ്കിൽ അവളുടെ പ്രയാണം അറിവിൽ നിന്ന് അറിവില്ലായ്മയിലേക്കാണു. 

നമ്മുടെ ക്ഷേത്രങ്ങളും  പ്രാർത്ഥനകളും, ആചാരാനുഷ്ടാനങ്ങളുമെല്ലാം അവനെ-അവളെ അറിവില്ലായ്മയിൽ നിന്ന് തിരിച്ച്‌ അറിവിലേക്ക്‌ കൊണ്ടുപോകുന്ന കേന്ദ്രങ്ങളാണു. 

നമ്മുടെ പുരാണോതിഹാസങ്ങളും, ഉപനിഷത്തുക്കളും, ഭഗവത്ഗീതയുമെല്ലാം അറിവില്ലായ്മയിൽ നിന്ന് നമ്മളെ അറിവിലേക്ക്‌ നയിക്കുന്നു. 

നമ്മുടെ പ്രാർത്ഥനാരീതികളൊക്കെയും ദ്വൈതഭാവത്തിലാണു. നിരന്തരമായ പ്രാർത്ഥനകളുടേയും, ഭക്തിയുടേയും ഫലമായി ദ്വൈതഭാവത്തിൽ നിന്ന് പതുക്കെ പതുക്കെ അദ്വൈതഭാവത്തിലേക്ക്‌ ഉയരുന്നു.

ആദ്യം വിശ്വാസം, പിന്നെ ഭക്തി, ശ്രദ്ധ, അന്വേഷണം ഒടുവിൽ ആയിതീരൽ. ഈ ആയിതീരലിനെയാണു മോക്ഷം എന്നു പറയുന്നത്‌.

ആദ്യം ഒരു ഈശ്വരവിശ്വാസിയാവണം.

എന്നെ രക്ഷിക്കാൻ, എന്റെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കേൾക്കാൻ, എന്റെ ആവശ്യങ്ങൾ സാധിപ്പിച്ചുതരുവാൻ എന്നിൽ നിന്ന് അന്വമായ അദൃശ്യനായ ശക്തിയുണ്ട്‌ അതാണു ഈശ്വരൻ. ഇത്‌ വിശ്വാസമാണു. 

ഈ വിശ്വാസത്തിലാണു നമ്മുടെ പ്രാർത്ഥനകളും, വഴിപാടുകളും, കാര്യസാദ്ധ്യമന്ത്രജപവും, ഏകാദശി നോൽക്കലും, മുപ്പെട്ട്‌ തൊഴലും, ശയനപ്രദക്ഷിണവും, ചുറ്റുവിളക്കും, നിറമാലയും, ശത്രുസംഹാരപുഷ്പഞ്ജലിയിലും, അർച്ചനയും, ഹോമവുമെല്ലാം.

ഇതൊക്കെ ചെയ്താൽ ഭഗവാൻ എന്നെ രക്ഷിക്കും. എനിക്ക്‌ ഈശ്വരനുണ്ട്‌. അദ്ദേഹത്തിന്റെ അനുഗ്രഹം മാത്രമാണു എനിക്കുള്ളത്‌ എന്ന ദൃഡമായ വിശ്വാസം ഒരുവനിൽ ഭക്തി ജനിപ്പിക്കുന്നു.

ഭക്തി പതുക്കെ ഭഗവത്‌ പ്രേമമായു മാറുന്നു. ഭഗവത്‌ പ്രേമം ഭക്തിയുടെ ഉയർന്നതലമാണു. ഭഗവത്‌ പ്രേമത്തിൽ നിന്ന് ശ്രദ്ധയിലേക്കുയരുന്നു. 

ഒരു അമ്മക്ക്‌ തന്റെ കുഞ്ഞിനോട്‌ പ്രേമമാണു അഥവാ വാത്സല്യമാണു ഉള്ളത്‌. 

അതുകൊണ്ടാണു തന്റെ കുഞ്ഞിനെ ആ അമ്മ എപ്പോഴും ശ്രദ്ധിക്കുന്നത്‌.

ശ്രദ്ധ പിന്നീട്‌ അന്വേഷണത്തിലേക്ക്‌ ഒരുവനെ നയിക്കുന്നു. അമ്മ തന്റെ കുഞ്ഞിനെ ശ്രദ്ധിക്കുന്നതുകൊണ്ടാണു അവനെ അല്ലെങ്കിൽ അവളെ അന്വേഷിക്കുന്നത്‌. 

പൂമുഖത്തു കളിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞിനെ അമ്മ അടുക്കളയിൽ തന്റെ ജോലികളിൽ വ്യാപൃതയായിരിക്കുമ്പോഴും "മോനെ, മോളെ" എന്നൊക്കെ ഇടയ്ക്കിടക്ക്‌ വിളിച്ചു അന്വേഷിച്ചുകൊണ്ടിരിക്കും. സ്കൂളിൽ നിന്ന് വരാൻ വൈകിയാൽ അന്വേഷിക്കും. ഇങ്ങനെ ഈ അന്വേഷണം ഉണ്ടാവുന്നത്‌ തന്റെ കുഞ്ഞിൽ ശ്രദ്ധയുണ്ടാവുമ്പോഴാണു.

ഇതുപോലെ ഭഗവാനിൽ ശ്രദ്ധയുണ്ടാവുമ്പോഴാണു അവിടെ അന്വേഷണം ആരംഭിക്കുന്നത്‌. 

ആ അന്വേഷണം അവസാനിക്കുന്നത്‌ ആയിതീരലിലാണു. അതായത്‌ ആരെയാണോ താൻ ഇത്രയുംകാലും വിശ്വസം, ഭക്തി,  പ്രേമം, ശ്രദ്ധ, അന്വേഷണം  തുടങ്ങിയവയിലൂടെ കണ്ടെത്തിയത്‌ അത്‌ എന്നെ തന്നെയായുരുന്നു. ഈശ്വരനെതന്നെയായിരുന്നു.

അതായത്‌ ഞാനും ഈശരനും രണ്ടല്ല ഒന്നാണെന്നുള്ള ബോധം ഉദിക്കും. ഇതിനെയാണു ആത്മജ്ഞാനം എന്നു പറയുന്നത്‌. ഇങ്ങനെ ആത്മാജ്ഞാനം ലഭിച്ചവർ ഒരിക്കലും"ഞാൻ ഈശ്വരനാണു" എന്നു പറയുകയില്ല. വാസ്തവത്തിൽ "ഞാൻ" എന്നത്‌ ഇശ്വരനായി മാറുകയല്ല,  "ഞാൻ" ഈശ്വരനിൽ ഇല്ലാതാവുകയാണു ചെയ്യുന്നത്‌. ഇതാണു മോക്ഷം. 

ഈ തലത്തിലേക്കുയർന്നാൽ പിന്നെ താൻ ഇല്ലാതായി ഈശ്വരനിൽ ലയിച്ചു. പിന്നെ ജനിമൃതികൾ ഇല്ല.

ഒന്നാമത്തെ പടിയിൽ നിന്ന് മുകളിലെത്തെ പടിയിൽ എത്തിയ അവസ്ഥ.  മുകളിലത്തെ പടിയിലെത്തണമെങ്കിൽ ഒന്നും, രണ്ടും, മൂന്നും, നാലും. അഞ്ചും, ആറും പടികളൊക്കെ കയറിവേണം ഒടുവിലത്തെ പടിയിലെത്താൻ.

അതുകൊണ്ട്‌ നാം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രാർത്ഥനകളും, ജപവും, ക്ഷേത്രദർശ്ശനവും, വഴിപാടുചെയ്യലും, ജ്യോതിഷിയെ കാണലും, പ്രശ്നം വെയ്ക്കലും, പ്രതിവിധി ചെയ്യലും എല്ലാം ഇതുപോലെ ഓരോ പടികളാണു. 

ഒടുവിൽ കാലം ഒരിക്കൽ അവനിൽ ഭക്തി, പ്രേമം, ശ്രദ്ധ, അന്വേഷണം അങ്ങിനെ മോക്ഷത്തിൽ കൊണ്ടുചെന്നെത്തിക്കും.  അതുകൊണ്ട്‌ അമ്പലത്തിൽ പോകുന്നതും, തൊഴുകുന്നതും, വഴിപാടുകൾ ചെയ്യുന്നതും ഒന്നും തെറ്റല്ല.   നമ്മുടെ നന്മക്കുവേണ്ടിയാണു എന്ന് മനസ്സിലാക്കുക. ഇതിനെയൊക്കെ വിമർശ്ശനബുദ്ധിയോടും അൽപജ്ഞാനത്തോടും കൂടി കാണുന്നവർ പ്രത്യേകിച്ചും.

ജഗദീശ്വരൻ എവരേയും അനുഗ്രഹിക്കട്ടെ.

