തിരണ്ടുകുളി (തിരണ്ടുകല്യാണം)

  വിവിധജാതിക്കാര്‍ക്കിടയില്‍ പെണ്‍കുട്ടികളുടെ തിരണ്ടുകുളി വ്യത്യസ്തരീതിയിലാണ് അനുഷ്ഠിച്ചുവരുന്നത്. അതിലൂടെ ഒന്ന് കണ്ണോടിച്ചാല്‍, ഒറ്റനോട്ടത്തില്‍ കാടത്തമാണെന്ന് ഇന്ന് തോന്നാമെങ്കിലും നമുക്ക് കണ്ടെത്താന്‍ കഴിയാത്ത പല ശാസ്ത്രവശങ്ങളുമുണ്ടെന്ന് മനസ്സിലാക്കാം.

 പത്തുപന്ത്രണ്ടു വയസ്സാകുമ്പോള്‍ പെണ്‍കുട്ടികള്‍ ഋതുമതിയാകും. അതിനു പറയുന്ന പ്രാദേശികഭാഷയാണ്‌ തിരളുകയെന്നത്. ഇന്ന് തിരണ്ടുകുളി (കല്യാണം) പുറത്തുള്ളവര്‍ ആരും അറിയാറില്ല. അച്ഛനോ അമ്മയോ അല്പം ചിലരോ മാത്രമേ അറിയുക പതിവുള്ളു. നാടുമുഴുവന്‍ അറിയിച്ച് നടത്തിയിരുന്ന തിരണ്ടുകല്യാണം ഇന്ന് അറിയിക്കാന്‍ പോലും എല്ലാവര്‍ക്കും നാണക്കേടാണ്; പെണ്‍കുട്ടിക്ക് പ്രത്യേകിച്ചും. ആചാരം അനാചാരമായി മാറികഴിഞ്ഞു. എങ്കിലും, ആചാരങ്ങളില്‍ ഒളിഞ്ഞുകിടപ്പുള്ള ഭാരതീയ സംസ്കാരത്തിന്റെ മിന്നലാട്ടം നമുക്ക് ദര്‍ശിക്കാന്‍ കഴിയും. വീട്ടമ്മമാര്‍ ആ പഴയ കാലത്തെകുറിച്ചും അക്കാലത്തെ അനുഷ്ഠാനങ്ങളെകുറിച്ചും അല്പം അറിയേണ്ടതാണ്. ഓരോ ജാതിക്കാരുടെ ഇടയിലും അനുഷ്ഠാനങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വ്യത്യാസങ്ങള്‍ കാണുമെങ്കിലും പൊതുവായി നമ്മുടെ സംസ്കാരത്തെ വ്യക്തമായി മനസ്സിലാക്കാന്‍ ഇതുമൂലം അവസരമുണ്ടാകും.

മലയാളബ്രാഹ്മണര്‍ 
 നമ്പൂതിരി പെണ്‍കുട്ടികള്‍ തിരണ്ടു കഴിഞ്ഞാല്‍ ഉടന്‍ ഇണങ്ങത്തിയെ വരുത്തി കുളിപ്പിച്ച് പടിപ്പുവിരിച്ച്‌ മൂന്നുദിവസം ഒരു മുറിയില്‍ പുറത്തിറങ്ങാന്‍ അനുവദിക്കാതെ ഇരുത്തുന്നു. ആ ദിവസങ്ങളില്‍ കുളിപോലും നിഷിദ്ധമാണ്. ഉപ്പു കൂട്ടിയ ഭക്ഷണം നല്‍കില്ല. കുട്ടിക്ക് ദുര്‍ബാധകള്‍ ഏല്‍ക്കാതിരിക്കാന്‍ തിരികത്തിച്ച് പ്ലാവില / ആലില കൂട്ടിപ്പിടിച്ച് ഉഴിഞ്ഞുകളയും. നിത്യവും ഉപയോഗിക്കാന്‍ ഒരു കിണ്ടിയും ഏതാനും ഓട്ടുപാത്രങ്ങളും നല്‍കും. നാലാം ദിവസം മണ്ണാത്തി കൊണ്ടുവന്ന വസ്ത്രം (മാറ്റ്) വാങ്ങി ഉടുത്ത് കുളിക്കണം. ധരിച്ചിരുന്ന വസ്ത്രങ്ങള്‍ അലക്കുന്നത് മണ്ണാത്തിയാണ്. തിരണ്ടുകുളിയിലെ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും വളരെ പ്രാധാന്യമുണ്ട്. തുടര്‍ന്നുള്ള ജീവിതരേഖ അതിലൂടെ തെളിയുന്നു. അമിതമായ നിയന്ത്രണങ്ങളിലേക്ക് അവള്‍ മാറുകയാണ് ചെയ്യുന്നത്. അവള്‍ക്ക് പിന്നെ മറ്റ് പുരുഷന്മാരെ കാണാന്‍ പാടില്ല. എല്ലാ ആഗ്രഹങ്ങളും ഉള്ളിലൊതുക്കി മറക്കുടക്കുള്ളില്‍ അവള്‍ ഒതുങ്ങി ജീവിക്കണം.

