രോഗം ശമിക്കുമോ ഇല്ലയോ എന്ന് ചോദിക്കുമ്പോൾ

പിതൃപുഷ്പം തിലം വഹ്നിർനൂതനം വസനം തഥാ,
ദർഭദധ്യാദി നിഖിലം സംഭൃതം പിതൃകർമ്മണേ,

മരണാനന്തരാപേക്ഷം ദ്രവ്യം യത്സകലന്തു തൽ
ഏതേഷാം ദർശനം നൂനമായുഃപ്രശ്നേ മൃതിപ്രദം.

സാരം :-

ആയുസ്സിന്റെ സ്ഥിതിയെപ്പറ്റി ചോദിക്കുന്ന സമയം അതായത് രോഗം ശമിക്കുമോ ഇല്ലയോ എന്ന് ചോദിക്കുമ്പോൾ ചെറുപൂള എള്ള് തീയ് കോടി മുണ്ട് പിതൃകർമ്മത്തിനു വേണ്ടി ഉപയോഗിക്കുന്ന ദർഭ തൈര് മുതലായ പദാർത്ഥങ്ങൾ ശവസംസ്ക്കാരത്തിനും മറ്റും ഉതകുന്ന വിറക് ഉണക്കലരി മുതലായ വസ്തുക്കൾ ഇവകളെ കാണുന്നുവെങ്കിൽ രോഗി മരിച്ചുപോകുമെന്ന് പറയണം.

രോഗ വിഷയമായ പ്രശ്നത്തിൽ ജീവനുള്ള വാഹനങ്ങളിൽ കയറി ഇരുന്നുകൊണ്ടോ

ആരുഹ്യ വാ സമാശ്രിത്യ ജീവവദ്വസ്തു പൃച്ഛതി
പ്രശ്നേ ചാഗച്ഛതി പ്രാണീ തം ദേശം പ്രതി കശ്ചന

ജീവത്യേന ധ്രുവം രോഗീ മ്രിയതേ വൈപരീത്യതഃ

സാരം :-

രോഗ വിഷയമായ പ്രശ്നത്തിൽ ജീവനുള്ള വാഹനങ്ങളിൽ കയറി ഇരുന്നുകൊണ്ടോ അല്ലെങ്കിൽ അങ്ങനെയുള്ള ജീവ സാധനങ്ങളെ പിടിച്ചുകൊണ്ടോ ചോദിക്കുന്നു എങ്കിലും പ്രശ്ന സ്ഥലത്ത് തത്സമയം ബലവാനായ ഒരാൾ (രോഗിയല്ലാത്തവൻ വരുന്നുവെങ്കിലും രോഗശാന്തി നിശ്ചയമായും വരുമെന്ന് പറയണം. ജീവനില്ലാത്ത ശുഷ്ക വസ്തുക്കളിൽ ഇരുന്നുകൊണ്ടോ അല്ലെങ്കിൽ അങ്ങനെയുള്ള ശുഷ്ക ദ്രവ്യങ്ങളെ പിടിച്ചുകൊണ്ടോ ചോദിക്കിലും തത്സമയം രോഗാർത്തനായ ഒരാൾ വരുന്നുവെങ്കിലും രോഗി മരിക്കുമെന്ന് പറയണം.

ഏതെങ്കിലും ഒരു കാര്യത്തെ ഉദ്ദേശിച്ചു പുറപ്പെടുന്ന സമയം സ്വർണ്ണം കായ്കൾ ഇവകളെ കാണുന്നു എങ്കിൽ

യൽ കിഞ്ചിൽ കാര്യമുദ്ദിശ്യ പ്രസ്ഥാനേ യദി പശ്യതി
സുവർണ്ണം വാ ഫലം വാ സ്യാൽ ദ്രവ്യലാഭോ ന സംശയഃ

സാരം :-

ഏതെങ്കിലും ഒരു കാര്യത്തെ ഉദ്ദേശിച്ചു പുറപ്പെടുന്ന സമയം സ്വർണ്ണം കായ്കൾ ഇവകളെ കാണുന്നു എങ്കിൽ ഉദ്ദേശിച്ചു പുറപ്പെട്ട ദ്രവ്യത്തിന്റെ ലാഭമുണ്ടാകുമെന്ന് പറയണം. പുറപ്പാടിലെന്നപോലെ പ്രശ്ന സമയത്തും ഈ ലക്ഷണം ലാഭസൂചകമാകുന്നു.

ഇടതു കാൽ ഉറപ്പിച്ച് വച്ച് സ്പഷ്ടമായി തെളിയാത്ത വാക്കുകളോടും കണ്ണുനീരോടും കൂടി ചോദിക്കുകയോ

വാമപാദം സ്ഥിരീകൃത്യ സ്ഥിതിവിക്ലബതാ ഗിരഃ
സാശ്രുതാ മലിനേക്ഷാ ച നിയമ്യായുധധാരണം.

പരാജയകരാഃ പഞ്ച യുദ്ധപ്രശ്നേ വിശേഷതഃ

സാരം :-

ഇടതു കാൽ ഉറപ്പിച്ച് വച്ച് സ്പഷ്ടമായി തെളിയാത്ത വാക്കുകളോടും കണ്ണുനീരോടും കൂടി ചോദിക്കുകയോ മലിന വസ്തുക്കളെ നോക്കുകയോ ആയുധത്തെ ഇളക്കാതെ ഉറപ്പായി പിടിച്ചുകൊണ്ട് ഇരിക്കുകയോ ചെയ്യുന്നുവെങ്കിൽ നിശ്ചയമായും യുദ്ധത്തിൽ തോൽവി സംഭവിക്കുമെന്ന് പറയണം. യുദ്ധ പ്രശ്ന വിഷയമായ ഈ ലക്ഷണങ്ങൾ ഗുസ്തി മുതലായ മറ്റു ഘട്ടങ്ങളിലും ഉപയോഗിക്കാവുന്നതാണ്.

ഇപ്പോൾ യുദ്ധത്തിനു പുറപ്പെടുന്നത് ശുഭാവഹമാണോ

ദക്ഷിണാംഘ്രിം സ്ഥിരീകൃത്യ സ്ഥിതിരായുധചാലനം
മർദനം ദക്ഷഹസ്തസ്യ ജ്വലിതാഗ്നിപ്രദർശനം.

പുരുഷസ്യ പ്രസിദ്ധസ്യ പ്രസന്നസ്യ ച ദർശനം,
ഏതൽ ഷൾകം വിശേഷേണ യുദ്ധപ്രശ്നേ ജയാവഹം.

സാരം :-

ഇപ്പോൾ യുദ്ധത്തിനു പുറപ്പെടുന്നത് ശുഭാവഹമാണോ എന്നും മറ്റും രാജാക്കന്മാർ മുതലായവർ ദൈവജ്ഞനോട്‌ ചോദിക്കുകയാണെങ്കിൽ അപ്പോൾ വലത്തേക്കാൽ ഉറപ്പിച്ചു വച്ചു നിൽക്കുകയോ ആയുധം കയ്യിൽ വച്ച് വിറപ്പിക്കുകയോ വലത്തെകൈ തിരുമ്മുകയോ കത്തുന്ന തീയ് കാണുകയോ സുപ്രസിദ്ധനും സന്തുഷ്ടനുമായ പുരുഷനെ കാണുകയോ ചെയ്യുന്നുവെങ്കിൽ യുദ്ധത്തിൽ വിജയം സിദ്ധിക്കുമെന്ന് പറയണം.

സന്താനലാഭത്തെക്കുറിച്ച് ചോദിക്കുമ്പോൾ

ദർശനം ജ്വലിതസ്യാഗ്നേർമലാദിത്യജനം തനോഃ
യാനം കസ്യാപി തദ്ദേശാൽ ഗർഭച്ഛിദ്രസ്യ സൂചകം.

സാരം :-

സന്താനലാഭത്തെക്കുറിച്ച് ചോദിക്കുമ്പോൾ തീ കത്തുന്നതോ ശരീരത്തിൽ നിന്നും മലം മുതലായ അഴുക്കുകളെ കളയുന്നതോ പ്രശ്നസ്ഥലത്ത് നിന്ന് ഒരാൾ ഇറങ്ങി പോകുന്നതോ കാണുന്നുവെങ്കിൽ ഗർഭം അലസി പോകുമെന്ന്‌ പറയണം. ഗർഭത്തിന്റെ ശുഭാശുഭത്തെക്കുറിച്ച് ചോദിക്കുമ്പോഴാണ്‌ ഗർഭം അലസുമെന്ന് പറയേണ്ടത്. സന്താന വിഷയമായി ചോദിക്കുമ്പോൾ ഈ വക ലക്ഷണങ്ങൾ നാശ സൂചകങ്ങൾ ആണെന്നും പറയാം.

സന്താനം സിദ്ധിക്കുമോ എന്നിങ്ങനെ ദൈവജ്ഞനോട്‌ ചോദിക്കുമ്പോൾ നാരായം മുതലായ എഴുതാനുള്ള സാധനങ്ങൾ

ഘുടികാപുസ്തകാദ്യം യദ്വിദ്യാഭ്യസനസാധനം
കിങ്കിണീകടകാദീനി ഭൂഷണാനി ശിരോരപി.

മേഖലാജിനദണ്ഡാശ്ച ഗർഭിണീ ബാലകസ്തഥാ
ഏതേഷാം ദർശനാദീനി ഭവേയുഃ പുത്രസിദ്ധയേ

സാരം :-

സന്താനം സിദ്ധിക്കുമോ എന്നിങ്ങനെ ദൈവജ്ഞനോട്‌ ചോദിക്കുമ്പോൾ നാരായം മുതലായ എഴുതാനുള്ള സാധനങ്ങൾ, പുസ്തകം, പഠിക്കുന്നതിനുള്ള മറ്റു സാധനങ്ങൾ കുഞ്ഞുങ്ങൾ ധരിക്കുന്ന മണി വള മുതലായ ആഭരണങ്ങൾ മേഖല മാൻതോല് ചമതക്കോല് ഗർഭിണി കുഞ്ഞുങ്ങൾ ഇവരെ കാണുക ഇതുകളെ കുറിച്ച് പറയുന്നത് കേൾക്കുക മുതലായതു സന്തതിലാഭകരമായ ലക്ഷണമാകുന്നു.

വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോൾ പ്രഷ്ടാവോ അല്ലെങ്കിൽ മറ്റൊരാളോ കൈവിരൽ ഏതോ ദ്വാരങ്ങളിൽ ഇടുന്നതായി കണ്ടാൽ

രന്ധ്രേംƒഗുലീപ്രവേശേ തു കന്യായാ ദൂഷണം വദേൽ
യസ്യാ യഃ കശ്ചിദാഗച്ഛേദ്വിവാഹോസ്യാം ദിശീര്യതാം.

സാരം :-

വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോൾ പ്രഷ്ടാവോ അല്ലെങ്കിൽ മറ്റൊരാളോ കൈവിരൽ ഏതോ ദ്വാരങ്ങളിൽ ഇടുന്നതായി കണ്ടാൽ വിവാഹത്തിനു നിശ്ചയിച്ചിരിക്കുന്ന കന്യക പതിവ്രത ആയിരിക്കയില്ലെന്നു പറയണം. 