ഓം നമോ നാരായണായ

പ്രഷ്ടാവ് ദൈവജ്ഞനോട് ഏതൊരു കാര്യത്തെക്കുറിച്ച് ചോദിക്കുന്നുവോ അതിന്റെ നാശത്തെ സൂചിപ്പിക്കുന്ന വല്ല ലക്ഷണങ്ങളോ ശ്രവണങ്ങളോ മറ്റോ ഉണ്ടായാൽ

ലോകാശ്ചാസ്ത്രമുഖാത്തഥാ ഗുരുമുഖാദന്യന്നിമിത്താന്തരം
വിജ്ഞാതവ്യമതഃ ശുഭാശുഭഫലം പ്രാജ്ഞൈഃ പ്രയത്നാദിഹ
യദ്യൽ പൃച്ഛതി പൃച്ഛകോƒന്തികഗതം തന്നാശചിഹ്നം ഭവേ-
ന്നാശഃ സ്യാദിഹ തസ്യ തസ്യ ന ചിരാൽ തദ്വത്യയേ വ്യത്യയഃ

സാരം :-

ഇവിടെ പറയാത്ത നിമിത്തങ്ങളുടെ ശുഭാശുഭത്വം ലോകാചാരവഴിയായും നിമിത്ത പ്രധാനമായ സംഹിതാദി ഗ്രന്ഥങ്ങളിൽ നിന്നും ഗുരുവിന്റെ ഉപദേശം കൊണ്ടും അറിയേണ്ടവയാണ്. എങ്കിലും അവയുടെ യാഥാർത്ഥം ചുരുക്കമായി പറയാം. 

പ്രഷ്ടാവ് ദൈവജ്ഞനോട് ഏതൊരു കാര്യത്തെക്കുറിച്ച് ചോദിക്കുന്നുവോ അതിന്റെ നാശത്തെ സൂചിപ്പിക്കുന്ന വല്ല ലക്ഷണങ്ങളോ ശ്രവണങ്ങളോ മറ്റോ ഉണ്ടായാൽ ആ കാര്യത്തിന് നാശം സംഭവിക്കുമെന്നും അതിന് അനുകൂലങ്ങളായ ലക്ഷണങ്ങളോ ശ്രവണങ്ങളോ ഉണ്ടായാൽ ആ കാര്യത്തിന് സാദ്ധ്യമുണ്ടെന്നു അറിയണം.

നവധാഭക്തി - ഹൈന്ദവ വിശ്വാസമനുസരിച്ച് ഭക്തി ഒൻപത് തരത്തിലുണ്ട്

നവധാഭക്തി

ഹൈന്ദവ വിശ്വാസമനുസരിച്ച് " ഭക്തി " ഒൻപത് തരത്തിലുണ്ട്

ഒൻപത് വിധത്തിലുള്ള ഭക്തിയെ നവധാഭക്തി എന്നു പറയുന്നു..

1. ശ്രവണം

2. കീർത്തനം

3. സ്മരണം

4. പാദസേവനം

5. അർച്ചനം

6. വന്ദനം

7. ദാസ്യം

8. സഖ്യം

9. ആത്മനിവേദനം

എന്നിവയാണവ.


1 ശ്രവണം 

ഈശ്വരനാമങ്ങൾ, സ്തോത്രങ്ങൾ, ചരിത്രങ്ങൾ എന്നിവ കേൾക്കുന്നതാണ് ശ്രവണം.

2 കീർത്തനം 

കേട്ടറിഞ്ഞ കാര്യങ്ങൾ പ്രകീർത്തിക്കുന്നതാണ് കീർത്തനം. സങ്കീർത്തനം, ഇതിഹാസ പുരാണ പാരായണം, ഭജനാർച്ചനകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

3 സ്മരണം 

സദാ ഈശ്വരനെ ഓർത്തുകൊണ്ടിരിക്കുക എന്നതാണ് സ്മരണം. ആദ്യത്തെ രണ്ടെണ്ണം ഭക്തിയിലേക്കെത്താനുള്ള പ്രാഥമിക മാർഗങ്ങളാണെങ്കിൽ, ഭക്തി ഉണ്ടായിക്കഴിഞ്ഞ് ആദ്യമുണ്ടാകുന്നതാണ് സ്മരണം.

4 പാദസേവനം 

ഈശ്വരപാദപൂജയാണ് പാദസേവനം കൊണ്ടുദ്ദേശിക്കുന്നത്. അത് കേവലമായ വിഗ്രഹപൂജയല്ല; ഈശ്വരസൃഷ്ടിയായ പ്രപഞ്ചത്തെ സേവിക്കൽ കൂടിയാണ്.

5 അർച്ചനം 

ഈശ്വരാർച്ചന തന്നെയാണ് അർച്ചന.

6 വന്ദനം 

ഭഗവാനെയും ഭഗവാന്റെ സൃഷ്ടികളായ എല്ലാറ്റിനെയും ഭക്തിപൂർവം വണങ്ങുന്നതാണ് വന്ദനം.

7 ദാസ്യം 

ഈശ്വരനെ സ്വാമി അഥവാ യജമാനനായി കണ്ട് ദാസനെപ്പോലെ ജീവിക്കലാണ് ദാസ്യം.

8 സഖ്യം 

ഈശ്വരനെ തന്റെ കൂട്ടുകാരനെപ്പോലെ കണ്ട് പെരുമാറാൻ കഴിയുന്ന ഭക്തിയുടെ ഒരു സമുന്നതതലമാണ് സഖ്യം.

9 ആത്മനിവേദനം 

ഈശ്വരനിൽ തന്നെത്തന്നെ സമർപ്പിക്കലാണ് ആത്മനിവേദനം. അനുക്രമം ഉയരുന്ന ഭക്തിയുടെ വിവിധ തലങ്ങളാണ് നവധാഭക്തി എന്ന സങ്കല്പത്തിലൂടെ അനാവൃതമാകുന്നത്. ഇതിൽനിന്ന് വ്യത്യസ്തമായ മറ്റൊരു ഭക്തിസങ്കല്പമാണ് ഏകാദശഭക്തി.

പ്രശ്ന സമയം കുട കൊടിക്കൂറ ഹൃദയപ്രിയമായ വണ്ടി മുതലായ വാഹനങ്ങൾ

ഛത്രം തോരണഹൃദ്യയാനശകടം സ്തോത്രം ച വേദധ്വനിം
ബദ്ധം ചൈകപശും വൃഷം ച മുകുരം സ്വർണ്ണം സവത്സാംച ഗാം
ഭക്ഷ്യം ചോദ്ധൃതമൃത്തികാം ബുധവരം യച്ചാന്യദിഷ്ടം ശ്രുതം
ദൃഷ്ടം ശ്രോത്രദൃശോഃ ശുഭം തദഖിലം പ്രശ്‌നേ നിമിത്തം വിദുഃ.

സാരം :-

പ്രശ്ന സമയം കുട കൊടിക്കൂറ ഹൃദയപ്രിയമായ വണ്ടി മുതലായ വാഹനങ്ങൾ സ്തോത്രനാദം വേദശബ്ദം കയറോട് കൂടിയ ഒറ്റപ്പശുവ് കയറോട്കൂടിയ കാള കണ്ണാടി സ്വർണ്ണം കുട്ടിയോട്കൂടിയ പശു ഭക്ഷണ യോഗ്യങ്ങളായ സാധനങ്ങൾ കുഴിച്ചെടുത്ത മണ്ണ് അറിവുള്ള മനുഷ്യൻ ഇവകൾ ശുഭനിമിത്തങ്ങളാകുന്നു. കൂടാതെ മനസ്സിനും കണ്ണിനും ചെവിക്കും സന്തോഷപ്രദമായി വരുന്നത് എല്ലാം ശുഭ നിമിത്തങ്ങളാണെന്ന് അറിയേണ്ടതാണ്. ഇവിടെ പറയപ്പെട്ട നിമിത്തങ്ങൾ പ്രശ്നസമയത്തെ ലാക്കാക്കിയാണെങ്കിലും നിർഗ്ഗമം മാർഗ്ഗം ഗൃഹപ്രവേശം മുതലായ ഘട്ടങ്ങളിലും ചിന്തിക്കാവുന്നതാണ്. 

ക്ഷേത്ര ദര്‍ശനം എന്തിനു വേണ്ടി ?

നമുക്ക് ചുറ്റുമുള്ള പലരും പലപ്പോഴും പറയുന്നത് കേള്‍ക്കാം; ക്ഷേത്രങ്ങളില്‍ പോകേണ്ട ആവശ്യം എന്താണ് ? ഈശ്വരന്‍ സര്‍വ്വവ്യാപിയല്ലേ ? ഈശ്വരന്‍ നമ്മില്‍ തന്നെ ഉണ്ടല്ലോ; പിന്നെ എന്തിനു വേണ്ടി നാം ക്ഷേത്രദര്‍ശനം നടത്തണം ? സത്യമറിയാതെ ഇപ്രകാരം വെറുതെ ജല്‍പ്പിക്കുന്നവര്‍ ക്ഷേത്ര ദര്‍ശനം ആവശ്യമാണോ എന്ന് താഴെ പറയുന്ന കാരണങ്ങള്‍ വായിച്ചറിഞ്ഞതിന് ശേഷം സ്വയം തീരുമാനിക്കുക..

