" അധ്യേതവ്യം ബ്രാഹ്മണൈരേവ " എന്നിങ്ങനെ ഹോരാശാസ്ത്രത്തിൽ പറഞ്ഞിരിക്കയാൽ ശരിയായ ബ്രാഹ്മണന് മാത്രമേ ജ്യോതിഷത്തിന് അധികാരമുള്ളൂ. അപ്പോൾ ബ്രാഹ്മണൻ ആരാണെന്ന് മറ്റൊരു നിർവ്വചനം കൂടി നൽകേണ്ടി വരും. മ്ലേച്ഛന്മാരും യവനന്മാരും ജ്യോതിഷത്തിന് വലിയ സംഭാവനകൾ ചെയ്തിട്ടുണ്ട്. അവരെയും ഋഷിമാരെപ്പോലെ പൂജിക്കണം. എന്നിങ്ങനെ മറ്റൊരു പ്രമാണത്തിൽ പറയുന്നു. പിന്നെ എങ്ങനെയാണ് ബ്രാഹ്മണന് മാത്രമേ അധികാരമുള്ളൂ എന്ന് പ്രസ്താവിച്ചത്.
കേരളത്തെ സംബന്ധിച്ചത്തോളം അധികവും ബ്രാഹ്മണ ഇതര സമുദായക്കാരാണ് ജ്യോതിഷത്തിൽ പ്രഗത്ഭന്മാരായിത്തീർന്നത്. ഇവിടെയാണ് ബ്രാഹ്മണ ശബ്ദത്തിന് സാമുദായിക പരിവേഷമല്ല താത്വിക സമീപനമാണ് വേണ്ടത് എന്ന് പറയേണ്ടിവരുന്നത്. ബ്രഹ്മ അധീതേ ഇതി ബ്രാഹ്മണഃ എന്നതാണ് ബ്രാഹ്മണ ശബ്ദത്തിന്റെ വ്യുൽപ്പത്തി. ബ്രഹ്മ എന്ന വാക്കിന് പരബ്രഹ്മമെന്നും. വേദമെന്നും അർത്ഥമുണ്ട്. പരബ്രഹ്മത്തെ അറിയുവാനുള്ള പ്രമാണം വേദമാണല്ലോ. അതിനാൽ വേദം പഠിച്ച് ബ്രഹ്മജ്ഞാനത്തിനുവേണ്ടി ശ്രമിക്കുന്നവൻ തന്നെയാണ് ബ്രാഹ്മണൻ. വിത് ധാതുവിൽ നിന്ന് നിഷ്‌പതിച്ച വേദശബ്ദംകൊണ്ട് കേവലം വൈദികമന്ത്രങ്ങൾ മാത്രമല്ല ബ്രഹ്മത്തെ അറിയുവാനുള്ള ഏത് ശാസ്ത്രവും സിദ്ധമാകുന്നു.
പലപ്പോഴും വൈദിക വൃത്തി കൈവരിച്ചവരെമാത്രം ബ്രാഹ്മണരെന്ന് കരുതി. അങ്ങനെയാണ് സമുദായ ബ്രാഹ്മണൻ ഉണ്ടായിത്തീർന്നത്. എന്നാൽ കൗളസമ്പ്രദായം ബ്രഹ്‌മാനുഭൂതിയിലേക്കുള്ള ഗുരുപദിഷ്ടമായ മാർഗ്ഗമാണ്. അതിനാൽ കൗളസമ്പ്രദായത്തിൽ ചരിക്കുന്നവരും ബ്രാഹ്മണരാണെന്ന് തന്നെ അറിയേണ്ടിയിരിക്കുന്നു. കേരളത്തിൽ ജ്യോതിഷികളിൽ പലരും കൗളമാർഗ്ഗാവലംബികളായിരുന്നു. ബാലാവിംശതിയെ വ്യാഖ്യാനിച്ച കൈക്കുളങ്ങരെ രാമവാര്യർ ബ്രാഹ്മണസമുദായത്തിൽപ്പെട്ട ആളല്ല. താന്ത്രികദീക്ഷ നേടിയ ആളായിരുന്നു. ഹോരാശാസ്ത്രത്തിന് സമഗ്രമായ വ്യാഖ്യാനം നൽകിയത് ഇദ്ദേഹമാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
മറ്റു സമുദായങ്ങളിൽപ്പെട്ട ജ്യോതിഷകളിൽ പലരും പണ്ടുകാലത്ത് വൈദികവൃത്തിയിൽ നിന്നും അകറ്റിനിർത്തപ്പെട്ടവരായിരുന്നു. അവരുടെ തറവാടുകളിൽ ഇന്നും ശാക്തേയപൂജ ആചരിച്ചുവരുന്നു എന്നത് അവർക്ക് പാരമ്പര്യമായി കൗളധർമ്മത്തോടുള്ള പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നത്. ഇന്നത്തെ ജ്യോതിഷികളുടെ പൂർവ്വപിതാമഹന്മാർ പലരും കുളയോഗികളായിത്തീർന്നവരായിരുന്നു. ഇത്തരക്കാർ കൗളധർമ്മത്തെ വെടിഞ്ഞ് മറ്റ് മാർഗ്ഗങ്ങൾ തേടിപ്പോകുന്നത് സ്വന്തം പൈതൃകത്തോട് കാണിക്കുന്ന അനാദരവാണ്.
ഈ കാരണത്താൽ അധ്യേതവ്യം ബ്രാഹ്മണൈരേവ എന്ന വാക്യംകൊണ്ട് ഉദ്ദേശിക്കുന്നത് കേവലം സാമുദായിക ബ്രാഹ്മണരെ മാത്രമല്ല. കൗളമാർഗ്ഗാവലംബികളെക്കൂടി ഉദ്ദേശിച്ചാണെന്നുവരുന്നു. കൂടാതെ ഇന്ന് ബ്രാഹ്മണ സമുദായത്തിൽപ്പെടാത്ത പലരും വൈദികവൃത്തി സ്വീകരിച്ചുവരുന്നുണ്ട് എന്നത് കൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു.