ദുര്‍ബ്ബലമനസ്സുകളല്ലേ ഗുരുവിനെ ആശ്രയിക്കുന്നതു്?

കുടയുടെ ബട്ടണ്‍ അമര്‍ത്തുന്നതുകൊണ്ടു കുട നിവരുകയാണു്. അതുപോലെ ഗുരുവിൻ്റെ മുന്നില്‍ തല കുനിക്കുന്നതിലൂടെ നമ്മുടെ മനസ്സിനെ വിശ്വമനസ്സാക്കി മാറ്റാന്‍ കഴിയുന്നു. ആ അനുസരണയും വിനയവും ദൗര്‍ബ്ബല്യമല്ല. ജലത്തെ ശുദ്ധീകരിക്കുന്ന ഫില്‍റ്റര്‍പോലെ ഗുരു നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കുന്നു. അഹങ്കാരത്തെ ഇല്ലാതാക്കുന്നു. ഓരോ സാഹചര്യം വരുമ്പോഴും നാം അഹങ്കാരത്തിനു് അടിമപ്പെട്ടുപോവുകയാണു്. വിവേചിച്ചു നീങ്ങുന്നില്ല.

ഒരിക്കല്‍ ഒരു കള്ളന്‍ മോഷ്ടിക്കാന്‍ പോയി. ഒരു വീട്ടില്‍ ചെന്നു കയറി. വീട്ടുകാര്‍ ഉണര്‍ന്നു. കള്ളന്‍ ഓടി. ‘കള്ളന്‍ വരുന്നേ, പിടിച്ചോ’ എന്നു ബഹളം കൂട്ടി. നാട്ടുകാര്‍ കള്ളൻ്റെ പിറകെ ഓടി. ആളുകള്‍ കൂടിയപ്പോള്‍ കള്ളനും അവരുടെ കൂട്ടത്തില്‍ക്കൂടി ‘കള്ളന്‍ വരുന്നേ, പിടിച്ചോ’ എന്നു പറഞ്ഞുകൊണ്ടു് ഓടാന്‍ തുടങ്ങി. ഇതുപോലെ ഓരോ സാഹചര്യത്തിലും അഹങ്കാരം നമ്മോടൊപ്പം ചേരുകയാണു്. അഹങ്കാരം കളയാനുള്ള സാഹചര്യങ്ങള്‍ ഈശ്വരന്‍ തരുമ്പോഴും നമ്മള്‍ അതിനെ വളര്‍ത്തിയെടുക്കുകയാണു്. കൂട്ടത്തില്‍ ചേര്‍ക്കുകയാണു്. വിനയത്തിലൂടെ കളയാന്‍ നമ്മള്‍ ശ്രദ്ധിക്കാറില്ല.

ഇന്നു നമ്മുടെ മനസ്സു് ചെടിച്ചട്ടിയില്‍ വളരുന്ന ചെടിപോലെയാണു്. വെള്ളം ഒഴിച്ചില്ലെങ്കില്‍ അടുത്ത ദിവസം പൂവു വാടിക്കൊഴിയും. അതുപോലെ നിയമങ്ങളും ചിട്ടകളും കൂടാതെ നമ്മുടെ മനസ്സിനെ നിയന്ത്രണത്തില്‍ കൊണ്ടുവരുവാന്‍ കഴിയില്ല. മനസ്സു് നമ്മുടെ നിയന്ത്രണത്തില്‍ അല്ലാത്ത സ്ഥിതിയില്‍ യമനിയമങ്ങള്‍ പാലിക്കണം, ഗുരുവിൻ്റെ നിര്‍ദ്ദേശമനുസരിച്ചു ജീവിക്കണം. മനസ്സു് നമ്മുടെ നിയന്ത്രണത്തിലെത്തിക്കഴിഞ്ഞാല്‍പ്പിന്നെ പേടിക്കേണ്ട. നമ്മില്‍ വിവേകം ഉദിച്ചു കഴിഞ്ഞു. അതു നമ്മളെ നയിക്കും.

***************************
ഒരിക്കല്‍ ഒരാള്‍ ഗുരുവിനെ തേടി പുറപ്പെട്ടു. അയാള്‍ക്കു വേണ്ടതു്, തൻ്റെ ഇഷ്ടം അനുസരിച്ചു തന്നെ നയിക്കുന്ന ഒരു ഗുരുവിനെയാണു്.