പെണ്‍കുട്ടിയോടൊപ്പം ബന്ധുക്കളായ സുമംഗലികള്‍ എണ്ണതേച്ച് കുളിക്കണം. എന്നാല്‍ കുട്ടിക്ക് മാത്രം എണ്ണതേക്കാന്‍ പാടില്ല. അവള്‍ എണ്ണതേച്ചാല്‍ സന്തതിദോഷം ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. 

  കുട്ടി മുങ്ങുന്നതിനുമുമ്പ് കുരുത്തോലപ്പോണ്ടിയില്‍ പന്തം കത്തിച്ച് വെച്ച് ഉഴിയണം. പോണ്ടി കുരുത്തോലയും വാഴപ്പിണ്ടിയും ഉപയോഗിച്ച് ഉണ്ടാക്കിയതാണ്. ഉഴിഞ്ഞുകഴിഞ്ഞാല്‍ പോണ്ടി ഒഴുക്കുന്നു. കുട്ടിയെ കണ്ട് എത്തിയ ദുര്‍ദേവതകള്‍ പോണ്ടിയോടൊപ്പം ഒഴുകിപ്പോകുമെന്നാണ്  വിശ്വാസം.

  കുളികഴിഞ്ഞാല്‍ നായര്‍സ്ത്രീ അഷ്ടമംഗലവും പിടിച്ച് കുട്ടിയെ ഇല്ലത്തേയ്ക്ക് കൂട്ടികൊണ്ടുവരും. ആണുങ്ങളുടെ ആര്‍പ്പുവിളിയും സ്ത്രീകളുടെ കുരവയും മത്സരിച്ചുകൊണ്ട് സര്‍വ്വത്ര മുഴങ്ങും. കുട്ടി അകത്തുകടന്നാല്‍ ഇല്ലത്തെ കാരണവത്തിഅമ്മ (വീട്ടമ്മ) പ്രത്യേകം നിശ്ചയിച്ച സ്ഥലത്ത് അരിമാവുകൊണ്ട് തറ അണിഞ്ഞ് വിളക്കുവെച്ച് അതിനു മുമ്പില്‍ കുട്ടിയെ ഇരുത്തുന്നു. ഇഷ്ടദൈവങ്ങള്‍ക്ക് നിവേദിക്കലാണ് ചടങ്ങ്. മന്ത്രങ്ങളില്ല. അതിന് 'തണ്ടാഴിക്കിടുക' യെന്നാണ് ഭാഷ. നിവേദിച്ചു കഴിഞ്ഞാല്‍ ഒരു ഓട്ടുപാത്രത്തില്‍ കുടിക്കാന്‍ പാല് കൊടുക്കും. പാല്‍ക്കഞ്ഞി നല്‍കുന്ന പതിവും ഉണ്ട്. അന്ന് ഇല്ലത്ത് നാലുകറിവെച്ച് പാല്‍പ്പായസത്തോടെയുള്ള സദ്യ ഉണ്ടായിരിക്കും.

നായര്‍ മുതലായ ജാതിക്കാര്‍
  നായന്മാര്‍ മുതലായ ജാതിക്കാര്‍ തിരണ്ടുകല്യാണം വളരെ ആര്‍ഭാടപൂര്‍വ്വം നടത്തി വന്നിരുന്നു. അന്ന് വിവരമറിഞ്ഞാല്‍ വീട്ടിലുള്ള സ്ത്രീകള്‍ കുരവയിട്ട് മറ്റുള്ളവരെ അറിയിക്കും. ധാരാളം പേര്‍ എത്തും. വീട്ടില്‍ കുട്ടിയെ കുളിപ്പിച്ച് പ്രത്യേകമുറിയില്‍ കൊണ്ടുവന്നിരുത്തും. കൂടെ രണ്ടോ മൂന്നോ കന്യകമാരും കാണും. മുറിയില്‍ ഒരു ചെമ്പുകുടം അരിമാവുകൊണ്ട് അണിഞ്ഞ് അലങ്കരിച്ച് വെയ്ക്കും. തെങ്ങിന്‍പൂക്കുല കുടത്തിന്റെ വായില്‍ കുത്തിവെയ്ക്കുകയും കുടത്തില്‍ നെല്ലും അരിയും ഇട്ട് സമൃദ്ധിയെ പ്രതീകാത്മകമായി സൂചിപ്പിക്കുകയും ചെയ്യും. നാലാം ദിവസമാണ് കുളി. ചിലര്‍ ഏഴാം ദിവസവും. അയല്‍പക്കത്തുള്ളവരും ബന്ധുജനങ്ങളും പെണ്‍കുട്ടിക്ക് പല വിധത്തിലുള്ള പലഹാരങ്ങള്‍ കൊണ്ടുവന്നു കൊടുക്കും വീട്ടുകാര്‍ അവള്‍ക്ക് പോഷകാഹാരങ്ങള്‍ നല്‍കുന്നതിലും ശ്രദ്ധിക്കാറുണ്ട്. ചിലര്‍ കോഴിമുട്ട എണ്ണ ചേര്‍ത്ത് കൊടുക്കുന്ന പതിവും കാണാം.

  മൂന്നാം ദിവസം പെണ്‍കുട്ടിക്ക് ചക്കരച്ചോറ് നല്‍കുകയെന്ന ചടങ്ങാണ് പ്രധാനം. ഉണക്കലരി വച്ച് ചക്കരയും നാളികേരവും ചേര്‍ത്ത് ഉണ്ടാക്കുന്ന ഒരു മധുരാന്നമാണത്. ചുക്കും ജീരകവും പൊടിചിട്ടാല്‍ അത് സ്വാദിഷ്ഠമായ ഒരു ഭക്ഷണസാധനമാകും. ധാരാളം ബന്ധുക്കളും ചക്കരച്ചോറ് കൊണ്ടുവന്നുകൊടുക്കും. എല്ലാം ചേര്‍ത്താല്‍ വരുന്നവര്‍ക്കൊക്കെ കഴിക്കാന്‍ ധാരാളം മതിയാകും. കൂടാതെ വീട്ടമ്മ ചക്കരച്ചോറ് ഉണ്ണാന്‍ കരക്കാരെ ക്ഷണിക്കുന്ന പതിവും ഉണ്ട്. അതിന് കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയും നിലയും വിലയും അനുസരിച്ച് ഏറ്റക്കുറച്ചിലുണ്ടാകും. സദ്യവിഭവസമൃദ്ധമാണെങ്കിലും ചോറിന് പകരം മധുരാന്നം മാത്രമേ പതിവുള്ളുവെന്നത് പ്രത്യേകതയാണ്. പെണ്‍കുട്ടിക്ക് മൂന്നാം ദിവസം പകല്‍ ചക്കരച്ചോറ് കൊടുത്തുകഴിഞ്ഞാല്‍ രാത്രിയില്‍ ഉപവാസമാണ്. പിറ്റേന്ന് തിരണ്ടുകുളി (ചിലര്‍ ഏഴാം നാളിലേക്ക് മാറ്റി വെക്കാറുണ്ട്). കുളിദിവസത്തെ സദ്യ ഗംഭീരമാണ്. കരക്കാരും ബന്ധുക്കളും എത്തിച്ചേരും. ആളുകള്‍ എത്തിച്ചേര്‍ന്നാല്‍ പെണ്‍കുട്ടിയെ എണ്ണതേപ്പിക്കുന്ന ചടങ്ങാണ്. അതോടെ മണ്ണാന്‍പാട്ട് തുടങ്ങും. സാമ്പത്തികസ്ഥിതി അനുസരിച്ച് കോടിമുണ്ട്, മറ്റുവസ്ത്രങ്ങള്‍, എണ്ണ, താളി, വാക തുടങ്ങിയ സാധനങ്ങള്‍ കുട്ടിയുടെ ദേഹത്ത് തൊടുവിപ്പിച്ച് മണ്ണാന്‍മാര്‍ക്ക്  നല്‍കുന്നു.മണ്ണാന്‍പാട്ട് ദുര്‍ഭൂതങ്ങളെ ഒഴിവാക്കി കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ളതാണ്. പാട്ട് കഴിഞ്ഞാല്‍ മണ്ണാത്തി നല്‍കുന്ന വസ്ത്രം (മാറ്റ്) ധരിച്ച് കുട്ടി മറ്റ് സുമംഗലികളോടൊപ്പം പുറത്തുള്ള പുഴയിലേക്കോ കുളത്തിലേക്കോ പോകും. ദേഹശുദ്ധിവരുത്തി കുളിച്ചശേഷം പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നു. ദശപുഷ്പം ചൂടി കണ്ണെഴുതി പൊട്ടുതൊട്ട് പെണ്‍കുട്ടി സുന്ദരിയായി സ്ത്രീകളുടെ അകമ്പടിയോടെ വീട്ടിലേക്ക് യാത്രയാകുന്നു. വാദ്യഘോഷങ്ങളും പട്ടുകുടയും മറ്റു സന്നാഹങ്ങളും വീടിന്റെ നിലയനുസരിച്ച് ഉണ്ടാകും. 

