ഹിന്ദുമതത്തെ സനാതനധർമ്മം എന്നാണു വിളിക്കുന്നത്. കാരണം ഏതു ദേശത്തിനും കാലത്തിനും അനുയോജ്യമാണത്. സമസ്തലോകങ്ങളുടെയും ഉയർച്ചയ്ക്കുള്ള ശാശ്വതസത്യങ്ങളാണു് അതു പഠിപ്പിക്കുന്നത്. എല്ലാവരുടെയും ഉയർച്ചയാണു ഹിന്ദുധർമ്മം ലക്ഷ്യമാക്കുന്നത്. അവിടെ വിഭാഗീയതയ്ക്കും സങ്കുചിതചിന്തയ്ക്കും സ്ഥാനമില്ല. ‘അസതോമാ സദ്ഗമയ (അസത്തിൽനിന്നു സത്തിലേക്കു നയിക്കേണമേ), ‘തമസോമാ ജ്യോതിർഗമയ’ (അന്ധകാരത്തിൽ നിന്നു പ്രകാശത്തിലേക്കു നയിക്കേണമേ), ‘മൃത്യോർമാ അമൃതംഗമയ’ (മരണത്തിൽനിന്നു് അമൃതത്വത്തിലേക്കു നയിക്കേണമേ). ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ (സമസ്തലോകങ്ങൾക്കും സുഖം ഭവിക്കട്ടെ). ‘പൂർണ്ണമദഃ പൂർണ്ണമിദം പൂർണ്ണാത് പൂർണ്ണമുദച്യതേ; പൂർണ്ണസ്യ പൂർണ്ണമാദായ പൂർണ്ണമേവാവശിഷ്യതേ’ ഇതൊക്കെയാണു് ഋഷീശ്വരന്മാർ ലോകത്തിനു നല്കിയിട്ടുള്ള മന്ത്രങ്ങൾ. അവയിൽ ആരെയും അന്യമായിക്കാണുന്ന ചിന്തയുടെ കണികപോലും കാണാൻ കഴിയില്ല.
ഏകവും പരമവുമായ സത്യത്തെ ദർശിച്ചവരാണു് ഋഷികൾ. അവരുടെ വാക്കിനോടൊപ്പം സത്യം വന്നുചേരുന്നു. ‘ഈ തൂണിലും ഈശ്വരൻ വസിക്കുന്നു’ എന്നു തന്റെ പിതാവിന്റെ ചോദ്യത്തിനുത്തരമായി പ്രഹ്ലാദൻ പറഞ്ഞു. അതു സത്യമായിത്തീർന്നു. തൂണിൽനിന്നു് ഈശ്വരൻ പ്രത്യക്ഷനായി. അതാണു പറയുന്നതു്, ഋഷികളുടെ വാക്കിനൊപ്പം സത്യം വന്നുചേരുന്നു. സാധാരണ മാതൃഗർഭത്തിലൂടെയാണു പുതിയ സൃഷ്ടി ഉണ്ടാകുന്നത്. എന്നാൽ ഋഷികളുടെ സങ്കല്പംതന്നെ പുതിയ സൃഷ്ടിയായിത്തീരുന്നു. അതായതു്, അവർ പറയുന്നതു സത്യമായിത്തീരുന്നു. ത്രികാലജ്ഞരായ അവരുടെ ഓരോ വാക്കും വരാനിരിക്കുന്ന ജനതയെക്കൂടി മുന്നിൽക്കണ്ടുകൊണ്ടുളളതാണ്.