ജീവികളെ മോഹിപ്പിച്ച് അപകടങ്ങളിലേക്കും ദുര്‍മ്മാര്‍ഗ്ഗങ്ങളിലേക്കും നയിച്ച് അവയെ സര്‍വ്വനാശത്തില്‍ എത്തിക്കുന്നത് കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക് മുതലായ പഞ്ചേന്ദ്രിയങ്ങള്‍ ആണ് എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. അതിനു ഉദാഹരണമായി ശ്രീമദ് ഭാഗവതത്തില്‍ അഞ്ചു ജീവികളെക്കുറിച്ച് വര്‍ണ്ണിക്കുന്നു. കണ്ണ് മൂലം ഇയ്യാംപാറ്റയും, ചെവി മൂലം മാനും, നാക്ക് മൂലം മത്സ്യവും, മൂക്ക് മൂലം വണ്ടും, ത്വക്ക് മൂലം ആനയും അപകടത്തില്‍പ്പെട്ടു നശിക്കുന്നു. കേവലം സാമാന്യ ബുദ്ധിയുള്ള ഒരാള്‍ക്ക്‌ ഇക്കാര്യം ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേ ഉള്ളൂ.

മനസ്സും ബുദ്ധിയും എപ്പോഴും പിന്തുടരുന്നത് ഈ ഇന്ദ്രിയങ്ങളെ ആണ് എന്നതിനാല്‍ മനുഷ്യന്‍ എത്രത്തോളം അപകടങ്ങളിലൂടെയും ദുര്‍മാര്‍ഗ്ഗങ്ങളിലൂടെയും ആണ് ദിവസവും സഞ്ചരിക്കുന്നത് ? എന്തെങ്കിലും ഒന്ന് കണ്ടാല്‍; ഒരു ശബ്ദം കേട്ടാല്‍; ഒരു ഗന്ധം ലഭിച്ചാല്‍ അത് നല്ലതോ ചീത്തയോ എന്തുമാകട്ടെ ; ഉടനെ തന്നെ മനസ്സ് അങ്ങോട്ട്‌ തിരിയുന്നു. നാക്കിനു രുചിയുള്ള ഭക്ഷണം തേടി അവന്‍ എല്ലാ രോഗങ്ങളും വരുത്തി വെക്കുന്നു. സ്പര്‍ശ സുഖം തേടി അലയുന്ന മനുഷ്യര്‍ വ്യഭിചാരികളായി നശിക്കുന്നു. ഇതെല്ലാം നാം കാണുന്നതും നിത്യവും അനുഭവിക്കുന്നതും അല്ലെ ?

ഇതില്‍ നിന്നും ഒരു കാര്യം സംശയമന്യേ സ്പഷ്ടമാകുന്നു. മുകളില്‍ വിവരിച്ച അഞ്ച് ഇന്ദ്രിയങ്ങളെയും നമുക്ക് തിന്മയില്‍ നിന്നും നന്മയിലേക്ക് നയിക്കാന്‍ കഴിഞ്ഞാല്‍ മനസ്സും ബുദ്ധിയും ആ മാര്‍ഗ്ഗം പിന്തുടരുകയും കാലക്രമേണ മനുഷ്യന് ഇന്ദ്രിയ വിഷയങ്ങളില്‍ നിന്നും മുക്തി നേടി യോഗയുക്തന്‍ ആകുവാന്‍ കഴിയുകയും ചെയ്യും. പക്ഷെ അതിനു എന്താണ് ഒരു മാര്‍ഗ്ഗം ?

മനുഷ്യന്റെ അഞ്ച് ഇന്ദ്രിയങ്ങളെയും അസാന്മര്‍ഗ്ഗികമായ വിഷയങ്ങളില്‍ നിന്നും സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കുവാനുള്ള വളരെ ശാസ്ത്രീയമായ ഒരു മാര്‍ഗ്ഗമാണ് ക്ഷേത്ര ദര്‍ശനം. നമ്മുടെ പൂര്‍വ്വികരും ഗുരുക്കന്മാരും അതിനുവേണ്ട എല്ലാം തന്നെ ക്ഷേത്രങ്ങളില്‍ ഒരുക്കി വച്ചിരിക്കുന്നു.

1) ഈശ്വരന്റെ അടയാളമായ ക്ഷേത്രം, അതിലെ വിഗ്രഹം, ദീപം മുതലായവ ദര്‍ശിക്കുന്നത് നമ്മുടെ കണ്ണുകളേയും.

2) ചന്ദനം, ചന്ദനത്തിരി, കര്‍പ്പൂരം എന്നിവയുടെ സുഗന്ധം നമ്മുടെ മൂക്കിനേയും.

3) പ്രസാദം, തീര്‍ത്ഥം എന്നിവ സേവിക്കുന്നതും, ഈശ്വര മന്ത്രം ജപിക്കുന്നതും നമ്മുടെ നാവിനെയും.

4) ശംഖനാദം, മണിനാദം, മന്ത്രധ്വനി, സോപാന സംഗീതം മുതലായവ നമ്മുടെ ചെവികളെയും.

5) ചന്ദനം, ഭസ്മം, തീര്‍ത്ഥം എന്നിവ നെറ്റിയിലും ശരീരത്തിലും ലേപനം ചെയ്യുന്നത് നമ്മുടെ ത്വക്കിനെയും.

ലൌകിക, അസന്മാര്‍ഗ്ഗിക വിഷയങ്ങളില്‍ നിന്നും താല്‍കാലികമായി എങ്കിലും പിന്തിരിപ്പിച്ച് ഈശ്വര സങ്കല്‍പ്പത്തില്‍ ലയിപ്പിക്കുന്നു. കാലം ചെല്ലുമ്പോള്‍ ക്ഷേത്രദര്‍ശനം കൂടാതെ തന്നെ മനസ്സ് ഈശ്വരനില്‍ എല്ലായ്പോഴും വര്‍ത്തിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുകയും, ക്ഷേത്രത്തില്‍ മാത്രമല്ലാതെ സര്‍വ ചരാചരങ്ങളിലും, അവസാനം സ്വയം തന്നിലും സര്‍വവ്യാപിയും, പരമാത്മാവുമായ ഈശ്വരന്റെ വിശ്വരൂപം ദര്‍ശിച്ച് മനുഷ്യന്‍ മുക്തനാവുകയും ചെയ്യുന്നു.

ഈശ്വരന്‍ സര്‍വ്വവ്യാപിയാണ്; അതിനാല്‍ ക്ഷേത്രത്തില്‍ പോകേണ്ട ആവശ്യം ഇല്ല എന്ന് പറയുന്നവര്‍ അവരുടെ അഞ്ചു ഇന്ദ്രിയങ്ങളും സാത്വിക വിഷയങ്ങളില്‍ തന്നെയാണോ എപ്പോഴും രമിക്കുന്നത് എന്ന് ഒരു ആത്മപരിശോദന നടത്തുക. അതിനു ശേഷം ക്ഷേത്ര ദര്‍ശനം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുക. അഞ്ച് ഇന്ദ്രിയങ്ങളും സര്‍വ്വദാ സാത്വിക വിഷയങ്ങളില്‍ രമിക്കും വരെ ഓരോ വ്യക്തിയും ക്ഷേത്ര ദര്‍ശനം തുടരുക തന്നെ വേണം. ഇക്കാരണങ്ങള്‍ കൊണ്ടാണ് ജഗത്ഗുരു ആദി ശങ്കരാചാര്യര്‍, ശ്രീ നാരായണ ഗുരുദേവന്‍ മുതലായ അദ്വൈതജ്ഞാനികളായ മഹാഗുരുക്കന്മാര്‍ പോലും അജ്ഞാനികളായ മനുഷ്യര്‍ക്ക്‌ വേണ്ടി ക്ഷേത്ര പ്രതിഷ്ഠകളും പൂജാ വിധികളും കല്‍പ്പിച്ചു കൊടുത്തത്

പ്രശ്ന സമയം വീണാനാദം ഓടക്കുഴൽനാദം മൃദംഗധ്വനി ശംഖനാദം പടഹം പെരുമ്പറ ഇതുകളുടെ ശബ്ദം മംഗലാത്മകങ്ങളായ പാട്ടുകൾ ഇവ കേൾക്കുന്നതും

വീണാവേണുമൃദംഗശംഖപടഹധ്വാനം ച ഭേരീരവം
ഗീതം മംഗലമംഗനാം ച ഗണികാം ദധ്യക്ഷതേക്ഷ്വാദികം
ദൂർവാചന്ദനപൂർണകുംഭകുസുമം മാലാം ഫലം കന്യകാം
ഘണ്ടാം ദീപസരോരുഹേ ച ശുഭദം വിദ്യാന്നിമിത്തം ബുധഃ

സാരം :-

പ്രശ്ന സമയം വീണാനാദം ഓടക്കുഴൽനാദം മൃദംഗധ്വനി ശംഖനാദം പടഹം പെരുമ്പറ ഇതുകളുടെ ശബ്ദം മംഗലാത്മകങ്ങളായ പാട്ടുകൾ ഇവ കേൾക്കുന്നതും വൈധവ്യം വരാത്ത സൗന്ദര്യവതികളായ സ്ത്രീകളേയും വേശ്യ തൈർ മലർ കരിമ്പ് കറുക ചന്ദനം നിറകുടം പുഷ്പം മാല കായ്കൾ കന്യകകൾ മണികൾ വിളക്ക് താമരപ്പൂവ് ഇതുകളേയും കാണുന്നതും ശുഭനിമിത്തമാണെന്ന് വിദ്വാന്മാർ പറയുന്നു.