   കുട്ടി വീട്ടില്‍ എത്തികഴിഞ്ഞാല്‍ വീണ്ടും മണ്ണാന്‍പാട്ട് തുടങ്ങും. അവര്‍ കുരുത്തോലകൊണ്ടും മറ്റും ഉണ്ടാക്കിവെച്ചിരിക്കുന്ന ആഭരണങ്ങള്‍ പെണ്‍കുട്ടിയെ അണിയിക്കും. അതില്‍ സര്‍പ്പക്കെട്ടുമാല പ്രധാനമാണ്. കുങ്കുമവും ചാന്തുപൊട്ടും ചാര്‍ത്തും. തല പുതിയ വസ്ത്രംകൊണ്ട് മൂടും. മണ്ണാന്‍പാട്ടുകാര്‍ക്ക് അഭിമുഖമായി 'തീണ്ടാപ്പാട്ട്' പതിവുണ്ട്. പാട്ടിനിടയില്‍ പെണ്‍കുട്ടി ആഭരണങ്ങളും (ഓല, നാളികേരപ്പൂളുകൊണ്ടുണ്ടാക്കിയത്) വസ്ത്രങ്ങളും ശരീരം ഉഴിഞ്ഞ് മണ്ണാന്‍മാര്‍ക്ക് എറിഞ്ഞുകൊടുക്കും. അതിനുശേഷം സദ്യയോടെ ചടങ്ങ് അവസാനിക്കുന്നു.

തീയ്യര്‍ (ഈഴവര്‍ ) മുതലായ ജാതിക്കാര്‍
   വടക്കേ മലബാറിലെ തീയര്‍ക്കിടയില്‍ പെണ്‍കുട്ടിയുടെ 'തലയില്‍ തണ്ണീരൊഴിക്കുക' എന്നൊരു ചടങ്ങുണ്ട്. കുട്ടിയുടെ തലയില്‍ ഒരു സ്വര്‍ണത്തുട്ടുവെച്ച് (സ്വര്‍ണനാണയവും ആകാം) അതിനുമുകളില്‍ മൂന്നുപ്രാവശ്യം എണ്ണയും വെള്ളവും ഒഴിക്കലാണ് ചടങ്ങാണ്. ബന്ധുക്കളും മണ്ണാത്തിയും ചേര്‍ന്ന് ഏഴാം ദിവസമാണ് തിരണ്ടുകുളി. ദുര്‍ഭൂതബാധയേല്ക്കാതിരിക്കാന്‍ കുട്ടിയുടെ സമീപത്തും രാത്രി കിടക്കുന്ന പായുടെ അടിയിലും ഇരുമ്പ് കത്തി വെയ്ക്കുന്ന പതിവുണ്ട്. ഏഴുദിവസവും പെണ്‍കുട്ടി പ്രത്യേക മുറിയില്‍ തന്നെയാണ് താമസിക്കേണ്ടത്. ചടങ്ങുകള്‍ക്ക് രൂപം നല്‍കുന്നതും നിയന്ത്രിക്കുന്നതും മണ്ണാന്മാര്‍ തന്നെയാണ്. തിരണ്ടുകുളി ചടങ്ങിനിടയില്‍ കുട്ടിയുടെ ഭാവിഭര്‍ത്താവിനെക്കുറിച്ചുള്ള പ്രവചനം നടത്തുന്ന ഭാഗം രസകരമാണ്.