പ്രശ്ന സമയം ഏതൊരു ദിക്കിൽ നിന്ന് ഒരാൾ വരുന്നുവോ ആ ദിക്കിൽ നിന്നും വിവാഹം ലഭിക്കുമെന്ന് പറയണം. രണ്ടുമൂന്ന് ദിക്കിൽ നിന്നും ആൾ വരുമെങ്കിൽ അത്രയും വിവാഹത്തെത്തന്നെ പറയാം. പക്ഷെ അവരുടെ ആശ്രയ ദിക്കുകൊണ്ട് വിവാഹത്തിന്റെ അനുഭവത്തെയും അനുഭവാഭാവത്തെയും അറിഞ്ഞുകൊള്ളണം. ഇത് "ദൃഷ്ട്യാസമാനാംപ്രവദേച" സംഖ്യാം എന്നുള്ള ഭാവം കൊണ്ട് വരാഹമിഹിരൻ സൂചിപ്പിച്ചിട്ടുണ്ട്.

പ്രഷ്ടാവ് വിവാഹകാര്യത്തെക്കുറിച്ച് ദൈവജ്ഞനോടു ചോദിക്കുമ്പോൾ

നവവസ്ത്രദ്വയാദീനാം ദർശനം കരസംഗ്രഹേ
സിദ്ധയേ തദസിദ്ധ്യൈ സ്യാദ്വിയോഗസ്തു കയോരപി

സാരം :-

പ്രഷ്ടാവ് വിവാഹകാര്യത്തെക്കുറിച്ച് ദൈവജ്ഞനോടു ചോദിക്കുമ്പോൾ കോടിപ്പുടവ കാണുകയോ അല്ലെങ്കിൽ അതിനെക്കുറിച്ച് സംസാരിക്കുന്നത് കേൾക്കുകയോ ചെയ്യുന്നുവെങ്കിൽ ആ വിവാഹം വിഘ്നംകൂടാതെ നടക്കുമെന്ന് പറയണം. ഇവിടെ ആദിശബ്ദം കൊണ്ട് വിവാഹോപയോഗ്യമായ താലി മുതലായ അന്യവസ്തുക്കളേയും ഗ്രഹിക്കേണ്ടതാണ്. മേൽപ്പറഞ്ഞവണ്ണം വിവാഹം സാധിക്കുമോ എന്നു ചോദിക്കുമ്പോൾ പുടവ മുതലായ ഇരട്ട വസ്ത്രങ്ങൾ രണ്ടായി മുറിക്കുകയോ അഥവാ ചേർന്ന് നിൽക്കുന്ന രണ്ടുപേർ പിരിഞ്ഞ് രണ്ട് ദിക്കിലേയ്ക്ക് പോവുകയോ ചെയ്യുന്നുവെങ്കിൽ വിവാഹം സാധിക്കയില്ലെന്നു പറയണം. "കയോരപി" എന്നതിന്റെ സ്ഥാനത്ത് "തയോരപി" എന്നും പാഠമുണ്ട്.

പ്രഷ്ടാവ് ഒരു കാര്യത്തെക്കുറിച്ച് ദൈവജ്ഞനോടു ചോദിക്കുമ്പോൾ അക്കാര്യസാദ്ധ്യത്തിനുതകുന്ന പദാർത്ഥങ്ങളെ കാണുകയാണെങ്കിൽ

യസ്യകസ്യാപി കാര്യസ്യ പൃച്ഛായാം പ്രസ്ഥിതാവപി
തൽക്കാര്യസാധനം വസ്തു ദൃഷ്ടംഞ്ചേൽതത്തു സിദ്ധ്യതി.

സാരം :-

പ്രഷ്ടാവ് ഒരു കാര്യത്തെക്കുറിച്ച് ദൈവജ്ഞനോടു ചോദിക്കുമ്പോൾ അക്കാര്യസാദ്ധ്യത്തിനുതകുന്ന പദാർത്ഥങ്ങളെ കാണുകയാണെങ്കിൽ ആ കാര്യം സാധിക്കുമെന്ന് പറയണം. ഇതുപോലെ ഒരു കാര്യസാദ്ധ്യത്തിനായി പുറപ്പെടുമ്പോൾ ആ കാര്യസാദ്ധ്യത്തിനുതകുന്ന വസ്തുക്കളെ ശകുനമായി കണ്ടാലും ആ കാര്യം സാധിക്കുമെന്ന് പറയണം. മേൽപ്പറഞ്ഞ ഘട്ടങ്ങളിൽ കാര്യസാദ്ധ്യസൂചകമായ ശബ്ദങ്ങൾ കേട്ടാലും തദ്വിഷയമായ പ്രവർത്തി കണ്ടാലും കാര്യസാദ്ധ്യമുണ്ടാകുമെന്ന് പറയേണ്ടതാണ്.

പ്രഷ്ടാവ് ദൈവജ്ഞനെ കണ്ടു കാര്യം പറയുമ്പോൾ ദൈവഗത്യാ മറ്റാരെങ്കിലും എന്തെങ്കിലും പറയുകയോ

പ്രശ്നേ യദുച്യതേ യച്ച ശ്രൂയതേ യച്ച ദൃശ്യതേ
തത്സാദൃശ്യേന സകലം പ്രഷ്ടുർവാച്യം ശുഭാശുഭം.

സാരം :-

പ്രഷ്ടാവ് ദൈവജ്ഞനെ കണ്ടു കാര്യം പറയുമ്പോൾ ദൈവഗത്യാ മറ്റാരെങ്കിലും എന്തെങ്കിലും പറയുകയോ അന്യ സ്ഥലത്തുനിന്ന് പറയുന്നതിനെ കേൾക്കുകയോ എന്തെങ്കിലും നിമിത്തങ്ങളെ കാണുകയോ ചെയ്‌താൽ അവയുടെ നന്മ തിന്മ അനുസരിച്ച് പ്രഷ്ടാവിന്റെ നന്മ പറയേണ്ടതാണ്.

പൃച്ഛയുടെ സമയം ദേശം വായു മുതലായവ അശുഭങ്ങളാണെങ്കിൽ പ്രശ്നത്തിനു വിഷയമായ സംഗതി സാധിക്കയില്ല

മനോഗതഫലപ്രാപ്തിരശുഭേഷ്വേഷു നോ ഭവേൽ
മിശ്രേഷു യേഷാമാധിക്യം ഫലം തേഷാം വിനിർദിശേൽ.

സാരം :-

പൃച്ഛയുടെ സമയം ദേശം വായു മുതലായവ അശുഭങ്ങളാണെങ്കിൽ പ്രശ്നത്തിനു വിഷയമായ സംഗതി സാധിക്കയില്ല, സമയാദികളിൽ ചിലതു ശുഭങ്ങളായും ചിലത് അശുഭങ്ങളായും വന്നാൽ ശുഭാശുഭാങ്ങളിൽ ഏതാണോ അധികമുള്ളത് അതിന്റെ ഫലത്തെ പറയണം. ഗുണദോഷങ്ങൾ സമാനമാണെങ്കിൽ ദോഷത്തെ തന്നെയാണ് പറയേണ്ടത്.

പ്രഷ്ടാവ് ദൈവജ്ഞന്റെ അടുക്കൽ ചെന്ന് കാര്യം പറയുന്നത് "ബാലാന്നവർജ്ജ്യതാരാസു" ഇത്യാദി വചന പ്രകാരം നിഷിദ്ധ കാലങ്ങളിൽ ആകരുത്

പ്രശ്നകാലേ ശുഭേ പ്രഷ്ടുഃ സ്ഥിതിസ്പർശേക്ഷണാദികേ
ദൈവജ്ഞചിത്തേ തുഷ്ടേച സ്യാദിഷ്ടാർഥസമാഗമഃ

സാരം :-

പ്രഷ്ടാവ് ദൈവജ്ഞന്റെ അടുക്കൽ ചെന്ന് കാര്യം പറയുന്നത് "ബാലാന്നവർജ്ജ്യതാരാസു" ഇത്യാദി വചന പ്രകാരം നിഷിദ്ധ കാലങ്ങളിൽ ആകരുത്. എന്നത് "സിദ്ധാമൃതാദിയോഗേഷു" ഇത്യാദി ശുഭകാലമായിരിക്കുകയും വേണം എന്നുമാത്രമല്ല പ്രഷ്ടാവിന്റെ സ്ഥിതി സ്പർശം നോട്ടം മുതലായവയും മേൽപ്പറഞ്ഞവണ്ണം ശുഭകരമായിരിക്കണം. തത് സമയം ദൈവജ്ഞന്റെ മനസ്സും വികാരങ്ങളൊന്നും കൂടാതെ സന്തുഷ്ടമായിരിക്കണം. ഇങ്ങനെയെല്ലാമാണെങ്കിൽ വിചാരിച്ച കാര്യം വഴിപോലെ സാധിക്കുമെന്ന് പറയണം.

പൃച്ഛകൻ പൃച്ഛാസമയത്തിങ്കൽ മംഗളദ്രവ്യങ്ങളെന്തെങ്കിലും കയ്യിലെടുത്തുകൊണ്ടുവന്നാൽ

ബിഭ്രാണോ മംഗലദ്രവ്യം പൃച്ഛകോ യാതി മംഗലം
രിക്തപാണിരമംഗല്യദ്രവ്യഭൃച്ചാശുഭം വ്രജേൽ.

സാരം :-

പൃച്ഛകൻ പൃച്ഛാസമയത്തിങ്കൽ മംഗളദ്രവ്യങ്ങളെന്തെങ്കിലും കയ്യിലെടുത്തുകൊണ്ടുവന്നാൽ മംഗളപ്രാപ്തി ഫലമാകുന്നു. അമംഗളങ്ങളായ വസ്തുക്കളെ കയ്യിലെടുക്കുകയോ കയ്യിലൊന്നുമില്ലാതെ ശൂന്യമായിരിക്കുകയോ ചെയ്‌താൽ അശുഭപ്രാപ്തിയും ഫലമാകുന്നു.

പ്രഷ്ടാവ് ദൈവജ്ഞനോട്‌ കാര്യം പറയുമ്പോൾ നനഞ്ഞോ കീറിയോ

തോയാർദ്ര ഭിന്നമലിനാരുണനീലവാസാ
രക്തപ്രസൂനഭൃദപി വ്യസനം പ്രയാതി
വാസഃ സിതം സുരഭിഗൗരസുമാനുലേപ-
ഭൂഷാ ദധച്ച ഖലു മംഗലമേതി നൂനം.

സാരം :-

പ്രഷ്ടാവ് ദൈവജ്ഞനോട്‌ കാര്യം പറയുമ്പോൾ നനഞ്ഞോ കീറിയോ ഇരുണ്ടോ ഇരിക്കുന്ന വസ്ത്രവും അല്ലെങ്കിൽ ചുവപ്പ് നീലം മുതലായ നിറഭേദങ്ങളുള്ള വസ്ത്രവുമാണ് ധരിച്ചിരിക്കുന്നതെങ്കിൽ ദുഃഖത്തിനിടയാകുമെന്നും വെളുത്ത പരിശുദ്ധവസ്ത്രം ഉടുത്ത് വെളുത്ത സൗരഭ്യമുള്ള പുഷ്പങ്ങളെ കയ്യിൽ പിടിച്ച് ചന്ദനം മുതലായ ലേപന വസ്തുക്കളും സ്വർണ്ണാദ്യാഭരണങ്ങളും ധരിച്ചുകൊണ്ട് ചോദിക്കുകയാണെങ്കിൽ ഐശ്വര്യപ്രാപ്തി നിശ്ചയമായും ഉണ്ടാകുമെന്നും പറയണം.

പ്രഷ്ടാവ് കണ്ണുകൾ നല്ലപോലെ തുറന്ന് ദൈവജ്ഞനിലല്ലാതെ മറ്റു വല്ല പദാർത്ഥങ്ങളിലും ദൃഷ്ടി പതിപ്പിക്കുന്നുവെങ്കിൽ

ഉന്മിഷദംബകയുഗ്ളോ മംഗളപദാർത്ഥദൃഢതരനിഹിതേക്ഷഃ
അധ ഊർധ്വേക്ഷണരഹിതോ ലഭതേഭീഷ്ടം പ്രതീപദൃഗ്ദുഃഖം.

സാരം :-

പ്രഷ്ടാവ് കണ്ണുകൾ നല്ലപോലെ തുറന്ന് ദൈവജ്ഞനിലല്ലാതെ മറ്റു വല്ല പദാർത്ഥങ്ങളിലും ദൃഷ്ടി പതിപ്പിക്കുന്നുവെങ്കിൽ സ്വർണ്ണം കണ്ണാടി വിളക്ക് മുതലായ ശുഭ പദാർത്ഥങ്ങളിലോ അല്ലെങ്കിൽ ഉറപ്പുള്ള വല്ല ശുഭ സാധനങ്ങളിലോ ആയിരിക്കണം. കീഴ്പ്പോട്ടും നോക്കരുത്. പ്രഷ്ടാവിന്റെ ദർശനം ഏവംവിധമായാൽ ശുഭവും ഇതിനു നേരേ വിപരീതമായാൽ അശുഭവും ഫലമാകുന്നു.

ദൂതന് സൗന്ദര്യം വംശശുദ്ധി മര്യാദ ആരോഗ്യം സന്തോഷം മുതലായ ഗുണങ്ങളുണ്ടെങ്കിൽ

സുന്ദരശ്ച കുലീനശ്ച വിനയീ ച നിരാമയഃ
സുപ്രസന്നശ്ച ദൂതശ്ചേൽ പ്രഷ്ടാ സുഖമവാപ്നുയാൽ.

സാരം :-

പ്രഷ്ടാവിന് ഏതെങ്കിലും കരണവശാൽ സൗകര്യമില്ലാതെ വരുമ്പോഴാണല്ലോ ദൈവജ്ഞന്റെ അടുക്കലേയ്ക്ക് ദൂതനെ നിയോഗിക്കാറുള്ളത്. ആ ദൂതന് സൗന്ദര്യം വംശശുദ്ധി മര്യാദ ആരോഗ്യം സന്തോഷം മുതലായ ഗുണങ്ങളുണ്ടെങ്കിൽ പ്രഷ്ടാവിന് രോഗനിവൃത്തി മുതലായ സുഖപ്രാപ്തി ഉണ്ടാകുന്നതാണ്.

പ്രഷ്ടാവിനു കോപം തളർച്ച മുതലായ കാരണങ്ങളാൽ ദുഃഖത്തിനു വല്ലായ്മയുണ്ടെങ്കിലും

ദൗർമ്മുഖ്യം വദനാരൂഢശോകകോപശ്രമാദിഭിഃ
വൈമനസ്യം ച ദൂതസ്യ യേനകേനാപി ദോഷകൃൽ.

സാരം :-

പ്രഷ്ടാവിനു കോപം തളർച്ച മുതലായ കാരണങ്ങളാൽ ദുഃഖത്തിനു വല്ലായ്മയുണ്ടെങ്കിലും ഏതോ ചില കാരണങ്ങളാൽ മനസ്സിനു വ്യാകുലത ഉണ്ടായാലും അശുഭ ലക്ഷണമാണെന്ന് അറിയേണ്ടതാണ്. ഈ ലക്ഷണം ദൈവജ്ഞനും യോജ്യമാകുന്നു.

ദൂതദൈവജ്ഞസംവാദകാലം അവരിൽ ആരോ കൈയിൽ

വാസീഖൾഗപലാലജാലകതുഷാ പാദത്രപിഞ്ഛത്വചാം
ശൃംഗസ്യാപി ച വാഹകേ ച വികലേ സമ്മാർജനീധാരിണി

പ്രേതാലാംകൃതിശൂർപപാശമുസലാൻ ഭർത്തര്യുപേതേ ക്ഷുധാ
ദൈവജ്ഞേƒപി ച പൃച്ഛകേ ന ച ശുഭോ ജ്ഞേയോ വിചാരഃ ക്വചിൽ.

സാരം :-

ദൂതദൈവജ്ഞസംവാദകാലം അവരിൽ ആരോ കൈയിൽ പിച്ചാത്തി വാള്, വൈയക്കോൽ, വല, ഉമി, ചെരിപ്പ്, മയിൽപീലി, ഏതിന്റെയെങ്കിലും തോല്, മൃഗാദികളുടെ കൊമ്പ്, ചൂല്, പ്രേത വിഷയമായി ഉപയോഗിക്കുന്ന ചെറുപൂള, മുതലായ സാധനങ്ങൾ, മുറം, കയറ്, ഉലക്ക, ഈ സാധനങ്ങളിൽ ഏതിനെയെങ്കിലും ധരിച്ചിരിക്കിലും വിശപ്പ് നിമിത്തം ക്ഷീണിച്ചിരിക്കിലും അംഗ വൈകല്യമുണ്ടാകിലും ഏതൊരു പ്രശ്നത്തിനായാലും അശുഭമാണെന്ന് തന്നെ അറിയേണ്ടതാണ്.

പ്രഷ്ടാവ് ദൈവജ്ഞനോട്‌ കാര്യം പറയുമ്പോൾ

പാശോദ്വർത്തനകേ നഖൈർല്ലിഖതി വാപ്യുത്സാരിതേ വാരിതേ
സാഭ്യംഗേ ഭസിതാസ്ഥിസീസശകൃതാം ഭർത്തര്യപി വ്യാധിതേ
വസ്ത്രപ്രാവൃതകന്ധരേ ച മലിനേ രൂക്ഷാƒശുഭാƒലാപിനി
പ്രശ്നോനൈവ ശുഭായ നിർവപതി വാ പിണ്ഡാൻ പരേതാൻ പ്രതി

സാരം :-

പ്രഷ്ടാവ് ദൈവജ്ഞനോട്‌ കാര്യം പറയുമ്പോൾ താൻ കയറു പിരിക്കുകയോ നഖം കൊണ്ട് ഭൂമിയിൽ വരയ്ക്കുകയോ തത്സമയം മറ്റാരെങ്കിലും വന്ന് തന്നെ തടുകയോ താൻ നിന്ന സ്ഥാനത്തു നിന്ന് മാറ്റി നിറുത്തുകയോ എണ്ണ തേയ്ക്കുകയോ കയ്യിൽ ഭസ്മം അസ്ഥി ഈയം മലം ഇവയെ ധരിച്ചിരിക്കുകയോ ഏതോ വ്യാധിയിൽ ദുഃഖിതനായിരിക്കുകയോ കഴുത്തിൽ മുണ്ട് ചുറ്റിയിരിക്കുകയോ മലിന വേഷത്തോടുകൂടിയിരിക്കുകയോ കഠിനമായും അശുഭമായും ഇരിക്കുന്ന വാക്കുകളെ പറയുകയോ പിതൃകർമ്മം ചെയ്യുകയാണെങ്കിൽ ആ പ്രശ്നം ശുഭപ്രദമായിത്തീരുന്നതല്ല. ഇപ്പറഞ്ഞ ചേഷ്ടകളും ദൈവജ്ഞനേയും പൃച്ഛകനേയും ഒന്നുപോലെ സംബന്ധിക്കുന്നതാണ്.

പൃച്ഛകൻ പൃച്ഛാസമയത്തിങ്കൽ

സുപ്തേ മുക്തകചേƒശുചൗ രുദതി ഭഗ്നാനനേ മുണ്ഡിതേ
നഗ്നേ ഛിന്ദതി ഭിന്ദതി  ദ്രവതി വാ വഹ്നൗ ഹവിർജ്ജൂഹ്വതി
ദൂതേ ഹസ്തപദാം ച ബന്ധനപരേ  ദോഷ്ണാക്ഷിസംമർദനേ
ദീനേ കാഷ്ഠതൃണാദിമർദനപരേ ന സ്യാദ്വിചാരഃ ശുഭഃ

സാരം :-

പ്രഷ്ടാവോ പ്രഷ്ടാവിനാൽ നിയോഗിക്കപ്പെട്ട ദൂതനോ ആണല്ലോ ദൈവജ്ഞനോട്‌ കാര്യം പറയുന്നത്. അപ്പോൾ ഉറക്കം തൂങ്ങുക, തലമുടി അഴിച്ചിടുക, അശുദ്ധികരമായ മറ്റേതെങ്കിലും പ്രവർത്തിക്കുക, കരയുക, തടഞ്ഞു തടഞ്ഞു നിൽക്കുക, ക്ഷൗരം ചെയ്യിക്കുക, വസ്ത്രം ധരിക്കാതിരിക്കുക, ഏതെങ്കിലും പദാർത്ഥങ്ങളെ രണ്ടായി മുറിക്കുക, കീറുക, ഓടുക, ഹോമപദാർത്ഥങ്ങളെകൊണ്ട് അഗ്നിയിൽ ഹോമം ചെയ്യുക. ചരടുകൊണ്ടോമറ്റോ കൈകാൽ ഇതുകളെ ബന്ധികുക, കൈകൊണ്ട് കണ്ണുതിരുമ്മുക, വളരെ ക്ഷീണത വെളിപ്പെടുത്തുക, മരം പുല്ല് മുതലായതിനെ ഇളക്കിമറിക്കുക ഈ വക ചേഷ്ടകൾ ദോഷകരമാണെന്ന് പറയണം. എന്നാൽ പൃച്ഛാസമയം പൃഷ്ടാവ് ഈ വിധം ചേഷ്ടകളോട് കൂടിയവനാണെങ്കിൽ അശുഭകരമെന്നാണല്ലോ ഈ പദ്യം കൊണ്ട് പറയപ്പെട്ടത്. "ദൈവജ്ഞേപിച പൃച്ഛകേനച ശുഭോ" എന്നിങ്ങനെ മേൽപ്പറവാൻ ഭാവമുള്ളതുകൊണ്ട് പൃച്ഛാസമയം ഈ വക ചേഷ്ടകൾ ദൈവജ്ഞനുണ്ടായിരുന്നാലും അശുഭമാണെന്ന് ഗ്രാഹ്യമാകുന്നു.  

പ്രഷ്ടാവ് ദൈവജ്ഞനോട്‌ കാര്യം പറയുമ്പോൾ തന്റെ ശരീരത്തിലോ മറ്റുവല്ല പദാർത്ഥങ്ങളിലോ ഉറക്കെ അടിച്ചാൽ

സ്വാംഗേഷ്വന്യത്ര വാ ദ്രവ്യേ ഗാഢസന്താഡനം ക്ഷണാൽ
മൃത്യുദം ലയലിംഗാനാം ചിന്തേക്ഷാശ്രവണാദികം.

സാരം :-

പ്രഷ്ടാവ് ദൈവജ്ഞനോട്‌ കാര്യം പറയുമ്പോൾ തന്റെ ശരീരത്തിലോ മറ്റുവല്ല പദാർത്ഥങ്ങളിലോ ഉറക്കെ അടിച്ചാൽ അത് രോഗപ്രശ്നത്തിൽ വേഗേന ഉള്ള മരണത്തെ സൂചിപ്പിക്കുന്നതാകുന്നു. കൂടാതെ ആയുധപാതം ഭയങ്കരങ്ങളായ ഹിംസാവസ്ഥകൾ മുതലായവയെക്കുറിച്ചു വിചാരിക്കുകയോ പതനം മുതലായ അശുഭനിമിത്തങ്ങളെ കാണുകയോ ഉണ്ടായാലും മുൻപറഞ്ഞവണ്ണം മരണകരമാകുന്നു. ഉത്തരാർദ്ധംകൊണ്ടു പറയപ്പെട്ടത് ദൈവജ്ഞന്റെ മനസ്സിനും ചെവിക്കും കണ്ണിനും വിഷയമായതാണ്. ആദിശബ്ദംകൂടി ഉള്ളതുകൊണ്ട് ഏതെല്ലാം വിധത്തിൽ നാശസൂചകങ്ങളായ അനുഭവങ്ങൾ തനിക്കു തല്ക്കാലമുണ്ടാകുന്നുവോ അവയെല്ലാം മരണം മുതലായ ദുരിതങ്ങളെ സൂചിപ്പിക്കുന്നവയാണ്.