വിഷ്ണു പ്രീതികരമായ ഈ വഴിപാടുകൾ അർപ്പിച്ചാൽ ഫലം അത്യുത്തമം

ഈശ്വരന് നമ്മളിൽ നിന്ന് യാതൊന്നും ആവശ്യമില്ല. നാം നമ്മെത്തന്നെ ഈശ്വരനിൽ സമർപ്പിക്കുന്നതിന് പ്രതീകമായാണ് വഴിപാടുകൾ നടത്തുന്നത്. ഒന്നും ആഗ്രഹിക്കാതെ ഭക്തിയോടെ വഴിപാടുകൾ നടത്തുന്നതാണ് ഏറ്റവും ഉത്തമം. വെറുതെ ആഗ്രഹപൂർത്തീകരണത്തിനായി മാത്രം വഴിപാടുകൾ നടത്തുന്നത് നന്നല്ല. തികഞ്ഞ ഭക്തിയോടു കൂടി ഭഗവാനിൽ അർപ്പിക്കുന്ന വഴിപാടുകൾ ഉത്തമ ഫലം നൽകുമെന്നാണ് വിശ്വാസം.

ഭഗവാന് ഏറ്റവും പ്രിയം തുളസീദള സമർപ്പണമാണ് . മൂലമന്ത്രം ജപത്തോടെ  ഓം നമോ നാരായണായ) ക്ഷേത്രത്തിൽ പ്രദക്ഷിണം വച്ച് തുളസി മാലസമർപ്പിക്കുന്നതു മനഃശാന്തിക്ക് ഉത്തമമാർഗ്ഗമാണ്.

വിഷ്ണുപ്രീതികരമായ വഴിപാടുകളും ഫലങ്ങളും  


പാൽപായസം - ധനധാന്യ വർദ്ധന

സുദർശനഹോമം - രോഗശാന്തി 

നെയ്യ് വിളക്ക് - നേത്രരോഗശമനം , അഭിഷ്ടസിദ്ധി

സന്താന ഗോപാല മന്ത്രാര്‍ചന - സത് സന്താന ലാഭം 

വെണ്ണനിവേദ്യം - ബുദ്ധിവികാസത്തിന്

സഹസ്രനാമ അര്‍ച്ചന - ഐശ്വര്യം , മംഗളസിദ്ധി 

ഭാഗ്യ സൂക്താര്‍ചന - ഭാഗ്യസിദ്ധി , സാമ്പത്തിക അഭിവൃദ്ധി

പുരുഷ സൂക്താര്‍ചന  - ഇഷ്ട സന്താന ലബ്ധി 

ആയുര്‍ സൂക്താര്‍ചന - ആയുര്‍വര്‍ദ്ധന , രോഗമുക്തി

പാലഭിഷേകം - ക്രോധം നിമിത്തമുള്ള കുടുംബസമാധാനമില്ലായ്മക്കു അറുതി

വ്യാധഗീത

നമ്മളിൽ ഭൂരിഭാഗവും ശ്രദ്ധിക്കാത്ത മഹാഭാരതത്തിലെ വളരെ പ്രസക്തമായ ഒരു ഭാഗമാണ്  'വ്യാധഗീത' . അതിന്റെ രത്നച്ചുരുക്കം എന്താണെന്ന് നോക്കാം. 

 ഒരിടത്ത് ഭൗതികസുഖങ്ങളെല്ലാം ഉപേക്ഷിച്ച് ആത്മജ്ഞാനത്തിനുവേണ്ടി തപസ്സനുഷ്ഠിക്കുന്ന ഒരു മഹാതാപസി ഉണ്ടായിരുന്നു. മുഴുവൻ സമയവും തപസ്സിലും പ്രാർത്ഥനയിലും മുഴുകി ജീവിച്ച അദ്ദേഹം ദിവസത്തിൽ ഒരു നേരം മാത്രമേ ഭക്ഷണം കഴിച്ചിരുന്നുള്ളൂ. അതും ഭിക്ഷാടനത്തിലൂടെ കിട്ടുന്ന ഭക്ഷണം മാത്രം. 

*ഒരു ദിവസം താപസി ഒരു വൃക്ഷത്തിന്റെ അടിയിൽ തപസ്സ് ചെയ്തു കൊണ്ടിരിക്കുമ്പോൾ ആ മരത്തിന് മുകളിലിരുന്ന കൊക്ക് അദ്ദേഹത്തിന്റെ ദേഹത്തേക്ക് കാഷ്ഠിച്ചു. *രോഷാകുലനായ താപസി ദേഷ്യത്തോടുകൂടി ആ കൊക്കിനെ തുറിച്ചുനോക്കിയപ്പോൾ അതിന്റെ ചിറക് കരിഞ്ഞ് അത് താഴെ വീണു. ഇതുകണ്ട് താപസി വളരെ സന്തോഷവാനായി. തനിക്ക് കിട്ടിയ അമാനുഷിക സിദ്ധിയിൽ അദ്ദേഹം അഹങ്കാരിയായി* .* 

 *അന്ന് ഭിക്ഷാടനത്തിനായി ചെന്നത് ഒരു കർഷക കുടുംബത്തിലേക്കായിരുന്നു. 
 താപസി ഭിക്ഷ ചോദിച്ചപ്പോൾ കർഷകപത്നി കുറച്ചുസമയം കാത്തിരിക്കാൻ വീടിനകത്തു നിന്നും ആവശ്യപ്പെട്ടു. അവർ തന്റെ ഭർത്താവിന് ഭക്ഷണം വിളമ്പി കൊടുക്കുകയായിരുന്നു. 

 അല്പസമയം കഴിഞ്ഞ് ആ സ്ത്രീ പുറത്തേക്ക് വന്നപ്പോൾ താപസി വളരെ ദേഷ്യത്തോടെ അവരെ തുറിച്ചു നോക്കി. ഉടൻ അവർ പറഞ്ഞു :* "താങ്കൾ നോക്കിയാലുടൻ കരിഞ്ഞു പോകാൻ ഞാൻ കൊക്കൊന്നുമല്ല " 

 *അവരുടെ വാക്കുകൾ കേട്ട്, അത്ഭുതപ്പെട്ടുപോയ താപസി ആ സത്രീയോട് ഈ ജ്ഞാനം നിങ്ങൾക്ക്* എവിടെ നിന്നാണ് സിദ്ധിച്ചത് എന്ന് ചോദിച്ചു .* *അതിന് ആ സ്ത്രീ കൊടുത്ത മറുപടി  താനൊരു ജ്ഞാനിയായ വ്യാധന്റെ ശിഷ്യയാണന്നാണ്.  (വ്യാധൻ എന്നാൽ ഇറച്ചിവെട്ടുകാരൻ എന്നാണ് അർത്ഥം) അത് കേട്ട താപസി വ്യാധനിൽ* നിന്നും  ജ്ഞാനോപദേശം സ്വീകരിക്കുന്നതാണ് "വ്യാധഗീത. " 

വ്യാധഗീത നൽകുന്ന സന്ദേശം :- 

 നമ്മൾ ചെയ്യേണ്ട  കർമ്മങ്ങളൾ എന്താണെങ്കിലും അത് ഉപേക്ഷിക്കാതെ കർത്തവ്യബോധത്തോടുകൂടിയും ഭക്തിയോടുകൂടിയും സമർപ്പിക്കലാണ് ശരിയായ ജ്ഞാനത്തിന്റെ വഴി.  അതിന് ജ്ഞാനിയായ ഒരു ഗുരുവിന്റെ മാർഗ്ഗദർശനം എപ്പോഴും ഉണ്ടായിരിക്കണമെന്നു മാത്രം. 

പ്രശ്നസമയം ആന, കുതിര, കാള മുതലായ ഇഷ്ട ജന്തുക്കളെ കാണുന്നതും അവ ശബ്ദിക്കുന്നതു കേൾക്കുന്നതും

മാതംഗാശ്വവൃഷാദീനാം പൃച്ഛാകാലേ രുതം യദി
തേഷാം വാ ദർശനം തർഹി പ്രതിഷ്ടാഭീഷ്ടമവാപ്നുയാൽ

സാരം :-

പ്രശ്നസമയം ആന, കുതിര, കാള മുതലായ ഇഷ്ട ജന്തുക്കളെ കാണുന്നതും അവ ശബ്ദിക്കുന്നതു കേൾക്കുന്നതും പ്രഷ്ടാവിന്റെ അഭീഷ്ട കാര്യസിദ്ധിയുടെ ലക്ഷണമാകുന്നു.

