ഗ്രഹങ്ങളുടെ അവസ്ഥകള്‍
ഗ്രഹങ്ങള്‍ക്ക് സാധാരണയായി പത്ത് അവസ്ഥകള്‍ ഉണ്ട്. അതായത്, ദീപ്തനെന്നും, സ്വസ്തനെന്നും, മുദിതനെന്നും, ശാന്തനെന്നും, ശക്തനെന്നും, പീഡിതനെന്നും, ദീനനെന്നും, വികലനെന്നും, ഖലനെന്നും, ഭീതനെന്നുമാണ്.
ദീപ്തന്‍
ഉച്ചത്തില്‍ നില്‍ക്കുന്ന ഗ്രഹം ദീപ്തനും ആ ഗ്രഹത്തിന്റെ ദശാപഹാരകാലങ്ങളില്‍ ഉയര്‍ച്ചയും, ഐശ്വര്യവും, കീര്‍ത്തിയും, കളത്രപുത്രാദിസൗഖ്യങ്ങളും ഉണ്ടാകും.
സ്വസ്ഥന്‍
സ്വക്ഷേത്രത്തില്‍ നില്‍ക്കുന്ന ഗ്രഹം സ്വസ്ഥനെന്നു പറയപ്പെടുന്നു. ആ ഗ്രഹത്തിന്റെ ദശാപഹാരകാലങ്ങളില്‍ പലവിധത്തിലുള്ള സന്തോഷവും, വിദ്യാഗുണവും, ധലലാഭവും, കീര്‍ത്തിയും, സന്താനഗുണങ്ങളും ഉണ്ടാകും.
മുദിതന്‍
ബന്ധുക്ഷേത്രത്തില്‍ നില്‍ക്കുന്ന ഗ്രഹം മുദിതനാകുന്നു. ആ ഗ്രഹത്തിന്റെ ദശാപഹാരകാലങ്ങളില്‍ പല വിധത്തിലുള്ള സല്‍ക്കാരങ്ങളും സുഗന്ധദ്രവ്യങ്ങളും മറ്റും ലഭിക്കുകയും, കല്യാണാദികളില്‍ പങ്കുകൊള്ളാനിടവരികയും ചെയ്യും.
ശാന്തന്‍
ശുഭഗ്രഹങ്ങളോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ശാന്തനാകുന്നു. അങ്ങനെയുള്ള ഗ്രഹങ്ങളുടെ ദശാപഹാരകാലങ്ങളില്‍ മനോധൈര്യം ഉണ്ടാവുകയും, ബന്ധുക്കളെ സഹായിക്കുവാന്‍ ഇടവരികയും, മനസ്സിന് സന്തോഷവും കുടുംബത്തിന് ഐശ്വര്യവും ഉണ്ടാവുകയും ചെയ്യും.
ശക്തന്‍
വക്രഗതിയില്‍ നില്‍ക്കുന്ന ഗ്രഹം "ശക്തന്‍" ആകുന്നു. ആ ഗ്രഹത്തിന്റെ ദശാപഹാരകാലങ്ങളില്‍ വലുതായ സന്തോഷവും, കാര്യാദികളില്‍ വിജയവും, വീട്ടില്‍ പല വിധത്തിലുള്ള ഐശ്വര്യവും, പുത്രകളത്രാദിഗുണവും ഉണ്ടാകും. ഇവിടെ ആദിത്യനും ചന്ദ്രനും മാത്രം വക്രഗതി ഒരുകാലത്തും ഉണ്ടാകുന്നതല്ലെന്നുംകൂടി പ്രത്യേകം ഓര്‍മ്മിച്ചു കൊള്ളേണ്ടതാണ്.
പീഡിതന്‍
ഗ്രഹങ്ങള്‍ രാശിയുടെ അവസാനത്തില്‍ നില്‍ക്കുമ്പോള്‍ പീഡിതരാകുന്നു. അങ്ങനെ നില്‍ക്കുന്ന ഗ്രഹങ്ങളുടെ ദശാപഹാരകാലങ്ങളില്‍ കുടുംബങ്ങള്‍ക്ക് അധഃപതനവും, മനോദുരിതങ്ങളും, ഭാര്യാപുത്രാദികളുടെ വിരഹവും, സഹോദരവൈരവും, രാജാക്കന്മാരില്‍നിന്നും കള്ളന്മാരില്‍നിന്നും ഭയവും മറ്റു പല ദുരിതാനുഭവങ്ങളും ഉണ്ടാകും. രാശിയുടെ അവസാനം എന്ന് പറഞ്ഞത് എങ്ങനെയെന്നാല്‍ ഒരു രാശി മുപ്പതുഭാഗയാണല്ലോ. ഈ മുപ്പതുഭാഗയെ മൂന്നായി ഭാഗിച്ചാല്‍ ആദ്യം, മദ്ധ്യം, അന്ത്യം എന്ന പത്ത് ഭാഗകള്‍ വീതമുള്ള മൂന്നു ഭാഗങ്ങള്‍ കിട്ടും. അതിന്റെ അന്ത്യഭാഗമായ 20 ഭാഗയ്ക്ക് ശേഷമുള്ള സ്ഥിതിയേയാണ് രാശിയുടെ അവസാനം എന്ന് പറയുന്നത്.
ദീനന്‍
ഗ്രഹങ്ങള്‍ ശത്രുക്കളുടെ ഗൃഹങ്ങളില്‍ നില്‍ക്കുമ്പോള്‍ "ദീനന്മാര്‍" എന്ന് പറയുന്നു. ഇങ്ങനെ നില്‍ക്കുന്ന ഗ്രഹങ്ങളുടെ ദശാപഹാരകാലങ്ങളില്‍ അത്യാസന്നമായ സുഖക്കേടുകളും, ദാരിദ്ര്യജീവിതവും, ഭക്ഷണസുഖക്കുറവും, അധഃപതനവും, ശത്രുപീഡകളും, ദുര്‍വ്യവഹാരങ്ങളും ഉണ്ടാകും.
വികലന്‍
ഗ്രഹങ്ങള്‍ ആദിത്യനോട് അടുത്തു നില്‍ക്കുമ്പോള്‍ ആ ഗ്രഹങ്ങളെ "വികലന്മാര്‍" എന്ന് പറയുന്നു. ഇങ്ങനെ നില്‍ക്കുന്ന ഗ്രഹങ്ങളുടെ ദശാപഹാരാകാലങ്ങളില്‍ അധഃപതനവും, മനോദുരിതവും, അനാഥത്വവും, ശത്രുവര്‍ദ്ധനയും, സ്ഥാനഭ്രംശവും, വിദേശവാസവും, കളത്രപുത്രാദിദുഃഖങ്ങളും, ബന്ധുക്കളുടെ നാശവും മറ്റും ഉണ്ടാകും.
ഖലന്‍
ഏതെങ്കിലും ഒരു ഗ്രഹം നീചരാശിയില്‍ നില്‍ക്കുമ്പോള്‍ ആ ഗ്രഹത്തിനെ "ഖലന്‍" എന്ന് പറയുന്നു. ഇങ്ങനെ നില്‍ക്കുന്ന ഗ്രഹങ്ങള്‍ തങ്ങളുടെ ദശാപഹാരകാലങ്ങളില്‍ ധനനഷ്ടവും, ശത്രുക്കളില്‍നിന്നും ഉപദ്രവവും, മാതാപിതാക്കന്മാരോടും ബന്ധുക്കളോടും കലഹവും, രോഗാരിഷ്ടതകളും, ബന്ധനം തുടങ്ങിയുള്ള അതികഷ്ടഫലങ്ങളും ഉണ്ടാകും.
ഭീതന്‍
ഒരു ഗ്രഹം അതിചാരത്തില്‍ നില്‍ക്കുമ്പോള്‍ ആ ഗ്രഹത്തിനെ "ഭീതന്‍" എന്ന് പറയുന്നു. ഇങ്ങനെ നില്‍ക്കുന്ന ഗ്രഹങ്ങളുടെ ദശാപഹാരകാലങ്ങളില്‍ അഗ്നിയില്‍ നിന്നും കള്ളന്മാരില്‍നിന്നും ഭയവും, രാജയോഗവും, ക്രിമിനല്‍ തടവുകളും, ബന്ധനവും, ദുരിതങ്ങളായ മറ്റു അനുഭവവും ഉണ്ടാകും. ആദിത്യചന്ദ്രന്മാര്‍ക്ക് മാത്രം ഒരു കാലത്തും അതിചാരം ഉണ്ടാകുവാനിടയില്ലാത്തതിനാല്‍ മേല്‍പ്പറഞ്ഞ ഫലങ്ങള്‍ അവരില്‍നിന്നും ഉണ്ടാകുന്നതല്ല.
ഊര്‍ദ്ധ്വമുഖാദി ഗ്രഹങ്ങള്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക
ഊര്‍ദ്ധ്വമുഖാദി ഗ്രഹങ്ങള്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക