ഓം ശാന്തി ശാന്തി ശാന്തി

എല്ലായിടവും സമാധാനവും സുഖവും പുലരണമെന്ന് അഭിലക്ഷിക്കുന്ന മഹത്തായ സംസ്‌കാരമാണ് ഭാരതത്തിന്റേത്.

സ്വസ്തി പ്രജാഭ്യ പരിപാലയന്താം
ന്യായേന മാര്‍ഗ്ഗേണ മഹീം മഹീശാഃ
ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം

ലോകാഃ സമസ്താഃ സുഖിനോ ഭവന്തു എന്ന ശാന്തി മന്ത്രം തന്നെ ഇതിനുദാഹരണം. ശാന്തിയെന്നാല്‍ സമാധാനം എന്നര്‍ത്ഥം. ആന്തരികവും ബാഹ്യവുമായ സമാധാനം ഉണ്ട്. സ്വയം സൃഷ്ടിക്കുന്നതോ മറ്റുള്ളവര്‍ മുഖേനയുണ്ടാകുന്നതോ ആയ പ്രശ്‌നങ്ങളില്‍ നിന്നുള്ള മോചനം എന്ന അര്‍ത്ഥത്തിലാണ് സമാധാനത്തെ പൊതുവെ വിലയിരുത്തുന്നത്. ശാന്തി എല്ലായിടത്തും നിലനില്‍ക്കുന്ന ഒന്നുതന്നെ.

നമ്മുടെ ക്ഷോഭത്തെ അടിസ്ഥാനമാക്കിയാണ് ശാന്തി നിലനില്‍ക്കുന്നത്. എപ്പോള്‍ ക്ഷോഭം അടങ്ങുന്നുവോ അപ്പോള്‍ ശാന്തി അനുഭവവേദ്യമാകും. എവിടെ ശാന്തിയുണ്ടോ അവിടെ സന്തോഷവുമുണ്ട്. ആഗ്രഹങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുന്ന ഏതൊരാളുടേയും ജീവിതത്തില്‍ സമാധാനമുണ്ടെന്ന് കാണാനാകും. പ്രശ്‌നങ്ങള്‍ക്കിടയിലും പ്രതിസന്ധികള്‍ക്കിടയിലും സമാധാനം കണ്ടെത്താന്‍ ചുരുക്കം ചിലര്‍ക്കേ സാധിക്കാറുള്ളൂ.

ജീവിതത്തില്‍ ശാന്തി കൈവരിക്കുന്നതിനായാണ് നാം പ്രാര്‍ത്ഥനാ നിരതരാകുന്നത്. അതിലൂടെ പ്രശ്‌നങ്ങള്‍ ഒഴിഞ്ഞ് ആന്തരികമായ ശാന്തി നമ്മള്‍ അനുഭവിക്കുന്നു. ഭാരതീയരുടെ പ്രാര്‍ത്ഥനകള്‍ / ശാന്തിമന്ത്രങ്ങള്‍ അവസാനിക്കുന്നത് ശാന്തി എന്ന വാക്ക് മൂന്ന് പ്രാവശ്യം തുടര്‍ച്ചയായി ഉരുവിട്ടുകൊണ്ടാണ്. മൂന്ന് പ്രാവശ്യം ഉരുവിട്ടാല്‍ അത് സത്യമായി തീരുമെന്നാണ് വിശ്വാസം. ശാന്തിയ്ക്കുവേണ്ടിയുള്ള തീവ്രമായ ആഗ്രഹത്തെ ഊട്ടിയുറപ്പിക്കുകയാണ് ഇതിലൂടെ.

ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും പ്രശ്‌നങ്ങളും മൂന്ന് കാരണങ്ങളാലാണ് ഉണ്ടാകുന്നത്. ആധിദൈവികം, ആധിഭൗതികം, ആദ്ധ്യാത്മികം എന്നിവയാണ് ആ മൂന്ന് ദുഃഖങ്ങള്‍. അദൃശ്യമായ ദൈവിക ശക്തി. മനുഷ്യന് ഇതിന് മേല്‍ നിയന്ത്രണം സാധ്യമല്ല. ഭൂകമ്പം, വെള്ളപ്പൊക്കം, അഗ്നിപര്‍വ്വത സ്‌ഫോടനം ഇതൊക്കെ മനുഷ്യന്റെ നിയന്ത്രണത്തിനും അപ്പുറമാണ്. ആധി ദൈവികം എന്ന് ഇത്തരത്തിലുള്ള ദുഃഖങ്ങളെ പറയുന്നു.

നമുക്ക് ചുറ്റും നടക്കുന്ന, നമുക്ക് അറിയാവുന്ന കാരണത്താലുണ്ടാകുന്ന ദുഃഖങ്ങളാണ് ആധിഭൗതികം എന്ന് അറിയപ്പെടുന്നത്. നമ്മുടെ നിത്യജീവിതത്തില്‍ നാം ഏറ്റെടുക്കുന്ന കാര്യങ്ങള്‍ മുടക്കം കൂടാതെ നടക്കണമെന്നും മറ്റുമുള്ള ഈശ്വരനോടുള്ള പ്രാര്‍ത്ഥന. മാനസിക വ്യഥകളാണ് ഈ പ്രാര്‍ത്ഥനകള്‍ക്കെല്ലാം പിന്നില്‍. ഇതിനെയാണ് ആദ്ധ്യാത്മിക ദുഃഖം എന്ന് പറയുന്നത്. ആ മൂന്ന് ദുഃഖങ്ങളില്‍ നിന്നും ശാന്തി ലഭിക്കട്ടെ എന്നാണ് ശാന്തി, ശാന്തി, ശാന്തി എന്ന് മൂന്ന് പ്രാവശ്യം ഉരുവിടുന്നതിലൂടെ അര്‍ത്ഥമാക്കുന്നത്.

ഈശ്വരന് നിവേദ്യം

ഭഗവാന് അര്‍പ്പിക്കുന്ന പൂജകളില്‍ പ്രധാനമാണ് നിവേദ്യം. ഭഗവാന് സമര്‍പ്പിച്ച ശേഷമുള്ള നിവേദ്യമാണ് ഭക്തര്‍ പ്രസാദമായി സ്വീകരിക്കുന്നത്. സര്‍വ്വശക്തനും സര്‍വ്വവ്യാപിയുമായ ഈശ്വരന്റെ ഒരംശമാണ് മനുഷ്യന്‍. നമ്മുടെ എല്ലാ പ്രവൃത്തികളും ഭഗവാന്റെ ഇച്ഛാനുസരണമാണ്. ഈ ജീവിതത്തില്‍ നാം നേടുന്നതെന്തും നമ്മുടെ കര്‍മ്മാനുസരണമാണ്. ആ കര്‍മ്മഫലം നല്‍കുന്നതാവട്ടെ ഈശ്വരനും.

എല്ലാം ഭഗവാന്റേതാണ്. അതെല്ലാം അദ്ദേഹത്തിന് തന്നെ സമര്‍പ്പിക്കുക എന്ന തത്വമാണ് നിവേദ്യം സമര്‍പ്പണത്തില്‍ അടങ്ങിയിരിക്കുന്നത്. നിവേദ്യത്തിലൂടെ പഞ്ചഭൂതാത്മകമായ ദേഹത്തിന്റെ പ്രാണമനോമയകോശങ്ങളുടേയും രസാംശത്തെയാണ് ദേവസമക്ഷം ആഹുതിയായി സമര്‍പ്പിക്കുന്നത്. അതിന് ശേഷം ദേവതാഗുണങ്ങളുള്ള നിവേദ്യം പ്രസാദമായി ഭക്തന് ലഭിക്കുന്നു. പരിശുദ്ധവും നല്ലതുമായതുമാത്രമേ ഭഗവാന് അര്‍പ്പിക്കാന്‍ പാടുള്ളു. മറ്റൊരാളില്‍ നിന്നും കിട്ടിയത് ഉപഭോഗം ചെയ്യും മുമ്പ് അത് മറ്റുള്ളവര്‍ക്കും പങ്കുവയ്ക്കാറുണ്ട്. നമുക്ക് കിട്ടിയതിനെക്കുറിച്ച് ആരോടും പരാതിപ്പെടുകയോ വിമര്‍ശനം ഉന്നയിക്കുകയോ ചെയ്യാറില്ല. അത് സന്തോഷത്തോടെ സ്വീകരിക്കുകയാണ് പതിവ്.

ഓരോ ദേവന്റേയും പ്രത്യേകം അവസ്ഥാവിശേഷത്തിന് അനുസൃതമായ ദ്രവ്യങ്ങളായിരിക്കും അതാത് ക്ഷേത്രങ്ങളിലെ പ്രധാന വഴിപാട്. പ്രശാന്തവും സാത്വികഭാവത്തിലുമുള്ള മഹാവിഷ്ണുവിന് പാല്‍പ്പായസമാണ് വഴിപാടെങ്കില്‍ ഉഗ്രസങ്കല്‍പ്പത്തിലുള്ള ഭദ്രകാളിയ്ക്ക് അതിമധുരമുള്ള കഠിനപായസമാണ്.

നിവേദ്യം നേദിക്കുന്നതിനായി തിടപ്പള്ളിയില്‍ നിന്ന് ശ്രീകോവിലിലേക്ക് കൊണ്ടുപോകുന്ന സമയം ഭക്തര്‍ അത് കാണാന്‍ പാടില്ല എന്ന് പറയാറുണ്ട്. ഇത് ആചാരത്തിന്റെ ഭാഗമാണ്. നിവേദ്യത്തിന്റെ രസാംശമാണ് ഭഗവാന് സമര്‍പ്പിക്കുന്നത്. നിവേദിക്കുന്നതിന് മുമ്പായി ഇത് ഭക്തര്‍ കണ്ടാല്‍ അശുദ്ധമാകും എന്നാണ് വിശ്വാസം. നിവേദ്യത്തിന്റെ രസാംശം ഭഗവാന് നേദിക്കും മുമ്പ് ഭക്തര്‍ക്ക് കിട്ടിയാല്‍ അത് ഉച്ഛിഷ്ടമായിട്ടാണ് കണക്കാക്കുക.

രാഹുകാലം എന്താണ്?

രാഹുകാലമെന്നത് പകല്‍ സമയത്തെ എട്ടായി ഭാഗിച്ച് അതില്‍ രാഹുവിന്റെ ഭരണകാലമെന്നോ, രാഹുവിന് അനുവദിച്ച സമയഭാഗമെന്നോ പറയാം. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു എന്നിങ്ങനെ പകലിന്റെ എട്ടുഭാഗങ്ങള്‍ക്ക് അധിപതികളെയും നിശ്ചയിട്ടുണ്ട്.

ജീവിതവിജയത്തിന് രാഹുകാലത്ത് പുതിയ പ്രവൃത്തികള്‍ പാടില്ലാത്തതാണ്. അതിനുവേണ്ടത് രാഹുകാലം കൃത്യമായി അറിയണമെന്നതാണ്. അല്ലെങ്കില്‍ രാഹുകാലം തീര്‍ന്നെന്നുകരുതി നാം ചെയ്യുന്ന നല്ല പ്രവൃത്തികള്‍ പലതും രാഹുകാലത്ത് ആയിത്തീരാനുള്ള സാദ്ധ്യതയുണ്ട്. വളരെ സ്ഥൂലമായിട്ടാണ് നാം പലതും ആചരിച്ചുവരുന്നത്. സൂക്ഷ്മമായി അനുഷ്ഠിക്കാത്തതിലെ ന്യൂനത നമ്മുടെ സംസ്‌കാരത്തെ തന്നെ ബാധിച്ചിരിക്കുകയാണ്. രാഹുകാലത്തിലും സൂക്ഷ്മത ആവശ്യമാണ്.

