അശ്വതി നക്ഷത്രത്തിന്റെ വൃക്ഷം കാഞ്ഞിരമാണ്
" പ്രാജ്ഞോ ധൃതിമാൻ ദക്ഷ -
സ്വാതന്ത്രശീല : കുലാധികോ മാനീ
ഭ്രാതൃജ്യേഷ്ഠഃ സുഭഗോ
ജനപ്രിയശ്ചാശ്വിനീ ജാത : "
അശ്വതി നക്ഷത്രത്തിൽ ജനിക്കുന്നവൻ വിദ്വാനായും ബുദ്ധിയും ധൈര്യവും സ്വാതന്ത്ര്യശീലവും സാമർത്ഥ്യവും ഉള്ളവനായും കലാശ്രേഷ്ഠനായും അഭിമാനിയായും സീമന്തപുത്രനായും സുന്ദരനായും ജനങ്ങൾക്ക് ഇഷ്ടമുള്ളവനായും ഇരിക്കും എന്നാണ് ഈ ശ്ലോകത്തിന്റെ അർത്ഥം.
വളരെ ശക്തിയേറിയ രസം ആണ് കാഞ്ഞിരത്തിന്റേത്. കാഞ്ഞിരം പോലെ ശക്തമായ സ്വഭാവമാണ് അശ്വതിക്കാർക്ക് കാണുക. കാഞ്ഞിരം ഒരു ഔഷധമാണ്. അശ്വതിനാൾ ഔഷധം സേവിക്കാൻ ഏറ്റവും ഉചിതമായ നാളായി കാണുന്നു. ഏതായാലും ഈ നാളിന് ഔഷധവുമായി അടുത്ത ബന്ധം ഉണ്ട്. കൂടാതെ ആഭരണമുണ്ടാക്കാനും ഉത്തമമായ നാളാണിത്. ഗോമൂത്രം, പാൽ തുടങ്ങിയവ ഉപയോഗിച്ച് കാഞ്ഞിരക്കുരുവിന്റെ വിഷം ലഘൂകരിച്ചാൽ ഗുണകരമായ മരുന്നായി മാറുന്നു. കടുത്ത സ്വാതന്ത്ര്യബോധവും ചിലപ്പോൾ അല്പം മദ്യപാനാസക്തിയും അശ്വതി നക്ഷത്രക്കാരുടെ ദോഷമായി പറയപ്പെടുന്നു.
വരാഹമിഹിരാചാര്യരുടെ ഹോരാശാസ്ത്രത്തിൽ
" പ്രിയഭൂഷണ സ്വരൂപസ്സുഭഗോ
ദക്ഷോ അശ്വനീഷുമതിമാംശ്ച "
എന്ന് അശ്വതി നക്ഷത്രക്കാരെപ്പറ്റി പറയുന്നു.
സംസ്കൃതം :- കാരസ്കരം
ഹിന്ദി :- ചല
തമിഴ് :- എട്ടി
കന്നഡ :- കാഞ്ചിവാരം
തെലുങ്ക് :- വിഷതിണ്ടുക
ബംഗാളി :- ചിലേ
ഗുജറാത്തി :- തൊരകോചലാ
ഉറുദു :- കുചല
ഇംഗ്ലീഷ് :- Poison Seed
ലാറ്റിൻ :- സ്ട്രിക്നസ് നക്‌സ് വൊമിക്ക ലിൻ
കുടുംബം :- ലെഗാനിയേസ്യേ
കാഞ്ഞിരം രണ്ടു തരമുണ്ട്. Strychnos Nuxvomica എന്ന മരക്കാഞ്ഞിരവും Strychnos Bourdilloni എന്ന വള്ളിക്കാഞ്ഞിരവും. ഇത് വന്യവൃക്ഷത്തിൽ ചേർന്ന സമുത്തേജനീയദ്രവ്യമാണ്. ആയതിനാൽ ശുദ്ധിചെയ്ത് മാത്രം ഔഷധത്തിൽ ചേർക്കണം.
കാഞ്ഞിരത്തിന്റെ വിത്തിൽ Strichnine, Brucine എന്നീ ആൽക്കലോയ്ഡുകൾ അടങ്ങിയിരിക്കുന്നു. ഇലകളിൽ സ്ട്രിക്‌നിനും മരത്തൊലിയിൽ ബ്രൂസിനും, ഫലമജ്ജയിൽ ലഗാനിൻ എന്ന ഗ്ലൂക്കോയിസിഡും കൂടി ഉണ്ട്. സ്ട്രിക്ക്നിന്റെ പ്രവർത്തനം മനുഷ്യശരീരത്തിൽ ദ്രുതഗതിയിലാണ്. പണ്ടുകാലത്ത് രാജാക്കന്മാർ ശത്രുഹിംസ ചെയ്യാൻ അംഗലാവണ്യമുള്ള ബാലികകളെ ചെറിയ ഡോസിൽ കാഞ്ഞിരക്കുരുപാഷാണം ആഹാരത്തിലൂടെ നൽകിയാണ് വിഷകന്യകകളായി വാർത്തെടുത്തിരുന്നത്.
കാഞ്ഞിരക്കുരുവിന്റെ വിഷത്തിന് Fenelloa Cardifolia എന്ന ചെടിയുടെ പഴമാണ് മറുമരുന്ന്.
കാഞ്ഞിരപ്പട്ടച്ചാറ് വിഷൂചികയ്ക്കും വയറുകടിക്കും ഇലകൊണ്ടുള്ള കഷായം തളർവാതം ശമിപ്പിക്കുന്നതിനും കാഞ്ഞിരവേര് ത്വക്ക് രോഗം, തലവേദന, വിഷം എന്നിവയ്ക്കും എതിരെയുള്ള കഷായമായും ഉപയോഗിക്കുന്നു.
കാഞ്ഞിരത്തളിർ പാലിൽ അരച്ച് സേവിച്ചാൽ മരണമാണ് ഫലം. കാഞ്ഞിരത്തിൽ ഉണ്ടാകുന്ന ഇത്തിക്കണ്ണിയും വിഷമാണത്രെ.
വാതസംബന്ധമായ രോഗമുള്ളവർ കാഞ്ഞിരത്തടികൊണ്ട് ഉണ്ടാക്കിയ കട്ടിലിൽ കിടക്കുന്നത് നല്ലതാണെന്ന് വൈദ്യമതം.
" വിഷമുഷ്ടി തിക്തകടു:
തീക്ഷോഷ്ണാ ശ്ലേഷ്മവാതാപ: "
എന്ന് യോഗരത്‌നാകരം.
കാഞ്ഞിരക്കുരു തിന്നാൽ കുന്നിത്തളിർ അരച്ച് സേവിക്കുകയും സർവ്വാംഗം പൂശുകയും ചെയ്‌താൽ സത്‌ഫലം. ഞാറയില (ഞാവൽ) ചതച്ച് പിഴിഞ്ഞ നീരും ഉത്തമമാണ്.
കാഞ്ഞിരത്തിന്റെ ഇലകൾ വീണടിഞ്ഞ മണ്ണിൽ വളരുന്ന മുളക് ചെടികൾക്ക് ദ്രുതവാട്ടം ചെറുക്കുവാനുള്ള കഴിവും ഉണ്ട് എന്ന് കണ്ടിട്ടുണ്ട്.