മണ്ഡലക്കാലം വൃശ്ചികം ഒന്ന് മുതല്‍ ആരംഭിക്കുന്നു. അത് വ്രതാനുഷ്ഠാനങ്ങള്‍ക്കും ക്ഷേത്രദര്‍ശനത്തിനും പുണ്യമായി കരുതുന്നുവെങ്കിലും ശബരിമല തീര്‍തഥാടനവുമായിട്ടാണ് ഏറെ പ്രസിദ്ധമായിതീര്‍ന്നത്. മണ്ഡലക്കാലം വന്നാല്‍ കേരളത്തിന്റെ മുഖം ഭക്തിസാന്ദ്രമായി മാറുന്നു. കറുപ്പ് വസ്ത്രങ്ങള്‍ ധരിച്ച് രുദ്രാക്ഷമാലകള്‍ അണിഞ്ഞ് കുളിച്ചു ഭസ്മവും ചന്ദനക്കുറിയുമിട്ട് അയ്യപ്പശരണമന്ത്രങ്ങള്‍ വിളിച്ച് പോകുന്ന അയ്യപ്പന്മാര്‍ കാഴ്ച്ചക്കാരിലും ഭക്തി ഉളവാക്കുന്നു. പുതിയൊരുണര്‍വ് നല്‍കുന്നു. മാലയിട്ട് ഒരയ്യപ്പനെങ്കിലും മലയ്ക്ക് പോകാത്ത ഹൈന്ദവ വീടുകള്‍ കേരളത്തില്‍ വിരളമാണ്. അയ്യപ്പഭക്തന്‍ വ്രതമനുഷ്ഠിച്ച് മല ചവിട്ടണമെന്നാണ് വിധി. വ്രതാനുഷ്ഠാനവേളയില്‍ വീട്ടിലെ സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്‍ ചുരുക്കിപറയാം.
1. മണ്ഡലക്കാലത്ത് വീട്ടില്‍ നിന്ന് ശബരിമലക്ക് പോകുന്നവരുണ്ടെങ്കില്‍ അവരെപ്പോലെ തന്നെ വീട്ടമ്മയും പരിശുദ്ധി പാലിക്കേണ്ടതാണ്.
2. നേരത്തെ കുളിച്ച് പൂജാമുറിയില്‍ അയ്യപ്പവിഗ്രഹത്തിന്റെയോ ചിത്രത്തിന്റെയോ മുമ്പില്‍ വിളക്ക് കത്തിച്ചുവെച്ച് വന്ദിച്ച് ദിനചര്യകള്‍ ആരംഭിക്കണം.
3. ശുദ്ധമായി വേണം ഭക്ഷണം പാകം ചെയ്യാന്‍. തലേനാളിലെ ഭക്ഷണം ഒഴിവാക്കണം. മത്സ്യമാംസാദികള്‍ വീട്ടിലേക്ക് കടത്തരുത്, കഴിക്കരുത്. മദ്യപാനശീലമുള്ളവരുണ്ടെങ്കില്‍ അത് ഒഴിവാക്കണം. വ്രതമനുഷ്ഠിക്കുന്നവരെപ്പോലെ വീട്ടമ്മയും ഒരിക്കലുണ്ണുന്നതാണ് നല്ലത്. സാധിക്കുമെങ്കില്‍ വീട്ടിലുള്ളവരെല്ലാം രാത്രി ഊണ് ഒഴിവാക്കി മറ്റെന്തെങ്കിലും കഴിക്കുന്ന ശീലമാണ് അഭികാമ്യം.
4. സര്‍വ്വചരാചരങ്ങളിലും ദൈവചൈതന്യം സങ്കല്‍പ്പിച്ച് പെരുമാറണം.
5. വാക്കുകളെകൊണ്ടുപോലും ആരെയും വിഷമിപ്പിക്കാതിരിക്കണം.
6. ദുഷ്ടചിന്തകള്‍ക്ക് മനസ്സില്‍ സ്ഥാനം നല്‍കാതിരിക്കുക. കഴിയുന്നതും മറ്റുള്ളവരെ സഹായിക്കുക.
7. സന്ധ്യക്ക് മറ്റുള്ളവരെക്കൂടി സഹകരിച്ച് ഭജന, നാമജപം എന്നിവ നടത്തി അന്തരീക്ഷം ഭക്തിസാന്ദ്രമാക്കുക.