പ്രഷ്ടാവ് കൈകളെ കുടഞ്ഞുകൊണ്ടോ മർദ്ദിച്ചുകൊണ്ടോ മുഖത്തെ പിൻതിരിച്ചുകൊണ്ടോ യാതൊന്നിനെപ്പറ്റി പറയുന്നുവോ

ഹസ്തൗ ധൂന്വൻ വിമൃദ്നംശ്ച തിരശ്ചീനമുഖഃ സ്ഥിതഃ
വിസ്മൃതസ്വാർത്ഥ ഇത്യേതൈര്യൽ പൃഷ്ടം തദ്വിനശ്യതി.

സാരം :-

പ്രഷ്ടാവ് കൈകളെ കുടഞ്ഞുകൊണ്ടോ മർദ്ദിച്ചുകൊണ്ടോ മുഖത്തെ പിൻതിരിച്ചുകൊണ്ടോ യാതൊന്നിനെപ്പറ്റി പറയുന്നുവോ അതും തനിക്കുപറയേണ്ട കാര്യം മറന്നുപോയിട്ടു പിന്നെ പ്രയാസപ്പെട്ട് ഓർത്തതിനുശേഷം യാതൊന്നിനെക്കുറിച്ചു ചോദിക്കുന്നുവോ അക്കാര്യവും നശിക്കുമെന്ന് അതായത് ഇഷ്ടസാദ്ധ്യകരമല്ലെന്നു പറയണം.

പ്രഷ്ടാവ് ദൈവജ്ഞനോട്‌ കാര്യം പറയുന്ന സമയം മറ്റൊരാൾ അവരുടെ മദ്ധ്യേകൂടി കടന്നു പോകുന്നുവെങ്കിൽ

അന്തരാ ദൂതമാത്മാനം യദി കശ്ചന ഗച്ഛതി
അനാഗമം സഹായസ്യ കല്പിതസ്യാസ്യ നിർദ്ദിശേൽ.

സാരം :-

പ്രഷ്ടാവ് ദൈവജ്ഞനോട്‌ കാര്യം പറയുന്ന സമയം മറ്റൊരാൾ അവരുടെ മദ്ധ്യേകൂടി കടന്നു പോകുന്നുവെങ്കിൽ പ്രഷ്ടാവ് പ്രശ്നത്തിനു ഹേതുവായ വിഷയത്തിൽ വിചാരിച്ചിരുന്ന സഹായം ഉണ്ടാവുകയില്ലെന്ന് പറയണം.

പ്രഷ്ടാവ് ദൈവജ്ഞൻ കാണത്തക്ക സ്ഥലത്ത് വന്നിട്ട് ഓരോ സ്ഥലത്ത് മടങ്ങി നിന്നു നിന്നു വരികയാണെങ്കിൽ

പ്രഷ്ടാ ദൃഷ്ടിപഥം പ്രാപ്യ സ്ഥിത്വാ സ്ഥിത്വാƒഗമദ്യദി
അതീത്യ സ്ഥിതിസംഖ്യാഹാന്യസ്യ കാര്യസ്യ സാധനം.

സാരം :-

പ്രഷ്ടാവ് ദൈവജ്ഞൻ കാണത്തക്ക സ്ഥലത്ത് വന്നിട്ട് ഓരോ സ്ഥലത്ത് മടങ്ങി നിന്നു നിന്നു വരികയാണെങ്കിൽ മടങ്ങി നിന്നത് എത്ര പ്രാവശ്യമാണോ അത്രയും ദിവസം കഴിഞ്ഞതിനു ശേഷമേ പ്രഷ്ടാവ് ഉദ്ദേശിച്ച കാര്യം സാധിക്കുകയുള്ളുവെന്ന് പറയണം. ഇത് കാര്യ സാധ്യപ്രശനത്തിൽ ഉപയോഗിക്കേണ്ടതാണെങ്കിലും ലക്ഷണവശാൽ മറ്റുള്ള ഘട്ടങ്ങളിലും ഉപയോഗിക്കാവുന്നതാണ്‌.

പ്രഷ്ടാവ് ദൈവജ്ഞനോട്‌ കാര്യം പറഞ്ഞുകൊണ്ടിരിക്കുന്ന സ്ഥാനത്തുനിന്നു എഴുന്നേറ്റാലും നില്ക്കയാണെങ്കിലും

ഉത്തിഷ്ഠതി യദി പ്രശ്നം കുർവ്വന്നാസീന ആസനാൽ
സ്ഥിതശ്ചോപവിശേൽ കുർവ്വൻ ഭദ്രമേവോഭയം മതം.

സാരം :-

പ്രഷ്ടാവ് ദൈവജ്ഞനോട്‌ കാര്യം പറഞ്ഞുകൊണ്ടിരിക്കുന്ന സ്ഥാനത്തുനിന്നു എഴുന്നേറ്റാലും നില്ക്കയാണെങ്കിലും കാര്യം പറഞ്ഞുകൊണ്ടു എവിടെയെങ്കിലും ഇരിക്കയാണെങ്കിലും ഈ ലക്ഷങ്ങൾ രണ്ടും ശുഭം തന്നെയാണെന്നു പറയണം.

പ്രഷ്ടാവോ ദൂതനോ ഉയർന്ന പ്രദേശത്തു ബലവും ഭംഗിയുമുള്ള പീഠത്തിലിരുന്നു ശരീരത്തിനു വളവും മറ്റും കൂടാതെ ദൈവജ്ഞന്റെ നേരേനോക്കിയിരുന്നു കാര്യം പറയുകയാണെങ്കിൽ

സുഖോപവിഷ്ട ഋജ്വംഗസ്തുംഗദേശേ ശുഭാസനേ
ദൈവജ്ഞാഭിമുഖശ്ചൈവ ശുഭം യാത്യന്യഥാƒശുഭം.

സാരം :-

പ്രഷ്ടാവോ ദൂതനോ ഉയർന്ന പ്രദേശത്തു ബലവും ഭംഗിയുമുള്ള പീഠത്തിലിരുന്നു ശരീരത്തിനു വളവും മറ്റും കൂടാതെ ദൈവജ്ഞന്റെ നേരേനോക്കിയിരുന്നു കാര്യം പറയുകയാണെങ്കിൽ വളരെ ശുഭവും ഇതിനു വിപരീതമായ വിധത്തിൽ കാര്യം പറഞ്ഞാൽ അശുഭവുമാകുന്നു.

ദൂതനോ പ്രഷ്ടാവോ ദൈവജ്ഞനോടു കാര്യം പറയുമ്പോൾ ഇടത്തേക്കാൽ മുമ്പിൽ വച്ചാൽ / വലത്തെക്കാൽ മുമ്പിലാണെങ്കിൽ

വാമാംഘ്രിരഗ്രേ നിഹിതഃ ശുഭഃ സ്യാ-
ദ്ദൂതസ്യ ദോഷായ ച ദക്ഷിണാംഘ്രിഃ
ദോഷായ ചാംഘ്രേശ്ചലനം ഹി തസ്യ
സ്ഥിതിഃ സ്ഥിരാ തസ്യ ശുഭപ്രദാ സ്യാൽ.

സാരം :-

ദൂതനോ പ്രഷ്ടാവോ ദൈവജ്ഞനോടു കാര്യം പറയുമ്പോൾ ഇടത്തേക്കാൽ മുമ്പിൽ വച്ചാൽ ശുഭവും വലത്തെക്കാൽ മുമ്പിലാണെങ്കിൽ അശുഭവുമാണ്.

കാല് ചലിപ്പിച്ചുകൊണ്ടിരുന്നാൽ ദോഷവും ഇളകാതെ ഉറപ്പിച്ചു ചവിട്ടിയിരുന്നാൽ ശുഭവും ഉണ്ടാകുന്നതാണ്.

അക്ഷരംകൊണ്ട് ലഗ്നരാശിയെ കണ്ടുപിടിക്കുന്നു

അകചടതപയാ വർഗാ രവികുജസിതസൗമ്യജീവസൗരാണാം
ചന്ദ്രസ്യ ച നിർദിഷ്ടം പ്രശ്നേ പ്രഥമോദ്ഭവം വർണം

ജ്ഞാത്വാ തസ്മാല്ലഗ്നം സംഗൃഹ്യ ശുഭാശുഭം വദേൽ പ്രഷ്ടുഃ
വർഗ്ഗാദിമദ്ധ്യപരമൈർവർണൈഃ പ്രഥമോദ്ഭവൈർവിഷമം.

രാശിം ലഗ്നം പ്രവദേച്ഛിഷ്ടൈര്യൂഗ്മം കുജജ്ഞജീവാനാം
സിതരവിജയോശ്ച നൈവം രവിശശിനോരേകരാശിത്വാൽ

തസ്മാല്ലഗ്നാൽ പ്രവദേൽ പൃച്ഛാസമയേ ശുഭാശുഭം സർവം
കാലസ്യാƒവിജ്ഞാനാദേതച്ചിന്ത്യം ബഹു പ്രശ്നേ.

സാരം :-

അ മുതൽ ഔ വരെയുള്ള അക്ഷരങ്ങൾ ഒരു വർഗ്ഗമാണ്. ഇത് സൂര്യന്റെതാണ്. 

ക ഖ ഗ ഘ ങ ഈ അക്ഷരങ്ങൾ ഒരു വർഗ്ഗമാണ്. ഇത് ചൊവ്വയുടെതാകുന്നു.

ച ഛ ജ ഝ ഞ ഈ അഞ്ച് അക്ഷരങ്ങൾ ശുക്രന്റെ വർഗ്ഗമാകുന്നു.

ട ഠ ഡ ഢ ണ ഈ അക്ഷരങ്ങൾ ബുധന്റെ വർഗ്ഗമാകുന്നു.

ത ഥ ദ ധ ന ഈ അഞ്ച് അക്ഷരങ്ങൾ വ്യാഴത്തിന്റെ വർഗ്ഗങ്ങളാകുന്നു.

പ ഫ ബ ഭ മ ഈ അക്ഷരങ്ങൾ ശനിയുടെ വർഗ്ഗങ്ങളാകുന്നു.

യ മുതലുള്ള അക്ഷരങ്ങൾ ചന്ദ്രന്റെതാണ്.

പ്രശ്നത്തിന്റെ ആദ്യക്ഷരം ഏതൊരു ഗ്രഹത്തിന്റെതായി വരുന്നുവോ ആ ഗ്രഹത്തിന്റെ രാശി ലഗ്നമാണെന്ന് അറിയണം. അതായത് അ മുതൽ ഔ വരെയുള്ള അക്ഷരങ്ങൾ ആദ്യമായി വന്നാൽ ചിങ്ങം ലഗ്നമാണെന്നും യ മുതൽ ഹ വരെയുള്ള അക്ഷരങ്ങൾ ആദ്യമായി വന്നാൽ കർക്കടകം രാശി ലഗ്നമാണെന്നും അറിയണം. ചൊവ്വാ മുതൽ ശനി വരെയുള്ള ഗ്രഹങ്ങൾക്ക്‌ ഈ രണ്ടു രാശി ഉണ്ടല്ലോ.

ക       ഖ        ഗ         ഘ          ങ           കുജന്റെവർഗ്ഗം

ച      ഛ        ജ        ഝ         ഞ           ശുക്രന്റെവർഗ്ഗം

ട         ഠ          ഡ        ഢ          ണ          ബുധന്റെവർഗ്ഗം

ത        ഥ          ദ         ധ             ന          വ്യാഴത്തിന്റെവർഗ്ഗം

പ       ഫ        ബ       ഭ               മ          ശനിയുടെവർഗ്ഗം

ഈ അഞ്ച് വർഗ്ഗങ്ങളുടേയും ഒന്നാമത്തെയും മൂന്നാമത്തെയും അഞ്ചാമത്തെയും അക്ഷരങ്ങൾ ആദ്യക്ഷരമായി വന്നാൽ മേടം, തുലാം, മിഥുനം, ധനുസ്സ് കുംഭം ഈ ഓജരാശികൾ ലഗ്നമാണെന്നും അറിയണം. മേൽകാണിച്ച അഞ്ച് വർഗ്ഗങ്ങളുടേയും രണ്ടാമത്തേയും നാലാമത്തേയും അക്ഷരങ്ങൾ പ്രശ്നത്തിന്റെ ആദ്യക്ഷരമായി വന്നാൽ വൃശ്ചികം ഇടവം കന്നി മീനം മകരം ഈ രാശികൾ ലഗ്നമാണെന്ന് അറിയണം. എങ്ങനെയെന്നാൽ ചൊവ്വായുടെ അക്ഷരങ്ങൾ ക ഖ ഗ ഘ ങ ഇത്രയുമാണല്ലോ. ഇവയിൽ ക  ഗ ങ ഒന്നും മൂന്നും അഞ്ചും അക്ഷരങ്ങൾ പ്രശ്നത്തിന്റെ ആദ്യ അക്ഷരമായാൽ ചൊവ്വയുടെ ക്ഷേത്രങ്ങളിൽ ഓജരാശിയായ മേടം ലഗ്നമെന്നും ഖ ഘ എന്ന രണ്ടും നാലും അക്ഷരങ്ങൾ ആദ്യക്ഷരമായാൽ ചൊവ്വായുടെ യുഗ്മരാശിയായ വൃശ്ചികം രാശി ലഗ്നമെന്നും അറിയണം. ഇങ്ങനെ വർഗ്ഗാക്ഷരങ്ങളെ കൊണ്ട് ശുക്രൻ മുതലായവരുടെ രാശി ഭേദങ്ങളെ ഗ്രാഹ്യമാകുന്നു. ഈ ലഗ്നം ആസ്പദമാക്കി പ്രഷ്ടാക്കന്മാരുടെ സകല ഗുണദോഷങ്ങളും പറയാവുന്നതാണ്. ഒട്ടധികം പ്രശ്നങ്ങൾ ഒരേ സമയത്ത് ഉണ്ടായാൽ ഇപ്രകാരം ലഗ്നമറിഞ്ഞു ഫലം പറയാവുന്നതാണ്. 

പ്രഷ്ടാവ് പറഞ്ഞവാക്യത്തിന്റെ ആദ്യക്ഷരം കൊണ്ടു ലഗ്നരാശിയുണ്ടാക്കി

പ്രഷ്ടൂർവാക്യാദിവർണ്ണേന ലഗ്നം സംഗൃഹ്യ ചാമുനാ
വാച്യം ശുഭാശുഭം സർവ്വം തൽപ്രകാരോഥ കഥ്യതേ.

സാരം :-

പ്രഷ്ടാവ് പറഞ്ഞവാക്യത്തിന്റെ ആദ്യക്ഷരം കൊണ്ടു ലഗ്നരാശിയുണ്ടാക്കി അത് ആരൂഢമായി കല്പിച്ച് അതുകൊണ്ട് പ്രഷ്ടാക്കന്മാരുടെ സകല ഗുണദോഷങ്ങളും പറയാവുന്നതാണ്.

പൃച്ഛകൻ ദൈവജ്ഞനോട് പറയുന്ന വാക്കു കേട്ടാൽ സന്തോഷകരമായോ ശുഭസൂചകമായോ ഇരിക്കണം

ശോത്രപ്രിയം വദതി വാ വചനം ശുഭം വാ
യദ്വാർത്ഥപുഷ്ടഗിരമസ്ഖലിതാം തദാനീം
പ്രഷ്ടാƒഭിയാത്യഭിമതം ത്വിതരോƒനഭീഷ്ട-
മന്തേ വിസർഗ്ഗസഹിതം വചനം ച വക്താ.

സാരം :-

പൃച്ഛകൻ ദൈവജ്ഞനോട് പറയുന്ന വാക്കു കേട്ടാൽ സന്തോഷകരമായോ ശുഭസൂചകമായോ ഇരിക്കണം. ഗദ്ഗദം മുതലായ തടസ്സങ്ങൾ ഒന്നും കൂടാതെ അർത്ഥവത്തുകളായ വാക്കുകളെക്കൊണ്ടും ദൈവജ്ഞനെ കാര്യം ധരിപ്പിക്കാം. പ്രഷ്ടാവിന്റെ വാക്ക് ഇപ്രകാരമാണെങ്കിൽ പ്രശ്നത്തിനു വിഷയമായ സംഗതി സുഖേന സിദ്ധിക്കും. കേൾക്കുന്നതിനു സുഖമില്ലാത്തതും അശുഭ സൂചകമായതും അർത്ഥഗൌരവമില്ലാത്തതും ഗദ്ഗദാദി തടസ്സങ്ങളോടുകൂടിയതും അവസാനത്തിൽ വിസർഗ്ഗത്തോടു കൂടിയതുമായ വാക്കുകളെയാണ് പൃച്ഛകൻ ഉപയോഗിച്ചതെങ്കിൽ ഇഷ്ടസിദ്ധി ഉണ്ടാകുന്നതല്ലെന്നും പറയണം.

പ്രഷ്ടാവ് ദൈവജ്ഞനോട് ആദ്യമായി പറഞ്ഞ വാക്യത്തിന്റെ ആദ്യമുള്ള മൂന്നക്ഷരങ്ങൾ എടുത്ത് അത് ഏതു ഗണമാണെന്നറിഞ്ഞ് അതുകൊണ്ട് ഫലം പറയുവാനുള്ള ക്രമമാണ് പറയുന്നത്

മധ്യാന്ത്യാദ്യഖിലേഷു ഗാ ജ സ ഭ മാഃ സൂര്യാനിലേന്ദുക്ഷമാ
ദേവാ സ്ഫീതരുഗന്യദേശഗമനപ്രഖ്യാതകീർത്തിശ്രിയഃ
തദ്വത്സ്യുർലഘവോ ഗണാ ര ത യ നാ വഹ്ന്യംബരാംഭോദിവോ-
ƒമർത്യാഃ സ്യുർമൃതിശൂന്യതോത്തമസമൃദ്ധ്യായുംഷി തേ തന്വതേ.

സാരം :-

പ്രഷ്ടാവ് ദൈവജ്ഞനോട് ആദ്യമായി പറഞ്ഞ വാക്യത്തിന്റെ ആദ്യമുള്ള മൂന്നക്ഷരങ്ങൾ എടുത്ത് അത് ഏതു ഗണമാണെന്നറിഞ്ഞ്  അതുകൊണ്ട് ഫലം പറയുവാനുള്ള ക്രമമാണ് ഈ ശ്ലോകം കൊണ്ടു പറയുന്നത്. ഗണങ്ങൾ ആകെ എട്ടാണ്‌.

1. ജഗണം

2. സഗണം 

3. ഭഗണം

4. മഗണം

5. രഗണം

6. തഗണം

7. യഗണം 

8. നഗണം 

ഇവയിൽ ജഗണം മദ്ധ്യഗുരുവും സഗണം അന്ത്യഗുരുവും ഭഗണം ആദ്യഗുരുവും മഗണം അഖിലഗുരുവും ആകുന്നു. 

ജഗണത്തിന്റെ ദേവത സൂര്യനും അതിന്റെ ഫലം രോഗവൃദ്ധിയും ആകുന്നു. സഗണത്തിന്റെ ദേവത വായുവും അതിന്റെ ഫലം അന്യദേശഗമനവുമാണ്. ഭഗണത്തിന്റെ ദേവത ചന്ദ്രനും അതിന്റെ ഫലം ഉൽകൃഷ്ടമായ കീർത്തിലാഭവും മഗണത്തിന്റെ ദേവത ഭൂമിയും ഇതിന്റെ ഫലം ഐശ്വര്യവുമാണ്.

ഇതുപോലെ പ്രശ്നവാക്യത്തിലെ ആദ്യമുള്ള മൂന്നക്ഷരങ്ങളിൽ മദ്ധ്യേയുള്ള അക്ഷരം ലഘുവായിരുന്നാൽ രഗണമെന്നും ഒടുവിലത്തെ അക്ഷരം ലഘുവായിരുന്നാൽ തഗണമെന്നും ആദ്യത്തെ അക്ഷരം ലഘുവായിരുന്നാൽ യഗണമെന്നും മൂന്നക്ഷരങ്ങളും ലഘുവായിരുന്നാൽ നഗണമെന്നും പറയപ്പെടുന്നു. 

രഗണത്തിന്റെ ദേവത അഗ്നിയാകുന്നു. ഇത് മൃതിയെ ചെയ്യും. തഗണത്തിന്റെ ദേവത ആകാശമാണ്. ഇത് ശൂന്യത്തെ ചെയ്യും. യഗണത്തിന്റെ ദേവത ജലമാകുന്നു. ഇത് ഉൽകൃഷ്ടങ്ങളായ പദാർത്ഥങ്ങളുടെ അഭിവൃദ്ധിയെ ഉണ്ടാക്കും. നഗണത്തിന്റെ ദേവത സ്വർഗ്ഗമാകുന്നു. ഇതിന്റെ ഫലം ദീർഘായുസ്സാകുന്നു.

ഇങ്ങനെയുള്ള പ്രശ്നവാക്യം കൊണ്ട് ഗണങ്ങളേയും ദേവതകളേയും അരിഞ്ഞിട്ട് അതിനുള്ള ഫലങ്ങളെ പ്രഷ്ടാക്കന്മാർക്ക് പറയണം. ഗണങ്ങളെ അറിയുന്നതിനുള്ള ക്രമം ചുരുക്കമായി താഴെ പറയാം. ഗണം നിശ്ചയിക്കുന്നത് അക്ഷരങ്ങളുടെ ഗുരുവും ലഘുവും അറിഞ്ഞിട്ടാണല്ലോ വേണ്ടത്. ഹ്രസ്വാക്ഷരങ്ങൾ ലഘുവാകുന്നു. ദീർഘാക്ഷരങ്ങളും അനുസ്വാരത്തോടും വിസർഗ്ഗത്തോടും കൂടിയ ഹ്രസ്വാക്ഷരങ്ങളും കൂട്ടക്ഷരത്തിന്റെ ആദ്യമുള്ള ഹ്രസ്വാക്ഷരങ്ങളും ഗുരുവാകുന്നു. ഗണങ്ങളെ അറിയുന്നതിന് ഉദാഹരണമായി താഴെ എഴുതുന്നു.

