രാഹുകേതുകള്‍ / ഗുളികന്‍

  സൂര്യസിദ്ധാന്തത്തില്‍ ജ്യോതിശ്ചക്രത്തിന്റെ നിഴലായും, രാശികളില്‍ പ്രതിലോമമായി സഞ്ചരിക്കുന്ന നപുംസകഗ്രഹമായും പറയുന്ന രാഹുകേതുക്കള്‍ക്ക് സ്വര്‍ക്ഷേത്രം, മൂലക്ഷേത്രം, ഉച്ചം എന്നിവ സങ്കല്‍പിച്ചിട്ടുണ്ട്. ചില ആചാര്യന്മാരുടെ പക്ഷത്തില്‍ രാഹുവിന് മിഥുനവും, കേതുവിനു ധനു, കന്നി, മകരം, മീനം എന്നിവയും സ്വര്‍ക്ഷേത്രങ്ങളായി കല്പിച്ചിരിക്കുന്നു. വൃശ്ചികം,ഇടവം ഉച്ചരാശികളെന്നു പറഞ്ഞിരിക്കുന്നു. രാഹുവിന്റെ എഴില്‍മാത്രം നിലനില്‍പ്പുള്ള കേതുവിന് ഒന്നിലേറെ സ്വര്‍ക്ഷേത്രങ്ങള്‍ സങ്കല്‍പ്പിച്ചിരിക്കുന്നത് യുക്തിസഹമെന്ന് തോന്നുന്നില്ല. അതിനാല്‍ രാഹുവിന് മിഥുനം സ്വര്‍ക്ഷേത്രമായി അംഗീകരിക്കുന്നപക്ഷം കേതുവിന് ധനുമാത്രമേ സ്വര്‍ക്ഷേത്രമായി വരാനേ ന്യായം കാണുന്നുള്ളൂ. മാത്രമല്ല, രാഹുവിന് ഉച്ചരാശി വൃശ്ചികവും, കേതുവിന് ഉച്ചരാശി ഇടവവും പറഞ്ഞിരിക്കുന്ന സ്ഥിതിയ്ക്ക് കേതുവിന് ഒന്നിലേറെ സ്വര്‍ക്ഷേത്രങ്ങള്‍ യുക്തിസഹമല്ലെന്ന് വേണം കരുതാന്‍.

   രാഹു, മറ്റു ഗ്രഹങ്ങളെപോലെ മണ്ഡലകാരനാണ്. എന്നാല്‍ രാഹു മണ്ഡലത്തിന് പ്രകാശമില്ല. തമോമയമണ്ഡലമാണത്. "അന്ധകാരമയോ രാഹുര്‍ മേഘഖണ്ഡമിവോത്ഥിത" എന്ന് ദേവലകവാക്യം കാണുന്നു. അതിനാല്‍ മറ്റു ഗ്രഹമണ്ഡലങ്ങളെപോലെ  ആകാശത്തില്‍ രാഹുമണ്ഡലം ദൃശ്യമല്ല. ആദിത്യന്റെയും ചന്ദ്രന്റെയും മണ്ഡലങ്ങള്‍ ഭൂമിയുടെ നിഴല്‍ മറയ്ക്കപ്പെടുമ്പോള്‍ നിഴലെന്നപോലെ കാണപ്പെടുന്നത് ഈ മണ്ഡലമാണെന്നും പറയപ്പെടുന്നു. ഈ രാഹുമണ്ഡലം സര്‍പ്പാകൃതിയില്‍ വിലക്ഷണരൂപത്തിലുള്ളതും മധ്യഭാഗം - തലയും കാലുമൊഴികെയുള്ള ഭാഗം - ഭാഗണാര്‍ദ്ധം കൊണ്ട് മറയ്ക്കപ്പെട്ടതുമാകുന്നു എന്ന് വരാഹമിഹിരാചാര്യന്‍ പറയുന്നു.

  കേതുവിന്റെ ഉദയാസ്തമയ ദര്‍ശനാദികളെ ഗോളഗണിതനിയമാനുസൃതം അറിയപ്പെടാവുന്നതല്ല. അഗ്നിരഹിതമായ സ്ഥലത്ത് അഗ്നിരൂപമായി കാണുന്ന പ്രകാശത്തിനാണ് കേതു എന്ന് പറയുന്നത്. മിന്നാമിനുങ്ങ്, രത്നദ്യുതി, പിശാച യക്ഷാദിപ്രകാശം, ധാതുപ്രകാശം മുതലായവകളില്‍ ഉള്‍പ്പെടുന്ന പ്രകാശധോരണിയല്ല കേതു. ദിവ്യപ്രകാശം, അന്തരീക്ഷം, ഭൂമി എന്നിവടങ്ങളില്‍ കേതുവിനെ അഗ്നിമയമായി പലരൂപത്തില്‍ കാണപ്പെടും. പരാശരമഹര്‍ഷി 101 കേതുക്കള്‍ എന്നും, ഗര്‍ഗ്ഗാദി മഹര്‍ഷിമാര്‍ 1000 കേതുക്കള്‍ എന്നും പറയുന്നുണ്ട്.

