സഗുണോപാസന അനുഷ്ഠിക്കുന്ന യോഗികൾക്ക് നാലുതരത്തിലുള്ള മുക്തി കൈവരിക്കുവാൻ സാധിക്കും. അവർ ജീവിച്ചിരിക്കുമ്പോൾ തന്നെ ദേവതാഭാവം പ്രാപിച്ച് ജീവൻമുക്തരായിത്തീരുന്നു. എന്താണ് നാലുതരത്തിലുള്ള മുക്തി എന്ന് നോക്കാം. അവ സാരൂപ്യം, സാമീപ്യം, സാലോക്യം, സായൂജ്യം എന്നിവയാകുന്നു.
ഉപാസ്യദേവതയുടെ രൂപഭാവങ്ങൾ കൈവരിക്കുന്നതിനെ സാരൂപ്യം എന്ന് പറയുന്നു. ശ്രീമഹാഭാഗവതത്തിൽ ഉദ്ധവർ ശ്രീകൃഷ്ണന്റെ രൂപഭാവങ്ങൾ കൈവരിച്ചിരുന്നവത്രെ.
സാമീപ്യം എന്നാൽ എപ്പോഴും ഉപാസ്യദേവതയുടെ സന്നിധിയിൽ ഉണ്ടാവുക. തന്റെ കൂടെ എപ്പോഴും ഉപാസ്യദേവത ഉണ്ടെന്ന് ഭാവിക്കുക എന്നിങ്ങനെയാകുന്നു.
സാലോക്യം എന്നാൽ ഉപാസ്യദേവതയുടെ സ്ഥാനമായി കല്പിക്കപ്പെടുന്ന വൈകുണ്ഠാദി ലോകങ്ങളിൽ എത്തിച്ചേരുക എന്നതാകുന്നു.
സായൂജ്യം എന്നാൽ ഉപാസ്യദേവതയിലേക്ക് പൂർണ്ണമായും ലയിച്ചുചേരുക എന്നതുമാകുന്നു.