ഓരോ ക്ഷേത്രത്തിലും ചുറ്റമ്പലത്തിനെ പ്രദക്ഷിണം വയ്ക്കണമെന്ന് ആചാര്യന്മാര്‍ വിധിച്ചിട്ടുണ്ട്. പക്ഷേ, ശിവക്ഷേത്രത്തിലെ ശ്രീകോവിലിനെയോ ചുറ്റമ്പലത്തിനെയോ പൂര്‍ണ്ണമായി പ്രദക്ഷിണം ചെയ്യാന്‍ അനുവാദമില്ല. അറിയാതെ ആരെങ്കിലും ചെയ്യുമോയെന്നു സംശയിച്ച് ചില ക്ഷേത്രങ്ങളില്‍ കയര്‍ കൊണ്ട് കെട്ടിയിരിക്കുന്ന പതിവുണ്ട്.
പൂര്‍ണ്ണതയുടെ ദേവനായാണ് പരമശിവനെ ഭക്തര്‍ ആരാധിച്ചുവരുന്നത്. അങ്ങനെ പൂര്‍ണ്ണസങ്കല്‍പ്പത്തില്‍ വിളങ്ങുന്ന ശിവനെ പ്രദക്ഷിണം വച്ചാല്‍ അതിനര്‍ത്ഥം പരിമിതമെന്നാണല്ലോ! അതിനാല്‍ ശിവന്റെ പൂര്‍ണ്ണത - അപരിമിത - ബോദ്ധ്യമാക്കുന്ന പ്രതീകാത്മകമായ അനുഷ്ഠാനമാണ് ഭാഗികമായി ശിവാലയ പ്രദക്ഷിണം വെയ്ക്കല്‍.
ശിവഭഗവാന്റെ ശിരസ്സിലൂടെ ഗംഗാമാതാവ് ഒഴുകിക്കൊണ്ടിരിക്കുന്നു എന്ന സങ്കല്‍പ്പത്തിലുള്ള ധാരാജലം ഒഴുകുന്ന ഓവ് മുറിച്ച് പ്രദക്ഷിണം ചെയ്യാന്‍ പാടില്ലെന്നൊരു വിശ്വാസം നിലനില്‍ക്കുന്നതിനാലും പൂര്‍ണ്ണപ്രദക്ഷിണം തടയപ്പെട്ടിരിക്കുന്നു.