ദിനത്തില്‍ ഏതാണ്ട് ഒന്നരമണണിക്കൂര്‍ ദൈര്‍ഘ്യമുള്ള രാഹുകാലം പണ്ടുകാലം മുതല്‍ക്കേ ആചരിച്ചുവരുന്നുതായി തെളിവുകളുണ്ട്. രാഹു കളവിനെ പ്രതിനിധാനം ചെയ്യുന്നതുകൊണ്ട്, ദൂരയാത്ര ചെയ്യുമ്പോള്‍ കള്ളന്മാരില്‍ നിന്നുള്ള ഉപദ്രവം ഉണ്ടാകാനിടയുള്ളതുകൊണ്ടാണ് രാഹുകാലത്തില്‍ യാത്രയാരംഭിക്കരുതെന്ന് പറയുന്നത്.

കപടത, ചീത്തവഴികള്‍, കുണ്ടുകുഴികള്‍, വിഷവൃക്ഷങ്ങള്‍, ചൊറി, പല്ലി, പുഴ, ചിലന്തി, പഴുതാര, മുള്ളല്‍, പട്ടി, വ്രണങ്ങള്‍, കൈവിഷം, സര്‍പ്പങ്ങള്‍ തുടങ്ങിയ ഭയപ്പെടുത്തുന്ന വസ്തുക്കളുടെ പ്രതിനിധിയായാണ് രാഹുവിനെ കണക്കാക്കുന്നത്. അതുകൊണ്ടാണ് രാഹുവിനെ ശുഭപര്യവസാനം കുറിക്കേണ്ട കാര്യങ്ങളുടെ ആരംഭത്തിന് ഒഴിവാക്കുന്നതിന്റെ കാരണമെന്ന് മനസ്സിലാക്കാം.

അഞ്ചു നിയമങ്ങൾ

നമ്മുടെ ജീവിതചര്യ മന്ത്രദീക്ഷയ്ക്കു യോജിച്ചതായിരിക്കണം. താഴെപറയുന്ന അഞ്ചു ജീവിതചര്യകൾ ഞാൻ നിർദ്ദേശിക്കുകയാണ്. ഇതിലൊരു രഹസ്യവുമില്ല. എല്ലാവരും അറിയേണ്ടതാണിത്. അതിനാൽ എല്ലാവർക്കും വേണ്ടിയാണ് ഞാനിതു പറയുന്നത്. പരിശുദ്ധമായ ഒരു ജീവിതചര്യയിലൂടെയല്ലാതെ ആർക്കും ഈശ്വരനിലേക്ക് എത്താൻ സാദ്ധ്യമല്ല. ഈശ്വരമാർഗ്ഗത്തിൽ മുന്നേറാൻ പരിശുദ്ധമായ ജീവിതം അനിവാര്യമാണ്.

ശുദ്ധമായ ഭക്ഷണം കഴിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി നാം കേൾക്കാറുണ്ട്. ധാരാളം നെയ്യും കൂട്ടി ഉണ്ണണമെന്നാണോ അതിനർത്ഥം? അല്ലേ അല്ല. പരിശുദ്ധമായ ഭക്ഷണമെന്നാൽ " സാത്വിക " മായ ഭക്ഷണം - പോഷകഗുണമുള്ള ഭക്ഷണം. ഇതു ശാസ്ത്രവിധിയാണ്. ശരീരത്തിന്റെയോ മനസ്സിന്റെയോ വളർച്ചയ്ക്ക് ഹിതകരമായ ഭക്ഷണം ആവശ്യത്തിനുമാത്രം കഴിക്കണം. അതായത് ഒരാളുടെ ആഗ്രഹത്തിനും രുചിക്കും അനുസരിച്ചു മാത്രം ഭക്ഷണം കഴിക്കരുത് എന്നു താല്പര്യം. ഞാൻ കഴിക്കുന്ന ഭക്ഷണം ശരീരത്തിന്റെയും മനസ്സിന്റെയും പോഷണത്തിനുപകരിക്കും. ഇപ്രകാരം ആരോഗ്യദൃഢമായ ശരീരവും മനസ്സും ഈശ്വരധ്യാനത്തിനുവേണ്ടി ഉപയോഗിക്കും എന്ന സങ്കല്പത്തോടെ ഭക്ഷണം കഴിക്കണം.

ഭക്ഷണശുദ്ധിയേക്കാൾ പ്രധാനപ്പെട്ടതാണ് ജീവിതചര്യയിലെ പരിശുദ്ധി. 

അഞ്ചു തരത്തിലുള്ള നല്ല പ്രവൃത്തികൾ താഴെ കൊടുത്തിരിക്കുന്നവയാണ്.

1). എല്ലാവരുടെയും ക്ഷേമത്തിനുവേണ്ടി നാം പ്രാർത്ഥിക്കണം. ആരുടേയും മനസ്സിനെയും വിചാരത്തെയും ബാധിക്കാത്ത വിധത്തിലും ആരെയും വേദനിപ്പിക്കാത്ത രീതിയിലും ആയിരിക്കണം നമ്മുടെ പെരുമാറ്റം. ശാരീരികവും മാനസികവുമായി ആരേയും ദ്രോഹിക്കുന്ന വിധത്തിൽ നാം പെരുമാറരുത്. അഹിംസയെപ്പറ്റി ശാസ്ത്രങ്ങൾ പറയുന്നുണ്ട്. മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതുമാത്രമല്ല, മറ്റുള്ളവരെപ്പറ്റി ചീത്തയായി ചിന്തിക്കുന്നതും അതിലടങ്ങിയിരിക്കുന്നു. " അഹിംസ " മനസ്സുകൊണ്ടും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രായോഗികമാക്കണം.

2). ഏതൊരു പരിതഃസ്ഥിതിയിലും അകന്നുമാറാത്ത വിധത്തിൽ സത്യത്തെ മുറുകെ പിടിക്കണം. അസത്യവുമായി ഒരിക്കലും ബന്ധപ്പെടരുത്. നാം ഏറ്റെടുത്ത പ്രവൃത്തിയെ മാനിക്കണം. ശ്രീരാമകൃഷ്ണദേവൻ പറയുന്നു, ' സത്യത്തെ മുറുകെ പിടിക്കുന്നവൻ ദൈവത്തിന്റെ മടിയിൽ വിശ്രമിക്കുന്നു " എന്ന്. അദ്ദേഹം വീണ്ടും പറയുന്നു, " കലിയുഗത്തിലെ തപസ്സാണ് സത്യസന്ധത. " സത്യത്തെ മുറുകെ പിടിക്കുന്നത് എളുപ്പമാണെന്നു ഞാൻ പറയുന്നില്ല. ഒരുവിധത്തിൽ അതെളുപ്പവുമല്ല. സത്യത്തെ മുറുകെ പിടിക്കണമെങ്കിൽ ജീവിതത്തിൽ വളരെ ത്യാഗം ചെയ്യേണ്ടിവരും. അതുകൊണ്ട് അതൊരെളുപ്പമായ കാര്യമൊന്നുമല്ല. എന്നാൽ സത്യത്തെ മുറുകെ പിടിക്കുന്നതാണ് നമ്മുടെ ആദർശമെന്ന് നാമൊരിക്കലും മറക്കരുത്.

3). നാമൊരിക്കലും ഒരു വിധത്തിലും മറ്റൊരാളെ ചതിക്കരുത്. മറ്റുള്ളവരെ ചതിച്ചുകൊണ്ട് നാമൊന്നും നേടരുത്. നമുക്ക് അർഹതപ്പെട്ടതുകൊണ്ട് തൃപ്തിപ്പെടുക. ഇതാണ് മറ്റുള്ളവരുമായി ഇടപഴുകുന്നതിലെ സത്യസന്ധത. ആദ്ധ്യാത്മിക മാർഗ്ഗത്തിൽ ഇതു വലിയൊരു സഹായമാണ്.

4). ഇന്ദ്രിയങ്ങളെയെല്ലാം അടക്കി നിർത്തണം. അവ നമ്മളെ നയിക്കാതെ സൂക്ഷിക്കണം. ഒന്നോ രണ്ടോ ഇന്ദ്രിയങ്ങളെ അടക്കിയതുകൊണ്ടായില്ല. എല്ലാ ഇന്ദ്രിയങ്ങളേയും  അടക്കിനിർത്തനം.ആദ്ധ്യാത്മിക ജീവിതത്തിന് അത് അത്യന്താപേക്ഷിതമാണ്.

5). ജീവിതം ഈശ്വരനെപ്പറ്റി ചിന്തിക്കുന്നതിനും ഈശ്വരനെ സാക്ഷാത്കരിക്കുന്നതിനും വേണ്ടിയുള്ളതാണ്. സരളവും സത്യസന്ധവും സ്വാഭാവികവുമായ ജീവിതം നയിക്കുക. ആഡംബരങ്ങൾക്കു പുറകെ പോകരുത്. എല്ലാവരും ഭിക്ഷക്കാരെപ്പോലെ കീറിപ്പറിഞ്ഞ തുണിയും കെട്ടി ദരിദ്രജീവിതം നയിക്കണമെന്നല്ല ഞാനുദ്ദേശിക്കുന്നത്. അത്യാവശ്യം വേണ്ടതുകൊണ്ട് ലളിതമായി എന്നാൽ സതൃപ്തരായി ജീവിക്കാൻ നാം ശീലിക്കണമെന്നാണ് വിവക്ഷ. ലോഭത്തിൽനിന്നു നാം പൂർണ്ണമായും മോചനം നേടണം. ആയിരം രൂപ പ്രതിമാസം സമ്പാദിക്കുന്ന ഒരാൾ അയ്യായിരം രൂപ സമ്പാദിക്കാൻ ആഗ്രഹിക്കുന്നു. അയ്യായിരം രൂപ പ്രതിമാസം സമ്പാദിക്കുന്നവൻ പതിനായിരം രൂപ സമ്പാദിക്കാൻ മോഹിക്കുന്നു. അതുപോലെ മറ്റു ചിലരുടെ ലക്ഷ്യം പതിനായിരത്തിൽനിന്നു ലക്ഷത്തിലേക്കും  ലക്ഷത്തിൽനിന്നു കോടിയിലേക്കുമാണ്. ഇങ്ങനെയാണ് നമ്മുടെ ആഗ്രഹങ്ങൾ തുടർച്ചയായി വളർന്നു വലുതാവുന്നത്. നിരന്തരം വളർന്നു വലുതാവുന്ന ആഗ്രഹങ്ങൾ മനസ്സിനെ ചഞ്ചലമാക്കുന്നു.

