ചില ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുമ്പോള്‍ പുരുഷന്മാര്‍ ഷര്‍ട്ട് ധരിക്കരുതെന്ന് ആചാരവിധി ഉണ്ടെങ്കിലും ഇതിനെ പരിഹസിക്കാനാണ് പലരും സമയം കണ്ടെത്തുന്നത്.
എന്നാല്‍ ഹൈന്ദവവിശ്വാസപ്രമാണമനുസരിച്ച് മേല്‍വസ്ത്രം ധരിക്കാതെ തന്നെയാണ് അമ്പലത്തിനുള്ളില്‍ പ്രവേശിക്കേണ്ടത്.
ക്ഷേത്രദര്‍ശനം കൊണ്ട് ഒരു ഭക്തന്‍ ഉദ്ദേശിക്കുന്നത് ഈശ്വരചൈതന്യം തന്നില്‍ സന്നിവേശിപ്പിക്കലാണ്. ക്ഷേത്രവാതിലിനു മുന്നില്‍ ദേവബിംബത്തിനു സമാന്തരമായി തൊഴുതു നില്‍ക്കുന്ന വ്യക്തിയില്‍ ഈശ്വരചൈതന്യം വന്നുനിറയുന്നുവെന്നാണ് സങ്കല്പം. ബിംബത്തിന്റെ മൂലാധാരം തുടങ്ങി ഷഡാധാരങ്ങള്‍ ഓരോന്നിലും നിന്ന് ചൈതന്യം ഭക്തനിലേക്ക് എത്തി നിറയുമ്പോള്‍ ഭക്തന്റെ അതാതു ശരീരഭാഗങ്ങള്‍ ഉത്തേജിതമാകുന്നു.
എന്നാല്‍ ഇങ്ങനെ പറയുമ്പോള്‍ സ്ത്രീകള്‍ മേല്‍വസ്ത്രം ധരിക്കുന്നുണ്ടല്ലോയെന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല. എന്നാല്‍ സ്ത്രീകള്‍ അമ്പലപ്രവേശനത്തിന് വസ്ത്രനിയമം വിധിക്കാത്തതിന്റെ പ്രധാന കാരണം സദാചാരം തന്നെയാണ്. സ്ത്രീയുടെ, മാതൃത്വത്തിന്റെ വസ്ത്രം തുറന്നുകാണപ്പെടുന്നത് അപരാധമാകയാല്‍ സ്ത്രീകള്‍ക്ക് വസ്ത്രം അനുവദിക്കപ്പെട്ടുവെന്ന് മാത്രം.
ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഈറനുടുത്ത് കൊണ്ടുള്ള ക്ഷേത്രദര്‍ശനം അതീവ ചൈതന്യവത്താണെന്ന് പറയുന്നുണ്ട്. ജലാംശം ശരീരത്തിലുണ്ടെങ്കില്‍ ക്ഷേത്രാന്തരീക്ഷത്തിലെ ദേവചൈതന്യം കൂടുതല്‍ പ്രാണസ്വരൂപമായി ഭക്തന്റെ ശരീരത്തില്‍ കുടിയേറും.
സാധാരണ പ്രഭാതത്തിലും സായാഹ്നത്തിലുമാണ് ക്ഷേത്രദര്‍ശനം നടത്തുന്നത്. ഈ സമയങ്ങളിലാണ് പുരുഷന്മാര്‍ മേല്‍വസ്ത്രം മാറ്റി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണമെന്ന് വിധിക്കപ്പെടുന്നത്. പ്രഭാതസൂര്യന്റെയും അസ്തമയസൂര്യന്റെയും രശ്മികള്‍ നഗ്നശരീരത്തില്‍ പ്രവേശിക്കുന്നത് വിറ്റാമിന്‍ - ഡി ലഭ്യമാക്കുന്നതുകൊണ്ട് അതീവ ഗുണകരമാണെന്ന് ആധുനിക ശാസ്ത്രം വെളിപ്പെടുത്തുന്നു.