മനക്കുരുന്നിൽ   -   ജഗണം  -   മദ്ധ്യഗുരു  -  സൂര്യൻ

പുടവയ്ക്കു    -      സഗണം    -  അന്ത്യഗുരു -   അനിലൻ

വാഴയില   -   ഭഗണം   -   ആദ്യഗുരു     -      ഇന്ദു

വന്നിട്ടാട്ടെ      -   മഗണം   -    സർവ്വഗുരു  -   ക്ഷമ

കാലമായി      -   രഗണം   -   മദ്ധ്യലഘു -  വഹ്നി

പാലാഴി     -   തഗണം -    അന്ത്യലഘു   -  അംബരം

വരാനായി    -     യഗണം      -    ആദ്യലഘു   -      അബസ്

വിളവിന്       -    നഗണം    -   സർവ്വലഘു   -     ദിവ


സംയുക്താദ്യം ദീർഘം സാനുസ്വാരം വിസർഗ്ഗസമ്മിശ്രം
വിജ്ഞേയമക്ഷരം ഗുരു പാദാന്തസ്ഥം വികല്പേന.

ഇത്യാദി വചനമനുസരിച്ച് ഉദാഹരണമായി എഴിതിയിരിക്കുന്ന വാക്യങ്ങളിലെ മുമ്മൂന്ന് അക്ഷരങ്ങളെടുത്ത് അവയുടെ ഗുരു ലഘുക്കളറിഞ്ഞ് കൊള്ളുക.

വർഗ്ഗാക്ഷരങ്ങൾ ക്ഷ എന്ന അക്ഷരം ഉൾപ്പടെ മുപ്പത്തഞ്ചാണല്ലോ. അവയിൽ ക മുതൽ അയ്യഞ്ച് അക്ഷരം ഓരോ വർഗ്ഗങ്ങളാണ്

വർഗേഷ്വക്ഷരപഞ്ചകം പവനവഹ്നീന്ദ്രാംബുനാപുംസകം
വാക്യാദൗ തു നപുംസകാക്ഷരമതീവാനിഷ്ടദം പൃച്ഛതാം
ദുഷ്ടൗ മാരുതപാവകൗ വലരിപുർമദ്ധ്യഃ പ്രശസ്തം ജലം
ദീർഘഹ്വസ്രവിഭാഗതഃ സ്വരഗണാശ്ചാംഭോമഹേന്ദ്രാത്മകാഃ. ഇതി.

സാരം :-

വർഗ്ഗാക്ഷരങ്ങൾ ക്ഷ എന്ന അക്ഷരം ഉൾപ്പടെ മുപ്പത്തഞ്ചാണല്ലോ. അവയിൽ ക മുതൽ അയ്യഞ്ച് അക്ഷരം ഓരോ വർഗ്ഗങ്ങളാണ്. അപ്പോൾ ക വർഗ്ഗം ച വർഗ്ഗം ട വർഗ്ഗം ത വർഗ്ഗം പ വർഗ്ഗം യ വർഗ്ഗം ഷ വർഗ്ഗം എന്ന് ഏഴു വർഗ്ഗങ്ങളായി തീരും. ഇവയിൽ ക മുതൽ അഞ്ച് അക്ഷരം ക വർഗ്ഗമെന്നും ച മുതൽ അഞ്ച് അക്ഷരം ച വർഗ്ഗമെന്നും ഇങ്ങിനെ ക്രമേണ ധരിച്ചുകൊൾക. ഈ ഏഴു വർഗ്ഗങ്ങളിലുമുള്ള ഒന്നാമത്തെ അക്ഷരങ്ങൾ വായുവെന്നും രണ്ടാമത്തെ അക്ഷരങ്ങൾ അഗ്നിയെന്നും മൂന്നാമത്തെ അക്ഷരങ്ങൾ ഇന്ദ്രനെന്നും നാലാമത്തേത് ജലമെന്നും അഞ്ചാമത്തേത് നപുംസകമെന്നും പറയുന്നു. നപുംസകാക്ഷരത്തിന് ആകാശമെന്നും അവയിൽ ചില അക്ഷരങ്ങൾക്ക് ശൂന്യാക്ഷരമെന്നും പറയപ്പെടുന്നു.

                      വായു    അഗ്നി      ഇന്ദ്രൻ     ജലം      ആകാശം

കവർഗ്ഗം       ക              ഖ             ഗ               ഘ             ങ

ചവർഗ്ഗം      ച               ഛ           ജ                ഝ            ഞ

ടവർഗ്ഗം         ട                  ഠ              ഡ              ഢ            ണ

തവർഗ്ഗം       ത                ഥ               ദ                ധ               ന

പവർഗ്ഗം       പ              ഫ              ബ              ഭ                മ

യവർഗ്ഗം       യ               ര              ല              വ               ശ

ഷവർഗ്ഗം      ഷ               സ              ഹ            ള               ക്ഷ


അ - ഇ മുതലായ അഞ്ചക്ഷരങ്ങളേയും രണ്ടായി തിരിച്ചിട്ടുണ്ട്. അവയിൽ മേൽപറഞ്ഞ ഹ്രസ്വാക്ഷരങ്ങൾ ഇന്ദ്രാക്ഷരങ്ങളെന്നും ആ ഈ മുതലായ ദീർഘാക്ഷരങ്ങൾ ജലങ്ങളെന്നും പറയുന്നു. പ്രഷ്ടാവിന്റെ വാക്യത്തിലുള്ള ആദ്യക്ഷരം നപുംസകമാണെങ്കിൽ കഷ്ടഫലവും വായ്‌വക്ഷരവും അഗ്ന്യക്ഷരവുമാണെങ്കിൽ അശുഭവും ഇന്ദ്രാക്ഷരമാണെങ്കിൽ ഗുണദോഷസാമ്യവും ജലാക്ഷരമാണെങ്കിൽ ശുഭവും ഫലമാകുന്നു.

പ്രഷ്ടാവ് ഉപയോഗിച്ച വാക്കിൽ ആദ്യം ഉപയോഗിച്ച അക്ഷരം അ മുതൽ ഔ വരെയുള്ള സ്വരാക്ഷരങ്ങളിൽ ഏതെങ്കിലും ഒന്നാണെങ്കിൽ / ആദ്യക്ഷരം ക മുതൽ ള വരെയുള്ള ഹല്ലക്ഷരങ്ങളിൽ ഒന്നാണെങ്കിൽ

പ്രശ്നവാക്യം സ്വരാദ്യം ചേൽ ജ്ഞേയം ജീവഗതം ശുഭം
ദോഷശ്ച ദേഹവിഷയോ, ഹലാദ്യം ചേദതോന്യഥാ.

സാരം :-

പ്രഷ്ടാവ് ഉപയോഗിച്ച വാക്കിൽ ആദ്യം ഉപയോഗിച്ച അക്ഷരം അ മുതൽ ഔ വരെയുള്ള സ്വരാക്ഷരങ്ങളിൽ ഏതെങ്കിലും ഒന്നാണെങ്കിൽ ആയുസ്സിന് അനിഷ്ടം പറയാൻ പാടില്ല. രോഗാരിഷ്ടം ഉണ്ടാകുമെന്നു പറയണം. അതുപോലെ പ്രശ്നത്തിന്റെ ആദ്യക്ഷരം ക മുതൽ ള വരെയുള്ള ഹല്ലക്ഷരങ്ങളിൽ ഒന്നാണെങ്കിൽ ശരീരമായ രോഗദുഃഖം ഇല്ലെങ്കിലും ആയുർദ്ദോഷമുണ്ടെന്നു പറയണം.

അക്ഷരങ്ങളെ സ്വരങ്ങളും വർഗ്ഗങ്ങളും ജീവനെന്നും ശരീരമെന്നും അറിയേണ്ടതാണ്

ആദ്യൈഃ സ്വരൈസ്തു, കാദ്യൈശ്ച വർഗൈർഭിന്നാ ലിപിർദ്വിധാ
സ്വരം ജീവസ്തനുവർഗാ ഇതി ജ്ഞേയാ ച മാതൃകാ.

സാരം :-

അ ഇ മുതലായ സ്വരാക്ഷരങ്ങൾ അച്ചുകളാകുന്നു. ഇത് ജീവാക്ഷരങ്ങളാണ്. ക ഖ മുതലായ വർഗ്ഗാക്ഷരങ്ങൾ ശരീരമാകുന്നു. ഇങ്ങിനെ അക്ഷരങ്ങൾ അതായത് സ്വരങ്ങളും വർഗ്ഗങ്ങളും ജീവനെന്നും ശരീരമെന്നും അറിയേണ്ടതാണ്. വർഗ്ഗാക്ഷരങ്ങളെ ഹല്ലുകൾ എന്ന് പറയുന്നു. 

ആകാശം വായു അഗ്നി ഈ ഭൂതങ്ങളുടെ വർഗ്ഗങ്ങളിൽ ഉൾപ്പെട്ട അക്ഷരവും ഗണവും പൃച്ഛകൻ പറഞ്ഞ വാക്കിന്റെ ആദ്യമുള്ള അക്ഷരമായി വന്നാൽ അത് അശുഭകരമാകുന്നു

ആകാശവായുവഹ്ന്യർണ്ണപൂർവ്വം തദ്ഗണപൂർവകം
ഭൂതാർത്ഥവാചകം ചാപി വചനം ന ശുഭപ്രദം.

സാരം :-

ആകാശം വായു അഗ്നി ഈ ഭൂതങ്ങളുടെ വർഗ്ഗങ്ങളിൽ ഉൾപ്പെട്ട അക്ഷരവും ഗണവും പൃച്ഛകൻ പറഞ്ഞ വാക്കിന്റെ ആദ്യമുള്ള അക്ഷരമായി വന്നാൽ അത് അശുഭകരമാകുന്നു. അതുപോലെ കഴിഞ്ഞ അവസ്ഥയെ കുറിക്കുന്ന വാക്കുകളാണെങ്കിൽ അതും അശുഭം തന്നെയാണ്.

പ്രഷ്ടാവ് ദൈവജ്ഞന്റെ തെക്കുഭാഗത്തു നിൽക്കുകയോ തെക്കോട്ടു നോക്കുകയോ പൃച്ഛാസമയത്തു ചെയ്യുന്നു എങ്കിൽ

ദക്ഷിണാശാഭിമുഖ്യം ച പ്രഷ്ടുര്യമദിശി സ്ഥിതിഃ
അശുഭായ ഭവേന്നൂനമായുഃപ്രശ്നേ വിശേഷതഃ

സാരം :-

പ്രഷ്ടാവ് ദൈവജ്ഞന്റെ തെക്കുഭാഗത്തു നിൽക്കുകയോ തെക്കോട്ടു നോക്കുകയോ പൃച്ഛാസമയത്തു ചെയ്യുന്നു എങ്കിൽ ഏറ്റവും അശുഭകരമാണ്. രോഗപ്രശ്നത്തിൽ ഇങ്ങനെയുള്ള സ്ഥിതിയും ദൃഷ്ടിയും നിശ്ചയമായും ദോഷകരമാണ്.

കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് ഈ ദിക്കുകളിൽ സ്ഥിതി ചെയ്തുകൊണ്ടാണ് പൃച്ഛകൻ ചോദിക്കുന്നുവെങ്കിൽ

പൃച്ഛകസ്യ ദിശി സ്ഥാനം വിശേഷാച്ശുഭദം നൃണാം
പൃച്ഛകസ്യ സ്ഥിതിഃ കോണേ പ്രശ്നേ സ്ത്രീവിഷയേ ശുഭാ.