8. ബ്രഹ്മചര്യം പാലിക്കുക. ആഡംബരങ്ങള്‍ ഒഴിവാക്കി ലളിതജീവിതം നയിക്കുക.
9. ഋതുകാലം പ്രത്യേകം ചിട്ടകള്‍ പാലിക്കണം. അടുക്കളയില്‍ പ്രവേശിക്കാനോ ആഹാരം പാകം ചെയ്യാനോ പാടില്ല. മലയ്ക്ക് പോകുന്നവരില്‍നിന്നും അകന്ന് നില്‍ക്കണം. തങ്ങള്‍ തൊട്ടസാധനങ്ങള്‍ അവര്‍ക്ക് നല്‍കരുത്.
10. കഴിയുന്നത്ര വ്രതങ്ങള്‍ നോല്‍ക്കണം. ശാസ്താക്ഷേത്രങ്ങളില്‍ ദര്‍ശനവും, എള്ളുതിരികത്തിക്കള്‍, നീരാഞ്ജനം തുടങ്ങിയ വഴിപാടുകളും ചെയ്തു ദേവനെ പ്രസാദിപ്പിക്കണം. ശനിയാഴ്ച്ചവ്രതം അതിവിശേഷമാകുന്നു.
11. സമീപത്ത് അയ്യപ്പന്‍വിളക്ക് നടക്കുന്നുണ്ടെങ്കില്‍ അവിടെ പോയി തൊഴുത് അതില്‍ പങ്കാളിയാകാന്‍ മടിക്കരുത്.
12. ഭര്‍ത്താവോ, മകനോ മറ്റു വേണ്ടപ്പെട്ടവരോ മലയ്ക്ക് പോയി എത്തും വരെ വ്രതശുദ്ധിയോടെ പോയ ആള്‍ ഭഗവാനെ ദര്‍ശനം നടത്തി ബുദ്ധിമുട്ടുകൂടാതെ മടങ്ങിവരുന്നതിന് പ്രാര്‍ഥിക്കണം.
13. കെട്ടുനിറച്ച് നാളികേരം അടിച്ച് വീട്ടില്‍ നിന്നും പോയപ്പോള്‍ വെച്ചകല്ല് ശുദ്ധിയോടെ സൂക്ഷിക്കണം. അവിടെ രണ്ടുനേരവും വിളക്ക് വെക്കേണ്ടതുമാണ്.
14. കുടുംബത്തില്‍ നിന്ന് കെട്ടുനിറച്ച് പോകുമ്പോള്‍ മറ്റംഗങ്ങള്‍ എല്ലാം പങ്കെടുക്കുകയും അരിയും കാണിപ്പണവും (കാണിപ്പോന്ന് ) കെട്ടില്‍ നിക്ഷേപിച്ച് അതില്‍ ഭാഗഭാഗാക്കുകയും വേണം.
15. വ്രതം ആരംഭിച്ച് കഴിഞ്ഞാല്‍, മലയില്‍നിന്ന് മടങ്ങി എത്തുന്നതുവരെ വീട്ടില്‍ എത്തുന്ന അയ്യപ്പഭക്തന്മാരെ സന്തോഷപൂര്‍വ്വം സ്വീകരിക്കണം.
16. കറുത്ത വസ്ത്രം ധരിച്ച് ശരണംവിളിച്ച് വീട്ടില്‍ എത്തുന്ന അപരിചിതര്‍ക്കുപോലും അന്നം നല്‍കണം. പഴകിയതും ശേഷിച്ചതുമായ ഭക്ഷണസാധനങ്ങള്‍ നല്‍കരുത്.
17. ഹിന്ദുക്കളല്ലെങ്കില്‍ പോലും എല്ലാമതവിഭാഗങ്ങളില്‍പ്പെട്ടവരോടും സമഭാവനയോടെ സ്വീകരിച്ച് പെരുമാറണം.
18. ശാസ്താവിന്റെ പ്രാര്‍ഥനാമന്ത്രം ജപിക്കണം
"ഭൂതനാഥ സദാനന്ദസര്‍വ്വഭൂത ദയാപര
രക്ഷരക്ഷ മഹാബാഹോശാസ്ത്രേതുഭ്യം നമോനമ
ഭൂതനാഥമഹം വന്ദേസര്‍വ്വ ലോകഹീതേ രതം
കൃപാനിധേ സദാസ്മാകംഗ്രഹ പീഡാം സമാഹര."