കൊയ്ത്ത് കഴിഞ്ഞു നെല്ല് അറയില്‍ ഇടുന്ന ചടങ്ങാണ് നിറ. നിറയ്ക്കാന്‍ കാര്‍ത്തികയും തൃക്കേട്ടയുമരുത്. മുഹൂര്‍ത്തം നോക്കി വേണമെന്നാണ് വിധി. നിറ വീട്ടില്‍വെച്ചു നടത്തുന്നതാകയാല്‍ ഇല്ലംനിറയായി. ക്ഷേത്രത്തിലെ പത്തായം നിറയ്ക്കുന്നതും മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇല്ലം നിറതന്നെ.
വിളഞ്ഞു കിടക്കുന്ന കതിര്‍ക്കുലകള്‍ കൊണ്ടുവന്ന് ശ്രീഭഗവതിക്ക് പൂജിച്ച് വീടുനിറക്കുന്നു. ഓരോ മുറികളിലും പത്തായത്തിലും അറയിലും ആലിലകള്‍ ചേര്‍ത്ത് ചാണകത്തില്‍ ഒട്ടിച്ച് കതിര്‍ പതിച്ചു വെക്കും. പടിക്കല്‍ നിന്ന് മണിയും വിളക്കും കിണ്ടിവെള്ളവുമായി എതിരേറ്റു കതിര്‍കുലകള്‍ സ്വീകരിച്ച് കൊണ്ടുവരണമെന്നാണ് വിധി. ഗൃഹനാഥന്‍ പൂജ നടത്തേണ്ടതും ഗൃഹനാഥ വിളക്കെടുത്ത് സ്വീകരിക്കേണ്ടതുമാണ്. അടയാണ് നിവേദ്യം. മധുരം ചേര്‍ക്കരുത്.
നിറപറ വെക്കുന്നതിന്റെ അടിസ്ഥാനതത്ത്വം 'നിറ' യില്‍ ഒളിഞ്ഞു കിടക്കുന്നു. ഒരു പറ നിറയെ നെല്ലും നടുവില്‍ പൂക്കുലയും വെക്കുന്നതാണ് ചടങ്ങ്. മംഗലകര്‍മ്മങ്ങള്‍ക്കെല്ലാം നിറപറ വെക്കണമെന്നാണ് വിധി.
കതിര്‍കുലകള്‍ ഇല്ലത്തേക്ക് (വീട്ടിലേക്ക്) കൊണ്ടുപോകുമ്പോള്‍ വീട്ടിലുള്ള എല്ലാവരും ചേര്‍ന്ന് "ഇല്ലന്നിറ വല്ലന്നിറ ഇല്ലത്തമ്മേടെ വയറുനിറ" എന്ന് പലവുരു ഉറക്കെ പറയുന്നു. അത് വീട്ടമ്മയുടെ ഐശ്വര്യത്തെയും പങ്കിനേയും കാണിക്കുന്നതാണ്. വീട്ടിനകത്തെത്തിയാല്‍ പൂവും കതിരും ഒരു നാക്കിലയില്‍ വച്ച് നിവേദിക്കുന്നു. പ്രാദേശികമായി ചടങ്ങുകള്‍ക്ക് വ്യത്യാസങ്ങള്‍ കാണാമെങ്കിലും അടിസ്ഥാനതത്ത്വങ്ങളില്‍ മാറ്റമില്ല. നെല്‍ക്കതിരിന്റെ കൂടെ അത്തി, ഇത്തി, അരയാല്‍, പേരാല്‍, ഇല്ലി, നെല്ലി, പ്ലാവ്, മാവ് എന്നിവയുടെ ചെറുചില്ലകളും ഒരുക്കി വെക്കാറുണ്ട്.
പുതിയ അരി (പുന്നെല്ലരി) ആദ്യമായി ഭക്ഷിക്കുന്നതാണ് പുത്തരിയെന്ന് പറയുന്നത്. പുത്തരിസദ്യക്ക് നാലുകറി സദ്യ വേണം. പുത്തരിചുണ്ട, ചേന, നേന്ത്രക്കായ, പയര്‍ എന്നിവകൊണ്ടുണ്ടാക്കിയ മെഴുകുപുരട്ടിയും പ്രധാനമാണ്. പുത്തരിപായസം ഒഴിച്ചുകൂടാന്‍ പാടില്ലാത്ത വിഭവമാണ്.