പ്രാരബ്ധം, സഞ്ചിതം, ആഗാമി എന്നീ മൂന്ന് തരത്തിലുള്ള കർമ്മങ്ങളാണ് പുനർജ്ജന്മത്തിന് കാരണമായി വർത്തിക്കുന്നത്. ആത്മാവ്‍ നിത്യനും, ശുദ്ധനും, നിരാമയനും, ചിന്മയനും ഒക്കെയാണെങ്കിലും സ്ഥൂല സൂക്ഷ്മ കാരണ ശരീരങ്ങളുമായി ബന്ധപ്പെട്ട് അവയിൽ അഭിമാനിച്ച് അഹംബോധവാനായ ജീവനായി മാറുന്നു. സ്ഥൂലശരീരത്തിൽ അഭിമാനിക്കുന്ന ജീവൻ ജാഗ്രദവസ്ഥയെ പ്രതിനിധാനം ചെയ്യുന്നു. ഈ ജീവൻ വിശ്വൻ എന്ന പേരിൽ അറിയപ്പെടുന്നു. സൂക്ഷ്മശരീരത്തിൽ അഭിമാനിക്കുന്ന ജീവൻ സ്വപ്നാവസ്ഥയെ പ്രതിനിധീകരിക്കുന്നു. ഇവിടെ, തൈജസൻ എന്ന പേരിൽ അറിയപ്പെടുന്നു. കാരണശരീരത്തിൽ അഭിമാനിക്കുന്ന ജീവൻ സുഷുപ്‌താവസ്ഥയെ പ്രതിനിധാനം ചെയ്യുന്നു. ഇവിടെ പ്രാജ്ഞൻ എന്ന അവസ്ഥയിൽ അറിയപ്പെടുന്നു.
ജീവനെ ബാധിച്ച കർമ്മബന്ധങ്ങൾ സ്ഥൂല, സൂഷ്മ, കാരണ ദേഹങ്ങൾ അനുസരിച്ച് കാർമ്മികമലം, ആണവമലം, മായികമലം എന്നീ പേരുകളിൽ അറിയപ്പെടുന്നു. പ്രതീകാത്മകമായി ഈ മലങ്ങളെ ഇല്ലായ്മചെയ്യുന്ന പ്രക്രിയയാണ് തത്വശോധനം എന്നത്. അതായത് ആത്മതത്വം, വിദ്യാതത്വം, ശിവതത്വം എന്നിവ. ആത്മതത്വശോധനയിലൂടെ സ്ഥൂലശരീരത്തിലടങ്ങിയ കാർമ്മികമലങ്ങളെ ഇല്ലായ്മചെയ്യുന്നു. വിദ്യാതത്വശോധനയിലൂടെ സൂക്ഷ്മശരീരത്തിലടങ്ങിയ ആണവമലങ്ങളെ ശോധനചെയ്യുന്നു. ശിവതത്വശോധനയിലൂടെ കാരണശരീരത്തിലടങ്ങിയ മായികമലങ്ങളെ ഇല്ലായ്മ ചെയ്യുന്നു. ഇത്തരത്തിൽ സ്ഥൂല സൂക്ഷ്മ കാരണശരീരത്തിലടങ്ങിയതും ജന്മ ജന്മാർജ്ജിതമായതുമായ കർമ്മബന്ധങ്ങളെ നിർമൂലനം ചെയ്തെങ്കിൽ മാത്രമേ യോഗി പരിശുദ്ധനായി മാറുകയുള്ളൂ. അതിലൂടെ മാത്രമേ ക്രമമുക്തി അതായത് ഹിരണ്യഗർഭതത്വത്തിലേക്കുള്ള സായൂജ്യം ലഭിക്കുകയുള്ളു.