   പെണ്‍കുട്ടിയെ കിഴക്കോട്ട് തിരിച്ചിരുത്തും. ഒരു വലിയ വട്ടച്ചെമ്പില്‍ വെള്ളം നിറച്ച് മുമ്പില്‍വെക്കും. അതില്‍ തുമ്പപ്പൂവിട്ട് വെള്ളം ചലിപ്പിക്കുന്നതാണ് ചടങ്ങ്. വെള്ളത്തിന്റെ ചലനം അവസാനിക്കുമ്പോള്‍, പൂവ് നില്‍ക്കുന്ന ഭാഗം (സ്ഥലം) നോക്കിയാണ് പെണ്‍കുട്ടിയുടെ ഭര്‍ത്താവ് എവിടെന്നിന്ന് വരുന്നവനാണെന്ന് നിശ്ചയിക്കുന്നത്. പൂവ് കൂടുതല്‍ വട്ടം കറങ്ങിനില്‍ക്കാന്‍ ഇടവന്നാല്‍ കല്യാണത്തിന് താമാസമുണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു. 

മറ്റു ജാതിക്കാര്‍
  തിരണ്ടുകല്യാണത്തിനിടയില്‍ പല രീതിയിലുള്ള ചടങ്ങുകളും അനുഷ്ഠാനങ്ങളും നാം കണ്ടുകഴിഞ്ഞു. മുക്കുവന്മാരുടെ (ധീവരര്‍) ഇടയില്‍ മണ്ണാന്‍മാരുടെ പാട്ട് തിരണ്ടുകുളിക്ക് ശേഷം മതിയെന്ന് അഭിപ്രായമുണ്ട്. വടക്കന്‍ മലബാറില്‍ മണ്ണാന്‍മാര്‍ക്ക് വലിയ സ്ഥാനമുണ്ട്. ഉഗ്രദേവതോപാസകരായ അവര്‍ അനുഷ്ഠാനകലയായ തെയ്യത്തിലെ (കളിയാട്ടമെന്നും തിറയാട്ടമെന്നും പറയും) നര്‍ത്തകരാണ്.

   പറയര്‍ ആഭിചാരവിദ്യയില്‍ നിപുണരാണ്. പറയിപെറ്റ പന്തിരുകുലവും പ്രസിദ്ധമാണ്. വിധി നിശ്ചയത്താല്‍ വരരുചി ഒരു പറയ കന്യകയെ വിവാഹം ചെയ്തുവെന്നും അതില്‍ ജനിച്ച പന്ത്രണ്ടുമക്കള്‍ പന്ത്രണ്ടു ജാതിക്കാരായി തീര്‍ന്നുവെന്നുമാണ് കഥ. തിരണ്ടുകല്യാണത്തിന് പുലയന്മാര്‍ക്കിടയില്‍ പൂതംകെട്ടി കളിക്കലും മാലപ്പാട്ടുകളുമാണ് പ്രധാനം. കൂടാതെ വാകകമ്പം എന്നൊരു ചടങ്ങും ചില പ്രദേശങ്ങളില്‍ കാണാം. വാകമരത്തിന്റെ ഒരു കൊമ്പ് കൊണ്ടുവന്ന് കുടിയുടെ (വീടിന്റെ) മുമ്പില്‍ കുഴിച്ചിടും. അതിലെ വാകത്തൊലി കന്യകമാര്‍ ചെത്തി എടുത്ത് ഉരലില്‍ ഇട്ട് ഇടിക്കും. അപ്പോള്‍ പാടുന്ന പാട്ടാണ് വാകപ്പൊലിപ്പാട്ട്. അതിനുശേഷം പൊടിവാരി എടുത്ത് അവര്‍ പെണ്‍കുട്ടിയെ കുളിപ്പിക്കാന്‍ കൊണ്ടുപോകും. കുളത്തില്‍ വച്ച് അവര്‍ കുട്ടിയോടൊപ്പം മീന്‍കോരി പിടിക്കുന്ന ചടങ്ങ് ഉണ്ട്. മീന്‍ കിട്ടുന്നതനുസരിച്ച് അവളുടെ സന്താനങ്ങളുടെ എണ്ണം തിട്ടപ്പെടുത്തുന്നു. കിട്ടാതെ മടങ്ങിയാല്‍ സന്താനഭാഗ്യം കുറയുമെന്നും വിശ്വസിക്കപ്പെടുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.