ശുക്രദശാകാലം മുഴുവനും നല്ലതാകാൻ

ദശാകാലങ്ങൾക്ക് അനുസൃതമായി പലരും രത്നങ്ങൾ ധരിക്കാറുണ്ട്. ശുക്രദശയാണെങ്കില്‍ വജ്രം, സൂര്യദശയാണെങ്കിൽ മാണിക്യം, ചന്ദ്രദശയാണെങ്കിൽ മുത്ത്, ചൊവ്വാദശയ്ക്കു പവിഴം, ബുധദശയ്ക്കു മരതകം, വ്യാഴദശയ്ക്ക് മഞ്ഞപുഷ്യരാഗം, ശനിദശയ്ക്ക് ഇന്ദ്രനീലം, രാഹുദശയ്ക്ക് ഗോമേദകം, കേതുർദശയ്ക്ക് വൈഡൂര്യം ഇങ്ങനെയാണ് രത്നങ്ങൾ നിർദേശിക്കുന്നത്.

ശുക്രദശാകാലം നല്ല സമയമാണ് എന്ന് എല്ലാവർക്കും അറിയാം. എന്നാൽ ശുക്രദശ മുഴുവനും കഴിഞ്ഞ് എനിക്ക് ഒരു ഗുണവും ഉണ്ടായില്ല എന്ന് പരിഭവിക്കുന്നവരെ കണ്ടിട്ടുണ്ട്. ശുക്രന് ബലമില്ലെങ്കിൽ ഗുണമുണ്ടാകില്ല. അതിന് ശുക്രനെ ബലപ്പെടുത്താൻ വജ്രം ധരിക്കണം. ധരിച്ചാല്‍ ദോഷമാകുമോ നല്ലതാകുമോ എന്നറിയാൻ ഒരു ജ്യോതിഷിയെ കാണുന്നത് നല്ലതാണ്. ഇരുപത് വർഷമാണ് ശുക്രദശാകാലം. അത്രയും കാലം നല്ലതാക്കാൻ ഈ ഒരു രത്നത്തിനു കഴിയുമെങ്കിൽ എന്തുകൊണ്ട് അതിനു ശ്രമിച്ചുകൂടാ? ആദിത്യദശ – ആറ്, ചന്ദ്രദശ – പത്ത്, ചൊവ്വ – ഏഴ്, രാഹു – പതിനെട്ട്, വ്യാഴം – പതിനാറ്, ബുധൻ – പതിനേഴ്, കേതു – ഏഴ്, ശനി – 19 എന്നിങ്ങനെയാണ് ദശാകാലം വരുന്നത്.

ദശാകാലം മുഴുവൻ നല്ലതാകാനും ഗുണഫലങ്ങൾ പൂർണ്ണമായി അനുഭവിക്കാനും അതാത് ഗ്രഹത്തിന്റെ രത്നം ധരിക്കാം. അനുകൂലമല്ലാത്തതിന്റെയും പാപഗ്രഹങ്ങളുടെയും ദോഷഫലങ്ങളും ദുരിതങ്ങളും ഒഴിവാകാനും രത്നങ്ങൾ ധരിക്കാം. അശ്വതി, മകം, മൂലം – വൈഡൂര്യം എന്ന രീതിയിൽ ജനനശിഷ്ടം ഉള്ള ദശാകാലത്തിന്റെ രത്നം ധരിക്കുന്നതിനെക്കാൾ നല്ലത് ഇപ്പോള്‍ നടക്കുന്നതോ ഇനി വരാന്‍ പോകുന്നതോ ആയ ദശാകാലം മെച്ചപ്പെടാനുള്ള രത്നം ധരിക്കുന്നതാണ്.

കഴിഞ്ഞുപോയ ദശാകാലത്തിന് വേണ്ടിയുള്ള രത്നം ഇനിയും തുടർന്ന് ധരിക്കുന്നതിൽ അർത്ഥമില്ല. ചില ഗ്രഹങ്ങളെ മറ്റ് ചില ഗ്രഹങ്ങൾ ദൃഷ്ടി ചെയ്യുന്നത് കൊണ്ടോ ഒപ്പം നിൽക്കുന്നത് കൊണ്ടോ ഗുണം കൂടുകയും കുറയുകയും ചെയ്യും. അത്തരം സന്ദർഭങ്ങളിൽ അത് കൂടി പരിഗണിച്ചു വേണം രത്നം ധരിക്കാന്‍.

ബുധദശയ്ക്ക് വേണ്ടി രത്നം ധരിച്ചാൽ പതിനേഴ് വർഷക്കാലം ഗുണകരമായിരിക്കും എന്ന് മാത്രമല്ല വേണ്ട സന്ദർഭങ്ങളിൽ അനുകൂലമായ ബുദ്ധി തോന്നുകയും ചെയ്യും. വിദ്യാർത്ഥികൾക്ക് പഠിത്തത്തിനും നന്ന്. വക്കീലാണെങ്കിൽ കോടതിയിൽ കൃത്യമായി വാദപ്രതിവാദം നടത്താനും കഴിയും എന്ന് ചുരുക്കം. ശുക്രന് വേണ്ടിയുള്ള രത്നം ധരിച്ചാൽ വിവാഹം നടക്കാൻ മാത്രമല്ല നല്ല ദാമ്പത്യത്തിനും സ്വന്തമായി വീടുണ്ടാക്കാനും വാഹനം സ്വന്തമാക്കാനും നല്ലതാണ്.

ആദിത്യദശയിൽ അലച്ചിലുകൾ ഒഴിവാകാനും സർക്കാരില്‍ നിന്നും ആനുകൂല്യങ്ങൾ ലഭിക്കാനും സർക്കാർ ജോലി ലഭിക്കാനും ഉന്നതാധികാരങ്ങൾ ഉണ്ടാകാനും മാണിക്യം നന്ന്. ഇതുപോലെ മറ്റ് ഗ്രഹങ്ങളുടെ ഗുണദോഷഫലങ്ങൾ ഓരോരുത്തരുടെയും ഗ്രഹനിലയ്ക്കനുസൃതമായി നല്ലതാക്കാൻ രത്നങ്ങൾക്ക് കഴിയും. അതിന് കൃത്യമായ രത്നം ധരിക്കണം എന്നുമാത്രം.