പുത്രോത്ഭവാദഘവിമുക്തിമഥസ്വധർമ്മാ-
നുഷ്ഠാനമിന്ദ്രിയസുഖംചയഥാവദേത്യാ
വംശസ്ഥിതീം കുലഗുണം പിതൃദേവപൂജാ-
പാണിഗ്രഹണം വിതനുതേപുരുഷാർത്ഥസിദ്ധീം.
സാരം :-
ദാമ്പത്യജീവിതത്തിനെ പരമോന്നതാദർശങ്ങൾ വിവിധങ്ങളാണ്. സ്ത്രീയ്ക്കും പുരുഷനും " പും " നാമമെന്ന നരകമുണ്ടെന്നു പറയുന്നു. ആ പാപപൂർണ്ണമായ നരകത്തിൽ നിന്നുള്ള വിമുക്തി വൈവാഹിക ജീവിതത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ഗാർഹസ്ഥ്യജീവിതത്തിന്റെ മറ്റു പ്രധാന ലക്ഷ്യങ്ങൾ ദാതൃത്വം, പ്രിയവക്തൃത്വം, ധീരത, ഉചിതജ്ഞത, അധ്യാപനം, എന്നീ ധാർമ്മികഗുണങ്ങളും; ദുഃഖം, കോപം, രാഗം, ദ്വേഷം, ക്ഷുത്ത്, പിപാസ തുടങ്ങിയ ശോകമോഹാദി അധർമ്മഭയങ്ങളും വേർതിരിച്ചറിഞ്ഞു ജീവിക്കുകയാണ്. ശ്രവണ, ദർശന, സ്പർശന, ആസ്വാദന സുഖാനുഭൂത്യാന്തരങ്ങളായ പഞ്ചേന്ദ്രിയസുഖം ജീവിതം നേടുന്നത് ഗൃഹസ്ഥാശ്രമധർമ്മാനുഷ്ഠാനം വഴിയാകുന്നു. പുരുഷർക്കു ഗൃഹധർമ്മനിഷ്ഠകളെന്നു ഉദ്‌ഘോഷിക്കപ്പെടുന്ന അഗ്ന്യാധാനാദിധർമ്മാനുഷ്ഠാനങ്ങൾക്കു പ്രഥമകാരണക്കാരാവുന്നതു സത്പത്നിമാരാണ്. വംശാഭിവൃദ്ധിയുളവാക്കുവാനും പിറന്ന കുലത്തിന്റെ ഗുണം നിലനിർത്താനും പൈതൃകമായ ബലികർമ്മങ്ങൾ അനുഷ്ഠിച്ച് ധർമ്മം നിലനിർത്തിപ്പോരാനും സാധിക്കുന്നത് ഉത്തമസന്തതികൾ വഴിക്കാണ്. അതിന്റെ മൂലകാരണഭൂതർ ഉത്തമപത്നികളെന്ന് ശ്രുതിസമ്മതമാണ്. ഈ പറഞ്ഞവ ധർമ്മാർത്ഥകാമമോക്ഷങ്ങളെന്ന പുരുഷാർത്ഥസിദ്ധി നേടിത്തരുന്നു. ഇതാണ് വിവാഹലക്ഷ്യം.