ക്ഷത്രിയനിഗ്രഹം എന്ന കര്‍ത്തവ്യം നിര്‍വഹിച്ചതിനുശേഷം പരശുരാമന്‍ പ്രത്യക്ഷപ്പെടുന്നതെല്ലാം തപസ്വിയോ, ഗുരുവോ ആയിട്ടാണ്. മര്‍ത്ത്യന്റെ രജോഗുണത്തെ ഇല്ലാതാക്കുന്നതിന്റെ പ്രതീകമായി പരശുരാമന്റെ ക്ഷത്രിയവംശ നിഗ്രഹത്തെ കണക്കാക്കാം. അതിനുശേഷമാണ് മര്‍ത്ത്യന് ആദ്ധ്യാത്മികമായ ഉന്‍മുഖത ഉണ്ടാകുന്നത്.
ത്രേതായുഗം മുതല്‍ കലിയുഗം വരെ പ്രത്യക്ഷപ്പെടുന്ന ഒരു പുണ്യാവതാരമാണ് പരശുരാമന്‍. നിഗൂഢമായ താന്ത്രിക വൈദിക വിദ്യകളുടെയും ആയോധനകലയുടെയും ആചാര്യനാണ് പരശുരാമന്‍. ക്ഷത്രിയനിഗ്രഹം എന്ന കര്‍ത്തവ്യം നിര്‍വഹിച്ചതിനുശേഷം പരശുരാമന്‍ പ്രത്യക്ഷപ്പെടുന്നതെല്ലാം തപസ്വിയോ, ഗുരുവോ ആയിട്ടാണ്.
മര്‍ത്ത്യന്റെ രജോഗുണത്തെ ഇല്ലാതാക്കുന്നതിന്റെ പ്രതീകമായി പരശുരാമന്റെ ക്ഷത്രിയവംശ നിഗ്രഹത്തെ കണക്കാക്കാം. അതിനുശേഷമാണ് മര്‍ത്ത്യന് ആദ്ധ്യാത്മികമായ ഉന്‍മുഖത ഉണ്ടാകുന്നത്. അതില്‍ പരശുരാമന്റെ ഗുരുസ്ഥാനത്തെയും കണക്കാക്കാം. ജമദഗ്‌നിക്ക് രേണുക എന്ന ഭാര്യയിലാണ് വിഷ്ണുഭഗവാന്‍ ഭാര്‍ഗവരാമന്‍ എന്ന നാമധേയത്തില്‍ അവതരിച്ചത്. അദ്ദേഹം ശിവനെ തപസ്സുചെയ്ത് പ്രീതിപ്പെടുത്തി പരശു സ്വന്തമാക്കി. അങ്ങനെ പരശുരാമന്‍ എന്ന നാമധേയത്തില്‍ പ്രസിദ്ധനായിത്തീര്‍ന്നു.
പരശുരാമന്‍ ക്ഷത്രിയവധം ആരംഭിക്കുവാനുണ്ടായ സംഭവം ഇങ്ങനെയാണ്. കൃതവീര്യന്റെ പുത്രനായ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ദത്താത്രേയ മഹര്‍ഷിയെ പ്രസാദിപ്പിച്ച് ആയിരം കൈകള്‍ നേടിയെടുത്തു. ഒരിക്കല്‍ കാര്‍ത്തവീര്യന്‍ നായാട്ടിനായി നര്‍മ്മദാനദിയുടെ തീരത്തേക്ക് പോയി. അങ്ങനെ അദ്ദേഹം ജമദഗ്‌നിയുടെ ആശ്രമത്തിലും എത്തിച്ചേര്‍ന്നു. കാമധേനുവിന്റെ മാഹാത്മ്യം കൊണ്ട് മുനി, നൃപനും അനുചരന്മാര്‍ക്കും മൃഷ്ടാന്നഭോജനം നല്‍കി. കാമധേനുവിന്റെ മാഹാത്മ്യം കണ്ട് അത്ഭുതവിവശനായ കാര്‍ത്തവീര്യന്‍ അതിനെ തനിക്കു നല്‍കുവാന്‍ അഭ്യര്‍ത്ഥിച്ചു.
മുനി അതിന് വിസമ്മതിച്ചപ്പോള്‍ കാര്‍ത്തവീര്യന്‍ പശുവിനെ ബലമായി പിടിച്ചുകൊണ്ടുപോയി. ഈ സമയത്ത് പരശുരാമന്‍ അവിടെയുണ്ടായിരുന്നില്ല. ഈ വിവരം അറിഞ്ഞ് പരശുരാമന്‍ കാര്‍ത്തവീര്യന്റെ തലസ്ഥാനമായ മാഹിഷമതീപുരിയിലേക്ക് പോകുകയും അദ്ദേഹത്തെ വധിക്കുകയും കാമധേനുവിനെ തിരികെ കൊണ്ട് വരികയും ചെയ്തു. ഇതിനുശേഷം പരശുരാമന്‍ സ്ഥലത്തില്ലാത്ത സമയത്ത് കാര്‍ത്തവീര്യന്റെ പുത്രന്‍മാര്‍ വന്ന് ജഗമദഗ്‌നിയെ വധിച്ച് അദ്ദേഹത്തിന്റെ ശിരസ്സ് ഛേദിച്ചുകൊണ്ടുപോയി. പരശുരാമന്‍ തിരികെ വന്നപ്പോള്‍ മാതാവായ രേണുക ഈ വിവരം പറയുകയും ഇരുപത്തൊന്നു തവണ മാറത്തടിച്ച് കരയുകയും ചെയ്തു. പ്രതികാരമൂര്‍ത്തിയായി മാറിയ പരശുരാമന്‍ ഭാരതവര്‍ഷമാകെ സഞ്ചരിച്ച് ഇരുപത്തൊന്ന് തവണ ക്ഷത്രിയന്മാരെ നിഗ്രഹിച്ചു. ക്ഷത്രിയസ്ത്രീകളുടെ ഗര്‍ഭത്തിലുണ്ടായിരുന്ന ശിശുക്കളെ വരെ പരശുരാമന്‍ നശിപ്പിച്ചതായി പറയപ്പെടുന്നു. അവസാനം ഋചീകന്‍ തുടങ്ങിയ മുനിമാര്‍ പ്രത്യക്ഷപ്പെട്ട് പരശുരാമനെ ക്ഷത്രിയനിഗ്രഹത്തില്‍ നിന്നും പിന്‍തിരിപ്പിച്ചു.
ഇരുപത്തൊന്നു തവണ ക്ഷത്രിയരെ വധിച്ചതിന്റെ പ്രായശ്ചിത്തമായി തന്റെ ധനമെല്ലാം ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുവാന്‍ പരശുരാമന്‍ തീരുമാനിച്ചു. അങ്ങനെ അദ്ദേഹം സ്യമന്തകപഞ്ചകത്തിന്റെ തീരത്തുവെച്ച് ഒരു മഹായാഗം നടത്തി. ആ യാഗത്തിന്റെ പ്രധാന ഋത്വിക് കശ്യപനായിരുന്നു. ക്ഷത്രിയരെ നിഗ്രഹിച്ച് താന്‍ നേടിയെടുത്ത ഭൂമിയെല്ലാം പരശുരാമന്‍ കശ്യപന് ദാനം ചെയ്തു.
ഭൂമി ലഭിച്ചപ്പോള്‍ കശ്യപന്‍ പരശുരാമനോട് തന്റെ ഭൂമിയില്‍ നില്‍ക്കുന്നത് യോഗ്യമല്ലെന്ന് പറഞ്ഞു. അതുകേട്ട് പരശുരാമന്‍ ദക്ഷിണസമുദ്രത്തിന്റെ തീരത്തേക്ക് പോയി. തനിക്കാവശ്യമുള്ള സ്ഥലം നല്‍കുവാന്‍ സാഗരദേവതയായ വരുണനോട് അഭ്യര്‍ത്ഥിച്ചു. സമുദ്രത്തിലേക്ക് ഒരു ശൂര്‍പ്പം എറിയുവാന്‍ വരുണന്‍ പറയുകയും, പരശുരാമന്‍ അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്തു. ആ ശൂര്‍പ്പം എറിഞ്ഞ ദേശം കടലിറങ്ങി കരയായി കാണപ്പെട്ടു. പ്രസ്തുതദ്ദേശം ശൂര്‍പ്പാരകം അഥവാ കേരളം എന്ന നാമധേയത്തില്‍ വിഖ്യാതമായിത്തീര്‍ന്നു.പരശുരാമന്‍ പരശുവാണ് എറിഞ്ഞതെന്ന് മറ്റൊരു ഐതിഹ്യമുണ്ട്. ആ പുണ്യസ്ഥലവും ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തശേഷം പരശുരാമന്‍ മഹേന്ദ്രഗിരിയില്‍ ചെന്ന് തപസ്സനുഷ്ഠിക്കാന്‍ തുടങ്ങി.