ഞാവൽ ഡിസംബറിൽ പൂക്കുകയും മാംസളമായ ഫലം നൽകുകയും ചെയ്യുന്ന വൃക്ഷമാണ്. ഇതിനെ ഒരുമഹാവൃക്ഷമായിട്ടാണ് കണക്കാക്കുന്നത്. മുൻകാലങ്ങളിൽ സ്വാഭാവികമായി ധാരാളം ഞാവൽ ഉള്ള സ്ഥലത്തെ സ്വർണ്ണനിക്ഷേപങ്ങളുള്ള സ്ഥലമായി കണക്കാക്കിയിരുന്നു. ഈ ഭാരതഭൂമിക്ക് മുമ്പുണ്ടായിരുന്ന പേര് ജംബു (ഞാവൽ) ദ്വീപ് എന്നായിരുന്നു.
രോഹിണി നക്ഷത്രം എന്നത് ചന്ദ്രന്റെ ഏറ്റവും ഉച്ചമായ സ്ഥാനം ആണ്. ഈ നക്ഷത്രക്കാർ അല്പം സ്ത്രൈണസ്വഭാവമുള്ളവരും വളരെ നിഷ്കളങ്കരും സ്നേഹം നിറഞ്ഞവരുമായിരിക്കും.പ്രിയങ്കരമായ സ്വഭാവഗതിയുള്ള രോഹിണി നക്ഷത്രം പോലെത്തന്നെ മഹനീയമാണ് ഞാവൽ വൃക്ഷം.
"നേത്രാതുരഃ കുലീനഃ
പ്രിയവാക് പാർശ്വ്യോങ്കിതോ വിശുദ്ധമതിഃ
മാതുരനിഷ്ടസ്സുഭഗോ
രോഹിണ്യാം ജായതേ ധനീ വിദ്വാൻ "
രോഹിണി നക്ഷത്രത്തിൽ ജനിക്കുന്നവൻ നേത്രരോഗം വരാൻ സാധ്യതയുള്ളവനായും കുലശ്രേഷ്ഠനായും ഇഷ്ടമായി സംസാരിക്കുന്നവനായും പാർശ്വഭാഗത്തിൽ അടയാളമുള്ളവനായും ശുദ്ധമനസ്സായും സുന്ദരനായും ധനവാനായും വിദ്വാനായും ഭവിക്കും എന്നാണ് ശ്ലോകത്തിന്റെ അർത്ഥം. എല്ലാ നല്ല മുഹൂർത്തങ്ങൾക്കും രോഹിണിയെ ഉപയോഗിയ്ക്കാവുന്നതാണ്. ശ്രീകൃഷ്ണന്റെ ജന്മനക്ഷത്രമാണ് രോഹിണി.
വരാഹമിഹിരാചാര്യരുടെ ഹോരാശാസ്ത്രത്തിൽ
" രോഹിണ്യാം സത്യശുചീ പ്രിയം വദ സ്ഥിരമതി : സുരൂപശ്ച "
എന്ന് രോഹിണിയെപ്പറ്റി പറഞ്ഞിരിക്കുന്നു.
(സിസീജിയം കുമിനി (ലിൻ) സ്കീൽസ്, യൂജീനിയ ജംബോലാന. ലാംക്, സിസിജിയം ജാംബൊലോനം, ഡി.സി., മിർട്ടസ് മിനി. ലിൻ., കുടുംബം: മിർട്ടേസി).
സംസ്കൃതം :- ജാംബു, മഹാഫലം, ഫലേന്ദ്ര, സുരഭീപത്ര, നീലഫലം, മഹാസ്‌കന്ദ, നന്ദീ, രാജജംബു, കാലജാമ.
ഹിന്ദി :- ജാമുൻ, ജാംഭൽ
ഗുജറാത്തി :- ജാംബൂ
തമിഴ് :- ഞാവൽ
കന്നഡ :- നേരലി
തെലുങ്ക് :- നാഡു, നാരേലു, നസേഡു
മറാഠി :- ജാംഫൽ
ഇംഗ്ലീഷ് :- Jamun, Black Plum, Indian Cherry, Jaman Plum.
തണൽ ഇഷ്ടമുള്ള നിത്യഹരിതമരം, കോപ്പിസ് ചെയ്യും, ശൈത്യവും വരൾച്ചയും സഹിക്കുകയില്ല. ഞാവലിന്റെ ഉപയോഗം, ഞാവൽ വെച്ചുപിടിപ്പിക്കുന്ന വിധം മുതലായവ ബൃഹത്സംഹിതയിൽ പരാമർശിച്ചിട്ടുണ്ട്. കാട്ടാറുകളുടെ തീരവും അലൂവിയൽ മണ്ണുമാണ് കൂടുതലിഷ്ടം.
കാട്ടിൽ പക്ഷികളും മൃഗങ്ങളും വഴി സ്വാഭാവിക പുനരുത്ഭവം നടക്കാറുണ്ട്. തടിക്ക് ഈടും ഉറപ്പും കുറവാണ്. വിറകിന് കൊള്ളാം. വെള്ളത്തിൽ കേടുകൂടാതെ ദീർഘകാലം കിടക്കും. തൊലി, വിത്ത്, ഇല എന്നിവയ്ക്ക് ഔഷധഗുണമുണ്ട്. തൊലി ബന്ധനൗഷധമായി ഉപയോഗിക്കാം. കുട്ടികൾക്ക് ഉണ്ടാകുന്ന വയറിളക്കത്തിന് പച്ചത്തൊലി ഇടിച്ചുപിഴിഞ്ഞ നീര് ആട്ടിൻ പാലിൽ ചേർത്ത് കൊടുക്കാം. ഫലങ്ങൾക്ക് ഇരുണ്ട നീലലോഹിതവർണം. മധുരവും ചവർപ്പും കലർന്ന രസമാണ്. തിന്നാം. വിത്തിൽ ജാംബൊലിൻ എന്ന ഗ്ലുക്കോസൈഡും അലൂജിക്ക് എന്ന അമ്ലവസ്തുവും മഞ്ഞ നിറത്തിലുള്ള സുഗന്ധതൈലവും അടങ്ങിയിരിക്കുന്നു. ഫലത്തിൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഖനിജദ്രവ്യം, വിറ്റാമിൻ എ, ബി. സി. ഗൈനിക്കമ്ലം എന്നിവയും അടങ്ങിയിട്ടുണ്ട്. ഞാവൽതൊലിയിൽ ബീറ്റാസിറ്റോസ്റ്റിറോൾ, ബെറ്റൂലിനിക് അമ്ലം, ടാനിൻ, ഹൈലിക് അമ്ലം ഇവ ഉണ്ട്.
ഞാവൽ തൊലി, 16 ഇരട്ടി വെള്ളത്തിൽ കഷായംവെച്ച് എട്ടിലൊന്ന് ആക്കി വറ്റിച്ച്, ഈ കഷായം 25 മില്ലി ലിറ്റർ വീതം അല്പം തേൻ ചേർത്ത് രാവിലെയും വൈകീട്ടും കുടിക്കാമെങ്കിൽ അതിസാരം, പ്രവാഹിക (കഫവും രക്തവും കൂടി കലർന്ന് പല പ്രാവശ്യം അല്പാല്പമായി മലം പോകുന്ന അസുഖം) ഇവ ശമിക്കും. ഞാവൽ കുരു ഉണക്കി പൊടിച്ച പൊടി 1 ഗ്രാം മുതൽ 3 ഗ്രാം വരെ ദിവസം 3 നേരം എന്ന കണക്കിൽ പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും എന്നും കരുതപ്പെടുന്നു. ശരീരം തീ പൊള്ളിയാൽ ഞാവലിന്റെ ഇല സ്വരസവും കൽക്കവുമാക്കി വിധി പ്രകാരം കടുകെണ്ണയിൽ കാച്ചി തൊലിപ്പുറത്തിട്ടാൽ ശമിക്കും. വെന്തുപോയ തൊലി വീണ്ടും ഉണ്ടാകും
അന്യരുടെ ചിന്തകളിൽ ഏറെ സ്വാധീനമുളളവരാണ് രോഹിണിക്കാർ നിഷ്ക്കളങ്കത കൊണ്ടും സാന്ത്വനസ്വഭാവം കൊണ്ടും ഇവർ എല്ലാവർക്കും ഏറെ പ്രിയരായിരിക്കും, പൊതുവേ മധുരഭാഷികളായിരിക്കും. സ്നേഹം, വാത്സല്യം, ദയ, പരോപകാരപ്രവണത, മുഖശ്രീ ഇതൊക്കെ ഈ നക്ഷത്രക്കാരുടെ പ്രത്യേകതയാണ്.