എന്നാലാരുമതിനു തയ്യാറല്ല. അവര്‍ പറയുന്ന ചിട്ടകളൊന്നും അയാള്‍ക്കു സ്വീകാര്യവുമല്ല. അവസാനം ക്ഷീണിച്ചു് ഒരു വനത്തില്‍ വന്നു കിടന്നു. ‘എൻ്റെ ഇഷ്ടത്തിനു നയിക്കാന്‍ കഴിവുള്ള ഒരു ഗുരുവുമില്ല. ആരുടെയും അടിമയാകാന്‍ എനിക്കു വയ്യ. ഞാനെന്തു ചെയ്താലും അതു് ഈശ്വരന്‍ ചെയ്യിക്കുന്നതല്ലേ.’ ഇങ്ങനെ ചിന്തിച്ചുകൊണ്ടു് ഒരു വശത്തേക്കു നോക്കുമ്പോള്‍ അവിടെ ഒരു ഒട്ടകം നിന്നു തലയാട്ടുന്നു.

‘ങാ! ഇവനെ എൻ്റെ ഗുരുവാക്കാന്‍ കൊള്ളാം.’ ”ഒട്ടകം, നീ എൻ്റെ ഗുരുവാകുമോ?” ഒട്ടകം തലയാട്ടി.
അയാള്‍ ഒട്ടകത്തെ ഗുരുവായി സ്വീകരിച്ചു.
”ഗുരോ, അങ്ങയെ ഞാന്‍ വീട്ടില്‍ കൊണ്ടുപോകട്ടെ?” ഒട്ടകം വീണ്ടും തലയാട്ടി.
അയാളതിനെ വീട്ടില്‍ കൊണ്ടുവന്നു കെട്ടി. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു, ”ഗുരോ ഞാന്‍ ഒരു പെണ്ണിനെ സ്നേഹിക്കുന്നു. കല്യാണം കഴിച്ചോട്ടേ?” ഒട്ടകം തലയാട്ടി.
”ഗുരോ എനിക്കു് കുട്ടികളൊന്നുമില്ല?” ഒട്ടകം തലയാട്ടി. കുട്ടികള്‍ ജനിച്ചു.
”ഗുരോ, ഞാന്‍ കൂട്ടുകാരോടൊത്തു അല്പം മദ്യം കഴിച്ചോട്ടേ?” ഒട്ടകം തലയാട്ടി. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആള്‍ നല്ല ഒരു മദ്യപനായി. ഭാര്യയുമായി വഴക്കായി.
”ഗുരോ, ഭാര്യ എന്നെ ശല്യം ചെയ്യുന്നു. ഞാനവളെ കുത്തിക്കൊല്ലട്ടേ?” ഒട്ടകത്തിനോടു ചോദിച്ചു. ഒട്ടകം തലകുലുക്കി.
അയാള്‍ പിച്ചാത്തിയെടുത്തു ഭാര്യയെ കുത്തി. ആ സാഹചര്യത്തില്‍ പോലീസു് അവിടെ വരാനിടയായി. അയാളെ അറസ്റ്റു ചെയ്തു ജയിലില്‍ കൊണ്ടിട്ടു. എന്നത്തേക്കും കാരാഗൃഹത്തിലായി.

” നമ്മുടെ ഇഷ്ടമനുസരിച്ചു നയിക്കുന്ന ഒരു ഗുരുവിനെ കിട്ടിയാലും തന്നിഷ്ടംപോലെ നീങ്ങിയാലും ഇതുപോലെ ബന്ധനങ്ങളില്‍ ആയിരിക്കും ചെന്നെത്തുക. നമുക്കു് ഈശ്വരന്‍ തന്ന വിവേകബുദ്ധിയുണ്ടു്. അതുപയോഗിച്ചു കര്‍മ്മം ചെയ്യണം. ഗുരുവിൻ്റെ വാക്കനുസരിച്ചു നീങ്ങണം. ഗുരു ശിഷ്യര്‍ക്കുവേണ്ടി മാത്രം ജീവിക്കുന്നവനാണു്., അദ്വൈതം മാത്രമാണു സത്യം. എന്നാലതു വാക്കുകൊണ്ടു പറയേണ്ട കാര്യമല്ല. അതു ജീവിതമാണു്. അനുഭവമാണു്. അതു സ്വാഭാവികമായി വരേണ്ടതാണു്. പുഷ്പം വിടരുമ്പോള്‍ പരിമളം താനേ വന്നുകൊള്ളും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.