പുഷ്പാഞ്ജലി / അര്‍ച്ചന

ഹൈന്ദവര്‍ ഏല്ലാവരും തന്നെ പുഷ്പാഞ്ജലി അര്‍ച്ചന നടത്തിയിട്ടുണ്ടാകും.   പക്ഷെ കൂടുതല്‍ ആളുകളും ഈ അര്‍ച്ചനയെ കുറിച്ച് ബോധവാന്‍മാരല്ല.

ഹിന്ദു ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നവരില്‍ "അര്‍ച്ചന - പുഷ്പാഞ്ജലി" എന്നീ വഴിപാടു കഴിക്കാത്തവര്‍ വളരെ വിരളമായിരിക്കും.

എല്ലാ ക്ഷേത്രങ്ങളിലും സാധാരണയായി എല്ലാവരും തന്നെ ചെയ്യുന്ന ഒരു വഴിപാടാണ് ഇത്.   പേരും നക്ഷത്രവും പറഞ്ഞാണ് സാധാരണയായി നാം പുഷ്പാഞ്ജലി കഴിക്കാറുള്ളത്.

അഞ്ജലി എന്നാല്‍ കൂപ്പുകൈയോടെയുള്ള സമര്‍പ്പണം എന്നാണ് അർത്ഥം.   കൂപ്പുകൈയോടുകൂടി നാം പുഷ്പത്തെ ഭഗവാന് മുന്നില്‍ സമര്‍പ്പിക്കുമ്പോള്‍ അത് പുഷ്പാഞ്ജലിയാകുന്നു

പുഷ്പത്തിന്റെ ഏറ്റവും പ്രധാന ഗുണം അതിന്റെ വര്‍ണ്ണവും വാസനയുമാണ്‌.   ഇവിടെ പുഷ്പം നമ്മിലുള്ള നല്ലതും ചീത്തയുമായ വാസനകളെ പ്രതിനിധാനം ചെയ്യുന്നു.

നിത്യജീവിതത്തില്‍ നമ്മെ നയിക്കുന്നത് നമ്മുടെ വാസനകള്‍ ആണ് എന്നതിനാല്‍ ആസുരിക വാസനകള്‍ ഉള്ളവര്‍ ആസുരിക മാര്‍ഗ്ഗത്തിലും ദൈവീക വാസനകള്‍ ഉള്ളവര്‍ ദൈവീക മാര്‍ഗ്ഗത്തിലും ജീവിതം നയിക്കുന്നു എന്നത് നമുക്ക് ചുറ്റും വെറുതെയൊന്നു കണ്ണോടിച്ചുനോക്കിയാല്‍ കാണാവുന്നതേയുള്ളൂ.

സ്വയം തന്റെയും കുടുംബത്തിന്റെയും സുഖം മാത്രം കാംക്ഷിക്കുന്ന എല്ലാം തന്നെ ആസുരിക വാസനയാണ്.   എന്നാല്‍ സ്വന്തം സുഖത്തോടൊപ്പം ലോകത്തിലെ സര്‍വ്വ ചരാചരങ്ങളുടെയും സുഖം കാംക്ഷിക്കുന്നത് ദൈവീക വാസനയും ആകുന്നു.

പുഷ്പാഞ്ജലിക്ക് വേണ്ടി വീട്ടുമുറ്റത്തെ പൂന്തോട്ടത്തില്‍ നിന്നും പൂക്കള്‍ പറിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം. പൂ പറിക്കുന്ന സമയത്ത് ഇഷ്ട ദേവതാ മന്ത്രം ജപിച്ചുകൊണ്ട്‌ പൂക്കളെ സ്വന്തം വാസനകള്‍ ആയും അവയെ നാം ഭഗവാന് മുന്‍പില്‍ സമര്‍പ്പിക്കാന്‍ വേണ്ടി സ്വരൂപിക്കുകയാണ് എന്നും സങ്കൽപ്പിക്കണം.

കുളിച്ചു വൃത്തിയോടു കൂടിയായിരിക്കണം പൂക്കള്‍ ഇറുക്കുന്നത്.   ഇതിനു സൗകര്യം ഇല്ലാത്തവര്‍ക്ക് മാത്രം പൂക്കള്‍ വാങ്ങാവുന്നതാണ്.

അതിനു ശേഷം ക്ഷേത്രത്തില്‍ പോയി ഈ പൂക്കളെ പുഷ്പാഞ്ജലി കഴിക്കുന്നതിനായി സമര്‍പ്പിക്കണം.

പുഷ്പാഞ്ജലി സമയത്ത് നാം നമ്മിലുള്ള എല്ലാ ആസുരിക വാസനകളേയും ഭഗവാന് മുന്‍പില്‍ സമര്‍പ്പിക്കുന്നു എന്ന് സങ്കൽപിക്കണം.

അതിനു ശേഷം പൂജിച്ച പുഷ്പാഞ്ജലി പ്രസാദം സ്വീകരിക്കണം. 

നാം നമ്മുടെ ആസുരിക വാസനകളെ ഭഗവാന് സമര്‍പ്പിച്ചതിന്റെ ഫലമായി ഭഗവാന്‍ അവയെ സ്വീകരിച്ച് പകരം ദൈവീക വാസനകളെ നമുക്ക് നല്‍കിയിരിക്കുന്നു എന്ന് സങ്കൽപിക്കണം.

ആ കാരുണ്യത്തിനു ഭഗവാനോട് നന്ദി പറയണം.

ശേഷം പ്രസാദത്തില്‍ ഉള്ള തുളസിയെ ശിരസ്സിലോ ചെവിയിലോ ധരിക്കാവുന്നതാണ്.   ചന്ദനം നെറ്റിയിലും കണ്ഠത്തിലും ഇരു കൈകളിലും പുരുഷന്മാര്‍ മാറിലും അണിയാവുന്നതാണ്.

ഇതിലൂടെ നമ്മിലെ തിന്മകള്‍ മുഴുവന്‍ ഭഗവാന് മുന്‍പില്‍ ഇല്ലാതായി എന്നും പകരം നന്മയെ ഭഗവദ് പ്രസാദമായി നാം സ്വീകരിച്ചിരിക്കുന്നു എന്നും അറിയണം.

"മനമലര്‍ കൊയ്തു മഹേശപൂജ ചെയ്യും മനുജന് മറ്റൊരു വേല ചെയ്തിടേണ്ട. വനമലര്‍ കൊയ്തുമതല്ലയായ്കില്‍ മായാ മനുവുരുവിട്ടുമിരിക്കില്‍ മായ മാറും"
    
എന്ന ശ്രീ നാരായണ ഗുരുദേവന്റെ അമൃതവാണികള്‍ ഇവിടെ വളരെയേറെ പ്രസക്തമാണ്.

മനസ്സാകുന്ന പുഷ്പം മഹേശ്വരന് സമര്‍പ്പിച്ച് എപ്പോഴും ഈശ്വര ചിന്തയില്‍ രമിച്ചു കഴിയുന്ന മഹാത്മാക്കള്‍ക്ക് ഇങ്ങനെ ക്ഷേത്ര ദര്‍ശനമോ പുഷ്പാഞ്ജലിയോ ഒന്നും തന്നെ ആവശ്യമായി വരുന്നില്ല.

പക്ഷെ അതിനു കഴിയാത്തവര്‍ പൂക്കള്‍ പറിച്ച് ഭഗവാന് അർച്ചിക്കുക, ഒപ്പം "ഓം നമഃ ശിവായ, ഓം നമോ നാരായണായ, ഓം പരാശക്തിയേ നമഃ" മുതലായ മഹാ മന്ത്രങ്ങള്‍ മുടങ്ങാതെ ജപിച്ചു കൊണ്ടിരിക്കുക.

കാലാന്തരത്തില്‍ ചിത്തശുദ്ധി വഴി തീര്‍ച്ചയായും ജ്ഞാനോദയം ഉണ്ടാകുന്നതാണ്.

സനാതന ധര്‍മ്മത്തില്‍ എല്ലാ ചടങ്ങുകള്‍ക്കു പുറകിലും ഒരു തത്വമുണ്ട്.   പക്ഷെ അത് അറിയാതെ ചെയ്യുമ്പോള്‍ വെറും അന്ധവിശ്വാസം ആയിഅധഃപതിക്കുന്നു.

അന്ധവിശ്വാസം കൊണ്ട് വെറുതെ കുറെ സമയവും പണവും നഷ്ടപ്പെടുത്താം എന്നല്ലാതെ ഒരിക്കലും ഒരു പ്രയോജനവും ഉണ്ടാകില്ല.

