പുരാണങ്ങളിലും ഇതിഹാസങ്ങളിലും കാവ്യങ്ങളിലും ഇതിന് തെളിവുകൾ ധാരാളമുണ്ട്. ചരിത്രം പരിശോധിയ്ക്കുകയാണെങ്കിൽത്തന്നെ ശ്രീബുദ്ധൻ അവതരിച്ചതുതന്നെ യാഗഹിംസ നിർത്താൻ വേണ്ടിയാണെന്നാണ് പറയപ്പെടുന്നത്. അപ്പോൾ ശ്രീബുദ്ധന്റെ കാലത്ത് യാഗഹിംസ വളരെ വ്യാപകമായ രീതിയിൽ നടന്നു എന്നുതന്നെ തെളിയുന്നു. മഹാകാവി കാളിദാസന്റെ അഭിജ്ഞാനശാകുന്തളം നാടകത്തിൽ ഒരു പാരാമർശമുണ്ട്. ദാരുണമായ പശുഹത്യ ചെയ്യുന്നവരാണെങ്കിലും ബ്രാഹ്മണന്മാർ അനുകമ്പാമൃദുക്കൾ ആണല്ലോ എന്നിങ്ങനെ. അപ്പോൾ കാളിദാസന്റെ കാലത്തും യാഗഹിംസ നടന്നതായി തെളിയുന്നു. ഭാസൻ എഴുതിയ പ്രതിമാനാടകത്തിൽ ശ്രാദ്ധത്തിന് ഉപയോഗിയ്ക്കേണ്ടതായ വിവിധതരം മാംസങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.
1929 ഏപ്രിൽ ഇരുപത്തിനാലാം തിയ്യതിയിലെ യോഗക്ഷേമം മാസികയിൽ ഇ. എം. എസ് നമ്പൂതിരിപ്പാട് ഒ. എം. സി. നാരായണൻ നമ്പൂതിരിപ്പാട്, വെള്ളിനേഴി , എൻ. വാമനൻ നമ്പൂതിരി എന്നിവർ ചേർന്ന് നടത്തിയ ഒരു പ്രസ്താവനയുണ്ട്. ഹിംസാപരമായ യാഗം അഥവാ പൈശാചികയജ്ഞം എന്നാണ് അതിന്റെ ശീർഷകം. ബ്രാഹ്മണന്മാർ നടത്തിവരുന്ന പശുഹിംസയോടുകൂടിയ യാഗകർമ്മത്തെ അതിരൂക്ഷമായി വിമർശിച്ചിരിക്കുന്നു. ഇ. എം. എസ്സിന്റെ സമ്പൂർണ്ണ കൃതികൾ നോക്കിയാൽ ഈ കാര്യം മനസ്സിലാക്കാവുന്നതാണ്. അതിനാൽ ആ കാലത്തും യാഗഹിംസ നടന്നതായി തെളിയുന്നു. 2015 ഒക്ടോബർ 25 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രശസ്ത ചരിത്ര പണ്ഡിതനായ എം. ജി. എസ്. നാരായണനുമായി എ. എം. ഷിനാസ് നടത്തിയ അഭിമുഖത്തിൽ പൗരാണിക കാലത്തെ ഋഷീശ്വരന്മാർ മാംസം ഭക്ഷിച്ചിരുന്നതായി സമർത്ഥിക്കുന്നു. ഇക്കാലത്ത് കാശ്മീരി ബ്രാഹ്മണർ മാംസം ഭക്ഷിക്കുന്നതിനേയും ബംഗാളി ബ്രാഹ്മണർ മത്സ്യം ഭക്ഷിക്കുന്നതിനേയും പരാമർശിക്കുകയും ചെയ്യുന്നു.
പുരാണ ഇതിഹാസാദികളിൽ എന്ത് തെളിവാണ് ഉള്ളത്?
ശ്രീപരശുരാമൻ ഇരുപത്തിയൊന്ന് പരിപ്രവൃത്തി ക്ഷത്രിയരാജാക്കന്മാരെ വധിച്ച് ആ രക്തം കൊണ്ട് തർപ്പണം ചെയ്തതായി പറയപ്പെടുന്നു. ആ സ്ഥാനമാണത്രെ ഇന്നും ഹിന്ദുക്കളുടെ പുണ്യ തീർത്ഥമായ സ്യമന്തപഞ്ചകം എന്നറിയപ്പെടുന്നത്.
