ജ്യോതിഷം വേദാംഗമായതിനാൽ തികച്ചും വൈദിക മാർഗ്ഗത്തെയാണ് പിന്തുടരുന്നത്. അതിലെ പ്രമാണങ്ങൾ എല്ലാംതന്നെ വൈദിക പക്ഷപാതത്വം നിറഞ്ഞതുമാണ്. ചൊവ്വയെക്കൊണ്ടും, ശുക്രനെക്കൊണ്ടും മറ്റും ചിന്തിച്ച് ശാക്തേയത്തെയും ശ്രീചക്രത്തെയും കുറിച്ചൊക്കെ പ്രസ്താവന നടത്താറുണ്ടെങ്കിലും ജ്യോതിഷികൾ ശാക്തേയ പ്രമാണങ്ങളായിലേയ്ക്ക് വേണ്ടത്ര ഊഴ്ന്നിറങ്ങിയിട്ടില്ല. എങ്ങനെയെന്നാൽ ഒരു പ്രശ്നത്തിൽ ഒരു ബ്രാഹ്മണശാപം ഉണ്ടെന്ന് കണ്ടാൽ അത് ബ്രാഹ്മണസമുദായത്തിൽപ്പെട്ട ആളുടെ ശാപമാണെന്ന് ധരിച്ച് അതിനുള്ള പരിഹാരം നിർദ്ദേശിക്കുന്നു. ഈ ബ്രാഹ്മണ ശാപം എന്നത് ചിലപ്പോൾ ഒരു ശാക്തേയന്റെ ശാപവും ആകാം. ശാക്തേയദീക്ഷിതന്റെ ശാപം ഇവർ വേണ്ടത്ര ഗൗനിക്കാറില്ല. അതിനുള്ള പരിഹാരം നിർദ്ദേശിക്കാറുമില്ല. ബ്രാഹ്മണൻ എന്നത് ഒരു സാമുദായികനാമമാണെന്ന് തന്നെ ജ്യോതിഷികൾ ഇന്നും ധരിച്ചിരിക്കുന്നു.
പഴയ ചാതുർവർണ്ണ്യ വ്യവസ്ഥയെ ജാതിവ്യവസ്ഥയായിട്ടു തന്നെയാണ് വിവക്ഷിക്കുന്നത്. ഉദാഹരണമായി ഗുരു ശുക്രന്മാരെക്കൊണ്ട് ബ്രാഹ്മണരെയും സൂര്യനെക്കൊണ്ടും ചൊവ്വയെക്കൊണ്ടും ക്ഷത്രിയനെയും ചന്ദ്രനെക്കൊണ്ട് വൈശ്യനെയും ബുധനെക്കൊണ്ടും ശനിയെക്കൊണ്ടും ശൂദ്രനെയും രാഹുവിനെക്കൊണ്ട് അന്യമതസ്ഥരെയും കേതുവിനെക്കൊണ്ട് ചണ്ഡാലാദികളെയുമാണ് വിവക്ഷിക്കുന്നത്. ഇവിടെയൊക്കെയും സാമുദായിക പരിവേഷമല്ലാതെ ഗുണകർമ്മവിപാകത്തിലുള്ള ചാതുർവർണ്ണ്യ വ്യവസ്ഥയെക്കുറിച്ച് ചിന്തിക്കാറില്ല.
ഒരു ശാക്തേയസാധകന്റെ അതായത് കുളയോഗിയുടെ ശാപം എത്രമാത്രം ഗുരുതരമാണെന്ന കാര്യം ജ്യോതിഷികൾ ചിന്തിക്കേണ്ടതുണ്ട്. അതിനാൽ പ്രശ്നനിരൂപണസമയത്ത് തികഞ്ഞ ഉത്തരവാദിത്തത്തോടെ വിലയിരുത്തി പരിഹാരം നിർദ്ദേശിക്കേണ്ടതാണ്.
ഇതേപോലെ ശാക്തേയ വിധിപ്രകാരം പൂജാദി അടിയന്തിരങ്ങൾ നടത്തുന്ന സങ്കേതങ്ങളിൽ ഒരു ബ്രഹ്മരക്ഷസ്സ് ഉണ്ടെങ്കിൽ അതും വൈദികബ്രാഹ്മണൻ രക്ഷസ്സ് ആയതല്ലെന്നും ശാക്തേയ വിഭാഗത്തിൽപ്പെട്ട ആരെങ്കിലും ആയിരിക്കും എന്നും മനസ്സിലാക്കേണ്ടതുണ്ട്. മലബാറിലെ ശാക്തയേക്കാവുകളിൽ പൂജാദി അടിയന്തിരങ്ങൾ നിർവ്വഹിയ്ക്കുന്ന പിടാരകന്മാർ സാമുദായിക ബ്രാഹ്മണരാണ്. അവരുടെ സങ്കേതങ്ങളിൽ ബ്രഹ്മരക്ഷസ്സ് ഉണ്ടെന്ന് പറഞ്ഞാൽ തീർച്ചയായും അവരുടെ സമുദായത്തിപ്പെട്ട ഒരാൾ രക്ഷസ്സ് ആയിത്തീർന്നതായിരിക്കണം. കൂത്തുപറമ്പിലെ തിരുവഞ്ചേരിക്കാവിൽ ഇത്തരത്തിലുള്ള ഒരു ബ്രഹ്മരക്ഷസ്സിനെ കുടിയിരുത്തിയിട്ടുണ്ട്. ഈ രക്ഷസ്സിന് ശാക്തേയ വിധിപ്രകാരം ഉപചാരം ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ ഇതിനെക്കുറിച്ച് തിരുവഞ്ചേരിക്കാവിലെ ഈശാനൻ മൂസ്സത്, ഉണ്ണികൃഷ്ണൻ മൂസ്സത്, ഹരിദാസൻ മൂസ്സത് എന്നിവർ പറഞ്ഞത് മറ്റൊരു പ്രകാരത്തിലാണ്. ഏതോ ഒരു ജ്യോതിഷി അവിടെനിന്ന് പ്രശ്നം വച്ചപ്പോൾ അത് ബ്രഹ്മരക്ഷസ്സാണെന്ന് അഭിപ്രായപ്പെട്ട് അതിന്റെ പൂജാദികൾ നമ്പൂതിരിമാർ വന്ന് ചെയ്യണമെന്നും വിധിച്ചത്രെ. എന്നാൽ കാലാകാലങ്ങളായി മൂസ്സത്മാർ ധരിച്ചുവച്ചിരിക്കുന്നത് മറ്റൊന്നാണ്. തമ്പുരാനെ കൂട്ടിയ ഇടം എന്നാണ് ഈ മണ്ഡപത്തിന് പറയപ്പെടുന്നത്. നമ്പൂതിരിമാരെ തിരുമേനി എന്നല്ലാതെ തമ്പുരാൻ എന്ന് പണ്ട് കാലത്ത് വിളിച്ചിരുന്നില്ല. അതിനാൽ രാജവംശത്തിൽ പെട്ട ഏതോ ഒരു ഉപാസകനെ കുടിവെച്ച സ്ഥലമാണ് അതെന്ന് പറയേണ്ടിയിരിക്കുന്നു. തമ്പുരാൻ തമ്പുരാട്ടി എന്നൊക്കെ രാജവംശത്തിലുള്ളവരെയാണ് വിളിച്ചുപോന്നിരുന്നത്.