വിനീതനാവുക

ഭഗവദ്ഗീതയിൽ പറയുന്നു " തപസ്സും ഭക്തിയുമില്ലാത്തവനോട് ഇതുപദേശിക്കരുത്. സേവനതല്പരനല്ലാത്തവനും എന്നെ നിന്ദിക്കുന്നവനും ഇതുപദേശിക്കരുത്." (18 - 67)

എന്തുകൊണ്ടാണ് ഇത്തരക്കാരെ മാറ്റിനിർത്തിയത്? അവരുടെ മനസ്സ് തയ്യാറായിക്കഴിഞ്ഞിട്ടില്ല. മുമ്പു പ്രസ്താവിച്ച കാര്യങ്ങളെല്ലാം ആദ്യപടികൾ മാത്രം. ക്ഷേത്രം തയ്യാറായിക്കഴിഞ്ഞാൽ ഈശ്വര നാമത്താൽ ആ വ്യക്തി ആകർഷിക്കപ്പെടുന്നു. മന്ത്രദീക്ഷ സ്വീകരിച്ചവരും സ്വീകരിക്കാൻ ഉദ്ദേശിക്കുന്നവരും ഇക്കാര്യം ഓർക്കണം. അതുകൊണ്ടാണ് ശാസ്ത്രങ്ങളിൽ പറഞ്ഞിരിക്കുന്നത്, വ്യക്തി വിനയശീലനും സേവനതല്പരനും പരിശുദ്ധനും നിഷ്കളങ്കനും ആയിരിക്കണം എന്ന്.

മന്ത്രദീക്ഷയ്ക്കുമുമ്പ് നമ്മുടെ ഹൃദയം ശുദ്ധിതീകരിക്കണം. ബിംബപ്രതിഷ്ഠയ്ക്കുമുമ്പ് ക്ഷേത്രവും പരിസരവും വൃത്തിയാക്കണം. എന്നിട്ടുമാത്രമേ പ്രതിഷ്ഠാചടങ്ങുകളെപ്പറ്റി ചിന്തിക്കാനാവു. ജീവിതത്തിൽ ഈശ്വരപ്രതിഷ്ഠ നടത്തുകയാണ് മന്ത്രദീക്ഷകൊണ്ടു ചെയ്യുന്നത്. എല്ലാ തയ്യാറെടുപ്പും ഇതിനുവേണ്ടിമാത്രമാണ്. ഈ ഉപാധികളോടുകൂടിയല്ലാതെ അഥവാ ഇവയെ ഒന്നടങ്കം അവഗണിച്ചുകൊണ്ട് നമ്മുടെ ഹൃദയത്തിൽ ഈശ്വരപ്രതിഷ്ഠ നടത്താനാവില്ല. ഇത് എപ്പോഴും ഓർക്കണം.

ശ്രദ്ധ വേണം

ഞങ്ങൾ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്; മന്ത്രദീക്ഷാസമയത്തും ഇതുതന്നെ പറയും. ശ്രദ്ധയും ഭക്തിയും ഇല്ലെങ്കിൽ ഒന്നും സഫലമാവുകയില്ല. അതുകൊണ്ട് ശ്രദ്ധയുണ്ടായിരിക്കണം. ശ്രദ്ധയോടുകൂടി മാത്രം മന്ത്രം സ്വീകരിക്കണം. എന്നാൽ മാത്രമേ ഒരു വിത്തിനെപ്പോലെ അതു മുളയ്ക്കുകയും പൂക്കളും പഴങ്ങളും നിറഞ്ഞ ഒരു വലിയ മരമായിത്തീരുകയും ചെയ്യുകയുള്ളു. അതുകൊണ്ട് മന്ത്രദീക്ഷയ്ക്കുമുമ്പുള്ള തയ്യാറെടുപ്പ്  ഒഴിച്ചുകൂടാനാവാത്തതാണെന്ന് അറിയുക. ചുരുക്കത്തിൽ ആദ്ധ്യാത്മിക ജീവിതത്തിൽ തയ്യാറെടുപ്പ് കൂടാതെ ഒന്നും നേടാൻ സാദ്ധ്യമല്ല.  നിഷ്‍കളങ്കനും പരിശുദ്ധനും നിസ്വാർത്ഥഭക്തിയുള്ളവനും വിനീതനും സേവനോത്സുകനുമായ ആദ്ധ്യാത്മികവിദ്യാർത്ഥി ആചാര്യനെ സമീപിക്കണം എന്നാണ് ശാസ്ത്രങ്ങൾ നിർദ്ദേശിക്കുന്നത്. തയ്യാറെടുപ്പിന് ശാസ്ത്രങ്ങൾ എന്തുകൊണ്ടാണ് ഇത്രയ്ക്കു പ്രാധാന്യം കല്പിക്കുന്നത്? കാരണമിതാണ്; ഈശ്വരനാമം നമുക്കായി ഉപദേശിച്ചുതരുന്ന പാവനനിമിഷം അമൂല്യമാണ്. പാവനമായ ആ നാമം ശ്രദ്ധയോടും ഭക്തിയോടുംകൂടി സ്വീകരിച്ച് ഹൃദയത്തിൽ സൂക്ഷിച്ച് മനസ്സിനെ ഏകാഗ്രമാക്കി നാം നമ്മിലേക്കുതന്നെ മുത്തുച്ചിപ്പിയെപ്പോലെ ആഴ്ന്നിറങ്ങി അതിനോട് ലയിച്ചുചേരുമ്പോൾ അമൂല്യമായ മുത്തു നമ്മിൽ പാകപ്പെട്ടുവരുന്നതാണ്. ഇതു പ്രത്യേകിച്ചു മനസ്സിലാക്കേണ്ട കാര്യമാണ്. ശ്രീരാമകൃഷ്ണപരമഹംസരുടെ ഉപദേശങ്ങളിൽനിന്നു നമുക്കിതു ലഭ്യവുമാണ്.

ഈശ്വരപ്രാപ്തിക്കുവേണ്ടി അടക്കാനാവാത്ത ആഗ്രഹം

ഈശ്വരനാമം ഉച്ചരിക്കുന്നതിനുള്ള ആത്മാർത്ഥമായ ആഗ്രഹം മനസ്സിലുണ്ടെങ്കിൽ മന്ത്രദീക്ഷയുടെ ഫലം അത്യന്തം പ്രയോജനകരമായിരിക്കും. ശ്രീരാമകൃഷ്ണദേവൻ ഒരുദാഹരണം പറയാറുണ്ട്. " മുത്തുച്ചിപ്പി വായും പിളർന്ന് മുകളിലേക്ക് നോക്കിയിരിക്കുന്നു. സ്വാതിനക്ഷത്രത്തിൽ ഒരു തുള്ളി മഴവെള്ളം വായിലേക്കു വീണാൽ ചിപ്പി വായടക്കുന്നു. സമുദ്രത്തിന്റെ അഗാധതയിലേക്കു പോകുന്നു. ക്രമേണ ഒരു മുത്തായി പരിണമിക്കുന്നു. സ്വാതിനക്ഷത്രത്തിൽ പെയ്യുന്ന മഴയുടെ ഒരു തുള്ളി വെള്ളം പോലെയാണ് മന്ത്രദീക്ഷ. മന്ത്രദീക്ഷയ്ക്കുമുമ്പ് സത്യത്തെ സ്വീകരിക്കാൻ ഹൃദയം തുറന്നു മുത്തുച്ചിപ്പിയെപ്പോലെ കാത്തിരിക്കണം. എന്നാലേ മന്ത്രം ജീവിതത്തിൽ പ്രയോജനപ്പെടൂ.. "

ഗുരുമഹിമ

തന്ത്രഗ്രന്ഥങ്ങളിൽ ഗുരുതന്നെയാണ് ഈശ്വരൻ എന്നു വ്യക്തമാക്കിയിട്ടുണ്ട്. ഗുരുസ്തുതിയിൽ ഇങ്ങനെ പറയുന്നു. " ബ്രഹ്‌മാവും വിഷ്ണുവും മഹേശ്വരനും ഗുരുതന്നെയാണ്. പരമമായ ബ്രഹ്മവും ഗുരുതന്നെ. ഗുരുവിനായിക്കൊണ്ടു നമസ്കാരം. " സച്ചിദാനന്ദം - ബ്രഹ്മം മാത്രമാണ് ഗുരു എന്ന് ശ്രീരാമകൃഷ്ണദേവൻ പറയാറുണ്ട്. വേദങ്ങളിലെയും മറ്റു ശാസ്ത്രഗ്രന്ഥങ്ങളിലെയും അഭിപ്രായമനുസരിച്ചാണിത്. എന്നാൽ ഒരു വ്യക്തി മന്ത്രദീക്ഷയ്ക്കു പോകുമ്പോൾ, തന്നെ പഠിപ്പിക്കുന്നത് സർവ്വജ്ഞനായ ബ്രഹ്മമാണെന്ന് അറിയുന്നില്ല.

തങ്ങളെ നേരായ മാർഗ്ഗത്തിലേക്കു നയിക്കാൻ സമർത്ഥനാണ് എന്ന വിശ്വാസത്തോടെയാണ് നാം ഗുരുവിനെ തെരഞ്ഞെടുക്കുന്നതും സമീപിക്കുന്നതും. അദ്ദേഹത്തിന് ജനന - മരണാദി മാനുഷിക പരിധികളെല്ലാമുള്ളതുകൊണ്ട് പരബ്രഹ്മമായി സങ്കല്പിക്കാൻ സാധിച്ചെന്നു വരില്ല. എന്നാൽ നമ്മുടെ ശാസ്ത്രങ്ങൾ ഗുരുവിനെ പരബ്രഹ്മമായി കണക്കാക്കാൻതന്നെയാണ് നിർദ്ദേശിക്കുന്നത്.

ഇവിടെ സിദ്ധാന്തവും പ്രയോഗവുമായി പൊരുത്തക്കേട് ഉണ്ടാവില്ലേ എന്നു സംശയിക്കാം. ഒരു വിധത്തിൽ നോക്കിയാൽ അതു ശരിയാണ്. പൊരുത്തക്കേട് ഉണ്ട്. എന്നാൽ ഇത് ബിംബങ്ങളിലൂടെ ഈശ്വരനെ പൂജിക്കുന്നതിനു സമാനമാണ്. ഈശ്വരൻ ചില പ്രത്യേക അംശങ്ങളെ കണക്കിലെടുത്ത് വിഗ്രഹങ്ങൾ നിർമ്മിക്കുന്നു. അചേതന പദാർത്ഥങ്ങളെക്കൊണ്ടു നിർമ്മിച്ചിരിക്കുന്ന ബിംബങ്ങളെ നാം ധ്യാനാവശ്യത്തിലേക്കും അപരിമേയനായ ഈശ്വരന്റെ പൂജയ്ക്കും വേണ്ടി ഉപയോഗപ്പെടുത്തുന്നു. നാമെന്തുകൊണ്ടാണിങ്ങനെ ചെയ്യുന്നത്? വാക്കുകൾക്കതീതനും അതേ സമയം അപരിമേയനുമായതിനെ നമ്മുടെ മനസ്സിന് ഉൾക്കൊള്ളാൻ സാധിക്കയില്ല. അതുകൊണ്ട് ഭൗതിക ശരീരത്തോടുകൂടിയ ഒരു പ്രതീകത്തെ സ്വീകരിക്കുകയേ നിവൃത്തിയുള്ളു. ഇത് ഒരു മൂർത്തിയോ ഒരു ചിത്രമോ ഒരു രേഖാചിത്രമോ, ആകാം. മൂർത്തിയുടെയോ പ്രതീകത്തിന്റെയോ സഹായമില്ലാത്താതെ ഈശ്വരനെ പൂജിക്കുന്ന ഒരു മതവും ഈ ലോകത്തിലില്ലതന്നെ. ഒരു പ്രതീകത്തിലൂടെയല്ലാതെ നമുക്ക് ഈശ്വരനെ സങ്കല്പിക്കാൻ സാധിക്കുകയില്ല. സകാരരൂപം എല്ലാ വിധത്തിലും നിരസിക്കുന്നു മതങ്ങൾ പോലും ഒരു പ്രതീകത്തിലേക്കല്ലെങ്കിൽ മറ്റൊന്നിലേക്കു നീങ്ങുന്നതായി കാണാം.

ആദ്ധ്യാത്മികമാർഗ്ഗത്തിൽ പുരോഗതി നേടാൻ ഒരു ഗുരുവിനെ സമീപിക്കേണ്ടത് ആവശ്യമാണോ? അതാണ് പ്രായോഗിക മാർഗ്ഗം എന്നുതന്നെ പറയാം. ഗുരുവിന് ചില ഗുണങ്ങളെല്ലാമുണ്ടായിരിക്കണം. ഗുണസമ്പന്നനല്ലെങ്കിൽ അജ്ഞനായ ശിഷ്യനെ ശരിയായ മാർഗ്ഗത്തിലേക്കു നയിക്കാൻ സാദ്ധ്യമല്ല.

ഗുരുവിലുണ്ടായിരിക്കേണ്ട ഗുണങ്ങളിൽ ആദ്യത്തേത് അദ്ദേഹം " ശ്രോതിയ " നായിരിക്കണം എന്നതാണ്. അതായത് വേദശാസ്ത്രങ്ങളുടെ താത്പര്യം വ്യക്തമായി അറിയുന്നവനായിരിക്കണം. എന്നാൽ പാണ്ഡിത്യംകൊണ്ടുമാത്രം ഗുരു ആവുകയില്ല. അദ്ദേഹം യഥാർത്ഥ അറിവ് - ആത്മാനുഭൂതി - ഉള്ളവനായിരിക്കണം. സത്യത്തെ അറിഞ്ഞവനായിരിക്കണം.

രണ്ടാമതായി ഗുരു " അവ്രജിന " (കുറ്റമില്ലാത്തവ) നായിരിക്കണം അദ്ദേഹത്തിന്റെ സ്വഭാവവും പ്രവൃത്തിയും കുറ്റമറ്റതായിരിക്കണം. ശാസ്ത്രസമ്മതനായ മാർഗ്ഗത്തിൽ ജീവിക്കുന്നവനായിരിക്കണം. എല്ലാ പാപങ്ങളിൽ നിന്നും അദ്ദേഹം വിമുക്തനായിരിക്കണം. അത്യന്തം പരിശുദ്ധനുമായിരിക്കണം.

അവസാനമായി ഗുരു "അകാമഹത " നായിരിക്കണം. ശിഷ്യരുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ഏതെങ്കിലും വിധത്തിലുള്ള വ്യക്തിഗത സ്വാർത്ഥങ്ങൾക്കുവേണ്ടിയായിരിക്കരുത്. മന്ത്രോപദേശം വഴിയായി ശിഷ്യരിൽനിന്ന് എന്തെങ്കിലും ലാഭം ഉണ്ടാക്കുവാനുള്ള ആഗ്രഹത്തിൽ നിന്നും മുക്തനായിരിക്കണം ഗുരു. നാമൊരാളെ ഗുരുവായി സ്വീകരിക്കാൻ തയ്യാറാവുമ്പോൾ ഗുരുവിലുണ്ടാവേണ്ട പ്രധാനപ്പെട്ട ഈ യോഗ്യതകളെപ്പറ്റി നമുക്ക് അറിവുണ്ടായിരിക്കണം.

ഒരു ഉദാഹരണം

ഒരിക്കൽ നാരദൻ ദീക്ഷ സ്വീകരിക്കാൻ സനത്കുമാരനെ സമീപിച്ചു. സനത്കുമാരൻ പറഞ്ഞു: " നിനക്കെന്തൊക്കെ അറിയാം എന്ന് ആദ്യം പറയുക. എന്നിട്ട് എന്താണ് പഠിപ്പിക്കേണ്ടത് എന്നു ഞാൻ തീരുമാനിക്കാം.  " താൻ പഠിച്ചതെല്ലാം നാരദൻ വിസ്തരിച്ചു പറഞ്ഞുകൊടുത്തു. പ്രധാനപ്പെട്ട ശാസ്ത്ര ഗ്രന്ഥങ്ങളൊന്നും വിട്ടുപോയിട്ടില്ല. എല്ലാം അഭ്യസിച്ചതിനുശേഷമാണ് അദ്ദേഹം സനത്കുമാരനെ സമീപിച്ചത്. ഋഗ്വേദം, യജൂർവേദം, സാമവേദം, അഥർവവേദം, വേദാംഗങ്ങൾ, പുരാണങ്ങൾ, ലൗകിക ജീവിതത്തിനാവശ്യമായ മറ്റു ശാസ്ത്രവിഭാഗങ്ങളിലെ ഗ്രന്ഥങ്ങൾ - ഇവയെല്ലാം പഠിച്ചിട്ടുണ്ടെന്നു നാരദൻ വിശദമായി പറഞ്ഞു. " ഇത്രയെല്ലാം പഠിച്ചിട്ടും, " നാരദൻ പറഞ്ഞു, " എനിക്കു ശാന്തിയില്ല, തൃപ്തിയുമില്ല. ഞാൻ ഇപ്പോഴും അതൃപ്തനാണ്. ഈ അതൃപ്തിയായിരിക്കാം എന്റെ മനോവിഷമത്തിനു കാരണം. " സനത്കുമാരൻ പറഞ്ഞു: " നാരദാ, നീ വളരെയധികം പഠിച്ചിട്ടുണ്ടെന്നു ഞാൻ മനസ്സിലാക്കി, പക്ഷേ നിനക്കറിയാവുന്നത് ഏതാനും വാക്കുകൾ മാത്രം. നീ വാക്കുകളുടെ സ്വാമിയായിട്ടുണ്ട്. പക്ഷേ, നിനക്കതിനെ അറിയുകയില്ല, നീ ആത്മജ്ഞാനിയല്ല. തന്റെ സ്വരൂപം അറിയുന്നവനല്ല. ദുഃഖം നിന്നെ കീഴടക്കിയിരിക്കുന്നു. "ഇതു കേട്ട് നാരദൻ വിനയാന്വിതനായി പറഞ്ഞു: " ഭഗവാൻ, യാതൊരറിവുകൊണ്ട് എല്ലാ ദുഖങ്ങളും ഇല്ലാതാകുമോ ആ അറിവ് എനിക്കു പകർന്നുതന്നാലും. "

കഥയിലെ കാര്യം

ഈ കഥയിലെ സൂചനയെന്താണ്? മന്ത്രദീക്ഷയ്ക്കുമുമ്പ് മനസ്സിനെ തയ്യാറാക്കണം എന്നാണ് ഈ കഥ സൂചിപ്പിക്കുന്നത്. മണ്ണ് പാകപ്പെടുത്താതെ വിത്തു പാകിയതുകൊണ്ടു പ്രയോജനമില്ല. വിത്തിടുന്നതിനുമുമ്പ് മണ്ണ് നല്ലപോലെ കിളച്ചു പാകപ്പെടുത്തണം. വളം ചേർക്കണം; എന്നിട്ടു വിത്തിട്ടാൽ അവ തഴച്ചുവളരും. നേരെമറിച്ച് മണ്ണിളക്കാതെയും വളം ചേർക്കാതെയും വിത്തിട്ടാൽ നല്ല വിളവു ലഭിക്കുമോ? ഒരിക്കലുമില്ല. അതുപോലെ മന്ത്രദീക്ഷയുടെ മുന്നോടിയായി ശ്രദ്ധയോടെയുള്ള തയ്യാറെടുപ്പ് ആവശ്യമാണ്. ഈ തയ്യാറെടുപ്പ് വിജത്തിലേയ്ക്ക് എത്താൻ സഹായിക്കും. ഇക്കാര്യം എപ്പോഴും ഓർമ്മിക്കണം.

മറ്റൊരു കാര്യം വിനയത്തോടെ ഞാൻ പറയാനാഗ്രഹിക്കുന്നു. തയ്യാറെടുപ്പിന് ഒരവസാനവുമില്ല. ഈശ്വരനാമം ഉച്ചരിക്കുന്നതിനുമുമ്പ്, മനസ്സാകുന്ന മണ്ണ് എല്ലാവിധത്തിലും പാകപ്പെടുത്തിയെടുക്കണം. മനസ്സു ശുദ്ധമല്ലെങ്കിൽ മന്ത്രത്തിനുദ്ദേശിച്ച ഫലം ഉണ്ടാവുകയില്ല. നല്ല പെരുമാറ്റം, ഈശ്വരലാഭത്തിനുവേണ്ടിയുള്ള അടങ്ങാത്ത അഭിലാഷം എന്നിവകൊണ്ട് മനസ്സിനെ പാകപ്പെടുത്തണം.

കൃഷ്ണവിഗ്രഹം

എല്ലാ വീടുകളിലും കാണുന്ന ഒന്നാണ് കൃഷ്ണവിഗ്രഹം. വാത്സല്യത്തോടെയുള്ള ഒരു തരം ഭക്തിഭാവമാണ് കണ്ണന്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന കൃഷ്ണഭഗവാനോട് പൊതുവെ എല്ലാവര്‍ക്കുമുള്ളത്. കൃഷ്ണന്റെ വിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇക്കാര്യങ്ങളെല്ലാം കൃത്യമായി പാലിച്ചായിരിക്കണം അത് ചെയ്യേണ്ടത്. എങ്കില്‍ മാത്രമേ കൃഷ്ണപ്രീതി നേടാന്‍ സാധിക്കൂ എന്നാണ് ശാസ്ത്രം പറയുന്നത്.

കൃഷ്ണപ്രതിമയുടെ കൂടെ ഓടക്കുഴല്‍ വയ്ക്കുന്നത് വീട്ടുകാരെ ഒന്നിപ്പിയ്ക്കാന്‍ നല്ലതാണ്. എന്തെന്നാല്‍ ഓടക്കുഴല്‍ വായിച്ചായിരുന്നു കൃഷ്ണന്‍ ഗോക്കളേയും ബന്ധുമിത്രാദികളേയും ആകര്‍ഷിച്ചു തനിയ്ക്കടുത്തെത്തിച്ചിരുന്നതെന്നാണ് ചരിത്രം. പശുവുമൊത്തുള്ള കൃഷ്ണവിഗ്രഹമോ വിഗ്രഹത്തിനു സമീപത്തായി പശുവിന്റെ രൂപമോ വയ്ക്കുന്നത് നല്ലതാണ്. പശു 33 കോടി ദേവതകളെ പ്രതിനിധാനം ചെയ്യുന്നുവെന്നു പറയാം.

