സൂര്യസ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ?
പഞ്ചാംഗത്തില്‍നിന്നു നിശ്ചിത ദിവസം ഉദയത്തിലുള്ള സൂര്യസ്ഫുടം വെച്ച് അതില്‍ ഉദയം മുതല്‍ ജനനസമയത്തോളമുള്ള നാഴികയും വിനാഴികയും ചേര്‍ക്കണം. (വിനാഴിക 30 ല്‍ അധികമുണ്ടെങ്കില്‍ ഒരു നാഴികയായി അംഗീകരിക്കണം). യോഗ്യാദി വാക്യസംഖ്യ കൂട്ടിയാല്‍ അന്നേ ദിവസത്തിനുള്ള സൂക്ഷ്മ സൂര്യസ്ഫുടമായി.
ഉദാഹരണം :- 1152 വൃശ്ചികം ആറാം (6) തിയ്യതിക്ക് പകല്‍ 2 മണി 10 മിനിട്ടിന് ഒരു ജനനമുണ്ടായിരിക്കുന്നു എന്ന് കരുതുക. 1152 വൃശ്ചികം ആറാം (6) തിയ്യതി ഉദയത്തിനുള്ള പഞ്ചാംഗത്തിലെ സൂര്യസ്ഫുടം 7-5-16 ആകുന്നു. ഇതില്‍ 2 മണി 10 മിനിട്ടിനുള്ള 19 നാഴിക 20 വിനാഴിക ചേര്‍ത്താല്‍ 7-5-35 കിട്ടും.
19 നാഴിക 20 എങ്ങിനെ ലഭിച്ചു?
ഇവിടെ വൃശ്ചികം ആറാം തിയ്യതിക്ക് പകല്‍ 2 മണി 10 മിനിട്ടിന് എത്ര നാഴിക പുലര്‍ന്നു, അഥവാ പകല്‍ കഴിഞ്ഞിരിക്കുന്നു എന്നറിയണം. അന്ന് ഉദയം 6 മണി 26 മിനിട്ടിനാണ്. അപ്പോള്‍ 2 മണി 10 മിനിട്ടിന് 7 മണിക്കൂറും 44 മിനിട്ടും കഴിഞ്ഞു. (അതായത് ഉദയം 6 മണി 26 മിനിട്ടും ജനനസമയം പകല്‍ 2 മണി 10 മിനിട്ടും തമ്മില്ലുള്ള സമയവ്യത്യാസമാണ് 7 മണിക്കൂറും 44 മിനിട്ടും, ഉദയം 6 മണി 26 മിനിട്ടിനോട് കൂടി 7 മണിക്കൂറും 44 മിനിട്ടും കൂട്ടിയാല്‍ പകല്‍ 2 മണി 10 മിനിട്ടു കിട്ടും) ഒരു മണിക്കൂറിന് 2 1/2 (രണ്ടര) നാഴിക വീതം കണക്കാക്കിയാല്‍ ഈ 7 മണിക്കൂര്‍ 44 മിനിട്ടിന് 19 നാഴിക 20 വിനാഴിക കിട്ടും. ഇതാണ് തത്സമയം പുലര്‍ന്നു കഴിഞ്ഞ നാഴിക.
സാധാരണ സ്ഫുടങ്ങളെ, രാശി (മാസം) - ഭാഗ (ദിവസം, തിയ്യതി) - കല (നാഴിക) - വിനാഴിക (വികല ) എന്ന ക്രമത്തിലാണ് എഴുതുക. അതായത് 7-5-16 നെ 7 രാശി - 5 ദിവസം (തിയ്യതി) - 16 നാഴിക - 00 വിനാഴിക എന്ന ക്രമത്തിലാണ് പറയേണ്ടത്. വിനാഴിക 00 ആയതുകൊണ്ട് എഴുതാറില്ല. പൂജ്യമല്ലെങ്കില്‍ എഴുതണം.
7-5-16-00
0-0-19-20
7-5-35-20
വിനാഴിക 30 ല്‍ കുറവായതുകൊണ്ട് 20 വിനാഴികയെ ഉപേക്ഷിക്കണം. അപ്പോള്‍ 7-5-35 കിട്ടും. (7 രാശി (മാസം)- 5 ദിവസം (തിയ്യതി,ഭാഗ) - 35 നാഴിക (കല)
ഇതില്‍ വൃശ്ചികം ആറാം തിയ്യതിക്കുള്ള യോഗ്യാദി വാക്യസംഖ്യയായ 4, 35 നാഴികയില്‍ ചേര്‍ത്താല്‍ (35 + 4) സൂക്ഷ്മ സൂര്യസ്ഫുടം 7-5-39 ലഭിക്കും. ഇതാണ് ജനനസമയത്തിലുള്ള സൂക്ഷ്മ സൂര്യസ്ഫുടം.
മേടം മുതല്‍ 7 രാശികഴിഞ്ഞ് എട്ടാമത്തെ രാശിയില്‍ - വൃശ്ചികത്തില്‍ - 5 തിയ്യതിയും 39 നാഴികയും ജനനസമയത്തിനു സൂര്യസ്ഫുടത്തില്‍ ചെന്നിരിക്കുന്നു എന്നര്‍ത്ഥം.
രാശിപ്രമാണസംഖ്യയും ഹാരകസംഖ്യയും (രാശി നാഴിക) എന്ന പോസ്റ്റ് തുടര്‍ന്നു വായിക്കുക. എവിടെ ക്ലിക്ക് ചെയ്യുക.
താഴെ കാണുന്ന ചാര്‍ട്ടില്‍ നിന്ന് ഓരോ മാസത്തെ ഓരോ തിയ്യതിയിലെ യോഗ്യാദി വാക്യസംഖ്യ കണ്ടുപിടിക്കാം. യോഗ്യാദി വാക്യസംഖ്യ സൂര്യസ്ഫുടത്തില്‍ നാഴികയോട് (കലയോട്) കൂടിയാണ് കൂട്ടുന്നത്.
രാശിപ്രമാണസംഖ്യയും ഹാരകസംഖ്യയും (രാശി നാഴിക) എന്ന പോസ്റ്റ് തുടര്‍ന്നു വായിക്കുക. എവിടെ ക്ലിക്ക് ചെയ്യുക.