ഭാവനാഥന്റെ ദശാഫലം

          ലഗ്നം ബലമുള്ളതായിരുന്നാല്‍ ലഗ്നാധിപന്റെ ദശാകാലത്ത് ലോകപ്രസിദ്ധി, സുഖസ്ഥിതി, ദേഹബലം, ശരീരകാന്തി പ്രബലമായി അനുഭവിക്കും.
    അനിഷ്ടസ്ഥാനസ്ഥിതനായ ലഗ്നാധിപന്റെ ദശയില്‍ കാരാഗൃഹവാസം, ഭയം, വ്യാധി, സ്ഥാനഭ്രംശം, ആപത്ത് ഇവ അനുഭവിക്കും.

   രണ്ടാംഭാവാധിപന്റെ ദശയില്‍ കുടുംബലാഭം, നല്ല സന്തതീലാഭം, ഭക്ഷണസുഖം, ന്യായസ്ഥാനത്തുനിന്നു വാക്സാമര്‍ത്ഥ്യംകൊണ്ട് ധനലാഭം ഇവ ഫലം.
     അനിഷ്ടസ്ഥാനസ്ഥിതനായ രണ്ടാംഭാവാധിപന്റെ ദശയില്‍ സഭാമൂഡത്വം, കുടുംബചലനം, നയനരോഗം, വാക് ദോഷം, ധനവ്യയം, രാജഭയം ഫലം.


      മൂന്നാം ഭാവാധിപന്റെ ദശയില്‍ സഹോദരഗുണം, സന്തോഷവാര്‍ത്താശ്രവണം, ശൌര്യം, സേനാനായകത്വം, അഭിമാനം, നല്ല ഗുണങ്ങള്‍ക്ക് അധീനനാവുക ഫലം.
         അനിഷ്ടസ്ഥാനസ്ഥിതനായ മൂന്നാംഭാവാധിപന്റെ ദശയില്‍ സഹോദരനാശം, ദുരാലോചന, ശത്രുപീഡ, വിരോധം, ധൈര്യക്ഷയം, അനുഭവനാശം ഫലം.

      നാലാം ഭാവാധിപന്റെ ദശയില്‍ ബന്ധുപകാരം, കൃഷിവിത്ത, സ്ത്രീസംഗമം, വാഹനലാഭം, പുതിയ ഭവനം,ദ്രവ്യലാഭം, സ്ഥാനപ്രാപ്തി, ഇവ ഫലം.
      അനിഷ്ടസ്ഥാനസ്ഥിതനായ നാലാംഭാവാധിപന്റെ ദശയില്‍ മാതൃപീഡ, സുഹൃജ്ജന ദുരിതം, കൃഷി, നാല്‍ക്കാലി, ഭവനം ഇവയ്ക്കു നാശം ഫലം.

          അഞ്ചാം ഭാവാധിപന്റെ ദശയില്‍ പുത്രപ്രാപ്തി, ബന്ധുജനപ്രീതി, രാജഭരണം, സ്ഥാനലാഭം, ബഹുമാന്യത, രുചികരമായ ഭക്ഷണലാഭം, സജ്ജനസമ്മതങ്ങളായ നന്മകള്‍ ഇവ ഫലം.
       അനിഷ്ടസ്ഥാനസ്ഥിതനായ അഞ്ചാംഭാവാധിപന്റെ ദശയില്‍ പുത്രദുഃഖം, ബുദ്ധിഭ്രമം, അധ്വാനം, ഉദരരോഗം, രാജകോപം, ശക്തിക്ഷയം ഫലം.

         ആറാംഭാവാധിപദശയില്‍ സാഹസവൃത്തികൊണ്ട് ശത്രുസംഹാരം നടത്തുക. രോഗശമനം, ഉദാരസ്വഭാവം, ഭയനാശം, ഐശ്വര്യസമൃദ്ധി ഇവ ഫലം.
        അനിഷ്ടസ്ഥനായാല്‍ ചോരഭയം, അനര്‍ത്ഥം, വിവിധരോഗം, പാപം, അപമാനം, ഭ്രുത്യത, ദുഷ്കീര്‍ത്തി, വ്രണം ഇവ ഫലം.

         ഏഴാം ഭാവനാന്റെ ദശാകാലത്ത് വസ്ത്രം, ആഭരണം, ശയ്യോപകരണം, ഭാര്യാപ്രീതി, വീര്യവൃദ്ധി, മംഗള കര്‍മ്മാനുഷ്ഠാനം, വിനോദയാത്ര ഇവ ഫലം.
    അനിഷ്ടസ്ഥനായാല്‍ ജാമാതൃദുഃഖം, ഭാര്യാവിരഹം, സ്ത്രീനിമിത്തം അനര്‍ത്ഥം, വേശ്യാസംഗമം, ഗുഹ്യരോഗം, ദേശസഞ്ചാരം ഫലം.