കൃഷ്ണന്റെ അലങ്കാരമായാണ് മയില്‍പ്പീലി കണക്കാക്കുന്നത്. അതിനാല്‍ മയില്‍പ്പീലി കൃഷ്ണവിഗ്രഹത്തോടൊപ്പം വയ്ക്കുന്നതു സന്തോഷം പ്രധാനം ചെയ്യുമെന്നാണ് വിശ്വാസം. കൃഷ്ണന് ഏറെ പ്രിയങ്കരമായ ഒന്നാണ് കല്‍ക്കണ്ടം. അതുകൊണ്ടുതന്നെ കല്‍ക്കണ്ടം ഒരു ടിന്നിലടച്ച് കൃഷ്ണപ്രതിമയ്ക്കു സമീപം വയ്ക്കുന്നതും ഉത്തമമാണ്. കൃഷ്ണനാമം അടയാളപ്പെടുത്തിയ വൈജയന്തിമാല വിഗ്രഹത്തില്‍ ചാര്‍ത്തുന്നതും ഏറെ നല്ലതാണ്.

വെണ്ണക്കണ്ണന്റെ വിഗ്രഹം വീട്ടില്‍ വയ്ക്കുന്നത് സന്താനഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. ലഡു തിന്നുന്ന കണ്ണനായാലും മതിയെന്നും ശാസ്ത്രം പറയുന്നു. തറയിലോ കിടക്കയിലോ കട്ടിലിലോ മേശപ്പുറത്തോ ഒന്നും കൃഷ്ണവിഗ്രഹം വയ്ക്കരുത്. ലോഹം കൊണ്ടുളള വിഗ്രഹമാണെങ്കില്‍ ഇത് പോളിഷ് ചെയ്യണം. ഹരേ രാമ ഹരേ കൃഷ്ണ മന്ത്രങ്ങള്‍ ദിവസവും ഉരുവിടുന്നതും കൃഷ്ണനെ പ്രസാദിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

ധ്യാനം എങ്ങനെ പരിശീലിക്കാം?

*പ്രത്യക്ഷത്തില്‍ 'അറിവ് ' നേടിത്തരുന്നത്‌ 'ധ്യാനം' അഥവാ 'തപസ്സ്'*

*ധ്യാന ശീലം:*

1) രാവിലെ എഴുന്നേറ്റാല്‍ (അഞ്ചു മണിക്കെങ്കിലും), പ്രഭാതക്രിയകളൊക്കെ (ശരീരശുദ്ധി) കഴിഞ്ഞു വിളക്ക് കത്തിക്കുമെങ്കില്‍ അതെല്ലാം ചെയ്തതിനു ശേഷം വീട്ടിലോ മറ്റോ വളരെ ശുദ്ധിയുള്ളതും, നിശബ്ദമായതുമായ ഒരു അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കാം.

2) ശുദ്ധമായ വായു സഞ്ചാരം അനിവാര്യം, പ്രായപൂര്‍ത്തിയായവര്‍ക്ക് തടി കട്ടില്‍ ഉപയോഗിക്കാം (കഴിവതും നിലത്തു തന്നെ ഇരിക്കാന്‍ ശ്രമിക്കാം).

3) ആസനത്തിനു അനുയോജ്യമായ കട്ടിയുള്ള തുണി അഥവാ നേര്‍ത്ത 'കമ്പിളി' ഉപയോഗിക്കാം (മെത്ത ഉപേക്ഷിക്കാം).

4) ദര്‍ശനം കിഴക്ക് ദിശയോ, വടക്ക് ദിശയോ ആകാം.

*പ്രക്രിയ:*

1) കഴിവതും പത്മാസനത്തില്‍ ഇരിക്കാന്‍ ശ്രമിക്കാം, അതിനു കഴിഞ്ഞില്ലെങ്കില്‍ അര്‍ദ്ധ പത്മാസനത്തില്‍ ഇരിക്കാം.

2) നട്ടെല്ല് നിവര്‍ത്തി മുഖം നേരെയാക്കി കൈകള്‍ രണ്ടും 'സാധന' ക്രമത്തില്‍ കണ്ണുകളടച്ചു (വലതു കയ്യ് ഇടതു കയ്യുടെ മുകളിലായി മടിയില്‍ വച്ച് ) ഇരിക്കാം (ശ്രീബുദ്ധന്റെ ചിത്രം ശ്രദ്ധിച്ചാല്‍ മനസ്സിലാകും).

3) ശ്വാസം (പ്രാണവായു) വളരെ നേരിയ തരത്തില്‍ (സ്വാഭാവികമായി) എടുക്കുകയും വിടുകയും ചെയ്യാം.

*ശ്രദ്ധ:*

1) മനസ്സിനെ 'ഞാന്‍ ഈ ഭൂമിയുടെ ഏറ്റവും മുകളിലായിട്ടാണ് ഇരിക്കുന്നത് എന്ന് വിചാരിപ്പിക്കാം' (എല്ലാവരുടെയും 'സ്ഥിതി' അങ്ങനെ തന്നെയാണ്).

2) ആദ്യം 'സൂര്യഭഗവാനെ' മനസ്സില്‍ കൊണ്ട് വരാം. അതില്‍ നിന്ന് വരുന്ന ഊര്‍ജ്ജം എന്റെ വലതു കാലിന്റെ പെരുവിരലില്‍ കൂടി 'മൂലാധാര'ത്തിലെത്തി അവിടുന്ന് അത് മുകളിലേക്ക് ഓരോ ആധാര ചക്രങ്ങളും കടന്നു 'ഭ്രൂമദ്ധ്യ' (പുരികങ്ങളുടെ മധ്യഭാഗം) ത്തിലെത്തി എന്ന് വിചാരിക്കാം.

3) ചന്ദ്രനില്‍ നിന്ന് വരുന്ന ഊര്‍ജ്ജം എന്റെ ഇടതു കാലിന്റെ പെരുവിരലില്‍ കൂടി 'മൂലാധാര'ത്തിലെത്തി അവിടുന്ന് അത് മുകളിലേക്ക് ഓരോ ആധാര ചക്രങ്ങളും കടന്നു 'ഭ്രൂമദ്ധ്യ' (പുരികങ്ങളുടെ മധ്യഭാഗം) ത്തിലെത്തി എന്ന് വിചാരിക്കാം.

*പ്രാണായാമം:*

ഇങ്ങനെ ചെയ്യുന്നതോടൊപ്പം, ശ്വാസം ( പ്രാണന്‍ ) അകത്തേക്ക് എടുക്കുമ്പോള്‍ 'സ്വാ....' എന്നും, ശ്വാസം പുറത്തേക്കു വിടുമ്പോള്‍ 'ഹം......' എന്നും വിചാരിക്കാം. ഇത് നിരന്തരം ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കാം (സ്വാഭാവിക രീതിയില്‍ സ്വയം അറിയാതെ ശ്വസിക്കുന്ന രീതി മാത്രം, തീരെ ബലം പ്രയോഗിച്ചുള്ളതല്ല). കുറഞ്ഞത്‌ ഒരു പത്തു മിനിട്ടെങ്കിലും ഇങ്ങനെ ഇരുന്നു ശീലിക്കാം (കൂടുതല്‍ സമയം ഇരിക്കാന്‍ കഴിയുന്നവര്‍ക്ക് എത്ര വേണേലും ഇരിക്കാം).

*ഗുരുമന്ത്ര ധ്യാനം:*

1) 'ധ്യാനം' കഴിഞ്ഞാല്‍ വളരെ സാവധാനം 'വജ്രാസന' ത്തിൽ ഇരിക്കാം (യോഗാസനത്തിലെ ഒരു ആസനമാണ്)

2) കൈകള്‍ രണ്ടും 'ഹൃദയത്തോട്' ചേര്‍ത്ത് 'കുമ്പിള്‍ ' രൂപത്തിലാക്കി അതില്‍ ഗുരുവിനു സമര്‍പ്പിക്കാനുള്ള 'പുഷ്പ'ങ്ങളാണ് എന്ന് ധ്യാനിക്കാം.

3) മനസ്സില്‍ ഒരു രൂപത്തെ ഗുരുവായിട്ടു സങ്കല്‍പ്പിക്കാം (അമ്മയോ, അച്ഛനോ, സൂര്യനോ, ചന്ദ്രനോ, ഇഷ്ടദൈവങ്ങളോ, ശ്രേഷ്ഠനായ ഒരു ഗുരുവോ ആരുമാകാം).

*ഗുരുമന്ത്ര ജപം:*

1) ഓം... അഘണ്ഡ മണ്ടലാകാരം... വ്യാപ്തം യേന ചരാചരം തത്പദം ദര്‍ശിതം യേന.... തസ്മൈ ശ്രീ ഗുരവേ നമഃ

2) അജ്ഞാന തിമിരാന്തസ്യ ജ്ഞാനാജ്ഞന ശലാഖയ...ചക്ഷുരുന്മീലിതം യേന തസ്മൈ ശ്രീ ഗുരവേ നമഃ

3) ഗുരുർബ്രഹ്മ ഗുരുർ വിഷ്ണു ഗുരു ദേവോ മഹേശ്വര ഗുരു സാക്ഷാത് പരബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമഃ ഓം... എന്ന് മൂന്ന് പ്രാവശ്യം വീതം 'ധ്യാനിക്കാം'...

*അതിനു ശേഷം*

1) 'ഗണേശ മന്ത്രം',
(ഗജാനനം ഭൂത ഗണാതി സേവിതം... കപിത്വ ജംഭൂഫലസാര ഭക്ഷിതം... ഉമാസുതം ശോക വിനാശ കാരണം... നമാമി വിഘ്നേശ്വര പാദപങ്കജം).

2) ശിവപഞ്ചാക്ഷരിമന്ത്രം
(ഓം നമഃ ശിവായ).

3) ഭഗവതി മന്ത്രം
(സര്‍വ്വ മംഗള മംഗല്യേ... ശിവേ സര്‍വാര്‍ഥ സാധികേ... ശരണ്യേ ത്രയംബികെ ഗൌരീ... നാരായണീ നമോസ്തുതേ).

4) ശരവണമന്ത്രം
(ഓം ശരവണ ഭവായ നമഃ).

5) നാരായണ മന്ത്രം
(ഓം നമോ ഭഗവതേ വാസുദേവായ).

6) ശരണമന്ത്രം
(സ്വാമിയേ ശരണമയ്യപ്പ),

എന്നീ മന്ത്രങ്ങള്‍ ഉരുവിടാം. അറിയാവുന്ന മറ്റു മന്ത്രങ്ങളോ, സ്തോത്രങ്ങളോ ക്രമമായി ഉരുവിടാം. അതിനു ശേഷം കൈകള്‍ നിവര്‍ത്തി തൊഴുതുകൊണ്ട് കമിഴ്ന്നു കിടന്നു ഗുരുവിനു സാഷ്ടാംഗ പ്രണാമം ചെയ്യാം (പെണ്‍കുട്ടികളും സ്ത്രീകളും ഒഴികെ).

*വിവര്‍ത്തനം:*

ഇങ്ങനെയുള്ള പ്ര'ക്രിയ'കള്‍ ഒരു ദിവസം രണ്ടു നേരം (രാവിലെയും വൈകിട്ടും) എങ്കിലും ചെയ്യാവുന്നതാണ്. അതില്‍ കൂടുതല്‍ 'സാധന' ചെയ്യണം എന്നുള്ളവര്‍ക്ക് 'ശുദ്ധജലം' കൊണ്ട് പാദം മുതല്‍ കാല്‍മുട്ടുവരെ, കയ്പ്പത്തി മുതല്‍ കയ്‌മുട്ട് വരെ, മുഖം എന്നിവ കഴുകി വൃത്തിയാക്കി' ധ്യാനം' അഥവാ 'സാധന' ചെയ്യാവുന്നതാണ്.