ബ്രാഹ്മണന്മാർ യാഗത്തിനുപയോഗിച്ച പശുക്കളുടെ ചർമ്മം പുഴയിൽ നിക്ഷേപിച്ചതിനാൽ ആ പുഴ പിന്നീട് ചർമ്മണ്വതീനദി എന്ന പേരിൽ പ്രസിദ്ധമായി എന്ന് ദേവീഭാഗവതത്തിൽ പറയുന്നു.
ഇല്യലൻ വാതാപി എന്നീ രണ്ട് അസുരന്മാർ ബ്രാഹ്മണന്മാരെ കൊന്നൊടുക്കുവാൻ വേണ്ടി ഒരു പ്രത്യേക സൂത്രം പ്രയോഗിച്ചിരുന്നത്രെ. ഇല്യലൻ വഴിയിലൂടെ പോകുന്ന ബ്രാഹ്മണനെ ഒരു ശ്രാദ്ധമുട്ടിന് വേണ്ടി ക്ഷണിച്ചുവരുത്തുന്നു. വാതാപി ഒരാടിന്റെ രൂപത്തിൽ നിൽക്കുന്നു. ഇല്യലൻ ബ്രാഹ്മണൻ കാൺകെ ആടിനെ അറുത്ത് മാംസം പാകം ചെയത് ബ്രാഹ്മണന് നൽകുന്നു. ബ്രാഹ്മണൻ ഭക്ഷിച്ചു കഴിഞ്ഞാൽ ഇല്യലൻ വാതാപി എന്ന് ഉറക്കെ വിളിക്കും. ബ്രാഹ്മണന്റെ വയറ്റിലുള്ള മാംസക്കഷ്ണങ്ങൾ വിളികേൾക്കുകയും ഉടനെ വയറുപൊട്ടി വാതാപി പുറത്തുവരികയും ചെയ്യും. ഇത് അവരുടെ സ്ഥിരം വിനോദമായിരുന്നു. ഈ സൂത്രം മനസ്സിലാക്കിയ അഗസ്ത്യമഹർഷി ഒരു നാൾ ആ വഴി പോകുകയും ഇല്യലൻ ക്ഷണിച്ചതനുസരിച്ച് മാംസം ഭക്ഷിക്കുകയും ചെയ്തു. പതിവുപോലെ ഇല്യലൻ വാതാപി എന്ന് വിളിച്ചപ്പോൾ അഗസ്ത്യ മഹർഷി ദഹദഹ എന്നിങ്ങനെ ഉരുവിട്ടു. വാതാപി അഗസ്ത്യ ജഠരത്തിൽ ദഹിച്ചുപോയി.
ശ്രീരാമൻ വനവാസത്തിനു പോകുമ്പോൾ ഗംഗാനദി കടക്കുന്ന അവസരത്തിൽ സീതാദേവി ഗംഗയോട് ഇങ്ങനെ പ്രാർത്ഥിക്കുന്നു. അല്ലയോ ഗംഗാദേവീ, ഞങ്ങൾ വനവാസം കഴിഞ്ഞ് നഗരത്തിലേക്ക് തിരിച്ചെത്തിയാൽ ആയിരം കുടം മദ്യവും മാസംഭൂതമായ അന്നവും കൊണ്ട് നിന്നെ തൃപ്തിപ്പെടുത്തുന്നതായിരിക്കും (വാല്മീകിരാമായണം).
ശ്രീരാമൻ വനവാസക്കാലത്ത് ചിത്രകൂടത്തിൽ ആശ്രമം പണിതശേഷം വാസ്തുദേവതമാരെ പ്രസാദിപ്പിക്കുവാൻ വേണ്ടി മാനിന്റെ മാംസം കൊണ്ടുവരാൻ ലക്ഷ്മണനോട് നിർദ്ദേശിയ്ക്കുന്നു. (വാല്മീകിരാമായണം). ഇത്തരത്തിൽ പുരാണ ഇതിഹാസാദികൾ നോക്കിയാൽ ഇനിയും ധാരാളം തെളിവുകൾ കണ്ടെത്തിയേക്കാം.