വേദത്തിന്റെ ഉത്തരകാണ്ഡം അനുസരിച്ച് ഈ വാദഗതികൾ വളരെ ശരിയാണ്. ദ്രവ്യമയമായ യജ്ഞത്തേക്കാൾ ശ്രേഷ്ഠമാണ് ജ്ഞാനയജ്‌ഞം എന്ന് ഭഗവദ്ഗീത തുടങ്ങിയ ശാസ്ത്രങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. എന്നാൽ ദ്രവ്യമയമായ യജ്ഞമാണ് കർമ്മകാണ്ഡമെന്ന് പറയുന്നത്. അതിനെ സംബന്ധിച്ചിടത്തോളം ചില വിധികളുണ്ട്. ആ വിധികളെ അനുസരിച്ച് തന്നെ യാഗം നടത്തേണ്ടതാണ്. അതായത് നിയമവിധി, അപൂർവ്വവിധി, പരിസംഖ്യാവിധി എന്നിങ്ങനെ. യാഗത്തിന് ഉപയോഗിയ്ക്കുന്ന ധാന്യം എങ്ങനെ അവഹനനം ചെയ്യണമെന്നുകൂടി വളരെ കൃത്യമായി പരാമർശിക്കുന്നുണ്ട്. അതിനാൽ ശാസ്ത്രപ്രവൃത്തിക്കുവേണ്ടിയുള്ള ഇത്തരം നിയാമകശ്രുതികൾ വെറുതെയായി പോകില്ലേ? ജ്ഞാനകാണ്ഡം അനുസരിച്ച് ജീവിക്കുന്ന യതിവര്യന്മാർ അങ്ങനെത്തന്നെ പ്രവർത്തിച്ചുകൊള്ളട്ടെ. അവർ നിരുപാധികയജ്ഞനം നിർവ്വഹിക്കുന്നവരാണ്. എന്നാൽ കർമ്മകാണ്ഡമെന്നത് സോപാധികയജ്ഞം തന്നെയായാണ് വിവക്ഷിക്കപ്പെട്ടത്. അതിനാൽ യജ്ഞങ്ങൾക്ക് നിശ്ചയിക്കപ്പെട്ട ദ്രവ്യങ്ങൾ തന്നെ ഉപയോഗിച്ചിരിക്കണം.
ഒരു ശുദ്ധലക്ഷ്യത്തിനുവേണ്ടി മോശപ്പെട്ട പ്രസ്താവന ബുദ്ധിമാന്മാർ നടത്താറില്ല. ശീതളപാനീയങ്ങൾ വിൽക്കുന്ന കടയിൽ മദ്യ വില്പന എന്ന് ആരും ബോർഡ് എഴുതിവെക്കാറില്ല.