രാശിപ്രമാണസംഖ്യയും ഹാരകസംഖ്യയും (രാശി നാഴിക)
രാശി - പ്രമാണം നാഴിക വിനാഴിക ഹാരക നാഴിക
മേടം - നോര്‍ഗര്‍വ്വി 4 30 270
ഇടവം - മുനിമല്‍ 5 05 305
മിഥുനം - ഹരേശ 5 28 328
കര്‍ക്കിടകം - ഗുരുണ 5 23 323
ചിങ്ങം - മാനാത്മ 5 05 305
കന്നി - ധര്‍മ്മവില്‍ 4 59 299
തുലാം - ശ്രീകൃഷ്ണ 5 12 312
വൃശ്ചികം - ധരണി 5 29 329
ധനു - ഗിരീശ 5 23 323
മകരം - യമഭ്യ 4 51 291
കുംഭം - പുത്രോഘ 4 21 261
മീനം - ലങ്കധ്വനി 4 13 253
മേല്‍പ്പറഞ്ഞ പന്ത്രണ്ടു രാശികളും എല്ലാ ദിവസവും രാവിലെ മുതല്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നുണ്ട്. ഗ്രഹനിലയില്‍ സൂര്യന്‍ ഏത് രാശിയിലാണോ നില്‍ക്കുന്നത് ആ രാശിയിലാണ് സൂര്യന്‍ ഉദിക്കുന്നത്. മേല്‍പ്പറഞ്ഞ പന്ത്രണ്ടു രാശികളിലും സൂര്യന്‍ എല്ലാ ദിവസവും സഞ്ചരിക്കുന്നതാണ്. മേല്‍പ്പറഞ്ഞ നാഴിക വിനാഴിക സംഖ്യകള്‍ സൂര്യന്‍ എല്ലാ ദിവസവും ഓരോ രാശികളില്‍ സഞ്ചരിക്കുന്ന സമയമാണ്. ഒരു രാശിയില്‍ നില്‍ക്കുന്ന സമയം കഴിഞ്ഞാല്‍ അടുത്ത രാശിയിലേക്ക് സൂര്യന്‍ പോകുന്നു. അങ്ങിനെ 12 രാശികളും സൂര്യന്‍ ഒരു ദിവസം സഞ്ചരിക്കുന്നു.
മുകളില്‍ പറഞ്ഞിരിക്കുന്ന രാശികളുടെ നാഴിക വിനാഴികകള്‍ ഒരു ദിവസത്തെ അല്ലെങ്കില്‍ 60 നാഴികയെ (ഒരു ദിവസം = 60 നാഴിക) രാശികളുടെ പ്രകൃതം അനുസരിച്ച് വിഭജിച്ചിരിക്കുന്നതാണ്.
സൂര്യന്‍ രാവിലെ ഉദിക്കുന്ന രാശിയുടെ നാഴിക വിനാഴികകള്‍ക്ക് മാത്രം ഓരോ ദിവസം (തിയ്യതി) കഴിയുംതോറും ഏറ്റകുറച്ചിലുകള്‍ വന്നുകൊണ്ടിരിക്കും.
സൂര്യന്‍ തുടങ്ങിയുള്ള എല്ലാ ഗ്രഹങ്ങള്‍ക്കും അവരവര്‍ ഏതു രാശിയില്‍ സ്ഥിതിചെയ്യുന്നുവോ ആ രാശി ഉദിക്കുമ്പോള്‍ മാത്രമേ ഉദിക്കുന്നതിന് സാധിക്കുകയുള്ളൂ. സൂര്യന്‍ ഉദിക്കുന്ന രാശിയുടെ നാഴിക വിനാഴികയെ 30 തുല്യ ഭാഗങ്ങളാക്കി വിഭജിക്കുന്നു. (30 ഭാഗങ്ങള്‍ എന്ന് പറയുന്നത് 30 ദിവസത്തെയാണ് സൂചിപ്പിക്കുന്നത്.). അതനുസരിച്ച് സൂര്യന്‍ ഉദിക്കുന്നതിന് സൂര്യന്‍ എതുമാസത്തില്‍ നില്‍ക്കുന്നുവോ ആ രാശിയുടെ പേരില്‍ ഉദിച്ച് മുപ്പതു ദിവസംകൊണ്ട് ക്രമേണ ഉദയരാശിയെ അതിക്രമിച്ച് അടുത്ത രാശിയിലേക്ക് കടക്കുന്നു. എല്ലാ മാസങ്ങളിലും ഒന്നാം തിയ്യതി പ്രസ്തുത രാശിക്കുള്ള മുഴുവന്‍ നാഴിക വിനാഴികകളോടുകൂടി ഉദിക്കുകയും, രണ്ടാംതിയ്യതി ഉദിക്കുമ്പോള്‍ ആ രാശിയിലെ മുപ്പതില്‍ ഒരു ഭാഗം ഉദയം നേരത്തെ കഴിഞ്ഞതിനുശേഷം ശേഷിച്ച മുപ്പതില്‍ ഇരുപത്തിയൊന്‍പതു ഭാഗം കൊണ്ടും, മൂന്നാം തിയ്യതി മുപ്പതില്‍ രണ്ടുഭാഗം കഴിഞ്ഞിട്ട് ശേഷിച്ച ഭാഗം കൊണ്ടും, നാലാം തിയ്യതി മുപ്പതില്‍ മൂന്നുഭാഗം കഴിഞ്ഞിട്ട് ശേഷിച്ച ഭാഗം കൊണ്ടും ഇങ്ങനെ ക്രമേണ കുറഞ്ഞുകുറഞ്ഞ് ആ മാസം മുപ്പതാം തിയ്യതി ഉദിക്കുമ്പോള്‍ മുപ്പതില്‍ ഇരുപത്തിഒന്‍പതു ഭാഗവും കഴിഞ്ഞശേഷം ശേഷിച്ച ഒരു ഭാഗം കൊണ്ടും മാത്രം ഉദിക്കുന്നു. ഇങ്ങനെ മുപ്പതു ദിവസം കൊണ്ട് ആ രാശിയില്‍നിന്നും (മാസത്തില്‍ നിന്ന്) അടുത്ത രാശിയിലേക്ക് (അടുത്ത മാസത്തിലേക്ക്) പ്രവേശിച്ച് ഒന്നാം തിയ്യതി വീണ്ടും അടുത്ത മാസത്തിലെ ഉദയരാശിയില്‍ ഉദിക്കുന്നു. മേല്‍പ്രകാരം ആദിത്യന്റെ ഉദയാല്‍പരം പ്രസ്തുത രാശിയില്‍ എത്ര നാഴികവിനാഴികകള്‍ ശേഷിക്കുന്നു എന്ന് കണ്ടുപിടിച്ചശേഷം വേണം ഓരോ ദിവസവും നിശ്ചിതസമയത്തിനോ അല്ലെങ്കില്‍ ഒരു ശിശു ജനിക്കുന്ന നിമിഷത്തിനോ ഉദിച്ചുനില്‍ക്കുന്ന രാശി ഏതാണെന്ന് കണക്കാക്കേണ്ടത്. ഇങ്ങനെ കണക്കാക്കുന്ന രാശിയാണ് "ലഗ്നരാശി" എന്ന് പറയുന്നത്.
മേല്‍പ്പറഞ്ഞ വിവരങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയെങ്കില്‍ മാത്രമേ ലഗ്നം ഗണിച്ച് കണ്ടുപിടിക്കാന്‍ സാധിക്കുകയുള്ളൂ. ലഗ്നം കണ്ടുപിടിക്കുന്ന രീതി പിന്നീട് വിശദമായി പറയുന്നതായിരിക്കും.