അതിനാല്‍ ക്ഷേത്രങ്ങളില്‍ പോകുന്ന സമയത്ത് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ സങ്കല്‍പ്പിച്ച് മനസ്സില്‍ ഉറപ്പിക്കുവാന്‍ ശ്രമിക്കുക.

പന്നി, ഉടുമ്പ്, അഹി, മുയൽ മുതലായ ജന്തുക്കളെക്കുറിച്ച് പ്രശ്ന സമയം ആരെങ്കിലും പറയുന്നത് ശുഭമാകുന്നു

പ്രശസ്താഃ കീർത്തനേ കോലഗോധാഹിശശജാഹകാഃ
ന ദർശനേ ന വിരുതേ വാനരർക്ഷാവതോന്യഥാ.

സാരം :-

പന്നി, ഉടുമ്പ്, അഹി, മുയൽ മുതലായ ജന്തുക്കളെക്കുറിച്ച് പ്രശ്ന സമയം ആരെങ്കിലും പറയുന്നത് ശുഭമാകുന്നു. ഈ ജന്തുക്കളെ കാണുന്നതും ഇവയുടെ ശബ്ദം കേൾക്കുന്നതും ശുഭമല്ല. 

പ്രശ്നസമയം കുരങ്ങ്, കരടിക്കുരങ്ങ് ഈ ജന്തുക്കളുടെ ശബ്ദം കേൾക്കുന്നതും ഇവകളെ കാണുന്നതും ശുഭം തന്നെയാണ്.

ഓരോ നക്ഷത്രത്തിലും നിശ്ചിത വസ്തുക്കള്‍ ദാനം ചെയ്താലുള്ള ഫലങ്ങൾ

ഹൈന്ദവവിശ്വാസമനുസരിച്ച് ദാനശീലം ശ്രേഷ്ഠമെന്നാണ് പറയാറ്. ഓരോ നക്ഷത്രത്തിലും നിശ്ചിത വസ്തുക്കള്‍ ദാനം ചെയ്താല്‍ പല ഫലങ്ങളും ഉണ്ടാകുമെന്ന് ആചാര്യന്മാര്‍ പറയുന്നു. മഹാഭാരതം അനുശാസനപര്‍വ്വത്തിലും ഇങ്ങനെ പ്രതിപാദിക്കുന്നു.

1 അശ്വതി: ഈ ദിവസം അശ്വങ്ങളും തേരുകളും ദാനം ചെയ്യുന്നവര്‍ ഉല്‍കൃഷ്ട വംശത്തില്‍ പുനര്‍ജന്മമെടുക്കുമെന്നാണ് വിശ്വാസം.

2 ഭരണി: ഈ നാളില്‍ നിലവും ധേനുക്കളും ബ്രാഹ്മണര്‍ക്ക്  ദാനം ചെയ്താല്‍ ധാരാളം പശുക്കളും പരലോകത്തില്‍ ഖ്യാതിയും ലഭിക്കും.

3 കാര്‍ത്തിക: കാര്‍ത്തിക നാളില്‍ ബ്രാഹ്മണര്‍ക്ക് തൃപ്തിയാവോളം പായസം നല്‍കിയാല്‍ മരണാനന്തരം മുഖ്യലോകങ്ങള്‍ നേടും.

4 രോഹിണി: ഈ നാളില്‍ പാല്‍ച്ചോറ് ബ്രാഹ്മണര്‍ക്ക് നല്‍കിയാല്‍ പിതൃക്കളോടുള്ള കടപ്പാട് നീങ്ങും.

5 മകയീരം: ഈ നാളില്‍ കറുവപ്പശുവിനെ ദാനം ചെയ്താല്‍ സ്വര്‍ഗ്ഗലോകത്തില്‍ പോകാം.

6 തിരുവാതിര: ഈ നാളില്‍ ഉപവാസം ചെയ്ത് എള്ളിന്‍ രസം ദാനം ചെയ്താല്‍ മനുഷ്യന് പര്‍വ്വതങ്ങളും കിടങ്ങുകളും തരണം ചെയ്യാന്‍ കഴിയും.

7 പുണര്‍തം: ഈ നക്ഷത്രത്തില്‍ അപ്പം ദാനം ചെയ്യുന്നവര്‍ സല്‍ക്കുലത്തില്‍ പുനര്‍ജന്മമെടുക്കും.

8 പൂയം: ഈ ദിനത്തില്‍ സ്വര്‍ണ്ണം ദാനം ചെയ്യുന്നവന്‍ പ്രകാശഗ്രഹങ്ങളുടെ മണ്ഡലങ്ങളില്‍ പ്രവേശിക്കും.

9 ആയില്യം: ഈ ദിവസം വെള്ളികൊണ്ട് നിര്‍മ്മിച്ച കാളയെ ദാനം ചെയ്താല്‍ അവന്‍ നിര്‍ഭയനായി തീരും.

10 മകം: ഈ ദിവസം എള്ള് ദാനം ചെയ്യുന്നവന്‍ പശുക്കളെ കൊണ്ടും പുത്രന്‍മാരെ കൊണ്ടും ഐശ്വര്യമുള്ളവനായി തീരും.

11 പൂരം: ഈ ദിവസം ഉപവാസം ചെയ്ത് ബ്രാഹ്മണര്‍ക്ക് നെയ് ചേര്‍ത്ത അന്നം ദാനം ചെയ്താല്‍ സൗഭാഗ്യമുണ്ടാകും.

12 ഉത്രം: ഈ ദിവസം പാലും നെയ്യും കലത്തിയ നവരച്ചോര്‍ ദാനം ചെയ്യുന്നവന്‍ സ്വര്‍ഗ്ഗലോകത്ത് പൂജ്യനായിരിക്കും.

13 അത്തം: ഈ ദിനത്തില്‍ നാല് അശ്വങ്ങളെയും ഒരു ആനയേയും ദാനം ചെയ്യുന്നവന്‍ പുണ്യലോകങ്ങളെ പ്രാപിക്കും.

14 ചിത്തിര: ഈ ദിവസം കാളയും സുഗന്ധ വസ്തുക്കളും ദാനം ചെയ്യുന്നവന്‍ അപ്‌സരസ്സുകള്‍ രമിക്കുന്ന നന്ദനോദ്യാനത്തില്‍ പ്രവേശിക്കും.

15 ചോതി: ഈ നാളില്‍ എന്തെങ്കിലും ദാനം കൊടുക്കുന്നവന്‍ ലോകത്തില്‍ കീര്‍ത്തിമാനായിത്തീരും.

16 വിശാഖം: ഈ നാളില്‍ കാളയേയും കറവപ്പശുവിനെയും പത്താഴം,വണ്ടി,നെല്ല്,വജ്രം ഇവയും ദാനം ചെയ്യുന്നവന്‍ സ്വര്‍ഗ്ഗലോകത്തില്‍ ചെല്ലും.

17 അനിഴം: ഈ നക്ഷത്രത്തില്‍ വസ്ത്രവും അന്നവും പുതപ്പും ദാനം ചെയ്യുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ നൂറ് യുഗങ്ങള്‍ പൂജ്യനായിരിക്കും.

18 തൃക്കേട്ട: ഈ ദിനത്തില്‍ ബ്രാഹ്മണര്‍ക്ക് ചേനയും ചീരയും കൊടുത്താല്‍ ഇഷ്ടഗതി ലഭിക്കും.

19 മൂലം: ഈ ദിവസം ബ്രാഹ്മണര്‍ക്ക് ഫലമൂലങ്ങള്‍ കൊടുത്താല്‍ പിതൃക്കള്‍ പ്രീതിപ്പെടും.

20 പൂരാടം: ഈ നാളില്‍ ഉപവാസത്തോടുകൂടി തൈര്‍കുടങ്ങള്‍ വേദവേദി ബ്രാഹ്മണര്‍ക്ക് ദാനം ചെയ്താല്‍ അവന്‍ നിരവധി പശുക്കളോടുകൂടിയ കുലത്തില്‍ ജനിക്കും.

21 ഉത്രാടം: ഈ ദിവസം ബുദ്ധിമാന്‍മാര്‍ക്ക് പാലും നെയ്യും കൊടുത്താല്‍ സ്വര്‍ഗ്ഗത്തില്‍ സംപൂജ്യനായി തീരും.

22 തിരുവോണം: ഈ ദിവസം വസ്ത്രവും കമ്പിളിയും നല്‍കുന്നവന്‍ വെള്ള വാഹനത്തില്‍ കയറി സ്വര്‍ഗ്ഗം പ്രാപിക്കും.

23 അവിട്ടം: ഈ നക്ഷത്രത്തില്‍ കന്നുകാലികളും വാഹനവും വസ്ത്രവും നല്‍കിയാല്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാം.

24 ചതയം: ഈ ദിവസം അകിലും ചന്ദനവും കൊടുക്കുന്നവന്‍ ദേവലോകത്ത് ചെന്നുചേരും.

25 പൂരോരുട്ടാതി: ഈ ദിവസം നാണയങ്ങള്‍ നല്‍കുന്നവന്‍ പരലോകം പ്രാപിക്കും.