         എട്ടാം ഭാവാധിപന്റെ ദശയില്‍ കടം വീട്ടുക, ഉന്നതി ലഭിക്കുക, കലഹനിവാരണം, നാല്‍ക്കാലി, ഭ്രുത്യജനലാഭം ഫലം.
              അനിഷ്ടസ്ഥനായാല്‍ ദുഃഖം, മോഹം, കാമം ഇവ നിമിത്തം ആപത്ത്, ദാരിദ്രം, അപകീര്‍ത്തി, രോഗം, മരണം എന്നിവ ഫലം.

            ഒമ്പതാം ഭാവാധിപന്റെ ദശയില്‍ ഭാര്യാ പുത്ര  പൌത്ര ബന്ധുജനസമേതം ഭാഗ്യം, ഐശ്വര്യം അനുഭവിക്കുക, ധര്‍മ്മകര്‍മ്മം, രാജപൂജ, ദേവബ്രാഹ്മണഭക്തി ഇവ ഫലം.
          അനിഷ്ടസ്ഥനായാല്‍ സേവാബന്ധിയായ ദേവകോപം, ഭാര്യാസന്താനാപത്ത്, ദുഷ്കൃത്യം ചെയ്യുക, പിതൃ ഗുരുജനാപത്തുകള്‍, ദീനത ഇവ ഫലം.

     പത്താം ഭാവനാഥദശയില്‍ തുടങ്ങുന്ന കര്‍മ്മങ്ങള്‍ നിഷ്പ്രയാസം നിര്‍വഹിക്കുക, ജീവിതസുഖം, കീര്‍ത്തിസ്ഥിരത, സത്പ്രവൃത്തി, ബഹുമാന്യത ഫലം.
        അനിഷ്ടസ്ഥനായാല്‍ കര്‍മ്മനാശം, മാനഹാനി, ദുര്‍ഗുണം, അന്യദേശവാസം, ദുഷ്പ്രവൃത്തി, ആപത്ത് ഫലം.

   പതിനൊന്നാം ഭാവാധിപദശയില്‍ ഐശ്വര്യവര്‍ദ്ധന, ബന്ധുഭ്രുത്യദാസവര്‍ദ്ധന, പ്രാപഞ്ചികമായ, അഖിലസുഖം, മഹോദയം ഫലം.
            അനിഷ്ടസ്ഥനായാല്‍ ചീത്തവാക്ക്‌ കേള്‍ക്കുക, ജ്യേഷ്ഠസഹോദരനാശം, പുത്രദുഃഖം, വഞ്ചന, കര്‍ണ്ണരോഗം ഫലം.

          പന്ത്രണ്ടാം ഭാവാധിപന്റെ ദശയില്‍ നല്ലവര്‍ക്കുവേണ്ടി ധനവ്യയം, പാപനാശകരമായ ശുഭകര്‍മ്മം, രാജബഹുമാനം സിദ്ധിക്കുക ഫലം.
       അനിഷ്ടസ്ഥനായാല്‍ വിവിധ രോഗങ്ങള്‍, അപമാനം, ബന്ധനം, ധനനാശം, സ്ഥാനചലനം എന്നിവ ഫലം.

       വര്‍ഗ്ഗോത്തമാംശകത്തില്‍ നില്‍ക്കുന്ന ഗ്രഹത്തില്‍ ദശാകാലം ഏറ്റവും ഫലപ്രദമായ ശുഭഗുണം ചെയ്യും. വര്‍ഗ്ഗോത്തമാംശകം ചെയ്ത ഗ്രഹം നീചം, മൌഡ്യം, പരാജയം എന്നിവയുള്ളതായാല്‍ മിശ്രഫലം ചെയ്യും.

        ശനിക്കു നാലാംദശാധിപത്യം ചൊവ്വയ്ക്കും രാഹുവിനും അഞ്ചാംദശാധിപത്യം രാശ്യാന്തത്തില്‍ - സന്ധിയില്‍ - നില്‍ക്കുന്ന അനിഷ്ടസ്ഥനായ ഗ്രഹത്തിന്റെ ദശാകാലം എന്നിവ കഷ്ടഫലം ചെയ്യും.

