ശരീരത്തിലെ പ്രാണനെ നിയന്ത്രിയ്ക്കുന്നതാണല്ലോ പ്രാണായാമം. രേചക പൂരക കുംഭകങ്ങളിലൂടെ സകലപാപങ്ങളെയും ദഹിപ്പിച്ച് പുറത്തേക്ക് വിടുന്ന സങ്കല്പമാണിത്. 16:64:32 എന്നിങ്ങനെയുള്ള മാത്രയുടെ അനുപാതത്തിൽ പൂരക കുംഭക രേചകങ്ങൾ നിർവ്വഹിക്കുമ്പോൾ സ്വന്തം ശരീരസ്ഥിതനായ പാപ പുരുഷനെ ദഹിപ്പിച്ച് ഭസ്മമാക്കി പുറത്തേയ്ക്ക് വിസർജ്ജനം ചെയ്യുന്നതായാണ് ഉദ്ദേശിയ്ക്കുന്നത്. പ്രാണായാമങ്ങൾ കൊണ്ടുതന്നെ സകലപാപങ്ങളും നശിക്കുമെന്ന് സാരം.
ആധാരപത്മങ്ങളിലൂടെ സ്വന്തം ശരീരത്തിലെ പഞ്ചഭൂതതത്വങ്ങളെ സംഹരിച്ച് സാക്ഷാൽ പരബ്രഹ്മത്തിലേയ്ക്ക് വിലയം പ്രാപിക്കുന്നു എന്ന സങ്കല്പമാണ് ഭൂതശുദ്ധിയിലുള്ളത്. ഇതും അദ്വൈതബോധത്തിന്റെ സോപാനമത്രെ.