  ഏതായാലും രാഹുകേതുക്കള്‍ സപ്തഗ്രഹങ്ങളെപോലെ തേജോഗോളങ്ങളും, നിയതമായ സഞ്ചാരപഥങ്ങളും, ഭഗണബന്ധങ്ങളും ഉള്ളവരല്ലാത്തതിനാല്‍ വരാഹമിഹിരാചാര്യന്‍ ഇവരെ സപ്തഗ്രഹങ്ങളെപ്പോലെ അംഗീകരിക്കപ്പെട്ടതായി കാണുന്നില്ല.

   ചില ആചാര്യന്മാര്‍ രാഹുവിന് - മിഥുനം സ്വര്‍ക്ഷേത്രമായും, വൃശ്ചികം ഉച്ചരാശിയായും, ഇടവം നീചരാശിയായും, മേടവും കര്‍ക്കിടകവും ചിങ്ങവും ശത്രുരാശിയായും, ധനുവും മീനവും കന്നിയും ബന്ധുക്ഷേത്രങ്ങളായും തുലാവും കുംഭവും സമരാശികളായും കല്‍പ്പിച്ചിരിക്കുന്നു. കേതുവിന് - ധനു കന്നി, മീനം രാശികള്‍ സ്വര്‍ക്ഷേത്രങ്ങളായും, ഇടവം ഉച്ചരാശിയായും ചിങ്ങം നീചരാശിയായും, കര്‍ക്കിടകവും മേടവും ശത്രുക്ഷേത്രങ്ങളായും, മിഥുനം ബന്ധുക്ഷേത്രമായും, തുലാവും വൃശ്ചികവും കുംഭവും സമക്ഷേത്രങ്ങളായും കല്‍പ്പിച്ചിരിക്കുന്നു. കേതുവിന് മാത്രം ഉച്ചരാശിയുടെ ഏഴാം രാശി നീചരാശി അല്ല. രാഹുകേതുക്കള്‍ ഏതേതു രാശികളില്‍ ഏതേതു ഗ്രഹങ്ങളോട്  ചേര്‍ന്ന് നില്‍ക്കുന്നുവോ, അതാതു ഗ്രഹങ്ങള്‍ക്കനുസരിച്ചുള്ള ഗുണദോഷഫലങ്ങള്‍ അനുഭവിക്കുന്നതുമാണ്.

  സാധാരണയായി രാഹു, മേടം മുതല്‍ കന്നിവരെ ഉള്ള ആറു രാശികളില്‍ നില്‍ക്കുമ്പോഴും അവയുടെ ഏഴാം രാശികളായ തുലാംമുതല്‍ മീനംവരെയുള്ള ആറുരാശികളില്‍ കേതു നില്‍ക്കുമ്പോഴും അവയ്ക്ക് പ്രത്യേകശക്തി ഉണ്ടായിരിക്കുകയും, അക്കാലങ്ങളില്‍ ജനിച്ചവര്‍ക്ക് പലതരത്തിലുള്ള ഭാഗ്യാഭിവൃദ്ധികളും ഉണ്ടായിരിക്കുന്നതുമായിട്ടാണ് അനുഭവപ്പെടുന്നത്.

  മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ യുക്തിപൂര്‍വ്വം സൂക്ഷ്മമായി ചിന്തിച്ച് അനുഭവത്തില്‍ ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ മാത്രം തെരഞ്ഞെടുക്കുക.

ഗുളികന്‍
  മറ്റൊരു ഗ്രഹമാണ് ഗുളികന്‍. ഗുളികന്‍ രാവും പകലും വെവ്വേറെ ഉദിക്കുന്നു, ഉദിച്ച രാശിയില്‍ ഗുളികന്‍ നില്‍ക്കുന്നു. രാവു കഴിവോളവും, പകലുകഴിവോളവും. ഓരോ ദിവസത്തിനും ഗുളികനാഴികയിത്രയെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആ നാഴികകള്‍ക്ക് ഗുളികോദയരാശി കാണാന്‍ കഴിയും. ഗണിതഭാഗത്തില്‍ ഇത് സുവ്യക്തമായി പിന്നീട് പറയുന്നതായിരിക്കും. ഓരോ ദിവസത്തെ ഗുളികനാഴികയിത്രയെന്ന് പഞ്ചാംഗത്തില്‍ നോക്കിയാല്‍ മനസ്സിലാക്കാം.

  എല്ലാ ഗ്രഹങ്ങള്‍ക്ക്‌ ഉച്ചക്ഷേത്രത്തിന്റെ ഏഴാമത്തെ ക്ഷേത്രം നീചക്ഷേത്രമാണ്. ഉച്ചത്തില്‍ നില്‍ക്കുന്ന ഗ്രഹത്തിന്റെ ബലവിശേഷതയ്ക്കെതിരായ ബലവിശേഷമാണ് നീചത്തില്‍ നില്‍ക്കുന്ന ഗ്രഹത്തിന് ലഭിക്കുക. നീചഗ്രഹത്തിന് യാതൊരു നന്മയുമുളവാക്കാന്‍ ആവുന്നില്ല. ശൂന്യതയാണ് ഫലം. മൃതപ്രായമാണാ ഗൃഹത്തിന്റെ അവസ്ഥ.

ഗ്രഹങ്ങളുടെ മൌഡ്യം / ഗ്രഹങ്ങളുടെ വക്രം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.