          ഊര്‍ദ്ധ്വമുഖരാശിയില്‍ പത്തിലും പതിനൊന്നിലും നില്‍ക്കുന്ന കുജദശാകാലം രാജ്യലാഭം, ശത്രുജയം, രാജശ്രീ, വാഹനഗുണം, അന്നദാനം, പുണ്യം എന്നിവ ചെയ്യും.

     ശനി, ഗുളികന്‍, രാഹു, ഇരുപത്തിരണ്ടാം ദ്രേക്കാണാധിപതി, അഷ്ടമാധിപതി, നവാംശകാധിപന്മാര്‍ ഇവരില്‍ ദുര്‍ബലരായവരുടെ ദശയില്‍ ശനി ഗോചരവശാല്‍ അതിന്റെ അനിഷ്ടത്തിലോ അഷ്ടമത്തിലോ വരുന്ന കാലത്ത് മരണം സംഭവിക്കും.


          അഷ്ടമാധിപതി ആ ഗ്രഹം നില്‍ക്കുന്ന രാശിനാന്‍ അംശകിച്ച രാശിനാന്‍ ഇരുപത്തിരണ്ടാം ദ്രേക്കാണാധിപന്‍ ഇവരില്‍ ബലവാനായ ഗ്രഹത്തിന്റെ ദശയില്‍ അതിന്റെ അഷ്ടമത്തിലോ ത്രികോണത്തിലോ വ്യാഴം വരുന്നകാലം നിര്യാണകാലമാണ്. 


   രണ്ടും ഏഴും എട്ടും പന്ത്രണ്ടും മാരകസ്ഥാനങ്ങളാണ്. ആ ഭാവനാന്മാരുടെ അവസ്ഥാഭേദങ്ങളെക്കൊണ്ടും നിര്യാണകാലം ചിന്തിക്കാം.


       ത്രികോണനാന്മാര്‍, കേന്ദ്രസ്ഥിതന്മാര്‍, കേന്ദ്രനാന്മാര്‍, ത്രികോണസ്ഥിതന്മാര്‍ ഇവര്‍ ഇരുപേരും ചേര്‍ന്നാല്‍ യോഗകാരകരാവും. ഇവരുടെ ദശാപഹാരകാലങ്ങള്‍ ഉത്കൃഷ്ടവും സൃഷ്ടിപരവുമായ ശുഭഫലം ചെയ്യും. ഇവകൂടി ദശാഫലവിചിന്തനത്തില്‍ ഓര്‍മ്മിക്കണം.

    വിശേഷാല്‍ താഴെ പറയുന്ന കാര്യംകൂടി ദശാഫലമെഴുതുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

     സ്വര്‍ക്ഷേത്രം, മൂലത്രികോണം, ഉച്ചം ഈ രാശികളില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ ലഗ്നാല്‍ കേന്ദ്രരാശികളിലായി വന്നാല്‍ ഇങ്ങനെ നില്‍ക്കുന്ന ഗ്രഹങ്ങളെല്ലാം പരസ്പരകാരകന്മാരായി വരാം. അപ്രകാരംതന്നെ ഉച്ചത്തിലും സ്വര്‍ക്ഷേത്രത്തിലും ബന്ധുക്ഷേത്രത്തിലും നില്‍ക്കുന്ന ഗ്രഹങ്ങള്‍ പരസ്പരം കാരകന്മാരാകുന്നു. ഇതിന് കേന്ദ്രസ്ഥിതി ബാധകമല്ല. കേന്ദ്രരാശികളൊഴികെയുള്ള രാശികളില്‍ നില്‍ക്കുന്ന ഗ്രഹത്തിന്റെ പത്തില്‍ ഒരു ഗ്രഹം - പ്രത്യേകിച്ച് ആദിത്യന്‍ - ഉച്ചത്തിലോ സ്വര്‍ക്ഷേത്രത്തിലോ നിന്നാല്‍ അവര്‍ തമ്മില്‍ താത്ക്കാല ബന്ധുക്കളാകയാല്‍ ആ ഗുണംകൊണ്ട് നാലില്‍ നില്‍ക്കുന്ന ഗ്രഹത്തിന്റെ കാരകനായിത്തീരുന്നുണ്ട്. ഇവിടെ പരസ്പരകാരകത്വം സംഭാവിക്കുന്നില്ലെന്നുമാത്രം. ഇങ്ങനെയുള്ള കാരകലക്ഷണം ജാതകത്തിലുണ്ടായിരുന്നാല്‍ അവന്‍ നീചകുലജാതനായിരുന്നാലും രാജപ്രമുഖനായിത്തീരും. ഈ കാരകവേധങ്ങള്‍ മറ്റു യോഗങ്ങളെക്കാള്‍ പ്രബലവും പ്രധാനവുമാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.