26 ഉത്രട്ടാതി: ഈ ദിവസം ആടിനെ നല്‍കുന്നവന്‍ പിതൃക്കള്‍ക്ക് പ്രീതി ജനിപ്പിക്കും.

27 രേവതി: ഈ ദിവസം പാത്രം നിറച്ച് പാല്‍ കറക്കുന്ന പശുവിനെ ദാനം ചെയ്താല്‍ ആഗ്രഹമനുസരിച്ച് ഏത് ലോകത്തും ചെന്നുചേരും.

നാളികേരം മനുഷ്യശരീരത്തിനു തുല്യമാണ് എന്നാണു സങ്കല്‍പം

നാളികേരം മനുഷ്യശരീരത്തിനു തുല്യമാണ് എന്നാണു സങ്കല്‍പം. വിഘ്‌നേശ്വര സങ്കല്പത്തിന്റെ സാക്ഷാത്ക്കാരത്തിനായി ഗണപതിക്ക് നാളികേരമുടയ്ക്കുന്ന വഴിപാട് സര്‍വ്വസാധാരണമാണ്. നാളികേരം ഉടയുമെങ്കില്‍ അഭീഷ്ടം സാധിക്കുമെന്നും ഉടഞ്ഞില്ലെങ്കില്‍ അതിനു വിഘ്‌നം സംഭവിക്കുമെന്നും വിശ്വാസം. നാളികേരം ഉടയ്ക്കുന്നതിനു പിന്നില്‍ വേദാന്തതത്ത്വവും ദര്‍ശിക്കാമെന്ന് ആചാര്യന്മാര്‍ പറയുന്നു.

പുറമെ നാരുകളോട് കൂടിയ ആവരണമുള്ള കട്ടിയുള്ള ചിരട്ടയുള്ളതും ഇതിനുള്ളില്‍ മാംസളമായ ഭാഗവും അതിന്റെ ഉള്ളില്‍ അമൃതമായ ജലവും ഉള്ളതിനാലാണു നാളികേരത്തെ മനുഷ്യശരീരത്തോട് ഉപമിക്കുന്നത്.നാളികേരത്തിന്റെ ചിരട്ട മായയായും അകത്തെ കാമ്പ് സത്യമായുമാണ് വേദാന്തം വിഭാവനം ചെയ്യുന്നത്. നാളികേരം ഉടയുമ്പോള്‍ മായയെ മാറ്റി സത്യം കാണുന്നു എന്നാണ് വിശ്വാസം.  ഗണപതിക്കു നാളികേരം ഉടയ്ക്കുന്നതിലൂടെ ഭഗവാനു സ്വയം പൂര്‍ണമായും നമ്മെ സമര്‍പ്പിക്കുകയാണു ചെയ്യുന്നത്. നാളികേരം ഉടയുമ്പോള്‍ ഞാന്‍ എന്ന ഭാവമാണ് അവനില്‍ നിന്ന് അകലുന്നത്.

ശുഭകാര്യങ്ങള്‍ തുടങ്ങുമ്പോള്‍ പൂജിച്ച നാളികേരം രണ്ടായി ഉടച്ച് ശുഭാശുഭഫലങ്ങള്‍ നോക്കുന്നതും സര്‍വസാധാരണമാണ്. ഒരു തേങ്ങാമുറിയിലെ വെള്ളത്തില്‍ ഒരു പൂവിട്ട് അത് ഏതുരാശിയില്‍ അടുക്കുന്നുവെന്ന് നിര്‍ണ്ണയിച്ച് ഫലം ചിന്തിക്കുന്നു. മേടം രാശിയിലെങ്കില്‍ അഭിവൃദ്ധി, ഇടവം എങ്കില്‍ കലഹവും വിഷഭയവും മിഥുനം എങ്കില്‍ അഗ്‌നിബാധ, കര്‍ക്കടകം എങ്കില്‍ ധനധാന്യനാശം, ചിങ്ങം എങ്കില്‍ ധനഭാഗ്യവും പുത്രഭാഗ്യവും,കന്നി എങ്കില്‍ സ്ത്രീപ്രജാലബ്ധി,തുലാമെങ്കില്‍ ധനയോഗം, വൃശ്ചികമെങ്കില്‍ വിഷഭയം, ധനുവെങ്കില്‍ ജനങ്ങളുടെ ശത്രുത, മകരമെങ്കില്‍ അഭീഷ്ടസിദ്ധി, കുംഭമെങ്കില്‍ മരണഭയം, മീനമെങ്കില്‍ ആപത്ത് എന്നുമാണ് ഫലങ്ങള്‍.

തേങ്ങ ഉടയുന്നത് ഒത്ത നടുക്കായി,വശങ്ങളിലേക്ക് കോടാതെ വന്നാല്‍ ഫലം ശുഭം. വക്കുകള്‍ ഒടിഞ്ഞാല്‍ ഉദരരോഗം. തേങ്ങയുടെ കണ്ണുകള്‍ പൊട്ടിയാല്‍ അതിദുഃഖം, മുകള്‍ ഭാഗമുടഞ്ഞാല്‍ കുടുംബനാഥന് ആപത്ത് എന്നും ആചാര്യന്മാര്‍ പറയുന്നു. ഉടയുന്നതിനിടയില്‍ തേങ്ങ മുഴുവനായോ ഉച്ച മുറിയോ താഴെ വീണാല്‍ അധഃപതനം ഉറപ്പെന്നും ആചാര്യന്മാര്‍ വ്യക്തമാക്കുന്നു.

ഈശ്വര വിചാരം

ഒരു ദിവസം ഭീമൻ ഏകനായി കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് ദൂരത്തായി ഗർഭിണിയായ ഒരു മാൻ നില്‍ക്കുന്നതു കണ്ടു. 
ഭീമനെക്കണ്ട് പേടിച്ചരണ്ട മാൻ  നാലുദിക്കുകളിലേക്കും നോക്കിയിട്ട് അനങ്ങാതെ നിന്നു. 
ഭീമൻ ചുറ്റും നോക്കിയപ്പോഴാണ് അതിന്റെ കാരണം മനസ്സിലായത് .
മാനിന്റെ മുൻ വശത്തായി ഒരു സിംഹം അതിനെ പിടിക്കാനായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പിറകുവശത്ത് ഒരു വേടൻ വില്ലുകുലച്ച് അമ്പെയ്യാനായി ഒരുങ്ങിനില്‍ക്കുന്നു.

 വേടനെ കണ്ടതുകൊണ്ടാണ് സിംഹം മുന്നോട്ടുവരാതിരുന്നത്. 
വലതുവശത്ത് അതിശക്തമായി കുത്തി ഒലിച്ചു ഒഴുകുന്ന നദി, മറുവശത്ത് ആളിക്കത്തുന്ന കാട്ടുതീ. 
മാനിനു നാലുചുറ്റും ആപത്തു മാത്രം.....

ആ മാൻ പേടയുടെ ദയനീയാവസ്ഥ കണ്ട് ഭീമന്റെ മനസ്സലിഞ്ഞു. 
എന്നാല്‍ ഭീമൻ നിസ്സഹായനായിരുന്നു. വേടനെ ഓടിക്കാൻ ശ്രമിച്ചാൽ  അതുകണ്ട് മാൻ പേടിച്ചോടി സിംഹത്തിന്റെ വായിൽ ചെന്നുചാടും. കാട്ടുതീ അണയ്ക്കാമെന്നുവെച്ചാൽ  മാൻ നദിയിലേക്കു ചാടി ഒഴുക്കിൽ പ്പെട്ടുമരിക്കും. 
മാനിനെ രക്ഷിക്കാൻ ഒരു മാർഗവും കാണാതെ ഭീമൻ ഒടുവിൽ ഈശ്വരനെ വിളിച്ച്, 
”ഭഗവാനേ, ഞാൻ തികച്ചും നിസ്സഹായനാണ്. ഈ ജന്തുവിനെ  രക്ഷിക്കാൻ അവിടത്തേക്കു മാത്രമേ സാധിക്കൂ. അവിടുന്നുതന്നെ അതിനെ രക്ഷിക്കണേ”  എന്നു പ്രാർഥിച്ചു.

അടുത്തനിമിഷം മാനത്ത് കാർ മേഘങ്ങൾ ഉരുണ്ടുകൂടി, ഭയങ്കരമായി ഇടിവെട്ടി. 
തുടർന്ന് അതിശക്തമായ മഴപെയ്തുതുടങ്ങി. 
ഇടിമിന്നലേറ്റ് വേടൻ  ബോധംകെട്ടുവീണു. 
മഴയിൽ കാട്ടുതീയണഞ്ഞു, 
സിംഹം ഭയന്നോടിപ്പോയി. ആപത്തെല്ലാമൊഴിഞ്ഞതോടെ മാൻ പേടയും ഓടി രക്ഷപ്പെട്ടു. 
ഇതെല്ലാം കണ്ടുനിന്ന ഭീമൻ  അത്ഭുതപരതന്ത്രനായി.