സാരം :-

കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് ഈ ദിക്കുകളിൽ സ്ഥിതി ചെയ്തുകൊണ്ടാണ് പൃച്ഛകൻ ചോദിക്കുന്നു എങ്കിലും അത് പുരുഷന്മാരെക്കുറിച്ചുള്ള പ്രശ്നമാണെങ്കിലും അത് ഏറ്റവും നല്ലതാകുന്നു. അഗ്നികോണ് മുതലായ കോണുകളിൽ സ്ഥിതി ചെയ്തുകൊണ്ട് പ്രഷ്ടാവ് ചോദിക്കുന്നു എങ്കിൽ ആ പ്രശ്നം സ്ത്രീകളെകുറിച്ചുള്ളതാണെങ്കിൽ നല്ലതാണ്.

യാത്ര പുറപ്പെട്ടപ്പോൾ മുമ്പേ നേരിട്ടുവന്ന ശകുനങ്ങൾ

ചണ്ഡാലാഭ്യാഗമോ യദ്യഹിശിഖിഗുളിക-
ബ്രധ്നജാസ്തത്രസംസ്ഥാഃ,
ശുക്രേന്ദു ചേദ്വധൂനാം, യദി ശശിതനയ-
സ്തത്ര വിദ്വജ്ജനാനാം,
വിപ്രാണാം വാക്പതിശ്ചേദ്യദി, ധരണിസുതഃ
ശസ്ത്രിണാം കീർത്തനീയോ
വർത്മന്യഭ്യാഗമഃ പ്രാഗ്യദി പുനരരുണഃ
ശ്രൈഷ്ഠ്യഭാജാം ജനാനാം. ഇതി.

സാരം :-

ഏഴ് പത്ത് നാല് ആരൂഢം എന്നീ ഭാവങ്ങളിൽ ശനിയോ രാഹുവോ കേതുവോ ഗുളികനോ നിന്നാൽ യാത്ര പുറപ്പെട്ടപ്പോൾ മുമ്പേ നേരിട്ടുവന്നത് ചണ്ഡാലന്മാരാണെന്നു പറയണം. ചന്ദ്രനും ശുക്രനും നിന്നാൽ സ്ത്രീകളാണെന്നും ബുധൻ മേൽപറഞ്ഞ ഭാവങ്ങളിൽ നിന്നാൽ വിദ്വാന്മാരാണെന്നും വ്യാഴം നിന്നാൽ ബ്രാഹ്മണരാണെന്നും ചൊവ്വ നിന്നാൽ ആയുധധാരികളാണെന്നും സൂര്യൻ നിന്നാൽ സ്ഥാനമാനം കൊണ്ട് പ്രാമാണ്യമുള്ളവരാണെന്നും പറയണം. ഇവിടെയെല്ലാം ഗ്രഹയോഗദൃഷ്ടി മുതലായവ ചിന്തിച്ചുകൊള്ളണം.

വഴിയിൽ വെച്ചു ആന കുതിര / ചകോരം മുതലായ പക്ഷികളേയുമാണ്‌ ശകുനമായി കണ്ടത് എന്ന് പറയണം

തത്രസ്ഥേ ചതുരംഘ്രിസംജ്ഞവിഹഗേ മാതംഗപശ്വാദയോ-
ഭ്യായാതാഃ പഥി പക്ഷിസംജ്ഞവിഹഗേ ദൃഷ്ടാശ്ചകോരാദയഃ
സൂര്യാരൗ തു ചതുഷ്പദൗ നിഗതിതൗ മന്ദേന്ദുജൗ പക്ഷിണൗ
ശീതാംശുസ്തു സരീസൃപോഷ്ടചരണഃ ശാസ്ത്രേ പ്രദിഷ്ടഃ ഫണീ.

സാരം :-

മുൻപറഞ്ഞവണ്ണം ഏഴാം ഭാവം മുതലായ ഭാവങ്ങളിൽ നാല്ക്കാലിഗ്രഹം നിന്നാൽ വഴിയിൽ വെച്ചു ആന കുതിര മുതലായ നാല്ക്കാലികളെയാണ് ശകുനം കണ്ടതെന്നും അവിടെ പക്ഷിഗ്രഹങ്ങൾ നിന്നാൽ ശകുനമായി കണ്ടതു ചകോരം മുതലായ പക്ഷികളെയാണെന്നും പറയണം. സൂര്യനും ചൊവ്വയും  നാല്ക്കാലി ഗ്രഹങ്ങളാണ്. ബുധനേയും ശനിയേയും കൊണ്ട് പക്ഷികളെ വിചാരിക്കണം. ചന്ദ്രനെക്കൊണ്ട് സരീസൃപത്തെ വിചാരിക്കണം. രാഹുവിനെക്കൊണ്ട് എട്ടുകാലി (ചിലന്തി)യെ വിചാരിക്കണം. ഇവിടെ ശകുനചിന്തനയിൽ ഹോരയിൽ പറഞ്ഞിട്ടുള്ള വിയോനി ലക്ഷണം ഉണ്ടെങ്കിൽ മാത്രമേ വിയോനികളെ ശകുനമായി കണ്ടു എന്നു പറയാവു. അല്ലാതെ രാജകാരകനായ സൂര്യനെക്കൊണ്ടു മൃഗങ്ങളേയും സ്ത്രീകാരകനായ ചന്ദ്രനെക്കൊണ്ട് മൃഗങ്ങളേയും സരീസൃപങ്ങളേയും എങ്ങനെ കല്പിക്കും?. ഇവിടെയെല്ലാം ഫല നിർദ്ദേശത്തിന്റെ വിഷയ ഭാഗത്തിന് ദൈവജ്ഞന്റെ നിഷ്ക്കളങ്കത തന്നെയാണ് ആശ്രയമെന്നു ഗ്രാഹ്യമാകുന്നു. 

പ്രഷ്ടാവ് പുറപ്പെട്ട സമയത്തെ ശകുനത്തെ പറയാം

ദ്യൂനസ്ഥേഷ്വശുഭേഷു ദുഷ്ടശകുനം സൗമ്യേഷു തച്ഛോഭനം
ദൂതാരൂഢവശാദമുഷ്യ കഥയേൽ പ്രശ്നാധിരൂഢേന വാ
കർമ്മാരൂഢസുഖസ്ഥിതൈർബലയുതൈരപ്യേവമാദിശ്യതാം
യാതുർവാ ശകുനം ശുഭാശുഭമിതി പ്രസ്ഥാനലഗ്നാദ്വദേൽ.

സാരം :-

പ്രഷ്ടാവോ ദൂതനോ വന്നു സ്ഥിതി ചെയ്ത ആരൂഢരാശിയുടെ ഏഴാം രാശിയിൽ പാപഗ്രഹങ്ങൾ നിന്നാൽ പ്രഷ്ടാവ് പുറപ്പെട്ട സമയം അശുഭശകുനത്തെയാണ് കണ്ടതെന്നും ഏഴാം ഭാവത്തിൽ ശുഭഗ്രഹങ്ങൾ നിന്നാൽ ശുഭശകുനത്തെയാണ് കണ്ടതെന്നും പറയണം. ഇതുപോലെ ആരൂഢ നാലാം ഭാവം പത്താം ഭാവം ഈ രാശികളിൽ ബലവാന്മാരായി നിൽക്കുന്ന ഗ്രഹങ്ങളെക്കൊണ്ടും ശകുനത്തെ പറയാം. എന്നാൽ അവിടെയും ശുഭാന്മാരെക്കൊണ്ടു ശുഭശകുനത്തേയും പാപന്മാരെക്കൊണ്ട് അശുഭശകുനത്തേയും പറഞ്ഞുകൊള്ളണം. കേന്ദ്രഭാവങ്ങളെ ആശ്രയിച്ച് ശകുനം പറയാമെങ്കിലും അവയിൽ മാർഗ്ഗഭാവമായ ഏഴാം ഭാവത്തിനാണ് പ്രാബല്യമെന്ന് ഗ്രഹിക്കേണ്ടതാണ്. ഈ ശകുന ലക്ഷണം ദൂതന്റെ ആരൂഢരാശികൊണ്ടും മാത്രമല്ല പ്രശനം വയ്ക്കുമ്പോൾ കിട്ടുന്ന ആരൂഢരാശികൊണ്ടും ചിന്തിച്ചു പറയാവുന്നതാണ്. ഒരാൾ യാത്ര പുറപ്പെടുമ്പോൾ അയാൾ കാണുന്ന ശകുനത്തിന്റെ ശുഭാശുഭത്വം പുറപ്പെടുന്ന ലഗ്നം കൊണ്ടും മേൽപറഞ്ഞവണ്ണം ചിന്തിയ്ക്കാവുന്നതാണ്.

ഇഷ്ടഭാവങ്ങളിൽ നിൽക്കുന്ന ഗ്രഹങ്ങളെ കൊണ്ട് അവർക്ക് പറയപ്പെട്ട ശുഭാനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നു പറയണം. ഇതു പ്രശ്നകാലത്തിന് അടുത്തു കഴിഞ്ഞ ഗ്രഹത്തിന്റെ ആഴ്ചയിലായിരിക്കും ഉണ്ടായത്

ഇഷ്ടസ്ഥിതാനാം വാരേഷു ശുഭപ്രാപ്തിം ച നിർദിശേൽ
ഉദയേനൈഷ്യവാരേഷു ഫലമപ്യേവമാദിശേൽ. ഇതി.

സാരം :-

അനിഷ്ടഭാവങ്ങൾ സാമാന്യേന മേൽപറഞ്ഞുവല്ലോ. മറ്റുള്ള ഇഷ്ടഭാവങ്ങളിൽ നിൽക്കുന്ന ഗ്രഹങ്ങളെ കൊണ്ട് അവർക്ക് പറയപ്പെട്ട ശുഭാനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നു പറയണം. ഇതു പ്രശ്നകാലത്തിന് അടുത്തു കഴിഞ്ഞ ഗ്രഹത്തിന്റെ ആഴ്ചയിലായിരിക്കും ഉണ്ടായത്. ഇപ്പറഞ്ഞ ലക്ഷണങ്ങൾ ആരൂഢരാശിയുടെ അഷ്ടമം മുതലായ ഭാവങ്ങളെ ആശ്രയിച്ചാണല്ലോ പറഞ്ഞിട്ടുള്ളത്. ഇതുപോലെ അപ്പോഴത്തെ ഉദയ ലഗ്നം അറിഞ്ഞ് അതിന്റെ എട്ടാം ഭാവം മുതലായ അനിഷ്ടഭാവങ്ങളിൽ നിൽക്കുന്ന ഗ്രഹങ്ങളെ കൊണ്ടു അടുത്തുവരുന്ന അവരുടെ ആഴ്ചകളിൽ മേൽപറഞ്ഞവണ്ണമുള്ള അശുഭഫലങ്ങൾ പറയാവുന്നതാണ്. ഉദയലഗ്നത്തിങ്കൽ നിന്നു തന്നെ ഇഷ്ടഭാവങ്ങളിൽ നിൽക്കുന്ന ഗ്രഹങ്ങളുടെ അടുത്തുവരുന്ന ആഴ്ചകളിൽ ശുഭാനുഭവത്തെയും പറയാം. ഇവിടെ ആരൂഢരാശിയെ ആശ്രയിച്ച് കഴിഞ്ഞ ഫലങ്ങളും ഉദയരാശികൊണ്ട് വരാൻപോകുന്ന ഫലങ്ങളും പറഞ്ഞുകാണുന്നു. ഇതുതന്നെയാണ് "അതീതഫലമാരൂഢാദുദയാദാഗതം ഫലം. വർത്താമനഫലം ഛത്രാൽ ഫലം ത്രൈകാല്യമാദിശേൽ" എന്നുള്ള വചനം കൊണ്ടും പറഞ്ഞിരിക്കുന്നത്. ആരൂഢത്തിന്റെയും ലഗ്നത്തിന്റെയും സംസ്കാരം കൊണ്ടാണല്ലോ ഛത്രരാശി സിദ്ധിക്കുന്നത്. അതുകൊണ്ട് കല്പിയ്ക്കുന്ന ഫലം ഭൂതത്തിന്റെയും ഭാവിയുടേയും അന്തരസ്ഥമായ വർത്തമാന കാലത്തിൽ അടങ്ങുന്നത് അനുചിതമല്ലല്ലോ. "ഇതി" എന്നതുകൊണ്ട് ഇങ്ങനെ മാധവീയവചനം സമാപിച്ചു.