*ആഹാരം:*

ശുദ്ധമായ സസ്യഭക്ഷണം അനിവാര്യം (ഉപ്പ്, പുളി, മുളക് (വളരെ മിതമാക്കാം), ഉള്ളിവര്‍ഗ്ഗം ഒഴിവാക്കാം, മത്സ്യാദി മാംസ മദ്യ വര്‍ജ്ജനം എന്നിവ നിര്‍ബന്ധമാണ്, അതിനു കഴിയാത്തവര്‍ 'ധ്യാനം' ഒഴിവാക്കാം. 

കൂടുതല്‍ അറിയാന്‍ 'ധ്യാന' യോഗം, അദ്ധ്യായം ആറ്, 'ഭഗവദ് ഗീത' വായിക്കാവുന്നതാണ്. ഓം പാര്‍ഥായ പ്രധിബോധിധാം... ഭഗവതാം നാരായണേന സ്വയം... എന്നാ 'ഗീതാധ്യാനം' മനഃപാഠമാക്കാം. 'ധ്യാന'ത്തെ കുറിച്ചുള്ള മറ്റു പരോക്ഷമായ 'അറിവുകളും' സ്വായത്തമാക്കാം... അമിതമായ നിര്‍ബന്ധമില്ലാതെ കുട്ടികളില്‍ ഈ ശീലം വളര്‍ത്തിയെടുക്കുന്നത് അവരുടെ 'ബുദ്ധിശക്തി, ഓര്‍മ്മശക്തി, ജ്ഞാനശക്തി എന്നിവ വര്‍ദ്ധിക്കുന്നതില്‍ ഏറെ ഗുണം ചെയ്യും.

മന്ത്രശക്തി

സജീവമായ സമ്പർക്കം കൊണ്ടുമാത്രം കൂടുതൽ കൂടുതൽ ശക്തി പ്രാപിക്കുന്നു. ഈ ശക്തി നിലനിർത്തുന്നതിനുവേണ്ടിയാണ് മന്ത്രം രഹസ്യമായി സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നതും, മറിച്ചു പ്രവർത്തിക്കുന്നവന് കഠിനമായ ശിക്ഷ വിധിച്ചിരിക്കുന്നതും. മന്ത്രങ്ങളെ നിസ്സാരമായി കാണുന്നതും അർഹിക്കുന്ന ഗൗരവത്തോടെയല്ലാതെ പരിഗണിക്കുന്നതും തടയലാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. വ്യക്തി ഗൗരവത്തോടെതന്നെ മന്ത്രത്തെ പരിഗണിക്കണം. മന്ത്രം കൊണ്ട് പരീക്ഷണങ്ങൾ നടത്തരുത്. നമ്മുടെ ജീവിതത്തിൽ മന്ത്രങ്ങൾ പ്രാധാന്യമർഹിക്കുന്നവയാണ്. ആത്മസാക്ഷാത്കാരത്തിന് വേണ്ടി പ്രയത്നിക്കുമ്പോൾ ഒന്നിനെയും നിസ്സാരമായി കണക്കാക്കരുത്. ഗുരു ശിഷ്യനിലേക്കു പകർന്നുകൊടുക്കുന്നത് മന്ത്രങ്ങൾ മാത്രമല്ല, സ്വയം അനുഭവിച്ചറിഞ്ഞതോ, പാരമ്പരയിലുള്ള ഗുരുക്കന്മാരുടെ അനുഭവത്തിലൂടെ കൈവന്നതോ ആയ അറിവും കൈമാറുന്നു. ഇക്കാര്യം കൊണ്ടുതന്നെ ശിഷ്യനെ വേണ്ടപോലെ അഭ്യസിപ്പിക്കുന്നതിന് അദ്ദേഹം യോഗ്യനായി ഭവിക്കുന്നു.

ഈയവസരത്തിൽ മറ്റൊരു കാര്യം എന്റെ മനസ്സിലേക്കു കടന്നുവരുന്നു. അനേകം മന്ത്രങ്ങളുണ്ട്. അവയെല്ലാംകൂടി നമ്മുടെ മുന്നിൽ പ്രത്യക്ഷപെട്ടാൽ സ്വീകാര്യമായവ എതെല്ലാം സ്വീകാര്യമല്ലാത്തവ ഏതെല്ലാം എന്നു നിശ്ചയിക്കാൻ പറ്റാതെ വരും. അനുഭവജ്ഞാനമുള്ള സമർത്ഥനായ ഒരാളുടെ നിർദ്ദേശങ്ങളെ അനുസരിക്കുക എന്നതായിരിക്കും പ്രസ്തുത അനിശ്ചിതത്വത്തെ മറികടക്കാനുള്ള മാർഗ്ഗം. ആ വ്യക്തിയാണ് ഗുരു.

മന്ത്രങ്ങൾ ദിവ്യത്വത്തിന്റെ പ്രതീകങ്ങളാണ്. പ്രകടമായ വാക്കുകളുടെ ആകൃതിയിലുള്ള ഈശ്വരൻ. ഭക്തന്മാർ - യോഗികൾ ചിലപ്പോൾ പ്രകാശം ചൊരിയുന്ന രേഖാചിത്രങ്ങളിലോ മന്ത്രാക്ഷരങ്ങളിലോ ദിവ്യത്വം സാക്ഷാത്കരിക്കാറുണ്ട്. യുക്തിക്ക് അതീതങ്ങളായ ഇത്തരം അനുഭവങ്ങളെ ന്യായീകരിക്കാൻ പലപ്പോഴും സാധിച്ചെന്നുവരില്ല. മന്ത്രദീക്ഷ സ്വീകരിച്ചിട്ടില്ലാത്ത ലൗകികരുടെ മുമ്പിൽ ഇത്തരം അനുഭവങ്ങൾ ശരിയാണെന്നു തെളിയിച്ചുകൊടുക്കാൻ സാദ്ധ്യമല്ല.

ഈശ്വരന്റെ പ്രതീകം മൂർത്തമായ ഒരു ബിംബമായിരിക്കാം. അല്ലെങ്കിൽ ഒരു ശബ്ദപ്രതീകത്തിലൂടെയായിരിക്കാം ഈശ്വരൻ പ്രകടമാകുന്നത്. ഇത്തരം അനുഭവങ്ങൾ പക്ഷേ, ഈശ്വരപ്രാപ്തിക്ക് അനിവാര്യമാണ്. പ്രതീകങ്ങളിലൂടെ മാത്രമേ മനുഷ്യമനസ്സിന് ഈശ്വരനെ ഉൾക്കൊള്ളാൻ സാധിക്കൂ - നിരാകാരമായി ഈശ്വരനെ സങ്കല്പിക്കാൻ പ്രയാസമാണ്.

ഇവിടെ ഒരു പ്രശ്നം ഉദിക്കുന്നു. എന്നും സാകാരത്തിൽത്തന്നെ തുടരണോ? ഒരിക്കലും വേണ്ട. സാകാരത്തിൽ നിന്ന് നാം നിരാകാരത്തിലെക്കെത്തിച്ചേരുന്നു. ഇപ്പോഴത്തെ മാനസികാവസ്ഥയിൽ മാറ്റം വരാതെ നമുക്കുപെട്ടെന്നു നിരാകാരത്തിലെത്താൻ സാധിക്കുകയില്ല.  ആരംഭത്തിൽ നമ്മുടെ മനസ്സിന് ആകാരത്തിലൂടെയും ചിഹ്നത്തിലൂടെയും മാത്രമേ ചിന്തിക്കാൻ സാധിക്കൂ. അതുകൊണ്ട് ആദ്ധ്യാത്മിക സാധനയ്ക്ക് പ്രതീകങ്ങൾ അത്യന്താപേക്ഷിതമാണ്. അങ്ങനെ നോക്കുമ്പോൾ മന്ത്രങ്ങൾ ദിവ്യത്വത്തിന്റെ പ്രതീകങ്ങളാണ്.

ഒരു പ്രത്യേക രൂപത്തിലുള്ള മൂർത്തിയിൽ ദിവ്യത്വത്തിന്റെ പ്രത്യേക ആശയത്തെ നാം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെങ്കിൽ ആ മൂർത്തിയെ ഒരുവിധത്തിലും വികലമാക്കാൻ നാമാഗ്രഹിക്കുന്നില്ല. അതുപോലെ ഒരു മാറ്റവും വരുത്താതെ മന്ത്രവും ജപിച്ചുകൊണ്ടിരിക്കണം. മാത്രമല്ല, ഏകാഗ്രത കൈവരിക്കുന്നതിനുവേണ്ടി നാം ഒരേ ഒരു മാർഗ്ഗത്തിൽത്തന്നെ ഉറച്ചുനിൽക്കണം.

പൂജാതത്ത്വങ്ങൾ

മന്ത്രജപവും ധ്യാനവും പൂര്‍ണമായും മാനസിക ക്രിയകള്‍ ആണല്ലോ. നേരെ മറിച്ച് പൂജ എന്നത് ചില ഉപകരണങ്ങള്‍ കൊണ്ടും സാധന സാമഗ്രികള്‍കൊണ്ടും ചെയ്യേണ്ടതാണ്. അതുകൊണ്ടുതന്നെ വളരെയധികം ശാരീരികം കൂടിയായ ഒരു സാധനാക്രമമാണത്. സാധാരണ സാധനാപഥത്തില്‍ പ്രവേശിക്കുന്നവര്‍ പൂജ ചെയ്തുകൊണ്ടാണ് ആരംഭിക്കുക. അതായത് അവരുടെ സാധനാക്രമത്തില്‍ ശരീരത്തെ കൂടി അവര്‍ പങ്കെടുപ്പിക്കുന്നു എന്നര്‍ത്ഥം.

ശരീരവുംകൂടി പങ്കെടുക്കുമ്പോള്‍ മനസ്സിന് പൂര്‍ണമായ കേന്ദ്രീകരണം കിട്ടുന്നുണ്ടെന്ന് അനുഭവസിദ്ധമാണ്. ശരീരത്തെ നിശ്ചലമായി ഇരുത്തി വെറുതെയിരിക്കുമ്പോഴാണ് മനസ്സിന്റെ ചാഞ്ചല്യം ക്രമത്തിലധികം അനുഭവപ്പെട്ട് അനേകമനേകംചിന്തകള്‍ മസ്തിഷ്‌കത്തിലൂടെ ‘പരേഡ്’ നടത്തുന്നത്. വെറുതെയിരുന്നു മന്ത്രം ജപിക്കുമ്പോഴും ആ മന്ത്രം ചൊല്ലി നമസ്‌കരിക്കുമ്പോഴും ഉണ്ടാകുന്ന അനുഭവങ്ങളുടെ വ്യത്യാസം അനുഭവസ്ഥന്മാര്‍ക്കറിയുവാന്‍ പ്രയാസമില്ല. നമസ്‌കരിക്കുമ്പോള്‍ അനാവശ്യമായ ചിന്തകള്‍ മനസ്സില്‍ വരുന്നില്ല. ശരീരംകൂടി ആ കര്‍മ്മത്തില്‍ ഭാഗഭാക്കാകുന്നതുകൊണ്ടാണിത് സംഭവിക്കുന്നത്. കേരള ബ്രാഹ്മണര്‍ വൈദിക ഋക്കുകള്‍ ചൊല്ലി അനേകം പ്രാവശ്യം നമസ്‌കരിച്ചുകൊണ്ടാണ് വൈദികമന്ത്രസാധനകള്‍ അനുഷ്ഠിക്കാറുള്ളത് എന്ന കാര്യം ഇത്തരുണത്തില്‍ സ്മരണീയമാണ്.

