കൊടുങ്ങല്ലൂരമ്മ കണ്ണകിയല്ല. ശ്രീപരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട ലോകാംബികയാണ്. ചിലപ്പോൾ കണ്ണകീദേവി ശ്രീകുരുംബാ ചൈതന്യത്തിൽ ലയിച്ചുചേർന്നിരിക്കാം.
ഇളങ്കോവടികളുടെ ചിലപ്പതികാരം അനുസരിച്ച് ചേരൻ ചെങ്കുട്ടുവൻ എന്ന രാജാവ് ഹിമാലയത്തിൽ നിന്ന് കൊണ്ടുവന്ന ശിലയിൽ കണ്ണകീവിഗ്രഹം കൊത്തി പ്രതിഷ്ഠിച്ചതായി പറയപ്പെടുന്നു. ഈ പ്രതിഷ്ഠ നടന്നത് രവിപുരം ശിവക്ഷേത്രസന്നിധിയിലാണ്. ഇവിടെ നിന്ന് കൊടുങ്ങല്ലൂർ ക്ഷേത്രത്തിലേക്ക് ചില ആഘോഷവരവുകൾ നടക്കാറുണ്ട്.
രവിപുരം ശിവക്ഷേത്രത്തിനടുത്ത് പ്രതിഷ്ഠിക്കപ്പെട്ട പൗരാണിക കണ്ണകീവിഗ്രഹം കളവുപോയതായും പിന്നീട് അതിന്റെ സ്ഥാനത്ത് പുതിയ വിഗ്രഹം പ്രതിഷ്ഠിച്ചതായും ബ്രഹ്മശ്രീ ത്രിവിക്രമൻ അടികൾ, രാധാകൃഷ്ണമേനോൻ, ഗോപാലകൃഷ്ണപണിക്കർ എന്നിവർ സാക്ഷ്യപ്പെടുത്തുന്നു.
പൗരാണിക കണ്ണകീവിഗ്രഹം ശിലയാണെങ്കിൽ കൊടുങ്ങല്ലൂർ ശ്രീകുരുംബാഭഗവതിയുടേത് ദാരുവിഗ്രഹവുമാണ്. അതിനാൽ കണ്ണകീചരിതവും ഭരണപ്പാട്ടുമായി ബന്ധമുണ്ടെന്ന് തോന്നുന്നില്ല.