അനിഷ്ടഭാവത്തിൽ ഏതൊരു ഗ്രഹം നിൽക്കുന്നുവോ ആ ഗ്രഹത്തിന്റെ കഴിഞ്ഞ ആഴ്ചയിൽ ആ ഗ്രഹത്തിന് ഉചിതമായ ഏതോ ചില ആപത്ത് ഉണ്ടായിട്ടുണ്ടെന്നും പറയണം

വ്യയഃ ഷഷ്ഠസ്തൃതീയശ്ച ഭാവാ നേഷ്ടാ യഥാഷ്ടമഃ
ദിനേഷ്വനിഷ്ടസംസ്ഥാനാം യാതേഷ്വശുഭദം വദേൽ.

സാരം :-

അഷ്ടമഭാവം ഏറ്റവും അനിഷ്ടമാണല്ലോ. അപ്രകാരം മൂന്ന്, ആറ്, പന്ത്രണ്ട് ഈ ഭാവങ്ങളും അനിഷ്ടങ്ങൾ തന്നെയാണ്. അനിഷ്ടഭാവത്തിൽ ഏതൊരു ഗ്രഹം നിൽക്കുന്നുവോ ആ ഗ്രഹത്തിന്റെ കഴിഞ്ഞ ആഴ്ചയിൽ ആ ഗ്രഹത്തിന് ഉചിതമായ ഏതോ ചില ആപത്ത് ഉണ്ടായിട്ടുണ്ടെന്നും പറയണം.

ഈ ഭാവങ്ങളിൽ ഒന്നിലധികം ഗ്രഹങ്ങൾ നിന്നാൽ 'ബലയുക്തൈശ്ച വക്തവ്യം ബഹുധാ ഫലസംഭവേ" ഇത്യാദി വചനപ്രകാരം ബലവാന്മാരെക്കൊണ്ട് ഫലം പറഞ്ഞുകൊള്ളണം. അഥവാ നില്ക്കുന്ന എല്ലാ ഗ്രഹങ്ങളെക്കൊണ്ടും ഫലം പറയാമെന്നും അഭിപ്രായമുണ്ട്.

പ്രഷ്ടാരൂഢത്തിന്റെ മൂന്നാം രാശിയിൽ പാപഗ്രഹങ്ങൾ നിന്നാൽ

പാപസ്തൃതീയ സംസ്ഥശ്ചേദ്വക്തവ്യം സ്യാദുപോഷണം
ഗതേ തു തത്തദ്ദിവസേ സുവിചാര്യൈവമാദിശേൽ.

സാരം :-

പ്രഷ്ടാരൂഢത്തിന്റെ മൂന്നാം രാശിയിൽ പാപഗ്രഹങ്ങൾ നിന്നാൽ കഴിഞ്ഞ ആ പാപഗ്രഹത്തിന്റെ വാരത്തിൽ ഊണു കഴിക്കാൻ സാധിച്ചിട്ടില്ലെന്നു പറയണം ഈ ലക്ഷണ നിർദ്ദേശം നല്ലപോലെ ചിന്തിച്ചു പറയേണ്ടതാണ്. ഗ്രഹങ്ങളുടെ ശുഭാശുഭത്വം ബലാബലങ്ങൾക്കധീനമാണല്ലോ. അതിനാൽ ബലാബല ചിന്തനം ആവശ്യമാകുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച ദിവസം കല്ലിന്മേൽ കാലുതട്ടി ഉപദ്രവമുണ്ടായി എന്നു പറയണം

കേതൗ രന്ധ്രസ്ഥിതേ വാച്യം പാദേ പാഷാണഘട്ടനം
മാന്ദിയുക്തോത്ര കേതുശ്ചേൽ പാദോ നൂനമഭിദ്യത
ഭൗമസാമ്യാൽ ഫലേ കേതോർഗ്ഗതേ ഭൗമസ്യ വാസരേ.

സാരം :-

മുൻപറഞ്ഞവണ്ണം അഷ്ടമരാശിയിൽ കേതു നിൽകുന്നുവെങ്കിൽ കഴിഞ്ഞ ചൊവ്വാഴ്ച ദിവസം കല്ലിന്മേൽ കാലുതട്ടി ഉപദ്രവമുണ്ടായി എന്നു പറയണം. കേതു ഗുളികനോട് കൂടി നിൽകുന്നുവെങ്കിൽ കാലിൽ മുറിവേറ്റിട്ടുണ്ടെന്ന് നിശ്ചയമായും പറയാം. ഫല വിചാരത്തിൽ കേതുവിനു ചൊവ്വയോട്‌ സാമ്യമുള്ളതുകൊണ്ട് കേതുവിന്റെ ഫലം ചൊവ്വാഴ്ച ദിവസം പറഞ്ഞിരിക്കുന്നു.

കഴിഞ്ഞ ശനിയാഴ്ച ദിവസം വഴിയിൽ വച്ച് കാലിന്‌ ഏതോ സുഖക്കേടുണ്ടായി എന്നു പറയണം / സർപ്പത്തിൽ നിന്നു ഭയമുണ്ടായി എന്നു പറയണം

രന്ധ്രഗേ സിംഹികാസൂനൗ വാച്യാ പാദവ്യഥാ പഥി
മൂലാംശേ കണ്ടേനൈഷാ ധാത്വംശേƒശ്മാദിഘാതതഃ

ജീവാംശേ സാധ്വസം സർപാൽ ഗതേ മന്ദസ്യ വാസരേ.

സാരം :-

ആരൂഢാൽ അഷ്ടമത്തിൽ രാഹു നിന്നാൽ കഴിഞ്ഞ ശനിയാഴ്ച ദിവസം വഴിയിൽ വച്ച് കാലിന്‌ ഏതോ സുഖക്കേടുണ്ടായി എന്നു പറയണം. ആ രാഹു മൂലരാശിയിലംശകിച്ചിരിക്കുന്നു എങ്കിൽ മുള്ളു മുതലായവ കൊണ്ടാണ് കാലിനു പരിക്കേറ്റത് എന്നും ധാതുരാശിയിലാണ് നവാംശകമെങ്കിൽ കല്ലിൽ തട്ടിയിട്ടാണ് കാലിനു പരിക്കേറ്റത് എന്ന്  പറയണം. രാഹു ജീവരാശിനവാംശകത്തിൽ സ്ഥിതിചെയ്യുന്നുവെങ്കിൽ സർപ്പത്തിൽ നിന്നു ഭയമുണ്ടായി എന്നു പറയണം. 

രാഹുവിന് ശനിയോട് ഫലസാമ്യമുണ്ടായതുകൊണ്ടാണ് രാഹുവിനെകൊണ്ടുള്ള ഫലം ശനിയാഴ്ച ദിവസം വിധിച്ചിട്ടുള്ളത്.

അടുത്തുകഴിഞ്ഞ ശനിയാഴ്ച ദിവസം ഭക്ഷനത്തിനു താമസം ഉണ്ടായി എന്നും ഏതോ ചില ആപത്തുകൾ നേരിട്ടു എന്നും പറയണം

അഷ്ടമസ്ഥേ രവേഃ പുത്രേ വാച്യം ഭുക്തിവിളംബനം
അത്യാപത്തിശ്ച മന്ദസ്യ സമീപസ്ഥേ ഗതേƒഹനി.

സാരം :-

മുൻപറഞ്ഞവണ്ണം അഷ്ടമരാശിയിൽ ശനി നിന്നാൽ അടുത്തുകഴിഞ്ഞ ശനിയാഴ്ച ദിവസം ഭക്ഷണത്തിനു താമസം ഉണ്ടായി എന്നും ഏതോ ചില ആപത്തുകൾ നേരിട്ടു എന്നും പറയണം.

കഴിഞ്ഞുപോയ അടുത്ത വെള്ളിയാഴ്ച ദിവസം ഇഷ്ടഭാര്യയെ പിരിയേണ്ടിവന്നു എന്നും അന്നു വസ്ത്രനാശം അനുഭവിച്ചു എന്നും പറയണം

ഭൃഗുപുത്രേƒഷ്ടമം പ്രാപ്തേ വിയോഗഃ പ്രിയയോഷിതാ
വക്തവ്യോ വസ്ത്രനാശശ്ച തത്ര ധാത്വംശഗേ ഭൃഗൗ

വസനേ പങ്കസമ്പർക്കോ ജീവാംശേƒസ്യ നഖക്ഷതിഃ
പിപീലികാഖുവമ്ര്യാദ്യൈഃ ക്ഷതിരംശേ സരീസൃപേ.

കണ്ടകാദ്യൈസ്തു മൂലാംശേ യദ്വാ ജീവാംശഗേ പുനഃ
അന്യസ്മൈ വസ്ത്രദാനം വാ ഗതാസന്നേ ഭൃഗോർദിനേ.

സാരം :-

ആരൂഢത്തിന്റെ അഷ്ടമത്തിൽ ശുക്രൻ നിന്നാൽ കഴിഞ്ഞുപോയ അടുത്ത വെള്ളിയാഴ്ച ദിവസം ഇഷ്ടഭാര്യയെ പിരിയേണ്ടിവന്നു എന്നും അന്നു വസ്ത്രനാശം അനുഭവിച്ചു എന്നും പറയണം. ആ ശുക്രൻ ധാതുരാശിയിലാണ് അംശിച്ചിരിക്കുന്നുവെങ്കിൽ വസ്ത്രത്തിൽ അഴുക്കുപറ്റി ചീത്തയായി എന്നും പറയണം. മൂലരാശിയിൽ അംശകമാണെങ്കിൽ മുള്ളുകളെക്കൊണ്ടോ മറ്റോ വസ്ത്രം കീറിപ്പോയി എന്നും പറയണം. ആ ശുക്രൻ ജീവരാശി നവാംശകത്തിലാണെങ്കിൽ നഖം കൊണ്ടാണ് വസ്ത്രം കീറിയത് എന്നു പറയുകയോ അല്ലെങ്കിൽ വേറൊരാളിനായി വസ്ത്രം ദാനം ചെയ്തുവെന്നു പറയുകയോ ചെയ്യാം. ശുക്രൻ സാരീസൃപരാശിയിലാണ് അംശിച്ചിരിക്കുന്നതെങ്കിൽ എലി, എറുമ്പ്, ചിതൽ മുതലായ ജന്തുക്കളിൽ നിന്ന് വസ്ത്രത്തിനു കേടുണ്ടായി എന്നു പറയണം. ഇവിടെ കർക്കിടക വൃശ്ചികമീനങ്ങളാണല്ലോ സരീസൃപരാശികൾ. ഇതുകൾ ധാതുമൂലജീവരാശികളാണല്ലോ. ആ സ്ഥിതിയ്ക്ക് സരീസൃപക്ഷതി എങ്ങനെ പറയും എന്നു ശങ്കിച്ചേക്കാം. ഈ സ്ഥാനങ്ങളിൽ "സ്ഥാനഭാവനഭശ്ചരൈഃ" ഇത്യാദി യോഗബാഹുല്യം ചിന്തിച്ചുകൊള്ളേണ്ടതാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.