നമ്മുടെ കഴിവിന്റെ പരിമിതിയും ഈശ്വരന്റെ അനന്തമായ വൈഭവവും അറിയുമ്പോൾ ഈശ്വരകൃപ ഒന്നുമാത്രമേ നമ്മുടെ പ്രയത്‌നങ്ങളെ സഫലമാക്കൂ എന്നു നമുക്ക് ബോധ്യമാകും. 
മനസ്സിൽ വെറും ഒരു നിസാര ജീവിയായ മാൻ പേടയോടുള്ള കാരുണ്യവും , ഈശ്വരനോടുള്ള സമർപ്പണവും ഒന്നിച്ചപ്പോഴാണ് ഭീമൻ  ഈശ്വരകൃപയ്ക്ക് പാത്രമായത്. പ്രയത്‌നവും കാരുണ്യവും സമര്‍പ്പണവും എവിടെ ഒന്നിക്കുന്നുവോ അവിടെ ഈശ്വരന്‍ തീര്‍ച്ചയായും കൃപ ചൊരിയുന്നു.

സ്ഥിതപ്രജ്ഞന്‍ (ബുദ്ധി സ്ഥിരത നേടിയവന്‍ )

" സ്ഥിതപ്രജ്ഞനെന്നു ചൊല്ലിടേണമമുണ്ടതായതെങ്കി-
ലിന്ദ്രിയസുഖങ്ങളഞ്ചുമായതും ത്യജിക്കണം;
ആയതല്ല നിന്റെയുള്ളിലുള്ളതാം മനസ്സതിന്നെ 
ശുദ്ധമാക്കിടേണ്ടതുണ്ടതോര്‍ക്ക പാര്‍ത്ഥ നീയെടൊ. "

(മലയാളഗീത)

ആത്മീയമായ സകല അറിവുകളുടെയും അഭ്യാസങ്ങളുടെയും അവസാന വാക്കാണ്‌ സ്ഥിതപ്രജ്ഞനാവുക എന്നത്.

സ്ഥിതപ്രജ്ഞന്‍, എകരസ സ്ഥിതന്‍, ബുദ്ധിയുറച്ചവന്‍, എന്നെല്ലാം സാധാരണയായി യോഗികളെ വിളിക്കുന്നു. യോഗികളെന്നാല്‍ ഉടനെ നമ്മുടെ മനസ്സില്‍ തെളിയുന്നത് എല്ലാം ത്യജിച്ചവനും ജഡാവല്‍ക്കലനും കാഷായവസ്ത്രധാരിയുമായ ഒരു രൂപമായിരിക്കും. യോഗിയെന്നാല്‍ വാസ്തവത്തില്‍ ഈശ്വരന് മുന്നില്‍ ആത്മ സമര്‍പ്പണം ചെയ്തുകൊണ്ട് സാധനാത്മകമായി ജീവിതം നയിക്കുന്ന ഏതൊരാളെയും വിളിക്കാവുന്ന നാമമാണ്. (ഭഗവത്‌ഗീതയില്‍ യുവാവും കര്‍മ്മധീരനും ഗൃഹസ്ഥനുമായ അര്‍ജുനനെ യോഗിയായി ദര്‍ശിച്ചുകൊണ്ടാണ് ഭഗവാന്‍ ജ്ഞാനം നല്‍കുന്നത്.) അങ്ങനെയെങ്കില്‍ ജീവിതം ധാര്‍മ്മികമായും കര്‍മ്മോത്സുകമായും നയിക്കുന്ന ഓരോരുത്തരും യോഗികള്‍ തന്നെയാണ്.

സ്ഥിതപ്രജ്ഞന്‍ എന്ന അവസ്ഥ കാനനത്തില്‍ താപസനായി ജീവിക്കുന്ന യോഗിയെക്കാള്‍ കൂടുതല്‍ ആവശ്യമായി വരുന്നത് കര്‍മ്മക്ഷേത്രത്തിലെ ആത്മീയ യോദ്ധാക്കള്‍ക്കുതന്നെയാണ്. ജീവിതത്തില്‍ ആകസ്മികമായി വന്നു ചേരുന്ന ഓരോരോ രംഗങ്ങളെയും, അവ നല്ലതായാലും മോശമായാലും, സുഖ ദായകമായാലും ദുഃഖ ദായകമായാലും, നിന്ദയായാലും സ്തുതിയായാലും, അപമാനമായാലും ബഹുമാനമായാലും, ലാഭമായാലും നഷ്ടമായാലും, ഉയർച്ചയായാലും താഴ്ച്ചയായാലും അഹങ്കരിക്കാതെയും മനസ്സ് തളരാതെയും എപ്പോഴും തുലനം ചെയ്തു നിലകൊള്ളുക എന്ന് മാത്രമേ സ്ഥിതപ്രജ്ഞന്‍ എന്ന ഈ പദത്തിനു അര്‍ത്ഥമുള്ളൂ. പറയുവാന്‍ വളരെ സുന്ദരമായി തോന്നുമെങ്കിലും പ്രയോഗികമാക്കുവാന്‍ നിരന്തര പരിശീലനവും സ്വ പരിശോധനയും ആവശ്യമായ ഒരു സാധനയാണ്‌ ഇത്. പരമാത്മാവിനുമുന്നില്‍ സ്വയം എന്നെ ഞാന്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്ന ചിന്തയാണ് സ്ഥിതപ്രജ്ഞനാകുവാന്‍ ആദ്യം ഉണ്ടാവേണ്ടത്. എന്തുകൊണ്ടെന്നാല്‍ നമ്മുടെ മനസ്സ് എന്തെങ്കിലും ഇനിയും എനിക്ക് നേടാനുണ്ടെന്ന തോന്നല്‍ സദാ ഉണ്ടാക്കിക്കൊണ്ടിരിക്കും. ഈ അസംതൃപ്ത മനോഭാവം നമ്മള്‍ എന്തെല്ലാം നേടിയാലും പിന്നെയും നിലനില്‍ക്കും. അത് പൂര്‍ത്തീകരിക്കാന്‍ സാധ്യവുമല്ല. തന്‍റെ സര്‍വ്വ ആഗ്രഹങ്ങളും ഈശ്വര സമര്‍പ്പിതമായാല്‍ മാത്രമേ അവയ്ക്ക് അന്ത്യം ഉണ്ടാവുകയുള്ളൂ. ഭൌതീകമായ ഒന്നും ആഗ്രഹിക്കരുതെന്നോ നേടരുതെന്നോ അല്ല ഇതിനര്‍ത്ഥം. ഭൌതീകമായ ഒന്നിനെയും ആശ്രയിച്ചല്ല ശാന്തിയും സന്തോഷവും നിലനില്‍ക്കുന്നതെന്നും, ശാന്തിയും സന്തോഷവും അനുഭവിക്കുവാന്‍ മാനസിക അഭ്യാസം ആവശ്യമാണെന്നും മനസിലാക്കുന്നവനാണ് യോഗി. അവരുടെ മനസ്സ് ഉയര്‍ച്ചകളിലെന്ന പോലെ താഴ്ച്ചകളിലും സമരസത്തില്‍ നിലകൊള്ളും. അഥവാ മനസ് സുഖലോലുപതകളില്‍ ജീവിതസായൂജ്യത്തെ തിരയുകയാണെങ്കില്‍ ആ തിരച്ചില്‍ ചെന്നെത്തുന്നത് ആഗ്രഹങ്ങളുടെ ഊരാക്കുടുക്കിലായിരിക്കും. ആഗ്രഹങ്ങള്‍ സാധിക്കാതെ വരുമ്പോള്‍ കോപവും ആഗ്രഹങ്ങള്‍ സാധിക്കുമ്പോള്‍ ലോഭവും അഹങ്കാരവും ഉണ്ടാകുന്നു. ഇത്തരത്തില്‍ വ്യക്തിയുടെ സര്‍വനാശം സംഭവിക്കുന്നു. എന്നാല്‍ സ്ഥിതപ്രജ്ഞന്‍ (ബുദ്ധി സ്ഥിരത നേടിയവന്‍ ) ഈ ഊരാക്കുടുക്കിനെ തിരിച്ചറിഞ്ഞുകൊണ്ട് അവയില്‍ ബന്ധിതനാകാതെ, എന്നാല്‍ എല്ലാവരെക്കാളും സുഖശാന്തി നിറഞ്ഞ ജീവിതം നയിക്കുന്നതാണ്. സ്ഥിതപ്രജ്ഞനാകുവാന്‍ സംതൃപ്തി ആവശ്യമാണ്‌, സംതൃപ്തനാകുവാന്‍ ത്യാഗം ആവശ്യമാണ്‌, ത്യാഗിയാകുവാന്‍ വൈരാഗ്യം (അനാസക്ത ഭാവം) ആവശ്യമാണ്, വൈരാഗ്യം വരണമെങ്കില്‍ പരമാത്മാവിനു മുന്നില്‍ ജീവിതം സമര്‍പ്പിതമായിരിക്കണം.          

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.