മന്ത്രസാധനയനുഷ്ഠിക്കുന്ന സാധകന്മാര്‍ ആദ്യത്തെ പടിയായി അവരുടെ സാധനക്ക് ദാര്‍ഢ്യം കിട്ടുവാന്‍ ഉപയോഗിക്കുന്നത് പൂജാപദ്ധതിയെയാണ്. സാധനക്ക് ദൈര്‍ഘ്യം വരുന്നതോടെ ബാഹ്യപൂജ ആന്തരികപ്രക്രിയയായി മാറുന്നുവെന്നുള്ളത് സാധകന്മാരില്‍ സാധാരണ കണ്ടുവരാറുള്ളത് ഇതുകൊണ്ടാണ്. ഒരുതരത്തില്‍ നോക്കുകയാണെങ്കില്‍ ജപസാധനയും പൂജതന്നെയാണ്. മന്ത്രജപത്തിന്റെ ഒരു സുപ്രധാന ഘടകം ധ്യാനശ്ലോകപ്രകാരമുളള ഒരു മനോവിഗ്രഹം ഗാത്രക്ഷേത്രത്തില്‍ ഒരു കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുകയാണ്. ശിലാമയിയും ലോഹമയിയും ദാരുമയിയും മറ്റുമായ പ്രതിമാ വിശേഷങ്ങളെ പറയുന്നതിനിടക്ക് മനോമയിയായ പ്രതിമയേയും പറയുന്നുണ്ട്.

ധ്യാനോക്തരൂപം മനസ്സിലുറപ്പിച്ച് അതില്‍ മാനസ ഉപചാരങ്ങള്‍ അഥവാ ശരീരഘടകങ്ങളായ പഞ്ചഭൂതങ്ങളെയും ആ ദേവനില്‍ സമര്‍പ്പിക്കുന്ന പ്രക്രിയകള്‍ മനസ്സുകൊണ്ട് ചെയ്യുകയും തദനുസൃതമായ മുദ്രകള്‍ കൈകള്‍കൊണ്ട് കാണിക്കുകയും ചെയ്തുകൊണ്ട് പൂജയുടെ ഏറ്റവും ലഘുപതിപ്പായ മാനസപൂജയെ മന്ത്രജപത്തിനിടക്ക് ചെയ്യേണ്ടതായിട്ടുണ്ട്. അതു കഴിയുമ്പോള്‍ നമ്മുടെ ശരീരഘടകങ്ങള്‍ മുഴുവനും സമര്‍പ്പിക്കുന്നതുകൊണ്ട് ആരാധ്യദേവതയും സാധകനും താദാത്മ്യം പ്രാപിക്കുക എന്നതാണ് പൂജയുടെ പ്രധാന തത്വം.

ലം പൃത്ഥ്യാത്മനേഗന്ധം കല്പയാമി നമഃ
ഹം ആകാശാത്മനേ പുഷ്പം കല്‍പയാമി നമഃ
യം വായ്‌വ്യാത്മനേ ധൂപം കല്പയാമി നമഃ
രം അഗ്‌ന്യാത്മനേ ദീപം കല്പയാമി നമഃ
(വം), ഠ്വം അമൃതോത്മനേ നൈവേദ്യം കല്പയാമി നമഃ

എന്നിവയാണ് പഞ്ചോപചാര പൂജാ മന്ത്രങ്ങള്‍. പഞ്ചഭൂതങ്ങള്‍ ഓരോന്നും സമര്‍പ്പിക്കുമ്പോള്‍ അതതു തന്മാത്രകളുടെ ബീജാക്ഷരവുംകൂടി ഉള്‍പ്പെട്ടവയാണ് മേല്‍കാണിച്ച മന്ത്രങ്ങള്‍. ഇതു ചെയ്യുമ്പോള്‍ ക്രമത്തില്‍ ചെറുവിരല്‍, പെരുവിരല്‍, ചൂണ്ടാണി വിരല്‍, നടുവിരല്‍, മോതിര വിരല്‍ എന്നീ വിരലുകളില്‍ സമ്മര്‍ദ്ദം ചെലുത്തി (പെരുവിരല്‍കൊണ്ടോ ചൂണ്ടുവിരല്‍കൊണ്ടോ) അവയെ ദേവതാഭിമുഖമായ അവയുടെ അഗ്രംവരെ ആ സമ്മര്‍ദ്ദത്തെ നീക്കിക്കൊണ്ടാണ് അതതു മുദ്രകള്‍ കാണിക്കാറുള്ളത്. ഇതില്‍നിന്നും സമര്‍പ്പണരീതി മനസ്സിലായല്ലോ.

പൂജകന്റെ യോഗ്യത

പൂജ ആരംഭിക്കുന്ന സാധകന്‍ മന്ത്രോപദേശം കഴിഞ്ഞവനായിരിക്കണമെന്ന് പറയേണ്ടതില്ലല്ലോ. യോഗ്യനായ ഒരു ആചാര്യനില്‍നിന്ന് അദ്ദേഹത്തിന്റെ മന്ത്രചൈതന്യം അഥവാ ഉണര്‍ന്ന കുണ്ഡലിനീസ്പന്ദനം ഉള്‍ക്കൊണ്ടവനായിരിക്കണം എന്ന് ഇതിനുമുമ്പ് വ്യക്തമാക്കിയതാണല്ലോ. ഏതു ക്ഷേത്രത്തിലെ പൂജാരിയും ഈ നിയമത്തിന് വിധേയനാണെന്ന് പറഞ്ഞേ മതിയാകൂ. പക്ഷെ ഇന്ന് അതിനെല്ലാം ലോപം വന്നിരിക്കുകയാണ്. ക്ഷേത്രത്തില്‍ ശാന്തിക്കാരനായി വരുന്നവര്‍ക്ക് തന്ത്രി മൂലമന്ത്രമുപദേശിക്കുകയും ആ ദേവന്റെ പൂജയിലെ സവിശേഷതകള്‍ പറഞ്ഞുകൊടുക്കുകയും ചെയ്യുന്നത് പഴയകാലത്ത് ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒരു കാര്യമായിരുന്നു. ഇന്ന് അതിനെല്ലാം ലോപം തട്ടി പല ശാന്തിക്കാരും ദേവന്റെ മൂലമന്ത്രംതന്നെ അറിയാതെയായിട്ടാണിരിക്കുന്നത്.

ആചാര്യലക്ഷണങ്ങളെ പറയുന്ന കൂട്ടത്തില്‍ തന്ത്രസമുച്ചയകാരന്‍ അധിദീക്ഷ എന്ന പദം ഉപയോഗിക്കുകയും ഗ്രന്ഥാവസനത്തില്‍ മന്ത്രദീക്ഷാവിധി (കലശാഭിഷേകസഹിതം) കൊടുക്കുകയും ചെയ്തതില്‍നിന്ന്, ശാന്തിക്കാരന്‍ അഥവാ തന്ത്രിഗായത്ര്യുപാസന ചെയ്യുന്ന ബ്രാഹ്മണന്‍ മാത്രമായാല്‍ പോരെന്നും വിധിപ്രകാരം താന്ത്രികമായ മന്ത്രദീക്ഷയെടുത്തവനുമായിരിക്കണമെന്നും സിദ്ധിക്കുന്നുണ്ടല്ലോ. ജപത്തിനും പൂജയ്ക്കുമെല്ലാം സാധകന്‍ സ്ഥിരമായി ഒരിടത്തിരിക്കേണ്ടതാണ്. സാധാരണയായി പൂജയ്ക്ക് ഇരിക്കുവാനുപയോഗിക്കുന്നത് കേരളത്തില്‍ ആവണപലകയാണല്ലോ. ഇത് മന്ത്രശാസ്ത്ര പ്രതിപാദിതമായ കൂര്‍മ്മാസനമാണെന്ന് പറഞ്ഞാല്‍ ഇന്ന് അധികമാര്‍ക്കും മനസിലാകണമെന്നില്ല. പഴയ ഗൃഹങ്ങളിലുള്ള ആവണപലകയെടുത്തു നോക്കിയാല്‍ കൂര്‍മ്മത്തിന്റെ കാലുകളും ആകൃതിയുമെല്ലാം സുവ്യക്തമായി കാണുവാന്‍ കഴിയും. ഭൂസ്പര്‍ശം ഇല്ലാതെ ഇരിക്കുക എന്നതാണ് ആസനത്തിന്റെ പ്രധാന തത്വം. അതുകൊണ്ട് ഇരിപ്പിടമാകുന്ന ആ ആസനം അത്രക്കും വലിയതായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. ഇന്നുള്ള ആവണപലകകളിലിരുന്നാല്‍ ഭൂസ്പര്‍ശം അനിവാര്യമായതുകൊണ്ട് പൂജക്ക് അവ ഉപയോഗിക്കുന്ന കാര്യം ശരിയാണോ എന്ന് ചിന്തിക്കേണ്ടതാണ്.

ക്ഷേത്രശില്‍പത്തിന്റെ വിവരണത്തില്‍ ഷഡാധാരപ്രതിഷ്ഠയില്‍ ദേവന്റെ താഴെ ഹൃദയപത്മത്തില്‍ കൂര്‍മ്മത്തെ പ്രതിപാദിച്ചിട്ടുള്ളത് ഇവിടെ സ്മരണീയമാണ്. മന്ത്രസാധന ചെയ്യുന്നത് പ്രാണശക്തിയിലാണ് എന്ന് മനസ്സിലാക്കിയാല്‍ ഭൂസ്പര്‍ശം കൂടാതെ അതായത് സ്ഥൂലശരീരഭാഗത്തില്‍നിന്നും പ്രാണശരീരതലത്തിലേക്കുയര്‍ന്നു, സ്ഥിതി ചെയ്യുന്നതിന്റെ പ്രതീകമായാണ് കൂര്‍മ്മാസനത്തിലിരിക്കുന്നത് എന്നു വ്യക്തമാകും.

മന്ത്രശാസ്ത്രപ്രതിപാദിതമായ കൂര്‍മ്മാസനം കൂര്‍മ്മാകൃതിയിലുള്ളതും (കൂര്‍മ്മത്തിന്റെ ശിരസ്സും, കാലുകളുമെല്ലാം വ്യക്തമായുള്ള ഒരു മരപ്പലകയാണ്) അതില്‍ ഒരു പ്രത്യേക തരത്തില്‍ ‘അ’ മുതല്‍ ‘ക്ഷ’ വരെയുള്ള അക്ഷരങ്ങള്‍ കൊത്തിയിരിക്കണമെന്നുമാണ് നിയമം. ആ അക്ഷരമാലാസനത്തിന്റെ ലോപമാണ് കേരളത്തില്‍ ഇന്നു കാണുന്ന ആവണ പലക. ഈ കൂര്‍മ്മാസനത്തിന്റെ തല ശരിക്കും സാധകന്റെ മുന്‍ഭാഗത്ത് വരേണ്ടതാണ്. പക്ഷേ, താഴെനിന്നും മുകളിലേക്കുള്ള പ്രതീകംതന്നെയാണ് വലത്തുനിന്നും ഇടത്തോട്ടുള്ള രേഖയുടെ പ്രതീകം കുറിക്കുന്നതെന്ന് ക്ഷേത്രശില്‍പത്തില്‍ പ്രതിപാദിച്ചിട്ടുള്ളതോര്‍ക്കുമ്പോള്‍ കേരളത്തിലെ പൂജകന്മാര്‍ ആവണപലകയുടെ ശിരോഭാഗം ഇടത്തോട്ടിട്ട് ഇരിക്കുന്നത് ശരിയല്ലെന്ന് പറയുവാന്‍ നിവൃത്തിയില്ല.

അതില്‍ യോഗാസനവിധി അനുസരിച്ച് പത്മാസനത്തിലോ സ്വസ്തികാസനത്തിലോ (ചമ്രം പടിഞ്ഞോ) മറ്റോ ഇരുന്നാണ് പൂജ ചെയ്യേണ്ടത്. ‘സ്ഥിരം സുഖമാസനം’ എന്ന പതഞ്ജല യോഗസൂത്രം ഇവിടെ സ്മരണീയമാണ്.

ഗുരുവിന്റെ ആവശ്യകത

ഗുരുവിൽനിന്നു ലഭിച്ച അറിവുമാത്രമേ സഫലമാവുകയുള്ളു എന്ന് ഉപനിഷത്തുകൾ വ്യക്തമാക്കുന്നു. അറിവിന്റെ ഒരു ചെറിയ അംശംപോലും ജീവിതത്തിൽ പ്രയോജനകരമാവണമെങ്കിൽ അതു ഗുരുവിൽനിന്നു ലഭിച്ചതായിരിക്കണം. ഗുരു മന്ത്രം ഉപദേശിക്കുക മാത്രമല്ല, അതോടുകൂടി തന്റെ ആദ്ധ്യാത്മികശക്തിയുടെ ഒരംശം ശിഷ്യനു പകർന്നുകൊടുക്കുകയും ചെയ്യുന്നു. പുസ്തകം നോക്കി മന്ത്രം ഉച്ചരിക്കുമ്പോൾ ഈ ശക്തിയുടെ കൈമാറ്റം സംഭവിക്കുന്നില്ല. കൂടുതൽ യുക്തവും വ്യക്തവുമായ വിധത്തിൽ ഇതിനെപ്പറ്റി ഒന്നു ചിന്തിച്ചു നോക്കാം. നൈതികതത്ത്വങ്ങൾ പുസ്തകങ്ങളിൽ വായിക്കുമ്പോൾ അവ നമ്മിലൊരുതരം സ്വാധീനം ചെലുത്തുന്നതായി നമുക്കറിയാം. എന്നാൽ അതേ തത്ത്വങ്ങൾ നാം ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തയിൽനിന്നു കേൾക്കുമ്പോൾ അവ നമ്മിൽ ചെലുത്തുന്ന സ്വാധീനം വ്യത്യസ്തവും കൂടുതൽ സ്വാഭാവികവുമാണ്. മന്ത്രദീക്ഷയിലൂടെയുള്ള ആത്മീയ ശക്തിയുടെ കൈമാറ്റം നാം നേരിട്ടറിയുന്നില്ലെങ്കിലും ഒരു ദീപത്തിൽ നിന്നാണ് മറ്റൊരു ദീപം തെളിയിക്കുന്നതെന്ന കാര്യം നമുക്ക് മനസ്സിലാക്കാൻ പ്രയാസമില്ലല്ലോ. ഒരു വ്യക്തിയിൽ ആത്മീയത ഉണർത്തുന്നതിന് ആത്മീയത ഉണർന്ന മറ്റൊരു വ്യക്തി അനിവാര്യമാണ്. ഇതുതന്നെയാണ് ഗുരുവിൽനിന്നു ശിഷ്യനിലേക്കുള്ള ആദ്ധ്യാത്മിക ശക്തിയുടെ കൈമാറ്റം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

സ്വാദ്ധ്യായത്തിന്റെ പ്രസക്തി

പലരും മന്ത്രദീക്ഷ വരിക്കാൻ ആഗ്രഹിക്കുന്നവരാണ്. ചിലർ വളരെയധികം താല്പര്യം കാണിക്കുന്നു. നിങ്ങൾക്കുമുമ്പിൽ അവതരിപ്പിക്കുന്ന ആശയങ്ങളുമായി മന്ത്രദീക്ഷയ്ക്കു മുമ്പുതന്നെ സമ്പർക്കം പുലർത്താതെ ദീക്ഷ സഫലമാവുകയില്ല. അതുകൊണ്ടാണ് ശ്രീരാമകൃഷ്ണപരമഹംസരുടേയും മാതൃദേവിയുടേയും, വിവേകാനന്ദസ്വാമികളുടേയും ജീവിതവും സന്ദേശവും ഉൾക്കൊണ്ടിരിക്കണം എന്ന നിയമം ഞങ്ങൾ പിന്തുടർന്നുവരുന്നത്. അതുകൊണ്ട് മന്ത്രദീക്ഷ വരിക്കുന്ന വ്യക്തി, സ്വയം തയ്യാറായിരിക്കണം. തയ്യാറെടുപ്പ് അപൂർണ്ണമാണെങ്കിൽ കുറച്ചുകൂടി കാത്തുനിൽക്കാൻ ഉപദേശിക്കുകയാണ് പതിവ്. യോഗ്യത നേടിയവനെ മാത്രമാണ് മന്ത്രദീക്ഷ സ്വീകരിക്കാൻ ഉപദേശിക്കുന്നത്. ഇത്തരം ഒരു തയ്യാറെടുപ്പ് ശരിയാംവണ്ണം സാധന ചെയ്യാൻ നമ്മെ സഹായിക്കുന്നു. മാത്രമല്ല, മന്ത്രദീക്ഷ സ്വീകരിക്കുന്നവർക്ക് നൽകുന്ന ഉപദേശങ്ങളും നിർദ്ദേശങ്ങളും അനായാസേന മനസ്സിലാക്കുവാനും സാധിക്കുന്നു.

മന്ത്രദീക്ഷയുടെ പ്രാധാന്യം

വ്യക്തിയുടെ ജീവിതത്തിൽ മന്ത്രദീക്ഷ ഒരു പ്രധാന സംഭവമാണെന്ന് ഒരിക്കലും മറക്കരുത്. അക്കാരണത്താൽ മന്ത്രദീക്ഷ അത്യന്തം ഗൗരവത്തോടെതന്നെ കാണണം. മന്ത്രദീക്ഷ സ്വീകരിച്ചവർക്കും മറ്റുള്ളവർക്കും വേണ്ടി ഒരു കാര്യം സൂചിപ്പിക്കാനാഗ്രഹിക്കുന്നു. മന്ത്രദീക്ഷയെ ഒരു പദവിചിഹ്നമായോ പദവി ലഭിക്കാനുള്ള ഒരുപാധിയായോ ഒരിക്കലും കണക്കാക്കരുത്. ഈശ്വര പ്രാപ്തിക്കു മാത്രമുള്ള ഒരു മാർഗ്ഗമാണതെന്നു മറക്കരുത്. മന്ത്രദീക്ഷ വരിക്കാൻ വരുമ്പോൾ അത് ഒരു ഗൗരവമുള്ള കാര്യമായി കരുതണം. മന്ത്രദീക്ഷ ലഭിക്കുന്ന " നിമിഷം " അത്യന്തം അസുലഭമായ ഒന്നായി സ്മരിക്കണം. ഗുരു അതീവ ശ്രദ്ധയോടെ മാത്രം ഉപദേശിക്കുന്ന സന്ദർഭത്തിൽ അതിൽ ശ്രദ്ധിക്കാതെ മറ്റെന്തോ ചിന്തിച്ചുകൊണ്ടിരിക്കുന്നു എന്നു കരുതുക. മന്ത്രദീക്ഷയുടെ പ്രാധാന്യവും ഗൗരവവും വേണ്ടവണ്ണം മനസ്സിലാക്കിയിട്ടില്ല എന്നാണിതു സൂചിപ്പിക്കുന്നത്. ആരേയും വിമർശിക്കാൻ എനിക്കുദ്ദേശ്യമില്ല. ഒരു കാര്യം മാത്രമേ ഞാൻ പറയാനാഗ്രഹിക്കുന്നുള്ളു. മന്ത്ര ദീക്ഷ സ്വീകരിക്കുന്ന വ്യക്തിക്ക് അതിൽ പരമമായ ആദരഭാവമുണ്ടായിരിക്കണം. എങ്കിലേ അതുകൊണ്ട് പ്രയോജനമുണ്ടാവുകയുള്ളു. ഇല്ലെങ്കിൽ അത് നിഷ്ഫലമായിരിക്കും.

മന്ത്രം

യാതൊന്നിന്റെ വീണ്ടും വീണ്ടുമുള്ള ഉച്ചാരണം കൊണ്ട് അജ്ഞാനബന്ധനത്തിൽ നിന്നും - അതായത് ജനനമരണരൂപത്തിലുള്ള ചങ്ങലയിൽ നിന്നും മോചനം ലഭിക്കുന്നുവോ ആ രഹസ്യമായ ആദ്ധ്യാത്മികസൂത്രമാണ് മന്ത്രം. പ്രസ്തുത മോചനമാണ് മന്ത്രദീക്ഷയുടെ ഉദ്ദേശ്യം.

മന്ത്രദീക്ഷ എന്താണ്, ആദ്ധ്യാത്മികജീവിതത്തിൽ അതെത്രത്തോളം പ്രാധാന്യമുള്ളതാണ് എന്നതിനെപ്പറ്റി നമ്മുടെ മനസ്സിൽ പരസ്പരവിരുദ്ധങ്ങളും അവ്യക്തവുമായ ആശയങ്ങളാണുള്ളത്. ദീക്ഷ എന്താണെന്നതിനെപ്പറ്റിയും അതുകൊണ്ട് എന്തു നേടാൻ കഴിയുമെന്നതിനെക്കുറിച്ചും മനസ്സിൽ വ്യക്തമായ ധാരണയില്ലാതെയാണ് പലരും ദീക്ഷ സ്വീകരിക്കുന്നത്. പ്രത്യേകതരത്തിൽ ഗുരുവിന്റെ നിർദ്ദേശമനുസരിച്ച് മന്ത്രത്തിന്റെ വിധിയാംവണ്ണമുള്ള ജപത്തിന് സ്വയം സന്നദ്ധരാവുകയാണ് ദീക്ഷകൊണ്ട് ഉദ്ദേശിക്കുന്നത്. രൂപത്തിലും ഭാവത്തിലും മാറ്റം വരാത്ത വിധത്തിൽ മന്ത്രം ശ്രദ്ധയോടെ സൂക്ഷിക്കണം. മന്ത്രത്തോടുകൂടി മറ്റൊന്നും കൂട്ടിച്ചേർക്കുകയോ അതിൽനിന്ന് എന്തെങ്കിലും വിട്ടുകളയുകയോ ചെയ്യരുത്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.