വിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമന്‍ ആദര്‍ശത്തിന്റെ മൂര്‍ത്തിമത് ഭാവമായി പ്രകീര്‍ത്തിക്കുന്നു. സൂര്യവംശ രാജാവായ ദശരഥന്റെ പുത്രനായാണ് ശ്രീരാമന്‍ അവതരിച്ചത്. ശ്രീരാമാവതാരത്തിന്റെ മുഖ്യ ലക്ഷ്യം രാവണവധമായിരുന്നു.
രാവണനെക്കൊണ്ടുള്ള ഉപദ്രവം സഹിക്കാതായപ്പോള്‍ ബ്രഹ്മാവ്, ഇന്ദ്രന്‍ തുടങ്ങിയവര്‍ പാലാഴിയില്‍ ചെന്ന് ഭഗവാന്‍ വിഷ്ണുവിനെ സ്തുതിച്ചു. അപ്പോള്‍ വിഷ്ണു ഭഗവാന്‍ താന്‍ ദശരഥപുത്രനായ ശ്രീരാമനായി അവതരിച്ച് രാവണനെ നിഗ്രഹിക്കുന്നതാണെന്ന് വാക്കു നല്‍കി. അങ്ങനെ വിഷ്ണു ഭഗവാന്‍ ദശരഥപുത്രനായ ശ്രീരാമനായി അവതരിച്ച് രാവണനെ വധിച്ച് സജ്ജനങ്ങളെ രക്ഷിച്ചു. ശ്രീരാമന്റെ ചരിത്രം പ്രകീര്‍ത്തിക്കുന്ന പുണ്യഗ്രന്ഥമാണ് രാമായണം. രാമന്റെ അയനത്തെ വിവരിക്കുന്നതുകൊണ്ടാണ് ഇതിന് " രാമായണം " എന്ന പേരുണ്ടായത്. വാല്മീകി രചിച്ചതുകൊണ്ട് വാല്മീകിരാമായണം എന്ന നാമധേയത്തിലും ഈ ഗ്രന്ഥം അറിയപ്പെടുന്നു. രാമായണം ആദികാവ്യം എന്ന പേരിലും വാല്മീകി ആദികവി എന്നപേരിലും പ്രസിദ്ധമാണ്.
24000 ശ്ലോകങ്ങളും 7 കാണ്ഡങ്ങളുമാണ് വാല്മീകി രാമായണത്തിലുള്ളത്. ബാലകാണ്ഡം, അയോധ്യകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിവയാണ് രാമായണത്തിലെ ഏഴ് കാണ്ഡങ്ങള്‍. വാല്മീകിരാമായണത്തിനുശേഷം അനേകം രാമായണങ്ങള്‍ ഉണ്ടായിട്ടുണ്ട്. മഹാഭാരതത്തിലും പുരാണങ്ങളിലും രാമായണ കഥ പ്രതിപാദിച്ചിട്ടുണ്ട്.
ഭാരതീയ സംസ്‌കാരത്തെയും സാഹിത്യത്തെയും കലയെയും ജനങ്ങളുടെ ധാര്‍മ്മികവും ആദ്ധ്യാത്മികവുമായ ജീവിതമണ്ഡലത്തെയും പുഷ്ടിപ്പെടുത്തുന്നതില്‍ രാമായണം വഹിച്ച പങ്ക് വളരെ വലുതാണ്. ലോകം ഉള്ളിടത്തോളംകാലം ഈ രാമകഥ ജനങ്ങളുടെ ഇടയില്‍ പ്രചാരത്തിലിരിക്കുമെന്ന് വാല്മീകി മഹര്‍ഷി തന്നെ പ്രതിപാദിക്കുന്നത് വളരെ അര്‍ത്ഥവത്താണെന്ന് കാണുവാന്‍ സാധിക്കും.